Monday, March 28, 2011

പെന്‍ഷന്‍ സ്വകാര്യവല്‍ക്കരണം യുഎസ് കമ്പനികള്‍ക്കുവേണ്ടി

പെന്‍ഷന്‍ ഫണ്ട് സ്വകാര്യവല്‍ക്കരണം ആഗോള സാമ്പത്തികപ്രതിസന്ധിയെ തുടര്‍ന്ന് തകര്‍ച്ചയിലായ അമേരിക്കന്‍ ഇന്‍ഷുറന്‍സ് സ്ഥാപനം എഐജി അടക്കമുള്ള പാശ്ചാത്യ കമ്പനികളെ സഹായിക്കാന്‍. ഈ കമ്പനികള്‍ കേന്ദ്രസര്‍ക്കാരില്‍ ചെലുത്തിയ കടുത്ത സമ്മര്‍ദത്തിന്റെ ഫലമായാണ് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചത്. പെന്‍ഷന്‍പണം ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിക്ഷേപിക്കാനാണ് ബില്ലില്‍ ശുപാര്‍ശചെയ്യുന്നത്. ഇന്ത്യ സന്ദര്‍ശിച്ചുവരുന്ന അമേരിക്കന്‍ വ്യവസായി വാറന്‍ബഫറ്റും പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെ കണ്ട് ഇന്‍ഷുറന്‍സ് രംഗത്ത് വിദേശനിക്ഷേപം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ആഗോളസാമ്പത്തികപ്രതിസന്ധി ഉലച്ച എഐജി നിലനില്‍പ്പിനായി അമേരിക്കന്‍ കേന്ദ്രബാങ്കില്‍ നിന്ന് കടമെടുത്തത് 4000 കോടി ഡോളറാണ്. അവര്‍ക്ക് ഇന്ത്യയില്‍ ടാറ്റയുമായി ചേര്‍ന്നുള്ള ഇന്‍ഷുറന്‍സ് സംരംഭമുണ്ട്.

പങ്കാളിത്ത പെന്‍ഷന്‍ ഫണ്ടിന്റെ പ്രത്യേകത ജീവനക്കാരുടെ അടിസ്ഥാനശമ്പളത്തിന്റെയും ഡിഎയുടെയും 10 ശതമാനം സര്‍വീസില്‍ കയറുന്നതുമുതല്‍ പെന്‍ഷന്‍ഫണ്ടിലേക്ക് പോകുമെന്നതാണ്. തുല്യമായ തുക കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും നല്‍കും. 2004ന് ശേഷം സര്‍വീസില്‍ കയറിയ ഒരു ലക്ഷത്തിലധികം ജീവനക്കാരുടെ പണം ഇപ്പോള്‍ത്തന്നെ പെന്‍ഷന്‍ ഫണ്ടിലേക്ക് പോകുന്നുണ്ട്. വര്‍ഷം 8000 കോടി രൂപയെങ്കിലും പിരിഞ്ഞുകിട്ടും. ഈ തുകയത്രയും സ്വകാര്യ ബഹുരാഷ്ട്ര കമ്പനികള്‍ക്ക് ഉപയോഗിക്കാന്‍ സര്‍ക്കാര്‍ നല്‍കും. ഇപ്പോള്‍ പണം എസ്ബിഐയിലും എല്‍ഐസിയിലുമാണ് നിക്ഷേപിച്ചിട്ടുള്ളത്. ബില്‍ പാസാകുന്നതോടെ ഈ തുക സ്വകാര്യ പെന്‍ഷന്‍ഫണ്ടുകളിലേക്ക് പോകും. ജീവനക്കാര്‍ പിരിയുമ്പോള്‍ അവരുടെ നിക്ഷേപത്തിന്റെ 60 ശതമാനം തിരിച്ചുനല്‍കുമെങ്കിലും ബാക്കി തുക ഇന്‍ഷുറന്‍സ് കമ്പനിയിലാണ് നിക്ഷേപിക്കുക. ഈ ഇന്‍ഷുറന്‍സ് കമ്പനികളാണ് പെന്‍ഷന്‍ നല്‍കുക.

എന്നാല്‍, 2008ല്‍ ഉണ്ടായതുപോലെയുള്ള സാമ്പത്തികപ്രതിസന്ധി വന്നാല്‍ ഇത്തരം ഇന്‍ഷുറന്‍സ് കമ്പനികളും മറ്റും പാപ്പരാകാന്‍ ഇടയുണ്ട്. അതോടെ പെന്‍ഷന്‍ വിതരണം അവതാളത്തിലാകും. രണ്ടാമതായി, പെന്‍ഷന്‍കാര്‍ക്ക് വിലക്കയറ്റത്തിനും മറ്റും ആനുപാതികമായി ഡിഎ ലഭിക്കുന്ന നിലവിലെ സമ്പ്രദായം പൂര്‍ണമായും ഇല്ലാതാകും. 2004ന് ശേഷം ചേരുന്ന കേന്ദ്രജീവനക്കാരെ നിര്‍ബന്ധപൂര്‍വം ഈ പുതിയ പെന്‍ഷന്‍പദ്ധതിയില്‍ അംഗങ്ങളാക്കിയിട്ടുണ്ട്. എന്നാല്‍, എല്ലാ സംസ്ഥാന സര്‍ക്കാരുകളും പുതിയ പെന്‍ഷന്‍ പദ്ധതിയുടെ ഭാഗമായിട്ടില്ല. 16 സംസ്ഥാനങ്ങള്‍ മാത്രമാണ് അംഗീകരിച്ചത്. ഇടതുപക്ഷം ഭരിക്കുന്ന കേരളം, പശ്ചിമബംഗാള്‍, ത്രിപുര എന്നീ സംസ്ഥാനങ്ങള്‍ ഈ പെന്‍ഷന്‍ പദ്ധതി അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിലും ബംഗാളിലും ഇടതുപക്ഷ സര്‍ക്കാരുകളെ തോല്‍പ്പിച്ചാലേ എല്ലാ സംസ്ഥാനങ്ങളിലും ഈ പദ്ധതി നടപ്പാക്കാന്‍ കഴിയൂ. അമേരിക്കയും കോണ്‍ഗ്രസും ഇടതുപക്ഷത്തെ തോല്‍പ്പിക്കാന്‍ എല്ലാ അടവും പയറ്റുന്നതും ഇതുകൊണ്ട് തന്നെ.

ഈ പശ്ചാത്തലത്തിലാണ് ഇടതുപക്ഷം ഭരിക്കുന്ന രണ്ട് സംസ്ഥാനങ്ങളിലെ നിയമസഭാതെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് ധനമന്ത്രി പ്രണബ് മുഖര്‍ജി ഈ ബില്‍ തിരക്കിട്ട് ലോക്സഭയില്‍ അവതരിപ്പിച്ചത്. തീവ്ര ഉദാരവല്‍ക്കരണ നയങ്ങള്‍ നടപ്പാക്കാന്‍ പ്രണബ് മുഖര്‍ജി കൂടെ നില്‍ക്കുമോ എന്ന് അമേരിക്ക പ്രകടിപ്പിച്ച സംശയം പുറത്തുവന്ന സാഹചര്യത്തില്‍ (വിക്കിലീക്സ് വെളിപ്പെടുത്തല്‍) തന്റെ കൂറ് തെളിയിക്കാനും മുഖര്‍ജി ഈ അവസരം ഉപയോഗിക്കുകയാണ്.

*
വി ബി പരമേശ്വരന്‍ കടപ്പാട്: ദേശാഭിമാനി 28 മാര്‍ച്ച് 2011

Sunday, March 27, 2011

ഭരണതുടര്‍ച്ച ഉറപ്പായി: വിഎസ് അച്യുതാനന്ദന്‍

സംസ്ഥാനത്തെങ്ങും ശക്തമായ ഭരണാനുകൂലവികാരമാണ് കാണുന്നതെന്നും ഇത് എല്‍ഡിഎഫിന്റെ ഭരണത്തുടര്‍ച്ച ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. തെരഞ്ഞെടുപ്പുകളില്‍ പലപ്പോഴും ഭരണവിരുദ്ധവികാരം പ്രകടമാകുന്ന സ്ഥിതിയുണ്ടായിട്ടുണ്ട്. ഇത് ഭരിക്കുന്ന മുന്നണിയുടെ വിജയസാധ്യത ഇല്ലാതാക്കിയ ചരിത്രവും നമ്മുടെ മുന്നിലുണ്ട്. എന്നാല്‍, ഇത്തവണ ഭരണവിരുദ്ധവികാരം ഉണ്ടായിട്ടില്ലെന്നുമാത്രമല്ല, ഭരണത്തിന് അനുകൂലമായ വികാരമാണ് ദൃശ്യമാകുന്നത്. ചരിത്രം തിരുത്തിയെഴുതി എല്‍ഡിഎഫിനെ വീണ്ടും തകര്‍പ്പന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കാനുള്ള ആവേശകരമായ പ്രവര്‍ത്തനങ്ങളും നാടെങ്ങും കാണാം. പകുതിയിലേറെ ജില്ലകളില്‍ തെരഞ്ഞെടുപ്പുപര്യടനം പൂര്‍ത്തിയാക്കിയ തനിക്ക് പ്രചാരണരംഗത്ത് കാണാന്‍ കഴിഞ്ഞത് ഇത്തരമൊരു ആവേശതരംഗമാണെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 'ദേശാഭിമാനി'ക്ക് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വി എസ്.

ഭരണാനുകൂലവികാരത്തിന് ആധാരമായി എന്തൊക്കെയാണ് എല്‍ഡിഎഫ് ചൂണ്ടിക്കാട്ടുന്നത്.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസന- ക്ഷേമപ്രവര്‍ത്തനങ്ങളും ഇതിന് വെളിച്ചമായി നിലകൊള്ളുന്ന ജനപക്ഷനിലപാടുമാണ് ഏറ്റവും പ്രധാനം. കൃഷി, വ്യവസായം, ആരോഗ്യം, വിദ്യാഭ്യാസം, വൈദ്യുതി, കുടിവെള്ളം, ഐടി, ടൂറിസം തുടങ്ങിയ എല്ലാ മേഖലയിലും അഭൂതപൂര്‍വമായ വികസനമുന്നേറ്റമാണ് അഞ്ചുവര്‍ഷത്തിനിടയില്‍ ഉണ്ടായത്. ഇത് ജനജീവിതത്തിലും പുരോഗതിയുണ്ടാക്കിയിട്ടുണ്ട്. അതിന്റെ സാക്ഷ്യപത്രമാണ് ദേശീയതലത്തില്‍ സംസ്ഥാന സര്‍ക്കാരിന് ലഭിച്ച പന്ത്രണ്ടോളം അവാര്‍ഡ്.

പിറന്നുവീഴുന്ന ഓരോ കുട്ടിക്കും 10,000 രൂപയുടെ സ്ഥിരനിക്ഷേപം, ക്ഷേമപെന്‍ഷനുകള്‍ നാലിരട്ടികണ്ട് വര്‍ധിപ്പിച്ചത്, സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് എന്നിവയെല്ലാം ജനജീവിതം അടിമുടി പുരോഗതിയിലേക്ക് നയിക്കുന്ന പദ്ധതികളാണ്. ക്ഷേമപെന്‍ഷനുകള്‍ 1000 രൂപയാക്കി വര്‍ധിപ്പിക്കുമെന്നാണ് എല്‍ഡിഎഫ് വാഗ്ദാനം ചെയ്തിട്ടുള്ളത്. എപിഎല്‍- ബിപിഎല്‍ വ്യത്യാസമില്ലാതെ സംസ്ഥാനത്തെ ഏതാണ്ട് എല്ലാ ആളുകള്‍ക്കും രണ്ടു രൂപയ്ക്ക് അരി നല്‍കുന്ന പദ്ധതി പുതിയൊരു കേരളാമോഡല്‍തന്നെ സൃഷ്ടിക്കാന്‍ പോന്നതാണ്. ഇത്രയേറെ ജനോപകാരപ്രദമായ പദ്ധതിയെ പക്ഷേ, ദുഷ്ടലാക്കോടെ കണ്ട് പാവപ്പെട്ടവരുടെ റേഷനരിയില്‍ മണ്ണുവാരിയിടാനാണ് യുഡിഎഫ് ശ്രമിച്ചത്. ഇത് ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്.

എന്നാല്‍, ഇതൊക്കെ പോകുന്ന പോക്കില്‍ നടത്തുന്ന കാപട്യങ്ങളാണെന്നാണല്ലോ പ്രതിപക്ഷം ആക്ഷേപിക്കുന്നത്.

അങ്ങനെ ആക്ഷേപമുള്ള പ്രതിപക്ഷം എല്‍ഡിഎഫ് സര്‍ക്കാരിന് ഒരു ചാന്‍സുകൂടി നല്‍കി ഇത് കാപട്യമാണോ എന്ന് തെളിയിക്കാന്‍ അവസരമൊരുക്കുകയാണ് വേണ്ടത്.

എല്‍ഡിഎഫ് രണ്ടു രൂപയ്ക്ക് അരി നല്‍കുമ്പോള്‍ ഒരു രൂപയ്ക്ക് അരി നല്‍കുമെന്നാണല്ലോ യുഡിഎഫ് പ്രകടനപത്രിക പറയുന്നത്. ഇത് എല്‍ഡിഎഫിന് തിരിച്ചടിയാകില്ലേ.

അങ്ങനെയൊരു പ്രശ്നമേ ഉദിക്കുന്നില്ല. കാരണം യുഡിഎഫിന്റേത് വഞ്ചനയും കാപട്യവുമാണ്. കേന്ദ്ര സര്‍ക്കാരിന്റെ മൂന്നു രൂപയ്ക്ക് അരി എന്ന പ്രഖ്യാപനം ഇതേവരെ നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതിന്റെ ജാള്യം മറച്ചുവച്ച് ഇപ്പോള്‍ ഒരു രൂപയ്ക്ക് അരി നല്‍കുമെന്നു പറയുന്ന യുഡിഎഫിന്റെ തട്ടിപ്പ് ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. മാത്രമല്ല, എല്‍ഡിഎഫ് സര്‍ക്കാര്‍ രണ്ടു രൂപയ്ക്ക് അരി പദ്ധതി പ്രഖ്യാപിച്ചത് അതിനാവശ്യമായ പണം നീക്കിവച്ചിട്ടാണ്. ഇതിനൊക്കെ സഹായമായവിധം കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ ഒരു ദിവസംപോലും ട്രഷറി പൂട്ടിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

വര്‍ത്തമാനകാല രാഷ്ട്രീയപ്രശ്നങ്ങള്‍ ഏതുതരത്തില്‍ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്നാണ് താങ്കള്‍ കരുതുന്നത്.

രാഷ്ട്രീയ സംഭവവികാസങ്ങളാകെ എല്‍ഡിഎഫിന് അനുകൂലമാണെന്നതാണ് മറ്റൊരു സവിശേഷത. രാജ്യം ഇതേവരെ കണ്ടിട്ടില്ലാത്ത കൊടിയ അഴിമതിയുടെ കേന്ദ്രമായി യുപിഎ സര്‍ക്കാര്‍ മാറി. 1.76 ലക്ഷം കോടിയുടെ 2ജി സ്പെക്ട്രം അഴിമതി, രണ്ടുലക്ഷം കോടിയുടെ എസ് ബാന്‍ഡ് അഴിമതി, ആദര്‍ശ് ഫ്ളാറ്റ് അഴിമതി, കോമണ്‍വെല്‍ത്ത് അഴിമതി എന്നിങ്ങനെ അഴിമതിയുടെ പട്ടിക നീളുകയാണ്. രൂക്ഷമായ വിലക്കയറ്റം, അടിക്കടിയുള്ള ഇന്ധനവില വര്‍ധന, ഇപ്പോള്‍ പാചകവാതകവില ഇരട്ടിയാക്കാനുള്ള നീക്കം തുടങ്ങിയ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ നടപടികളും യുഡിഎഫിനെതിരായ ജനവികാരമാണ് ഉയര്‍ത്തുന്നത്.

സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും സ്ഥിതിയെപ്പറ്റി എന്താണ് പറയാനുള്ളത്.

ഇവിടെ കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും സ്ഥിതി അതി ദയനീയമല്ലേ. യുഡിഎഫിന്റെ ഒരു നേതാവ് അഴിമതി നടത്തിയതിന് ശിക്ഷിക്കപ്പെട്ട് ജയിലിലാണ്. അവശേഷിച്ച നേതാക്കള്‍ പലരും അഴിമതിക്കേസുകളില്‍പ്പെട്ട് എപ്പോഴാണ് ജയിലിലേക്ക് പോകേണ്ടിവരിക എന്ന ഭീതിയില്‍ കഴിയുകയാണ്. ഇതിനുപുറമെയാണ് മുന്നണിയിലെ വിവിധ ഘടകകക്ഷികള്‍ തമ്മിലും കോണ്‍ഗ്രസിലെ വ്യത്യസ്ത ഗ്രൂപ്പുകള്‍ തമ്മിലും സീറ്റിനെച്ചൊല്ലിയും സ്ഥാനാര്‍ഥിത്വം സംബന്ധിച്ചും ഇപ്പോഴും വിട്ടുമാറാത്ത കലഹങ്ങള്‍. മാണിയും ഗൌരിയമ്മയും എം വി രാഘവനും വീരേന്ദ്രകുമാറുമൊക്കെ നാണക്കേടും അവഹേളനവും സഹിച്ച് കഴിയുകയാണ്.

എന്നിട്ടും സര്‍ക്കാരിനെതിരെയും എല്‍ഡിഎഫിനെതിരെയും യുഡിഎഫ് നിരവധി ആരോപണം ഉന്നയിക്കുന്നുണ്ടല്ലോ.

എല്ലാതരത്തിലും തകര്‍ന്ന് ദയനീയ നിലയിലായ യുഡിഎഫ് വല്ലാത്ത അങ്കലാപ്പിലാണ്. ജനങ്ങളെ നേരിടാന്‍തന്നെ അവര്‍ വിഷമിക്കുകയാണ്. ഇതിന്റെ ഫലമായുള്ള അര്‍ഥമില്ലാത്ത കാര്യങ്ങളാണ് അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. അതൊക്കെ അവര്‍ക്കെതിരെതന്നെ ഇപ്പോള്‍ തിരിഞ്ഞുകുത്തിക്കൊണ്ടിരിക്കുകയാണ്.

പ്രതിപക്ഷനേതാക്കളോട് വി എസ് വ്യക്തിപരമായ പ്രതികാരം ചെയ്യുകയാണെന്നാണല്ലോ ഉമ്മന്‍ചാണ്ടിയടക്കമുള്ള നേതാക്കള്‍ ആരോപിക്കുന്നത്.

അതൊക്കെ ശുദ്ധ അസംബന്ധമാണ്. അഴിമതിക്കെതിരായ പോരാട്ടംമാത്രമാണ് ഞാന്‍ നടത്തുന്നത്.


*****


അഭിമുഖം നടത്തിയത് : കെ വി സുധാകരൻ

സിന്ധുജോയിയും സ്‌ത്രീകളെ പരിഗണിക്കുന്ന കോൺ‌ഗ്രസും

സ്ത്രീകളെ 'അവഗണിക്കുന്ന' പാര്‍ടിയെ വിട്ട് സ്ത്രീകളെ 'പരിഗണിക്കുന്ന' പാര്‍ടിയില്‍ ചെന്നുനിന്ന് സിന്ധുജോയി പറയുന്ന കാര്യങ്ങള്‍ കോണ്‍ഗ്രസും യുഡിഎഫും സ്ത്രീകളെ 'പരിഗണിച്ച' വിധങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു. കോണ്‍ഗ്രസ് നല്‍കിയ ആ 'പരിഗണന'യുടെ ഇരകളാണ് പാലക്കാട്ടെ സിറാജുന്നീസ എന്ന ബാലികമുതല്‍ യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന നയ്ന സാഹ്‌നി വരെയുള്ളവര്‍. സിറാജുന്നീസയെ കോണ്‍ഗ്രസ് ഭരണം വെടിവച്ചുകൊല്ലുകയായിരുന്നുവെങ്കില്‍ നയ്ന സാഹ്നിയെ കോണ്‍ഗ്രസ് നേതാവ് വെട്ടിയരിഞ്ഞ് തണ്ടൂരി അടുപ്പിലിട്ടുചുടുകയായിരുന്നു.

സിറാജുന്നീസ രാഷ്ട്രീയം എന്തെന്ന് അറിയാത്ത നിഷ്കളങ്ക ബാലിക. നയ്ന സാഹ്നി അതായിരുന്നില്ല. എംഎല്‍എയോ മന്ത്രിയോ ആകാമെന്ന് മോഹിച്ച് കോണ്‍ഗ്രസിലെത്തിയവര്‍. യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലേക്ക് അവര്‍ ഉയര്‍ന്നു. അപ്പോഴാണ് ആത്യന്തികമായ ആ പരിഗണന വന്നത്. അരിഞ്ഞുകഷണങ്ങളാക്കി തീയിലിട്ട് ചുട്ടു!

1984ലെ ഡല്‍ഹി കലാപഘട്ടത്തിലാണ് കോണ്‍ഗ്രസ് സ്ത്രീകള്‍ക്ക് നല്‍കുന്ന 'പരിഗണന'യുടെ മറ്റൊരു മുഖം കണ്ടത്. ആയിരക്കണക്കിന് സ്ത്രീകളെ വിധവകളാക്കിയെന്നത് പോകട്ടെ, നൂറുകണക്കിന് സ്ത്രീകളെ പെട്രോളൊഴിച്ച് പച്ചജീവനോടെ തീയിട്ടുകൊന്നു! ആ കേസില്‍ പ്രതിയായ കോണ്‍ഗ്രസ് നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ ജഗദീഷ് ടൈറ്റ്ലര്‍ക്ക് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് തോന്നിയപ്പോള്‍, ഡോ. മന്‍മോഹന്‍സിങ്ങിന്റെ നേതൃത്വത്തിലുള്ള യുപിഎ ഭരണം സിബിഐയെക്കൊണ്ട് കോടതിയില്‍ പറയിച്ചു: 'ജഗദീഷ് ടൈറ്റ്ലര്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ അനുവദിക്കണം'.

ആദിവാസിയായ സി കെ ജാനുവാണ് കോണ്‍ഗ്രസ് ഭരണത്തില്‍ കാര്യമായ പരിഗണന കിട്ടിയ മറ്റൊരു വനിതാനേതാവ്. മുത്തങ്ങ വെടിവയ്പുഘട്ടത്തില്‍ അതിനിഷ്‌ഠൂരമായാണ് കോണ്‍ഗ്രസ് ഭരണത്തിന്റെ പൊലീസ് അവരെ അടിച്ചുതകര്‍ത്തത്. അവരുടെ ചതഞ്ഞുവീര്‍ത്ത് നീരുകെട്ടിയ മുഖം അവര്‍ മറന്നു. പക്ഷേ അന്ന്, 'പരാക്രമം സ്ത്രീകളിലല്ല വേണ്ടൂ' എന്ന് അന്നത്തെ കോണ്‍ഗ്രസ് ഭരണത്തോട് പറഞ്ഞ കേരളത്തിലെ സ്ത്രീസമൂഹം അതു മറന്നിട്ടില്ല. ജാനു ഇന്ന് സിന്ധുവിനെപ്പോലെ കോണ്‍ഗ്രസിനെ ചുറ്റിപ്പറ്റി ഭാഗ്യാന്വേഷണം നടത്തുന്നുവെന്നത് വേറെ കാര്യം!

സിന്ധുജോയി ഇന്ന് അഭയം കാണുന്നത് ഉമ്മന്‍ചാണ്ടിയിലാണ്. ഈ ഉമ്മന്‍ചാണ്ടി സ്ത്രീക്ക് നല്‍കിയ പരിഗണനയും ഓര്‍മിക്കേണ്ടതുണ്ട്. കിളിരൂരിലെ പെണ്‍കുട്ടി അതിഗുരുതരാവസ്ഥ നേരിടുകയാണെന്നും ജീവന്‍ രക്ഷിക്കാനായി അടിയന്തരമായി വിദഗ്ധചികിത്സാ സൌകര്യങ്ങളുള്ള ഏതെങ്കിലും ആശുപത്രിയിലേക്ക് മാറ്റണമെന്നും വനിതാകമീഷന്‍ അധ്യക്ഷതന്നെ അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്ക് കത്തെഴുതി. കത്ത് കിട്ടിയ ഉടന്‍ ഉമ്മന്‍ചാണ്ടി ചെയ്തത്, കാര്യമായ ഒരു ചികിത്സാ സൌകര്യവുമില്ലാത്ത ഒരു സ്വകാര്യ നേഴ്സിങ് ഹോമിലേക്ക് ആ കുട്ടിയെ മാറ്റുകയാണ്. 36 ഡിപ്പാര്‍ട്മെന്റുകളുള്ള ഒരു മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് മൂന്ന് ഡിപ്പാര്‍ട്മെന്റ് തികച്ചില്ലാത്ത ഒരു 'ഡിസ്പെന്‍സറി'യിലേക്ക്!

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഒരാള്‍ക്ക് വിദഗ്ധചികിത്സ വേണമെന്നുവന്നാല്‍ ആ വ്യക്തിയെ 'അപ്പോളോ'യിലേക്കോ 'എസ്കോര്‍ട്സി'ലേക്കോ ഒക്കെ മാറ്റുമെന്നാണ് ആളുകള്‍ കരുതുക. നിലവിലുള്ള ചികിത്സാസംവിധാനംപോലും ഇല്ലാത്ത ഒരിടത്തേക്ക്, അതും കേസിലെ പ്രതികള്‍ക്ക് നേരിട്ട് സ്വാധീനിക്കാന്‍ കഴിയുന്ന ഒരു സംവിധാനത്തിലേക്ക് മാറ്റുക എന്നുപറഞ്ഞാല്‍ എന്താണര്‍ഥം? എന്താകും അതിനുപിന്നിലെ ഉദ്ദേശ്യം?

ആ ഉദ്ദേശ്യംതന്നെ നടന്നു. രക്തത്തില്‍ ചെമ്പിന്റെ അംശം സംശയകരമായ സാഹചര്യത്തില്‍ കൂടി. ആ കുട്ടി മരിച്ചു. വിദഗ്ധചികിത്സ കൊടുത്തില്ലെങ്കില്‍ മരിക്കുമെന്ന് വ്യക്തമായിട്ടും നിലവിലുള്ള ചികിത്സാസൌകര്യംപോലും കുറയ്ക്കുകയെന്നുവന്നാല്‍ അത് മനഃപൂര്‍വമല്ലാത്ത കൊലപാതകത്തിന് കേസെടുക്കേണ്ട കുറ്റകൃത്യമാണ്. എന്തിനത് ചെയ്തെന്ന് സിന്ധുജോയി ഇപ്പോഴുള്ള സൌഹൃദംവച്ച് ഉമ്മന്‍ചാണ്ടിയോട് ചോദിക്കുന്നത് നന്നായിരിക്കും.

ഇതുമാത്രം ചോദിച്ചാല്‍ പോരാ. കിളിരൂര്‍ പെണ്‍കുട്ടിയുടെ കേസ് ഡയറിയിലെ മൂന്നുപേജ് അദ്ദേഹത്തിന്റെ പൊലീസാണ് നീക്കം ചെയ്തത്. ഈ പ്രശ്‌നം കോടതിയില്‍ ഉയര്‍ന്നുവന്നിരുന്നു. തന്റെ ഭരണത്തിന്‍കീഴിലുള്ള സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എന്തിനത് ചെയ്തുവെന്നത് ഉമ്മന്‍ചാണ്ടിക്കറിയാന്‍ വിഷമമില്ലല്ലോ. അഥവാ, ഉമ്മന്‍ചാണ്ടി അറിയാതെ അദ്ദേഹത്തിന്റെ പൊലീസ് ഇത്ര പ്രധാനപ്പെട്ട ഒരു കേസിന്റെ കേസ് ഡയറിയില്‍നിന്ന് പേജുകള്‍ നീക്കംചെയ്യില്ലല്ലോ. ശാരിയുടെ മാതാപിതാക്കളോട് നീതിചെയ്യലായിരുന്നോ അത്? ഇതുകൂടി ഉമ്മന്‍ചാണ്ടിയോട് ചോദിക്കുന്നതുകൊള്ളാം. ചോദിക്കുന്നില്ലെങ്കിലും ഉമ്മന്‍ചാണ്ടിയും യുഡിഎഫും സ്ത്രീക്ക് നല്‍കുന്ന പരിഗണന ഇതായിരുന്നുവെന്ന് തിരിച്ചറിയുകയെങ്കിലും ചെയ്താല്‍ കൊള്ളാം.

കിളിരൂര്‍സംഭവം എല്‍ഡിഎഫ് ഭരണത്തിലായിരുന്നുവെന്നും കേസിലെ പ്രതികളെ രക്ഷിക്കാന്‍ എല്‍ഡിഎഫ് ശ്രമിക്കുന്നുവെന്നുമൊക്കെയായിരുന്നല്ലോ യുഡിഎഫ് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചത്. ആ സംഭവം കോണ്‍ഗ്രസ് ഭരണത്തിലായിരുന്നുവെന്നും കേസിലെ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചത് ഉമ്മന്‍ചാണ്ടിയുടെ പൊലീസായിരുന്നുവെന്നും അവര്‍ക്ക് രക്ഷിക്കാനുണ്ടായിരുന്നത് പ്രതികളുടെ കോണ്‍ഗ്രസ് ബന്ധമായിരുന്നുവെന്നും ഓര്‍ക്കുക!

യുഡിഎഫ് ഭരണം സ്ത്രീക്ക് നല്‍കിയ 'പരിഗണന'യുടെ മറ്റൊരു ചിത്രമാണ് റജീനയില്‍ തെളിഞ്ഞത്. ഒരു കൈക്കുഞ്ഞുമായി തെരുവിലൂടെ ആ പെണ്‍കുട്ടി അലഞ്ഞുനടന്നതിന്റെ ദയനീയമായ ചിത്രം മലയാളിയുടെ മനസ്സില്‍നിന്ന് മായുമോ? ആ പെണ്‍കുട്ടിയുടെ കണ്ണീരൊപ്പാനല്ല, മറിച്ച് അവരെ പീഡിപ്പിച്ചവരെ രക്ഷിക്കാനാണ് ഉമ്മന്‍ചാണ്ടിയും കൂട്ടരും അന്ന് ശ്രമിച്ചത്; ഇന്ന് ശ്രമിക്കുന്നതും. ഇതാണ് കോണ്‍ഗ്രസും യുഡിഎഫും സ്ത്രീക്ക് നല്‍കിയ പരിഗണന എന്നത് സിന്ധുജോയി കാണുന്നില്ലെങ്കിലും കേരളം കാണുന്നുണ്ട്- ഒരു പൊള്ളുന്ന കനല്‍ച്ചിത്രംപോലെ!

കോണ്‍ഗ്രസ് ഭരണം സ്ത്രീക്ക് നല്‍കിയ 'പരിഗണന'യുടെ മറ്റൊരു പ്രതീകമാണ് കൈക്കോഴ കൊടുത്ത് പഠനം തുടരാനാകാതെ വന്നതിനാല്‍ ആത്മഹത്യചെയ്യേണ്ടിവന്ന രജനി എസ് ആനന്ദ് എന്നത് സിന്ധുജോയിയെ ആരും പറഞ്ഞുമനസ്സിലാക്കേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല. പക്ഷേ, മത്സരിക്കാന്‍ നിയമസഭാ സീറ്റ് കിട്ടുന്നില്ലെന്ന് വന്നപ്പോള്‍ എത്ര പെട്ടെന്ന് മറന്നു സിന്ധുജോയി, രജനി എസ് ആനന്ദിന്റെ ദീനദീനമായ ആ മുഖം!

സ്ത്രീക്ക് പരിഗണന നല്‍കുന്നതെന്ന് സിന്ധുജോയി പറയുന്ന അതേപ്രസ്ഥാനമാണ് വികലാംഗയാണെന്നും പണം സംഭരിക്കാനുള്ള ശേഷിയില്ലെന്നും പറഞ്ഞ് ഇതേഘട്ടത്തില്‍ ജയ ഡാളിയെന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകയെ സ്ഥാനാര്‍ഥിപ്പട്ടികയില്‍നിന്ന് വെട്ടിനീക്കിയത്. ഇതേകോണ്‍ഗ്രസ് തന്നെയാണ്, ആന്ധ്രപ്രദേശില്‍നിന്നുള്ള കോടീശ്വരിയായ രേണുക ചൌധരിയെ തെലുങ്കുദേശത്തില്‍നിന്ന് കാലുമാറ്റിച്ച് ആവര്‍ത്തിച്ചാവര്‍ത്തിച്ച് എംപിയാക്കിക്കൊണ്ടിരിക്കുന്നതും.

സ്ത്രീകളോട് മാന്യമായി പെരുമാറുന്നുവെന്ന് സിന്ധുജോയി ഒരു തെരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടാതെ വന്നപ്പോള്‍ തിരിച്ചറിഞ്ഞ കോണ്‍ഗ്രസിന്റെ സ്ത്രീകളോടുള്ള യഥാര്‍ഥ മനോഭാവവും സംസ്കാരവും തിരിച്ചറിയണമെങ്കില്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പുകളില്‍ ഉയര്‍ത്തിയിട്ടുള്ള പഴയ മുദ്രാവാക്യങ്ങളിലേക്കൊന്ന് കണ്ണോടിക്കണം.

'ഗൌരിച്ചോത്തിയെ വേളി കഴിച്ചൊരു
റൌഡിത്തോമ്മാ സൂക്ഷിച്ചോ''

എന്നതായിരുന്നു വിമോചനസമരകാലത്ത് കോണ്‍ഗ്രസ് ഇവിടെ ഉയര്‍ത്തിയ പ്രധാന മുദ്രാവാക്യങ്ങളിലൊന്ന്.

'നാടുഭരിക്കാനറിയില്ലെങ്കില്‍
ചകിരി പിരിക്കൂ ഗൌരിച്ചോത്തീ'

എന്ന നികൃഷ്ടമായ മുദ്രാവാക്യംവരെ ഗൌരിയമ്മയെപ്പോലുള്ള ഒരാള്‍ക്കെതിരെ ഉയര്‍ത്താന്‍ മടികാട്ടിയിട്ടില്ലാത്ത രാഷ്ട്രീയപാര്‍ടിയാണത്. സ്ത്രീയോട് എന്തൊരു ബഹുമാനം!

വികലാംഗത്വം വന്നുപോയ ഒരു സ്ത്രീയെ അതിന്റെ പേരില്‍ സ്ഥാനാര്‍ഥിപ്പട്ടികയില്‍നിന്ന് ആട്ടിപ്പായിച്ചതില്‍ അത്ഭുതപ്പെടാനില്ല. മുടന്തുണ്ടായിരുന്ന കെ സി ജോര്‍ജിനും വിക്കുണ്ടായിരുന്ന ഇ എം എസിനും എതിരെ

'വിക്കാ, ഞൊണ്ടീ, ചാത്താ, നിങ്ങളെ
മുക്കിക്കൊല്ലും കട്ടായം!'

എന്നു പണ്ട് മുദ്രാവാക്യം മുഴക്കിയവരാണിവര്‍.

'പാളേക്കഞ്ഞി കുടിപ്പിക്കും
തമ്പ്രാനെന്ന് വിളിപ്പിക്കും'

എന്നു മുദ്രാവാക്യം മുഴക്കിനടന്ന രാഷ്ട്രീയതമ്പ്രാക്കളുടെ ഒപ്പംചെന്നുനില്‍ക്കുന്ന സിന്ധുജോയി മറ്റൊന്നുകൂടി അറിയണം. നൂറുകണക്കിനാളുകള്‍ രക്തസാക്ഷിത്വം വരിച്ചും ആയിരങ്ങള്‍ ജീവിക്കുന്ന രക്തസാക്ഷികളായും കെട്ടിപ്പടുത്ത പ്രസ്ഥാനമാണ് സിപിഐ എം. അത് ഏതെങ്കിലും വ്യക്തിയെ എംഎല്‍എയാക്കി 'ഉയര്‍ത്തുക' എന്ന ലക്ഷ്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന ഒന്നല്ല. ഇളംപ്രായത്തില്‍തന്നെ നിയമസഭയിലേക്കും ലോകസഭയിലേക്കുമൊക്കെ പാര്‍ടി തന്നെ മത്സരിപ്പിച്ചപ്പോള്‍ സിന്ധുജോയി കരുതിപ്പോയിരിക്കും; ഇത് തന്നെ എംഎല്‍എയാക്കാന്‍വേണ്ടി രൂപംകൊണ്ട പ്രസ്ഥാനമാണെന്ന് !


*****


പ്രഭാവര്‍മ, കടപ്പാട് : ദേശാഭിമാനി

ഡോ. പി കെ ആർ വാര്യർ വിടവാങ്ങി

ജനകീയ ആരോഗ്യരംഗത്ത് മായാത്ത വ്യക്തിമുദ്ര പതിപ്പിച്ച ഡോ. പി കെ ആർ വാര്യർ ഇനി ഓർമ.ശനിയാഴ്ച ( 2011 മാർച്ച് 26)പകൽ 11ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 90 വയസ്സായിരുന്നു. ആരോഗ്യസംരക്ഷണത്തിനുള്ള സേവകരാണ് ഡോക്ടർമാരെന്ന് അദ്ദേഹം സ്വന്തം ജീവിതം കൊണ്ട് തെളിയിച്ചു. പാവങ്ങളുടെ ഡോക്ടർ എന്ന് അറിയപ്പെട്ട പ്രഗത്ഭ ഹൃദയശസ്ത്രക്രിയാ വിദഗ്ധനായ പി കെ ആർ വാര്യർ കമ്യൂണിസ്റ്റ് പാർടിയുടെ ആദ്യകാല പ്രവർത്തകനുമായിരുന്നു.

ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് വെള്ളിയാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൃതദേഹം തൈക്കാട് ശാന്തികവാടത്തിൽ ശനിയാഴ്ച വൈകിട്ട് സംസ്കരിച്ചു. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം കണ്ണുകൾ ദാനംചെയ്തു. സംസ്കാരച്ചടങ്ങ് ഒഴിവാക്കി.ആദ്യകാല സാമൂഹ്യപരിഷ്കർത്താവ് ആര്യ പള്ളത്തിന്റെ മകളും മഹിളാ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റുമായിരുന്ന പരേതയായ ദേവകി വാര്യരാണ് ഭാര്യ. മക്കൾ: ഡി കൃഷ്ണവാര്യർ (ബാബു, റിട്ട. ഇആർ ആൻഡ് ഡിസി), അനസൂയ. മരുമക്കൾ: ചലച്ചിത്രസംവിധായകൻ ഷാജി എൻ കരുൺ, ഷീല (റിട്ട. ഉദ്യോഗസ്ഥ, എസ്‌യുടി ഹോസ്പിറ്റൽ, തിരുവനന്തപുരം).

1921 ആഗസ്ത് 13നാണ് ഡോ. വാര്യർ ജനിച്ചത്. പിതാവ് ഡോ. പി കെ വാര്യർ മദിരാശി സംസ്ഥാന ആരോഗ്യവകുപ്പിൽ ഉന്നത ഉദ്യോഗസ്ഥനായിരുന്നു. 1940-46ൽ മദ്രാസ് മെഡിക്കൽ കോളേജിൽനിന്ന് എംബിബിഎസ് ബിരുദം. തുടർന്ന് സർജറിയിൽ ബിരുദാനന്തരബിരുദത്തിന് മൂന്നുതവണ മദ്രാസ് സർവകലാശാലയിൽ അപേക്ഷിച്ചെങ്കിലും കമ്യൂണിസ്‌റ്റുകാരനായതിനാൽ നിരസിച്ചു.

1946ൽ മദ്രാസ് മെഡിക്കൽ കോളേജിൽ അനാട്ടമി വിഭാഗത്തിൽ ഡെമോൺസ്ട്രേറ്ററായാണ് ഔദ്യോഗികജീവിതം ആരംഭിച്ചത്. പിന്നീട് കോയമ്പത്തൂർ ജില്ലാ ആശുപത്രിയിലേക്ക് മാറി. കമ്യൂണിസ്റ് പാർടിയുമായുള്ള ബന്ധത്തിന്റെപേരിൽ 1952ൽ ജോലിയിൽനിന്ന് പിരിച്ചുവിട്ടു. പ്രതിഷേധത്തെ തുടർന്ന് രണ്ടുവർഷത്തിനുശേഷം തിരിച്ചെടുത്തു. പിന്നീട് ഫോർട്ട്കൊച്ചിയിൽ മെഡിക്കൽ ഓഫീസറായി. 1960ൽ ഇംഗ്ളണ്ടിലെ എഡിൻബറോയിലെ ന്യൂഫീൽഡ് കോളേജിൽനിന്ന് തൊറാസിക് സർജറിയിൽ എഫ്ആർസിഎസും നേടി.

1962ൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കാർഡിയോ തൊറാസിക് സർജറി വിഭാഗത്തിൽ അസോസിയറ്റ് പ്രൊഫസറായി നിയമിതനായി. ബിരുദ, ബിരുദാനന്തരബിരുദ സർജറി കോഴ്സുകളിൽ അധ്യാപകൻ എന്ന നിലയിൽ വലിയ ശിഷ്യസമ്പത്തിന്റെ ഉടമയാണ്. നാഷണൽ അക്കാദമി ഓഫ് മെഡിക്കൽ സയൻസ് ഉൾപ്പെടെ വിവിധ സർവകലാശാലകളിൽ പരീക്ഷാനടത്തിപ്പിന്റെ ചുമതല വഹിച്ചു. അൽപ്പകാലം മിനിക്കോയിലും ജോലിചെയ്തു. മൂന്ന് ദശാബ്ദക്കാലത്തെ സർവീസിനുശേഷം 1977ലാണ് വിരമിച്ചത്. തുടർന്ന് മണിപ്പാൽ കസ്തൂർബ മെഡിക്കൽ കോളേജിൽ സർജറി വിഭാഗം പ്രൊഫസർ, കണ്ണൂർ എ കെ ജി ആശുപത്രിയിൽ സർജിക്കൽ കൺസൾട്ടന്റ് എന്നീ ചുമതലകളും വഹിച്ചു. വർക്കല എസ്എൻ മിഷൻ ആശുപത്രി, ഒറ്റപ്പാലം സെമാൾക്ക് ആശുപത്രി എന്നിവിടങ്ങളിലും പ്രവർത്തിച്ചു. 1990ൽ ആതുരസേവന രംഗത്തുനിന്ന് പൂർണമായും പിന്മാറി.

ദേശാഭിമാനി വാരികയിൽ പ്രസിദ്ധീകരിച്ച ഒരു സർജന്റെ ഓർമക്കുറിപ്പുകൾ, അനുഭവങ്ങൾ അനുഭാവങ്ങൾ, വിഗ്രഹത്തിലെ തകർച്ച (കഥാസമാഹാരം) തുടങ്ങിയ പുസ്തകങ്ങളും രചിച്ചു.

ആ കണ്ണുകൾ‍ ഇനിയൊരു സുമനസ്സിന്

വർ‍ഷങ്ങൾ‍ക്കുമുമ്പുള്ള ഓപ്പറേഷന്‍ തിയറ്റർ‍. നൂലുകൾ‍ കോർ‍ത്ത സൂചിയുമായി മിടിക്കുന്ന ഹൃദയത്തെ സമീപിക്കുന്ന ഹൃദയ ശസ്ത്രക്രിയാ വിദഗ്ധന്‍. ആ കണ്ണുകളിലെ തിളക്കം ഒരു ജീവന്റെ തിളക്കമാണ്. മിന്നിമറയുന്ന ചിന്തയെ കൈയുമായി കൂട്ടിയോജിപ്പിച്ച് ലക്ഷ്യത്തിന്റെ വിജയത്തിനായി അഹോരാത്രം പ്രവർ‍ത്തിച്ചിരുന്ന ദീപ്‌തമായ കണ്ണുകൾ‍ ഇനിയൊരു സുമനസ്സിന് കാഴ്ചയേകും. കേരളത്തിന്റെ ജനകീയ ഡോക്ടർ‍ പി കെ ആർ‍ വാര്യരുടെ കണ്ണുകളാണ് ഒരു അന്ധന് വെളിച്ചമേകുക.

തന്റെ മരണാനന്തരം ചെയ്യേണ്ട കാര്യങ്ങളും വ്യക്തമായി എഴുതി മക്കളെ ഏൽപ്പിച്ചശേഷമാണ് അദ്ദേഹം ശനിയാഴ്ച വിടപറഞ്ഞത്. കണ്ണും ഹൃദയവും ദാനംചെയ്യണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡോക്ടർ‍മാർ‍ അദ്ദേഹത്തിന്റെ കണ്ണുകൾ‍ ഏറ്റുവാങ്ങി. മരണശേഷം കഴിയുമെങ്കിൽ ഒരു മണിക്കൂറിനകം സംസ്കാരം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഭൌതികശരീരം അവസാനമായി ഒരുനോക്ക് കാണണമെന്ന അടുത്ത ചില ബന്ധുക്കളുടെ ആഗ്രഹത്തിനുമുന്നിൽ കുടുംബാംഗങ്ങൾ‍ കീഴടങ്ങി. ഒറ്റപ്പാലത്തുനിന്ന് അവർ‍ എത്തിയശേഷം രാത്രിയിലായിരുന്നു സംസ്കാരം. ആദരാഞ്ജലി അർ‍പ്പിക്കാനെത്തുന്നവർ‍ പുഷ്പചക്രം അടക്കമുള്ള ഉപചാരം ഒഴിവാക്കണമെന്ന അദ്ദേഹത്തിന്റെ നിർ‍ദേശവും പാലിക്കപ്പെട്ടു.

ആരുടെയും മുന്നിൽ മുട്ടുമടക്കിയിട്ടില്ലാത്ത ഈ ജനകീയന്‍ ഒരിക്കൽ തന്റെ വിദ്യാർ‍ഥികളുടെ മുന്നിൽ അടിയറവ് പറഞ്ഞു. സൈക്കിൾ‍ ചവിട്ടി മെഡിക്കൽ കോളേജിലേക്ക് എത്തുന്ന പ്രൊഫസറെ കാണുമ്പോൾ‍ പല ശിഷ്യർ‍ക്കും ചൂളലായിരുന്നു. കാരണം അവരിൽ മിക്കവരും എത്തിയിരുന്നത് കാറിലായിരുന്നു. അവരുടെ നിരന്തര പ്രതിഷേധത്തിന്റെ ഫലമായി കോളേജിലേക്കുള്ള സൈക്കളിലെ വരവ് ഡോക്ടർ‍ ഒഴിവാക്കി.

തിരുവനന്തപുരവുമായുള്ള ഡോക്ടറുടെ ബന്ധം തുടങ്ങുന്നതെങ്ങനെയെന്ന് ദേശാഭിമാനി വാരികയിൽ ഖണ്ഡശഃ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ഓർ‍മക്കുറിപ്പുകളിൽ (പിന്നീട് സാഹിത്യ പ്രവർ‍ത്തക സഹകരണ സംഘം 'ഒരു സർ‍ജ്ജന്റെ ഓർ‍മ്മക്കുറിപ്പുകൾ‍' എന്ന പേരിൽ പുസ്തകമാക്കി) വിവരിക്കുന്നു. 1962 ഡിസംബറിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ട്യൂട്ടറായാണ് അദ്ദേഹം തലസ്ഥാനത്തെത്തുന്നത്. അക്കാലത്ത് പേട്ടയിൽ വാടക വീട്ടിൽ താമസം ആരംഭിച്ചു. 1990ൽ വഴുതക്കാട് ഉദാരശിരോമണി റോഡിൽ പിറവിയിൽ താമസം തുടങ്ങി.

'ഹൃദയമില്ലാത്ത' ഹൃദയനാഥൻ

കേരളത്തിലെ ഏറ്റവും പ്രശസ്തനായ ഹൃദയ ഡോക്ടർ സ്വന്തം ജീവിതം കൊണ്ടും സമൂഹത്തെ ചിലത് പഠിപ്പിച്ചു. ലാളിത്യം എന്നത് പറയാൻ മാത്രമുള്ളതല്ലെന്ന് നമുക്ക് കാണിച്ചു തന്നു ഈ ആതുരസേവകൻ. ഈ 'ഹൃദയ' ഡോക്ടർ ഹൃദയമില്ലാത്തവനാണെന്നും ആളുകൾ പറഞ്ഞു. ഇങ്ങനെ പറഞ്ഞിരുന്നത് രണ്ട് കൂട്ടർ മാത്രമാണ്. ഇതിലൊരു കൂട്ടർ അദ്ദേഹത്തിന്റെ കൈകൊണ്ട് ഹൃദയം സുഖപ്പെട്ടവരോ അവരുടെ ബന്ധുക്കളോ ആയിരുന്നു. ഇവരിൽ പലരെയും ഡോക്ടർ കൈകാര്യം ചെയ്തു. അക്കാര്യത്തിൽ അദ്ദേഹത്തിന്റെ ഹൃദയത്തിന് കാഠിന്യം കൂടുതലായിരുന്നു. പലർക്കും അടി തന്നെ കിട്ടി. ഹൃദയതാളം നേരെയാക്കിയതിന് നിർബന്ധമായി പ്രതിഫലം കീശയിൽ വെച്ചുകൊടുത്തതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. ഇങ്ങനെ അടികിട്ടിയവർ സന്തോഷത്തോടെ കണ്ണീർപൊഴിച്ചു. രോഗം മാറ്റാൻ രോഗികൾ പ്രതിഫലം തരേണ്ടെന്ന് അദ്ദേഹം തീർത്തുപറഞ്ഞു. ചെയ്യുന്ന സേവനത്തിന് സർക്കാർ പ്രതിഫലം നൽകുന്നുണ്ട്. ജോലിക്ക് തക്ക പ്രതിഫലം തന്നിൽലെങ്കിൽ സർക്കാരിനെതിരെ സമരം ചെയ്യുമെന്നും അദ്ദേഹം രോഗികളോടു പറയുമായിരുന്നു.

ഹൃദയമില്ലാത്ത ഡോക്ടറെന്ന് രണ്ടാമത് അദ്ദേഹത്തെ വിശേഷിപ്പിച്ചത് വൈദ്യസമൂഹം തന്നെയാണ്. അവർ അങ്ങനെ പറഞ്ഞതിന് കാരണവും മറ്റൊന്നായിരുന്നില്ല. അദ്ദേഹത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത സമീപനം സഹപ്രവർത്തകർക്ക് രുചിച്ചില്ല. പ്രതിഫലം നൽകിയതിന് രോഗിയുടെ ബന്ധുക്കളെ അടിച്ചവൻ, ബന്ധുക്കളെപോലും വീട്ടിൽ ചികിത്സിക്കാത്തവൻ.... പന്നിയമ്പള്ളി കൃഷ്ണരാഘവ വാരിയർ എന്ന കാർഡിയോ തൊറാസിക്ക് സർജൻ ഒരു സത്യമായിരുന്നു.

എഴുപതുകളിൽ തിരുവനന്തപുരത്തെ പത്രപ്രവർത്തകർ മെഡിക്കൽ കോളേജിൽ ഒരു കാഴ്ച എപ്പോഴും പ്രതീക്ഷിച്ചു. ഡോ. പി കെ ആർ വാര്യർ ആശുപത്രിയിലേക്ക് സ്വന്തം കാറിൽ വരുന്നത് കാണണം. ഇതായിരുന്നു അവർ ആഗ്രഹിച്ച കാഴ്ച. അങ്ങനെ വരികയാണെങ്കിൽ അതീവമൂല്യമുള്ള ഒരു ന്യൂസ് ഫോട്ടോ ആയിരിക്കുമത്. എന്നാൽ അത്തരമൊരു ഫോട്ടോ ആർക്കും എടുക്കാനായില്ല. അതൊരു സങ്കൽപചിത്രം മാത്രമായി. കാരണം സർക്കാർ സർവീസിനിടക്ക് അദ്ദേഹം കാർ വാങ്ങിയതേയില്ല. അന്ന് കേരളത്തിലെ ഏറ്റവും പ്രശസ്തനായ ഈ 'ഹൃദയ' ഡോക്ടർ ജോലിക്ക് വന്നത് സൈക്കിളിലായിരുന്നു. കുമാരപുരത്തുനിന്ന് മെഡിക്കൽ കോളേജിലേക്ക് ചിലപ്പോൾ നടന്നും അദ്ദേഹം ജോലിക്കെത്തി. സർവീസിൽ നിന്നും പിരിഞ്ഞപ്പോൾ കിട്ടിയ പണം കൊണ്ടാണ് ഡോ. വാര്യർ സ്വന്തമായി വീടും കാറും വാങ്ങിയത്. അതുവരെ വാടക വീടുകളിലായിരുന്നു ഇന്ത്യയാകെ അറിയപ്പെടുന്ന വാര്യർ ഡോക്ടറുടെ താമസം.

പിതാവിന്റെ വഴിയിൽ

'അപ്പു ഇപ്പോൾ പ്രലോഭനങ്ങളും ദൌർബല്യങ്ങളും നിറഞ്ഞ ഒരു ലോകത്തിലേക്ക് കാലുകുത്തുകയാണ്. രോഗികളുടെ ദീനരോദനങ്ങളിൽ നിന്നും ലാഭം കൊയ്യാതിരിക്കുക'....... എംബിബിഎസ് നേടിയതറിഞ്ഞപ്പോൾ ഡോ. പി കെ ആർ വാര്യർക്ക് അദ്ദേഹത്തിന്റെ അച്ഛൻ എഴുതിയ കത്തിലെ വരികളാണിത്. സമാന സ്വഭാവം തന്നെയായിരുന്നു അമ്മയുടെ കത്തിനും. അതിങ്ങനെയായിരുന്നു 'അപ്പു ഇന്ന് അച്ഛന്റെ പാരമ്പര്യം ഏറ്റെടുക്കുകയാണ്. ആ മഹാൻ എക്കാലവും പുലർത്തിപ്പോന്ന ധാർമികമൂല്യം ഏറ്റെടുത്ത് പതറാതെ മുന്നേറുക.' ജീവിതാന്ത്യം വരെ ഡോ. പി കെ ആർ വാര്യർ കാത്തുസുക്ഷിച്ച വാക്കുകൾ ഇവയായിരുന്നു. ഇന്ത്യയിലെ തന്നെ മികച്ച തൊറാസിക് സർജന്മാരിൽ ഒരാളായ അദ്ദേഹത്തിന് ജീവിതത്തിൽ മാർഗദർശനം നൽകിയത് ഈ വാക്കുകളും പിതാവിന്റെ ആദർശനിഷ്ഠമായ പ്രവൃത്തികളുമായിരുന്നു. ജീവിതത്തിൽ കൂടുതൽ സമയവും അദ്ദേഹം പാവപ്പെട്ട രോഗികളോടൊപ്പം ചെലവഴിച്ചു. അതിനദ്ദേഹം കണ്ടെത്തിയ വഴി സർക്കാർ ആശുപത്രികളിൽ മാത്രം ജോലിചെയ്യുക എന്നതായിരുന്നു. ആതുരസേവനജീവിതത്തിന്റെ സിംഹഭാഗവും സർക്കാർ സർവീസിൽ കഴിച്ചു കൂട്ടി. സ്വകാര്യ പ്രാക്ടീസ് പൂർണമായും ഒഴിവാക്കി.

സഹോദരി ജാനകിയോടൊപ്പമാണ് വാര്യർ ചെറുപ്പത്തിൽ കോൺഗ്രസ് സമ്മേളനത്തിനും മറ്റും പോയിരുന്നത്. മെഡിക്കൽ വിദ്യാഭ്യാസരംഗത്തെത്തുമ്പോഴേക്കും അത് ഇടതുപക്ഷരാഷ്ട്രീയത്തിലേക്ക് വഴിമാറി. മദിരാശി മെഡിക്കൽ കോളേജിലെ സഹപാഠികളാണ് വാര്യരിലെ കമ്യൂണിസ്‌റ്റുകാരനെ ഉണർത്തിയത്. പിൽക്കാലത്ത് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗമായ പി രാമചന്ദ്രനോടൊത്ത് വിദ്യാർഥി ഫെഡറേഷൻ ഓഫീസിലായിരുന്നു മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ അവസാനകാലങ്ങളിൽ താമസം. അക്കാലത്തെ സഹപാഠിയും വിദ്യാർഥി ഫെഡറേഷനിൽ സഹപ്രവർത്തകയുമായിരുന്ന ദേവകി വാര്യരാണ് പിന്നീട് വാര്യരുടെ ജീവിതസഖിയായത്.

പ്രത്യയശാസ്ത്രനിബദ്ധമായിരുന്നു വാര്യരുടെ ജീവിതം. ജീവിതത്തിൽ മുഴുവൻ താൻ വിശ്വസിച്ചുപോന്ന തത്വസംഹിതകൾ അനുസരിച്ചു പ്രവർത്തിക്കാൻ അദ്ദേഹം ശ്രദ്ധിച്ചു. മക്കളുടെ വിവാഹകാര്യമായാലും പിതാവിന്റെയും മാതാവിന്റെയും മരണാനന്തരചടങ്ങായായാലും ഒക്കെ ഈ കണിശത അദ്ദേഹത്തിന്റെ പ്രവൃത്തികളിൽ ദർശിക്കാൻ കേരളത്തിന് കഴിഞ്ഞു. ആർഭാടങ്ങൾ ഒഴിവാക്കിയുള്ള മക്കളുടെ വിവാഹവും, മക്കൾക്ക് സ്കൂളിലും മറ്റും ജാതിയോ മതമോ ചേർക്കാതിരുന്നതും അദ്ദേഹത്തിന്റെ നിർബന്ധബുദ്ധിയുടെ ഉദാഹരണങ്ങളായിരുന്നു. ഇക്കാര്യങ്ങളിലൊക്കെയും അദ്ദേഹത്തെ നയിച്ചത് പിതാവിന്റെ ജീവിതം തന്നെയായിരുന്നു.

വാര്യരുടെ ജീവിതത്തിലെ നന്മകളുടെ നേർപതിപ്പു തന്നെയായിരുന്നു ഭാര്യ ദേവകി വാര്യർ. സാമൂഹ്യ പരിഷ്കരണപ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളിയായിരുന്ന ആര്യാ പള്ളത്തിന്റെ മകളായിരുന്നു ദേവകി. സിപിഐ എമ്മിന്റെയും പുരോഗമന മഹിളാ പ്രസ്ഥാനത്തിന്റെയും നേതാക്കളിലൊരാളായി ഉയർന്ന അവർ വൈദ്യവിദ്യാഭ്യാസം പാതി വഴിയിൽ ഉപേക്ഷിച്ചു. മഹിളാ പ്രസ്ഥാനത്തിന്റെ സംസ്ഥാന പ്രസിഡന്റ് സ്ഥാനം വരെയെത്തിയ അവർ തിരുവനന്തപുരം കോർപറേഷൻ കൌൺസിലറുമായിരുന്നു. പട്ടാമ്പി മണ്ഡലത്തിൽ നിന്നും അവർ നിയമസഭയിലേക്കും മൽസരിച്ചു. വാര്യർ ഡോക്ടർ മണിപ്പാലിൽ പ്രവർത്തിക്കുമ്പോൾ ദേവകി വാര്യർ മഹിളാപ്രസ്ഥാനത്തിന്റെ കർണാടക സംസ്ഥാന പ്രസിഡന്റ് ആയും പ്രവർത്തിച്ചു.


വേറിട്ടൊരു ഡോക്ടർ

വാക്കുകൾക്ക് വരച്ചെടുക്കാനാകാത്ത പ്രതിഭാസമായിരുന്നു വാര്യർ ഡോക്ടർ. ആതുരസേവനം പണമുണ്ടാക്കുന്നതിനുള്ള മാർഗം മാത്രമായി കാണുന്ന സമകാലിക ജീവിതത്തിൽ നിന്നും ഡോ. വാര്യർ മാറിനടന്നു. തന്റേതായ തന്റേടത്തോടെ. വിശ്വസിച്ച പ്രത്യയശാസ്ത്ര നിലപാടുകളിൽ നിന്നും അണുകിട വ്യതിചലിക്കാൻ അദ്ദേഹം തയ്യാറായില്ല. കമ്യൂണിസത്തിലുള്ള വിശ്വാസം ഭാവിപോലും അനിശ്ചിതത്വത്തിലാക്കുമെന്ന സ്ഥിതി വന്നിട്ടും മറ്റൊന്ന് ചിന്തിക്കാനുണ്ടായില്ല. ശരി മാത്രം ചിന്തിക്കാനും ശരിയിൽ ഉറച്ചുനിന്ന് പ്രവർത്തിക്കാനും ജീവിതകാലം മുഴുവൻ ധൈര്യം നൽകിയത് കർക്കശമായ ഈ നിലപാടുകളായിരുന്നു.

മദിരാശി സംസ്ഥാന ആരോഗ്യ വകുപ്പിൽ ഉന്നത ഉദ്യോഗസ്ഥനായിരുന്ന പിതാവ് ഡോ. പി കെ വാര്യർക്ക് ഇടക്കിടെ സ്ഥലം മാറ്റം ഉണ്ടായിരുന്നതിനാൽ പല സ്ഥലങ്ങളിലുമായാണ് കുടുംബം താമസിച്ചത്. വീട്ടിൽ ട്യൂഷൻ മാസ്‌റ്റ്റെ വെച്ചാണ് വാര്യർക്കും സഹോദരങ്ങൾക്കും ആദ്യകാലത്ത് വിദ്യാഭ്യാസം നൽകിയത്. പി എൻ എന്ന പേരായിരുന്നു ട്യൂഷൻ മാസ്‌റ്റർക്ക്. പി എൻ എന്നറിയപ്പെട്ട പി നാരായണൻ നായർ പിന്നീട് കെപിസിസി സെക്രട്ടറി, മാതൃഭൂമി പത്രാധിപർ, ദേശാഭിമാനി പത്രാധിപർ എന്നീ നിലകളിലും പ്രവർത്തിച്ചു. ഇ എം എസും എ കെ ജി യും ഒക്കെ രാഷ്ട്രീയ വിദ്യാഭ്യാസം പകർന്നു നൽകിയെങ്കിലും പി എൻ ആണ് വാര്യരുടെയും സഹോദങ്ങുടെയും മനസ്സിൽ രാഷ്ട്രീയത്തിന്റെ വിത്തുപാകിയത്.

ഒമ്പതാം ക്ളാസിൽ പഠിക്കുമ്പോൾ സഹോദരി ജാനകിയോടൊപ്പം കോൺഗ്രസ് യോഗത്തിൽ പങ്കെടുത്തതാണ് ജീവിതത്തിലെ ആദ്യ രാഷ്ട്രീയപ്രവർത്തനം. 1936 ലെ തെരഞ്ഞെടുപ്പിനു മുമ്പുള്ള പൊതുയോഗമായിരുന്നു അത്. കോഴിക്കോട് സാമൂതിരി കോളേജിൽ ഇന്റർമീഡിയറ്റിന് പഠിക്കുമ്പോൾ കോൺഗ്രസ് അംഗമായി. 17-ആം വയസ്സിൽ കോട്ടക്കൽ കോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുത്തു. അന്ന് വാര്യരെയും കൂട്ടി സമ്മേളനത്തിനു പോയ സഹോദരി ജാനകി പിന്നീട് ഗാന്ധിജിയോടൊപ്പം പ്രവർത്തിച്ചു.

മദ്രാസ് മെഡിക്കൽ കോളേജിൽ എംബിബിഎസിന് പഠിക്കുന്നതിനിടെയാണ് വിദ്യാർഥി സംഘടനാ പ്രവർത്തനവുമായി വാര്യർ ബന്ധപ്പെടുന്നത്. മികവുറ്റ പ്രവർത്തനങ്ങളിലൂടെ വിദ്യാർഥി ഫെഡറേഷന്റെ നേതൃസ്ഥാനത്തേക്കുയർന്ന അദ്ദേഹം 1944ൽ മദിരാശി കമ്യൂണിസ്‌റ്റ് പാർടിയിൽ അംഗമായി. 1942ൽ ബംഗാൾ യുദ്ധത്തിന്റെ ഫലമായി ക്ഷാമവും രോഗങ്ങളും പടർന്നുപിടിച്ചു. ഇതിനെ പ്രതിരോധിക്കാൻ വൈദ്യവിദ്യാർഥികളുടെ സംഘം യാത്രതിരിച്ചു. പാർടി നിർദ്ദേശപ്രകാരം സംഘത്തിന് നേതൃത്വം നൽകിയത് പി കെ ആർ വാര്യരായിരുന്നു. 1945ൽ കണ്ണൂരിലും പരിസരപ്രദേശങ്ങളിലും വസൂരി പടർന്നുപിടിച്ചപ്പോൾ മദിരാശിയിൽ നിന്നെത്തിയ സംഘത്തിലും വാര്യർ അംഗമായിരുന്നു.

1943ൽ മെഡിക്കൽ കോളേജിൽ വിദ്യാർഥികൾക്ക് ആവശ്യമായ സൌകര്യങ്ങൾക്ക് വേണ്ടി വിദ്യാർഥി ഫെഡറേഷൻ നടത്തിയ സമരങ്ങൾക്ക് നേതൃത്വം നൽകി. ഹോസ്‌റ്റൽ ബസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് 22 കാളവണ്ടികൾ പങ്കെടുത്ത ഘോഷയാത്രയാണ് വാര്യരുടെ നേതൃത്വത്തിൽ ആസൂത്രണം ചെയ്തത്. പുതിയ രീതിയിലെ സമരമുറ അധികാരികളുടെ കണ്ണു തുറപ്പിക്കാൻ ഉതകുന്നതായിരുന്നു. സൌത്ത് ഇന്ത്യൻ റെയിൽവെ തൊഴിലാളികൾ അക്കാലത്ത് നടത്തിയ പ്രക്ഷോഭത്തിന് പിന്തുണ നൽകി പ്രചാരണ പ്രവർത്തനങ്ങളും സംഘടിപ്പിച്ചു. 1945ൽ ആദ്യമായി മദിരാശി വിദ്യാർഥി ഫെഡറേഷൻ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ മത്സരിച്ചു. പി കെ ആർ വാര്യരായിരുന്നു സ്ഥാനാർഥി. 1946 ജൂൺ 24ന് സഹപ്രവർത്തക ദേവകി പള്ളവുമായുള്ള വിവാഹം നടന്നു.

മദ്രാസ് മെഡിക്കൽ കോളേജിൽ അനാട്ടമി വിഭാഗം ട്യൂട്ടറായി 1946 ജൂലായ് 17 നാണ് പികെ ആർ വാര്യരുടെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. 1947ൽ ദൽഹിയിൽ ചേർന്ന എഐഎസ്എഫ് ദേശീയസമ്മേളനത്തിൽ പ്രതിനിധിയായി. കോയമ്പത്തൂർ ജില്ലാ ആശുപത്രിയിൽ ജോലിചെയ്യുന്നതിനിടെ 1952ൽ പിരിച്ചു വിടപ്പെട്ടു. സി രാജഗോപാലാചാരി മുഖ്യമന്ത്രി ആയതിനെത്തുടർന്ന് കമ്യൂണിസ്‌റ്റുകാരെ ഒന്നടങ്കം സർവീസിൽ നിന്നും പിരിച്ചുവിടുകയായിരുന്നു. പി കെ ആർ വാര്യരടക്കം എട്ടുപേരെയാണ് മദിരാശി സംസ്ഥാനത്ത് ഇക്കാരണത്താൽ പിരിച്ചു വിട്ടത്. ശക്തമായ പ്രതിഷേധമുണ്ടായതിനെത്തുടർന്ന് 54 ൽ തിരിച്ചെടുത്തു.

ഫോർട് കൊച്ചി ആശുപത്രിയിൽ കുറേക്കാലം ആർഎംഒ ആയി സേവനമനുഷ്ഠിച്ചു. ഇക്കാലത്ത് നാടകപ്രവർത്തനങ്ങളിലും സജീവമായി. 1959ൽ ഇംഗ്ളണ്ടിൽ തൊറാസിക് സർജറി പരിശീലനത്തിന് പോകാനുള്ള അപേക്ഷ സർക്കാർ അംഗീകരിച്ചു. ഇംഗ്ളണ്ടിലെ റോയൽ കോളേജ് ഓഫ് സർജൻസിൽ നിന്ന് 1960ൽ എഫ്ആർസിഎസ് കരസ്ഥമാക്കി. ഇംഗ്ളണ്ടിലെ പഠനത്തിനിടെ ബ്രിട്ടിഷ് കമ്യൂണിസ്‌റ്റ് പാർടിയിലും അംഗത്വം നേടി. 1964ൽ ഇന്ത്യൻ കമ്യൂണിസ്‌റ്റ് പാർടി പിളർന്നപ്പോൾ പാർടി അംഗമല്ലെങ്കിലും സിപിഐ എമ്മിനൊപ്പം ഉറച്ചുനിന്നു. 1948-51 കാലത്ത് നഷ്ടപ്പെട്ട പാർടി കാർഡ് തിരിച്ചു കിട്ടിയിരുന്നില്ല. സർക്കാർ സർവീസിലായതിനാൽ മെമ്പർഷിപ്പും പുതുക്കിയിരുന്നില്ല. ഇക്കാലത്ത് ഇന്ത്യൻ സ്കൂൾ ഓഫ് സോഷ്യൽ സയൻസിന്റെ പ്രവർത്തക സമിതിയിലും മുഖ്യ സംഘാടകനായും പ്രവർത്തിച്ചു.

1969ൽ ഇ എം എസിനെ ചികിൽസക്കായി ബർലിനിൽ അയച്ചപ്പോൾ പാർടി നിർദ്ദേശപ്രകാരം വാര്യരും അനുഗമിച്ചു. മൂന്നു പതിറ്റാണ്ടു കാലത്തെ സർക്കാർ ആശുപത്രികളിലെ ആതുരസേവനത്തിനുശേഷം 1977 ഏപ്രിൽ 30 ന് വിരമിച്ചു. പിന്നീട് മണിപ്പാലിലും കണ്ണൂർ എ കെ ജി ആശുപത്രിയിലും പ്രവർത്തിച്ചു. ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ച ശേഷം കുറച്ചുകാലം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എമിരേറ്റഡ് പ്രൊഫസർ ആയി പ്രവർത്തിച്ചു. പത്താം പാർടി കോൺഗ്രസിന്റെ ഭാഗമായി കണ്ണൂരിൽ നടന്ന സംസ്ഥാന സമ്മേളനത്തിലും 1978 ൽ ജലന്ധറിൽ ചേർന്ന പാർടി കോൺഗ്രസിലും വാര്യരും ദേവകിയും പ്രതിനിധികളായിരുന്നു. 11-ആം പാർടി കോഗ്രസിന്റെ ഭാഗമായുള്ള കർണാടക സംസ്ഥാന സമ്മേളനത്തിലും ഇരുവരും പ്രതിനിധികളായിരുന്നു. മണിപ്പാലിൽ ജോലി ചെയ്യുമ്പോഴായിരുന്നു ഇത്.

കമ്യൂണിസ്‌റ്റ് മൂല്യങ്ങളിൽ ഉറച്ചുനിന്ന ജനകീയ ഡോക്ടർ: പിണറായി

കമ്യൂണിസ്‌റ്റ് മൂല്യങ്ങളിൽ അടിയുറച്ച് ജീവിതാന്ത്യംവരെ പ്രവർത്തിച്ച ആതുരസേവകനായിരുന്നു ഡോ. പി കെ ആർ വാര്യരെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ അനുസ്മരിച്ചു. വൈദ്യവൃത്തിയെ എങ്ങനെ മാനവികമുഖമുള്ളതാക്കാമെന്ന് ജീവിതത്തിലൂടെ കാണിച്ചുതരികയാണ് ഡോ. വാര്യർ ചെയ്തത്. ഒരേസമയം മികച്ച ഡോക്ടറായും മികച്ച രാഷ്ട്രീയപ്രവർത്തകനായും സമൂഹത്തെ സേവിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. അമൂല്യമായ സാന്നിധ്യത്തെയാണ് അദ്ദേഹത്തിന്റെ വേർപാടിലൂടെ പുരോഗമനപ്രസ്ഥാനത്തിന് നഷ്ടമാകുന്നത്.

സ്കൂൾ, കോളേജ് വിദ്യാർഥിയായിരിക്കെ കോൺഗ്രസ് പ്രവർത്തനം തുടങ്ങിയ ഡോ. വാര്യർ 1940കളിൽ മദിരാശിയിൽ വൈദ്യപഠനം നടത്തുന്ന കാലത്താണ് സജീവമായി രാഷ്ട്രീയപ്രവർത്തനത്തിൽ ഇടപെടുന്നത്. സ്വാതന്ത്ര്യസമരത്തിൽ പങ്കാളിയായ ഡോ. വാര്യർ, വിദ്യാർഥി ഫെഡറേഷന്റെയും കമ്യൂണിസ്‌റ്റ് പാർടിയുടെയും മുഖ്യസംഘാടകനും നേതാവുമായി മാറി. 1942ൽ ക്ഷാമകാലത്ത് പടർന്നുപിടിച്ച പകർച്ചവ്യാധി പ്രതിരോധിക്കാനായി ബംഗാളിലേക്ക് പുറപ്പെട്ട വൈദ്യവിദ്യാർഥികളുടെ സംഘത്തിന്റെ തലവനായിരുന്നു ഡോ. വാര്യർ. 1945ൽ കണ്ണൂരിൽ വസൂരി പടർന്നപ്പോഴും അദ്ദേഹത്തിന്റെ നേതൃത്വത്തിലെത്തിയ വൈദ്യസംഘമായിരുന്നു പ്രതിരോധപ്രവർത്തനത്തിന് ചുക്കാൻപിടിച്ചത്.

മദിരാശിയിൽ അക്കാലത്ത് നടന്ന തൊഴിലാളിസമരങ്ങൾക്ക് വിദ്യാർഥികളെ സംഘടിപ്പിച്ച് പിന്തുണ നൽകി. കമ്യൂണിസ്‌റ്റ് ബന്ധം തന്റെ വ്യക്തിജീവിതത്തിനും ഔദ്യോഗിക ജീവിതത്തിനും ആപൽക്കരമായി മാറിയ കാലത്തും പ്രത്യയശാസ്ത്രദാർഢ്യം കൈവിടാതെ അദ്ദേഹം മാതൃക കാണിച്ചു. കേരളത്തിലെ ഔദ്യോഗികജീവിതം പൂർണമായും പാവങ്ങൾക്കുവേണ്ടി സമർപ്പിക്കുകയായിരുന്നു അദ്ദേഹം. തിരിച്ചടികളെ സമചിത്തതയോടെ നേരിട്ട് അന്ത്യംവരെ പ്രത്യയശാസ്ത്രം മുറുകെ പിടിച്ച വാര്യരുടെ ജീവിതം ഏവർക്കും മാതൃകയാണെന്ന് പിണറായി അനുസ്മരിച്ചു.