Tuesday, April 22, 2008

സ്വതന്ത്ര വിപണി സങ്കല്‍പ്പം തകര്‍ച്ചയില്‍

ഇംഗ്ളണ്ടില്‍ നിന്നും അമേരിക്കയില്‍ നിന്നുമാണ് ആദ്യമായി സ്വതന്ത്ര വിപണി സങ്കല്‍പ്പം മുന്നോട്ടു വക്കപ്പെട്ടത്. യഥാക്രമം ആ രാജ്യങ്ങളിലെ 'താച്ചറിസവും റീഗനിസവുമാണ്' ആഗോളവത്കരണ പ്രക്രിയയായി പിന്നീട് ലോകത്താകെ അറിയപ്പെട്ടത്. ഭരണകൂടം വിപണിയില്‍ ഇടപെടാന്‍ പാടില്ലയെന്നതായിരുന്നു ഈ നയങ്ങളുടെ കാതല്‍. എന്നാല്‍ രണ്ടു ദശാബ്ദകാലം കൊണ്ടു തന്നെ ഈ നയം ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. ഒരു പിടി ആഗോള മുതലാളിമാരെ സൃഷ്ടിക്കുന്നതും ബഹുഭൂരിപക്ഷത്തെ പാപ്പരീകരിക്കുന്നതുമായ ആഗോളവത്കരണ നയങ്ങള്‍ നടപ്പിലാക്കിയ രാജ്യങ്ങളിലാകെ ഇന്ന് തിരിച്ചടി നേരിടുകയാണ്. ഈ നയങ്ങളുടെ ഫലമായി ആഗോള സാമ്പത്തിക മാന്ദ്യത്തിനു തന്നെ ലോകം ഇന്ന് സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുകയാണ്. ഭക്ഷ്യവസ്തുക്കളുടെ അമിതമായ വിലക്കയറ്റം സൃഷ്ടിച്ച പണപ്പെരുപ്പവും സാമ്പത്തിക മാന്ദ്യവും കൂടിചേര്‍ന്ന 'സ്‌റ്റാഗ്‌ഫ്ലേഷനാണ് ' ഇന്ന് ലോകത്താകെയുളളത്.

ഇതിന്റെ അടിസ്ഥാന കാരണങ്ങള്‍ പരതാതെ ചില അടിയന്തിര ആശ്വാസ നടപടികളെക്കുറിച്ച് മാത്രം അഭിപ്രായ പ്രകടനം നടത്തുന്നവരുണ്ട്. തങ്ങളുടെ വിലയിരുത്തലുകളില്‍ മുതലാളിത്ത വ്യവസ്ഥയ്ക്ക് പരുക്ക് പറ്റുന്ന ഒരു പദപ്രയോഗം പോലും കടന്നു വരാതിരിക്കാന്‍ അവര്‍ അതീവ ജാഗ്രത പുലര്‍ത്തുന്നു. മുതലാളിത്തത്തില്‍ അന്തര്‍ലീനമായിരിക്കുന്ന പ്രതിസന്ധി പതുക്കെ തലപൊക്കുകയാണെന്ന യാഥാര്‍ത്ഥ്യത്തിനു നേരെ ഇവര്‍ കണ്ണടക്കുകയാണ്.

തുടക്കം അമേരിക്കയില്‍

മുപ്പതുകളിലെ ആഗോളമാന്ദ്യത്തെ ഓര്‍മ്മിപ്പിക്കുന്ന വര്‍ത്തമാനകാല പ്രതിസന്ധികളുടെ തുടക്കം ആഗോളീകൃത സാമ്പത്തിക നയങ്ങളുടെ കേന്ദ്രസ്ഥാനമായ അമേരിക്കയില്‍ തന്നെയായിരുന്നു. അഫ്‌ഗാന്‍, ഇറാക്ക് യുദ്ധങ്ങളുടെ കനത്ത് ചിലവും രണ്ടായിരാമാണ്ടില്‍ ഐ. ടി. മേഖലയിലുണ്ടായ പ്രതിസന്ധിയും അമേരിക്കയെ മാന്ദ്യത്തിലേക്ക് നയിക്കുകയായിരുന്നു. ഇതില്‍ നിന്നും കരകയറാനായി അമേരിക്കന്‍ ഭരണകൂടം കണ്ടെത്തിയ മാര്‍ഗ്ഗമായിരുന്നു ഭവന നിര്‍മ്മാണരംഗത്ത് കൂടുതല്‍ വായ്പ ലഭ്യമാക്കുക എന്നത്. അമേരിക്കന്‍ ഭൂപണയ ബാങ്കുകള്‍ (മോര്‍ട്ട്ഗേജ് കമ്പനികള്‍) വീടുകള്‍ വക്കുന്നതിനോ, വാങ്ങുന്നതിനോ വന്‍തോതില്‍ വായ്പ നല്‍കിയതോടെ നിര്‍മ്മാണ മേഖലക്കുണ്ടായ കൃത്രിമ ഉത്തേജനം സമ്പദ്ഘടനയില്‍ നേരിയ വളര്‍ച്ചക്ക് കാരണമായി. മോര്‍ട്ടഗേജ് കമ്പനികള്‍ക്കാവശ്യമായ പണം ബാങ്കുകള്‍ നല്‍കി.

വന്‍തോതില്‍ വായ്പ ലഭ്യമായതോടെ അവിടെ വീടുകളുടെ വിലയുയര്‍ന്നു. വായ്പക്ക് ഡിമാന്റ് വര്‍ദ്ധിച്ചതോടെ നിരവധി പുതിയമോര്‍ട്ട്ഗേജ് കമ്പനികള്‍ അവിടെ പ്രവര്‍ത്തനമാരംഭിച്ചു. മത്സരം രൂക്ഷമായതോടെ വലിയ ശമ്പളമില്ലാത്തവര്‍ക്കുംകൂടി മോര്‍ട്ട്ഗേജ് കമ്പനികള്‍ വായ്പ നല്‍കാന്‍ തയ്യാറായി. ആദ്യ കാലയളവില്‍ ആസ്തിയുടെ 50 ശതമാനം വരെയാണ് മോള്‍ട്ട്ഗേജ് കമ്പനികള്‍ വായ്പ നല്‍കിയിരുന്നത് എങ്കില്‍ മത്സരം ശക്തമായതോടെ ആസ്തിയുടെ 85 ശതമാനം വരെ വായ്പ നല്‍കാന്‍ ചില കമ്പനികള്‍ തയ്യാറായി. ചില കമ്പനികള്‍ ആകട്ടെ ആദ്യ രണ്ടുവര്‍ഷക്കാലം തിരിച്ചടവ് കുറച്ചു കാട്ടിക്കൊണ്ടാണ് മത്സരിച്ചത്.

പണത്തിന് ഡിമാന്റ് വര്‍ദ്ധിച്ചതോടെ മോര്‍ട്ട്ഗേജ് കമ്പനികള്‍ ഭവന വായ്പകള്‍ സെക്യൂരിറ്റിയായി നല്‍കിക്കൊണ്ട് ബോണ്ടുകളും മറ്റ് ഡെറിവേറ്റീവ് ഉല്പന്നങ്ങളും വിപണിയിലിറക്കി പണം സമാഹരിച്ചു. വിദേശ ബാങ്കുകള്‍ പോലും ഇത്തരം ഡെറിവേറ്റീവുകള്‍ വാങ്ങുകയും കടപത്ര വിപണിയില്‍ കച്ചവടം നടത്തി ലാഭമുണ്ടാക്കുകയും ചെയ്തു. യൂറോപ്യന്‍ ബാങ്കുകളും ഏഷ്യന്‍ ബാങ്കുകളുമൊക്കെ ഈ പ്രക്രിയയില്‍ പങ്കാളികളായി. ഏകദേശം 17 ട്രില്യണ്‍ ഡോളറിന്റെ (17 ലക്ഷം കോടി ഡോളര്‍) കട ബാധ്യതകളാണ് ഇത്തരത്തില്‍ വിപണിയില്‍ സാമ്പത്തിക ഉല്പന്നങ്ങളായി മാറ്റപ്പെട്ടത്. അവ കൂടുതല്‍ കൂടുതല്‍ കൈമാറ്റം ചെയ്യപ്പെടുമ്പോള്‍ അതിന്റെ മൂല്യം വന്‍തോതില്‍ വളരുകയായിരുന്നു.

വന്‍തോതില്‍ പണം നിര്‍മ്മാണ മേഖലയിലൂടെ വിപണിയില്‍ ഇറങ്ങിയതോടെ സമ്പദ്ഘടനയില്‍ നേരിയ ചലനമുണ്ടായി. മറ്റു ജോലികളില്‍ ഏര്‍പ്പെട്ടിരുന്നവര്‍ കൂടി ഭവനനിര്‍മ്മാണ മേഖലയിലേക്ക് ശ്രദ്ധകേന്ദ്രീകരിച്ചു. ഈ വളര്‍ച്ച അധികകാലം നീണ്ടു നിന്നില്ല. നവലിബറല്‍ നയങ്ങള്‍ അമേരിക്കയിലും വലിയ പ്രത്യാഘാതങ്ങള്‍ക്കിടവരുത്തി. സ്ഥിരതൊഴില്‍ എന്ന സങ്കല്പം തൊഴിലുടമകള്‍ ഉപേക്ഷിക്കുകയും പണികള്‍ പുറം കരാര്‍ പണി നല്‍കുകയും ചെയ്തു. ഇത് കൂലിക്കുറവിനും കുടുംബങ്ങളുടെ വരുമാനം കുറയുന്നതിനും വഴിവെച്ചു. കൂലിയും വരുമാനവും കുറഞ്ഞതോടെ വായ്പയെടുത്ത പലര്‍ക്കും അതു തിരിച്ചടക്കാനായില്ല. 2006 ആയപ്പോഴേക്കും മോര്‍ട്ട്ഗേജ് കമ്പനികളുടെ കിട്ടാക്കടം 300 ബില്യണ്‍ ഡോളറായി ഇയര്‍ന്നു (ഒരു ലക്ഷത്തി ഇരുപതിനായിരം കോടി രൂപ). 1996 ല്‍ അമേരിക്കയില്‍ കുടിശ്ശിക പിരിച്ചെടുക്കുന്ന കമ്പനികള്‍ 12 എണ്ണമാണ് ഉണ്ടായിരുന്നതെങ്കില്‍ 2006 ആയപ്പോഴേക്കും അവയുടെ എണ്ണം അഞ്ഞൂറിലധികമായി. കിട്ടാക്കടത്തെപ്പോലും മുതലാളിത്തം ഊഹക്കച്ചവടത്തിന് ഉപയോഗപ്പെടുത്തുമെന്നതിന്റെ ഉദാഹരണമായിരുന്നു ഡിഫോള്‍ട്ട് സ്വാപ്പുകള്‍ എന്ന സാമ്പത്തിക ഉല്പന്നം. കിട്ടാക്കടങ്ങള്‍ പിരിച്ചെടുക്കുന്നതിന്റെ ഭാഗമായി കമ്പനികള്‍ വീടുകള്‍ ഏറ്റെടുത്ത് വില്പനതുടങ്ങിയതോടെ അമേരിക്കന്‍ സമ്പദ്ഘടന വീണ്ടും കുഴപ്പത്തിലായി. വീടുകളുടെ മുന്നിലെല്ലാം 'ഫോര്‍ സെയില്‍' എന്ന ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടതോടെ വീടുകളുടെ വിലയിടിഞ്ഞു. വീടുകള്‍ വിറ്റുപോയാലും വായ്പാതുക പൂര്‍ണ്ണമായി തിരികെ കിട്ടില്ലെന്ന സ്ഥിതി വിശേഷം അവിടെ സംജാതമായി.

ഇത് മോര്‍ട്ട് ഗേജ് കമ്പനികളുടേയും ബാങ്കുകളുടെയും തകര്‍ച്ചയ്ക്ക് വഴിവെച്ചു. Country wide Financial Corporation, Thorn Burg Mortgage, New Century Financial, Wmc Mortgage, Lehman Brothers, National City Corporation തുടങ്ങിയ നിരവധി മോര്‍ട്ട്ഗേജ് കമ്പനികള്‍ ഈ കാലയളവില്‍ അവിടെ പ്രതിസന്ധിയിലായി.

സ്വാതന്ത്ര വിപണി സിദ്ധാന്തത്തിന്റെ അപ്പോസ്തലന്‍മാരായ അമേരിക്കന്‍ ഭരണകൂടത്തിനും, ഫെഡറല്‍ റിസര്‍വ്വിനും ഈ സ്ഥാപനങ്ങളെ രക്ഷിക്കാന്‍ വേണ്ടി വിപണിയിലിടപെടേണ്ടി വന്നു. 40 ബാങ്കുകള്‍ കൂടി 11.5 ബില്യണ്‍ ഡോളര്‍ വായ്പ നല്‍കിയാണ് Country wide financial corporation ന് പുതുജീവന്‍ നല്‍കിയിട്ടുളളത് Thorn burging mortgage വായ്പകള്‍ നല്‍കുന്നത് നിര്‍ത്തിവച്ചു. ബുഷ് ഭരണകൂടം 15000 കോടി ഡോളര്‍ നികുതി പിരിച്ചത് ജനങ്ങള്‍ക്ക് തിരിച്ചു നല്‍കിക്കൊണ്ട് പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ ശ്രമിച്ചു എങ്കിലും വിജയിച്ചില്ല. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ്വ് പലിശനിരക്ക് തുടര്‍ച്ചയായി വെട്ടിക്കുറച്ചുവെങ്കിലും പ്രശ്നങ്ങള്‍ പരിഹരിക്കാനായില്ല.

മോര്‍ട്ട്ഗേജ് കമ്പനികള്‍ക്ക് വായ്പകൊടുക്കുകയും അവ പുറത്തിറക്കിയ ഡെറിവേറ്റീവുകള്‍ വാങ്ങികൂട്ടുകയും ചെയ്ത അമേരിക്കന്‍ ബാങ്കുകളും മറ്റു വിദേശ ബാങ്കുകളും ഇന്ന് പ്രതിസന്ധിയിലായിരിക്കുന്നു. അമേരിക്കയിലെ പ്രധാന ഇന്‍വെസ്‌റ്റ്മെന്റ് ബാങ്കായ Bear Stearns തകര്‍ച്ചയുടെ വക്കിലെത്തി. ഉടന്‍ തന്നെ അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ്വ് ഇടപെടുകയും JP Morgan chase ബാങ്കിനെക്കൊണ്ട് bear stearns നെ ഏറ്റെടുപ്പിക്കുകയും ചെയ്തു. ഒരു ഓഹരിക്ക് കേവലം രണ്ടു ഡോളര്‍ നിരക്കിലാണ് അവര്‍ ഇതിനെ ഏറ്റെടുത്തത്. അതിന്റെ തൊട്ടു തലേമാസം ഈ ഓഹരികള്‍ക്ക് വിപണിയില്‍ ഇതിന്റെ 40 ഇരട്ടി വിലയുണ്ടായിരുന്നു. 85 വര്‍ഷത്തെ പഴക്കമുണ്ടായിരുന്ന ഈ ബാങ്ക് വളരെ പെട്ടെന്നാണ് ഇത്തരമൊരു അവസ്ഥയിലേക്ക് കൂപ്പു കുത്തിയത്. ഈ ബാങ്കിലെ 14000 ജീവനക്കാരില്‍ പകുതിപ്പേരെയും പറഞ്ഞു വിടും എന്ന ധാരണയിലാണ് അവര്‍ ഈ ഏറ്റെടുക്കലിന് തയ്യാറായത്.

അമേരിക്കയിലെ ഏറ്റവും പ്രധാനപ്പെട്ട ആഗോളബാങ്കായ സിററി ബാങ്ക് കടുത്ത പ്രതിസന്ധിയിലകപ്പെട്ടിരിക്കുന്നു. അമേരിക്കയിലെ 20 ശാഖകള്‍ അടച്ചു പൂട്ടാനും 5 ശാഖകള്‍ മറ്റൊരു ബാങ്കിന് വില്‍ക്കാനും തീരുമാനമെടുത്തിരിക്കുന്നു. ക്രെഡിറ്റ് കാര്‍ഡ് ബിസിനസ്സ് മറ്റൊരു സബ്‌സിഡിയറിക്ക് കീഴില്‍ ആക്കാന്‍ അവര്‍ നീക്കം നടത്തിക്കൊണ്ടിരിക്കുന്നു. 2007 ല്‍ മാത്രം അവര്‍ എഴുതിത്തളളിയ കിട്ടാക്കടം 21.1 ബില്യണ്‍ ഡോളര്‍ (84,400 കോടി രൂപ) വരും. സിറ്റിബാങ്കിന്റെ 2007-08 സാമ്പത്തിക വര്‍ഷത്തിന്റെ ബാലന്‍സ്‌ഷീറ്റ് പുറത്തു വരുമ്പോഴേ ഈ നടപടികകള്‍ എത്ര നഷ്ടമുണ്ടാക്കി എന്ന് അറിയാനാവൂ.

പ്രതിസന്ധികൂടുതല്‍ രാജ്യങ്ങളിലേക്ക്

ഈ സാമ്പത്തിക പ്രതിസന്ധി അമേരിക്കയില്‍ മാത്രം ഒതുങ്ങി നിന്നില്ല. അത് ബ്രിട്ടനിലേക്കും മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വ്യാപിച്ചു. ബ്രിട്ടീഷ് ബാങ്കായ H.S.B.C ഈ വര്‍ഷം 17 ബില്യണ്‍ ഡോളര്‍ നഷ്ടത്തിലായിത്തീര്‍ന്നു. ബ്രിട്ടനിലെ മറ്റൊരു വലിയ ബാങ്കായ നോര്‍ത്തേണ്‍ റോക്ക് പ്രതിസന്ധിമൂലം അടച്ചു പൂട്ടലിന്റെ വക്കോളമെത്തി. ഇടപാടുകാര്‍ വന്‍തോതില്‍ പണം പിന്‍വലിച്ചതോടെ അത് തകരുമെന്നുറപ്പായി. അതോടെ ഇംഗ്ളണ്ടിലെ കേന്ദ്രബാങ്കായ ബാങ്ക് ഓഫ് ഇംഗ്ളണ്ട് ഇടപെടുകയും മറ്റു ബാങ്കുകളെ കൊണ്ട് ഈ ബാങ്കിനെ രക്ഷപെടുത്താന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ ഫലമുണ്ടായില്ല. ഒടുവില്‍ ബ്രിട്ടീഷ് ഭരണാധികാരികള്‍ക്ക് ഈ ബാങ്കിനെ ദേശവല്‍ക്കരിക്കേണ്ടി വന്നു. താച്ചറിസത്തിന്റെ നാട്ടില്‍ നോര്‍ത്തേണ്‍ റോക്കിനെ രക്ഷപെടുത്താന്‍ ഭരണകൂടത്തിന് ഇടപെടേണ്ടിവന്നു.

സബ് പ്രൈം പ്രതിസന്ധികളുടെ ഏറ്റവും വലിയ തിരിച്ചടിയുണ്ടായത് സ്വിസ് ബാങ്കായ UBS നാണ് 2007 ല്‍ 19 ബില്യണ്‍ ഡോളറിന്റെ (76000 കോടി രൂപ) കിട്ടാക്കടമാണ് അവര്‍ എഴുതിത്തളളിയത്. ഇതോടെ സമീപകാലത്ത് അവര്‍ എഴുതിത്തളളിയത കിട്ടാക്കടം ഏതാണ് 37 ബില്യണ്‍ ഡോളര്‍വരും. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഈ ബാങ്ക് 4.4 ബില്യണ്‍ സ്വിസ് ഫ്രാങ്ക് നഷ്ടം കാണിച്ചു. ജര്‍മ്മന്‍ ബാങ്കായ Deutsche Bank കഴിഞ്ഞവര്‍ഷം ഏതാണ്ട് നാലു ബില്യണ്‍ ഡോളറിന്റെ കിട്ടാക്കടമാണ് എഴുതിത്തളളിയത്.

യൂറോപ്യന്‍ ബാങ്കുകള്‍ക്ക് പിന്നാലെ ഏഷ്യന്‍ ബാങ്കുകളെയും ഈ പ്രതിസന്ധി ബാധിച്ചു. ഡെറിവേറ്റീവുകളില്‍ വന്‍തോതില്‍ നിക്ഷേപിച്ച ജാപ്പനീസ് ബാങ്കുകള്‍ക്കാണ് ഏറെ കൈ പൊളളിയത്. ജപ്പാനിലെ രണ്ടാമത്തെ വലിയ ബാങ്കായ മിസുഹോ ബാങ്കിന് ഈ ഇടപാടില്‍ ഏകദേശം 5.5. ബില്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടായി. ഇത്തവണ ഈ ബാങ്കിന്റെ ലാഭം പകുതി കണ്ടു കുറയാനാണ് സാധ്യത. ജാപ്പനീസ് ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ് ഏജന്‍സി ജപ്പാന്‍ ബാങ്കുകള്‍ക്ക് കുറഞ്ഞത് 15 ബില്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടാകുമെന്ന് കണക്കാക്കിയിരിക്കുന്നു. ബാങ്ക് ഓഫ് ചൈന ഏകദേശം 5 ബില്യണ്‍ ഡോളറിന്റെ സബ് പ്രൈം സെക്യൂരിറ്റികള്‍ വാങ്ങികൂട്ടിയിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ ബാലന്‍സ് ഷീറ്റുകള്‍ പുറത്തു വരുമ്പോഴേ ഇതിന്റെ ആഘാതം എത്രമാത്രമുണ്ടെന്ന് നമുക്ക് മനസ്സിലാക്കാനാകൂ.

സബ്പ്രൈം പ്രതിസന്ധിയുടെ ഭാഗമായി ഇന്ത്യന്‍ ബാങ്കുകള്‍ക്ക് 68000 കോടി രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കപ്പെടുന്നു. ഏറ്റവും വലിയ ആഘാതമുണ്ടായത് ICICI ബാങ്കിനാണ്. ഇത്തവണ ലാഭം അഞ്ചിലൊന്നു കണ്ട് കുറയുമെന്ന് ICICI വക്താക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഭരണകൂട ഇടപെടല്‍ അനിവാര്യം

ഈ പ്രതിസന്ധിയില്‍ നിന്ന് അമേരിക്കന്‍ ബാങ്കുകളെ രക്ഷപ്പെടുത്താനായി ബുഷ് ഭരണകൂടം 15000 കോടി രൂപ ചിലവഴിച്ചിരുന്നു. എന്നാല്‍ ഇതുകൊണ്ടൊന്നും അവിടത്തെ ബാങ്കുകള്‍ രക്ഷപെട്ടില്ല. ഇപ്പോള്‍ വീണ്ടും അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ്വ് 6 ലക്ഷം കോടി രൂപയുടെ ഒരു അടിയന്തിര പാക്കേജിന് രൂപം കൊടുത്തിരിക്കുന്നു. മോര്‍ട്ട്ഗേജ് കമ്പനികളുടെയും ബാങ്കുകളുടെയും പക്കലുളള കടപത്രങ്ങളും ബോണ്ടുകളും സെക്യൂരിറ്റിയായി വാങ്ങികൊണ്ട് അവക്ക് പുനര്‍വായ്പ നല്‍കാനുളള ബൃഹദ്പദ്ധതിക്കാണ് ഫെഡറല്‍ റിസര്‍വ്വ് രൂപം കൊടുത്തിട്ടുളളതെന്ന് അതിന്റെ തലവന്‍ ബെന്‍ ബെര്‍ണാങ്കോ ഈയിടെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ഇതിനു പുറമേ ചൈനയുടേയും അറേബ്യന്‍ രാജ്യങ്ങളുടെയും ഭരണകൂടങ്ങള്‍ രൂപം കൊടുത്തിട്ടുളള 'സോവറീന്‍ വെല്‍ത്ത് ഫണ്ടുകള്‍' അമേരിക്കന്‍ ബാങ്കുകളിലും യൂറോപ്യന്‍ ബാങ്കുകളിലും വന്‍തോതില്‍ മൂലധന നിക്ഷേപം നടത്തിയിരിക്കുന്നു. ഇതിന്റെ ഫലമായിട്ടാണ് ഈ ബാങ്കുകള്‍ തല്‍ക്കാലം പിടിച്ചു നില്‍ക്കുന്നത്.

ഏറ്റവും അവസാനമായി സാക്ഷാല്‍ ലോകബാങ്കും നാണയ നിധിയും തന്നെ അമേരിക്കന്‍ ബാങ്കുകളുടെ രക്ഷക്കെത്തിയിരിക്കുന്നു. നാണയനിധി തലവന്‍ ഡൊമനിക് സ്‌ടോള്‍സുഖാന്‍ ലോകരാഷ്ട്രങ്ങളോട് സബ്പ്രൈം പ്രതിസന്ധി പരിഹരിക്കാനാവുന്നതൊക്കെ ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ചിരിക്കുന്നു. ലോകരാഷ്ട്രങ്ങളിലെ ധനമന്ത്രിമാരുടെയും കേന്ദ്രബാങ്ക് ഗവര്‍ണര്‍മാരുടെയും ഒരു യോഗം ഉടനെ വിളിച്ചു ചേര്‍ക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.

ഇതെല്ലാം വിരല്‍ചൂണ്ടുന്നത് സ്വതന്ത്രവിപണി സങ്കല്‍പത്തിന്റെയും നവലിബറല്‍ നയങ്ങളുടെയും പരാജയത്തിലേക്കാണ്. ഈ നയങ്ങളുടെ പ്രചാരകരായിരുന്ന ലോകബാങ്കും, നാണയ നിധിയും ലോകജനതയോടു തന്നെ മാപ്പു പറയേണ്ടതുണ്ട്.

രണ്ടാംലോക മഹായുദ്ധത്തിന് ശേഷം ചുരുങ്ങിയത് പത്തു തവണയെങ്കിലും മുതലാളിത്തം ഇത്തരത്തില്‍ പ്രതിസന്ധിയിലകപ്പെട്ടിട്ടുണ്ട്. അപ്പോഴൊക്കെ തങ്ങളുടെ പ്രതിസന്ധി ലോകത്തിനുമേല്‍ കെട്ടിവെച്ചു കൊണ്ടാണ് അവര്‍ കരകയറിയിട്ടുളളത്. ലോകത്ത് മറ്റൊരു യുദ്ധം ആസന്നമായിരിക്കുന്നുവെന്ന് നാം കരുതേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍ അമേരിക്ക തകര്‍ന്നടിയും.

-ശ്രീ. സജി വര്‍ഗീസ്

കലാകാരന്റെ മസ്തിഷ്കത്തില്‍ സംഭവിക്കുന്നത്

സാന്തിയാഗോയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ സെന്റര്‍ ഫോര്‍ ബ്രയിന്‍ ആന്‍ഡ് കോഗ്നിഷന്‍ ഡയറക്ടറും സൈക്കോളജി ആന്‍ഡ് ന്യൂറോ സയന്‍സസ് വകുപ്പിലെ പ്രൊഫസറുമാണ് ഡോ. വിളയന്നൂര്‍ രാമചന്ദ്രന്‍ എന്നറിയപ്പെടുന്ന ഡോ. വി എസ് രാമചന്ദ്രന്‍. അച്ഛന്‍ പാലക്കാട്ടുകാരനാണ്. ജനനം ചെന്നൈയില്‍. ഭരണഘടനാ ശില്‍പ്പികളിലൊരാളായ അല്ലാഡി കൃഷ്ണസ്വാമി അയ്യങ്കാരുടെ കൊച്ചുമകനാണ്. ചെന്നൈയിലെ സ്റ്റാന്‍ലി മെഡിക്കല്‍ കോളേജില്‍നിന്ന് എംഡി നേടി. കേംബ്രിഡ്ജ് ട്രിനിറ്റി കോളേജില്‍നിന്ന് പിഎച്ച്ഡി എടുത്തു. സാധാരണക്കാര്‍ക്കും മനസ്സിലാകുന്ന രീതിയില്‍ 'ഫാന്റംസ് ഇന്‍ ദ ബ്രയിന്‍' 'എമര്‍ജിങ് മൈന്‍ഡ്' എന്നീ പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. 'എന്‍സൈക്ളോപ്പീഡിയ ഓഫ് ഹ്യൂമന്‍ ബിഹേവിയറി'ന്റെ എഡിറ്റര്‍ ഇന്‍ ചീഫാണ്. ന്യൂസ് വീക് മാഗസിന്‍ അടുത്ത നൂറ്റാണ്ടില്‍ ശ്രദ്ധിക്കപ്പെടുന്ന നൂറു പേരില്‍ ഒരാളായി ഈ അമ്പത്തേഴുകാരനെ തെരഞ്ഞെടുത്തിട്ടുണ്ട്.

പത്മഭൂഷണ്‍ ജേതാവായ ഡോ. രാമചന്ദ്രന്‍ കഴിഞ്ഞദിവസം തിരുവനന്തപുരത്ത് എകെജി ഹാളില്‍ ഡോക്ടര്‍മാരും കലാകാരന്മാരും പണ്ഡിതരും വിദ്യാര്‍ഥികളും അടങ്ങുന്ന നിറഞ്ഞ സദസ്സുമായി തന്റെ കാഴ്ചപ്പാടുകള്‍ പങ്കിട്ടു. അതിന്റെ സംക്ഷിപ്തം.

ശാസ്ത്രത്തെ ഒരു വശത്തും കല, തത്വശാസ്ത്രം, മാനവികശാസ്ത്രം എന്നിവയെ മറുവശത്തും നിര്‍ത്തുന്നതു ശരിയല്ലെന്നാണ് ഡോ. വി എസ് രാമചന്ദ്രന്‍ പറയുന്നത്. ചിത്രം വരയ്ക്കുമ്പോഴോ ശില്‍പ്പമുണ്ടാക്കുമ്പോഴോ കലാകാരന്റെ മസ്തിഷ്കത്തില്‍ സംഭവിക്കുന്നത് എന്താണ്? കാഴ്ചക്കാരനെ ഒരു പ്രത്യേക അനുഭൂതി തോന്നത്തക്കവിധത്തില്‍ ഒരു ചിത്രം ഉണ്ടാകുന്നത് എങ്ങനെയാണ്? സംവേദനത്തിന്റെ വ്യാകരണം കണ്ടുപിടിച്ച് അതിനെ ഉദ്ദീപിപ്പിക്കുകയാണ് കലാകാരന്‍ ചെയ്യുന്നത്.

മഞ്ഞ കൊക്കില്‍ ചുവന്ന പുള്ളിയുള്ള കടല്‍ക്കാക്കയുടെ കുഞ്ഞ് ഈ കൊക്കു കാണുമ്പോള്‍ സന്തോഷത്തോടെ ഭക്ഷണത്തിനു വായ പൊളിക്കത്തക്ക രീതിയിലാണ് മസ്തിഷ്കത്തിന്റെ രൂപകല്‍പ്പന. എന്നാല്‍ കൊക്കിനുപകരം ഒരു മഞ്ഞക്കുഴലില്‍ മൂന്നു ചുവന്ന വരകള്‍ ഇട്ട് കാണിച്ചാല്‍ അത് അത്യധികം സന്തോഷത്തോടെ പ്രതികരിക്കും. ഇതുതന്നെയാണ് കലാസ്വാദനത്തിന്റെ കാര്യത്തിലും സംഭവിക്കുന്നത്. ഈ കടല്‍ക്കാക്കകള്‍ ഒരു ആര്‍ട്ഗ്യാലറി തുടങ്ങിയാല്‍ മഞ്ഞക്കുഴലില്‍ മൂന്നു ചുവന്ന വരകളുള്ള ചിത്രങ്ങളാകും പ്രദര്‍ശിപ്പിക്കുക. വലിയ വില കൊടുത്ത് ഇതേ പക്ഷികള്‍ വാങ്ങുകയും അതിനെ പ്രകീര്‍ത്തിക്കുകയും ചെയ്യും.

വെങ്കലശില്‍പം

ചോളസാമ്രാജ്യകാലത്തെ വെങ്കലശില്‍പ്പങ്ങള്‍ കാണിച്ചുകൊണ്ട് ഡോ. വി എസ് രാമചന്ദ്രന്‍ പറഞ്ഞു. പാശ്ചാത്യകലയില്‍ റിയലിസം മുന്‍പന്തിയില്‍ നിന്ന കാലത്ത് ചോളസാമ്രാജ്യകാലത്തെ ചില വെങ്കലശില്‍പ്പങ്ങള്‍ കണ്ട് ബ്രിട്ടീഷുകാര്‍ അത്ഭുതംകൂറിയിട്ടുണ്ട്. ഇത്ര വലിയ സ്തനങ്ങളോ? ഇത്രയും ഒതുങ്ങിയ അരക്കെട്ടോ, അങ്ങനെയങ്ങനെ. എന്നാല്‍ ശരീരശാസ്ത്രപ്രകാരം ശരിയായില്ലെങ്കിലും അല്‍പ്പം അതിഭാവുകത്വം കാണിക്കല്‍തന്നെയാണ് കലയുടെ ശക്തി. പാര്‍വതിയെയും മറ്റു ദേവിമാരെയും ചിത്രീകരിക്കുന്നത് ശരാശരി സ്ത്രീരൂപഭാവങ്ങളില്‍ നിന്ന് ശരാശരി പുരുഷരൂപം കുറച്ച് സ്ത്രീഭാവത്തെ പെരുപ്പിച്ചു കാണിക്കുമ്പോഴാണ് അത് യഥാര്‍ഥ സ്ത്രീയേക്കാള്‍ കൂടുതല്‍ സ്ത്രീത്വമുള്ളതായി തോന്നുക.

കാണുന്നത് അതുപോലെ ചിത്രീകരിക്കുന്നതല്ല കല. 'സത്യം വെളിപ്പെടുത്തുന്ന നുണയാണ് കല'യെന്ന് വിഖ്യാത ചിത്രകാരന്‍ പിക്കാസോ പറഞ്ഞിട്ടുണ്ട്. അമേരിക്കന്‍ മുന്‍ പ്രസിഡന്റ് റിച്ചാര്‍ഡ് നിക്സന്റെ കാരിക്കേച്ചര്‍ വരയ്ക്കുമ്പോള്‍ അദ്ദേഹത്തിന്റെ മൂക്ക് വലുതാക്കിയാണ് വരയ്ക്കുക. കാരിക്കേച്ചര്‍ യഥാര്‍ഥ നിക്സനേക്കാള്‍ കൂടുതല്‍ നിക്സനെ ഓര്‍മിപ്പിക്കുന്നു. നിറങ്ങളും എല്ലാ പൂര്‍ണതയുമുള്ള ഒരു ഫോട്ടോ കാണുമ്പോള്‍ ഉണ്ടാകുന്നതേക്കാള്‍ മനുഷ്യനെ ആഹ്ളാദിപ്പിക്കാന്‍ ഈ കാരിക്കേച്ചറുകള്‍ക്കും പെയിന്റിങ്ങിനുമൊക്കെ കഴിയുന്നത് അതുകൊണ്ടാണ്. മൂക്കോ കഷണ്ടിയോ ഒക്കെ പെരുപ്പിച്ചു കാണിച്ചാല്‍ ഒരാളുടെ കാരിക്കേച്ചറായി. ഈ പെരുപ്പിക്കല്‍ കൂടിപ്പോയാല്‍ അതൊരു കോമാളിയുടെ ചിത്രമാകുമെന്നും രാമചന്ദ്രന്‍ പറയുന്നു.

നൂറില്‍ ഒന്നോ രണ്ടോ പേര്‍ക്ക് ചില അക്കങ്ങള്‍ക്കും ശബ്ദങ്ങള്‍ക്കുമൊക്കെ നിറങ്ങളുണ്ടെന്നു തോന്നും. രണ്ട് എന്ന അക്കത്തിന് അവര്‍ക്ക് പച്ച നിറമാകാം, അഞ്ചിന് ചുവപ്പായും തോന്നാം. ഇതിനെ 'സിനസ്തേഷ്യ' എന്നാണ് വിളിക്കുന്നത്. കവികളിലും കലാകാരന്മാര്‍ക്കുമിടയില്‍ സിനസ്തേഷ്യ ഉള്ളവര്‍ പല മടങ്ങ് കൂടുതലാണ്. തലച്ചോറില്‍ നിറം തിരിച്ചറിയുന്ന കേന്ദ്രവും അക്കത്തിന്റെ രൂപം തിരിച്ചറിയുന്ന കേന്ദ്രവും അടുത്തടുത്താണ്. സിനസ്തേഷ്യ ഉള്ളവരില്‍ ഈ കേന്ദ്രങ്ങള്‍ തമ്മില്‍ കൂടുതല്‍ ബന്ധിപ്പിച്ചിരിക്കുന്നതായി ശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. ഇതുപോലെ മസ്തിഷ്കത്തിലെ സംവേദനത്തിന്റെ പല കേന്ദ്രങ്ങളും തമ്മില്‍ സാധാരണയില്‍ കവിഞ്ഞ പരസ്പരബന്ധമുള്ളതുകൊണ്ടാകാം ഒന്നിനെ പ്രത്യക്ഷത്തില്‍ ഒരു ബന്ധവുമില്ലാത്ത മറ്റൊന്നുമായി ബന്ധിപ്പിച്ച് മനോഹരങ്ങളായ രൂപകങ്ങള്‍ ഉണ്ടാക്കാന്‍ കലാകാരന്മാര്‍ക്ക് കഴിയുന്നത്. ഷേക്സ്പിയര്‍ റോമിയോ ആന്‍ഡ് ജൂലിയറ്റില്‍ 'ജൂലിയറ്റ് സൂര്യനാണ്' എന്ന് പറയുന്നത് ഇതുകൊണ്ടാണ്. ജൂലിയറ്റിനെ സൂര്യനായിത്തന്നെയാണ് ഷേക്സ്പിയര്‍ കാണുന്നത്. കുറഞ്ഞ തോതിലാണെങ്കിലും ഇത്തരം കഴിവ് ഉള്ളതുകൊണ്ടാണ് നമുക്കും കല ആസ്വദിക്കാന്‍ കഴിയുന്നത്.

കുതിരയുടെ ചിത്രം

മസ്തിഷ്കത്തിന് ഒരു സമയത്ത് ഒരു പ്രവൃത്തിയില്‍ മാത്രമേ ശ്രദ്ധിക്കാന്‍ കഴിയൂ. ഒരു ഫോട്ടോയിലെ ഒരുപാട് വിശദാംശങ്ങള്‍ പലപ്പോഴും ശ്രദ്ധ തിരിച്ചുവിടുകയാണ് ചെയ്യുന്നത്. അതിനു പകരം ഒരു രൂപത്തിന്റെ സത്തയെ വെളിപ്പെടുത്തുന്ന ഏറ്റവും കുറച്ചു വരകള്‍ കൊണ്ടുള്ള ഒരു ചിത്രം കൂടുതല്‍ സംവേദനക്ഷമമാകുകയും ചെയ്യുന്നു.

കുറച്ചാണ് കൂടുതല്‍ (ലെസ് ഈസ് മോര്‍) എന്ന കലയിലെ തത്വത്തിന്റെ അടിസ്ഥാനം ഇതാണ്. ഓട്ടിസവും ബുദ്ധിമാന്ദ്യവുമുള്ള നദിയ എന്ന ഏഴു വയസ്സുകാരിക്ക് കുറച്ചു വരകള്‍ ഉപയോഗിച്ചു മനോഹരമായി ചിത്രം വരയ്ക്കാന്‍ കഴിയും. അവളുടെ തലച്ചോറിന്റെ വലതുവശത്തുള്ള കലാപരമായ അനുപാതങ്ങളുടെ കേന്ദ്രം പ്രവര്‍ത്തനക്ഷമമാണ്. പക്ഷേ ഓട്ടിസം എന്ന രോഗംമൂലം തലച്ചോറിന്റെ പ്രധാനപ്പെട്ട പല പ്രവര്‍ത്തനങ്ങളും അവള്‍ക്ക് നഷ്ടപ്പെട്ടിരിക്കുന്നു. അതിനാല്‍ ശ്രദ്ധ മുഴുവന്‍ മസ്തിഷ്കത്തിന്റെ ഈ പ്രവര്‍ത്തനത്തില്‍ കേന്ദ്രീകരിക്കാന്‍ അവള്‍ക്കു കഴിയുന്നു. അവള്‍ വരച്ച കുതിരയുടെ ചിത്രം ഡാവിഞ്ചി വരച്ച കുതിരയുടെ ചിത്രത്തേക്കാള്‍ മനോഹരമായി തോന്നുന്നത് അതുകൊണ്ടാണെന്ന് ഉദാഹരണസഹിതം രാമചന്ദ്രന്‍ സമര്‍ഥിക്കുന്നു.

-തയ്യാറാക്കിയത് ലേഖ എസ് കുമാര്‍, കടപ്പാട്: ദേശാഭിമാനി വാരാന്തപ്പതിപ്പ്

Sunday, April 20, 2008

കവിതയുടെ കാലങ്ങള്‍

കവിത ഇന്നലെ
കണ്ണുനീരായിരുന്നു
തുള്ളിതുള്ളിയായി വീണ്
അതു കടലാസിനെ
വിരല്‍ത്തുമ്പുകളെ നനച്ചു!

കവിത ഇന്നലെ
നറു നിലാവായിരുന്നു
ശൃംഗാരമായിരുന്നു
അതു പുല്‍‌കിപ്പുല്‍‌കി
ആസ്വാദകരെ ഉറക്കി!
രാഗങ്ങളായി
യുവതയിലാവേശിച്ചു!

ദര്‍ശനമായി
പ്രാര്‍ത്ഥനയായി
പ്രകാശദ്വീപുകളായി
ആഹ്വാനങ്ങളായി
ചിന്തകള്‍ക്ക് തീയിട്ടു,
കറുകറുത്ത മുടിയിഴകള്‍
‍വെളുത്തു വെളുത്തു
നരച്ചുകൊഴിഞ്ഞു !

കവിത ഇന്നലെ
ആഴ്ചപ്പതിപ്പുകള്‍ക്ക്
തിരുവാഭരണം പോലെ
ആരും തൊടാതെ
ആരാലും വായിക്കപ്പെടാതെ
ആരാധിക്കപ്പെട്ട് ......

കവിത ഇന്ന്
എറിയപ്പെടുന്ന കല്ല്
ഇരുളിനു നേരെ
തെളിക്കപ്പെട്ട പ്രകാശനാളം
ആര്‍ക്കും മനസ്സിലാകാത്ത
അക്ഷരങ്ങളുടെ ആരണ്യാന്തരം,

ഉള്ളില്‍ തിളച്ചുമറിഞ്ഞ്
പൊട്ടാറായ അഗ്നിപര്‍വതം........
കവിതകളുടെ
വയറുകീറിനോക്കാന്‍
വിമര്‍ശകരും
വിപ്ലവകാരികളും നിര്‍മ്മിക്കുന്ന
ശസ്ത്രക്രിയാലയങ്ങള്‍....

ഇന്ന്
കവികളെല്ലാം
മഹാകവികള്‍
യുവകവികള്‍
സവര്‍ണ്ണ അവര്‍ണ്ണ കവികള്‍
കവയത്രികള്‍

കവിതകള്‍ നാളെ
ഓര്‍മ്മ മാത്രമായ-
നദികളായേക്കാം
ഖനനം ചെയ്യപ്പെട്ട
സുരഭില തീരങ്ങളായേക്കാം
ഭ്രാന്തു പിടിച്ചു ചത്ത
പശുക്കുട്ടികളായേക്കാം
മാലയില്‍ കുരുങ്ങാത്ത
അക്ഷരങ്ങളും
ആശയങ്ങളുമായേക്കാം

കവിത ഇന്നലെ
ഇന്ന്.... നാളെ...!

-ശ്രീ.എസ്.രമേശന്‍

കടപ്പാട്: പുസ്തകവിചാരം, ഏപ്രില്‍ 2008

Saturday, April 19, 2008

“ജൈവ ഇന്ധനം” ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍

‘ജൈവ ഇന്ധന’ത്തിന്റെ കൂടിവരുന്ന ഉല്പാദനവും ഉപയോഗവും നാനാതരം ചോദ്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണ്. ജൈവ ഇന്ധനം (Bio fuels) മനുഷ്യരാശിക്കെതിരായ ഏറ്റവും വലിയ ഒരു കുറ്റകൃത്യം (Crime against humanity) ആണന്നാണ് യു.എന്‍. ഭക്ഷ്യവകുപ്പിലെ റാപ്പോര്‍ട്ടിയറായ ജീന്‍ സീഗ്ളര്‍ പറയുന്നത്.

ജൈവ ഇന്ധനവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ പ്രധാനമായി ഉയര്‍ന്നുവരുന്ന ചോദ്യങ്ങള്‍ ഇവയാണ്. ജൈവ ഇന്ധനത്തില്‍ നിന്നും അതുല്പാദിപ്പിക്കാന്‍ ആവശ്യകമായി വരുന്ന ഊര്‍ജ്ജത്തിനേക്കാള്‍ കൂടുതല്‍ ഊര്‍ജ്ജം ലഭിക്കുമോ? മെയ്‌സും, ചോളവും, കരിമ്പും മറ്റും ജൈവ ഇന്ധനം ഉല്പാദിപ്പിക്കുന്നതിനായി മാറ്റുമ്പോള്‍ അത് ഭക്ഷ്യലഭ്യതയേയും, ഭക്ഷ്യവസ്തുക്കളുടെ വിലയേയും എങ്ങനെ ബാധിക്കും? പരമ്പരാഗത ഊര്‍ജ്ജ ഉല്പാദന വസ്തുക്കളായ പെട്രോളിനും, ഡീസലിനും, കല്ക്കരിക്കും പകരം അത്രയധികം അളവില്‍ ജൈവഇന്ധനം ഉല്പാദിപ്പിക്കാന്‍ ആവശ്യമായ കൃഷി നടത്താന്‍ സാധിക്കുന്ന തരത്തില്‍ ഭൂമിയില്‍ ജലം ലഭ്യമാണോ? ജൈവ ഇന്ധനത്തില്‍ നിന്നും ഉല്പാദിപ്പിക്കപ്പെടുന്ന ഹരിതക വാതകത്തിന്റെ അളവ് മറ്റ് ഇന്ധനങ്ങളെ അപേക്ഷിച്ച് കൂടുതലാ‍ായിരിക്കുമോ കുറവായിരിക്കുമോ? അത് പരിസ്ഥിതിയെ എങ്ങനെ ബാധിക്കും? ജൈവ ഇന്ധന ഉല്പാദനം ദരിദ്ര ജനവിഭാഗങ്ങളേയും, തദ്ദേശ വാസികളേയും (Indigenous people) എങ്ങനെ ബാധിക്കും? ജൈവ ഇന്ധനം സാമ്പത്തികമായി ലാഭകരമാണോ? ജൈവ ഇന്ധന ഉല്പാദനം മണ്ണിന്റെ വളക്കൂറിനേയും, വനസമ്പത്തിനേയും പ്രകൃതിയേയും എങ്ങനെ ബാധിക്കും?

മേല്‍ ഉന്നയിക്കപ്പെട്ട ചോദ്യങ്ങള്‍ക്ക് വളരെ വിശദമായ ഉത്തരങ്ങള്‍ നല്കാന്‍ ഈയൊരു കുറിപ്പിലൂടെ കഴിയില്ല. എന്നാല്‍ ചില സൂചനകള്‍ നല്കാന്‍ സാധിക്കും. അതിനു മുന്‍പായി നമുക്ക് ‘ജൈവ ഇന്ധനം’ എന്നാല്‍ എന്താണ് എന്നു നോക്കാം.

ജൈവ വസ്തുക്കളില്‍ നിന്നും ഉല്പാദിപ്പിക്കപ്പെടുന്ന ഇന്ധനത്തെയാണ് ജൈവ ഇന്ധനം എന്നു വിളിക്കുന്നത്. ഇതിനുപയോഗിക്കുന്ന ജൈവ വസ്തുക്കള്‍ കച്ചി, മരം, മരത്തിന്റെ അവശിഷ്ടങ്ങള്‍, ചപ്പുചവറുകള്‍ തുടങ്ങി ഗോതമ്പ്, മെയ്‌സ് ചോളം, കരിമ്പ് തുടങ്ങിയ ഭക്ഷ്യവസ്തുക്കളും ഒക്കെയാവാം. പഞ്ചസാരയും (sugar) അന്നജവും (starch) കൂടിയ അളവില്‍ അടങ്ങിയ വസ്തുക്കളാണ് ഇന്ധനം ഉല്പാദിപ്പിക്കാന്‍ കൂടുതല്‍ ഉപയുക്തം. ഇപ്പോള്‍ പൊതുവായി ഉപയോഗിക്കുന്ന ജൈവ ഇന്ധനത്തിന്റെ പ്രധാന ഘടകം എഥനോള്‍ (Ethanol) ആണ്.

ഇനി നമുക്ക് ജൈവ ഇന്ധനത്തില്‍ നിന്നും അതുല്പാദിപ്പിക്കാന്‍ ആവശ്യമായി വരുന്ന ഊര്‍ജ്ജത്തിത്തിനേക്കള്‍ കൂടുതല്‍ ഊര്‍ജ്ജം ലഭിക്കുമോ എന്നു പരിശോധിക്കാം. എന്തു തരം ഊര്‍ജ്ജം ആണെങ്കിലും അതുല്പാദിപ്പിക്കാന്‍ ഊര്‍ജ്ജം ആവശ്യമാണ്. നല്ലതരം ഇന്ധനം അതുല്പാദിപ്പിക്കാന്‍ ആവശ്യകമായതിലും കൂടുതല്‍ ഊര്‍ജ്ജം പ്രദാനം ചെയ്യും. ഒരു ഇന്ധനത്തില്‍ നിന്നും ലഭിക്കുന്ന ഊര്‍ജ്ജത്തിന്റെ അളവില്‍ നിന്നും അതുല്പാദിപ്പിക്കാന്‍ ആവശ്യകമായി വരുന്ന ഊര്‍ജ്ജത്തെ കുറച്ചാല്‍ കിട്ടുന്നതാണ് ‘മിച്ച ഊര്‍ജ്ജം’ എന്നു പറയാം. പെട്രോളിന്റെയും ഡീസലിന്റെയും ഇപ്പോഴത്തെ മിച്ച ഊര്‍ജ്ജ അനുപാതം ഏകദേശം 20:1 ആണ്. മിച്ച ഊര്‍ജ്ജ അനുപാതം 10:1ല്‍ കൂടുതലായിരുന്നാലെ അത് ഒരു നല്ല ഇന്ധനമാണന്നു പറയാന്‍ കഴിയൂ എന്നാണ് ഊര്‍ജ്ജരംഗത്തെ വിദഗ്ദ്ധര്‍ പറയുന്നത്. ജൈവ ഇന്ധനത്തിന്റെ പ്രത്യേകിച്ച് എഥനോളിന്റെ മിച്ച ഊര്‍ജ്ജ അനുപാതം നെഗറ്റീവാണന്നാണ് പല വിദഗ്ദ്ധരുടേയും അഭിപ്രായം. ജൈവഊര്‍ജ്ജത്തിന് അനുകൂലമായി വാദിക്കുന്നവര്‍തന്നെ പറയുന്നത് കൂടിയാല്‍ അത് 4:1 എന്നാണ്. അതായത് ജൈവ ഇന്ധനം ഒരുതരത്തിലും നല്ല ഒരു ഊര്‍ജ്ജോല്പാദക വസ്തുവല്ല . ഇപ്പോള്‍ അമേരിക്കയില്‍ മൊത്തം ധാന്യ ഉല്പാദനത്തിന്റെ 18% ഉപയോഗിച്ച് 4.5 ബില്യന്‍ ഗ്യാലന്‍ എഥനോള്‍ ഉല്പാദിപ്പിക്കുന്നുണ്ട് എന്നാണ് ഒരു കണക്ക്. ഇത് ഏകദേശം ഇപ്പോഴത്തെ പെട്രോള്‍ തുടങ്ങി ഇന്ന് ഉപയോഗിക്കുന്ന ഇന്ധനത്തിന്റെ 3% മാത്രമേ ആകുന്നുള്ളു. എന്നു വച്ചാല്‍ അമേരിക്ക ഉല്പാദിപ്പിക്കുന്ന മൊത്തം ധാന്യവും എഥനോള്‍ ഉല്പാദിപ്പിക്കാന്‍ ഉപയോഗിച്ചാലും അത് ഇപ്പോഴത്തെ ഇന്ധന ഉപയോഗത്തിന്റെ 16% മാത്രമേ ഉപകരിക്കൂ എന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. അപ്പോള്‍ മനുഷ്യനും, കന്നുകാലികള്‍ക്കും, കയറ്റുമതിക്കും ഒന്നും തന്നെ ധാന്യം ബാക്കിയുണ്ടാവില്ല.

അടുത്ത പ്രശ്നം ജൈവ ഇന്ധനം ഭക്ഷ്യലഭ്യതയേയും ഭക്ഷ്യവസ്തുക്കളുടെ വിലയേയും എങ്ങനെ ബാധിക്കും എന്നതാണ്. സ്വതന്ത്രകമ്പോളത്തിന്റേയും വ്യാപാരത്തിന്റേയും വക്താക്കളായ ഐ.എം.എഫ്. തന്നെ പറയുന്നത് ഭക്ഷ്യവസ്തുക്കള്‍ ഇന്ധന ഉല്പാദനത്തിനായി ഉപയോഗിക്കുന്നത് ഭക്ഷ്യവസ്തുക്കളുടെ വില ക്രമാതീതമായി ഉയരാനും അതിന്റെ ലഭ്യത കുറയാനും കാരണമാകും എന്നാണ്. ഇപ്പോള്‍ ത്തന്നെ എഫ്.എ.ഒ യുടെ (F.A.O) കണക്കു പ്രകാരം കഴിഞ്ഞ 25 വര്‍ഷത്തിലെ ഏറ്റവും കുറഞ്ഞ ഭക്ഷ്യശേഖരമാണ് ലോകത്തുള്ളത്. ഭക്ഷ്യവസ്തുക്കളുടെ വിലയും കുതിച്ചുയര്‍ന്നുകൊണ്ടിരിക്കുകയാണ്. അരിയുടെ വില കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 20ശതമാനം ഉയര്‍ന്നു. മെയ്‌സിന്റേത് 50 ശതമാനവും ഗോതമ്പിന്റേത് 100 ശതമാനവും ഉയര്‍ന്നു. ഇത് ജൈവ ഇന്ധന ഉല്പാദനം കൊണ്ടു മാത്രമല്ല. എന്നാല്‍ അതൊരു പ്രധാന ഘടകം തന്നെയാണ്. ഭക്ഷ്യവസ്തുക്കളുടെ വില ഏറ്റവും കുറഞ്ഞിരുന്ന അവസ്ഥയില്‍പ്പോലും ലോകത്തെ മൂന്നിലൊന്നോളം ജനങ്ങള്‍ (200 കോടി ജനങ്ങള്‍) പോഷകാഹാരക്കുറവും പട്ടിണിയും നേരിട്ടുകൊണ്ടിരിക്കുകയായിരുന്നു. ഭക്ഷ്യവസ്തുക്കളുടെ ചെറിയ വില വര്‍ദ്ധനവുപോലും ദരിദ്രജനങ്ങളെ പെട്ടെന്നു ബാധിക്കും. മൂന്നാം ലോക രാജ്യങ്ങളില്‍ വരും വര്‍ഷങ്ങളില്‍ ഉണ്ടാവുന്ന ജനസംഖ്യാ വര്‍ദ്ധനവും കൂടി കണക്കിലെടുക്കുമ്പോള്‍ സ്ഥിതി കൂടുതല്‍ മോശമാകും. ഈയവസ്ഥയില്‍ കൂടുതല്‍ കൂടുതല്‍ ഭക്ഷ്യവസ്തുക്കള്‍ ഇന്ധന ഉപയോഗത്തിനായി മാറ്റിയാല്‍ ഭക്ഷ്യ ദാരിദ്ര്യം കൂടുതല്‍ കൂടുതല്‍ രൂക്ഷമാകും.

ജൈവ ഇന്ധന ഉല്പാദനത്തിന് ആവശ്യമായ കൃഷി നടത്താന്‍ സാധിക്കുന്ന തരത്തില്‍ ഭൂമിയില്‍ ജലം ലഭ്യമാണോ എന്നതാണ് മറ്റൊരു ചോദ്യം. ജലദൌര്‍ലഭ്യം ഭൂമിയില്‍ വലിയ സംഘര്‍ഷങ്ങള്‍ക്കുതന്നെ കാരണമാകാം എന്നാണ് യു.എന്‍.സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിന്റെ അഭിപ്രായം. ഭൂമിയിലെ ജലാശയങ്ങളും, ജലസ്രോതസുകളും സംരക്ഷിക്കേണ്ടത് മനുഷ്യകുലത്തിന്റെ നിലനില്പിനു വളരെ അത്യന്താപേക്ഷിതമാണ്. ലോക ജലഉപഭോഗത്തിന്റെ മൂന്നില്‍ രണ്ടും കൃഷിക്കുവേണ്ടിയാണ്. ജൈവ ഇന്ധനമായ എഥനോളിന്റെ ഉല്പാദനത്തിന് ഇപ്പോള്‍ പ്രധാനമായും ഉപയോഗിക്കുന്ന ധാന്യങ്ങളുടെ കൃഷിക്ക് വളരെയധികം ജലം ആവശ്യമാണ്. ഒരു ഗ്യാലന്‍ എഥനോള്‍ ഉല്പാദിപ്പിക്കാന്‍ 1700 ഗ്യാലന്‍ ശുദ്ധജലം ആവശ്യമാണ്. (കൃഷിക്കും, ധാന്യം ഫെര്‍മെന്റ് ചെയ്യാനും, വാറ്റി എഥനോള്‍ ഉല്പാദിപ്പിക്കാനും മൊത്തം ആവശ്യമായ ജലം) ഓരോ ഗ്യാലന്‍ എഥനോള്‍ ഉല്പാദിപ്പിക്കുമ്പോഴും 10 ഗ്യാലന്‍ മലിനജലം ഉല്പാദിപ്പിക്കപ്പെടും. ഇത് കൈകാര്യം ചെയ്യുന്നത് മറ്റൊരു വലിയൊരു പ്രശ്നമായിരിക്കുകയാണ്. ഇന്ധന ഉല്പാദനത്തിനാവശ്യമായ ധാന്യകൃഷിക്ക് ധാരാളം രാസവളവും, കീടനാശിനികളും, കളനാശിനികളും ഉപയോഗിക്കപ്പെടും ഇവ ജലസ്രോതസുകളെയാകെ മലീമസമാക്കും. ധാന്യകൃഷി മറ്റേതൊരു കൃഷിയേക്കാളും മണ്ണൊലിപ്പിനു കാരണമാകുന്നതുമാണ്. ഇതു ഭൂമിയുടെ ജല ആഗിരണ സംവിധാനങ്ങളെ കീഴ്‌മേല്‍ മറിക്കും. ഇങ്ങനെ പരിശോധിച്ചാല്‍ ജല ലഭ്യതയും ജൈവഇന്ധന ഉല്പാദനവും ചേര്‍ന്നുപോകുന്ന ഒന്നല്ല എന്നു കാണാം.

ജൈവ ഇന്ധന ഉല്പാദനം പരിസ്ഥിതിക്ക് അനുയോജ്യമോ അല്ലയോ എന്നതാണ് മറ്റൊരു പ്രശ്നം. ജൈവ ഇന്ധന ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാരുകള്‍ പറയുന്നത് ജൈവ ഇന്ധനം പെട്രോള്‍ തുടങ്ങിയ മറ്റ് ഇന്ധനങ്ങളെ അപേക്ഷിച്ച് പരിസ്ഥിതി നാശം വളരെകുറച്ചെ ഉണ്ടാക്കുന്നുള്ളൂ എന്നാണ്. ഇത് ശരിയാണോ എന്ന് പരിശോധിക്കേണ്ടതുണ്ട്. എഥനോള്‍ (ജൈവ ഇന്ധനം) കത്തുമ്പോള്‍ ഉല്പാദിപ്പിക്കപ്പെടുന്ന കാര്‍ബണ്‍ മോണോക്സൈഡിന്റെ അളവ് പെട്രോള്‍, ഡീസല്‍ തുടങ്ങിയ ഇന്ധനങ്ങള്‍ കത്തുമ്പോഴുണ്ടാകുന്നതിനേക്കാള്‍ കുറവാണ്. എന്നാല്‍, ജൈവ ഇന്ധനം കത്തുമ്പോള്‍ ഉണ്ടാകുന്ന നൈട്രസ് ഓക്സൈഡ്, അസറ്റാലഡിഹൈഡ്, പെറോക്സിലിന്‍ നൈട്രേറ്റ് തുടങ്ങിയ വാതകങ്ങളുടെ അളവ് വളരെ കൂടുതലാണ്. ഈ വാതകങ്ങള്‍ കാര്‍ബണ്‍ മോണോക്സൈഡിനെക്കാളും പരിസ്ഥിതിക്ക് കൂടുതല്‍ ദോഷകരമായവയാണ്. കൂടാതെ ജൈവ ഇന്ധന ഉല്പാദനത്തിനാവശ്യമായ കൃഷി, വിളവെടുപ്പ്, ധാന്യ സംസ്കരണം, വാറ്റല്‍ (Distilation) ഇവയെല്ലാം വളരെയധികം ഹരിതക വാതകങ്ങള്‍ ഉല്പാദിപ്പിക്കുന്നുണ്ട്. എഥനോള്‍ ഉല്പാദിപ്പിക്കുന്ന വ്യവസായ ശാലകള്‍, കല്‍ക്കരിയോ, ഗ്യാസോ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്നവയാണ്. ഈ ഘട്ടത്തിലും പരിസ്ഥിതി മലിനീകരണം നടക്കുന്നുണ്ട്. ജൈവ ഇന്ധനത്തിനാവശ്യമായ കൃഷിക്കായി, ഇന്‍ഡോനേഷ്യ, നോര്‍ത്ത് അമേരിക്ക, സൌത്ത് അമേരിക്ക തുടങ്ങിയ പ്രദേശങ്ങളിലെല്ലാം യതൊരു ലക്കും ലഗാനുമില്ലാതെ വനങ്ങള്‍ അഗ്നിക്കിരയാകപ്പെടുന്നുണ്ട്. ഇത് വനനശീകരണത്തിനും പരിസ്ഥിതി മലിനീകരണത്തിനും കാരണമാകുന്നു. ഇങ്ങനെ പരിശോധിച്ചാല്‍ ജൈവ ഇന്ധന ഉപയോഗം പെട്രോളിയം ഇന്ധനങ്ങളേക്കാള്‍ കൂടുതല്‍ പരിസ്ഥിതി നാശത്തിനു കാരണമാകുന്നു എന്ന നിഗമനത്തിലെത്താനേ കഴിയൂ.

ജൈവ ഇന്ധന ഉല്പാദനം തദ്ദേശവാസികളേയും, ദരിദ്രജനവിഭാഗങ്ങളേയും എങ്ങനെ ബാധിക്കും എന്നതാണ് മറ്റൊരു വിഷയം. ഇന്നത്തെ ലോകത്ത് ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം ഇതുവരെയില്ലാത്ത തരത്തില്‍ ഉയര്‍ന്ന ഒരവസ്ഥയിലാണ്. ലോകത്തെ രണ്ടു ശതമാനത്തോളം ആളുകള്‍ ലോകസമ്പത്തിന്റെ 50 ശതമാനവും കയ്യടക്കിയിരിക്കുകയാണ്. എന്നാല്‍ ഏറ്റവും ദരിദ്രരായ 50% ജനങ്ങള്‍ക്കാകെ ലോകസമ്പത്തിന്റെ ഒരു ശതമാനത്തിന്റെ മാത്രം ഉടമസ്ഥതയേയുള്ളൂ. ലോകബാങ്കിന്റെ ഒരു കണക്കനുസരിച്ച് ലോകത്തെ ജനങ്ങളില്‍ പകുതിയോളം പേര്‍ ഒരു ദിവസം കഴിച്ചുകൂട്ടുന്നത് രണ്ട് ഡോളറില്‍ താഴെ മാത്രം ചെലവഴിച്ചാണ്. ലോകത്ത് ഓരോ ദിവസവും 18000ത്തിലധികം കുഞ്ഞുങ്ങള്‍ ദാരിദ്ര്യവും പോഷകാഹാരക്കുറവും മൂലം മരണമടയുന്നുണ്ട്. ലോകത്തെ ദരിദ്രജനങ്ങള്‍ അവരുടെ വരുമാനത്തിന്റെ 50% മുതല്‍ 80% വരെ വരുമാനം ഭക്ഷണ ചെലവിലേക്കാണ് നീക്കിവയ്ക്കേണ്ടി വരുന്നത്. ഈയൊരു പശ്ചാത്തലത്തില്‍ വേണം ജൈവ ഇന്ധന ഉല്പാദനവും ദരിദ്ര ജനവിഭാഗങ്ങളുടെ ഭക്ഷ്യലഭ്യതയേയും, ഭക്ഷ്യവസ്തുക്കളുടെ വിലവര്‍ദ്ധനവിനെയും പരിശോധിക്കാന്‍. പല പഠനങ്ങളും കാണിക്കുന്നത് പ്രധാന ഭക്ഷ്യ വസ്തുക്കളുടെ വില ഒരു ശതമാനം ഉയര്‍ന്നാല്‍ ദരിദ്രജനങ്ങളുടെ ഭക്ഷണത്തില്‍ കലോറി കണക്കില്‍ അരശതമാനം വരെ കുറവു വരുന്നതായി കാണുന്നുണ്ട് എന്നാണ്. ഭക്ഷ്യവസ്തുക്കളുടെ വില ഇന്നത്തെ രീതിയില്‍ വര്‍ദ്ധിച്ചുകൊണ്ടിരുന്നാല്‍ 2020 ഓടുകൂടി ദരിദ്രജനങ്ങളുടെ കലോറി ലഭ്യതയില്‍ 15 മുതല്‍ 65 ശതമാനം വരെ കുറവുണ്ടാകാം. ഭക്ഷ്യവസ്തുക്കളുടെ ലഭ്യതക്കുറവും വിലവര്‍ദ്ധനയും ഈ രംഗത്തെ കുംഭകോണവും പൂഴ്ത്തിവയ്പും വീണ്ടും വര്‍ദ്ധിപ്പിക്കും. ഇതും ദരിദ്ര ജനവിഭാഗങ്ങളെ പ്രതികൂലമായി ബാധിക്കും.

ജൈവ ഇന്ധനത്തിനാവശ്യമായ കാര്‍ഷികോല്പന്നങ്ങള്‍ കൃഷി ചെയ്ത് കര്‍ഷകര്‍ക്ക് ലാഭം കൊയ്യാം എന്നു വാദിക്കുന്നവരുണ്ട്. എന്നാല്‍ ചരിത്രം കാണിക്കുന്നത് കാര്‍ഷികോല്പന്നങ്ങളുടെ വ്യവസായിക ആവശ്യം വര്‍ദ്ധിച്ചപ്പോഴൊക്കെ അതു ഗുണകരമായത് വന്‍കിട കൃഷിക്കാര്‍ക്കും കുത്തകകള്‍ക്കും മാത്രമാണന്നാണ്. ജൈവ ഇന്ധന ഉപയോഗം വര്‍ദ്ധിക്കുന്നതനുസരിച്ച് ദരിദ്ര ജനങ്ങളുടെ ദാരിദ്ര്യവും വിശപ്പും മാത്രമല്ല ഉയരുക പിന്നെയോ അവര്‍ക്ക് അവരുടെ ഭൂമിയും കിടപ്പാടവും വരെ ക്രമേണ നഷ്ടമാകും. ഗിരിവര്‍ഗ്ഗ ജനവിഭാഗങ്ങള്‍ പലതും ഇപ്പോഴും വനത്തെ ആശ്രയിച്ചാണ് ജീവിക്കുന്നത് കൂടുതല്‍ കൂടുതല്‍ വനഭൂമി കൃഷിക്കായി മാറുമ്പോള്‍ ഗിരിവര്‍ഗ്ഗ ജനവിഭാഗങ്ങള്‍ക്ക് അവരുടെ വാസസ്ഥലവും ഭക്ഷണവും, ജീവിതരീതിയും, സംസ്കാരവും എല്ലാം ഒറ്റയടിക്ക് നഷ്ടമാകുകയും അവര്‍ അനാഥരായി മാറുകയും ചെയ്യും.

ജൈവ ഇന്ധനയുല്പാദനം സാമ്പത്തികമായി ശരിയാണോ, അത് സമൂഹത്തിന് സാമ്പത്തിക പുരോഗതിക്ക് എത്ര സഹായകരമാണ് എന്നതാണ് മറ്റൊരു വിഷയം. ജൈവ ഇന്ധനത്തിന്റെ ഉല്പാദനവും ഉപയോഗവും സര്‍ക്കാര്‍ സബ്‌സിഡിയോടെ മാത്രം നടത്താന്‍ കഴിയുന്ന ഒരു പ്രക്രിയയാണ്. ബ്രസീലില്‍ ഇപ്പോള്‍ 150 ശതമാനം വരെ സബ്‌സിഡിയാണ് ജൈവ ഇന്ധന ഉപഭോക്താക്കള്‍ക്ക് നല്കുന്നത്. അമേരിക്കയില്‍ അതിലും കൂടുതലാണ്. നേരിട്ടുള്ള സബ്‌സിഡികള്‍ക്കുപുറമെ ഇതുമൂലമുണ്ടാകുന്ന പരിസ്ഥിതി പ്രശ്നങ്ങള്‍, ജലദൌര്‍ലഭ്യം, ആരോഗ്യ പ്രശ്നങ്ങള്‍, ഭക്ഷ്യവിലയില്‍ വരുന്ന വര്‍ദ്ധന, അതുമൂലം ദരിദ്രജനവിഭാഗങ്ങള്‍ക്കുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ മുതലായവയൊക്കെ കൈകാര്യം ചെയ്യാന്‍ കൃത്യമായി കണക്കാക്കാന്‍ കഴിയാത്ത തരത്തില്‍ ധാരാളം പണം സര്‍ക്കാരുകള്‍ ചെലവിടേണ്ടതായി വരും. ഇതെല്ലാം കൂടി ചേര്‍ത്താല്‍ ജൈവ ഇന്ധന ഉപയോഗം സാമ്പത്തികമായും നല്ലതായിരിക്കില്ല.

മറ്റൊരു വിഷയം, ഈ രംഗത്ത് നല്കപ്പെടുന്ന സബ്‌സിഡിയുടെ നല്ല പങ്കും കയ്യടക്കുന്നത് വന്‍ ഭക്ഷ്യ കുത്തകകളാണ് എന്നതാണ് . അമേരിക്കയില്‍ 1995 മുതല്‍ 2003 വരെയുള്ള സബ്‌സിഡി കണക്കു പരിശോധിച്ചാല്‍ കാണുന്നത് ഈ രംഗത്തെ കുത്തകകള്‍ മൊത്തം സബ്‌സിഡിയുടെ ശരാശരി 68 ശതമാനം വരെ കയ്യടക്കി എന്നാണ് ഏറ്റവും ഉയര്‍ന്ന ശ്രേണിയിലുള്ള 1% ശതമാനം പേര്‍ ശരാശരി 4,65,172 ഡോളര്‍ കയ്യടക്കിയപ്പോള്‍ 80% കര്‍ഷകര്‍ക്ക് ശരാശരി ലഭിച്ചത് വെറും 4763 ഡോളര്‍ മാത്രമാണ്. ആര്‍ചര്‍ ഡാനിയേല്‍ മിഡ്‌ലാന്റ് എന്ന ഒരൊറ്റ വന്‍ കുത്തകയാണ് സബ്സിഡിയുടെ നല്ല പങ്ക് കയ്യടക്കിയത്.

മേല്‍വിവരിച്ചതില്‍ നിന്നും ജൈവ ഇന്ധനത്തിന്റെ കൂടിവരുന്ന ഉപയോഗം മണ്ണിനും, പ്രകൃതിക്കും, ഭൂമിയിലെ ജലസമ്പത്തിനും ഒക്കെ വിനാശകരമാണന്ന് കാണാന്‍ കഴിയും. പ്രകൃതിക്കും, മനുഷ്യസമൂഹത്തിനും ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന ജൈവ ഇന്ധനം വന്‍ കുത്തകകള്‍ക്ക് സമ്പത്ത് കുന്നുകൂട്ടാനുള്ള മറ്റൊരു മാര്‍ഗ്ഗം മാത്രമാണ്.

-ശ്രീ.ജോസ് റ്റി.എബ്രഹാം

അധിക വായനയ്ക്ക്

On Biofuels and an Energy Revolution

Biofuels: At What Cost?

Biofuel production hits food security?

The Ethanol Apologists