Tuesday, December 23, 2008

യാഥാര്‍ത്ഥ്യവും ഭാവനയും

കേരളത്തിന്റെ അന്താരാഷ്‌ട്ര ചലച്ചിത്ര മേളയുടെ പതിമൂന്നാമത് പതിപ്പാണ് 2008 ഡിസംബര്‍ 12 മുതല്‍ 19 വരെ തിരുവനന്തപുരത്ത് നടന്നത്. ഐ എഫ് എഫ് കെ ക്ക് അന്താരാഷ്‌ട്ര ചലച്ചിത്രരംഗത്ത് ഈ കുറഞ്ഞ കാലത്തിനകം ലഭിച്ചിട്ടുള്ള സമ്മതി തെളിയിക്കുന്ന വിധത്തില്‍, ഏറ്റവും പുതിയ ലോകസിനിമകളില്‍ മികച്ചവയെല്ലാം തന്നെ വിവിധ വിഭാഗങ്ങളിലായി ഇവിടെ പ്രദര്‍ശിപ്പിക്കപ്പെട്ടു. മത്സരവിഭാഗത്തിലേക്ക് പ്രവേശിച്ച ചിത്രങ്ങളില്‍ ബഹുഭൂരിഭാഗവും കൂടിയ നിലവാരം പുലര്‍ത്തി എന്നത് മേളയുടെ സംഘാടകരെ സംബന്ധിച്ചിടത്തോളം ഏറെ അഭിമാനകരമാണ്. ഏഷ്യ, ആഫ്രിക്ക, ലാറ്റിനമേരിക്ക എന്നിവിടങ്ങളിലെ പ്രതിഭാശാലികളായ ചലച്ചിത്രകാരന്മാർ ഈ മേളയെ ഗൌരവത്തോടെ കാണുന്നു എന്നതിന്റെ ലക്ഷണമാണ് അവരുടെ പുതിയ സൃഷ്‌ടികള്‍ കേരള മേളയിലേക്ക് മത്സരത്തിനായി സമര്‍പ്പിക്കുന്നു എന്നത്.

അമോര്‍ ഹക്കര്‍ സംവിധാനം ചെയ്‌ത മഞ്ഞവീട് (യെല്ലോ ഹൌസ്/അള്‍ജീരിയ, ഫ്രാന്‍സ് / 2007 / അറബി) ഏറെ ലളിതമായ ഒരു കഥാഖ്യാനം മാത്രമാണെന്നു തോന്നിപ്പിക്കുമെങ്കിലും മനുഷ്യജീവിതത്തെ നിര്‍ണയിക്കുന്ന മൌലികമായ പ്രശ്‌നങ്ങളെ ഹൃദയസ്‌പൃക്കായി ചിത്രീകരിക്കുന്നതിനാല്‍ ശ്രദ്ധേയമായി. കിഴക്കന്‍ അള്‍ജീരിയയിലെ ഓറസ് മലനിരകളുടെ താഴ്വാരത്തിലാണ് ഉരുളക്കിഴങ്ങുകൃഷിക്കാരനായ മൌലൂദ് എന്ന നായക കഥാപാത്രവും ഭാര്യയും മൂന്നു പെണ്‍മക്കളും താമസിക്കുന്നത്. ദൂരെയുള്ള സ്ഥലത്ത് വിളയിക്കുന്ന കിഴങ്ങു പറിച്ചെടുത്ത് തന്റെ ലാംബ്രട്ട ടിപ്പറില്‍ കൊണ്ടുപോയി അടുത്ത നഗരമായ ബാട്നയില്‍ വിറ്റാണ് അവര്‍ ജീവിക്കുന്നത്. അയാളുടെ മൂത്ത മകന്‍ ബെര്‍ക്കാസിം പട്ടാളത്തിലാണ്. അവന്‍ ഒരു കാറപകടത്തില്‍ മരണപ്പെട്ടതായി പൊലീസ് അയാളെ അറിയിക്കുന്നു. മകന്റെ മൃതദേഹം തിരിച്ചറിയാനും ഏറ്റുവാങ്ങാനുമായി അയാളോട് നഗരത്തിലെ പോലീസ് സ്‌റ്റേഷനിലെത്തണമെന്ന സമന്‍സും പോലീസ് കൊടുക്കുന്നു.

ഇതിനെ തുടര്‍ന്ന് അയാള്‍ ബാട്ന നഗരത്തിലേക്ക് തന്റെ ലാംബ്രട്ടയില്‍ നടത്തുന്ന യാത്ര ഏറെ കൌതുകകരമാണ്. ഹെഡ് ലൈറ്റൊന്നുമില്ലാത്ത ആ വണ്ടി ചെക്ക് പോസ്‌റ്റില്‍ തടഞ്ഞിടപ്പെടുന്നു. എന്നാല്‍, മകന്റെ ശവശരീരത്തിനായിട്ടാണ് താന്‍ പോകുന്നത് എന്നു പറയുമ്പോള്‍ ചെക്ക് പോസ്‌റ്റിലെ പോലീസ് തങ്ങളുടെ വണ്ടിക്കു മുകളില്‍ പിടിപ്പിച്ചിരിക്കുന്ന ചുകന്നതും കറങ്ങിത്തിരയുന്നതുമായ ലൈറ്റ് പറിച്ചെടുത്ത് അയാളുടെ വണ്ടിയില്‍ ഘടിപ്പിക്കുന്നു. നഗരപ്രാന്തത്തിലെത്തുമ്പോള്‍ അയാളെ സഹായിക്കുന്ന ടാക്സിക്കാരനും മറ്റും ഇതേ സഹായമനസ്ഥിതിക്കാരാണ്. വഴി കാണിച്ചുകൊടുത്തതിന് എന്താണ് പ്രതിഫലം വേണ്ടതെന്ന് ചോദിക്കുമ്പോള്‍ ഒന്നും വേണ്ടെന്ന് ടാൿസിക്കാരന്‍ പറയുന്നു. അപ്പോള്‍, വഴിയില്‍ ഭക്ഷിക്കാനായി കരുതിയ റൊട്ടിയുടെ ഒരു കഷണം താങ്കളുടെ കുട്ടികള്‍ക്ക് കൊടുക്കൂ എന്നു പറഞ്ഞ് അയാള്‍ നല്‍കുമ്പോള്‍ ടാൿസിക്കാരന്‍ അത് സ്വീകരിക്കുന്നു. പിന്നീട് മോര്‍ച്ചറിയില്‍ മകന്റെ മൃതദേഹം കാണിച്ചുകൊടുത്ത അവിടത്തെ ഉദ്യോഗസ്ഥന്‍ കടലാസുപണികള്‍ അത്യാവശ്യമായി ചെയ്യാന്‍ കാത്തിരിക്കണമെന്ന് പറയുന്നുണ്ടെങ്കിലും അതൊന്നും ശ്രദ്ധിക്കാതെ മൃതദേഹം സ്വയം ഒരു പെട്ടിയിലാക്കി തന്റെ ടിപ്പറിന്റെ കാരിയറിലാക്കി അയാള്‍ കടന്നു കളയുന്നു. വണ്ടി കേടുവന്ന് വഴിയിലെ ഗാരേജില്‍ നന്നാക്കിക്കൊണ്ടിരിക്കുന്നതിനിടെ പിറകെ കാറില്‍ പാഞ്ഞെത്തുന്ന മോര്‍ച്ചറി ഉദ്യോഗസ്ഥന്‍ പൊലീസിനെ കൂട്ടി അയാളെ അറസ്‌റ്റ് ചെയ്യുമെന്നാണ് നാം കരുതുക എങ്കിലും അത്യാവശ്യമായ മരണ സര്‍ട്ടിഫിക്കറ്റ് മൌലൂദിനെ ഏല്‍പിക്കാനാണ് അയാളെത്തിയത്.

ശവസംസ്‌ക്കാരമെല്ലാം കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിടുന്നതോടെ അഛനും മക്കളും പൂര്‍വ്വ സ്ഥിതി വീണ്ടെടുക്കുന്നുണ്ടെങ്കിലും അമ്മക്കതിനാവുന്നില്ല. അവര്‍ ഭക്ഷണം കഴിക്കാതെയും എഴുന്നേല്‍ക്കാതെയും വിഷാദമൂകയായി ഒരു മൂലയില്‍ കിടക്കുക മാത്രമാണ് ചെയ്യുന്നത്. ഈ പ്രതിസന്ധി തരണം ചെയ്യാന്‍ നഗരത്തിലെ ഒരു മരുന്നുകടയില്‍ ചെന്ന് ദു:ഖം അകറ്റാനുള്ള മരുന്ന് തരണമെന്ന് അയാള്‍ ഫാര്‍മസിസ്‌റ്റിനോട് അഭ്യര്‍ത്ഥിക്കുന്നു. എന്നാലപ്രകാരമുള്ള മരുന്നൊന്നും ഇവിടെയില്ലെന്നു പറഞ്ഞ ഫാര്‍മസിസ്‌റ്റ് ചില പ്രതിവിധികള്‍ നിര്‍ദേശിക്കുന്നു. അതിലൊന്ന് ഇതു പോലെ ദു:ഖിതയായ ഒരു ഭാര്യയെ സമാശ്വസിപ്പിക്കാന്‍ അവരുടെ ഭര്‍ത്താവ് വീടിന്റെ ചുമരില്‍ പുതിയ ചായം തേച്ച കാര്യമായിരുന്നു. ഏത് നിറമാണ് അയാളടിച്ചത് എന്നാരാഞ്ഞപ്പോള്‍ മഞ്ഞ എന്ന ഉത്തരം ലഭിച്ചതനുസരിച്ച് വലിയ ഒരു ബക്കറ്റ് നിറയെ മഞ്ഞ പെയിന്റും വാങ്ങി കഥാനായകന്‍ തന്റെ പാറക്കഷണങ്ങള്‍ ചളി കൂട്ടി അടുക്കിയുണ്ടാക്കിയ വീടിനെ മുഴുവന്‍ മഞ്ഞയാക്കി മാറ്റുന്നു. മക്കളായിരുന്നു അയാളുടെ പണി സഹായികള്‍. അത് പക്ഷെ അവരുടെ അമ്മയിലൊരു ഭാവമാറ്റവും ഉണ്ടാക്കുന്നില്ല. എല്ലാവര്‍ക്കും ഒരേ നിറമായിരിക്കില്ല സമാശ്വാസം നല്‍കുക എന്ന അറിവ് ഒരു പക്ഷെ അതിലൂടെ അയാള്‍ സമ്പാദിച്ചിട്ടുണ്ടാവും.

പിന്നീട് കുട്ടിക്കാലത്ത് തന്റെ ഭാര്യ, വീട്ടിലെ നായയെ നഷ്‌ടപ്പെട്ടതില്‍ ദു:ഖിതയായതും പിന്നീട് ആറു ദിവസത്തിനു ശേഷം അവളുടെ പിതാവ് പുതിയ നായക്കുട്ടിയെ കൊണ്ടുവന്നപ്പോഴാണ് അവള്‍ പൂര്‍വസ്ഥിതി പ്രാപിച്ചതെന്നതുമായ കാര്യം അയാള്‍ ഓര്‍മ്മിച്ചെടുക്കുകയും അതുപ്രകാരം അയാളൊരു പുതിയ നായയെ വാങ്ങിക്കൊണ്ടുവരുകയും ചെയ്യുന്നു. അതും പക്ഷെ ഫലം ചെയ്യുന്നില്ല. പിന്നീട് നിരാശനായിക്കൊണ്ടാണെങ്കിലും തന്റെ ഉരുളക്കിഴങ്ങു വില്‍പനയുമായി ജീവിതം തള്ളിനീക്കിക്കൊണ്ടിരിക്കുന്ന അയാള്‍ പുതിയതായി കച്ചവടബന്ധം സ്ഥാപിച്ച റെസ്‌റ്റോറന്റില്‍ ഒരത്ഭുതവസ്‌തു ശ്രദ്ധിക്കുന്നു. ഒരു കളര്‍ ടെലിവിഷനും വിസിആറുമായിരുന്നു അത്. മോര്‍ച്ചറിയില്‍ നിന്ന് മകന്റെ മൃതദേഹത്തോടൊപ്പം ഒരു വീഡിയോ കാസറ്റു കൂടി അയാള്‍ക്ക് ലഭിച്ചിരുന്നു. ആ കാസറ്റ് പ്ലെയറിലിട്ടപ്പോളാണ് മകന്‍ അവര്‍ക്കയച്ച ഒരു വീഡിയോ കത്തായിരുന്നു അത് എന്ന് അയാളറിയുന്നത്. അയാള്‍ 80 ലോഡ് ഉരുളക്കിഴങ്ങ് കുറെക്കാലം കൊണ്ട് എത്തിച്ചുകൊള്ളാം എന്ന ഉറപ്പില്‍ ആ ടിവിയും വിസിആറും വീട്ടിലെത്തിക്കുന്നു. അപ്പോഴാണ് പുതിയ പ്രശ്‌നം. വീട്ടില്‍ വൈദ്യുതിയില്ല. പിന്നീട് നഗരത്തിലെ മേയറെയും പോലീസ് അധികാരിയെയും സമീപിച്ച് വൈദ്യുതി ബന്ധം സ്ഥാപിച്ചതിനു ശേഷമാണ് അവര്‍ക്കൊന്നിച്ചിരുന്ന് മകന്റെ വീഡിയോദൃശ്യം കാണാന്‍ കഴിയുന്നത്. അപ്പോഴവര്‍ക്ക് മരിച്ചുപോയ മകനെ തിരിച്ചുകിട്ടിയ സന്തോഷമായിരുന്നു. നിഷ്‌ക്കളങ്കമായ സ്നേഹത്തിന്റെ പ്രത്യക്ഷമായിരിക്കെ തന്നെ രേഖപ്പെടുത്തപ്പെട്ട ഇമേജ് എന്ന ചലച്ചിത്ര / വീഡിയോയുടെ ജൈവചൈതന്യം എന്ന മഹത്തായ ആശയത്തെയാണ് മഞ്ഞവീട് സാക്ഷാത്ക്കരിക്കുന്നത്.

പ്രമുഖ ഇന്ത്യന്‍ അഭിനേത്രി നന്ദിതാ ദാസ് ആദ്യമായി സംവിധാനം ചെയ്‌ത ഫിറാഖ് (ഹിന്ദി, ഉര്‍ദു, ഗുജറാത്തി, ഇംഗ്ലീഷ് -2008) ഗുജറാത്ത് വംശഹത്യക്കു ശേഷമുള്ള നാളുകളിലെ ഹൃദയഭേദകമായ സംഭവങ്ങളുടെ നേര്‍ക്കാഴ്‌ചയാണ് കഥാരൂപത്തിലവതരിപ്പിക്കുന്നത്. ഇത് ഭാവനാകല്‍പിതമായ ഒരു കഥയാണ് , പക്ഷെ ആയിരക്കണക്കിന് യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് ഉരുത്തിരിഞ്ഞത് എന്ന ആമുഖത്തോടെയാണ് ഫിറാഖ് ആരംഭിക്കുന്നത്. ഗുജറാത്ത് പോലെയും ഇന്ത്യ പോലെയും നാം ജീവിക്കുന്ന പൊതുവായ പ്രദേശം / രാജ്യത്തിന്റെ ചരിത്രം, വര്‍ത്തമാനം, ഭൂമിശാസ്‌ത്രം, മതബോധം, പൌരത്വസങ്കല്‍പം, എന്നിങ്ങനെ സങ്കീര്‍ണമായ ഘടകങ്ങളുടെ പശ്ചാത്തലത്തെയാണ് ഫിറാഖ് ആവിഷ്‌ക്കരിക്കാന്‍ ശ്രമിക്കുന്നത്. ഇത്തരത്തില്‍ അതിസങ്കീര്‍ണമായ ഒരു പശ്ചാത്തലവും അതിനുള്ളില്‍ രൂപപ്പെടുന്ന വെറുപ്പ് എന്ന രാസഘടകവും ചേര്‍ന്നുണ്ടാക്കുന്ന ജീവിതപരിസരങ്ങളെ അഥവാ ജീവിതവ്യമല്ലാത്ത പരിതോവസ്ഥയെയാണ് നന്ദിതാദാസ് അസാമാന്യമായ മികവോടെ ചലച്ചിത്രവത്ക്കരിക്കുന്നത്.

അകല്‍ച്ച എന്നും അന്വേഷണം എന്നും അര്‍ത്ഥം കല്‍പിക്കാവുന്ന ഒരു ഉര്‍ദു പദമാണ് ഫിറാഖ്. അത് യുക്തമായ ഒരു ശീര്‍ഷകം തന്നെയാണ്. സമീര്‍ അഖ്‌തറും അനുരാധ ദേശായിയും ഭിന്ന മതത്തില്‍ പെട്ട ദമ്പതികളാണ്. അനുവിന്റെ സഹോദരീഭര്‍ത്താവും സമീറും ചേര്‍ന്നുള്ള പാര്‍ട്ണര്‍ഷിപ്പ് ബിസിനസില്‍ സമീര്‍ ഉണ്ടെന്നുള്ള വിവരം പ്രത്യക്ഷത്തില്‍ ആര്‍ക്കുമറിയുമായിരുന്നില്ല. എന്നിട്ടും അവരുടെ ബിസിനസ് സ്ഥാപനം നിഷ്‌ഠൂരമായ വിധത്തില്‍ കൊള്ളയടിക്കപ്പെടുന്നു. സംഘപരിവാര്‍ അക്രമികള്‍ സര്‍ക്കാര്‍ സഹായത്തോടെ വിപുലമായ ഡാറ്റാബേസ് തയ്യാറാക്കിയാണ് അക്രമത്തിന് കോപ്പു കൂട്ടിയത് എന്നതിന്റെ പ്രത്യക്ഷോദാഹരണമായിരുന്നു ഇത്. ആധുനികമായ ജീവിതം നയിക്കുന്ന ധനികരായ അവര്‍ക്ക് താങ്ങാവുന്നതായിരുന്നില്ല ഈ ആക്രമണം. പള്ളിയില്‍ പോവാറില്ലാത്ത, മദ്യപിക്കുന്ന അയാളുടെ സമീര്‍ എന്ന പേര് സമുദായപ്പേര് മാറ്റി ഉപയോഗിച്ചാല്‍ ഹിന്ദുവായും അറിയപ്പെടാന്‍ സഹായകമാണ്. അതായത് ഭാര്യയുടെ സമുദായപ്പേരായ ദേശായ് എന്ന് ചേര്‍ത്താല്‍ സമീര്‍ ദേശായ് ആയി. ലൿഷ്‌മിനാരായണ്‍ ക്ഷേത്രത്തിന്റെ പിരിവിനായി എത്തുന്നവരോട് അയാളിപ്രകാരമാണ് പേരു പറയുന്നതും.

തങ്ങളുടെ വസ്തുവകകളെല്ലാം പാക്ക് ചെയ്‌ത് ദില്ലിയിലേക്ക് ജീവിതം പറിച്ചുനടാനുള്ള ഒരുക്കങ്ങള്‍ അവര്‍ പൂര്‍ത്തിയാക്കുന്നു. അവളാദ്യമത് എതിര്‍ക്കുന്നുണ്ടെങ്കിലും പിന്നീട് സമ്മതിക്കുന്നു. പോകാനുള്ള ദിവസത്തിന്റെ തലേന്ന് രാത്രിയില്‍ ഉറക്കം കിട്ടാതെ എഴുന്നേറ്റിരിക്കുന്ന സമീറിനോട് അനു എന്താണ് പ്രശ്‌നം എന്നു ചോദിക്കുമ്പോള്‍ പാക്ക് ചെയ്‌തു വെച്ചിരിക്കുന്ന എല്ലാ പെട്ടികളിലും അടക്കം ചെയ്‌തിരിക്കുന്നത് തന്റെ ഭയം ആണെന്നും എവിടെ പ്പോയാലും അത് നമ്മെ പിന്തുടരുമെന്നും അതുകൊണ്‍് ഗുജറാത്ത് വിട്ടുപോകുന്നില്ലെന്നും അയാള്‍ പറയുന്നു. ചിത്രത്തെ പൊതിഞ്ഞു നില്‍ക്കുന്ന നിരാശയുടെയും ഭയത്തിന്റെയും കണികകള്‍ തന്നെയാണ് ഈ മുഹൂര്‍ത്തത്തെയും സാധ്യമാക്കുന്നത്.

തൊഴിലാളിയായ അമീറിനെ പോലീസ് ഓടിക്കുന്നതിനിടെ തെരുവോരത്തുള്ള വീട്ടിന്റെ മട്ടുപ്പാവിലിരുന്ന ആളോട് (നിശ്ചയമായും ഒരു ഹിന്ദുവായിരിക്കണം അയാള്‍) പന്ന മുസ്ലീം ഇതുവഴി കടന്നുപോയതു കണ്ടോ എന്ന് പോലീസ് ചോദിക്കുന്നതും, പിന്നീട് പൊലീസ് തിരിച്ചുപോയതറിഞ്ഞ് തിരിച്ചുവരുന്ന അമീറിനെ മുകളില്‍ നിന്ന് സ്ലാബ് തലയിലേക്കിട്ട് ആ കാണി (!) കൊല്ലുന്നതും അത് അമീര്‍ രക്ഷിക്കാന്‍ ശ്രമിച്ചിരുന്ന മൊഹ്സിന്‍ എന്ന കൊച്ചുകുട്ടി കാണുന്നതും കരളിനെ പിളര്‍ക്കുന്ന കാഴ്ചയാണ്. തലമുറകളും ദശകങ്ങളും എന്തിന് നൂറ്റാണ്ടുകളും കടന്നാലും ഇത്തരത്തിലുണ്ടായിട്ടുള്ള വെറുപ്പ്, അകല്‍ച്ച, കൊലപാതക / ബലാത്സംഗ ത്വര എന്നിവയുണ്ടാക്കിയിട്ടുള്ള മുറിവുകള്‍ ഉണങ്ങുമോ? അതേ പോലെ, സമീര്‍ തന്റെ ഭാര്യാസഹോദരിയുടെ ഭര്‍ത്താവിനോട് ചോദിക്കുന്ന ചോദ്യവും ഇന്ത്യന്‍ സാഹചര്യത്തില്‍ ഏറെ പ്രസക്തമാണ്. ഏതെങ്കിലും ഒരു ഹിന്ദു അക്രമി ബീഭത്സമായ അക്രമപ്രവൃത്തി നടത്തി എന്നു പറഞ്ഞാലും ഹിന്ദുവായ നിങ്ങളെ അത് ബാധിക്കുന്നില്ല എന്നാണെങ്കില്‍ ലോകത്തിന്റെ ഏതെങ്കിലും ഒരു മൂലയില്‍ ഒരു 'ജിഹാദി' ബോംബെറിഞ്ഞാല്‍ എല്ലാ മുസ്ലീങ്ങളും നാണിച്ചു തല കുനിക്കണം എന്നല്ലേ സ്ഥിതി എന്നായിരുന്നു ആ ചോദ്യം.

ഹുസയിന്‍ കരാബേ സംവിധാനം ചെയ്‌ത മൈ മര്‍ലന്‍ ആന്റ് ബ്രാന്‍ഡോ (തുര്‍ക്കി / ടര്‍ക്കിഷ്, ഇംഗ്ലീഷ് ) രാഷ്‌ട്രീയവും പ്രണയവും വിരഹവും അതിര്‍ത്തികളും അഭയാര്‍ത്ഥിത്വവും അഭിനയവും എല്ലാം കൂടിക്കുഴയുന്ന ഒരു യാത്രാചിത്രമാണ്. തുര്‍ക്കിയുടെ തലസ്ഥാനത്ത് ജീവിക്കുന്ന നാടകനടിയായ ഐസയുടെ കാമുകനായ ഹമാ അലി വടക്കന്‍ ഇറാഖിലെ ഖുര്‍ദ് ദേശത്താണ് ജീവിക്കുന്നത്. തന്റെ ഹാൻഡികാമില്‍ ചിത്രീകരിച്ച പ്രണയലേഖനങ്ങള്‍ അയാള്‍ ട്രക്ക് ഡ്രൈവര്‍മാരുടെ സഹായത്തോടെയും മറ്റും അവള്‍ക്കെത്തിക്കുന്നു. അയാളെ കാണാനുള്ള യാത്രക്കായി പല ശ്രമങ്ങള്‍ അവള്‍ നടത്തുന്നുണ്ടെങ്കിലും ഓരോ ശ്രമവും സങ്കീര്‍ണമായിക്കൊണ്ടേയിരിക്കുകയാണ്. അതിനിടെയാണ് ഇറാഖില്‍ അമേരിക്കന്‍ അധിനിവേശം ആരംഭിക്കുന്നത്. ഇതോടെ അതിര്‍ത്തികള്‍ അടക്കപ്പെടുകയും അവളുടെ എല്ലാ പ്രണയപ്രതീക്ഷകളും നശിക്കുകയുമാണ്. വടക്കനിറാഖിലെ സുലൈമാനിയ്യയിലാണ് ഹമാ അലി താമസിക്കുന്നത്. അവള്‍, ഇറാനിലെ ഉര്‍മുയ്യ വരെ സാഹസപ്പെട്ട് എത്തുന്നുണ്ടെങ്കിലും അവിടെ വെച്ച് അവളുടെ വഴി മുട്ടുന്നു. മറ്റുള്ളവരില്‍ ഒരാളുടെയെങ്കിലും കഥ ദിവസേന കേട്ടുകൊണ്ടിരുന്നാല്‍ സംസ്‌ക്കാരത്തെക്കുറിച്ചും സാംസ്‌ക്കാരിക സവിശേഷതകളെക്കുറിച്ചുമുള്ള നമ്മുടെ അവബോധത്തില്‍ ഗുണകരമായ വലിയ മാറ്റങ്ങളുണ്ടാകുമെന്നാണ് താന്‍ കരുതുന്നതെന്നാണ് സംവിധായകന്‍ പറയുന്നത്.

മറിയാനാ റോണ്ടൻ സംവിധാനം ചെയ്‌ത ലെനിന്‍ഗ്രാഡില്‍ നിന്നുള്ള പോസ്‌റ്റുകാര്‍ഡുകള്‍ (പോസ്‌റ്റ് കാർഡ്‌സ് ഫ്രം ലെനിന്‍ഗ്രാഡ് /വെനിസ്വേല, സ്പാനിഷ്) അറുപതുകളില്‍ വെനിസ്വേലയില്‍ നടന്ന ഇടതുപക്ഷ ഗറില്ലാ സമരങ്ങളുടെ സ്‌മരണകള്‍ ആവിഷ്‌ക്കരിക്കുന്ന സവിശേഷമായ ഒരു ആഖ്യാനമാണ്. ഗറില്ലാ പോരാളികളായ കാമുകീകാമുകന്മാര്‍ പട്ടാളത്തിന്റെ വെടിയേല്‍ക്കുമെന്നും പിടിക്കപ്പെടുമെന്നും ഉറപ്പാകുന്നതിനു തൊട്ടുമുമ്പ് ഇണ ചേരുകയും അതു പ്രകാരം പിന്നീട് ഒളിവിലിരിക്കെ തന്നെ ആശുപത്രിയില്‍ വെച്ച് കുഞ്ഞിന് ജന്മം നല്‍കുകയുമാണ് അമ്മ. അങ്ങിനെ ജനിച്ച ലാ നിന അമ്മയോടൊപ്പവും പിന്നീട് അവരെ പിരിഞ്ഞ് അമ്മൂമ്മയോടൊപ്പവുമായി ജീവിക്കുകയാണ്. അവരുടെ കളികളിലും ജീവിതത്തിലും ഗറില്ലാ സമരത്തിന്റെ ഘടകങ്ങള്‍ക്ക് വലിയ പ്രാധാന്യമാണുള്ളത്. എന്നാല്‍ അമ്മയെയും അഛനെയും ഇനി കാണാനാകുമോ എന്നവര്‍ക്ക് ഉറപ്പുമില്ല. ലെനിന്‍ ഗ്രാഡില്‍ നിന്ന് ലഭിക്കുന്ന പോസ്‌റ്റുകാര്‍ഡുകളിലൂടെ അവരുടെ സാന്നിദ്ധ്യം അനുഭവിക്കുക മാത്രമാണവര്‍.

മത്സരവിഭാഗത്തിലെ മറ്റു ശ്രദ്ധേയ ചിത്രങ്ങള്‍, റെഫ്യൂജി (തുര്‍ക്കി - ടര്‍ക്കിഷ്, ജര്‍മന്‍, കുര്‍ദിഷ്, സംവിധാനം റെയ്‌സ് സെലിക്ക് ), ഡ്രീംസ് ഓഫ് ഡസ്‌റ്റ് (ബര്‍ക്കിനോ ഫാസോ, ഫ്രാന്‍സ്, കാനഡ / ഫ്രഞ്ച്, സംവിധാനം ലോറന്റ് സാല്‍ഗസ്), ദ ഫോട്ടോഗ്രാഫ് (ഇന്തോനേഷ്യ, സംവിധാനം നാന്‍ ടി അച്‌നാസ്), എന്നിവയായിരുന്നു.

മലയാളത്തില്‍ നിന്ന് രണ്ടു സിനിമകളാണ് മത്സരവിഭാഗത്തിലുണ്ടായിരുന്നത്. എം ജി ശശി സംവിധാനം ചെയ്‌ത അടയാളങ്ങളും കെ പി കുമാരന്‍ സംവിധാനം ചെയ്‌ത ആകാശ ഗോപുരവും. നൂറ്റാണ്ടുകളെ അതിജീവിക്കുന്നതും രാഷ്‌ട്രങ്ങളുടെ അതിര്‍ത്തികളെ ഭേദിക്കുന്നതും മനുഷ്യ സമുദായത്തെയാകെ ബാധിക്കുന്നതുമായ ഒരു പ്രമേയത്തെ സ്വീകരിക്കാന്‍ മലയാള ഭാഷയെയും സിനിമയെയും പാകപ്പെടുത്തിയെടുക്കാനും വളര്‍ത്തിയെടുക്കാനും സാധിച്ചു എന്നതാണ് ഏറ്റവും പ്രാഥമികമായ അര്‍ത്ഥത്തില്‍ ആകാശഗോപുരത്തിന്റെ വിജയം.

ലോകസിനിമയിലും ശ്രദ്ധേയമായ അനവധി സിനിമകളുണ്ടായിരുന്നു. റോജെലിയോ പാരീസ് സംവിധാനം ചെയ്‌ത കംഗാംബ ക്യൂബന്‍ ഫിലിം ഇന്‍‌സ്‌റ്റിറ്റ്യൂട്ടും (ICAIC)ക്യൂബന്‍ സര്‍ക്കാരിന്റെ വിപ്ലവ - പ്രതിരോധ വകുപ്പും (MINFAR) ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. താന്‍ കണ്ടതില്‍ വെച്ചേറ്റവും ഗൌരവമുള്ളതും നാടകീയസ്വഭാവമാര്‍ന്നതുമായ ഗംഭീര സിനിമ എന്നാണ് കംഗാംബയെ ഫിദല്‍ വിശേഷിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ ലേഖനം ഇപ്രകാരം തുടരുന്നു. തീൿഷ്‌ണവും മൂല്യവത്തായതുമായ ചരിത്രസ്‌മരണകള്‍ എന്റെ നിഗമനങ്ങളെ സ്വാധീനിച്ചിട്ടുണ്ടാവും; ഞാന്‍ സിനിമ കണ്‍ത് ടെലിവിഷന്റെ കൊച്ചു സ്‌ക്രീനിലാണു താനും. എങ്കിലും ചരിത്രത്തെ വിപ്ലവത്തിന്റെ ആവേശം നിലനിര്‍ത്തിക്കൊണ്ട് പുന:പ്രകാശിപ്പിക്കുന്നതില്‍ ചിത്രം വലിയ തോതില്‍ വിജയിച്ചിട്ടുണ്ട്. ലക്ഷക്കണക്കിനുള്ള ക്യൂബന്‍ ജനതക്ക് ചിത്രം സിനിമാതിയറ്ററുകളുടെ വലിയ സ്‌ക്രീനുകളില്‍ കാണാന്‍ കഴിയുന്നുവെന്നതില്‍ ഞാന്‍ അതീവ സന്തുഷ്‌ടനാണ്. ക്യൂബന്‍ അഭിനേതാക്കളുടെ പ്രകടനം അത്യന്തം തന്മയത്വത്തോടുകൂടിയതാണെന്നും അതില്‍ തനിക്ക് അഭിമാനമുണ്ടെന്നും ഫിദല്‍ കാസ്‌ട്രോ എഴുതുന്നു.

ദക്ഷിണാഫ്രിക്കയിലെ വര്‍ണവെറിയന്‍ ഭരണകൂടത്തിനെതിരെ അംഗോളന്‍ ജനത ക്യൂബയുടെയും സോവിയറ്റ് യൂണിയന്റെയും സഹായത്തോടെ നടത്തിയ ചെറുത്തു നില്‍പും വിമോചനപ്പോരാട്ടവും സ്വാതന്ത്ര്യ സമരവുമാണ് കംഗാംബയിലെ പ്രതിപാദ്യവിഷയം. അത്യന്തം ഹീനവും മനുഷ്യത്വവിരുദ്ധവും വംശീയവിദ്വേഷം നിറഞ്ഞതുമായിരുന്നു ഭരണകൂടത്തിന്റെയും അതിന്റെ പിണിയാളുകളുടെയും മനോഭാവവും പ്രവൃത്തികളും. ആഫ്രിക്കന്‍ സംസ്‌ക്കാരത്തെയും പെരുമാറ്റ മര്യാദകളെയും ഭാഷകളെയും വേഷങ്ങളെയും, വെള്ളഭരണകൂടങ്ങള്‍ രൂപീകരിച്ച സാമാന്യബോധത്തിലൂടെ കഴിഞ്ഞ നൂറ്റാണ്ടുകളത്രയും വിലകെടുത്തുകയും താഴ്ത്തിക്കെട്ടുകയുമായിരുന്നു എന്ന് പുതിയ കാലത്തെ ലോകം തിരിച്ചറിഞ്ഞു കഴിഞ്ഞു. കുറെയധികം വീടുകള്‍ റോക്കറ്റാക്രമണത്തിലൂടെ തീ കത്തിച്ച് നശിപ്പിച്ചതിനു ശേഷം ആഫ്രിക്കക്കാരായ കറുത്ത വംശജരെക്കൊണ്ടു തന്നെ അംഗോളക്കാര്‍ക്കെതിരെ പട നയിക്കുന്നതിന് ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാര്‍ തന്ത്രങ്ങള്‍ മെനഞ്ഞതും അതില്‍ ഒരു പരിധി വരെ വിജയിച്ചതും കംഗാംബയില്‍ വിശദമായി ചിത്രീകരിക്കുന്നുണ്ട്. ഇരകളെ തന്നെ വേട്ടക്കാരാക്കി പരിശീലിപ്പിച്ച് തമ്മില്‍ തല്ലിക്കുകയും കൊല്ലിക്കുകയും ചെയ്യുന്ന പ്രവണത, ബ്രിട്ടീഷുകാരും അവര്‍ക്കു ശേഷം സംഘപരിവാറും പ്രയോഗിക്കുന്നതിന്റെ ദുരന്തങ്ങള്‍ക്ക് ഇന്ത്യയും സാക്ഷിയാണല്ലോ.

സോവിയറ്റനന്തര ലോകത്ത് അനാഥമാക്കപ്പെട്ട സ്വാതന്ത്ര്യസമരങ്ങളുടെയും വിമോചനപ്പോരാട്ടങ്ങളുടെയും കൂടി പശ്ചാത്തലത്തിലാണ് കംഗാംബയുടെ പ്രസക്തി വര്‍ദ്ധിക്കുന്നത്. നിലനിന്നുപോന്ന സോഷ്യലിസ്‌റ്റ് ഭരണകൂടങ്ങള്‍ ആശയം, ആയുധം, സൈനികവിന്യാസം, എന്നീ സഹായങ്ങളിലൂടെ ലോകത്തെമ്പാടുമുള്ള ജനാധിപത്യ-സ്വാതന്ത്ര്യപ്പോരാട്ടങ്ങള്‍ക്ക് സഹായമായി വര്‍ത്തിച്ചിരുന്നു. സോവിയറ്റനന്തരലോകത്ത്, അമേരിക്കന്‍ സാമ്രാജ്യത്വം രൂപീകരിച്ചുകൊണ്ടിരിക്കുന്ന സാമാന്യബോധത്തിനടിപ്പെട്ടാണ് ഇന്ത്യയടക്കമുള്ള മിക്കവാറും രാജ്യങ്ങള്‍ രാഷ്‌ട്രീയ-സാംസ്‌ക്കാരിക-സാമ്പത്തിക- സാങ്കേതിക വീക്ഷണങ്ങള്‍ രൂപപ്പെടുത്തുന്നത്. അതനുസരിച്ച് എല്ലാ സ്വാതന്ത്ര്യസമരങ്ങളും ഭീകരവാദവും അവ ജനാധിപത്യത്തെയും പരിഷ്‌ക്കാരങ്ങളെയും തകര്‍ക്കുന്ന പ്രാകൃതത്വങ്ങളുമാണ്. വംശീയതയിലും വര്‍ഗവിവേചനത്തിലും അധിഷ്‌ഠിതമായ സാമ്രാജ്യത്വ ചൂഷണങ്ങളെ അധസ്ഥിത ജനതകള്‍ ചെറുത്തു തോല്‍പ്പിക്കുക തന്നെ ചെയ്യുമെന്ന ദൃഢനിശ്ചയത്തിന്റെ സ്വരം ഉച്ചത്തിലുയര്‍ത്തുന്നു എന്നതാണ് കംഗാംബയുടെ സവിശേഷത.

ആറ്റില ഗിഗോര്‍ സംവിധാനം ചെയ്‌ത ഇന്‍വെസ്‌റ്റിഗേറ്റര്‍ (ഹംഗേറിയന്‍) മുഖ്യധാരാ കുറ്റാന്വേഷണ ചിത്രങ്ങളുടെ ശൈലിയിലാണ് അവതരിപ്പിക്കപ്പെടുന്നതെങ്കിലും, കുറ്റം, അന്വേഷണം, ബന്ധങ്ങള്‍, രതി, അഗമ്യഗമനം, പിതൃത്വം, സ്വത്ത്, രോഗം, ചികിത്സ എന്നിങ്ങനെ നിരവധി പ്രശ്‌നങ്ങളെ ആഴത്തില്‍ പ്രശ്‌നവത്ക്കരിക്കുന്നു. ഇംഗ്‌മെര്‍ ബർഗ്‌മാന്റെ സാറാബന്ദ് (സ്വീഡന്‍) കിംകി ഡുക്കിന്റെ ബ്രെത്ത് (തെക്കന്‍ കൊറിയ), നൂറി ബില്‍ജെ സീലാന്റെ ത്രീ മങ്കീസ് (തുര്‍ക്കി) ദാസ് വെര്‍ഗസ്സനെ ലീഷ്‌തിന്റെ ഉല്‍ഷാന്‍ (ഖസാൿസ്ഥാന്‍) എന്നീ ചിത്രങ്ങളും ലോകസിനിമാവിഭാഗത്തിലുണ്ടായിരുന്നു.

റെട്രോസ്‌പെൿടീവ് വിഭാഗത്തില്‍ ശ്രദ്ധേയമായത് ഫ്രഞ്ച് നവതരംഗ സംവിധായകനായ അലന്‍ റെനെയുടെ പാക്കേജ് തന്നെയായിരുന്നു. ഭൂതം, വര്‍ത്തമാനം, ഭാവി, - മുഴുവന്‍ കാലത്തിന്റെയും പീഡാവസ്ഥകളെയാണ് 'ഹിരോഷിമാ മോണ്‍ അമര്‍' അഭിമുഖീകരിക്കുന്നത്. അലന്‍ റെനെയുടെ ഈ ആദ്യ ഫീച്ചര്‍ 1959ലാണ് റിലീസ് ചെയ്‌തത്. മാര്‍ഗരറ്റ് ഡുറാസ് ആയിരുന്നു രചന നിര്‍വഹിച്ചത്. യുദ്ധാനന്തര ഹിരോഷിമയില്‍ സമാധാനത്തെക്കുറിച്ച് ചിത്രീകരിക്കുന്ന ഒരു സിനിമയില്‍ അഭിനയിക്കാനെത്തിയ ഫ്രഞ്ച് നടിയും (ഇമ്മാനുവെല്‍ റിമ) ജപ്പാന്‍കാരനായ ഒരു ആര്‍ക്കിടെൿറ്റും (ഈജി ഒക്കാഡ) തമ്മില്‍ ഉണ്ടാകുന്ന അപൂര്‍വ പ്രണയബന്ധത്തിന്റെ കഥയാണ് 'ഹിരോഷിമാ എന്റെ സ്നേഹം'.

സിനിമക്കു മാത്രം സാധ്യമാകുന്ന വിചിത്രവും സങ്കീര്‍ണവുമായ ഒരു ആഖ്യാനഘടനയാണ് ഈ സിനിമക്കുള്ളത്. ചിത്രത്തിന്റെ ആരംഭത്തില്‍ ശാരീരികബന്ധത്തിലേര്‍പ്പെട്ടുകൊണ്ടിരിക്കുന്ന കമിതാക്കളുടെ അതിസമീപദൃശ്യങ്ങളാണുള്ളത്. കമിതാക്കളുടെ തൊലിപ്പുറമെ വിയര്‍പ്പുതുള്ളികള്‍ക്കു പകരം മണല്‍ത്തരികളും ലോഹമണല്‍ത്തരികളുമാണുള്ളത്. അണുബോംബ് വര്‍ഷിച്ചതിനെതുടര്‍ന്ന് ഇരകളാക്കപ്പെട്ട മനുഷ്യജീവികളുടെ പൊള്ളിയ തൊലികളിലും സമാനമായ ദൃശ്യങ്ങളാണുണ്ടായിരുന്നത്. രണ്ടുലക്ഷം പേര്‍ മരിച്ചുവീഴുകയും എണ്‍പതിനായിരം പേര്‍ മുറിവേറ്റ് നിത്യരോഗികളായിത്തീരുകയും ചെയ്‌ത ഒമ്പതുമിനുറ്റു നേരത്തെ അണു ബോംബു വര്‍ഷത്തിലൂടെ അമേരിക്ക എന്താണ് സ്ഥാപിച്ചെടുത്തത്? 'ഇത് വെറും ഔദ്യോഗികകണക്കുകള്‍. എല്ലാം വീണ്ടും ആരംഭിച്ചേക്കാം. പതിനായിരം ഡിഗ്രിയായി ഭൂമിയിലെ താപനില ഉയരും. പതിനായിരം സൂര്യന്മാര്‍ ഒന്നിച്ചുദിച്ചുയര്‍ന്നതുപോലെ. മണ്ണിന്റെ ഉപരിതലം കത്തിത്തീരും. എല്ലാം അലങ്കോലപ്പെടും. പടുത്തുയര്‍ത്തപ്പെട്ട ഒരു മുഴുവന്‍ നഗരം വെറും ചാരമായിത്തീരും'(ചിത്രത്തിലെ ഒരു സംഭാഷണശകലം).

ഹിരോഷിമ എന്തിന്റെ പ്രതീകമാണ് ? ശാസ്‌ത്രവിസ്‌ഫോടനത്തിന്റെ? യുദ്ധവിജയങ്ങളുടെ? മനുഷ്യരാശിയുടെ തകര്‍ച്ചയുടെയോ അതോ അതിജീവനത്തിന്റെയോ? ദുരന്തം വിനോദസഞ്ചാരമായിത്തീരുന്ന പില്‍ക്കാല പരിണതിയുടെ പശ്ചാത്തലത്തിലാണ് സിനിമയിലെ പ്രണയവും ഓര്‍മകളും മറവികളും പുന:സമാഗമങ്ങളും വിടപറയലുകളും നടക്കുന്നത്. സിനിമയിലെ ആദ്യ ഇരുപത് മിനുറ്റുകള്‍ ന്യൂസ്റീലുകളും കല്‍പിതഭാവനയും ഇടകലര്‍ന്ന രീതിയിലാണുള്ളത്. ബോംബ് വര്‍ഷത്തെതുടര്‍ന്ന് ഹിരോഷിമാ നഗരത്തിലുണ്ടായ ഭീതിജനകവും സംഭ്രമകരവുമായ രംഗങ്ങളുടെ ദൃശ്യങ്ങള്‍ സാമൂഹികമായ ഓര്‍മകള്‍ എന്ന രീതിയിലാണ്, കമിതാക്കളുടെ പരസ്‌പരസംഭാഷണത്തിനു പശ്ചാത്തലമായി ചേര്‍ത്തുവെക്കുന്നത്. ശബ്‌ദപഥവും ദൃശ്യതലവും തമ്മിലുള്ള അത്യപൂര്‍വമായ ഈ പാരസ്‌പര്യം സങ്കീര്‍ണവും ദുരൂഹവുമായി അനുഭവപ്പെടാനുമിടയുണ്ട്.

അലന്‍ റെനെയുടെ പില്‍ക്കാല ക്ലാസിക്കായ 'ലാസ്‌റ്റ് ഇയര്‍ അറ്റ് മരിയന്‍ബാദി'ലും സംഭാഷണം, ഫ്ലാഷ്‌ബാക്കുകള്‍ എന്നിവ സവിശേഷമായി ഇടകലര്‍ത്തിയിരിക്കുന്നതു കാണാം. ഏതു കാലത്തിലാണ് നാം ജീവിക്കുന്നത്, പ്രണയിക്കുന്നത്, അഭിനയിക്കുന്നത്, കെട്ടിടങ്ങള്‍ കെട്ടിയുയര്‍ത്തുന്നത്, ഏതു മുന്‍കാലമാണ് ഈ കാലത്തിലേക്ക് എത്തിച്ചുതന്നത് എന്ന ദാര്‍ശനികമായ ചോദ്യമാണ് അലന്‍ റെനെ ഉയര്‍ത്തുന്നത്. നാസി കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളെക്കുറിച്ചുള്ള 'നിശയും മൂടല്‍മഞ്ഞും' (നൈറ്റ് ആന്റ് ഫോഗ്) എന്ന ഡോക്കുമെന്ററിയില്‍ തന്നെ രാഷ്‌ട്രീയവും മാനവികതയും തമ്മിലുള്ള വൈരുദ്ധ്യാത്മകമായ ബന്ധത്തെക്കുറിച്ചുള്ള സംശയങ്ങള്‍ റെനെ ഉയര്‍ത്തുന്നുണ്ട്.

ശബ്‌ദസിനിമയിലെ ആദ്യത്തെ ആധുനികസൃഷ്‌ടി എന്ന് വിശേഷിപ്പിക്കപ്പെടുന്ന 'ഹിരോഷിമാ മോണ്‍ അമര്‍' സങ്കല്‍പനത്തിലും നിര്‍വഹണത്തിലും ഒരേ പോലെ നൂതനത്വം പുലര്‍ത്തി. ചിത്രീകരണ ഘടന, എഡിറ്റിംഗിന്റെ താളം, സംഭാഷണങ്ങളിലെ കാവ്യാത്മകതയും രാഷ്‌ട്രീയവും ദാര്‍ശനികവുമായ അന്തരാര്‍ത്ഥങ്ങളും, അഭിനയത്തിന്റെയും അവതരണത്തിന്റെയും ശൈലി, നിര്‍മാണകാലഘട്ടത്തോട് നൈതികമായ സത്യസന്ധത കാത്തുസൂക്ഷിച്ചുകൊണ്ടുതന്നെ കാലാതീതമായി വികസിക്കാനുള്ള സര്‍ഗാത്മകപ്രേരണ, സംഗീതത്തിന്റെ സാന്ദ്രമായ പശ്ചാത്തലം എന്നിങ്ങനെ ഈ സിനിമ വിസ്‌മയകരമായ സൃഷ്‌ടിപ്രക്രിയയുടെയും ആസ്വാദനത്തിന്റെയും ഏകോപനമായി തിരിച്ചറിയപ്പെട്ടു.

1955ല്‍ പൂര്‍ത്തിയാക്കിയ 'നൈറ്റ് ആന്റ് ഫോഗ്' എന്ന 32 മിനുറ്റ് മാത്രം ദൈര്‍ഘ്യമുള്ള അസാധാരണമായ സിനിമയെ മുഴുവന്‍ കാലത്തെയും മഹത്തായ സിനിമ എന്നാണ് ഫ്രാങ്കോ ത്രൂഫോ വിശേഷിപ്പിച്ചത്. വര്‍ണത്തിലും ബ്ലാക്ക് & വൈറ്റിലുമായുള്ള ഈ സിനിമ ഒരു കഥേതരചിത്രമാണെങ്കിലും ന്യൂസ് റീല്‍ സ്‌റ്റോക്കിനെ സവിശേഷമായി മാറ്റി ഉപയോഗിച്ചതിലൂടെ അത് ഒരു പ്രതി-ഡോക്കുമെന്ററി ആയി പരിണമിച്ചു. സിനിമയെടുത്ത കാലത്ത് ആളൊഴിഞ്ഞ ക്യാമ്പു കെട്ടിടങ്ങളും മതില്‍ക്കകങ്ങളും നിസ്സംഗമായി അവതരിപ്പിച്ചുകൊണ്ടാണ് സിനിമയുടെ വര്‍ത്തമാനപ്രകൃതി പ്രവര്‍ത്തിക്കുന്നത്. ചരിത്രമറിയാതെ കാണുകയാണെങ്കില്‍ ഇതൊക്കെ ഒരു പിൿചര്‍ പോസ്‌റ്റ്‌കാര്‍ഡിനു യോജിച്ച ദൃശ്യങ്ങളായും കരുതാമെന്നാണ് ആഖ്യാനം. ഈ തടവറകളില്‍ എന്താണ് നടന്നത് എന്ന് ഇനി വിശദീകരിച്ചതുകൊണ്ട് പ്രത്യേക പ്രയോജനമൊന്നുമില്ല, വാക്കുകള്‍ അപര്യാപ്‌തമാണ്, ഒരു വിവരണത്തിനും ഒരു ചിത്രത്തിനും ആ പീഡനത്തിന്റെ യഥാര്‍ത്ഥ ആഘാതം വെളിപ്പെടുത്താനാകില്ല. അല്ലെങ്കില്‍ തന്നെ ഓര്‍മിക്കല്‍ എന്ന പ്രക്രിയ കൊണ്ട് എന്ത് കാര്യമാണുള്ളത് എന്നിങ്ങനെ വിരുദ്ധാര്‍ത്ഥവും നിരാസവും ധ്വനിക്കുന്ന ആഖ്യാനങ്ങള്‍ കൊണ്ട് കാണിയുടെ വികാരത്തെ ഏറ്റവും താഴ്ത്തിയിട്ടുകൊണ്ടാണ് അസഹനീയമായ പീഡനത്തിന്റെ ദൃശ്യങ്ങള്‍ അനാവരണം ചെയ്യുന്നത്. അങ്ങിനെ ഓര്‍മിക്കുക എന്നതിന്റെ ആവശ്യകതയും ഓര്‍മിക്കുന്നതിന്റെ അസാധ്യതയും ഒരേ സമയത്ത് അനുഭവിപ്പിക്കുകയാണ് റെനെ.

അമേരിക്ക കരിമ്പട്ടികയില്‍ പെടുത്തുകയും ഇറ്റലി പുറത്താക്കുകയും ഫ്രാന്‍സ് ആശ്ലേഷിക്കുകയും ഗ്രീസ് ദേശീയ നായകനായി ആഘോഷിക്കുകയും ചെയ്‌ത വിശുദ്ധനായ പ്രതിഭാശാലിയാണ്, തിരക്കഥാകൃത്തും സംവിധായകനുമായ ജൂള്‍സ് ഡാസിന്‍. ഹോളിവുഡിലെ കമ്യൂണിസ്‌റ്റുകാരെയും അനുഭാവികളെയും അനുഭാവികളും പ്രവര്‍ത്തകരും അംഗങ്ങളുമെന്ന് ആരോപിക്കപ്പെട്ടവരെയും കൂട്ടത്തോടെ നാടുകടത്തിയ കുപ്രസിദ്ധമായ മക്കാര്‍ത്തിയന്‍ കാലഘട്ടത്തിലാണ് മുമ്പ് പാര്‍ടിയിലംഗത്വമെടുത്തിരുന്ന ഡാസിനും പുറത്താക്കപ്പെട്ടത്. അമേരിക്കന്‍ ചരിത്രത്തിലെ തന്നെ ഭ്രാന്തന്‍ കാലങ്ങളിലൊന്നായി പിന്നീട് വ്യാഖ്യാനിക്കപ്പെട്ട അക്കാലത്ത് ചാപ്ലിനടക്കമുള്ള നിരവധി പ്രതിഭാശാലികളെയാണ് മുന്നും പിന്നും നോക്കാതെ നാടുകടത്തിയത്. ഹോളിവുഡ് ബ്ലാക്ൿലിസ്‌റ്റ് എന്നറിയപ്പെട്ട അന്നത്തെ പുറത്താക്കേണ്ടവരുടെ പട്ടികയില്‍ തിരക്കഥാകൃത്തുക്കള്‍, അഭിനേതാക്കള്‍, സംവിധായകര്‍, സംഗീതജ്ഞര്‍, വിനോദവ്യവസായ രംഗത്തുള്ള മറ്റു പ്രൊഫഷനലുകള്‍ എന്നിവരൊക്കെയുണ്ടായിരുന്നു. കമ്യൂണിസ്‌റ്റ് പാര്‍ടിയുമായി ബന്ധമുള്ളവരും അല്ലാത്തവരുമായ നിരവധി പേര്‍ ഈ പട്ടികയിലുള്‍പ്പെടുത്തപ്പെട്ടു. അധികാരിവര്‍ഗത്തിന്റെ പക്ഷം പിടിച്ചവരുടെ ഒരു 'വംശഹത്യാവിനോദം' തന്നെയായിരുന്നു അത്. അമേരിക്ക ഉയര്‍ത്തിപ്പിടിച്ചതായി നടിച്ചിരുന്ന ലിബറല്‍ ജനാധിപത്യം എത്ര വ്യര്‍ത്ഥവും വ്യാജവുമായിരുന്നു എന്നു പരസ്യമായി തെളിയിക്കപ്പെട്ട അവസരവുമായിരുന്നു ആ വേട്ടക്കാലം.

'മഹത്തായ' സാമ്പത്തിക തകര്‍ച്ച (ഗ്രേറ്റ് ഡിപ്രഷന്‍)യുടെയും പിന്നീട് രണ്ടാം ലോക മഹായുദ്ധത്തിന്റെയും പശ്ചാത്തലത്തിലാണ് ഈ ക്രൂരവിനോദം അരങ്ങേറിയത്. അമേരിക്ക ഭയത്തിന്റെ കൂടി അടിത്തറയിലാണ് കെട്ടിപ്പടുക്കപ്പെട്ടത് എന്നു തെളിയിക്കുന്നതു കൂടിയായിരുന്നു ഈ വേട്ട. 1957ല്‍ സംവിധാനം ചെയ്ത ഹി ഹു മസ്‌റ്റ് ഡൈയില്‍ ക്രെറ്റെ ദ്വീപിലെ നഗരവാസികള്‍ വര്‍ഷാന്ത്യ നാടകം കളിക്കുന്നതിനുള്ള ഒരുക്കങ്ങളാണ് ഇതിവൃത്തമായി വരുന്നത്. അധിനിവേശിതരായ ഗ്രീക്കുകാരാണ് ദ്വീപു നിവാസികള്‍. തുര്‍ക്കിയുടെ ആധിപത്യമായിരുന്നു അവരനുഭവിച്ചിരുന്നത്. പൌരോഹിത്യവും നാടകവും അധിനിവേശത്തിന്റെ സ്‌മരണകളും വീണ്ടുമാവര്‍ത്തിക്കുന്ന അധിനിവേശം എന്ന ദുസ്വപ്‌നവും കൂടിക്കുഴയുന്ന ഹി ഹു മസ്‌റ്റ് ഡൈയുടെ കഥാഗാത്രം വിസ്‌മയാവഹമാണ്. നിക്കോസ് കസാന്‍ദാക്കീസിന്റെ ക്രൈസ്റ്റ് റീക്രൂസിഫൈഡിനെ ആസ്‌പദമാക്കിയാണ് ഈ സിനിമ ഡാസിന്‍ വിഭാവനം ചെയ്‌തത്.

മലയാള സിനിമ ഇന്ന്, ഇന്ത്യന്‍ സിനിമ ഇന്ന്, ഇന്ത്യന്‍ മാസ്‌റ്റേഴ്‌സിന്റെ പുതിയ സിനിമകള്‍, ഡോക്കുമെന്ററികള്‍, ഹ്രസ്വചിത്രങ്ങള്‍, അമോസ് ഗിതായ്, ഫെര്‍ണാണ്ടോ ബിറി, കാരെന്‍ ഷൿനാസറോവ്, ഇദ്രിസ്സ ഓഡ്രാഗോ, സമീറ മഖ്‌മല്‍ബഫ്, ഫതീ അകിന്‍, ഭരതന്‍ എന്നിവരുടെ റെട്രോകള്‍, റഷ്യന്‍ കണ്‍ട്രി ഫോക്കസ്, അമ്പതു കൊല്ലത്തിനു മുമ്പ്, ഫുട്ബാള്‍ സിനിമകള്‍, സംഗീതവും സിനിമയും, യൂസഫ് ചാഹിന്‍, പി എന്‍ മേനോന്‍, കെ ടി മുഹമ്മദ്, ഭരത് ഗോപി, രഘുവരന്‍ എന്നിവര്‍ക്കുള്ള ആദര പാക്കേജുകളുമുണ്ടായിരുന്നു.

*
ജി പി രാമചന്ദ്രന്‍

ചിത്രങ്ങള്‍ക്ക് കടപ്പാട്: അന്താരാഷ്‌ട്ര ചലച്ചിത്ര മേളയുടെ ഔദ്യോഗിക വെബ് സൈറ്റ്

Monday, December 22, 2008

ഡയറിക്കുറിപ്പുകള്‍ കഥ പറയുന്നു

രഘുനാഥന്റെ ഡയറി
(1-2-2007)

അനുമോളുടെ വിവാഹം നിശ്ചയിച്ചു. ആഘോഷം അടിപൊളിയാക്കണം. ഓഫീസിലെ സുദേവന്റെ മോള്‍ടെ കല്യാണത്തെക്കാള്‍ കൊഴുപ്പിക്കണം. എല്ലാ കാര്യങ്ങളിലും എന്നോട് മത്സരിക്കുന്ന സുരേഷ്‌കുമാര്‍ ഞെട്ടണം. കാശ് പ്രശ്‌നമാകാന്‍ പാടില്ല. കൊഴുക്കണം. മൊത്തം കൊഴുപ്പിക്കണം.

ബാങ്ക് മാനേജരുടെ ഡയറി
(12-2-2007)

ഇന്ന് ലോണ്‍ അപേക്ഷയുമായി വന്ന ഇരുപത്താറുപേരില്‍ രണ്ടുപേര്‍ക്ക് ലോണ്‍ പാസാക്കാന്‍ തീരുമാനിച്ചു. അതില്‍ ഒരാള്‍ രഘുനാഥന്‍ എന്ന ആളാണ്. മകളുടെ കല്യാണത്തിന്റെ എന്‍ഗേജ്‌മെന്റ് ആഘോഷത്തിനാണ് ലോണ്‍. മൂന്നുലക്ഷം. എന്‍ഗേജ്‌മെന്റിന് മൂന്നുലക്ഷം രൂപയൊക്കെ ചെലവാക്കണമോ എന്ന് ഞാന്‍ ചോദിച്ചു. അപ്പോഴാണ് അറിഞ്ഞത്. മൊത്തം അഞ്ചു ലക്ഷമാണ് ബജറ്റ്. മൂന്നു ലക്ഷം ബാങ്കില്‍നിന്ന്. രണ്ടുലക്ഷം അയാളുടെ പിഎഫില്‍നിന്ന്. വല്ലാത്ത ധൂര്‍ത്തുതന്നെ. ഇപ്പോള്‍ അതൊരു ട്രെന്റാണത്രെ. മെയിന്‍ ആഘോഷത്തിന് മുന്നോടിയായി മെയിനിനെക്കാള്‍ കേമമായി സബ് ആഘോഷങ്ങള്‍.

ബ്രോയ്‌ലര്‍ ചിക്കന്റെ ഡയറിയില്‍നിന്ന്
(22-2-2007)

ഇന്ന് അഴിയടിച്ച കൂട്ടില്‍ കിടന്നപ്പോള്‍ പുറത്ത് ഞങ്ങളുടെ ഉടമസ്ഥനോട് ആരോ പറയുന്നതു കേട്ടു. "അടുത്ത ബുധനാഴ്‌ച രഘുനാഥന്‍ സാറിന്റെ മോളുടെ നിശ്ചയമാണ്. 500 കിലോ ചിക്കന്‍ വേണം.'' എന്റെ സഹചിക്കനുകള്‍ ഞെട്ടിവിറച്ചു. ക്രിസ്‌മസ് വന്നാലും ദീപാവലി വന്നാലും എന്‍ഗേജ്‌മെന്റ് വന്നാലും റാങ്ക് കിട്ടിയാലും പ്രൊമോഷന്‍ വന്നാലും ഞങ്ങള്‍ ബ്രോയ്ലയ്‌ലര്‍ ചിക്കനുകള്‍ക്ക് കിടക്കപ്പൊറുതിയില്ല. മുമ്പ് സസ്യാഹാരം മാത്രം പാലിച്ചിരുന്ന സന്ദര്‍ഭങ്ങളാണ്.....ഇപ്പോള്‍ ചിക്കനില്ലാതെ ഇവന്മാര്‍ക്ക് ശരിയാകില്ല. കുളിക്കാനും പല്ലുതേക്കാനും ഒഴികെ ബാക്കി എല്ലാറ്റിനും ചിക്കന്‍. കൊളസ്‌ട്രോള്‍ എന്നൊരസുഖം വാസ്‌തവത്തില്‍ ഞങ്ങള്‍ക്കുവേണ്ടിയാണ് സൃഷ്‌ടിക്കപ്പെട്ടേക്കുന്നത്. അതുംകൂടി ഇല്ലായിരുന്നെങ്കില്‍ ഇവന്മാര്‍ ഒറ്റദിവസംകൊണ്ട് ഭൂമിയിലെ മൊത്തം ബ്രോയ്‌ലര്‍ ചിക്കനും തിന്നുതീര്‍ത്ത്, എന്നിട്ടും ആര്‍ത്തി തീരാതെ ആട്, മാട്, പൂച്ച, പട്ടി, കരടി, കാണ്ടാമൃഗം...തുടങ്ങി സകല ജീവികളെയും വെട്ടിവിഴുങ്ങുമായിരുന്നു. ഹോ! കൊളസ്‌ട്രോളേ, നിനക്ക് സ്‌തുതി.....രാത്രി എട്ടുമണിക്ക് ഉടമസ്ഥന്‍ തവിടും ഭക്ഷണവും വെള്ളവും തന്നു. ഞങ്ങള്‍ തിന്നു. അടുത്ത ബുധനാഴ്‌ച രഘുനാഥന്‍ സാറിന്റെ മകളുടെ എന്‍ഗേജ്‌മെന്റ് കൊഴുപ്പിക്കാന്‍ ഞങ്ങള്‍ ഒരുങ്ങുകയാണ്. "അന്യര്‍ക്ക് സന്തോഷം വരുന്നതിനുവേണ്ടീട്ടാണെങ്കില്‍ നൂറാവര്‍ത്തി ചത്തീടുവിന്‍' എന്നോ മറ്റോ അര്‍ഥത്തില്‍ ഇവന്മാരുടെ ഇടയില്‍ വന്നു ജനിച്ചുപോയ നല്ലവനായ ഒരു കവി എഴുതിയിട്ടുണ്ടത്രെ. ഞങ്ങളെ ഉദ്ദേശിച്ചായിരിക്കും.

രഘുനാഥന്റെ ഡയറി
(2-3-2007)

കിടുങ്ങി. എല്ലാവന്മാരും കിടുങ്ങി. അടിപൊളി എന്നു പറഞ്ഞാല്‍ ഇതാണ് അടിപൊളി. ഹോ ഡെക്കറേഷന് ഇരുപത്തയ്യായിരം കൊടുത്തെങ്കിലെന്ത്. സദ്യക്ക് ഒന്നര പോയെങ്കിലെന്ത്., ഒരു പേരായില്ലേ. സദ്യ വെജിറ്റേറിയനും നോണ്‍വെജിറ്റേറിയനും പ്രത്യേകം പ്രത്യേകമുണ്ടായിരുന്നു. ഇരുന്നൂറില്‍ ചില്വാനം കാറാണ് നിരന്നത്. എന്‍ഗേജ്‌മെന്റിന് ഇരുന്നൂറ് കാറാണെങ്കില്‍ കല്യാണത്തിന് എഴുന്നൂറെങ്കിലും വേണം. എംഎല്‍എ വന്നില്ല. മഴവെള്ളക്കെടുതിയില്‍പ്പെട്ടവരെ സന്ദര്‍ശിക്കാന്‍ പോയിരുന്നത്രെ. ഇലക്ഷന്‍ വരുമല്ലോ. അപ്പോള്‍ രണ്ടു ചോദിക്കണം.

രഘുനാഥന്റെ അച്‌ഛന്റെ ഡയറി
(2-3-2007)

കഷ്‌ടം! ഇതെന്തൊരു ധൂര്‍ത്താണ്. വിവാഹനിശ്ചയംമുതല്‍ തുടങ്ങിയ ആര്‍ഭാടം കാണിക്കലാണ്. ആരെങ്കിലും ഒരാള്‍ ഒരു ശീലം തുടങ്ങിവയ്‌ക്കുന്നു. വേറൊരാള്‍ അത് ഏറ്റുപിടിക്കുന്നു. മൂന്നാമത്തെയാള്‍ ഇരട്ടിയാക്കുന്നു. ലളിതമാകുമ്പോഴാണ് ഏതും ആഹ്ലാദകരമാകുന്നത്, ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നത്...കല്യാണം നടക്കാന്‍ ഇനി രണ്ടു മാസംകൂടിയേ ഉള്ളു. അതിനിടയില്‍ എന്തിനാണ് ഇത്രയും വലിയ ഒരു ആര്‍ഭാട എന്‍ഗേജ്‌മെന്റ്? കല്യാണത്തിന് ക്ഷണിക്കുംപോലെ ആള്‍ക്കാരെയും ക്ഷണിച്ചേക്കുന്നു. തുണിയെടുക്കല്‍, വീഡിയോ, സിഡിയോ, ഗാനമേള....ഇടത്തരക്കാരനായ എന്റെ മോന്‍ ഇപ്പോള്‍ത്തന്നെ ഇതിനുവേണ്ടി കുറേ ലോണെടുത്തു. ഇവന്റെ ചാട്ടം കണ്ട് ഇനി മറ്റ് എത്ര ഇടത്തരക്കാരും പാവങ്ങളുമായിരിക്കും ആ വഴിക്ക് വരാന്‍ പോകുന്നത്.

ജോണിച്ചന്റെ ഡയറി
(3-3-2007)

ഇന്ന് സിറ്റി ഹോട്ടലില്‍ രഘുവിന്റെ വക തകഴ്പ്പന്‍ പാഴ്‌ടിയായിരുന്നു. 12 കുപ്പി പൊട്ടിച്ചു. ഇന്നലെ എന്‍ഗേജ്‌മെന്റിന് ലിക്കഴ് ഇല്ലായിരുന്നു. ലിക്കഴ് ഉപയോഗിക്കുന്നവര്‍ക്കുവേണ്ടി ഒരു പ്രത്യേക പാര്‍ട്ടി പറഞ്ഞിട്ടുണ്ടായിരുന്നു. ഞങ്ങള്‍ 25പേര്‍ ഉണ്ടായിരുന്നു. എല്ലാംകൂഴി മുപ്പഴിനായിരം ഴൂപയായി. നാഴെ ദിനേശന്റെ സെന്റോഫ് പാഴ്‌ടിയാണ്. അകത്ത് പെണ്ണുമ്പിള്ളയുടെ കഴച്ചിലും ശകാഴവും. പതിവു ഴീതികള്‍. ആഴോ പറഞ്ഞതുപോലെ "ഈ മനോഹഴ തീഴത്തു തഴുമോ ഇനിയൊഴു ജന്മം കൂഴി'' ഒരു ജന്മം പോഴ. ഒന്നൊന്നഴ ജന്മം വേണം. എന്നാഴേ കുപ്പികഴൊക്കെ കുഴിച്ചു വറ്റിക്കാന്‍ പറ്റൂ.

ബാങ്ക് മാനേജരുടെ ഡയറി
(28-4-2007)

രഘുനാഥന്‍ എന്ന ആള്‍ വീണ്ടും വന്നു. വീടും പ്രമാണവും ഈടുവച്ച് അഞ്ചുലക്ഷംകൂടി ലോണ്‍ വേണമത്രെ. എന്‍ഗേജ്‌മെന്റിനെക്കാള്‍ ഗംഭീരമായി കല്യാണം നടത്തണം. കഴിഞ്ഞമാസത്തെ തവണ മുടങ്ങിയത് ഓര്‍മിപ്പിച്ചു. എല്ലാംകൂടി ഒന്നിച്ചടയ്‌ക്കാമെന്ന് അയാള്‍ പറഞ്ഞു.

പത്മിനിയുടെ ഡയറി
(8-5-2007)

ഇന്ന് രേണുകയും രഘുച്ചേട്ടനും കല്യാണം വിളിക്കാന്‍ വന്നു. സിറ്റിയിലെ ഏറ്റവും വലിയ കല്യാണമണ്ഡപത്തില്‍വച്ചാണ് കല്യാണം. കല്യാണം വിളിച്ചപ്പോള്‍ എന്നെ തോല്‍പ്പിക്കുന്ന മട്ടില്‍ ഒരു ചിരി രേണുകയുടെ മുഖത്തു കണ്ടു. എന്റെ മോള്‍ടെ കല്യാണത്തെക്കാള്‍ കെങ്കേമമാക്കുന്നതിന്റെ നെഗളിപ്പാണ്. ഗാനമേള ലൈവ് ടെലികാസ്റ്റ് ഒക്കെ ഉണ്ടത്രെ. കാര്‍ഡ് ഒന്നിന് അമ്പതു രൂപയായി. ഹോ! തല കറങ്ങുന്നു. അവള്‍ എന്നെ തോല്‍പ്പിച്ചു കളഞ്ഞു. ഇല്ല, ഗ്രേഷ്‌മമോളുടെ കല്യാണം വരുന്നുണ്ടല്ലോ. അതിനു പകരം വീട്ടണം.

പലിശക്കാരന്റെ ഡയറി
(15-5-2007)

രഘുനാഥന്‍ സാറിന് ഒരു ലക്ഷം രൂപ കൊടുത്തു. കല്യാണത്തിന്റെ ബജറ്റ് പത്തുലക്ഷം കവിഞ്ഞത്രെ. അഞ്ചുരൂപ പലിശയാകുമെന്ന് പറഞ്ഞു. മുദ്രപത്രത്തില്‍ എഴുതി ഒപ്പിട്ടുവാങ്ങി.

രഘുനാഥന്റെ ഡയറി
(18-5-2007)

തുണിയെടുക്കാനുള്ള കാശ് കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. പലിശക്കെടുത്തതും പിഎഫും ലോണുമൊക്കെ ആഭരണത്തിനും ഹാളിനുമൊക്കെ കൂടിയായി....പോട്ടെ....കാശൊരു പ്രശ്‌നമല്ല....പ്രസ്റ്റീജാണ് പ്രശ്നം.

റഹിമിന്റെ ഡയറി
(19-5-2007)

രഘുനാഥന്‍ചേട്ടന് അമ്പതിനായിരം കടം കൊടുത്തു.

സുധാകരന്റെ ഡയറി
(20-5-2007)

മിസ്റ്റര്‍ രഘുനാഥന് എഴുപത്തയ്യായിരം കടം കൊടുത്തു.

രഘുനാഥന്റെ അച്‌ഛന്റെ ഡയറി
(2-6-2007)

ഇന്ന് കല്യാണം കഴിഞ്ഞു. കഴിഞ്ഞ ഒരാഴ്‌ചമുതല്‍ തുടങ്ങിയ ആഘോഷവും പാര്‍ട്ടിയും മേളവുമൊക്കെയായിരുന്നു. കല്യാണത്തെക്കാള്‍ ആഘോഷം കല്യാണത്തലേന്നായിരുന്നു. ആഭരണത്തിന്റെ ഭാരം കാരണം മോള്‍ടെ കഴുത്ത് കുനിഞ്ഞുപോയി. എന്തൊക്കെ കണ്ടാല്‍ കണ്ണടയുമോ ആവോ.

രഘുനാഥന്റെ ഡയറി
(10-6-2007)

......ഇത്രയും രൂപ ഞാന്‍ എങ്ങനെ കൊടുത്തുതീര്‍ക്കും. ഒരെത്തും പിടിയും കിട്ടുന്നില്ല. ലളിതമായി നടത്തിയാല്‍ മതിയായിരുന്നു.

ബാങ്ക് മാനേജരുടെ ഡയറി
(12-9-2007)

മൂന്നുമാസമായി രഘുനാഥന്റെ ഇഎംഐ മുടങ്ങിക്കിടക്കുകയാണ്. നാളെ ആളിനെ അയക്കേണ്ടിയിരിക്കുന്നു.

പലിശക്കാരന്റെ ഡയറി
(13-10-2007)

സര്‍ക്കാരുദ്യോഗസ്ഥനല്ലേ എന്നു കരുതിയാണ് ഇതുവരെ ക്ഷമിച്ചത്. ഇന്ന് പൊതുനിരത്തില്‍വച്ച് തെറിവിളിക്കേണ്ടി വന്നു. അഞ്ചുദിവസത്തിനുള്ളില്‍ മുതലും പലിശേം തിരികെ തന്നില്ലെങ്കില്‍ വീട്ടിലേക്ക് ഗുണ്ടകള്‍ വരുമെന്ന അവസാനതാക്കീത് കൊടുത്തു.

റഹിമിന്റെയും സുധാകരന്റെയും ഡയറി
(16-10-2007)

എത്ര മുങ്ങിനടന്നാലും രഘുനാഥനെ പിടിക്കും.

ജോണിച്ചന്റെ ഡയറി
(17-10-2007)

ഇന്നും അഴിപൊളി പാഴ്‌ടി. ഴഘുനാഥന്‍ ഷാറിന്റെ വക. ഷാറിന് കടക്കാഴെ പേടിച്ച് നില്‍ക്കാന്‍ വയ്യ. അതിന്റെ ദുഃഖം. ദുഃഖം കാരണം മദ്യപിക്കാന്‍ ബാറില്‍പോയി. ഞങ്ങള്‍ കമ്പനി കൊടുത്തു. നാല് കുപ്പി പൊഴ്‌ടി. ലിക്കഴിന് കാശ് ഞങ്ങള്‍ കഴം കൊടുത്തു. ഉഗ്രന്‍ സാധനം. പെട്ടെന്നുതന്നെ പിടിച്ചു. അകത്ത് ഭാഴ്യ കഴയുന്നു. ഡയറിയില്‍ എഴുതാന്‍ കൈ നേഴേ നില്‍ക്കുന്നില്ല.

കോടതി ആമീന്റെ ഡയറി
(22-11-2007)

നാളെ രാവിലെ രഘുനാഥന്റെ വീട്ടില്‍ ജപ്‌തി നോട്ടീസ് പതിക്കാന്‍ പോണം. അതുകഴിഞ്ഞ് മറ്റ് നാലുപേരുടെ വീട്ടിലും. കല്യാണം, കാറുവാങ്ങല്‍, ആവശ്യമില്ലെങ്കിലും ക്രെഡിറ്റ് കാര്‍ഡെടുക്കല്‍, ഓവര്‍ പര്‍ച്ചേസ്, ആര്‍ഭാടം...അങ്ങനെ കുത്തുപാളയെടുത്തവരാണ് ഏവരും.

പത്മിനിയുടെ ഡയറി
(1-1-2008)

ഹാ! നല്ല വാര്‍ത്തയുമായാണ് പുതുവര്‍ഷം പിറന്നിരിക്കുന്നത്. രേണുകയുടെ വീട് ജപ്‌തിചെയ്തു. രഘുനാഥന്‍ ചേട്ടനെ വണ്ടിച്ചെക്ക് കൊടുത്തതിന് അറസ്റ്റ് ചെയ്തു. ഇതിനെയൊക്കെച്ചൊല്ലി കല്യാണം കഴിഞ്ഞുപോയ മകളുടെ വീട്ടില്‍ അസ്വാരസ്യം. ഹോ! മനസ്സ് സന്തോഷംകൊണ്ട് വിങ്ങുന്നു. ഈശ്വരാ...ഗ്രേഷ്‌മമോളുടെ കല്യാണം നാളെ ഉറപ്പിക്കും...അതുകഴിഞ്ഞാല്‍ രേണുക നടത്തിയതിലും കെങ്കേമമായി ഒരു എന്‍ഗേജ്‌മെന്റും കല്യാണവും.


*****

കൃഷ്ണ പൂജപ്പുര

Sunday, December 21, 2008

ഇന്‍ഷുറന്‍സ് ഇനി എത്ര സുരക്ഷിതം?

ഇന്‍ഷുറന്‍സ് മേഖലയിലെ നേരിട്ടുള്ള വിദേശനിക്ഷേപ പരിധി 26 ശതമാനത്തില്‍നിന്ന് 49ശതമാനം വരെ വര്‍ധിപ്പിക്കാനുള്ള കേന്ദ്ര മന്ത്രിസഭയുടെ തീരുമാനം രാഷ്‌ട്രത്തെയാകെ അമ്പരപ്പിക്കുകയും ഞെട്ടിപ്പിക്കുകയും ചെയ്‌തിരിക്കയാണ്. ആഗോള മൂലധനമാന്ദ്യം സൃഷ്‌ടിച്ച പ്രശ്‌നങ്ങള്‍ മറികടക്കാന്‍ ലോകമെങ്ങുമുള്ള സര്‍ക്കാരുകള്‍ നെട്ടോട്ടമോടുമ്പോള്‍ ഇന്‍ഷുറന്‍സ് മേഖലയില്‍ ഉദാരീകരണം വിപുലമാക്കാന്‍ ശ്രമിക്കുന്നത് യുക്തിക്ക് നിരക്കുന്നതല്ല. നവോദാരത്തിന്റെ പരാജയം യുപിഎ സര്‍ക്കാരിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തിയെന്നാണ് കാണിക്കുന്നത്. അതുപോലെതന്നെ ആഗോളമൂലധനം നവോദാര നയങ്ങളോട് എങ്ങനെ കൂറുപുലര്‍ത്തുന്നുവെന്നും ഇത് തെളിയിക്കുന്നു. എന്നാല്‍ ഈ നീക്കം ചെറുക്കപ്പെടാതിരുന്നാല്‍ അത് നമ്മുടെ ഇന്‍ഷുറന്‍സ് മേഖലയെ വിനാശകരമായി ബാധിക്കുമെന്നതിന് സംശയമില്ല. കാരണം, നമ്മുടെ ദേശീയസമ്പദ്‌വ്യവസ്ഥയുടെ വികാസത്തില്‍ ഗണ്യമായ പങ്കുവഹിക്കുന്ന മേഖലയാണിത്. ദീര്‍ഘകാല നിക്ഷേപത്തിനുവേണ്ട വിഭവങ്ങള്‍ സമാഹരിച്ചുനൽകുന്ന ഈ മേഖലയില്‍ എഫ് ഡി ഐ പരിധി ഉയര്‍ത്തുന്നത് ആത്യന്തികമായി നമ്മുടെ ദേശീയ സമ്പദ്‌വ്യവസ്ഥയെ മുച്ചൂടും തകര്‍ക്കും.

ഇന്‍ഷുറന്‍സ് മേഖലയില്‍ രണ്ടാം തലമുറ പരിഷ്‌ക്കാരം നടപ്പിലാക്കുന്നതിനുവേണ്ടി, പാര്‍ലമെന്റ് സമ്മേളനത്തില്‍ രണ്ട് ബില്ലുകള്‍ അവതരിപ്പിക്കുകയാണല്ലോ. ഇന്‍ഷുറന്‍സ് റഗുലേറ്ററി ഡവലപ്‌മെന്റ് അതോറിറ്റി (ഐആര്‍ഡിഎ) ആൿടിലും ജനറല്‍ ഇന്‍ഷുറന്‍സ് ബിസിനസ് നാഷണലൈസേഷന്‍ (ജിഐബിഎന്‍എ) ആൿടിലും 1938 ലെ ഇന്‍ഷുറന്‍സ് ആൿടിലും ഭേദഗതി കൊണ്ടുവരുന്ന ബില്ലാണ് ഒന്നാമത്തേത്. രാജ്യസഭയില്‍ അവതരിപ്പിക്കാനുള്ളതാണ് ഈ ബില്‍.

1956 ലെ എല്‍ ഐ സി ആൿടില്‍ ഭേദഗതി വരുത്തുന്ന ബില്ലാണ് രണ്ടാമത്തേത്. എല്‍ഐസിയുടെ ഇന്നത്തെ അഞ്ചുകോടി മൂലധനം 100 കോടിയാക്കി വര്‍ധിപ്പിക്കുകയെന്നതാണ് ഭേദഗതിയുടെ ലക്ഷ്യം. ഇന്‍ഷുറന്‍സ് നിയമത്തിലെ കാലഹരണപ്പെട്ട നിബന്ധനകള്‍ മാറ്റി കാലത്തിനനുസൃതമാക്കി പരിഷ്‌ക്കരിക്കാന്‍ ഈ ഭേദഗതി അനിവാര്യമാണെന്നാണ് സർക്കാർ വാദം. എന്നാല്‍ ഇന്‍ഷുറന്‍സ് മേഖലയെ അതിന്റെ പൊതുമേഖലാസ്‌തിത്വത്തില്‍നിന്നും പറിച്ചെടുത്ത് സ്വകാര്യമേഖലയില്‍ പ്രതിഷ്‌ഠിക്കുക, വിദേശമൂലധനത്തിന് നമ്മുടെ ആഭ്യന്തര നിക്ഷേപത്തില്‍ പിടിമുറുക്കാനുള്ള അവസരം നല്‍കുക എന്നതൊക്കെയാണ് സര്‍ക്കാരിന്റെ യഥാർത്ഥ ലക്ഷ്യങ്ങള്‍.

1999 ലെ ഐആര്‍ഡിഎ ആൿട് പ്രാബല്യത്തില്‍ വന്നതിനുശേഷമാണ് ഇന്‍ഷുറന്‍സ് മേഖലയില്‍ സ്വകാര്യപങ്കാളിത്തം വരുന്നത്. നരസിംഹറാവു സര്‍ക്കാര്‍ നിയോഗിച്ച മല്‍ഹോത്ര കമ്മിറ്റിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. ഈ കമ്മിറ്റി റെക്കോർഡ് വേഗത്തില്‍ പ്രവര്‍ത്തനം പൂര്‍ത്തീകരിക്കുകയും 1994ല്‍ റിപ്പോര്‍ട് മന്‍മോഹന്‍സിങ്ങി (അന്നത്തെ ധനമന്ത്രി) ന് കൈമാറുകയും ചെയ്‌തിരുന്നു. ഈ നിര്‍ദേശങ്ങളെല്ലാം കൃത്യമായ ഉദ്ദേശ്യങ്ങളുടെ അടിസ്ഥാനത്തിലുള്ളതായിരുന്നു. മാത്രമല്ല, ഇന്ത്യന്‍ കുത്തകകളുടെയും വിദേശമൂലധനത്തിന്റെയും താല്പര്യങ്ങള്‍ പരിരക്ഷിക്കുകയെന്നതായിരുന്നു അതിന്റെ ലക്ഷ്യം. ഇന്‍ഷുറന്‍സ് മേഖലയെ സ്വകാര്യവല്‍ക്കരിക്കുക എന്നതായിരുന്നു മല്‍ഹോത്രകമ്മിറ്റി നിര്‍ദേശങ്ങളുടെ മുഖ്യ ഉദ്ദേശ്യം.

അങ്ങനെ വിദേശ ബഹുരാഷ്‌ട്രക്കമ്പനികളും ഇന്ത്യന്‍ സ്വകാര്യക്കമ്പനികളും തമ്മില്‍ കൂട്ടുകെട്ടുണ്ടാക്കുകയെന്ന അജന്‍ഡ നടപ്പിലാക്കപ്പെടുകയുമായിരുന്നു. കൂടാതെ, എല്‍ഐസിയുടെയും ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളുടെയും ആസ്‌തി 100 കോടി രൂപയിലേക്ക് ഉയര്‍ത്തുകയും ഈ കമ്പനികളുടെ സ്വന്തം വിഹിതം 50 ശതമാനമാക്കി വെട്ടിക്കുറയ്‌ക്കുകയും ക്മ്മിറ്റിയുടെ നിർദ്ദേശമായിരുന്നു. എന്നാല്‍ ഈ നിര്‍ദേശങ്ങളെല്ലാം മുഴുവന്‍ ജനങ്ങളുടെയും എതിര്‍പ്പുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വിധേയമായി. അഖിലേന്ത്യാ ഇന്‍ഷുറന്‍സ് എംപ്ളോയീസ് അസോസിയേഷ (എ ഐ ഐ ഇ എ) ന്റെ നേതൃത്വത്തില്‍ ഒന്നരക്കോടിയിലേറെ പേര്‍ ഒപ്പിട്ട നിവേദനം പാര്‍ലമെന്റിന് നല്‍കി. എന്നാൽ വിപുലമായ ഒരു ജനതയുടെ വികാരങ്ങളോട് പുറംതിരിഞ്ഞുനില്‍ക്കുകയായിരുന്നു എന്‍ ഡി എ സര്‍ക്കാര്‍. വിദേശമൂലധനത്തിനും ആഭ്യന്തര സ്വകാര്യ താല്പര്യങ്ങള്‍ക്കും വേണ്ടി പൊതുമേഖലയെ ബലികൊടുക്കുകയായിരുന്നു എന്‍ഡിഎ സര്‍ക്കാറിന്റെ ലക്ഷ്യം. എന്നാല്‍ ശക്തമായ ജനകീയ എതിര്‍പ്പിന് ഫലമുണ്ടായി. വിദേശപങ്കാളിത്തത്തിന് 26 ശതമാനമെന്ന പരിധിവയ്‌ക്കാനും എല്‍ഐസിയുടെയും ജിഐസിയുടെയും മൂലധനഘടനയുമായി കൂട്ടുചേരുന്നത് തടയാനും സര്‍ക്കാര്‍ നിര്‍ബന്ധിതമായി. എല്‍ഐസിയും ജിഐസിയും പൊതുമേഖലയില്‍ത്തന്നെ നിലനിര്‍ത്താന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. മല്‍ഹോത്രകമ്മിറ്റി നിര്‍ദേശിച്ചപോലെ സ്വകാര്യവല്‍ക്കരിക്കാനുള്ള ശ്രമങ്ങളില്‍നിന്ന് സർക്കാരിന് പിന്തിരിയേണ്ടി വന്നു.

എട്ടു വര്‍ഷത്തിനുള്ളില്‍ അസംഖ്യം സ്വകാര്യക്കമ്പനികള്‍ ഇന്‍ഷുറന്‍സ് മേഖലയില്‍ ആരംഭിച്ചു. ഇവയിൽ ഭൂരിഭാഗവും ആഗോള ഇന്‍ഷുറന്‍സ് കമ്പനികളുമായി കൂട്ടുചേര്‍ന്നുകൊണ്ടാണ് തങ്ങളുടെ ബിസിനസ് പങ്കാളിത്തം നടത്തിക്കൊണ്ടിരിക്കുന്നത്. ബിസിനസിലെ വന്‍കിട കമ്പനികളായിരുന്നിട്ടും ഇന്‍ഷുറന്‍സ് മേഖലയിലെ പൊതുമേഖലയുടെ ആധിപത്യം തകര്‍ക്കാന്‍ അവയ്‌ക്ക് സാധിച്ചില്ല. പുതിയ പ്രീമിയത്തിലെ 65 ശതമാനം മാര്‍ക്കറ്റ് ഷെയറും മൊത്തം പ്രീമിയത്തിലെ 82 ശതമാനവും ഉള്‍പ്പെടെ എല്‍ ഐ സിയുടെ വിപണി ലൈഫ് ഇൻ‌ഷുറൻ‌സിലെ നിര്‍ണായശക്തിയായി തുടരുകയാണ്. പൊതുമേഖലയിലെ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളായ നാല് സ്ഥാപനവും ജനറല്‍ ഇന്‍ഷുറന്‍സ് ബിസിനസില്‍ ആധിപത്യം പുനഃസ്ഥാപിച്ചു. വിവിധ തലങ്ങളിലെ പങ്കാളിത്തത്തിന് പരിധിവെച്ചത് വിദേശ മൂലധനത്തെ സംതൃപ്‌തരാക്കിയില്ല. മൂലധനത്തിനുമേലുള്ള നിയന്ത്രണങ്ങള്‍ നീക്കം ചെയ്യാനും ഇന്ത്യയില്‍ പ്രവര്‍ത്തിക്കാനുള്ള പരിപൂര്‍ണ സ്വാതന്ത്ര്യം ലഭിക്കാനും വേണ്ടി ആഗോളവല്‍ക്കരണവക്താക്കള്‍ സമ്മര്‍ദങ്ങള്‍ തുടരുകയാണ്. 2004 ല്‍ അവതരിപ്പിച്ച ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ചതിതാണ് ; എഫ് ഡി ഐ പരിധി 49 ശതമാനം വരെ ഉയര്‍ത്തും. എന്നാല്‍ എഐഐഇഎ യുടെ പ്രക്ഷോഭത്തിന്റെയും ഇടതുപാര്‍ടികളുടെ ചെറുത്തുനില്‍പ്പിന്റെയും ഫലമായി ഇതൊന്നും സഫലമാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല.

ഇന്ന് കേന്ദ്രസര്‍ക്കാറിന് നിലനില്‍ക്കാന്‍ ഇടതുപാര്‍ടികളുടെ പിന്തുണ വേണ്ട. ധനമേഖലയിലെ രണ്ടാം തലമുറ പരിഷ്‌ക്കാരങ്ങളുമായി മുന്നോട്ടുപോവാന്‍ തന്നെയാണ് കേന്ദ്രത്തിന്റെ നീക്കം. ബാങ്കിങ് ഭേദഗതി നിയമവും പിഎഫ്ആര്‍ഡിഎ നിയമവും മറ്റു ചില നടപടിക്രമങ്ങളും പാര്‍ലമെന്റില്‍ ഭേദഗതി ചെയ്യാൻ ആലോചിക്കുകയാണ്.

ജനാധിപത്യ വിരുദ്ധവും ഏകപക്ഷീയവുമായി തൊഴിലാളികളുടെ പ്രോവിഡന്റ് ഫണ്ട് സമ്പാദ്യത്തിന്റെ ഒരു ഭാഗം, സ്റ്റോക്ക് മാര്‍ക്കറ്റില്‍ നിക്ഷേപിക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിരിക്കുകയാണ്. അതുമാത്രമല്ല, ഇന്ത്യന്‍-വിദേശ മൂലധന താല്പര്യങ്ങള്‍ പരിരക്ഷിക്കാന്‍വേണ്ടി വേറെയും ചില പരിഷ്‌ക്കാരങ്ങളുമായി മുന്നോട്ടുപോവാനാണ് അവരുടെ ഉദ്ദേശ്യം.

ഐആര്‍ഡിഎ ആൿടിന്റെ ഭേദഗതി, എഫ് ഡി ഐ പരിധി 49 ശതമാനം വരെ ഉയര്‍ത്താന്‍ പര്യാപ്‌തമാവും. ഇന്‍ഷുറന്‍സ് എന്നത് ഒരു മൂലധനാത്മകമായ ബിസിനസാണെന്നും ഇന്ത്യന്‍ പങ്കാളികള്‍ക്ക് മൂലധനക്ഷാമം ഉണ്ടെന്നും വിദേശനിക്ഷേപ പരിധി ഉയര്‍ത്തുന്നത് ബിസിനസ് വിപുലമാക്കാന്‍ സഹായിക്കുമെന്നുമാണ് സര്‍ക്കാരിന്റെ ന്യായീകരണം. സര്‍ക്കാരിന്റെ വാദമുഖങ്ങള്‍ നിലനില്‍ക്കത്തക്കതല്ല. കാരണം ഇന്ത്യന്‍ പങ്കാളികള്‍ വന്‍കിട വ്യവസായികളും ധനസ്ഥാപനങ്ങളുടെ ഉടമകളും വമ്പിച്ച സമ്പത്ത് നിലനിര്‍ത്തുന്നവരുമാണ്. രാജ്യമെങ്ങും തങ്ങളുടെ ബിസിനസ് പ്രവര്‍ത്തനം വ്യാപിപ്പിച്ചവരാണവര്‍. വിഭിന്ന ധനമേഖലകളിലും മറ്റും ഇവരുടെ വ്യവസായസംരംഭങ്ങള്‍ വ്യാപിച്ചുകിടക്കുന്നതുതന്നെ മേല്‍പ്പറഞ്ഞ വാദമുഖങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് തെളിയിക്കുന്നു.

ഇന്‍ഷുറന്‍സ് മേഖല തുറന്നുകൊടുത്ത അവസരത്തിൽ സര്‍ക്കാരിന്റെ അവകാശവാദമിതായിരുന്നു: വിദേശപങ്കാളികള്‍ തങ്ങളുടെ വിപുലമായ ആഗോള പ്രീമിയം ഫണ്ടിലൂടെ ഇന്ത്യയുടെ പശ്ചാത്തല സൌകര്യങ്ങള്‍ ശക്തിപ്പെടുത്തും. എട്ടുവര്‍ഷത്തെ അനുഭവങ്ങള്‍ തെളിയിക്കുന്നത് ഈ കമ്പനികള്‍ ഒന്നുംതന്നെ അവരുടെ ആഗോള പ്രീമിയം ഫണ്ടിന്റെ ഒരു പങ്കും ഇന്ത്യയിലേക്ക് കൊണ്ടുവരുന്നില്ല എന്നാണ്. സര്‍ക്കാരിന്റെ അവകാശവാദം പൊള്ളയാണെന്ന് ഇതോടെ വ്യക്തമായി.

രണ്ടാമതായി, സമ്പദ്‌വ്യവസ്ഥയിലെ എഫ് ഡി ഐ പങ്കിനെ സംബന്ധിച്ച നയസങ്കല്പത്തില്‍ ചില വ്യതിയാനങ്ങളുണ്ട്. വാഷിങ്ടണ്‍ കണ്‍സെന്‍സസിന്റെ മൂശയില്‍ കൊരുത്ത ആശയത്തെയാണ് സര്‍ക്കാര്‍ മുറുകെ പിടിച്ചിരിക്കുന്നത്. അതനുസരിച്ച്, നമ്മുടെ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയില്‍ സുപ്രധാന പങ്ക് നേരിട്ടുള്ള വിദേശ മൂലധനം (എഫ് ഡി ഐ) നിറവേറ്റും. അങ്ങനെ ഇന്ത്യയിലേക്ക് എഫ് ഡി ഐയെ ആകര്‍ഷിക്കാന്‍വേണ്ടി നിരവധി ശ്രമങ്ങള്‍ നടത്തി പരാജയപ്പെട്ടു. ലോകബാങ്കും നിരവധി സര്‍ക്കാരുകളും ലോകമെങ്ങുമുള്ള സമ്പദ്ഘടനയുടെമേല്‍ നവോദാരനയങ്ങള്‍ സൃഷ്‌ടിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് പഠിക്കാന്‍ ഒരു കമീഷനെ നിയമിക്കാന്‍വേണ്ടി ശ്രമങ്ങള്‍ നടത്തി. നോബല്‍ പുരസ്‌ക്കാര ജേതാവായ മൈക്കീല്‍ സ്‌പെന്‍സിന്റെയും മൊണ്ടെൿസിങ് അലുവാലിയയുടെയും നേതൃത്വത്തിലുള്ള ഗ്രോത്ത് ആന്‍ഡ് ഡെവലപ്‌മെന്റ് കമീഷന്‍ ഇതുമായി ബന്ധപ്പെട്ട് വിപുലമായ ഒരു റിപ്പോര്‍ട് തയാറാക്കി. ഈ റിപ്പോര്‍ടിന്റെ നിഗമനങ്ങളിലൊന്നുംതന്നെ വിദേശനിക്ഷേപ പരിധിയെ സംബന്ധിച്ച ചര്‍ച്ചക്ക് ഇടംകൊടുക്കുന്നില്ല. റിപ്പോര്‍ട് നവോദാര ക്രമത്തോട് കൂറു പുലര്‍ത്തുകയാണ്. എന്നാല്‍ ലോകമെങ്ങും ഉയര്‍ന്നുവരുന്ന ജനരോഷം തണുപ്പിക്കാന്‍ ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവയ്‌ക്കുന്നു. എഫ് ഡി ഐ യെക്കുറിച്ച് പറയവെ കമീഷന്‍ നിരീക്ഷിക്കുന്നതിതാണ്: "വളര്‍ന്നുവരുന്ന ഒരു സമ്പദ് വ്യവസ്ഥയുടെ താല്പര്യങ്ങള്‍ക്കനുസൃതമായ നിക്ഷേപത്തിന് സഹായകമായ പൊതുനിക്ഷേപമടക്കമുള്ള ആഭ്യന്തര മൂലധനത്തിന് ബദലല്ല, വിദേശസമ്പാദ്യം.''

സാമ്പത്തിക പ്രതിസന്ധിയുടെ പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കാന്‍ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുന്നതിന്റെ ഭാഗമായി വിപുലമായ നിക്ഷേപങ്ങള്‍ക്ക് കളമൊരുക്കാന്‍ സര്‍ക്കാര്‍തന്നെ നേതൃത്വംകൊടുക്കണമെന്ന ധാരണ ഇന്നത്തെ ധനപ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ വളര്‍ന്നിട്ടുണ്ട്. അതിനുവേണ്ടി ആഭ്യന്തരസമ്പാദ്യത്തിന്റെ നിയന്ത്രണവും ഉടമസ്ഥതയും രാഷ്‌ട്രത്തില്‍ നിക്ഷിപ്‌തമായിരിക്കണം. ഇന്‍ഷുറന്‍സ് മേഖലയിലെ എഫ് ഡി ഐ പരിധി വര്‍ധിപ്പിക്കുന്നത് ഇതിന് വിലങ്ങുതടിയാണ്. ആഭ്യന്തര സമ്പാദ്യത്തിന്റെ വിപുലമേഖലകളുടെ മേലും ഉടമസ്ഥതയും നിയന്ത്രണവും സ്ഥാപിക്കാന്‍ വിദേശമൂലധനത്തിന് ചുവപ്പു പരവതാനി വിരിക്കുന്ന നീക്കമാണിത്. ഇന്ത്യന്‍ സമ്പദ്ഘടനയെ ഇത് പൂര്‍ണമായും തകര്‍ക്കും.

ജനറല്‍ ഇന്‍ഷുറന്‍സ് മേഖലയില്‍ മല്‍ഹോത്ര കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പാക്കാന്‍ കുറെ വര്‍ഷങ്ങളായി സര്‍ക്കാര്‍ നടപടി സ്വീകരിച്ചുവരുന്നു. ജി ഐ സിയും നാല് സബ്‌സിഡിയറി കമ്പനികളും എന്നുള്ള ബന്ധം വേര്‍പെടുത്തി. ഈ നാലുകമ്പനികളുടേയും മൂലധനം പരമാവധി നൂറുകോടി രൂപ വീതമാക്കി. ജനറല്‍ ഇന്‍ഷുറന്‍സ് ബിസിനസ് ദേശസാല്‍ക്കരണ നിയമത്തിന്റെ ഭേദഗതി ഇന്ന് ഈ നാലു കമ്പനികളുടെ മൂലധനത്തെ ഉയര്‍ത്താന്‍ വേണ്ടി കൂടി ഉദ്ദേശിച്ചാണ് എന്നാണ് സർക്കാർ വാദം. സർക്കാർ നേരിട്ട് മൂലധനം നിക്ഷേപിക്കുന്നതിനു പകരം കമ്പനികൾ കമ്പോളത്തിൽ നിന്നും മൂലധനം സ്വരൂപിക്കണം എന്നാണ് ബിൽ വിവക്ഷിക്കുന്നത്. സര്‍ക്കാരിന്റെ പ്രതികൂലമായ നയങ്ങളെയും നിലപാടുകളെയും അതിജീവിച്ചുകൊണ്ട് തന്നെ ഈ നാല് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളും മത്സരാധിഷ്‌ഠിത വിപണിയില്‍ അതിശക്തമായിതന്നെ ഇടപെടുന്നുണ്ട്. 2007-08 സാമ്പത്തികവര്‍ഷത്തില്‍ നാലു കമ്പനികളും കൂടി 2794 കോടി രൂപയുടെ ലാഭം നേടി. സര്‍ക്കാരിന് 449.49 കോടി രൂപയുടെ ഡിവിഡന്റും നല്‍കി. ഈ നാലു കമ്പനികള്‍ക്കും കൂടി 78198 കോടി രൂപയുടെ ആസ്‌തിയുണ്ട്. ആഭ്യന്തരാവശ്യങ്ങള്‍ക്കുവേണ്ട വിഭവങ്ങള്‍ സ്വരൂപിക്കാന്‍ ആവശ്യമായ ശേഷി അവര്‍ക്കുണ്ട്. സമ്പദ് വ്യവസ്ഥയില്‍ പ്രധാന പങ്കു വഹിച്ച ഈ കമ്പനികളെ സ്വകാര്യവ‌ൽ‌ക്കരിക്കുന്നത് രാഷ്‌ട്രനിര്‍മാണ പ്രക്രിയയെ തകിടം മറിക്കുന്നതിന് തുല്യമായിരിക്കും.

ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയുടെ ദീര്‍ഘകാല ആവശ്യങ്ങള്‍ സംരക്ഷിക്കുന്ന ഉപാധികള്‍ ( ഇൻ‌സ്‌ട്രമെന്റ്സ്) ഇന്ത്യന്‍ വിപണികള്‍ക്കില്ലെന്ന് പ്രചരിപ്പിക്കുകകൂടി ചെയ്യുന്നുണ്ട് സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികള്‍. അതുകൊണ്ട്, തങ്ങളുടെ ഇന്‍ഷുറന്‍സ് ഫണ്ടിന്റെ ഒരു ഭാഗം വിദേശരാജ്യങ്ങളിൽ നിക്ഷേപിക്കാന്‍ അവരെ അനുവദിക്കണമെന്നാണ് സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളുടെ വാദം. സര്‍ക്കാര്‍, ഈ വാദം അംഗീകരിച്ചുവെന്നാണ് തോന്നുന്നത്. ഇന്‍ഷുറന്‍സ് ഫണ്ടുകൾ നിക്ഷേപിക്കുന്നത് സംബന്ധിച്ച മാർഗനിർദ്ദേശങ്ങളിൽ ഭേദഗതി ചെയ്യാനുള്ള ശ്രമമാണിപ്പോള്‍. പശ്ചാത്തല സൌകര്യങ്ങളുടെ വികസനത്തിനും സാമൂഹിക മേഖലയിലും വിപുലമായ നിക്ഷേപങ്ങള്‍ രാഷ്‌ട്രം ആവശ്യപ്പെടുന്ന ഒരു കാലഘട്ടത്തില്‍ നമ്മുടെ ഇന്‍ഷുറന്‍സ് ഫണ്ട് പുറത്തേക്കൊഴുകുന്ന അവസ്ഥയായിരിക്കും ഇനി വന്നു ചേരുക. പോളിസിയെടുക്കുന്നവരുടെ പണം, ഊഹക്കച്ചവടത്തിന് വിനിയോഗിക്കപ്പെടാന്‍ ഇത് കാരണമാകും. പോളിസിയെടുക്കുന്നവരുടെയും രാഷ്‌ട്രത്തിന്റെ തന്നെയും താല്പര്യങ്ങളെ ഇത് ഹനിക്കും.

എല്‍ ഐ സിയുടെ മൂലധനം 5 കോടിയില്‍നിന്നും 100 കോടിയിലേക്ക് വര്‍ധിപ്പിക്കുകയാണ് സര്‍ക്കാരിന്റെ ഉദ്ദേശ്യം. അതിനാണ് 1956 ലെ എല്‍ ഐ സി ആൿട് ഭേദഗതി ചെയ്യാന്‍ ലോകസഭയില്‍ നിയമനിര്‍മാണംകൊണ്ടുവരാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇന്‍ഷുറന്‍സ് കമ്പനിക്കുവേണ്ടി 100 കോടി രൂപ മൂലധനം സജ്ജമാക്കുകയെന്ന ലക്ഷ്യത്തിനുവേണ്ടിയാണ് ഈ ഭേദഗതിയെ സര്‍ക്കാര്‍ ന്യായീകരിക്കുന്നത്.

എല്‍ ഐ സിയുടെ മൂലധനാടിത്തറയെ ശക്തിപ്പെടുത്താനുള്ള ശ്രമമാണ് ഈ ഭേദഗതി വ്യഖ്യാനിക്കപ്പെടുന്നത്. പക്ഷേ, ഭേദഗതിയുടെ പിന്നിലുള്ള യഥാര്‍ഥ ലക്ഷ്യം വേറൊന്നാണ്. അത് മല്‍ഹോത്രകമ്മിററിയുടെ നിര്‍ദേശങ്ങളുടെ വെളിച്ചത്തില്‍ സ്‌പഷ്‌ടമാണ്. എല്‍ ഐ സിയുടെ മൂലധനം 100 കോടിയാക്കി വര്‍ധിപ്പിക്കുകയും സര്‍ക്കാര്‍ പങ്കിന്റെ 50 ശതമാനം റദ്ദ് ചെയ്യുകയുമാണ് കമ്മിറ്റി നിര്‍ദേശത്തിന്റെ ലക്ഷ്യം. അതുകൊണ്ടുതന്നെ, ഈ തീരുമാനം, സംശയാസ്‌പദമാണ്. ഇന്ന് എല്‍ ഐ സി നമ്മുടെ രാജ്യത്തെ ഏറ്റവും വലുതും മെച്ചപ്പെട്ടതുമായ ധനകാര്യസ്ഥാപനമായി മാറിയിരിക്കുന്നു. രാഷ്‌ട്രനിര്‍മാണ പ്രവര്‍ത്തനത്തില്‍ അതിന്റെ സംഭാവന വളരെ വലുതാണ്. എല്‍ഐസിയുടെ കടുത്ത എതിരാളികള്‍പോലും അത് അംഗീകരിക്കും. സെറ്റിൽ ചെയ്യുന്ന ക്ലെയിമുകളുടെ കാര്യത്തിലും പോളിസി ഗുണഭോക്താക്കളുടെ കാര്യത്തിലും ലോകത്തിലെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയാണിത്. 24 കോടി പോളിസി ഉടമകളാണ് എല്‍ ഐ സിക്ക് ഉള്ളത്. വികസിത രാഷ്‌ട്രങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇന്ത്യക്ക് മെച്ചപ്പെട്ട ഒരു ഇന്‍ഷുറന്‍സ് മേഖലയുണ്ടെങ്കില്‍ അതിന് കാരണം എല്‍ ഐ സിയുടെ ഉജ്വലമായ പ്രകടനമാണ്. ദേശീയ ജി ഡി പിയുടെ ശതമനത്തില്‍ ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയം 4.1 ശതമാനമാണ്. ഇത് അമേരിക്കയുമായി കിടപിടിക്കുന്നതാണ്. 8.04 ലക്ഷം കോടി രൂപയാണ് എല്‍ ഐ സിയുടെ ആസ്‌തി. അതിന്റെ ബാധ്യതകളെക്കാള്‍ 1.17 ലക്ഷം കോടി രൂപയുടെ ആസ്‌തി അധികമായുണ്ട് എല്‍ ഐ സിക്ക് . ഇത്രയും വിപുലമായ ധനശേഷിയുള്ള ഒരു സ്ഥാപനം ഇന്ത്യയില്‍ വേറെയില്ല.

അതുകൊണ്ട് 95 കോടി നല്‍കുക എന്നതുകൊണ്ട് അര്‍ഥമാക്കുന്നത് ഇതിനെ ശക്തിപ്പെടുത്തുക എന്നല്ല. മറിച്ച് ഏറ്റവും വിജയകരമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തെ സ്വകാര്യവല്‍ക്കരിക്കാനുള്ള ആദ്യ പടി എന്നാണ്. ഇത്തരമൊരു ദേശീയ സ്ഥാപനത്തെ സ്വകാര്യവല്‍ക്കരിക്കുകയെന്നാല്‍ രാജ്യദ്രോഹകുറ്റം ചെയ്യുകയെന്നാണര്‍ഥം.

അമേരിക്ക, യൂറോപ്പ്, ജപ്പാന്‍ എന്നിവിടങ്ങളിലെല്ലാമുള്ള ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളെ ആഗോള മുതലാളിത്തപ്രതിസന്ധി ആകെ ഉലച്ചിരിക്കുകയാണ്. എ ഐ ജി അതിന്റെ പരാജയം സമ്മതിച്ചിരിക്കുന്നു. മെറ്റ് ലൈഫ്, ന്യൂയോര്‍ക്ക് ലൈഫും ഫെഡറല്‍ റിസര്‍വില്‍ നിന്നും സഹായം തേടിക്കൊണ്ടിരിക്കുകയാണ്. യു കെ പ്രൂഡെന്‍ഷ്യലും അവിവയും നഷ്‌ടത്തിലേക്ക് വീഴുന്നു. ഫോര്‍ടിസിനെ ബല്‍ജിയം സര്‍ക്കാരും മറ്റും ഏറ്റെടുത്തു. ജര്‍മന്‍ കമ്പനിയായ അലയന്‍സും ഇറ്റാലിയന്‍ കമ്പനിയായ ജനറലും കടത്തില്‍ മുങ്ങിക്കുളിച്ചിരിക്കയാണ്. ജപ്പാനിലെയും യൂറോപ്പിലെയും അമേരിക്കയിലെയും മുഴുവന്‍ ഇന്‍ഷുറന്‍സ് മേഖലയും തകര്‍ച്ചയുടെ വക്കിലാവുമെന്ന് റേറ്റിങ്ങ് കമ്പനികള്‍ പ്രവചിക്കുന്നു. അമേരിക്കയിലും യൂറോപ്പിലും പ്രതീക്ഷക്കു തീരെ സാധ്യത കാണുന്നില്ല. ഇവിടങ്ങളില്‍ തകര്‍ച്ചയാണ് വരാന്‍ പോവുന്നത്. ഈ കമ്പനികളെല്ലാം തന്നെ ഇന്ത്യയില്‍ ബിസിനസ് നടത്തുന്നുണ്ട്. എല്ലാ സ്വകാര്യ കമ്പനികളും മൂലധനശോഷണം നേരിടുന്ന സാഹചര്യത്തിലാണ് വിദേശനിക്ഷേപപരിധി 49 ശതമാനമാക്കി ഇത്തരം കമ്പനികള്‍ക്ക് ഇന്‍ഷുറന്‍സ് മേഖലയില്‍ കൂടുതല്‍ ഇടംനല്‍കാന്‍ കേന്ദ്രം ശ്രമിക്കുന്നത്.

കൂടുതല്‍ ഉദാരീകരിക്കാനും പുതുതായി ആരംഭിക്കാനും വേണ്ടി പരിഗണനയിലിരിക്കുന്ന നിയമനിര്‍മാണങ്ങള്‍ നമ്മുടെ ദേശീയതാൽ‌പ്പര്യങ്ങളെയും പോളിസിയുടമകളുടെ താല്പര്യങ്ങളെയും ഒരുപോലെ ഹനിക്കുന്നതാണ്. ഈ നീക്കത്തിനെതിരെ വിപുലമായ എതിര്‍പ്പുതന്നെ ഉയര്‍ന്നുവരുന്നുണ്ട്. ഈ നിയമനിര്‍മാണങ്ങളെ എതിര്‍ക്കാന്‍ ഇടതുപാര്‍ടികള്‍ തീരുമാനിച്ചിരിക്കുകയാണ്. രാഷ്‌ട്രീയ പരിഗണനകള്‍ക്കതീതമായി നിരവധി എം പി മാര്‍ ഈ നീക്കത്തിനെതിരെ ശബ്‌ദമുയര്‍ത്തിക്കഴിഞ്ഞു. എഐഐഇഎ ക്ക് കീഴില്‍ സംഘടിതരായ ഇന്‍ഷുറന്‍സ് ജീവനക്കാര്‍ ഈ നിയമനിര്‍മാണത്തിനെതിരെ പൊതുജനാഭിപ്രായം വളര്‍ത്താന്‍വേണ്ട വിപുലമായ ബഹുജന സമ്പര്‍ക്കപരിപാടിയും സമരപരമ്പരയും നടത്താന്‍ തീരുമാനിച്ചിരിക്കയാണ്. ആഗോള ധനവിപണി വമ്പിച്ച കുഴപ്പം നേരിടുന്ന ഇന്ന് സര്‍ക്കാര്‍ അതിന്റെ വങ്കത്തം മനസ്സിലാക്കുകയും ഇന്‍ഷുറന്‍സ് മേഖലയെ കൂടുതല്‍ ഉദാരീകരിക്കാനുള്ള ശ്രമങ്ങളില്‍നിന്ന് പിന്തിരിയുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കാം.

*****

അമാനുള്ളഖാന്‍

(അഖിലേന്ത്യാ ഇന്‍ഷുറന്‍സ് എംപ്ളോയീസ് അസോസിയേഷ ന്റെ (എഐഐഇഎ) പ്രസിഡന്റാണ് ലേഖകൻ)

കൂടുതൽ വായനയ്‌ക്ക്:

FDI i n t h e I n s u r a n c e S e c t o r

സാമ്പത്തികപ്രതിസന്ധി: എന്താണ് പോംവഴി ?

ആഗോള സാമ്പത്തികപ്രതിസന്ധിയുടെ അനുഭവത്തിന്റെ വെളിച്ചത്തില്‍ രാഷ്‌ട്രങ്ങളും ആഗോള സാമ്പത്തികസ്ഥാപനങ്ങളും നയങ്ങള്‍ തിരുത്താന്‍ തയ്യാറാകണമെന്ന് നോബല്‍ സമ്മാനജേതാവും ആഗോളവല്‍ക്കരണത്തിന്റെ ശക്തനായ വിമര്‍ശകനുമായ ജോസഫ് സ്‌റ്റിഗ്ളിറ്റ്സ് പറഞ്ഞു. ഡല്‍ഹിയില്‍ ഇൻ‌സ്‌റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് സംഘടിപ്പിച്ച പത്താമത് ഡി ടി ലൿടവാല സ്‌മാരക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ആഗോളവല്‍ക്കരണം പരാജയപ്പെട്ടെന്നും വിപണി അധിഷ്‌ഠിത സമ്പദ്‌വ്യവസ്ഥ സംബന്ധിച്ച മൌലികവാദം പിന്‍വലിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. വിപണിക്കോ സര്‍ക്കാരിനോ ഒറ്റയ്‌ക്ക് സാമ്പത്തികപ്രശ്‌നങ്ങള്‍ പരിഹരിക്കാനാകില്ല. ആഗോളവല്‍ക്കരണം പല കാര്യത്തിനും അതിര്‍ത്തി ഇല്ലാതാക്കി. നിയന്ത്രണം ഇല്ലാതായി. അമേരിക്കയിലുണ്ടായ സാമ്പത്തികപ്രതിസന്ധി മറ്റ് രാജ്യങ്ങളിലേക്കും പടരുന്നത് അതുകൊണ്ടാണ്.

പ്രതിസന്ധി നേരത്തെ പ്രവചിച്ചിരുന്നതാണ്. മുന്നറിയിപ്പും നല്‍കിയിരുന്നു. ദൌര്‍ഭാഗ്യവശാല്‍ മുഖ്യധാരാ രാഷ്‌ട്രീയനേതാക്കളും സാമ്പത്തിക വിദഗ്ധരും നയം രൂപീകരിക്കുന്നവരും അവയൊക്കെ അവഗണിച്ചു. ആഗോളവല്‍ക്കരണം തുടങ്ങിയശേഷമുള്ള ആദ്യത്തെ സാമ്പത്തികമാന്ദ്യമാണ് ഇത്. ഇത് പരിഹരിക്കാന്‍ ആഗോളമായ ശ്രമം വേണം. ഇന്ത്യയും ചൈനയും ആഗോളവല്‍ക്കരണ സാമ്പത്തികനയങ്ങള്‍ക്ക് പൂര്‍ണമായും വിധേയമാകാത്തതുകൊണ്ടാണ് സാമ്പത്തികപ്രതിസന്ധി ഈ രാജ്യങ്ങളില്‍ പ്രതിസന്ധിയുണ്ടാക്കാത്തത്. ലോക സമ്പദ്‌വ്യവസ്ഥയെ മാറ്റാന്‍ രംഗത്തിറങ്ങുന്നതില്‍ ഇന്ത്യയും ചൈനയും മടിച്ചുനില്‍ക്കരുത്. ഐക്യരാഷ്ട്ര സുരക്ഷാ സമിതിയില്‍ ഇന്ത്യക്ക് അംഗത്വം ലഭിക്കേണ്ടതാണ്. അത് ലഭിച്ചാല്‍ എല്ലാ അംഗരാജ്യങ്ങളുടെയും താല്‍പ്പര്യങ്ങള്‍ക്കായി ഇന്ത്യയും ചൈനയും പ്രവര്‍ത്തിക്കണം.

തെറ്റായ സാമ്പത്തികനയങ്ങളുടെയും ധനമാനേജ്‌മെന്റിന്റെയും ഫലമാണ് അമേരിക്കന്‍ തകര്‍ച്ച. ഓരോ കാലത്തും ഓരോ കുമിളകളുണ്ടാക്കിയാണ് അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥ പിടിച്ചുനില്‍ക്കുന്നത്. ഇക്കുറി ഭവനനിര്‍മാണ കുമിളയായിരുന്നു. അത് പൊട്ടി. സാമ്പത്തികപ്രതിസന്ധിയുടെ ഫലമായി ലക്ഷക്കണക്കിനു സാധാരണക്കാര്‍ക്ക് അമേരിക്കയില്‍ വീട് നഷ്‌ടപ്പെടും. അടുത്ത വര്‍ഷം 10 ലക്ഷം പേര്‍ക്ക് വീട് നഷ്‌ടപ്പെടുമെന്നാണ് കണക്ക്. ബാങ്കുകളും ധനസ്ഥാപനങ്ങളും തകര്‍ന്നതിനാല്‍ റിട്ടയര്‍മെന്റ് ആനുകൂല്യങ്ങളും മറ്റ് സമ്പാദ്യങ്ങളും തിരിച്ചുകിട്ടുമോ എന്ന ആശങ്കയിലാണ് ലക്ഷക്കണക്കിനാളുകള്‍.

ഇറാഖിനെതിരായ യുദ്ധത്തിന് 70,000 കോടി ഡോളര്‍ അമേരിക്ക ചെലവഴിച്ചു. 50 ലക്ഷം കുട്ടികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സിനുള്ള പദ്ധതി ബുഷ് വീറ്റോചെയ്‌ത് പരാജയപ്പെടുത്തി. അമേരിക്കയുടെ ദേശീയകടം എട്ടു വര്‍ഷംമുമ്പ് 5.7 ട്രില്യൺ ഡോളറായിരുന്നു. ഇപ്പോള്‍ അത് അഞ്ചിരട്ടിയായി. ലാഭം സ്വകാര്യവല്‍ക്കരിക്കുകയും യുദ്ധത്തെയും മറ്റ് സാമ്പത്തികക്കെടുതികളെയും ദേശസാല്‍ക്കരിക്കുകയും ചെയ്യുന്നു.

അമേരിക്കയില്‍ കൂടുതല്‍ തുക ചെലവഴിക്കേണ്ട മേഖലകളില്‍ പണം എത്തുന്നില്ല. പണം ആവശ്യമില്ലാത്തവര്‍ക്ക് കൂടുതല്‍ പണം കിട്ടുന്നു. സാമ്പത്തികപ്രതിസന്ധി പരിഹരിക്കാന്‍ ധനസ്ഥാപനങ്ങള്‍ക്കുമാത്രം രക്തം കുത്തിവച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍, യഥാര്‍ഥ രോഗി ആന്തരിക രക്തസ്രാവംമൂലം മരിക്കുന്നു. ആഗോളമായ സാമ്പത്തികനിയന്ത്രണ സംവിധാനവും ഏകോപിതമായ സാമ്പത്തിക ഇടപെടലും കൊണ്ടുമാത്രമേ ഈ പ്രതിസന്ധി അതിജീവിക്കാന്‍ കഴിയുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.

****

കടപ്പാട് : ദേശാഭിമാനി

അധിക വായനയ്‌ക്ക്

India, China must act positively: Prof Stiglitz