Tuesday, March 4, 2008

മൊബൈല്‍ കൌതുകങ്ങള്‍

പറഞ്ഞാലും പറഞ്ഞാലും തീരാത്ത വിശേഷങ്ങളാണ് നാത്തൂനേ മൊബൈല്‍ വിശേഷങ്ങള്‍. ലോകത്ത് ഇപ്പോള്‍ നടക്കുന്ന വിപ്ലവങ്ങള്‍ സായുധവിപ്ലവമോ ചിന്താവിപ്ലവമോ അല്ല. അത് മൊബൈല്‍ വിപ്ലവമാണ്. പുതിയ സൌരയൂഥങ്ങളെയോ, പുതിയ ജീവലോകത്തെയോ കണ്ടുപിടിക്കുന്നത് കണ്ടുപിടിത്തമായി പുതിയ തലമുറ അംഗീകരിക്കില്ല. മൊബൈല്‍ ഫോണില്‍ ഒരു കണ്ടുപിടിത്തം-പുതിയൊരു മോഡല്‍ ഇറങ്ങുക, അല്ലെങ്കില്‍ റിങ്ടോണില്‍ ഒരു പുതിയ രീതിവരിക. അങ്ങനെ എന്തെങ്കിലും-അതാണ് പുതുതലമുറയുടെ കണ്ണിലെ യഥാര്‍ത്ഥ കണ്ടുപിടിത്തം.

നാത്തൂനേ എന്റെ പരിമിതമായ മൊബൈല്‍ അറിവുവച്ച് ഞാന്‍ ഒരു നിഘണ്ടുകൂടി ഉണ്ടാക്കിയിട്ടുണ്ട്. അതിങ്ങനെ.

മൊബൈല്‍ കള്ളന്മാര്‍

മൊബൈല്‍ മോഷ്ടിക്കുന്നവരല്ല. കള്ളംപറച്ചിലിനുവേണ്ടി മൊബൈല്‍ ഉപയോഗിക്കുന്നവര്‍.

'നീ ഇപ്പോള്‍ എവിടെയാണ്' എന്നു ചോദിച്ചാല്‍ ലാന്റ് ഫോണിലൂടെ കള്ളംപറയാന്‍ പറ്റില്ല. എന്നാല്‍ മൊബൈലില്‍ അങ്ങനെയല്ല. 'ഞാന്‍ പാറശ്ശാല നില്‍ക്കുകയാണ്' എന്ന് മൊബൈല്‍ഫോണിലൂടെ മറുപടി കൊടുക്കുമ്പോള്‍ ആശാന്‍ കാസര്‍കോഡ് ഏതോ കല്യാണ സല്‍ക്കാരത്തില്‍ പങ്കെടുത്തുനില്‍ക്കുകയായിരിക്കും. കാശ് തിരികെ കൊടുക്കാനുള്ളയാള്‍ വിളിക്കുന്നു. നമ്പര്‍ കാണുമ്പോള്‍ തന്നെ അറിയാം. അല്ലെങ്കില്‍ ഈ നമ്പരല്ലേ എന്നു സംശയം തോന്നാം. ഉടന്‍ നമ്മളും ഒരു നമ്പരിടും. ഫോണ്‍ അടുത്തു നില്‍ക്കുന്ന സ്നേഹിതനെയോ-അതോ അപരിചിതനെത്തന്നെയോ ഏല്‍പിക്കുന്നു. പിന്നെ നമുക്കുവേണ്ടി അവന്‍ സംസാരിക്കും. "അയ്യോ ഇന്നാര്‍ ഇപ്പോള്‍ പുറത്തോട്ടു പോയതേയുള്ളു. ഞാനോ? പുള്ളിക്കാരന്റെ സുഹൃത്താണ്. വരും. രണ്ടുമണിക്കൂര്‍ കഴിയുമ്പോള്‍ വരും.''

കള്ളന് കഞ്ഞിവച്ചവരാണ് വിളിക്കുന്നതെങ്കില്‍ കുട്ടപ്പന് പകരം ചെല്ലപ്പന്‍ ഫോണെടുക്കുമ്പോള്‍തന്നെ പറയും- "ആശാനേ കുട്ടപ്പന്‍ അടുത്തുനില്‍പ്പില്ലേ? കൊടുത്തേരേ....''

ഞാനീയിടെ കേട്ടു നാത്തൂനേ. ബസ് സ്റ്റാന്റില്‍ നിന്നപ്പോള്‍ ഒരാള്‍ക്ക് ഫോണ്‍ വരുന്നു. അയാള്‍ എടുത്തിട്ട് മെല്ലെ പറയുകയാണ്-"രമേശാ... ഞാന്‍ ബാത്റൂമിലാണ്. പിന്നീട് അങ്ങോട്ട് വിളിക്കാം.''

ഇന്‍ കമിംഗ്-ഔട്ട് ഗോയിംഗ്

മൊബൈല്‍ ബില്‍ കുറെ മാസത്തെ കുടിശ്ശിക അടയ്ക്കാതെ ഒളിച്ചുനടക്കുന്നവരെ അന്വേഷിച്ച് കമ്പനിയുടെ റപ്രസന്റേറ്റീവ്-20-കരാട്ടേ മാസ്റ്റര്‍ കസ്റ്റമറുടെ വീട്ടിനുള്ളില്‍ വരുന്നതിനെയാണ് ഇന്‍ കമിംഗ് എന്നു പറയുന്നത്.

'ഞാന്‍ അടച്ചിട്ടുണ്ടല്ലോ'. 'അടയ്ക്കാമെന്ന് പറഞ്ഞിരുന്നതാണല്ലോ'. 'ബില്ല് തെറ്റാണല്ലോ' തുടങ്ങിയ പരമ്പരാഗത ഒഴിവുകഴിവുകള്‍ കസ്റ്റമര്‍ പറയുന്നു. അവസാനം കാശുകൊടുത്തോ, സാന്ത്വനിപ്പിച്ചോ, നാണംകെട്ടോ, അവധിപറഞ്ഞോ റെപ്പിനെ വീട്ടിനുള്ളില്‍നിന്ന് പറഞ്ഞയക്കുന്നു. 'അടുത്ത ബുധനാഴ്ചയ്ക്കകം കാശടയ്ക്കണം' എന്ന മുന്നറിയിപ്പോടെ അയാള്‍ പോകും. ആ പോക്കാണ് 'ഔട്ട് ഗോയിംഗ്'.

കസ്റ്റമര്‍ ഈസ് ദ കിംഗ്

ഈയിടെ കേട്ട നേരമ്പോക്കാണ്.

ഒരു ഭിക്ഷക്കാരന്‍ മൊബൈല്‍ കണക്ഷനെടുത്തു. മിനിമം ചാര്‍ജ് 100 രൂപ. അയാള്‍ ആരെയും ഫോണ്‍ ചെയ്യാറില്ല. മാസാമാസം നൂറുരൂപ അടയ്ക്കും. ആരെയും വിളിക്കാനില്ലെങ്കില്‍ പിന്നെന്തിനാ മാസംതോറും നൂറുരൂപ കളയുന്നതെന്ന ചോദ്യത്തിന് അയാളുടെ മറുപടി. "ഞാന്‍ എല്ലാപേരെയും സാറെ സാറെ എന്ന് വിളിച്ചാണ് ഭിക്ഷ ചോദിക്കുന്നത്. എന്നേം ആരെങ്കിലും സാറേന്ന് വിളിക്കണമെന്ന് എനിക്കൊരാശ. അങ്ങനെയാണ് മൊബൈല്‍ കണക്ഷനെടുത്തത്. എല്ലാമാസവും ബില്ലിന്റെ തീയതി കഴിയുമ്പോള്‍ ഫോണ്‍ ആപ്പീസില്‍നിന്ന് വിളിവരും. "സാര്‍-ഈ മാസത്തെ ബില്‍ അടച്ചിട്ടില്ല.'' ആ ഒരു സാര്‍വിളി കേള്‍ക്കാന്‍ വേണ്ടിയാണ് എന്റെ ഈ കണക്ഷന്‍.

മൊബൈല്‍ ഗെയിം

മൊബൈലുകളില്‍ ഓരോ കമ്പനിക്കാരും ഗെയിമുകള്‍ കളികള്‍ അടക്കംചെയ്തിട്ടുണ്ട്. വീഡിയോ ഫുഡ്ബോള്‍-ക്രിക്കറ്റ് അങ്ങനെ. പക്ഷെ നാത്തൂനേ എന്നെ സംബന്ധിച്ച് ഏറ്റവും ഇഷ്ടപ്പെട്ട മൊബൈല്‍ ഗെയിം ഇതാണ്:

കസ്റ്റമര്‍ സര്‍വ്വീസിലേക്ക് നമ്മള്‍ വിളിക്കുന്നു. അപ്പോള്‍ ടേപ്പുചെയ്തിട്ടുള്ള ശബ്ദം...'വെല്‍ക്കം ടുദി...' ഒരുമിനിട്ടു നീണ്ടുനില്‍ക്കുന്ന സ്വാഗതവചനം കഴിഞ്ഞാല്‍ ഉടന്‍- ഭാഷ തെരഞ്ഞെടുക്കാന്‍ ഒന്ന് അമര്‍ത്തുക' നമ്മള്‍ തെരഞ്ഞെടുക്കുന്നു. 'നിലവിലുള്ള കസ്റ്റമറാണെങ്കില്‍ രണ്ടമര്‍ത്തുക. പുതുതായി ചേരാന്‍ ആഗ്രഹിക്കുന്ന ഹതഭാഗ്യനാണെങ്കില്‍ മൂന്നമര്‍ത്തുക.' 'ബില്ലിലെ വിവരങ്ങള്‍ അറിയാന്‍ നാലമര്‍ത്തുക'. നമ്മള്‍ മൂന്നും നാലും അമര്‍ത്തുന്നു. അതിലേക്ക് ചെല്ലുമ്പോള്‍ വീണ്ടും ശബ്ദം. "കസ്റ്റമര്‍കെയര്‍ എക്സിക്യൂട്ടീവിനോട് സംസാരിക്കുവാന്‍ ഒമ്പതില്‍ അമര്‍ത്തുക.'' അതും അമര്‍ത്തുന്നു. അപ്പോള്‍ കേള്‍ക്കാം 'കസ്റ്റമര്‍ കെയര്‍ എക്സിക്യുട്ടീവ് തിരക്കിലാണ്. ദയവായി കാത്തുനില്‍ക്കുക'. പിന്നെ പാട്ടാണ്... കുറച്ചു കഴിയുമ്പോള്‍ കസ്റ്റമര്‍ കെയര്‍ എക്സിക്യൂട്ടീവ് വരുന്നു. കാണാപ്പാഠം പഠിച്ച അഭിവാദനത്തോടെ 'ഞാന്‍ താങ്കളെ എങ്ങനെയാണ് ഹെല്‍പ്പ്ചെയ്യേണ്ടത്' എന്ന ഫോട്ടോ കോപ്പി വാചകങ്ങളിലേക്ക്.

റിട്ടയര്‍ചെയ്ത്, ഇഷ്ടംപോലെ സമയം അക്കൌണ്ടില്‍ ഉള്ളവര്‍ക്ക് എന്‍ജോയ്ചെയ്യാന്‍ പറ്റിയ ഒരു ഗെയിം ആണിത്. കോണിയും പാമ്പും കളിപോലെ ഇടയ്ക്കുവച്ച് ഫോണ്‍ കട്ടായാല്‍ കളി വീണ്ടും ആദ്യം മുതല്‍ തുടങ്ങേണ്ടിവരും.

ഔട്ട് ഓഫ് കവറേജ് ഏരിയ

നിരവധി ഫോണ്‍ കണക്ഷനുകളെടുത്ത് നില്‍ക്കക്കള്ളിയില്ലാതെ ബില്ലടയ്ക്കാന്‍ നിവൃത്തിയില്ലാതെ നാടുവിടുന്നതിനെയാണ് ഔട്ട് ഓഫ് കവറേജ് ഏരിയ എന്നുപറയുന്നത്. കമ്പനി സ്റ്റാഫിന് കവര്‍ചെയ്ത് വളഞ്ഞുപിടിക്കാന്‍ സാധിക്കാത്ത ഏരിയ. അതാണ് ഔട്ട് ഓഫ് കവറേജ് ഏരിയ.

സെല്‍-ഫോണ്‍

നിരന്തരം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ചെവിക്ക് പ്രശ്നവുമായി ഡോക്ടറെ കാണാന്‍ ചെല്ലുമ്പോള്‍ ഡോക്ടര്‍ ഉപദേശിക്കുന്നത്. സെല്‍-ഫോണ്‍. ഫോണ്‍ വിറ്റുകളയാന്‍.

-കൃഷ്ണ പൂജപ്പുര

Monday, March 3, 2008

അമേലിയയിലൂടെ വീണ്ടും മീരാനായര്‍

ഇന്ത്യന്‍ ചലച്ചിത്രപ്രതിഭ മീരാനായര്‍ വീണ്ടും അന്താരാഷ്ട്ര മാധ്യമങ്ങളില്‍ നിറയുകയാണ്. ഹോളിവുഡിലെ അതിപ്രശസ്തമായ സിനിമാസംരംഭത്തിന്റെ സംവിധാനത്തിന് അവര്‍ തെരഞ്ഞെടുക്കപ്പെട്ടതാണ് ഈ പരിഗണനയ്ക്ക് അടിസ്ഥാനം. സാഹസികതയുടെ അതിരില്ലാത്ത ആകാശത്ത് വിസ്മയങ്ങള്‍ തീര്‍ത്ത അമേരിക്കന്‍ യാത്രിക മേരി ഇയര്‍ഹാര്‍ടിനെക്കുറിച്ചുള്ള ചലച്ചിത്രമാണ് മീരയുടെ കൈകളിലെത്തിയിരിക്കുന്നത്. 'അമേലിയ' എന്ന് പേരിട്ടിരിക്കുന്ന അതേക്കുറിച്ചുള്ള വാര്‍ത്തകള്‍ എങ്ങും ചര്‍ച്ചയായിരിക്കുകയാണ്.

അറ്റ്ലാന്റിക്കിന് കുറുകെ തനിച്ച് ആകാശവാഹനത്തില്‍ പറന്ന ആദ്യ വനിതയായിരുന്നു ഇയര്‍ഹാര്‍ട് അമേലിയ . 1928ലായിരുന്നു ചരിത്രം കുറിച്ച ആ പരീക്ഷണം.1932 ലും 1935 ലും സമാനമായ ധീരതകളുണ്ടായി. ഹാവായില്‍ നിന്നും കാലിഫോര്‍ണിയയിലേക്ക് ആദ്യമായി തനിച്ചുപറന്നതും അവരായിരുന്നു. 1937 ല്‍ ഫ്രഡറിക് ജെ നൂമാനൊപ്പം ലോകം കീഴടക്കാന്‍ പുറപ്പെടുകയും ചെയ്തു. പദ്ധതിയിട്ട യാത്രയുടെ മൂന്നില്‍ രണ്ടും താണ്ടിക്കഴിഞ്ഞപ്പോഴേക്കും വിമാനം പസഫിക് സമുദ്രത്തില്‍ തെളിവുകള്‍ പോലും അവശേഷിപ്പിക്കാതെ അപ്രത്യക്ഷമാവുകയായിരുന്നു. ആ കാണാതാവലിനുപിന്നിലെ ദുരൂഹതകള്‍ ഇപ്പോഴും നീങ്ങിയിട്ടില്ല. ബോസ്റ്റണില്‍ മനുഷ്യാവകാശപ്രവര്‍ത്തനങ്ങളും സാമൂഹ്യസേവനങ്ങളും നടത്തിയതിലൂടെയും ഇയര്‍ഹാര്‍ട് ഏറെ തിളങ്ങിയിരുന്നു. എന്നിരുന്നാലും സാഹസികതയ്ക്കും ആത്മധൈര്യത്തിനും സ്വയംസന്നദ്ധതയ്ക്കുമാണ് അവര്‍ കൂടുതല്‍ പേരുകേട്ടത്. 1937 ലെ സങ്കടകരമായ വിമാനദുരന്തത്തെക്കുറിച്ച് സമുദ്രാന്വേഷകരും ഭൂഗര്‍ഭശാസ്ത്രജ്ഞരും പലവട്ടം അന്വേഷണങ്ങള്‍ നടത്തിയെങ്കിലും ഒരു നിഗമനത്തിലേക്കും കയറിയിരിക്കാനായിട്ടില്ല. മീരാനായരുടെ 'അമേലിയ' എന്ന സിനിമയില്‍ ഇയര്‍ഹാര്‍ടിനെ അവതരിപ്പിക്കുന്നത് പ്രശസ്ത ഹോളിവുഡ് അഭിനേത്രി ഹിലാരി സ്വാങ്ങ് ആണ്.

കാഴ്ചയിലെയും അന്വേഷണത്തിലെയും കൃത്യതയാവണം 'അമേലിയ' സംവിധാനം ചെയ്യാന്‍ മീരയെ ഹോളിവുഡ് ക്ഷണിച്ചതിനു പിന്നിലെ ആദ്യ പ്രേരകശക്തി. 2006 ഒക്ടോബറില്‍ ജര്‍മന്‍നഗരമായ ഫ്രാങ്ക്ഫര്‍ട്ടില്‍ അവരുമൊത്ത് കുറച്ചുനേരം ചെലവഴിച്ചതില്‍ നിന്ന് ആ കണിശത ബോധ്യപ്പെട്ടതുമാണ്. അന്നത്തെ ഏറ്റവും പുതിയ സിനിമയായ ദ നെയിം സെയ്ക്കുമായാണ് മീര ഫ്രാങ്ക്ഫര്‍ട്ടിലെത്തിയത്. ജുമ്പാലാഹിരിയുടെ നോവലിനെ ആസ്പദമാക്കിയതായിരുന്നു ആ ചലച്ചിത്രം. സാഹിത്യത്തില്‍ നിന്ന് ഇതിവൃത്തം സ്വീകരിക്കുന്ന സിനിമകളുടെ പ്രത്യേക പാക്കേജിലായിരുന്നു ദ നെയിം സെയ്ക്ക്. ഇത്തരം പാക്കേജ് ഫ്രാങ്ക്ഫര്‍ട്ട്മേളയുടെ പ്രത്യേകതകളിലൊന്നായിരുന്നു. ചിത്രപ്രദര്‍ശനത്തിനുശേഷം സംവിധായിക പ്രേക്ഷകരുടെയും മാധ്യമപ്രവര്‍ത്തകരുടെയും ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും മറുപടി നല്‍കുകയുമുണ്ടായി. അക്കൂട്ടത്തിലെ ഏക ഇന്ത്യക്കാരന്‍ എന്ന പരിഗണനയില്‍ എനിക്ക് കാര്യമായ അവസരവും നല്‍കി.

ഏത് സമൂഹമായാലും കലാകാരന്റെ പങ്കെന്താണ്? ആഗോളവത്കരണത്തിന്റെ സാംസ്കാരികാഭിരുചികള്‍ക്കിടയില്‍ സിനിമയുടെ ഭാവിയെന്താണ് തുടങ്ങിയ ചോദ്യങ്ങള്‍ ചിലര്‍ അവരോടുന്നയിച്ചു. ഇന്ത്യന്‍ വൈരുധ്യങ്ങളുടെ ഭയാനകമായ ജീവിതചിത്രങ്ങള്‍ എടുത്തിട്ടായിരുന്നു പല മറുപടികളും. ജാതിയുടെ പേരിലുള്ള കൂട്ടക്കുരുതികളും ആണവായുധപരീക്ഷണങ്ങളും. പള്ളി പൊളിക്കലുകളും ഫാഷന്‍ഷോകളും. ചര്‍ച്ചുകള്‍ക്ക് തീയിടലും മൊബൈല്‍ശൃംഖലാവ്യാപനവും. അടിമത്തൊഴിലും ഡിജിറ്റല്‍ വിപ്ലവവും. സ്ത്രീധനത്തിനായി നവവധുക്കളെ കൊല്ലലും മിസ്‌വേള്‍ഡുകളുടെ പുഞ്ചിരിയും-യാഥാര്‍ത്ഥ്യങ്ങളുടെ ഈ അവസ്ഥ കാണാതെ ഒരു കലാകാരനും തന്റെ മേഖലയോട് നീതി കാട്ടാനാവില്ലെന്നും മീരാനായര്‍ ഫ്രാങ്ക്ഫര്‍ട്ടില്‍ തുറന്നടിക്കുകയുണ്ടായി.

കലയിലെയും സിനിമയിലെയും വ്യാപാരവത്കരണത്തെയും അവര്‍ രൂക്ഷമായി കടന്നാക്രമിച്ചു. ബോളിവുഡ്, വാണിജ്യസിനിമയുടെ ഉത്പാദനകേന്ദ്രം മാത്രമാണ്. വിഭവധൂര്‍ത്തിന്റെയും അമിതസംഗീത-നൃത്താവേശത്തിന്റെയും പുരാണപ്രണയത്തിന്റെയും സാംസ്കാരികക്കെണി തന്നെ. അതാവട്ടെ ജനങ്ങള്‍ക്ക് ഒളിച്ചോട്ടത്തിന്റെ വിനോദകാലാവസ്ഥയാണ് ഒരുക്കുന്നതെന്നും മീര പറയുകയുണ്ടായി. ഈ ധാരയോടുള്ള വിമര്‍ശനമാണ് അവരുടെ മിക്ക ഡോക്യുമെന്ററികളും സിനിമകളും. ജനങ്ങള്‍ക്കുവേണ്ടിയാണ് തങ്ങള്‍ സിനിമ പിടിക്കുന്നതെന്ന ബോളിവുഡ് മുഖ്യധാരയുടെ അവകാശവാദം എന്നാല്‍ ജനവിരുദ്ധതയിലാണ് വിടര്‍ന്നുനില്‍ക്കുന്നതെന്നും മീരാനായര്‍ കൂട്ടിച്ചേര്‍ത്തു.

ഏറെ പ്രശംസ നേടിയ 'സലാംബോബെ'യില്‍ റിയലിസത്തിനാണ് അവര്‍ പ്രാധാന്യം നല്‍കിയത്. ആ മഹാനഗരത്തിലെ തെരുവില്‍ അലിഞ്ഞുതീരുന്ന കുട്ടികളെക്കുറിച്ചായിരുന്നു അത്. ഒരു ചായക്കടയിലെ കൃഷ്ണ എന്ന ബാലന്റെ ദുരന്തസങ്കടങ്ങളിലൂടെയാണ് സിനിമ മുന്നേറുന്നതും. വേശ്യാവൃത്തിയും മയക്കുമരുന്ന് കച്ചവടവും കൈകോര്‍ത്തതായിരുന്നു ആ തെരുവ്. സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങിപ്പോകും മുമ്പ് കൃഷ്ണയ്ക്ക് അഞ്ഞൂറ് രൂപയെങ്കിലും സമ്പാദിച്ച് കൊണ്ടുപോകേണ്ടിയിരുന്നു. ഇത്തരം കുറേ സന്ദര്‍ഭങ്ങളിലൂടെ പ്രതീക്ഷാരാഹിത്യം എല്ലാവരെയും ചൂഴ്ന്നുനില്‍ക്കുന്നതായും മീര ഓര്‍മ്മിപ്പിച്ചു. സിനിമയിലെ ഒട്ടുമിക്ക കഥാപാത്രങ്ങളും തെരുവില്‍ നിന്നുള്ളവരായിരുന്നുവെന്നത് മറ്റൊരു പ്രത്യേകത. ഇവരുടെയെല്ലാം പ്രതിസന്ധികള്‍ക്ക് ലളിതപരിഹാരങ്ങളില്ലെന്നും തുറന്ന രക്ഷാമാര്‍ഗങ്ങളില്ലെന്നും ചിത്രം കൂട്ടിച്ചേര്‍ത്തു.

യു എസ് ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഡോക്യുമെന്ററിയായി തെരഞ്ഞെടുക്കപ്പെട്ട, 1985 ലെ ഗ്ലോബല്‍ വില്ലേജ് ഫിലിം ഫെസ്റ്റിവലില്‍ ആദരിക്കപ്പെട്ട, 'ഇന്ത്യന്‍ കാബറെ' എന്ന ഡോക്യുമെന്ററിയും ഇതിന്റെ മറ്റൊരനുബന്ധം തന്നെ. 1987 ല്‍ പുറത്തിറങ്ങിയ 'ചില്‍ഡ്രണ്‍ ഓഫ് എ ഡിസയര്‍ഡ് സെക്സ്' ഗര്‍ഭിണികളുടെ സംഘര്‍ഷമനസ്സിനെയാണ് അഭിമുഖീകരിച്ചത്. പെണ്‍കുട്ടികളെ ഗര്‍ഭത്തില്‍ വഹിക്കുന്ന സ്ത്രീകള്‍ കടുത്ത അവഗണനയോടും നിറഞ്ഞ മുന്‍വിധിയോടും മാത്രം പരിഗണിക്കപ്പെടുന്നതിന്റെ സാമൂഹ്യ മന:ശാസ്ത്രമാണ് ഇതില്‍ പരിശോധിക്കുന്നതും. അവകാശനിഷേധം ഭയന്ന് പെണ്‍ഭ്രൂണഹത്യയ്ക്ക് നിര്‍ബന്ധിക്കപ്പെടുകയാണ് ഇതില്‍ സ്ത്രീകള്‍. ഇന്ത്യന്‍ സാമൂഹ്യാവസ്ഥകളിലേക്ക് തുറന്നുപിടിച്ച മീരാനായരുടെ കണ്ണുകള്‍ക്കും ക്യാമറകള്‍ക്കും ലഭിച്ച വലിയ അംഗീകാരമാണ് 'അമേലിയ'യുടെ സംവിധായകസ്ഥാനം. ജനപ്രിയതയുടെ ചേരുവകള്‍ കടന്നുവെച്ചുകൊണ്ടുള്ള അനുരഞ്ജനരഹിതമായ ആ ഇടപെടല്‍ തീര്‍ച്ചയായും ഹോളിവുഡിലും ചരിത്രം സൃഷ്ടിക്കാതിരിക്കില്ല.

-അനില്‍കുമാര്‍ എ വി, ചിത്രങ്ങള്‍ക്ക് കടപ്പാട്: ദേശാഭിമാനി, വിക്കിപീഡിയ

Sunday, March 2, 2008

വെറും വാക്കുകള്‍ തെരഞ്ഞെടുപ്പ് ജയിപ്പിക്കുമോ?

ധനമന്ത്രി ചിദംബരം അവതരിപ്പിച്ച കഴിഞ്ഞ നാലു ബജറ്റ് ഒരു സൂചകമാണെങ്കില്‍ അദ്ദേഹം തികഞ്ഞ യാഥാസ്ഥിതികനായ സാമ്പത്തിക പരിഷ്കര്‍ത്താവാണ്. നികുതിയിളവുകളിലൂടെയും മറ്റ് ആനുകൂല്യങ്ങളിലൂടെയും സ്വകാര്യമൂലധനം പോഷിപ്പിക്കാന്‍ അദ്ദേഹം ജാഗ്രതയോടെ അത്യധ്വാനം നടത്തിയിരിക്കുന്നു. അതാകട്ടെ അസമത്വത്തില്‍ വലിയതോതില്‍ വര്‍ധനയുണ്ടാക്കുന്ന വികസനപ്രക്രിയയാണ്. പക്ഷേ, അദ്ദേഹം പ്രകടമായി ഇതില്‍ സന്തുഷ്ടനാണ്. 2006-07ലെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനവളര്‍ച്ച 9.6 ശതമാനത്തില്‍ തൊട്ടത് ചൂണ്ടിക്കാട്ടി സമീപകാലത്ത് വളര്‍ച്ചയിലുണ്ടായ വേഗം ഒരു ഹ്രസ്വകാല പ്രതിഭാസമല്ലെന്ന് ഗവണ്‍മെന്റിന് അവകാശപ്പെടാം. ഈ പതിറ്റാണ്ടിന്റെ ആദ്യ മൂന്നുവര്‍ഷത്തില്‍ വളര്‍ച്ചനിരക്ക് 4.67 ശതമാനമായിരുന്നു. 2003-04 മുതലുള്ള നാലുവര്‍ഷം ശരാശരി 8.75 ശതമാനമായാണ് വളര്‍ച്ച കണക്കാക്കിയിരിക്കുന്നത്. 2007-08ലെ യഥാര്‍ഥ പ്രതീക്ഷിതവളര്‍ച്ച 8.7 ശതമാനമാണ്. അഞ്ചുകൊല്ലം വളര്‍ച്ച ഏതാണ്ട് ഒമ്പതു ശതമാനത്തില്‍ തുടരുന്നത് വളര്‍ച്ചയുടെ പുതിയൊരു കഥയാണ്.

ഈ വളര്‍ച്ചയ്ക്കൊപ്പം അസമത്വവും വളരുന്നുവെന്നത് ആര്‍ക്കും നിഷേധിക്കാനാകില്ല. കൃഷിയും ഇന്ത്യന്‍ കര്‍ഷകനും നരകിക്കുമ്പോള്‍, തൊഴിലാളികളും തൊഴിലില്ലാത്ത പാവങ്ങളും കഷ്ടപ്പാടിന്റെയും മന്ദഗതിയിലുള്ള വരുമാനവര്‍ധനയുടെയും ദുരിതമനുഭവിക്കുമ്പോള്‍, വിജയശ്രീലാളിതരായ ഉയര്‍ന്ന ഇടത്തരക്കാരുടെയും വലിയ സമ്പന്നരുടെയും ഏതാനും ബഹുകോടീശ്വരന്മാരുടെയും കഥകളാണ് ഇന്ത്യ ഉല്‍പ്പാദിപ്പിക്കുന്നത്. വളര്‍ച്ചയോടൊപ്പമുള്ള അസമത്വവും ദുരിതവും ഉയര്‍ന്ന ജിഡിപി വളര്‍ച്ചനിരക്കിന്റെ പ്രഭ കെടുത്തുന്നു. അതില്‍ത്തന്നെയാണ് യഥാര്‍ഥ പ്രശ്നങ്ങള്‍. അഞ്ചുകൊല്ലത്തിലൊരിക്കല്‍ തെരഞ്ഞെടുപ്പുയുദ്ധം ചെയ്യേണ്ട പാര്‍ടിയുടെ പ്രതിനിധിയായ രാഷ്ട്രീയക്കാരനാണ് ചിദംബരം. അടുത്ത പൊതുതെരഞ്ഞെടുപ്പിന് ഇനി ഒരുവര്‍ഷംമാത്രം. സാധാരണ വോട്ടര്‍മാര്‍ക്കു മുന്നില്‍ ഒരു വര്‍ഷത്തേക്കെങ്കിലും അദ്ദേഹത്തിന് വഴി മാറേണ്ടതുണ്ട്. ദരിദ്രരെയും സാധാരണക്കാരെയും പ്രീണിപ്പിക്കാനുള്ള ചില ഇളവുകള്‍ വാഗ്ദാനം ചെയ്യേണ്ടതുമുണ്ട്. 2007-08ല്‍ 23 ശതമാനമാണ് നികുതിവരുമാനത്തിലെ വര്‍ധന. വരുംവര്‍ഷത്തില്‍ 17.5 ശതമാനം അധികവര്‍ധന ബജറ്റില്‍ ലക്ഷ്യമിടുന്നു. ഇത് നികുതി-ജിഡിപി അനുപാതം ഉയര്‍ത്തുന്നു.

ചിദംബരം യഥാര്‍ഥ ചുവരെഴുത്ത് വായിച്ചതായും ഒരു രാഷ്ട്രീയക്കാരനെന്ന നിലയില്‍ അനിവാര്യമായത് ചെയ്തതായുമാണ് ഇതില്‍നിന്ന് പുറമേക്ക് കാണാനാകുന്നത്; അദ്ദേഹം സന്തുഷ്ടനല്ലെങ്കില്‍പ്പോലും. ഇന്ത്യയിലെ പ്രതിസന്ധിയില്‍പ്പെട്ട് ഉഴലുന്നവരും കടക്കെണിയില്‍പ്പെട്ടവരുമായ കര്‍ഷകരുടെ കടാശ്വാസപദ്ധതിക്ക് തുടക്കമിട്ടു എന്നതാണ് ഏറ്റവും ശ്രദ്ധേയമായ മുന്‍കൈ. തീര്‍ച്ചയായും ഇത് മികച്ചതും വളരെ നേരത്തെതന്നെ വേണ്ടിയിരുന്നതുമായ നടപടിയാണ്. പക്ഷേ, കടാശ്വാസപാക്കേജിനെക്കുറിച്ച് നാം ആഴത്തില്‍ പഠിക്കുമ്പോള്‍ ആദ്യമുണ്ടാകുന്ന പ്രതീക്ഷകള്‍ അസ്തമിക്കും. ഒന്നാമതായി, അധിക നികുതിവരുമാനം കടാശ്വാസത്തിനായി വിനിയോഗിക്കാനുള്ള ശ്രമങ്ങളില്ല. പകരം 60,000 കോടി വരുന്ന കടബാധ്യത തീര്‍ക്കാന്‍ വാണിജ്യ -സഹകരണ ബാങ്കുകള്‍ക്ക് ഗവണ്‍മെന്റ് സെക്യൂരിറ്റി നല്‍കുന്നതുപോലുള്ള ബജറ്റിതര മാര്‍ഗങ്ങള്‍ അവലംബിക്കുന്നതായാണ് കരുതേണ്ടത്. ഇത് ധനകമ്മിക്കു പുറത്തുള്ള ഒരു ബുക്കിടപാടില്‍ക്കവിഞ്ഞ ഒന്നല്ല. മാത്രമല്ല, ഭാവിയില്‍ ഈ സെക്യൂരിറ്റിക്കുമേല്‍ പലിശ കൊടുക്കേണ്ടിവരുന്നതുമാണ്.

ഈ രീതി മൊത്തത്തില്‍ അപര്യാപ്തമാണ്. കാര്‍ഷിക കടത്തിന്റെ വലിയൊരു ഭാഗം, വിശേഷിച്ച് ദരിദ്രകര്‍ഷകരുടെ കടം വട്ടിപ്പണക്കാരില്‍നിന്നുള്ളതാണ്. ആ കടമായിരുന്നു എഴുതിത്തള്ളുന്നതെങ്കില്‍ പണമായിത്തന്നെ നല്‍കേണ്ടിവന്നേനെ. അതിന് ഗവണ്‍മെന്റ് തയ്യാറല്ല. അതിനാല്‍ത്തന്നെ ഔപചാരിക ബാങ്കുകള്‍ നല്‍കിയ കടത്തില്‍ മാത്രമായി എഴുതിത്തള്ളല്‍ പരിമിതപ്പെടുന്നു. ഇതുകൊണ്ടുതന്നെ ഏറ്റവും താഴെക്കിടയിലുള്ള കടബാധിതരായ കര്‍ഷകര്‍ക്ക് ആശ്വാസം ലഭിക്കുന്നില്ല. അതിനു പുറമെ രണ്ടു ഹെക്ടറോ അതില്‍ കുറവോ ഭൂമിയുള്ള കര്‍ഷകരുടെ കടങ്ങള്‍മാത്രമാണ് എഴുതിത്തള്ളുന്നത്. വരണ്ട ഭൂമിയുള്ളിടങ്ങളിലെ കൂടുതല്‍ നിലം കൈവശമുള്ള ചെറുകിട-ഇടത്തരം കര്‍ഷകരും ഇതില്‍ വരുന്നില്ല.

സാധാരണക്കാരോടുള്ള പരിഗണനയില്ലായ്മ ബജറ്റില്‍ എല്ലായിടത്തും പ്രതിഫലിക്കുന്നുണ്ട്. പണപ്പെരുപ്പമാണ് യഥാര്‍ഥ അപകടമെന്ന് ധനമന്ത്രിതന്നെ പറയുന്നുണ്ട്.

" 2007 ഏപ്രില്‍മുതല്‍ 2008 ജനുവരിവരെയുള്ള കാലത്ത് എണ്ണയുടെയും ചരക്കുകളുടെയും ഭക്ഷ്യധാന്യങ്ങളുടെയും അന്താരാഷ്ട്രവില കുത്തനെ ഉയര്‍ന്നിട്ടുണ്ട്. എണ്ണയുടെ കാര്യം സഭയിലെ എല്ലാവര്‍ക്കുമറിയാം. ഇരുമ്പയിരിന്റെയും ചെമ്പിന്റെയും ഈയത്തിന്റെയും ടിന്നിന്റെയും യൂറിയയുടെയും മറ്റും വില ഉയര്‍ന്നു. ഗോതമ്പുവില 88 ശതമാനവും അരിവില 15 ശതമാനവും ലോകവിപണിയില്‍ വര്‍ധിച്ചു. ഈ പ്രവണതയെല്ലാം വിലക്കയറ്റമുണ്ടാക്കുന്നതാണ്, ആഭ്യന്തര വിലകള്‍ക്കുമേല്‍ സമ്മര്‍ദം ചെലുത്തുന്നതുമാണ്-പ്രത്യേകിച്ച് ഭക്ഷ്യധാന്യവില.''-ബജറ്റിന്റെ ആമുഖത്തില്‍ പറയുന്നു.

ആഭ്യന്തരമായി, പെട്രോളിയത്തിന്റെയും പെട്രോളിയം ഉല്‍പ്പന്നങ്ങളുടെയും വിലവര്‍ധന പൊതുവിലക്കയറ്റത്തിന് ഇടയാക്കുന്നു. സാധാരണക്കാരന്റെ നിത്യോപയോഗ സാധനങ്ങളുടെയും ഭക്ഷ്യവസ്തുക്കളുടെയും വിലയാണ് വര്‍ധിക്കുന്നത്. ആ പ്രശ്നം പരിഹരിക്കാന്‍ ധനമന്ത്രി ഒന്നും ചെയ്യുന്നില്ല. പെട്രോള്‍ വില ലിറ്ററിന് രണ്ടുരൂപയും ഡീസലിന്റേത് ഒരു രൂപയും കൂട്ടിയപ്പോള്‍ത്തന്നെ ചില്ലറവില്‍പ്പനവില കുറയ്ക്കും മട്ടില്‍ തീരുവകള്‍ ഇളവുചെയ്യാന്‍ കഴിയുമായിരുന്നു. ഖജനാവില്‍ വലിയതോതില്‍ പണം എത്തി. അതിന് അനുസൃതമായി ഡ്യൂട്ടിയും ചുമത്തി. എണ്ണവിലവര്‍ധനയുടെ ആഘാതം ഭാഗികമായി കുറയ്ക്കാന്‍ കഴിയുംവിധം തീരുവകളില്‍ മാറ്റംവരുത്താന്‍ കഴിയേണ്ടതാണ്. ആനുപാതിക തീരുവയില്‍നിന്ന് നിശ്ചിത തീരുവയിലേക്കുള്ള മാറ്റം ധനമന്ത്രി അംഗീകരിച്ചു. എന്നാല്‍, അദ്ദേഹം നിജപ്പെടുത്തിയ നിശ്ചിത തീരുവകൊണ്ട് ഉപഭോക്താവിന് ആശ്വാസമോ ചില്ലറവില്‍പ്പനവിലയില്‍ കുറവോ ഉണ്ടാകുന്നില്ല. ഇതുകൊണ്ട് ഭക്ഷ്യവില കുതിച്ചുയര്‍ന്നു.

പണപ്പെരുപ്പത്തിന്റെ പ്രവണത ഇനിയും തുടരും. ധനമന്ത്രി ചൂണ്ടിക്കാട്ടിയതുപോലെതന്നെ അന്താരാഷ്ട്രവിലകള്‍ കുത്തനെ ഉയരുകയാണ്. ഈ വര്‍ഷത്തെ ഉല്‍പ്പാദനസൂചകങ്ങളനുസരിച്ച് ഇന്ത്യക്ക് ഭക്ഷ്യ ഇറക്കുമതി അനിവാര്യമാണ്. പൊതുവിതരണത്തിന് ഉയര്‍ന്ന വിലകൊടുത്ത് ഇറക്കുമതിചെയ്യാന്‍ നിര്‍ബന്ധിതമാകും. ഉയര്‍ന്ന വിലയ്ക്ക് ഇറക്കുമതി നടക്കുമ്പോള്‍ ഇവിടത്തെ കര്‍ഷകര്‍ക്കും അവരുടെ ഉല്‍പ്പന്നത്തിന് തത്തുല്യമായ വില നല്‍കേണ്ടതായി വരും. താങ്ങുവിലകള്‍ വര്‍ധിപ്പിക്കേണ്ടിവരും. അതിന്റെ അനിവാര്യഫലം നിത്യോപയോഗസാധനങ്ങളുടെ വിലവര്‍ധന തന്നെയാണ്.

പൊതുവിതരണസംവിധാനം വ്യാപിപ്പിക്കലും അതിലേക്കു കൂടുതല്‍ ഭക്ഷ്യവസ്തുക്കള്‍ അനുവദിക്കലുമാണ് ഈ വിലക്കയറ്റപ്രവണതയെ നിര്‍വീര്യമാക്കാനുള്ള ഒരുമാര്‍ഗം. ഉയര്‍ന്ന വിലയ്ക്ക് ഭക്ഷ്യവസ്തുക്കള്‍ വാങ്ങിയാണ് വിതരണം ചെയ്യുന്നതെങ്കില്‍ സബ്‌സിഡി വര്‍ധിപ്പിക്കുകയേ തരമുള്ളൂ. എന്നാല്‍, സബ്‌സിഡിയില്‍ കഴിഞ്ഞ വര്‍ഷത്തേതില്‍നിന്ന് നേരിയ വര്‍ധനമാത്രമേ ബജറ്റില്‍ നിര്‍ദേശിക്കുന്നുള്ളൂ- 31,546 കോടിയില്‍നിന്ന് 32,667 കോടിയായി വര്‍ധിക്കുന്നു. ഇത് അപര്യാപ്തമാണ്. വിലക്കയറ്റത്തിന്റെ അപകടത്തെപ്പറ്റി ബോധവാനെന്നു തോന്നുന്നുണ്ടെങ്കിലും അര്‍ഥപൂര്‍ണമായി പ്രശ്നം കൈകാര്യംചെയ്യാന്‍ ധനമന്ത്രി തയ്യാറാകുന്നില്ല. അത് അത്ഭുതകരംതന്നെ.

-സി പി ചന്ദ്രശേഖര്‍

Saturday, March 1, 2008

ആഗോള ഐ.ടി. രംഗത്ത് ഒളിമിന്നുന്ന വര്‍ഗ്ഗസമരം

എല്ലാ മേഖലയിലും കമ്പ്യൂട്ടര്‍ കടന്നുകയറിയതോടെ കമ്യൂണിസം കാലഹരണപ്പെട്ടു എന്നും വിപ്ലവം അസാധ്യമായി എന്നുമുള്ള വാദങ്ങളുമായി മാര്‍ക്സിസത്തിനും ശാസ്ത്രീയ സോഷ്യലിസത്തിനും അന്ത്യകൂദാശ ചെയ്യാനും, ശവപ്പെട്ടി ഒരുക്കാനും ഒരുമ്പെട്ടിറങ്ങിയിരിക്കുന്നവരില്‍ പലര്‍ക്കും അറിവില്ലാത്ത കാര്യമായിരിക്കും “ചരിത്രപരമായി നോക്കുമ്പോള്‍ ബൂര്‍ഷ്വാസി ഏറ്റവും വിപ്ലവകരമായ ഒരു പങ്ക് വഹിച്ചിട്ടുണ്ട്” എന്ന് പരസ്യമായി ആദ്യം ലോകത്തോട് പറഞ്ഞത് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ ആയിരുന്നു എന്ന വസ്തുത. ഈ വാചകം വഴി മാര്‍ക്സും, എംഗല്‍സും പറയാന്‍ ശ്രമിച്ചത് മുതലാളിമാര്‍ ബോധപൂര്‍വം വിപ്ലവം നടത്തി എന്നല്ല, മറിച്ച് കമ്പോളത്തില്‍ അസംഖ്യം ഉല്പാദകര്‍ നിലനില്പിനും വികാസത്തിനും ആയി മത്സരത്തിലേര്‍പ്പെട്ടപ്പോള്‍ അവരറിയാതെ സമൂഹത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ ഉണ്ടായി എന്നാണ്. നമ്മുടെ നാട്ടില്‍തന്നെ തീണ്ടിക്കൂടായ്മയും തൊട്ടുകൂടായ്മയും ഉള്‍പ്പെടെ കേരളത്തെ ഒരു ഭ്രാന്താലയമാക്കി തീര്‍ത്ത ജാതി, ജന്മിവാഴ്ചയെ തകര്‍ത്തത് മുതലാളിത്തവികാസമാണല്ലാ.

ഇന്ന് മുതലാളിത്തത്തിന് അതിന്റെ പഴയ പുരോഗമനസ്വഭാവം വളരെയധികം നഷ്ടപ്പെട്ടിരിക്കുന്നു. അന്നത്തെ അപേക്ഷിച്ച് വളരെയധികം ജീര്‍ണ്ണിച്ചിരിക്കുന്നു. എങ്കിലും ബൂര്‍ഷ്വാസിയുടെ മാറ്റങ്ങള്‍ ഉണ്ടാക്കാനുള്ള ശേഷി തികച്ചും അസ്തമിച്ചിരിക്കുന്നു എന്ന് പറയാന്‍ ആവില്ല. അതുകൊണ്ടാണല്ലാ, മൂര്‍ഛിക്കുന്ന പ്രതിസന്ധികള്‍ക്കിടയിലും പുതിയ വഴി കണ്ടെത്തി ആയുസ്സ് നീട്ടിക്കൊണ്ട് പോകാന്‍ മുതലാളിത്തത്തിന് ഇതുവരെ കഴിഞ്ഞിട്ടുള്ളത്. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ മുന്നോട്ടുവെച്ച വൈരുധ്യാത്മകയുക്തിക്കനുസരിച്ച് പരിശോധിച്ചാല്‍ ഇന്ന് ഈ ലോകത്തെ കീഴ്‌മേല്‍ മറിച്ചുകൊണ്ടിരിക്കുന്ന വിവരവിപ്ലവവും വിജ്ഞാനവിപ്ലവവും, ശാസ്ത്രസാങ്കേതികവിപ്ലവവും എല്ലാം ബൂര്‍ഷ്വാസിയുടെ പഴയ വിപ്ലവപരമായ പങ്കിന്റെ തുടര്‍ച്ചതന്നെയാണെന്നു കാണാം. ഇവിടെയും മുതലാളിമാര്‍ ആസൂത്രണം ചെയ്ത് വിപ്ലവം നടത്തി എന്ന് അര്‍ത്ഥമില്ല. മറിച്ച് ഉല്പാദനക്ഷമത കൂട്ടി ലാഭം വര്‍ദ്ധിപ്പിക്കാന്‍ മുതലാളിമാര്‍ കഴുത്തറുപ്പന്‍ മത്സരത്തില്‍ ഏര്‍പ്പെട്ടപ്പോള്‍, അതിനുവേണ്ടി ശാസ്ത്രവും, സാങ്കേതികവിദ്യയും, ഐ.ടി.യും എല്ലാം ഉപയോഗപ്പെടുത്തിയപ്പോള്‍ അവരറിയാതെതന്നെ ചില വിപ്ലവകരമായ മാറ്റങ്ങള്‍ ഉണ്ടായി എന്നുമാത്രം. ഉദാഹരണത്തിന് മുതലാളിത്തവും ജനാധിപത്യവും ഇത്രയധികം വികസിച്ചിട്ടും ഫ്യൂഡല്‍, അര്‍ദ്ധ-ഫ്യൂഡല്‍ ആശ്രിതത്വമനോഭാവത്തിന്റെ ഭാണ്ഡവും പേറി ദാരിദ്ര്യവും കഷ്ടപ്പാടും, വേദനകളും തങ്ങള്‍ക്ക് വിധിക്കപ്പെട്ടതാണെന്ന വിശ്വാസത്തില്‍ മോഹനിദ്രയിലാണ്ടു കഴിയുന്ന മൂന്നാം ലോകരാജ്യങ്ങളിലെ സ്ത്രീകളും, ഗ്രാമവാസികളും, ആദിവാസികളും ഉള്‍പ്പെടെയുള്ള ജനകോടികളെ കളര്‍ടെലിവിഷനും, മൊബൈല്‍ഫോണും, നാനോകാറും, ബൈക്കും, ഇന്റര്‍നെറ്റും ഉള്‍പ്പെടെയുള്ള അത്ഭുതങ്ങള്‍ കാട്ടി മോഹനിദ്രയില്‍ നിന്ന് ഉണര്‍ത്തുന്നത് പുതിയൊരു വിപ്ലവത്തിന്റെ തുടക്കം തന്നെയാണ്. ഇങ്ങിനെ മോഹനിദ്രവിട്ട് ഉണരുന്ന ജനകോടികള്‍ “”കൊള്ളാം ഇതൊക്കെ പടച്ചുവിടുന്ന ശാസ്ത്രം മഹാത്ഭുതം തന്നെ” എന്ന് തലകുലുക്കികൊണ്ട് “ഞങ്ങള്‍ക്കും വേണം മൊബൈല്‍, ഞങ്ങളുടെ വീട്ടിലും വേണം നാനോകാറും ഇന്റര്‍നെറ്റും, ഞങ്ങളുടെ കുട്ടികള്‍ക്കും ഉന്നതവിദ്യാഭ്യാസവും വരുമാനമുള്ളതൊഴിലും ലഭിക്കണം, ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഭക്ഷണവും, പാര്‍പ്പിടവും ആരോഗ്യസംരക്ഷണസൌകര്യങ്ങളും ഉണ്ടാക്കണം ” എന്ന് ആവശ്യപ്പെട്ടു തുടങ്ങുമ്പോഴാണ് യഥാര്‍ത്ഥത്തില്‍ വിപ്ലവം സാധ്യതയില്‍ നിന്ന് അനിവാര്യതയിലേക്ക് കടക്കുന്നത്. എല്ലാവര്‍ക്കും മൊബൈല്‍, എല്ലാ വീട്ടിലും കമ്പ്യൂട്ടര്‍ എന്നീ മുദ്രാവാക്യങ്ങള്‍ രൂപപ്പെടുത്തിയത് ആരായിരുന്നാലും പ്രയോഗത്തില്‍ അത് വിപ്ലവകരമായ മുദ്രാവാക്യമല്ലേ?

ദൂരവ്യാപകവും വിസ്ഫോടകവുമായ മാറ്റങ്ങളെ ജനിപ്പിക്കാന്‍ കഴിയുന്ന ഒരു സാമൂഹ്യശക്തിയെയാണ് ഈ മുദ്രാവാക്യങ്ങള്‍ കുടംതുറന്നു പുറത്തുവിട്ടിരിക്കുന്നത് എന്നത് വ്യക്തമാണ്. ആഗോളതാപനം, വിഭവങ്ങളുടെ പരിമിതി എന്നീ പ്രശ്നങ്ങളും ചേര്‍ന്ന് ഇന്നത്തെ മുതലാളിത്തഘടനയില്‍ പരിഹരിക്കാന്‍കഴിയാത്ത, പുതിയ സാമൂഹ്യവല്‍കൃതമായ പരിഹാരങ്ങള്‍ അനിവാര്യമാകുന്ന ഒരു ദിശയിലേക്കാണ് ഇവയുടെ പ്രതിപ്രവര്‍ത്തനം നീങ്ങിക്കൊണ്ടിരിക്കുന്നത് എന്ന് കണ്ണുതുറന്നു നോക്കുന്ന ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളു. തീര്‍ച്ചയായും പ്രകൃതിയിലെ മറ്റെല്ലാ പ്രതിഭാസങ്ങളെയും പോലെ വൈരുദ്ധ്യാത്മകമായാണ് ഇതും നീങ്ങിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ശാസ്ത്രീയമായ അപഗ്രഥനത്തിനെ അടിസ്ഥാനപ്പെടുത്തിയുള്ള ബോധപൂര്‍വമായ ഇടപെടലുകള്‍ ഇക്കാര്യത്തില്‍ ആവശ്യവുമാണ്. ഉദാഹരണത്തിന് ആഗോളതാപനത്തിനെതിരെ നടപടികള്‍ സ്വീകരിക്കാന്‍ സമ്മര്‍ദ്ദം വളര്‍ത്തിക്കൊണ്ടു വരേണ്ടതുണ്ട്, ഇതിന്റെ പരിഹാരം കമ്പോളശക്തികള്‍ക്ക് വിടാന്‍ ആവില്ല.

വൈരുദ്ധ്യശാസ്ത്രത്തിന്റെ ഈ ബാലപാഠങ്ങള്‍ മനസ്സിലാക്കാത്തവരാണ് വികസനവും, വ്യവസായവല്‍ക്കരണവും ഒഴിവാക്കാന്‍ ആവില്ല എന്നും, ഇന്ന് തല്‍ക്കാലം നിലവിലുള്ള സാഹചര്യത്തില്‍ അതിനായി ആവശ്യമായ മുന്‍കരുതലുകള്‍ എടുത്തുകൊണ്ട് സ്വകാര്യമൂലധനത്തെ ആശ്രയിക്കാതെ നിവൃത്തിയില്ല എന്നും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയും ജ്യോതിബസുവും പറഞ്ഞപ്പോള്‍ സോഷ്യലിസത്തിന് സി.പി.ഐ. (എം) ചരമഗീതം എഴുതി എന്നു പ്രചരിപ്പിച്ചത്. ചിലര്‍ ഇടതുപക്ഷത്തെ തകര്‍ക്കാന്‍ പോകുന്ന പ്രത്യയശാസ്ത്ര പ്രതിസന്ധിയെക്കുറിച്ചും പ്രത്യയശാസ്ത്രക്കുരുക്കിനെക്കുറിച്ചും എല്ലാം ഉപന്യസിച്ചപ്പോള്‍ മറ്റു ചിലര്‍ ഇടതുപക്ഷം വികസനത്തിന്റെയും വ്യവസായത്തിന്റെയും പിറകെപോകാതെ ശുദ്ധ, വികസനവിരുദ്ധ ഇടതുപക്ഷമായി നില്‍ക്കാന്‍ ഉപദേശിച്ചു. ഇനിയും ചിലര്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി എന്ന പേരുതന്നെ ഉപേക്ഷിക്കണമെന്ന വാദം ഉയര്‍ത്തിയപ്പോള്‍ മറ്റു ചിലര്‍ തങ്ങളുടെ പദ്ധതികളായ ജനകീയസോഷ്യലിസം, ജനാധിപത്യസോഷ്യലിസം, ഭാരതീയസോഷ്യലിസം എന്നിവ കമ്പോളത്തിലിറക്കി. കേരളത്തില്‍ മാത്രമല്ല, അഖിലേന്ത്യാതലത്തിലും, ബംഗാളിലും വിശിഷ്യാ ഇംഗ്ലീഷ് പത്രങ്ങളില്‍ ഇത്തരം പ്രചരണം ശക്തമായിരുന്നു. ഇതെല്ലാം കേട്ട് ചില ഇടതുപക്ഷ അനുഭാവികളെങ്കിലും ആശങ്കാകുലരായി എന്നതും ഈ കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ എന്ന് ഉള്ളുരുകി ആഗ്രഹിച്ചുവെന്നതും സത്യമാണ്. അവസാനം സി.പി.ഐ.എമ്മിന്റെ പാര്‍ട്ടി പരിപാടിയെക്കുറിച്ചും വൈരുദ്ധ്യാത്മകയുക്തിയെക്കുറിച്ചും ലവലേശം അറിവില്ലാത്ത മാധ്യമപ്രവര്‍ത്തകര്‍ ബുദ്ധദേവും ബസുവും പറഞ്ഞത് സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തി എടുത്ത് റിപ്പോര്‍ട്ട് ചെയ്തതാണ് കണ്‍ഫ്യൂഷന്‍ ഉണ്ടാക്കിയതെന്നും, സി.പി.ഐ. (എം) ന്റെ ആത്യന്തികലക്ഷ്യം സോഷ്യലിസമാണെന്നും, അതേസമയം ഇന്ന് നമ്മള്‍ ജീവിക്കുന്നത് മുതലാളിത്ത വ്യവസ്ഥിതിയിലാണെന്നത് മറക്കാന്‍കഴിയില്ലെന്നും ജനറല്‍ സെക്രട്ടറി ഔദ്യോഗികമായി വിശദീകരിച്ചപ്പോഴാണ് കോലാഹലം ഏതാണ്ട് കെട്ടടങ്ങിയത്.

തീര്‍ച്ചയായും ഈ കോലാഹലം കൊണ്ട് ഒരു ഗുണമുണ്ടായി. പൊതുസമൂഹത്തില്‍, രാഷ്ട്രീയമായി സാമാന്യജ്ഞാനം അവകാശപ്പെടുന്നവരുടെ ഇടയില്‍പ്പോലും ശാസ്ത്രീയമായ വൈരുധ്യാത്മകയുക്തിയെക്കുറിച്ചും അത് സാമൂഹ്യമാറ്റങ്ങളെ എങ്ങിനെ സ്വാധീനിക്കുന്നു എന്നതിനെക്കുറിച്ചും കാര്യമായ ധാരണയില്ല എന്നത് എല്ലാവര്‍ക്കും വ്യക്തമായി.

മുതലാളിത്തത്തെ എതിര്‍ക്കുന്നവര്‍ സ്വകാര്യമുതലാളിമാരുടെ കമ്പനികളിലുള്ള പണി ഉപേക്ഷിച്ച് വായുഭക്ഷണമായി ജീവിക്കണം എന്നാണ് ഇക്കൂട്ടരില്‍ പലരുടെയും ധാരണ. ഗള്‍ഫില്‍ ജോലിക്കു പോകുന്നത് വിപ്ലവത്തെ പിന്നില്‍നിന്നു ആക്രമിക്കലാണ് എന്ന് പറയുന്നവരും ഇക്കൂട്ടത്തിലുണ്ട്.

വൈരുദ്ധ്യാത്മകയുക്തിയുടെ പ്രവര്‍ത്തനം സമൂഹത്തെ എങ്ങിനെയാണ് മാറ്റിമറിക്കാന്‍ പോകുന്നത് എന്നതിന്റെ നല്ലൊരു ഉദാഹരണമാണ് ആഗോള ഐ.ടി. രംഗത്തും ഇന്ത്യന്‍ ഐ.ടിരംഗത്തും ഒളിമിന്നാന്‍ തുടങ്ങിയിട്ടുള്ള വര്‍ഗ്ഗസമരം. ബാങ്കുകളും, ഓഹരിവിപണിയും, കറന്‍സി എക്സ്ചേഞ്ചും, ഇന്‍ഷൂറന്‍സും, ഉല്പന്നവ്യാപാരവും ഉള്‍പ്പെടെയുള്ള ആഗോളമുതലാളിത്തഘടനയുടെ ഇന്നത്തെ നട്ടെല്ലാണ് പുതിയ ഡിജിറ്റല്‍ സാങ്കേതിക വിദ്യകളിലധിഷ്ഠിതമായ വിവിരവിനിമയസൌകര്യങ്ങള്‍. ഈ നട്ടെല്ലിനെ പ്രവര്‍ത്തിപ്പിക്കുന്ന ഐ.ടി. വിദഗ്ദ്ധരുടെ ഇടയില്‍പോലും വര്‍ഗ്ഗസമരം ഒളിമിന്നിത്തുടങ്ങിയിരിക്കുന്നു എന്ന പ്രസ്താവം കേട്ടു കമ്യൂണിസ്റ്റുകാര്‍ ഇവിടെയും കുഴപ്പമുണ്ടാക്കിത്തുടങ്ങിയിരിക്കുന്നു എന്ന് ആരും ധരിക്കേണ്ട എന്നത് പ്രത്യേകം പറയട്ടെ. ഇക്കാര്യത്തില്‍ ഇതുവരെ മാര്‍ക്സിയന്‍പ്രത്യയശാസ്ത്രത്തിനോ, ഇടതുപക്ഷത്തിനോ നേരിട്ട് ഒരു പങ്കുമില്ല എന്നതാണ് വാസ്തവം. മറിച്ച് ഇതുവരെ പുറത്തുവന്ന വിവരങ്ങള്‍ അനുസരിച്ച് കുഴപ്പങ്ങളുടെ തുടക്കം വലതുപക്ഷ ആശയഗതിക്കാരില്‍ നിന്നാണ്. ഈ പറഞ്ഞ കാര്യം കുറച്ചു വിശദീകരിക്കേണ്ടതുണ്ട്.

ഐ.ടി.യും അനുബന്ധ തൊഴിലുകളും ഇന്നത്തെ ലോകത്തില്‍ പൊതുവേ അഭികാമ്യമായ തൊഴിലുകളായിട്ടാണ് പരിഗണിക്കപ്പെടുന്നത് എന്ന് നമുക്കൊക്കെ അറിയാം. ഒരു തരം നവബ്രാഹ്മണര്‍ എന്നു തന്നെ പറയാം. ആ രംഗത്ത് തൊഴിലെടുക്കുന്ന ഒരു ന്യൂനപക്ഷത്തിനെങ്കിലും ലഭിക്കുന്ന ഉയര്‍ന്ന വേതനവും സാമൂഹ്യപദവിയും അതിനൊരു കാരണം മാത്രം. ഇനി അഥവാ വേതനം ആകര്‍ഷകമല്ല എങ്കില്‍പോലും ശീതീകരിച്ച മുറിയില്‍ ഇരുന്നു ക്ഷീണം അറിയാതെ ജോലിചെയ്യാം, വെയില്‍ കൊള്ളണ്ട എന്നത് വലിയൊരു ആകര്‍ഷണീയതയാണ്. ബൌദ്ധികപ്രധാന തൊഴിലായതുകൊണ്ട് ജോലിസ്ഥലത്തെ യൂണിഫോറം മുതലായ കാര്യങ്ങളില്‍ ലഭിക്കുന്ന ഇളവുകളും ഒരു ആകര്‍ഷണമാണ്. ഇതെല്ലാം കൊണ്ട് മറ്റുമേഖലകളില്‍ നിന്നും ഐ.ടി.യിലേക്ക് വിദഗ്ദ്ധതൊഴിലാളികളുടെ ഒഴുക്ക് ശക്തമാണ്.

സ്വാഭാവികമായും മറ്റു മേഖലകളില്‍ ഇത് ശക്തിയായ പ്രതിഷേധം വരുത്തുന്നുണ്ട്. ഒഴുക്ക് തടയാനായി കൂലി ഉയര്‍ത്തേണ്ടിവരുന്നു എന്നത് ഒരു കാരണം. മറ്റു കാരണങ്ങളുമുണ്ട്. ഇതെല്ലാം കൊണ്ട് പൊതുവില്‍ മൂലധന ഉടമകള്‍ക്കിടയില്‍ ഐ.ടി. വിദഗ്ദ്ധര്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ നേടുന്നുവെന്ന പരാതി ശക്തമാണ്. സ്വന്തം താല്പര്യത്തിന് അനുസൃതമായതുകൊണ്ട് പലപ്പോഴും ഈ ഒഴുക്കിനെ ജനാധിപത്യാവകാശമായി ന്യായീകരിക്കുമെങ്കിലും ഐ.ടി.മേഖലയില്‍ പോലും ഉന്നത മാനേജ്‌മെന്റുകളിലും, മൂലധന ഉടമകള്‍ക്കിടയിലും ഇതേ വിശ്വാസം പ്രബലമാണ്. ചുരുക്കത്തില്‍ ഒളിഞ്ഞാണെങ്കിലും ഐ.ടി.രംഗത്ത് മൂലധനവും തൊഴിലാളികളും തമ്മിലുള്ള താല്പര്യസംഘട്ടനം അഥവാ വര്‍ഗ്ഗസമരം നീറിനീറിക്കൊണ്ടിരിക്കുകയായിരുന്നു.

ഐ.ടി.രംഗത്ത് തൊഴില്‍ എടുക്കുന്നവര്‍ക്കെതിരെ മൂലധനഉടമകള്‍ക്കിടയില്‍ ഇതുവരെ മറഞ്ഞുകിടന്നിരുന്ന ഈ വലതുപക്ഷ ചിന്താഗതി മറനീക്കി പുറത്തുവന്നത് അമേരിക്കയിലെ സബ് പ്രൈം പണയവായ്പാ തകര്‍ച്ചയെ തുടര്‍ന്ന് സാമ്പത്തിക മാന്ദ്യം ശക്തിപ്പെട്ടു തുടങ്ങിയപ്പോഴാണ്. സമീപകാലത്ത് ഈ വലതുപക്ഷ ചിന്താഗതിയുടെ പ്രതിഫലനം ആദ്യം അനുഭവിച്ചത് ടി.സി.എസ്., ഐ.ബി.എം. മുതലായ വന്‍കിട ഐ.ടി. കമ്പനികളിലെ ജീവനക്കാരായിരുന്നു. ഇന്ത്യയില്‍ 75,000 ജീവനക്കാര്‍ പണിയെടുക്കുന്ന ഭീമന്‍ ഐ.ടി. സ്ഥാപനമായ ടി.സി.എസില്‍ ഇക്കഴിഞ്ഞ ജനുവരി 30-ആം തീയതി ഒന്നരശതമാനം ശമ്പളം വെട്ടിക്കുറവു നടപ്പില്‍വരുത്തി. ഇന്ത്യയിലും വിദേശത്തുമായി ജോലിചെയ്യുന്ന ടി.സി.എസി.ലെ ഒരു ലക്ഷത്തില്‍പരം വരുന്ന ജീവനക്കാരെ ഇത് യഥാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. ഒന്നരശതമാനം എന്നത് നിസ്സാരമാണെന്നും മറ്റുമുള്ള വാദങ്ങള്‍ മൂലധനപക്ഷപാതികളില്‍ നിന്നു വന്നുവെങ്കിലും ഇത് സാമ്പിള്‍ വെടിക്കെട്ടാണെന്ന് ജീവനക്കാര്‍ തിരിച്ചറിഞ്ഞു എന്നതാണ് പ്രധാനം.

ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് താരതമ്യേന മെച്ചപ്പെട്ട വേതനം വാങ്ങുന്ന ഐ.ടി. പ്രൊഫഷണലുകള്‍ പ്രതികരിക്കില്ല എന്നാണ് മൂലധനാധിപന്മാര്‍ ധരിച്ചത് എന്നു തോന്നുന്നു. തങ്ങള്‍ സാദാ തൊഴിലാളികല്ല, ബൌദ്ധികജോലി ചെയ്യുന്ന പ്രൊഫഷണലുകളാണ് എന്ന് ഐ.ടി.മേഖലയില്‍ പൊതുവേ കണ്ടുവരുന്ന അഹംബോധം ടി.സി.എസ്. ജീവനക്കാരെ പ്രതിഷേധം പ്രകടിപ്പിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കും എന്ന് അവര്‍ കണക്കുകൂട്ടി. പക്ഷേ മുതലാളിമാര്‍ കണക്കുകൂട്ടിയതുപോലെയല്ല കാര്യങ്ങള്‍ നീങ്ങിയത്. സൈബര്‍ തൊഴിലാളികളുടെ പ്രതിഷേധം സൈബര്‍ തെരുവിലാണ് അണപൊട്ടിയൊഴുകിയത് എന്നുമാത്രം. ആയിരക്കണക്കിനു പേരാണ് സൈബര്‍ തെരുവിലെ ബുള്ളറ്റിന്‍ബോര്‍ഡുകളിലും മറ്റും തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയത്. കമ്പ്യൂട്ടര്‍ വന്നതോടെ കമ്യൂണിസം കാലഹരണപ്പെട്ടു എന്നും വര്‍ഗ്ഗസമരം പഴങ്കഥയായി എന്നുമുള്ള ധാരണയെ സൈബര്‍ ലോകത്ത് കൂലംകുത്തിയൊഴുകിയ ഈ പ്രതിഷേധം അട്ടിമറിച്ചിരിക്കുന്നു.

കമ്യൂണിസ്റ്റുകാരുടെയോ ഇടതുപക്ഷക്കാരുടെയോ യാതൊരു ഇടപെടലും ഇല്ലാതെതന്നെ പ്രകടിപ്പിക്കപ്പെട്ട ഈ പ്രതിഷേധത്തിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം തീരുമാനങ്ങളില്‍ സുതാര്യതയില്ല, ലാഭം കണക്കുകൂട്ടുന്നതില്‍ സുതാര്യതയില്ല, മാനേജ്‌മെന്റിലുള്ളവര്‍ ദുര്‍വ്യയം ചെയ്ത് കമ്പനി പണം ധൂര്‍ത്തടിക്കുന്നു തുടങ്ങി തങ്ങളുടേതല്ലാത്ത കാരണങ്ങളായ ഡോളറിന്റെ വിലയിടിവ്, മാന്ദ്യം തുടങ്ങിയ കാരണങ്ങളാലാണ് ലാഭത്തില്‍ (നഷ്ടമല്ല) നേരിയ കുറവുണ്ടായതെന്നും ഇതിന്റെ പേരില്‍ ശമ്പളം വെട്ടിക്കുറക്കുന്നത് ശരിയല്ല എന്നും, ട്രേഡ് യൂണിയന്‍ ഇല്ലാത്തതാണ് മാനേജ്‌മെന്റിന്റെ പിടിവാശിക്കുകാരണം എന്നെല്ലാം ഉള്ള അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കപ്പെട്ടു എന്നതാണ്. ആയിരക്കണക്കിന് പേരാണ് അഭിപ്രായം എഴുതിയതെങ്കില്‍ വായിച്ചത് ദശലക്ഷക്കണക്കിന് പേരാണ്. ബിസിനസ് പത്രങ്ങള്‍ ഏതാണ്ടെല്ലാം റിപ്പോര്‍ട്ട് ചെയ്തത് ഇതുവരെ ഇന്ത്യന്‍ ഐ.ടി. രംഗത്ത് നിലനിന്നിരുന്ന സമാധാനാന്തരീഷം ഇനി തിരിച്ചുവരാനാകാത്തവിധം നഷ്ടപ്പെട്ടുകഴിഞ്ഞിരിക്കുന്നു എന്നാണ്.

ഇന്ത്യയില്‍ മാത്രമല്ല അമേരിക്കയിലും ഐ.ടി. മുതലാളിമാര്‍ ഇത്തരം നടപടികള്‍ എടുക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും പഴയതും വലുതുമായ ഐ.ടി. കമ്പനിയായ ഐ.ബി.എം.ലെ 32,000 ഓളം സാങ്കേതിക ജോലിക്കാരാണ് കമ്പനി തങ്ങള്‍ക്ക് ഓവര്‍ടൈം വേതനം നിഷേധിക്കുന്നുവെന്ന പരാതിയുമായി 2006-ല്‍ കോടതിയില്‍ എത്തിയത്. കമ്യൂണിക്കേഷന്‍ വര്‍ക്കേഴ്സ് ഓഫ് അമേരിക്ക എന്ന പ്രമുഖ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം ഐ.ബി.എമ്മിലും മറ്റ് ഐ.ടി. സ്ഥാപനങ്ങളിലും വ്യാപകമാകുകയാണ്. അടുത്തകാലത്ത് ഐ.ബി.എമ്മിലും ചില മേഖലകളില്‍ ശമ്പളം വെട്ടിക്കുറച്ചത് ഒച്ചപ്പാടിനിടയാക്കി. ഇത്തരം പ്രശ്നങ്ങളെ മറികടക്കാനായിട്ടു കൂടിയാണ് ഐ.ബി.എം. പോലുള്ള വന്‍കിട കമ്പനികള്‍ ഏതാണ്ടെല്ലാം തന്നെ ഇന്ത്യയിലേക്ക് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പറിച്ചുനട്ടുകൊണ്ടിരിക്കുന്നത് എന്നതും വ്യക്തമാണ്.

അപ്രതീക്ഷിതമായിരുന്ന ഈ പ്രതിഷേധങ്ങള്‍ തല്‍ക്കാലമെങ്കിലും ശമ്പളം വെട്ടിക്കുറക്കല്‍ മുതലായ നടപടികളെ മരവിപ്പിച്ചിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വിപ്രോ, ഇന്‍ഫോസിസ് മുതലായ മറ്റ് പ്രമുഖ ഇന്ത്യന്‍കമ്പനികള്‍ ടി.സി.എസിലേതു ഒറ്റപ്പെട്ട സംഭവമായിട്ടാണ് ചിത്രീകരിച്ചത്. മാത്രമല്ല ആഗോളതലത്തിലുള്ള മാന്ദ്യവും, അമേരിക്കയിലെ കുഴപ്പങ്ങളും എല്ലാം ഇന്ത്യന്‍ ഐ.ടി. രംഗത്തിന് കൂടുതല്‍ അവസരങ്ങള്‍ തുറന്നുതരികയാണെന്നാണ് ഇന്‍ഫോസിസിലെ നാരായണമൂര്‍ത്തിയുടേയും വിപ്രോയിലെ അസിം പ്രേംജിയുടേയും അഭിപ്രായം. അതുകൊണ്ടുതന്നെ എല്ലാ ഇന്ത്യന്‍കമ്പനികളും കൂടുതല്‍ പുതിയ ബിരുദധാരികളെ കോളേജ് ക്യാംപസുകളില്‍ നിന്ന് റിക്രൂട്ട് ചെയ്യാന്‍ പ്ലാന്‍ ഇടുന്നുമുണ്ട്. ഇന്ത്യക്കാര്‍ മാത്രമല്ല, ഐ.ബി.എം. മുതലായ ആഗോളഭീമന്മാരും ഇന്ത്യയില്‍ നിന്ന് കൂടുതല്‍ ജോലിക്കാരെ റിക്രൂട്ട് ചെയ്യും. പല റിപ്പോര്‍ട്ടുകളും പറയുന്നത് ഇക്കാര്യത്തില്‍ വിദേശ കമ്പനികള്‍ ഇപ്പോള്‍ തന്നെ തനി ഇന്ത്യന്‍ കമ്പനികളെ മറികടന്നുകഴിഞ്ഞിരിക്കുന്നു എന്നാണ്. ചുരുക്കത്തില്‍ നിലവിലെ അവസ്ഥയില്‍ ഇന്ത്യന്‍ഐ.ടി. വിദഗ്ദ്ധരുടെ തൊഴില്‍ സാധ്യത കൂടാനാണ് പോകുന്നത്. അതേസമയം ശമ്പളത്തിന്റെകാര്യത്തില്‍ കടുംപിടുത്തം പ്രതീക്ഷിക്കാം.

ഇതിന്റെയെല്ലാം ആത്യന്തികഅര്‍ത്ഥം ഐ.ടി.രംഗം ഇനിയും വന്‍തോതില്‍ വികസിക്കുമെന്നും അതേസമയം വേതനത്തിന്റെയും മറ്റും കാര്യത്തില്‍ തൊഴിലെടുക്കുന്നവരും മാനേജ്‌മെന്റുകളും തമ്മിലുള്ള സമരം ഒളിഞ്ഞും തെളിഞ്ഞും മൂര്‍ഛിക്കും എന്നുമാണ്. എന്നാല്‍ മറ്റു രംഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഐ.ടി. രംഗത്തെ തൊഴിലാളികള്‍ പ്രധാനമായും ബൌദ്ധികതൊഴിലാണ് ചെയ്യുന്നത് എന്നതുകൊണ്ട് ഇത് തികച്ചും പുതിയ ഫലങ്ങളുണ്ടാക്കുന്നുണ്ട്. ബൌദ്ധികേതര തൊഴില്‍ മേഖലകളില്‍ കാണാത്തവിധം മാനേജുമെന്റിന്റെ സുതാര്യതയില്ലായ്‌മയേയും ജനാധിപത്യരാഹിത്യത്തേയും തൊഴിലാളികള്‍ ചോദ്യം ചെയ്തുതുടങ്ങി എന്നതാണിത്. തങ്ങള്‍ക്കുമാത്രമേ ഭരിക്കാനും മാനേജ് ചെയ്യാനും അറിയൂ എന്ന മൂലധനനേതാക്കളുടെ സ്വേഛാപ്രമത്തമായ അഹങ്കാരമാണിവിടെ ചോദ്യം ചെയ്യപ്പെട്ടത്. കമ്പ്യൂട്ടര്‍ വന്നതോടെ കമ്യൂണിസം കാലഹരണപ്പെട്ടു എന്നും വിപ്ലവം അസാധ്യമായി എന്നും വാദിക്കുന്നവരുടെ ധാരണകളെ കാലഹരണപ്പെടുത്തുന്നത് ഐ.ടി.രംഗത്ത് ഒളിമിന്നിത്തുടങ്ങിയ വര്‍ഗ്ഗസമരത്തിന്റെ ഇത്തരം ഫലങ്ങളാണ്.

ഇന്നത്തെ ആഗോള സമ്പദ്‌വ്യവസ്ഥകളില്‍ ഐ.ടി.യുടെ ഉപയോഗം ശൈശവദശയിലാണെന്നത് വ്യക്തമാണ്. അതേസമയം സ്വയം ബൂര്‍ഷ്വയാവാന്‍ എല്ലാവരെയും ബൂര്‍ഷ്വാസി നിര്‍ബന്ധിക്കുന്നു എന്ന മാനിഫെസ്റ്റോയുടെ പ്രസ്താവനയെ അനുസ്മരിപ്പിക്കുംവിധം തങ്ങളുടെ സ്ഥാപനങ്ങളിലും ജീവിതത്തിലും എല്ലാം ഐ.ടി.യുടേയും മൊബൈല്‍ മുതലായ അനുബന്ധ സാമഗ്രികളുടെയും ഉപയോഗം വ്യാപകമാക്കാന്‍ ഓരോരുത്തരെയും ഐ.ടി.യുടെ കടന്നുകയറ്റം നിര്‍ബന്ധിതമാക്കുകയാണ്. ഇതു നിമിത്തം മറ്റു മേഖലകളില്‍ പൊതുവേ തൊഴില്‍ സാധ്യതകള്‍ കുറയുമ്പോള്‍ അതോടൊപ്പെം ഐ.ടി. മേഖലയില്‍ ആന്തരികവൈരുധ്യങ്ങളും വളരുകയാണ്. ഈ പുതിയ മേഖലയുടെ ശൈശവദശയില്‍ തന്നെ വര്‍ഗ്ഗസമരം നാമ്പെടുത്തുവെങ്കില്‍ ഇനി വരാന്‍പോകുന്നത് രൂക്ഷമായ താല്പര്യസംഘട്ടനങ്ങളുടെ നാളുകളാണെന്നത് വ്യക്തമാണ്. തല്‍ഫലമായി മാറ്റങ്ങളുടെ ഗതിവേഗം കൂടുകയാണ്!

ഐ.ടി. രംഗത്ത് മൂര്‍ഛിക്കുന്ന ഈ വര്‍ഗ്ഗസമരത്തിനോട് പല രീതിയിലുള്ള പ്രതികരണങ്ങള്‍ ഇപ്പോള്‍ തന്നെ പ്രകടമാണ്. അടുത്തകാലത്ത് ജനശ്രദ്ധയാകര്‍ഷിച്ച സ്വതന്ത്രസോഫ്റ്റ്വെയര്‍ പ്രസ്ഥാനം വര്‍ഗ്ഗസമരത്തിന്റെ താരതമ്യേന സാത്വികമായ ഒരു രൂപമാണ്. സോഫ്റ്റ്വെയര്‍ സ്വാതന്ത്ര്യത്തിനും ബൌദ്ധികസ്വത്തുചൂഷണത്തിനും എതിരെ ശബ്ദമുയര്‍ത്തിയ ഈ പ്രസ്ഥാനം ഇപ്പോള്‍ തന്നെ കുത്തകകള്‍ക്ക് കാര്യമായ തലവേദന ഉണ്ടാക്കുന്നുണ്ട്. എന്നു മാത്രമല്ല, മരുന്നു, വിത്ത് മുതലായ രംഗങ്ങളില്‍ പിടിമുറുക്കിയിരിക്കുന്ന വന്‍കുത്തകകള്‍ക്കെതിരെ ഗവേഷണത്തിന് ഫലപ്രദമായ ബദല്‍മാതൃകകള്‍ സൃഷ്ടിച്ചുകൊണ്ട് പൊതുജനാധിപത്യപ്രസ്ഥാനത്തിന് അത് വലിയ സംഭാവനകള്‍ നല്‍കുന്നുമുണ്ട്.

ഐ.ടി. രംഗത്ത് മൂര്‍ഛിക്കുന്ന വര്‍ഗ്ഗസമരത്തിനോടുള്ള മറ്റാരുതരം പ്രതികരണം അരാജകവാദപരവും ഭീകരവാദപരവും ആണ്. കുത്തകകളുടെ ദുശ്ശാഠ്യത്തിനെ ജനാധിപത്യപരമായി മറികടക്കാനാവില്ലെന്നു കരുതുന്ന ചില പ്രതിഭകള്‍ കമ്പ്യൂട്ടര്‍ വൈറസും മറ്റും സൃഷ്ടിച്ച് വലിയ കുഴപ്പങ്ങളുണ്ടാക്കുന്നു. ഇതിനെ കുട്ടിക്കളിയെന്ന് പരിഗണിക്കാമെങ്കിലും മറ്റ് ചിലത് അങ്ങിനെയല്ല. ക്രിമിനല്‍ സ്വഭാവമുള്ള ചില അതിബുദ്ധിശാലികള്‍ ഇന്റര്‍നെറ്റ് വഴി ബാങ്ക് അക്കൌണ്ടുകളില്‍ നിന്നും ക്രെഡിറ്റ് കാര്‍ഡ് അക്കൌണ്ടുകളില്‍ നിന്നും വന്‍തുക ചോര്‍ത്തുന്നവരാണ്. അടുത്തകാലത്തായി ഇത്തരം ഭീഷണികള്‍ വര്‍ദ്ധിച്ചിരിക്കുകയാണ്. തങ്ങളുടെ സല്‍പ്പേരു നഷ്ടപ്പെടുമെന്ന(അതായത് കുപ്രശസ്തി ഭയന്ന്) ധനകാര്യസ്ഥാപനങ്ങള്‍ പൊതുവില്‍ ഇത്തരം മോഷണം റിപ്പോര്‍ട്ട് ചെയ്യാതെ മൂടിവെക്കുന്നത് ഈ ക്രിമിനലുകള്‍ക്ക് സഹായകമാണ്. അതായത് യഥാര്‍ത്ഥത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പട്ടിട്ടുള്ളതിലും വളരെ കൂടുതലാണ് ബാങ്കുകള്‍ ഉള്‍പ്പെടെ ധനകാര്യമേഖലയ്ക്ക് സൈബര്‍ കടന്നാക്രമണങ്ങളില്‍ നിന്ന് ഉണ്ടായിട്ടുള്ള ധനനഷ്ടം.

ഇനിയുമൊന്ന് ഭീകരവാദികളാണ്. അസംതൃപ്തരായ ഐ.ടി. വിദഗ്ദരില്‍ ചിലരെങ്കിലും ഭീകരവാദശൃംഖലകളുടെ വലയില്‍ വീഴാനിടയുണ്ട്. ഇപ്പോള്‍ തന്നെ സൈബര്‍ രംഗത്ത് മതതീവ്രവാദികളുടെയും ഭീകരവാദികളുടെയും എല്ലാം സാന്നിദ്ധ്യം ശക്തമാണ്.

ഭീകരവാദത്തിന്റെ കൂടപിറപ്പാണല്ലാ സര്‍ക്കാരിന്റെ പ്രതിക്രിയയായ സര്‍ക്കാര്‍ ഭീകരത. ഭീകരവാദത്തിനെതിരെയുള്ള യുദ്ധത്തിന്റെ ഭാഗമായി സൈബര്‍ അരാജകവാദത്തിന്റെയും സൈബര്‍ ഭീകരവാദത്തിന്റെയും വളര്‍ച്ച ചൂണ്ടിക്കാണിച്ചുകൊണ്ട് ഏതാണ്ടെല്ലാ പ്രമുഖരാജ്യങ്ങളും സൈബര്‍യുദ്ധത്തിനായുള്ള വന്‍ സേനാദളങ്ങളെ തയ്യാറാക്കി നിര്‍ത്തിയിരിക്കുന്നു. ഇതിന്റെ ഭാഗമായി സൈബര്‍ ലോകത്ത് വിവരം ചോര്‍ത്താന്‍ സര്‍ക്കാരുകള്‍ക്ക് അവകാശമുണ്ടെന്ന് നിയമപരമായി സ്ഥാപിക്കപ്പെട്ടിരിക്കുന്നു. ഇന്റര്‍നെറ്റിലൂടെയും മൊബൈല്‍ ഫോണുകളിലൂടെയും അയക്കുന്ന സന്ദേശങ്ങളും സംഭാഷണങ്ങളും എല്ലാം റിക്കോര്‍ഡ് ചെയ്യപ്പെടുകയും രഹസ്യപ്പോലീസ് അധികാരികളുടെ പരിശോധനക്ക് വിധേയമാക്കപ്പെടുകയും ചെയ്യുന്നു. ബാങ്ക് ഇടപാടുകള്‍, മറ്റു ക്രയവിക്രയങ്ങള്‍ എന്നിവയും നിരീക്ഷണവിധേയമാണ്. സ്വഭാവികമായും ഇത് ഭരണകൂടങ്ങളുടെ ജനാധിപത്യവിരുദ്ധപ്രവണതകളെ ശക്തിപ്പെടുത്തുകയാണ്. അതിനെതിരെ പഴയരീതിയിലുള്ള പ്രതിഷേധങ്ങള്‍ വനരോദനങ്ങളായി മാറുന്നു.

ഈ അവസ്ഥയിലാണ് ഐ.ടി. രംഗത്തെ ബൌദ്ധികതൊഴിലാളിവര്‍ഗം മാനേജുമെന്റുകളുടെ സുതാര്യതയില്ലായ്മയെക്കുറിച്ചും ജനാധിപത്യരാഹിത്യത്തെക്കുറിച്ചും ഉയര്‍ത്തുന്ന വിമര്‍ശനങ്ങള്‍ സ്ഫോടനാത്മകമായി മാറാന്‍ പോകുന്നത്. ലെനിന്‍ തന്റെ “ഭരണകൂടവും വിപ്ലവവും” എന്ന സുപ്രസിദ്ധ കൃതിയില്‍ ചൂണ്ടികാണിച്ചതുപോലെ ഭരണനടത്തിപ്പില്‍ എല്ലാവരും യഥാര്‍ത്ഥമായി പങ്കെടുക്കാന്‍ തുടങ്ങിയാല്‍, മുതലാളിത്തത്തിന് അതിന്റെ പിടി നിലനിര്‍ത്താനാവില്ല. ഐ.ടി.യുടെ വളര്‍ച്ചയും വ്യാപനവും വഴി ഭരണനടത്തിപ്പില്‍ പങ്കുവഹിക്കാന്‍ ഭൂരിപക്ഷം പേരെയും സജ്ജമാക്കുന്നത് ബൂര്‍ഷ്വാസി തന്നെയാണ് എന്നത് അതിന്റെ ചരിത്രപരമായ ദൌത്യത്തിന്റെ ഭാഗം തന്നെയാണ്. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ ചൂണ്ടിക്കാട്ടിയതുപോലെ ബൂര്‍ഷ്വാസി സൃഷ്ടിക്കുന്നത് സര്‍വോപരി അതിന്റെ സ്വന്തം ശവക്കുഴി തോണ്ടുന്നവരെതന്നെയാണ്. ദിനംപ്രതി ശക്തമാകുന്ന ഐ.ടി. വ്യാപനം മാര്‍ക്സിസത്തിന്റെ പ്രവചനങ്ങളെ ശരിവയ്ക്കുകയാണ്.

അതുകൊണ്ടാണ് മാര്‍ക്സിസത്തിന്റെ പ്രായോഗികതയെ തള്ളിപ്പറയുകയും കമ്പ്യൂട്ടര്‍ വന്നതോടെ വിപ്ലവവും കമ്യൂണിസവും അപ്രസക്തമായി എന്ന് അവകാശപ്പെടുകയും ചെയ്യുന്ന കെ. വേണു ഉള്‍പ്പെടെയുള്ള മാര്‍ക്സിസത്തിന്റെ വിമര്‍ശകര്‍ക്കുള്ള തൊഴിലാളി വര്‍ഗത്തിന്റെ മറുപടിയാണ് ആഗോള ഐ.ടി. രംഗത്ത് ഒളിമിന്നാന്‍ തുടങ്ങിയിട്ടുള്ള വര്‍ഗസമരം എന്നു പറയേണ്ടിവരുന്നത്. അമേരിക്കയെ വിശേഷിച്ചും, മുതലാളിത്ത ലോകത്തെ പൊതുവിലും ഗ്രസിച്ചിട്ടുള്ള മാന്ദ്യവും മറ്റു കുഴപ്പങ്ങളും വര്‍ഗ്ഗസമരത്തെ ശക്തിപ്പെടുത്താനാണ് പോകുന്നത്. അതെ, ഐ.ടി.വ്യാപനം വര്‍ഗ്ഗസമരത്തെയും കമ്യൂണിസത്തെയും കാലഹരണപ്പെടുത്തുകയല്ല, മറിച്ച് അനിവാര്യമാക്കുകയാണ് ചെയ്യുന്നത്. ചരിത്രത്തിന്റെ വൈരുദ്ധ്യാത്മകതയെ മനസ്സിലാക്കുന്നവര്‍ക്ക് ഇതില്‍ അത്ഭുതമൊന്നും തോന്നേണ്ടതില്ല.

-അശോകന്‍ ഞാറക്കല്‍