Saturday, March 26, 2011

അക്ഷരങ്ങളുടെ അപാരതീരം

തോന്നലുകളില്‍ വിശ്വസിക്കരുത്. കാഴ്ചയെ വിശ്വസിക്കുക. ചൈതന്യത്തെ വിശ്വസിക്കുക. അക്ഷരം ചൈതന്യമാണ്. പൂര്‍ണതയിലേക്കുള്ള പ്രയാണം. ഒരുതരം പൂര്‍ണതാതൃഷ്ണ-വ്യക്തിതലത്തിലെ അഹന്തയില്‍നിന്ന്, അഥവാ, ഞാനെന്ന സത്തയില്‍നിന്ന് തുടങ്ങി, ഞാനില്ലായ്മയുടെ തലത്തിലേക്കുള്ള ഉയര്‍ച്ച. നിരഹങ്കാരത്തിന്റെ അമൃതപ്രകാശത്തെ നമുക്ക് സ്പര്‍ശിക്കാനാവുന്ന ഇടമാണ് അലക്സാണ്‍ട്രിയയിലെ പടുകൂറ്റന്‍ ലൈബ്രറി!

ഈ ലൈബ്രറി ഒരു കേവല കെട്ടിടമല്ല, തടാകങ്ങളും മനോഹരദൃശ്യങ്ങളും ചേര്‍ന്ന്, പ്രകൃതിയെയും മനുഷ്യരെയും സമഞ്ജസമായി ഇണക്കിയുരുക്കിച്ചേര്‍ക്കുന്ന ഒരിടം! എഴുത്തുകാര്‍ക്കവിടം സ്വര്‍ഗതുല്യമാണ്. വായനക്കാര്‍ക്കത് അനുഭൂതിയുടെ പറുദീസ! ലോകമെമ്പാടും സാമ്രാജ്യങ്ങള്‍ സ്ഥാപിച്ച മഹാനായ അലക്സാണ്ടര്‍ ചക്രവര്‍ത്തിക്ക് ഭോഗവസ്തുക്കളോടും സ്വത്ത് കൂന കൂട്ടുന്നതിലും മാത്രമായിരുന്നില്ല ശ്രദ്ധ. അറിവിനും സംസ്കാരത്തിലും ശാസ്ത്രത്തിനും രാഷ്ട്രീയത്തിനും അതിപ്രാധാന്യം കൊടുത്തൊരു തലസ്ഥാനം അദ്ദേഹത്തിന്റെ മധുരസ്വപ്നമായിരുന്നു! ആ സ്വപ്നം സഫലീകരിച്ചത് കാണുവാന്‍ അദ്ദേഹത്തിന് ഭാഗ്യമുണ്ടായില്ല. ചക്രവര്‍ത്തിയുടെ മരണശേഷം രാജാവിന്റെ ഏറ്റവും വിശ്വസ്തനായിരുന്ന സേനാധിപനായ ടോളമി ഒന്നാമന്‍ തുടങ്ങിവച്ച സംരംഭങ്ങള്‍ പൂര്‍ത്തീകരിച്ചുകൊണ്ട്, ഈ സ്വപ്നത്തെ യാഥാര്‍ഥ്യമാക്കിത്തീര്‍ക്കുകയായിരുന്നു. ഈ വിജ്ഞാനകേന്ദ്രം, ലോകത്തിലെമ്പാടുമുള്ള അറിവുകളുടെ കേദാരഭൂമിയാവണമെന്നത് ടോളമി ഒന്നാമന്റെ ലക്ഷ്യവും ആഗ്രഹവുമായിരുന്നു. ഈജിപ്തിന്റെ സാംസ്കാരിക മണ്ഡലവുമായി ഈ ഭൂലോകമാകെ ബന്ധപ്പെടണമെന്ന അലക്സാണ്ടര്‍ രാജാവിന്റെ മോഹം ഈ സൈന്യാധിപതി സാക്ഷാത്കരിച്ചു.

അയല്‍രാജ്യങ്ങളില്‍നിന്നും അന്യഭാഷകളില്‍നിന്നും അനവധി ധിഷണാശാലികളുടെ എഴുത്തുപകര്‍പ്പുകള്‍ ശേഖരിക്കപ്പെട്ടു. അങ്ങനെ ലോകത്തിന്റെതന്നെ ബൌദ്ധികവും സാംസ്കാരികവും സാഹിത്യപരവുമായ കേന്ദ്രമാക്കി ഈജിപ്തിനെ ഉയര്‍ത്തുവാന്‍ അവര്‍ക്ക് സാധിച്ചു. ഒരേയൊരു കുടക്കീഴില്‍, അഥവാ, ഈ പടുകൂറ്റന്‍ വായനശാലക്ക്കീഴില്‍ ലോകത്തിന്റെ സകല പഠനങ്ങള്‍ക്കും സാധ്യതയുണ്ടാവണം. അതത്രെ അവരുടെ ലക്ഷ്യവും മാര്‍ഗവും. ഈ സംരംഭത്തിന്റെ തുടര്‍ച്ച, ടോളമി രണ്ടാമനും പിന്തുടര്‍ച്ചക്കാരും പിന്നീട് ഏറ്റെടുത്തു നടത്തിക്കൊണ്ടിരുന്നു. ബിസി 69 മുതല്‍ 30 വരെ ജീവിച്ചിരുന്ന വിഖ്യാത സുന്ദരി രാജകുമാരി, ഏഴാമത്തെ ക്ളിയോപാട്ര വരെ ഇക്കാര്യത്തില്‍ നിഷ്കര്‍ഷ പാലിച്ചു. അവിടെ വന്നെത്തുന്ന ഓരോ സഞ്ചാരിയും തങ്ങളുടെ നാട്ടിലെ എഴുത്തുകാരുടെ കൈയെഴുത്തുപ്രതികള്‍ അവിടെ എത്തിച്ചിരുന്നുവത്രെ! കോപ്പികള്‍ ഇല്ലാത്തവ പകര്‍ത്തിയെഴുതി അസ്സല്‍ ലൈബ്രറിയില്‍ സൂക്ഷിച്ച് കോപ്പി തിരികെ കൊടുത്തിരുന്നതായും ലൈബ്രറിയുടെ വിചാരിപ്പുകാരന്‍ പറഞ്ഞു.

ആതന്‍സിലെ ലൈബ്രറിയില്‍ അതീവ ശ്രദ്ധയോടെ സൂക്ഷിച്ചിരുന്ന ഈസ്കൈലസിന്റെയും സോഫോക്ളിസിന്റെയും യൂറിപ്പിഡിസിന്റെയും ഗ്രീക്ക് ക്ളാസിക്കുകള്‍ ഈ ലൈബ്രറിയിലെത്തിക്കാന്‍ ടോളമി മൂന്നാമന്‍ കിണഞ്ഞു ശ്രമിച്ചതായി രേഖയുണ്ട്. ടോളമി ഒന്നാമന്റെ കാലം മുതല്‍ അലക്സാണ്‍ട്രിയയിലേക്ക് ജൂതന്മാര്‍ പ്രവേശിച്ചുകൊണ്ടിരുന്നു. അവര്‍ ഗ്രീക്കുഭാഷ മാത്രമേ കൈകാര്യം ചെയ്തുള്ളു. അപ്പോള്‍ ടോളമി രണ്ടാമന്‍ എഴുപത് ഗ്രീക്ക് പണ്ഡിതന്മാരെ ഏകാന്തവിജനമായ ഫെറോദ്വീപില്‍ എഴുപത് അറകളിലായി താമസിപ്പിച്ച് വിവര്‍ത്തനം ആരംഭിക്കുവാന്‍ കല്പന പുറപ്പെടുവിച്ചു. (ബിസി 130 കാലങ്ങളിലാണത്രെ ഒന്നാം ഹീബ്രു (പഴയ നിയമം) ബൈബിളിന്റെ പിറവി) ബൈബിളിന്റെ എഴുപത് മഹത്തായ വിവര്‍ത്തനങ്ങള്‍ അലക്സാണ്‍ട്രിയ ലൈബ്രറിക്കുവേണ്ടി എഴുപത് പണ്ഡിതന്മാരാല്‍ അന്ന് വിവര്‍ത്തനം ചെയ്യപ്പെട്ടു.

ഗ്രീക്ക്, ഹീബ്രു, അറമേയ്ക്ക്, നെബടീല്‍, അറബിക്, ഇന്ത്യന്‍, ഈജിപ്ഷ്യന്‍ ഭാഷകളിലുള്ള നിരവധി ഗ്രന്ഥങ്ങള്‍ പാപ്പിറസ് എന്ന കടലാസ് ചുരുളുകളില്‍ അവിടെ ശേഖരിക്കപ്പെട്ടു. ടോളമികളുടെ ഗ്രന്ഥശേഖര ഭ്രാന്ത് അറിയുന്ന ആതന്‍സുകാര്‍ ഓരോ ഗ്രന്ഥത്തിനും അന്നത്തെ വന്‍തുകയായ പതിനഞ്ച് വെള്ളി ടാലന്റുകള്‍ ആവശ്യപ്പെട്ടു. ഓരോ കൈയെഴുത്തുപ്രതിക്കും അത്രയും തുക കൊടുക്കാനും ടോളമികള്‍ തയാറായി. അലക്സാണ്‍ട്രിയയിലെ ലൈബ്രറി പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തിരുന്നില്ല. എന്നാല്‍, കര്‍ശന നിയമങ്ങള്‍ പാലിക്കേണ്ടുന്ന ഈ വായനശാലക്കായി അര്‍പ്പിക്കപ്പെടുന്ന ഓരോ മഹദ്ഗ്രന്ഥവും ഇരുകൈയും നീട്ടി അവിടെ സ്വീകരിക്കപ്പെടുകയും ചെയ്തു.

അറിവ് ശക്തിയത്രെ! ലളിതമായ ഈ തത്വമായിരുന്നു ലോകസാഹിത്യത്തെ ഒരേ കുടക്കീഴില്‍ കൊണ്ടുവരാനുള്ള ടോളമികളുടെ അഭിലാഷത്തിന്റെ ആധാരശില. എന്നാല്‍ ഈ അറിവുകളെ തങ്ങളുടെ വരുതിയില്‍ തളച്ചിടാന്‍ അവര്‍ ആഗ്രഹിച്ചു. (പെര്‍ഗമോണില്‍, അറ്റാലിഡ് വംശജര്‍ തങ്ങളുടേതായ ലൈബ്രറിയുണ്ടാക്കുവാന്‍ പദ്ധതിയിട്ടപ്പോള്‍, അത് തടയാനായി ടോളമികള്‍ അങ്ങോട്ട് പാപ്പിറസ് കയറ്റി അയക്കുന്നത് നിരോധിക്കുകയുണ്ടായി. എന്നാല്‍ അറ്റാലിഡുകള്‍ പെര്‍ഗമെനോണ്‍ എന്ന പേരില്‍, എഴുത്തിനായി പുത്തന്‍ കടലാസു പ്രതലങ്ങളുണ്ടാക്കി, ഈ നീക്കത്തെ ചെറുത്തു).

ടോളമികളുടെ വിജ്ഞാനദാഹം അവിടംകൊണ്ടും അവസാനിച്ചില്ല. ആഗോളതലത്തില്‍ ജന്തുവര്‍ഗത്തിന്റെയും സസ്യ വര്‍ഗത്തിന്റെയും പുതിയ ഗവേഷണ പദ്ധതികളിലേക്കും അത് പരന്നൊഴുകി. ഇതിനു മുന്‍കൈ എടുത്തത് ബി സി നാലാംനൂറ്റാണ്ടില്‍ അരിസ്റ്റോട്ടിലും തിയോഫ്രാസ്ടസും ആണ്. ലോകോത്തര സസ്യലതാദികളുടെ ബൊട്ടാണിക്കല്‍ ഗാര്‍ഡനുകളും അവിടെ ഉണ്ടായി. വിവിധ രാജ്യങ്ങളില്‍നിന്നുള്ള നിരവധിയായ സുരഭില പുഷ്പങ്ങള്‍ അലക്സാണ്‍ട്രിയയിലെ പൂന്തോട്ടങ്ങള്‍ക്ക് അലങ്കാരമായി.

പ്രാചീന അലക്സാണ്‍ട്രിയന്‍ ലൈബ്രറിയില്‍ പൊതുജനങ്ങള്‍ക്ക് വിലക്കായിരുന്നുവെങ്കിലും ലൈബ്രറിക്ക് തൊട്ടുള്ള മൌസിയന്‍ കെട്ടിടമായിരുന്നുവത്രെ ഗവേഷണ പണ്ഡിതന്മാര്‍ക്ക് ഇരുന്നെഴുതാനും താമസിക്കാനുമായി മാറ്റിവച്ചിരുന്നത്. നൂറ്റാണ്ടിലെ ശാസ്ത്ര ഗവേഷണങ്ങളുടെ കേന്ദ്രമായിരുന്നു ഇത്. ഗണിതശാസ്ത്രവും ഭാഷാതത്വശാസ്ത്രവും ജോതിഷഫലഭാഗങ്ങളും അവിടെ ഇഴകീറി പഠിക്കപ്പെട്ടു. ഇന്നത്തെ അഡ്വാനിലും അലക്സാണ്‍ട്രിയയിലും വീഴുന്ന നിഴലുകളുടെ ദൈര്‍ഘ്യത്തിലുള്ള അന്തരം ആദ്യത്തെ ലൈബ്രറി തലവനായ ഇറാറ്റോസ്തെനിസ് അളന്നുകുറിച്ചു. ഇങ്ങനെ അദ്ദേഹത്തിന് ഭൂമിയുടെ വൃത്ത ഖണ്ഡവും അതില്‍നിന്ന് രണ്ട് ശതമാനം ഹരിച്ച് ഭൂമിയുടെ ചുറ്റളവും കണ്ടെത്താനായി. ഇതുമാത്രമോ, ബിസി മൂന്നാം നൂറ്റാണ്ടില്‍, സാമസിലെ അരിസ്റ്റാക്കസ് ഭൂമിക്കും ചന്ദ്രനും ഇടയിലുള്ള ദൂരം കണക്കാക്കുകയും അവ നിലനില്‍ക്കുന്നത് സൌരകേന്ദ്രഘടനയിലാണെന്ന് കണ്ടുപിടിക്കുകയും ചെയ്തു.

ജ്യോമിട്രിയുടെയും ഫിസിക്സിന്റെയും നിയമങ്ങള്‍ സ്ഥാപിച്ച യൂക്ളിഡിന്റെയും ആര്‍ക്കമിഡിസിന്റെയും നാമങ്ങളാല്‍ അലക്സാണ്‍ട്രിയയിലെ മൌസിയം പ്രസിദ്ധമായി. നൈല്‍നദിയില്‍നിന്ന് ജലമുയര്‍ത്തിക്കൊണ്ടുവന്ന് ജലസേചനത്തിനുപയോഗിക്കാന്‍ അലക്സാണ്‍ട്രിയയിലെ ഹെറോണ്‍ എന്ന ശാസ്ത്രജ്ഞന്റെ കണ്ടുപിടുത്തങ്ങള്‍ ഉപയുക്തമായി. അദ്ദേഹമാണ് തിളയ്ക്കുന്ന വെള്ളത്തില്‍നിന്നുയരുന്ന നീരാവി ഒരു പൈപ്പിലൂടെ കടത്തിവിട്ട്, ഡിയേപ്ട്ര ക്ഷേത്രത്തിന്റെ കവാടങ്ങള്‍ തുറക്കാനുള്ള ഊര്‍ജമുണ്ടാക്കിക്കാണിച്ചത്. അദ്ദേഹംതന്നെയാണ് ഭൂതക്കണ്ണാടിയായ ഹൈഡ്രോലിക്ക, അതുപോലെ ടണ്‍കണക്കിന് ഭാരം ഉയര്‍ത്തുന്ന കപ്പികളുടെ സൂത്രവും കണ്ടുപിടിച്ചത്. സാറാപ്പിഡിലെ സാറാപ്പിയം പ്രതിമക്ക് ജീവന്‍ നല്‍കുന്ന വിഖ്യാതമായ കാന്തവും ഇദ്ദേഹത്തിന്റെ കണ്ടുപിടുത്തമത്രെ. നൂറ്റാണ്ടുകളുടെ വിസ്മൃതിയിലേക്ക് ആണ്ടുപോയ പല കണ്ടുപിടുത്തങ്ങളും മനുഷ്യരാശിക്ക് ഉതകാതെ പോയിട്ടും ഉണ്ട്.

ഇന്നും ആ പഴയ ലൈബ്രറിയുടെ ധ്വംസകരെക്കുറിച്ച് ഊഹാപോഹങ്ങളേയുള്ളു. (ബിസി 100-44)ലെ സീസറാണ് അതിന് കാരണക്കകാരന്‍ എന്ന്,അദ്ദേഹമെഴുതിയ ദെ ബെല്ലോ അലെക്സാണ്‍ഡിനോ ‍' (De Bello Alexandrino) എന്ന പുസ്തകത്തില്‍നിന്ന് ചെറിയ സൂചന ലഭിച്ചിട്ടുണ്ട്. പാപ്പിറസ് ചുരുളുകള്‍ നിറഞ്ഞൊരു വന്‍ കെട്ടിടം തന്റെ സേന അഗ്നിക്കിരയാക്കിയ സംഭവം അദ്ദേഹം അതില്‍ വിവരിച്ചിട്ടുണ്ട്. എന്നാല്‍ അതില്‍ സൂചിപ്പിക്കുന്ന സ്ഥലം ലൈബ്രറി നില്‍ക്കുന്ന സ്ഥലത്തുനിന്ന് എത്രയോ അകലെയാണ്. എഡി 642 കാലത്ത് അലക്സാണ്‍ട്രിയ പിടിച്ചടക്കിയ മുസ്ളിം സേനാനായകനായ ജനറല്‍ ആമ്രിബിന്‍ അല്‍-അസ് ആണ് ലൈബ്രറിയുടെയും മൌസിയത്തിന്റെയും ധ്വംസകനെന്ന് ഒരു ക്രിസ്ത്യന്‍ എഴൂത്തുകാരന്‍ രേഖപ്പെടുത്തിയത് അത്ര വിശ്വാസയോഗ്യമല്ലത്രെ!

ഏതായാലും പാള്‍മിറയിലെ സെനോബിയയും ഒറേലിയന്‍ രാജാവും തമ്മില്‍ മൂന്നാം നൂറ്റാണ്ടിന്റെ അര്‍ധപകുതിയില്‍ ഉണ്ടായ യുദ്ധത്തിലും പ്രക്ഷോഭത്തിലും പെട്ടാണ്അറിവിന്റേയും ഗവേഷണങ്ങളുടെയും കേന്ദ്രമായിരുന്ന ലൈബ്രറിയുംമൌസിയവും വിനാശത്തിലേക്ക് കൂപ്പുകുത്തിയത് എന്നും അനുമാനിക്കപ്പെടുന്നു.

അലക്സാണ്‍ട്രിയയുടെ നിലനില്‍പ്പ് കെയ്റോവിന്റെ നിഴലിലാണെങ്കിലും സ്വന്തം അനന്യതയ്ക്കായി ഈ നഗരം ഉഴറുന്നതായി തോന്നും. വ്യവസായത്തിന്റെയും വ്യാപാരത്തിന്റെയും കേദാരഭൂമിയായ ഈ നഗരത്തില്‍ ജീവന്റെ തുടിപ്പും ത്രസിപ്പും ഉജ്വലമായി നമുക്ക് അനുഭവപ്പെടും. ഈജിപ്തിന്റെതന്നെ ഒരു ഭാഗമെങ്കിലും മെഡിറ്ററേനിയന്‍ സമുദ്രത്തിനഭിമുഖമായി നില്‍ക്കുന്ന നഗരത്തിന് സാഹിത്യത്തിന്റെയും സംസ്കാരത്തിന്റെയും ഗവേഷണങ്ങളുടേതുമായ മധുരിക്കുന്ന സ്മരണകളുണ്ട്. ഇതിന്റെ സമ്പന്നതയിലും സൌന്ദര്യത്തിലും മാത്രമല്ല അതിന് പിറകിലുള്ള മനുഷ്യപ്രയത്നത്തിന്റെ മഹത്തായ ആര്‍ജവത്തിലാണ് നമ്മുടെ ആത്മാവ് മുഗ്ധമായിത്തീരുന്നത്.

*
കെ പി സുധീര ദേശാഭിമാനി വാരിക 27 മാ‍ര്‍ച്ച് 2011

Library of Alexandria Wikipedia Article

Bibliotheca Alexandrina Wikipedia Article


Bibliotheca Alexandrina Official Web Site

ഒരേ തൂവല്‍പ്പക്ഷികള്‍

സ്വന്തം വര്‍ഗതാല്‍പ്പര്യം സംരക്ഷിക്കുന്നതില്‍ കോണ്‍ഗ്രസും ബിജെപിയും ഒന്നാണെന്ന് ഒരിക്കല്‍ക്കൂടി ലോക്സഭയില്‍ തെളിയിച്ചിരിക്കുന്നു. കേന്ദ്ര-സംസ്ഥാന ജീവനക്കാരുടെ പെന്‍ഷന്‍ ഫണ്ട് ഓഹരിക്കമ്പോളത്തില്‍ നിക്ഷേപിക്കാനുള്ള പെന്‍ഷന്‍ ഫണ്ട് അതോറിറ്റി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന വേളയില്‍ സിപിഐ എം നേതാവ് ബസുദേവ് ആചാര്യ വോട്ടെടുപ്പാവശ്യപ്പെട്ടപ്പോള്‍ കോണ്‍ഗ്രസ് തികച്ചും വെട്ടിലായി. പ്രധാനമന്ത്രിയും ധനമന്ത്രി പ്രണബ്കുമാര്‍ മുഖര്‍ജിയും സഭയിലുണ്ടായിരുന്നില്ല. സഭയില്‍ 159 അംഗങ്ങളേ ഹാജരുണ്ടായിരുന്നുള്ളൂ. വോട്ടെടുപ്പിന് അനുമതി ലഭിക്കുകയുംചെയ്തു. വോട്ടെടുപ്പ് നടന്നാല്‍ സര്‍ക്കാരിന് ഭൂരിപക്ഷം ലഭിക്കില്ലെന്നുറപ്പായി. ധനകാര്യം സംബന്ധിച്ച ബില്ലാകയാല്‍ പരാജയപ്പെട്ടാല്‍ സര്‍ക്കാരിന്റെ പതനത്തിനുപോലും അത് വഴിയൊരുക്കും. പാര്‍ലമെന്ററിമന്ത്രി പവന്‍കുമാര്‍ ബെന്‍സാല്‍ നിന്ന് വിയര്‍ക്കാന്‍ തുടങ്ങി. ഓടിച്ചെന്ന് പ്രതിപക്ഷ നേതാവ് സുഷമസ്വരാജിനെ കണ്ട് കാലുപിടിച്ചപേക്ഷിച്ചു. വോട്ടെടുപ്പ് നടന്നപ്പോള്‍ ബില്ലിനെതിരായി 43 പേരും അനുകൂലമായി ബിജെപി എംപിമാരുള്‍പ്പെടെ 115 പേരും വോട്ട് ചെയ്തു. അങ്ങനെയാണ് രണ്ടാം യുപിഎ സര്‍ക്കാര്‍ ഒരു പ്രതിസന്ധിയില്‍നിന്ന് രക്ഷപ്പെട്ടത്.

പാര്‍ലമെന്റില്‍ ബിജെപി അംഗങ്ങള്‍ യുപിഎ സര്‍ക്കാരിനെതിരെ നിശിതമായി വിമര്‍ശം ഉയര്‍ത്തുമ്പോള്‍ത്തന്നെ യുപിഎ സര്‍ക്കാരിന്റെ സഹായത്തിനെത്തുന്നത് ആദ്യസംഭവമല്ല. ആണവബാധ്യതാബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചപ്പോള്‍ ബിജെപിയുടെ സഹായത്തോടെയാണ് അത് പാസാക്കിയെടുത്തത്. കേന്ദ്ര വിജിലന്‍സ് കമീഷണറുടെ നിയമനം സുപ്രീംകോടതി റദ്ദാക്കുകയുണ്ടായല്ലോ. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള കമ്മിറ്റിയാണ് കേന്ദ്രവിജിലന്‍സ് കമീഷനെ നിയമിച്ചത്. വിജിലന്‍സ് കമീഷനായി നിയമിക്കപ്പെട്ട വ്യക്തി പാമൊലിന്‍ കേസില്‍ പ്രതിയായിരുന്നു എന്ന വിവരം പ്രധാനമന്ത്രിക്കറിയാമായിരുന്നു. പ്രധാനമന്ത്രി തനിക്ക് ഈ വിഷയത്തില്‍ തെറ്റുപറ്റി എന്നു സമ്മതിച്ചപ്പോള്‍ സുഷമസ്വരാജ് പ്രധാനമന്ത്രിയെ പുകഴ്ത്താനും സിവിസി നിയമനപ്രശ്നത്തില്‍ വിവാദം ഒഴിവാക്കാനും തയ്യാറായി. എന്നാല്‍, തെറ്റ് സമ്മതിച്ചാല്‍ മാത്രംപോര തെറ്റ് ചെയ്തതിന് ശിക്ഷയും വേണമെന്ന് ഇടതുപക്ഷം വാദിച്ചു.

ഇത്തരം പ്രതിസന്ധിഘട്ടങ്ങളിലെല്ലാം കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ ബിജെപി സന്നദ്ധത കാണിക്കുന്നതിന്റെ രഹസ്യം മറ്റൊന്നല്ല. ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെയും വിദേശ ബഹുരാഷ്ട്രകുത്തകകളുടെയും താല്‍പ്പര്യം സംരക്ഷിക്കുന്നതില്‍ ഇരുകൂട്ടര്‍ക്കും താല്‍പ്പര്യമുണ്ട്. അമേരിക്കന്‍ സാമ്രാജ്യത്വവുമായി സന്ധിചെയ്യുന്നതിലും സാമ്രാജ്യത്വശക്തികള്‍ക്ക് കീഴടങ്ങുന്നതിലും കോണ്‍ഗ്രസും ബിജെപിയും ഒറ്റക്കെട്ടാണ്. ശങ്കര്‍സിങ് വഗേലയെപ്പോലുള്ള മുന്‍ ബിജെപിക്കാരും കേരളത്തിന്റെ ചുമതലയുള്ള മുന്‍ ശിവസേനാ നേതാവ് സഞ്ജയ് നിരുപം തുടങ്ങിയവരും കോണ്‍ഗ്രസിന്റെ താക്കോല്‍സ്ഥാനത്ത് തുടരുന്നുണ്ടെന്ന വിവരം ചൂണ്ടിക്കാണിക്കാതിരിക്കാനാകില്ല. 'സങ്കടേ രക്ഷിക്കുന്ന മാനുഷനല്ലോ ബന്ധു' എന്ന ചൊല്ല് ഓര്‍ത്തുപോവുക സ്വാഭാവികം. ഒരേ വര്‍ഗതാല്‍പ്പര്യം പ്രതിനിധാനംചെയ്യുന്ന കോണ്‍ഗ്രസിനും ബിജെപിക്കും പകരമായി ഒരു ബദല്‍ശക്തി അനിവാര്യമാണെന്ന് വീണ്ടും വീണ്ടും ഓര്‍മിപ്പിക്കുന്നതാണ് ഇത്തരം അനുഭവങ്ങള്‍.

പെന്‍ഷന്‍ ഫണ്ട് അതോറിറ്റി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ കുറെക്കാലമായി നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ ശ്രമിച്ചുവരികയായിരുന്നു. ഇടതുപക്ഷത്തിന്റെയും ഇന്ത്യയിലെ തൊഴിലെടുക്കുന്ന സംഘടിത ജനവിഭാഗത്തിന്റെയും എതിര്‍പ്പുമൂലമാണ് ബില്‍ ഇതേവരെ അവതരിപ്പിച്ച് പാസാക്കാന്‍ കഴിയാതെവന്നത്. സ്വകാര്യമേഖലയുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് ഇപ്പോള്‍ പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിച്ചത്. പെന്‍ഷന്‍ ഫണ്ട് ഓഹരിവിപണിയില്‍ നിക്ഷേപിക്കുന്നത് ഫണ്ടിന്റെ സുരക്ഷിതത്വത്തെ ബാധിക്കുന്നതാണ്. തൊഴിലെടുക്കുന്നവര്‍ വിയര്‍പ്പൊഴുക്കി സമ്പാദിക്കുന്ന നിക്ഷേപം ചൂതാട്ടത്തിനായി ഓഹരിക്കമ്പോളത്തില്‍ നിക്ഷേപിച്ചാല്‍ തൊഴിലെടുക്കുന്നവരുടെ ഭാവി ഇരുളടഞ്ഞതായിതീരും. അമേരിക്കന്‍ ഐക്യനാടുകളിലെ നിരവധി പടുകൂറ്റന്‍ ധനസ്ഥാപനങ്ങള്‍ തകര്‍ന്നടിയുന്നത് നാം കണ്ടു. അതിന്റെ ഫലമായി ലക്ഷക്കണക്കിനു പെന്‍ഷന്‍കാര്‍ തെരുവാധാരമായി. ഇതേ നില ഇന്ത്യയിലും ആവര്‍ത്തിക്കുമെന്ന ആശങ്ക അസ്ഥാനത്തല്ല. ഓഹരിക്കമ്പോളത്തില്‍ നിക്ഷേപിച്ചാല്‍ വന്‍തോതില്‍ ലാഭംകൊയ്തെടുക്കാന്‍ കഴിയുമെന്ന വ്യാമോഹം സൃഷ്ടിക്കാനാണ് സ്വകാര്യകമ്പനിക്കാര്‍ ശ്രമിക്കുന്നത്. തൊഴിലെടുക്കുന്നവര്‍ അത്തരം വ്യാമോഹങ്ങളില്‍ അകപ്പെടാന്‍ ഇടവന്നുകൂടാ.

ലോക്സഭയില്‍ വോട്ടെടുപ്പ് നടക്കുമ്പോള്‍ കോണ്‍ഗ്രസിനെ പിന്താങ്ങുന്ന കക്ഷികള്‍പോലും ഇടതുപക്ഷത്തോടൊപ്പം വോട്ട് ചെയ്യാന്‍ തയ്യാറായത് സ്വാഗതാര്‍ഹമാണ്. ബിഎസ്പി, സമാജ്വാദി പാര്‍ടി, രാഷ്ട്രീയ ജനതാദള്‍ എന്നീ കക്ഷികള്‍ ഇടതുപക്ഷവുമായി കൈകോര്‍ക്കാന്‍ തയ്യാറായി. ബിജെപിയുടെ സഖ്യകക്ഷിയായ നിധീഷ്കുമാര്‍ നേതൃത്വം നല്‍കുന്ന ഐക്യജനതാദള്‍പോലും ഇടതുപക്ഷത്തോടൊപ്പം പെന്‍ഷന്‍ ഫണ്ട് അതോറിറ്റി ബില്ലിനെതിരെ വോട്ട് ചെയ്തത് ശുഭപ്രതീക്ഷയ്ക്ക് വക നല്‍കുന്നതാണ്. കോണ്‍ഗ്രസിനും ബിജെപിക്കും എതിരായ ഒരു ബദല്‍ശക്തി വളര്‍ത്തിയെടുക്കേണ്ടുന്നതിന്റെ അനിവാര്യതയിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നത്. ഇത്തരമൊരു ബദല്‍ ഉണ്ടായില്ലെങ്കില്‍ ഇന്ത്യയുടെ ഭാവി ഇരുളടഞ്ഞതായിരിക്കും. ബംഗാളിലും കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും ഇടതുപക്ഷബദലിന്റെ വിജയം ഉറപ്പിക്കുന്നതിന്റെ ആവശ്യകതയും ഈ സംഭവങ്ങള്‍ വെളിപ്പെടുത്തുന്നു. അധ്വാനിക്കുന്ന വര്‍ഗത്തിന്റെ താല്‍പ്പര്യം സംരക്ഷിക്കണമെങ്കില്‍ ഇടതുപക്ഷബദല്‍ വിജയിച്ചേ മതിയാകൂ.

*
ദേശാഭിമാനി മുഖപ്രസംഗം 26 മാര്‍ച്ച് 2011

ഗ്രാമീണ ബാങ്കിങ് കാര്യക്ഷമമാക്കണം

സാമ്പത്തിക പരിഷ്കാരങ്ങള്‍ നടപ്പാക്കിയ ശേഷം ഇന്ത്യയിലെ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ബാങ്കിങ് സൌകര്യങ്ങള്‍ അപ്രാപ്യമാവുകയാണ്. നവലിബറല്‍ നയങ്ങള്‍ നടപ്പാക്കി ബാങ്കുകളെ സ്വകാര്യവത്കരിക്കാനും യഥേഷ്ടം വിദേശ ബാങ്കുകള്‍ക്ക് അനുമതി നല്‍കാനും തുനിയുമ്പോള്‍ ഇന്ന് പരിമിതമായിപ്പോലും ലഭ്യമാകുന്ന ബാങ്കിങ് സൌകര്യങ്ങള്‍ ഗ്രാമീണ ജനതയ്ക്ക് നഷ്ടമാവുകയാണ്. ബാങ്കുകളില്‍ നിന്ന് ചെറിയ പലിശ നിരക്കില്‍ വായ്പ വാങ്ങി അത് സാധാരണക്കാര്‍ക്ക് വന്‍പലിശയ്ക്ക് നല്‍കുന്ന മൈക്രോഫൈനാന്‍സ് സ്ഥാപനങ്ങള്‍ സ്വസ്ഥജീവിതത്തിന് ഭീഷണിയായി തീര്‍ന്നിരിക്കുന്നു. ആന്ധ്രയിലെ ഗ്രാമങ്ങളില്‍ ആത്മഹത്യ പെരുകിയപ്പോള്‍ സര്‍ക്കാര്‍ ബാങ്കിങ് നിയമനിര്‍മാണത്തിനൊരുങ്ങി. റിസര്‍വ് ബാങ്ക് മൈക്രോഫൈനാന്‍സിനെപ്പറ്റി പഠിക്കാന്‍ കമ്മിറ്റിയെ നിയോഗിച്ചു. കമ്മിറ്റിയാകട്ടെ യഥാര്‍ഥ പ്രശ്നപരിഹാരത്തിന് നിര്‍ദേശമൊന്നും നല്‍കിയില്ല. പരമാവധി പലിശ 24 ശതമാനത്തില്‍ കൂടരുതെന്നും മറ്റുമുള്ള നിര്‍ദേശങ്ങളാണ് വൈ എച്ച് മലെഗാം ചെയര്‍മാനായ കമ്മിറ്റി സമര്‍പ്പിച്ചത്.

സാമ്പത്തിക ഉള്‍ചേര്‍ക്കല്‍ എന്ന പേരില്‍ ബാങ്കിങ് സൌകര്യം ലഭ്യമല്ലാത്ത ഗ്രാമങ്ങളില്‍ മൈക്രോഫൈനാന്‍സ് സ്ഥാപനങ്ങള്‍ നടത്താന്‍ സ്വകാര്യവ്യക്തികളെ ബിസിനസ് കറസ്പോണ്ടന്റ് ആയി നിയമിക്കുകയാണ്. ഭാവിയില്‍ ഗ്രാമപ്രദേശങ്ങളില്‍ ഇന്ന് പ്രവര്‍ത്തിക്കുന്ന ബാങ്ക് ശാഖകള്‍ വ്യാപകമായി അടച്ചുപൂട്ടുകയും ഇത്തരം വ്യക്തികള്‍ ഇടപാട് നടത്തുകയും ചെയ്യും. റിസര്‍വ് ബാങ്ക് നിര്‍ദേശ പ്രകാരം ബിസിനസ് കറസ്പോണ്ടന്‍സ് ആയി ഏതൊരു വ്യക്തിയെയും നിയമിക്കാം. ആ വ്യക്തിക്ക് ഒന്നിലധികം ബാങ്കുകളുടെ കറസ്പോണ്ടന്റായി പ്രവര്‍ത്തിക്കാനും സാധിക്കും. യാഥാര്‍ഥ്യബോധമില്ലാത്ത ഭരണാധികാരികള്‍ ഇതിന്റെ ഗൌരവം കണ്ടില്ലെന്ന് നടിക്കുകയാണ്. സാമ്പത്തിക ഇടപാടുകളുടെ ഭദ്രത ഉറപ്പുവരുത്താന്‍ അധികാരികള്‍ തയ്യാറല്ല. ബാങ്കിങ് സേവനം സമൂഹത്തിലെ ഉന്നതര്‍ക്ക് മാത്രം മതി എന്ന് അധികാരികള്‍ തീരുമാനിക്കുകയാണ്.

1991ല്‍ നവലിബറല്‍ അജന്‍ഡ രാജ്യത്ത് നടപ്പാക്കിയതിന് ശേഷം 2008 വരെയുള്ള കാലയളവില്‍ ഗ്രാമപ്രദേശങ്ങളിലെ നിരവധി ബാങ്കിങ് ശാഖകള്‍ അടച്ചുപൂട്ടി. 1995നും 2005നും ഇടയില്‍ 922 ഗ്രാമീണ ശാഖകളാണ് അടച്ചുപൂട്ടിയത്. മധ്യപ്രദേശില്‍ 228 ശാഖകളും തമിഴ്നാട്ടില്‍ 131 ശാഖകളുമാണ് പൂട്ടിയത്. 2005നും 2008നും ഇടയില്‍ ശാഖകളുടെ എണ്ണം വര്‍ധിച്ചു. 2007ലും 2008ലും തുറന്ന ശാഖകള്‍ മിക്കതും മധ്യ ഇന്ത്യയിലും തെക്കെ ഇന്ത്യയിലുമാണ്. മുമ്പ് അടച്ചുപൂട്ടിയ ഗ്രാമങ്ങളില്‍ വീണ്ടും ശാഖകള്‍ തുറന്നിട്ടില്ല. ഇന്ത്യയിലെ മുഴുവന്‍ ഗ്രാമങ്ങളിലും ബാങ്കിങ് സൌകര്യം ലഭ്യമാക്കാന്‍ യുപിഎ സര്‍ക്കാര്‍ തയ്യാറാകണം. പൊതുമേഖലാ ബാങ്കുകളുടെയും പ്രാദേശിക ഗ്രാമീണ ബാങ്കുകളുടെയും ശാഖകള്‍ തുറന്നുപ്രവര്‍ത്തിപ്പിക്കണം. ബാങ്കുകളില്‍ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കണം. കാര്‍ഷിക ഗ്രാമീണ മേഖലയില്‍ ജീവിതം മെച്ചപ്പെടുത്താന്‍ വായ്പാ പദ്ധതികള്‍ നടപ്പാക്കണം. ഇതിന് പുറമെ ബാങ്കിങ് മേഖല അഴിമതി മുക്തമാക്കുകയും വേണം. ക്ളാസ് ബാങ്കിങ്ങിലേക്ക് തിരിച്ചുപോക്കല്ല മാസ് ബാങ്കിങ് ആണ് നമുക്ക് വേണ്ടത്.

*
കെ ജി സുധാകരന്‍

വിധേയരുടെ ഭരണം

ഇന്ത്യയില്‍നിന്ന് അയച്ച രഹസ്യ അമേരിക്കന്‍ നയതന്ത്രസന്ദേശങ്ങള്‍ പുറത്തുവന്നത് സുപ്രധാനമായ ചോര്‍ച്ചയാണ്. എന്‍ഡിഎ ഭരിച്ചപ്പോഴും ഇപ്പോള്‍ യുപിഎ ഭരണത്തിലും ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിന്റെ സ്വഭാവം ഒറ്റയടിക്ക് ഇത് വെളിപ്പെടുത്തി. വിക്കിലീക്സ് വഴി ലഭിച്ച അമേരിക്കന്‍ നയതന്ത്രസന്ദേശങ്ങളുടെ പ്രസിദ്ധീകരണവും വിശകലനവും "ദി ഹിന്ദു"" പത്രം തുടരുകയാണ്, പക്ഷേ ഇതുവരെ ലഭിച്ചത് അസ്വസ്ഥജനകമായ ചിത്രമാണ്. നമ്മുടെ രാജ്യത്തിന്റെ തന്ത്രപ്രധാനമേഖലകളിലും വിദേശനയത്തിലും സാമ്പത്തികനയങ്ങളിലും അമേരിക്ക സ്വാധീനം ചെലുത്തുന്നു. ഉന്നതഉദ്യോഗസ്ഥരിലും സൈന്യത്തിലും സുരക്ഷാമേഖലയിലും രഹസ്യാന്വേഷണ ഏജന്‍സികളിലും അമേരിക്ക വിജയകരമായി കടന്നുകയറിയിരിക്കുന്നു. യുപിഎ സര്‍ക്കാര്‍ അമേരിക്കയുമായി തന്ത്രപരമായ സഖ്യമുണ്ടാക്കുന്നതില്‍ മുന്നോട്ടുപോയ 2005-2009 കാലത്തെ സന്ദേശങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.

സ്വതന്ത്രവിദേശനയം പിന്തുടരുമെന്ന് പൊതുമിനിമം പരിപാടിയില്‍ നല്‍കിയ വാഗ്ദാനത്തില്‍നിന്ന് മന്‍മോഹന്‍സിങ് സര്‍ക്കാര്‍ പിന്തിരിഞ്ഞുവെന്ന് പൊതുവെ ബോധ്യമുള്ള സംഗതിയാണ്. വിദേശനയത്തിന്റെ കാര്യത്തില്‍ നടത്തിയ മലക്കംമറിച്ചിലിനെ സിപിഐ എമ്മും മറ്റ് ഇടതുപക്ഷപാര്‍ടികളും തുടക്കത്തിലേ എതിര്‍ത്തിരുന്നു. അമേരിക്കന്‍ എംബസിയുടെയും ബുഷ് ഭരണകൂടത്തിലെ പ്രമുഖരുടെയും ശ്രമഫലമായി ഉണ്ടായ ഈ മലക്കംമറിച്ചില്‍ ഏതു വിധത്തിലാണ് നടപ്പായതെന്ന് നയതന്ത്രസന്ദേശങ്ങള്‍ വ്യക്തമാക്കുന്നു. 2005 സെപ്തംബറില്‍ ഐഎഇഎയില്‍ ഇറാനെതിരെ നടന്ന വോട്ടെടുപ്പില്‍ മന്‍മോഹന്‍സിങ് സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് ഇതിന് വ്യക്തമായ ഉദാഹരണമാണ്. ഇക്കാര്യത്തില്‍ ഇന്ത്യയുടെ നിലപാട് മാറ്റിമറിക്കാന്‍ അമേരിക്കന്‍ സര്‍ക്കാര്‍ എത്രത്തോളം സമ്മര്‍ദം ചെലുത്തിയെന്ന് സന്ദേശങ്ങള്‍ വിവരിക്കുന്നു. ഇറാനെതിരെ ഇന്ത്യന്‍സര്‍ക്കാര്‍ ഉറച്ച നിലപാട് എടുത്തില്ലെങ്കില്‍ ആണവകരാര്‍ അംഗീകരിക്കാനുള്ള നിയമനിര്‍മാണം അമേരിക്കന്‍ കോണ്‍ഗ്രസ് അംഗീകരിക്കില്ലെന്ന് കേന്ദ്രസര്‍ക്കാരിനോട് പറഞ്ഞു. ന്യൂയോര്‍ക്കില്‍ സെപ്തംബര്‍ 13ന് നടന്ന യുഎന്‍ പൊതുസഭ സമ്മേളനത്തിനിടെ മന്‍മോഹന്‍സിങ്ങും ബുഷും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് മുമ്പ് യുപിഎ സര്‍ക്കാരിനുമേല്‍ കടുത്ത സമ്മര്‍ദമുണ്ടായി. ഈ കൂടിക്കാഴ്ചയ്ക്കുശേഷമാണ് ഐഎഇഎയില്‍ അമേരിക്കയോടൊപ്പം നീങ്ങാന്‍ വിയന്നയിലെ ഇന്ത്യന്‍ പ്രതിനിധിക്ക് നിര്‍ദേശം നല്‍കിയത്. ഐഎഇഎ വോട്ടെടുപ്പിനുശേഷം അമേരിക്കന്‍ സ്ഥാനപതി അയച്ച സന്ദേശത്തില്‍ ഇതിനെ "ശക്തമായ ഇന്ത്യ-അമേരിക്ക ബന്ധം കെട്ടിപ്പടുക്കുന്നതില്‍ യുപിഎ സര്‍ക്കാരിനുള്ള പ്രതിബദ്ധതയുടെ പ്രധാന സൂചനയായി" വിശേഷിപ്പിച്ചു.

ദക്ഷിണേഷ്യയിലെ മറ്റ് രാജ്യങ്ങളായ നേപ്പാള്‍, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവയോടുള്ള നയങ്ങള്‍ രൂപീകരിക്കുന്നതില്‍ അമേരിക്ക ഇന്ത്യയെ എത്രത്തോളം സ്വാധീനിക്കുന്നുവെന്ന് മറ്റ് സന്ദേശങ്ങള്‍ വെളിപ്പെടുത്തുന്നു. അമേരിക്കയുടെ ആഭിമുഖ്യത്തില്‍ ഇസ്രയേലുമായുള്ള അടുത്ത സഹകരണവും പുറത്തുവന്നിരിക്കുന്നു. ഇന്ത്യയുടെ വിദേശനയത്തെ അമേരിക്കയുടെ നയവുമായി "പൊരുത്തമുള്ളതാക്കുന്നതില്‍" അവര്‍ നേടിയ വിജയം "ഇരുരാജ്യത്തിന്റെയും വിദേശനയങ്ങള്‍ ഏകോപിപ്പിച്ചുനീങ്ങാമെന്ന് ഇന്ത്യന്‍ അധികൃതര്‍ ഉറപ്പുനല്‍കിയെന്ന" സന്ദേശങ്ങളിലെ പ്രസ്താവന വഴി വ്യക്തമായി.

അമേരിക്കന്‍ സ്വാധീനം വളര്‍ന്നുവരുന്ന മറ്റൊരു രംഗം സൈനിക-സുരക്ഷ മേഖലകളാണ്. അമേരിക്കയുമായി പ്രതിരോധ സഹകരണത്തിനുള്ള ചട്ടക്കൂട് കരാര്‍ യുപിഎ സര്‍ക്കാര്‍ 2005 ജൂണില്‍ ഒപ്പിട്ടു. അന്നത്തെ പ്രതിരോധമന്ത്രി പ്രണബ് മുഖര്‍ജി യാത്രയ്ക്ക് മുമ്പ് മാധ്യമങ്ങളോട് പറഞ്ഞത് പ്രാഥമികചര്‍ച്ചകള്‍ക്കുള്ള സന്ദര്‍ശനം മാത്രമാണെന്നാണ്. എന്നാല്‍, അമേരിക്കന്‍ സ്ഥാനപതി അവരുടെ പ്രതിരോധ സെക്രട്ടറി ഡൊണാള്‍ഡ് റംസ്ഫെല്‍ഡിന് അയച്ച സന്ദേശങ്ങള്‍ പ്രണബിന്റെ സന്ദര്‍ശനമധ്യേ നേടിയെടുക്കാന്‍ കഴിയുമെന്ന് അമേരിക്ക പ്രതീക്ഷിച്ച കാര്യങ്ങളുടെ പട്ടിക വെളിപ്പെടുത്തി. പ്രതിരോധ ചട്ടക്കൂട് കരാര്‍ ഇന്ത്യ ഇത്തരത്തില്‍ ഏതെങ്കിലും രാജ്യവുമായി ഒപ്പുവച്ച കരാറുകളില്‍ ആദ്യത്തേതാണ്. ഇരുരാജ്യത്തിന്റെയും പ്രതിരോധസേനകള്‍ തമ്മില്‍ സര്‍വതലസ്പര്‍ശിയായ സഹകരണം ഇത് വിഭാവന ചെയ്യുന്നു. ഇത്തരത്തിലുള്ള കരാറിനായി എന്‍ഡിഎ സര്‍ക്കാരിന്റെ കാലംമുതല്‍ക്കേ അമേരിക്കയും പെന്റഗണും ചര്‍ച്ചയും ആസൂത്രണവും നടത്തിയിരുന്നതായി സന്ദേശങ്ങള്‍ വ്യക്തമാക്കുന്നു. ഇരുരാജ്യത്തിന്റെയും സുരക്ഷാ ഏജന്‍സികള്‍ തമ്മിലുള്ള സഹകരണം മുംബൈ ഭീകരാക്രമണത്തിനുശേഷം ഉയര്‍ന്ന തലത്തില്‍ എത്തിയതായി സന്ദേശങ്ങള്‍ കാട്ടിത്തരുന്നു. അന്നത്തെ ദേശീയസുരക്ഷാ ഉപദേഷ്ടാവ് എം കെ നാരായണന്‍ എഫ്ബിഐ, സിഐഎ തുടങ്ങിയ ഏജന്‍സികളുടെ പങ്കാളിത്തത്തോടെ തീവ്രസഹകരണത്തില്‍ മുഴുകാന്‍ വ്യഗ്രത പ്രകടിപ്പിച്ചിരുന്നതായി അമേരിക്കക്കാര്‍ കരുതി. രഹസ്യാന്വേഷണ-സുരക്ഷാ സംവിധാനങ്ങളില്‍ കടന്നുകയറാന്‍ അമേരിക്കക്കാര്‍ക്ക് കഴിഞ്ഞതിന്റെ ചിത്രം സന്ദേശങ്ങള്‍ നല്‍കുന്നു. ബ്രിട്ടീഷ് ദിനപത്രം "ദി ഗാര്‍ഡിയന്‍"" തുടക്കത്തില്‍ പ്രസിദ്ധീകരിച്ച 40 സന്ദേശങ്ങളില്‍ വഴിവിട്ട ബന്ധത്തിന്റെ രണ്ട് ഉദാഹരണങ്ങള്‍ വിവരിച്ചിരുന്നു. ദേശീയ സുരക്ഷാബോര്‍ഡിലെ ഒരംഗം അമേരിക്കന്‍ എംബസി സന്ദര്‍ശിച്ച്, ഇന്ത്യയിലെ ഇറാന്‍ കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരം നല്‍കുകയും പകരം തനിക്ക് അമേരിക്കയിലേക്ക് ഉടന്‍ സന്ദര്‍ശനം തരപ്പെടുത്തണമെന്ന് ആവശ്യപ്പെടുകയുംചെയ്തതാണ് ആദ്യത്തേത്. ഔദ്യോഗിക സംവിധാനം വഴിയല്ലാതെ, ഡല്‍ഹി പൊലീസിലെ ഒരു ഉദ്യോഗസ്ഥനില്‍നിന്ന് ഭീകരവാദവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിച്ചതായി അമേരിക്കന്‍ എംബസി നല്‍കിയ റിപ്പോര്‍ട്ടാണ് മറ്റൊരു സംഭവം.

ഇപ്പോള്‍ പുറത്തുവന്ന സന്ദേശങ്ങളില്‍ ഒരെണ്ണം 2006ല്‍ നടന്ന കേന്ദ്രമന്ത്രിസഭ വികസനത്തെക്കുറിച്ചുള്ളതാണ്. ഇതില്‍ വിവരിക്കുന്നത് ഇതേപ്പറ്റി വിവരം നല്‍കിയ വ്യക്തികളില്‍ ഒരാള്‍ കേന്ദ്ര പൊതുമേഖലാസ്ഥാപനമായ ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണെന്നാണ്. മാധ്യമങ്ങളില്‍നിന്ന് മാത്രമല്ല, വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍നിന്നും അവര്‍ക്ക് വിവരങ്ങള്‍ ലഭിക്കുന്നതായി ഇത് വ്യക്തമാക്കുന്നു. ഇരുരാജ്യത്തിന്റെയും രഹസ്യാന്വേഷണ-സുരക്ഷാ ഏജന്‍സികള്‍ തമ്മിലുള്ള പങ്കാളിത്തം അമേരിക്കയുടെ കടന്നുകയറ്റത്തില്‍ എത്തിയിരിക്കുന്നു.

ചാരവൃത്തിയുടെ രണ്ട് ഉദാഹരണങ്ങള്‍ പറയാം. എന്‍ഡിഎ ഭരണകാലത്ത് റോ ഉദ്യോഗസ്ഥനായ രബീന്ദര്‍സിങ്ങിനെ സിഐഎ പാട്ടിലാക്കി. ഈ രഹസ്യബന്ധം പുറത്തായപ്പോള്‍ രബീന്ദര്‍സിങ്ങിനെ അമേരിക്കയിലേക്ക് കടക്കാന്‍ സിഐഎ സഹായിച്ചു. യുപിഎ ഭരണത്തില്‍, ദേശീയ സുരക്ഷാ സെക്രട്ടറിയറ്റിലെ കംപ്യൂട്ടര്‍ വിദഗ്ധനെ സിഐഎ റിക്രൂട്ട് ചെയ്തു; ഇന്ത്യ-അമേരിക്ക സൈബര്‍ സുരക്ഷാഫോറം വഴിയാണ് ഈ ബന്ധം സ്ഥാപിച്ചത്. 2005-2008 കാലത്ത് വിദേശനയത്തിലും സാമ്പത്തികനയങ്ങളിലും അമേരിക്കന്‍ അനുകൂല തീരുമാനങ്ങളുടെ കുത്തൊഴുക്കുതന്നെ ഉണ്ടായെന്ന് സന്ദേശങ്ങള്‍ വെളിപ്പെടുത്തുന്നു. ആണവകരാറിന് പകരമായി ഏതു കാര്യത്തിലും തങ്ങളുടെ താല്‍പ്പര്യം സംരക്ഷിക്കാനുള്ള തീരുമാനം അമേരിക്ക ഇന്ത്യയെക്കൊണ്ട് എടുപ്പിച്ചു. 2005 സെപ്തംബറിലും 2006 ഫെബ്രുവരിയിലും ഐഎഇഎയില്‍ ഇറാനെതിരെ തുടര്‍ച്ചയായി രണ്ട് വോട്ടെടുപ്പ് നടന്നതിനു പിന്നാലെ 2006ല്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം അമേരിക്കയുടെ അഭിലാഷപ്രകാരമുള്ള തുര്‍ക്ക്മെനിസ്ഥാന്‍-അഫ്ഗാനിസ്ഥാന്‍-പാകിസ്ഥാന്‍-ഇന്ത്യ പൈപ്പ്ലൈന്‍ പദ്ധതിയില്‍ ചേരാന്‍ തീരുമാനിച്ചു. അമേരിക്ക ആവശ്യപ്പെട്ടപ്രകാരം ഇറാന്‍-പാകിസ്ഥാന്‍-ഇന്ത്യ പൈപ്പ്ലൈന്‍ പദ്ധതി അട്ടിമറിച്ചതിനുള്ള വ്യക്തമായ സൂചനയാണിത്. സംയുക്ത സൈനികാഭ്യാസത്തിലും പ്രതിരോധ സഹകരണത്തിന്റെ മറ്റ് മേഖലകളിലും ഗണ്യമായ വര്‍ധന ഇക്കാലത്തുണ്ടായി. ലോജിസ്റ്റിക്സ് സപ്ലൈ കരാര്‍ എന്ന് അറിയപ്പെടുന്ന അക്വിസിഷന്‍ ആന്‍ഡ് ക്രോസ് സര്‍വീസിങ് കരാര്‍ അമേരിക്കയുമായി ഒപ്പിടാന്‍ യുപിഎ സര്‍ക്കാര്‍ നല്‍കുന്ന മുന്‍ഗണന സന്ദേശങ്ങള്‍ വ്യക്തമാക്കുന്നു. ഇതുവഴി അമേരിക്കന്‍ പടക്കപ്പലുകള്‍ക്കും പോര്‍വിമാനങ്ങള്‍ക്കും ഇന്ധനം നിറയ്ക്കാനായും അറ്റകുറ്റപ്പണികള്‍ക്കായും ചരക്കുകള്‍ കൊണ്ടുവരാനായും ഇന്ത്യന്‍ താവളങ്ങള്‍ ഉപയോഗിക്കാന്‍ കഴിയും. ഇപ്പോള്‍ കേന്ദ്രമന്ത്രിസഭയുടെ പരിഗണനയിലുള്ള ഈ കരാര്‍ ഒപ്പിടുന്നതിനെ ഇടതുപക്ഷം ശക്തമായി എതിര്‍ത്തുവരികയാണ്.

2006ലെ കേന്ദ്രമന്ത്രിസഭ പുനഃസംഘടന സംബന്ധിച്ച് അയച്ച സന്ദേശം അമേരിക്ക പുലര്‍ത്തുന്ന രാഷ്ട്രീയ സ്വാധീനത്തിനുള്ള തെളിവാണ്. പുനഃസംഘടനയെക്കുറിച്ച് അമേരിക്കന്‍ സ്ഥാനപതിയുടെ വിലയിരുത്തല്‍ ഇങ്ങനെ: "മന്ത്രിസഭ പുനഃസംഘടനയുടെ മൊത്തത്തിലുള്ള ഫലം ഇന്ത്യയിലും(ഇറാനിലും) അമേരിക്കന്‍ ലക്ഷ്യങ്ങള്‍ നേടാന്‍ അങ്ങേയറ്റം ഉപകരിക്കുമെന്നതാണ്". ശക്തമായ അമേരിക്കന്‍ പക്ഷപാതമുള്ള അഞ്ച് മന്ത്രിമാരെ-മുരളി ദേവ്റ, കപില്‍ സിബല്‍, ആനന്ദ് ശര്‍മ, അശ്വിനി കുമാര്‍, സെയ്ഫുദീന്‍ സോസ്-നിയമിച്ചതായി സന്ദേശത്തില്‍ പറയുന്നു. ഈ പുനഃസംഘടന ഇടതുപക്ഷത്തെ പ്രകോപിപ്പിച്ചതായി സന്ദേശത്തില്‍ തുടരുന്നു; മാത്രമല്ല ഇത്തരത്തില്‍ പ്രവചിക്കുകയും ചെയ്യുന്നു: ""ഈ പുനഃസംഘടനയെ അമേരിക്കന്‍പക്ഷത്തേക്കുള്ള വ്യതിയാനമായി കണ്ട് ഇടതുപക്ഷം കോണ്‍ഗ്രസില്‍നിന്ന് കൂടുതല്‍ അകലുകയും വരുംനാളുകളില്‍ യുപിഎ സര്‍ക്കാരിന്റെ സാമ്പത്തിക-വിദേശനയങ്ങളെ എതിര്‍ക്കാന്‍ കൂടുതല്‍ വീറോടെ പ്രവര്‍ത്തിക്കുകയും ചെയ്യും." പെട്രോളിയം-പ്രകൃതി വാതക മന്ത്രാലയത്തില്‍നിന്ന് മണിശങ്കര്‍ അയ്യരെ മാറ്റി പകരം മുരളി ദേവ്റയെ നിയോഗിച്ചതിലുള്ള ആഹ്ലാദം അമേരിക്കന്‍ സ്ഥാനപതി മറച്ചുവയ്ക്കുന്നില്ല. ഇന്ത്യ-ഇറാന്‍ പൈപ്പ്ലൈന്‍ പദ്ധതിയുടെ കാര്യത്തില്‍ സ്വീകരിച്ച നിലപാടും ചൈനാ സന്ദര്‍ശനവുമാണ് അയ്യരെ നോട്ടപ്പുള്ളിയാക്കിയത്. മറിച്ച് അമേരിക്കന്‍ അനുകൂല നിലപാടും വന്‍കിട ബിസിനസുകാരുമായുള്ള ചങ്ങാത്തവും ദേവ്റയെ സ്വീകാര്യനാക്കി.

മന്‍മോഹന്‍ഭരണത്തില്‍ സര്‍ക്കാരിന്റെ എല്ലാ മേഖലയിലും കടന്നുകയറാനും സ്വാധീനം ചെലുത്താനും അമേരിക്കക്കാര്‍ക്ക് അവസരം നല്‍കി. ഈ അവസരം പ്രയോജനപ്പെടുത്തിയതിന് അമേരിക്കക്കാരെ കുറ്റപ്പെടുത്താന്‍ കഴിയില്ല. എല്ലാ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കും സേവനകാലയളവിനിടെ അമേരിക്കന്‍ സര്‍വകലാശാലകളില്‍ പരിശീലനം നല്‍കാന്‍ 2007ല്‍ തീരുമാനിച്ചത് ഇതേ യുപിഎ സര്‍ക്കാരാണ്. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരായാലും സൈനിക ഉദ്യോഗസ്ഥരായാലും മുന്നോട്ടുപോകാനുള്ള വഴി അമേരിക്കയില്‍ പരിശീലനം നേടുകയെന്നതാണ്. ഇന്ത്യന്‍ രാഷ്ട്രീയ സംവിധാനത്തിന്റെ ഉന്നതതലത്തില്‍ നടമാടുന്ന അഴിമതിയുടെ നിരീക്ഷകരാണ് അമേരിക്കയെന്ന് സന്ദേശങ്ങള്‍ വ്യക്തമാക്കുന്നു. 2008ല്‍ നടന്ന വിശ്വാസവോട്ടെടുപ്പില്‍ വിജയിക്കാന്‍ എംപിമാരെ കോഴ നല്‍കി വിലയ്ക്കെടുത്തതിന്റെ സ്ഥിരീകരണമായി പുറത്തുവന്ന സന്ദേശങ്ങള്‍ വന്‍ പ്രതിഷേധം സൃഷ്ടിച്ചിരിക്കുന്നു. മന്‍മോഹന്‍സിങ് സര്‍ക്കാരിനെ വോട്ടെടുപ്പില്‍ വിജയിപ്പിക്കാന്‍ എന്തുംചെയ്യാന്‍ അമേരിക്ക തയ്യാറായിരുന്നു. ഏതു തരത്തിലും ആണവകരാര്‍ നടപ്പാകണം. അതിന് ന്യായമോ അന്യായമോ ആയ ഏതു മാര്‍ഗവും അമേരിക്കയ്ക്ക് സ്വീകാര്യമായിരുന്നു. തിരുമംഗലം നിയമസഭ ഉപതെരഞ്ഞെടുപ്പിലും മധുര ലോക്സഭ തെരഞ്ഞെടുപ്പിലും ഡിഎംകെ സ്ഥാനാര്‍ഥികള്‍ പണം വിതരണം ചെയ്തതിന്റെ കൃത്യവും വിശദവുമായ വിവരണം അമേരിക്കയുടെ ചെന്നൈ കോണ്‍സുലേറ്റില്‍നിന്നുള്ള സന്ദേശം നല്‍കുന്നു. ഇത്തരം അറിവുകള്‍ വഴി അമേരിക്കയ്ക്ക് അഴിമതിക്കാരായ രാഷ്ട്രീയക്കാരെക്കുറിച്ച് വ്യക്തമായ ചിത്രം ലഭിക്കുന്നു, അവരെ എങ്ങനെ വിലയ്ക്കെടുക്കാന്‍ കഴിയുമെന്നും മനസിലാകുന്നു.

ആണവകരാറിന്റെ കാര്യത്തില്‍ ഇന്ത്യയില്‍ നടന്ന രാഷ്ട്രീയപോരാട്ടം സന്ദേശങ്ങളില്‍ വിവരിക്കുന്നു, ആണവകരാര്‍ നടപ്പാക്കുന്നതില്‍ അമേരിക്ക എത്രത്തോളം തല്‍പ്പരരായിരുന്നുവെന്നും തെളിയുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിക്കുശേഷമുള്ള ഏറ്റവും സുപ്രധാനസംഭവമായി ആണവകരാറിനെ അവതരിപ്പിച്ച പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും അദ്ദേഹത്തിന്റെ ഇഷ്ടക്കാരായി ചുറ്റുമുള്ള ഉദ്യോഗസ്ഥവൃന്ദവും രാജ്യതാല്‍പ്പര്യം സംരക്ഷിക്കുന്നതിനേക്കാള്‍ അമേരിക്കയുടെ താല്‍പ്പര്യങ്ങളാണ് മുന്നോട്ടുകൊണ്ടുപോയത്. സന്ദേശങ്ങള്‍ വ്യക്തമാക്കുന്നതുപോലെ, ആണവറിയാക്ടറുകളുടെ വില്‍പ്പന വഴി ഏതാനും ശതകോടി ഡോളറുകളുടെ സാമ്പത്തികലാഭം മാത്രമല്ല അമേരിക്കയ്ക്ക് ലഭിച്ചത്, ഇന്ത്യയെ ഉറച്ച തന്ത്രപ്രധാന പങ്കാളിയായി കിട്ടിയതാണ് മുഖ്യം.

ഈ വെളിപ്പെടുത്തലുകളെ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതൃത്വവും ഒട്ടും ലജ്ജയില്ലാതെയാണ് നേരിടുന്നത്. സന്ദേശങ്ങളുടെ വസ്തുത പരിശോധിച്ചിട്ടില്ലെന്നും അതുകൊണ്ട് ആധികാരികമല്ലെന്നും അവര്‍ അവകാശപ്പെടുന്നു. സന്ദേശങ്ങളുടെ ചോര്‍ച്ചയെക്കുറിച്ചും ഇത് സൃഷ്ടിച്ചേക്കാവുന്ന അങ്കലാപ്പ് സംബന്ധിച്ചും അമേരിക്കന്‍ വിദേശസെക്രട്ടറി ഹിലരി ക്ലിന്റണ്‍തന്നെ വിദേശമന്ത്രിയെ ഫോണില്‍ വിളിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. അതില്‍നിന്നുതന്നെ യുപിഎ നേതൃത്വത്തിന്റെ വിശദീകരണം പൊളിയുന്നു. മന്‍മോഹന്‍സിങ്ങും കോണ്‍ഗ്രസ് നേതൃത്വവും ചേര്‍ന്ന് രാജ്യത്തെ എവിടെയാണ് എത്തിച്ചിരിക്കുന്നതെന്നതിന്റെ വ്യസനജനകമായ വിവരണമാണ് വിക്കിലീക്സ് പുറത്തുവിട്ട സന്ദേശങ്ങള്‍.

*
പ്രകാശ് കാരാട്ട് കടപ്പാട്: ദേശാഭിമാനി 26 March 2011