Wednesday, February 20, 2008

ലാല്‍പ്പടംപോലെ കുറേ ഇറച്ചിമനുഷ്യര്‍

മോഹന്‍ലാലിന്റെ 'നിര്‍ണയം' എന്ന സിനിമയുടെ കഥ പോലെയാണ് ദില്ലിക്കടുത്തുള്ള ഹരിയാണയിലെ ഗുഡ്‌ഗാവ് എന്ന ഉപഗ്രഹ നഗരത്തില്‍ അരങ്ങേറിയ വൃക്കതട്ടിപ്പ്. ഈ സംഭവകഥയില്‍ ഡോ. അമിത്കുമാര്‍, സഹോദരനും ഡോക്ടറുമായ ജീവന്‍കുമാര്‍, അനസ്തേഷ്യറ്റ് സരാജ്‌കുമാര്‍ എന്നിവര്‍ യഥാക്രമം ലാല്‍ സിനിമയില്‍ ദേവനും രതീഷും ചെയ്ത വില്ലന്‍വേഷങ്ങള്‍ക്ക് സമാനമായ വൃക്കമാഫിയയുടെ പ്രധാന കണ്ണികളായി വര്‍ത്തിച്ചു. എന്‍ഡിടിവിയുടെ ഒരു സ്റ്റിങ്ങ് ഓപ്പറേഷന്റെ സഹായത്തോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. പക്ഷേ, റിപ്പബ്ലിക് ദിന തലേന്ന് പൊലീസ് ദില്ലിയിലെയും ഗുഡ്‌ഗാവിലെയും മാഫിയയുടെ രഹസ്യകേന്ദ്രങ്ങളില്‍ ഇരച്ചെത്തുമ്പോഴേക്കും മൂന്ന് മുഖ്യപ്രതികളും രക്ഷപ്പെട്ടിരുന്നു. ഒളിവിലായിരുന്ന ഇവരില്‍ ഡോ. അമിത് കുമാറിനെ പിന്നീട് നേപ്പാളില്‍നിന്ന് പിടികൂടി. ഹരിയാണ സര്‍ക്കാരിന്റെ അഭ്യര്‍ഥന മാനിച്ച് സിബിഐ കേസ് ഏറ്റെടുക്കുകയും വിദേശത്തേക്ക് രക്ഷപ്പെട്ടെന്ന് കരുതപ്പെട്ട മുഖ്യപ്രതി അമിത്കുമാറിനായി റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കുകയും ചെയ്തിരുന്നു.

അവയവ തട്ടിപ്പിന്റെ അന്താരാഷ്ട്ര ബന്ധമുള്ള ഗൂഢസംഘമാണ് അമിത്തിന്റേത്. മുമ്പ് മുംബൈ അടക്കമുള്ള വന്‍നഗരങ്ങളില്‍ ഇതേ തട്ടിപ്പ് നടത്തിയ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തതാണ്. എന്നാല്‍ ജാമ്യത്തിലിറങ്ങി പുതിയ മേച്ചില്‍പ്പുറങ്ങള്‍ കണ്ടെത്താന്‍ അയാള്‍ക്ക് ബുദ്ധിമുട്ടുണ്ടായില്ല. സത്യത്തില്‍ ഇയാളുടെയും സഹോദരന്റെയും ഡോക്ടര്‍ ബിരുദങ്ങള്‍തന്നെ വ്യാജമാണെന്നാണ് ദില്ലി പൊലീസ് പറയുന്നത്.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ തൊഴില്‍രഹിതരായ ചെറുപ്പക്കാരായിരുന്നു അമിത്തിന്റെ പ്രധാന ഇരകള്‍. പ്രത്യേകിച്ചും ഉത്തര്‍പ്രദേശിലെ മൊറാദാബാദ്, മീററ്റ് തുടങ്ങിയ പ്രദേശങ്ങളില്‍നിന്നുള്ളവര്‍. ഇവിടെയെല്ലാം ഇയാള്‍ക്ക് ഏജന്റുമാരുമുണ്ട്. അവരില്‍ മൂന്നുപേരെ പൊലീസ് ഇതിനകം അറസ്റ്റ്ചെയ്തുകഴിഞ്ഞു. ഇതിനുപുറമെ ആന്ധ്രാപ്രദേശിലെ ഗുണ്ടൂരില്‍നിന്നുള്ള ഇരുപത് കര്‍ഷകരും ഈ തട്ടിപ്പ് സംഘത്തിന്റെ വലയിലകപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് കരുതുന്നത്.

ഗ്രീസ്, നേപ്പാള്‍, കനഡ, യുഎസ്, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളില്‍ കണ്ണികളുള്ള ഈ സംഘം ഹോസ്പിറ്റല്‍ സൌകര്യമുള്ള ഫ്ലാറ്റുകളിലും വീടുകളിലും വെച്ചാണ് ശസ്ത്രക്രിയകള്‍ നടത്തിയിരുന്നത്. ഇന്ത്യയില്‍ റിസ്ക് കൂടുതലായതിനാല്‍ ഇപ്പോള്‍ പ്രധാനമായും നേപ്പാളിലാണ് ശസ്ത്രക്രിയ നടത്താറുള്ളതെന്ന് എന്‍ഡിടിവി സംഘത്തോട് ഡോക്ടറുടെ പ്രധാന ഏജന്റ് പറയുന്നത് സ്റ്റിങ്ങ് ഓപ്പറേഷനില്‍ കാണാം. വൃക്കദാതാവിന് അമ്പതിനായിരം മുതല്‍ ഒരുലക്ഷം രൂപവരെ കൊടുത്ത് വാങ്ങുന്ന വൃക്കകള്‍ വിദേശികളും സ്വദേശികളുമായ ആവശ്യക്കാര്‍ക്ക് ഏതാണ്ട് പതിനെട്ട് ലക്ഷം രൂപക്കാണ് ഡോക്ടര്‍ വിറ്റിരുന്നത്.

കരളലിയിക്കുന്ന കഥകളാണ് തട്ടിപ്പിനിരയായ ചെറുപ്പക്കാര്‍ക്ക് പറയാനുള്ളത്. മീററ്റ് സ്വദേശിയായ ഷക്കീല്‍ (28) പഴയ ദില്ലി റെയില്‍വെ സ്റ്റേഷനടുത്ത് നില്‍ക്കുമ്പോഴാണ് അമിത്തിന്റെ ഏജന്റുമാര്‍ കെണിയിലാക്കിയത്. തൊഴില്‍രഹിതനായ ഇയാള്‍ക്ക് ദിവസം 150 രൂപ കൂലിക്ക് ജോലി വാഗ്ദാനംചെയ്താണ് തട്ടിപ്പിനിരയാക്കിയത്. വൃക്ക നഷ്ടപ്പെട്ടുകഴിഞ്ഞപ്പോള്‍ മാത്രമാണ് താന്‍ കെണിയില്‍ അകപ്പെട്ട വിവരം ഇയാളറിഞ്ഞത്. തുടര്‍ന്ന് മൃതപ്രായനായി സംഘത്തിന്റെ ഫ്ളാറ്റില്‍ കിടന്നിരുന്ന ഈ യുവാവിനെ പൊലീസാണ് രക്ഷിച്ച് ആശുപത്രിയിലെത്തിച്ചത്.'നിര്‍ണയ'ത്തിലെ ഒറ്റക്കൈയുള്ള ശരത് സക്സേനയുടെ കഥാപാത്രത്തെപോലെ ഡോക്ടറുടെ ആയുധധാരികളായ ആളുകളാണ് ശസ്ത്രക്രിയക്ക് മുമ്പ് മയക്കുമരുന്ന് ബലംപ്രയോഗിച്ച് കുത്തിവെച്ച് ഷക്കീലിനെ ബോധം കെടുത്തിയത്.

ഇത്തരം സംഭവങ്ങള്‍ ഇന്ത്യയില്‍ റിപ്പോര്‍ട് ചെയ്യുന്നത് ആദ്യമല്ല. പക്ഷേ, വേണ്ടവിധം ശ്രദ്ധിച്ചിരുന്നുവെങ്കില്‍ ഇത്രയും സംഘടിതമായി പ്രവര്‍ത്തിച്ചിരുന്ന മാഫിയ സംഘത്തെ മുമ്പേതന്നെ കണ്ടെത്തി നശിപ്പിക്കാമായിരുന്നു. മുഖ്യപ്രതിയായ അമിത്തിന്റെ ട്രാക്ക് റെക്കോര്‍ഡ് ഇതിലേക്കാണ് വിരല്‍ചൂണ്ടുന്നത്. പക്ഷേ, ഒരു അമിത്കുമാറിന്റെ സ്ഥാനത്ത് നൂറുപേര്‍ പുതുതായി രംഗപ്രവേശം ചെയ്യാന്‍ സാധ്യതയുള്ള മേഖലയാണ് അവയവക്കച്ചവടം. കേരളത്തില്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് ഇത്തരമൊരു വന്‍ റാക്കറ്റ് പുറത്തുവന്നപ്പോള്‍ അതില്‍ പല വന്‍ ആശുപത്രികളും ഉള്‍പ്പെട്ടിരുന്നതായി അഭ്യൂഹം ഉയര്‍ന്നത് നമുക്കറിയാം. അന്ന് പ്രതിപക്ഷനേതാവായിരുന്ന ഇന്നത്തെ മുഖ്യമന്ത്രി വി എസ് സജീവമായി ഇടപെട്ടതോടുകൂടി വന്‍ വാര്‍ത്താപ്രാധാന്യം നേടിയ കേസായിരുന്നു അത്. പക്ഷേ, തട്ടിപ്പിനിരയായവര്‍ക്ക് നീതി കിട്ടിയോ എന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു. കാരണം, പ്രതികള്‍ ശിക്ഷിക്കപ്പെട്ടതുകൊണ്ടുമാത്രം ഇത്തരം കേസുകളില്‍ നീതി ലഭിക്കില്ല. മറിച്ച് വിശാലമായ ധാര്‍മികമാനങ്ങളുള്ള ഒരു പ്രശ്നമാണിത്. കാരണം ഇവിടെ സ്വന്തം ശരീരം തന്നെയാണ് അറുത്തുമുറിച്ചെടുക്കുകയോ വില്‍ക്കപ്പെടുകയോ ചെയ്യുന്നത്. അപരിഹാര്യമായ വഞ്ചനയും നഷ്ടവും. അപ്പോള്‍ ഇത്തരമൊരു അവസ്ഥ ഉണ്ടാകാനുള്ള സാധ്യതകള്‍ ഇല്ലാതാക്കുകയാണ് വേണ്ടത്. അതിന് ശക്തമായ നിയമപാലനവും നീതിനിര്‍വഹണവും ഏറ്റവും പ്രായോഗികമായ പരിഹാരമാര്‍ഗങ്ങളാണ്.

അവയവ തട്ടിപ്പിന്റെ രണ്ട് പ്രധാന പ്രചോദനങ്ങള്‍ ആവശ്യത്തിന്റെ ആധിക്യവും മെഡിക്കല്‍ ടൂറിസവുമാണ്. ആദ്യം നമുക്ക് ആവശ്യവും പ്രദാനവും തമ്മിലുള്ള അടിസ്ഥാന പ്രശ്നം നോക്കാം. എന്‍ഡിടിവിയുടെ സ്റ്റിങ്ങ് ഓപ്പറേഷനില്‍ പങ്കെടുത്ത ഡോ. അമിത്തിന്റെ ഒരു ഗുണഭോക്താവ് പറയുന്നത് നേരായ മാര്‍ഗത്തില്‍ തന്റെ വൃക്ക മാറ്റിവെക്കാന്‍ താന്‍ രണ്ടുവര്‍ഷം കാത്തുനിന്നുവെന്നാണ്. അവസാനം പ്രശ്നം ജീവന്റേതും പണത്തിന്റേതുമായപ്പോള്‍ കൂടുതല്‍ പണംകൊടുത്ത് വളഞ്ഞ വഴി സ്വീകരിക്കാന്‍ താന്‍ നിര്‍ബന്ധിതനായതാണ് എന്ന് അയാള്‍ സമ്മതിക്കുന്നു. ഇതൊരു വലിയ പ്രശ്നമാണ്. അതായത്, അനുദിനം പെരുകിവരുന്ന ആവശ്യക്കാര്‍, ലാബില്‍ ഉണ്ടാക്കിയെടുക്കാനാവാത്ത മരുന്ന്. അപ്പോള്‍ ചെയ്യാവുന്നത് മസ്തിഷ്ക മരണം സംഭവിക്കുന്നവരുടെ വൃക്കകള്‍ വൃക്കബാങ്കുകളില്‍ സംഭരിക്കാന്‍ ആശുപത്രികള്‍ക്ക് അധികാരം നല്‍കുകയും, ഇവ മുന്‍ഗണനാക്രമത്തില്‍ പന്തിഭേദമില്ലാതെ രോഗികള്‍ക്ക് മാറ്റിവെക്കാന്‍ നിഷ്കര്‍ഷിക്കുകയും ചെയ്യുന്ന ഒരു നിയമം കൊണ്ടുവരികയാണ്. ഒപ്പം അവയവ കൈമാറ്റത്തിനിടക്ക് ഒരുവിധ സാമ്പത്തിക ഇടപാടുകളും നടക്കുന്നില്ലെന്ന് ഉറപ്പുവരുത്തുകയും വേണം. ഇതിന് മേല്‍നോട്ടം വഹിക്കാന്‍ സര്‍ക്കാര്‍തലത്തില്‍ പ്രാദേശിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും ഒപ്പം അവയവ കച്ചവടത്തിന്റെ ധാര്‍മികവും ആരോഗ്യപരവുമായ പ്രശ്നങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ശക്തമായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയും വേണം. ഗുഡ്‌ഗാവ് റാക്കറ്റിന്റെ വെളിച്ചത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇത്തരം ഒരു നിയമനിര്‍മാണം നടത്തുമെന്ന് കഴിഞ്ഞദിവസം ചില പത്രവാര്‍ത്തകള്‍ വന്നിരുന്നു എന്നത് ഇത്തരുണത്തില്‍ ശുഭോദര്‍ക്കംതന്നെ.

രണ്ടാമത്തെ പ്രശ്നം മെഡിക്കല്‍ ടൂറിസമാണ്. ഒരു രാജ്യത്തുനിന്നും ചികില്‍സക്കായി രോഗികള്‍ മറ്റൊരു രാജ്യത്തേക്കോ പ്രദേശത്തേ ക്കോ പോകുന്നതിനെയാണ് മെഡിക്കല്‍ ടൂറിസമെന്ന് പറയുന്നത്. ഇന്ത്യ ഇക്കാര്യത്തില്‍ ഒരു മുന്‍നിര സേവനദാതാവാണ്. ഏണസ്റ്റ് ആന്‍ഡ് യംഗ് എന്ന ആഗോള കണ്‍സള്‍ടിങ് സ്ഥാപനവും ഫിക്കിയും ചേര്‍ന്ന് നടത്തിയ ഒരു പഠനം അനുസരിച്ച് ഇന്ത്യയിലെ സ്വകാര്യ ആശുപത്രികള്‍ 2006 ല്‍ മെഡിക്കല്‍ ടൂറിസംവഴി 62,000 കോടി രൂപ നേട്ടമുണ്ടാക്കുകയുണ്ടായി. 2012 ല്‍ ഇത് 150,000 കോടി രൂപയായി വര്‍ധിക്കുകയും ചെയ്യും. അതായത്, വര്‍ഷാവര്‍ഷം 19 ശതമാനം വര്‍ധന. 2010 ഓടെ നമ്മുടെ മൊത്തം ദേശീയ ഉല്പാദനത്തിന്റെ അഞ്ച് ശതമാനം ഈ മേഖലയില്‍നിന്നാകും എന്ന് സാരം. പക്ഷേ, ഇവിടെ പ്രധാന പ്രശ്നം ഈ രംഗം ഏതാണ്ട് പൂര്‍ണമായും സ്വകാര്യമേഖല കൈയടക്കിവെച്ചിരിക്കുന്നു എന്നതാണ്. അവരുടെ ലക്ഷ്യമാകട്ടെ നാഗരിക മധ്യവര്‍ഗവും വിദേശികളും. അതായത്, ഇരുപതിനായിരം പൌണ്ടിന് ലണ്ടനില്‍ നടത്തുന്ന ഒരു ശസ്ത്രക്രിയ ഇന്ത്യയില്‍ 4,400 പൌണ്ടിന് നടത്താനാകും. സമ്പന്നരാജ്യങ്ങളില്‍നിന്നു വരുന്ന രോഗികള്‍ക്ക് ഇത് ഒരു അനുഗ്രഹമാണ്. പക്ഷേ, സാധാരണക്കാരായ ഇന്ത്യന്‍ രോഗികള്‍ക്ക് വന്‍ബാധ്യതയും. കാരണം സ്വകാര്യസ്ഥാപനങ്ങളിലെ വന്‍ബില്ലുകള്‍ അവര്‍ക്ക് താങ്ങാനാവുന്നതല്ല. ഇത് തിരിച്ചറിഞ്ഞ് ഗവണ്‍മെന്റ് എഐഐഎംഎസ് പോലുള്ള സ്ഥാപനങ്ങള്‍വഴി മെഡിക്കല്‍ ടൂറിസത്തിന്റെ ഗുണം, അതായത് വിദേശികളില്‍നിന്നു കിട്ടുന്ന ഉയര്‍ന്ന വരുമാനം, സാധാരണക്കാരിലേക്ക് സബ്‌സിഡിയായി തിരിച്ചുവിടാനുള്ള ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട് എന്നത് ശുഭസൂചനയാണ്.

വൃക്കതട്ടിപ്പ് മെഡിക്കല്‍ ടൂറിസത്തിന്റെ അധോലോകമാണ്. ഗുഡ്‌ഗാവിലെ പ്രധാന ഗുണഭോക്താക്കള്‍ വിദേശികളായിരുന്നു എന്നതും ഇതിന് തെളിവാണ്. വികസിത വിദേശരാജ്യങ്ങളില്‍ വികസ്വര-ദരിദ്ര രാജ്യങ്ങളുടേതുപോലെ വൃക്കകള്‍ ലഭ്യമല്ല. വിവരമുള്ളവര്‍ വില്‍ക്കില്ല എന്നതുതന്നെ കാരണം. ഇനി അഥവാ ആരെങ്കിലും ശ്രമിച്ചാല്‍ത്തന്നെ മനുഷ്യാവകാശ സംഘടനകളും നീതിന്യായ വ്യവസ്ഥയും പൊലീസും കൂടി ചേര്‍ന്ന് പ്രതികള്‍ക്ക് രക്ഷപ്പെടാനാവാത്ത വിധം വലയൊരുക്കുകയും ചെയ്യും. ഇനി ശരിയായ വഴിക്ക് ശ്രമിക്കുകയാണെങ്കിലോ വര്‍ഷങ്ങളോളം കാത്തുനില്‍ക്കേണ്ടതായും വരും. ശസ്ത്രക്രിയക്ക് വേണ്ടിവരുന്ന തുകയാവട്ടെ ഇന്ത്യയിലേതിന്റെ പതിന്മടങ്ങുമാണ്. അതുകൊണ്ടുതന്നെ വികസിതരാജ്യങ്ങളില്‍ അവയവ കച്ചവടത്തിന് വന്‍സാധ്യതകളാണുള്ളത്. അമിത്തിന്റേതും സംഘത്തിന്റേതും കറതീര്‍ന്ന തട്ടിപ്പുകളാണെങ്കില്‍ സ്വകാര്യസ്ഥാപനങ്ങള്‍ മെഡിക്കല്‍ ടൂറിസത്തിന്റെ പേരുപറഞ്ഞ് നടത്തുന്ന ചികില്‍സകളില്‍ ഇത്തരം തട്ടിപ്പുകള്‍ എത്രമാത്രം നടക്കുന്നുണ്ട് എന്നത് അജ്ഞാതമാണ്. കാരണം ലാഭം മാത്രമാണ് അവരുടെ ലക്ഷ്യം. ഒരുപക്ഷേ വന്‍നഗരങ്ങളിലെ പേരുകേട്ട വന്‍ ആശുപത്രി ശൃംഖലകള്‍ നന്നായി പ്രവര്‍ത്തിക്കുന്നുണ്ടാകാം. പക്ഷേ പരശ്ശതം ചെറുകിട സ്വകാര്യ ആശുപത്രികളോ? ഇവ കൂണുപോലെയാണ് മുളച്ചുപൊന്തുന്നത്. ഒപ്പം കാശുകൊടുത്ത് ഓരോ വര്‍ഷവും പഠിച്ചിറങ്ങുന്ന ആയിരക്കണക്കിന് ഡോക്ടര്‍മാരും.

അതുകൊണ്ട് മെഡിക്കല്‍ ടൂറിസം ആശാസ്യകരമാകുമ്പോഴും അത് ദുര്‍വിനിയോഗം ചെയ്യപ്പെടാനുള്ള സാധ്യത വളരെയധികമാണ്. അത് നേരിടാന്‍ ശക്തമായ നിയമങ്ങളും സാമൂഹികവും സര്‍ക്കാര്‍ തലത്തിലുള്ളതുമായ മേല്‍നോട്ടവും അനിവാര്യമാകുന്നു. 'നിര്‍ണയ'ത്തിലെ മോഹന്‍ലാലിന്റെ ഡോക്ടര്‍ റോയി എന്ന ഹീറോ സിനിമയില്‍ ഒറ്റക്ക് ഈ റാക്കറ്റിനെ പൊളിച്ചടക്കി ആയിരങ്ങളെ രക്ഷിച്ചിരുന്നു. പക്ഷേ, സിനിമയിലെ സൂപ്പര്‍ഹീറോ ജീവിതത്തില്‍ പരസഹസ്രം മനുഷ്യരും അവരുടെ നാനാമുഖമായ കഴിവുകളുമാണ്. അതുകൊണ്ടുതന്നെ ജനവും ജനങ്ങളുടെ ഗവണ്‍മെന്റുകളും തന്നെയാണ് ജാഗരൂകരും ഉത്തരവാദിത്വബോധമുള്ളവരുമായി ഉണര്‍ന്നിരിക്കേണ്ടത്.

ഇറച്ചിക്കോഴികളെപ്പോലെ മനുഷ്യരെ അവരുടെ ശരീരത്തിന്റെയും അവയവങ്ങളുടെയും വിപണിമൂല്യത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം കാണുന്ന മനുഷ്യത്വരഹിതമായ ഒരു സാമൂഹിക ബോധവും മനസ്ഥിതിയുമാണ് വൃക്കക്കച്ചവടം പോലുള്ള പൈശാചിക പ്രവൃത്തികള്‍ക്ക് നിദാനം. ഇതൊരു മുതലാളിത്ത മനഃശാസ്ത്രത്തിന്റെ പരമകാഷ്ഠയുടെ ജീര്‍ണതയെന്ന് പറഞ്ഞൊന്നും ലളിതവല്‍ക്കരിക്കാന്‍ ശ്രമിക്കരുത്. അടുത്തയിടെ അമേരിക്കയിലെ ഫിലാദല്‍ഫിയയില്‍ ലീക്രിസ്റ്റ എന്ന ഒരു നഴ്സ് 244 മൃതദേഹങ്ങളില്‍നിന്നാണ് അവയവങ്ങള്‍ അറുത്തുമാറ്റി കരിഞ്ചന്തയില്‍ വിറ്റത്. ഇതിലൊരു ശരീരം പ്രശസ്ത നാടകപ്രതിഭയായിരുന്ന അലിസ്റ്റര്‍ കുക്കിന്റേതാണ്. ഇത് സൂചിപ്പിക്കുന്നത് സമ്പത്തിനും സുഖസൌകര്യങ്ങള്‍ക്കും വേണ്ടിയുള്ള ദുര മനുഷ്യനെ ഏതറ്റവും വരെ കൊണ്ടെത്തിക്കുമെന്നാണ്.

-മുഹമ്മദ് ഫക്രുദ്ദീന്‍ അലി, കടപ്പാട്: ദേശാഭിമാനി

Monday, February 18, 2008

അമേരിക്കന്‍ ട്രേഡ് യൂണിയനുകളുടെ അവസ്ഥ

വളരെക്കാലം മുന്‍പ്, അമേരിക്കയില്‍ ഇടത്തരക്കാരുടെ (middle class)ശക്തമായ സാന്നിദ്ധ്യം ഉണ്ടായിരുന്നപ്പോള്‍ അവിടെ ശക്തമായ ട്രേഡ് യൂണിയന്‍ പ്രസ്ഥാനവും ഉണ്ടായിരുന്നു.

ഈ രണ്ടു വസ്തുതകള്‍ക്കും പരസ്പര ബന്ധമുണ്ട്. യൂണിയനുകള്‍ കൂടിയാലോചനകളിലൂടെ, ഉഭയകക്ഷി ചര്‍ച്ചലളിലൂടെ തൊഴിലാളികള്‍ക്ക് മികച്ചവേതനവും മറ്റാനുകൂല്യങ്ങളും നേടിക്കൊടുത്തു. ഈ നേട്ടങ്ങള്‍ യൂണിയന്‍ ഇല്ലാത്ത സ്ഥാപനങ്ങളിലെ തൊഴില്‍ ഉടമകളും ഒട്ടൊക്കെ അംഗീകരിച്ചിരുന്നു. കോര്‍പ്പറേറ്റുകളുടെയും സാമ്പത്തിക രംഗത്തെ പ്രമാണിവര്‍ഗ്ഗത്തിന്റെയും രാഷ്ട്രീയ സ്വാധീനത്തിന് അവര്‍ അതിപ്രധാനമായ ഒരു എതിര്‍ബലം (counterbalance) ആയിരിക്കുകയും ചെയ്തു.

എന്നാല്‍, ഇന്ന് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും ഇടയില്‍ ഒഴികെ അമേരിക്കന്‍ ട്രേഡ് യൂണിയന്‍ പ്രസ്ഥാനം പഴയകാലത്തേതിന്റെ ഒരു നിഴല്‍മാത്രമാണ്. 1973-ല്‍ സ്വകാര്യമേഖലാ ജീവനക്കാരില്‍ ഏകദേശം നാലില്‍ ഒരു ഭാഗവും യൂണിയന്‍ അംഗങ്ങളായിരുന്നു. എന്നാല്‍ കഴിഞ്ഞവര്‍ഷത്തെ കണക്കുപ്രകാരം യൂണിയന്‍ അംഗത്വമുള്ളവര്‍ 7.4 ശതമാനം മാത്രമാണ്.

എന്നിട്ടും ഇപ്പോഴും യൂണിയനുകള്‍ക്ക് രാഷ്ട്രീയമായ പ്രസക്തിയുണ്ട്. ഇപ്പോള്‍ അവര്‍ ഡെമോക്രാറ്റുകള്‍ക്കിടയിലെ വൃത്തികെട്ട രാഷ്ട്രീയ മല്‍പിടുത്തത്തിന്റെ കേന്ദ്രബിന്ദുവായിരിക്കുകയാണ്. എന്നാല്‍, അതിലേക്ക് കടക്കുംമുന്‍പ്, കഴിഞ്ഞ 35 വര്‍ഷത്തിനിടയില്‍ അമേരിക്കന്‍ തൊഴിലാളി പ്രസ്ഥാനത്തിന് എന്താണ് സംഭവിച്ചതെന്ന് നമുക്ക് നോക്കാം.

അമേരിക്കന്‍ തൊഴിലാളി പ്രസ്ഥാനം സ്വാഭാവികമായ മരണം വരിച്ചതാണെന്നാണ് പൊതുവെ കരുതപ്പെടുന്നത്. ആഗോളവല്‍ക്കരണവും സാങ്കേതികവിദ്യയിലെ മാറ്റവും അതിനെ അപ്രസക്തമാക്കിയിരിക്കുന്നു എന്നാണ് പ്രചരണം. എന്നാല്‍ വാസ്തവമെന്താണ് ? മുന്‍പ് ട്രേഡ് യൂണിയനുകളുമായി വിപുലമായ സഹകരണബന്ധം നിലനിര്‍ത്തിയിരുന്ന കോര്‍പ്പറേറ്റുകള്‍1970 കളുടെ തുടക്കത്തില്‍ സംഘടിത തൊഴിലാളി പ്രസ്ഥാനത്തിനു നേരെ, ഫലത്തില്‍, ഒരു യുദ്ധ പ്രഖ്യാപനം തന്നെ നടത്തുകയായിരുന്നു. ഞാന്‍ പറയുന്നതുമാത്രം കണക്കിലെടുക്കണ്ട; 2002-ല്‍ ബിസിനസ്സ് വീക്ക് "വാള്‍മാര്‍ട്'' യൂണിയനുകളെ അകറ്റിനിര്‍ത്തുന്നത് എങ്ങനെ?'' (How Wal-Mart Keeps Unions at Bay എന്നപേരില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിച്ചാല്‍ മതി. "കഴിഞ്ഞ രണ്ട് ദശകത്തിലേറെയായി തൊഴിലാളി സംഘടനകളെ ചെറുക്കുന്നതിനുവേണ്ടി കോര്‍പ്പറേറ്റ് അമേരിക്ക സര്‍വശക്തിയുമെടുത്ത് പരിശ്രമിക്കുകയായിരുന്നു'' എന്നാണ് ആ ലേഖനത്തില്‍ വിശദീകരിക്കുന്നത്. വാള്‍മാര്‍ട്ടും മറ്റു കൂറ്റന്‍ സ്ഥാപനങ്ങളും സംഘടിക്കാനുള്ള നീക്കങ്ങളെ ചെറുക്കാന്‍ പ്രയോഗിച്ച അടവുകളെക്കുറിച്ച് ആ ലേഖനത്തില്‍ വിശദീകരിക്കുന്നു - ഇതില്‍ ചില അടവുകള്‍ നിയമാനുസൃതവും ചിലവ നിയമവിരുദ്ധവും ആയിരുന്നു; എല്ലാറ്റിലും കടുത്ത ഭീഷണിയുടെ സ്വരം ഉള്‍ച്ചേര്‍ന്നിരുന്നു.

സംഘടിത തൊഴിലാളി പ്രസ്ഥാനത്തോട് ശത്രുത പുലര്‍ത്തിയിരുന്ന രാഷ്ട്രീയ കാലാവസ്ഥയാണ് ഈ സമ്മര്‍ദ്ദതന്ത്രങ്ങള്‍ പ്രയോഗിക്കാന്‍ അവരെ പ്രാപ്തരാക്കിയത്. ഈ രാഷ്ട്രീയ കാലാവസ്ഥയ്ക്കു രണ്ടു കാരണങ്ങളുണ്ട് - രാഷ്ട്രീയക്കാര്‍ പൊതുവില്‍ തൊഴിലുടമകളുടെ താല്പര്യങ്ങള്‍ക്കൊപ്പമായിരുന്നു എന്നതായിരുന്നു ഒന്നാമത്തെ കാരണം. രണ്ടാമത്തേത് യാഥാസ്ഥിതികര്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ആഗ്രഹിച്ചിരുന്നു എന്നതായിരുന്നു. "തൊഴിലാളി പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ അസ്തിത്വം ഞങ്ങള്‍ തകര്‍ക്കാന്‍ പോകുകയാണ് '' - നികുതി വിരുദ്ധ പ്രവര്‍ത്തകനായ ഗ്രോവര്‍നോര്‍ക്വിസ്‌റ്റ് ഒരിക്കല്‍ ഇങ്ങനെ പ്രഖ്യാപിച്ചു.

എന്നാല്‍ കാലം മാറുകയാണ്. ഊര്‍ജ്ജസ്വലമായ പുതിയ ഒരു പുരോഗമന പ്രസ്ഥാനം ഉയര്‍ന്നു വന്നുകൊണ്ടിരിക്കുകയാണ്; ആ പ്രസ്ഥാനത്തിന്റെ കേന്ദ്രബിന്ദു യൂണിയനുകളുമാണ്. ഏറ്റവും ശ്രദ്ധേയമായ സംഗതി, ആരോഗ്യപരിരക്ഷാ പരിഷ്ക്കരണത്തിനുവേണ്ട നീക്കത്തില്‍ പ്രധാനപങ്കുവഹിച്ചത് സര്‍വീസ് എംപ്ളോയീസ് ഇന്റര്‍നാഷണല്‍ യൂണിയനാണ് . 2008-ലെ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകള്‍ക്കനുകൂലമായ പ്രധാനശക്തി കേന്ദ്രം യൂണിയനുകളായിരിക്കും.

ചിലപ്പോള്‍ അങ്ങനെ സംഭവിച്ചില്ലെന്നും വരാം - അയോവയില്‍ നിന്നുള്ള ഒടുവിലത്തെ റിപ്പോര്‍ട്ടിന്റെ സൂചന അങ്ങിനെയുമാകാം.

ഡെമോക്രാറ്റിക് കക്ഷിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വം ലഭിക്കുന്നത് ആര്‍ക്കായാലും, പൊതു തെരഞ്ഞെടുപ്പില്‍ ആ ആള്‍ക്കായിരിക്കും തൊഴിലാളികളുടെ പിന്തുണ. എന്നാല്‍, അതേസമയം യൂണിയനുകള്‍ തങ്ങള്‍ക്കിഷ്ടപ്പെട്ട സ്ഥാനാര്‍ത്ഥികള്‍ക്ക് പിന്തുണ നല്‍കുന്നുണ്ട്. കൂടുതല്‍ യൂണിയനുകളുടെയും പിന്തുണ ലഭിച്ചിരുന്നത് ഹിലാരി ക്ലിന്റനാണ് - ഒരു ഘട്ടം വരെ അവര്‍തന്നെയായിരുന്നു വ്യക്തമായും മുന്‍നിരയില്‍. തൊഴിലാളികളുടെ ആവശ്യങ്ങള്‍ തന്റെ ജനപ്രിയ മുദ്രാവാക്യങ്ങളില്‍ പ്രതിദ്ധ്വനിപ്പിച്ചിരുന്ന ജോണ്‍ എഡ്വേര്‍ഡ്‌സിനും ഗണ്യമായ വിഭാഗം തൊഴിലാളികളുടെ പിന്‍ബലം ലഭിച്ചിരുന്നു.

എന്നാല്‍ വ്യക്തമായ തൊഴിലാളി അനുകൂല നിലപാട് ഉണ്ടായിട്ടും ബാരക് ഒബാമയ്ക്ക് അങ്ങനെ പിന്തുണ ലഭിച്ചില്ല. ഒരുപക്ഷെ,"പുതിയ തരത്തിലുള്ള ഒരു രാഷ്ട്രീയ''ത്തിനുവേണ്ടിയുള്ള അദ്ദേഹത്തിന്റെ സന്ദേശം കാരണമാകാം അത്. കടുത്ത പക്ഷപാതിത്വം ഒഴിവാക്കണമെന്ന ഒബാമയുടെ സന്ദേശം കോര്‍പ്പറേറ്റുകളുമായും അവയുടെ സഖ്യകക്ഷികളുമായും ഏറ്റുമുട്ടിയതിന്റെ അനുഭവജ്ഞാനമുള്ള യൂണിയന്‍ നേതാക്കന്മാര്‍ക്ക് അല്പവും സ്വീകാര്യമാകാന്‍ ഇടയില്ല. കാരണം പക്ഷപാതിത്വം അത്ര എളുപ്പമൊന്നും മാറാന്‍ പോകുന്നില്ല.

ശരി. അതെല്ലാം രാഷ്ട്രീയം. എന്നാല്‍ ഇപ്പോള്‍ മി. ഒബാമ, മി. എഡ്വേര്‍ഡ്സിനെ കടന്നാക്രമിക്കുകയാണ്. എഡ്വേര്‍ഡിനുവേണ്ടി രണ്ട് 527 കള്‍ (സ്ഥാനാര്‍ത്ഥികള്‍ക്ക് പിന്തുണ നല്‍കാന്‍ അനുവാദമുള്ള, എന്നാല്‍ നേരിട്ട് തെരഞ്ഞെടുപ്പ് പ്രചരണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ നിയമപരമായി അവകാശമില്ലാത്ത സ്വതന്ത്ര ഗ്രൂപ്പുകള്‍) പരസ്യം നല്‍കിയെന്നാണ് ആരോപണം. മി. ഒബാമയുടെ അഭിപ്രായത്തില്‍ "വാഷിംഗ്‌ടണില്‍ വളരെയേറെ സ്വാധീനം ചെലുത്താന്‍ കഴിയുന്ന'' "പ്രത്യേക താല്പര്യ''മുള്ള വിഭാഗത്തിന്റെ പ്രതനിധികളാണ് ഈ ഗ്രൂപ്പുകള്‍. എന്നാല്‍ ഈ രണ്ട് 527 കളും ചില യൂണിയനുകളുടെ പ്രതിനിധികളാണ്. ഇതില്‍ വലിയ വിഭാഗം S.E.I.U. വിന്റെ പ്രാദേശിക ഘടകമാണ്. ആരോഗ്യപരിരക്ഷാ പരിഷ്ക്കരണത്തില്‍ (health reform)ശക്തമായ നിലപാടുള്ള സ്ഥാനാര്‍ത്ഥിയാണ് മി. എഡ്വേര്‍ഡ്സ് എന്നാണ് S.E.I.U. കരുതുന്നത്. ഈ പശ്ചാത്തലത്തില്‍ മി. ഒബാമയുടെ ആക്രമണം ചില ചോദ്യങ്ങള്‍ക്ക് ഇട നല്‍കുന്നു.

ഇന്നത്തെ സാമ്പത്തിക-രാഷ്ട്രീയ ചുറ്റുപാടുകളില്‍ , ചെറുത്തുതോല്പിക്കേണ്ട പ്രത്യേക താല്പര്യമുള്ള വിഭാഗങ്ങളുടെ ഉദാഹരണമായി കോര്‍പ്പറേറ്റ് ഗ്രൂപ്പുകളുടെ കൂട്ടത്തില്‍ യൂണിയനുകളെ കൂടി ഡെമോക്രാറ്റുകള്‍ ഉള്‍പ്പെടുത്തുന്നത് ബുദ്ധിപൂര്‍വമോ എന്നതാണ് ഒന്നാമത്തെ ചോദ്യം? രണ്ടാമത്തേത്, താന്‍ സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശം ചെയ്യപ്പെടുകയാണെങ്കില്‍, ഡെമോക്രാറ്റുകളെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായകമായ 527 തൊഴിലാളി ഗ്രൂപ്പുകളുടെ പിന്തുണ വേണ്ടെന്നു വെക്കുമെന്നാണോ ഒബാമ പറയുന്നത്? തൊഴിലാളി യൂണിയനുകളുടെ പിന്തുണ വേണ്ടെന്നുവെക്കാനായില്ലെങ്കില്‍, റിപ്പബ്ലിക്കന്‍ പ്രതിനിധി അദ്ദേഹത്തിനെതിരെ ഉപയോഗിച്ചേക്കാവുന്ന അദ്ദേഹത്തിന്റെ തന്നെ വാക്കുകളെ എങ്ങനെ നേരിടാനാനാകും?

ഒരു പക്ഷെ സംഭവിച്ചത് ഇതായിരിക്കാം. പ്രചരണത്തിന്റെ ഈയൊരു ഘട്ടത്തില്‍ കുറച്ചൊരു ആയം നേടിയിട്ടുള്ള എതിരാളിയെ അടിക്കാനൊരു വടി തേടിക്കൊണ്ടിരുന്ന ഒബാമ, ഒന്നുകില്‍ അശ്രദ്ധമായി അല്ലെങ്കില്‍ ഒരു ദോഷൈകദൃഷ്ടി മൂലം, തന്റെ വാചോടോപങ്ങള്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായി അന്തിമമായി തെരഞ്ഞെടുക്കപ്പെടുന്നയാളുടെ സാധ്യതകളെ എങ്ങിനെ ബാധിക്കും എന്ന്‌ ചിന്തിക്കുന്നതില്‍ പരാജയപ്പെട്ടു. ഈ അര്‍ത്ഥത്തില്‍ അദ്ദേഹത്തിന്റെ ഒടുവിലത്തെ ഈ കരുനീക്കം, സാമൂഹിക സുരക്ഷ സംബന്ധിച്ച മുന്‍ നിലപാടുകളുമായി ഒത്തുപോകുന്നതാണ്.

ഇതിനൊക്കെ ഉപരിയായി, പക്ഷപാതമുണ്ടെന്ന തോന്നല്‍ ഒഴിവാക്കിക്കൊണ്ടുള്ളതും രാഷ്ട്രീയ മാറ്റത്തെ സംബന്ധിച്ച പൊതുതത്വത്തെ മാത്രം അടിസ്ഥാനമാക്കിയുള്ളതുമായ പ്രചരണം കൊണ്ടുണ്ടാകാവുന്ന അപകടം എന്താണെന്ന് ഈ സംഭവം വ്യക്തമാക്കുന്നു.

ആരോഗ്യ പരിരക്ഷാ പരിഷ്ക്കരണത്തെ പിന്തുണയ്ക്കുന്ന തൊഴിലാളി യൂണിയനുകളുടെ നിയന്ത്രണത്തിലുള്ള 527 നെയും അതിനെതിരെ നിലപാടെടുക്കുന്ന ഇന്‍ഷുറന്‍സ് കമ്പനികളല്‍ നയിക്കപ്പെടുന്ന 527 നെയും ഒന്നുപോലെ കാണാനാവില്ല എന്ന് പറയുന്നത് ഒരു പക്ഷെ പക്ഷപാതം ആയിരിക്കും.

എന്നാല്‍ ഇതൊരു ലളിതമായ സത്യമാണ്.

(പോള്‍ ക്രൂഗ്‌മാന്‍ ന്യൂയോര്‍ക്ക് ടൈസില്‍ എഴുതിയ ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ)

Sunday, February 17, 2008

എഴുതാത്ത കത്ത്

പ്രിയപ്പെട്ട ദാദായ്ക്ക്,

ഞാനും താത്തയും ഇപ്പോള്‍ ദില്ലിയിലാണ്. ഇതൊരു വലിയ സ്ഥലമാണ് , നമ്മുടെ 'ഗാവി'ന്റെ നൂറിരട്ടിയെങ്കിലും കാണും. എല്ലാ ഭാഗവും ഞങ്ങള്‍ കണ്ടുതീര്‍ന്നിട്ടില്ല.

ഞങ്ങള്‍ക്ക് വീടുകളിലൊന്നും പണികിട്ടിയില്ല. അതിന് മേല്‍വിലാസവും മറ്റും വേണം. പോലീസ് സ്റ്റേഷനില്‍ കൊടുക്കാനാണത്രേ! കേള്‍ക്കുമ്പോള്‍തന്നെ പേടിയാവുന്നു. ഒരു ദിവസം ഞങ്ങള്‍ തെരുവില്‍ വെറുതേ അലഞ്ഞുതിരിയുന്നതു കണ്ട് കള്ളികളാണെന്നും പറഞ്ഞ് ഒരു പോലീസുകാരന്‍ പിടിച്ചുകൊണ്ടുപോയി. അയാള്‍ കള്ളുകുടിച്ചിരുന്നെന്നു തോന്നുന്നു; പണ്ട് ഉപ്പാ കുടിയില്‍ വരുമ്പോഴുണ്ടായിരുന്ന അതേ മണം. എന്നെ സ്റ്റേഷനു പുറത്തു നിര്‍ത്തിയതേ ഉള്ളൂ, താത്തയെ അകത്തുകൊണ്ടുപോയി. പുറത്തുവന്നതില്‍ പിന്നെ താത്ത മിണ്ടുന്നില്ല, എപ്പോളും കരഞ്ഞുകൊണ്ടിരിക്കും.

ഞങ്ങള്‍ പീടികത്തിണ്ണകളിലാണ് ഉറക്കം. ഇപ്പോള്‍ താത്തയ്ക്കു പേടിയാണ്, കണ്ണടയ്ക്കുകയേ ഇല്ല. എപ്പോഴും ഞാന്‍ അരികിലില്ലേ എന്നു നോക്കും.

രാവിലെ എണീറ്റാലുടന്‍ ഞങ്ങള്‍ കിടക്കാറുള്ള ചാക്കുമെടുത്ത് ചപ്പുചവറുകളന്വേഷിച്ചിറങ്ങും. വീടുകളിലൊന്നും ആരും കയറ്റില്ല; തെരുവുകളിലും പാര്‍ക്കുകളിലുമൊക്കെ തപ്പും. വല്ലപ്പോഴും കുപ്പികളും പാട്ടകളും മുഴുപ്പേപ്പറുകളുമൊക്കെ കിട്ടും. തെരുവോരത്തെ വീപ്പകളിലും പരതും: താത്ത എന്നെ വീപ്പയ്ക്കുള്ളിലിറക്കിവിടും. ചിലപ്പോള്‍ പഴയ റൊട്ടിയോ സബ്ജിയോ പാതിചീഞ്ഞ പഴങ്ങളോ ഒക്കെ കിട്ടും. അന്നു ഞങ്ങള്‍ക്കു കുശാലാണ്.

രണ്ടുകുറി അബദ്ധംപറ്റി. ഒരിക്കല്‍ ഒരു കുപ്പിയില്‍ കണ്ട മഞ്ഞവെള്ളം. മധുരമാണെന്നു കരുതി താത്ത എടുത്തു മോന്തി; കുറേ നേരം കിറുക്കുപിടിച്ച പോലെയായി. ഞാന്‍ പേടിച്ചുപോയി, ഉപ്പായെ ഓര്‍ത്തു. പിന്നൊരിക്കല്‍ ഒരു ഉരുണ്ട സാധനം കിട്ടി. അത് പാഴിരുമ്പാണെന്നു കരുതി സന്തോഷിച്ചു-ഒന്നു തൊടേണ്ട താമസം, അത് 'ഭും' എന്നു പൊട്ടിത്തെറിച്ചു. എന്റെമേല്‍ മുഴുവന്‍ കുപ്പിച്ചില്ലു തറച്ചു കയറി; എനിക്കു തലചുറ്റി. ചില നാട്ടുകാരോടിയെത്തി ആശുപത്രിയിലാക്കിയെന്ന് താത്ത പറഞ്ഞു. ഉണര്‍ന്നപ്പോള്‍ ഭയങ്കര വേദനയായിരുന്നു. അപ്പോളവര്‍ നോവിനു കുത്തിവെച്ചു. മൂന്നുമാസമെടുത്തു മുറിവുകള്‍ കുറെയൊക്കെ കരിയാന്‍. ഇപ്പോഴെന്റെ മേലാകെ വടുക്കളാണ്. എന്നെ അവിടെത്തന്നെ പാര്‍പ്പിച്ചു കൂടേ എന്നു ഞാന്‍ ഒരു സിസ്റ്ററിനോട് ചോദിച്ചു. എനിക്കവിടെ എന്നും പാലും റൊട്ടിയും കിട്ടിയിരുന്നു. നല്ല സിസ്റ്ററായിരുന്നു, തെക്കത്തി. പക്ഷേ, അസുഖം മാറിയാല്‍ പിന്നെ പാര്‍പ്പിക്കാന്‍ പാടില്ലത്രേ!

ഇപ്പോള്‍ ഞാന്‍ വീണ്ടും പണിക്കുപോയിത്തുടങ്ങി. വീപ്പകളിലിറങ്ങാന്‍ മാത്രം പേടിയാണ്. ചീത്ത ദിവസമാണെങ്കില്‍ കാര്യമായി ഒന്നും കിട്ടില്ല. തണുപ്പുകാലത്താണ് ഏറ്റവും വിഷമം. വിറച്ചു വിറച്ച്... ഉറക്കവും വരില്ല, നടക്കാനും പണി. പുതയ്ക്കാനുംകൂടി ഒരു ചാക്കു കിട്ടിയാല്‍ മതിയായിരുന്നു.
ദാദായുടെ കണ്ണ് എങ്ങനെയുണ്ട്? കുറച്ചൊക്കെ കാണാമോ? നടക്കുമ്പോള്‍ സൂക്ഷിക്കണേ. വടിയെടുക്കാന്‍ മറക്കല്ലേ, റോഡു നിറച്ചു കുഴികളാണ്. ലൈലയോടും റഹീമിക്കയോടും ഞങ്ങളുടെ വിശേഷം പറയണേ. വെയിലുമൂക്കും മുമ്പേ ഇറങ്ങട്ടെ ദാദാ. ഇനിയും എഴുതാം.

ങാ. അതു മറന്നു. താത്ത പറയുന്നത് കുറച്ചു കഴിഞ്ഞാല്‍ താത്തയ്ക്ക് ഒരു വാവയുണ്ടാവുമെന്നാണ്. വയറുവീര്‍ത്തു വരുന്നുണ്ട്. പിന്നെ ഞങ്ങളെന്തു ചെയ്യും, ദാദാ? എവിടെപ്പോവും അതിനെക്കൂടി തീറ്റിപ്പോറ്റാന്‍?

-ദേശാഭിമാനി വാരികയില്‍ വന്ന ശ്രീ.സച്ചിദാനന്ദന്റെ എഴുതാത്ത കത്തുകളില്‍ നിന്നും.

Saturday, February 16, 2008

ആഭ്യന്തരയുദ്ധം ഒരു മൂഢപ്രവൃത്തിയല്ല

യുദ്ധത്തേയും അക്രമത്തേയും വിശകലനം ചെയ്യുക സാമൂഹ്യശാസ്ത്രത്തില്‍ ശ്രമകരമായ ഒരു ജോലിയാണ്. ഈ വിഷയം വൈകാരിക പ്രതികരണങ്ങളും സൈനിക പ്രശ്നങ്ങളും ഉയര്‍ത്തുന്നു എന്നതു മാത്രമല്ല കര്‍ക്കശവും നിഷ്പക്ഷവുമായ ഒരു വിശകലനം അസാധ്യമാക്കുന്നത്; മറിച്ച് അക്രമങ്ങളിലും പ്രത്യേകിച്ച് യുദ്ധമെന്ന സംഘടിത അക്രമത്തിലും ഉള്‍ച്ചേര്‍ന്നിരിക്കുന്ന മറ്റനേകം സങ്കീര്‍ണ്ണതകള്‍ കൊണ്ടുകൂടിയാണ്.

മേല്‍പറഞ്ഞ കാരണങ്ങളാല്‍ വികസ്വര രാജ്യങ്ങളില്‍ ആഭ്യന്തരമായി സംഭവിക്കുന്ന അക്രമാസക്തമായ സംഘര്‍ഷങ്ങള്‍ വിശകലനം ചെയ്യുക എന്നത് ശ്രമകരമായ വെല്ലുവിളിയാണ്. എന്നിരിക്കിലും ക്രിസ്‌റ്റഫര്‍ ക്രാമര്‍ "ആഭ്യന്തരയുദ്ധം ഒരു മൂഢപ്രവൃത്തിയല്ല'' എന്ന തന്റെ പുതിയ പുസ്തകത്തില്‍ ഈ വിഷയത്തെപ്പറ്റി ഒരു സുദൃഢമായ കാഴ്ചപ്പാട് അവതരിപ്പിക്കുന്നു.

പുസ്തകത്തിന്റെ തലക്കെട്ടുതന്നെ വിഷയത്തെസംബന്ധിച്ച ഒരുള്‍ക്കാഴ്ച നല്‍കുന്നു. ഇറ്റാലിയന്‍ എഴുത്തുകാരനായ ലിയണാര്‍ഡോ സിയാസിയയുടെ (Leonardo Siasi) ഒരു കഥയിലെ ഒരു കഥാപാത്രത്തിന്റെ സംഭാഷണത്തില്‍ നിന്നാണ് പുസ്തകത്തിന്റെ തലക്കെട്ട് സ്വീകരിച്ചിരിക്കുന്നത്. ആഭ്യന്തരയുദ്ധം ഒരു മൂഢത്വമല്ല, രണ്ടുരാജ്യങ്ങള്‍ തമ്മിലുണ്ടാകുന്ന യുദ്ധത്തേക്കാള്‍ യുക്തി ആഭ്യന്തര യുദ്ധങ്ങള്‍ക്കുണ്ട്. "ആഭ്യന്തര യുദ്ധത്തില്‍ ഒരാള്‍ താന്‍ സ്നേഹിക്കുന്ന ജനവിഭാഗത്തിനും ലക്ഷ്യങ്ങള്‍ക്കും വേണ്ടിയാണ് അക്രമത്തിലേര്‍പ്പെടുന്നത്. വളരെ വ്യക്തതയോടെ താന്‍ വെറുക്കുന്ന ശക്തികളെ നശിപ്പിച്ച് താന്‍ സ്നേഹിക്കുന്ന സമൂഹത്തിന് വേണ്ടിയാണ് പൊരുതുന്നത്''. ഈ കാഴ്ചപ്പാട് എപ്പോഴും ശരിയല്ലെങ്കിലും എത്ര വിനാശകരവും ദൌര്‍ഭാഗ്യകരവുമാണെങ്കിലും ആഭ്യന്തര യുദ്ധങ്ങളില്‍ ചില ആശയങ്ങള്‍ അന്തര്‍ലീനമായിരിക്കുന്നു എന്ന വസ്തുത ഈ പരാമര്‍ശം ചൂണ്ടിക്കാട്ടുന്നു. ക്രാമറുടെ പുസ്തകം ഈ പരാമര്‍ശത്തില്‍ അടങ്ങിയിരിക്കുന്ന പൊരുള്‍ തേടുന്നു. ക്രാമറുടെ വാദത്തില്‍ രണ്ടുതരം സമീപനങ്ങളെ അടിസ്ഥാനമാക്കി നിലനില്‍ക്കുന്ന പ്രബലങ്ങളായ മാതൃകകളെ ആസ്പദമാക്കി യുദ്ധത്തെയും അക്രമത്തെയും മനസ്സിലാക്കാനുള്ള ശ്രമമാണ് ഈ പുസ്തകം. ഒന്ന് വികസ്വര രാജ്യങ്ങളിലെ ആഭ്യന്തര അക്രമങ്ങളെ അപരിഷ്കൃത സമൂഹങ്ങള്‍ തമ്മിലുള്ള പ്രാചീന യുദ്ധമായി മാത്രം ചിത്രീകരിക്കുന്ന രീതി. മറ്റേത് വ്യക്ത്യാധിഷ്ഠിതമായ രീതിശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ നിയോക്ലാസിക്കല്‍ സാമ്പത്തിക ശാസ്ത്രത്തിലുള്ളവര്‍ക്ക് പ്രിയപ്പെട്ട തരത്തില്‍ ചിത്രീകരിക്കുന്ന രീതി. എന്നാല്‍ വികസനം പ്രത്യേകിച്ച് മുതലാളിത്ത വികസനം അക്രമങ്ങളിലൂടെയും യുദ്ധത്തിലൂടെയും കൂടി മാത്രമേ സാധിക്കൂ എന്ന് ക്രാമര്‍ വാദിക്കുന്നു. വിനാശകരമായ അക്രമങ്ങളില്‍ പുരോഗമനപരമായ മാറ്റത്തിനുള്ള അടിയൊഴുക്കുകളും അന്തര്‍ലീനമായിരിക്കുന്നു എന്നാണ് ക്രാമര്‍ പറയുന്നത്.

ഇത് തികച്ചും ഒരു പുതിയ വാദമുഖമല്ല കാറല്‍മാക്സ് മൂലധനത്തിന്റെ ഒന്നാം വാള്യത്തില്‍ പറഞ്ഞിട്ടുണ്ട് "പുതിയ സമൂഹത്തെ ഗര്‍ഭം ധരിച്ച് നില്‍ക്കുന്ന പഴയ സമൂഹത്തിന്റെ വയറ്റാട്ടിയാണ് ബലപ്രയോഗം'' എന്ന്. ഈ ആശയത്തിന്റെ അടിസ്ഥാനത്തില്‍ സമകാലിക അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ അക്രമത്തെ സംബന്ധിച്ച് നിലനില്‍ക്കുന്ന പല ധാരണകളേയും ക്രാമര്‍ പൊളിച്ചെഴുതുന്നു.വിഭവങ്ങളുടെ ദൌര്‍ലഭ്യവും ആധിക്യവും തമ്മിലുള്ള സംഘര്‍ഷം എന്നുതുടങ്ങി യുദ്ധത്തേയും അക്രമത്തേയും സംബന്ധിച്ചുള്ള സാമ്പത്തിക ബന്ധങ്ങളെ ആശ്രയിച്ചുള്ള പല വിശകലനങ്ങളേയും ക്രാമര്‍ ഈ പുസ്തകത്തിലൂടെ ചോദ്യം ചെയ്യുന്നു. വര്‍ദ്ധിച്ചുവരുന്ന വിഭവങ്ങളും അതിന്മേലുള്ള ആധിപത്യത്തിനുവേണ്ടിയും വിഭവ ദാരിദ്ര്യം മൂലവും സംഘര്‍ഷം സൃഷ്ടിക്കുന്നു എന്ന വാദം യുദ്ധത്തെ അരാഷ്ട്രീയവല്‍ക്കരിക്കുന്നു എന്ന് ക്രാമര്‍ ചൂണ്ടിക്കാട്ടുന്നു. മറിച്ച് അക്രമങ്ങളും യുദ്ധങ്ങളും ഒരു സമൂഹത്തിന്റെ മാറ്റത്തിനുവേണ്ടിയുള്ള ക്ലേശകരമായ ശ്രമങ്ങളുടെ പ്രതിഫലനമായാണ് ഗ്രന്ഥകര്‍ത്താവ് കാണുന്നത്. ഈ നിഗമനങ്ങളിലൂടെ വികസ്വരരാജ്യങ്ങളിലെ അക്രമങ്ങളും യുദ്ധങ്ങളും അവിടങ്ങളിലെ പ്രാചീന സംസ്കൃതികളില്‍ നിന്ന് മുതലാളിത്തത്തിലേക്കുള്ള പരിണാമത്തില്‍ സംഘര്‍ഷം അനിവാര്യമാകുന്നു എന്നാണ് അദ്ദേഹം പറയുന്നത്. ഈ സംഘര്‍ഷങ്ങളുടെ കോട്ടങ്ങള്‍ പരമാവധി കുറയ്ക്കാനും ഗുണപരമായ മാറ്റങ്ങള്‍ക്കുള്ള സാദ്ധ്യത പരമാവധി വര്‍ദ്ധിപ്പിക്കാനും സാധിക്കുക എന്നതാണ് ഏറ്റെടുക്കേണ്ട വെല്ലുവിളി.

സംഘര്‍ഷശേഷമുള്ള സമൂഹം ഒരു ക്ലീന്‍ സ്ലേറ്റായിരിക്കുമെന്നും ശൂന്യതയില്‍ നവലിബറല്‍ സാമ്പത്തിക ക്രമവും സംസ്കാരവും എളുപ്പത്തില്‍ സ്ഥാപിച്ചെടുക്കാന്‍ കഴിയും എന്നും സ്വതന്ത്രമാര്‍ക്കറ്റ് പ്രവര്‍ത്തനം സമാധാനവും സമൃദ്ധിയും പ്രദാനം ചെയ്യുമെന്നുമുള്ള കാഴ്ചപ്പാടിനെയും ക്രാമര്‍ ചോദ്യം ചെയ്യുന്നു.

അംഗോളയിലെ സംഘര്‍ഷങ്ങളെ അടിസ്ഥാനമാക്കി എഴുതിയ ഈ പുസ്തകം ആഭ്യന്തര യുദ്ധങ്ങളെയും അക്രമങ്ങളെയും കൂടുതല്‍ ശാസ്ത്രീയമായി സാമ്പത്തിക ശാസ്ത്രത്തിന്റെയും വികാസത്തിന്റെയും അടിസ്ഥാനത്തില്‍ കാണുന്നു എന്നതാണ് പ്രത്യേകത.

(ജയതിഘോഷ് ഫ്രന്റ്ലൈനില്‍ എഴുതിയ അവലോകനത്തെ ആസ്പദമാക്കി തയ്യാറാക്കിയ കുറിപ്പ്)

അധിക വായനയ്ക്ക്

The sense that war makes - Christopher Cramer