Tuesday, April 1, 2014

നവഉദാരവല്‍ക്കരണ നയങ്ങളും മെലിയുന്ന സിവില്‍ സര്‍വീസും

രണ്ടു ദശകക്കാലമായി കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഇന്ത്യയില്‍ നടപ്പിലാക്കിവരുന്ന നവലിബറല്‍ സാമ്പത്തികനയങ്ങള്‍ സിവില്‍സര്‍വീസിനെ കാര്‍ന്നു തിന്നുകയാണ്. സേവനമേഖലകളും പശ്ചാത്തല വികസനമേഖലകളും സര്‍ക്കാര്‍ കൈയൊഴിഞ്ഞ് പകരം സ്വകാര്യമൂലധനത്തിന് കൈമാറണമെന്നാണ് ഈ നയങ്ങള്‍ അനുശാസിക്കുന്നത്. ഇതിന്റെയടിസ്ഥാനത്തില്‍ ആഗോളവല്‍ക്കരണനയങ്ങളുടെ ഉപാസകരായ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സിവില്‍സര്‍വീസിനെ വെട്ടിച്ചുരുക്കുന്നതിനുള്ള നടപടികളാണ് തുടര്‍ച്ചയായി സ്വീകരിക്കുന്നത്. 2001 ലെ ജനസംഖ്യാ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യന്‍ റെയില്‍വെയടക്കം കേന്ദ്രസര്‍വീസില്‍ 38.76 ലക്ഷം ജീവനക്കാരുണ്ടായിരുന്നത് 2011 ലെ റിപ്പോര്‍ട്ട് പ്രകാരം 31.46 ലക്ഷമായി കുറഞ്ഞു. 7 ലക്ഷത്തിലധികം തസ്തികകള്‍ പത്തുവര്‍ഷക്കാലയളവിനുള്ളില്‍ കേന്ദ്രസര്‍വീസില്‍ മാത്രം ഇല്ലാതായി. ഇതില്‍ 2 ലക്ഷം തസ്തികകള്‍ ഇന്ത്യയിലെ ഏറ്റവും വലിയ പൊതു ഗതാഗതസംവിധാനമായ റെയില്‍വെയിലാണ്.

ജനസംഖ്യാവര്‍ദ്ധനവിനും സാമൂഹ്യവളര്‍ച്ചയ്ക്കും അനുരോധമായി സിവില്‍സര്‍വീസിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനുപകരം, ലക്ഷക്കണക്കിന് തസ്തികകള്‍ ഇല്ലാതാക്കി സിവില്‍സര്‍വീസിനെ വെട്ടിച്ചുരുക്കുന്ന നയം ഗുരുതരമായ സാമൂഹ്യപ്രശ്നങ്ങളാണ് രാജ്യത്ത് സൃഷ്ടിച്ചിട്ടുള്ളത്. സ്വാതന്ത്ര്യാനന്തര ഭാരതം ആറരപതിറ്റാണ്ടുകള്‍ പിന്നിടുമ്പോഴും രാജ്യത്തെ 35% ജനങ്ങള്‍ നിരക്ഷരരാണ്. അഞ്ചുവയസ്സിന് താഴെയുള്ള കുട്ടികളില്‍ പകുതി പേര്‍ക്കും മതിയായ പോഷകാഹാരം ലഭിക്കുന്നില്ല. 40 ശതമാനം സ്ത്രീകളും വിളര്‍ച്ച ബാധിച്ചവരാണ്. 33 ശതമാനം കുടുംബങ്ങള്‍ക്ക് ഇന്ന് ശുദ്ധജലം ലഭ്യമല്ല. 40 ശതമാനം കുടുംബങ്ങള്‍ക്കും സ്വന്തമായി വീടോ, കക്കൂസോ ഇല്ല. 34 ശതമാനം വീടുകളില്‍ വൈദ്യുതി എത്തിയിട്ടില്ല. 70 ശതമാനം ജനങ്ങളുടെയും പ്രതിദിനവരുമാനം 20 രൂപയില്‍ താഴെയാണ്. അതി ദാരുണമായ ഇത്തരം ജീവിതാവസ്ഥയില്‍ നിന്നും ഇവരെ മോചിപ്പിച്ച് മനുഷ്യോചിതമായി ജീവിക്കാനാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയും ഉത്തരവാദിത്വവുമാണ്. സിവില്‍ സര്‍വീസ് പരിമിതപ്പെടുന്നതിന്റെ ഫലമായി സാമൂഹ്യനീതിയും അട്ടിമറിക്കപ്പെടുകയാണ്. സംവരണാടിസ്ഥാനത്തില്‍ ജോലി ലഭിക്കുന്നത് സിവില്‍സര്‍വീസിലും പൊതുമേഖലയിലും മാത്രമാണ്. സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കാവസ്ഥയില്‍ കഴിയുന്ന ജനവിഭാഗങ്ങള്‍ക്ക് സംവരണത്തിന്റെ പിന്‍ബലത്തില്‍ സിവില്‍സര്‍വീസില്‍ ജോലി ലഭിക്കുന്നതിനും സമൂഹത്തിന്റെ മുഖ്യധാരയിലെത്തുന്നതിനുമുള്ള അവസരങ്ങള്‍ സിവില്‍സര്‍വീസിന്റെ തകര്‍ച്ചയോടെ ഇല്ലാതാകുന്നു.

സംവരണത്തിന്റെ പേരില്‍ ബഹളം സൃഷ്ടിക്കുന്നവര്‍ ഈ യാഥാര്‍ത്ഥ്യം തിരിച്ചറിയാന്‍ തയ്യാറാവുന്നില്ല. കേന്ദ്രസര്‍ക്കാരിന്റെ പാത പിന്തുടര്‍ന്ന് യുഡിഎഫ് സര്‍ക്കാര്‍ വിനാശകരമായ നവഉദാരവല്‍ക്കരണ നയങ്ങള്‍ സംസ്ഥാനത്തും അടിച്ചേല്‍പ്പിക്കുകയാണ്. 2001-06 യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലിരുന്ന കാലയളവിലും ഇതേ നയങ്ങള്‍ തന്നെയാണ് നടപ്പിലാക്കാന്‍ ശ്രമിച്ചത്. റവന്യൂവരുമാനത്തിന്റെ സിംഹഭാഗവും ശമ്പളത്തിനും പെന്‍ഷനും വേണ്ടി ചെലവഴിക്കുന്നുവെന്ന പ്രചരണം അഴിച്ചുവിട്ട് പൊതുസമൂഹത്തില്‍ തെറ്റിദ്ധാരണ പരത്താന്‍ ശ്രമിച്ച സര്‍ക്കാര്‍, കര്‍ഷകരെ രക്ഷിക്കുന്നതിനുവേണ്ടി ജീവനക്കാരുടെ ആനുകൂല്യങ്ങളും തസ്തികകളും വെട്ടിക്കുറയ്ക്കുന്നുവെന്ന പ്രചരണമാണ് അഴിച്ചുവിട്ടത്. സര്‍ക്കാരിന്റെ വ്യാജപ്രചരണങ്ങളില്‍ കുടുങ്ങി, സിവില്‍സര്‍വീസിനെതിരെ നിലപാടെടുത്ത നിരവധി വ്യക്തികളും പ്രസ്ഥാനങ്ങളും തങ്ങള്‍ കബളിപ്പിക്കുകയായിരുന്നുവെന്ന യാഥാര്‍ത്ഥ്യം പിന്നീട് തിരിച്ചറിഞ്ഞു. 2002 ല്‍ നടപ്പിലാക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട നയങ്ങള്‍ വീണ്ടും നടപ്പിലാക്കുന്നതിനാണ് യുഡിഎഫ് സര്‍ക്കാര്‍ പരിശ്രമിക്കുന്നത്. സര്‍വീസ് മേഖലയില്‍ വ്യാപകമായ സ്വകാര്യവല്‍ക്കരണമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. എല്‍.ഡി.എഫ് സര്‍ക്കാര്‍ സിവില്‍സര്‍വീസിന്റെ വ്യാപനത്തിലൂടെ കൈവരിച്ച നേട്ടങ്ങളാകെ ഇല്ലാതാക്കുകയാണ്. മലയാളിയെ വിശ്വപൗരനാക്കി മാറ്റിയ കേരളത്തിലെ പൊതുവിദ്യാഭ്യാസമേഖല വാണിജ്യവല്‍ക്കരിക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ തുടര്‍ച്ചയായി നടത്തുന്നത്. ഉന്നതവിദ്യാഭ്യാസമേഖലയില്‍ സ്വയംഭരണകോളേജുകള്‍ക്ക് അനുമതി നല്‍കിയും സര്‍വ്വകലാശാലകളുടെ ജനാധിപത്യസ്വഭാവം തകര്‍ത്തും, വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്വത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങുകയാണ്. സംസ്ഥാനത്തെ പൊതുജനാരോഗ്യമേഖലയും കടുത്ത പ്രതിസന്ധിയിലാണ്. ഡോക്ടര്‍മാരുടേതടക്കമുള്ള ഒഴിവുകള്‍ നികത്താന്‍ തയ്യാറാകാതെ, ദിവസക്കൂലി സമ്പ്രദായം ആരോഗ്യമേഖലയിലും വ്യാപകമാക്കി. മരുന്നു സംഭരണത്തിലെ അഴിമതി ഇല്ലാതാക്കുന്നതിനും ജീവന്‍രക്ഷാ മരുന്നന്നുകളുടെയടക്കം ലഭ്യത സര്‍ക്കാര്‍ ആശുപത്രികളില്‍ ഉറപ്പുവരുത്തുന്നതിനും ലക്ഷ്യമിട്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്റെ പ്രവര്‍ത്തനം അട്ടിമറിച്ചു. ആശുപത്രികളില്‍ ജീവന്‍രക്ഷാമരുന്നുകള്‍ ലഭ്യമല്ലാതായി. ദേശീയതലത്തില്‍ പ്രശംസ പിടിച്ചുപറ്റിയ കേരളത്തിലെ പൊതുവിതരണരംഗം താറുമാറാക്കി. വിലക്കയറ്റം നിയന്ത്രിക്കുന്നതിനും വിപണിയില്‍ ഇടപെടുന്നതിനും എല്‍.ഡി.എഫ് സര്‍ക്കാര്‍ സിവില്‍സപ്ലൈസ് വകുപ്പിന് ബജറ്റ് വിഹിതമായി 150 കോടി അനുവദിച്ചിരുന്നു. ഇത് 65 കോടിയായി വെട്ടിക്കുറച്ചു. അതിരൂക്ഷമായ വിലക്കയറ്റത്തിന്റെ ഫലമായി ജീവിതം പൊറുതിമുട്ടുമ്പോള്‍ ഭക്ഷ്യസബ്സിഡി വെട്ടിച്ചുരുക്കി ജനങ്ങളെ ശിക്ഷിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. സാമൂഹ്യനീതിവകുപ്പിനെ നോക്കുകുത്തിയാക്കി മാറ്റി, സാമൂഹ്യക്ഷേമപദ്ധതികള്‍ ഒന്നൊന്നായി പരിമിതപ്പെടുത്തുകയാണ്. അംഗന്‍വാടികളുടെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിതര സംഘടനകളെ ഏല്‍പ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന്റെ ചുവടുപിടിച്ച് കേരളത്തിലെ ആറ് ജില്ലകളില്‍ പദ്ധതി സ്വകാര്യമേഖലയ്ക്ക് കൈമാറുകയാണ്. ഇതുവഴി പിഞ്ചുപൈതങ്ങളോടുപോലും സര്‍ക്കാര്‍ ക്രൂരത കാട്ടുകയാണ്. അംഗനവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ തുടങ്ങിയ മേഖലകളില്‍ പണിയെടുക്കുന്നവരുടേയും ഭാവി ആശങ്കയിലായിരിക്കുന്നു. ക്ഷേമപദ്ധതികള്‍ കയ്യൊഴിയുന്നതിന്റെ ഭാഗമായി ക്ഷേമപെന്‍ഷനുകള്‍ കൃത്യമായി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ല. എല്‍ഡിഎഫ് ഭരണകാലയളവില്‍ മുന്‍കൂര്‍ നല്‍കിയിരുന്ന ക്ഷേമപെന്‍ഷനുകള്‍ മാസങ്ങളായി കുടിശ്ശികയായിരിക്കുന്നു. അധികാരവികേന്ദ്രീകരണത്തിന്റെ ഉജ്ജ്വലമാതൃകകള്‍ സൃഷ്ടിച്ച കേരളത്തില്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ താളംതെറ്റിയിരിക്കുന്നു. ഭരണഘടനാപരമായി തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്ക് നല്‍കേണ്ട പദ്ധതിവിഹിതം യഥാസമയം അനുവദിക്കാത്തിന്റെ ഫലമായി പദ്ധതി പ്രവര്‍ത്തനങ്ങളാകെ താളംതെറ്റി. സാമ്പത്തിക വര്‍ഷം അവസാനിക്കാറാകുമ്പോഴും പദ്ധതിയുടെ മൂന്നിലൊന്നുപോലും പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത സാഹചര്യമാണ് സംസ്ഥാനത്തുണ്ടായിരിക്കുന്നത്. ജനന-മരണ രജിസ്ട്രേഷന്‍ സ്വകാര്യവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം, കൊച്ചി നഗരസഭകളില്‍ ഈ ചുമതല ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസിനെ ഏല്‍പ്പിച്ചു. എല്‍ഡിഎഫ് ഭരണകാലയളവില്‍ ക്രമസമാധാനപാലനത്തില്‍ പ്രഥമസ്ഥാനം കേരളം നേടിയിരുന്നു. എന്നാല്‍ കേരളത്തില്‍ കുറ്റകൃത്യങ്ങളും വനിതകള്‍ക്കെതിരെയുള്ള അതിക്രമങ്ങളും സാമ്പത്തിക തട്ടിപ്പുകളും ഗണ്യമായി വര്‍ദ്ധിച്ചതായി നാഷണല്‍ ക്രൈം റിക്കാര്‍ഡ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. സാമ്പത്തിക തട്ടിപ്പുകാര്‍ക്ക് ഭരണനേതൃത്വം തന്നെ സംരക്ഷണമൊരുക്കുകയും പോലീസ് സംവിധാനത്തെ നിര്‍ജീവമാക്കുകയും ചെയ്തു. രാഷ്ട്രീയ എതിരാളികളെ തേജോവധം ചെയ്യുന്നതിനും സര്‍ക്കാരിന്റെ അഴിമതിക്കും വികലനയങ്ങള്‍ക്കുമെതിരായ പോരാട്ടങ്ങളെ തകര്‍ക്കുന്നതിനും പോലീസിനെ ആയുധമാക്കിയ സര്‍ക്കാര്‍ പോലീസ് സംവിധാനത്തെ പൂര്‍ണ്ണമായും രാഷ്ട്രീയവല്‍ക്കരിച്ചു. ഇതേപോലെ സിവില്‍സര്‍വീസിനെയും രാഷ്ട്രീയവല്‍ക്കരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സാമൂഹ്യസുരക്ഷാ ഉത്തരവാദിത്വങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങുന്ന നയത്തിന്റെ ഭാഗമായി കേരളത്തിലും പങ്കാളിത്ത പെന്‍ഷന്‍ അടിച്ചേല്‍പ്പിച്ചു. ഖജനാവിലെ പണവും ജീവനക്കാരുടെ സമ്പാദ്യവും കോര്‍പ്പറേറ്റുകളുടെ കൈകളിലെത്തിക്കാന്‍ ലക്ഷ്യമിട്ടുള്ള പങ്കാളിത്ത പെന്‍ഷന്‍പദ്ധതി കേരളത്തില്‍ നടപ്പാക്കുകയില്ലെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ അസന്നിഗ്ധമായി പ്രഖ്യാപിച്ചിരുന്നു. 2013 ഏപ്രില്‍ 1 ന് ശേഷം സര്‍വീസില്‍ പ്രവേശിച്ച ജീവനക്കാര്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ ബാധകമാക്കിയ യുഡിഎഫ് സര്‍ക്കാര്‍ എല്ലാ ജീവനക്കാരേയും പദ്ധതിയില്‍ അകപ്പെടുത്തുന്നതിനുള്ള പരിശ്രമത്തിലാണ്. ഒന്നാം യുപിഎ ഭരണത്തില്‍ ഇടതുപക്ഷ സമ്മര്‍ദ്ദം മൂലം പാസ്സാക്കാന്‍ കഴിയാതിരുന്ന പിഎഫ്ആര്‍ഡിഎ ബില്‍ രണ്ടാം യുപിഎ സര്‍ക്കാര്‍ ബിജെപി യുടെ കൂടി പിന്തുണയോടെ നിയമമാക്കി. പാര്‍ലമെന്റില്‍ ഇടതുപക്ഷത്തിന്റെ അംഗബലം പരിമിതപ്പെട്ടതിന്റെ ഫലമായി ജീവനക്കാരുടെ പെന്‍ഷന്‍ സുരക്ഷയാണ് ഇല്ലാതായത്. പെന്‍ഷന്‍ സുരക്ഷ ഇല്ലാതായതോടെ സിവില്‍സര്‍വീസ് അനാകര്‍ഷകമായി മാറുകയാണ്. മികവും പ്രാഗത്ഭ്യവുമുള്ളവര്‍ ഈ മേഖല കയ്യൊഴിയുന്നത് സിവില്‍സര്‍വീസിന്റെ കാര്യക്ഷമതയെയും പ്രതികൂലമായി ബാധിക്കും.

സിവില്‍സര്‍വീസിനെ ദുര്‍ബലപ്പെടുത്താനുള്ള നീക്കത്തിന്റെ കൂടി ഭാഗമാണ് പെന്‍ഷനടക്കമുള്ള ആനുകൂല്യങ്ങള്‍ അനിശ്ചിതത്വത്തിലാക്കുന്ന നടപടി. എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ ജനപക്ഷ ബദല്‍നയങ്ങള്‍ സിവില്‍സര്‍വീസിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നതിനും വികസനപ്രവര്‍ത്തനങ്ങളും ക്ഷേമപ്രവര്‍ത്തനങ്ങളും വ്യാപകമാക്കുന്നതിനും ഇടയാക്കി. ലോകസാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലും സംസ്ഥാനത്തെ പ്രതിസന്ധിയിലേക്ക് തള്ളിവിടാതെ സംരക്ഷിക്കുന്നതിന് എല്‍.ഡി.എഫ് സര്‍ക്കാരിന് കഴിഞ്ഞു. കാര്‍ഷിക-വ്യാവസായിക മേഖലയിലടക്കം പുത്തനുണര്‍വ്വ് സൃഷ്ടിച്ച നിരവധി പദ്ധതികള്‍ക്ക് രൂപം നല്‍കുകയും യഥേഷ്ടം പണമനുവദിക്കുകയും ചെയ്തിരുന്നു. യുഡിഎഫ് ഭരണകാലത്ത് ഏര്‍പ്പെടുത്തിയ നിയമനനിരോധനം പിന്‍വലിച്ചു. മുപ്പതിനായിരത്തിലേറെ പുതിയ തസ്തികകള്‍ സൃഷ്ടിച്ചു. മികച്ച ധനകാര്യമാനേജ്മെന്റിലൂടെ സംസ്ഥാനത്ത് സാമ്പത്തികപ്രയാസങ്ങള്‍ പരിഹരിക്കുന്നതിന് കഴിഞ്ഞു. അഞ്ചുവര്‍ഷക്കാലയളവില്‍ ഒരിക്കല്‍ പോലും ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തുകയോ സംസ്ഥാനം ഓവര്‍ഡ്രാഫ്റ്റിലാവുകയോ ചെയ്തിരുന്നില്ല. ഭരണകാലയളവില്‍ പുതിയ നികുതികളൊന്നും തന്നെ ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കാതെ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമൊഴിയുമ്പോള്‍ 3000 കോടിയിലേറെ രൂപ ട്രഷറി മിച്ചമുണ്ടായിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ സൃഷ്ടിച്ച മികച്ച സാമ്പത്തിക അടിത്തറയില്‍ ഭരണമാരംഭിച്ച യുഡിഎഫ് സര്‍ക്കാര്‍ ചുരുങ്ങിയകാലത്തിനുള്ളില്‍ തന്നെ സംസ്ഥാനത്തെ കടക്കെണിയിലാക്കി. സംസ്ഥാനത്തിന്റെ നികുതിവരുമാനം കുത്തനെ ഇടിഞ്ഞു. 2010-11 ല്‍ നികുതി വരുമാനം 23% വര്‍ദ്ധിച്ചെങ്കില്‍ 2012-13 ല്‍ അത് 9 ശതമാനമായി കുറഞ്ഞു.

രണ്ട് ബജറ്റുകളിലായി രണ്ടായിരത്തി അഞ്ഞൂറ് കോടിയിലധികം നികുതി ജനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിച്ചതിന് ശേഷവും നികുതിവരുമാനത്തില്‍ വര്‍ദ്ധനവുണ്ടാകാത്തത് ദുരൂഹമാണ്. കാര്യക്ഷമമായി നികുതിപിരിവിലേര്‍പ്പെട്ട ജീവനക്കാരെ സ്ഥലംമാറ്റി ദ്രോഹിച്ചും നികുതി കുടിശ്ശികയ്ക്ക് വ്യാപകമായി സ്റ്റേ നല്‍കിയും നികുതി സമാഹരണം തടസ്സപ്പെടുത്തിയ യുഡിഎഫ് സര്‍ക്കാരാണ് പ്രതിസന്ധി ക്ഷണിച്ചുവരുത്തിയത്. നികുതി കുടിശ്ശികയ്ക്ക് സ്റ്റേ നല്‍കുന്നതിന് പിന്നില്‍ വമ്പിച്ച അഴിമതിയുള്ളതായും ആക്ഷേപം ഉയര്‍ന്നിരിക്കുന്നു. അഴിമതിരഹിത വാളയാര്‍ പദ്ധതിയടക്കം നികുതി പിരിവ് ഊര്‍ജ്ജിതപ്പെടുത്തുന്നതിന് എല്‍ഡിഎഫ് സര്‍ക്കാര്‍ കൈക്കൊണ്ട എല്ലാ നടപടികളേയും അട്ടിമറിച്ചതിലൂടെ സൃഷ്ടിച്ച സാമ്പത്തികപ്രതിസന്ധി ജനങ്ങളുടെ തലയില്‍ കെട്ടിവെച്ച്, കരകയറാനുള്ള ശ്രമമാണ് യുഡിഎഫ് സര്‍ക്കാര്‍ നടത്തുന്നത്.

*
എ. ശ്രീകുമാര്‍ chintha weekly

അശാന്തമായ തീരദേശ ഗ്രാമങ്ങള്‍

കേന്ദ്രസര്‍ക്കാരിന്റെ പുതിയ തീരദേശ നിയന്ത്രണനിയമം (2011) കേരളത്തിന്റെ തീരദേശത്ത് വലിയ അരക്ഷിതാവസ്ഥയാണ് സൃഷ്ടിച്ചിട്ടുള്ളത്. ഈ വിഷയത്തെ മുന്‍നിറുത്തി തീരദേശത്ത് ലത്തീന്‍ കത്തോലിക്കാ സഭയടക്കം വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ വലിയ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. എന്നാല്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണ്. ഈ നിയമം 1991 ലെ തീരദേശനിയന്ത്രണ നിയമത്തിന്റെ തുടര്‍ച്ചയായി വന്നിട്ടുള്ളതും 1986 ലെ പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെ 3-ാം വകുപ്പനു സരിച്ച് കൊണ്ടുവന്നിട്ടുള്ളതുമാണ്. അതീവലോലമായ തീരപരിസ്ഥിതി സംരക്ഷിക്കുക, ജലമലിനീകരണവും നിര്‍മ്മാണപ്രവര്‍ത്തനങ്ങളും നിയന്ത്രിച്ച് അതിന്റെ സ്വാഭാവികത നിലനിര്‍ത്തുക, മത്സ്യത്തൊഴിലാളികളുടെ ഉപജീവനസുരക്ഷ ഉറപ്പുവരുത്തുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഈ നിയമം കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നിട്ടുള്ളത്. ഈ നിയമത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെ സര്‍വ്വാത്മനാ അംഗീകരിക്കുമ്പോള്‍ തന്നെ ആദിവാസികളെപ്പോലെ ആവാസ വ്യവസ്ഥയിലെ ആളുകള്‍ എന്ന നിലയില്‍ മത്സ്യത്തൊഴിലാളികള്‍ കടലിന്റെ അവകാശികള്‍ ആണെന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കുന്നതിനും അവരുടെ പരമ്പരാഗതമായ അവകാശങ്ങള്‍ കണക്കിലെടുക്കുന്നതിനും ഈ നിയമം തയ്യാറാവുന്നില്ല എന്ന യാഥാര്‍ത്ഥ്യം ചൂണ്ടിക്കാണിക്കേണ്ടതുണ്ട്.

മത്സ്യത്തൊഴിലാളികളുടെ തൊഴില്‍ സുരക്ഷയും ഉപജീവനസുരക്ഷയും ഉറപ്പുവരുത്തുന്നതിനും തൊഴിലുമായി ബന്ധപ്പെട്ട് കടപ്പുറത്ത് ഒരു കൂരവെച്ച് അന്തിയുറങ്ങുന്നതിനുള്ള അവകാശം അംഗീകരിച്ചു കൊടുക്കുന്നതിനും പുതിയ തീരദേശനിയന്ത്രണ നിയമം തയ്യാറാകുന്നില്ല. ഇന്ത്യയില്‍ ആഗോളവല്‍ക്കരണ നടപടികള്‍ക്ക് തുടക്കംകുറിച്ച 1991 ല്‍ തന്നെയായിരുന്നു കേന്ദ്ര സര്‍ക്കാര്‍ പഴയ തീരദേശനിയന്ത്രണനിയമത്തിന് രൂപം നല്‍കിയത്. മുന്‍കാലങ്ങളില്‍ ഈ മേഖലയില്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച വിവിധ വിദഗ്ധ സമിതികളുടെ റിപ്പോര്‍ട്ടുകള്‍, കോടതി ഉത്തരവുകള്‍, നവലിബറല്‍ നയങ്ങള്‍ എന്നിവയുടെ വെളിച്ചത്തില്‍ പല ഘട്ടങ്ങളിലായി 1991 ലെ തീരദേശനിയന്ത്രണ നിയമത്തില്‍ 25 ഭേദഗതികള്‍ കൊണ്ടുവരികയുണ്ടായി. ഈ സാഹചര്യത്തില്‍ തീരദേശ നിയന്ത്രണ നിയമം (1991) ഫലപ്രദമായി നടപ്പാക്കുന്നതിന് പ്രായോഗികതലത്തില്‍ അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് പഠനം നടത്തുന്നതിന് കേന്ദ്രസര്‍ക്കാര്‍ 2004 ല്‍ പ്രസിദ്ധകാര്‍ഷിക ശാസ്ത്രജ്ഞനായ പ്രൊഫ. എം.എസ്.സ്വാമിനാഥന്‍ അദ്ധ്യക്ഷനായി ഒരു വിദഗ്ധ സമിതിയെ നിയോഗിക്കുകയുണ്ടായി.

നമ്മുടെ സമ്പദ്ഘടനയുടെ വളര്‍ച്ചയില്‍ തീരപരിസ്ഥിതിയുടെ നിര്‍ണ്ണായകമായ പാരിസ്ഥിതിക പ്രാധാന്യം ഉള്‍ക്കൊണ്ട് യാഥാര്‍ത്ഥ്യ ബോധത്തോടുകൂടിയ സമഗ്രമായ ഒരു റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരില്‍ സമര്‍പ്പിക്കുന്നതിന് പ്രൊഫ. എം.എസ്.സ്വാമിനാഥന്‍ കമ്മിറ്റിക്ക് കഴിഞ്ഞു. എന്നാല്‍ അതിന്റെ അടിസ്ഥാനത്തില്‍ വിജ്ഞാപനം ചെയ്യപ്പെട്ട തീരദേശപരിപാലന വിജ്ഞാപനം (ഇങദ 2008) റിപ്പോര്‍ ട്ടിന്റെ അന്ത:സത്തയില്‍ നിന്നെല്ലാം വ്യതിചലിച്ച് കോര്‍പ്പറേറ്റ് അജണ്ടകള്‍ തീരദേശ മേഖലയില്‍ നടപ്പാക്കുന്നതിന് പരിരക്ഷ നല്‍കുന്ന വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്നതായിരുന്നു. ഇതിനെതിരെ മത്സ്യത്തൊഴിലാളി ട്രേഡ് യൂണിയനുകളും വി.എസ്.അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാരും ശക്തമായ പ്രതിഷേധവുമായി രംഗത്തുവരികയും സി.എം.ഇസഡ് (2008) വിജ്ഞാപനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അതിനെത്തുടര്‍ന്ന് പുതിയ വിജ്ഞാപനം കാലഹരണപ്പെടാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുകയും ചെയ്തു.

പുതിയ വിജ്ഞാപനത്തിനെതിരെ ഉയര്‍ന്നു വന്ന പരാതികളും അഭിപ്രായങ്ങളും പ്രൊഫ. എം.എസ്.സ്വാമിനാഥന്‍ അദ്ധ്യക്ഷനായി രൂപീകരിച്ച വിദഗ്ധ സമിതി പരിശോധിക്കുകയും മത്സ്യത്തൊഴിലാളി പ്രതിനിധികള്‍ അടക്കമുള്ളവരുമായി കൂടിയാലോചന നടത്തിയശേഷം പഴയ തീരദേശ നിയന്ത്രണ നിയമത്തില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തി പുതിയ തീരദേശനിയന്ത്രണ വിജ്ഞാപനം (2011) പുറപ്പെടുവിക്കുകയാണ് ചെയ്തത്. പുതിയ തീരദേശ നിയമം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങള്‍, പ്രത്യേകിച്ചും പാര്‍പ്പിട നിര്‍മ്മാണത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് അനുഭവപ്പെടുന്ന പ്രയാസങ്ങള്‍ അന്നത്തെ എല്‍.ഡി.എഫ് സര്‍ക്കാര്‍ കേന്ദ്രഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നു. കടലോരത്ത് വീട് വെച്ചു താമസിക്കുന്നത് മത്സ്യത്തൊഴിലാളികളെ സംബന്ധിച്ചിടത്തോളം മീന്‍പിടുത്തവുമായി ബന്ധപ്പെട്ട ഒരാവശ്യമാണ്.

തീരദേശത്ത് ഏറെ സ്ഥലമുണ്ടെങ്കിലും മത്സ്യത്തൊഴിലാളികള്‍ക്ക് വീട് വെയ്ക്കാന്‍ മാത്രം ഒരിടമില്ല എന്നത് യാഥാര്‍ത്ഥ്യമാണ്. കടപ്പുറത്ത് പരസ്പരം തൊട്ടുരുമ്മി നില്‍ക്കുന്ന ചെറ്റപ്പുരകളിലാണ് അവരുടെ താമസം. വിഴിഞ്ഞത്തെയും പൂവാറിലെയും മത്സ്യത്തൊഴിലാളി കോളനികള്‍ സന്ദര്‍ശിക്കുന്ന ആര്‍ക്കും ഈ യാഥാര്‍ത്ഥ്യം ബോധ്യമാകും. എന്നാല്‍ താമസയോഗ്യമായ വീടുകള്‍ നിര്‍മ്മിക്കാന്‍ സന്നദ്ധരായി മുന്നോട്ടു വരുന്നവര്‍ക്ക് പുതിയ നിയമത്തിന്റെ കാര്‍ക്കശ്യം പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കുന്നു. തീരദേശനിയന്ത്രണ നിയമത്തിന്റെ പരിധിയില്‍പ്പെടുന്ന 300 ച.കി.മീ തീരദേശത്ത് പകുതിയിലേറെ പ്രദേശങ്ങ ളിലും പുതിയ വീട് നിര്‍മ്മാണത്തിന് നിയമം അനുവദിക്കുന്നില്ല. ഇതിന്റെ ഫലമായി സാമൂഹ്യമായും സാമ്പത്തി കമായും പ്രാന്തവല്‍ക്കരിക്കപ്പെട്ട മത്സ്യത്തൊഴിലാളികള്‍ അന്യവല്‍ക്കരണത്തിലേക്കും പുറം തള്ളലിലേക്കും നയിക്കപ്പെടുന്നു. അതുകൊണ്ടുതന്നെ പുതിയ തീരദേശനിയന്ത്രണ നിയമം മത്സ്യത്തൊഴിലാളി സൗഹൃദമല്ല എന്നു തന്നെ പറയേണ്ടിവരുന്നു.

പുതിയ തീരദേശനിയന്ത്രണ നിയമമനുസരിച്ച് വേലിയേറ്റ രേഖയില്‍ നിന്ന് 500 മീറ്റര്‍ വരെയുള്ള കര പ്രദേശം നിയന്ത്രണമേഖലയില്‍പ്പെടുന്നു. കൂടാതെ വേലിയിറക്കരേഖയില്‍ നിന്ന് 22 കി.മീ വരെയുള്ള ടെറിട്ടോറിയല്‍ കടല്‍പ്രദേശവും (കടലിന്റെ അടിത്തട്ട് അടക്കം) ഈ മേഖലയിലാണ്. കടലിനോട് ബന്ധപ്പെട്ടു കിടക്കുന്നതും വേലിയേറ്റ വേലിയിറക്ക സ്വാധീനമുള്ളതും അഞ്ചു പി.പി.ടി വരെ ഉപ്പുരസമുള്ളതുമായ ഓരുജലപ്രദേശങ്ങളും, അവയോട് ചേര്‍ന്നുള്ള ആപല്‍ സാധ്യതാ രേഖക്കും വേലിയേറ്റ രേഖയില്‍ നിന്ന് 100 മീറ്റര്‍ വരെയുള്ള കരപ്രദേശത്തിനും ഇടയിലുള്ള പ്രദേശവും, തീരദേശനിയന്ത്രണ മേഖലയില്‍പ്പെടുന്നു. കായല്‍ ദ്വീപുകളുടെ തീരത്തുനിന്ന് വേലിയേറ്റ രേഖയില്‍ നിന്ന് 50 മീറ്റര്‍ വരെയുള്ള കരപ്രദേശം പ്രത്യേക പരിഗണന അര്‍ഹിക്കുന്ന പ്രദേശമായി ഉള്‍പ്പെടുത്തിയിരിക്കുന്നു. തീരദേശ നിയന്ത്രണ മേഖലയെ താഴെപ്പറയുന്ന പ്രകാരം അഞ്ച് വിഭാഗങ്ങളുമായി തരംതിരിച്ചിരിക്കുന്നു. ഇഞദ കപരിസ്ഥിതി ലോലമായ പ്രദേശങ്ങള്‍, ഇഞദ കക മുനിസിപ്പല്‍/പട്ടണപ്രദേശങ്ങള്‍, ഇഞദ കകക ഗ്രാമപ്രദേശങ്ങള്‍, ഇഞദ കഢ ജലപ്രദേശങ്ങള്‍ (തീരക്കടല്‍, ഓരുജലാശയങ്ങള്‍, കായല്‍ പ്രദേശങ്ങള്‍, നദീമുഖങ്ങള്‍), ഇഞദ ഢ പ്രത്യേക പരിഗണനാ പ്രദേശങ്ങളായ കായലുകളും കായല്‍ ദ്വീപുകളും പാരിസ്ഥിതികമായി ദുര്‍ബലവും തീരദേശമേഖലയുടെ പാരിസ്ഥിതിക സുസ്ഥിരതയെ നിലനിറുത്തുന്നതിന് നിര്‍ണ്ണായക പങ്കുവഹിക്കുന്നതുമായ പ്രദേശങ്ങള്‍ ഇഞദ ക ല്‍ ഉള്‍പ്പെടുന്നു. കണ്ടല്‍ പ്രദേശങ്ങള്‍, പവിഴപ്പുറ്റുകള്‍, മണല്‍കൂനകള്‍, ചേറുപരപ്പുകള്‍, ദേശീയ പാര്‍ക്കുകള്‍, വന്യജീവി സങ്കേതങ്ങള്‍, ഉപ്പുപാടങ്ങള്‍ തുടങ്ങിയവയുടെ സംരക്ഷണം ലക്ഷ്യമാക്കിയാണ് പുതിയ നിയമത്തില്‍ ഈ മേഖലയ്ക്ക് രൂപകല്‍പ്പന നല്‍കിയിട്ടുള്ളത്.

ഇവിടെ ഭൂമിയുടെ നിയോഗത്തിന് ശക്തമായ നിയന്ത്രണങ്ങളുണ്ട്. പുതിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കുന്നില്ല. ഈ പ്രദേശത്ത് മത്സ്യത്തൊഴിലാളികളുടെ നിലവിലുള്ള വീടുകളുടെ അറ്റകുറ്റപ്പണിയോ പുനരുദ്ധാരണമോ അനുവദനീയമാണോ എന്ന് നിയമത്തില്‍ വ്യക്തതയില്ല. പാര്‍പ്പിടങ്ങളുടെ പുനര്‍ നിര്‍മ്മാണത്തിന് തീരദേശ പരിപാലന അതോറിറ്റിയുടെ അനുമതി വേണ്ടി വന്നേക്കാം. കടലാക്രമണവും തീരശോഷണവും പ്രതിരോധിക്കുന്നതിനും മത്സ്യ സമ്പത്ത് സംരക്ഷിക്കുന്നതിനും കായല്‍ മേഖലയില്‍ ശോഷണം നേരിടുന്ന കണ്ടല്‍ക്കാടുകളുടെ സംരക്ഷണവും പുനരുജ്ജീവനവും അതീവ പ്രാധാന്യമുള്ളതു തന്നെയാണ്. ആ നിലയില്‍ പുതിയ നിയമത്തിലെ പരിസ്ഥിതിലോലമേഖല പാരിസ്ഥിതിക സുസ്ഥിരത നിലനിര്‍ത്തുന്നതിന് ഗുണകരമാകും. ആ നിലയില്‍ അത് സ്വാഗതം ചെയ്യപ്പെടേണ്ടതാണ്.

മുനിസിപ്പല്‍/പട്ടണപ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന ഇഞദ കക വികസന മേഖല എന്ന നിലയിലാണ് പുതിയ നിയമത്തില്‍ സൂചിപ്പിച്ചിട്ടുള്ളത്. ഈ മേഖലയില്‍ നിലവിലുള്ള റോഡുകളുടെ അല്ലെങ്കില്‍ നിയമാനുസൃതമായ കെട്ടിടങ്ങള്‍ക്കോ, നിര്‍മ്മാണങ്ങള്‍ക്കോ കിഴക്കു ഭാഗത്തായി (കരയോട് ചേര്‍ന്നുള്ള) നിലവിലുള്ള നിയമങ്ങള്‍ക്ക് വിധേയമായി പുതിയ വീടുകളുടെ നിര്‍മ്മാണം അനുവദനീയമാണ്. അംഗീകൃതമായ പഴയ വീടുകളുടെ അറ്റകുറ്റപ്പണിയും അനുവദിക്കും. എന്നാല്‍ തറവിസ്തീര്‍ണ്ണത്തില്‍ മാറ്റം പാടില്ല. റോഡിന്റെ പടിഞ്ഞാറു ഭാഗത്ത് (കടല്‍ ഭാഗത്ത്) പാര്‍പ്പിട നിര്‍മ്മാണം അനുവദനീയമല്ല. മത്സ്യത്തൊഴിലാളികള്‍ സ്വന്തം കൈവശ ഭൂമിയില്‍ നിര്‍മ്മിച്ചതും എന്നാല്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ നമ്പറിട്ട് നല്‍കാത്തതുമായ വീടുകള്‍ ഈ മേഖലയില്‍ നിയമാനുസൃതമല്ലാതാവുന്നു. അത്തരം വീടുകള്‍ക്കെതിരെ സര്‍ക്കാരിന് ഏതു സമയത്തു വേണമെങ്കിലും നിയമ നടപടികള്‍ സ്വീകരിക്കാന്‍ കഴിയും. ഡെമോക്ലിസിന്റെ വാളുപോലെ മത്സ്യത്തൊഴിലാളികളുടെ തലയ്ക്ക്മേല്‍ തൂങ്ങി നില്‍ക്കുന്ന ഈ ഭീഷണി അവരുടെ സൈ്വര ജീവിതം കെടുത്തുകയും മത്സ്യത്തൊഴിലാളി ഗ്രാമങ്ങളില്‍ അശാന്തി പടര്‍ത്തുകയും ചെയ്യുന്നു.

എന്നാല്‍ ഈ മേഖലയില്‍ റോഡിന്റെ കിഴക്കുഭാഗത്ത് 20,000 ച.മീ വിസ്തീര്‍ണ്ണമുള്ള വന്‍കിട ഫ്ളാറ്റുകളും ഭവന സമുച്ചയങ്ങളും അനുവദനീയമാണ്. ഗ്രാമപ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന ഇഞദ കകക മേഖലയില്‍ പാര്‍പ്പിട നിര്‍മ്മാണമുള്‍പ്പെടെയുള്ള ഭൂമി വിനിയോഗം ഉദാരമായ വ്യവസ്ഥയില്‍ അനുവദിക്കുന്നുവെന്ന പ്രതീതി ജനിപ്പിക്കുമെങ്കിലും സുക്ഷ്മമായ പരിശോധനയില്‍ മത്സ്യത്തൊഴിലാളികള്‍ക്കു മാത്രമായി പുതിയ നിയമത്തില്‍ യാതൊരു ഇളവുകളും അനുവദിക്കുന്നില്ല എന്നത് പകല്‍പോലെ വ്യക്തമാണ്. അതുകൊണ്ടുതന്നെ തീരദേശമേഖലയില്‍ പുറമെ നിന്നുള്ളവരുടെ തള്ളിക്കയറ്റമുണ്ടാകുന്നതിനും കടലിന്റെ മക്കള്‍ കടപ്പുറത്തു നിന്നുതന്നെ പുറന്തള്ളപ്പെട്ടു പോകുന്നതിനുമുള്ള സാഹചര്യം നിലനില്‍ക്കുന്നു. മൂലധനശക്തികളും ടൂറിസ്റ്റ് ലോബികളും മത്സ്യത്തൊഴിലാളികളുടെ കഷ്ടപ്പാടും, ദാരിദ്ര്യവും മുതലെടുത്ത് മോഹവിലകൊടുത്ത് അവരുടെ തുണ്ടുഭൂമികള്‍ കൈവശപ്പെടുത്തുകയും കടല്‍ത്തീരം മുഴുവന്‍ കയ്യടക്കുകയും ചെയ്യുന്ന അവസ്ഥ സംജാതമാകും. അത്തരമൊരു സ്ഥിതിവിശേഷത്തെ വളരെ ആശങ്കയോടെയല്ലാതെ പൊതുസമൂഹത്തിന് നോക്കിക്കാണാനാകില്ല.

മത്സ്യത്തൊഴിലാളികളെ കടപ്പുറത്തു നിന്ന് ആട്ടിപ്പായിച്ച് അവിടെ റിസോര്‍ട്ടുകളും സുഖവാസ കേന്ദ്രങ്ങളും പണിതുയര്‍ത്തി കായലിന്റെയും കടപ്പുറത്തിന്റെയും ദൃശ്യഭംഗി ഉപയോഗപ്പെടുത്തി കടല്‍ത്തീരത്ത് ടൂറിസം വികസിപ്പിക്കുന്നതിനും കൊള്ളലാഭമുണ്ടാക്കുന്നതിനും ആണ് പുതിയ നിയമത്തിന്റെ പുറകില്‍ വേദിയൊരുങ്ങുന്നത്. കടലിന്റെ വേലിയേറ്റ രേഖയില്‍ നിന്ന് 200 മീറ്റര്‍ കിഴക്കോട്ടുള്ള പ്രദേശം വികസന രഹിത മേഖലയാണ്. ഈ മേഖലയില്‍ ഭൂവിനിയോഗം കര്‍ശനമായി നിയന്ത്രിച്ചിരിക്കുന്നു. പുതിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കുന്നില്ല. അതുപോലെ കായലിന്റെ വേലിയേറ്റ - വേലിയിറക്ക സ്വാധീനമുള്ള മേഖലയില്‍ നിന്ന് 100 മീറ്റര്‍ വരെയുള്ള കരപ്രദേശവും വികസന രഹിത മേഖലയാണ്. ഈ മേഖലയില്‍ പുതിയ പാര്‍പ്പിടങ്ങള്‍ അനുവദനീയമല്ല. എന്നാല്‍ നിലവിലുള്ള വീടുകളുടെ പുനര്‍ നിര്‍മാണം നിയന്ത്രണങ്ങള്‍ക്കു വിധേയമായി അനുവദിക്കുന്നുണ്ട്. പുരയിടത്തിന്റെ തറ വിസ്തീര്‍ണം കൂട്ടാന്‍ അനുവാദമില്ല. ഈ മേഖലയിലെ കുടുംബങ്ങളില്‍ ഭൂരിപക്ഷവും സ്വന്തം കൈവശ ഭൂമിയില്‍ പഞ്ചായത്തിന്റെ നമ്പര്‍ ലഭിക്കാതെ തന്നെ വീടുവെച്ച് താമസിക്കു ന്നവരാണ്. പുതിയ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം ഈ വീടുകളെല്ലാം നിയമ വിരുദ്ധമാകും. പൊളിച്ചുനീക്കല്‍ ഭീഷണി നേരിടുകയും ചെയ്യും. വേലിയേറ്റ രേഖയില്‍ നിന്ന് 100 മുതല്‍ 200 മീറ്റര്‍ വരെയുള്ള കരപ്രദേശത്ത് പുതിയ വീടുകള്‍ അനുവദനീയമാണ്. എന്നാല്‍ അതിന് കേന്ദ്രസര്‍ക്കാരിന്റെ അനുവാദം വാങ്ങണമെന്ന നിര്‍ദ്ദേശം നടപടിക്രമ ങ്ങളുടെ നൂലാമാലകളില്‍ കുരുക്കിയിട്ട് ഫലത്തില്‍ വീടു നിര്‍മ്മിക്കുന്നതിനുള്ള അനുമതി നിഷേധിക്കുന്നതിലാണ് കലാശിക്കുക. വികസന രഹിത മേഖലയില്‍ മത്സ്യത്തൊഴിലാളികളുടെ പാര്‍പ്പിട നിര്‍മ്മാണത്തിന് പ്രത്യേക അനുമതി നല്‍കണമെന്ന മുന്‍ എല്‍ ഡി എഫ് സര്‍ക്കാരിന്റെയും മത്സ്യത്തൊഴിലാളി ട്രേഡ് യൂണിയനുകളു ടെയും അഭ്യര്‍ത്ഥന ചെവികൊള്ളുന്നതിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ല. എന്നാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ആവശ്യമായ മീനുണക്കല്‍ കളങ്ങള്‍ ലേല കേന്ദ്രങ്ങള്‍, വല നന്നാക്കല്‍ കളങ്ങള്‍, പരമ്പരാഗത രീതിയിലുള്ള ബോട്ടുനിര്‍മ്മാണം, ഐസ് പൊടിക്കല്‍, പരമ്പരാഗത മത്സ്യസംസ്കരണ കേന്ദ്രങ്ങള്‍ എന്നിവ ഈ മേഖലയില്‍ അനുവദനീയമാണ് എന്നത് ആശ്വാസകരം തന്നെയാണ്.

ഈ മേഖലയിലെ 200 മുതല്‍ 500 മീറ്റര്‍ വരെയുള്ള പ്രദേശത്ത് നിലവിലുള്ള നിയമങ്ങള്‍ക്ക് വിധേയമായി പുതിയ വീടുകളുടെ നിര്‍മ്മാണവും നിയമ വിധേയമായ പഴയ വീടുകളുടെ അറ്റകുറ്റപ്പണികളും നിയന്ത്രണങ്ങള്‍ക്ക് വിധേയമായി അനുവദിക്കുന്നുണ്ട്. പരമാവധി നിര്‍മ്മിക്കാന്‍ കഴിയുന്നത് ഇരുനില കെട്ടിടമാണ്. കെട്ടിടത്തിന്റെ ഉയരം ഒമ്പത് മീറ്ററില്‍ കൂടാന്‍ പാടില്ല. മൊത്തം വീടുകളുടെ എണ്ണം നിലവിലുള്ളതിന്റെ ഇരട്ടിയാവാന്‍ പാടില്ല. ഇഞദ കഢ ല്‍ വരുന്ന ജലമേഖലയില്‍ വിവിധ രീതിയിലുള്ള തീരക്കടല്‍ മലിനീകരണം നിയന്ത്രണവിധേയമാക്കുന്നതിന് ഉതകുന്ന വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മാലിന്യസംസ്കരണത്തിന് ഒരുസമഗ്രമായ പദ്ധതി രണ്ടുവര്‍ഷത്തിനകം നടപ്പാക്കണമെന്നും നിയമത്തില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ അധികാര പരിധിയിലുള്ള ടെറിട്ടോറിയല്‍ കടല്‍ മേഖലയില്‍ മത്സ്യത്തൊഴിലാളികളുടെ മീന്‍പിടിത്തത്തിനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും നിയമപരമായ തടസ്സങ്ങളൊന്നും നിലനില്‍ക്കുന്നില്ല എന്നത് ആശ്വാസകരം തന്നെയാണ്.

കായല്‍ ദ്വീപുകളില്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന മേഖലകള്‍ എന്ന നിലയില്‍ വേലിയേറ്റ രേഖയില്‍ നിന്ന് കരയിലേക്ക് 50 മീറ്റര്‍ വരെയുള്ള പ്രദേശങ്ങള്‍ തീരദേശനിയന്ത്രണമേഖലയില്‍ ഉള്‍പ്പെടുന്നു. 50 മീറ്ററിനകത്ത് വരുന്ന പാര്‍പ്പിടങ്ങള്‍ പുതുക്കുകയോ പുനര്‍ നിര്‍മ്മിക്കുകയോ ചെയ്യാവുന്നതാണ്. പുതിയ വീടുകളുടെ നിര്‍മ്മാണം അനുവദനീയമല്ല. 50 മീറ്ററിന് അപ്പുറത്തുള്ള കരമേഖലയില്‍ പഞ്ചായത്തിന്റെ മുന്‍കൂര്‍ അനുമ തിയോടെ പുതിയ പാര്‍പ്പിടങ്ങള്‍ അനുവദിക്കാവുന്നതാണ്. ഈ മേഖലയില്‍ മീന്‍പിടിത്ത ജട്ടികള്‍, മീനുണക്കല്‍ കളങ്ങള്‍, വല നന്നാക്കല്‍ കേന്ദ്രങ്ങള്‍, പരമ്പരാഗത രീതിയിലുള്ള മത്സ്യസംസ്കരണ കേന്ദ്രങ്ങള്‍, ബോട്ടു നിര്‍മ്മാണ ശാലകള്‍ എന്നിവ അനുവദനീയമാണ്. ചുരുക്കത്തില്‍ കടലിന്റെ മക്കളായ മത്സ്യത്തൊഴിലാളികള്‍ക്ക് കടപ്പുറത്ത് ഒരു വീട് വെച്ച് അന്തിയുറങ്ങാന്‍ പറ്റാത്ത ഗുരുതരമായ സ്ഥിതിവിശേഷമാണ് പുതിയ തീരദേശനിയന്ത്രണ നിയമം (2011) മൂലം സംജാത മായിട്ടുള്ളത്. ഏറ്റവും വിരോധാഭാസമായി തോന്നിയിട്ടുള്ളത് തീരദേശ നിയന്ത്രണമേഖലയില്‍ ഇഞദ കക 20000 ച.മീറ്ററിന് മുകളിലുള്ള വന്‍കിട ഫ്ളാറ്റുകളും പാര്‍പ്പിട സമുച്ചയങ്ങളും അനുവദനീയമാണ് എന്നുള്ളതാണ്. പുതിയ തീരദേശ നിയന്ത്രണ നിയമം മൂലധന ശക്തികളുടെയും കോര്‍പ്പറേറ്റുകളുടെയും താല്‍പര്യങ്ങളാണ് സംരക്ഷിക്കുന്നത് എന്നതിന് ഇതില്‍പ്പരം മറ്റൊരു തെളിവിന്റെ ആവശ്യമില്ല. നമ്മുടെ തീരദേശഗ്രാമങ്ങള്‍ അശാന്തമാവുന്നതിന്റെ കാരണവും മറ്റൊന്നല്ല.

*
ടി.ഡി.വേലായുധന്‍

സാധാരണക്കാരുടെ പണം കുത്തകകള്‍ക്ക്

1991ല്‍ നരസിംഹറാവു പ്രധാനമന്ത്രിയും മന്‍മോഹന്‍സിങ് ധനമന്ത്രിയുമായി അധികാരത്തില്‍വന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ മറ്റു മേഖലകളിലെന്നതുപോലെ ഇന്ത്യന്‍ ബാങ്കിങ് മേഖലയുടെ അലകുംപിടിയും മാറ്റി സ്വകാര്യ-വിദേശ കുത്തകകള്‍ക്ക് അടിയറവയ്ക്കുന്നതിനുള്ള നടപടികള്‍ക്ക് തുടക്കമിട്ടു. കോണ്‍ഗ്രസ് തുടങ്ങിവച്ച നയങ്ങളും നടപടികളും ഇടയ്ക്കധികാരത്തില്‍ വന്ന ബിജെപി ഗവണ്‍മെന്റും തുടര്‍ന്നു. ബാങ്കുകളാണ് ഒരു രാജ്യത്ത് ഉല്‍പാദിപ്പിക്കപ്പെടുന്ന സമ്പത്ത് സമാഹരിച്ച്, ആവശ്യമുള്ള മേഖലകള്‍ക്കും വ്യക്തികള്‍ക്കും എത്തിച്ചുകൊടുക്കുന്നത്. ബാങ്കുകള്‍ക്ക് ഇത്തരത്തില്‍ ഒരു ഇടനിലക്കാരന്റെ സ്ഥാനമാണുള്ളതെങ്കിലും, ബാങ്കിന്റെ ഉടമയ്ക്ക് സമ്പത്തിന്റെ വിതരണത്തില്‍ വലിയ ഒരു പങ്കുണ്ട്.

ബാങ്കുകളുടെ നിയന്ത്രണവും ഉടമസ്ഥതയും കുത്തകകളുടെ കയ്യിലെത്തിയാല്‍ അവരുടെ താല്‍പര്യമായിരിക്കും സ്വാഭാവികമായും ബാങ്കുകള്‍ സംരക്ഷിക്കുക. ദേശസാല്‍കൃത ബാങ്കുകളെ സ്വകാര്യവല്‍ക്കരിക്കുന്നതിനും സ്വകാര്യ ബാങ്കുകളുടെയും വിദേശ ബാങ്കുകളുടെയും പ്രവര്‍ത്തനം വിപുലമാക്കുന്നതിനുംവേണ്ടി മാറിമാറി വന്ന കേന്ദ്ര സര്‍ക്കാരുകള്‍ പല നടപടികളും സ്വീകരിക്കുകയുണ്ടായി. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് 2012 ഡിസംബര്‍ 18ന് ലോക്സഭ പാസാക്കിയ ബാങ്കിങ് നിയമ ഭേദഗതി. ബാങ്കിങ് മേഖലയുമായി ബന്ധപ്പെട്ട എട്ട് സുപ്രധാന നിയമങ്ങള്‍ ഈ ഭേദഗതിയിലൂടെ മാറ്റിമറിച്ചു. വിദേശികള്‍ക്ക് ഇന്ത്യന്‍ സ്വകാര്യബാങ്കുകളില്‍ 74% വരെ ഓഹരി പങ്കാളിത്തമാകാം, 74% ഓഹരി കൈവശമുള്ളപ്പോഴും ഓഹരിയുടമയുടെ യോഗങ്ങളില്‍ വിദേശികളുടെ വോട്ടവകാശം 10% എന്നായി നിയന്ത്രിച്ചിരുന്നു. 2012ലെ പുതിയ ഭേദഗതിയിലൂടെ വിദേശ ഓഹരി ഉടമകളുടെ വോട്ടവകാശ പരിധി 26% ആയി ഉയര്‍ത്തി. വിദേശികള്‍ ഇന്ത്യന്‍ ബാങ്കുകളില്‍ പിടിമുറുക്കാന്‍ ഈ ഭേദഗതി സഹായിക്കും.

മറ്റൊരു ഭേദഗതി ദേശസാല്‍ക്കൃത ബാങ്കുകളിലെ സ്വകാര്യ വോട്ടവകാശ പരിധി ഒരു ശതമാനത്തില്‍നിന്നും 10% ആയി ഉയര്‍ത്തിയതാണ്. പൊതുമേഖലാ ബാങ്കുകളിലെ സര്‍ക്കാര്‍ ഓഹരി കുത്തനെ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഈ പുതിയ ഭേദഗതി ദേശസാല്‍കൃത ബാങ്കുകളുടെ പൊതുമേഖലാ സ്വഭാവം കൂടുതല്‍ നഷ്ടപ്പെടുത്തും. ബാങ്കുകളുടെ സാമൂഹ്യ പ്രതിബദ്ധത ഇല്ലാതാക്കുകയും ചെയ്യും. 2008ലെ ആഗോള പ്രതിസന്ധിയില്‍നിന്ന് ഇന്ത്യന്‍ ധനകാര്യമേഖല രക്ഷപ്പെട്ടുനിന്നത് ബാങ്കുകളുടെ പൊതു ഉടമസ്ഥതയും റിസര്‍വ്ബാങ്കിന്റെ ശക്തമായ നിയന്ത്രണവുംകൊണ്ടാണ്. ഈ രണ്ടു ഘടകങ്ങളെയും സ്വയം കൈവെടിയുകയാണ് 2012ലെ നിയമഭേദഗതിയുടെ ഒരു പ്രധാന ലക്ഷ്യം.

പുതിയ സ്വകാര്യബാങ്കുകള്‍ക്ക് ലൈസന്‍സ് നല്‍കാനുള്ള നീക്കങ്ങള്‍ ദ്രുതഗതിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. പുതിയ ബാങ്കുകള്‍ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 2013 ജൂലൈ 2 ആയിരുന്നു. ഇപ്പോള്‍ നിലവില്‍ 25 അപേക്ഷകളാണ് റിസര്‍വ് ബാങ്ക് പരിഗണനയിലുള്ളത്. ആദിത്യ, ബജാജ്, റിലയന്‍സ് ക്യാപിറ്റല്‍, യുഎഇ എക്സ്ചേഞ്ച്, മുത്തൂറ്റ് ഫിനാന്‍സ് തുടങ്ങിയ വന്‍കിടക്കാരാണ് അപേക്ഷകര്‍. കുത്തകകള്‍ക്ക് ലൈസന്‍സ് നല്‍കില്ല എന്നതായിരുന്നു കേന്ദ്രസര്‍ക്കാരും റിസര്‍വ്ബാങ്കും സ്വീകരിച്ചിരുന്ന പൊതുനയം. എന്നാല്‍ ഇപ്പോള്‍ അതും തിരുത്തിയിരിക്കുകയാണ്. ഈ സമീപനം 1969ലെ ദേശസാല്‍ക്കരണത്തിനു മുമ്പുള്ള സ്ഥിതിയിലേക്ക് ഇന്ത്യന്‍ ബാങ്കിങ്ങിനെ കൊണ്ടുപോകും. ഇതുകൂടാതെ 2013 നവംബര്‍ 6ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും ഇന്ത്യന്‍ ബാങ്കുകളെ വിദേശികള്‍ക്ക് അടിയറവെയ്ക്കാന്‍ പറ്റിയ ഒരു സര്‍ക്കുലര്‍ പുറപ്പെടുവിക്കുകയുണ്ടായി. ഈ സര്‍ക്കുലര്‍പ്രകാരം വിദേശ ബാങ്കുകള്‍ക്കും അവയുടെ ഉപസ്ഥാപനങ്ങള്‍ക്കും  ഇന്ത്യന്‍ സ്വകാര്യ ബാങ്കുകളെ യഥേഷ്ടം ഏറ്റെടുക്കാന്‍ കഴിയും. ഫെഡറല്‍ബാങ്ക്, ആക്സിസ്ബാങ്ക് തുടങ്ങിയ ബാങ്കുകളെ വിദേശ ബാങ്കുകള്‍ക്ക് ഈ സര്‍ക്കുലറിലെ നിബന്ധനകള്‍ പാലിച്ചാല്‍ ഏറ്റെടുക്കാന്‍ കഴിയും.

ഒരുവശത്ത് കുത്തകകള്‍ ബാങ്കിങ് ലൈസന്‍സിനായി ക്യൂനില്‍ക്കുമ്പോള്‍ മറുവശത്ത് അവര്‍ ഇന്ത്യയിലെ വിവിധ ബാങ്കുകളില്‍ നിന്നെടുത്ത വായ്പകള്‍ തിരിച്ചടയ്ക്കുന്നില്ല എന്നതാണ് വിരോധാഭാസം. 2013 ഡിസംബറില്‍ ഇന്ത്യന്‍ ബാങ്കുകളുടെ കിട്ടാക്കടം 2.43 ലക്ഷം കോടി രൂപയായിരുന്നു. 2012ല്‍ അത് 1.25 ലക്ഷം കോടി രൂപയായിരുന്നു. ഈ കിട്ടാക്കടത്തില്‍ നല്ലൊരുപങ്ക് കോര്‍പ്പറേറ്റുകളുടേതാണ്. ഇവരുടെ കിട്ടാക്കടങ്ങള്‍ നിരന്തരമായി എഴുതിത്തള്ളുന്നുമുണ്ട്. 2012 അവസാനം വരെ കുത്തകകളുടെ എഴുതിത്തള്ളിയ വായ്പ 5.39 ലക്ഷം കോടി രൂപയുടേതായിരുന്നു. അനില്‍ അംബാനിയുടെ റിലയന്‍സിന്റെ മാത്രം 86,700 കോടി രൂപയാണ് എഴുതിത്തള്ളിയിട്ടുള്ളത്. ജിവികെ, വേദാന്ത, ജിഎംആര്‍, എസ്സാര്‍, വീഡിയോകോണ്‍ തുടങ്ങിയ വന്‍കിടക്കാരുടെയും കോടികള്‍ എഴുതിത്തള്ളിയിട്ടുണ്ട്. കുത്തകകളുടെ കിട്ടാക്കടം എഴുതിത്തള്ളുക എന്നു പറഞ്ഞാല്‍ നാട്ടുകാരുടെ സമ്പാദ്യം എടുത്ത് വന്‍കിടക്കാര്‍ക്ക് ദാനംചെയ്യുക എന്നര്‍ത്ഥം. ഒരുവശത്ത് ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണം. മറുവശത്ത് ബാങ്കുകളിലെ സാധാരണക്കാരുടെ പണം കുത്തകകള്‍ക്ക് കൈമാറല്‍. ഇതാണ് നവലിബറല്‍ നയങ്ങള്‍ നടപ്പാക്കുന്നതിലൂടെ യുപിഎ സര്‍ക്കാര്‍ ചെയ്യുന്നത്.

*
ജോസ് ടി എബ്രഹാം

മോഡിയും രാഹുലും കോര്‍പ്പറേറ്റുകളുടെ അരുമകള്‍

പതിനാറാം ലോകസഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥികളായി ബിജെപിയും കോണ്‍ഗ്രസും ഉയര്‍ത്തിക്കാണിക്കുന്നത് നരേന്ദ്രമോഡിയെയും രാഹുല്‍ഗാന്ധിയെയുമാണ്. ആഗോള പബ്ലിക് റിലേഷന്‍സ് കമ്പനികളുടെ മുന്‍കയ്യില്‍ ഇവരുടെ പരസ്യപ്രചരണങ്ങള്‍ പൊടിപൊടിക്കുകയാണ്. ടെലിവിഷന്‍ ചാനലുകളിലും പത്രമാധ്യമങ്ങളിലും പ്രചരണം ഉച്ചസ്ഥായിയിലേക്ക് ഉയര്‍ത്തിയെടുക്കുവാനാണ് ഇരുകക്ഷികള്‍ക്കും പിറകിലുള്ള കോര്‍പ്പറേറ്റുകള്‍ ശ്രമിക്കുന്നത്. 2004ലും 2009ലും വലിയപരസ്യ പ്രചരണങ്ങളും ഇന്ത്യയുടെ തിളക്കത്തെക്കുറിച്ചുള്ള അവകാശവാദങ്ങളുമായി തിരഞ്ഞെടുപ്പിനെ നേരിട്ട ബിജെപി ദയനീയമായി പരാജയപ്പെടുകയായിരുന്നു. സംഘപരിവാറിന്റെ പ്രത്യയശാസ്ത്ര അജന്‍ഡയും കോര്‍പ്പറേറ്റുകളുടെ ഫൈനാന്‍സ് മൂലധനതാല്പര്യങ്ങളും ചേര്‍ത്ത് ബിജെപി മുന്‍കൂട്ടിതന്നെ മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയായിരുന്നു. ഹിന്ദുത്വത്തിന്റെ ക്ഷാത്രവീര്യം വേണ്ടത്രയില്ലാത്ത അദ്വാനി ഉള്‍പ്പെടെയുള്ള ഒരു തലമുറയെ നിഷ്കരുണം തള്ളിക്കളഞ്ഞുകൊണ്ടാണ് ബിജെപി മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി അവതരിപ്പിച്ചത്. മടിച്ചുമടിച്ചാണെങ്കിലും കോണ്‍ഗ്രസും രാഹുല്‍ഗാന്ധിയെ തങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു.

കോര്‍പ്പറേറ്റുകളുടെ അഭീഷ്ടമനുസരിച്ചാണ് രണ്ടുകക്ഷികളും തങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥികളെ മുന്‍കൂട്ടിത്തന്നെ തീരുമാനിച്ചത്. സാധാരണ പാര്‍ലമെന്ററി ജനാധിപത്യ വ്യവസ്ഥയില്‍ തിരഞ്ഞെടുപ്പിനുശേഷം ഭഭൂരിപക്ഷം കിട്ടുന്ന കക്ഷിയുടെ (മുന്നണിയുടെ) സാമാജികര്‍ ചേര്‍ന്ന് പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുകയാണ്. നവലിബറലിസം പതിവ് ജനാധിപത്യ രീതികളെയെല്ലാം തകിടം മറിക്കുന്ന ഫൈനാന്‍സ് മൂലധനത്തിന്റെ ആധിപത്യ വ്യവസ്ഥയാണല്ലോ. തങ്ങളുടെ ഭഭരണനേട്ടങ്ങളെക്കുറിച്ചുള്ള വ്യാജമായ അവകാശവാദമാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ പ്രചരിപ്പിക്കുവാന്‍ ശ്രമിക്കുന്നത്. ടെലിവിഷന്‍ പരസ്യങ്ങളില്‍ ഇന്ത്യയാകെ മാറിപ്പോയിരിക്കുന്നു എന്നാണ് പ്രചാരണം. മൊബൈല്‍ ഫോണ്‍, മെട്രോ, എക്സ്പ്രസ്വേ, എയര്‍പോര്‍ട്ട്, എടിഎം എല്ലാം ഇന്ത്യക്കാരന്റെ ജീവിതത്തിന്റെ ഭാഗമായിമാറിക്കഴിഞ്ഞിരിക്കുന്നു എന്ന് പരസ്യപ്രചരണം നടത്തുമ്പോള്‍ ഇന്ത്യയുടെ യാഥാര്‍ഥ്യമെന്താണ്.

പട്ടിണികിടന്ന് മനുഷ്യര്‍ മരിക്കുന്ന അട്ടപ്പാടിയും ബലാങ്കീറും കാശിപ്പൂരും റായലസീമയുമാണ് ഇന്ത്യ. വിലത്തകര്‍ച്ചയും കടക്കെണിയും മൂലം കര്‍ഷക ആത്മഹത്യകള്‍ പതിവുസംഭവങ്ങളായ വിദര്‍ഭയും ഭട്ടിന്‍ഡയുമാണ് ഇന്ത്യ. കുടിവെള്ളമില്ലാത്ത ഗ്രാമങ്ങളും ശൗചാലയങ്ങളില്ലാത്ത നാട്ടിന്‍പുറങ്ങളുമാണിന്ത്യ. പ്രത്യുല്‍പാദന പ്രായത്തിലുള്ള 80%ത്തോളം സ്ത്രീകളും വിളര്‍ച്ചാരോഗം മൂലം ബുദ്ധിമുട്ടുന്ന രാജ്യമാണ് ഇന്ത്യ. രാഹുല്‍ഗാന്ധിയുടെ വ്യക്തിപ്രഭാവത്തെ അവതരിപ്പിക്കാനുള്ള വ്യര്‍ഥ ശ്രമങ്ങളും നടക്കുന്നുണ്ട്. നവമാധ്യമങ്ങളിലൂടെ രാഹുലിന് പിന്തുണ ഉണ്ടാക്കിയെടുക്കുവാനുള്ള ക്യാമ്പയിനുകള്‍ പരാജയമായിരിക്കുകയാണ്. മോഡിക്ക് വേണ്ടി സോഷ്യല്‍ മീഡിയായില്‍ നടക്കുന്ന ക്യാമ്പയിനുകള്‍ കൃത്രിമമായി സൃഷ്ടിച്ചെടുത്തതാണ്. കോബ്രപോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തതുപോലെ ഫെയ്സ്ബുക്കിലെയും ട്വിറ്ററിലെയും മോഡിയുടെ അനുയായികളെ കുറിച്ചുള്ള കണക്കുകള്‍ വ്യാജമായി ഉണ്ടാക്കിയതാണ്. രണ്ടുനേതാക്കള്‍ക്കും ഇലക്ട്രോണിക് മീഡിയയുടെയും അച്ചടിമാധ്യമങ്ങളുടെയും സഹായത്തോടെ കൃത്രിമമായ പ്രതിച്ഛായ നിര്‍മിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.

രാജ്യം നേരിടുന്ന വിലക്കയറ്റം, തൊഴിലില്ലായ്മ, അഴിമതി, വര്‍ഗീയത തുടങ്ങിയ മൗലിക പ്രധാനങ്ങളായ വിഷയങ്ങളെ മാറ്റിവെച്ച് മോഡിയുടെയും രാഹുലിന്റെയും പ്രതിച്ഛായകൊണ്ട് രക്ഷപ്പെടാനാവുമോയെന്ന പരീക്ഷണമാണ് ബിജെപിയും കോണ്‍ഗ്രസും നടത്തുന്നത്. കോര്‍പ്പറേറ്റ് കുത്തകകളും മുഖ്യധാരാ മാധ്യമങ്ങളും എന്തെല്ലാം ശ്രമങ്ങള്‍ നടത്തിയാലും മോഡിക്ക് ഇന്ത്യയുടെ പ്രധാനമന്ത്രിപദത്തിലെത്താനാവില്ല. രാജ്യത്തിന്റെ ബഹുസ്വരതയെയും മതനിരപേക്ഷ ഘടനയെയും അപകടപ്പെടുത്തുവാന്‍ ഇന്ത്യന്‍ ജനത ആരെയും അനുവദിക്കില്ല. ഗുജറാത്ത് വംശഹത്യയുടെ ചോരക്കറ മാധ്യമങ്ങളുടെ വികാസ്പുരുഷനെന്ന പുതിയ പ്രതിച്ഛായ നിര്‍മാണത്തിലൂടെ മറച്ചുപിടിക്കാനാവില്ല. കോണ്‍ഗ്രസ്സിന്റെ അപചയവും അഴിമതിയും മുതലെടുത്ത് അധികാരം പിടിക്കാമെന്നത് മോഡിയുടെ വ്യാമോഹം മാത്രമായിരിക്കും.

ബിജെപിയിലെ നേതാക്കള്‍തന്നെ ഒരു ഗവര്‍മെന്റ് രൂപീകരിക്കാനാവശ്യമായ 272 സീറ്റ് 16-ാം ലോകസഭയില്‍ തങ്ങള്‍ക്ക് ലഭിക്കുമെന്ന് കരുതുന്നില്ല. ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്താന്‍ എന്നിവ കഴിഞ്ഞാല്‍ ഒരു സംസ്ഥാനത്തും ബിജെപിക്ക് നേട്ടമുണ്ടാക്കാനാവുമെന്ന് തോന്നുന്നില്ല. കടുത്ത വര്‍ഗീയവല്‍ക്കരണനീക്കങ്ങളിലൂടെ യു.പി, ബീഹാര്‍, കര്‍ണാടക, പഞ്ചാബ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ സീറ്റ് പിടിക്കാമെന്നാണ് മോഡി കണക്കുകൂട്ടുന്നത്. കേരളം, തമിഴ്നാട്, ആന്ധ്ര, ഒറീസ്സ, ഹരിയാന, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് ഒരു സീറ്റ് പോലും ലഭിക്കില്ല. ബി.ജെ.പിക്ക് ഗവണ്‍മെന്റ് രൂപീകരിക്കുവാന്‍ കഴിഞ്ഞ 1998ലും 1999ലും അവരുടെ മുന്നണിയില്‍ രണ്ടു ഡസനോളം പാര്‍ടികളുണ്ടായിരുന്നു. ഇപ്പോള്‍ ശിവസേനയും അകാലിദളുമാണ് ബി.ജെ.പിയോടൊപ്പമുള്ളത്. ജനസ്വാധീനമുള്ള പ്രാദേശികകക്ഷികളെല്ലാം കോണ്‍ഗ്രസ്സിതര - ബിജെപിയിതര മുന്നണിയുമായി ചേരാനാണ് താല്പര്യപ്പെടുന്നത്. മോഡിയും രാഹുലുമെല്ലാം റിലയന്‍സ് ഉള്‍പ്പെടെയുള്ള കോര്‍പ്പറേറ്റുകളുടെ താല്പര്യമാണ് സംരക്ഷിക്കുന്നത്. അവര്‍ സ്പോണ്‍സര്‍ ചെയ്യുന്ന സ്ഥാനാര്‍ഥികളുമാണ്. യുപിഎ സര്‍ക്കാരും ഗുജറാത്തിലെ മോഡി സര്‍ക്കാരും റിലയന്‍സിനും ടാറ്റാക്കുമെല്ലാം സൗജന്യങ്ങള്‍ വാരിക്കോരി നല്‍കുകയാണ് ചെയ്തത്. രണ്ടുപേരും കോര്‍പ്പറേറ്റുകളുടെ അരുമകളാണ്. മുകേഷ് അംബാനി നരേന്ദ്രമോഡിയെ സ്നേഹപൂര്‍വം വിളിക്കുന്നത് "നമോ" എന്നാണ്. രാഹുല്‍ഗാന്ധിയെ "രാഗ" എന്നും. കുത്തകകളുടെ അരുമകളാണിവര്‍ രണ്ടുപേരും. ഇന്ത്യയിലെ ജനങ്ങള്‍ കോര്‍പ്പറേറ്റ് മൂലധനശക്തികളുടെ ചൂഷണത്തിനെതിരെ വിധിയെഴുതും. എബിഎന്‍ ന്യൂസ്- എസ് നീല്‍സെന്‍ സര്‍വെപ്രകാരം കോണ്‍ഗ്രസ്സിന് 73 സീറ്റില്‍കൂടുതല്‍ ലഭിക്കില്ല. ഘടകകക്ഷികളും ചേര്‍ന്നാല്‍ 92വരെ ആകാം യുപിഎക്ക് കിട്ടുന്ന സീറ്റ്. ബീഹാറിലെ ആര്‍ജെഡി ശിഥിലീകരണം നേരിടുകയാണ്. കോണ്‍ഗ്രസ് മുന്നണിയിലും കാര്യമായ ജനപിന്തുണയുള്ള പാര്‍ട്ടികള്‍ ഒരു സംസ്ഥാനത്തുമില്ല. ബിജെപിക്ക് ഒരു ഗവണ്‍മെന്റ് രൂപീകരിക്കാന്‍ ആവശ്യമായ സീറ്റ് കിട്ടുമെന്ന് കാര്യവിവരമുള്ള ആരും കരുതുന്നില്ല. ഇടതുപക്ഷവും മതനിരപേക്ഷകക്ഷികളും ചേര്‍ന്ന് 200 ഓളം സീറ്റുകള്‍ നേടും.

മോഡിയെ മാറ്റിനിര്‍ത്തി മതനിരപേക്ഷ സര്‍ക്കാര്‍ മൂന്നാം ബ്ലോക്കിന്റെ മുന്‍കയ്യില്‍ രാജ്യത്ത് അധികാരത്തില്‍ വരുമെന്ന സാധ്യതയാണ് ഇപ്പോഴുള്ളത്. വര്‍ഗീയ ഫാസിസത്തിനും ജനദ്രോഹനയങ്ങള്‍ക്കുമെതിരായ വിധിയെഴുത്താണ് പതിനാറാം ലോകസഭാ തെരഞ്ഞെടുപ്പില്‍ സംഭവിക്കുക. അഴിമതിക്കും വിലക്കയറ്റത്തിനുമെതിരായ ഇടത്തരക്കാരന്റെ ധര്‍മരോഷം ആം ആദ്മിയെപോലുള്ള പുതിയ പ്രതിഭാസങ്ങളെ വളര്‍ത്തും. അതും കോണ്‍ഗ്രസ് വിരുദ്ധ - ബിജെപി വിരുദ്ധ ജനവികാരത്തെയാണ് കാണിക്കുന്നത്. ജനദ്രോഹ നയങ്ങള്‍ക്കും അഴിമതിക്കും മതനിരപേക്ഷത നേരിടുന്ന ഭീഷണിക്കുമെതിരെ വളര്‍ന്നുവരുന്ന രാഷ്ട്രീയ ധ്രുവീകരണമാണ് പതിനാറാം ലോകസഭാ തെരഞ്ഞെടുപ്പിലെ വിധി നിര്‍ണയിക്കുക. മോഡിയും രാഹുലുമല്ല പുതിയൊരു മതനിരപേക്ഷ സര്‍ക്കാരിനെയാണ് രാജ്യം കാത്തിരിക്കുന്നത്.

*
കെ ടി കുഞ്ഞിക്കണ്ണന്‍