Tuesday, December 8, 2009

ബഷീറിന്റെ എതിര്‍ലോകങ്ങള്‍

താന്‍ നാടിന്റെ വിനീതനായ ചരിത്രകാരനാണെന്ന് ബഷീര്‍ പ്രസ്താവിച്ചിട്ടുണ്ട്. ഒരു പക്ഷേ, സാഹിത്യത്തിന്റെ ചരിത്രപരമായ മൂല്യത്തെക്കുറിച്ചുള്ള ഇത്രയും പ്രകടമായ പ്രസ്താവന നമ്മുടെ നവോത്ഥാന സാഹിത്യത്തിലെവിടെയും കാണാനാവില്ല. 1940 കള്‍ മുതല്ക്കുള്ള മലയാളഭാവനയുടെ ചരിത്രം വലിയൊരളവോളം നമ്മുടെ ദേശജീവിതത്തിന്റെയും കൂടി ചരിത്രമാണെന്ന് നമുക്ക് അറിയാമെങ്കിലും അവിടെയെങ്ങും ചരിത്രമായിത്തീരുന്ന എഴുത്തിനെക്കുറിച്ചുള്ള ഇത്തരമൊരു പ്രസ്താവന നാം കാണുന്നില്ല. ബഷീറിന്റെ എഴുത്തുകളില്‍തന്നെ ജന്മദിനവും ടൈഗറും ശബ്ദങ്ങളും പോലെ ഇരമ്പി മറിയുന്ന ഒരു കാലത്തിന്റെ യാതനകളത്രയും അടയാളപ്പെട്ടുകിടക്കുന്ന ഒരു രചനയിലല്ല നാമീ ചരിത്രപ്രസ്താവന വായിക്കുന്നതെന്നതും പ്രധാനമാണ്. 'ആനവാരിയും പൊന്‍കുരിശും', 'സ്ഥലത്തെ പ്രധാനദിവ്യന്‍' 'മുച്ചീട്ടുകളിക്കാരന്റെ മകള്‍' മുതലായ 'തമാശക്കഥ'കളിലാണ് ചരിത്രത്തെക്കുറിച്ചുള്ള തന്റെ പ്രസ്താവനകള്‍ ബഷീര്‍ കൊരുത്തുവച്ചിട്ടുള്ളത്. അതുകൊണ്ട്, ബഷീറിന്റെ നാനാതരം നേരമ്പോക്കുകളിലൊന്നായി ഇതിനെയും നോക്കിക്കാണാനുള്ള പ്രേരണയ്ക്ക് നാം അടിപ്പെട്ടുപോയെന്നുവരാം. 'നിങ്ങടെ ഒരു പുളുങ്കൂസന്‍ വിശ്വസാഹിത്യം' എന്ന് ബഷീര്‍ നമ്മുടെ സാഹിത്യസ്ഥാപനത്തെ മൊത്തത്തില്‍ പരിഹസിച്ചുതള്ളിയതിനെക്കുറിച്ച് ഓര്‍മ്മയുള്ള ഒരാള്‍, ഈ ചരിത്രപ്രസ്താവത്തിലും കളിമട്ടിന്റെ ഒരടയാളം കണ്ടെത്തിയാല്‍ അതില്‍ അത്ഭുതപ്പെടാന്‍ ഒന്നുമില്ലതാനും.

എങ്കിലും നമ്മുടെ ജീവിതത്തിന്റെയും ചരിത്രത്തിന്റെയും സൂക്ഷ്മയാഥാര്‍ത്ഥ്യം ഏറ്റവുമധികം അടയാളപ്പെട്ടുകിടക്കുന്ന എഴുത്തുകളിലൊന്ന് ബഷീറിന്റേത് തന്നെയാണ്. ചരിത്രത്തിന്റെ സൂക്ഷ്മയാഥാര്‍ത്ഥ്യം എന്നിവിടെ പറയുന്നത് പ്രത്യേകമായ ഒരര്‍ത്ഥത്തിലാണ്. സാധാരണയായി നാം ചരിത്രമെന്ന് വിളിച്ചുപോരുന്നത് ഭൂതകാല യാഥാര്‍ത്ഥ്യങ്ങളുടെ ക്രമീകൃതമായ ഒരാഖ്യാനത്തെയും അവതരണത്തെയുമാണ്. തെരഞ്ഞെടുക്കപ്പെട്ട ചില ഭൂതകാലസംഭവങ്ങളും അവയ്ക്കുമേല്‍ കെട്ടിപ്പടുക്കപ്പെട്ട ഒരു ക്രമവുമായാണ് ചരിത്രത്തെ നാം തിരിച്ചറിയുന്നത്. ഓരോ സംഭവത്തിന്റെയും വ്യാപ്തിയും ആന്തരവൈരുധ്യവും അവിടെ അടയാളപ്പെട്ടെന്നു വരില്ല. അങ്ങനെ തമ്മിലിടയുന്ന പ്രേരണകളും പ്രവണതകളുമായി ഒരു സംഭവത്തെ മനസ്സിലാക്കാന്‍ തുടങ്ങിയാല്‍ അതിനെ ചരിത്രവിജ്ഞാനീയ ത്തിന്റെ ആഖ്യാനഘടനയില്‍ ഒതുക്കിനിര്‍ത്താനും കഴിയില്ല. നിന്നിടത്ത് നിലയുറപ്പിക്കാത്ത, പലയിടത്തേക്കും പരക്കുന്ന, എല്ലായിടത്തേക്കും തുറക്കുന്ന വാതിലുകളുള്ള പ്രവാഹനീയതയാണ് സംഭവങ്ങളുടെ യഥാര്‍ത്ഥപ്രകൃതം. ഈ വാതിലുകളില്‍ ഒന്നൊഴികെ മറ്റെല്ലാം അടച്ചിട്ടാണ് നാമതിനെ ചരിത്രത്തില്‍ സന്നിവേശിപ്പിക്കുക. ചരിത്രവിജ്ഞാനത്തിന്റെ ആഖ്യാനവടിവില്‍ ഉള്‍പ്പെട്ടുനില്‍ക്കാന്‍ അതിനെ പ്രാപ്തമാക്കുന്ന ഒന്ന്. അങ്ങനെയത് ഒരു വശത്തേക്ക് മാത്രം തുടര്‍ച്ചയുള്ള ഒന്നായിത്തീരുന്നു. ചരിത്രയാഥാര്‍ത്ഥ്യത്തിന്റെ ഒരടര്. ഇതേ തരത്തില്‍ തന്നെ പടുക്കപ്പെട്ട മറ്റൊന്നിലേയ്ക്ക് തുടരുന്ന ഒന്ന്. അങ്ങനെ കലമ്പിക്കൂടി നില്‍ക്കുന്ന യാഥാര്‍ത്ഥ്യത്തിന്റെ പെരുപ്പത്തില്‍ നിന്ന്, അതിന്റെ വ്യാമിശ്രഭാവത്തില്‍ നിന്ന് നാം ഒരു ക്രമത്തെ പണിതെടുക്കുന്നു. ഒന്നില്‍ നിന്നും മറ്റൊന്നിലേക്ക് പടിപടിയായി പരിണമിക്കുന്ന കാലപ്രവാഹത്തിന്റെ കഥയായി ചരിത്രം ഇതള്‍ വിരിയുന്നു. കാലത്തിലൂടെയുള്ള കേവലാത്മാവിന്റെ ഇതള്‍ വിരിയലെന്ന് ഹെഗല്‍ വിവരിച്ചതും ചരിത്രത്തിന്റെ ഈയൊരു വടിവിനെയാണ്. വൈരുധ്യങ്ങള്‍ തമ്മിലിടഞ്ഞ് പരിഹൃതമായി, അന്തിമമായ പരമസത്യത്തിലേയ്ക്ക് പടികടന്നുവരുന്ന ചരിത്രം ഹെഗലിന്റെ പ്രതീക്ഷയായിരുന്നു. ഒരു കാലത്തിന്റെ സ്വപ്നം അങ്ങനെയൊന്നായിരുന്നു.

ഒരര്‍ത്ഥത്തില്‍ സാഹിത്യം ചരിത്രവിജ്ഞാ നീയത്തിലെ ചരിത്രത്തേക്കാളും ചരിത്രാത്മകമാണ്. ഇങ്ങനെ പറയുന്നതിന്റെ കാരണം അത് മേല്പറഞ്ഞ തരത്തിലുള്ള ജീവിതസംഗ്രഹമല്ല എന്നതാണ്. കരകവിയുന്ന ജീവിതത്തിന്റെ വ്യാപ്തിയെയാണ്, സിദ്ധാന്തരൂപങ്ങളിലോ സംവര്‍ഗ്ഗങ്ങളിലോ സംഗ്രഹിക്കാനാവാത്ത ജീവിതത്തിന്റെ കടലിനെയാണ്, സാഹിത്യം അടയാളപ്പെടുത്തുന്നത്. അതുകൊണ്ട് മറച്ചുവയ്ക്കപ്പെട്ട ഇരുട്ടുകള്‍ അവിടെ പ്രകമ്പിതമാകുന്നു. നന്മയുടെ വെളിച്ചം പരത്തുമ്പോള്‍തന്നെ മനുഷ്യജീവിതം നന്മയുടെ നേര്‍വഴികള്‍ക്ക് കുറുകെ പായുന്നു. സംഭവങ്ങളില്‍ തൃഷ്ണയുടെ അശ്വരഥങ്ങള്‍ പലവഴികളിലേക്ക് കുതറിപ്പായുന്നത് നാം വായിക്കുന്നു. വാക്കിന്റെ വടിവുകളില്‍, ഈണക്കെട്ടുകളില്‍, താളഭേദങ്ങളില്‍, വ്യാകരണക്രമങ്ങളില്‍, വ്യാകരണഭംഗങ്ങളില്‍ ചരിത്രം ഇരമ്പിമറിയുന്നു. എല്ലാവിധ ക്രമങ്ങളേയും ഉല്ലംഘിക്കുന്ന ചരിത്രത്തിന്റെ കടലിരമ്പങ്ങളായി സാഹിത്യം നിലകൊള്ളുന്നു. ഒരു വഴിയിലേക്ക് മെരുക്കിയെടുക്കുമ്പോള്‍ അത് മറ്റൊരുവഴിയിലേക്ക് കുതറുന്നു. അവസാനിക്കാത്ത ഭാഷാലീലയാണ് സാഹിത്യമെന്ന് ചിലര്‍ക്കെങ്കിലും പിന്നാലെ തോന്നിത്തുടങ്ങുകയും ചെയ്യുന്നു.

പക്ഷേ, സാഹിത്യത്തിലെ ചരിത്രമൂല്യത്തെ നാം പലപ്പോഴും വായിച്ചെടുക്കുന്നത് ഈ വിധത്തിലല്ല. ചരിത്രമെന്നജ്ഞാനവിഷയം വിളംബരംചെയ്ത അറിവിന്റെ അടയാളങ്ങളായാണ് നാമവിടെ ചരിത്രത്തെ തിരയുന്നത്. അങ്ങനെ നവോത്ഥാന മാനവികതയുടെ മൂല്യബോധവും വിപ്ളവസ്വപ്നങ്ങളും ഇടതൂര്‍ന്നു നില്ക്കുന്ന കൃഷിയിടമായി നവോത്ഥാനസാഹിത്യം മാറുന്നു. പറഞ്ഞുവരുന്നത് ഇങ്ങനെയൊന്ന് അതിലില്ലെന്നല്ല. ചരിത്രവിജ്ഞാനത്തിന്റെ വ്യാഖ്യാസമീക്ഷകളെ പിന്‍പറ്റുന്ന വഴികളും സാഹിത്യത്തിലുണ്ടാവും. പക്ഷേ അതിനപ്പുറവും ഉണ്ടെന്നതാണ് സാഹിത്യത്തിന്റെ ചരിത്രമൂല്യം. പില്‍ക്കാല ചരിത്രവിജ്ഞാനം തെളിയിച്ചെടുക്കാനിരിക്കുന്ന വഴികള്‍ സാഹിത്യം മുമ്പേ അടയാളപ്പെടുത്തിയിട്ടുണ്ടാവും. എഴുത്തുകാരുടെ പ്രവചനശേഷിയല്ല അതിനു കാരണം. മറിച്ച് ഉന്നതമായ എഴുത്ത് ചരിത്രത്തിന്റെ നാല്‍കൂട്ടപ്പെരുവഴിപോലെ ഒന്നാണ് എന്നതുകൊണ്ടാണിങ്ങനെവരുന്നത്. അത് ചരിത്രവിജ്ഞാനത്തിലെ ചരിത്രത്തിന് കുറുകെ പായുന്ന ബലങ്ങളെയും ഉള്‍ക്കൊണ്ടുനില്‍ക്കുന്നു. കാമനകള്‍, കാലുഷ്യങ്ങള്‍, രൂപവിധാനങ്ങള്‍, സ്വത്വധാരണകള്‍, പ്രസ്ഥാനങ്ങള്‍, സമ്പദ്സ്വരൂപങ്ങള്‍, ഉത്പാദനബന്ധങ്ങള്‍ എന്നിങ്ങനെ യാഥാര്‍ത്ഥ്യത്തെ നിര്‍ണ്ണയിക്കുന്ന എണ്ണമറ്റ ഘടകസാമഗ്രികളുടെ പ്രവൃത്തിമണ്ഡലമായി സാഹിത്യം മാറുന്നു. അതോടെ അത് അഴിച്ചെടുക്കാനാവാത്ത ഒരു കുരുക്കായി ചരിത്രത്തെ പാഠശരീരത്തില്‍ ദമനം ചെയ്യുന്നു. ഇങ്ങനെ ദമനം ചെയ്യപ്പെട്ട നവോത്ഥാന ചരിത്രമാണ് ബഷീറിന്റെ സാഹിത്യത്തിന്റെ ചരിത്രമൂല്യം. ഇതേ അളവിലും അനുപാതത്തിലും നവോത്ഥാനത്തിന്റെ എതിര്‍ബലങ്ങളെ അടയാളപ്പെടുത്തുന്ന എഴുത്ത് നമുക്ക് കൈവന്നിട്ടില്ല. പില്‍ക്കാലത്ത് ആധുനികാവാദത്തിന്റെയും അധുനികാനന്തരതയുടെയും വാണിജ്യവാതങ്ങള്‍ കൂട്ടിക്കൊണ്ടു വന്ന ലോകങ്ങളില്‍ ഈ എതിര്‍ബലങ്ങള്‍ പ്രബലമായിരുന്നു; പ്രകടവും. ബഷീറില്‍ അവ അത്രത്തോളം പ്രകടമല്ല. അതിനര്‍ത്ഥം നവോത്ഥാന മാനവികതയുടെ നേര്‍വഴിയിലൂടെ ബഷീര്‍ നടന്നുപോയി എന്നല്ല. വേണ്ടത്ര വളവുകള്‍ ബഷീര്‍ സാഹിത്യത്തിലുണ്ട്. വളവുകളെന്ന് തോന്നിക്കാത്ത അത്രയും അനായാസമായി, അത്രയും സുഭഗമായി, ബഷീര്‍ നമ്മെയും കൊണ്ട് അതിലൂടെ യാത്രചെയ്തു എന്നതാണ് വാസ്തവം.

രണ്ട്

'വെളിച്ചത്തിനെന്തൊരു വെളിച്ചം' എന്നു വിസ്മയിക്കുന്ന ബഷീര്‍ നമുക്ക് പരിചിതനാണ് 'ന്റുപ്പാപ്പാ'യിലെ വിമോചനസ്വപ്നങ്ങള്‍ ഒട്ടുമുക്കാലും ആ കാലത്തിന്റേ നേര്‍പകര്‍പ്പാണ്. അക്കാലവും പില്‍ക്കാലവും ബഷീറിനെ വായിച്ചത് ഏറിയകൂറും ഈ ധാരണയുടെ ബലത്തിലാണ്. നിശ്ചയമായും ബഷീറിന്റെ ഭാവനയില്‍ നവോത്ഥാനത്തിന്റെയും ആധുനികതയുടെയും വെളിച്ചം നിറഞ്ഞുനില്‍പ്പുണ്ട്. തന്റെ കാലവുമായി ബഷീര്‍ നടത്തിയ വിനിമയങ്ങള്‍ ഈ വെളിച്ചത്തില്‍ വച്ചാണ് നടന്നത്. മാനവികതയുടെ ഉന്നതമാതൃകകളായ മനുഷ്യര്‍ അവിടെ എത്രയുമുണ്ടായിരുന്നു. തങ്ങളുടെ ചെറുപ്പംകൊണ്ട് തങ്ങളുടെ തന്നെ വലിപ്പത്തെ അടയാളപ്പെടുത്തിയവര്‍, തങ്ങളുടെ വൈരൂപ്യം കൊണ്ട് തങ്ങളുടെ സൌന്ദര്യത്തെ പ്രകാശിപ്പിച്ചവര്‍. അങ്ങനെ നിസാര്‍അഹമ്മദിനെപ്പോലെയുള്ള നവോത്ഥാന മാനവികതയുടെ ഉത്തമമാതൃകകള്‍ക്കൊപ്പം, ആധുനികപൂര്‍വ്വമായ അപരിഷ്കൃതത്വം കൈമുതലാക്കിയ, സഹജാവബോധം കൊണ്ട് നന്‍മയിലേക്കും നീതിയിലേക്കും അനായാസമായി ചെന്നെത്താന്‍കഴിയുന്ന, പൊന്‍കുരിശ് തോമായെപ്പോലുള്ള ഒരു മോഷ്ടാവിനെയും നാം കാണുന്നു. ഏത് ഇരുട്ടിലും തിളങ്ങുന്ന മാണിക്യത്തെപ്പോലെ മാനവികതയുടെ വെളിച്ചം തുള്ളിത്തുളുമ്പുന്ന ജീവിതംകൊണ്ട് ബഷീര്‍ തന്റെ ഭാവനാമണ്ഡലത്തെ പ്രകാശപൂര്‍ണ്ണമാക്കി.

നവോത്ഥാന ആധുനികതയുടെ വെളിച്ചത്തിനുപിന്നിലും ഇരുട്ടുണ്ടായിരുന്നു. വസന്തവായുവില്‍ വസൂരിരോഗാണുക്കളെ കാണാതിരിക്കാന്‍ തനിക്ക് കഴിയില്ലെന്ന് വൈലോപ്പിള്ളി പറഞ്ഞതുപോലെ, ഈ ഇരുട്ടിനെ കാണാതിരിക്കാന്‍ ബഷീറിനും കഴിഞ്ഞില്ല. അതുകൊണ്ട് ആധുനികതയുടെയും ഉദാരമാനവവാദത്തിന്റെയും അതിര്‍ത്തിമേഖലകള്‍ക്ക് പുറത്തുകഴിയുന്ന മനുഷ്യര്‍ ബഷീറിന്റെ രചനകളുടെ കേന്ദ്രമായി. ഒറ്റക്കണ്ണന്‍ പോക്കറും മണ്ടന്‍ മുസ്തഫയും ആനവാരി രാമന്‍നായരും പൊന്‍കുരിശ് തോമയും മുതല്‍ പാത്തുമ്മയും ആടും അബ്ദുള്‍ഖാദറും വരെ അവിടെ തലയുയര്‍ത്തിനിന്നു. തമാശക്കഥകളിലെ ചിരിയായി അവര്‍ അവസാനിക്കാത്തത് മാതൃകാ മാനുഷി കതയുടെ അപരങ്ങളായി പുറത്താക്കപ്പെട്ട ജീവിതത്തെ നവോത്ഥാനഭാവനയ്ക്കുള്ളില്‍ തന്നെ അവര്‍ അടയാളപ്പെടുത്തി എന്നതുകൊണ്ടാണ്. ഉദാരമാനവികതയുടെ പൊതുമാനദണ്ഡങ്ങള്‍ കൊണ്ട് അളന്നു തീര്‍ക്കാവുന്നതല്ല ജീവിതത്തിന്റെ യാഥാര്‍ത്ഥ്യം എന്ന തിരിച്ചറിവ് ഇത്രയും സൂക്ഷ്മമായി നമ്മുടെ നവോത്ഥാനസാഹിത്യത്തില്‍ തെളിഞ്ഞുവന്നിട്ടില്ല. ഉദാരമാനവികതയുടെ പൊതുമാതൃകക്കുള്ളിലേക്ക് കടന്നുനിന്നവരോ, അതിനായി പണിപ്പെട്ടവരോ അല്ല ബഷീറിന്റെ മിക്ക കഥാപാത്രങ്ങളും. പുറത്താക്കപ്പെട്ട ജീവിതവും അതിന്റെ യാഥാര്‍ത്ഥ്യവും ആധുനികമായ പരിഷ്കരണദൌത്യങ്ങള്‍ക്ക് വഴങ്ങാതെ, നിര്‍മമമായ ചിരിയായി ബഷീറിന്റെ എഴുത്തില്‍ ഇടം കണ്ടെത്തി. ജീവിതത്തിന്റെ യാതനകള്‍ക്കുമേല്‍ നര്‍മ്മം വാരിവിതറി അതിനെ സഹനീയമാക്കുകയായിരുന്നു താന്‍ എന്ന് ബഷീര്‍ ഓര്‍മ്മിക്കുന്നതിന് പിന്നില്‍ ഇങ്ങനെയും ഒരര്‍ത്ഥമുണ്ട്.

ആധുനികമായ ലോകാവബോധത്തിന്റെ വിമര്‍ശനസ്ഥാനമായി ബഷീറിന്റെ എഴുത്തിനെ മാറ്റിത്തീര്‍ക്കുന്നതില്‍ 'സ്ഥലം' എന്ന ബഷീറിയന്‍ കല്പനയ്ക്ക് വലിയ പങ്കുണ്ട്. താന്‍ സ്ഥലത്തിന്റെ ചരിത്രകാരനാണെന്നാണ് ബഷീര്‍ പറഞ്ഞുപോന്നിരുന്നത്. പ്രാദേശികതയുടെ അടയാളങ്ങള്‍ പേറി നില്‍ക്കുന്ന ഒരിടം എന്നതിനപ്പുറം ഇതിന് പ്രസക്തിയുണ്ട്. മാല്‍ഗുഡിയോ, അതിരാണിപ്പാടമോ പോലെ ഒരിടമല്ല ഈ ബഷീറിയന്‍ സ്ഥലം. മേല്പറഞ്ഞ സ്ഥലങ്ങളത്രയും, ഒരര്‍ത്ഥത്തില്‍, ദേശീയമായ സ്ഥലഭാവന യുടെ ചെറുരൂപങ്ങളാണ്. നോവല്‍ തന്നെ ദേശീയമായ സ്ഥലഭാവനയുടെ ആവിഷ്കാരമാണെന്ന് ഇന്ന് മനസ്സിലാക്കപ്പെട്ടു വരുന്നുണ്ടല്ലോ. ഇത്തരം സ്ഥലകല്പനയുടെ ഘടകസാമഗ്രികളെ പ്രാദേശികമായ ഒരു സ്ഥാനത്തേക്കു സംഗ്രഹിച്ചുകൊണ്ടാണ് നവോത്ഥാന നോവലുകള്‍ സ്ഥലത്തെ ആവിഷ്കരിച്ചത്. അതുകൊണ്ട് അവ ആധുനികമായ മനുഷ്യജീവിതത്തിന്റെ സൂക്ഷ്മസ്ഥാനങ്ങളായിത്തീര്‍ന്നു. ദേശീയ ആധുനികതയുടെ യുക്തികളും സ്വത്വകല്പനയും ഭരണസംവിധാനങ്ങളും പ്രവര്‍ത്തനക്ഷമമായിരിക്കുന്ന ചെറുലോകങ്ങള്‍. ബഷീറിയന്‍ സ്ഥലം അത്തരമൊന്നല്ല. ഏറിയകൂറും ഭാവനാത്മകം മാത്രമായി അനുഭവപ്പെടുന്ന അവിടെ ആധുനികതയുടെ പ്രമാണരേഖകള്‍ കാര്യമായി മാനിക്കപ്പെടുന്നില്ല. ആനവാരിയും പൊന്‍കുരിശും പോലുള്ളവരുടെ യുക്തികളാണ് അവിടെ വാഴുന്നത്. ഫലിതത്തിന്റെ മുഖമറയ്ക്കുള്ളിലായതിനാല്‍ തിരിച്ചറിയാതെ പോകാന്‍ ഇടയുണ്ടെങ്കിലും, ഈ സ്ഥലം പില്‍ക്കാലനോവലില്‍ ഇടംപിടിച്ച അരികുലോകങ്ങളുടെ ആദിരൂപമാണെന്ന്കാണാന്‍ ഇപ്പോള്‍ വലിയ പ്രയാസമില്ല. കോക്കാഞ്ചിറയും തീയൂരും പോലെ, മുഖ്യധാരാസ്ഥലത്തിന്റെ അരികുകളോ അപരങ്ങളോ ആയ ഇടമാണ്, സരളമായ നേരമ്പോക്കിന്റെ മറപറ്റി, ബഷീറിന്റെഭാവനയിലെ സ്ഥലമായി നിലകൊള്ളുന്നത്.

ആധുനികാനന്തരരചനകളിലെ മൂര്‍ത്തതയും ചരിത്രബദ്ധതയും ഇതിനില്ല എന്നത് യാഥാര്‍ത്ഥ്യമാണ്. നവോത്ഥാനഭാവനയുടെ പ്രകാശം അത്രമേല്‍ പ്രബലമായ ഒരുകാലത്ത്, മൂര്‍ത്തവും കര്‍ക്കശവുമായ ഒരെതിര്‍സ്ഥലം മുഖ്യധാരാഭാവനയില്‍ ഇടംപിടിക്കുന്നത് എളുപ്പമായിരുന്നുമില്ല. പക്ഷേ അക്കാലത്തുതന്നെ, ഈ എതിര്‍ലോകത്തിന്റെ പാരഡിയായി ‘സ്ഥലം’ ഉയര്‍ന്നുവരുന്നുണ്ട്. ഈ ‘സ്ഥല’ത്തിന്റെ ചരിത്രമാണ് താന്‍ എഴുതിപ്പോരുന്നതും.

“ഈ ചരിത്രത്തില്‍ വരുന്ന സ്ഥലവാസികളെ കൂടാതെ ആണും പെണ്ണുമായി ഒരു രണ്ടായിരത്തി അറുന്നൂറോളം വരുത്തരുമുണ്ട്. അവര്‍ ഈ ചരിത്രത്തില്‍ ചൊവ്വാഴ്ചയും ശനിയാഴ്ചയുമേ വരൂ. വരുന്നതു ചന്തയിലാണ്. വാങ്ങാനും വില്‍ക്കാനും...... പൊതുവില്‍ വലിയ ആരവമുണ്ടാക്കാനും; കശപിശയ്ക്കും.”

സൂര്യഭഗവാനെ ലോകത്തില്‍ ആദ്യമായി കണ്ടുപിടിച്ചത് സ്ഥലവാസികളാണ്. ഇതുപോലെ ക്ഷൌരക്കത്തി, ഗൌളിശാസ്ത്രം, തീയ്, കൂടുവിട്ടു കൂടുമാറല്‍, മുച്ചീട്ടുകളി, സ്വപ്നശാസ്ത്രം, പാചകവിദ്യ, കോഴിപ്പോര്, വെള്ളം, കാളവണ്ടി, ഗുസ്തി, മന്ത്രവാദം, കഠാരി എന്നിതുകള്‍ ലോകത്തില്‍ ആദ്യമായി കണ്ടുപിടിച്ചതും സ്ഥലവാസികള്‍ തന്നെ. മുഴയന്‍ നാണുവിന്റെ അഭിപ്രായത്തില്‍ സ്ഥലമാകുന്നു ലോകത്തിന്റെ നടുമധ്യം’. സ്ഥലത്തിന്റെ ഒത്തനടുക്കാണ് കടുവാക്കുഴി എന്ന കുന്ന്. ആകെക്കൂടി ഒമ്പതുമൈല്‍ ചുറ്റളവിനകമാണ് സ്ഥലം. ഈ ഒമ്പതുമൈല്‍ ചുറ്റളവിന് വെളിയിലുള്ള മഹാപ്രപഞ്ചം മുഴുവനും തനി മൂരാച്ചിവിദേശമാണ്........ സ്ഥലത്തെ പൊട്ടും പൊടിയും ചെറുതും വലുതുമായ ജനസംഖ്യ രണ്ടായിരത്തിഇരുന്നൂറ്റി പന്ത്രണ്ടാണ്. ഒടുവിലത്തെ രണ്ട് മനുഷ്യരല്ല. ഗജകുലത്തില്‍ പിറന്ന കൊച്ചുനീലാണ്ടനും പാറുക്കുട്ടിയുമാണ്.”

ആധുനികമായ ദേശ-രാഷ്ട്രത്തിന്റെ സ്ഥലകല്പനയുടെ വിപരീതനിലയിലാണ് ഇതെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ശ്രേണീകൃതമായ അധികാര ഘടനയും യുക്തിപരതയും ആധുനികമായ വ്യക്തിസങ്കല്പവും ഇടകലര്‍ന്ന സ്ഥലരാശിയാണ് ദേശ-രാഷ്ട്രം. ഇവിടെയാകട്ടെ സ്ഥലം ഒരു കളി’സ്ഥലമായി, നേരമ്പോക്കും വിപരീതകല്പനകളും ഒത്തുകളിക്കുന്ന ഉത്സവാത്മകതയുടെ സ്ഥാനമായി മാറിത്തീരുന്നു. വിനീതചരിത്രകാരന്‍ എന്ന സ്ഥാനത്തിരുന്ന് ഈ എതിര്‍ലോകത്തെയാണ് ബഷീര്‍ അടയാളപ്പെടുത്തുന്നത്. സ്ഥലത്തിന്റെ ചരിത്രം സ്ഥലവാസികളുടേത് മാത്രമാണ്.

“അന്നും പതിവുപോലെ സൂര്യഭഗവാന്‍ കടുവാക്കുഴി എന്ന കുന്നിന്റെ ഉച്ചിയില്‍ നിന്നും പതുക്കെ സ്ഥലത്തേക്കു നോക്കി; കാര്യമായ വിശേഷങ്ങളൊന്നുമില്ല. എല്ലാവരും സൌഖ്യമായിത്തന്നെ വര്‍ത്തിക്കുന്നു. കണ്ടന്‍പറയന്‍ സമാധിയില്‍ തന്നെ സ്ഥലവാസികളുടെ കണ്ണിലുണ്ണികളായ കൊച്ചു നീലാണ്ടന്‍, പാറുക്കുട്ടി എന്നീ ആനകള്‍ നദിയുടെ വക്കത്തുനിന്ന് ഓലമടല്‍ തിന്നുന്നുണ്ട്..... ഉണ്ടക്കണ്ണനന്ത്രുവിന്റെ ചക്കരക്കടയുടെ മുന്നില്‍ ചെറിയ ഒരാള്‍ക്കൂട്ടമുണ്ട്. ഓ...... പാമ്പുകളിയാണ്! സ്ഥലത്തെ പ്രധാന പാമ്പുകളിക്കാരനായ വീരപാണ്ഡ്യപണ്ടാരം. ഭാര്യ മുനിയമ്മ, മകള്‍ മിസ്സ് ലൂച്ചി. ശകലം കറുത്തതാണെങ്കിലും മിസ്സ് ലൂച്ചി സുന്ദരി തന്നെ. വേറെ വിശേഷങ്ങളൊന്നുമില്ല. ആനവാരി രാമന്‍ നായര്‍, പൊന്‍കുരിശ് തോമ, എട്ടുകാലി മമ്മൂഞ്ഞ്, ചാത്തങ്കേരിമനയ്ക്കല്‍ ശങ്കരന്‍ നമ്പൂതിരിപ്പാട്, ഒറ്റക്കണ്ണന്‍ പോക്കര്‍, സ്ഥലത്തെ രണ്ട് പോലീസ് മൂരാച്ചികള്‍, മണ്ടന്‍മുത്തപ, മുഴയന്‍ നാണു മുതലയാവര്‍ പോലീസ് സ്റ്റേഷന്റെ അടുത്തുള്ള ചേന്നന്‍ മൈതാനത്തിരുന്ന് എന്തോ ലോകകാര്യങ്ങളെപ്പറ്റി ചര്‍ച്ചചെയ്യുകയാണ്. എല്ലാം ശാന്തം”

ചരിത്രം ഇവരുടേതാണ്. പിന്നെ കുറെ വരത്തരും അവിടെയുണ്ട്.

ഇങ്ങനെ കലമ്പിനില്‍ക്കുന്ന ഒരു കീഴ്ത്തളമായി സ്ഥലം ബഷീറിന്റെ എഴുത്തില്‍ ഇടംനേടുന്നു. ആധികാരികവും ഭദ്രവും സുദൃഢവുമായ സ്വത്വകല്പനകളും രാഷ്ട്രജീവിതവും അസാധ്യമായിത്തീരുന്ന ഇടമാണത്. നവോത്ഥാന ആധുനികത അമര്‍ച്ചചെയ്ത പൂര്‍വ്വലോകങ്ങളുടെ പ്രസാദവും പ്രകാശവും അവിടെ തലയുയര്‍ത്തിനില്‍ക്കുന്നു. പുറമേക്ക് ഒരു കളിമട്ടായി. അകമേ, ചരിത്രത്തിന്റെ സൂക്ഷ്മ സ്വരമായും.

സ്ഥലഭാവനയിലെ എതിര്‍നിലയുടെ തുടര്‍ച്ചകാണുന്ന മറ്റൊരിടം ആധുനികമായ സ്ഥാപനരൂപങ്ങളുടേതാണ്. കുടുംബം, ദാമ്പത്യം, പ്രണയം തുടങ്ങിയ ആധുനികസ്ഥാപനങ്ങളെല്ലാം ബഷീറിന്റെ ഭാവനാലോകത്ത് അടിയിളകിയ നിലയിലുള്ളവയാണ്. സുദൃഢസ്ഥാനങ്ങളും സുവ്യക്തസ്ഥാനങ്ങളുമായി ഭാവിയിലേക്ക് തുടരുന്ന പ്രമാണങ്ങളല്ല അവ. പകരം സന്ദിഗ്ദ്ധവും ഇളക്കം തട്ടിയതുമായ ജീവിതബന്ധങ്ങളാണ്. ഇവിടെയും കര്‍ക്കശമായ വിമര്‍ശനസ്വരങ്ങള്‍ ഏറെയൊന്നും കാണാനാവില്ല. ശബ്ദങ്ങള്‍ പോലെ ചുരുക്കം സ്ഥാനങ്ങളിലേ നാം നാഗരികതയുടെ അടിയിളക്കി ക്കളയുന്ന എതിര്‍സ്വരങ്ങളുടെ കാര്‍ക്കശ്യം അനുഭവിക്കുന്നുളളൂ. മറ്റിടങ്ങളില്‍ അത് ബഷീറിയന്‍ നര്‍മ്മത്തിന്റെ ഭാസുരപ്രകാശനങ്ങളായി നമ്മെ ആഹ്ളാദിപ്പിക്കുകയാണ് ചെയ്യുന്നത്. എങ്കിലും പ്രേമലേഖനം എന്ന ആദ്യകാലരചനമുതല്‍ ഈ അടിയിളക്കങ്ങളെ ബഷീര്‍ തന്റെ എഴുത്തില്‍ നിലനിര്‍ത്തിപ്പോരുന്നുണ്ട്. സാറാമ്മയുംകേശവന്‍നായരും പ്രണയിക്കുന്നത് കാല്പനികതയുടെ താഴ്വരകളിലോ റിയലിസ്റ്റ് ആദര്‍ശാത്മകതയുടെ സമതലങ്ങളിലോ അല്ല.

"വണ്ടി ഒരു സ്റ്റേഷനില്‍ നിന്നു. കേശവന്‍നായര്‍ ചായയ്ക്ക് ആര്‍ഡര്‍ ചെയ്തു. രണ്ടുപേര്‍ക്കും കാപ്പി മതിയെന്ന് സാറാമ്മ പറഞ്ഞു. രണ്ടുപേര്‍ക്കും ചായമതിയെന്ന് കേശവന്‍നായര്‍ പറഞ്ഞു. രണ്ടുപേര്‍ക്കും ദേഷ്യം വന്നു. ഒടുവില്‍ കേശവന്‍നായര്‍ ഒരു ചായയും സാറാമ്മ ഒരു കാപ്പിയും കുടിച്ചു. സൂര്യനും വളരെ ഭംഗിയായി സന്തോഷത്തോടെ ഉദിച്ചു.''

അന്തിമമായ ഏകതത്വത്തിലേക്ക് സംഗ്രഹിക്കപ്പെടുന്ന പ്രണയാനുഭവങ്ങളുടെ വിപരീതമാകാന്‍ പോന്ന ചിലത് ഇവിടെയുണ്ട്. ഒന്നില്‍തന്നെയുള്ള രണ്ട്. ഏകതയിലും തുടരുന്ന വൈജാത്യങ്ങള്‍. അനുരാഗത്തിന്റെ ദിനങ്ങളില്‍ ദേവിയെ കാണാന്‍ പോകുന്ന നായകന്‍ എതിരെ വരുന്ന പെണ്ണുങ്ങളെ കൊതിയോടെയാണ് നോക്കുന്നത്. പ്രണയിച്ച പെണ്ണിനോടൊപ്പം കഴിയുമ്പോളും, ആദര്‍ശാത്മകതയുടെ ബലിഷ്ഠമായ കവചങ്ങള്‍ക്കുള്ളില്‍, സഹോദരീ സഹോദരന്മാരെപ്പോലെ ജീവിക്കുന്നവര്‍ അവതരിക്കപ്പെട്ട (രണ്ടിടങ്ങഴി) കാലത്തുതന്നെയാണ് ബഷീര്‍ ഇതെഴുതുന്നത്.

നവോത്ഥാനഭാവന ആദര്‍ശാത്മകതയുടെ അതിര്‍വരമ്പുകള്‍ക്കുള്ളില്‍ ഒതുക്കിനിര്‍ത്തിയ കാമനാവേഗങ്ങള്‍ ബഷീറില്‍ അത്രയെളുപ്പം ഒതുങ്ങുന്നില്ല. ദേവി തന്നെ പ്രണയിക്കുന്നത് വളരെയേറെ പ്രയാസപ്പെട്ടിട്ടാണ് തന്നെ പ്രണയിക്കുന്നതെന്ന് തന്നെ അറിയിക്കാന്‍ വേണ്ടിയാണ് ജ്യേഷ്ഠന് എഴുതുന്നതുപോലെ ഒരു കത്തെഴുതി തന്റെ പുസ്തകത്തില്‍ വച്ചതെന്ന് നായകന്‍ ഓര്‍ക്കുന്നു. പ്രണയമെന്നത് വഞ്ചനയുമാകാമെന്നത്, തന്നെ സ്നേഹിക്കാന്‍ കഴിയുന്നതുകൊണ്ട് ദേവിക്ക് മറ്റുപലരേയും സ്നേഹിക്കാന്‍ കഴിയുമെന്ന് അറിയുന്ന പ്രണയഭാവനയാണ് ഇവിടെയുള്ളത്. ബാല്യകാല സഖിയിലും, ന്റുപ്പാപ്പയിലും ആദര്‍ശാത്മകതയുടെ കണ്ണീരും നിലാവുമായി നിറയുന്ന പ്രണയകല്പനയുടെ എതിര്‍ലോകമാണ് ഇവിടെ നാം വായിക്കുന്നത്. ബഷീര്‍ പല ലോകങ്ങളില്‍ പോയി മടങ്ങുന്നു.

ഈ വിപരീതലോകത്തിന്റെ പ്രകാശനം നിര്‍വ്വഹിക്കപ്പെടുന്ന മറ്റൊരിടം ബഷീറിന്റെ പ്രണയാവിഷ്കാരങ്ങളുടേതാണ്. ബാല്യകാലസഖിയും പ്രേമലേഖനവും മുതലുള്ള രചനകളില്‍ ഔപചാരികതയുടെ അതിര്‍വരമ്പുകള്‍ ഭേദിച്ചുപായുന്ന പ്രണയകല്പനകള്‍ നാം കണ്ടുതുടങ്ങുന്നുണ്ട്. സുഹ്റയുടെ സ്നേഹം അവളുടെ വിരലുകളിലെ നീണ്ട നഖങ്ങള്‍ കൊണ്ടുള്ള മാന്തലായിത്തീരുന്നതുകൊണ്ട് മജീദ് ആ സ്നേഹത്തെ പേടിച്ചുകൊണ്ടുകൂടിയാണ് കഴിയുന്നത്. ഒറ്റക്കണ്ണന്‍ പോക്കരുടെ മകള്‍ സൈനബയും മണ്ടന്‍ മുസ്തഫയും തമ്മിലുള്ള പ്രണയം പ്രകാശിപ്പിക്കപ്പെടുന്നത് പുട്ടിനുള്ളില്‍ ഒളിച്ചുവച്ച പുഴുങ്ങിയ മുട്ടയിലൂടെയാണ്. പ്രണയത്തിന്റെ ഔപചാരികഭാഷയെ സമ്പൂര്‍ണ്ണമായി തലകീഴ്മറിക്കുന്ന പ്രണയകല്പനയാണിത്. റൊമാന്റിസിസത്തിന്റെ ലോലകല്പനയോ, റൊമാന്റിക് റിയലിസത്തിന്റെ ആദര്‍ശപരിവേഷമോ ഇല്ലാത്ത, കേവലയാഥാര്‍ത്ഥ്യ ങ്ങളുടെ അതിസാധാരണതയില്‍ പണിതെടുക്കപ്പെട്ട പ്രണയമാണത്. പ്രണയം ദാരിദ്രവും വിശപ്പും കലര്‍ന്നുനില്‍ക്കുന്ന ഒരനുഭവമായി പരാവര്‍ത്തനം ചെയ്യപ്പെടുകയാണവിടെ. ദാരിദ്ര്യത്തിന്റെ തമോഗര്‍ത്തങ്ങളി ല്‍നിന്ന് പ്രണയത്തിന്റെ ഗഗനവിശാലതയിലേക്ക് ആദര്‍ശപൂര്‍ണ്ണമായി പറന്നുപൊങ്ങിയ ചിത്രശലഭങ്ങളെ നാം എത്രയും കണ്ടിട്ടുണ്ടാകുമെങ്കിലും, ഇവിടെ അത്തരമൊരു പറന്നുപൊങ്ങലില്ല.

ആദര്‍ശംകൊണ്ട് അലങ്കരിക്കപ്പെട്ട പ്രണയമല്ല; യാഥര്‍ത്ഥ്യത്തിന്റെ അതിസാധാരണതയില്‍ തുടരുന്ന പ്രണയമാണ് ബഷീര്‍ ഭാവന ചെയ്യുന്നത്. അതിസാധാരണമായിരിക്കുമ്പോഴും അത് അസാധാരണമാണ്. ആ അസാധാരണത്വം സങ്കീര്‍ണ്മമായ ജീവിത പ്രകൃതിയുടെ ഉത്പന്നമായതുകൊണ്ട്, അത്രമേല്‍ സ്വാഭാവികമായി നമുക്ക് അനുഭവപ്പെടുന്നു എന്നേയുള്ളൂ. മതിലുകളില്‍, ബഷീര്‍ പ്രണയത്തെ അടയാളപ്പെടുത്തിയത് ഉണങ്ങിയ ഒരു ചുള്ളിക്കമ്പുകൊണ്ടാണെന്ന കാര്യവും ഇവിടെ ഓര്‍മ്മിക്കാം. പെണ്‍ജെയിലില്‍ പാര്‍ക്കുന്ന നാരായണിയെ, താനിതുവരെയും കണ്ടിട്ടില്ലാത്ത നാരായണിയെ, പ്രണയിച്ച് സ്വയമൊരു പൂങ്കാവനമായിത്തീരുന്ന നായകനെ നാമിവിടെ കണ്ടുമുട്ടുന്നു. ജീവചൈതന്യം തീര്‍ത്തും അറ്റുപോയ ഒരു ചുള്ളിക്കമ്പാണ് ജീവിതത്തിലെ മൃദുലലോലമായ അനുഭൂതിയുടെ ആവിഷ്കാരമാധ്യമമായി ബഷീര്‍ ഉപയോഗിക്കുന്നത്. അനുരാഗത്തെ ആത്മതത്ത്വമാക്കിയ അപരലോകത്തിലെ ആദര്‍ശാനുഭവമായി അനുരാഗം മാറിയെങ്കില്‍ ബഷീര്‍ യാഥാര്‍ത്ഥ്യത്തിന്റെ നടുത്തളത്തിലാണ്അതിനെക്കൊണ്ടു വന്നുനിര്‍ത്തിയത്. പ്രണയത്തിന്റെ കീഴ്നിലയായി, അനുരാഗകല്പനയിലെ കീഴാളത്തമായി അത് നമ്മുടെ ഭാവനയുടെ ചരിത്രത്തിലെ വിച്ഛേദമായിത്തുടരുന്നു.

ഇതേ മറുലോകങ്ങള്‍ ബഷീറിന്റെ കുടുംബസങ്കല്പങ്ങ ളിലും കാണാം. വീടുവിട്ടുള്ള പോക്കുകളാണ് ബഷീറിന്റെ ഭാവനയുടെ കേന്ദ്രങ്ങളിലൊന്ന്. അവസാനമില്ലാത്ത അലച്ചിലുകളിലേക്ക് തന്നെ എടുത്തെറിയുന്ന അധികാരകേന്ദ്രമായി പലപ്പോഴും വീട് മാറിത്തീരുന്നു. അവിടേക്ക് മടങ്ങിയെത്തുമ്പോഴാകട്ടെ, ഉമ്മയും പാത്തുമ്മയും ആടും എല്ലാംകൂടിക്കലര്‍ന്ന് നില്‍ക്കുന്ന ഒരു വിശ്ളഥസ്ഥാനമാണത്. സ്നേഹവാത്സല്യങ്ങള്‍ വഞ്ചകമായും തുടരുന്ന ഒരിടം. 'ആട്ടൊരുഗ്രമാം ചുംബനമോ നീ/കൂട്ടുകാരിയെ പുല്‍കിയുറങ്ങി' എന്ന് വൈലോപ്പിള്ളി എഴുതിയതുപോലെ ഉമ്മയുടെ സ്നേഹം തന്നെയാണ് ഉമ്മയുടെ ചതിയുമെന്ന് ബഷീര്‍ മനസ്സിലാക്കുന്നുണ്ട്. നമുക്ക് നിങ്ങളുടെ വീട്ടിലേക്കുപോകാം എന്നുപറയുന്ന സ്ത്രീയോട് അവിടെ ഭാര്യയുണ്ട് എന്ന് മറുപടിപറയുന്ന പട്ടാളക്കാരനെ ബഷീര്‍ ശബ്ദങ്ങളില്‍ അവതരിപ്പിക്കുന്നുണ്ട്. കാര്‍ക്കശ്യം നിറഞ്ഞ ഈ വിമര്‍ശനസ്വരത്തിന്റെ സൌമ്യവും മൃദുലവും മനോഹരവുമായ തുടര്‍ച്ചയാണ് പാത്തുമ്മയുടെ ആടിലുള്ളത്. വളരെ പ്രയാസപ്പെട്ട്, ഇല്ലാത്ത പണം തേടിപ്പിടിച്ച് ആവശ്യപ്പെട്ട പണം ഉമ്മയ്ക്ക് നല്‍കുമ്പോള്‍ കൂടുതല്‍ പണം ചേദിക്കാതിരുന്നതിലെ മണ്ടത്തരത്തെക്കുറിച്ചാണ് ഉമ്മ വ്യാകുലപ്പെടുന്നത്.ഏകാത്മകവും സുസ്ഥിരവുമായ സ്വത്വസ്ഥാനങ്ങളിലല്ല നാം നിലയുറപ്പിക്കുന്നതെന്ന് ബഷീര്‍ നമ്മെ ഓര്‍മ്മപ്പെടുത്തിക്കാണ്ടേയിരി ക്കുന്നു.

നവോത്ഥാനഭാവനയില്‍ വിജയകിരീടം ചൂടിനില്‍ക്കുന്ന മനുഷ്യന്‍ ബഷീറിന്റെ ഭാവലോകത്തില്‍ അങ്ങനെയൊരാളായല്ല നിലനില്‍ക്കുന്നത്. 'ആരൊരാളെന്‍ കുതിരയെക്കെട്ടുവാന്‍/ആരൊരാളതിന്‍ മാര്‍ഗ്ഗം മുടക്കുവാന്‍' എന്ന് കുളമ്പടിച്ചുപാഞ്ഞ വിജൃംഭിതവീര്യങ്ങള്‍ ബഷീറിന്റെ എഴുത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്നില്ല. ആരാണീ ഭൂമിയുടെഅവകാശികള്‍ എന്ന് ബഷീര്‍ നിരന്തരം ചോദിച്ചുകൊണ്ടേയിരിക്കുകയും അതിന് പുതിയ ഉത്തരങ്ങള്‍ പറയുകയും ചെയ്തു. പാമ്പും പഴുതാരയും കുറുക്കനും കാട്ടുനായ്ക്കളുംനിറഞ്ഞ ഭൂമി, മനുഷ്യനെന്നതുപോലെ അവര്‍ക്കും അവകാശപ്പെട്ടതാണെന്ന വിപുലമായ ലോകാവബോധം ബഷീര്‍കൃതികളില്‍ ഉടനീളം വേരോടിനില്‍ക്കുന്നുണ്ട്. പാരിസ്ഥിതികത ഒരു ഒരറിവായി നില്‍ക്കുകയല്ല, സഹജാവബോധമായി, ജീവിതവീക്ഷണമായി മാനുഷികതയുടെ നിര്‍ണ്ണായകങ്ങളിലൊന്നു തന്നെയായി അവിടെ ഇടം കണ്ടെത്തിയിരിക്കുന്നു. ന്റുപ്പൂപ്പായിലെ കുഞ്ഞുപാത്തുമ്മ, തന്റെ തുടയിലെ ചോര കുടിക്കുന്ന അട്ടയെ കൊല്ലാതെ വിടുന്നത് അതിന്റെ ഉമ്മയെയും ബാപ്പയെയും ഓര്‍ത്തിട്ടാണ്. പാത്തുമ്മയുടെ ആട് അവിടത്തെ മനുഷ്യരോളം തന്നെ, ചിലപ്പോള്‍ അതിനേക്കാളേറെ പ്രാബല്യത്തോടെ ആ കുടുംബത്തിന്റെ ജീവിതത്തില്‍ ഇടപെടുന്നുണ്ട്. ‘ഞാന്‍ ഇവിടെ ഒരു ഭാര്യ, രണ്ട് മക്കള്‍, കുറുക്കന്മാര്‍, പാമ്പുകള്‍, പഴുതാരകള്‍ എന്നിവയോടൊപ്പം സുഖമായി വസിക്കുന്നു’ എന്ന് എഴുതുമ്പോള്‍ ബഷീര്‍ അടയാളപ്പെടുത്താന്‍ ശ്രമിക്കുന്നതും ഈ വിപുലബോധത്തെയാണ്. പ്രതാപികളായ മനുഷ്യര്‍, അഥവാ പ്രതാപികളായ ആണുങ്ങള്‍ ചവിട്ടിമെതിച്ചു നടന്ന വഴികള്‍ ബഷീറിന്റെ ഭാവനാലോകത്തില്‍ ഇല്ലാതെ പോയതിന്റെ കാരണവും മറ്റൊന്നല്ല.

ആശാന്‍ കവിതയിലെ നായകകല്പനയെ ഓര്‍മ്മിപ്പിക്കും വിധത്തില്‍ ആണൊഴിഞ്ഞ അരങ്ങുകള്‍ ബഷീറിലുണ്ട്. ബാല്യകാലസഖിയും പ്രേമലേഖനവും മുതല്‍, ന്റുപ്പൂപ്പായും പാത്തുമ്മയുടെ ആടും വരെ ആണ്‍കോയ്മയുടെ പാര്‍പ്പിടങ്ങളല്ല. നാട്ടുജീവിതത്തിന്റെ തെളിച്ചമുള്ള അറിവുകള്‍കൊണ്ട് ജീവിതത്തെ അളക്കുന്ന പെണ്ണുങ്ങള്‍ ബഷീറിന്റെ കഥാലോകത്തെ പ്രബലസാന്നിദ്ധ്യമണ്. വിപുലമായൊരര്‍ത്ഥത്തില്‍ ഇത് നമ്മുടെ ആധുനികായുക്തിയുടെ എതിര്‍വഴിക്കുള്ള ഒരു നീക്കവുമാണ്. മാതൃകാകുടുംബിനിയായി, വീട്ടമ്മയായി (വീട്ടടിമ?) കെട്ടിത്തളയ്ക്കപ്പെട്ട നിലയിലാണ് നവോത്ഥാനാനന്തരം മലയാളത്തില്‍ പെണ്‍ജീവിതം വളര്‍ന്നുവന്നത്. അടുക്കളയില്‍ നിന്ന് അരങ്ങത്തേക്കിന്റെ തുടര്‍ച്ചയായി, തൊഴില്‍ കേന്ദ്രത്തിലേയ്ക്ക് എന്ന നാടകവും, നമ്മുടെ നവോത്ഥാന ചരിത്രത്തിലുണ്ടെങ്കിലും, ചരിത്രത്തിലെ വിദൂരസ്മൃതികളിലൊന്നായി, പതിറ്റാണ്ടുകളുടെ അകലത്തില്‍വച്ച് ഓര്‍ത്തെടുക്കേണ്ട ഒന്നായി മാത്രമേ അതിന് ജീവിക്കാനായുള്ളൂ. നവോത്ഥാനത്തിന്റെ വെളിച്ചം തൂവിത്തുളുമ്പാത്ത, ബാക്കിയായ ഇടങ്ങളിലൊന്നായി ഗാര്‍ഹികതയുടെ ലോകം ഇപ്പോഴും ബാക്കിയുണ്ട്. പെണ്മയുടെ പിന്‍വാങ്ങലിന്റെ ഇടം. ഈ കീഴായ്മയുടെ കഥയല്ല ബഷീറില്‍ നാം വായിക്കുന്നത്. തങ്ങളുടെ അനഭ്യസ്തതയിലും വീട്ടുജീവിതത്തിന്റെ നിയാമകങ്ങളായി വര്‍ത്തിക്കുന്ന സ്ത്രീകളെ ബഷീര്‍ സാഹിത്യത്തിലുടനീളം നമുക്ക് കാണാം. ജീവിതത്തെ കെട്ടിപ്പടുക്കാന്‍, കഴിഞ്ഞ നൂറ്റാണ്ടിലെ മുഖ്യധാരാ ജീവിതം ഉപയോഗിച്ച യുക്തികളല്ല അവരും ഉപയോഗിക്കുന്നത്. ഗാര്‍ഹികത എന്ന അനുഭവലോകം തന്നെ ബഷീറില്‍ കലങ്ങിനില്‍ക്കുന്നത് ഇതുകൊണ്ടു കൂടിയാണ്. 'ഇമ്മിണി വല്ല്യ ഒന്ന്' എന്ന വിപരീതയുക്തിയുടെ ആന്തരികമായ തുടര്‍ച്ച അവിടെ നാം കാണുന്നു.

ഒരര്‍ത്ഥത്തില്‍ ബഷീറില്‍ പ്രബലമായിരുന്ന സൂഫിസ്റ്റ് പാരമ്പര്യമാണ് ഇത്തരം എതിര്‍നിലകളെ സാധ്യമാക്കിയതെന്ന് പറയാം. 'നിങ്ങള്‍ മിസ്റ്റിക്കാണോ'? എന്ന ചോദ്യത്തിന് 'ഞാന്‍ പച്ചക്കറിയല്ല' എന്നാണ് ബഷീര്‍ ഉത്തരം പറഞ്ഞിട്ടുള്ളത്. ഈ ഉത്തരത്തിനുശേഷവും ബഷീറിന്റെ ലോകബോധം സന്ദിഗ്ദ്ധമായ ഒരു മിസ്റ്റിക് അവബോധത്താല്‍ പ്രചോദിതമായിരുന്നതായി മനസ്സിലാക്കാന്‍ കഴിയും. ആചാരപരതയില്‍ അടിയുറച്ച ഔപചാരിക സ്ഥാപനമതത്തിനും, ആധുനികമായ യുക്തിബോധത്തിനും ഇടയില്‍ അവയ്ക്കെതിരായ വിമര്‍ശനസ്ഥാനമായി ബഷീര്‍ തന്റെ മിസ്റ്റിക് അവബോധത്തെ ഉറപ്പിച്ചുനിര്‍ത്തി. പ്രപഞ്ചവും താനും തമ്മിലുള്ള ബന്ധത്തിന്റെ സ്വരൂപത്തെയും, ഉണ്മയുടെ പൊരുളിനേയും തിരഞ്ഞുപോകുന്ന അവബോധമായി ഇത് ബഷീറില്‍ തുടരുന്നുണ്ട്. 'ആരാണെന്റെ കാല്പാടുകള്‍ മായ്ചുകൊണ്ടേയിരിക്കുന്നത്' എന്ന് ജീവിതത്തിന്റെ ക്ഷണികതയെ അടയാളപ്പെടുത്താനും, 'അനന്തമായ സമയം അള്ളാഹുവിന്റെ ഖജനാവില്‍ മാത്രമേ ഉള്ളൂ' എന്ന് നിത്യശ്രവണിയായ കാലത്തില്‍ ദൈവസങ്കല്പത്തെ സന്നിവേശിപ്പിക്കാനും, 'നീയും ഞാനും എന്ന യാഥാര്‍ത്ഥ്യത്തില്‍ നിന്ന് നീ മാത്രം ബാക്കിയാവുകയാണ്' എന്ന് മാനുഷികമായ നശ്വരതയെയും കേവലമായ ഒരനശ്വരതയെയും അഭിസംബോധന ചെയ്യാനും ബഷീറിന് കഴിയുന്നത് ഈ അവബോധത്തിന്റെ തുടര്‍ച്ചയിലാണ്. കേവലയുക്തിയുടെ നേര്‍വഴിയില്‍ അസംബന്ധങ്ങളായി പരിണമിക്കാവുന്ന പ്രമേയങ്ങളെയാണ് ബഷീര്‍ ഇങ്ങനെ അഭിസംബോധന ചെയ്തു പോന്നത്. ഈ അഭിസംബോധനകളാവട്ടെ കൂടുതല്‍ വലിയചോദ്യങ്ങളായി നമ്മിലേക്ക് മടങ്ങിവരുകയും ചെയ്യുന്നു.

മധ്യകാല ഭക്തിപാരമ്പര്യത്തിലെ കീഴാളകവികളെ ഓര്‍മ്മിപ്പിക്കുംവിധം സുതാര്യവും ലളിതവുമായ ഭാഷയിലാണ് ബഷീര്‍ ജീവിതത്തിന്റെ പൊരുളിനെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ നടത്തിക്കൊണ്ടിരുന്നത്. ഭാഷയില്‍ ബഷീര്‍ കൊണ്ടുവന്ന വിപ്ളവത്തിന്റെ അര്‍ത്ഥം ഇതുകൂടിയാണ്. ആഖ്യയും ആഖ്യാതവും ഇല്ലാത്ത തന്റെ ഭാഷയിലൂടെ, പുതിയ ജീവിതഖണ്ഡങ്ങളെ ബഷീര്‍ എഴുത്തില്‍ ഇണക്കി ചേര്‍ക്കുകയായിരുന്നു. ഇക്കാര്യം ഇതിനകം ഏറെ വിശദീകരിക്കപ്പെട്ടിട്ടുണ്ട്. ‘അനുഭവങ്ങളുടെ ഭൂഖണ്ഡ’ങ്ങളെകുറിച്ചുള്ള വിഖ്യാതമായ നിരീക്ഷണം ഇക്കാര്യവും സൂചിപ്പിക്കുന്നുണ്ട്. കെട്ടുകല്യാണം സാഹിത്യവിഷയമായിരിക്കെ, മാര്‍ക്കക്കല്യാണവും സാഹിത്യവിഷയമാകാമെന്ന് നമ്മുടെ നവോത്ഥാന നിരൂപണം മതനിരപേക്ഷിതയുടെ ഉയര്‍ന്ന പടവുകളില്‍ വച്ച് പ്രഖ്യാപിച്ചിട്ടുമുണ്ട്. ഭാഷയിലെ വിപ്ളവം ഭാഷയില്‍ മാത്രമൊതുങ്ങുന്ന കാര്യമല്ലെന്ന് ബഷീറിനോടൊപ്പം തന്നെ അക്കാലത്തെ വിമര്‍ശനവും തിരിച്ചറിഞ്ഞതിന്റെ അടയാളമാണത്.

എങ്കിലും ബഷീറിന്റെ ഭാഷാവിപ്ളവത്തില്‍ ഇതിനപ്പുറം പോകുന്ന ചിലതുമുണ്ട്. വലിയ നോവലുകള്‍ എഴുതാന്‍ വേണ്ട ഭാവന ബഷീറിനില്ല എന്ന ഒരു നസ്യം ഇവിടെ ഉണ്ടായിരുന്നല്ലൊ; നിരൂപണം എന്ന നിലയ്ക്ക്. അത് പറഞ്ഞവര്‍ ഉദ്ദേശിച്ചിട്ടില്ലെങ്കിലും ബഷീര്‍ കൊണ്ടുവന്ന ഭാഷാവിപ്ളവത്തിന്റെ ഒരു സവിശേഷ സ്വഭാവം അതില്‍ ഒളിഞ്ഞുകിടപ്പുണ്ട്. നോവല്‍ എന്ന ജനുസ്സിന്റെ അതിര്‍വരമ്പുകള്‍ക്കുള്ളില്‍ കൃത്യമായി ഒതുങ്ങി നില്ക്കാവുന്ന വിധത്തിലല്ല ബഷീര്‍ തന്റെ രചനകള്‍ സംവിധാനം ചെയ്തത്. നോവല്‍ എന്ന് പേരിട്ട് വിളിച്ചെങ്കിലും, നമ്മുടെ നവോത്ഥാനഭാവനയെ സ്ഫോടനം ചെയ്യിക്കാന്‍ പോന്ന ശേഷിയുണ്ടായിരുന്ന ശബ്ദങ്ങളെ കേസരി ചെറുകഥയെന്നാണ് വിശേഷിപ്പിച്ചത്. പാത്തുമ്മയുടെ ആടിന്റെ പ്രസിദ്ധമായ ആമുഖത്തില്‍ ബഷീര്‍ തന്റെ ജീവിതാനുഭവങ്ങളിലെ നിര്‍ണ്ണായക വസ്തുതകളിലൊന്നിനെ വിവരിച്ചിട്ടാണ് നോവലിലേക്ക് കടക്കുന്നത്. ഈ ആമുഖം നോവലിന്റെ ഭാഗമായാണോ നോവലിന് പുറത്തായാണോ വായിക്കേണ്ടതെന്ന് നമുക്ക് സംശയിക്കാവുന്നതാണ്. വിപുലമായ ഒരു സ്ഥലരാശിയിലെ മനുഷ്യാനുഭവങ്ങളെ കൂട്ടിയിണക്കി, സ്ഥലകാലങ്ങളുടെ അനസ്യൂതിയില്‍ ചരിത്രത്തിന്റെ വിശാലസന്ദര്‍ഭങ്ങളെ അടയാള പ്പെടുത്തുന്ന നോവലിന്റെ ക്ളാസ്സിക്കല്‍ ക്രമത്തെ രൂപത്തിലും ഭാവത്തിലും ബഷീര്‍ മറികടന്നുപോകുന്നുണ്ട്. മലയാളഭാവനയുടെ ചരിത്രത്തില്‍, ആധുനികമായ ലോകാവബോധത്തിന്റെ ആവിഷ്ക്കാരപ്രകാരമായി നോവല്‍ പരന്നുപടര്‍ന്നുകൊണ്ടിരിക്കുന്ന കാലയളവിലാണ് ബഷീര്‍ തന്റെ എഴുത്തിനെ ഇതിന്റെ മറുപുറങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോയത്. ആത്മകഥയും അനുഭവവിവരണവും ഏറിനില്‍ക്കുന്ന ഒരാഖ്യാന വടിവിനകത്ത്, പ്രതിസന്ദര്‍ഭങ്ങളെയും പ്രത്യാഖ്യാനങ്ങളെയും സന്നിവേശിപ്പിക്കുന്ന രചനാപദ്ധതിയായിരുന്നു അത്. രൂപനിര്‍മ്മിതിയുടെ തലത്തിലെ ഈ വൈജാത്യം ഒരു പരാധീനതയല്ല; മറിച്ച് രൂപത്തെ മറികടക്കുന്ന ജീവിതമാണ്. രൂപങ്ങളില്‍ സംഗ്രഹിക്കാനാവാത്ത ചരിത്രം.

പറഞ്ഞുവന്നത് ഇതാണ്. ആധുനികത യുടേയും നവോത്ഥാനത്തിന്റേയും പ്രകാശവും ഊര്‍ജ്ജവും അത്രമേല്‍ പ്രസരിച്ചിരുന്നപ്പോഴും ബഷീര്‍ അതിന്റെ മറുപുറങ്ങളിലേക്ക് കടന്നുനിന്ന എഴുത്തുകാരനായിരുന്നു. വ്യക്തി, കുടുംബം, രാഷ്ട്രം, പൌരത്വം, പ്രണയം, ചരിത്രം, മതം എന്നിങ്ങനെ ആധുനികതയാല്‍ നിര്‍വ്വചിക്കപ്പെട്ട എല്ലാ സ്ഥാപനങ്ങളേയും സ്ഥാനങ്ങളേയും അദ്ദേഹം സംശയിക്കുകയും ചോദ്യം ചെയ്യുകയും തലതിരിച്ചിടുകയും ചെയ്തു. ഇങ്ങനെ പലപല വിതാനങ്ങളില്‍ താന്‍ ജീവിച്ച ചരിത്രസന്ദര്‍ഭത്തിലെ മുഖ്യധാരാബോധ്യങ്ങളുടെ എതിര്‍നിലയായിത്തീര്‍ന്ന എഴുത്തായിരുന്നു ബഷീറിന്റേത്. അങ്ങേയറ്റം സുഗമമായിരുന്നപ്പോഴും അത് അങ്ങേയറ്റം സങ്കീര്‍ണ്ണമായിരുന്നു. വഞ്ചകമായ ലാളിത്യത്തിനുള്ളില്‍ ഈ എതിര്‍സ്വരങ്ങളെ ബഷീര്‍ ഒതുക്കി നിര്‍ത്തി. നവോത്ഥാന മാനവികതയുടെ പ്രസാദാത്മകതയാലും പ്രപഞ്ചാവബോധത്തിന്റെ ഫലമായി കൈവന്ന ശുഭാപ്തിബോധത്താലും ഈ എതിര്‍ലോകത്തിന്റെ കാര്‍ക്കശ്യത്തെ ആര്‍ദ്രവും സ്നിഗ്ദ്ധവുമാക്കാന്‍ അതിനു കഴിഞ്ഞു. സ്നേഹാര്‍ദ്രതയുടെ ഈ തെളിഞ്ഞ വഴികളിലൂടെയാണ് മലയാളവായന ബഷീറിലേക്ക് നടന്നെത്തിയത്. നിശ്ചയമായും അത് അക്കാലത്തിന്റെ ചരിത്രമാണ്. വായനയും ചരിത്രബന്ധങ്ങള്‍ക്കുള്ളില്‍ വച്ചുതന്നെ നിറവേറ്റപ്പെടുന്ന ഒന്നായതിനാല്‍ ആ വായനകളുടെ ചരിത്രബദ്ധതയെ നമുക്ക് ഒട്ടുംതന്നെ നിരസിക്കേണ്ടതില്ല. പക്ഷേ ബഷീറിന് അതിനപ്പുറത്തേക്കും തുടര്‍ച്ചയുണ്ട്. ആധുനിക മാനവികതയുടെ അപരമായി മനസ്സിലാക്കപ്പെട്ട അനുഭവലോകങ്ങളുടെ ചരിത്രമാണ് ആ തുടര്‍ച്ചകളില്‍ ബഷീര്‍ രേഖപ്പെടുത്തിയത്. മാനുഷികതയുടെയും സ്നേഹാര്‍ദ്രതകളുടെയും നാട്ടുവെളിച്ചം നിറഞ്ഞ ആ വഴികള്‍ നമ്മുടെ ചരിത്രത്തിലെ ഇരുട്ടിനെക്കുറിച്ചാണ് പറയുന്നത്. ആധുനികതയുടെ വിമോചകമായ ഭാസുരതയില്‍ നമ്മെയും അത്ഭുതപ്പെടുത്തിയ ലോകപരിണാമങ്ങള്‍ക്കിടയില്‍ ഇരുളിലേക്ക് പിന്‍ വാങ്ങിപ്പോയ ഇടങ്ങളെയാണ് ബഷീര്‍ ആ വെളിച്ചത്തിന് നടുവിലിരുന്ന് രേഖപ്പെടുത്തിയത്. യാഥാര്‍ത്ഥ്യ ത്തെക്കുറിച്ചുള്ള വിപരീത ബോധങ്ങളി ല്‍നിന്നും പിറവിയെടുക്കുന്ന വിപുലമായ ആ തുടര്‍ച്ചകളിലൂടെയാവുമോ നൂറ്റാണ്ടുപിന്നിട്ട ബഷീര്‍ ഇനി സഞ്ചരിക്കുക?

*
ഡോ. സുനില്‍ പി.ഇളയിടം കടപ്പാട് : ബീം രജതജൂബിലി സ്മരണിക

Sunday, December 6, 2009

മുസ്ളിം ഭീതിയും ലവ് ജിഹാദും വള്ളത്തോള്‍ മുതല്‍ വെള്ളാപ്പള്ളി വരെ

ഹിന്ദു സമുദായത്തില്‍ പെട്ട സുന്ദരിമാരെ വല വീശുന്ന മുഹമ്മദീയരെക്കുറിച്ചുള്ള ഭീതി, ലവ് ജിഹാദിനെക്കുറിച്ചുള്ള കോടതിയുടെയും പോലീസിന്റെയും മുഖ്യധാരാ മാധ്യമങ്ങളുടെയും സമുദായ മേധാവിമാരുടെയും സംഘപരിവാര്‍ ഫാസിസ്റ്റുകളുടെയും വ്യാഖ്യാനങ്ങള്‍ പൊന്തി നില്‍ക്കുന്ന ഇരുപത്തൊന്നാം നൂറ്റാണ്ടിലല്ല ആദ്യമായി ഉരുത്തിരിഞ്ഞു വന്നത്. ഭാരതമെന്ന പേര്‍ കേട്ടാലഭിമാന പൂരിതമാകണമന്തരംഗം, കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്കു ഞരമ്പുകളില്‍ എന്ന് പാടിയ മഹാനായ സ്വാതന്ത്ര്യസമര/ദേശീയ കവി വള്ളത്തോള്‍ നാരായണ മേനോന്റെ പ്രസിദ്ധ സമാഹാരമായ സാഹിത്യമഞ്ജരിയിലെ ഒരു കവിതയാണ് ഒരു നായര്‍ സ്ത്രീയും മുഹമ്മദീയനും. വില്വാദ്രിനാഥക്ഷേത്രത്തിന്റെ പേരില്‍ സുപ്രസിദ്ധമായ തിരുവില്വാമലയിലാണ് കഥ നടക്കുന്നത്. നേരം സന്ധ്യ. പ്രകൃതി വര്‍ണനയാണ് ആദ്യത്തെ കുറെയധികം ശ്ളോകങ്ങളില്‍. ഭാരതപ്പുഴയുടെ കരയിലാണ് വില്വാദ്രിനാഥന്‍ കുടികൊള്ളുന്നത്.

തിരുനിളയുടെ തീരമോടടുത്തുള്ളൊരു വിപുലോന്നതമാം പറമ്പിലൂടേ തരുണിയൊരുവള്‍ പോയിരുന്നു, താനേ പെരുകുമതിന്‍ വിജനത്വമൊട്ടകറ്റി.

തരുണിയുടെ രംഗപ്രവേശത്തെ തുടര്‍ന്ന് അവളുടെ ഉടല്‍ വിവരിക്കപ്പെടുന്നു.

തടിമരവുമിടക്കിടക്കു വള്ളിക്കുടിലുമിണങ്ങിടുമപ്പെരുമ്പറമ്പില്‍ വടിവോളവള്‍ വിളങ്ങി, വാനില്‍ നിന്നും ഝടിതി പതിച്ചൊരു കൊച്ചുതാര പോലെ. ധവളപടമുടുത്ത രീതി, കണ്ഠാദ്യവയവമണ്ഡനവൃന്ദ സമ്പ്രദായം, സുവദനശശിതന്‍ വിശേഷതേജസ്സിവയിവള്‍ നായര്‍ നതാംഗിയെന്നു ചൊല്ലി.

വസ്ത്രവും ആഭരണങ്ങളുമണിഞ്ഞതിന്റെ സവിശേഷവും ആഭിജാത്യമാര്‍ന്നതും കുലീനവുമായ രീതിസമ്പ്രദായത്തില്‍ നിന്നും മുഖതേജസ്സിന്റെ വിശേഷം കൊണ്ടും അവള്‍ ഒരു നായര്‍ സുന്ദരിയാണെന്നു തീര്‍ച്ച എന്നാണ് കവി ഉറപ്പിക്കുന്നത്. സൌന്ദര്യം, കുലീനത, ആഭിജാത്യം, ചാരിത്ര്യം, എന്നിവയുടെയെല്ലാം പര്യായമായി നായര്‍ ജാതി സ്ത്രീത്വം ഇതിലൂടെ ഉറപ്പിക്കപ്പെടുന്നു. ഇത്തറവാടിത്തഘോഷണത്തെപ്പോലെ വൃത്തികെട്ടിട്ടില്ല മറ്റൊന്നുമൂഴിയില്‍ എന്ന് നായര്‍ തന്നെയായ ഇടശ്ശേരി വിലപിക്കുന്നത് പിന്നീടുമെത്രയോ വര്‍ഷങ്ങള്‍ക്കു ശേഷം.

നായര്‍ സുന്ദരിയാണെന്നുറച്ചതോടെ അവളുടെ അംഗപ്രത്യംഗ വര്‍ണനം തന്റെ പുരുഷാധികാരത്തിന്റെയും പുരുഷക്കാഴ്ചയുടെയും പുരുഷവ്യാഖ്യാനത്തിന്റെയും അവകാശവും ഉത്തരവാദിത്തവുമാണെന്ന നിലക്കുള്ള വിവരണങ്ങളാണ് തുടര്‍ന്നുള്ള വരികളില്‍. തലമുടിയുടെ വര്‍ണനയും അതിന്റെ തുമ്പ് നിതംഗത്തില്‍ തട്ടി വിലസുന്നതും വിവരിക്കുമ്പോള്‍ രൂപകവും ഉപമയും ഉത്പ്രേക്ഷയും കൂടി തിളങ്ങുന്നതുകൊണ്ട് മലയാള ഭാഷാ വ്യാകരണം വളര്‍ന്നു പന്തലിക്കുകയും അധ്യാപകര്‍ തൊഴിലുള്ളവരായി തുടരുകയും ചെയ്തു. മലരഴകില്‍ നിറച്ചൊരോട്ടുപാത്രം വിലസി, വിലാസിനി തന്നിടങ്കരത്തില്‍; അലസതനു പൊതിച്ച രണ്ടിളനീര്‍ വലതു കരത്തിലുമുദ്വഹിച്ചിരുന്നു എന്ന വരികളില്‍ നിന്നായിരിക്കണം വിപ്ളവകവി കൂടിയായിരുന്ന വയലാര്‍ രാമവര്‍മ്മക്ക് പില്‍ക്കാലത്ത് തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടി......തിരുവില്വാമലയില്‍ നേദിച്ചുകൊണ്ടു വരും ഇളനീര്‍ക്കുടമിന്നുടക്കും ഞാന്‍ എന്ന സിനിമാപ്പാട്ടെഴുതാന്‍ പ്രചോദനം ലഭിച്ചത്.

ഭവനത്തില്‍ നിന്നു പുറപ്പെടാന്‍ അല്‍പം വൈകിയതിനാല്‍, സഖികളെല്ലാം മുമ്പേ പോയിരുന്നു; അവള്‍ വഴിയില്‍ തനിച്ചായിപ്പോയി. ഒറ്റക്ക് അവള്‍ വലിഞ്ഞു നടക്കുന്നതിനെക്കുറിച്ച് കവി ഇപ്രകാരം വിവരിക്കുന്നു.

ചുമലണിവസനത്തിനുള്ളില്‍ വിങ്ങും സുമഹിതവാര്‍മുലയും, നിതംബവായ്പും ശ്രമമൊടനുവദിച്ച വേഗമാര്‍ന്നക്കമനി നടന്നു കരള്‍ക്കൊരിണ്ടലോടെ.

വിവരണത്തിലെ ശൃംഗാരവും രത്യാലോചനയും അവസാനിക്കുന്നു. അതാ കഥയിലെ വില്ലന്‍ കടന്നു വരുന്നു. ഉടനടിയവള്‍ തന്റെ മുന്നിലെത്തീ, സ്ഫുടതരരാക്ഷസരൂക്ഷരൂപനേകന്‍. പെട്ടെന്നുള്ള ഈ കാഴ്ചയില്‍ അവള്‍ ചകിതയായി നാലഞ്ചടി പിന്നോട്ടു മാറി. ആ കരാളമുഖനെ കവി വിവരിക്കുന്നതിപ്രകാരം. പിരിമുറുകി വളഞ്ഞ മീശ, ചെന്തീപ്പൊരി ചിതറും മിഴി, വട്ടമൊത്ത താടി ഹരി, ഹരിയമനും നടുങ്ങുവൊന്നക്കരിമലയന്റെ കരാളമായ വക്ത്രം. ആരാണവന്‍? വെറിയനവനതാതിടത്തു തട്ടിപ്പറി തൊഴിലായ്പ്പുലരും മുഹമ്മദീയന്‍, കണ്ടിടത്തെല്ലാം തട്ടിപ്പറി തൊഴിലാക്കിയവന്‍, അവന്‍ മുഹമ്മദീയര്‍ക്കു ചേര്‍ന്ന തരത്തിലുള്ള കള്ളത്തരങ്ങളും ക്രൂരതകളും കൈമുതലായുള്ള ഒരു വെറിയന്‍, വെറുക്കപ്പെട്ടവന്‍, വെറുക്കപ്പെടേണ്ടവന്‍ തന്നെ. പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ പാപകര്‍മ്മങ്ങള്‍ ഇടതടവില്ലാതെ അനുഷ്ഠിച്ചുകൊണ്ടേയിരിക്കുന്ന ആ കശ്മലന്റെ പൈശാചികത അവന്റെ മുഖത്തു നിന്നു തന്നെ വായിച്ചെടുക്കാം. പോരാത്തതിനോ അരയിലൊരു കത്തിയും തിരുകിയിട്ടുണ്ടവന്‍. ഒരു വക വലുതായ കത്തി കൂറ്റന്‍ തിരുകിയിരുന്നു വലത്തു പാടരയ്ക്കല്‍: പരുഷമതു രസേന പാന്ഥരക്തക്കുരുതിയി'ലൂളിയിടാ'ത്ത നാള്‍ ചുരുങ്ങും. ക്രൂരകൃത്യങ്ങള്‍ നടത്താന്‍ ആ കത്തിക്കു തന്നെ ഒരുത്സാഹമുണ്ടെന്നാണ് കവി കല്‍പ്പിച്ചുണ്ടാക്കുന്നത്. സര്‍വാഭരണവിഭൂഷിതയായതിനു പുറമെ, പാതിവ്രത്യം എന്ന അനര്‍ഘരത്നത്തെക്കൂടിയണിഞ്ഞവളായ ആ നായര്‍ യുവതിയോട് അവളെ നശിപ്പിക്കുകയാണ് തന്റെ ഉദ്ദേശ്യമെങ്കിലും താനവളെ ഉപദ്രവിക്കുകയില്ല എന്നാണവന്‍ പറയുന്നത്. അതു പറഞ്ഞ് തന്റെ വീട്ടിലേക്കു ക്ഷണിക്കുകയാണവളെ. അവളുടെ കണ്ണിലിരുട്ടു കയറാനും ബോധം കെടാനും വേറൊന്നും വേണ്ടല്ലോ. കാലിടറി പടുകുഴിയിലേക്കു വീഴാന്‍ പോകുകയാണവള്‍. കല്ലിനു പോലും കനിവു തോന്നിക്കുന്നതരത്തില്‍ ദയനീയമായ അഭ്യര്‍ത്ഥന നടത്തിയിട്ടും ആ ഖലന്റെ(ദുര്‍ജ്ജനവിഭാഗത്തില്‍ പെടുന്ന ക്രൂരന്‍) കൂടെ പോകേണ്ടി വരുന്നു. വ്രതമനുഷ്ഠിച്ചു പരിശുദ്ധയായി വരുന്നവളെ കാമം തലക്കു കയറിയവന്‍ ആക്രമിക്കുമ്പോള്‍ കാമദേവനെ ചുട്ടെരിച്ച ഭഗവാന്‍ കാണുന്നില്ലേ എന്നണ് കവി ചോദിക്കുന്നത്. ഭഗവാന്റെ ലീലാവിലാസം തന്നെയായിരിക്കണം, അവള്‍ക്ക് ധൈര്യം കുറേശ്ശ കുറേശ്ശയായി ലഭിച്ചു തുടങ്ങുന്നു. കരിക്കു മുറിക്കുന്നതിനു കത്തി ചോദിച്ചു വാങ്ങിയ അവള്‍ ആ ജളക്രൂരന്റെ കഴുത്തില്‍ ആഞ്ഞു വെട്ടുകയാണ് പിന്നീട് ചെയ്യുന്നത്.

ക്ളൈമാക്സ് കവി വിവരിക്കുന്നതിപ്രകാരം.

'ഹള്ളാ' എന്നു മലച്ചു മാപ്പിള നിലത്തക്കാലപാശത്തെയും തള്ളാന്‍ പോന്ന കരാളനെങ്ങു? കമലത്തണ്ടൊത്ത കയ്യെങ്ങഹോ? ഉള്ളാ നായര്‍ വധൂമണിക്കെരികയാല്‍, പ്പേര്‍ കേട്ട തല്‍പൂര്‍വകര്‍ക്കുള്ളാ ക്ഷത്രിയരക്തമൊട്ടിടയുണര്‍ന്നുള്‍ പ്പാഞ്ഞിരിക്കാമതില്‍!

കേരള ദേശീയതയും സാംസ്ക്കാരിക പൌരത്വവും നിര്‍ണയിച്ചെടുക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ച വള്ളത്തോളിന്റെ നിലപാടിതാണെങ്കില്‍ സാമൂഹ്യനീതിക്കു വേണ്ടിയും ജാതിനിര്‍മ്മാര്‍ജ്ജനത്തിനു വേണ്ടിയും കവിതയെഴുതുക മാത്രമല്ല, സംഘടനാനേതൃത്വപദവിയേറ്റെടുക്കുക വരെ ചെയ്ത മഹാകവി കുമാരനാശാന്‍ തന്റെ പ്രഖ്യാതമായ ദുരവസ്ഥയില്‍ മുഹമ്മദീയരെ 'ക്രൂരമുഹമ്മദീയര്‍' എന്നാണല്ലോ പരിചയപ്പെടുത്തുകയും വിശേഷിപ്പിക്കുകയും ചെയ്യുന്നത്. ഈ വിശേഷണത്തെ സംബന്ധിച്ച ധാരാളം നിരീക്ഷണങ്ങള്‍ വന്നു കഴിഞ്ഞ സ്ഥിതിക്ക് വിശദാംശങ്ങളിലേക്കു പോകുന്നില്ല.

ദേശീയതയുടെയും സംസ്ക്കാരത്തിന്റെയും സാമൂഹ്യ നീതിയുടെയും കാര്യം കഴിഞ്ഞാല്‍ നവോത്ഥാനാനന്തര മലയാളിക്ക് പ്രിയപ്പെട്ട വികാരവും ആശയവുമാണ് മതേതരത്വം അഥവാ മതനിരപേക്ഷത. മലയാളിയുടെ മതേതരത്വം പണ്ടത്തെപ്പോലെ ശക്തമല്ല എന്നു വിലപിക്കുന്ന പൊതുബോധ പണ്ഡിതര്‍ നിരന്തരമായി ഉദാഹരിക്കുന്ന ഒരു കാര്യം, ഇന്നാണെങ്കില്‍ എനിക്ക് നിര്‍മ്മാല്യം എടുക്കാന്‍ കഴിയുമായിരുന്നില്ല എന്ന എം.ടി യുടെ പ്രസ്താവനയാണ്. ദേവിയുടെ പ്രതിപുരുഷനായ വെളിച്ചപ്പാട് (ഈ കഥാപാത്രത്തെ ഹൃദയസ്പൃക്കായി അവതരിപ്പിച്ച പി ജെ ആന്റണിക്ക് ഭരത് അവാര്‍ഡ് ലഭിക്കുകയുണ്ടായി) ജീവിത പരാജയത്തെ തുടര്‍ന്ന് താനിത്രയും കാലം ഉപാസിച്ചിരുന്ന ദേവീ വിഗ്രഹത്തിനു മുകളിലേക്ക് തല വെട്ടിപ്പൊളിച്ചെത്തിയ ചോര കൂടി കലര്‍ത്തി ശക്തമായി തുപ്പുന്ന അന്ത്യരംഗമാണ് യുക്തിവാദപ്രത്യക്ഷമനസ്സുള്ളവരെ കോരിത്തരിപ്പിച്ചത്. അപ്രകാരമായിരുന്നു, വര്‍ഗീയതക്കും മതബോധത്തിനുമെതിരായ ശക്തമായ ആഖ്യാനമായി നിര്‍മാല്യം കൊണ്ടാടപ്പെട്ടതും.

വെളിച്ചപ്പാടിനെ ഇത്ര കടുപ്പത്തില്‍ വേദനിപ്പിച്ച സംഭവം എന്തായിരുന്നു? പലചരക്കു കടയിലെ കടം പല തവണ ആവശ്യപ്പെട്ടിട്ടും വീട്ടാത്തതിനെ തുടര്‍ന്ന് അതു മുതലാക്കാന്‍ ആണുങ്ങളില്ലാത്ത തക്കം നോക്കി വെളിച്ചപ്പാടിന്റെ വീട്ടിലെത്തി അയാളുടെ ഭാര്യയെ ലൈംഗികമായി പ്രാപിക്കുന്ന കടയുടമ വാതില്‍ തുറന്നിറങ്ങിവരുന്നതും അയാള്‍ക്കു പിന്നിലായി തന്റെ ഭാര്യ(കവിയൂര്‍ പൊന്നമ്മ) സംഭോഗത്തിനു ശേഷം തലമുടി കെട്ടി വെച്ച് പുറത്തേക്കു വരുന്നതും കണ്ടതിന്റെ ഷോക്കിലാണ് വെളിച്ചപ്പാട് മരണത്തിലേക്കു കുതിക്കുന്നത്. ഈ കടയുടമ ഒരു മുസ്ളിമായിരുന്നു എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. ഇത്തരം കടുത്തതും ഹൃദയശൂന്യവും മനുഷ്യത്വവിരുദ്ധവുമായ പ്രവൃത്തികള്‍ സാധാരണ ചെയ്യുന്നത് മുസ്ളിങ്ങളാണ് എന്ന പൊതുബോധമാണിവിടെ രചയിതാവിനെ നയിക്കുന്നത്. ഇതിനര്‍ത്ഥം, വള്ളത്തോളും ആശാനും എം ടിയും അടക്കമുള്ള മഹാന്മാരായ കലാകാരന്മാരും അവരുടെ മുഴുവന്‍ കലാസൃഷ്ടികളും ഹിന്ദുവര്‍ഗീയതയുടെ ആശയപ്രചാരണ മാധ്യമങ്ങളാണെന്നല്ല. മറിച്ച്, വളരെ വിശാലമായ അര്‍ത്ഥത്തില്‍ ജനാധിപത്യം, ദേശാഭിമാനം, സ്വാതന്ത്ര്യബോധം എന്നിവ കൊണ്ട് ഉജ്വലിച്ചുനില്‍ക്കുന്ന ഈ മഹാന്മാരുടേതടക്കം മുഴുവന്‍ കേരളീയരുടെയും സാമൂഹിക അബോധത്തില്‍ മുസ്ളിമിനെ സംശയത്തോടെയും അപരത്വത്തോടെയും കാണുന്ന മനോഭാവം പ്രബലമായിരുന്നു എന്നു മാത്രമാണ്.

ദേശീയത, സാംസ്ക്കാരിക പൌരത്വം, സാമൂഹ്യ നീതി, മതേതരത്വം, വര്‍ഗീയവിരുദ്ധത എന്നിങ്ങനെയുള്ള കേരളീയ നവോത്ഥാന മൂല്യങ്ങളൊക്കെത്തന്നെയും ഹിന്ദു(സവര്‍ണ) സ്ത്രീയെ വശഗയാക്കുന്ന കാമോത്തേജിതനായ മുസ്ളിം പുരുഷന്‍ എന്ന പ്രോട്ടോടൈപ്പിനെ നിര്‍മ്മിച്ചെടുക്കുകയും പുനര്‍നിര്‍മ്മിച്ചെടുക്കുകയും ചെയ്തിട്ടുണ്ടെന്നു സാരം. അപ്പോള്‍ പിന്നെ, ലൌ ജിഹാദ് എന്ന ഭീതി കലര്‍ന്ന ആരോപണം സംഘപരിവാര്‍ കരുപ്പിടിപ്പിച്ചെടുക്കുമ്പോള്‍, കേരളകൌമുദിയും മാതൃഭൂമിയും മനോരമയും ഡി ജി പിയും കൃസ്ത്യന്‍ പള്ളിയും കോടതിയും വെള്ളാപ്പള്ളിയും പി കെ നാരായണപ്പണിക്കരും എന്തിനേതേറ്റെടുക്കാതിരിക്കണം?

ലോകവ്യാപകമായി ഹിന്ദുക്കളെ ഒന്നിപ്പിക്കുന്നതിനു വേണ്ടിയുള്ള ഹിന്ദു ജനജാഗൃതി സമിതി എന്ന വെബ്സൈറ്റില്‍ 2009 ഫെബ്രുവരി 27 തീയതി വെച്ച് പത്തനംതിട്ടയില്‍ നിന്നെഴുതിയതെന്ന വണ്ണമുള്ള വാര്‍ത്തയില്‍ പറയുന്നതിപ്രകാരമാണ്. മറ്റു മാധ്യമങ്ങള്‍ അവഗണിച്ച കേരളകൌമുദി എന്ന 'സെക്കുലര്‍' പത്രത്തില്‍ വന്ന വാര്‍ത്തയെയാണ് ഈ വെബ്സൈറ്റ് അവലംബമാക്കുന്നത്. ഇതിനകം നാലായിരം ഹിന്ദു പെണ്‍കുട്ടികളെ ജിഹാദി റോമിയോമാര്‍ പ്രണയം നടിച്ച് കുടുക്കി മതം മാറ്റിയെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. പൊലീസിന്റെ സ്പെഷ്യല്‍ ബ്രാഞ്ച് ഇതു സംബന്ധിച്ച അന്വേഷണം തുടങ്ങിക്കഴിഞ്ഞു എന്നറിയിക്കുന്ന റിപ്പോര്‍ട് തുടര്‍ന്ന് ലവ് ജിഹാദിന്റെ നടപടിക്രമം വിവരിക്കുന്നു. ഈ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്ന പയ്യന്മാര്‍ക്ക് ഹിന്ദു പെണ്‍കുട്ടികളെ വലവീശിപ്പിടിക്കാന്‍ രണ്ടാഴ്ച സമയമാണനുവദിച്ചിട്ടുള്ളത്. കല്യാണവും മതം മാറ്റവും കഴിഞ്ഞ ഉടനെ ചുരുങ്ങിയത് നാലു കുട്ടികളെയെങ്കിലും അടിയന്തിരമായി ഉത്പാദിപ്പിക്കേണ്ടതുണ്ട്. രണ്ടാഴ്ച ഒരുവളുടെ പുറകെ നടന്നിട്ട് ഫലം കണ്ടില്ലെങ്കില്‍ അവളെ വേണ്ടെന്നു വെച്ച് പുതിയ ഇരയെ തേടി നടക്കണമെന്നാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. വിജയിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപയാണ് പാരിതോഷികം. പ്രണയത്തിന്റെ വിജയത്തിനായി പുതിയ തരം മൊബൈല്‍ ഫോണുകള്‍, ബൈക്കുകള്‍, ഡിസൈനര്‍ ഷര്‍ട്ടുകള്‍ എന്നിവയും വിതരണം ചെയ്യുന്നുണ്ട്.

ഈ വാര്‍ത്ത വെബ്സൈറ്റുകളില്‍ നിന്ന് മുഖ്യധാരാ പത്രങ്ങളിലേക്കും കോടതിയിലേക്കും ടെലിവിഷന്‍ ചാനലുകളിലേക്കും പടര്‍ന്നതോടെ, ഹിന്ദുസംഘടനകളും കൃസ്ത്യന്‍ പള്ളിയും ലവ് ജിഹാദിനെതിരെ യോജിച്ചതായി വാര്‍ത്തകള്‍ പുറത്തു വന്നു. ടൈംസ് ഓഫ് ഇന്ത്യക്കു വേണ്ടി സ്വന്തം പ്രതിനിധി അനന്തകൃഷ്ണന്‍ ജി 13.10.2009ന് പോസ്റ്റു ചെയ്ത വാര്‍ത്തയില്‍ ഇതു സംബന്ധിച്ച വിശദവിവരങ്ങളുണ്ട്. തങ്ങളുടെ സമുദായങ്ങള്‍ക്ക് മാരകമായ പ്രഹരം സമ്മാനിക്കുന്ന ഈ സാമൂഹ്യവിപത്തിനെതിരായി തങ്ങള്‍ യോജിക്കുകയാണെന്നാണ് ഹിന്ദു/കൃസ്ത്യന്‍ 'മതമേധാവികള്‍' അറിയിച്ചിരിക്കുന്നത്.

ലവ്ജിഹാദിന്റെ പ്രവര്‍ത്തനങ്ങള്‍ തന്നെയായിരുന്നു മംഗളൂരുവിലെ പബ്ബില്‍ നടന്നിരുന്നതെന്നും അതു തടയാനാണ് തങ്ങള്‍ അവിടെയെത്തിയതെന്നുമാണ് രാമസേന പറയുന്നത്. (ഹിന്ദു പെണ്‍കുട്ടികളേ ലവ് ജിഹാദിനെ കരുതിയിരിക്കുക- ഇന്ത്യന്‍ റിയലിസ്റ്റ്.വേര്‍ഡ്പ്രസ്സ്.കോം) മോഡേണ്‍ ആയി വസ്ത്രം ധരിച്ച നിരവധി ഹിന്ദു പെണ്‍കുട്ടികള്‍ മംഗളൂരുവിലെ പബ്ബില്‍ മുസ്ളിം യുവാക്കള്‍ക്കൊപ്പം കാമോത്തേജനപരമായ തരത്തില്‍ നൃത്തം ചെയ്യുന്നതാണ് തങ്ങള്‍ കണ്ടതെന്ന് രാമസേന ഓര്‍മ്മിക്കുന്നു. അതുകൊണ്ടാണ് തങ്ങള്‍ അവരെ രക്ഷിച്ചെടുത്തത്. ഹിന്ദു കുട്ടികളെ പ്രസവിക്കുന്നതിനു പകരം മുസ്ളിം കുട്ടികളെ പ്രസവിച്ച് വളര്‍ത്തിയെടുത്ത് ഹിന്ദുക്കളെ കലാപത്തിലൂടെ കൊന്നൊടുക്കുക എന്നതാണ് ലവ് ജിഹാദിന്റെ ലക്ഷ്യം എന്ന് രാമസേന കണ്ടെത്തിയിരിക്കുന്നു. മതപരിവര്‍ത്തനത്തിനുള്ള തക്ക്വിയ തന്ത്രത്തിന്റെ ഒരു രീതി മാത്രമാണ് ലവ് ജിഹാദെന്നാണ് സംഘപരിവാര്‍ ആശയക്കാരനായ സന്ദീപ്‌വെബ് കണ്ടെത്തുന്നത്. ഇസ്ളാമിക് ബേബി ഫാക്ടറി തന്നെ ലവ് ജിഹാദുകാര്‍ കെട്ടിപ്പടുക്കുകയാണെന്നാണ് സന്ദീപിന്റെ അഭിപ്രായം.

സാധാരണയായി നാട്ടില്‍ നടക്കുന്ന അനവധി പ്രണയങ്ങളെയാണ് ഈ ലവ് ജിഹാദ് പ്രചാരകര്‍ സംശയത്തിന്റെ നിഴലിലേക്കും അതുവഴി വംശഹത്യയിലേക്കും നയിക്കുന്നത്. മുസ്ളിങ്ങള്‍, കൃസ്ത്യാനികള്‍, കമ്യൂണിസ്റ്റുകാര്‍ എന്നീ മൂന്നു പ്രഖ്യാപിത ശത്രുക്കള്‍ക്കു പുറമെ കമിതാക്കള്‍, മിശ്രവിവാഹിതര്‍, മതം മാറിയവര്‍ എന്നിവരെ കൂടി ഇരകളാക്കി വംശഹത്യക്കു വിധേയമാക്കാനുള്ള സംഘപരിവാര്‍ പദ്ധതിക്ക് ചൂട്ടു പിടിക്കാന്‍ ദേശീയ/മതേതര പത്രങ്ങളും പോലീസും കോടതിയും സമുദായസംഘടനകളും തയ്യാറായി എന്നതാണ് കാര്യങ്ങളെ കൂടുതല്‍ ഗൌരവാവഹവും നിയന്ത്രണാതീതവുമായ നിലയിലേക്ക് നയിക്കുന്നത്.

പൊതുസമൂഹവും ചെറുതും വലുതുമായ സംഘങ്ങളും അന്യന്‍, അപരന്‍ (അദര്‍) എന്ന ആരോപണത്തിലൂടെ ഒരാളെ/ഒരു സമുദായത്തെ/ഒരു സംസ്ക്കാരത്തെ/ഒരു ഭാഷയെ/ഒരു സ്ഥലത്തെ/ഒരു വിശ്വാസത്തെ വേര്‍പെടുത്തുകയും ഒറ്റപ്പെടുത്തുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്ന പ്രവണത പുതിയ കാലത്ത് വര്‍ദ്ധിച്ചുവരുന്നതായി കാണാം. സ്വയം ഒരു അധികാരരൂപമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പത്ര-ടിവി മാധ്യമങ്ങള്‍ ഈ അപരവത്ക്കരണ പ്രയോഗത്തിന്റെ മുഖ്യ വേദിയായി ഇതിനകം മാറിക്കഴിഞ്ഞിട്ടുണ്ട്. മ അ്ദനിയുടെയും പി ഡി പിയുടെയും സാന്നിദ്ധ്യത്തെ കൊടും കുറ്റകൃത്യമായി വിശേഷിപ്പിച്ച് തെരഞ്ഞെടുപ്പ് അജണ്ടയെ അട്ടിമറിക്കാന്‍ ശ്രമിച്ചത് ഇക്കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പുകാലത്ത് കേരളം കാണുകയുണ്ടായി. കഴിഞ്ഞ പത്തിരുപത് വര്‍ഷമായി മലയാള സിനിമയിലൂടെ പ്രത്യക്ഷവത്ക്കരിക്കപ്പെട്ട ജനപ്രിയതയുടെ ലക്ഷണങ്ങള്‍ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തെയും പ്രബുദ്ധതയെയും നിലപാടുകളെയും മാധ്യമ പ്രതികരണരീതികളെയും വിസ്ഫോടനകരമാം വണ്ണം ചവിട്ടിക്കുഴക്കുന്ന അതിജീര്‍ണമായ അവസ്ഥ തന്നെ സംസ്ഥാനത്ത് ഇതിനെ തുടര്‍ന്ന് സംജാതമാകുകയുണ്ടായി. താന്‍ കോഴിക്കോട്ട് വീടന്വേഷിച്ചപ്പോള്‍ ഇവിടെ നല്ല സ്ഥലമാണ്, അടുത്ത് മുസ്ളിങ്ങളില്ല എന്ന് ബ്രോക്കര്‍ പറഞ്ഞതായി കെ എന്‍ പണിക്കര്‍ തന്റെ അനുഭവം വിവരിക്കുന്നത്, അപരവത്ക്കരണം കേരളീയ സമൂഹത്തിന്റെ പ്രഖ്യാപിത പുരോഗമന-മതേതര-ജനാധിപത്യ-ആധുനിക നാട്യങ്ങളെ നിരാകരിക്കും വിധം ആഴത്തില്‍ വേരോടിക്കഴിഞ്ഞു എന്നതിന്റെ തെളിവാണ്(പി പി ഷാനവാസുമായുള്ള അഭിമുഖം).

ദേശീയ സ്വത്വ നിര്‍മിതി, ഭാഷാഭിമാനം, രാജ്യസ്നേഹം തുടങ്ങിയ മേഖലകളിലും ഇത്തരത്തിലുള്ള അപരവത്ക്കരണങ്ങള്‍ ദിനം പ്രതിയെന്നോണം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. കേരളത്തിലെ കായിക തൊഴില്‍ മേഖലയില്‍ തമിഴ് നാട്, ആന്ധ്ര, ബംഗാള്‍, ഒറീസ, ഝാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് അനവധി തൊഴിലാളികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരോട് പുഛവും മനുഷ്യാവകാശ നിഷേധവും വെറുപ്പും അമിത ചൂഷണവും നിറഞ്ഞ സമീപനമാണ് പൊതു സമൂഹം പുലര്‍ത്തിവരുന്നത്. മുസ്ളിം ഭീകരര്‍ പിടിയില്‍, തമിഴ് മോഷ്ടാക്കള്‍ പിടിയില്‍ എന്ന തരത്തില്‍ വാര്‍ത്തകള്‍ക്ക് തലക്കെട്ടു കൊടുക്കുന്നതില്‍ പത്രങ്ങള്‍ മത്സരിക്കുന്നതും അമിതോത്സാഹം കാട്ടുന്നതും അസഹനീയമായിട്ടുണ്ട്. പത്ര മാധ്യമങ്ങളുടെ ഈ അമിതോത്സാഹമാണ് കേരളത്തിന്റെ പലയിടങ്ങളിലും ജനകീയപ്പോലീസായി മാറുന്ന 'നാട്ടുകാര്‍' തമിഴരെയും മറ്റു സംസ്ഥാനത്തു നിന്നുള്ളവരെയും കുറ്റമാരോപിച്ച് പിടികൂടുകയും മര്‍ദ്ദിക്കുകയും ചെയ്യുന്നതിനുള്ള അടിസ്ഥാന കാരണം. എടപ്പാളില്‍, ഗര്‍ഭിണിയായ തമിഴ് വംശജയെ ഗുരുതരമായി നടുറോട്ടിലിട്ട് മര്‍ദ്ദിച്ചതിന് 'നാട്ടുകാരെ' പത്ര-ടി വി മാധ്യമങ്ങള്‍ കുറ്റപ്പെടുത്തുകയുണ്ടായി. എന്നാല്‍ ഈ 'നാട്ടുകാരെ' നിര്‍മ്മിച്ചെടുത്തത് ഇതേ പത്ര-ടി വി മാധ്യമങ്ങളായിരുന്നു എന്ന കാര്യം എല്ലാവരും മറന്നു പോയി. ഇത്തരത്തിലുള്ള 'നാട്ടുകാരാ'ണ് മുത്തങ്ങ സംഭവത്തിനു ശേഷം ഒളിവില്‍ പോയ ആദിവാസി ഗോത്രസഭാ നേതാവ് സി കെ ജാനുവിനെയും കൈകാര്യം ചെയ്തത്. വയനാട്ടിലെ ആദിവാസി ഭൂമി സൂത്രത്തില്‍ തട്ടിയെടുത്ത കുടിയേറ്റക്കാര്‍ 'നാട്ടുകാരാ'യി മാറുകുയം യഥാര്‍ത്ഥ നാട്ടുകാരായ ആദിവാസികള്‍ കുറ്റക്കാരായി മാറുകയും ചെയ്തു. മിക്കവാറും മലയാള സിനിമകളില്‍ കറുത്ത തൊലി നിറമുള്ള നടന്മാരെ (കലാഭവന്‍ മണി, മണിക്കുട്ടന്‍, സലിം കുമാര്‍) അവഹേളിക്കപ്പെടുന്നതിനായി അണിനിരത്തിയിട്ടുണ്ടാവും. സൌന്ദര്യം/വൈരൂപ്യം, നന്മ/തിന്മ എന്നിങ്ങനെയുള്ള ദ്വന്ദ്വങ്ങളെ എളുപ്പത്തില്‍ വര്‍ഗീകരിക്കുന്നതിന് വെളുത്ത തൊലി നിറം/കറുത്ത തൊലി നിറം എന്ന വൈജാത്യത്തെ ഉപയോഗപ്പെടുത്തുന്നത് സര്‍വരും അംഗീകരിക്കുന്ന വിധത്തില്‍ സ്ഥിരം പതിവായിത്തീര്‍ന്നിരിക്കുന്നു. ലവ് ജിഹാദ് പ്രചാരണം കൊടുമ്പിരിക്കൊള്ളുന്നതോടെ പ്രണയവിരോധികളുടെ കൂട്ടായ്മകള്‍ നാട്ടുകാര്‍ എന്ന ലേബലൊട്ടിച്ച് പ്രത്യക്ഷപ്പെടാന്‍ സാധ്യതയുണ്ട്.

ഇക്കഴിഞ്ഞ ലോകസഭാതെരഞ്ഞടുപ്പിലുണ്ടായ ഏറ്റവും സുപ്രധാനമായ കൂട്ടുകെട്ട് സി പി ഐ(എം) - പി ഡി പി ബന്ധമല്ല; മറിച്ച് കമ്യൂണിസ്റ്റ് വിരുദ്ധരുടെയും മുസ്ളിം വിരുദ്ധരുടെയും കൂട്ടായ്മയാണ്. കേരളത്തിന്റെ ജനപ്രിയതാ മണ്ഡലത്തില്‍ ഇത്രയധികം സാധ്യതയുള്ള ഒരു മാധ്യമ-രാഷ്ട്രീയ-സാംസ്ക്കാരിക-മത മുന്നണി രൂപീകരിക്കപ്പെടാന്‍ എന്തുകൊണ്ടിത്രയും വൈകി എന്നു മാത്രമേ ഇപ്പോള്‍ അത്ഭുതപ്പെടാനാകുകയുള്ളൂ. ഇത്തരമൊരു മുന്നണി രൂപീകരിക്കുന്നതിനുള്ള ആശയപ്രചാരണം സത്യത്തില്‍ നേരത്തെ തുടങ്ങിക്കഴിഞ്ഞതാണ്. സി പി ഐ(എം) മ്മിന്റെ മുതിര്‍ന്ന നേതാവും കേന്ദ്രക്കമ്മിറ്റി മെമ്പറുമായ സഖാവ് പാലോളിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചേക്കും എന്ന മാധ്യമ വാര്‍ത്തകളെ, മുസ്ളിം പ്രീണനം എന്നു വിശേഷിപ്പിക്കാന്‍ വരെ പൊതു(പൈങ്കിളി) ബോധത്തിന്റെ വക്താവായ രാജേശ്വരി/ജയശങ്കര്‍ ധൈര്യപ്പെട്ടത് ഇതിനു മുമ്പുള്ള നിയമസഭാ തെരഞ്ഞെടുപ്പുകാലത്തായിരുന്നു. ലോകസഭാതെരഞ്ഞെടുപ്പു കാലത്ത് ഇടതുപക്ഷത്തിനെതിരെയും അവര്‍ക്ക് പിന്തുണ കൊടുത്തതിന്റെ പേരില്‍ പി ഡി പിയെയും മ അ്ദനിയെയും വേട്ടയാടിയതിലൂടെ വലതുപക്ഷത്തിന്റെയും മൃദു/തീവ്ര ഹിന്ദുത്വാശയത്തിന്റെയും അജണ്ട ഒരു പരിധി വരെ വിജയിച്ചതിന്റെ ലഹരിയിലാണ്, ലവ് ജിഹാദ് പോലെ തികച്ചും അസത്യമായ ഒരു അസംബന്ധത്തെ ആരോപണമായി ഉയര്‍ത്തിക്കൊണ്ടുവരാനും പൊതുബോധത്തിലേക്ക് കയറ്റിവിട്ട് കേരള സമൂഹത്തില്‍ നിലനില്‍ക്കുന്ന സഹിഷ്ണുതയെ തകിടം മറിക്കാനും ഹിന്ദുത്വ വലതുപക്ഷം പരിശ്രമിക്കുന്നത് എന്നതാണ് വാസ്തവം.

മതം മാറ്റം എന്നത്, ഓരോരുത്തരുടെയും സ്വാതന്ത്ര്യം എന്ന പരിഗണനയില്‍ സമീപിക്കേണ്ട പ്രശ്നമാണെന്ന ധാരണയാണ് സെക്കുലറിസ്റ്റുകള്‍ക്കുള്ളത്. ഹിന്ദുമതത്തില്‍ ദളിതരായ ബഹുജനങ്ങള്‍ക്ക് രക്ഷയില്ല എന്നു കണ്ടെത്തി, ജീവിതാന്ത്യത്തില്‍ ലക്ഷക്കണക്കിന് അനുയായികളോടൊപ്പം പൊതുവേദിയില്‍ വെച്ച് ബുദ്ധവിശ്വാസത്തിലേക്ക് മതം മാറിയ അംബേദ്ക്കറുടെ നേതൃത്വത്തില്‍ രൂപം കൊടുത്ത ഇന്ത്യന്‍ ഭരണഘടന ഈ കാഴ്ചപ്പാടിനെ അടിസ്ഥാനമാക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ്, മലയാളത്തിന്റെ പ്രിയ കഥാകാരി കമലാദാസ് അഥവാ മാധവിക്കുട്ടി, കമലാ സുരയ്യയായി പേരു മാറ്റി മുസ്ളിം മതം സ്വീകരിച്ചപ്പോള്‍ അതിനെ സഹിഷ്ണുതയോടെയും സാഹോദര്യത്തോടെയും സ്നേഹത്തോടെയും ഉള്‍ക്കൊള്ളാന്‍ കേരളത്തിലെ സാമാന്യ ജനതക്ക് സാധിച്ചത്. ചില തീവ്ര ഹിന്ദുത്വ വര്‍ഗീയവാദികള്‍ പ്രശ്നങ്ങള്‍ക്ക് ശ്രമിച്ചെങ്കിലും അതിനെ സാധാരണക്കാര്‍ പുഛിച്ചു തള്ളി. സ്വന്തം മനസ്സിന്റെയും കുടുംബത്തിന്റെയും സമാധാനത്തിനു വേണ്ടി മുസ്ളിം മതം സ്വീകരിച്ച ഏ ആര്‍ റഹ്മാന്‍ എന്ന ദിലീപ് കുമാര്‍ ഈയടുത്ത കാലത്ത് ഇന്ത്യയുടെ യശസ്സ് ലോകത്തിന്റെ നെറുകയോളം ഉയര്‍ത്തിയപ്പോള്‍ ആഹ്ളാദിക്കാന്‍ ഇന്ത്യയിലെ സാമാന്യജനതക്ക് സാധിച്ചതും സമാനമായ അനുഭവമാണ്.

മനുഷ്യാവകാശത്തെ സംബന്ധിച്ച ഐക്യരാഷ്ട്ര സഭാ പ്രഖ്യാപനത്തില്‍ മതം മാറ്റത്തെ ക്കുറിച്ച് ഇപ്രകാരം പറയുന്നു.

ചിന്ത, മനസ്സാക്ഷിയോടുള്ള പ്രതിബദ്ധത, മതവിശ്വാസം എന്നീ കാര്യങ്ങളില്‍ എല്ലാ മനുഷ്യര്‍ക്കും അവരവരുടെ താല്‍പര്യം വെച്ചു പുലര്‍ത്താന്‍ സ്വാതന്ത്ര്യം ഉണ്ടായിരിക്കേണ്ടതാണ്. ഈ അവകാശത്തില്‍, അവരവരുടെ മതവും വിശ്വാസവും മാറാനുള്ള സ്വാതന്ത്ര്യവും ഉള്‍പ്പെടുന്നു (ആര്‍ട്ടിക്കിള്‍ 18).

ഒരാളെ മതം മാറ്റത്തിന് നിര്‍ബന്ധിക്കുന്നത് തെറ്റാണെന്ന് തുടര്‍ന്ന് വ്യക്തമാക്കപ്പെടുന്നുമുണ്ട്. മതം മാറ്റത്തെ സംസ്ക്കാരത്തിന്റെയും ദേശീയതയുടെയും പ്രശ്നമായി എടുത്തുയര്‍ത്തുകയും വംശഹത്യകള്‍ക്കുള്ള കാരണമായി ഫാസിസത്തിനാല്‍ മറുന്യായമായി പ്രതീകവല്‍ക്കരിക്കപ്പെടുകയും ചെയ്യപ്പെടുന്ന കാലഘട്ടത്തില്‍ അപരവത്ക്കരണത്തിന്റെ പ്രശ്നമണ്ഡലത്തെയും മതം മാറ്റത്തെക്കുറിച്ചുള്ള സങ്കല്‍പനങ്ങളും ഭാവനകളും കലുഷിതമാക്കുന്നുണ്ട്. സമൂഹത്തിന്റെ പൊതു നിയമത്തിന് പാകമല്ലാത്തവര്‍, അഥവാ പൊതു ശ്രേണിയില്‍ തരം താണിരിക്കേണ്ടവര്‍ എന്ന സ്ഥാനമാണ് അപരര്‍ക്ക് ഉന്മാദ ദേശീയത പതിച്ചു നല്‍കുന്നത്. മത/ഭാഷാ ന്യൂനപക്ഷങ്ങള്‍, ദളിതര്‍, വിദേശീയര്‍ എന്നിവരൊക്കെയും ഇപ്പോള്‍ ഇന്ത്യയില്‍ ഈ അപരവത്ക്കരണ ഭീഷണി നേരിടുന്നുണ്ട്.

2004ലെ പൊതുതെരഞ്ഞെടുപ്പിനു ശേഷം പൌരത്വ പ്രശ്നം ഉയര്‍ത്തിക്കാട്ടിക്കൊണ്ട്, രാഷ്ട്രീയവും നിയമപരവുമായ പിന്തുണയും സാധ്യതയും ഉണ്ടായിട്ടും സോണിയാഗാന്ധിക്ക് പ്രധാനമന്ത്രി സ്ഥാനം ഉപേക്ഷിക്കേണ്ടി വന്നത്, പൊതു ബോധത്തിലേക്ക് ഈ വൈറസ് ബാധ വ്യാപിച്ചതുകൊണ്ടാണ്. അപലപിക്കേണ്ടതായ ഒരു പ്രവൃത്തിയും പ്രത്യക്ഷമായോ പരോക്ഷമായോ ചെയ്യാത്തവര്‍ പോലും, അവരുടെ മത/ഭാഷാ സ്വത്വത്തിന്റെ പേരില്‍ ഒറ്റപ്പെടുത്തപ്പെടുകയും അപരരായിത്തീരുകയും ചെയ്യുന്ന പ്രവണത വ്യാപകമാകുന്നത്, സമൂഹം ഉന്മാദ ദേശീയതയുടെ ഫാസിസത്തിന് അതിവേഗം കീഴ്പ്പെടുന്നു എന്നതിന്റെ കൃത്യമായ തെളിവാണ്. മനുഷ്യര്‍ക്കിടയില്‍ അതിര്‍ത്തികളും വിഭാഗീയതകളും കല്‍പ്പിച്ചുണ്ടാക്കുന്ന ദേശീയതയുടെ ഭാവനാശാലികളായി മാധ്യമങ്ങളില്‍ വാര്‍ത്തയുണ്ടാക്കുന്നവരും വ്യാഖ്യാനിക്കുന്നവരും പൊതു പ്രസംഗകരും സമുദായസംഘടനകളും അതിവേഗം പരിണമിച്ചുകൊണ്ടിരിക്കുന്നു. സുനിശ്ചിതവും അനിശ്ചിതവുമായ കാര്യങ്ങളെന്തൊക്കെ എന്ന് തരം തിരിക്കുന്നത് ഈ പ്രക്രിയയിലൂടെയാണ്. രാഷ്ട്രീയ/സാമൂഹ്യ/ലൈംഗിക സദാചാരവും ഇതിലൂടെ നിരന്തരം രൂപപ്പെട്ടുവരുകയും പുനക്രമീകരിക്കപ്പെടുകയും ചെയ്യുന്നു. പ്രത്യേക മത/ഭാഷാ വിഭാഗങ്ങള്‍ തുടക്കത്തില്‍ കുറഞ്ഞ തരം മനുഷ്യരും പിന്നീട് പിശാചുക്കളുമായി ചിത്രീകരിക്കപ്പെടുന്നു. അവരെ തരം താഴ്ത്തി ഇല്ലാതാക്കുക, അല്ലെങ്കില്‍ വീണ്ടും പരിഷ്ക്കരിച്ചെടുത്ത് മാനവീകരിക്കുക എന്ന രണ്ടു അജണ്ടകളിലൊന്ന് സമൂഹം(മൃദു/തീവ്ര ഹിന്ദുത്വത്തിലധിഷ്ഠിതമായ വലതുപക്ഷ/ഉന്മാദ ദേശീയത എന്നും സമൂഹത്തിന് നിര്‍വചനം കൊടുക്കാം) സ്വീകരിക്കുന്നു.

ഗുജറാത്ത് വംശഹത്യയുടെ മുന്നോടിയായി ആ സംസ്ഥാനത്തുടനീളം പലതരത്തിലുള്ള ലഘുലേഖകള്‍ വിതരണം ചെയ്യപ്പെടുകയുണ്ടായി. വിഷലിപ്തമായ വര്‍ഗീയ പ്രചാരണങ്ങളായിരുന്നു അവയിലുണ്ടായിരുന്നത്. അതിലൊരു ലഘുലേഖയില്‍ ഇപ്രകാരം പറയുന്നു:

നിങ്ങളുടെ ശരീരത്തിലോടുന്നത് ഹിന്ദു മാതാപിതാക്കളുടെ രക്തമാണെങ്കില്‍ താഴെ പറയുന്ന നിര്‍ദ്ദേശങ്ങള്‍ യാതൊരു വീഴ്ചയും കൂടാതെ നടപ്പില്‍ വരുത്തുക.....9. മുസ്ളിംകള്‍ക്ക് അവര്‍ തന്നെ നടത്തുന്ന പ്രത്യേകം ബാങ്കുകളുണ്ട്. ഇതിന് സാമ്പത്തിക സഹായം നല്‍കുന്നത് മുസ്ളിം ക്രിമിനല്‍ സംഘങ്ങളാണ്. സ്കൂളുകളിലും കോളേജുകളിലും പഠിക്കുന്ന ഹിന്ദു പെണ്‍കുട്ടികളെ വഴി തെറ്റിക്കുകയും വഞ്ചിക്കുകയും ചെയ്യുക എന്ന ഗൂഢോദ്ദേശ്യത്തോടെ അവര്‍ സ്വയം രാജു, പിന്റു, രാജന്‍, മൊന്റു, ചിന്റു തുടങ്ങിയ പേരുകളിടുന്നു. ഇത് വളരെ സംഘടിതവും ഭീകരവുമായ ഒരു പദ്ധതിയാണ്. എല്ലാ ഗ്രാമങ്ങളിലും നഗരങ്ങളിലും ഇത് സംഭവിച്ചുകൊണ്ടിരിക്കുന്നു. ഗോധ്ര സംഭവത്തില്‍ മുസ്ളിം ഗുണ്ടകള്‍ മുപ്പതോളം ഹിന്ദു യുവതികളെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്യുകയും അതിന് ശേഷം അവരുടെ സ്തനങ്ങള്‍ ഛേദിച്ചുകളയുകയും ഗുഹ്യഭാഗങ്ങളില്‍ ചുട്ട് പഴുത്ത ഇരുമ്പ് കമ്പികള്‍ കുത്തിക്കയറ്റുകയും ചെയ്തു. ഗുജറാത്തിലും മറ്റ് സ്ഥലങ്ങളിലും നിത്യേന നടക്കുന്ന സംഭവങ്ങളുടെ മൊത്തം കണക്കെടുത്താല്‍ ഹിന്ദു പെണ്‍കുട്ടികള്‍ വഞ്ചിതരായതിന്റെയും ബലാത്സംഗം ചെയ്യപ്പെട്ടതിന്റെയും ഒരു പതിനായിരം കേസെങ്കിലും വര്‍ഷം തോറും നടക്കുന്നുണ്ട് എന്നു മനസ്സിലാകും. ഗോധ്രാ സംഭവത്തിന് ശേഷം അവര്‍ വര്‍ദ്ധിതാവേശത്തോടെ ഈ പ്രക്രിയ തുടര്‍ന്നു കൊണ്ടിരിക്കുന്നു. കാശ്മീരില്‍ സ്വന്തം അമ്മ പെങ്ങന്മാരുടെ കണ്‍മുന്നില്‍ വെച്ച് നൂറു കണക്കിന് ഹിന്ദുക്കളെ അവര്‍ കൊന്നിട്ടുണ്ട്. ഹിന്ദുക്കളുടെ സഹോദരിമാരേയും പെണ്‍മക്കളെയും മുസ്ളിം ഭീകരര്‍ ബലാത്സംഗം ചെയ്തു കൊന്നുകളയുന്നു. ഇതു മൂലം ആയിരക്കണക്കിന് ഹിന്ദുക്കള്‍ കാശ്മീര്‍ വിട്ട് ഓടിപ്പോകുന്നു. നിങ്ങളുടെ സഹോദരിമാരെയും പെണ്‍മക്കളെയും രക്ഷിക്കണമെന്നുണ്ടെങ്കില്‍, ഗുജറാത്തിലും ഇന്ത്യയിലെ ഇതര ഭാഗങ്ങളിലും പുതിയ കാശ്മീരുകള്‍ ഉണ്ടാകരുത് എന്ന് നിങ്ങള്‍ക്കാഗ്രഹമുണ്ടെങ്കില്‍ ഹിന്ദുക്കളെ ഉണരുക...! ഇനി മുതലങ്ങോട്ട് നിങ്ങളുടെ പെണ്‍കുട്ടികളെ ശ്രദ്ധിക്കുക. അവര്‍ക്ക് മുസ്ളിംകളുമായി യാതൊരു തരത്തിലുള്ള ബന്ധവുമില്ലാതെ സൂക്ഷിക്കുക. കോളേജുകളില്‍ പഠിക്കുന്ന ഹിന്ദു വിദ്യാര്‍ത്ഥികള്‍ക്ക് സ്വന്തമായോ അല്ലെങ്കില്‍ ഹിന്ദു സംഘടനകളുടെ സഹായത്തോടെയോ ഹിന്ദു വിദ്യാര്‍ത്ഥികളെ മുസ്ളിം ഗുണ്ടകളുടെ കൈകളില്‍ നിന്ന് രക്ഷിക്കാന്‍ കഴിയും. (മഹാത്മജിയുടെ നാട്ടിലെ വംശഹത്യ - വസ്തുതകള്‍, വിശകലനങ്ങള്‍, എഡിറ്റര്‍ ഡോ. ടി കെ രാമചന്ദ്രന്‍/സെക്കുലര്‍ കലക്ടീവ്, കേളുഏട്ടന്‍ പഠനകേന്ദ്രം, പുരോഗമന കലാ സാഹിത്യ സംഘം പേജ് 106-114).

ഒരു യഥാര്‍ത്ഥ ഹിന്ദു ദേശ സ്നേഹിക്കായുള്ള വിശ്വഹിന്ദു പരിഷത്തിന്റെ പത്തു കല്‍പനകളില്‍ ഒമ്പതാമത്തേത് ഇപ്രകാരമാണ്. കോളേജുകളിലും ജോലിസ്ഥലങ്ങളിലും മുസ്ളിം പയ്യന്മാരുടെ പ്രേമത്തട്ടിപ്പില്‍ നമ്മുടെ സഹോദരിമാരും പെണ്‍മക്കളും വീഴാതിരിക്കാന്‍ ഞാന്‍ ജാഗ്രത പുലര്‍ത്തും (അതേ പുസ്തകം പേജ് 134-135)

ഗുജറാത്തിനും ഒറീസ്സക്കും കര്‍ണാടകക്കും ശേഷം കേരളത്തെ അതി തീവ്രമായ തരത്തില്‍ ആക്രാമകമായ ഹിന്ദുത്വാശയങ്ങള്‍ക്ക് കീഴ്പ്പെടുത്താനുള്ള പ്രത്യക്ഷവും പരോക്ഷവുമായ പദ്ധതിയുടെ ഭാഗമായി കെട്ടിച്ചമച്ചുണ്ടാക്കിയ ഒരു പ്രചാരണ കോലാഹലമാണ് ലവ് ജിഹാദ് എന്നതാണ് വസ്തുതാപരമായി തന്നെ ഇതില്‍ നിന്നു വ്യക്തമാകുന്നത്. എസ് എന്‍ ഡി പിയും എന്‍ എസ് എസ്സും മുതല്‍ കത്തോലിക്കാ ബിഷപ്പുമാരുടെ ഉന്നത സമിതി വരെയും, കേരളകൌമുദിയും കേരളശബ്ദവും മാതൃഭൂമിയും മനോരമയും മുതല്‍ മുഖ്യധാരാ ടെലിവിഷന്‍ ചാനലുകള്‍ വരെയും, കോടതികളും പോലീസും എല്ലാവരും ചേര്‍ന്ന് സംശയങ്ങളുടെ കാട്ടു തീ പടര്‍ത്തിക്കഴിഞ്ഞു. അത് എത്രയും വേഗം വെള്ളമൊഴിച്ചും മറ്റും തല്ലിക്കെടുത്തുക എന്നതാണ് സെക്കുലറിസത്തിലും സമാധാനത്തിലും പുരോഗതിയിലും വിശ്വസിക്കുന്നവരുടെ ചുമതല. അത് നിര്‍വഹിക്കാന്‍ മടിച്ചും മറന്നും നില്‍ക്കുന്നവര്‍ക്ക് മാപ്പു നല്‍കാന്‍ ചരിത്രം ബാക്കിയുണ്ടാവുമോ എന്നു കണ്ടു തന്നെ അറിയണം.

*
ജി.പി.രാമചന്ദ്രന്‍
(കെ ഇ എന്‍ എഡിറ്റു ചെയ്ത്, ചിന്ത പബ്ളിഷേഴ്സ് പ്രസിദ്ധീകരിച്ച ലൌ സിന്ദാബാദ്, ലൌ ജിഹാദ് മൂര്‍ദാബാദ് എന്ന പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയ ലേഖനം)

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ സാര്‍വദേശീയ കമ്യൂണിസ്റ്റ് പ്രസ്ഥാനം

സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ സാര്‍വദേശീയ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ശൈഥില്യമുണ്ടായപ്പോള്‍ പല കമ്യൂണിസ്റ്റു പാര്‍ടികളും അനുഭവങ്ങളില്‍നിന്ന് ശരിയായ പാഠങ്ങള്‍ പഠിക്കാന്‍ ശ്രമിച്ചു. 1992ല്‍ നടന്ന പതിനാലാം പാര്‍ടി കോണ്‍ഗ്രസില്‍ സിപിഐ എം ചെയ്തതും അതാണ്.

അന്നത്തെ സവിശേഷ സാഹചര്യത്തില്‍ ചില പാര്‍ടികള്‍ കമ്യൂണിസ്റ്റ് ആദര്‍ശവും ചെങ്കൊടിയും ഉപേക്ഷിക്കാന്‍ തയാറായപ്പോള്‍ സാര്‍വദേശീയ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ പുനരേകീകരിക്കാനും ശ്രമങ്ങളുണ്ടായി. 1993 മേയില്‍ ഇരുപത്തഞ്ച് കമ്യൂണിസ്റ്റ് പാര്‍ടി പ്രതിനിധികളെ ഉള്‍ക്കൊള്ളിച്ച് 'മാര്‍ക്സിസം-ലെനിനിസത്തിന്റെ സമകാലീന പ്രസക്തിയും സാധുതയും' എന്ന വിഷയത്തില്‍ സിപിഐ എം കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച സെമിനാര്‍ ഈയൊരു ശ്രമത്തിന്റെ ഭാഗമായിരുന്നു.

സഹോദര പാര്‍ടികളുമായി നടത്തിയ നിരന്തര ചര്‍ച്ചകളെ തുടര്‍ന്ന് പ്രത്യേക വിഷയങ്ങളില്‍ സ്ഥിരമായി വാര്‍ഷിക സമ്മേളനങ്ങള്‍ നടത്തുന്നതിനുള്ള സാധ്യതകള്‍ തേടുന്നതിന് ഒരു സാര്‍വദേശീയ വര്‍ക്കിങ് ഗ്രൂപ്പിന്ഇതിനെത്തുടര്‍ന്ന് രൂപം നല്‍കി. ഇതിന്റെ ഫലമാണ് കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് ഗ്രീസിന്റെ ആഭിമുഖ്യത്തില്‍ നടന്ന വാര്‍ഷിക സമ്മേളനങ്ങള്‍. ഏഥന്‍സില്‍ ഏഴുതവണയായി നടന്ന സമ്മേളനത്തിനുശേഷം ഇത്തരം സമ്മേളനങ്ങള്‍ മറ്റ് ഭൂഖണ്ഡങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ തീരുമാനിച്ചു. എട്ടാം സമ്മേളനം പോര്‍ച്ചുഗലിലും ഒമ്പതാം സമ്മേളനം ബെലാറസിലും നടന്നു. ഒക്ടോബര്‍ വിപ്ളവത്തിന്റെ തൊണ്ണൂറാം വാര്‍ഷികാചരണം റഷ്യയിലും പത്താം സാര്‍വദേശീയ സമ്മേളനം ബ്രസീലിലും നടന്നു. പതിനൊന്നാം സമ്മേളനമാണ് ഡല്‍ഹിയില്‍ നടന്നത്.

1993ലെ കൊല്‍ക്കത്ത സെമിനാറില്‍ പങ്കെടുത്തത് 25 പാര്‍ടികളുടെ പ്രതിനിധികളായിരുന്നെങ്കില്‍ പതിനൊന്നാം സമ്മേളനത്തില്‍ പങ്കെടുത്തത് 87 രാജ്യങ്ങളില്‍നിന്നുള്ള 111 പാര്‍ടിയുടെ പ്രതിനിധികളാണ്.

ഈ പ്രക്രിയയുടെ ഏകോപനം ഇരുപത്തൊന്നാം നൂറ്റാണ്ടിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിലേക്കാണ് നയിക്കുക. എന്നാലത് ഇരുപതാം നൂറ്റാണ്ടിലെ സോഷ്യലിസ്റ്റ് അനുഭവത്തില്‍നിന്ന് കമ്യൂണിസ്റ്റ് പാര്‍ടികള്‍ എങ്ങനെ പാഠം ഉള്‍ക്കൊള്ളുന്നു എന്നതിനെയും ആഗോള മൂലധനമെന്ന സാമ്രാജ്യത്വത്തിന്റെ ഇപ്പോഴത്തെ ഘട്ടത്തിന്റെ പ്രവര്‍ത്തനങ്ങളെ എങ്ങനെ കൃത്യമായി അപഗ്രഥിക്കുകയും വിലയിരുത്തുകയും ചെയ്യുന്നു എന്നതിനെയും ആശ്രയിച്ചാണിരിക്കുന്നത്.

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ സോഷ്യലിസം

സോവിയറ്റ് യൂണിയന്റെ പിറവി വര്‍ഗ ചൂഷണത്തില്‍നിന്ന് മുക്തമായ ഒരു സമൂഹം സ്ഥാപിക്കുന്നതില്‍ മനുഷ്യരാശിയുടെ ചരിത്രത്തിലെ ആദ്യത്തെ ചുവടുവയ്പ്പായിരുന്നു. പിന്നീട് സോഷ്യലിസം നടത്തിയ കുതിച്ചുചാട്ടങ്ങള്‍ ഒരുകാലത്ത് പിന്നോക്കമായിരുന്ന റഷ്യന്‍ സമ്പദ്ഘടനയെ ഒരു വന്‍ സാമ്പത്തിക ശക്തിയായും സൈനികശക്തിയായും വളര്‍ത്തി. സോഷ്യലിസ്റ്റ് വ്യവസ്ഥിതിയുടെ മേല്‍ക്കോയ്മ ഊന്നിപ്പറഞ്ഞുകൊണ്ട് സാമ്രാജ്യത്വത്തിന് വെല്ലുവിളിയായി അത് വളര്‍ന്നു. സോവിയറ്റ് യൂണിയനില്‍ സോഷ്യലിസം കെട്ടിപ്പടുത്തത് മനുഷ്യരാശിയുടെ ചരിത്രത്തിലെ ഐതിഹാസികമായ മുന്നേറ്റമായിരുന്നു.

സാമൂഹ്യ വിമോചനത്തിനായുള്ള സമരങ്ങളുടെ നടുവില്‍ നില്‍ക്കുന്ന ഏതൊരാള്‍ക്കും സോവിയറ്റ് യൂണിയന്‍ എക്കാലവും പ്രചോദനത്തിന്റെ ഉറവിടമാണ്. ഫാസിസത്തെ പരാജയപ്പെടുത്തുന്നതില്‍ സോവിയറ്റ് യൂണിയന്‍ വഹിച്ച നിര്‍ണായക പങ്കും തുടര്‍ന്ന് കിഴക്കന്‍ യൂറോപ്പിലെ സോഷ്യലിസ്റ്റ് രാജ്യങ്ങളുടെ ഉദയവും ലോകഗതിയെ ഗണ്യമായി സ്വാധീനിച്ചിരുന്നു. ഫാസിസത്തിനുമേലുള്ള വിജയം അപകോളനിവല്‍ക്കരണ പ്രക്രിയക്ക് പ്രചോദനമേകുകയും കോളനിശക്തികളുടെ ചൂഷണത്തില്‍നിന്നുള്ള പല രാജ്യങ്ങളുടെയും മോചനത്തിന് കാരണമാവുകയുംചെയ്തു. ചൈനീസ് വിപ്ളവത്തിന്റെ ഐതിഹാസിക വിജയവും വിയറ്റ്നാം ജനതയുടെ വീരോചിതമായ ചെറുത്തുനില്‍പ്പും കൊറിയയിലെ ജനകീയ മുന്നേറ്റവും ക്യൂബന്‍ വിപ്ളവത്തിന്റെ വിജയവും ലോകഗതിയെ മാറ്റിമറിക്കുന്നതില്‍ വലിയ സ്വാധീനം ചെലുത്തി.

ദാരിദ്ര്യത്തിന്റെയും നിരക്ഷരതയുടെയും നിര്‍മാര്‍ജനം, തൊഴിലില്ലായ്മക്ക് പരിഹാരം, വിദ്യാഭ്യാസ-ആരോഗ്യ-പാര്‍പ്പിട മേഖലകളിലെ വിപുലമായ സാമൂഹ്യസുരക്ഷാ സംവിധാനങ്ങള്‍ തുടങ്ങി സോഷ്യലിസ്റ്റ് രാജ്യങ്ങള്‍ കൈവരിച്ച നേട്ടങ്ങള്‍ ലോകത്തെങ്ങുമുള്ള തൊഴിലാളി വര്‍ഗത്തിന്റെ പോരാട്ടങ്ങള്‍ക്ക് ഊര്‍ജമേകി.

തൊഴിലാളികള്‍ക്ക് അക്കാലംവരെ അനുവദിക്കാന്‍ തയ്യാറാവാതിരുന്ന അവകാശങ്ങള്‍ ഭാഗികമായി അനുവദിച്ചും ചില ക്ഷേമപദ്ധതികള്‍ നടപ്പാക്കിയും ലോകമുതലാളിത്തമാകട്ടെ ഈ വെല്ലുവിളി അതിന്റേതായ രീതിയില്‍ നേരിട്ടു. ക്ഷേമരാഷ്ട്രമെന്ന ആശയവും സാമൂഹ്യ സുരക്ഷാ സംവിധാനവും രണ്ടാം ലോകയുദ്ധാനന്തരം മുതലാളിത്ത രാജ്യങ്ങള്‍ സ്വീകരിച്ചത് ആ നാടുകളിലെ തൊഴിലാളിവര്‍ഗം സോഷ്യലിസത്തിന്റെ നേട്ടങ്ങളില്‍നിന്ന് ഊര്‍ജമുള്‍ക്കൊണ്ട് നടത്തിയ സമരങ്ങളുടെ ഫലമായിരുന്നു. മനുഷ്യസംസ്കാരത്തിന് ഇന്ന് കണക്കാക്കുന്ന ജനാധിപത്യാവകാശങ്ങള്‍ ബൂര്‍ഷ്വാസിയുടെ ഔദാര്യമല്ല, മറിച്ച് സാമൂഹ്യമാറ്റത്തിന് വേണ്ടിയുള്ള ജനകീയ സമരങ്ങളുടെ ഉല്‍പ്പന്നമാണ്.

മനുഷ്യസംസ്കാരത്തില്‍ ഗുണപരമായ കുതിച്ചുചാട്ടങ്ങള്‍ ക്ക് കാരണമേകിയ വിപ്ളവകരമായ ഇത്തരം പരിണാമങ്ങള്‍ ആധുനിക നാഗരികതയില്‍ മായാത്ത മുദ്രകളാണ് അവശേഷിപ്പിച്ചത്. സംസ്കാരം, സൌന്ദര്യശാസ്ത്രം, ശാസ്ത്രം തുടങ്ങി എല്ലാ മേഖലകളിലും ഇതിന്റെ പ്രതിഫലനമുണ്ടായി. സിനിമാട്ടോഗ്രഫിയെ ഐസന്‍സ്റ്റീന്‍ വിപ്ളവകരമായി പൊളിച്ചെഴുതിയപ്പോള്‍ ആധുനിക ശാസ്ത്രത്തിന്റെ അതിരുകള്‍ ബഹിരാകാശത്തേക്ക് വ്യാപിപ്പിക്കാന്‍ സ്പുട്നിക്കിന് കഴിഞ്ഞു. തികച്ചും പ്രതികൂലമായ സാഹചര്യത്തില്‍ ഇത്തരം കുതിച്ചുചാട്ടങ്ങള്‍ സാധ്യമായെങ്കിലും എന്തുകൊണ്ട് വന്‍ശക്തിയായ സോവിയറ്റ് യൂണിയന് സോഷ്യലിസ്റ്റ് ക്രമം ഏകോപിപ്പിക്കാനും നിലനിര്‍ത്താനും കഴിഞ്ഞില്ല?

പൊതുവായി പറഞ്ഞാല്‍ രണ്ടു മേഖലകളിലാണ് തെറ്റായ ധാരണകളുണ്ടായതും അതിന്റെ ഫലമായ തെറ്റുകള്‍ സംഭവിച്ചതും. സമകാലിക ലോകയാഥാര്‍ഥ്യങ്ങളെയും പ്രാഥമികമായി സോഷ്യലിസ്റ്റ് ആശയത്തെത്തന്നെയും വിലയിരുത്തുന്നതുമായി ബന്ധപ്പെട്ടതാണ് ആദ്യത്തെ പോരായ്മ. സോഷ്യലിസ്റ്റ് നിര്‍മിതിയുടെ ഘട്ടത്തില്‍ നേരിട്ട പ്രായോഗിക പ്രശ്നങ്ങളാണ് രണ്ടാമത്തേത്.

തെറ്റായ വിലയിരുത്തലുകള്‍

ഇരുപതാം നൂറ്റാണ്ടില്‍ സോഷ്യലിസം അഭൂതപൂര്‍വവും നിര്‍ണായകവുമായ നേട്ടങ്ങള്‍ ഉണ്ടാക്കിയെങ്കിലും കിഴക്കന്‍ യൂറോപ്പിലെ ചില രാജ്യങ്ങളിലേതൊഴികെ മറ്റെല്ലായിടങ്ങളിലെയും സോഷ്യലിസ്റ്റ് വിപ്ളവങ്ങള്‍ താരതമ്യേന ദുര്‍ബലമായ തരത്തില്‍ മുതലാളിത്തവികസനം സാധ്യമായ സ്ഥലങ്ങളിലാണ് നടന്നത്. സാമ്രാജ്യത്വത്തിന്റെ ദുര്‍ബലമായ ചങ്ങലക്കണ്ണിയാണ് ആദ്യം തകര്‍ക്കാനാവുക എന്ന ലെനിന്റെ നിരീക്ഷണത്തെ ഇത് സാധൂകരിക്കുന്നുണ്ടെങ്കിലും വികസിക്കപ്പെട്ട ഉല്‍പ്പാദനശക്തികള്‍ക്കുമേല്‍ ലോക മുതലാളിത്തത്തിന് പിടിമുറുക്കാനും അതിന്റെ തുടര്‍ന്നുള്ള വളര്‍ച്ചയ്ക്ക് കരുത്തു നേടാനും ആണ് ഇത് ഇടംനല്‍കിയത്. ലോകകമ്പോളത്തിന്റെ മൂന്നിലൊന്ന് മുതലാളിത്തത്തില്‍ നിന്നും സോഷ്യലിസ്റ്റ് രാജ്യങ്ങള്‍ പിടിച്ചെടുത്തിരുന്നു. എങ്കിലും ഇത് ഉല്‍പ്പാദനശക്തികള്‍ വികസിപ്പിക്കുന്നതില്‍ ലോകമുതലാളിത്തം കൈവരിച്ച നേട്ടങ്ങളെയോ ശാസ്ത്രസാങ്കേതിക നേട്ടങ്ങളെ അടിസ്ഥാനമാക്കി ഉല്‍പ്പാദന ശക്തികള്‍ വികസിപ്പിച്ചെടുക്കുന്നതിലുള്ള അതിന്റെ കഴിവിനെയോ ഇത് ബാധിച്ചില്ല. ഉല്‍പ്പാദന ശക്തികള്‍ വികസിപ്പിക്കുന്നതിലും തുടര്‍ന്ന് മൂലധന വിപണി ശക്തിപ്പെടുത്തുന്നതിലും സോഷ്യലിസ്റ്റ് വിപ്ളവം കൈവരിച്ച നേട്ടങ്ങളിലൂടെ മുതലാളിത്തത്തിനുണ്ടായ തിരിച്ചടി മറികടക്കാന്‍ അതിന് കഴിഞ്ഞു. നവകോളനീകരണത്തിലൂടെ വര്‍ഗശക്തികളുടെ സാര്‍വദേശീയമായ ഏകോപനം സാധ്യമാക്കാനും അതുവഴി മൂലധനവിപണി വിപുലമാക്കാനും മുതലാളിത്തത്തിന് കഴിഞ്ഞു.

മറുവശത്താവട്ടെ താരതമ്യേന കുറഞ്ഞ കാലയളവിലും അതിവേഗത്തിലും സോഷ്യലിസം ഗുണപരമായ മാറ്റങ്ങള്‍ (ഫാസിസത്തിന്റെ സൈനിക ശക്തിയെ നേരിടാന്‍ സോവിയറ്റ് യൂണിയന്‍ പ്രാപ്തമായത് പത്തുവര്‍ഷത്തിലാണെന്നും മുതലാളിത്ത വ്യവസ്ഥ മുന്നൂറു വര്‍ഷംകൊണ്ട് കൈവരിച്ച നേട്ടങ്ങള്‍ സോഷ്യലിസം മുപ്പത് വര്‍ഷം കൊണ്ടാണ് സ്വന്തമാക്കിയതെന്നും ഓര്‍ക്കുക) കൈവരിച്ചതുകൊണ്ട് അത് സ്ഥായിയാണെന്ന വിശ്വാസമുണ്ടായി. പരാജിതനായ ബൂര്‍ഷ്വാസി നൂറിരട്ടി ശക്തിയോടെ തിരിച്ചടിക്കുമെന്ന ലെനിന്റെ മുന്നറിയിപ്പ് പൂര്‍ണമായും ഉള്‍ക്കൊള്ളാനുമായില്ല.

സോഷ്യലിസത്തിന്റെ കുതിപ്പ് രേഖീയമാണെന്നാണ് മനസ്സിലാക്കപ്പെട്ടത്. ഒരിക്കല്‍ സോഷ്യലിസം കൈവരിച്ചുകഴിഞ്ഞാല്‍ പിന്നീടുള്ള അതിന്റെ തുടര്‍ച്ച നേര്‍രേഖയിലുള്ളതാവുമെന്നും വര്‍ഗരഹിത, കമ്യൂണിസ്റ്റ് സമൂഹം കൈവരിക്കാനുള്ള പാത തടസ്സങ്ങളില്ലാത്തതാണെന്നുമുള്ള തെറ്റായ ധാരണയാണുണ്ടായിരുന്നത്. എന്നാല്‍ സോഷ്യലിസം ഒരു പരിവര്‍ത്തനത്തന്റെ ഘട്ടമാണെന്നോ, മാര്‍ക്സ് നിരീക്ഷിച്ചതുപോലെ കമ്യൂണിസത്തിന്റെ പ്രാഥമിക ഘട്ടമാണെന്നോ (അതായത് വര്‍ഗവിഭജിതമായ മുതലാളിത്തക്രമത്തിനും വര്‍ഗരഹിത കമ്യൂണിസ്റ്റ് ക്രമത്തിനും ഇടയിലുള്ളഘട്ടം) അനുഭവങ്ങള്‍ തെളിയിച്ചു. ഈ പരിവര്‍ത്തനഘട്ടത്തില്‍ വര്‍ഗവൈരുധ്യങ്ങള്‍ ഇല്ലാതാക്കുവയല്ല ചെയ്തത്. തങ്ങളുടെ നഷ്ടപ്പെട്ട മേഖലകള്‍ തിരിച്ചുപിടിക്കാന്‍ മുതലാളിത്തം ശ്രമിച്ചതോടെ ഈ വൈരുധ്യങ്ങള്‍ തീവ്രമായി. അതുകൊണ്ടുതന്നെ ഈ ഘട്ടം തികച്ചും വളഞ്ഞുപുളഞ്ഞതും സങ്കീര്‍ണവുമായി മാറി, പ്രത്യേകിച്ചും വിപ്ളവഘട്ടത്തില്‍ മുതലാളിത്തം ദുര്‍ബലമായ രാജ്യങ്ങളില്‍.

ലോക സോഷ്യലിസത്തിന് ഈ പോരാട്ടത്തിന്റെ ഏതുഘട്ടത്തിലും ഉണ്ടായത് വിജയമോ പരാജയമോ ആവട്ടെ അത് നിര്‍ണയിക്കപ്പെടുന്നത് സോഷ്യലിസ്റ്റ് നിര്‍മിതിയിലും വര്‍ഗശക്തികളുടെ സാര്‍വദേശീയവും ആന്തരികവുമായ ഏകോപനത്തിലും അതിന്റെ കൃത്യമായ വിശകലനത്തിലുമാണ്. തെറ്റായ വിശകലനങ്ങള്‍ സോഷ്യലിസ്റ്റ് രാജ്യങ്ങള്‍ക്കകത്തും പുറത്തുമുള്ള ശത്രുക്കളുടെ ശക്തി കുറച്ചുകാണുന്നതിലും സോഷ്യലിസത്തിന്റെ ശക്തി പെരുപ്പിച്ചുകാണുന്നതിലേക്കുമാണ് നയിക്കുക. സോഷ്യലിസ്റ്റ് രാജ്യങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്കൊപ്പം ലോകമുതലാളിത്തത്തിന്റെ ഏകീകരണവും കുതിപ്പും മനസ്സിലാക്കപ്പെടാതെ പോയി.

മൂര്‍ത്ത സാഹചര്യങ്ങളുടെ മൂര്‍ത്തമായ അപഗ്രഥനമാണ് വൈരുധ്യവാദത്തിന്റെ സത്തയെന്ന് ലെനിന്‍ നിരന്തരം ഓര്‍മപ്പെടുത്തിയിട്ടുണ്ട്. അപഗ്രഥനത്തില്‍ പിശകുണ്ടാവുകയോ യഥാര്‍ഥ സാഹചര്യങ്ങള്‍ വിലയിരുത്തുന്നതില്‍ പരാജയപ്പെടുകയോ ചെയ്താല്‍ തെറ്റായ ധാരണകളും വളച്ചൊടിക്കപ്പെടലുകളുമാണ് സംഭവിക്കുക.

സോവിയറ്റ് യൂണിയന്റെ അവസാനകാലത്ത് അതായത് സി.പി.എസ്.യുവിന്റെ ഇരുപതാം പാര്‍ടി കോണ്‍ഗ്രസിനുശേഷം ഉണ്ടായ സോഷ്യലിസ നിര്‍മിതിയെന്ന പ്രക്രിയയിലെ പരിഹരിക്കപ്പെടാതെ കിടന്ന പ്രശ്നങ്ങളെക്കൂടാതെ മാര്‍ക്സിസം-ലെനിനിസത്തിന്റെ ഉള്ളടക്കത്തില്‍ നിന്നുള്ള വ്യതിയാനങ്ങളും തിരിച്ചടികള്‍ക്ക് വഴിതുറന്നു.

സോഷ്യലിസ്റ്റ് നിര്‍മിതയെന്ന പ്രക്രിയയില്‍ പ്രധാനമായും വീഴ്ചകളുണ്ടായത് നാലുമേഖലകളിലാണ്. സോഷ്യലിസത്തിന് കീഴില്‍ സ്റ്റേറ്റിന്റെ സ്വഭാവം നിര്‍ണയിക്കല്‍, സോഷ്യലിസ്റ്റ് ജനാധിപത്യത്തിന്റെ ആഴവും ഗുണവും വര്‍ധിപ്പിക്കല്‍, സോഷ്യലിസത്തിന് കീഴിലെ സമ്പദ്ഘടനയുടെ നിര്‍മിതി, ജനങ്ങള്‍ക്ക് ആശയപരമായ വ്യക്തത നല്‍കുകയെന്ന ദൌത്യത്തിലെ ദൌര്‍ബല്യം.

ഇരുപതാം നൂറ്റാണ്ടിലെ സോഷ്യലിസത്തിന്റെ അനുഭവവും അതിനുണ്ടായ തിരിച്ചടികളും സൃഷ്ടിപരമായ ശാസ്ത്രം എന്ന നിലയ്ക്കുള്ള മാര്‍ക്സിസം-ലെനിനിസത്തിന്റെ അന്തഃസത്തയെയും സോഷ്യലിസമെന്ന ആശയത്തെയും നിരാകരിക്കുന്നില്ല.

ഓരോ രാജ്യത്തും സോഷ്യലിസം സ്ഥാപിക്കുന്നതിനും, ഇത്തരം പോരായ്മകളെ മറികടക്കാനുള്ള അടവുകളും തന്ത്രങ്ങളും രൂപീകരിക്കുന്നതിനും സാര്‍വദേശീയ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ഒരു പരിധിവരെ കഴിഞ്ഞിട്ടുണ്ട്. സാര്‍വദേശീയതലത്തില്‍ വര്‍ഗശക്തികളുടെ ഏകോപനത്തെക്കുറിച്ചും ഈ ഏകോപനത്തിലൂടെ സാമ്രാജ്യത്വം എങ്ങനെ വികസിക്കുന്നു എന്നതിനെക്കുറിച്ചുമുള്ള ശരിയായ വിലയിരുത്തലിലാണ് ഈ വിജയം കുടികൊള്ളുന്നത്.

പൊതുവായ തെറ്റിദ്ധാരണകള്‍

ആഗോളവല്‍ക്കരണത്തിലൂടെയും സൈനികനീക്കങ്ങളിലൂടെയും സാമ്രാജ്യത്വം അതിന്റെ സര്‍വാധികാരം ഉറപ്പിക്കുന്നത് എങ്ങനെയെന്ന് ചര്‍ച്ച ചെയ്യുന്നതിന്മുമ്പ് പൊതുവായ ചില തെറ്റിദ്ധാരണകള്‍ മാറ്റേണ്ടതുണ്ട്.

മുതലാളിത്തത്തിന്റെ ഏറ്റവും ഉയര്‍ന്നതും അവസാനത്തേതുമായ ഘട്ടമാണ് സാമ്രാജ്യത്വമെന്ന് ലെനിന്‍ നിര്‍വചിച്ചിട്ടുണ്ട് (ഈവ് ഓഫ് ദ സോഷ്യലിസ്റ്റ് റവല്യൂഷന്‍). പലരും ഇതിനെ യാന്ത്രികമായി വ്യാഖ്യാനിച്ചത് മുതലാളിത്തത്തിന്റെ പതനവും സോഷ്യലിസത്തിന്റെ ഉദയവും ആസന്നമാണെന്നാണ്. ചരിത്രത്തിന്റെ ചട്ടക്കൂടിലെ ഒരു ഘട്ടത്തില്‍ സാമ്രാജ്യത്വമായാലും മറ്റേത് സാമൂഹ്യക്രമമായാലും അത് വികസിക്കുന്നത് പല തലങ്ങളിലൂടെയാണ്. അതുകൊണ്ടുതന്നെ മുതലാളിത്തത്തിന്റെ അവസാനഘട്ടമായി തുടരുന്ന സാമ്രാജ്യത്വത്തിന് ഭിന്നതലങ്ങളുണ്ട്. മുതലാളിത്തവികസനത്തിന്റെ മൌലിക നിയമങ്ങളും മൂലധനസ്വരൂപണത്തിന്റെ തലങ്ങളുമാണ് ഈ ഘട്ടങ്ങളില്‍ തുറക്കപ്പെടുന്നത്.

ഉദാഹരണത്തിന് രണ്ടാം ലോകയുദ്ധാനന്തരം ലോകമെങ്ങും വര്‍ഗശക്തികളുടെ ആഭിമുഖ്യം സോഷ്യലിസത്തിന് അനുകൂലമായപ്പോള്‍ വ്യത്യസ്തമായ ഘട്ടത്തിലൂടെയാണ് സാമ്രാജ്യത്വം ഈ പ്രത്യേക രാഷ്ട്രീയസന്ധിയെ നേരിട്ടത്. മുതലാളിത്ത ലോകത്തിനകത്ത്, ഫ്രാന്‍സിലും ഇറ്റലിയിലും കമ്യൂണിസ്റ്റുകാര്‍ സുപ്രധാന രാഷ്ട്രീയ ശക്തിയായി വളര്‍ന്നു. മറ്റു രാജ്യങ്ങളില്‍ തൊഴിലാളി വര്‍ഗ പാര്‍ടികളുടെ പിന്തുണയോടെ സോഷ്യല്‍ ഡെമോക്രാറ്റുകള്‍ അധികാരത്തില്‍ വന്നു. യുദ്ധകാലത്തെ ഹീറോ ആയിരുന്ന വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ യുദ്ധാനന്തരം തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. ഫാസിസത്തെ തൂത്തെറിഞ്ഞതില്‍ സോവിയറ്റ് യൂണിയനുള്ള പങ്കിനെ കൂടാതെ കിഴക്കന്‍ യൂറോപ്പിലെ സോഷ്യലിസത്തിന്റെ വളര്‍ച്ചയും ആസന്നമായ ചൈനീസ് വിപ്ളവവും അപകോളനീകരണത്തിലൂടെ മൂന്നാംലോകരാജ്യങ്ങളില്‍ ദേശീയവികാരം ഉദയം കൊണ്ടതുമെല്ലാം സോഷ്യലിസ്റ്റ് ചിന്തയുടെ മേധാവിത്വം വര്‍ധിപ്പിച്ചു. ഇതോടെ ഈ 'ഭീഷണി'യെ നേരിടാന്‍ സാമ്രാജ്യത്വം ഒരുങ്ങി. സോഷ്യലിസത്തിന്റെ ഭീഷണിയില്‍നിന്ന് മുതലാളിത്തത്തെ പ്രതിരോധിക്കുന്നതിന് ക്ഷേമരാഷ്ട്ര സിദ്ധാന്തത്തിന്റെയും കെയ്നീഷ്യന്‍ ഡിമാന്റ് മാനേജ്മെന്റ് സിദ്ധാന്തത്തിന്റെയും പിറവിയിലേക്കാണ് ഇത് നയിച്ചത്. സോഷ്യലിസത്തിന്റെ ഭീഷണി നേരിടാന്‍ മുതലാളിത്തത്തെ മാനേജ് ചെയ്യാനായി സ്റ്റേറ്റ് മുന്നോട്ടുവന്നത് യുദ്ധാനന്തരമുള്ള പ്രത്യേക ഘട്ടത്തിലാണ്. മുതലാളിത്തത്തിന് അഭൂതപൂര്‍വമായ വളര്‍ച്ചയുണ്ടായ ഘട്ടമാണിത്. ധനമൂലധനത്തിന്റെ സാര്‍വദേശീയവല്‍ക്കരണത്തിലൂടെ മൂലധനം വന്‍തോതില്‍ സ്വരൂപിക്കപ്പെട്ടത് സാമ്രാജ്യത്വത്തിന്റെ പുതിയതും ഇപ്പോഴും തുടരുന്നതുമായ ഘട്ടത്തിന് ആരംഭം കുറിച്ചു. അന്താരാഷ്ട്രതലത്തിലുണ്ടായ രാഷ്ട്രീയ ഏകീകരണം സാമ്രാജ്യത്വത്തിന് അനുകൂലമായി. മൂലധന സ്വരൂപണത്തിന്റെ വന്‍തോതിലുള്ള പിന്തുണയോടെ പരമാവധി ലാഭം സ്വരൂപിക്കാനായുള്ള അന്വേഷണങ്ങള്‍ തടസ്സമില്ലാതെ തുടരാനായ ഈ ഘട്ടത്തിലാണ് അന്താരാഷ്ട്ര ധനമൂലധനത്തിന്റെ (ഇന്റര്‍നാഷണല്‍ ഫിനാന്‍സ് ക്യാപ്പിറ്റല്‍-ഐഎഫ്സി) ആവിര്‍ഭാവം. ശീതയുദ്ധാനന്തര മുതലാളിത്തത്തിന്റെ പ്രധാന സവിശേഷതയാണിത്.

‘സാമ്രാജ്യത്വം മുതലാളിത്തത്തിന്റെ ഏറ്റവും ഉയര്‍ന്ന ഘട്ടം‘ എന്ന പുസ്തകത്തില്‍ ലെനിന്‍ ഫിനാന്‍സ് മൂലധനത്തെ വിശേഷിപ്പിച്ചത് ബാങ്കുകളുടെ നിയന്ത്രണത്തിലുള്ളതും വ്യവസായികള്‍ തൊഴിലെടുപ്പിക്കുന്നതുമായ മൂലധനം എന്നാണ്. ലെനിന്റെ കാലത്തില്‍നിന്നും ഭിന്നമായി അന്താരാഷ്ട്ര ഫിനാന്‍സ് മൂലധനം പ്രവര്‍ത്തിക്കുന്നത് ഏതെങ്കിലും പ്രത്യേക രാജ്യത്തിലെ പ്രത്യേക തന്ത്രപരമായ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടിയല്ല. മറിച്ച് അന്താരാഷ്ട്രതലത്തിലാണ്. സാമ്രാജ്യത്വലോകത്തെ തീക്ഷ്ണമായ ആന്തരിക വൈരുധ്യങ്ങളല്ല ഫിനാന്‍സ് മൂലധനത്തിന്റെ പ്രവര്‍ത്തനത്തിനുള്ള പ്രേരണ. വൈരുധ്യങ്ങള്‍ നിശ്ശബ്ദമാക്കപ്പെട്ട അവിഭക്തലോകത്താകമാനം പ്രവര്‍ത്തിക്കുകയാണ് ഫിനാന്‍സ് മൂലധനം ചെയ്യുന്നത്. എന്നാല്‍ സാമ്രാജ്യത്വലോകത്തിലെ ആന്തരികവൈരുധ്യങ്ങള്‍ നിലച്ചു എന്ന് ഇതിനര്‍ഥമില്ല. ഈ വൈരുധ്യം വെറുതെ നിലനില്‍ക്കുകയല്ല, മറിച്ച് അടിസ്ഥാനപരമായ മുതലാളിത്ത നിയമം അസമമായ വികസനം ആണെന്നിരിക്കെ ഭാവിയില്‍ തീക്ഷ്ണമാവാന്‍ ഒരുങ്ങുകയാണ്. മുതലാളിത്ത കേന്ദ്രങ്ങളുടെ താല്പര്യങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിനാണ് ഇത് വഴിവയ്ക്കുക.

ഉല്‍പ്പാദനത്തിന്റെ ലോകത്തുനിന്ന് അന്താരാഷ്ട്ര ഫിനാന്‍സ് മൂലധനം വിഘടിക്കുകയോ വേര്‍പെടുകയോ ചെയ്തിട്ടില്ല. ധനഘടന മുതലാളിത്ത ഉല്‍പ്പാദനത്തിന്റെ ഉപരിഘടനയാണെങ്കിലും അത് വേര്‍പെട്ടുപോയിട്ടില്ല. പക്ഷേ അത് ലാഭം കുന്നുകൂട്ടാന്‍ പരക്കംപായുന്ന വ്യവസായ മൂലധനത്തിന്റെ വലയത്തിനുള്ളിലാണ്. മൂലധന സ്വരൂപണത്തിനും ലാഭം കുന്നുകൂട്ടുന്നതിനും വേണ്ടിയുള്ള പുതിയ ആക്രമണങ്ങളാണ് അത് അഴിച്ചുവിടുന്നത്.

നവലിബറലിസത്തിന്റെ ആക്രമണം

പുതിയ ആക്രമണങ്ങളും ഫിനാന്‍സ് മൂലധനത്തിന്റെ ഉത്തരവുകള്‍ക്കനുസൃതമായി ലാഭം പരമാവധി കൂട്ടാനായി ലോകത്തിന്റെ പുനഃക്രമീകരണവുമാണ് നവലിബറലിസത്തെ നിര്‍വചിക്കുന്നത്. അതിര്‍ത്തികള്‍ക്കപ്പുറത്തേക്ക് ചരക്കുകളുടെയും മൂലധനത്തിന്റെയും ഒഴുക്കിനുള്ള തടസ്സങ്ങളെ ഇല്ലായ്മ ചെയ്യുകയാണ് പ്രാഥമികമായും നവലിബറലിസം ചെയ്യുന്നത്. വാണിജ്യത്തിന്റെ ഉദാരവല്‍ക്കണം ആഭ്യന്തര ഉല്‍പ്പാദകരെ നിരാധാരമാക്കി. ആഭ്യന്തരവ്യവസായവും ഇതോടെ തകര്‍ന്നു. മൂലധനപ്രവാഹം ഉദാരവല്‍ക്കരിക്കപ്പെട്ടതോടെ ബഹുരാഷ്ട്ര കോര്‍പറേഷനുകള്‍ക്ക് ആഭ്യന്തര ഉല്‍പ്പാദന ആസ്തികള്‍ കൈയടക്കാനും മൂലധനം സ്വരൂപിക്കാനും കഴിഞ്ഞു.

പുത്തന്‍ സാമ്പത്തിക നയങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണ് മൂലധന സ്വരൂപണത്തിന് സ്വീകരിക്കുന്ന രണ്ടാമത്തെ മാര്‍ഗം. സാമ്പത്തിക അച്ചടക്കത്തിന്റെ പേരില്‍ സര്‍ക്കാര്‍ ചെലവുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ലോകസമ്പദ്ഘടനയില്‍ രാജ്യത്തിന്റെ ഡിമാന്‍ഡ് കുറയ്ക്കുകയും മൂന്നാം ലോക രാജ്യങ്ങളില്‍ കൃഷിക്ക് പകരം വാണിജ്യത്തിന് പ്രാമുഖ്യം നല്‍കുകയും പൊതുമേഖലയെ പൂര്‍ണമായും പിന്നോട്ടടിപ്പിക്കുകയും ചെയ്യുന്നു. ഇത് സ്വകാര്യവല്‍ക്കരണത്തിന്റെ വാതിലുകള്‍ തുറന്നിടാന്‍ സഹായിക്കുന്നു. സമകാലിക സാമ്രാജ്യത്വലോകത്തെ ഈ സവിശേഷത ലാഭം കുന്നുകൂട്ടുന്നതിന് ഇതുവരെ ദര്‍ശിക്കാത്ത വഴികളാണ് തുറന്നിടുന്നത്.

ആഗോളവല്‍ക്കരണത്തിന്റെ ത്രിമൂര്‍ത്തികളായ ഐഎംഎഫ്, ലോകബാങ്ക്, ലോകവ്യാപാര സംഘടന എന്നിവ വഴി വികസ്വരരാഷ്ട്രങ്ങളെ വിരട്ടിയാണ് സാമ്രാജ്യത്വം ലക്ഷ്യം നേടുന്നത്. വികസ്വരരാഷ്ട്രങ്ങള്‍ക്ക് വായ്പകള്‍ നല്‍കുമ്പോള്‍ ഐഎംഎഫ് അടിച്ചേല്‍പ്പിക്കുന്ന ഘടനാപരമായ വ്യവസ്ഥകള്‍ നവഉദാരവല്‍ക്കരണ പരിഷ്കാരങ്ങള്‍ക്ക് അനുപൂരകമാണ്.

ലോകവ്യാപാരസംഘടനയുടെ ദോഹവട്ടം ചര്‍ച്ചകള്‍ വികസ്വരരാഷ്ട്രങ്ങളിലെ വിപണി തുറക്കുന്നതിലേക്കും അതുവഴി സാമ്രാജ്യത്വ ശക്തികള്‍ ലാഭം കുന്നുകൂട്ടുന്നതിലേക്കുമാണ് നയിക്കുന്നത്.
സാമ്രാജ്യത്വത്തിന്റെ ഈ പുതിയ ഘട്ടം മൂന്നാംലോക രാജ്യങ്ങളിലെ ബൂര്‍ഷ്വാസിയെ പങ്കാളികളാക്കാനാണ് ശ്രമിക്കുന്നത്. ഇത്തരം രാജ്യങ്ങളില്‍ പലതിലും കോളനിവിരുദ്ധസമരങ്ങള്‍ നടന്നത് ആഭ്യന്തര ബൂര്‍ഷ്വാസികളുടെ നേതൃത്വത്തിലാണ്. സ്വാതന്ത്ര്യസമ്പാദനത്തിനുശേഷം ഇവര്‍ മുതലാളിത്ത വികസനത്തിന്റെ പാതയാണ് സ്വീകരിച്ചത്. നാടുവാഴിത്തവുമായി സഖ്യം ചേരുകയും വന്‍കിട മുതലാളിത്ത ശക്തികളുമായി സന്ധിചെയ്യുകയും ചെയ്തെങ്കിലും അതിന് ഒരു പരിധിവരെ സ്വയംഭരണാവകാശം നിലനിര്‍ത്താനായി. സ്വതന്ത്ര വിദേശനയം പിന്തുടര്‍ന്ന ഈ രാജ്യങ്ങള്‍ക്ക് സാമ്രാജ്യത്വ സമ്മര്‍ദങ്ങള്‍ ചെറുക്കുന്നതിന് സോവിയറ്റ് യൂണിയനെ ഉപയോഗിക്കാനും കഴിഞ്ഞു. പക്ഷേ ഈ ഭരണകൂടങ്ങളിലെ ആന്തരിക വൈരുധ്യങ്ങളും സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയും ഫിനാന്‍സ് മൂലധനത്തിന്റെ ആവിര്‍ഭാവവും ഒരുമിച്ചു ചേര്‍ന്നതോടെ മൂന്നാംലോക ബൂര്‍ഷ്വാസിയുടെ കാഴ്ചപ്പാടില്‍ മാറ്റം വന്നു. ആപേക്ഷികമായ സ്വയംഭരണമെന്ന അവസ്ഥയില്‍ നിന്നും സാമ്രാജ്യത്വത്തിന്റെ പങ്കാളികളാവാനും നവഉദാരനയങ്ങളെ ആശ്ളേഷിക്കാനും മൂന്നാംലോക ബൂര്‍ഷ്വാസി തയ്യാറായി.

മുതലാളിത്തത്തിന്റെ ചരിത്രത്തിലുടനീളം മൂലധനസ്വരൂപണം രണ്ടു രീതിയിലാണ് നടന്നുട്ടുള്ളത്. ഒന്ന് ഉല്‍പ്പാദനപ്രക്രിയ ശക്തമാക്കിക്കൊണ്ടുള്ള സാധാരണ രീതിയിലുള്ള മൂലധന വിപുലീകരണം. ബലപ്രയോഗത്തിലൂടെയുള്ളതാണ് രണ്ടാമത്തേത്. ഇതിന്റെ ക്രൂരതകളെക്കുറിച്ച് മാര്‍ക്സ് നിര്‍വചിച്ചിട്ടുണ്ട്. ചരിത്രപരമായി ഈ രണ്ടു രീതികളും പൂരകമായാണ് നിലനില്‍ക്കുന്നത്. പ്രാഥമിക മൂലധനസ്വരൂപണം നേരിട്ടുള്ള കോളനിവല്‍ക്കരണമടക്കമുള്ള പല രീതിയില്‍ നടക്കുന്നു. വികസിത രാഷ്ട്രങ്ങളിലേതടക്കമുള്ള ലോകജനസംഖ്യയില്‍ ഭൂരിഭാഗത്തെയും കടന്നാക്രമിച്ചുകൊണ്ട് ക്രൂരമായ മൂലധനസ്വരൂപണം നടത്തുന്ന തീക്ഷ്ണമായ രീതിയാണ് ഇന്നത്തെ സാമ്രാജ്യത്വത്തിന്റെ മുഖമുദ്ര. ആഗോളവല്‍ക്കരണത്തിനു കീഴില്‍ നടക്കുന്ന ഇത്തരം കടന്നാക്രമണങ്ങളാണ് ഇന്നത്തെ ആഗോളസാമ്പത്തിക പ്രതിസന്ധിക്ക് ഇടവച്ചതും.

ലോകമുതലാളിത്ത വ്യവസ്ഥയില്‍ പ്രത്യേകിച്ച് മൂന്നാംലോക രാജ്യങ്ങളില്‍ നടക്കുന്ന ഓഹരിവില്‍പ്പനയും പൊതുമേഖലയുടെ സ്വകാര്യവല്‍ക്കരണവും സ്വകാര്യമൂലധന സമാഹരണമല്ലാതെ മറ്റൊന്നുമല്ല. വെള്ളം, ഊര്‍ജം, പൊതുസേവനങ്ങള്‍ തുടങ്ങിയവ സ്വകാര്യ മൂലധന സമാഹരണത്തിന്റെ മേഖലകളായി മാറിക്കഴിഞ്ഞു. ധാതുവിഭവങ്ങളുടെ നിയന്ത്രണം സ്വകാര്യ ഉടമകളിലേക്ക് മാറി. കാര്‍ഷികമേഖല വര്‍ധിച്ചതോതില്‍ ബഹുരാഷ്ട്ര വിത്ത്, മാര്‍ക്കറ്റിങ് കമ്പനികള്‍ക്ക് തുറന്നിട്ടിരിക്കുന്നു. ഇത് മൂന്നാംലോക രാജ്യങ്ങളിലെ പരമ്പരാഗത കൃഷി തകരാനും കര്‍ഷകര്‍ നിരാശ്രയരാകാനും ഇടയാക്കി. താരിഫുകള്‍ ഒഴിവാക്കിയതും സ്വതന്ത്രവ്യാപാര കരാറുകളും മൂന്നാം ലോക രാജ്യങ്ങളിലെ വ്യവസായ സ്ഥാപനങ്ങള്‍ ഏറെയും അടച്ചുപൂട്ടുന്നതിലേക്ക് നയിച്ചു. പൊതുവിഭവങ്ങളായ വനവും വെള്ളവും മറ്റും സ്വകാര്യ വ്യക്തികള്‍ ഏറ്റെടുക്കുന്നത് വര്‍ധിച്ചുവരികയാണ്. വിപുലീകരണത്തിലൂടെയുള്ള സ്വരൂപണത്തിന് നേര്‍വിപരീതമാണ് കൈയേറ്റത്തിലൂടെയുളള മൂലധന സ്വരൂപണമെന്ന് പ്രൊഫ. പ്രഭാത് പട്നായിക് പറഞ്ഞിട്ടുണ്ട്.

സമ്പത്ത് കൈവശംവയ്ക്കാനുള്ള സുസ്ഥിരമായ മാധ്യമമില്ലാതെ ഒരു മുതലാളിത്ത സമ്പദ്ഘടനക്കും പ്രവര്‍ത്തിക്കാനാവില്ല. പണത്തിന്റെ പങ്കിനെ സ്റ്റേറ്റ് പിന്തുണക്കും. മൂര്‍ത്തമായ മുതലാളിത്ത ലോകത്ത് പണമാണ് ഈ മാധ്യമത്തെ നിര്‍ണയിക്കുന്നത്. സ്വര്‍ണവുമായി ബന്ധപ്പെടുത്തി ഇതിന്റെ നിയമപ്രകാരമുള്ള സ്ഥിരത ഉറപ്പുവരുത്തിയിരിക്കും. എന്നാല്‍ സാധനവില അസ്വാഭാവികമായി വര്‍ധിക്കില്ലെന്ന ധാരണയിലാണ് യഥാര്‍ഥത്തില്‍ ഈ സ്ഥിരത ഉറപ്പാക്കുന്നത്. വിലക്കയറ്റത്തില്‍ പെട്ടെന്ന് പ്രതിഷേധിക്കാന്‍തക്ക ശേഷി തൊഴിലാളിവര്‍ഗത്തിന് ഉണ്ടാവാതിരിക്കുക എന്നതാണ് ഈ സമ്പദ്ഘടനയുടെ ആവശ്യം. പണപ്പെരുപ്പം വര്‍ധിക്കാനിടനല്‍കാതെ അടിസ്ഥാന സാധനവില ഇതില്‍ തീര്‍ച്ചയായും പിടിച്ചുനിര്‍ത്തുകയും വേണം. മൂന്നാംലോകത്തെ അസംസ്കൃത വസ്തുക്കളുടെ ഉറവിടങ്ങള്‍ക്കുമേലുള്ള വെറും നിയന്ത്രണമല്ല, അതിലുപരിയായി പണപ്പെരുപ്പത്തിലേക്ക് നയിക്കാത്തവിധം ആഗോള ഡിമാന്റുകള്‍ക്കുമേലുള്ള അധിക നിയന്ത്രണമാണത്. മൂല്യശോഷണത്തിനുള്ള നവലിബറല്‍ നിര്‍ദേശമാണിത്. അന്താരാഷ്ട്ര ഫിനാന്‍സ് മൂലധനത്തിന്റെ ആധിപത്യമുള്ള ഒരു കാലത്ത് ഇങ്ങനെ മൂല്യശോഷണത്തിലൂടെ പരമാവധി ലാഭം കുന്നുകൂട്ടല്‍ അമേരിക്കയൊഴികെയുള്ള എല്ലാ പ്രധാന സമ്പദ്ഘടനകളിലും സംഭവിക്കുന്നുണ്ട്. മൂല്യശോഷണനയങ്ങള്‍ ഒരിക്കലും പിന്തുടരാത്ത അമേരിക്കയില്‍ കറന്‍സി 'സ്വര്‍ണത്തെപ്പോലെ മികച്ചതാണ്.' അതുകൊണ്ടുതന്നെ ഇങ്ങനെയൊരു സമ്പദ്ഘടനയില്‍ പണപ്പെരുപ്പം നിയന്ത്രിക്കേണ്ടത് മുതലാളിത്ത വ്യവസ്ഥിതിയെ സംബന്ധിച്ചിടത്തോളം അനിവാര്യമാണ്. വിലസ്ഥിരത കൈവരിക്കാനുള്ള പ്രക്രിയയില്‍ ഉണ്ടാവുന്ന മൂല്യശോഷണം വന്‍തോതില്‍ തൊഴിലില്ലായ്മ രൂപപ്പെടാന്‍ ഇടയാക്കും. ഇതാണ് പരമാവധി ലാഭം കുന്നുകൂട്ടുന്നതിന്റെ ന്യായം. സാമ്പത്തിക അസമത്വത്തിന് കാരണമാവുന്നതും ഭൂരിഭാഗം ജനതയുടെയും ക്രയശേഷി ഗണ്യമായി കുറയുന്നതോടെ മൊത്തം ഡിമാന്‍ഡ് ആഗോളമായി കുറയുന്നതും ഈ ഘടകങ്ങള്‍ കൊണ്ടാണ്.

ആസന്നമായ സമ്പൂര്‍ണ പ്രതിസന്ധി

നവലിബറല്‍ ആഗോളവല്‍ക്കരണത്തിന് കീഴില്‍ ക്രമമായുള്ള പ്രതിസന്ധി തുടര്‍ച്ചയായി രൂപപ്പെടുമെങ്കിലും കൂടുതല്‍ ഗുരുതരമായ തകര്‍ച്ച ആസന്നമായിക്കൊണ്ടിരിക്കയാണ്. മൊത്തം മുതലാളിത്ത ലോകത്തിന്റെ ധനത്തിന്റെ പ്രധാന മാധ്യമം അമേരിക്കയുടെ കറന്‍സിയാണ്. ഈ പദവി അവര്‍ക്ക് കൈവന്നത് വെറും സാമ്പത്തിക ശക്തിയായതുകൊണ്ടല്ല, മറിച്ച് ലോകത്ത് സൈനികവും രാഷ്ട്രീയവുമായ ആധിപത്യം ചെലുത്തുന്നതുകൊണ്ടു കൂടിയാണ്. ഇങ്ങനെയൊരു ശക്തിയുണ്ടെങ്കിലും കറന്‍സിയുടെ സ്ഥിരത നിലനിര്‍ത്താന്‍ അമേരിക്കയും മറ്റ് പ്രധാന ശക്തികളും വന്‍തോതില്‍ കറന്റ് അക്കൌണ്ട് കമ്മി കുന്നുകൂട്ടുകയാണ്. നേതൃസ്ഥാനം നിലനിര്‍ത്താന്‍ അമേരിക്കക്ക് മറ്റ് പ്രധാന മുതലാളിത്ത രാജ്യങ്ങളിലെ ഉല്‍പ്പന്നങ്ങള്‍ക്ക് സ്വന്തം വിപണിയില്‍ ഇടം നല്‍കേണ്ടതുണ്ട്. ഈ കമ്മികുറയ്ക്കാന്‍ അമേരിക്ക ശ്രമിക്കുമ്പോള്‍ അത് മറ്റ് മുതലാളിത്ത രാജ്യങ്ങളിലെ കയറ്റുമതിയെ ബാധിക്കും. തീവ്രമായ സംരക്ഷിത നയങ്ങളെ നേരിടാനുള്ള ശ്രമങ്ങള്‍ സ്വാഭാവികമായും അന്താരാഷ്ട്ര സാമ്പത്തിക സ്ഥിരതയെ തകര്‍ക്കും. 2009 ഒക്ടോബര്‍ 16ലെ കണക്കുപ്രകാരം അമേരിക്കന്‍ സമ്പദ്ഘടനയുടെ മൊത്തം കമ്മി 1.42 ട്രില്യണ്‍(ലക്ഷം കോടി) ഡോളറിലെത്തിയിരിക്കയാണ്. അമേരിക്കയുടെ കറന്റ് അക്കൌണ്ട് കമ്മി 2007ല്‍ 726.6 ദശലക്ഷം ഡോളറും 2008ല്‍ 706 ദശലക്ഷം ഡോളറുമായിരുന്നു.

ഡോളര്‍ കൈവശമുള്ളവര്‍ അധികം വൈകാതെതന്നെ വന്‍ ലാഭം പ്രതീക്ഷിച്ച് അമേരിക്കയിലെ ആസ്തികള്‍ നേടാനുള്ള വ്യാപാരത്തില്‍ പ്രവേശിക്കുമെന്നതുകൊണ്ടുതന്നെ ഈ അവസ്ഥക്ക് സഹജമായ സ്ഥിരതയുണ്ടെന്ന് പറയാനാവില്ല. ഈ അവസ്ഥ തീര്‍ച്ചയായും ദേശസ്നേഹപരമായ വികാരം ഉയര്‍ത്തിവിടുകയും തങ്ങളുടെ ആസ്തികളിലുള്ള വിദേശ ഉടമസ്ഥതയെ എതിര്‍ക്കുന്നതിലേക്ക് വളരുകയും ചെയ്യും. ഡോളര്‍ കൈവശമുള്ളവര്‍ മറ്റേതെങ്കിലും കറന്‍സിയിലേക്ക് മാറാന്‍ തീരുമാനിച്ചാല്‍ ഡോളര്‍ തകര്‍ന്നടിയുകയും അമേരിക്കന്‍ സമ്പദ്വ്യവസ്ഥ മുതലാളിത്ത സംവിധാനത്തെ പൂര്‍ണമായും ആഴത്തിലുള്ള പ്രതിസന്ധിയിലേക്ക് തള്ളിവിടുകയും ചെയ്യും.

കഴിഞ്ഞ മാസങ്ങളില്‍ ഡോളറിന് പതിനൊന്ന് ശതമാനം തകര്‍ച്ച നേരിട്ടത് ആസന്നമായ ഈ പ്രതിസന്ധിയുടെ സൂചനയാണ്. സ്വന്തം സമ്പദ്ഘടനയുടെയും ആഗോള മുതലാളിത്ത സമ്പദ്ഘടനയുടെയും ചാഞ്ചാട്ടം ഇല്ലാതാക്കാന്‍ അമേരിക്കന്‍ കറന്‍സി വന്‍തോതിലുള്ള ചൈന, മറ്റ് ഏഷ്യന്‍ രാജ്യങ്ങള്‍ എന്നിവയ്ക്കുമേല്‍ സമ്മര്‍ദം ശക്തമാക്കും. അമേരിക്കയിലെ വര്‍ധിച്ചുവരുന്ന കറന്റ് അക്കൌണ്ട് കമ്മിയുടെ ആഘാതം കുറയ്ക്കുന്നതിന് മറ്റ് രാജ്യങ്ങളുടെ കറന്‍സിയുടെ മൂല്യം വര്‍ധിപ്പിക്കാനാണ് അമേരിക്ക ആവശ്യപ്പെടുന്നത്.

ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിച്ചാലും ഇല്ലെങ്കിലും ലോകമുതലാളിത്തം ആഴമേറിയ പ്രതിസന്ധിയാണ് അഭിമുഖീകരിക്കാന്‍ പോകുന്നത്. തങ്ങളുടെ ഭാരം അമേരിക്ക ഒഴിവാക്കാന്‍ പോകുന്നത് രാഷ്ട്രീയവും സൈനികവുമായ ശക്തിയുപയോഗിച്ചുള്ള ചൂഷണം കൂടുതല്‍ തീവ്രമാക്കിക്കൊണ്ടായിരിക്കും.

ചൂഷിതരുടെയും കീഴാളരുടെയും ആശയങ്ങളെ സ്വന്തം താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി അടിച്ചമര്‍ത്തുമ്പോഴാണ് ഭരണവര്‍ഗത്തിന്റെ സ്ഥിരത ഉറപ്പാക്കപ്പെടുന്നതെന്ന് കാള്‍ മാര്‍ക്സ് നിരീക്ഷിച്ചിട്ടുണ്ട്. ഏതു കാലഘട്ടത്തിലും ആധിപത്യം ചെലുത്തുന്ന ആശയം അക്കാലത്തെ ഭരണവര്‍ഗത്തിന്റെ ആശയമായിരിക്കുമെന്നാണ് മാര്‍ക്സും ഏംഗല്‍സും അഭിപ്രായപ്പെട്ടത്. ഇക്കാലത്താവട്ടെ സാമ്രാജ്യത്വത്തിന്റെയും നവലിബറലിസത്തിന്റെയും ബൌദ്ധികാധിപത്യം അടിച്ചേല്‍പ്പിക്കാനുള്ള ആശയപരമായ യുദ്ധം ഏറ്റവും ശക്തമായ രീതിയിലാണ് അഴിച്ചുവിടുന്നത്. ആഗോളവല്‍ക്കരണത്തിന്റെ എല്ലാ പ്രക്രിയകളും സാങ്കേതികവിദ്യയുടെ എല്ലാ തലങ്ങളും ഇതിനുവേണ്ടിയാണ് ഉപയോഗിക്കുന്നത്. അറിവ്, വാര്‍ത്താവിനിമയം, വിനോദം (ഇന്‍ഫര്‍മേഷന്‍, കമ്യൂണിക്കേഷന്‍, എന്റര്‍ടെയ്ന്‍മെന്റ്-ഐസിഇ) എന്നിവ പൂര്‍ണമായും വന്‍കിട കോര്‍പറേഷനുകളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടിരിക്കുന്നു. പബ്ളിഷിങ് മേഖലയിലെ പ്രമുഖരായ ടൈം വിനോദവ്യവസായത്തിലെ ഭീമനായ വാര്‍നര്‍ ബ്രദേഴ്സുമായി ലയിച്ചത് ഇതിനുദാഹരണമാണ്. വിവരമേഖലയിലെ പ്രധാന കമ്പനിയായ അമേരിക്കന്‍ ഓണ്‍ലൈന്‍ ലിമിറ്റഡ്(എഒഎല്‍) ഇപ്പോള്‍ 164 ദശലക്ഷം ഡോളറിന് ടൈം വാര്‍നര്‍ ബ്രദേഴ്സിനെ ഏറ്റെടുത്ത് ഐസിഇ രംഗത്തെ ഏറ്റവും വലിയ കമ്പനിയായി മാറി. റൂപര്‍ട് മര്‍ഡോക്ക് ആവട്ടെ 6800 കോടി ഡോളര്‍ മൂല്യമുള്ള വാര്‍ത്ത, വിനോദ, ഇന്റര്‍നെറ്റ് സംരംഭങ്ങളുടെ ഉടമയാണ്. വാള്‍ട് ഡിസ്നി കമ്പനി സ്പൈഡര്‍മാന്‍ ഫെയിം മാര്‍വെല്‍ കമ്പനി ഏറ്റെടുത്തിരിക്കുന്നു. ആഗോളമായി രൂപംകൊള്ളുന്ന സാംസ്കാരികോല്‍പ്പന്നങ്ങള്‍ ലോകമെങ്ങും ബോംബുകള്‍പോലെ വര്‍ഷിക്കുമ്പോള്‍ ഇത്തരം കോര്‍പറേഷനുകള്‍ നേടുന്നത് വന്‍ ലാഭമാണ്. മനുഷ്യന്റെ ധൈഷണിക പ്രവര്‍ത്തനങ്ങളുടെ കുത്തകവല്‍ക്കരണവും വിവരവിനിമയത്തിലുള്ള കോര്‍പറേറ്റ് മാധ്യമങ്ങളുടെ നിയന്ത്രണവും വര്‍ത്തമാനകാലത്തിന്റെ പ്രധാന സവിശേഷതയാണ്. മുതലാളിത്തത്തിനെതിരെയുള്ള വിമര്‍ശനങ്ങളെയും മുതലാളിത്തത്തിന്റെ ബദലിനെയും കടന്നാക്രമിക്കുക എന്നതാണ് ഈ ആശയയുദ്ധത്തിന്റെ പൊരുള്‍.

വര്‍ഗാധിപത്യത്തിന്റെ കണ്ണിലൂടെ നോക്കിയാല്‍ ജനങ്ങളെ ദൈനംദിന ജീവിത യാഥാര്‍ഥ്യത്തില്‍നിന്ന് വഴിതെറ്റിക്കുകയാണ് ആഗോളവല്‍ക്കരണത്തിന്റെ സംസ്കാരം ചെയ്യുന്നത്. സംസ്കാരമെന്നത് ഇവിടെ സൌന്ദര്യശാസ്ത്രപരമല്ല, മറിച്ച് ദാരിദ്യ്രത്തില്‍ നിന്നും സങ്കടങ്ങളില്‍ നിന്നുമുള്ള ഒളിച്ചോട്ടമാണ്.

ലോകമൊട്ടുക്ക് സാമ്രാജ്യത്വത്തിന്റെ ആധിപത്യം ശക്തിപ്പെടുകയും അതിന്റെ ബഹുമുഖ ആക്രമണങ്ങള്‍ വര്‍ധിക്കുകയും ചെയ്യുമ്പോള്‍തന്നെ സാമ്രാജ്യത്വം ഇപ്പോഴുള്ളതിനേക്കാള്‍ ആഴമേറിയ പ്രതിസന്ധിയുടെ വക്കിലാണെന്ന് കാണാം.

ഈ പ്രതിസന്ധിയുടെ തീവ്രത എന്തായാലും മുതലാളിത്തം സ്വാഭാവികമായി തകരില്ല. അതിനെ പറിച്ചെറിയുകതന്നെ വേണം. ഈ ധാരണയില്ലെങ്കില്‍ വിപ്ളവകരമായ ഒരു പരിണാമം സാധ്യമാക്കുന്ന തരത്തില്‍ മാര്‍ക്സിസം-ലെനിനിസത്തില്‍ അധിഷ്ഠിതമായ പാര്‍ടിയുടെ നേതൃത്വത്തില്‍ തൊഴിലാളിവര്‍ഗം നടത്തുന്ന വിപ്ളവകരമായ ആശയസമരങ്ങള്‍ക്ക് മൂര്‍ച്ചയേകാനും നിര്‍ണായകമായ ഇടപെടലുകള്‍ക്ക് ശക്തിയേകാനും കഴിയില്ല.

സാമ്രാജ്യത്വത്തിന്റെ ആധിപത്യശ്രമങ്ങള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന ചെറുത്തുനില്‍പ്പുകള്‍ക്കും വര്‍ത്തമാനകാലം സാക്ഷിയായി. തൊഴിലാളിവര്‍ഗവും ചൂഷിത ജനവിഭാഗങ്ങളും നടത്തിയ ഇത്തരം സമരങ്ങളിലേറെയും പ്രതിരോധാത്മകമായിരുന്നു. അതായത് നിലവിലുള്ള അവകാശങ്ങള്‍ക്കുമേലുള്ള കൈയേറ്റങ്ങള്‍ക്കെതിരെയുള്ള മുന്നേറ്റങ്ങള്‍. മുതലാളിത്ത ഭരണത്തിനെ ആക്രമിക്കുന്ന തരത്തിലുള്ള മുന്നേറ്റങ്ങള്‍ക്ക് ഇനിയും മൂര്‍ത്തരൂപം കൈവരുത്തേണ്ടിയിരിക്കുന്നു.

ലാറ്റിന്‍ അമേരിക്കയില്‍ നവലിബറല്‍ നയങ്ങള്‍ക്കെതിരെ ജനങ്ങള്‍ നടത്തിയ മഹത്തായ മുന്നേറ്റങ്ങള്‍ പതിനൊന്ന് രാജ്യങ്ങളില്‍ ലിബറല്‍ ശക്തികള്‍ക്കെതിരെയുള്ള തെരഞ്ഞെടുപ്പ് വിജയത്തിലാണ് കലാശിച്ചത്. വെനസ്വേല, ബൊളിവിയ പോലുള്ള രാജ്യങ്ങള്‍ പുരോഗമനപരമായ ഇടതുപക്ഷ നിലപാടുകളാണ് കൈക്കൊണ്ടത്. യൂറോപ്പില്‍ ആദ്യമായി ഒരു കമ്യൂണിസ്റ്റുകാരന്‍ തെരഞ്ഞെടുപ്പിലൂടെ പ്രസിഡന്റായി അധികാരത്തിലേറുന്നതിനും സമീപകാലം സാക്ഷിയായി. സൈപ്രസ് എന്ന രാജ്യത്താണ് ഈ കമ്യൂണിസ്റ്റ് വിജയം.

മാര്‍ക്സിസം-ലെനിനിസത്തില്‍ അധിഷ്ഠിതമായ പാര്‍ടികളെ ശക്തിപ്പെടു ത്തുകയും തൊഴിലാളി വര്‍ഗത്തിന്റെ നേതൃത്വത്തിലുള്ള ബഹുജന മുന്നേറ്റങ്ങളിലൂടെ വര്‍ഗസമരത്തിന് മൂര്‍ച്ചകൂട്ടുകയും ചെയ്യുന്നതിലൂടെ മാത്രമേ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വിജയം നിര്‍ണയിക്കപ്പെടൂ.

*
സീതാറാം യെച്ചൂരി ദേശാഭിമാനി വാരിക

Saturday, December 5, 2009

ഇന്തോനേഷ്യയില്‍ പുത്തനുണര്‍വ്

ഇക്കഴിഞ്ഞ ഒൿടോബര്‍ 20ന് നടന്ന ഇന്തോനേഷ്യന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സുശീലോ ബാംബാങ് യുധോയൊനോ തുടര്‍ച്ചയായി രണ്ടാമതും ജയിച്ചതും ഇന്ത്യോനേഷ്യയുടെ ജനാധിപത്യ വികാസത്തില്‍ ഒരു സുപ്രധാന നാഴികക്കല്ലായി. സുശീലോ എന്ന ഒന്നാമത്തെ പേരിലും മൂന്നുപേരുകളുടെ ആദ്യാക്ഷരങ്ങള്‍ ചേര്‍ന്ന് എസ് ബി വൈ എന്ന ചുരുക്കപ്പേരിലും അറിയപ്പെടുന്ന അദ്ദേഹം 2004 ഒൿടോബര്‍ 20നാണ് ആദ്യ തവണ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.

ഇന്തോനേഷ്യയുടെ രാഷ്‌ട്രപിതാവും സ്വാതന്ത്ര്യശില്‍പ്പിയും പ്രഥമ പ്രസിഡന്റും ആയിരുന്ന ഡോക്ടര്‍ സുക്കാര്‍ണോയുടെ പുത്രിയെയാണ് സുശീലോ തോല്‍പ്പിച്ചത്- അവരുടെ പേര് മേഘവതി സുക്കാര്‍ണോ പുത്രി. മുപ്പത്തിനാലുവര്‍ഷം പട്ടാള സര്‍വാധിപതിയായി അക്രമ വാഴ്ച നടത്തിയിരുന്ന ജനറല്‍ സുഹാര്‍ത്തോയെ അധികാരഭ്രഷ്ടനാക്കി ജനാധിപത്യം പുനഃസ്ഥാപിച്ച പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയ മഹതിയാണ് മേഘവതി. സുഹാര്‍ത്തോക്കുശേഷം നടന്ന ആദ്യത്തെ പൊതുതെരഞ്ഞെടുപ്പില്‍ അവര്‍ പ്രസിഡന്റായി 1999 മുതല്‍ 2004 വരെ ഭരിച്ചു. 2004ല്‍ സുശീലോ ജയിച്ചത്, 50 ശതമാനം വോട്ട് ലഭിക്കാത്തതിനാല്‍ ഏറ്റവും കൂടുതല്‍ വോട്ട് കിട്ടിയ രണ്ടുപേര്‍ തമ്മില്‍ നടന്ന രണ്ടാംവട്ടം വോട്ടെടുപ്പിലാണ്. ഇത്തവണ ആദ്യവട്ട വോട്ടെടുപ്പില്‍ത്തന്നെ സുശീലോ ജയിച്ചത് അദ്ദേഹത്തിന്റെ ഭരണത്തിന്റ വിജയത്തെയും വര്‍ധിച്ച ജനപ്രീതിയെയും തെളിയിക്കുന്നു.

സുക്കാര്‍ണോയുടെ നേതൃത്വത്തില്‍ 1949ല്‍ സമരംചെയ്ത് ഡച്ച് ആധിപത്യത്തില്‍നിന്ന് മോചിതമായ ഇന്തോനേഷ്യ മൂന്നാംലോകത്തില്‍ ഇന്ത്യയോടും ചൈനയോടും മറ്റും സമാനമായ വിധത്തില്‍ പ്രാമാണ്യം കൈവരിച്ചിരുന്നു. 1965ല്‍ അമേരിക്കന്‍ സാമ്രാജ്യവാദികള്‍ ഇന്തോനേഷ്യന്‍ സൈന്യാധിപനായിരുന്ന ജനറല്‍ സുഹാര്‍ത്തോയെ കരുവാക്കി ഇന്തോനേഷ്യന്‍ ജനാധിപത്യത്തിന്റെ അന്ത്യംകുറിച്ചതോടെ ഇന്തോനേഷ്യക്ക് ലോകരാഷ്‌ട്രസമൂഹത്തില്‍ ഉണ്ടായിരുന്ന പ്രാമാണ്യവും മതിപ്പും അസ്തമിക്കാന്‍ തുടങ്ങി. അന്ന് ഇന്തോനേഷ്യയിലെ ഏറ്റവും വലിയ കക്ഷി കമ്യൂണിസ്‌റ്റ് പാര്‍ടി ആയിരുന്നു. സ്വന്തം നേതൃത്വത്തിലുള്ള ദേശീയ കക്ഷിയുടെയും കമ്യൂണിസ്‌റ്റ്പാര്‍ടിയുടെയും പിന്‍ബലത്തിലാണ് സുക്കാര്‍ണോ സ്വാതന്ത്ര്യസമരത്തിന് നേതൃത്വം നല്‍കിയതും പ്രഥമ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതും.

സുഹാര്‍ത്തോ അധികാരം പിടിച്ചശേഷം നാസികളെപ്പോലും കവച്ചുവയ്ക്കുന്ന രീതിയില്‍ കമ്യൂണിസ്റുകാരെയും അനുഭാവികളെയും കൂട്ടക്കുരുതി ചെയ്തു. അഞ്ചുലക്ഷം അംഗങ്ങളും അനേകലക്ഷം അനുയായികളും ഉണ്ടായിരുന്ന ഇന്തോനേഷ്യന്‍ കമ്യൂണിസ്‌റ്റ് പാര്‍ടി അന്നത്തെ മുതലാളിത്ത ലോകത്തിലെ ഏറ്റവും വലിയ കമ്യൂണിസ്‌റ്റ് പാര്‍ടി ആയിരുന്നു. ലോക കമ്യൂണിസ്റ് പ്രസ്ഥാനത്തില്‍ മൌ സെ ദൊങ്, ഹോചിമിന്‍, ഫിദല്‍ കാസ്‌ട്രോ, തൊഗ്ളിയാത്തി, മോറിസ് തോറെ തുടങ്ങിയവരുടെ സമശീര്‍ഷനായിരുന്നു അവരേക്കാളെല്ലാം പ്രായംകുറഞ്ഞ ഇന്തോനേഷ്യന്‍ കമ്യൂണിസ്‌റ്റ് പാര്‍ടി ജനറല്‍ സെക്രട്ടറി ഡി എന്‍ ഐജിത്. അദ്ദേഹം ഉള്‍പ്പെടെ കമ്യൂണിസ്‌റ്റ് പാര്‍ടിയുടെ കേന്ദ്ര നേതൃത്വത്തിലെ ഒന്നൊഴികെ സകലരെയും സുഹാര്‍ത്തോ കുറ്റപത്രം നല്‍കുകയോ വിചാരണ നടത്തുകയോ ചെയ്യാതെ തെരുവിലും വീടുകളിലും പാര്‍ടി ഓഫീസുകളിലും തടവിലും വച്ച് കൊല്ലുകയാണുണ്ടായത്. കൂടാതെ ലക്ഷക്കണക്കിന് അംഗങ്ങളെയും അനുയായികളെയും. അമേരിക്കന്‍ പിന്തുണയോടെ എന്നുപറഞ്ഞാല്‍ ചിത്രം പൂര്‍ത്തിയാകുകയില്ല. സിഐഎയുടെ ഒരു ശിങ്കിടിമാത്രമായിരുന്നു സുഹാര്‍ത്തോ. 34 വര്‍ഷം നടത്തിയ തേര്‍വാഴ്‌ചയ്‌ക്കിടയില്‍ നിയമവാഴ്‌ചയുടെ ലംഘനത്തിനും കൂട്ടക്കുരുതികള്‍ക്കും പുറമെ അവിശ്വസനീയമായ അഴിമതിയും സുഹാര്‍ത്തോയും ബന്ധുക്കളും നടത്തിയതിന്റെ വിവരങ്ങള്‍ ഒടുവില്‍ അറസ്റുചെയ്യപ്പെട്ട് വിചാരണയ്ക്കിടയില്‍ കോടതിയില്‍ തെളിയുകയുണ്ടായി.

1998ല്‍ ജനാധിപത്യം പുനഃസ്ഥാപിച്ചതോടെ ഇന്തോനേഷ്യയില്‍ ഒരു പുത്തന്‍ ഉണര്‍വിന്റെ ലക്ഷണം കണ്ടുതുടങ്ങിയിരിക്കുന്നു. സുഹാര്‍ത്തോക്കുശേഷം തെരഞ്ഞെടുക്കപ്പെട്ട പ്രഥമ പ്രസിഡന്റ് മേഘാവതി സുക്കാര്‍ണോപുത്രി ഈ പുത്തനുണര്‍വിന് തുടക്കംകുറിച്ചെങ്കിലും അവര്‍ക്ക് സുഹാര്‍ത്തോയുടെ കാലംമുതല്‍ ഉദ്യോഗസ്ഥ മേധാവികളും സൈനികരും നടത്തിവന്ന അഴിമതിയെയും ദുര്‍ഭരണത്തെയും പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്യാന്‍ കഴിഞ്ഞില്ല. പ്രസിഡന്റ് സുശീലോ ചില ഉറച്ച നടപടികള്‍ അഴിമതിക്കെതിരായും സാധാരണക്കാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്ന വികസന നയങ്ങള്‍ ആവിഷ്‌ക്കരിക്കുകയും ചെയ്തെങ്കിലും അവയൊന്നും കാര്യമായ വിജയം നേടിയിട്ടില്ല. എങ്കിലും അദ്ദേഹത്തിന്റെ ഉദ്ദേശ്യശുദ്ധിയിലും കാഴ്ചപ്പാടിലും വിശ്വാസമുള്ളതുകൊണ്ടാണ് രണ്ടാം ഊഴവും ജനങ്ങള്‍ പിന്തുണ നല്‍കാന്‍ തയ്യാറായത്.

പ്രസിഡന്റ് സുശീലോ നേരിടുന്ന വലിയ ഒരു കീറാമുട്ടി അഴിമതിവിരുദ്ധ കമീഷനും പൊലീസും പ്രോസിക്യൂഷന്‍ അധികാരികളും തമ്മിലുള്ള ഏറ്റുമുട്ടലാണ്. ഒന്നാം ഊഴത്തില്‍ പ്രസിഡന്റ് നിയമിച്ച അഴിമതി അന്വേഷണ കമീഷന്റ കണ്ടെത്തലുകള്‍ പ്രകാരം കേസ് ചാര്‍ജ് ചെയ്യേണ്ടതും പ്രോസിക്യൂഷന്‍ നടപടികള്‍ കൈക്കൊള്ളേണ്ടതും പൊലീസാണ്. എന്നാല്‍, ഇതിനിടയില്‍ അഴിമതി കമീഷനില്‍പ്പെട്ട രണ്ടുപേരെ അഴിമതിക്കുറ്റം ആരോപിച്ച് പൊലീസ് അറസ്റുചെയ്തതാണ് പ്രതിസന്ധിക്കു കാരണം. ആ തര്‍ക്കം തുടരുന്നു.

വിദേശബന്ധങ്ങളുടെ കാര്യത്തിലും സുശീലോക്ക് വ്യക്തമായ നയങ്ങളും ലക്ഷ്യങ്ങളും ഉള്ളതായി കാണുന്നു. ലോകകാര്യങ്ങളില്‍ ഈ വലിയ രാജ്യത്തിന് അര്‍ഹമായ സ്ഥാനം നേടിയെടുക്കണമെന്നാണ് അദ്ദേഹം അഭിലഷിക്കുന്നത്. അതിനായി 10 അംഗങ്ങളുള്ള ദക്ഷിണ പൂര്‍വരാഷ്‌ട്രങ്ങളുടെ 'ആസിയന്‍' എന്ന പേരിലുള്ള സംഘടനയില്‍ കൂടുതല്‍ ഊര്‍ജസ്വലനായി ഇടപെടണമെന്നും പ്രവര്‍ത്തിക്കണമെന്നും സുശീലോ ആഗ്രഹിക്കുന്നു. ജി-20 എന്ന വന്‍ രാഷ്‌ട്രസംഘടനയില്‍ ഇന്ത്യയോടൊപ്പം ഇന്തോനേഷ്യക്കും സ്ഥാനം ലഭിക്കാന്‍ മുന്‍കൈയെടുത്തത് സുശീലോയാണ്. ആഗോളവല്‍ക്കരണം തുടങ്ങിയ കാര്യങ്ങളില്‍ വെട്ടിത്തുറന്ന് അദ്ദേഹം അഭിപ്രായം പ്രകടിപ്പിച്ചിട്ടില്ലെങ്കിലും സാമ്പത്തിക വികസനത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ധാരണയില്‍നിന്ന് നമുക്ക് ഊഹിക്കാവുന്നത് ആഗോളവല്‍ക്കരണത്തെ പൂര്‍ണമായും അംഗീകരിക്കുന്നില്ലെന്നാണ്. സുശീലോ ഒന്നാം ഊഴത്തില്‍ നേടിയ സല്‍പ്പേര് നിലനിര്‍ത്തത്തക്കവിധം കര്‍മപഥത്തില്‍ ഇറങ്ങുന്ന പക്ഷം ഇന്തോനേഷ്യക്ക് പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്താന്‍ കഴിഞ്ഞേക്കും.

****

പി ഗോവിന്ദപ്പിള്ള, കടപ്പാട് : ദേശാഭിമാനി