Friday, March 29, 2013

ബജറ്റും തൊഴിലുറപ്പും; ഒരു നാടന്‍ വര്‍ത്തമാനം

ധനമന്ത്രി ചിദംബരത്തിന്റെ ബജറ്റ് നാട്ടില്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നതിനിടയിലാണ് എന്റെ പഞ്ചായത്തിലെ പത്തിരുപത്തഞ്ചോളം തൊഴിലുറപ്പ് സുഹൃത്തുക്കളുമായി കൂടിയിരിക്കാന്‍ കഴിഞ്ഞത്. 2008 മുതല്‍ക്കേ തൊഴിലുറപ്പില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്ന സുഹൃത്തുക്കള്‍ ഇക്കൂട്ടത്തിലുണ്ടായിരുന്നു. തൊഴിലുറപ്പ് പദ്ധതി തുടങ്ങിയശേഷം സ്വന്തം ജീവിതത്തിലും കുടുംബത്തിലും അതെത്രത്തോളം സഹായകമായി എന്നതിനെപ്പറ്റിയൊരു നാടന്‍ വര്‍ത്തമാനമായിരുന്നു ഞങ്ങളുടെ ലക്ഷ്യം. കട്ടന്‍ ചായയുടെയും ബിസ്കറ്റിന്റെയും ചെറുപഴത്തിന്റേയും സഹായത്തോടെ ഒരു വീട്ടുവരാന്തയിലായിരുന്നു ചര്‍ച്ച. തൊഴില്‍ വച്ചുതന്നെയായിരുന്നു തുടക്കം. ഈ വര്‍ഷം ഇതിനകം തന്നെ നൂറു ദിവസത്തെ തൊഴില്‍ കിട്ടിയവര്‍ക്കായിരുന്നു മുന്‍തൂക്കം. 90-92 ദിനങ്ങളിലൊക്കെ എത്തിയവര്‍ക്ക് ഇനിയും രണ്ടാഴ്ചത്തെ പണി നടക്കുന്നുണ്ട്. ദിവസം 164 രൂപ വീതം 16,400 രൂപ ഇതിനകം പലരും കൈപ്പറ്റിയെന്നറിഞ്ഞപ്പോഴാണ് കണക്കിന്റെ ഇക്മത് തന്നെ പലര്‍ക്കും പിടികിട്ടിയത്.

ഒരു വാര്‍ഡില്‍ 60 പേര്‍ തൊഴിലുറപ്പില്‍ പങ്കെടുക്കുകയാണെങ്കില്‍പ്പോലും 16 വാര്‍ഡുകളുള്ള എന്റെ പഞ്ചായത്തിലേക്ക് മാത്രം ഈ ഇന ത്തില്‍ 2012-13 വര്‍ഷത്തില്‍ 1,57,44,000 രൂപ എത്തിച്ചേര്‍ന്നിട്ടുണ്ടാകുമെന്നുകൂടി ഞാന്‍ എന്റെ സുഹൃത്തുക്കളെ ബോധ്യപ്പെടുത്തി. ഞങ്ങളുടെ നാട്ടിലും അങ്ങാടികള്‍ മാത്രം വളരുന്നതിന് ഇതും ഒരു കാരണമാണ്. ഈ പണംകൊണ്ട് എന്തുചെയ്തു? ചിലര്‍ തുണി വാങ്ങി. ചിലര്‍ പൊന്നിന്റെ മിന്ന് വാങ്ങി. മറ്റു ചിലര്‍ വീട്ടുപാത്രങ്ങള്‍ വാങ്ങി. മറ്റു രീതിയില്‍ കുടുംബം കഴിയാന്‍ വരുമാനമുള്ളവര്‍ ചിലരൊക്കെ ഈ പണം ബാങ്കിലിട്ടു. എന്താണ് എടുത്തുപറയാവുന്ന കാര്യമെന്ന് ഞാന്‍ ചോദിച്ചു. ആഴ്ചയില്‍ ആറ് ദിവസവും വരുന്ന തമിഴ്നാട്ടുകാരായ പണം ഇട പാടുകാരില്‍നിന്നുള്ള മോചനം തന്നെയായിരുന്നു മിക്കവര്‍ക്കും പറയാനുണ്ടായിരുന്നത്. അപ്പോള്‍ അതിനെപ്പറ്റിയായി ചര്‍ച്ച. തമിഴ്നാട്ടുകാര്‍ ആറ് ദിവസം വന്നുപോകുന്നു എന്നു കേട്ടപ്പോള്‍തന്നെ എന്റെ സുഹൃത്ത് വസന്ത ഞെട്ടിപ്പോയി. ഞായറാഴ്ച ഒഴികെ ആറ് ദിവസങ്ങളിലും ഞങ്ങളുടെ നാട്ടിന്‍പുറങ്ങളില്‍ മോട്ടോര്‍സൈക്കിളില്‍ കറങ്ങിക്കൊണ്ടിരിക്കുന്ന തമിഴ്നാട്ടുകാരായ പണം ഇടപാടുകാരുടെ വരവ് ഇപ്പോള്‍ വളരെ കുറഞ്ഞിരിക്കുന്നു. എങ്കിലും ഇടപാടുകാര്‍ ഇല്ലെന്നല്ല. ഏറെ രസകരമാണ് ഇവരുടെ ഇടപാട് കാര്യം. 1000 രൂപ കടം വാങ്ങിയാല്‍ എപ്പോള്‍ തിരിച്ചുകൊടുത്താലും 1250 രൂപ കൊടുക്കണം. അതിനാല്‍ കഴിയാവുന്നത്ര വൈകിച്ചാണ് എല്ലാവരും കടം വീട്ടുന്നത്.

തമിഴ്നാട്ടുകാരാവട്ടെ, പെണ്ണുങ്ങള്‍ക്ക് മാത്രമാണ് കടം നല്‍കുന്നത്. അല്ലെങ്കില്‍ അവര്‍ മുഖേന പരിചയപ്പെടുന്ന ആണുങ്ങള്‍ക്ക് കടം നല്‍കും. ഇതൊരു വിശ്വാസത്തിന്റെ പ്രശ്നമാണ്. ഈ പണം വാങ്ങുന്നതാകട്ടെ മിക്കപ്പോഴും അത്യാവശ്യങ്ങള്‍ക്ക് തന്നെയാണ്. മരുന്നു വാങ്ങാന്‍, പലചരക്കിന്, വസ്ത്രത്തിന്, വീട്ടുപകരണങ്ങള്‍ക്ക് എന്നിങ്ങനെ. അവിടെയുമുണ്ട് പ്രശ്നങ്ങള്‍. 1000 ത്തിന് 1250 ഈടാക്കുന്ന ഇതേ തമിഴ്നാടുകാരന്‍ തന്നെയാണ് മറ്റൊരു വേഷത്തില്‍ "ഗഡു"വായുള്ള വീട്ടുസാധനങ്ങള്‍ ചുമന്ന് വരുന്നത്. അതിന്റെ വിലയാകട്ടെ, അങ്ങാടിയിലേതിനേക്കാള്‍ ഇരട്ടിയോളമായിരിക്കും. അപ്പോള്‍ അമിത പലിശക്ക് വാങ്ങുന്ന പണംകൊണ്ട് അധികവിലയുടെ സാധനങ്ങള്‍ "ഗഡു"ക്കളായി വാങ്ങുന്നവരായിരുന്നു അവിടെ കൂടിയിരുന്നവരില്‍ നല്ലൊരു ഭാഗവും. എന്നാല്‍ ഇന്നവര്‍ക്ക് തമിഴ്നാട്ടുകാരനെ ആശ്രയിക്കേണ്ടി വരുന്നില്ല. പണം കൈയില്‍ കിട്ടുന്നതിനാല്‍ അങ്ങാടിയില്‍നിന്ന് വില പേശിതന്നെ സാധനങ്ങള്‍ വാങ്ങാന്‍ കഴിയുന്നു. എന്നാല്‍, ശാരദക്ക് പറയാനുണ്ടായിരുന്നത് മറ്റൊരു കാര്യമായിരുന്നു. അത് ഭര്‍ത്താവിനോട് കെഞ്ചാതെതന്നെ അത്യാവശ്യത്തിനുള്ള പണം ഇന്ന് കൈയിലുണ്ട് എന്ന ചങ്കുറപ്പായിരുന്നു അവര്‍ പ്രകടിപ്പിച്ചത്. ഉത്സവത്തിന് പോകാന്‍, ചന്തയില്‍ പോകാന്‍, കണക്കിലധികം കുറച്ച് മീന്‍ വാങ്ങാനൊന്നും ഇപ്പോളവര്‍ ഭര്‍ത്താവിനെ ആശ്രയിക്കുന്നില്ല. സ്വന്തമായിതന്നെ ഒരു വരുമാന സ്രോതസ്സുണ്ടായിരിക്കുന്നു; അതും സര്‍ക്കാരിന്റെ പണം. ആരോടും അടിമപ്പെട്ടു നില്‍ക്കേണ്ടതില്ല. നേരത്തെ താലി പണയം വച്ചായിരുന്നു ചില കാര്യങ്ങളൊക്കെ നടത്തിയിരുന്നത്. ഇപ്പോള്‍ പണയം വയ്ക്കലിനും കുറവ് വന്നിരിക്കുന്നു. തൊഴിലുറപ്പിന്റെ ഔപചാരികതയിലാണ് എല്ലാവരും പ്രത്യേക താല്‍പര്യം പ്രകടിപ്പിച്ചത്.

വര്‍ഷത്തില്‍ നൂറ് ദിവസം കഴിഞ്ഞ് ബാക്കിദിവസങ്ങളില്‍ പണിക്ക് പോകുന്നവരില്‍ ഭൂരിഭാഗവും തൊഴിലുറപ്പ് പദ്ധതിക്ക് മുമ്പു തന്നെ നാടന്‍ കൂലിപ്പണിക്ക് പോയിക്കൊണ്ടിരുന്നവരായിരുന്നുവെന്ന് വസന്ത പറഞ്ഞു. തൊഴിലുറപ്പോടെ മാത്രം രംഗത്തേക്കിറങ്ങിയവരൊന്നും മറ്റു ദിവസങ്ങളില്‍ പണിക്ക് പോകുന്നില്ല. എന്നാല്‍ തൊഴിലുറപ്പിന്റെ അതേ നിബന്ധനകളും സാഹ ചര്യങ്ങളും അധ്വാനഭാരവും നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ സ്വകാര്യ ഭൂമിയിലും പണി ചെയ്യാന്‍ തയാറാണെന്നാണ് പലരുടെയും അഭിപ്രായം. എന്നാല്‍ ഒറ്റക്കൊറ്റക്ക് സ്വകാര്യരംഗത്ത് കായികാധ്വാനത്തിന് പോകാന്‍ ആരും തയ്യാറല്ല. പലരും കിട്ടിയ കൂലി ചെലവാക്കിയത് കുടുംബവരുമാനത്തിലേക്കുള്ള അവരുടെ സംഭാവന എന്ന നിലക്ക് തന്നെയാണ്. തൊഴിലുറപ്പില്‍ ഏര്‍പ്പെട്ട വര്‍ക്കിടയില്‍ നാടാകെതന്നെ പുതിയൊരു ബന്ധം വളര്‍ന്നുവരികയാണ്. അവര്‍ക്കിടയില്‍ മാത്രമല്ല; അവരുടെ മക്കള്‍ക്കിടയിലും ഈ ബന്ധം കാണാം. ഇത്തരം ബന്ധങ്ങള്‍ ജാതി-മത ചിന്തകള്‍ക്ക് തന്നെ അതീതമാണ്. സര്‍ക്കാര്‍ ആപ്പീസ്, ബാങ്ക്, പൊതുഇടങ്ങള്‍ എന്നിവയുമായുള്ള വര്‍ധിച്ച ബന്ധം പുതിയൊരു സാമൂഹ്യ അവബോധം തന്നെ സൃഷ്ടിച്ചിരിക്കുന്നു. ലക്ഷ്മി പറഞ്ഞ കാര്യം തൊഴിലുറപ്പില്‍ ഏര്‍പ്പെട്ടതോടെ നേരത്തെ അനുഭവപ്പെട്ട പല രോഗങ്ങളും ഇല്ലാതായി എന്നതാണ്. പ്രധാന കാരണം കായികാ ധ്വാനം കൂടിയതും അതുവഴി ശരീരത്തില്‍ വന്ന മാറ്റങ്ങളുമാണ്. പക്ഷേ, ഇവര്‍ക്കെല്ലാം ചില പരാതികളുമുണ്ട്. പലപ്പോഴും 100 ദിവസം തികയുന്നില്ല. 100 തിക ഞ്ഞാല്‍ തന്നെ കൂലി കൃത്യമായി കിട്ടുന്നില്ല. രാവിലെ എട്ട് മണിക്ക്മുമ്പുതന്നെ ഭക്ഷണമൊക്കെ ഉണ്ടാക്കി പോകേണ്ടതിനാല്‍ കുട്ടികളുടെയും വീടിന്റെയും കാര്യം ശ്രദ്ധിക്കാനാകുന്നില്ല. എവിടെ ചെന്നാലും "തൊഴിലുറപ്പുകാര്‍" എന്നൊരു പേര് തന്നെ വന്നുവീണിരിക്കുന്നു.

ഇതൊക്കെയാണെങ്കിലും ഉപജീവനത്തിന് കടം വാങ്ങേണ്ടാത്ത ഒരവസ്ഥ ഇന്ന് മിക്ക കുടുംബങ്ങളിലും നിലവിലുണ്ട്. അതിന് തൊഴിലുറപ്പിനോടൊപ്പം റേഷന്‍ അരിയും ആരോഗ്യ ഇന്‍ഷൂറന്‍സും ഒക്കെ ഏറെ സഹായിച്ചിട്ടുമുണ്ട്. ഇനി നമുക്ക് ചിദംബരത്തിന്റെ ബജറ്റിലേക്ക് തിരിച്ചുവരാം. ഇടതുപക്ഷ കക്ഷികളുടെ ശക്തമായ സമ്മര്‍ദത്തിന് വഴങ്ങിയാണ് ഒന്നാം യുപിഎ സര്‍ക്കാര്‍ തൊഴിലുറപ്പ് അടക്കമുള്ള ക്ഷേമ പദ്ധതികള്‍ നടപ്പാക്കി വന്നത്. അതിന്റെ കൂടെ നടപ്പാക്കാന്‍ ആവശ്യപ്പെട്ട ഭക്ഷ്യസുരക്ഷാപദ്ധതി ഇപ്പോഴും നിയമത്തിന്റെ തട്ടില്‍തന്നെയാണ്. നാട്ടിന്‍പുറ ത്തെ പാവപ്പെട്ട സ്ത്രീകളില്‍ ജീവിതത്തെപ്പറ്റി ഒരു പ്രതീക്ഷ ഉണര്‍ത്താന്‍ തൊഴിലുറപ്പ് പദ്ധതിക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍, ഇത്തരം പദ്ധതികള്‍ വിപുലപ്പെടുത്താനോ അതിനായി കൂടുതല്‍ പണം നീക്കിവയ്ക്കാനോ എല്ലാ സംസ്ഥാനങ്ങളിലും മിനിമം കൂലി ഉറപ്പു വരുത്താനോ ധനമന്ത്രി തയാറായിട്ടില്ല.

അതേസമയം യുപിഎ സര്‍ക്കാരിന്റെ പ്രധാന പദ്ധതിയായി ഇതിനെ വാഴ്ത്തിപ്പാടാന്‍ തങ്ങള്‍ക്ക് കിട്ടുന്ന സമയ മൊന്നും ഇക്കൂട്ടര്‍ പാഴാക്കാറുമില്ല. പുതിയ ബജറ്റില്‍ തൊഴിലുറപ്പ് പദ്ധതിക്കായി കഴിഞ്ഞ വര്‍ഷത്തെ അതേ തുക (ഏതാണ്ട് 33,000 കോടി) തന്നെയാണ് മാറ്റിവച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തേതില്‍ തന്നെ 4000 കോടിയിലധികം ചെലവഴിക്കാതിരിക്കുന്നു. വേണ്ടത്ര തൊഴിലുകള്‍ കണ്ടെത്തുന്നതിനും ജനങ്ങളെ അറിയിക്കുന്നതിനും പ്രവൃത്തിയിലേക്ക് കൊണ്ടുവരുന്നതിനും സര്‍ക്കാരും അതിന്റെ ഏജന്‍സികളും ശ്രമിക്കാത്തതാണ് ഇതിന് കാരണം. കേരളത്തില്‍ കുടുംബശ്രീ പോലുള്ള വനിതാസംരംഭങ്ങള്‍ നേരത്തെതന്നെ നിലവിലുള്ളതുകൊണ്ടാണ് പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ കഴിഞ്ഞത്. അത്തരം ശ്രമങ്ങള്‍ ബോധപൂര്‍വം നടക്കുന്നില്ല.

വിലക്കയറ്റത്തിന്റെ പ്രത്യാഘാതവും കൂടുതല്‍ ആള്‍ക്കാര്‍ പങ്കാളികളാകാനുള്ള സാധ്യതയും വച്ച് കണക്കാക്കിയാല്‍ 2013-14 വര്‍ഷ ത്തേക്ക് തൊഴിലുറപ്പിനായി 52,000 കോടി രൂപയെങ്കിലും വകയിരുത്തേണ്ടതുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. നിത്യജീവിതത്തിന് കടം വാങ്ങാതെ കഴിഞ്ഞുകൂടാന്‍ സഹായിക്കുന്ന ക്ഷേമപദ്ധതികള്‍ക്ക് പണം വകയിരുത്താന്‍ എന്തുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ തയാറാവാത്തത്. അവിടെയാണ് ഇന്ന് ഇന്ത്യ ഭരിക്കുന്ന രണ്ടാം യുപിഎ സര്‍ക്കാരിന്റെ ധനികപക്ഷപാതിത്വം കൃത്യമായി വെളിച്ചത്തു വരുന്നത്. ഈ വര്‍ഷത്തോടെ വിവിധ ഇനങ്ങളിലായി സമ്പന്നര്‍ക്കും വന്‍കിട കമ്പനികള്‍ക്കും നല്‍കിയ ഇളവ് (പ്രചോദനം) 5.73 ലക്ഷം കോടി രൂപയായി കണക്കാക്കിയിരിക്കുന്നു. ഇന്ന് നിയമരൂപത്തില്‍ മാത്രം കഴിയുന്ന ഭക്ഷ്യസുരക്ഷാപദ്ധതി വ്യാപകമായി നടപ്പാക്കിയാല്‍പ്പോലും ധനികര്‍ക്ക് നല്‍കിയ ഇളവിന്റെ പകുതിയോളം തുക മതിയാകുമെന്നാണ് സൂചന.

എന്നാല്‍ പുതിയ ബജറ്റില്‍ ഭക്ഷ്യസുരക്ഷക്കായി വകയിരുത്തിയത് കേവലം 10,000 കോടി രൂപ മാത്രമാണ്. വേണ്ടതിന്റെ ചെറിയൊരു അംശം മാത്രം. രാജ്യം മുന്നേറണമെങ്കില്‍ സാമ്പത്തിക വളര്‍ച്ചാനിരക്ക് ഇനിയും കൂടണമത്രെ. അതിനാകട്ടെ, വിദേശ നിക്ഷേപം വര്‍ധിപ്പിച്ചേ മതിയാകൂ. അതാണ് ധനമന്ത്രിയുടെ നിലപാട്. അതിനായി നേരത്തെതന്നെ ബാങ്ക്, ഇന്‍ഷൂറന്‍സ് രംഗങ്ങളില്‍ വിദേശ കമ്പനികള്‍ക്ക് അനുമതി നല്‍കിക്കഴിഞ്ഞു. ധാരാളം പാവപ്പെട്ടവര്‍ പണിയെടുക്കുന്ന ചില്ലറ വില്‍പ്പന രംഗത്തേക്കും ഇപ്പോള്‍ വിദേശ കമ്പനികള്‍ വന്നിരിക്കുന്നു. ജീവനക്കാരുടെ പെന്‍ഷന്‍ ഒരു ഫണ്ടായി കണക്കാക്കി അത് കൈകാര്യം ചെയ്യാനുള്ള അവകാശം വിദേശ കമ്പനികള്‍ക്ക് കൈവന്നിരിക്കുന്നു. ഒപ്പം സബ്സിഡികള്‍ എല്ലാം വെട്ടിക്കുറയ്ക്കുന്നു.

27,000-ലധികം കോടി രൂപയുടെ സബ്സിഡികളാണ് പുതിയ ബജറ്റില്‍ വേണ്ടെന്നുവച്ചിരിക്കുന്നത്. എണ്ണയുടെ സബ്സിഡിയാണ് കൂടുതലായി കുറച്ചിരിക്കുന്നത്. വളത്തിന്റെ സബ്സിഡി കൂട്ടിയിട്ടില്ല. ഒപ്പം പൊതുവിദ്യാഭ്യാസം, പൊതുജനാരോഗ്യം എന്നിവക്കുള്ള വകയിരുത്തലില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് നാമമാത്രമായ വര്‍ധന മാത്രമേ ഉള്ളൂ. കുടിവെള്ളംപോലും സ്വകാര്യവല്‍ക്കരിക്കാന്‍ കമ്പനികള്‍ ഉണ്ടാക്കുകയാണ്. മരുന്നിനാണെങ്കില്‍ പൊള്ളുന്ന വിലയാണ്. ഇക്കാര്യം ജനങ്ങള്‍ക്ക് മനസ്സിലാക്കാന്‍ തന്നെ പ്രയാസമാണ്. എന്തുകൊണ്ടാണ് ഇന്ത്യയില്‍ തൊഴിലുറപ്പിനും ഭക്ഷ്യസുരക്ഷക്കുമൊക്കെ പ്രത്യേക നിയമനിര്‍മാണംതന്നെ വേണ്ടിവന്നത്. ഇന്ത്യയുടെ ഭരണഘടന വിഭാവനം ചെയ്യുന്നതുപോലെയെങ്കിലും തൊഴിലും ഭക്ഷണവും എത്തിക്കാനും ജനങ്ങള്‍ക്ക് അന്തസ്സായി ജീവിക്കാനും സ്വാതന്ത്ര്യം നേടി 60 വര്‍ഷം കഴിഞ്ഞിട്ടും നമുക്ക് കഴിയാതെ പോയതുകൊണ്ടാണിത് വേണ്ടിവന്നത്.

ഈ രാജ്യത്ത് നേട്ടങ്ങള്‍ ഇല്ലാതിരുന്നതുകൊണ്ടല്ല. അവയൊക്കെ ഏതാനും ധനാഢ്യര്‍ സ്വകാര്യ സ്വാത്താക്കി മാറ്റിയതു കൊണ്ടുകൂടിയാണ് ഇങ്ങനെ സംഭവിച്ചത്. ഇന്ത്യയില്‍ ജനങ്ങള്‍ക്ക് വേണ്ടതിന്റെ മൂന്നിരട്ടിയെങ്കിലും ഭക്ഷ്യധാന്യം ഇപ്പോള്‍ നാം ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. അതേസമയം ജനങ്ങളില്‍ ചുരുങ്ങിയത് മൂന്നിലൊന്ന് പേര്‍ക്കെങ്കിലും ഒരുനേരം പോലും നേരെ ചൊവ്വെ ഭക്ഷണം കഴിക്കാന്‍ കഴിയുന്നില്ല. ഭക്ഷ്യധാന്യങ്ങള്‍ ഭക്ഷ്യ കോര്‍പറേഷന്റെ സൂക്ഷിപ്പുശാലകളില്‍ കുമിഞ്ഞുകൂടുകയാണ്. അവയൊക്കെ സ്വകാര്യ കച്ചവടക്കാരെയും കാത്തുകിടക്കുന്നു.

ബിപിഎല്‍ വിലയേക്കാള്‍ കുറഞ്ഞ വിലയ്ക്കാണ് ഇന്ത്യയില്‍നിന്ന് അരി കയറ്റി അയക്കുന്നത്. ഇവിടെനിന്ന് അരി വാങ്ങുന്ന രാജ്യങ്ങളാകട്ടെ, ആ അരി മൃഗങ്ങള്‍ക്കുള്ള തീറ്റയായിട്ടാണത്രെ ഉപയോഗിക്കുന്നത്. ഈ സാഹചര്യത്തില്‍ തൊഴിലിന്നും ഭക്ഷണത്തിനും നിയമനിര്‍മാണം നടത്താന്‍ സുപ്രീംകോടതിക്കുവരെ ഇടപെടേണ്ടതായി വന്നു. ഈ സാഹചര്യത്തില്‍ വളരെ ശക്തമായ സമ്മര്‍ദങ്ങള്‍ ഉണ്ടായതുകൊണ്ടുകൂടിയാവണം വളരെ നാമമാത്രമായ നീക്കിയിരിപ്പുകള്‍ നടത്താന്‍ ധനമന്ത്രി തയാറായത് എന്നുവേണം കരുതാന്‍. മെച്ചപ്പെട്ട രീതിയില്‍ നടപ്പാക്കാന്‍ കഴിഞ്ഞാല്‍ ജനങ്ങള്‍ക്ക് വലിയ തോതില്‍ ആശ്വാസം എത്തിക്കാന്‍ കഴിയുന്ന ഒന്നാണ് തൊഴിലുറപ്പ് പദ്ധതി. എന്നാല്‍ നമ്മുടെ കൂടിയിരിപ്പിലെ ശാരദയും ലക്ഷ്മിയും ഇനിയും ഉപജീവനത്തിനായി കെട്ടുതാലി പണയം വെക്കട്ടെ എന്ന അനങ്ങാപ്പാറ നിലപാടിലേക്കാണ് കേന്ദ്രസര്‍ക്കാര്‍ പോയിക്കൊണ്ടിരിക്കുന്നത്.

*
ടി പി കുഞ്ഞിക്കണ്ണന്‍ ദേശാഭിമാനി വാരിക 31 മാര്‍ച്ച് 2013

ആവേശമുണര്‍ത്തിയ പഞ്ചദിന സത്യഗ്രഹം

1975-ലാണ് ഐസിഡിഎസ് എന്ന സംയോജിത ശിശുവികസന സേവന പദ്ധതി നിലവില്‍ വന്നത്. 6 വയസ്സിനു താഴെയുള്ള കുട്ടികളുടെയും ഗര്‍ഭിണികളുടെയും പാലൂട്ടുന്ന അമ്മമാരുടെയും കൗമാരക്കാരായ പെണ്‍കുട്ടികളുടെയും മാനസിക-ശാരീരിക-ആരോഗ്യ-സാമൂഹ്യ-വിദ്യാഭ്യാസപരമായ പുരോഗതി വളര്‍ത്തി എടുക്കുന്നതോടൊപ്പം സമൂഹത്തിന്റെ താഴെത്തട്ടിലുള്ള ജനവിഭാഗങ്ങളെ ഇന്ത്യന്‍ ദേശീയ ധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാനാണ് ഇത് ലക്ഷ്യമിട്ടത്. പരീക്ഷണാര്‍ത്ഥം 33 ഐസിഡിഎസുകളിലായി ആരംഭിച്ച് ഇന്ത്യയിലൊട്ടാകെ ഏഴായിരത്തോളം വരുന്ന ഐസിഡിഎസുകളിലായി 22 ലക്ഷത്തോളം ജീവനക്കാര്‍ ഇപ്പോള്‍ പണിയെടുക്കുന്നുണ്ട്. കേരളത്തില്‍ 258 ഐസിഡിഎസുകളിലായി 66292 ജീവനക്കാരും പണിയെടുക്കുന്നുണ്ട്. ഓണറേറിയം എന്ന നിലയ്ക്ക് വര്‍ക്കര്‍ക്ക് 100 രൂപയും ഹെല്‍പ്പര്‍ക്ക് 40 രൂപയുമാണ് "ഒഴിവുസമയ" പ്രവര്‍ത്തനമെന്നനിലയ്ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരുന്നത്. ജോലി സുരക്ഷിതത്വമില്ലായ്മ, തുച്ഛമായ വേതനം, മേല്‍ ഉദ്യോഗസ്ഥന്മാരുടെ മാനസ്സിക പീഡനങ്ങള്‍ എന്നിവമൂലം ഈ മേഖലയിലെ ജീവനക്കാര്‍ സംഘടിക്കുവാന്‍ നിര്‍ബന്ധിതമായി.

1979ല്‍ ഇന്ത്യയിലും 1981ല്‍ കേരളത്തിലും സംഘടന രൂപീകരിക്കപ്പെട്ടു. ആദ്യ കാലഘട്ടങ്ങളില്‍ വര്‍ക്കിംഗ് വിമന്‍സ് കോ-ഓര്‍ഡിനേഷനും ജനാധിപത്യ മഹിളാ അസോസിയേഷനുമാണ് നേതൃത്വം കൊടുത്തിരുന്നത്. 1996നുശേഷമാണ് സിഐടിയുവില്‍ യൂണിയന്‍ അഫിലിയേറ്റ് ചെയ്തത്. അതിനുശേഷം സംഘടനാരംഗത്ത് വലിയ മുന്നേറ്റം ഉണ്ടാക്കുവാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്. കേന്ദ്രാവിഷ്കൃത പദ്ധതി എന്ന നിലയ്ക്ക് മാന്യമായ വേതനം നല്‍കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ നിരവധി സമരങ്ങളാണ് പാര്‍ലമെന്റിനുമുമ്പിലും നിയമസഭയ്ക്കു മുമ്പിലും നടത്തിയത്. 2010ലും 2012ലും പാര്‍ലമെന്റിനുമുമ്പില്‍ നടത്തിയ മഹാപാടവും കേരളത്തില്‍ സെക്രട്ടറിയറ്റിനുമുമ്പില്‍ നടത്തിയ സെക്രട്ടറിയറ്റ് വളയലും പഞ്ചദിന സത്യാഗ്രഹ സമരങ്ങളും അംഗന്‍വാടി സമരചരിത്രത്തില്‍ പുത്തന്‍ ആവേശമായി. നടത്തിയ പ്രക്ഷോഭങ്ങളുടെ ഫലമായി ഓണറേറിയം വര്‍ദ്ധനവ്, താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തല്‍, പെന്‍ഷന്‍, പഞ്ചായത്തുകളില്‍നിന്നുള്ള അധിക ഓണറേറിയം, വര്‍ക്കര്‍-ഹെല്‍പര്‍ പ്രമോഷന്‍, അധികജോലിക്ക് അധികവേതനം, പ്രസവാനുകൂല്യം തുടങ്ങിയവ നേടിയെടുക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്.

കേരളത്തില്‍ അംഗന്‍വാടി വര്‍ക്കര്‍ക്ക് 4000/- രൂപയും ഹെല്‍പര്‍ക്ക് 2500/- രൂപയുമാണ് ലഭിച്ചുവരുന്നത്. ഈ വേതനം തുച്ഛമാണ്. 2013ലെ ബജറ്റില്‍ 400/- രൂപയുടെ വര്‍ദ്ധനവാണ് പ്രഖ്യാപിച്ചത്. വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തില്‍ ഈ വര്‍ദ്ധനവ് വളരെ തുച്ഛമായതുകൊണ്ട് ഓണറേറിയം വര്‍ദ്ധിപ്പിക്കുക, പെന്‍ഷന്‍ തുക വര്‍ദ്ധിപ്പിക്കുക, കുടിശ്ശിക ഓണറേറിയം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് പഞ്ചദിന സത്യഗ്രഹം നടത്തിയത്. മാര്‍ച്ച് 11ന് സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ ഉദ്ഘാടനംചെയ്ത സമരത്തില്‍ ഓരോ ദിവസവും സമരം കോടിയേരി ബാലകൃഷ്ണന്‍, കെ ഒ ഹബീബ്, ശ്രീമതി ടീച്ചര്‍, ഇളമരം കരിം എന്നിവര്‍ ഉദ്ഘാടനംചെയ്തു. ബജറ്റ് അവതരിപ്പിച്ച മാര്‍ച്ച് 15ന് ആയിരക്കണക്കിന് സ്ത്രീകള്‍ പാത്രം കൊട്ടി നിയമസഭയുടെ മുമ്പിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. നിയമസഭയ്ക്കുമുമ്പില്‍ വെച്ച് മാര്‍ച്ച് പൊലീസ് തടഞ്ഞു. ബാരിക്കേഡിനുമുകളില്‍ കയറി കൊടി ഉയര്‍ത്തി സ്ത്രീകള്‍ പ്രതിഷേധിച്ചു. തുടര്‍ന്ന് മാര്‍ച്ച് 20ന് സാമൂഹ്യക്ഷേമവകുപ്പ് മന്ത്രി സംഘടനാ നേതാക്കളെ ചര്‍ച്ചയ്ക്ക് വിളിച്ചു. സംഘടന ഉയര്‍ത്തിയ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പുനല്‍കി. ചര്‍ച്ചയില്‍ സിഐടിയു സംസ്ഥാന ജനറല്‍സെക്രട്ടറി ഇളമരം കരിം, സെക്രട്ടറി വി സി കാര്‍ത്ത്യായനി പ്രസിഡന്റ് കെ പി മേരി എന്നിവര്‍ പങ്കെടുത്തു. ഈ സമരം ഒരു പുത്തനുണര്‍വ് പ്രവര്‍ത്തകരില്‍ ഉണ്ടാക്കിയിട്ടുണ്ട്.

*
കെ പി മേരി ചിന്ത 29 മാര്‍ച്ച് 2013

സാര്‍വലൗകിക പേറ്റന്റിലേക്കോ?

ഇന്ത്യയടക്കമുള്ള പല രാജ്യങ്ങളും ഔഷധവില കുറയ്ക്കുന്നതിനായി നിര്‍ബന്ധിത ലൈസന്‍സ് നടപ്പിലാക്കിത്തുടങ്ങിയത് വികസിതരാജ്യങ്ങളെ അങ്കലാപ്പിലാക്കിയിരിക്കയാണ്. ദോഹയില്‍ ചേര്‍ന്ന ലോക വ്യാപാര സംഘടനയുടെ യോഗത്തില്‍ നിര്‍ബന്ധിത ലൈസന്‍സ് അനുവദിച്ചുകൊണ്ടും മറ്റും പ്രഖ്യാപിച്ച ഇളവുകള്‍ അവസാനിപ്പിക്കാനുള്ള നീക്കം അമേരിക്കയുടെ നേതൃത്വത്തില്‍ ആരംഭിച്ചു കഴിഞ്ഞു. നിര്‍ബന്ധിത ലൈസന്‍സ് നല്‍കിക്കൊണ്ട് ഇന്ത്യന്‍ പേറ്റന്റ് കണ്‍ട്രോളര്‍ ഉത്തരവിറക്കിയതിന് തൊട്ടുപിന്നാലെ മുന്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ഹിലരി റോധര്‍ ക്ലിന്റന്‍ ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയിരുന്നു. ഇന്ത്യയിലെ അമേരിക്കന്‍ സാമ്പത്തിക താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി മുന്‍കൂട്ടി വിശദമായി തയ്യാറാക്കിയ അജണ്ടകളോടെയാണ് നാല്പതംഗങ്ങളടങ്ങിയ ഉദ്യോഗസ്ഥരുമായി ഹിലാരി ക്ലിന്റന്‍ 2012 മെയ് മാസത്തില്‍ ഇന്ത്യയിലെത്തിയത്. തിരികെ പോകുന്നതിനു മുമ്പായി ഇന്ത്യ കൂടുതല്‍ കര്‍ശനമായ ബൗദ്ധിക സ്വത്തവകാശനിയമങ്ങള്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടത് ഹിലാരിയുടെ സന്ദര്‍ശനത്തിന്റെ പ്രധാനപ്പെട്ട മറ്റൊരു ദൗത്യത്തിലേക്കാണ് വിരല്‍ ചൂണ്ടിയത്.

ലോക വ്യാപാര സംഘടനയുടെ ട്രിപ്സ് ഉടമ്പടി എല്ലാ അംഗരാജ്യങ്ങളും നടപ്പിലാക്കേണ്ട മിനിമം ബൗദ്ധികസ്വത്തവകാശ നിയമങ്ങളാണ് മുന്നോട്ടു വച്ചിട്ടുള്ളത്. മാത്രമല്ല ദോഹയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ നിര്‍ബന്ധിത ലൈസന്‍സ് വ്യവസ്ഥ കൂടുതല്‍ ഉദാരമാക്കിക്കൊണ്ട് വികസ്വരരാജ്യങ്ങള്‍ക്കനുകൂലമായ ചില വ്യവസ്ഥകളും ഏര്‍പ്പെടുത്തിയിരുന്നു. അതുകൊണ്ട് മറ്റ് മാര്‍ഗ്ഗങ്ങളിലൂടെ കൂടുതല്‍ കര്‍ശനമായ ബൗദ്ധിക സ്വത്തവകാശ നിയമങ്ങള്‍ ലോകരാജ്യങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കാനുള്ള തന്ത്രങ്ങളാണ് അമേരിക്ക ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നത് . ലോക വ്യാപാര സംഘടനയില്‍ നിന്ന് വിപ്പോയിലേക്ക് ബൗദ്ധികസ്വത്തവകാശങ്ങളെ സംബന്ധിച്ച നിയമങ്ങളുടെ മാനകീകരണത്തിനും ഏകീകരണത്തിനുമായി ലോകരാജ്യങ്ങള്‍ക്ക് ഉപദേശം നല്‍കുന്ന ഐക്യരാഷ്ട്രസംഘടനയുടെ കീഴിലുള്ള ഏജന്‍സിയാണ് ലോക ബൗദ്ധികസ്വത്തവകാശ സംഘടന (World Intellectual Property Organisation). വിപ്പോയിലൂടെ കൂടുതല്‍ കര്‍ശനമായ പേറ്റന്റ് നിയമങ്ങള്‍ക്ക് രൂപം നല്‍കി ലോക വ്യാപാര സംഘടനയില്‍ അവതരിപ്പിച്ച് അംഗീകാരം നേടാനാണ് അമേരിക്കയുടെ നീക്കം. ആത്യന്തികമായി വികസിതരാജ്യങ്ങളിലെ മരുന്നുകമ്പനികളുടെയും മറ്റും സാമ്പത്തിക താത്പര്യം സംരക്ഷിക്കുന്നതിനു സഹായകമായതും വികസ്വരരാജ്യങ്ങള്‍ക്ക് യാതൊരു ആനുകൂല്യങ്ങളും അനുവദിക്കാത്തതുമായ സാര്‍വലൗകിക പേറ്റന്റ് വ്യവസ്ഥക്കാണ് അമേരിക്ക ശ്രമിക്കുന്നത്.

വിപ്പോയെ പ്രയോജനപ്പെടുത്തി ദോഹ ഇളവുകള്‍ ഇല്ലാതാക്കി തങ്ങളുടെ വാണിജ്യമേധാവിത്വം നിലനിര്‍ത്താനുതകുന്ന ബൗദ്ധിക സ്വത്തവകാശനിയമങ്ങള്‍ ലോകരാജ്യങ്ങളുടെ മേല്‍ അടിച്ചേല്‍പിക്കാനുള്ള അമേരിക്കന്‍ നീക്കത്തിനെതിരെ വിപ്പോക്കുള്ളിലും പുറത്തും ലോകാഭിപ്രായമുയര്‍ന്നിട്ടുണ്ട്. ബ്രസീല്‍, വെനിസ്വേല, അര്‍ജന്റീന, ദക്ഷിണാഫ്രിക്ക, ഇറാന്‍ തുടങ്ങി 14 രാജ്യങ്ങള്‍ വികസന പക്ഷക്കാര്‍ എന്ന പേരില്‍ വികസ്വര രാജ്യങ്ങളുടെ ഫോറം വിപ്പോയില്‍ രൂപീകരിച്ചിട്ടുണ്ട്. ബൗദ്ധികസ്വത്തവകാശനിയമങ്ങള്‍ അന്തിമമായ ലക്ഷ്യമല്ലെന്നും വികസനത്തിനുള്ള മാര്‍ഗ്ഗം മാത്രമാണെന്നും പ്രഖ്യാപിച്ചുകൊണ്ടുള്ള വികസന അജന്‍ഡ (Development Agenda) ഫോറത്തിനു വേണ്ടി ബ്രസീല്‍ വിപ്പോ അസംബ്ലിയില്‍ അവതരിപ്പിച്ചു. സാങ്കേതിക വിദ്യ കൈമാറ്റം, സൃഷ്ടിപരവും സര്‍ഗ്ഗാത്മകവുമായ വിജ്ഞാന നിര്‍മ്മിതി എന്നിവയെ സഹായിക്കുന്ന ഉചിതവും സന്തുലിതവുമായ ബൗദ്ധികസ്വത്തവകാശ നിയമങ്ങളാണ് വിപ്പോ ആവിഷ്കരിക്കേണ്ടതെന്ന് വികസന അജന്‍ഡയില്‍ പറയുന്നു. അക്കാദമിക് വിദഗ്ധന്മാര്‍ നോബല്‍ സമ്മാന ജേതാക്കള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ജനകീയ ശാസ്ത്രപ്രസ്ഥാനങ്ങളുടെ നേതാക്കള്‍ തുടങ്ങി അഞ്ഞൂറോളം പ്രശസ്ത വ്യക്തികള്‍ ജനീവയില്‍ യോഗം ചേര്‍ന്ന് വികസന അജന്‍ഡയെ പിന്തുണച്ചുകൊണ്ടുള്ള പ്രഖ്യാപനം അംഗീകരിച്ചിട്ടുണ്ട്. വിപ്പോയെടുക്കുന്ന ഏതു നിലപാടും ജനങ്ങള്‍ക്ക് അവശ്യമരുന്നുകള്‍ ലഭ്യമാക്കുന്നതിന് സഹായകരമായ ദോഹ പ്രഖ്യാപനത്തിന്റെ അന്തഃസത്തയ്ക്ക് എതിരാവരുതെന്ന് ജനീവ പ്രഖ്യാപനം ആവശ്യപ്പെടുന്നു. ഇതോടെ വികസ്വരരാജ്യങ്ങളുടെ താല്പര്യങ്ങളെ ഹനിക്കുന്ന ബൗദ്ധികസ്വത്തവകാശനിയമങ്ങള്‍ക്കെതിരായ സമരവേദിയായി വിപ്പോ മാറിക്കഴിഞ്ഞിരിക്കയാണ്.

 സ്വതന്ത്ര വ്യാപാരക്കരാര്‍ എന്ന കുരുക്ക്

വികസിതമുതലാളിത്ത രാജ്യങ്ങളുടെ വാണിജ്യതാത്പര്യങ്ങള്‍ സംരക്ഷിക്കാനുതകുന്ന പേറ്റന്റ്നിയമങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് വികസ്വരരാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാരക്കരാറുകളുണ്ടാക്കലാണ് (Free Trade Agreements) വികസിതരാജ്യങ്ങള്‍ സ്വീകരിച്ചുവരുന്ന മറ്റൊരു തന്ത്രം. ഫലത്തില്‍ ദോഹ ഇളവുകളെ അപ്രസക്തമാക്കുന്ന തരത്തിലുള്ള വ്യവസ്ഥകളാണ് എഫ് റ്റി എകളില്‍ ഉള്‍പ്പെടുത്താറുള്ളത്. നിലവിലുള്ള മരുന്നുകളുടെ പുതിയ ഉപയോഗത്തിന് പേറ്റന്റ് നല്‍കി പേറ്റന്റ് കാലാവധി നീട്ടിക്കൊടുക്കുക, മുന്‍കൂട്ടി എതിര്‍പ്പവകാശം അനുവദിക്കാതിരിക്കുക, വിവരകുത്തക നിയമം നടപ്പിലാക്കുക, തുടങ്ങിയ ട്രിപ്സ് പ്ലസ് എന്ന് വിശേഷിപ്പിക്കപ്പെടാറുള്ള വ്യവസ്ഥകള്‍ പല കരാറുകളിലും ഉള്‍പെടുത്തിയിട്ടുണ്ട്. ലോകവ്യാപാരസംഘടനയുടെ വ്യവസ്ഥകള്‍ എല്ലാ അംഗരാജ്യങ്ങളും പിന്തുടരേണ്ടതാണെന്ന് അന്താരാഷ്ട്ര ധാരണയുടെ നഗ്നമായ ലംഘനം കൂടിയാണ് സ്വതന്ത്ര വാണിജ്യക്കരാറുകള്‍. എഫ്ടിഎ കളിലൂടെ ദോഹ ഇളവുകള്‍ അസ്ഥിരപ്പെടുത്തുന്നതിനുള്ള നീക്കത്തില്‍ ഇന്ത്യയും പങ്കാളിയാവുന്നുണ്ട്. ഇതിനകം 27 എഫ് റ്റി എ കളിലാണ് ഇന്ത്യ പങ്കു ചേര്‍ന്നിട്ടുള്ളത്. ഇവയില്‍ ജപ്പാന്‍, യൂറോപ്യന്‍ യൂണിയന്‍ എന്നീ രാജ്യങ്ങളുമായിട്ടുള്ള എഫ് റ്റി എ കരാറുകളില്‍ പേറ്റന്റ് നിയമങ്ങളും പെടുത്തിയിട്ടുണ്ട്. നിര്‍ബന്ധിത ലൈസന്‍സ് നല്‍കുന്നത് പരിമിതപ്പെടുത്തുക, വിവരകുത്തക നിയമത്തിലൂടെയും മറ്റും പേറ്റന്റ് കാലാവധി നീട്ടുക തുടങ്ങിയ വ്യവസ്ഥകള്‍ ഈ കരാറുകളില്‍ ചേര്‍ത്തിട്ടുണ്ട് .

വ്യാജ വാണിഭ വിരുദ്ധക്കരാര്‍ മറ്റൊരു തന്ത്രം

ഒരു ഭാഗത്ത് ലോക വ്യാപാര സംഘടനയുടെയും മറുഭാഗത്ത് അതിലൂടെ കൈവരിക്കാനാവാത്ത വാണിജ്യതാത്പര്യങ്ങള്‍ മറ്റ് മാര്‍ഗ്ഗങ്ങളിലൂടെയും നേടിയെടുക്കാനായി മുതലാളിത്ത രാജ്യങ്ങള്‍ നടത്തിവരുന്ന കുതന്ത്രങ്ങളുടെ ഭാഗമായി അമേരിക്കയും യൂറോപ്യന്‍ യൂണിയനും മറ്റും ചേര്‍ന്ന് ആവിഷ്കരിച്ചിട്ടുള്ള മറ്റൊരു അന്താരാഷ്ട്ര വ്യവസ്ഥയാണ് വ്യാജ വാണിഭ വിരുദ്ധക്കരാര്‍ (Anti Counterfeit Trade Agreement) വാണിജ്യ ഇടപാടുകളില്‍ ട്രിപ്സിനേക്കാള്‍ കടുത്ത വ്യവസ്ഥകളാണ് ആക്ടായില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. അതുകൊണ്ട് ആക്ട വ്യവസ്ഥകളെ ട്രിപ്പ്സ് അധിക വ്യവസ്ഥകളായി കാണേണ്ടതാണ്.

ആക്ടാ എന്ന കരി നിയമം വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന വിലകുറഞ്ഞ ജനറിക് ഔഷധങ്ങളെ വ്യാജമരുന്നുകളെന്ന വകുപ്പില്‍പെടുത്തി, ഇറക്കുമതി രാജ്യങ്ങള്‍ക്കും മരുന്ന് കൊണ്ടുപോകുന്ന വഴി ഇടയ്ക്ക് തങ്ങേണ്ടിവരുന്ന രാജ്യങ്ങള്‍ക്കും പിടിച്ചുവയ്ക്കാനും നശിപ്പിക്കാനും അധികാരം നല്‍കുന്നു. ദോഹ ഇളവുകളനുസരിച്ച് മരുന്നുല്‍പാദനത്തില്‍ സാങ്കേതിക ശേഷിയില്ലാത്ത രാജ്യങ്ങള്‍ക്ക് അതുള്ള രാജ്യങ്ങളില്‍ നിന്നും ജനറിക് മരുന്നുകള്‍ ഇറക്കുമതി ചെയ്യാനുള്ള അവകാശമുണ്ട്. ഇങ്ങനെ ഇറക്കുമതി ചെയ്യുന്ന മരുന്നുകളെ വ്യാജമരുന്നുകളെന്ന് മുദ്രകുത്തി പിടിച്ചെടുക്കാന്‍ ആക്ടാ വഴി കഴിയും. ജനിതകഘടന പേറ്റന്റ് ചെയ്തുവെന്നവകാശപ്പെടുന്ന കമ്പനികള്‍ പരാതിപ്പെട്ടാല്‍ ജനിതകമരുന്നുകള്‍ മാര്‍ക്കറ്റ് ചെയ്യുന്നതില്‍ നിന്നും ഉല്പാദകരെ വിലക്കാനുള്ള വകുപ്പുകളും ആക്ടായിലുണ്ട്. ഉല്പാദകരുടെ വിശദീകരണത്തിനായി കാത്തുനില്‍ക്കാതെ തന്നെ നടപടികള്‍ സ്വീകരിക്കാന്‍ കരാര്‍ അധികാരം നല്‍കുന്നുണ്ട്. അതെയവസരത്തില്‍ വ്യാജ ഉല്പന്നങ്ങള്‍ക്ക് വ്യക്തമായ നിര്‍വചനം പോലും ആക്ടയിലെല്ലെന്നതാണ് വാസ്തവം.

മരുന്നുകള്‍ മാത്രമല്ല ജനിതക വിളകളും ഇന്റര്‍നെറ്റിലൂടെയും സാമൂഹ്യ ശൃംഖലകള്‍ വഴിയിലൂടെയുമുള്ള ആശയ വിവരവിനിമയവും ആക്ടായുടെ പരിധിയില്‍ വരും. ഇന്റര്‍നെറ്റില്‍ നിന്നും വിവരങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് തടയാനും തങ്ങള്‍ക്കിഷ്ടമില്ലാത്ത വിവരങ്ങള്‍ നീക്കം ചെയ്യാനും ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിക്കാനും ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ക്ക് ആക്ടാ അനുമതി നല്‍കുന്നുണ്ട്. ഇന്റര്‍നെറ്റിന്റെ മുഖ്യ ശക്തിയായ വിജ്ഞാനത്തിന്റെ സ്വതന്ത്രമായ വിനിമയത്തിന് ഇതൊരു കനത്ത തിരിച്ചടിയാവാന്‍ പോവുകയാണ്.

2007 ലാണ് അതീവ രഹസ്യമായി അമേരിക്ക, യൂറോപ്യന്‍ യൂണിയന്‍, സ്വിറ്റ്സര്‍ലന്റ്, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ ആക്ടാ തയ്യാറാക്കുന്നതിനുള്ള രഹസ്യ യോഗം ചേര്‍ന്നത്. പിന്നീട് ആസ്ത്രേലിയ, കാനഡ, മെക്സിക്കോ, മൊറോക്കോ, ന്യൂസിലണ്ട് തുടങ്ങി ഏതാനും രാജ്യങ്ങള്‍ കൂടി ഈ സംരംഭത്തോട് ചേരുകയും 2008 ജനീവയില്‍ വച്ച് രണ്ടാംവട്ട ചര്‍ച്ച നടത്തുകയും ചെയ്തു. പിന്നീട് എട്ടുതവണ കൂടി യോഗം ചേര്‍ന്ന ശേഷം 2010-ല്‍ ആക്ടായുടെ അന്തിമരൂപം തയ്യാറാക്കി മുപ്പത്തി ഒമ്പത് രാജ്യങ്ങള്‍ അംഗീകരിക്കുകയാണ് ചെയ്തത്. ലോക വാണീജ്യത്തിന്റെ 70 ശതമാനവും നിയന്ത്രിക്കുന്നത് പ്രസ്തുത രാജ്യങ്ങളാണ്.ആക്ടാ വ്യവസ്ഥകള്‍ പുറത്തു വന്നതോടെ ഇന്ത്യ, ബ്രസീല്‍, ചൈന തുടങ്ങി നിരവധി രാജ്യങ്ങള്‍ അതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. മാത്രമല്ല, യൂറോപ്യന്‍ യൂണിയന്‍, പാര്‍ലമെന്റിലെ 633 അംഗങ്ങള്‍ ആക്ടാക്കെതിരെ വോട്ടു ചെയ്തിരിക്കയാണ്.

മെഡിസിന്‍സ് സാര്‍സ് പ്രോന്റിയേഴ്സ്, മനുഷ്യാവകാശ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നെറ്റ് കൂട്ടായ്മയായ ആവാസ് തുടങ്ങിയ അന്താരാഷ്ട്ര സംഘടനകളും ഇന്ത്യയിലെ ജനകീയാരോഗ്യ പ്രസ്ഥാനമായ ജനസ്വസ്ത്യ അഭിയാനും സ്വതന്ത്ര സോഫ്റ്റ് വെയര്‍ പ്രസ്ഥാനങ്ങളും ആക്ടക്കെതിരെ പ്രതിരോധമുയര്‍ത്തി പ്രചരണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

നിര്‍ബന്ധിത ലൈസന്‍സിങ് നിഷ്ക്രിയമാക്കാന്‍ വിവര കുത്തക നിയമം നിര്‍ബന്ധിത ലൈസന്‍സിങ്ങിനെ നിഷ്ക്രിയമാക്കാനായി അമേരിക്കയും മറ്റു വികസിത രാജ്യങ്ങളും നടപ്പിലാക്കാന്‍ ശ്രമിച്ചുവരുന്ന മറ്റൊരു നിയമമാണ് വിവരകുത്തകനിയമം. ഇതും ലോക വ്യാപാര സംഘടനയുടെ നിബന്ധനകളില്‍ നിന്നുമുള്ള വ്യതിയാനമാണ്.ഔഷധങ്ങള്‍ക്ക് പേറ്റന്റ് നല്‍കുമ്പോള്‍ ഔഷധത്തെ സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും ഡ്രഗ് കണ്‍ട്രോളര്‍ക്ക് നല്‍കണമെന്നാണ് വ്യവസ്ഥ. ഇതില്‍ ഔഷധത്തിന്റെ ഫലസിദ്ധിയും പാര്‍ശ്വഫലങ്ങളും മരുന്ന് കണ്ടെത്തുന്നതിനായി നടത്തുന്ന പരീക്ഷണ വിവരങ്ങളും ഉള്‍പ്പെടുന്നു. പേറ്റന്റ് കാലാവധി കഴിഞ്ഞാല്‍ ഈ വിവരങ്ങള്‍ താത്പര്യമുള്ള ആര്‍ക്കും ലഭിക്കുന്നതാണ്. പേറ്റന്റ് കാലാവധി കഴിഞ്ഞ മരുന്നുകള്‍ വിലകുറച്ച് ജനറിക് നാമത്തില്‍ മാര്‍ക്കറ്റ് ചെയ്യുന്ന കമ്പനികള്‍ ഇത്തരം വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഉല്പാദനം നടത്തുന്നത്. അപൂര്‍വ്വം ചില മരുന്നുകളുടെ കാര്യത്തില്‍ മാത്രം തങ്ങളുടെ മരുന്നുകളുടെ ജൈവലഭ്യത ജനറിക് കമ്പനികള്‍ പ്രത്യേക പരീക്ഷണത്തിലൂടെ തെളിയിക്കേണ്ടിവരുമെന്ന് മാത്രം.

പേറ്റന്റ് കാലയളവില്‍ ഔഷധ പരീക്ഷണ വിവരങ്ങള്‍ മറ്റ് കമ്പനികള്‍ വ്യാപാരതാത്പര്യത്തിനായി ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനായി ഈ വിവരങ്ങള്‍ സംരക്ഷിക്കേണ്ടതാണെന്ന് മാത്രമാണ് ട്രിപ്സ് വ്യവസ്ഥയിലുള്ളത്. ഇതിനെ വിവര സംരക്ഷണം എന്നാണ് പറയുക. എന്നാല്‍ ഇപ്പോള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് ട്രിപ്സ് വ്യവസ്ഥയനുസരിച്ചുള്ള വിവര സംരക്ഷണമല്ല മറിച്ച് പേറ്റന്റ് നല്‍കിക്കഴിഞ്ഞാല്‍ അഞ്ചുവര്‍ഷത്തേക്ക് യാതൊരു സാഹചര്യത്തിലും ഔഷധ പരീക്ഷണ വിവരങ്ങള്‍ പുറത്തുവിടാതിരിക്കുന്നതിനായുള്ള വിവരകുത്തക നിയമമാണ്. വിവരകുത്തക നിയമം പ്രാബല്യത്തില്‍ വന്നാല്‍ പേറ്റന്റ് നല്‍കിക്കഴിഞ്ഞ് അഞ്ചു വര്‍ഷത്തേക്ക് നിര്‍ബന്ധിത ലൈസന്‍സ് പ്രയോഗിക്കാന്‍ പറ്റാതെ വരും. കാരണം ഔഷധ പരീക്ഷണം സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ ഔഷധ ഉല്പാദനത്തിനുള്ള അനുമതി ലഭിക്കാന്‍ പുതിയ പരീക്ഷണങ്ങളിലൂടെ വിവരം ശേഖരിക്കേണ്ടിവരും. ഇതിനുള്ള ചെലവും കാലതാമസവും കണക്കിലെടുക്കുമ്പോള്‍ നിര്‍ബന്ധിത ലൈസന്‍സിനപേക്ഷിക്കാന്‍ മറ്റു കമ്പനികള്‍ തയ്യാറാവാതെ വരും. അടിയന്തിര ഘട്ടത്തില്‍ നടപ്പിലാക്കേണ്ട നിര്‍ബന്ധിത ലൈസന്‍സ് വ്യവസ്ഥ ഫലത്തില്‍ പ്രാബല്യത്തില്‍ വരുത്താന്‍ കഴിയില്ല. ഇതിനു പുറമേ മറ്റൊരു ധാര്‍മ്മിക പ്രശ്നം കൂടി പുതിയ നിയമം ഉയര്‍ത്തുന്നുണ്ട്. ഫലസിദ്ധി തെളിയിച്ചുകഴിഞ്ഞ മരുന്നുകള്‍ വീണ്ടും മനുഷ്യരില്‍ പരീക്ഷണാര്‍ത്ഥം നല്‍കുന്നത് വൈദ്യശാസ്ത്ര നൈതികതയ്ക്ക് എതിരുമാണ്.

ദോഹ ഇളവുകളിലൂടെ വികസ്വരരാജ്യങ്ങള്‍ നേടിയ പരിമിതമായ നേട്ടങ്ങള്‍പോലും അപ്രസക്തമാക്കിക്കൊണ്ട് വിജ്ഞാനകുത്തകവല്‍ക്കരണത്തിനായി അമേരിക്കയും മറ്റ് ചില വികസിത രാജ്യങ്ങളും ചേര്‍ന്നു പയറ്റുന്ന വിവിധ തന്ത്രങ്ങളാണ് ഇവിടെ സൂചിപ്പിച്ചത്. ബ്രസീല്‍, ദക്ഷിണാഫ്രിക്ക, ക്യൂബ തുടങ്ങി നിരവധി രാജ്യങ്ങള്‍ ലോകവ്യാപാരസംഘടനയുടേയും ലോക ബൗദ്ധികസ്വത്തവകാശ സംഘടനയുടേയും വേദികളില്‍ ഇതിനെതിരെ പോരാടിവരികയാണ്. സ്വതന്ത്ര സോഫ്റ്റ് വെയര്‍ തത്വശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ ആവിഷ്കരിക്കപ്പെട്ടിട്ടുള്ള ക്രിയേറ്റീവ് കോമണ്‍സ്, തുടങ്ങിയ ജനകീയ ബൗദ്ധികസ്വത്തവകാശ സംരംഭങ്ങളും അവയുടെ അടിസ്ഥാനത്തിലുള്ള ഓപ്പണ്‍ ബയോളജി, ഓപ്പണ്‍ സോഴ്സ് ഡ്രഗ് ഡിസ്കവറി തുടങ്ങിയ നവീന ഗവേഷണ സഹായ പദ്ധതികളും ജനകീയ ബദലുകള്‍ക്കായുള്ള അന്വേഷണത്തില്‍ വലിയ പ്രതീക്ഷകളാണ് ഉയര്‍ത്തിയിട്ടുള്ളത്.

*
ഡോ ബി ഇക്ബാല്‍ (കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിദ്ധീകരിക്കുന്ന ഡോ ബി. ഇക്ബാലിന്റെ ഇന്ത്യന്‍ ഔഷധമേഖല: ഇന്നലെ, ഇന്ന് എന്ന പുസ്തകത്തില്‍ നിന്ന്.)

ചിന്ത വാരിക 29 മാര്‍ച്ച് 2013

പ്രണയിക്കും പുസ്തകങ്ങള്‍

പുതിയ പുസ്തകം തുറക്കുമ്പോള്‍ ഇപ്പോഴും അറിയാതെ മണത്തുപോകും. അച്ചടിയുടേതാണോ അക്ഷരങ്ങളുടേതാണോ എന്നറിയാത്തവിധം ഒരു പ്രത്യേക മണം. കഴിഞ്ഞ ദിവസം പ്രിസം ബുക്സില്‍ ചെന്നപ്പോള്‍ സുധീര്‍ എടുത്തുനല്‍കിയ പുസ്തകങ്ങള്‍ ആദ്യം തുറന്ന് ഒന്നു ശ്വാസം അകത്തേക്ക് ആഞ്ഞുപിടിച്ചു. അക്ഷരത്തിന്റെ, അച്ചടിയുടെ, അറിവിന്റെ മണം അറിയാതെ ഉള്ളിലേക്ക് പതുക്കെ പതുക്കെ കയറി. നിങ്ങള്‍ക്കും ഈ അസുഖമുണ്ടോഎന്നായി സുധീര്‍. കഴിഞ്ഞ ദിവസം കഥാകൃത്ത് ഉണ്ണി വന്നപ്പോഴും പുസ്തകത്തിന്റെ മണം പിടിക്കുന്നുണ്ടായിരുന്നുവെന്ന് സുധീര്‍ പറഞ്ഞു. പുസ്തകങ്ങള്‍ക്കിടയില്‍ ജീവിക്കുക രസകരമായ അനുഭവമാണ്.

ഇപ്പോള്‍ പഴയതുപോലെ വായനയ്ക്ക് സമയമില്ല. വായനയുടെ സ്വഭാവം തന്നെ മാറിക്കൊണ്ടിരിക്കും. സ്കൂളില്‍ പഠിക്കുമ്പോള്‍ നാട്ടിലെ വായനശാലയുടെ നടത്തിപ്പുകാരനായി പ്രവര്‍ത്തിച്ചിരുന്നപ്പോളാണ് പുസ്തകങ്ങള്‍ ബൈന്‍ഡ് ചെയ്യുന്നതിനു പഠിച്ചത്. പഴയ പുസ്തകങ്ങള്‍ പലപ്പോഴും കോലം തെറ്റിയായിരിക്കും ഇരിക്കുന്നത്. അതു ബൈന്‍ഡ് ചെയ്യുമ്പോള്‍ പുതിയ മുഖമായിരിക്കും. പലതിന്റേയും മുഖം നഷ്ടപ്പെട്ടിട്ടുണ്ടാകും. പഴയ മാസികകളുടെ കവറായിരിക്കും മിക്കപ്പോഴും പുസ്തകത്തിന്റെ മുഖമായി മാറുന്നത്. അതൊരു രസകരമായ അനുഭവമാണ്. പുസ്തകവും വായനയും മരിക്കുന്നുവോ എന്ന ചോദ്യം ഇടക്കാലത്ത് ഉയര്‍ന്നിരുന്നു. ഇന്ന് ആ ചോദ്യം അപ്രസക്തമായിരിക്കുന്നു.
 
ദൃശ്യമാധ്യമങ്ങളുടെ കടന്നുവരവാണ് വായനയുടെ മരണത്തെ പ്രവചിച്ചത്. എന്നാല്‍, എല്ലാത്തിനും അതിന്റേതായ ഇടമുണ്ടെന്ന് തോന്നിപ്പിക്കുംവിധം വായന പിന്നെയും പിടിച്ചുനിന്നു. പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായി. പുസ്തകം കൊണ്ടുനടക്കണമെന്നില്ലാത്തവിധം സാങ്കേതികവിദ്യയും വികസിച്ചു. ഇ റീഡറുകള്‍ വന്നു. പിന്നെ ഐപാഡും ടാബ്ലറ്റുകളും. നൂറുക്കണക്കിന് പുസ്തകങ്ങള്‍ കൊണ്ടുനടക്കാന്‍ കഴിയുന്നവയായി അവ മാറി. ഏതു പുസ്തകവും കടകളില്‍ പോയി വാങ്ങാവുന്ന രീതി തന്നെ ഇന്റര്‍നെറ്റ് കൊണ്ടുവന്നു. കോപ്പിറൈറ്റ് കഴിഞ്ഞ പുസ്തകങ്ങള്‍ സൗജന്യമായി വാങ്ങാനും കഴിയും. ഏറ്റവും പുതിയ പുസ്തകങ്ങള്‍ വരെ ഇ ബുക്കായും ലഭിക്കാന്‍ തുടങ്ങി. ഇ പുസ്തകങ്ങള്‍ വായനയുടെ സ്വഭാവം മാറ്റി. ഇ റീഡറില്‍ പുസ്തകങ്ങളുടെ പേജുകള്‍ നമുക്ക് കൈകൊണ്ടുമറിക്കാം. പക്ഷേ, പുസ്തകങ്ങളിലെ പേജുകള്‍ മറിക്കുമ്പോഴുള്ള മര്‍മരം കേള്‍ക്കാന്‍ കഴിയില്ല. അതിനു ഒരു പ്രത്യേക താളമുണ്ട്. പിന്നെ പുതിയ പുസ്തകങ്ങളുടെ മണം അതു ഇ റീഡറില്‍ പ്രതീക്ഷിക്കുകയേ വേണ്ട. കുട്ടിക്കാലത്ത് പുസ്തകങ്ങളുടെ പേജുകള്‍ക്കിടയില്‍ മയില്‍പ്പീലി സൂക്ഷിച്ചുവയ്ക്കും. മയില്‍പ്പീലി പ്രസവിച്ചോയെന്ന് ചിലര്‍ ചോദിക്കും. ഇ റീഡറില്‍ മയില്‍പ്പീലിക്ക് ഇടമില്ല. പക്ഷേ, പേജ് റീഡറുണ്ട്. നമുക്ക് വായിച്ചു അവസാനിപ്പിച്ച ഭാഗം മറക്കാതിരിക്കാന്‍ അടയാളം വയ്ക്കാം. വേണമെങ്കില്‍ ഹൈലൈറ്റര്‍ വച്ച് മാര്‍ക്ക് ചെയ്യാം.

മാര്‍ക്സിന്റേയും ഏംഗല്‍സിന്റയും ലെനിന്റേയും ഗ്രന്ഥങ്ങളുടെ ശേഖരം മുഴുവനും ആര്‍ക്കവൈസില്‍ ലഭിക്കും. നെറ്റിലൂടെയുള്ള തെരിച്ചിലിനുള്ള പുതിയ സൗകര്യങ്ങള്‍ പലപ്പോഴും പുസ്തക വായനയില്‍ ലഭിച്ചെന്നുവരില്ല. മുമ്പ് വായിച്ച ചില ഭാഗങ്ങള്‍ ഏത് പുസ്തകത്തിലാണെന്നോ ഏത് അധ്യായത്തിലാണെന്നോ ചിലപ്പോള്‍ ഓര്‍മയുണ്ടായിയെന്നു വരില്ല. ആവശ്യത്തിനായി ചിലപ്പോള്‍ തെരഞ്ഞ് വിഷമിക്കും. ഒരിക്കല്‍ ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ അത്യാവശ്യമായി കാണണമെന്ന് പറഞ്ഞു. അദ്ദേഹം മാവോയുടെ ഒരു ഉദ്ധരണിക്കായുള്ള തെരച്ചിലില്‍ സഹായിക്കുന്നതിനായാണ് വിളിച്ചത്. ഇന്റര്‍നെറ്റിലെ സെര്‍ച്ച് എന്‍ജിനുകള്‍ അതു സൗകര്യപ്രദമാക്കി. ഇ എം എസ് നാനാ വിഷയങ്ങളില്‍ ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. എന്നാല്‍, ചില ഉദ്ധരണികള്‍ തേടി നമ്മള്‍ വിഷമിച്ചുപോയെന്നുവരും. അതും ആര്‍ക്കവൈസുകളില്‍ ലഭ്യമാക്കേണ്ടതുണ്ട്. അച്ചടിച്ച പുസ്തകങ്ങള്‍ വായിക്കുന്നതിന്റെ സുഖം ഇ റീഡര്‍ പലപ്പോഴും തന്നെന്നുവരില്ല. പാര്‍ലമെന്റില്‍ മനോഹരമായ ലൈബ്രറിയുണ്ട്. ഏതു പുസ്തകവും അവിടെ ലഭിക്കും. റഫര്‍ ചെയ്യുന്ന പുസ്തകം വായിക്കുന്ന സ്ഥലത്തു വച്ചിട്ട് ലൈബ്രേറിയനോട് പറഞ്ഞാല്‍ മതി, അവിടെ തന്നെ സൂക്ഷിച്ചോളും. ആവശ്യപ്പെട്ട പുസ്തകമില്ലെങ്കില്‍ എഴുതി ക്കൊടുത്താല്‍ വാങ്ങിച്ചുവച്ചുകൊള്ളും. എന്നാല്‍, ലൈബ്രറി മിക്കവാറും ശൂന്യമായിരിക്കും. ഉപയോഗിക്കുന്ന അംഗങ്ങളുടെ എണ്ണം കുറവാണ്. പുറത്തുള്ളവര്‍ക്കും പാസ് എടുത്താല്‍ ലൈബ്രറിയില്‍ വന്ന് റഫര്‍ ചെയ്യാന്‍ കഴിയും. ലോകത്തുള്ള മിക്കവാറും ആനുകാലികങ്ങളും ഇവിടെ ലഭിക്കും.

പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനുശേഷം പി ജിയെ കാണാന്‍ ചെന്നപ്പോള്‍ അദ്ദേഹം അധികവും സംസാരിച്ചത് പാര്‍ലമെന്ററി ലൈബ്രറിയെ കുറിച്ചാണ്. പുസ്തകങ്ങള്‍ വാങ്ങുമ്പോള്‍ ചിലപ്പോള്‍ നമ്മള്‍ പറ്റിക്കപ്പെട്ടെന്നുവരാം. പുസ്തകത്തിന്റെ പേരും അതിന്റെ ഉള്ളടക്കച്ചുരുക്കവും കണ്ട് ആവേശത്തോടെ വാങ്ങുന്ന ചില പുസ്തകങ്ങള്‍ പറ്റിച്ചുകളയും. പണം വെറുതെ കളഞ്ഞല്ലോ എന്നു തോന്നിപ്പോകും. പുസ്തകശാലയിലുള്ള ചിലര്‍ പുസ്തകങ്ങള്‍ നന്നായി വായിക്കുന്നവരാണ്. തിരുവനന്തപുരത്തെ മോഡേണില്‍ സുധീറും ചിത്തനും പറ്റിയ പുസ്തകങ്ങള്‍ തെരഞ്ഞെടുക്കുന്നതിനായി സഹായിക്കുന്നവരാണ്. സുധീര്‍ ഇപ്പോള്‍ എറണാകുളത്ത് പ്രിസം ബുക്സിലാണ്. കുറേ നാളുകള്‍ക്ക് മുമ്പ് മാര്‍ക്സ് എന്ന വ്യക്തിയുടേയും അദ്ദേഹത്തിന്റെ ധൈഷണിക ജീവിതത്തിന്റേയും ചിത്രീകരണമായ പ്രണയവും മൂലധനവും എന്ന പുസ്തകം സുധീറാണ് എന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നത്. തുറന്നാല്‍ അടച്ചുവയ്പ്പിക്കാന്‍ സമ്മതിപ്പിക്കാത്തവിധം വായിപ്പിക്കുന്ന പുസ്തകം. എത്ര ആഴത്തിലുള്ള ഗവേഷണമാണ് മേരി ഗബ്രിയേല്‍ നടത്തിയിട്ടുള്ളത്. പ്രത്യേകം വിലയിരുത്തി എഴുതേണ്ട ഗ്രന്ഥമാണിത്.

ഇന്നത്തെ നയങ്ങളുടെ ശക്തനായ വിമര്‍ശകനായ ജോസഫ് ഇ സ്റ്റിഗ്ലിറ്റ്സ് എഴുതിയ അസമത്വത്തിന്റെ വിലയെന്ന പുസ്തകം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. സ്റ്റിഗ്ലിറ്റ്സും അമര്‍ത്യാസെന്നും മറ്റും ഉള്‍ക്കൊള്ളുന്ന ഒരു കമീഷനെ ഫ്രാന്‍സിന്റെ പ്രസിഡന്റായിരുന്ന നിക്കോളസ് സര്‍ക്കോസ്കി നിയോഗിക്കുകയുണ്ടായി. എന്തുകൊണ്ട് ജിഡിപി സമ്പദ്ഘടനയുടെ ആരോഗ്യം അളക്കുന്നതിനുള്ള സൂചകമല്ലെന്ന് ഇവര്‍ ആധികാരികമായി ഈ കമീഷനില്‍ പ്രഖ്യാപിക്കുന്നുണ്ട്. അതും പുസ്തക രൂപത്തില്‍ പുറത്തുവന്നിട്ടുണ്ട്. മലയാളത്തിലും പുതിയ പുസ്തകങ്ങള്‍ നൂറുകണക്കിനാണ് ഇറങ്ങുന്നത്. പുസ്തകങ്ങളുടെ നിലവാരത്തിലും ഗുണപരമായ മാറ്റങ്ങള്‍ കാണാന്‍ കഴിയും. ചിന്ത ബുക്സിനെ തന്നെ ഉദാഹരണമായി എടുത്താല്‍ മതി. എത്ര വിപ്ലവകരമായ മാറ്റമാണ് പ്രസിദ്ധീകരണത്തില്‍ വരുത്തിയിട്ടുള്ളത്. കൂടുതല്‍ കൂടുതല്‍ വായിക്കുന്നതിനു പ്രേരിപ്പിക്കുന്ന പുസ്തകങ്ങള്‍ ഇനിയും ഇറങ്ങട്ടെ. വായന കൂടുതല്‍ ജീവനുള്ളതായി മാറട്ടെ. അത് മനുഷ്യന്റെ ചിന്തയെയും സംസ്കാരത്തെയും നിരന്തരം നവീകരിക്കട്ടെ.

*
പി രാജീവ് ദേശാഭിമാനി