Tuesday, July 2, 2013

അതിജീവനത്തിനായി സമരപന്ഥാവില്‍

സാധാരണക്കാര്‍ക്ക് ജീവിക്കാന്‍ സാധിക്കാത്ത ഭൂമികയായി കേരളത്തെ അടയാളപ്പെടുത്തേണ്ടിയിരിക്കുന്നു. നാടിന്റെ സമസ്ത സൗഭാഗ്യങ്ങളും അസ്തമിപ്പിക്കാന്‍ ഒരുമ്പെട്ടിറങ്ങിയതുപോലെയാണ് യുഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ഏതെങ്കിലും ഒരു മേഖലയില്‍ ആരോഗ്യപരമായ മുന്നേറ്റം കാഴ്ചവച്ചു എന്ന് പറയാനാകില്ല. അഴിമതിക്കഥകളാണ് മൂന്നാംവാര്‍ഷികം ആഘോഷിച്ച ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പങ്കുവയ്ക്കുന്നത്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുവച്ച ജനോപകാരനടപടികളുടെയെല്ലാം കടയ്ക്കല്‍ കത്തിവയ്ക്കുന്ന നിലപാടാണ് യുഡിഎഫ് കൈക്കൊള്ളുന്നത്. പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്നു. ആദിവാസി ഊരുകളില്‍ പട്ടിണിമരണം തുടര്‍ക്കഥയാകുന്നു. സര്‍ക്കാര്‍ വിലാസം തട്ടിപ്പുകളുടെയും അഴിമതികളുടെയും ഉരുള്‍പൊട്ടലില്‍ മാധ്യമങ്ങള്‍ക്ക് പകര്‍ച്ചവ്യാധികളുടെ ഭീകരതയെ കുറിച്ചും പട്ടിണിമരണങ്ങളെകുറിച്ചും പറയാന്‍ കഴിയുന്നില്ല എന്നേയുള്ളു. ജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനുള്ള ഒരു നീക്കവും നടത്താതെ ഒളിച്ചോടുകയാണ് സര്‍ക്കാര്‍. ഈയൊരു വര്‍ത്തമാനത്തിലാണ് കര്‍ഷകത്തൊഴിലാളി പ്രസ്ഥാനം സമരഭൂമികയിലേക്ക് ഇറങ്ങുന്നത്.

ആരോഗ്യമില്ലാത്ത നാടിനും ജനതയ്ക്കും ഒരിക്കലും മുന്നോട്ടുപോകാനാകില്ല. ജനങ്ങളുടെ ആരോഗ്യത്തെപറ്റി ആശങ്കപ്പെടുന്നവരോട് മുഖ്യമന്ത്രി പറയുന്നത് ആരോഗ്യസംരക്ഷണമാണ് സര്‍ക്കാരിന്റെ മുഖമുദ്ര എന്നാണ്. പക്ഷേ, അത് ജനങ്ങള്‍ക്ക് ലഭ്യമാകുന്നില്ലെന്ന് മാത്രം. ആദിവാസി വിഭാഗത്തിലെ പിഞ്ചുകുഞ്ഞുങ്ങള്‍ പട്ടിണിമൂലം മരിക്കുകയാണ്. യുഡിഎഫ് ഭഭരണകാലത്ത് 43 കുട്ടികളാണ് അട്ടപ്പാടിയില്‍ മാത്രം മരണപ്പെട്ടത്. ആദിവാസി മേഖലയിലുള്ളവര്‍ക്ക് ആരോഗ്യസംരക്ഷണം നല്‍കാനും പോഷകാഹാരം നല്‍കി അവരുടെ ആരോഗ്യം സംരക്ഷിക്കാനും യുഡിഎഫ് സര്‍ക്കാരിന് സാധിച്ചിട്ടില്ല എന്നതിന് ഇതില്‍പ്പരമെന്ത് തെളിവ് വേണം? ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന് മാത്രമല്ല, എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നടപ്പാക്കിയ എല്ലാ ആരോഗ്യസുരക്ഷാ പദ്ധതികളും ഇല്ലാതാക്കി. ആരോഗ്യ, പട്ടികവര്‍ഗ, സാമൂഹ്യക്ഷേമ വകുപ്പുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിച്ച് അട്ടപ്പാടി പോലുള്ള പ്രദേശങ്ങളിലെ മരണമാരി ഇല്ലാതാക്കാമായിരുന്നു. പക്ഷേ, അധികാരം നിലനിര്‍ത്താനുള്ള പരക്കംപാച്ചിലില്‍ മുഖ്യമന്ത്രി അതെല്ലാം മറന്നു. ഇടതുഭരണകാലത്ത് ഈ മേഖലകളില്‍ ഇത്തരത്തില്‍ ഒരു മരണവും ഉണ്ടായിട്ടില്ല എന്നതും തിരിച്ചറിയേണ്ടതുണ്ട്. അട്ടപ്പാടി, അഗളി, ആറളം, വയനാട് പ്രദേശങ്ങളില്‍ ആദിവാസികള്‍ വിവരണാതീതമായ ദുരിതത്തിലാണ്. കൊടും പട്ടിണിയാണ് അവിടങ്ങളില്‍. ഈ മേഖലകളിലെ ആദിവാസികളുടെ ക്ഷേമത്തിന് സര്‍ക്കാര്‍ മുന്നോട്ടുവരാത്തതുകൊണ്ട് കര്‍ഷകത്തൊഴിലാളി യൂണിയനടക്കമുള്ള പുരോഗമനപ്രസ്ഥാനങ്ങള്‍ ദുരിതനിവാരണത്തിന് മുന്നിട്ടിറങ്ങി.

ദുരിതവും മരണവും മേയുന്ന അട്ടപ്പാടി പോലുള്ള പ്രദേശങ്ങളില്‍ മാധ്യമങ്ങളുടെ അകമ്പടിയോടെ ജനങ്ങളുടെ കണ്ണില്‍പ്പൊടിയിടുക എന്ന ഉദ്ദേശ്യത്തോടെ മാത്രം മുഖ്യമന്ത്രിയെത്തി. പട്ടിണിമൂലം കുട്ടികള്‍ മരണമടഞ്ഞ കൂരകളിലേക്ക് അദ്ദേഹം തിരിഞ്ഞുനോക്കിയില്ല. മുഖ്യമന്ത്രിയുടെയും മറ്റുമന്ത്രിമാരുടെയും ഇത്തരം സമീപനം സര്‍ക്കാരിന് ദുര്‍ബലജനവിഭാഗങ്ങളോട് ഒരു പരിഗണനയുമില്ല എന്ന് തെളിയിക്കുന്നു. മാധ്യമങ്ങളില്‍ സ്ക്രോള്‍ ചെയ്യാനും അച്ചടിച്ചുവരാനും കുറെ പ്രഹസനപ്രഖ്യാപനങ്ങള്‍ നടത്തി എന്നതിനപ്പുറം ഒരു രൂപയുടെ സഹായം ആദിവാസി മേഖലകളില്‍ നടപ്പാക്കാന്‍ ഈ സന്ദര്‍ശനത്തിലൂടെ സാധിച്ചിട്ടില്ല. പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുമ്പോള്‍ സര്‍ക്കാര്‍ നിഷ്ക്രിയരായി നോക്കിനില്‍ക്കുന്നു. ജനങ്ങള്‍ക്ക് സഹായകമാകുന്ന നടപടികള്‍ കൈക്കൊള്ളുന്നതിന് പകരം കണക്കുകളില്‍ കൃത്രിമം കാട്ടാനുള്ള വ്യഗ്രതയാണ് സര്‍ക്കാര്‍ പ്രകടിപ്പിക്കുന്നത്. സംസ്ഥാനത്ത് 15 ലക്ഷത്തിലേറെ പേര്‍ക്ക് പകര്‍ച്ചപ്പനി ബാധിച്ചു എന്ന് അനൗദ്യോഗിക കണക്കുകള്‍ തെളിയിക്കുന്നു. ഡെങ്കിപ്പനി, മലേറിയ, ചിക്കുന്‍ഗുനിയ, എലിപ്പനി, എച്ച്1 എന്‍1 തുടങ്ങി പലതരം രോഗങ്ങള്‍. കൂടാതെ കേട്ടുകേള്‍വിയില്ലാത്ത രോഗലക്ഷണങ്ങളുമായി സാധാരണക്കാര്‍ നരകയാതന അനുഭവിക്കുന്നു. കൂനിന്‍മേല്‍ക്കുരു പോലെ കാലവര്‍ഷക്കെടുതി കൂടി സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ വ്യാപകമാകുന്നു. കാലവര്‍ഷക്കെടുതികളില്‍ സഹായഹസ്തമാകാനും യുഡിഎഫ് സര്‍ക്കാരിന് സാധിക്കുന്നില്ല. പനിയും പകര്‍ച്ചവ്യാധികളും കഴിഞ്ഞവര്‍ഷവും ഈ കാലയളവില്‍ പടര്‍ന്ന് പിടിച്ചിരുന്നു. അതില്‍നിന്ന് പാഠമുള്‍ക്കൊള്ളാനോ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ കാലേകൂട്ടി സംഘടിപ്പിക്കാനോ സര്‍ക്കാരിന് സാധിച്ചില്ല എന്നതാണ് യാഥാര്‍ഥ്യം.

ആരോഗ്യവകുപ്പും സര്‍ക്കാരും കടുത്ത നിസ്സംഗത പുലര്‍ത്തി. രോഗങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്താനുള്ള പരസ്യങ്ങള്‍ വ്യാപകമാക്കി കൊതുകിനെ കൊല്ലാനുള്ള ആഹ്വാനം നല്‍കുക മാത്രമാണ് ആരോഗ്യവകുപ്പ് ചെയ്തത്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തിലേറിയതുമുതല്‍ മാലിന്യപ്രശ്നത്തിന്റെ ദുരിതം കേരളം അനുഭവിക്കുന്നുണ്ട്. മാലിന്യനിര്‍മാര്‍ജനത്തിന് ആരോഗ്യകരമായ ബദല്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ സര്‍ക്കാരിന് ഇതുവരെ സാധിച്ചിട്ടില്ല. കോടികള്‍ ചെലവഴിച്ച് അഴിമതി ലക്ഷ്യമിട്ട് ഇറക്കുമതി ചെയ്യുന്ന യന്ത്രങ്ങള്‍ കാടും പടര്‍പ്പും പിടിച്ച് തുരുമ്പെടുത്ത് മാലിന്യത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കുകയാണ്. പകര്‍ച്ചപ്പനി പോലുള്ള വ്യാധികള്‍ പെരുകുമ്പോള്‍ മരുന്നിലൂടെയുള്ള പ്രതിവിധി എന്നതിനപ്പുറം ദീര്‍ഘവീക്ഷണത്തോടെ ചിന്തിക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് സാധിക്കുന്നില്ല. കേരളം നേരിടുന്ന നിരവധി പരിസ്ഥിതിപ്രശ്നങ്ങളുടെ ഉല്‍പ്പന്നം കൂടിയാണ് ഇത്തരത്തിലുള്ള മഹാവ്യാധികള്‍. നമ്മുടെ ആവാസവ്യവസ്ഥയിലെ കണ്ണികള്‍ പലതും ദുര്‍ബലമാണ്. പ്രകൃതിയെ തൊടാതെ പ്രകൃതിയുടെതന്നെ ഭാഗമായ മനുഷ്യന് ജീവിക്കാന്‍ സാധിക്കില്ല എന്നത് വസ്തുതയാണ്. എന്നാല്‍, മനുഷ്യന്റെ വളര്‍ച്ചയ്ക്ക് എന്ന വ്യാജേന മുതലാളിത്ത- സാമ്രാജ്യത്വ മൂലധനശക്തികള്‍ ഭരണകൂടത്തിന്റെ സഹായത്തോടെ നമ്മുടെ സംസ്ഥാനത്തെ പ്രകൃതിക്ക് മേലെ, മണ്ണിനും മനുഷ്യനും മേലെ ശക്തമായ കടന്നാക്രമണം നടത്തുന്നുണ്ട്. മൂലധനശക്തികള്‍ പ്രകൃതിക്കും പരിസ്ഥിതിക്കുംമേല്‍ നടത്തുന്ന കടന്നുകയറ്റങ്ങളെ കണ്ടില്ലെന്ന് നടിക്കുന്ന മനോഭാവമാണ് യുഡിഎഫ് സര്‍ക്കാരിന്റേത്. പരിസ്ഥിതിയെ നിലനിര്‍ത്താനും സംരക്ഷിക്കാനും മനുഷ്യന്റെ സമഗ്രമായ വളര്‍ച്ചയ്ക്ക് പ്രകൃതിയെ ഫലപ്രദമായി ഉപയോഗിക്കാനും സാധിക്കുന്ന നിലയില്‍ പാരിസ്ഥിതികപ്രശ്നങ്ങളെ കൈകാര്യംചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാകുമ്പോള്‍ തീര്‍ച്ചയായും പല മഹാരോഗങ്ങളും ഇവിടെനിന്ന് അപ്രത്യക്ഷമാകും.

പ്രകൃതിയെ മറന്നുള്ള വികസന വഴികള്‍ ഉപേക്ഷിക്കാന്‍ ഉമ്മന്‍ചാണ്ടിയും കൂട്ടരും തയ്യാറാകണം എന്ന ഓര്‍മപ്പെടുത്തല്‍കൂടിയാണ് കെഎസ്കെടിയുവിന്റെ സമരം. ദുരിതത്തിന്റെ മഹാമാരി പെയ്തിറങ്ങുമ്പോള്‍ ആശ്വാസമായി അരികിലെത്തേണ്ട സര്‍ക്കാര്‍ കേരളത്തിലെ കര്‍ഷകത്തൊഴിലാളികളെ വീണ്ടും ബുദ്ധിമുട്ടിക്കുകയാണ്. തൊഴിലുറപ്പ് പദ്ധതിയെ കാര്‍ഷികമേഖലയില്‍നിന്ന് ഒഴിവാക്കി. ആദിവാസി വിഭാഗങ്ങളെ വരെ ആ പദ്ധതിയില്‍നിന്ന് ഒഴിവാക്കുകയാണ്. നേരത്തെ ജോലി ചെയ്ത ഇനത്തിലുള്ള കുടിശ്ശിക കൊടുത്തുതീര്‍ക്കാന്‍ പോലും സര്‍ക്കാരിനായിട്ടില്ല. തൊഴിലുറപ്പ് പദ്ധതിയില്‍ ഏര്‍പ്പെട്ട് ഉപജീവനം ചെയ്യുന്നവര്‍ക്ക് സഹായകമാകുന്ന രീതിയില്‍ അവര്‍ക്ക് ക്ഷേമനിധി, പെന്‍ഷന്‍ തുടങ്ങിയവ ഏര്‍പ്പെടുത്താനും ഉള്ള പരിശ്രമങ്ങള്‍ ഇല്ലാതാക്കാന്‍ ഈ നീക്കത്തിലൂടെ യുഡിഎഫ് സര്‍ക്കാരിന് സാധിച്ചു.

സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍കൊണ്ട് ബുദ്ധിമുട്ടുന്ന പാവപ്പെട്ട തൊഴിലാളികള്‍ക്കുമേല്‍ കുറച്ചുകൂടി കഷ്ടപ്പാടിരിക്കട്ടെ എന്ന രീതിയിലാണ് അക്ഷയകേന്ദ്രം പോലുള്ള സംവിധാനങ്ങള്‍ പ്രയോഗിക്കപ്പെടുന്നത്. വിവരസാങ്കേതികവിദ്യ പോലുള്ള സംവിധാനങ്ങള്‍ കൊണ്ട് സാധാരണക്കാരനെ ചൂഷണംചെയ്യുക എന്ന മുതലാളിത്ത രീതിശാസ്ത്രം യുഡിഎഫ് സര്‍ക്കാര്‍ പിന്തുടരുന്നത് കൊണ്ടാണ് പല തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഇത്തരം സംവിധാനങ്ങളില്‍നിന്ന് അനുഭവപ്പെടുന്നത്. നേരത്തെ വില്ലേജ്, താലൂക്ക് ഓഫീസുകളില്‍നിന്ന് നേരിട്ട് ലഭിക്കുമായിരുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഇ-സര്‍ട്ടിഫിക്കറ്റ് എന്ന് പേരുമാറ്റി അക്ഷയകേന്ദ്രങ്ങള്‍ വഴിയാക്കിയതോടെ ബുദ്ധിമുട്ടുന്നത് സാധാരണക്കാരാണ്. വരുമാന സര്‍ട്ടിഫിക്കറ്റായാലും ജാതി സര്‍ട്ടിഫിക്കറ്റായാലും അത്തരത്തിലുള്ള മറ്റ് സര്‍ട്ടിഫിക്കറ്റുകളായാലും അതൊക്കെ അധികവും ആവശ്യമായി വരുന്നത് ദുര്‍ബല ജനവിഭാഗങ്ങള്‍ക്കാണ്. നേരത്തെ വില്ലേജ് ഓഫീസില്‍ അപേക്ഷ കൊടുത്താല്‍ അടുത്ത ദിവസം സര്‍ട്ടിഫിക്കറ്റ് അനുവദിക്കുമായിരുന്നു. താലൂക്ക് ഓഫീസിലും ഏറെനാള്‍ കാത്തിരിക്കേണ്ടിവരുമായിരുന്നില്ല. എന്നാല്‍, അക്ഷയകേന്ദ്രങ്ങളില്‍ തോന്നിയതുപോലെയാണ് കാര്യങ്ങള്‍ നടക്കുന്നത്. അക്ഷയകേന്ദ്രങ്ങളെ കര്‍ഷകത്തൊഴിലാളി യൂണിയന്‍ തള്ളിക്കളയുകയല്ല; അതിന്റെ പ്രവര്‍ത്തനരീതി മാറ്റണം എന്നാണ് ആവശ്യപ്പെടുന്നത്. സാധാരണക്കാര്‍ക്ക് സഹായകമാകുന്ന വിധത്തില്‍ അക്ഷയകേന്ദ്രങ്ങളുടെ സ്വഭാവം മാറണം.

അമിതമായി ഏര്‍പ്പെടുത്തുന്ന ഫീസുകളും അനാവശ്യമായ കാലതാമസവും ഒഴിവാക്കണം. കര്‍ഷകത്തൊഴിലാളി പെന്‍ഷനടക്കമുള്ള ക്ഷേമപെന്‍ഷനുകളുടെ കുടിശ്ശികയും വളരുകയാണ്. പാവപ്പെട്ടവരുടെ കണ്ണീരൊപ്പാന്‍ തയ്യാറാകേണ്ട സര്‍ക്കാര്‍ തട്ടിപ്പുകാര്‍ക്കും ക്രിമിനലുകള്‍ക്കും സഹായഹസ്തവുമായി ലജ്ജയില്ലാതെ നിലകൊള്ളുകയാണ്. തട്ടിപ്പുകാരുടെ കൂടെ ചേര്‍ന്ന് മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഔദ്യോഗികസംവിധാനങ്ങളും കോടികളുടെ അഴിമതികള്‍ക്ക് കളമൊരുക്കുന്നതിന്റെ വസ്തുതകള്‍ ഒന്നൊന്നായി പുറത്തുവരുന്നു. കേരളത്തിലെ സാധാരണക്കാരുടെ, ദരിദ്രനാരായണന്മാരുടെ ജീവിതത്തിന് മുകളില്‍ കരിനിഴല്‍ പടര്‍ത്താനാണ് യുഡിഎഫ് സര്‍ക്കാര്‍ ഇനിയും ശ്രമിക്കുന്നതെങ്കില്‍ അതിശക്തമായ പ്രക്ഷോഭവഴികളിലേക്ക് കേരളത്തിലെ അധ്വാനിക്കുന്ന ജനവിഭാഗം മുന്നേറും എന്നതില്‍ സംശയം വേണ്ട.

*
എം വി ഗോവിന്ദന്‍ ദേശാഭിമാനി

മുഖ്യമന്ത്രി അവാര്‍ഡ് തിരിച്ചേല്‍പ്പിച്ച് കേരളത്തോട് മാപ്പു ചോദിക്കുക

മുഖ്യമന്ത്രി കൈപ്പറ്റിയ അന്താരാഷ്ട്ര അവാര്‍ഡിനെ കുറിച്ച് ഞങ്ങള്‍ വീണ്ടും എഴുതുകയാണ്. അദ്ദേഹം ബഹ്‌റൈനില്‍ അവാര്‍ഡ് സ്വീകരിച്ച ജൂണ്‍ 28 ന് പുറത്തിറങ്ങിയ ജനയുഗത്തില്‍ ഞങ്ങള്‍ ഇതേക്കുറിച്ച് എഴുതുകയുണ്ടായി. 'അന്താരാഷ്ട്ര അവാര്‍ഡ് കൊണ്ട് കളങ്കം മൂടിവയ്ക്കാനാവില്ല' എന്ന തലക്കെട്ടിലായിരുന്നു പ്രസ്തുത മുഖപ്രസംഗം. ജൂണ്‍ 29 ന് 'ശുദ്ധ തട്ടിപ്പ്' എന്ന തലക്കെട്ടില്‍ ഈ ലോകപുരസ്‌ക്കാരലബ്ധിയുടെ പൊള്ളത്തരം ഞങ്ങള്‍ മറനീക്കി കാണിച്ചു. സത്യത്തിന്റെ മുഖം സ്വര്‍ണപാത്രം കൊണ്ടുമൂടിവയ്ക്കാന്‍ തുനിഞ്ഞിറങ്ങിയ മുഖ്യമന്ത്രിയും പരിവാരങ്ങളുമാകട്ടെ തങ്ങള്‍ അകപ്പെട്ട നാണക്കേടില്‍ നിന്ന് പുറത്തുകടക്കാനുള്ള ഉപാധിയായാണ് ഐക്യരാഷ്ട്രസഭയെ ഉപയോഗിക്കപ്പെടുത്തിയത്. സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് കോടിക്കണക്കിനു രൂപയാണ് ഈ പ്രതിഛായാ പുനര്‍നിര്‍മാണത്തിനുവേണ്ടി അവര്‍ വാരിക്കോരി ചെലവഴിച്ചത്. ആ പിടച്ചിലിന്റെ പുറകിലെ ഉള്ളുകള്ളികള്‍ ജനങ്ങള്‍ക്കു മനസിലാകും. ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറലും യു എന്‍ സംവിധാനങ്ങള്‍ മുഴുവനും ഈ ലോകോത്തര അവാര്‍ഡ് ജേതാവിനെ വരവേല്‍ക്കാന്‍ കാത്തിരിക്കുന്നു എന്ന മട്ടിലാണ് ഇവിടെ പ്രചാരവേല സംഘടിപ്പിക്കപ്പെട്ടത്. വസ്തുതകളുമായി അതിനു യാതൊരു  ബന്ധവുമില്ലായിരുന്നു.

യു എന്‍ സംവിധാനത്തില്‍ അണ്ടര്‍ സെക്രട്ടറി ജനറല്‍മാര്‍ പത്തുമുപ്പതുപേരുണ്ട്. അവരില്‍ ഒരാളില്‍ നിന്നാണ് കേരളാ മുഖ്യമന്ത്രിയടക്കം നിരവധിപേര്‍ ഈ ബഹുമതി ഏറ്റുവാങ്ങിയത്. അതില്‍ രണ്ടുപേര്‍ ഇന്ത്യാക്കാരുമായിരുന്നു. എന്നാല്‍ അവരുടെ സംസ്ഥാനങ്ങളിലൊന്നും അവാര്‍ഡിന്റെ പേരിലുള്ള കൊട്ടിഘോഷങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഇവിടെയാകട്ടെ പ്രതിഛായാ നിര്‍മാണത്തില്‍ പ്രാവീണ്യം നേടിയ മുഖ്യമന്ത്രിയും സംഘവും ചേര്‍ന്ന് കാട്ടിക്കൂട്ടാന്‍ ഒന്നും  ബാക്കിയുണ്ടായിരുന്നില്ല. അഴിമതിയുടെ ചളിക്കുണ്ടില്‍ മുങ്ങിത്താഴുന്ന മുഖ്യമന്ത്രി അഴിമതി തടഞ്ഞതിന്റെ പേരിലാണ് അവാര്‍ഡ് തരപ്പെടുത്തിയത്. അത് ആഘോഷമാക്കാന്‍ അവര്‍ക്കു പലതുകൊണ്ടും ആവേശം കൂടുമല്ലോ. അവാര്‍ഡുമായി മടങ്ങി എത്തിയ മുഖ്യമന്ത്രിക്കു നാടുനീളെ സ്വീകരണ മേളകള്‍ സംഘടിപ്പിക്കാന്‍ ഉത്സാഹ കമ്മിറ്റികളുണ്ടായി. അവിടെയെല്ലാം രാജാവ് നഗ്നനാണെന്നു വിളിച്ചു പറഞ്ഞ നാടിന്റെ താരുണ്യങ്ങളെ പൊലീസ് മൃഗീയമായി തല്ലിച്ചതച്ചു.

കഥയില്ലാത്ത ഒരവാര്‍ഡിന്റെ പേരിലാണ് ഉമ്മന്‍ചാണ്ടിയും സംഘവും ഈ കോലാഹലങ്ങളെല്ലാം നടത്തിയത്. പൊതുസേവന അവാര്‍ഡിനുള്ള ഐക്യരാഷ്ട്ര സഭയുടെ നിബന്ധനകളും ചട്ടങ്ങളും ലംഘിച്ചുകൊണ്ടാണ് മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും ചേര്‍ന്ന് ഈ അവാര്‍ഡ് പിടിച്ചുപറ്റിയത്. അങ്ങനെയൊന്ന് കൈക്കലാക്കാന്‍ അവര്‍ക്ക് അത്യാവശ്യമുണ്ടായിരുന്നെങ്കിലും അതിനു ഐക്യരാഷ്ട്ര സഭയെത്തന്നെ വഞ്ചിക്കുകയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ചെയ്തത്. എല്ലാത്തരം തട്ടിപ്പിന്റെയും ഹെഡ് ഓഫീസായ ആ ഓഫീസ് ഐക്യരാഷ്ട്ര സഭയെ വരെ വഞ്ചിക്കാന്‍ മടിച്ചില്ലെന്നും തെളിഞ്ഞിരിക്കുന്നു. ''നാമനിര്‍ദേശം ചെയ്യുന്നതും ചെയ്യപ്പെടുന്നതും ഒരേ സ്ഥാപനം തന്നെയാണെങ്കില്‍ അത്തരം നാമനിര്‍ദേശങ്ങള്‍ സ്വീകാര്യമല്ലെ'' ന്നാണ് ഐക്യരാഷ്ട്രസഭാ നിബന്ധനകള്‍ അസന്നിഗ്ധമായി പറയുന്നത്. ഇവിടെ നാമനിര്‍ദേശം ചെയ്യപ്പെടുന്നത് മുഖ്യമന്ത്രിയുടെ ഓഫീസും നാമനിര്‍ദേശം ചെയ്യുന്നത് കേരളാ ഗവണ്‍മെന്റുമായിരുന്നു. രണ്ടിന്റെയും തലവന്റെ പേര് ഉമ്മന്‍ചാണ്ടി എന്നും! എന്നിട്ടും ഇവ തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന അതിവിചിത്രവാദത്തിന്റെ അടിസ്ഥാനത്തിലാണ് അവര്‍ അവാര്‍ഡിനുവേണ്ടി ഉഴറി നടന്നത്.

ഇന്ത്യയില്‍ ആദ്യമായാണ് ഒരു മുഖ്യമന്ത്രി ഇപ്രകാരം 'അവാര്‍ഡിതനാകുന്ന' തെന്നാണ്. സെക്രട്ടേറിയറ്റിലെ കേരളാ ഗീബല്‍സുമാര്‍ വിളിച്ചുകൂവുന്നത്. അവരുടെ തൊലിക്കട്ടിയുടെ കാഠിന്യം അറിയണമെങ്കില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനൊപ്പം ഇക്കുറി അവാര്‍ഡുവാങ്ങിയ പദ്ധതികളെ/സ്ഥാപനങ്ങളെക്കുറിച്ചു കൂടി മനസിലാക്കിയാല്‍ മതിയാകും. (1) ജാര്‍ഖണ്ഡിലെ ധന്‍ബാദ് ജില്ലയിലെ 'സ്വാവലംബന്‍' പദ്ധതി. (2) കേന്ദ്രസര്‍ക്കാരിന്റെ ഗ്രാമീണ കുടില്‍ വ്യവസായ വകുപ്പിന്റെ 'ഗ്രാമീന്‍ ഹട്ട്' പദ്ധതി! ഉത്തര്‍പ്രദേശിലെ ഒരു ജില്ലാ ആരോഗ്യസമിതി സംഘടിപ്പിച്ച 'ആരോഗ്യം' പദ്ധതിക്കും, ഗുജറാത്തിലെ ഒരു ജില്ലാകുടിവെള്ള പദ്ധതിക്കും ആന്ധ്രാപ്രദേശിലെ ഒരു ഇലക്‌ട്രോണിക്‌സ് സംഭരണ പദ്ധതിക്കും അടക്കം ഇന്ത്യയിലെ നിരവധി സംസ്ഥാനങ്ങള്‍ക്ക് പൊതുജന സേവന സ്ഥാപനങ്ങള്‍ക്കുള്ള ഈ അവാര്‍ഡ് മുന്‍വര്‍ഷങ്ങളില്‍ ലഭിച്ചുവെന്ന കാര്യം ഉമ്മന്‍ചാണ്ടിക്കു നിഷേധിക്കാനാവില്ല. എന്നാല്‍ സര്‍ക്കാരിലെ ഏതെങ്കിലും ഉദ്യോഗസ്ഥന്മാര്‍ കൈപ്പറ്റിപോന്ന ഈ 'ചെറിയ' സമ്മാനം ഒരു സംസ്ഥാന മുഖ്യമന്ത്രി ഭൂഗോള സംഭവമാക്കി മാറ്റിയത് യു എന്‍ വൃത്തങ്ങളെത്തന്നെ  അമ്പരപ്പിച്ചിട്ടുണ്ടാകും.

ഒരുകാര്യംകൂടി കേരളം അറിയേണ്ടതാണ്. ഏഷ്യാ-പസഫിക് മേഖലയിലെ അവാര്‍ഡിനാണ് കേരളാ മുഖ്യമന്ത്രിയുടെ ഓഫീസ് മേല്‍പ്പറഞ്ഞ കൗശലങ്ങളിലൂടെ അര്‍ഹത നേടിയത്. യൂറോപ്പ്-ഉത്തര അമേരിക്കന്‍ മേഖലയില്‍ നിന്ന് ഈ വര്‍ഷം അവാര്‍ഡ് നേടിയത് ഇറ്റലിയാണ്. ബാലപീഡനത്തിനും അഴിമതിക്കും കോടതി കയറേണ്ടിവന്ന സില്‍വിയോ ബേറുല്‍സ്‌കോണിയുടെ രാജ്യം! ഇങ്ങനെയുള്ള ഒരവാര്‍ഡ് ഭൂഷണമായി കരുതുന്നതുകൊണ്ടാകാം മുഖ്യമന്ത്രിയുടെ ഓഫീസിനെ സംസ്ഥാന ഗവണ്‍മെന്റ് ശുപാര്‍ശ ചെയ്തത്. അത് എങ്ങനെയും കിട്ടിയേ തീരു എന്ന പതനത്തിലെത്തിയതുകൊണ്ടാകാം രണ്ടും തമ്മില്‍ ഒരു ബന്ധവുമില്ലെന്ന് മുഖ്യമന്ത്രിയും സംഘവും സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. അല്‍പമെങ്കിലും അന്തസ് ബാക്കിയുണ്ടെങ്കില്‍ മുഖ്യമന്ത്രി ഇപ്പോള്‍ ചെയ്യേണ്ടത് ഇതാണ്: കൃത്രിമ മാര്‍ഗത്തിലൂടെ കൈക്കലാക്കിയ ഈ വളരെ ചെറിയ അവാര്‍ഡ് തിരിച്ചേല്‍പ്പിക്കുക. എന്നിട്ട് കേരളത്തോട് മാപ്പ് ചോദിക്കുക.

*
ജനയുഗം മുഖപ്രസംഗം

Monday, July 1, 2013

കണ്ണില്‍ മണ്ണിടുന്ന ഔഷധനയം

മെയ് 15ന് കേന്ദ്രസര്‍ക്കാര്‍ പുതിയ ഔഷധവില നയം പ്രഖ്യാപിച്ചിരുന്നു. അവശ്യമരുന്നു പട്ടികയില്‍ വരുന്ന 348 മരുന്നുകളുടെ വില ഇതോടെ നിയന്ത്രിക്കുമെന്നും നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി അറിയിച്ചു. പുതിയ നയം നടപ്പാക്കുന്നതിലൂടെ ഔഷധവില 50 ശതമാനത്തോളം കുറയുമെന്നാണ് സര്‍ക്കാര്‍ വക്താക്കള്‍ അവകാശപ്പെടുന്നത്. ആദ്യ ഗഡുവെന്ന നിലയില്‍ 150 മരുന്നുകള്‍ക്ക് ഈടാക്കാവുന്ന ഏറ്റവും ഉയര്‍ന്ന വില നിശ്ചയിച്ച് ഉത്തരവിറക്കിയിട്ടുണ്ട്.

1979ല്‍ ജനതാ സര്‍ക്കാരിന്റെ കാലത്താണ് 347 അവശ്യമരുന്നുകളുടെ വില നിയന്ത്രണവിധേയമാക്കിയത്. 1971ലെ പേറ്റന്റ് നിയമത്തോടൊപ്പം ഔഷധവില കുറയ്ക്കുന്നതില്‍ വിലനിയന്ത്രണം വലിയ പങ്കുവഹിച്ചു. മരുന്നു കമ്പനികളുടെ സമ്മര്‍ദത്തിനു വഴങ്ങി സര്‍ക്കാര്‍ വിലനിയന്ത്രണത്തിന്റെ പരിധിയില്‍വരുന്ന മരുന്നുകള്‍ 1987ല്‍ 142 ആയും 1995ല്‍ 74 ആയും കുറച്ചു. ഇതേത്തുടര്‍ന്നാണ് ഔഷധവില നിയന്ത്രണാതീതമായി വര്‍ധിച്ചുതുടങ്ങിയത്. വിലനിയന്ത്രണത്തിന്റെ പരിധിയില്‍ വരുന്ന മരുന്നുകള്‍ 74ല്‍ നിന്ന് 24 ആയി 2002ല്‍ വീണ്ടും കുറച്ചപ്പോള്‍ അതിനെതിരെ ഓള്‍ ഇന്ത്യാ ഡ്രഗ് ആക്ഷന്‍ നെറ്റ്വര്‍ക്ക് (അയ്ഡാന്‍) സുപ്രീംകോടതിയെ സമീപിച്ച് സ്റ്റേവാങ്ങി. ഇന്ത്യന്‍ ജനതയുടെ ആരോഗ്യാവശ്യങ്ങള്‍ പരിഗണിച്ച് അവശ്യമരുന്നുകളുടെ പട്ടിക തയ്യാറാക്കി അവയുടെയെല്ലാം വില സര്‍ക്കാര്‍ നിയന്ത്രിക്കണമെന്നും അയ്ഡാന്റെ കേസില്‍ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞവര്‍ഷം 348 അവശ്യമരുന്നുകളുടെ പട്ടിക തയ്യാറാക്കിയതായി സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.

തുടര്‍ന്ന് പുതിയ ഔഷധവിലനയവും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. മാര്‍ക്കറ്റില്‍ ഏറ്റവുമധികം വിറ്റുവരുന്ന മൂന്നു മരുന്നുകളുടെ വിലയുടെ ശരാശരി, ഏറ്റവും ഉയര്‍ന്ന വിലയായി നിശ്ചയിച്ച് ആ വിലയ്ക്കോ അതില്‍ താഴ്ന്ന വിലയ്ക്കോ മരുന്നുകള്‍ക്ക് വില ഈടാക്കാന്‍ കമ്പനികളെ അനുവദിക്കുന്ന രീതിയായിരുന്നു സര്‍ക്കാര്‍ ആദ്യം പ്രഖ്യാപിച്ചത്. ഔഷധങ്ങളുടെ ഉല്‍പ്പാദനച്ചെലവിന്റെ അടിസ്ഥാനത്തില്‍ ഒരു നിശ്ചിത അനുപാതത്തില്‍ ലാഭമനുവദിക്കുന്ന ചെലവടിസ്ഥാന വില നിശ്ചയിക്കല്‍ (Cost Based Pricing) രീതിയാണ് ഇതുവരെ പിന്തുടര്‍ന്നുവന്നത്. ഇതിനുപകരമായി കമ്പോളാടിസ്ഥാന വില നിശ്ചയിക്കുന്ന (Market Based Pricing-)- പുതിയ രീതിയാണ് ഇതുവഴി നിലവില്‍ വരിക. ഇതിനോട് സുപ്രീംകോടതി വിയോജിപ്പ് പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് പുതിയ വിലനയം പ്രഖ്യാപിച്ചത്. എന്നാല്‍, കമ്പോളാടിസ്ഥാനത്തില്‍ വില നിശ്ചയിക്കുന്ന രീതിതന്നെയാണ് പുതിയ നയത്തിലും സര്‍ക്കാര്‍ പിന്തുടരുന്നത്. മാര്‍ക്കറ്റില്‍ ഒരു ശതമാനത്തിനുമേല്‍ പങ്കാളിത്തമുള്ള മരുന്നുകളുടെ ശരാശരി വില ഏറ്റവും ഉയര്‍ന്ന വിലയായി നിശ്ചയിക്കാനുള്ള രീതിയാണ് സര്‍ക്കാര്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ഇപ്പോള്‍ ഇറക്കിയ ഉത്തരവ് അനുസരിച്ച് ചില മരുന്നുകളുടെ വില കുറയുമെന്നത് ശരിയാണ്. ഉദാഹരണത്തിന് പാരസെറ്റമോളിന് (500 മിഗ്രാം) ഒരു ഗുളികക്ക് 94 പൈസയാണ് ഉയര്‍ന്ന വിലയായി നിശ്ചയിച്ചിട്ടുള്ളത്. മാര്‍ക്കറ്റില്‍ ഏറ്റവും അധികം വിറ്റഴിക്കപ്പെടുന്ന ബ്രാന്‍ഡായ കാല്‍പ്പോളിന്റെ വില ഒരു രൂപ അറുപത്തഞ്ച് പൈസയാണ്. അതുപോലെ കോളസ്റ്ററോള്‍ കുറക്കുന്നതിനു വേണ്ടിയുള്ള അറ്റോര്‍വാസ്റ്റാറ്റിന്റെ വില (5 മിഗ്രാം) 5.20 രൂപയില്‍ നിന്നും 3 രൂപ 82 പൈസയായും രക്താതിമര്‍ദത്തിനുള്ള എനലാപ്രിന്റെ വില (5മിഗ്രാം) 3 രൂപ 7 പൈസയില്‍ നിന്നും 2 രൂപ 96 പൈസയായും ക്ഷയരോഗത്തിനുള്ള പൈറാസിനാമൈഡിന്റെ (750 മിഗ്രാം) വില 7 രൂപ 20 പൈസയില്‍ നിന്നും 6 രൂപ 91 പൈസയായും പ്രമേഹത്തിനുള്ള ഗ്ലൈബന്‍ക്ലമൈഡിന്റെ (2.5 മിഗ്രാം) വില 53 പൈസയില്‍ നിന്നും 48 പൈസയായും കുറയാനിടയുണ്ട്. എന്നാല്‍, മറ്റുചില മരുന്നുകളുടെ വില കൂടാനും സാധ്യതയുണ്ട്. ഉദാഹരണത്തിന് അപസ്മാരത്തിനുള്ള സോഡിയം വാല്‍പ്രൊവേറ്റിന്റെ (200 മിഗ്രാം) വില 3 രൂപ ഏഴ് പൈസയായാണ് നിശ്ചയിച്ചിട്ടുള്ളത്. ലീഡര്‍ ബ്രാന്‍ഡായ വാല്‍പ്രോളിന്റെ വില 2 രൂപ 44 പൈസയാണ്. വില 25.88 ശതമാനം കൂടുമെന്നര്‍ഥം.

ഇതിനുപുറമെ ഏകമാത്ര ഔഷധങ്ങളുടെ ഉയര്‍ന്ന വില മാത്രമാണ് നിശ്ചയിച്ചിട്ടുള്ളത്. ഈ മരുന്നുകള്‍ ഉപയോഗിച്ച് മാര്‍ക്കറ്റ് ചെയ്യുന്ന ഔഷധ ചേരുവകളുടെ വില നിയന്ത്രിച്ചിട്ടില്ല. ഇന്ത്യയില്‍ വിറ്റുവരുന്ന മരുന്നുകളില്‍ കൂടുതലും ഔഷധ ചേരുവകളാണ്. ഇവയുടെ വില തോന്നിയപടി നിശ്ചയിക്കാന്‍ മരുന്നു കമ്പനികള്‍ക്ക് തുടര്‍ന്നും കഴിയും. വിലനിയന്ത്രണത്തിന്റെ പരിധിയില്‍ വരുന്ന ഏകമാത്രയായി വില്‍ക്കുന്ന പാരസെറ്റമോളിന്റെ മാര്‍ക്കറ്റ് ഷെയര്‍ 5 കോടി 27 ലക്ഷമാണെങ്കില്‍ ഔഷധചേരുവകള്‍ കൂടി കണക്കിലെടുത്താല്‍ വിറ്റുവരവ് 25 കോടി 25 ലക്ഷം രൂപയ്ക്കുള്ളതാണെന്ന് കാണാന്‍ കഴിയും. ഗ്ലൈബന്‍ ക്ലമൈഡിന്റെ കാര്യത്തിലാകട്ടെ, ഏകമാത്രകളുടെ മാര്‍ക്കറ്റ് ഷെയര്‍ 79.92 ലക്ഷവും ഔഷധചേരുവകളടക്കമുള്ളവയുടെ ഷെയര്‍ 2 കോടി 23 ലക്ഷവുമാണ്. അതായത് ഇപ്പോള്‍ വിറ്റുവരുന്ന പാരസെറ്റമോള്‍ മരുന്നുകളുടെ 20.87 ശതമാനവും ഗ്ലൈബന്‍ക്ലമൈഡിന്റെ 35.07 ശതമാനവും മാത്രമായിരിക്കും വിലനിയന്ത്രണത്തിന് വിധേയമാക്കപ്പെടുക. ഡോക്ടര്‍മാരെ സ്വാധീനിച്ച് ഔഷധചേരുവകള്‍ നിര്‍ദേശിപ്പിക്കാന്‍ മരുന്ന് കമ്പനികള്‍ക്ക് കഴിയുമെന്നുള്ളതുകൊണ്ട് മിക്ക മരുന്നുകളെ സംബന്ധിച്ചും വിലനിയന്ത്രണത്തിന്റെ പ്രയോജനം രോഗികള്‍ക്ക് ലഭിക്കണമെന്നില്ല എന്നാണിത് സൂചിപ്പിക്കുന്നത്.

2005ല്‍ പേറ്റന്റ് നിയമം മാറ്റിയതിനെ തുടര്‍ന്ന് ഉല്‍പ്പന്ന പേറ്റന്റ് വ്യവസ്ഥ ഇന്ത്യയില്‍ നടപ്പാക്കി കഴിഞ്ഞു. പുതിയ വിലനയമനുസരിച്ച് പേറ്റന്റ് ചെയ്യപ്പെടുന്ന പുതിയ മരുന്നുകള്‍ വിലനിയന്ത്രണത്തിന്റെ പരിധിയില്‍ വരുന്നതല്ല. ഇപ്പോള്‍ തയ്യാറാക്കിയിട്ടുള്ള അവശ്യമരുന്നു പട്ടികയില്‍ നവീന ഔഷധങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുമില്ല. പേറ്റന്റവകാശം ലഭിച്ചുകഴിഞ്ഞ മരുന്നുകളില്‍ 15 എണ്ണം ഇന്ത്യയില്‍ മാര്‍ക്കറ്റ് ചെയ്തു തുടങ്ങിയിട്ടുണ്ട്. വിദേശരാജ്യങ്ങളിലേതുപോലെ ഉയര്‍ന്ന വിലയ്ക്കാണ് ഈ മരുന്നുകള്‍ ഇന്ത്യയിലും മാര്‍ക്കറ്റ് ചെയ്യുന്നത്. പാര്‍ലമെന്റില്‍ 2008 ഒക്ടോബര്‍ 21ന് സര്‍ക്കാര്‍ നല്‍കിയ വിവരമനുസരിച്ച് 2005 ജനുവരി 1 മുതല്‍ 2007 ആഗസ്ത് 30 വരെ 460 മരുന്നുകള്‍ക്കാണ് പേറ്റന്റ് അനുമതി നല്‍കിയിട്ടുള്ളത്. അധികം വൈകാതെ ഇന്ത്യയില്‍ വിറ്റുവരുന്ന മരുന്നുകളില്‍ ഭൂരിഭാഗവും പുതിയ പേറ്റന്റ് മരുന്നുകളായിരിക്കും. ഇവയൊന്നും തന്നെ വിലനിയന്ത്രണത്തിന്റെ പരിധിയില്‍ വരില്ല.

പേറ്റന്റ് നിയമം മാറ്റിയതിനെ തുടര്‍ന്ന് വിലകൂടിയ പല ജീവന്‍ രക്ഷാമരുന്നുകളുടെയും വില്‍പ്പന നടത്തുന്നത് ബഹുരാഷ്ട്ര കമ്പനികളായി മാറിക്കഴിഞ്ഞിട്ടുണ്ട്. 1995ന് ശേഷം 180 പുതിയ മരുന്നുകള്‍ ഇന്ത്യയില്‍ വിറ്റുവരുന്നുണ്ട്. ഇവയില്‍ 33 എണ്ണം വിദേശകമ്പനികളുടെ കുത്തക മരുന്നുകളാണ്. അതായത് ഒരു കമ്പനി മാത്രമായാണ് ഇത്തരം മരുന്നുകള്‍ മാര്‍ക്കറ്റ് ചെയ്യുന്നത്. മറ്റ് കമ്പനികളില്‍ നിന്നും വിലയുടെ കാര്യത്തില്‍ മത്സരമില്ലാത്തതുമൂലം അമിതവില ഈടാക്കിയാണ് കുത്തകമരുന്നുകള്‍ വിറ്റുവരുന്നത്. ഇവയില്‍ മിക്കവയും ക്യാന്‍സര്‍ ചികിത്സയ്ക്കുള്ള മരുന്നുകളുമാണ്. പുതിയ നയപ്രകാരം ഇവയുടെ വിലകുറയില്ലെന്ന് വ്യക്തമാണല്ലോ.

ചുരുക്കത്തില്‍ പുതിയ വിലനിയന്ത്രണ ഉത്തരവനുസരിച്ച് മരുന്നുകളുടെ വില കുറയുമെന്നത് വ്യാമോഹം മാത്രമാണ്. ദരിദ്ര ജനലക്ഷങ്ങളുള്ള ഇന്ത്യയില്‍ ജനങ്ങളുടെ ആരോഗ്യച്ചെലവ് പതിന്മടങ്ങ് വര്‍ധിപ്പിക്കാന്‍ സാധ്യതയുള്ള കമ്പോളാധിഷ്ടിത ഔഷധവിലനയം നടപ്പാക്കാന്‍ പോകുന്ന അവസരത്തില്‍ സമ്പന്ന മുതലാളിത്ത രാജ്യമായ ബ്രിട്ടനില്‍ 2013 മുതല്‍ മൂല്യാധിഷ്ടിത വിലനയം (Value Based Pricing-)-  നടപ്പാക്കി തുടങ്ങിയിരിക്കയാണ്. മരുന്നുകളുടെ വില ഏകപക്ഷീയമായി നിശ്ചയിക്കാന്‍ കമ്പനികളെ അനുവദിക്കാതെ വിദഗ്ധരുടെ സഹായത്തോടെ മരുന്നുകളൂടെ ചികിത്സാപരമായ മികവ് കണക്കാക്കി മാത്രം വില നിശ്ചയിക്കുന്ന രീതിയാണിത്. ക്യൂബ, ബ്രസീല്‍ തുടങ്ങിയ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും തായ്ലന്റ്, ശ്രീലങ്ക തുടങ്ങിയ വികസ്വര രാജ്യങ്ങളിലും കര്‍ശന വിലനിയന്ത്രണനിയമങ്ങള്‍ നിലവിലുണ്ട്. ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി ബഹുരാഷ്ട്ര മരുന്നു കമ്പനികളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ച് ജനങ്ങളുടെ കണ്ണില്‍ മണ്ണിടുന്ന ഔഷധനയവുമായാണ് ഇവിടെ സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്.

*
ഡോ. ബി ഇക്ബാല്‍ ദേശാഭിമാനി

ഫാസിസ്റ്റ് മുറ വേണ്ട

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതിരോധത്തിന്റെ സഹതാപാര്‍ഹമായ അവസ്ഥയിലേക്ക് എത്തിക്കഴിഞ്ഞു. ബഹ്റൈനില്‍നിന്ന് അവാര്‍ഡ് വാങ്ങി പുതുപ്പള്ളിയില്‍ എത്തിയ അദ്ദേഹം നടത്തിയ പ്രകടനം പിടിച്ചുനില്‍ക്കാന്‍ പാടുപെടുന്ന തെറ്റുകാരനായ ഭരണാധികാരിയുടെ വിലാപത്തില്‍ കുറഞ്ഞ ഒന്നുമല്ല. "എല്ലാവരെയും വിശ്വസിച്ച് ഭരണരംഗത്തു മുന്നോട്ടുപോയതിനിടയില്‍ ചിലരൊക്കെ ഈ വിശ്വാസം ദുര്‍വിനിയോഗം ചെയ്തെന്ന്" ജന്മനാടായ പുതുപ്പള്ളിയില്‍ നല്‍കിയ സ്വീകരണയോഗത്തില്‍ മുഖ്യമന്ത്രി മനസ്സുതുറന്നതായി മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. വാര്‍ത്ത തുടരുന്നു: "എന്നെ ഞാനാക്കിയ പുതുപ്പള്ളിക്കാരുടെ മുന്നില്‍ ഏറ്റുപറയുകയാണ്; ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല- ഉമ്മന്‍ചാണ്ടി വികാരാധീനനായി. സോളാര്‍ വിവാദത്തില്‍ തെറ്റുചെയ്ത ഒരാളും നിയമത്തിന്റെ പിടിയില്‍നിന്നു രക്ഷപ്പെടില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. അവര്‍ക്ക് ദയാദാക്ഷിണ്യം കിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു." ഉമ്മന്‍ചാണ്ടിയുടെ ആത്മവിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. ഇന്നലെവരെ പറഞ്ഞുനിന്ന ഒന്നും ഇന്നദ്ദേഹത്തിന്റെ കൈയിലില്ല. കൂടെയുള്ളവരെ വിശ്വസിച്ച് കുഴപ്പത്തില്‍ ചാടിയെന്നത് ഒരു ഭരണാധികാരി പറയേണ്ട ന്യായമല്ല. ജനാധിപത്യപ്രക്രിയയിലൂടെ അധികാരസ്ഥാനത്ത് എത്തുന്നവരെ കൃത്യനിര്‍വഹണത്തില്‍ സഹായിക്കാന്‍ നിയോഗിക്കപ്പെടുന്നവരാണ് പേഴ്സണല്‍ സ്റ്റാഫ്. അവര്‍ ഒന്നടങ്കം തന്നെ ചതിച്ചെന്ന് ഒരു ഭരണാധികാരി പറഞ്ഞാല്‍, ആ സ്ഥാനത്തിരിക്കാന്‍ താന്‍ യോഗ്യനല്ലെന്ന പ്രഖ്യാപനം തന്നെയാണത്.

ഉമ്മന്‍ചാണ്ടിയുടെ വലംകൈയായി, മറ്റു മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മുഖ്യമന്ത്രിയിലേക്ക് എത്താനുള്ള പാലമായി നിലകൊണ്ട വ്യക്തിയാണ് ടെന്നി ജോപ്പന്‍. അയാള്‍ ഇപ്പോള്‍ പത്തനംതിട്ട ജില്ലാ ജയിലിലാണ്. കുറ്റം: മുഖ്യമന്ത്രിയുടെ ഓഫീസില്‍വച്ചടക്കം നടത്തിയ തട്ടിപ്പ്. കൂട്ടുകുറ്റവാളികള്‍: മുഖ്യമന്ത്രിയുമായി അടച്ചിട്ടമുറിയില്‍ "കുടുംബകാര്യം" ചര്‍ച്ചചെയ്ത ബിജു രാധാകൃഷ്ണനും തട്ടിപ്പുനായിക സരിത നായരും. മുഖ്യമന്ത്രി സംസാരിക്കുന്ന ഫോണില്‍നിന്നാണ് സരിത-ജോപ്പന്‍ സംസാരമാകെ ഉണ്ടായത്. 24 മണിക്കൂറും പൊതുജനദൃഷ്ടിയില്‍ എന്ന് ഉമ്മന്‍ചാണ്ടി ഊറ്റംകൊള്ളുന്ന ഓഫീസിലാണ്, ആ ഓഫീസിന്റെ ഉറപ്പിലാണ് ലക്ഷങ്ങള്‍ ജോപ്പന്‍സംഘം കൈപ്പറ്റിയത്. നിരവധി കേസില്‍ പ്രതി, ജയിലില്‍ പ്രസവം, തട്ടിപ്പുകാരിയെന്ന് പൊലീസ് മുന്നറിയിപ്പ്- ഈ ചരിത്രമെല്ലാമുള്ള സരിത നായര്‍ സെക്രട്ടറിയറ്റിലെ തന്റെ ഓഫീസില്‍ വിലസുന്നതും താന്‍ പറക്കുമ്പോഴെല്ലാം ഡല്‍ഹിക്കു പറക്കുന്നതും കാണാനുള്ള കണ്ണ് ഉമ്മന്‍ചാണ്ടിക്ക് ഇല്ലെന്നാണോ? അങ്ങനെയെങ്കില്‍ ഒരു നിരപരാധിയുടേതല്ല- കഴിവുകെട്ട, അയോഗ്യനായ ഒരു രാഷ്ട്രീയക്കാരന്റെ ചിത്രമാണ് ഉമ്മന്‍ചാണ്ടിയുടേതെന്ന് പറയേണ്ടിവരും.

ജോപ്പന്‍ മാത്രമല്ല പ്രതി. മുഖ്യമന്ത്രിയുടെ മറ്റൊരു നിഴലായ ജിക്കുമോനുമുണ്ട് തെളിയിക്കപ്പെട്ട സരിതാ ബന്ധം. ഡല്‍ഹിയിലെ ഉമ്മന്‍ചാണ്ടിയുടെ പ്രതിപുരുഷന്‍ തോമസ് കുരുവിള അതിനു പുറമെ. മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റു ചില ഉന്നതരും സോളാര്‍ തട്ടിപ്പുപണത്തിന്റെ പങ്ക് ചോദിച്ചുവാങ്ങിയിട്ടുണ്ടെന്ന് ജോപ്പന്‍ മൊഴി നല്‍കിയ വാര്‍ത്തയും വന്നു. ഇവരൊക്കെത്തന്നെ അവിശ്വസനീയമാംവണ്ണം സമ്പാദിച്ചുകൂട്ടിയവരാണ്; ചെറ്റക്കുടിലില്‍നിന്ന് മണിമാളികയിലേക്ക് ചാടിക്കയറിയവര്‍. എല്ലാവരുടെയും ഉയര്‍ച്ച മുഖ്യമന്ത്രിയുടെ കണ്‍മുന്നില്‍. ഇവര്‍ക്ക് എങ്ങനെ ഇത്രയും പണം കിട്ടിയെന്ന് സംശയിക്കാന്‍ പോലും ഉമ്മന്‍ചാണ്ടിക്ക് കഴിവില്ലാത്തതാണോ?

കെ കരുണാകരന്‍ 1977ല്‍ മുഖ്യമന്ത്രിപദം രാജിവയ്ക്കേണ്ടിവന്നത് രാജന്‍ കേസിലെ ഒരു വ്യാജസത്യവാങ്മൂലത്തിന്റെ പേരിലാണ്. കരുണാകരന്‍ കക്കയം ക്യാമ്പില്‍ പോയി രാജനെ ഉരുട്ടിക്കൊന്നു എന്നല്ല കേസ്. തന്റെ വകുപ്പിലെ പൊലീസുദ്യോഗസ്ഥര്‍ ചെയ്ത അരുംകൊലയ്ക്ക് ഉത്തരവാദി താനുംകൂടിയാണെന്ന കുറ്റസമ്മതം കൂടിയാണ് അന്ന് കരുണാകരന്‍ നടത്തിയത്. ഇവിടെ വകുപ്പും ഉദ്യോഗസ്ഥരുമൊന്നുമല്ല, ഉമ്മന്‍ചാണ്ടിയുടെ പ്രതിപുരുഷന്മാര്‍ തന്നെയാണ് കുറ്റവാളികളായി നഗ്നരായി നില്‍ക്കുന്നത്. "77ലും 1995ലും കരുണാകരന്റെ രാജിയിലേക്ക് നയിച്ചതിനേക്കാള്‍ വ്യക്തമായ കുറ്റാരോപണമാണ് ഉമ്മന്‍ചാണ്ടി നേരിടുന്നത്. കരുണാകരനെതിരെ ഉമ്മന്‍ചാണ്ടി തന്നെ പറയുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്ത ന്യായങ്ങള്‍ വച്ച്, ഈ മുഖ്യമന്ത്രിയെ ഇനിയും വച്ചുപൊറുപ്പിക്കാന്‍ ആര്‍ക്കുകഴിയും?

ആരുടെയും തലയില്‍ കുറ്റംചാരി രക്ഷപ്പെടാന്‍ കഴിയുന്നതല്ല ഉമ്മന്‍ചാണ്ടിക്കുനേരെ ഉയര്‍ന്ന തെളിവും സംശയങ്ങളും. തട്ടിപ്പിനിരയായ ശ്രീധരന്‍നായര്‍ നല്‍കിയ അന്യായത്തില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപാടില്‍ പങ്കാളിയായി എന്ന് വെളിപ്പെടുത്തുന്നു. അന്വേഷകര്‍ ആദ്യം കടന്നുചെല്ലേണ്ട ഇടമായി കേരള മുഖ്യമന്ത്രിയുടെ ഓഫീസ് മാറിയിരിക്കുന്നു. എന്നിട്ടും, ജുഡീഷ്യല്‍ അന്വേഷണമോ രാജിയോ ഇല്ലെന്ന നിലപാടു തുടരുകയാണ് ഉമ്മന്‍ചാണ്ടി. എന്നാല്‍, ഓരോ ദിവസവും പുറത്തുവരുന്ന തെളിവുകള്‍ അദ്ദേഹത്തെ കൂടുതല്‍ വരിഞ്ഞുമുറക്കുന്നതാണ്. തന്റെ നില പരുങ്ങലിലായി എന്ന് മുഖ്യമന്ത്രിക്ക് ബോധ്യപ്പെട്ടതിന്റെ ലക്ഷണം പുതുപ്പള്ളി പ്രസംഗത്തില്‍ മാത്രമല്ല, സര്‍ക്കാരിന്റെ ഓരോ നടപടിയിലും പ്രതിഫലിക്കുന്നുണ്ട്. സോളാര്‍ തട്ടിപ്പുകേസില്‍പ്പെട്ട ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യവുമായി സമരത്തിനിറങ്ങുന്ന ആരെയും അടിച്ചൊതുക്കാനുള്ള നിര്‍ദേശമാണ് പൊലീസിന് നല്‍കിയിട്ടുള്ളത്. വെള്ളം ചീറ്റിയും ലാത്തിച്ചാര്‍ജ് ചെയ്തും ഗ്രനേഡും കണ്ണീര്‍വാതകവും പൊട്ടിച്ചും സമരങ്ങള്‍ക്കെതിരെ യുദ്ധം നടത്തുകയാണ് പൊലീസ്. കൊടും തട്ടിപ്പുനടത്തിയ സ്വന്തക്കാരെ തൊടാതിരിക്കുമ്പോള്‍, സര്‍ക്കാരിനെതിരായ പത്രവാര്‍ത്തകള്‍ ഷെയര്‍ ചെയ്ത കുറ്റത്തിനുപോലും ജീവനക്കാര്‍ക്കെതിരെ പ്രതികാരനടപടി സ്വീകരിക്കുന്നു. സെക്രട്ടറിയറ്റ് ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്തത് ഏതോ പത്രവാര്‍ത്ത ഷെയര്‍ ചെയ്തതിനാണ്. അധികാരം നഷ്ടപ്പെടുമെന്ന് വന്നപ്പോള്‍ ഫാസിസ്റ്റ് രീതിയാണ് ഉമ്മന്‍ചാണ്ടി പുറത്തെടുക്കുന്നതെന്ന് അര്‍ഥം. അതേസമയം, ആരോപണങ്ങള്‍ ജുഡീഷ്യല്‍ പരിശോധനയ്ക്ക് വിടാന്‍ തയ്യാറല്ലെന്ന പരിഹാസ്യമായ പിടിവാശിയും തുടരുന്നു. അന്തസ്സില്ലായ്മയുടെയും ധിക്കാരത്തിന്റെയും കാപട്യത്തിന്റെയും കൂടാരമായ ഉമ്മന്‍ചാണ്ടിഭരണത്തെ വലിച്ചു പുറത്തേക്കിടുക എന്നത് കേരളീയന്റെ ആത്മാഭിമാനത്തിന്റെ പ്രശ്നമായി മാറുകയാണ്. ആ ജനവികാരത്തെ നേരിടാന്‍ ഫാസിസ്റ്റ് രീതിയൊന്നും പോരെന്ന് ഉമ്മന്‍ചാണ്ടി മനസ്സിലാക്കാനിരിക്കുന്നതേയുള്ളൂ.

*
ദേശാഭിമാനി മുഖപ്രസംഗം