Monday, September 13, 2010

വിദ്യാഭ്യാസ അവകാശ നിയമം അവകാശം യാഥാര്‍ത്ഥ്യമാകുമോ?

സ്വാതന്ത്ര്യം പ്രാപിച്ച് 62 വര്‍ഷം കഴിഞ്ഞെങ്കിലും വിദ്യഭ്യാസ രംഗത്ത് വളരെ പിന്നോക്കം നില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. മാനവ വികസന സൂചികയില്‍ 134 -ആം സ്ഥാനമാണ് നമുക്കുള്ളത്. ഓരോ വര്‍ഷവും ഇന്ത്യ കൂടുതല്‍ പിറകോട്ട് പോകുന്നതായി കാണാം. ശാസ്‌ത്രസാങ്കേതിക രംഗത്ത് നിരവധി അഭിമാനകരമായ നേട്ടങ്ങള്‍ കൈവരിക്കുന്ന ഒരു രാജ്യത്ത് ബഹുഭൂരിപക്ഷം ജനങ്ങളും ശോചനീയമായ ജീവിതാവസ്ഥയിലാണ്. UNICEF ന്റെ കണക്കനുസരിച്ച് 5 വയസ്സിന് താഴെയുള്ള ഭാരക്കുറവുള്ള കുട്ടികളില്‍ 42% ഇന്ത്യാക്കാരാണ്. വിദ്യാഭ്യാസ വികസന സൂചികയുടെ കാര്യത്തില്‍ രാജ്യം എത്യോപ്യയുടെ പോലും പിറകിലാണ്. 6 വയസ്സിനും 14 വയസ്സിനും ഇടയ്‌ക്ക് പ്രായമുള്ള കുട്ടികളില്‍ 52% സ്‌കൂളിന് പുറത്താണ്. 100 കുട്ടികള്‍ ഒന്നാം ക്ളാസ്സില്‍ ചേര്‍ന്നാല്‍ 32 കുട്ടികളാണ് പത്താംക്ളാസ്സില്‍ എത്തുന്നത്. ഗ്രാമീണ മേഖലയില്‍ സ്‌കൂളുകളുടെ എണ്ണവും ഗുണവും വളരെ കുറവാണ്. 70 % സ്‌കൂളുകള്‍ക്കും നല്ല കെട്ടിടങ്ങളില്ല. 30% സ്‌കൂളുകളില്‍ കുടിവെള്ളമോ മൂത്രപ്പുരയോ ഇല്ല. എലിമെന്ററി സ്‌കൂളുകളില്‍ 5.74 %സ്‌കൂളുകളില്‍ മാത്രമാണ് ഒരു കമ്പ്യൂട്ടറെങ്കിലും ഉള്ളത്. അധ്യാപക വിദ്യാര്‍ത്ഥി അനുപാതം ദേശീയതലത്തില്‍ 1:67 ആണ്. 1995 ല്‍ ആരംഭിച്ച ഡി.പി.ഇ.പി പദ്ധതിയും 2002 ല്‍ ആരംഭിച്ച എസ്.എസ്. എ പദ്ധതിയും ലക്ഷ്യമിട്ടത് 100 % എന്‍റോള്‍മെന്റ് ആയിരുന്നു. എന്നാല്‍ ലക്ഷ്യമിന്നും വളരെയകലെയാണ്.

ഈ പശ്ചാത്തലത്തിലാണ് 2010 ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വന്ന ജമ്മുകാശ്മീര്‍ ഒഴികെ എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകമാക്കിയ. വിദ്യാഭ്യാസ അവകാശ നിയമം ചര്‍ച്ച ചെയ്യപ്പെടുന്നത്. (THE RIGHT OF CHILDREN TO FREE AND COMPULSORY. EDUCATION ACT, 2009) ഈ നിയമം അനുസരിച്ച് 6 നും 14 നും ഇടയ്‌ക്ക് പ്രായമുള്ള കുട്ടികള്‍ക്ക് സൌജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം സര്‍ക്കാറുകള്‍ നല്‍കേണ്ടതാണ്. 6 വയസ്സില്‍ ഒന്നാം ക്ളാസ്സില്‍ ചേരുന്ന കുട്ടി 14 -ആം വയസ്സില്‍ എട്ടാം ക്ളാസ്സ് പൂര്‍ത്തീകരിക്കണം. ഒരു ക്ളാസ്സിലും കുട്ടിയെ തോല്‍പ്പിക്കാന്‍ പാടില്ല. വിടുതല്‍ സര്‍ട്ടിഫിക്കറ്റ് കുട്ടികള്‍ക്ക് നിര്‍ബന്ധമായും പ്രധാനാധ്യാപകര്‍ നല്‍കേണ്ടതാണ്. പ്രായം അനുസരിച്ചാണ് ക്ളാസ്സ് തീരുമാനിക്കുന്നത്. വിദ്യാഭ്യാസ അവകാശ ബില്ലിന്റെ ഭാഗമായി ചിലവുകള്‍ വഹിക്കേണ്ടത് കേന്ദ്രവും സംസ്ഥാനവും സംയുക്തമായാണ്. പ്രദേശിക സര്‍ക്കാറുകള്‍ക്ക് ബില്ലില്‍ പ്രത്യേക അവകാശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇവ Chapter III(9) ല്‍ സ്‌കൂളുകള്‍ ആരംഭിക്കാനും കുട്ടികളുടെ പ്രവേശനം, ഹാജര്‍, പഠനം പൂര്‍ത്തീകരിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കല്‍ തുടങ്ങിയ കാര്യങ്ങളിലെല്ലാം പ്രാദേശിക സര്‍ക്കാറുകള്‍ക്ക് പൂര്‍ണ്ണ അധികാരമുണ്ട്. സ്‌കൂളില്‍ അക്കാഡമിക് പരിശോധന നടത്താനും അക്കാഡമിക് കലണ്ടര്‍ നിര്‍മ്മിക്കാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അധികാരമുണ്ട്. അയല്‍പക്ക വിദ്യാലയങ്ങള്‍ ഈ ബില്ലില്‍ ഊന്നല്‍ നല്‍കിയിട്ടുണ്ട്.

അധ്യാപക വിദ്യാര്‍ത്ഥി അനുപാതം 1:30 ആക്കുന്നതിന് ബില്ല് അനുസാശിക്കുന്നു. 60 വിദ്യാര്‍ത്ഥികള്‍ക്ക് വരെ 2 അധ്യാപകരും 90 വരെ 3 അധ്യാപകരും 120 വരെ 4 പേരും. 150 ന് മുകളില്‍ ഒരു പൂര്‍ണ്ണ സമയ പ്രധാന അധ്യാപക തസ്‌തികയും ബില്ലില്‍ വിവക്ഷിക്കുന്നു. ഓരോ ഡിവിഷനും ഓരോ ക്ളാസ് മുറിയും അതിന് പുറമെ സ്‌കൂളിന് ഒരു ഓഫീസ് റൂമും ആവശ്യമാണെന്ന് ബില്ലില്‍ പറയുന്നു. കളിസ്ഥലം, മൂത്രപ്പുര, അടുക്കള എന്നിവ സ്‌കൂളുകള്‍ക്ക് ആവശ്യമാണ്.

വിദ്യാഭ്യാസ അവകാശ നിയമം പ്രാബല്യത്തില്‍ വന്നിട്ടുണ്ടെങ്കിലും ഇന്ത്യയില്‍ ഇത് യാഥാര്‍ത്ഥ്യമാക്കാന്‍ ആവശ്യമായ സാമ്പത്തിക ബാധ്യതകള്‍ എവിടെ നിന്ന് കണ്ടെത്തുമെന്ന് ഒരു നിശ്ചയവുമില്ല. ആദ്യത്തെ രണ്ട് വര്‍ഷം തന്നെ മുപ്പത്തിരണ്ടായിരം കോടിയും 5 വര്‍ഷത്തേക്ക് ഒരു ലക്ഷത്തി എഴുപത്തൊന്നായിരം കോടിയും ആവശ്യമാണെന്നാണ് സര്‍ക്കാറിന്റെ മതിപ്പ്. ഇപ്പോള്‍തന്നെ 22 ലക്ഷം അധ്യാപകരുടെ കുറവ് അനുഭവപ്പെടുന്നു. ദേശീയ വിദ്യാഭ്യാസ മേഖല ഈ പ്രശ്‌നങ്ങള്‍ എങ്ങനെ നേരിടുമെന്ന് ആര്‍ക്കും പറയാന്‍ കഴിയില്ല. ബാലവേലയും, സാമ്പത്തിക പ്രശ്‌നങ്ങളും ഇന്ത്യയിലെ എലിമെന്ററി വിദ്യാഭ്യാസ മേഖലയിലെ ഗുരുതരമായ പ്രശ്‌നങ്ങളാണ്. 1966-ല്‍ തന്നെ കോത്താരി കമ്മീഷന്‍ വിദ്യഭ്യാസത്തിന് മൊത്തം ദേശീയ വരുമാനത്തിന്റെ 10% നീക്കിവെക്കണം എന്ന് നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയില്‍ വിദ്യാഭ്യാസത്തിന്റെ പദ്ധതി അടങ്കല്‍ ഓരോ വര്‍ഷവും വെട്ടിക്കുറക്കപ്പെടുകയാണ്. 2009-ല്‍ ജി.ഡി.പി. യുടെ 2.5 % നീക്കിവെച്ച വിദ്യാഭ്യാസത്തിന് 2010 ല്‍ 2.2 % ആണ് നീക്കിവെച്ചിരിക്കുന്നത്. ചിലവഴിച്ച തുക പരിഗണിക്കുമ്പോള്‍ ഇതിന്റെ 40% മാത്രമാണ് വിനിയോഗിക്കപ്പെട്ടതെന്ന് കാണാം. കേന്ദ്ര ബജറ്റില്‍ പുതിയ വിദ്യാഭ്യാസ അവകാശ നിയമത്തിനായി ഒരു തുകയും വകയിരുത്തിയിട്ടില്ല.

സംസ്ഥാന സര്‍ക്കാറുകള്‍ക്ക് വരുന്ന അധിക ബാധ്യത എങ്ങനെ കണ്ടെത്തുമെന്നതും പ്രശ്‌നമാണ്. കേന്ദ്രഗവണ്‍മെന്റും സംസ്ഥാന ഗവണ്‍മെന്റും ബാധ്യതയുടെ 55:45 എന്ന അനുപാതത്തില്‍ തുക വകയിരുത്തണമെന്നാണ് നിയമത്തില്‍ പറയുന്നത്. ഇന്ത്യയിലെ പല സംസ്ഥാനങ്ങളും ഗ്രാമീണ മേഖലയില്‍ ഇപ്പോള്‍ ഭൌതികമോ അക്കാഡമികമോ ആയ ഒരു സൌകര്യവും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കില്ല. പ്രാപ്‌തരായ അധ്യാപകരെ ലഭ്യമാക്കാന്‍ ദേശീയ തലത്തില്‍ 5 വര്‍ഷം വേണമെന്ന് കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി കബില്‍ സിബല്‍ തന്നെ പറയുന്നുണ്ട്. ഇതിന് ആവശ്യമായ പരിശീലന സ്ഥാപനങ്ങള്‍ പലയിടങ്ങളിലും വിദൂര സ്വപ്‌നമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കിയിട്ടുള്ള അധികാരങ്ങള്‍ ശുഭോതര്‍ക്കമെങ്കിലും ദുര്‍ബലമായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നിലനില്‍ക്കുന്ന ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും ഇത് പ്രയോഗക്ഷമമാവില്ല. പല സംസ്ഥാനങ്ങളിലും ഇത്തരം സ്ഥാപനങ്ങള്‍ കേന്ദ്ര പദ്ധതികള്‍ നടപ്പിലാക്കുന്ന നിര്‍വഹണ ഏജന്‍സികള്‍ മാത്രമാണ്. സര്‍ക്കാറിന് സ്വന്തമായി സ്‌കൂളുകള്‍ തുടങ്ങാന്‍ കഴിവ് കുറവാണെന്നിരിക്കെ അണ്‍ എയിഡഡ് സ്ഥാപനങ്ങളായിരിക്കും പല സംസ്ഥാനങ്ങളിലും വരാനിടയുള്ളത്. 25% സീറ്റുകള്‍ മാത്രമാണ് ഇത്തരം സ്‌കൂളുകളില്‍ സംവരണം ചെയ്യപ്പെട്ടിട്ടുള്ളത്. വിദ്യാഭ്യാസ അവകാശ നിയമമനുസരിച്ച് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടവര്‍ക്ക് കോടതിയെ സമീപിക്കാന്‍ അവകാശമില്ല.

കേരളത്തില്‍ ഈ നിയമം മൂലം വലിയ അല്‍ഭുതങ്ങള്‍ സംഭവിക്കാനില്ല. അധ്യാപക വിദ്യാര്‍ത്ഥി അനുപാതം 1:30 ആകുമ്പോള്‍ അധ്യാപക തസ്‌തികളുടെ എണ്ണം വര്‍ദ്ധിക്കുമെന്നത് സ്വപ്‌നം മാത്രമാണ്. 1 മുതല്‍ 5 വരെയുള്ള ക്ളാസ്സുകള്‍ക്കാണ് ഈ അനുപാതം ഉള്ളത്. കേരളത്തിലെ ഭൂരിപക്ഷം സ്‌കൂളുകളിലും യഥാര്‍ത്ഥത്തില്‍ അധ്യാപക വിദ്യാര്‍ത്ഥി അനുപാതം 1:25 ആണ്. കേന്ദ്ര നിയമത്തില്‍ എയ്‌ഡഡ് സ്‌കൂളുകളിലെ അധ്യാപകരുടെ ശമ്പളം സര്‍ക്കാര്‍ നേരിട്ട് നല്‍കണം എന്നു പറയുന്നില്ല. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും എയ്‌ഡഡ് സ്‌കൂളുകള്‍ക്ക് ഗ്രാന്റ് മാത്രമാണ് നല്‍കുന്നത്. അണ്‍-എയ്‌ഡഡ് സ്‌കൂളുകളിലെ 25% കുട്ടികള്‍ക്ക് സര്‍ക്കാര്‍ ഫീസ് നല്‍കണമെന്ന നിബന്ധന കേരളത്തില്‍ എയ്‌ഡഡ് ഗവണ്‍മെന്റ് സ്‌കൂളുകളിലെ കുട്ടികള്‍ കുറയാനിടയാകും. 1991 മുതല്‍ പൊതു വിദ്യാഭ്യാസ മേഖലയില്‍ കുട്ടികളുടെ എണ്ണം കുറഞ്ഞുവരുന്ന കേരള സംസ്ഥാനത്തിന് ഇത് ഒരു പുതിയ തിരച്ചടികൂടിയാകും. സ്‌കൂളുകള്‍ തുടങ്ങുന്നതിനുള്ള നിബന്ധനകള്‍ എടുത്തുകളയപ്പെടുന്ന സാഹചര്യം സ്ഥിതിഗതികള്‍ കുടുതല്‍ രൂക്ഷമാക്കുന്നു. എലിമെന്ററി വിദ്യാഭ്യാസം എട്ടാം ക്ളാസ്സ് വരെയാകുന്നത് നല്ല കാര്യമാണെങ്കിലും ഇപ്പോള്‍ കേരളത്തിലെ ഹൈസ്‌കൂള്‍ ക്ളാസ്സുകളിലെ എച്ച്.എസ്.എ തസ്‌തികകള്‍ കുറയാന്‍ ഇടയാക്കും. നമ്മുടെ സംസ്ഥാനത്തില്‍ പൊതുവിദ്യാഭ്യാസം 12-ആം ക്ളാസ്സ് വരെയാണ്. ഐക്യരാഷ്‌ട്ര സഭയുടെ നിര്‍ദ്ദേശമനുസരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ അവകാശം ആധുനിക കാലത്ത് 18 വയസ്സുവരെ സൌജന്യമായി നല്‍കേണ്ടതുണ്ട്. ഇന്ത്യ ഇപ്പോഴും ഈ മേഖലയില്‍ അരനൂറ്റാണ്ട് പിറകിലാണ്. വിദ്യാഭ്യാസ അവകാശനിയമം 14 വയസ്സ് വരെ പരിമിതപ്പെടുത്തുന്നതില്‍ നിന്ന് മനസ്സിലാക്കാം.

കേരളത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഇടപെടലുകളെചൊല്ലി അനാവശ്യമായ വിവാദങ്ങള്‍ സൃഷ്‌ടിച്ച കേരളത്തിലെ മാധ്യമങ്ങളും ചില അധ്യാപക സംഘടനകളും ഇപ്പോള്‍ മൌനം അവലംബിക്കുന്നത് കുറ്റബോധം കൊണ്ടാണെന്ന് മനസ്സിലാക്കാം. ഭൌതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടത്തിയ പരിശ്രമങ്ങളും അക്കാഡമിക് നിലവാരം ഉയര്‍ത്താന്‍ അധ്യാപകര്‍ക്ക് നല്‍കിയ സഹായങ്ങളും ദുര്‍വ്യാഖ്യാനം ചെയ്‌തവര്‍ അക്കാഡമിക് കലണ്ടര്‍ നിര്‍മ്മിക്കാന്‍വരെയുള്ള പുതിയ നിയമത്തിലെ അധികാരങ്ങളെക്കുറിച്ച് അറിയാത്തതുകൊണ്ടാവില്ല വിമര്‍ശിക്കാതിരുന്നത്. സാര്‍വത്രിക വിദ്യാഭ്യാസം ഉറപ്പുനല്‍കിയ കേരളത്തില്‍ മെച്ചപ്പെട്ട വിദ്യാഭ്യാസത്തിന് ഇനിയും സാമ്പത്തികമായ സഹായം വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. എസ്.എസ്.എ യുടേയും RMSA (രാഷ്‌ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍) യുടേയും പദ്ധതി അടങ്കല്‍ ഏറ്റവും കുറച്ച് ലഭിക്കുന്ന സംസ്ഥാനമാണ് കേരളം. നേടിയെടുത്ത നേട്ടങ്ങളുടെ ശിക്ഷ അനുഭവിക്കുന്നവരാണ് നമ്മള്‍. വിദ്യാഭ്യാസ അവകാശ നിയമം പ്രാബല്യത്തില്‍വരുമ്പോഴെങ്കിലും ഈ അവസ്ഥയ്‌ക്ക് മാറ്റമുണ്ടാകണം.

വിദ്യാഭ്യാസം സാര്‍വത്രികമാക്കുന്നതില്‍ രണ്ട് പ്രധാന പോരായ്‌മകള്‍ ഈ നിയമത്തിലുണ്ട്. ഒന്നാം ക്ളാസ്സിലേക്ക് കുട്ടികളെ എത്തിക്കുന്നതില്‍ സാമൂഹ്യമായ പ്രശ്‌നങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ്. പ്രീ-പ്രൈമറി വിദ്യാഭ്യാസം ഇന്ത്യയില്‍ നാമമാത്രമാണ്. 6 വയസ്സിന് ചുവടെയുള്ള 28.4 % ത്തിന് മാത്രമാണ് ഇന്ത്യയില്‍ അംഗന്‍വാടിയില്‍ സേവനം ലഭിക്കുന്നത്. UNICEF ന്റെ റിപ്പോര്‍ട്ട് അനുസരിച്ച് 19.5 ലക്ഷം കുട്ടികള്‍ ദാരിദ്ര്യം മൂലം മരണമടയുന്ന രാജ്യമാണ് ഇന്ത്യ. ഉയരവും തൂക്കവും കുറവുള്ള (stunted and wasted) 54 ദശലക്ഷം കുട്ടികള്‍ ഇന്ത്യയിലുണ്ട്. ഇവരെ സ്‌കൂളിലെത്തിക്കുന്നതിന് ദാരിദ്ര്യവും സാമൂഹ്യപ്രശ്‌നങ്ങളുമാണ് തടസ്സം. ഇത് പരിഹരിക്കപ്പെടുന്നതിന് ഏറ്റവും കുറഞ്ഞ ശ്രദ്ധയാണ് ഇന്ത്യയിലെ ഭരണാധികാരികള്‍ കാണിക്കുന്നത്. ഒരു വശത്ത് സമ്പത്ത് കുന്നുകൂടുകയും ദരിദ്രരുടെ എണ്ണം വര്‍ദ്ധിക്കുകയും ചെയ്യുന്ന അവസ്ഥയ്‌ക്ക് മാറ്റമുണ്ടാകണം. ഇതേ പ്രശ്‌നം 6 വയസ്സിനും 18 ന് വയസ്സിനും ഇടയ്‌ക്കുള്ള കുട്ടികള്‍ക്കിടയിലുമുണ്ട്. 2009-10 ബജറ്റില്‍ കേന്ദ്രസര്‍ക്കാര്‍ 18 വയസ്സിന് ചുവടെയുള്ള കുട്ടികള്‍ക്ക് വേണ്ടി ആകെ നീക്കിവെച്ചിരിക്കുന്നത് ജി ഡി പി യുടെ 4.15 % മാത്രമാണ്. 44.7 കോടി വരുന്ന കുട്ടികള്‍ക്ക് വേണ്ടി ഇത്രയും തുക മാത്രമാണ് ചെലവയിക്കപ്പെടുന്നത്. എന്നത് നമ്മുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്. വിദ്യാഭ്യാസ മേഖലയില്‍ ദേശീയ ബജറ്റില്‍ നേരിയ വര്‍ദ്ധനവാണ് ഈ വര്‍ഷവും വകയിരുത്തിയിരിക്കുന്നത്.

സാര്‍വത്രിക വിദ്യാഭ്യാസത്തിന് ആവശ്യമായ തുക വകയിരുത്താത്ത സാഹചര്യത്തില്‍ വിദ്യാഭ്യാസ മേഖലയില്‍ ദേശീയ തലത്തില്‍ സ്വാകാര്യവല്‍ക്കരണം ശക്തിപ്പെടും. കേന്ദ്ര സര്‍ക്കാരിന്റെ നയംതന്നെ ഈ ദിശയിലുള്ളതാണ്. കഴിഞ്ഞ തവണ രാഷ്‌ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്റെ ആഭിമുഖ്യത്തില്‍ തുടങ്ങിയ 6000 മോഡല്‍ സ്‌കൂളുകളില്‍ 3500 ഉം Public–private partnership (PPP) അടിസ്ഥാനത്തിലാണ് തുടങ്ങിയത്. സെന്‍ട്രല്‍ സ്‌കൂള്‍, നവോദയ സ്‌കൂളുകള്‍ എന്നിവയില്‍ മാത്രം മെച്ചപ്പെട്ട വിദ്യാഭ്യാസ സൌകര്യങ്ങളുണ്ടാവുകയും മറ്റ് സ്ഥലങ്ങളില്‍ സൌകര്യങ്ങളില്ലാത്ത സര്‍ക്കാര്‍ സ്‌കൂളുകളുമാണ്. കേരളം ഒഴികെയുള്ള മറ്റ് സംസ്ഥാനങ്ങളുടെ അവസ്ഥ Bachelor of Rural Health Care (BRHC)പോലുള്ള കോഴ്‌സുകള്‍ തുടങ്ങാന്‍ ആരോഗ്യമന്ത്രി ഗുലാം നബി ആസാദ് തന്നെ പറഞ്ഞത് ഇന്ത്യയിലെ 4 ലക്ഷത്തോളം ഗ്രാമങ്ങളില്‍ നിന്ന് ഡോക്‌ടര്‍മാരേ ഉണ്ടാകുന്നില്ലെന്നാണ്. ഇന്ത്യയിലെ ഗ്രാമീണ മേഖലയില്‍ (കേരളം ഒഴികെ) DPEP യും SSA യും എല്ലാ കഴിഞ്ഞിട്ടും ഗുണമേന്മയുള്ള സര്‍ക്കാര്‍ സ്‌കൂളുകളില്ല. വിദ്യാഭ്യാസ അവകാശ നിയമത്തില്‍ ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പുകൊടുക്കുന്നത് ഒരു സാമ്പത്തിക ബാധ്യതയും ഏറ്റെടുക്കാതെ നിരക്ഷരരുടെയും ഗുണനിലവാരമില്ലാത്ത വിദ്യാഭ്യാസത്തിന്റെയും വലിയ യാഥാര്‍ത്ഥ്യത്തെ നേരിടുന്നതിന് ഭരണകൂടം ചിലവിടുന്ന തുക വളരെ അപര്യാപ്‌തമാണ്. ഭൌതിക സൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ ഇടപെടല്‍ വളരെ കുറവാണ്. കുടിവെള്ളവും ആഹാരവും വൈദ്യുതിയും ഒന്നും സാര്‍വത്രികമായി നല്‍കുന്നതിന് വേണ്ടത്ര ശ്രദ്ധ ദേശിയതലത്തില്‍ ഭൂരിപക്ഷം സംസ്ഥാനങ്ങളിലുമില്ല.

ഇന്ത്യയുടെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ 62 വര്‍ഷങ്ങള്‍ കഴിഞ്ഞാണ് വിദ്യാഭ്യാസ അവകാശ നിയമം വരുന്നത്. ഭരണഘടനയിലെ 45-ആം ആര്‍ട്ടിക്കിളില്‍ വിദ്യാഭ്യാസം ഉറപ്പ് നല്‍കിയിട്ടും പാലിക്കപ്പെടാതെപോയ ഈ അവകാശം രാഷ്‌ട്രീയ ഇഛാശക്തിയുടെ അഭാവമാണ് കാണിക്കുന്നത്. കേരളത്തില്‍ നടപ്പില്‍ വന്ന ഭരണഘടനാ അവകാശം മറ്റ് സംസ്ഥാനങ്ങളില്‍ എന്തുകൊണ്ട് ഉണ്ടായില്ലെന്നത് ഇപ്പോഴെങ്കിലും ആലോചിക്കേണ്ടതാണ്. ഈ നിയമവും യാഥാര്‍ത്ഥ്യമാകണമെങ്കില്‍ വിദ്യാഭ്യാസത്തിന് കൂടുതല്‍ തുക വകയിരുത്താന്‍ ഭരണാധികാരികള്‍ തയ്യാറാകണം. 2005-ല്‍ നടപ്പില്‍ വന്ന വിദ്യാഭ്യാസ സെസ്സിലൂടെ 2009-10 വര്‍ഷം പന്ത്രണ്ടായിരത്തി നാനൂറ്റി അറുപത്തിരണ്ട് കോടി രൂപ സര്‍ക്കാറിന് ലഭിച്ചിട്ടുണ്ട്. മുപ്പതിനായിരത്തി അറനൂറ് കോടി രൂപയാണ് ആകെ വിദ്യാഭ്യാസത്തിന്റെ ചിലവ്. ഈ അവസ്ഥയ്‌ക്ക് അടിയന്തിരമായി മാറ്റം വരുത്തണം. അല്ലെങ്കില്‍ ഡി.പി.ഇ.പി യും എസ്.എസ്.എ യും പോലെ ഈ നിയമവും ഭൂരിപക്ഷം സംസ്ഥാനങ്ങളിലും പ്രാവര്‍ത്തികമാകാതെ മാറും.

സാമ്പത്തികവും രാഷ്‌ട്രീയവും സാമൂഹ്യവുമായ കാരണങ്ങളാണ് ഇന്ത്യയിലെ ഔപചാരിക വിദ്യാഭ്യാസത്തിന്റെ എണ്ണത്തിലും ഗുണത്തിലുമുള്ള പിന്നോക്കാവസ്ഥയുടെ കാരണം. കേരളത്തിലെ ഭൂപരിഷ്‌ക്കരണ നിയമം പരിമിതമായ അര്‍ത്ഥത്തില്‍ നടപ്പിലാക്കിയപ്പോള്‍പോലും സ്‌കൂളിലെ എന്‍ട്രോള്‍മെന്റിലുണ്ടായ വര്‍ദ്ധനവ് 70 കളില്‍ നാം കണ്ടതാണ്. ബാലവേലയും ജാതീയവും പ്രാദേശികവുമായ പിന്നോക്കാവസ്ഥ തുടങ്ങി അടിസ്ഥാനപരമായ കാരണങ്ങള്‍ പരിഹരിക്കപ്പെടാതെ ഉപരിപ്ളവമായ തീരുമാനങ്ങള്‍ക്കൊണ്ട് വിദ്യാഭ്യാസ മേഖലയിലും അവസര സമത്വം ഉറപ്പുവരുത്താനാവില്ല.

*****

എം. രാധാകൃഷ്ണന്‍, കടപ്പാട് : യുവധാര

1 comment:

വര്‍ക്കേഴ്സ് ഫോറം said...

സ്വാതന്ത്ര്യം പ്രാപിച്ച് 62 വര്‍ഷം കഴിഞ്ഞെങ്കിലും വിദ്യഭ്യാസ രംഗത്ത് വളരെ പിന്നോക്കം നില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. മാനവ വികസന സൂചികയില്‍ 134 -ആം സ്ഥാനമാണ് നമുക്കുള്ളത്. ഓരോ വര്‍ഷവും ഇന്ത്യ കൂടുതല്‍ പിറകോട്ട് പോകുന്നതായി കാണാം. ശാസ്‌ത്രസാങ്കേതിക രംഗത്ത് നിരവധി അഭിമാനകരമായ നേട്ടങ്ങള്‍ കൈവരിക്കുന്ന ഒരു രാജ്യത്ത് ബഹുഭൂരിപക്ഷം ജനങ്ങളും ശോചനീയമായ ജീവിതാവസ്ഥയിലാണ്. UNICEF ന്റെ കണക്കനുസരിച്ച് 5 വയസ്സിന് താഴെയുള്ള ഭാരക്കുറവുള്ള കുട്ടികളില്‍ 42% ഇന്ത്യാക്കാരാണ്. വിദ്യാഭ്യാസ വികസന സൂചികയുടെ കാര്യത്തില്‍ രാജ്യം എത്യോപ്യയുടെ പോലും പിറകിലാണ്. 6 വയസ്സിനും 14 വയസ്സിനും ഇടയ്‌ക്ക് പ്രായമുള്ള കുട്ടികളില്‍ 52% സ്‌കൂളിന് പുറത്താണ്. 100 കുട്ടികള്‍ ഒന്നാം ക്ളാസ്സില്‍ ചേര്‍ന്നാല്‍ 32 കുട്ടികളാണ് പത്താംക്ളാസ്സില്‍ എത്തുന്നത്. ഗ്രാമീണ മേഖലയില്‍ സ്‌കൂളുകളുടെ എണ്ണവും ഗുണവും വളരെ കുറവാണ്. 70 % സ്‌കൂളുകള്‍ക്കും നല്ല കെട്ടിടങ്ങളില്ല. 30% സ്‌കൂളുകളില്‍ കുടിവെള്ളമോ മൂത്രപ്പുരയോ ഇല്ല. എലിമെന്ററി സ്‌കൂളുകളില്‍ 5.74 %സ്‌കൂളുകളില്‍ മാത്രമാണ് ഒരു കമ്പ്യൂട്ടറെങ്കിലും ഉള്ളത്. അധ്യാപക വിദ്യാര്‍ത്ഥി അനുപാതം ദേശീയതലത്തില്‍ 1:67 ആണ്. 1995 ല്‍ ആരംഭിച്ച ഡി.പി.ഇ.പി പദ്ധതിയും 2002 ല്‍ ആരംഭിച്ച എസ്.എസ്. എ പദ്ധതിയും ലക്ഷ്യമിട്ടത് 100 % എന്‍റോള്‍മെന്റ് ആയിരുന്നു. എന്നാല്‍ ലക്ഷ്യമിന്നും വളരെയകലെയാണ്.