Monday, February 25, 2013

കെ പി എ സിയും മദിരാശി സര്‍വകലാശാലയും

കെ പി എ സി എന്ന നാടക പ്രസ്ഥാനം മലയാളി ഹൃദയത്തില്‍ ചേര്‍ത്തു സൂക്ഷിച്ച ഒരു കൂട്ടായ്മയാണ്, കേരള നവോത്ഥാനത്തിനും പുരോഗമന ചിന്തകളുടെ വ്യാപനത്തിനും സജീവമായി നേതൃത്വം കൊടുത്ത നാടകകൂട്ടായ്മ. അറുപതാണ്ടുകള്‍ പിന്നിടുമ്പോഴും തെളിച്ചം മങ്ങാത്ത ഒരു ദീപശിഖ.

കേരളത്തിലെ പുരോഗമന നാടകവേദിക്ക് കരുത്തും ജീവനും പകര്‍ന്ന കെ പി എ സിയും മദിരാശി സര്‍വകലാശാലയുമായി സവിശേഷമായ ഒരു ബന്ധമുണ്ട്. മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇന്ത്യയിലെ മഹാനഗരങ്ങള്‍ കെ പി എ സിക്ക് അന്യമല്ല. തുടക്കം മുതല്‍ തന്നെ മലയാളി സാന്നിധ്യമുള്ള ഇന്ത്യയിലെ എല്ലാ പ്രദേശങ്ങളിലേയ്ക്കും കെ പി എ സി കടന്നുചെന്നിരുന്നു. ശരിക്കു പറഞ്ഞാല്‍ പ്രവാസി മലയാളികളുടെ കലാതാല്‍പര്യത്തെ ഇത്രയേറെ അടുത്തറിയുകയും പരിപോഷിപ്പിക്കുകയും ചെയ്തിട്ടുള്ള മറ്റൊരു കലാസംഘമില്ല.

ഇന്നത്തെ ചെന്നൈ നഗരം (പഴയ മദിരാശി) ലക്ഷക്കണക്കിനു മലയാളികള്‍ അധിവസിക്കുന്ന നഗരമാണ്. അന്‍പതുകള്‍ - കെ പി എ സിയുടെ തുടക്കകാലം - മുതല്‍ തന്നെ കെ പി എ സി ആ നഗരത്തില്‍ കൊല്ലം തോറും എത്തുമായിരുന്നു. നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കിയുടെ കാലം മുതല്‍ തന്നെ. ഈ പതിവിന് ഇന്നും മുടക്കം വന്നിട്ടില്ല. ഏറ്റവും പുതിയ രണ്ടു നാടകങ്ങളുമായി കെ പി എ സി 2012 ലും ചെന്നൈയിലെത്തിയിരുന്നു. മദിരാശിയിലെ മലയാളികളും കെ പി എ സിയുമായി അത്രയ്ക്ക് ഗാഢമായ ബന്ധമുണ്ട്. അവിടുത്തെ മലയാളിക്ക് കേരളത്തിന്റെ ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മ്മകളാണ് എന്നും കെ പി എ സി സമ്മാനിച്ചിട്ടുള്ളത്.

ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന സര്‍വകലാശാലയാണ് മദിരാശി സര്‍വകലാശാല. 150 വര്‍ഷത്തെ പാരമ്പര്യം. അവിടെ ഒരു മലയാളം വകുപ്പുണ്ട്. മദ്രാസ് യൂണിവേഴ്‌സിറ്റിയുടെ പകുതി വയസ് അഭിമാനപൂര്‍വം അവകാശപ്പെടാവുന്നതാണ് അവിടുത്തെ മലയാളം ഡിപ്പാര്‍ട്ട്‌മെന്റ്. 1927 ല്‍ ആരംഭിച്ച വകുപ്പാണത്. അന്ന് ഇന്ത്യയില്‍ മാത്രമല്ല ലോകത്ത് ഒരിടത്തും ഉപരിപഠനത്തിന് ഒരു മലയാള വിഭാഗം ആരംഭിച്ചിരുന്നില്ല. കേരളത്തില്‍ ഏതെങ്കിലും സര്‍വകലാശാലയില്‍ മലയാള പഠനം ആരംഭിക്കുന്നത് ആയിരത്തിത്തൊള്ളായിരത്തി അമ്പതുകളില്‍ മാത്രമാണ് എന്നോര്‍ക്കുക.
എണ്‍പത്തഞ്ചോളം വര്‍ഷം പഴക്കമുള്ള മദ്രാസ് യൂണിവേഴ്‌സിറ്റിയിലെ മലയാളം വകുപ്പാണ് മലയാളത്തിന്റെ 'മദര്‍ ഡിപ്പാര്‍ട്ട്‌മെന്റ്'. ചേലനാട്ട് അച്യുതമേനോന്‍, ഡോ. കെ എന്‍ എഴുത്തച്ഛന്‍, ഡോ. എസ് കെ നായര്‍, ഡോ. കെ എം പ്രഭാകരവാരിയര്‍ തുടങ്ങിയ വലിയ പണ്ഡിതരുടെ നേതൃത്വത്തില്‍ മലയാള ഭാഷയ്ക്കും സാഹിത്യത്തിനും ആ വകുപ്പ് നിസ്തുലമായ സേവനങ്ങള്‍ നല്‍കിയത് ചരിത്രമാണ്. ഈ ലേഖകന്‍ മുപ്പതിലധികം കൊല്ലം മലയാള വകുപ്പില്‍ പ്രൊഫസറും പതിനെട്ടുകൊല്ലം വകുപ്പിന്റെ അധ്യക്ഷനുമായിരുന്നു.

കെ പി എ സിയുടെ പേരില്‍ മദിരാശി സര്‍വകലാശാലയിലെ മലയാളം വകുപ്പില്‍ ഒരു എന്‍ഡോവ്‌മെന്റുണ്ട്. നാടക പഠനത്തിനും നാടക കലയെക്കുറിച്ചുള്ള പ്രഭാഷണങ്ങള്‍ക്കും മാത്രമായി ഏര്‍പ്പെടുത്തിയ ഒരു എന്‍ഡോവ്‌മെന്റ്. ഈ എന്‍ഡോവ്‌മെന്റിന്റെ പേരില്‍ അവിടെ നാടകപഠനങ്ങളും പ്രഭാഷണങ്ങളും എല്ലാവര്‍ഷവും നടക്കുന്നു.

കെ പി എ സിയുടെ പേരിലുള്ള ഈ എന്‍ഡോവ്‌മെന്റിന്റെ സ്ഥാപനം ഒരു സവിശേഷ സന്ദര്‍ഭത്തിലാണ്. 2001 ല്‍ ചെന്നൈയിലെ മലയാളികള്‍ കെ പി എ സി യുടെ അന്‍പതാം വാര്‍ഷികം ചെന്നൈയില്‍ ഗംഭീരമായി ആഘോഷിക്കാന്‍ തീരുമാനിച്ചു. അക്ഷരാര്‍ഥത്തില്‍ ആ ആഘോഷം ചെന്നൈ മലയാളികളുടെ ഒരു ഉത്സവമായിരുന്നു. മൂന്നുദിവസം നീണ്ടുനിന്ന ആഘോഷ പരിപാടികള്‍. നാടകാവതരണങ്ങള്‍, പ്രൗഢഗംഭീരങ്ങളായ ചര്‍ച്ചകള്‍, സെമിനാറുകള്‍, കെ പി എ സിയുടെ ചരിത്രം അനാവരണം ചെയ്ത ചിത്രപ്രദര്‍ശനം. സമാപന ദിവസം വിഖ്യാത നാടകമായ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കിയുടെ അവതരണം. ഈ ലേഖകനോടൊപ്പം ചെന്നൈയിലെ മലയാളി കൂട്ടായ്മകളുടെ നായകരായ വി രാമുണ്ണി മേനോന്‍, എസ് എസ് പിള്ള, ടി എന്‍ ഉണ്ണികൃഷ്ണന്‍, കല്‍പക വര്‍ഗീസ്, കെ വി നായര്‍ തുടങ്ങിയവരുടെ സമര്‍ഥമായ സംഘടനാമികവിലായിരുന്നു ആഘോഷ പരിപാടികള്‍. പ്രൊഫസര്‍ എസ് ഗുപ്തന്‍ നായര്‍, പി കെ വേണുക്കുട്ടന്‍ നായര്‍, പി കെ വാസുദേവന്‍ നായര്‍, ഡോ. എ കെ നമ്പ്യാര്‍, അന്നു മന്ത്രിയായിരുന്ന ടി കെ രാമകൃഷ്ണന്‍ തുടങ്ങിയ നിരവധി പ്രമുഖ വ്യക്തികള്‍ മൂന്നുദിവസത്തെ ആഘോഷത്തില്‍ പങ്കെടുത്തു.

സമാപന ദിവസത്തെ മുഖ്യ ആകര്‍ഷണം നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കിയുടെ അവതരണമായിരുന്നു. അന്ന് കമ്മ്യൂണിസ്റ്റാക്കിയില്‍ അഭിനയിക്കുന്നതിനായി ഒ മാധവന്‍, കെ പി എ സി സുലോചന, വിജയകുമാരി, കെ പി എ സി ലളിത തുടങ്ങിയവര്‍ ചെന്നൈയിലെത്തി. മാധവന്റെയും സുലോചനയുടെയും വിജയകുമാരിയുടെയും ലളിതയുടെയും സാന്നിധ്യം ആ  പുനരവതരണത്തെ ഒരിക്കലും മറക്കാത്ത അനുഭവമാക്കി മാറ്റി. ടി കെ രാമകൃഷ്ണനും പി കെ വിയും ഒപ്പമിരുന്ന് അന്ന് രാത്രി അയ്യായിരത്തിലധികം വരുന്ന പ്രേക്ഷകര്‍ക്കൊപ്പം നാടകം കണ്ടത് ചെന്നൈ മലയാളികള്‍ക്ക് അവിസ്മരണീയമായി.

അങ്ങനെ കെ പി എ സിയുടെ അന്നു നടന്ന അമ്പതാം വാര്‍ഷികാഘോഷങ്ങള്‍ക്കിടയില്‍ ഈ ലേഖകന്റെയും രാവുണ്ണിമേനോന്റെയും കല്‍പക വര്‍ഗീസിന്റെയും എസ് എസ് പിള്ളയുടെയും ഐ പി മുരളീധരന്റെയും മനസ്സില്‍ ഉദിച്ച ഒരാശയമാണ് കെ പി എ സിയുടെ പേരില്‍ ഒരു എന്‍ഡോവ്‌മെന്റ് മദ്രാസ് യൂണിവേഴ്‌സിറ്റിയിലെ മലയാളം വകുപ്പില്‍ സ്ഥാപിക്കുക എന്നത്.
ആഘോഷങ്ങള്‍ക്കുശേഷം ഈയിടെ അന്തരിച്ച കല്‍പക വര്‍ഗീസിന്റെ ചെന്നൈയിലെ വസതിയില്‍ ഞങ്ങള്‍ ഒത്തുകൂടി. ആദരണീയനായ സഖാവ് പി കെ വിയും അന്നു അവിടെയുണ്ടായിരുന്നു. വര്‍ഗീസൊരുക്കിയ രാത്രി ഭക്ഷണവേളയില്‍ കെ പി എ സി എന്‍ഡോവ്‌മെന്റിന്റെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുത്തു. ചെന്നൈയിലെ മലയാളി സമൂഹം പൊതുവായി ഏര്‍പ്പെടുത്തുന്ന എന്‍ഡോവ്‌മെന്റ് എന്ന പ്രത്യേകത കണക്കിലെടുത്ത് സഖാവ് പി കെ വി ഒരു നിര്‍ദേശം വെച്ചു. എന്‍ഡോവ്‌മെന്റിന്റെ പേര് 'ചെന്നൈ മലയാളികളുടെ കെ പി എ സി എന്‍ഡോവ്‌മെന്റ്' എന്നാക്കുക. ആ നിര്‍ദേശം സര്‍വാത്മനാ സ്വീകരിക്കപ്പെട്ടു. അങ്ങനെ മദിരാശി സര്‍വകലാശാലയിലെ കെ പി എ സി എന്‍ഡോവ്‌മെന്റിന് തുടക്കമായി.

ഒരു നാടക സംഘത്തിന്റെ പേരില്‍ ഇന്ത്യയിലെ ഒരു സര്‍വകലാശാലയിലും ഒരു എന്‍ഡോവ്‌മെന്റ് സ്ഥാപിക്കപ്പെട്ടിട്ടില്ല. ലോകത്തെ ഒരു സര്‍വകലാശാലയിലും ഏതെങ്കിലും പ്രത്യേക നാടക സംഘത്തിന്റെ പേരില്‍ ഒരു എന്‍ഡോവ്‌മെന്റില്ല. നാടകകൃത്തുക്കളുടെ പേരില്‍ പലയിടത്തുമുണ്ടെങ്കിലും. കെ പി എ സിക്കും മദിരാശി സര്‍വകലാശാലയിലെ മലയാളം വകുപ്പിനും അഭിമാനം വര്‍ധിപ്പിച്ചുകൊണ്ട് കെ പി എ സി എന്‍ഡോവ്‌മെന്റ് വര്‍ഷങ്ങളായി പ്രവര്‍ത്തന നിരതമാണ്. നാടക ചര്‍ച്ചകള്‍ക്കും പഠനങ്ങള്‍ക്കും പ്രഭാഷണങ്ങള്‍ക്കും മാത്രമായുള്ള ഒരേയൊരു എന്‍ഡോവ്‌മെന്റ്. മലയാള നാടകവേദിയുടെ ചരിത്രത്തിന്റെ ഭാഗമാണ്. ഈ എന്‍ഡോവ്‌മെന്റ് മാറിക്കഴിഞ്ഞു എന്നത് നമുക്ക് പ്രചോദനമാണ്.

*
ഡോ. സി ജി രാജേന്ദ്രബാബു (ലേഖകന്‍ കേരള സര്‍വകലാശാല മലയാളം ലക്‌സിക്കണ്‍ വിഭാഗം തലവനും എഡിറ്ററുമാണ്)

ജനയുഗം

ബദലിനുള്ള സമരസന്ദേശം

സിപിഐ എം സംഘടിപ്പിക്കുന്ന സമരസന്ദേശജാഥ 24ന് തുടങ്ങും. ആദ്യജാഥ കന്യാകുമാരിയില്‍നിന്ന് ഡല്‍ഹിയിലേക്കാണ്. കൊല്‍ക്കത്ത, അമൃത്സര്‍, മുംബൈ എന്നിവിടങ്ങളില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള മറ്റ് മൂന്ന് ജാഥകള്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ആരംഭിക്കും. ഗുവാഹത്തി, പാര്‍ലര്‍മാതുണ്ടി, ഷിംല, അഹമ്മദാബാദ് എന്നിവിടങ്ങളില്‍നിന്നാരംഭിച്ച് ഈ പ്രധാനജാഥകളില്‍ സംഗമിക്കുന്ന ഉപജാഥകളുമുണ്ട്. മുഖ്യജാഥകള്‍ വിവിധ സംസ്ഥാനങ്ങളിലൂടെ കടന്നുപോകുമ്പോള്‍ അവയില്‍ എത്തിച്ചേരുന്ന രീതിയില്‍ പല സംസ്ഥാനങ്ങളിലും മറ്റ് ഉപജാഥകളും നടത്തുന്നുണ്ട്. നാല് പ്രധാനജാഥകളുടെയും സമാപനസംഗമത്തോടനുബന്ധിച്ച് മാര്‍ച്ച് 19ന് രാംലീല മൈതാനിയില്‍ പടുകൂറ്റന്‍ ബഹുജനറാലി നടക്കും.

ജാഥകള്‍ എന്തിന്?

എന്തിനുവേണ്ടിയാണ് ഈ ജാഥകള്‍? നമ്മുടെ രാജ്യം നിര്‍ണായകമായ അവസ്ഥ നേരിടുകയാണ്. സ്വാതന്ത്ര്യലബ്ധിക്കുശേഷം ഒരു കാലത്തും സമ്പന്നരും ദരിദ്രരും തമ്മിലുള്ള വിടവ് ഇത്രത്തോളം വര്‍ധിച്ചിട്ടില്ല. ലോകത്തെ ഏറ്റവും സമ്പന്നരായ ചില ആളുകള്‍ ഇന്ത്യയിലുള്ളപ്പോള്‍ത്തന്നെ ദരിദ്രരുടെ എണ്ണവും ഏറ്റവും കൂടുതല്‍ ഇവിടെയാണ്. ലോകത്ത് പോഷകാഹാരക്കുറവുള്ള ഏറ്റവും കൂടുതല്‍ കുട്ടികള്‍ പാര്‍ക്കുന്ന രാജ്യം എന്ന ലജ്ജാകരമായ റെക്കോഡും നമ്മുടെ രാജ്യം നേടി. ഉദാരവല്‍ക്കരണത്തിന് തുടക്കംകുറിച്ചശേഷമുള്ള രണ്ട് പതിറ്റാണ്ടിനുള്ളില്‍ 2.9 ലക്ഷം കര്‍ഷകര്‍ ആത്മഹത്യചെയ്തുവെന്ന നടുക്കുന്ന വസ്തുതയുമുണ്ട്. തൊഴില്‍രഹിതരുടെ എണ്ണം കുതിച്ചുയരുകയാണ്, സമീപകാലത്ത് രേഖപ്പെടുത്തുന്നത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാത്ത വളര്‍ച്ചയാണ്.

ഇതെല്ലാം ബൂര്‍ഷ്വ-ഭൂപ്രഭു ഭരണത്തിന്റെ പാപ്പരത്തത്തിന്റെ ഫലമാണ്, പ്രത്യേകിച്ച് കഴിഞ്ഞ രണ്ട് ദശകങ്ങളില്‍ നടപ്പാക്കിയ നവ ഉദരവല്‍ക്കരണനയങ്ങളുടെ. വന്‍കിട ബിസിനസ് സ്ഥാപനങ്ങളും കോര്‍പറേറ്റുകളും റിയല്‍എസ്റ്റേറ്റ് ഊഹക്കച്ചവടക്കാരും മാഫിയസംഘങ്ങളും അതിസമ്പന്നരായി മാറുന്നതിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. അതിശക്തരായ ഈ സംഘങ്ങള്‍ക്ക് രാജ്യത്തിന്റെ വിഭവങ്ങള്‍ കൊള്ളയടിക്കാന്‍ സഹായം നല്‍കുന്നവിധത്തില്‍ സര്‍ക്കാരിന്റെ നയങ്ങള്‍ കൂടുതല്‍ കൂടുതലായി രൂപകല്‍പ്പന ചെയ്യപ്പെടുന്നു; അവരുടെ സ്വത്തിനും ലാഭത്തിനും ചുമത്തുന്ന നികുതികള്‍ കുറച്ചുകൊണ്ടുവരുന്നു, ഈ നികുതികള്‍പോലും അടയ്ക്കുന്നതില്‍നിന്ന് അവരെ ഒഴിവാക്കുന്ന വിധത്തില്‍ നിയമങ്ങള്‍ കൊണ്ടുവരുന്നു. ഇന്ധനവിലക്കയറ്റവും പണപ്പെരുപ്പവും, സൃഷ്ടിക്കുന്ന നയങ്ങളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. പെട്രോള്‍, ഡീസല്‍, വളങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍ എന്നിവയുടെ സബ്സിഡികള്‍ വെട്ടിക്കുറച്ച് ജനങ്ങളെ സര്‍ക്കാര്‍ വിലക്കയറ്റത്തിന് മുന്നിലേക്ക് നിര്‍ദയം എറിഞ്ഞുകൊടുക്കുന്നു.

കോണ്‍ഗ്രസും ബിജെപിയും ഒന്നുപോലെ നവഉദാര നയങ്ങളുടെ വക്താക്കളും അമേരിക്ക നയിക്കുന്ന സാമ്രാജ്യത്വത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക് അപമാനകരമായ വിധത്തില്‍ വഴങ്ങിക്കൊടുക്കുന്നവരുമാണ്. സ്വകാര്യവല്‍ക്കരണത്തോടുള്ള കാഴ്ചപ്പാടിലും വിലയേറിയ വിഭവങ്ങള്‍ വന്‍കിട ബിസിനസുകാര്‍ക്ക് കൈമാറുന്നതിലും വിദേശ ധനമൂലധനത്തിന്റെ താല്‍പ്പര്യങ്ങള്‍ നിറവേറ്റുന്നതിലും കേന്ദ്രത്തിലെ യുപിഎ സര്‍ക്കാരും ബിജെപി നിയന്ത്രണത്തിലുള്ള സംസ്ഥാന സര്‍ക്കാരുകളും തമ്മില്‍ വ്യത്യാസമൊന്നുമില്ല.

സര്‍ക്കാരിലെയും പൊതുസ്ഥാപനങ്ങളിലെയും ഉന്നതങ്ങളിലെ അഴിമതി നവഉദാര ഭരണവ്യവസ്ഥയുടെ അവിഭാജ്യ ഘടകമായി മാറി. വന്‍കിട ബിസിനസ്-രാഷ്ട്രീയ-ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വ അവിശുദ്ധസഖ്യത്തിന്റെ ഫലമാണിത്. ഇത്തരം അഴിമതി മൂലധനം കുന്നുകൂട്ടുന്നതിനുള്ള ഉപകരണമാണ്, അതിനാല്‍ നവഉദാര നയങ്ങളില്‍നിന്ന് തിരിച്ചുപോകാതെ ഇത് തടയാനാകില്ല. കോണ്‍ഗ്രസിനും ബിജെപിക്കും ഇതര ബൂര്‍ഷ്വാ പാര്‍ടികള്‍ക്കും അഴിമതി അവസാനിപ്പിക്കാന്‍ കഴിയില്ല, കാരണം അവര്‍ക്ക് ഈ അവിശുദ്ധ കൂട്ടുകെട്ടുമായി ബന്ധമുണ്ട്. സിപിഐ എമ്മിനും മറ്റ് ഇടതുപക്ഷ പാര്‍ടികള്‍ക്കുംമാത്രമാണ് ഇത്തരം അഴിമതിയില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാന്‍ കഴിയുന്നത്.

കവര്‍ച്ചയുടെ സ്വഭാവമുള്ള മുതലാളിത്തപാത സാമൂഹിക അസമത്വങ്ങളിലേക്കും സംഘര്‍ഷങ്ങളിലേക്കും നയിക്കുന്നു. ഇത് ക്രമേണ വര്‍ഗീയശക്തികളുടെ വളര്‍ച്ചയ്ക്കും അവയുടെ വിനാശകരമായ പ്രവര്‍ത്തനങ്ങള്‍ക്കും അവസരം സൃഷ്ടിക്കുന്നു. പ്രാദേശിക സങ്കുചിതവാദത്തിലും വംശ, സ്വത്വരാഷ്ട്രീയത്തിലും അധിഷ്ഠിതമായ ഭിന്നിപ്പിന്റെ ശക്തികള്‍ പടരുന്നു. വലതുപക്ഷ ശക്തികള്‍ അവരുടെ പിന്തിരിപ്പന്‍ രാഷ്ട്രീയത്തിനുവേണ്ടി ഈ ഘടകങ്ങളെയെല്ലാം ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുന്നു.

സമരസന്ദേശ ജാഥ ബദല്‍നയങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടത്തിന്റെ സന്ദേശം ഉയര്‍ത്തിക്കാട്ടുകയും കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും സംഘടിത-അസംഘടിത മേഖലകളിലെ തൊഴിലാളികളും സ്ത്രീകളും ആദിവാസികളും ദളിതരും ന്യൂനപക്ഷങ്ങളും ഉള്‍പ്പെടെയുള്ള കോടിക്കണക്കിന് ആളുകളുടെ പ്രശ്നങ്ങളും ആശങ്കകളും അവതരിപ്പിക്കുകയും ചെയ്യും. വര്‍ഗീയശക്തികള്‍ക്കെതിരായി അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ ഐക്യം ജാഥ ഉയര്‍ത്തിപ്പിടിക്കും.

ആറ് പ്രധാന മേഖലകളിലാണ് ജാഥയുടെ ലക്ഷ്യം കേന്ദ്രീകരിക്കുക

ഭൂമിക്കും പാര്‍പ്പിടത്തിനും വേണ്ടിയുള്ള അവകാശം:

മിച്ചഭൂമി ഭൂരഹിതര്‍ക്ക് വിതരണംചെയ്ത് ഭൂപരിഷ്കരണനയം നടപ്പാക്കുക. സ്വന്തമായി ഭൂമിയില്ലാത്ത ഓരോ കുടുംബത്തിനും വീട് വയ്ക്കാനുള്ള സ്ഥലം ഉറപ്പാക്കുക.

വിലക്കയറ്റം നിയന്ത്രിക്കുകയും ഭക്ഷണത്തിനുള്ള അവകാശം ഉറപ്പാക്കുകയും ചെയ്യുക:

കിലോഗ്രാമിന് പരമാവധി രണ്ട് രൂപ നിരക്കില്‍ 35 കിലോഗ്രാം ഭക്ഷ്യധാന്യങ്ങള്‍ക്കുള്ള സാര്‍വത്രിക അവകാശം. എപിഎല്‍- ബിപിഎല്‍ ചേരിതിരിവോടെയുള്ള അടിസ്ഥാനമില്ലാത്ത ദാരിദ്ര്യക്കണക്കുകള്‍ ഉപേക്ഷിക്കുക. ഭക്ഷ്യധാന്യങ്ങളുടെയും മറ്റ് അവശ്യവസ്തുക്കളുടെയും അവധിവ്യാപാരം അവസാനിപ്പിക്കുക.

വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും വേണ്ടിയുള്ള അവകാശം:

വിദ്യാഭ്യാസ-ആരോഗ്യ മേഖലകളുടെ സ്വകാര്യവല്‍ക്കരണം അവസാനിപ്പിക്കുക. വിദ്യാഭ്യാസ-ആരോഗ്യമേഖലകളില്‍ സര്‍ക്കാര്‍ കൂടുതല്‍ പണം ചെലവിടുക. വിദ്യാഭ്യാസ അവകാശനിയമം നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കുക. ആരോഗ്യമേഖലയില്‍ പൊതുസേവനങ്ങള്‍ ശക്തിപ്പെടുത്തുകയും സ്വകാര്യമേഖലയില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യുക.

തൊഴിലിനുള്ള അവകാശം:

തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന വിധത്തില്‍ നിക്ഷേപം വര്‍ധിപ്പിക്കുക, നിയമനിരോധം പിന്‍വലിക്കുകയും ഒഴിവുള്ള തസ്തികകള്‍ സമയബന്ധിതമായി നികത്തുകയും ചെയ്യുക, പട്ടികജാതി-പട്ടികവര്‍ഗ, പിന്നോക്കവിഭാഗങ്ങള്‍ക്ക് സര്‍വീസില്‍ വ്യവസ്ഥചെയ്തിട്ടുള്ള പ്രാതിനിധ്യം ഉറപ്പാക്കുക, ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതിപ്രകാരമുള്ള തൊഴില്‍ദിനങ്ങള്‍ വര്‍ധിപ്പിക്കുക, വിലസൂചികയുടെ അടിസ്ഥാനത്തില്‍ മിനിമംവേതനം നല്‍കുക, നഗരങ്ങളിലേക്കും തൊഴിലുറപ്പ് പദ്ധതി വ്യാപിപ്പിക്കുക. സാമൂഹികനീതി ഉറപ്പാക്കുക: സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങള്‍ അവസാനിപ്പിക്കുകയും സംസ്ഥാന നിയമസഭകളിലും പാര്‍ലമെന്റിലും സ്ത്രീകള്‍ക്ക് മൂന്നിലൊന്ന് സീറ്റ് സംവരണം ചെയ്യുകയും ചെയ്യുക, അയിത്താചാരങ്ങളും ദളിതര്‍ക്കെതിരായ വിവേചനവും അവസാനിപ്പിക്കുക, ആദിവാസികളുടെ ഭൂമി-വനാവകാശങ്ങള്‍ സംരക്ഷിക്കുക, മുസ്ലിംജനവിഭാഗത്തിന് വിദ്യാഭ്യാസ-തൊഴില്‍മേഖലകളില്‍ തുല്യമായ അവസരങ്ങള്‍ വ്യവസ്ഥചെയ്യുക.

അഴിമതി അവസാനിപ്പിക്കുക:

അന്വേഷണത്തിനുള്ള സ്വതന്ത്രമായ അധികാരത്തോടെ ലോക്പാല്‍ നിയമനിര്‍മാണം നടത്തുക, വിദേശബാങ്കുകളിലേക്ക് കടത്തിയ കള്ളപ്പണം തിരികെപിടിക്കുക, ഉത്തരവാദികളായ കോര്‍പറേറ്റുകളില്‍നിന്ന് നഷ്ടം ഈടാക്കുക, അഴിമതിക്കാരെ കല്‍ത്തുറുങ്കില്‍ അടയ്ക്കുക.
 
പാര്‍ടി എന്ന നിലയില്‍ സിപിഐ എം ആദ്യമായാണ് അഖിലേന്ത്യാജാഥകള്‍ സംഘടിപ്പിക്കുന്നത്. 2012 ഏപ്രിലില്‍ നടന്ന 20-ാം കോണ്‍ഗ്രസില്‍ തീരുമാനിച്ചതുപ്രകാരം പാര്‍ടിയുടെ സ്വതന്ത്രമായ പങ്കും പ്രവര്‍ത്തനങ്ങളും ശക്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് വിപുലമായ ഈ സംരംഭം.

കേന്ദ്ര ട്രേഡ് യൂണിയനുകള്‍ ആഹ്വാനംചെയ്ത് ഫെബ്രുവരി 20, 21 തീയതികളില്‍ നടന്ന, സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തൊഴിലാളിവര്‍ഗ മുന്നേറ്റമായി മാറിയ, ചരിത്രപ്രധാനമായ ദ്വിദിന പൊതുപണിമുടക്കിനു തൊട്ടുപിന്നാലെയാണ് അഖിലേന്ത്യാ ജാഥകള്‍ ആരംഭിക്കുന്നത്. സാര്‍വത്രിക പൊതുവിതരണ സമ്പ്രദായം ഉറപ്പാക്കുന്ന സമഗ്രമായ ഭക്ഷ്യസുരക്ഷ നിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ഇടതുപക്ഷ പാര്‍ടികള്‍ സംഘടിപ്പിച്ച വിപുലമായ ഒപ്പുശേഖരണ പരിപാടിയുടെ പിന്നാലെയുമാണ് ജാഥകള്‍ വരുന്നത്. ഇത്തരത്തില്‍ ശേഖരിച്ച, അഞ്ചുകോടിയില്‍പരം ആളുകള്‍ ഒപ്പിട്ട നിവേദനം പ്രധാനമന്ത്രിക്ക് സമര്‍പ്പിക്കും

 യഥാര്‍ഥ ബദല്‍

കൂടുതല്‍ വിപുലമായ മുന്നേറ്റങ്ങള്‍ക്കും എല്ലാ ഇടതുപക്ഷ-ജനാധിപത്യ ശക്തികളെയും അണിനിരത്തുന്നതിനും മുന്നോടിയായാണ് ഈ ജാഥകള്‍. ബൂര്‍ഷ്വ-ഭൂപ്രഭു ഭരണത്തിനുള്ള യഥാര്‍ഥ ബദല്‍ കാഴ്ചവയ്ക്കാന്‍ ഇടതുപക്ഷ- ജനാധിപത്യ ശക്തികള്‍ക്കു മാത്രമേ കഴിയൂ എന്ന സന്ദേശമാണ് ഈ ജാഥ നല്‍കുക.

ജാഥകള്‍ രാജ്യത്ത് നെടുകെയും കുറുകെയും സഞ്ചരിക്കുമ്പോള്‍ ഇത്തരം മേഖലകളിലൂടെ കടന്നുപോകും- നിര്‍ബന്ധിതമായ ഏറ്റെടുക്കലില്‍നിന്ന് സ്വന്തം ഭൂമി സംരക്ഷിക്കാന്‍ കര്‍ഷകരും ആദിവാസികളും പോരാടുന്ന സ്ഥലങ്ങളിലൂടെ; ജീവിതവൃത്തിക്കും ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായവില ലഭിക്കാനുംവേണ്ടി കര്‍ഷകര്‍ പൊരുതുന്ന ഇടങ്ങളിലൂടെ; ന്യായമായ വേതനത്തിനും കരാര്‍തൊഴില്‍ സമ്പ്രദായം അവസാനിപ്പിക്കാനും വേണ്ടി സംഘടിത-അസംഘടിത മേഖലകളിലെ തൊഴിലാളികള്‍ പ്രക്ഷോഭം നടത്തുന്ന മേഖലകളിലൂടെ; വിദ്യാഭ്യാസത്തിന്റെ വാണിജ്യവല്‍ക്കരണത്തിന് എതിരായും മെച്ചപ്പെട്ട വിദ്യാഭ്യാസ സൗകര്യങ്ങള്‍ ആവശ്യപ്പെട്ടും പൊരുതുന്ന വിദ്യാര്‍ഥികള്‍ക്കിടയിലൂടെ; ലൈംഗിക ആക്രമണങ്ങള്‍ക്ക് എതിരായും തുല്യാവകാശങ്ങള്‍ ആവശ്യപ്പെട്ടും പ്രക്ഷോഭം നടത്തുന്ന സ്ത്രീസമൂഹങ്ങള്‍ക്ക് ഇടയിലൂടെ; സാമൂഹികനീതി ആവശ്യപ്പെട്ട് പൊരുതുന്ന ദളിതര്‍ക്കിടയിലൂടെ; തൊഴിലില്ലായ്മയ്ക്ക് എതിരായ പോരാട്ടത്തില്‍ മുഴുകിയ യുവജനങ്ങള്‍ക്കിടയിലൂടെ.

ഇവര്‍ക്കെല്ലാം പ്രചോദനം പകരുന്ന ശക്തിയായി സമരസന്ദേശ ജാഥ മാറും. അവരുടെ പോരാട്ടങ്ങളില്‍ സിപിഐ എം ഒപ്പമുണ്ടായിരിക്കുമെന്ന സന്ദേശം ജാഥകള്‍ കൈമാറും. അതോടൊപ്പം, ബദല്‍നയങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ മുന്നിട്ടിറങ്ങണമെന്ന് അവരോട് ആഹ്വാനവുംചെയ്യും.

*
പ്രകാശ് കാരാട്ട്

Sunday, February 24, 2013

കെ എസ് ആര്‍ ടി സി: സംഹാരത്തിന്റെ കരിനിഴലില്‍

2013 ജനുവരി 17 - രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ മരണവാറണ്ട് കുറിക്കപ്പെട്ട ദിവസമാണന്ന്. പൊതുഗതാഗത സമ്പ്രദായത്തെ ആശ്രയിക്കുന്ന കോടാനുകോടി ജനതയുടെ യാത്രാ സ്വാതന്ത്ര്യത്തിന്‍ മേലും അതില്‍ തൊഴിലെടുത്ത് ജീവിക്കുന്ന തൊഴിലാളികളുടെയും  കുടുംബങ്ങളുടെയും ജീവിതത്തിന്‍മേലും കഴിനിഴല്‍ വീണ ദിവസവുമാണന്ന്. കേരളത്തിലെ സാധാരണക്കാരനും ഇടത്തട്ടുകാരനുമടങ്ങുന്ന മഹാഭൂരിപക്ഷം വരുന്നവര്‍ ആശ്രയിക്കുന്ന കെ എസ് ആര്‍ ടി സി യുടെ അടിസ്ഥാന ശിലയാണ് തകര്‍ന്നുവീണത്. വന്‍കിട ഉപഭോക്താക്കളുടെ പട്ടികയിലേക്ക് കെ എസ് ആര്‍ ടി സി എത്തപ്പെട്ടപ്പോഴും ഡീസല്‍ വിലനിയന്ത്രണം എണ്ണക്കമ്പനികളെ ഏല്‍പ്പിച്ചപ്പോഴും കേരളത്തിലെ ഭരണാധികാരികള്‍ കാണിച്ചത് ഉദാസീനതയും നിസ്സംഗതയും മാത്രം. പ്രതിമാസ ബാധ്യത 14 കോടിയെന്ന് കണ്ട് രണ്ട് മാസത്തേക്ക് 28 കോടി അനുവദിച്ചത് കൊണ്ട് ഈ പ്രശ്‌നങ്ങളും സങ്കീര്‍ണ്ണതകളും അവസാനിക്കില്ല. വീണ്ടും ഒരു ലിറ്ററിന് കെ എസ് ആര്‍ ടി സിക്ക് 1 രൂപ 88 പൈസ വര്‍ധിച്ചിരിക്കുന്നു. സ്വകാര്യവാഹനങ്ങള്‍ക്കിത് വെറും 45 പൈസയുടെ മാത്രം. സ്വതവേദുര്‍ബല പിന്നെ ഗര്‍ഭിണിയെന്ന മട്ടിലായ കെ എസ് ആര്‍ ടി സിയെ ഭസ്മീകരിക്കാനുള്ള സര്‍ക്കാരുകളുടെ പടപ്പുറപ്പാടാണിത്.

2001ല്‍ എ കെ ആന്റണി മുഖ്യമന്ത്രിയായിരിക്കെ കെ എം മാണി പുറത്തിറക്കിയ ധവളപത്രത്തില്‍ കെ എസ് ആര്‍ ടി സി യെ കുറിച്ചൊരു വാചകമുണ്ടായിരുന്നു, 'വിപുലീകരണം മരവിപ്പിക്കുക'. അതുവരെയുള്ള സകല നേട്ടങ്ങളോടും വളര്‍ച്ചയോടും വിടപറഞ്ഞ് വികസനം സമ്പൂര്‍ണ്ണമായി മരവിപ്പിക്കാന്‍ യു ഡി എഫ് സര്‍ക്കാര്‍ അന്ന് തീരുമാനിച്ചു. ഡിപ്പോകള്‍ പണയപ്പെടുത്തി കടം വാങ്ങിയ പണത്തിന് മിനിബസും ബാംഗ്ലൂരിലും കര്‍ണ്ണാടകയിലെ വിവിധ ഫുട്പാത്തുകളിലും ബോഡി ചെയ്‌തെടുത്ത തകരപ്പാട്ടകളും വാങ്ങിക്കൂട്ടി. സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്‍കാനും പുതിയവ നല്‍കാനും ഒട്ടും മടികാണിച്ചുമില്ല. സമാന്തര സര്‍വീസുകളെ ദേശസാല്‍കൃത റൂട്ടുകളില്‍ പോലും കയറൂരിവിട്ടു. എംപാനലായി ജീവനക്കാരെ നിയമിക്കാന്‍ പതിനായിരം വീതം തലയെണ്ണി വാങ്ങി. ലാഭത്തില്‍ ഓടികൊണ്ടിരുന്ന റൂട്ടുകളില്‍ നിന്നും ആരുടെയൊക്കയോ താല്‍പ്പര്യത്തിന്റെ പേരില്‍ ബസുകള്‍ പിന്‍വലിച്ചും പകരം ആളും പേരുമില്ലാത്ത വയല്‍ വരമ്പുകളിലൂടെ വണ്ടിയോടിച്ചും നഷ്ടത്തിന്റെ ആക്കം കൂട്ടി. ഭരണക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും അഴിമതി നടത്താന്‍ ഇടനാഴികള്‍ സുസജ്ജമാക്കി. ബോഡി ബില്‍ഡിംഗ് വര്‍ക്‌ഷോപ്പുകളില്‍ മുഴങ്ങിയിരുന്ന സംഗീതത്തിന്റെ കമ്പി പൊട്ടിച്ച് താഴിട്ട് പൂട്ടി. പിരിച്ച് വിടലിന്റെ, സ്ഥലം മാറ്റത്തിന്റെ, അന്യായ ശിക്ഷണ നടപടികളുടെ, പ്രതികാര വാഞ്ജയുടെ കറുത്ത നാളുകള്‍. സര്‍വോപരി പകലന്തിയോളം പണിയെടുക്കുന്നവന്റെ അവകാശ നിഷേധങ്ങളുടെ പെരുമഴക്കാലം.

അര്‍പ്പണ ബോധത്തോടെയും ആത്മാര്‍ഥതയോടെയും എല്ലാ ബുദ്ധിമുട്ടുകളും സഹിച്ച്  കെ എസ് ആര്‍ ടി സിയെ അന്നും നിലനിര്‍ത്തിയ ജീവനക്കാരുടെയും തൊഴിലാളി സംഘടനകളുടെയും അഭിപ്രായങ്ങളും താല്‍പര്യങ്ങളും അന്നാരും ചെവികൊണ്ടില്ല. രണ്ടു മാസം ക്ഷാമബത്തക്ക് വേണ്ടി രണ്ട് അനിശ്ചിതകാല പണിമുടക്കത്തിലേക്ക് പോകേണ്ടിവന്നുവെന്നതാണ് സത്യം. അച്ഛനും മകനും പിന്നെ ശക്തനും ആടിതിമിര്‍ത്ത അഞ്ചുവര്‍ഷക്കാലവും പ്രമോഷനോ, ഡി എ യോ, ശമ്പള പരിഷ്‌കരണമോ യൂണിഫോമോ ഇല്ലാതെ ജോലി ചെയ്യേണ്ടിവന്നു.

ഈ കടുത്ത പരീക്ഷണ ഘട്ടത്തിലാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത്. ഇച്ഛാശക്തിയോടെ ഏറ്റെടുത്ത് പൂര്‍ത്തിയാക്കിയ നിലപാടുകളാണ് വീണ്ടും കെ എസ് ആര്‍ ടി സിയെ ജനപ്രിയമാക്കി തീര്‍ത്തത്. പ്രതിവര്‍ഷം 1000 ബസുകള്‍ വീതം സര്‍ക്കാര്‍ ഗ്യാരന്റിയില്‍ പുറത്തിറക്കി. 3000 പുതിയ ഷെഡ്യൂളുകള്‍ തുടങ്ങി. അവയ്ക്കായി വമ്പിച്ച തോതില്‍ സാധ്യതാ പരിശോധന പൂര്‍ത്തിയാക്കി. വരുമാനം വര്‍ധിപ്പിക്കാനുള്ള പരിശ്രമങ്ങള്‍, ഷെഡ്യൂളുകളുടെ പുനഃപരിശോധന, തികഞ്ഞ മോണിട്ടറിംഗ്, പുതിയ ഷോപ്പിംഗ് കോംപ്ലക്‌സുകള്‍, അതിലൂടെ നോണ്‍ ഓപ്പറേറ്റിംഗ് റവന്യൂ വര്‍ധിപ്പിക്കാനുള്ള നടപടികള്‍, പരമാവധി ഫഌറ്റ് ഓപ്പറേഷന്‍, സമാന്തര സര്‍വീസുകളെ രാഷ്ട്രീയത്തിനതീതമായി പ്രതിരോധിക്കല്‍, സ്വകാര്യ ബസുകളുടെ പെര്‍മിറ്റ് നിയന്ത്രിക്കല്‍, പുതുക്കല്‍ അവസാനിപ്പിക്കല്‍, മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ടുമെന്റുമായി ചേര്‍ന്ന് സംയുക്ത പരിശോധന, പുതിയ നിയമനങ്ങളിലൂടെ ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ ചെറുപ്പക്കാരുടെ കടന്നുവരവ്, ബോഡി ബില്‍ഡിംഗ് സ്വന്തം വര്‍ക്ഷാപ്പുകളില്‍, കുടിശ്ശിക, ഡി എ ശമ്പള പരിഷ്‌കരണം യൂണിഫോം, പ്രമോഷന്‍ എന്നിവ അനുവദിക്കല്‍ തുടങ്ങി അടച്ചുപൂട്ടലിന്റെ വക്കില്‍ നിന്നും വികസന വിഹായസിലേക്ക് ഒരു ഫീനിക്‌സ് പക്ഷിയെപ്പോലെയാണ് കെ എസ് ആര്‍ ടി സി പറന്നുപൊങ്ങിയത്. ആകെ പൊതു ഗതാഗത മേഖലയില്‍ വെറും 12 ശതമാനം മാത്രമായിരുന്ന കെ എസ് ആര്‍ ടി സിയുടെ സാന്നിധ്യം 28 ശതമാനത്തിലേക്കെത്തിക്കാന്‍ സര്‍ക്കാരും കാര്യശേഷിയും കര്‍മ്മബോധവുമുള്ള ഒരു മാനേജ്‌മെന്റും തൊഴിലാളികളും അവരുടെ സംഘടനകളും കൂടിചേര്‍ന്നപ്പോള്‍ കഴിഞ്ഞു. അതിലൂടെ പ്രതിദിനം 35 ലക്ഷം പേര്‍ ആശ്രയിക്കുന്ന, നാല് കോടി രൂപ വരുമാനമുള്ള സ്ഥാപനമായി. പി എസ് സി അണ്‍ അഡ്‌വൈസ്ഡ്, എംപാനല്‍ ജീവനക്കാരുടെ നിയമനത്തിനും ശമ്പള പരിഷ്‌കരണത്തിനും ക്ഷാമബത്തകള്‍ക്കും വേണ്ടി ചെറിയ പ്രതിഷേധങ്ങളും സമരങ്ങളും നടത്തേണ്ടിവന്നു എങ്കിലും സ്ഥാപനത്തിന്റെ അന്തസും വളര്‍ച്ചയും അസൂയാവഹമായിരുന്നു.

ഈ വ്യാവസായിക വളര്‍ച്ചയുടെയും സമാധാന പൂര്‍ണ്ണമായ തൊഴിലന്തരീക്ഷത്തിന്റെയും കടക്കല്‍ കത്തിവക്കുന്ന സമീപനമാണ് വീണ്ടുമിപ്പോള്‍ യു ഡി എഫ് ഗവണ്‍മെന്റ് സ്വീകരിച്ചു പോരുന്നത്. 2001ലെ സര്‍ക്കാര്‍ വികസനം മരവിപ്പിക്കുമെന്ന് പരസ്യമായി പറഞ്ഞെങ്കില്‍, ഇവര്‍ അത് പറയാതെ അക്ഷരംപ്രതി നടപ്പാക്കുകയാണ്. പുതിയ ഷാസികള്‍ വാങ്ങാന്‍ പദ്ധതിയില്ല. പുതിയ ബസുകള്‍ നിരത്തിലില്ല. പുതിയ ഷെഡ്യൂളുകളില്ല, പണം കടം വാങ്ങാന്‍ ഗ്യാരന്റി നില്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറുമല്ല. സബ്‌സിഡി നല്‍കുന്നില്ല, ബജറ്റ് സപ്പോര്‍ട്ടില്ല, മൂലധന നിക്ഷേപം ഇല്ല, മറ്റ് ധനസഹായങ്ങളൊന്നുമില്ല. കെ എസ് ആര്‍ ടി സി വീണ്ടും സര്‍വനാശത്തിലേക്ക് കൂപ്പുകുത്തുകയാണ്. എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും ശബരിമല തീര്‍ഥാടനകാലത്ത് ഏറ്റവും കുറഞ്ഞത് 100 ബസെങ്കിലും പുറത്തിറക്കാറുണ്ടായിരുന്നു. ഈ കീഴ്‌വഴക്കം യു ഡി എഫ് വന്നതോടെ തകിടം മറിഞ്ഞു. അനധികൃത സമാന്തര സര്‍വീസുകള്‍ തടിച്ച് കൊഴുക്കുന്നു. സ്വകാര്യ ബസുകള്‍ പെര്‍മിറ്റ് പുതുക്കുന്നു. ചിലര്‍ പുതുക്കാതെ പണത്തിന്റെ ബലത്തില്‍ സര്‍വീസ് നടത്തുന്നു. ആകെ പൊതുഗതാഗത രംഗത്തില്‍ 28 ശതമാനത്തില്‍ നിന്നും തിരികെ 12ലേക്കോ 14ലേക്കോ ഉള്ള ആസൂത്രിതവും നിന്ദ്യവുമായ പിന്‍മാറ്റം. രാജ്യത്തെ പൊതു മേഖലകളുടെയും പൊതു ഗതാഗത സമ്പ്രദായത്തെയും സമ്പൂര്‍ണ്ണമായി അട്ടിമറിക്കാനും അവസാനിപ്പിക്കാനും വേണ്ടിയാണിത്.

ഡീസല്‍ വാങ്ങുന്ന വന്‍കിട ഉപഭോക്താക്കളുടെ സബ്‌സിഡി വെട്ടിക്കുറച്ചതിലൂടെ ഏറ്റവും പ്രതിസന്ധിയിലായത് കേരളത്തില്‍ കെ എസ് ആര്‍ ടി സിയാണ്. പ്രതിദിനം 4.25 ലക്ഷം ലിറ്റര്‍ ഡീസല്‍ വാങ്ങുന്ന കെ എസ് ആര്‍ ടി സി ക്ക് അധിക ബാദ്ധ്യത 15 കോടി രൂപ. സാമൂഹ്യ ബാധ്യതയുടെ പേരിലും, പെന്‍ഷന്‍, എം എ സി ടി തുടങ്ങിയവയുടെ പേരിലും സ്വന്തം വരുമാനത്തില്‍ നിന്നും പണം കണ്ടെത്തുന്ന ഏത് സ്ഥാപനത്തിനാണ് ഈ അധികഭാരം താങ്ങാന്‍ കഴിയുക? ഈ കാര്യങ്ങളിലൊന്നും സര്‍ക്കാര്‍ സഹായമില്ലാതെയും, പ്രതിമാസം 75 കോടിയോളം രൂപ വരവും ചെലവും തമ്മില്‍ അന്തരം നിലനില്‍ക്കുമ്പോള്‍ ഈ അധിക ബാധ്യത എങ്ങനെ താങ്ങാന്‍ കഴിയും. അടച്ചുപൂട്ടലിന്റെയും സര്‍വസംഹാരത്തിന്റെയും വഴിയിലാണ് ഈ സ്ഥാപനം.

എല്ലാ നഷ്ടത്തിന്റെയും പേരില്‍ അവകാശങ്ങളും ആനുകൂല്യങ്ങളും നിഷേധിക്കുന്നത് തൊഴിലാളിക്കാണ്. എണ്ണക്കമ്പനികള്‍ക്ക് 9.60 പൈസ ഒരു ലിറ്ററിന്‍മേല്‍ നഷ്ടമെന്നും അത് പരിഹരിക്കാന്‍ പ്രതിമാസം 50 പൈസ വീതം ക്രമാനുഗതമായി വര്‍ധിപ്പിക്കാനും തീരുമാനമായിരിക്കുന്നു. പ്രതിമാസം 15 കോടി അധിക ബാധ്യത പേറിക്കൊണ്ടിരിക്കെ കെ എസ് ആര്‍ ടി സി എങ്ങനെ വീണ്ടും വരുന്ന വര്‍ധനവിനെ ഏറ്റുവാങ്ങും. യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം രണ്ട് തവണ ബസ്ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ചു. ഇനിയും വര്‍ധിപ്പിക്കുന്നത് ന്യായമാകുമോ? 50 പൈസ വീതം ഒരു ലിറ്ററിനെന്ന നിലയില്‍ തുടര്‍ച്ചയായി 19 മാസങ്ങളില്‍ നടപ്പിലാക്കിയാലെ 9.50 എങ്കിലും എത്തുകയുള്ളു. പൊതു മാര്‍ക്കറ്റില്‍ ലിറ്ററിന്  50 പൈസ എന്നത് കെ എസ് ആര്‍ ടി സി ക്ക് 1 രൂപ 88 പൈസ എന്ന നിരക്ക്. പ്രതിമാസ അധിക ബാധ്യത വീണ്ടും 2.5 കോടി. ആകെ അധിക ബാധ്യത 17.5 കോടി. മൊത്തം ബാധ്യത ഡീസലിനുമാത്രം 92 കോടി രൂപ. പ്രതിമാസ വരുമാനം ആകെ വെറും 145 കോടിയും. മിച്ചമുള്ളതില്‍ നിന്നും ശമ്പളത്തിനായി 52 കോടിയും പെന്‍ഷനായി 35 കോടിയും പെന്‍ഷനാനുകൂല്യങ്ങള്‍ക്കായി 14 കോടിയും വായ്പാ തിരിച്ചടവിന് 39 കോടിയും എം എ സി ടിക്ക് മൂന്ന് കോടിയും സ്‌പെയര്‍ പാര്‍ട്ടിന് 9 കോടിയുമായാല്‍ പ്രതിമാസ നഷ്ടം 99 കോടി.

പ്രതിദിനം 5000 ബസുകള്‍ നിരത്തിലിറങ്ങുമ്പോള്‍ 30000 ടയറുകളാണ് കേരളത്തിലെ നിരത്തുകളില്‍ തേഞ്ഞ് തീര്‍ന്നുകൊണ്ടിരിക്കുന്നത്. ഇരുമ്പിന്റെയും അസംസ്‌കൃത സാധനങ്ങളുടെയും വില വര്‍ധനവിനാനുപാതികമായി സ്‌പെയര്‍ പാര്‍ട്ടിന്റെ വിലയില്‍ വര്‍ധനയുണ്ടാകുന്നു. ഇങ്ങനെ ഓപ്പറേഷന്‍ കോസ്റ്റിന്‍ മേല്‍ ഉണ്ടാകുന്ന അഭൂതപൂര്‍വമായ വര്‍ദ്ധനവ് (ഡീസലിന് പുറമെ) ആരും കാണാറുമില്ല, പരിഗണിക്കാറുമില്ല. ഈ സ്ഥിതിയില്‍ 19 മാസം പൂര്‍ത്തിയാവുതിന് മുമ്പെ കെ എസ് ആര്‍ ടി സി ചരമമടഞ്ഞു കഴിയുമെന്ന് ചിലര്‍ക്കുറപ്പാണ്. പിന്നെ ഇതിന് വേണ്ടി കണ്ണീരൊഴുക്കാനും കത്തയക്കാനും ആരും കാത്ത് നില്‍ക്കേണ്ടിയും വരില്ല. 40000 വരുന്ന പട്ടിണിപ്പാവങ്ങളായ തൊഴിലാളികളും 35000 പെന്‍ഷന്‍കാരും അവരെ ആശ്രയിക്കുന്ന രണ്ടര ലക്ഷത്തോളം വരുന്ന കുടുംബാംഗങ്ങളും ആത്മഹത്യയിലേക്ക് എടുത്തെറിയപ്പെടുകയാണ്. 35 ലക്ഷം വരുന്നവരുടെ യാത്രാ സ്വാതന്ത്ര്യത്തെ ഇക്കൂട്ടര്‍ വെല്ലുവിളിക്കുകയാണ്. സാര്‍വത്രികമായ യാത്രാ സൗകര്യം ലഭ്യമാക്കുകയെന്ന ഗവണ്‍മെന്റിന്റെ ബാധ്യതയില്‍ നിന്നുള്ള പിന്‍മാറ്റം പൂര്‍ണ്ണമാവുകയാണിവിടെ. രണ്ട് മാസത്തെ 28 കോടി കടലാസില്‍ മാത്രം ഇന്നും ഒതുങ്ങി നില്‍ക്കുകയാണ്.
കെ എസ് ആര്‍ ടി സി ഒരു ലിറ്റര്‍ ഡീസലിന് സര്‍ക്കാരിന് നല്‍കുന്ന നികുതി 19.80 ശതമാനം (വാറ്റ്) 1 ശതമാനം സെസ്സുമാണ്. ഇത് മാത്രം 11 രൂപയോളംവരും. പ്രതിദിനം വാങ്ങുന്ന കണക്കനുസരിച്ച് 4675000/- രൂപ നികുതിയായി മാത്രം നല്‍കുന്നു. ഇത് ഒഴിവാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. കെ എസ് ഇ ബി, വാട്ടര്‍ അതോറിറ്റി തുടങ്ങിയ സ്ഥാപനങ്ങളില്‍ വെറും 4 ശതമാനമായിരിക്കെയാണ് കെ എസ് ആര്‍ ടി സി ക്ക് ടാക്‌സ് 19.80 ശതമാനം. ഡീസലില്‍ നിന്നും ക്രമാനുഗതമായി ഒഴിവാകാനും പകരം സി എന്‍ ജി നടപ്പാക്കാനും സര്‍ക്കാര്‍ തയ്യാറാകണം. കെ എസ് ആര്‍ ടി സിക്കുള്ള 5000 ബസുകള്‍ക്കും ഒരു രാത്രികൊണ്ട് ഇതിലേക്ക് മാറാന്‍ കഴിയില്ലെങ്കിലും പ്രതിവര്‍ഷം 250 ബസുകള്‍ എന്ന നിലയ്ക്ക് സി എന്‍ ജി പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ധനസഹായം നല്‍കണം. അതിലൂടെ ഡീസല്‍ പ്രതിസന്ധി മറികടക്കാന്‍ കഴിയും. പെന്‍ഷന് വേണ്ടി 35 കോടി രൂപ കടം വാങ്ങുന്നത് അവസാനിപ്പിക്കാന്‍ നിലവിലുള്ള ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കണം.

*
എം ജി രാഹുല്‍ (ലേഖകന്‍ കേരള സ്റ്റേറ്റ് ട്രാന്‍. എംപ്ലോയീസ് യൂണിയന്‍ (എ ഐ ടി യു സി) സംസ്ഥാന ട്രഷറര്‍ ആണ്)

ജനയുഗം

കുര്യന്‍ നിയമത്തിന് വിധേയനാകണം

സൂര്യനെല്ലി കേസില്‍ ഒരാളൊഴികെ എല്ലാ പ്രതികളെയും വെറുതെവിട്ട ഹൈക്കോടതിവിധി സുപ്രീംകോടതി റദ്ദാക്കിയതോടെ കേസുസംബന്ധിച്ച് വീണ്ടും പരിശോധിക്കാനുള്ള അവസരം ലഭ്യമായിരിക്കയാണ്. വിചാരണക്കോടതിയുടെ വിധി ചോദ്യംചെയ്ത് 36 പ്രതികള്‍ സമര്‍പ്പിച്ച അപ്പീല്‍ വീണ്ടും പരിഗണിക്കാനും ആറുമാസത്തിനകം തീര്‍പ്പുകല്‍പ്പിക്കാനും സുപ്രീംകോടതി ഹൈക്കോടതിക്ക് നിര്‍ദേശം നല്‍കി. ഹൈക്കോടതിവിധിയിലെ കണ്ടെത്തലുകള്‍ ഞെട്ടിക്കുന്നതാണെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. സൂര്യനെല്ലിസംഭവവുമായി ബന്ധപ്പെട്ട് രണ്ട് കേസാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഒന്ന്, 40 പേര്‍ പ്രതികളായ കേസ്. രണ്ടാമത്തേത് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് മുഖ്യപ്രതി ധര്‍മരാജന്‍മാത്രമുള്ള കേസും. ധര്‍മരാജന്‍മാത്രമുള്ള കേസിലെ തെളിവുകളാണ് ബാക്കിയുള്ള എല്ലാവരെയും വെറുതെ വിടുന്നതിന് ഹൈക്കോടതി പരിഗണിച്ചത്. മറ്റൊരു കേസിലെ തെളിവുകള്‍ ആദ്യകേസിന്റെ ഭാഗമായി പരിഗണിച്ചത് തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ഹൈക്കോടതിവിധി റദ്ദാക്കിയത്.

ഹൈക്കോടതിവിധി നൂതന സൃഷ്ടിയാണെന്ന് രണ്ടംഗബെഞ്ചിലെ ജസ്റ്റിസ് എ കെ പട്നായിക് പരിഹസിക്കുകയും ഇപ്പോള്‍ നടക്കുന്നത് ശുദ്ധീകരണപ്രക്രിയയാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. 43 പേര്‍ക്കും പെണ്‍കുട്ടി സമ്മതം നല്‍കി എന്ന ഹൈക്കോടതിയുടെ കണ്ടെത്തലാണ് ഇതിന് സുപ്രീംകോടതിക്ക് പ്രേരണയായത്. സുപ്രീംകോടതി ചൂണ്ടിക്കാട്ടിയതുപോലെ ഈ ശുദ്ധീകരണപ്രക്രിയ പൂര്‍ത്തിയാകണമെങ്കില്‍ പെണ്‍കുട്ടി 17 വര്‍ഷമായി പറയുന്ന, പ്രതിചേര്‍ക്കാതെ ഒഴിവാക്കപ്പെട്ട പി ജെ കുര്യനെതിരായി ഉന്നയിക്കപ്പെട്ട ആക്ഷേപങ്ങള്‍കൂടി കോടതിനടപടികള്‍ക്ക് വിധേയമാക്കണം. ഇതുസംബന്ധിച്ച് നിയമസഭയില്‍ നാലുദിവസങ്ങളിലായി വ്യത്യസ്ത രീതിയില്‍ പ്രശ്നങ്ങള്‍ ഉന്നയിക്കപ്പെട്ടു. എന്നാല്‍, ആരോപണവിധേയനായ വ്യക്തിക്ക് അനുകൂലവും ഇരയായ പെണ്‍കുട്ടിക്ക് പ്രതികൂലവുമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. പ്രതിയെ കുറ്റവാളിയാക്കാന്‍ ഇരയുടെ മൊഴിമാത്രം മതിയെന്നും അതിനെ സംശയത്തോടെ കാണേണ്ടതില്ലെന്നും 2011ല്‍ ജസ്റ്റിസ് സദാശിവം, വി എസ് ചൗഹാന്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് വിധിന്യായം പുറപ്പെടുവിച്ചിരുന്നു.

ലൈംഗികപീഡനത്തിനിരയായ സ്ത്രീ കുറ്റക്കാരിയല്ല. മറ്റൊരാളുടെ കാമാസക്തിയുടെ ഇരയാണ്. ശാരീരികമായും വൈകാരികമായും മുറിവേറ്റ വ്യക്തിയാണ്. ഈ പരിഗണന അവരുടെ കാര്യത്തിലുണ്ടാകണമെന്നാണ് അന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടത്. ജസ്റ്റിസ് അരിജിത് പസായത്, എസ് എച്ച് കപാഡിയ എന്നിവരുടെ ബെഞ്ച് 2006ല്‍ പുറപ്പെടുവിച്ച വിധിയും ഇതേതരത്തിലുള്ളതാണ്. ബലാത്സംഗം നടന്നിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞാലും ഇരയുടെ മൊഴി അവിശ്വസിക്കേണ്ടതില്ലെന്നാണ് ഈ ബെഞ്ച് വ്യക്തമാക്കിയത്. ബാലവേശ്യാവൃത്തി കേസുകളില്‍പ്പോലും ബലാത്സംഗക്കുറ്റം ചുമത്തണമെന്നാണ് ജസ്റ്റിസുമാരായ ദല്‍വീര്‍ ഭണ്ഡാരി, എ കെ പട്നായിക് എന്നിവരുള്‍പ്പെട്ട ബെഞ്ച് അടുത്തിടെ നിരീക്ഷിച്ചത്. ഈ വിധികള്‍ക്ക് സാധൂകരണം നല്‍കത്തക്കവിധത്തിലുള്ള നിയമമാണ് 2013ല്‍ പുറപ്പെടുവിച്ച ദി ക്രിമിനല്‍ ലോ എമന്‍മെന്റ് ഓര്‍ഡിനന്‍സ്. ഈ ഓര്‍ഡിനന്‍സ്, ഇരയായ പെണ്‍കുട്ടിയുടെ പൂര്‍വകാലചരിത്രം, സമ്മതമില്ലാതെ ലൈംഗികബന്ധം സ്ഥാപിക്കുന്നവരുടെ കാര്യത്തില്‍ ബാധകമല്ലെന്നും ഇര നല്‍കുന്ന മൊഴിയാണ് കോടതി കണക്കിലെടുക്കേണ്ടതെന്നും വ്യവസ്ഥപ്പെടുത്തി. ഇത്തരമൊരു പശ്ചാത്തലത്തിലാണ് സൂര്യനെല്ലി കേസില്‍ പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കണമെന്നും കേസ് തുടരന്വേഷണത്തിന് വിധേയമാക്കണമെന്നുമുള്ള ആവശ്യം ഉയരുന്നത്.

പി ജെ കുര്യനെക്കുറിച്ചുള്ള ആരോപണങ്ങളെല്ലാം സുപ്രീംകോടതിവരെ പരിശോധിച്ചതാണെന്നും അതുകൊണ്ട് തുടരന്വേഷണം സാധ്യമല്ലെന്നുമുള്ള നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. എന്നാല്‍, സുപ്രീംകോടതിയോ മറ്റേതെങ്കിലും കോടതിയോ പി ജെ കുര്യനെതിരായി ഉന്നയിക്കപ്പെട്ട ആരോപണം പരിശോധിക്കുകയോ കുര്യനെ വിചാരണയ്ക്ക് വിധേയമാക്കുകയോ ചെയ്തിട്ടില്ല എന്നതാണ് വസ്തുത. സൂര്യനെല്ലിസംഭവം നടക്കുന്ന സന്ദര്‍ഭത്തില്‍ ആന്റണിസര്‍ക്കാരാണ് കേരളം ഭരിച്ചത്. അന്നത്തെ മുഖ്യമന്ത്രിക്ക് പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ കുര്യന്റെ പേര് പരാമര്‍ശിച്ചിരുന്നു. തുടര്‍ന്ന് എല്‍ഡിഎഫ് അധികാരത്തില്‍ വന്നപ്പോള്‍ കേസ് അന്വേഷിക്കാന്‍ സിബി മാത്യൂസിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘവും കേസ് വിചാരണചെയ്യുന്നതിന് പ്രത്യേക കോടതിയും രൂപീകരിച്ചു. ആ അന്വേഷണസംഘമാണ് 43 പ്രതികളെ കണ്ടെത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

ഒരു കേസില്‍ ആരെയൊക്കെ പ്രതിയാക്കണമെന്ന് തീരുമാനിക്കുന്നത് അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനാണ്. ഈ കേസില്‍ ആരോപണവിധേയനായ കുര്യനെ പ്രതിലിസ്റ്റില്‍ ഉള്‍പ്പെടുത്താതിരിക്കാന്‍ കാരണമായി ചൂണ്ടിക്കാണിക്കുന്നത് അന്വേഷണസംഘത്തിന് ലഭിച്ച സാക്ഷിമൊഴികളാണ്. സംഭവം നടന്ന സമയം പി ജെ കുര്യന് കുമളിയില്‍ എത്തിച്ചേരാന്‍ കഴിയില്ലെന്നും അദ്ദേഹം എന്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിച്ചിരുന്നു എന്നുമുള്ള സുകുമാരന്‍നായരുടെയും മറ്റു ചില സാക്ഷികളുടെയും മൊഴികളെ അടിസ്ഥാനമാക്കിയായിരുന്നു ആ നിഗമനം. ഒരാള്‍ സംഭവസ്ഥലത്ത് ഇല്ലെന്ന് തെളിയിക്കുന്നതിനുള്ള രേഖാപരമായ തെളിവ് അഥവാ അലിബി പരിശോധിക്കേണ്ടത് കോടതിയാണെങ്കിലും ഇക്കാര്യം കോടതിയുടെ പരിഗണനയില്‍ വന്നില്ല. അന്വേഷണ ഉദ്യോഗസ്ഥന്‍, പി ജെ കുര്യനെ പ്രതിചേര്‍ക്കാതിരുന്നതിനെതുടര്‍ന്ന് 1999 മാര്‍ച്ച് 15ന് പീരുമേട് കോടതിയില്‍ പെണ്‍കുട്ടി സ്വകാര്യ അന്യായം ഫയല്‍ചെയ്തു. ഇതിനെതുടര്‍ന്ന് കോടതി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും ഏഴ് സാക്ഷികളെ വിസ്തരിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ കേസെടുത്ത കോടതി, പി ജെ കുര്യന്‍ കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് സമന്‍സ് അയച്ചു. എന്നാല്‍, കോടതിയില്‍ ഹാജരാകുന്നതിനുപകരം കുര്യന്‍ നേരെ ഹൈക്കോടതിയെയാണ് സമീപിച്ചത്. ഹൈക്കോടതിയാകട്ടെ പീരുമേട് കോടതിയുടെ വിധി അംഗീകരിച്ചു. ഈ ഹൈക്കോടതിവിധിക്കെതിരെ സുപ്രീംകോടതിയില്‍ പി ജെ കുര്യന്‍ സ്പെഷ്യല്‍ ലീവ് പെറ്റീഷന്‍ കൊടുത്തപ്പോള്‍ വിചാരണക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശിച്ച സുപ്രീംകോടതി കുര്യന്റെ അപേക്ഷ തള്ളി. തുടര്‍ന്ന് തൊടുപുഴ അഡീഷണല്‍ സെഷന്‍സ് കോടതിയെ കുര്യന്‍ സമീപിച്ചു. പി ജെ കുര്യന്‍ നല്‍കിയ അപേക്ഷ തള്ളിക്കളഞ്ഞ് ഇരയായ പെണ്‍കുട്ടി നല്‍കിയ സ്വകാര്യ അന്യായത്തിന്മേല്‍ നടപടി സ്വീകരിക്കാനാണ് കോടതി നിര്‍ദേശിച്ചത്. എന്നാല്‍, കുര്യന്‍ ഇതിന് തയ്യാറായില്ല, ഹൈക്കോടതിയില്‍ റിവിഷന്‍ പെറ്റീഷന്‍ നല്‍കി.

ഈ സന്ദര്‍ഭത്തിലാണ് ഹൈക്കോടതി 2007 ഏപ്രില്‍ നാലിന് കുര്യന്റെ അപേക്ഷ അംഗീകരിച്ച് തുടര്‍നടപടികള്‍ റദ്ദാക്കിയത്. ഇതിന് കാരണമായി ഹൈക്കോടതി പറഞ്ഞത് 35 പേരെ ഹൈക്കോടതി കുറ്റവിമുക്തരാക്കി എന്നതായിരുന്നു. പെണ്‍കുട്ടിയുടെ സമ്മതത്തോടെയാണ് മറ്റുള്ളവരെല്ലാം ശാരീരികബന്ധത്തിലേര്‍പ്പെട്ടത് എന്ന ഹൈക്കോടതി നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് കുര്യനെതിരായ നടപടികളും ഹൈക്കോടതി അവസാനിപ്പിച്ചത്. ഈ ഘട്ടത്തില്‍ അധികാരത്തിലുണ്ടായിരുന്ന വി എസ് മന്ത്രിസഭ ഹൈക്കോടതി വിധിയെ ചോദ്യംചെയ്ത് സുപ്രീംകോടതിയെ സമീപിച്ചു. എല്‍ഡിഎഫ് സര്‍ക്കാര്‍ എന്തുചെയ്തു എന്ന് ചോദിക്കുന്നവര്‍ ഇക്കാര്യം വിസ്മരിക്കുകയാണ്. ആ അവസരത്തില്‍ സുപ്രീംകോടതി, പ്രതികളെയെല്ലാം ഹൈക്കോടതി വെറുതെ വിട്ടില്ലേ? ഇരയായ പെണ്‍കുട്ടിയുമായി ബന്ധപ്പെട്ട ഹൈക്കോടതിവിധിയെ ചോദ്യം ചെയ്യാന്‍ സര്‍ക്കാരിന് എന്താണ് അവകാശം എന്ന നിരീക്ഷണത്തോടെ സര്‍ക്കാര്‍അപേക്ഷ തള്ളുകയാണ് ഉണ്ടായത്. തുടര്‍ന്ന് പെണ്‍കുട്ടി സുപ്രീംകോടതിയെ സമീപിച്ചു. അപ്പോള്‍, സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ തള്ളിയതിനെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ പെണ്‍കുട്ടിക്കെന്താണ് അവകാശമെന്ന് ചോദിച്ച് ആ അപേക്ഷയും കോടതി തള്ളി. ഈ ഇടങ്ങളില്‍ ഒരു സ്ഥലത്തുപോലും പി ജെ കുര്യന്‍ വിചാരണ ചെയ്യപ്പെട്ടിട്ടില്ല എന്നതാണ് വസ്തുത. വിചാരണ ചെയ്യപ്പെടാത്ത ഒരാളെ സുപ്രീംകോടതിവരെ കുറ്റവിമുക്തനാക്കിയെന്ന് പ്രചരിപ്പിച്ചാണ് തുടരന്വേഷണം വേണ്ടെന്ന നിലപാട് യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.

പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയ്ക്കകത്ത് പ്രതിപക്ഷം ശക്തമായി മുന്നോട്ടുപോയപ്പോള്‍ ഈ വിഷയത്തില്‍ സര്‍ക്കാര്‍ നിയമോപദേശം തേടിയെന്ന് അറിയിച്ച് മൂന്നുപേരുടെ നിയമോപദേശങ്ങള്‍ മേശപ്പുറത്തുവച്ചു. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെയും നിയമ സെക്രട്ടറിയുടെയും റിട്ട. ജഡ്ജി പത്മനാഭന്‍നായരുടേതുമായിരുന്നു ഈ നിയമോപദേശങ്ങള്‍. ഇതില്‍ ഡിജിപി ആസഫ് അലി കെപിസിസി എക്സിക്യൂട്ടീവ് അംഗമാണ്. നിയമവകുപ്പ് സെക്രട്ടറി സര്‍ക്കാരിന്റെ ഭാഗമാണ്. റിട്ട. ജസ്റ്റിസ് പത്മനാഭന്‍നായര്‍ കേരള സര്‍ക്കാരിനുവേണ്ടി സുപ്രീംകോടതിയില്‍ ഹാജരാകുന്ന സീനിയര്‍ അഭിഭാഷകനാണ്. ഈ മൂന്നുപേരും സര്‍ക്കാരിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നവരാണ്. എന്നാല്‍, റിട്ട. ജസ്റ്റിസ് പത്മനാഭന്‍നായര്‍ സമര്‍പ്പിച്ച നിയമോപദേശത്തില്‍, അദ്ദേഹത്തിന്റെ മുന്നില്‍ സര്‍ക്കാര്‍ നല്‍കിയ രേഖകള്‍ പരിശോധിച്ചതില്‍നിന്ന് തുടരന്വേഷണം സാധ്യമല്ലെന്നും പുതുതായ വെളിപ്പടുത്തലുകളെ സംബന്ധിച്ച രേഖകളൊന്നും സമര്‍പ്പിച്ചിട്ടില്ലെന്നുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതില്‍നിന്ന് വ്യക്തമാകുന്നത് പി ജെ കുര്യനെതിരെ പുതിയ വെളിപ്പെടുത്തലുകള്‍ നടത്തിയ പ്രതി ധര്‍മരാജന്റെയും അന്വേഷണസംഘത്തില്‍പ്പെട്ട എസ് പി ജോഷ്വയുടെയും ഇടിക്കുളയുടെ ഭാര്യ അന്നമ്മയുടെയും ബിജെപി നേതാവ് രാജന്റെയും ദൃക്സാക്ഷികളായിരുന്ന കുമളി ഗസ്റ്റ്ഹൗസുമായി ബന്ധപ്പെട്ട മൂന്ന് വ്യക്തികളുടെയും വെളിപ്പെടുത്തലുകള്‍ സംബന്ധിച്ച രേഖകള്‍ പത്മനാഭന്‍നായര്‍ക്കുമുന്നില്‍ സമര്‍പ്പിച്ചിട്ടില്ല എന്നതാണ്. അന്വേഷണം നടത്തിയ ഘട്ടത്തില്‍ ലഭ്യമാകാതിരുന്ന പുതിയ വിവരങ്ങള്‍ പിന്നീട് ലഭ്യമാവുകയാണെങ്കില്‍ ക്രിമിനല്‍നടപടി നിയമത്തിലെ 173(8) പ്രകാരവും 173(2) പ്രകാരവും തുടരന്വേഷണം നടത്താവുന്നതാണ്. കുര്യനെ ഏതുവിധേനയും സംരക്ഷിക്കുമെന്ന ഉറച്ച നിലപാടാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിനുള്ളതെന്ന് നിയമസഭയില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടില്‍നിന്ന് വ്യക്തമാകുന്നുണ്ട്. നിയമസഭാസമ്മേളനം അവസാനിച്ച സാഹചര്യത്തില്‍ ഈ പ്രശ്നം സാമൂഹ്യ പ്രശ്നമായി ഏറ്റെടുക്കാന്‍ ജനങ്ങള്‍ മുന്നോട്ടുവന്നാല്‍മാത്രമേ സൂര്യനെല്ലി പെണ്‍കുട്ടിക്ക് നീതി ഉറപ്പുവരുത്താന്‍ സാധിക്കുകയുള്ളൂ.

*
കോടിയേരി ബാലകൃഷ്ണന്‍ ദേശാഭിമാനി 23 ഫെബ്രുവരി 2013