Tuesday, April 21, 2009

ഒരു തീനാളം പോലെ

ഐതിഹാസികസമരങ്ങളിലെ ധീരനായികയും മുതിര്‍ന്ന സിപിഐ എം നേതാവുമായ അഹല്യ രങ്കനേക്കര്‍ അന്തരിച്ചു. 87 വയസ്സായിരുന്നു. മുംബൈ മാട്ടുംഗ കിങ്സ് വേയിലെ വീടായ വെങ്കിടേഷ് നിവാസില്‍ 2009 ഏപ്രിൽ 19 ഞായറാഴ്ച രാവിലെ 6.45നായിരുന്നു അന്ത്യം.


ബി ടി രണദിവെയുടെ സഹോദരിയും മഹാരാഷ്ട്രയിലെ ആദ്യകാല സിപിഐ എം നേതാവ് പി ബി രങ്കനേക്കറുടെ ഭാര്യയുമാണ്. ടി എം രണദിവേയുടെയും യശോധര സമര്‍ഥിന്റെയും മകളായി 1922 ജൂലൈ എട്ടിന് പുണെയില്‍ അഹല്യ ജനിച്ചു. അഞ്ചാംക്ളാസ് വരെ പൂണെയിലായിരുന്നു വിദ്യാഭ്യാസം. താണെയില്‍നിന്ന് മെട്രിക്കുലേഷന്‍ പൂര്‍ത്തിയാക്കി. പിന്നീട് മുംബൈയില്‍ പഠനം തുടര്‍ന്നു. വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തകയായി. ക്വിറ്റിന്ത്യ സമരത്തിന്റെ ഭാഗമായി ഫര്‍ഗുസൺ കോളേജിലെ കുട്ടികളെ പങ്കെടുപ്പിച്ച് അഹല്യ ജാഥ നയിച്ചു. എല്ലാവരും അറസ്റ്റിലായി. തടവറയിലും സമരം തുടര്‍ന്ന പ്രക്ഷോഭകര്‍ അധികൃതരുടെ കണ്ണുവെട്ടിച്ച് ത്രിവര്‍ണപതാക ഉയര്‍ത്തി. തുടര്‍ന്ന് അഹല്യയെ ഇടുങ്ങിയ അറയിലേക്ക് മാറ്റി.

ജയില്‍മോചിതയായ അഹല്യ ബിരുദപഠനം പൂര്‍ത്തിയാക്കിയശേഷം മുഴുവന്‍സമയ കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തകയായി. ടെക്സ്റ്റൈല്‍ തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. 1943ല്‍ കമ്യൂണിസ്റ്റ് പാര്‍ടി അംഗമായി. 1946ലെ മുംബൈ നാവിക കലാപത്തെ സഹായിച്ചെ പേരില്‍ അഹല്യയെ പൊലീസ് ക്രൂരമായി വേട്ടയാടി. ജനാധിപത്യ മഹിളാ അസോസിയേഷന്റെ സ്ഥാപകനേതാക്കളിലൊരാളാണ്. അസോസിയേഷന്‍ ദേശീയപ്രസിഡന്റായും പ്രവര്‍ത്തിച്ചു. 1977ല്‍ മുംബൈ സെന്‍ട്രല്‍ മണ്ഡലത്തില്‍നിന്ന് ലോൿസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1957 മുതല്‍ 77 വരെ മുംബൈ കോര്‍പറേഷന്‍ കൌൺസിലില്‍ അംഗമായി പ്രവര്‍ത്തിച്ചു. അടിയന്തരാവസ്ഥയില്‍ അഹല്യയെയും ജയിലിലടച്ചു. 1983നും 86നുമിടയില്‍ പാര്‍ടി സംസ്ഥാന സെക്രട്ടറിയായിരുന്നു. 2005 വരെ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗമായിരുന്നു. 2008 ഫെബ്രുവരി എട്ടിനാണ് പി ബി രങ്കനേക്കര്‍ അന്തരിച്ചത്. അജിത് രങ്കനേക്കര്‍, അഭയ് രങ്കനേക്കര്‍ എന്നിവര്‍ മക്കളാണ്.

ഒരു തീനാളം പോലെ

നന്നേ ചെറുപ്പത്തില്‍ത്തന്നെ വിപ്ലവാശയങ്ങള്‍ ഉള്‍ക്കൊണ്ട അഹല്യ പോരാട്ടത്തിന്റെ വഴികളില്‍ തീനാളമായിരുന്നു. അഹല്യയുടെ കുടുംബപശ്ചാത്തലമാണ് വേറിട്ട പാതയില്‍ സഞ്ചരിക്കാന്‍ അവരെ പ്രാപ്‌തരാക്കിയത്. ഇന്‍കം ടാൿസ് കമീഷണര്‍ ആയിരുന്ന അച്ഛന്‍ ടി എം രണദിവെ പുരോഗമനവാദിയും നവോത്ഥാനപ്രവര്‍ത്തകനുമായിരുന്നു. അദ്ദേഹം ജാതിബോധത്തെ എതിര്‍ക്കുകയും സ്‌ത്രീകളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കയും ചെയ്തു. അമ്മ യശോധരയ്ക്കും പുരോഗമന വീക്ഷണമുണ്ടായിരുന്നു. ജ്യേഷ്ഠന്‍ ബി ടി രണദിവെയുടെ സ്വാധീനവും അഹല്യ വിശാലമായ ലോകത്തേക്ക് കടന്നുവരാന്‍ കാരണമായി.

സ്കൂളില്‍ പഠിക്കുമ്പോള്‍ സഹപാഠികളെ സംഘടിപ്പിച്ച് സാംസ്കാരിക സംഘടനയ്ക്ക് അഹല്യ രൂപംകൊടുത്തു. കലാകായിക രംഗങ്ങളിലും സജീവ പങ്കാളിയായി. റൂയിയ കോളേജില്‍ പഠിക്കവെ വിദ്യാര്‍ഥിപ്രസ്ഥാനത്തില്‍ പൂര്‍ണസമയ പ്രവര്‍ത്തകയായി. പഠനം മുടങ്ങും എന്നു കണ്ട വീട്ടുകാര്‍ പുണെയിലെ ഫര്‍ഗുസൺ കോളേജിലേക്ക് മാറ്റിയെങ്കിലും അഹല്യയുടെ സമരവീര്യം അണഞ്ഞില്ല. ഗാന്ധിജി ക്വിറ്റിന്ത്യ സമരത്തിന് ആഹ്വാനംചെയ്തതിനെത്തുടര്‍ന്ന് രാജ്യം ഇളകിമറിയുമ്പോള്‍ ഫര്‍ഗുസൺ കോളേജിലെ കുട്ടികളെ പങ്കെടുപ്പിച്ച് അഹല്യ ജാഥ നയിച്ചു. എല്ലാവരും അറസ്റ്റിലായി. മാപ്പുപറയണമെന്ന് കോളേജ് അധികൃതര്‍ ആവശ്യപ്പെട്ടു. അത് ചെവിക്കൊള്ളാന്‍ തയ്യാറാകാത്തതിനാല്‍ കോളേജില്‍നിന്നു പുറത്തായി. പൊലീസ് അറസ്റ്റുചെയ്ത് അഹല്യയെയും കൂട്ടുകാരെയും യര്‍വാദ ജയിലില്‍ അടച്ചു. മണിബെന്‍ പട്ടേല്‍, മൃദുല സാരാഭായ്, സോഫിയാ ഖാന്‍, പ്രേമാ കാന്തക് തുടങ്ങിയ കോൺഗ്രസ് വനിതാ നേതാക്കള്‍ അന്ന് ജയിലിലുണ്ടായിരുന്നു.

തടവറയിലും സമരം തുടര്‍ന്ന പ്രക്ഷോഭകര്‍ അധികൃതരുടെ കണ്ണുവെട്ടിച്ച് അവിടെ ത്രിവര്‍ണപതാക ഉയര്‍ത്താന്‍ തീരുമാനിച്ചപ്പോള്‍ അതിന് നേതൃത്വംകൊടുത്തത് അഹല്യയായിരുന്നു. പച്ച, വെള്ള, കുങ്കുമം എന്നീ നിറങ്ങളുള്ള സാരികള്‍ കൂട്ടിത്തുന്നിച്ചേര്‍ത്ത് അതില്‍ കരിക്കട്ടകൊണ്ട് ചര്‍ക്ക വരച്ച് പതാകയുണ്ടാക്കിയ വനിതാ തടവുകാര്‍ അത് ജയിലിന്റെ പുറംമതിലില്‍ കെട്ടിത്തൂക്കി. വിവരമറിഞ്ഞെത്തിയ ജയില്‍ സൂപ്രണ്ട് അഹല്യയെ ഇന്ദു ഖേല്‍ക്കര്‍ എന്ന മറ്റൊരു പ്രക്ഷോഭകയോടൊപ്പം ഇടുങ്ങിയ അറയിലേക്ക് മാറ്റി. ഈ അതികഠിന ജയില്‍വാസം ഏഴ് നാള്‍ നീണ്ടു. നാലുമാസത്തിനു ശേഷം ജയില്‍മോചിതയായ അഹല്യ റൂയിയ കോളേജ് പ്രിന്‍സിപ്പലിനെ നേരില്‍ കണ്ട് അവിടെ പഠനം തുടരാന്‍ അനുമതി നേടി.

ബിരുദപഠനം പൂര്‍ത്തിയാക്കിയശേഷം കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തകയായി. മുംബൈയില്‍ തുണിമില്‍ തൊഴിലാളികളൂടെ സംഘടനയായ ഗിര്‍ണി കാംഗാര്‍ യൂണിയനില്‍ പ്രവര്‍ത്തനം തുടങ്ങി. സ്‌ത്രീത്തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലാണ് കൂടുതല്‍ ശ്രദ്ധിച്ചത്. രണ്ടാം ലോകയുദ്ധം വമ്പിച്ച വിലക്കയറ്റത്തിനും കടുത്ത ദാരിദ്ര്യത്തിനും വഴിതെളിച്ചു. വിലവര്‍ധനക്കെതിരായ സമരത്തിന് നേതൃത്വം നല്‍കി. ഗിര്‍ണി കാംഗാര്‍ യൂണിയന്റെ ജോയിന്റ് സെക്രട്ടറിയായും 'പരേല്‍ മഹിളാ സംഘി'ന്റെ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.

1946ല്‍ നാവികസമരത്തെ സഹായിക്കാന്‍ മുംബൈയിലെ തുണിമില്‍ തൊഴിലാളികള്‍ രംഗത്തിറങ്ങിയപ്പോള്‍ പൊലീസ് മുംബൈയില്‍ നടത്തിയ നരവേട്ടയില്‍നിന്ന് അഹല്യ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്്. അക്കൊല്ലം ഫെബ്രുവരി 22ന് പൊലീസും പട്ടാളവും ചേര്‍ന്ന് നടത്തിയ വെടിവയ്പില്‍ ഇരുനൂറോളം പേര്‍ കൊല്ലപ്പെട്ടു. പരേലിലെ പാര്‍ടി ഓഫീസിനു മുന്‍പില്‍ അഹല്യക്കൊപ്പം അന്നുണ്ടായിരുന്ന കമല്‍ ധോണ്ഡെ എന്ന പ്രവര്‍ത്തകന്‍ വെടിയേറ്റ് മരിക്കുകയും അഹല്യയുടെ സഹോദരി കുസുമത്തിന് കാലില്‍ വെടിയേല്‍ക്കുകയുംചെയ്തു. സ്വാതന്ത്ര്യാനന്തരം കമ്യൂണിസ്റ്റ് പാര്‍ടി നടത്തിയ സമരങ്ങളില്‍ അഹല്യക്ക് സമുന്നതസ്ഥാനം ഉണ്ടായിരുന്നു.

അതിനിടെ 1945ല്‍ പി ബി രംഗനേക്കറെ വിവാഹംചെയ്തു. 1948ല്‍ കമ്യൂണിസ്റ്റ് പാര്‍ടിയെ നിരോധിച്ചപ്പോള്‍ അഹല്യയും ജയിലിലായി. ഒരു വയസ്സുള്ള മകനെ വീട്ടില്‍ നിര്‍ത്തിയിട്ടാണ് അവര്‍ ജയിലിലേക്കു പോയത്. സംയുക്ത മഹാരാഷ്ട്രപ്രക്ഷോഭം, ഇന്ത്യ - ചൈന യുദ്ധം, അടിയന്തരാവസ്ഥ എന്നീ സന്ദര്‍ഭങ്ങളിലെല്ലാം അധികാരികളുടെ പീഡനങ്ങള്‍ ഏറ്റുവാങ്ങിയ കമ്യൂണിസ്റ്റുകാരിയായിരുന്നു അഹല്യ. 1962 കാലത്തെ ജയില്‍വാസത്തിനിടെയായിരുന്നു അമ്മയുടെ മരണം. അമ്മയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ അഹല്യക്കും ബി ടി ആറിനും അധികൃതര്‍ രണ്ടുമണിക്കൂര്‍ മാത്രമാണ് അനുവദിച്ചത്.

പരേല്‍ മണ്ഡലത്തിന്റെ പ്രതിനിധിയായി പലവട്ടം തെരഞ്ഞെടുക്കപ്പെട്ടു. അടിയന്തരാവസ്ഥയില്‍ മുംബൈ സെന്‍ട്രലിനെ പ്രതിനിധാനംചെയ്ത് ലോൿസഭയില്‍ എത്തി. സ്ത്രീകളെ സംഘടിപ്പിക്കുന്നതിലും അവകാശസമരങ്ങളില്‍ അവരെ അണിനിരത്തുന്നതിലും അഹല്യ എക്കാലവും മുന്‍പന്തിയില്‍ ഉണ്ടായിരുന്നു. വിമല്‍ രണദിവെ, മാലതി രംഗനേക്കര്‍ തുടങ്ങിയവര്‍ക്കൊപ്പം ചേര്‍ന്ന് 1943ല്‍ പരേല്‍ മഹിളാ സംഘ് എന്ന സ്‌ത്രീസംഘടന രൂപീകരിച്ചു. ഈ സംഘടനയുടെ ആവശ്യപ്രകാരമാണ് സ്‌ത്രീകളെ നിയന്ത്രിക്കാന്‍ വനിതാകോസ്റ്റബിള്‍മാരെ നിയോഗിക്കാന്‍ തുടങ്ങിയത്.

1970കളുടെ തുടക്കത്തില്‍ നടന്ന വിലക്കയറ്റ വിരുദ്ധസമരകാലത്ത് പരേല്‍ മഹിളാ സംഘ് അവഗണിക്കാനാവാത്ത സംഘടനയായി മാറി. പരേല്‍ മഹിളാസംഘ് പിന്നീട് ശ്രമിക് മഹിളാസംഘ് എന്ന പേരില്‍ വിപുലീകരിച്ചു. 1980ല്‍ ജനാധിപത്യ മഹിളാ അസോസിയേഷന്‍ രൂപീകരിച്ചപ്പോള്‍ ശ്രമിക് മഹിളാ സംഘ് അതിന്റെ സംസ്ഥാന ഘടകമായി. 1990കളില്‍ 35 വനിതാ സംഘടനകള്‍ ചേര്‍ന്ന് സ്‌ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള കര്‍മസമിതി (എംഎവികെഎസ്) രൂപീകരിച്ചപ്പോള്‍ അതിന് നേതൃത്വംകൊടുത്തവരില്‍ അഹല്യയുണ്ടായിരുന്നു. ജനാധിപത്യ മഹിളാ അസോസിയേഷന്റെ സ്ഥാപകാംഗമായ അഹല്യ സംഘടനയുടെ പ്രസിഡന്റ്, വൈസ്പ്രസിഡന്റ് സ്ഥാനങ്ങള്‍ വഹിച്ചു. 2001മുതല്‍ രക്ഷാധികാരിയായിരുന്നു. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവുമായിരുന്നു.

അഹല്യ രങ്കനേക്കറുടെ നിര്യാണത്തില്‍ സിപിഐ എം പൊളിറ്റ് ബ്യൂറോ അനുശോചിച്ചു. സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിലും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലും സജീവമായി പ്രവര്‍ത്തിച്ച അഹല്യ നിരവധി ത്യാഗോജ്വലമായ സമരങ്ങളുടെ മുന്‍നിരയിലുണ്ടായിരുന്നു. ഉന്നതമായ പ്രതിബദ്ധതയോടെയാണ് അവര്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു വേണ്ടി ആറു ദശാബ്ദം പ്രവര്‍ത്തിച്ചത്. ഏഴു വര്‍ഷം ജയില്‍വാസം അനുഭവിച്ച അവര്‍ രണ്ടു വര്‍ഷം ഒളിവിലും പ്രവര്‍ത്തിച്ചു. അവരുടെ ലാളിത്യവും സൌഹൃദപൂര്‍ണമായ പെരുമാറ്റവും സഹപ്രവര്‍ത്തകരെയും ജനങ്ങളെയും ആകര്‍ഷിച്ചു. ഒരു ജനനേതാവിനുള്ള ഉന്നത ഗുണങ്ങള്‍ അവര്‍ക്കുണ്ടായിരുന്നു. അഹല്യയുടെ നിര്യാണത്തിലൂടെ പാര്‍ടിക്ക് അതുല്യയായ നേതാവിനെയാണ് നഷ്ടപ്പെട്ടത്. അവരുടെ ജീവിതവും സംഭാവനകളും തലമുറകളെ പ്രചോദിപ്പിക്കും. അഹല്യയുടെ സ്മരണയ്ക്കുമുന്നില്‍ പിബി ആദരാഞ്ജലി അര്‍പ്പിച്ചു. മക്കളായ അജിത്, അഭയ് എന്നിവരെ അനുശോചനം അറിയിച്ചു.

സ്ത്രീകളെ അഹല്യ സമരഭൂമിയിലിറക്കി: മഹിളാ അസോസിയേഷന്‍

ജനാധിപത്യ മഹിളാ അസോസിയേഷന്റെ സ്ഥാപക നേതാക്കളിലൊരാളും രാജ്യത്തെ മഹിളാ പ്രസ്ഥാനത്തിന്റെ തലമുതിര്‍ന്ന നേതാവുമായ അഹല്യ രങ്കനേക്കറുടെ നിര്യാണത്തില്‍ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ കേന്ദ്ര കമ്മിറ്റി അനുശോചിച്ചു. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കുന്ന കാലം മുതല്‍ സ്ത്രീകളെ സാമൂഹ്യരംഗത്തേക്കും രാഷ്ട്രീയപ്രവര്‍ത്തനത്തിലേക്കും കൊണ്ടുവരാന്‍ അഹല താല്‍പ്പര്യം കാട്ടി. സമരങ്ങളില്‍ സ്‌ത്രീകളെ വന്‍തോതില്‍ അണിനിരത്താന്‍ അവര്‍ പ്രവര്‍ത്തിച്ചു. സ്ത്രീകള്‍ക്കെതിരെയുള്ള എല്ലാത്തരം അസമത്വങ്ങളോടും അനീതികളോടും സന്ധിയില്ലാത്ത പോരാട്ടം നടത്തി. സാമൂഹ്യമാറ്റത്തിനുവേണ്ടിയുള്ള പോരാട്ടത്തില്‍ സ്‌ത്രീകള്‍ അണിചേരണമെന്ന് അവര്‍ ആഹ്വാനം ചെയ്തു. ബഹുജന നേതാവെന്ന നിലയിലുള്ള അഹല്യയുടെ അനുഭവം ജനാധിപത്യ മഹിളാ അസോസിയേഷന്റെ രൂപീകരണത്തിലും അതിന്റെ പ്രവര്‍ത്തനത്തിലും മുതല്‍ക്കൂട്ടായി. അസോസിയേഷന്റെ സ്ഥാപക നേതാക്കളിലൊരാളും വര്‍ക്കിങ് പ്രസിഡന്റുമായിരുന്നു അവര്‍. ദീര്‍ഘകാലം കേന്ദ്ര കമ്മിറ്റി അംഗവുമായിരുന്നു. അഹല്യ ഉയര്‍ത്തിപ്പിടിച്ച മുദ്രാവാക്യങ്ങള്‍ സാക്ഷാല്‍ക്കരിക്കാന്‍ പ്രവര്‍ത്തിക്കുമെന്ന പ്രതിജ്ഞയാണ് അവരോടുള്ള ആദരവെന്ന് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

പഴയ തലമുറയിലെ വിപ്ലവകാരിക്ക് വർക്കേഴ്‌സ് ഫോറത്തിന്റെ ആദരാഞ്ജലികൾ

Sunday, April 19, 2009

കാർഷിക മേഖലയിലെ പ്രശ്‌നങ്ങളും പരിഹാര മാർഗങ്ങളും

യുപിഎയുടെ അഞ്ചുകൊല്ലത്തെ ഭരണം അവസാനിക്കുകയാണ്. അഞ്ചുവര്‍ഷത്തിനുശേഷം കാര്‍ഷികരംഗത്തെ ഇന്നത്തെ അവസ്ഥയെന്താണ് ? മാന്ദ്യം തുടര്‍ന്നുകൊണ്ടിരിക്കുന്നു. മഹാരാഷ്‌ട്രയില്‍ മാത്രമല്ല, ഛത്തീസ്‌ഗഢിലും ആന്ധ്രപ്രദേശിലും കര്‍ണാടകത്തിലും കൃഷിക്കാര്‍ ആത്മഹത്യചെയ്യുന്നത് വര്‍ധിച്ചുകൊണ്ടിരിക്കുന്നു. കൃഷിക്കാര്‍ക്കുപുറമെ, നെയ്ത്തുകാരും തുണിമില്‍ തൊഴിലാളികളും ആത്മഹത്യചെയ്തുതുടങ്ങിയിരിക്കുന്നു. കയറ്റുമതി വിളകള്‍ ഉല്‍പ്പാദിപ്പിക്കുന്ന മേഖലകളിലും ഗിരിവര്‍ഗക്കാര്‍ കൂടുതലായുള്ള ചില സംസ്ഥാനത്തും ആത്മഹത്യ കൂടുതലായി നടക്കുന്നെന്ന്, കര്‍ഷകരുടെ ആത്മഹത്യയെപ്പറ്റി ഈയിടെ പഠനം നടത്തിയ പ്രൊഫസര്‍ കെ നാഗരാജിന്റെ പഠനം വ്യക്തമാക്കുന്നു (ഇന്ത്യയിലെ കൃഷിക്കാരുടെ ആത്മഹത്യ: അതിന്റെ പരിമാണവും പ്രവണതകളും പ്രാദേശിക പ്രത്യേകതകളും).കൃഷിക്കാരുടെ ആത്മഹത്യയെ സംബന്ധിച്ചിടത്തോളം വലിയ കുറവ് കാണുന്നത് കേരളത്തില്‍ മാത്രമാണ്. കേരളത്തില്‍ 2006 മെയില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനെത്തുടര്‍ന്ന് കൈക്കൊണ്ട ചില ദ്രുതഗതിയിലുള്ള നടപടിയുടെ ഫലമായിട്ടാണ് അത്.

പി വി നരസിംഹറാവു സര്‍ക്കാരിലെ ധനമന്ത്രിയായിരുന്ന മന്‍മോഹന്‍സിങ് കൈക്കൊണ്ട നടപടിയാണ് കാര്‍ഷികമേഖലയില്‍ മാന്ദ്യം അനുഭവപ്പെടാന്‍ കാരണം. 1990കളുടെ മധ്യത്തോടെ ആരംഭിച്ചതാണ് ആഗോള വിലത്തകര്‍ച്ച. നാണ്യവിളകളുടെ വില ഉയര്‍ന്നതോതില്‍ത്തന്നെ നിലനില്‍ക്കുമെന്ന പ്രതീക്ഷയോടെ, അവയുടെ കൃഷി വികസിപ്പിക്കുന്നതിന് വ്യാപകമായി വായ്‌പ വാങ്ങിയ കൃഷിക്കാര്‍ വളരെ വേഗം പാപ്പരായിത്തീര്‍ന്നു. കൃഷിക്കാരുടെ ആത്മഹത്യ ആരംഭിച്ച് ഒരു പതിറ്റാണ്ടിലേറെ കഴിഞ്ഞിട്ടും ഇപ്പോഴും അത് തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്. അത് കൂറ്റന്‍ മഞ്ഞുകട്ടയുടെ മുകളറ്റംമാത്രമാണ്. അഗാധമായ ലോക മഹാദുരന്തത്തിന്റെ ഏറ്റവും ദുഃഖകരമായ ഭാവപ്രകടനമാണ് അത്.

ഗ്രാമീണ വികസനത്തിനുവേണ്ടിയുള്ള ചെലവും പശ്ചാത്തല സൌകര്യത്തിനുവേണ്ടിയുള്ള ചെലവും 1990കളില്‍ കുത്തനെ ഇടിഞ്ഞു. ഇതില്‍ ഏറ്റവും കടുത്ത വെട്ടിക്കുറവുണ്ടായത് 1996 വരെയുള്ള കോഗ്രസിന്റെ ഭരണകാലത്താണ്. കേന്ദ്രസര്‍ക്കാരിന്റെ മൊത്തം വികസനച്ചെലവ് 1970കളിലും 1980കളിലും വര്‍ഷംപ്രതി ശരാശരി ആറു ശതമാനംകണ്ട് വളര്‍ച്ച രേഖപ്പെടുത്തിയിരുന്നെങ്കില്‍ 1990കളില്‍ ഉടനീളം നെഗറ്റീവ് വളര്‍ച്ചനിരക്കാണുണ്ടായത്. ഇതൊക്കെ എല്ലാവര്‍ക്കും അറിയാവുന്ന ചരിത്രമല്ലേ എന്ന് ചോദിച്ചേക്കാം. ഈ അടുത്തകാലത്ത് വികസനച്ചെലവില്‍ വീണ്ടും വര്‍ധനയുണ്ടായില്ലേ? പിന്നെ എന്തിന് പഴയ കാര്യം വീണ്ടും പറഞ്ഞുകൊണ്ടിരിക്കുന്നെന്നും ചോദിച്ചേക്കാം.

നാം ഓര്‍ക്കേണ്ട ഒന്നാമത്തെ കാര്യം ഇതാണ്; ഒരു പതിറ്റാണ്ടുകാലം നിരന്തരം കൃഷിക്കാര്‍ക്കു നേരെയുണ്ടായ കടുത്ത ആക്രമണം കാരണം അവര്‍ക്ക് അഗാധമായ മുറിവേറ്റിരിക്കുന്നു. തൊഴിലില്ലായ്‌മ വളരെ വര്‍ധിച്ചു; അവരുടെ ഉല്‍പ്പന്നങ്ങളുടെ വളര്‍ച്ചനിരക്ക് കുത്തനെ ഇടിഞ്ഞു; വരുമാനം വളരെയേറെ കുറഞ്ഞിരിക്കുന്നു; അതെല്ലാം കാരണം കൃഷിക്കാര്‍ക്ക് കൃഷിയിറക്കാനുള്ള താല്‍പ്പര്യംതന്നെ നശിച്ചിരിക്കുന്നു. നമ്മുടെ ജനസംഖ്യയിലെ അഞ്ചില്‍ മൂന്നുഭാഗം വരുന്ന ജനങ്ങളുടെ സ്ഥിതി ഇതാണ്. ഈ മേഖലയെ വീണ്ടെടുക്കുന്നതിന് വളരെ ആസൂത്രിതവും സംയോജിതവുമായ നടപടി ആവശ്യമാണ്. രണ്ടാമത്, ആഗോളതലത്തിലുള്ള മാന്ദ്യംമൂലം നമ്മുടെ ഗ്രാമീണമേഖലയിലെ ഉല്‍പ്പാദകരുടെ വരുമാനം വീണ്ടും കുത്തനെ ഇടിക്കുന്നതിനുള്ള കാരണവും ഘടകവും സംജാതമായി. ആഭ്യന്തര ചോദനയും രാജ്യത്തിനു പുറത്തുനിന്നുള്ള ചോദനയും കുറഞ്ഞു; വില വീണ്ടും രണ്ടാംതവണയും കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഇത്തരം പ്രശ്നമൊന്നും സര്‍ക്കാര്‍ പരിഗണിക്കുന്നതേയില്ല.

1993-94നും 2004-05നും ഇടയ്‌ക്ക് രാജ്യത്തെ ഗ്രാമീണ ജനസംഖ്യയില്‍ മഹാഭൂരിപക്ഷത്തിന്റെയും (60 ശതമാനത്തില്‍ കൂടുതല്‍ ആളുകളുടെയും) ധാന്യവര്‍ഗങ്ങള്‍, പാല്‍, മുട്ട, മാംസം തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെ ഉപഭോഗം യഥാര്‍ഥത്തില്‍ കേവലമായ അളവില്‍ത്തന്നെ വളരെയേറെ കുറഞ്ഞിരിക്കുന്നെന്നാണ് നാഷണല്‍ സാമ്പിള്‍ സര്‍വെ കണക്ക് കാണിക്കുന്നത്. അതേ അവസരത്തില്‍ത്തന്നെ, ജനസംഖ്യയില്‍ ഏറ്റവും സമ്പന്നരായ 10 ശതമാനം ആളുകളുടെ ഭക്ഷ്യധാന്യ ഉപഭോഗം വര്‍ധിച്ചിട്ടില്ലെങ്കിലും പാല്‍, മുട്ട, മാംസം തുടങ്ങിയ മൃഗജന്യ ഉല്‍പ്പന്നങ്ങളുടെ ഉപഭോഗം കുത്തനെ വര്‍ധിച്ചിരിക്കുന്നു. ജനസംഖ്യ ആകെ എടുത്താല്‍ മൊത്തത്തിലുള്ള പോഷകപദാര്‍ഥങ്ങളുടെ ശരാശരി ഉപഭോഗം കുറഞ്ഞുവരുന്നതിനു കാരണം ഇതാണ്. പ്രതിശീര്‍ഷ കലോറി ഉപഭോഗം കുറയുന്നെന്നു മാത്രമല്ല, പ്രതിശീര്‍ഷ പ്രോട്ടീന്‍ ഉപഭോഗവും കുറഞ്ഞുകൊണ്ടിരിക്കുന്നു.

ഇതിനൊരു ഉദാഹരണം ചൂണ്ടിക്കാണിക്കാം; പട്ടാളത്തിലേക്ക് ആളെ എടുക്കുമ്പോള്‍ പുരുഷന്മാരായ ഉദ്യോഗാര്‍ഥികള്‍ക്ക് ശാരീരിക അളവുകളുടെ കാര്യത്തില്‍ ഒരു നിശ്ചിത മാനദണ്ഡം മുമ്പ് കര്‍ശനമായി പാലിച്ചിരുന്നു. എന്നാല്‍, ആ നിശ്ചിത ശാരീരിക മാനദണ്ഡത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികളുടെ എണ്ണം കുറവായതുകാരണം, പല റിക്രൂട്ടിങ് സെന്ററിലും ശാരീരിക മാനദണ്ഡങ്ങളില്‍ അടുത്തകാലത്ത് ഇളവ് അനുവദിച്ചിട്ടുണ്ട്. സ്‌ത്രീകളുടെയും കുട്ടികളുടെയും ഇടയിലെ പോഷകാഹാരക്കുറവിനെക്കുറിച്ച് നാം വളരെയേറെ പറയാറുണ്ട്. എന്നാല്‍, ഏറ്റവും മുകള്‍ത്തട്ടിലുള്ള ചില വിഭാഗങ്ങളെ ഒഴിച്ചുനിര്‍ത്തിയാല്‍, മുഴുവന്‍ ജനങ്ങളെയും പോഷകാഹാരക്കുറവ് ബാധിച്ചിട്ടുണ്ട് എന്നതാണ് യാഥാര്‍ഥ്യം.

ദിവസത്തില്‍ ശരാശരി 2200 കലോറി ഊര്‍ജമെങ്കിലും ലഭിക്കാന്‍ സൌകര്യമില്ലാത്ത ജനങ്ങളുടെ ശതമാനം 1993-94ല്‍ 58.5 ആയിരുന്നത് 2004-05-ല്‍ 69.5 ആയി വര്‍ധിച്ചു. അവരുടെ ശതമാനം ഇപ്പോള്‍, അതില്‍ കൂടുതലായിട്ടുണ്ടാകുമെന്ന് ഉറപ്പാണ്. രണ്ടുമാസത്തിനുള്ളില്‍ അധികാരമേല്‍ക്കാന്‍ പോകുന്ന സര്‍ക്കാര്‍ ഈ പ്രവണത തിരുത്താന്‍ കൈക്കൊള്ളേണ്ട നടപടി എന്തൊക്കെയാണ് ? ആ സര്‍ക്കാരിന്റെ രാഷ്‌ട്രീയഘടനയെയും ജനങ്ങളുടെ ക്ഷേമം വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ അതിനുള്ള പ്രതിബദ്ധതയെയും ആശ്രയിച്ചിരിക്കും അത്.

കാര്‍ഷികമേഖലയിലെ തകര്‍ച്ചയെ നേരിടുന്നതിന് 2006 മെയില്‍ കേരളത്തില്‍ അധികാരമേറ്റ എല്‍ഡിഎഫ് സര്‍ക്കാര്‍ കൈക്കൊണ്ട നടപടി ഇക്കാര്യത്തില്‍ മാതൃകയായി എടുക്കാവുന്നതാണ്. ആദ്യംതന്നെ, ആ സര്‍ക്കാര്‍, കേരള കടാശ്വാസ കമീഷന്‍ നിയമ (2006)ത്തിന് രൂപം നല്‍കി. 2007 ജനുവരി 17ന് അത് നോട്ടിഫൈ ചെയ്‌തു. ഈ നിയമം അനുസരിച്ച് വായ്‌പ തിരിച്ചടയ്‌ക്കാന്‍ കഴിയാത്ത കൃഷിക്കാരില്‍നിന്ന് കടാശ്വാസത്തിനുള്ള അപേക്ഷ ക്ഷണിച്ചു. (സ്വകാര്യ പണമിടപാടുകാരില്‍നിന്ന് വായ്‌പ വാങ്ങിയ കൃഷിക്കാര്‍ക്കും ഇതിന് അപേക്ഷിക്കാം.) കടബാധ്യതയുള്ള കൃഷിക്കാരെ പീഡിപ്പിക്കുന്നത് ഇതോടെ പെട്ടെന്ന് അവസാനിച്ചു. അവരുടെ ആത്മഹത്യാനിരക്കും കുത്തനെ കുറഞ്ഞു.

ആഗോളതലത്തില്‍ ഭക്ഷ്യധാന്യങ്ങളുടെ വില കുത്തനെ കൂടിയതുകാരണം ഗോതമ്പിന്റെ സംഭരണവില വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിതമായി. എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ അങ്ങനെ ചെയ്യുന്നതിന് ഒരു വര്‍ഷംമുമ്പുതന്നെ കേരളസര്‍ക്കാര്‍ നെല്ലിന്റെ സംഭരണവില വലിയതോതില്‍ വര്‍ധിപ്പിച്ചു. നെല്‍ക്കൃഷിമേഖലകളിലെ ആത്മഹത്യ അവസാനിച്ചു. നെല്‍ക്കൃഷിചെയ്യുന്ന ഭൂമിയുടെ വിസ്‌തൃതി ക്രമേണ വര്‍ധിച്ചുതുടങ്ങി. ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി ബന്ധപ്പെട്ട ജില്ലകളില്‍ ഊര്‍ജിതമായിത്തന്നെ നടപ്പാക്കിത്തുടങ്ങി. ആ പദ്ധതിക്കുകീഴില്‍ സ്‌ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരേ കൂലിതന്നെ നല്‍കുന്നുണ്ടെന്ന് കര്‍ശനമായും ഉറപ്പുവരുത്തി. ചോദനം വര്‍ധിപ്പിക്കുന്നതിന് അതിടയാക്കി.

ആഗോളമാന്ദ്യത്തിന്റെ ഫലമായി ഈയിടെ വിവിധ ചരക്കുകളുടെ വിലയില്‍ ഇടിവുണ്ടായത് കേരളത്തിലെ കൃഷിക്കാരെയും ദോഷകരമായി ബാധിക്കാതിരിക്കില്ല. അതുമൂലം കൂടുതല്‍ ദുരിതം ഉണ്ടാകാതിരിക്കാനായി സര്‍ക്കാര്‍ നടപടി കൈക്കൊണ്ടിട്ടുണ്ട്. ചരക്കുകളുടെ വില സുരക്ഷിതത്വ സംവിധാനം ഉണ്ടാക്കുന്നതിനായി കഴിഞ്ഞമാസം ബജറ്റില്‍ 10 കോടി രൂപ വകകൊള്ളിച്ചിട്ടുണ്ട്. തുക ആവശ്യമാണെങ്കില്‍ വര്‍ധിപ്പിക്കാനും സര്‍ക്കാര്‍ തയ്യാറാണ്. വിലയില്‍ ഉണ്ടാകുന്ന വ്യത്യാസം കൃഷിക്കാരന് നികത്തിക്കൊടുക്കുന്നതിനാണ് ഈ ഫണ്ട് ഉപയോഗിക്കുന്നത്.

കേന്ദ്രസര്‍ക്കാരിനുമാത്രം കൈക്കൊള്ളാന്‍ കഴിയുന്നതും സംസ്ഥാനസര്‍ക്കാരുകളുടെ പരിധിക്കുപുറത്തുള്ളതുമായ നിരവധി നടപടിയുണ്ട്. ഒന്നാമത്, സ്വതന്ത്ര വ്യാപാരക്കരാറുകള്‍ നമ്മുടെ കൃഷിക്കാരില്‍ എന്ത് പ്രത്യാഘാതമാണ് ഉണ്ടാക്കുന്നതെന്നു നോക്കാതെ, ഒരു വിവേചനവും ഇല്ലാതെ, ഒപ്പുവയ്ക്കുന്നത് കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കണം. പ്രധാനപ്പെട്ട ഉല്‍പ്പന്നങ്ങളുടെ താരിഫ് ഉയര്‍ത്തണം; ആവശ്യമാണെങ്കില്‍ അളവുപരമായ നിയന്ത്രണം ഏര്‍പ്പെടുത്തണം. രണ്ടാമത്, സ്‌പൈസസ് ബോര്‍ഡ്, ടീ ബോര്‍ഡ്, കോഫി ബോര്‍ഡ് തുടങ്ങിയ കമ്മോഡിറ്റി ബോര്‍ഡുകള്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങിക്കുന്ന പതിവ് വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ അവസാനിപ്പിച്ചിരിക്കുന്നു. അവ ഇപ്പോള്‍ പേരിനുമാത്രമേ നിലനില്‍ക്കുന്നുള്ളൂ. കൃഷിക്കാര്‍ ഉല്‍പ്പാദിപ്പിച്ച് വില്‍പ്പനയ്ക്ക് കൊണ്ടുവരുന്ന ചരക്കുകളില്‍ ഒരു നല്ല ഭാഗം, മിനിമം താങ്ങുവില നല്‍കിക്കൊണ്ട് കമ്മോഡിറ്റി ബോര്‍ഡുകള്‍ സംഭരിക്കണം. ഉല്‍പ്പാദകര്‍ക്ക് വിലസ്ഥിരത ഉറപ്പുവരുത്തുന്നതിന് കമ്മോഡിറ്റി ബോര്‍ഡുകളുടെ ഇത്തരം ഇടപെടല്‍ ആവശ്യമാണ്. അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ ലാഭക്ഷമത വീണ്ടെടുക്കാന്‍ കഴിയില്ല; വീണ്ടും നിക്ഷേപം നടത്താനും കഴിയില്ല.

വികസനാവശ്യത്തിനുള്ള ചെലവിനും തൊഴിലുറപ്പിനും പ്രത്യേകം ഊന്നല്‍ നല്‍കിക്കൊണ്ട് വ്യാപകമായ ചോദനം വീണ്ടും ഉണ്ടാക്കേണ്ടത് ആവശ്യമാണ്. അങ്ങനെ ചെയ്തില്ലെങ്കില്‍, 2000ലേതു പോലെ ജനങ്ങള്‍ പട്ടിണി കിടക്കുമ്പോള്‍ത്തന്നെ ഗോഡൌണുകളില്‍ സ്‌റ്റോക്ക് കുന്നുകൂടിക്കിടക്കുന്ന അവസ്ഥ വരും. ഭക്ഷ്യ സബ്‌സിഡിക്കുവേണ്ടി ചെലവാക്കുന്ന തുകയില്‍ ഒരു നല്ല പങ്ക്, സ്‌റ്റോക്ക് നിലനിര്‍ത്തുന്നതിനായി പ്രയോജനശൂന്യമായി ഉപയോഗിക്കുകയാണ് അന്നുണ്ടായത്.

2002 - 03ല്‍ നടന്ന, ഭൂമിയെയും കന്നുകാലികളെയും സംബന്ധിച്ച സര്‍വെ വെളിപ്പെടുത്തുന്ന വിവരം ഭയാനകമാണ്. ഇന്ത്യയിലെ മൊത്തം കൃഷിക്കാരില്‍ പത്തില്‍ ഒമ്പത് ഭാഗത്തിനും 1999-2003 കാലഘട്ടത്തില്‍ കന്നുകാലി സമ്പത്തിന്റെ കാര്യത്തില്‍ വലിയ നഷ്ടമുണ്ടായി എന്ന് ആ സര്‍വെ കാണിക്കുന്നു. കൃഷിചെയ്യപ്പെടാത്ത കൈവശഭൂമിയുടെ അളവ് ഇക്കാലത്ത് അഖിലേന്ത്യാതലത്തില്‍ 19.8 ശതമാനത്തില്‍നിന്ന് 31.2 ശതമാനമായി വര്‍ധിച്ചു. ആന്ധ്രപ്രദേശ്, കേരളം തുടങ്ങിയ ചില സംസ്ഥാനങ്ങളില്‍ അഖിലേന്ത്യാ ആനുപാതിക വര്‍ധനയേക്കാള്‍ എത്രയോ കൂടുതലാണ് ഇത്. കൈവശഭൂമിയെക്കുറിച്ച് പത്രങ്ങളില്‍ എഴുതുന്ന നമ്മുടെ പുരോഗമന ബുദ്ധിജീവികളില്‍ പലരും ഈ വസ്‌തുത കണ്ട് ഭയചകിതരായി നില്‍ക്കുകയാണ്. ഈ സര്‍വെയിലെ വസ്‌തുതയെക്കുറിച്ച് പരാമര്‍ശിക്കാന്‍പോലും അവര്‍ വിസമ്മതിക്കുന്നു. ഈ രണ്ടു കണക്കും താരതമ്യംചെയ്യാന്‍ കഴിയാത്തവയാണെന്നുപറഞ്ഞ് അവര്‍ സൂത്രത്തില്‍ ഒഴിഞ്ഞുമാറുകയാണ് ചെയ്യുന്നത്.

സര്‍വെയിലെ കണക്കുകള്‍ സൂചിപ്പിക്കുന്നതിനേക്കാള്‍ ഗുരുതരമാണ് വസ്‌തുത എന്നതുകൊണ്ടാണ് യഥാര്‍ഥത്തില്‍ താരതമ്യംചെയ്യാന്‍ കഴിയാത്തത്. മണലില്‍ തല പൂഴ്ത്തിവച്ചതുകൊണ്ടുമാത്രം വസ്‌തുത ഇല്ലാതാകുന്നില്ല. കയ്‌പേറിയ വസ്‌തുതയെ ധീരമായി അഭിമുഖീകരിക്കുന്നതിന് കൂടുതല്‍ പക്വതയോടുകൂടിയ ബൌദ്ധികനിലപാട് ആവശ്യമാണ്. ആസ്‌തികള്‍ നഷ്‌ടപ്പെടുന്ന പ്രവണത തിരുത്തിക്കുറിക്കുന്നതിനും ദുരിതങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും ആവശ്യമായ പ്രായോഗിക നടപടിക്ക് രൂപംനല്‍കുന്നതിന് അത് അനിവാര്യമാണ്.

*

ഉത്സ പട്നായിക്

Saturday, April 18, 2009

തൊഴില്‍നഷ്‌ടം കൂടുതല്‍ പരമ്പരാഗത മേഖലയില്‍

വ്യാവസായിക - സേവനമേഖലകളില്‍ രാജ്യത്ത് തൊഴിലില്ലായ്‌മ വര്‍ധിച്ചുവരികയാണ്. ആഗോള ധന-സാമ്പത്തിക പ്രതിസന്ധിയുടെ ഫലമായുണ്ടാകുന്ന സാമ്പത്തികമാന്ദ്യത്തിന്റെ പ്രത്യാഘാതം വിവിധ മേഖലകളില്‍ തൊഴില്‍ നഷ്‌ടപ്പെടുന്നതിലൂടെയാണ് വെളിപ്പെടുന്നത്. എന്നാല്‍, ഔദ്യോഗിക സ്ഥിതിവിവരകണക്ക് സംവിധാനത്തില്‍നിന്ന് തൊഴിലില്ലായ്‌മയിലെ വര്‍ധനയുടെ വ്യാപ്‌തിയെക്കുറിച്ച് മൊത്തത്തില്‍ മനസ്സിലാക്കാന്‍ പറ്റിയ വിവരമൊന്നും ലഭ്യമല്ല.

തൊഴിലില്ലായ്‌മ വര്‍ധിച്ചുവരികയാണെന്ന് അംഗീകരിച്ചുകൊണ്ട് സര്‍ക്കാര്‍, ഈ സാമ്പത്തിക മാന്ദ്യത്തിന്റെ പ്രത്യാഘാതം തൊഴില്‍സാധ്യതയെ എങ്ങനെ ബാധിക്കുന്നു എന്ന് പഠിക്കാന്‍ ഒരു പരിശ്രമം നടത്തി. സര്‍ക്കാരിന്റെ അഭ്യര്‍ഥനപ്രകാരം തൊഴില്‍നഷ്‌ടത്തെ സംബന്ധിച്ച് ഒരു നിഗമനത്തിലെത്താന്‍ ലേബര്‍ ബ്യൂറോ എട്ട് മേഖല കേന്ദ്രീകരിച്ച് (മൈനിങ്, ടെൿസ്‌റ്റൈല്‍സും വസ്‌ത്രനിര്‍മാണവും, ലോഹങ്ങളും ലോഹോല്‍പ്പന്നങ്ങളും, ഓട്ടോമൊബൈല്‍, വൈരക്കല്ലും സ്വര്‍ണാഭരണങ്ങളും, കെട്ടിട നിര്‍മാണം, ഗതാഗതം, ഐടി/ബിപിഒ വ്യവസായം) ഒരു സാമ്പിള്‍ സര്‍വെ നടത്തി. 11 സംസ്ഥാനത്തുനിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളില്‍നിന്നുമായി 20 പ്രദേശത്തുനിന്നുള്ള പത്തോ അധികമോ തൊഴിലാളികള്‍ പണിയെടുക്കുന്ന സ്ഥാപനങ്ങളെ അടിസ്ഥാനമാക്കിയാണ് സര്‍വെ നടത്തിയത്. പഠനം നടത്തിയ ഓരോ മാസവും തൊഴില്‍ അവസരങ്ങള്‍ കുറഞ്ഞു കൊണ്ടിരുന്നതായാണ് സര്‍വെ തെളിയിക്കുന്നത്.

2008 സെപ്തംബറിനുശേഷം എല്ലാ വ്യവസായങ്ങളിലെയും തൊഴില്‍ അവസരങ്ങളില്‍ പ്രതിമാസം ശരാശരി 1.01ശതമാനം നിരക്കില്‍ കുറവ് ഉണ്ടായിക്കൊണ്ടിരിക്കുന്നു. കയറ്റുമതി പ്രധാനവും കയറ്റുമതി ഇതരവുമായ സ്ഥാപനങ്ങളിലെ തൊഴില്‍ അവസരങ്ങളെക്കുറിച്ചുള്ള ഒരു താരതമ്യപഠനം സൂചിപ്പിക്കുന്നത് കയറ്റുമതി പ്രധാനമായ സ്ഥാപനങ്ങളില്‍ ശരാശരി 1.13ശതമാനം പ്രതിമാസ നിരക്കില്‍ തൊഴില്‍ അവസരങ്ങള്‍ ഇല്ലാതാകുന്നെന്നും കയറ്റുമതി ഇതര സ്ഥാപനങ്ങളില്‍ ഇത് 0.81ശതമാനം ആണെന്നുമാണ്. ആഗോളമാന്ദ്യത്തിന്റെ നേരിട്ടുള്ള പ്രത്യാഘാതത്തെയാണ് ഇത് സൂചിപ്പിക്കുന്നത്.

മൊത്തം ഡാറ്റ പരിമിതമായതുകൊണ്ട്, തൊഴിലില്ലായ്‌മ വര്‍ധിച്ചുവരുന്നത് സംബന്ധിച്ച വിലയിരുത്തലിനും അതിനെ സംബന്ധിച്ച പ്രതികരണങ്ങള്‍ക്കും മാധ്യമങ്ങള്‍ വെളിപ്പെടുത്തുന്ന തൊഴില്‍നഷ്‌ടത്തെക്കുറിച്ചുള്ള സാന്ദര്‍ഭിക വിവരങ്ങളെ ആധാരമാക്കുക മാത്രമേ നിര്‍വാഹമുള്ളൂ. എന്നാല്‍, ഇന്ത്യയുടെ സാമ്പത്തികാഭിവൃദ്ധിയുടെ സ്വഭാവവും സമീപകാലത്തുണ്ടായ വളര്‍ച്ചയുടെ മാതൃകയും അറിയാമെന്നിരിക്കെ, വൈറ്റ് കോളര്‍ തൊഴിലുകള്‍ നഷ്‌ടപ്പെടുന്നതാണ് മാധ്യമങ്ങളുടെ ശ്രദ്ധയില്‍പ്പെടുന്നത് എന്ന് വ്യക്തമാകുന്നു. എണ്ണവില വര്‍ധിക്കുകയും മത്സരം കൂടുകയും ചോദനം കുറയുകയും ചെയ്‌തതിനെത്തുടര്‍ന്ന് ജെറ്റ് എയര്‍വെയ്സ് ആയിരത്തോളം ജീവനക്കാരെ ലേ ഓഫ് ചെയ്തപ്പോള്‍ ഇത് വ്യക്തമായതാണ്.

ഇന്ത്യയിലേക്ക് ഈ പ്രതിസന്ധി കടന്നുവന്നതിന് വേറെയും വഴികളുണ്ടായിരുന്നു. ഉദാഹരണത്തിന്, ടെൿസ്‌റ്റൈല്‍സും വസ്‌ത്രനിര്‍മാണവും, വൈരക്കല്ലുകളും സ്വര്‍ണാഭരണങ്ങളും, തുകലും കാര്‍പ്പെറ്റുകളും തുടങ്ങിയ പരമ്പരാഗത കയറ്റുമതി വ്യവസായങ്ങളെ ബാധിച്ച ആഗോളവ്യാപാര മാന്ദ്യത്തിന്റെ നേരിട്ടുള്ള പ്രത്യാഘാതം. ഐഎംഎഫിന്റെ അഭിപ്രായത്തില്‍, വികസ്വര സമ്പദ്ഘടനകളില്‍നിന്നും വളര്‍ന്നുവരുന്ന സമ്പദ്ഘടനകളില്‍നിന്നുമുള്ള കയറ്റുമതിയിലെ വളര്‍ച്ച 2007ല്‍ 9.6ശതമാനവും 2008ല്‍ 5.6 ശതമാനവും ആയിരുന്നത് 2009ല്‍ - 0.8 ശതമാനമായി കുറയും. 2010ല്‍ വളര്‍ച്ചനിരക്ക് കുത്തനെ കുതിച്ചുകയറിയാലും ഇത് ചെറിയ തോതില്‍ മാത്രമേ നികത്തപ്പെടുകയുള്ളൂ.

2010ലെ വളര്‍ച്ചയെ സംബന്ധിച്ച ഇത്തരം പ്രവചനങ്ങള്‍ക്കുതന്നെ വിശ്വാസ്യതയില്ല. കാരണം, ഇങ്ങനെ ശുഭപ്രതീക്ഷ പുലര്‍ത്തുന്ന പ്രവചനങ്ങള്‍ നടത്തുകയും പിന്നീട് അത് താഴ്ത്തിക്കൊണ്ടുവരികയും ചെയ്യുന്നത് ഐഎംഎഫിന്റെ പതിവുരീതിയായിരിക്കുകയാണ്. വാസ്തവത്തില്‍, 2009ലെ തകര്‍ച്ചതന്നെ ഇപ്പോള്‍ പ്രവചിച്ചിരിക്കുന്നതിനേക്കാള്‍ രൂക്ഷമാകാന്‍ പോകുകയാണ്. ഇന്ത്യയിലെ നിര്‍മിതവസ്‌തുക്കളുടെ കയറ്റുമതിയില്‍ ഇപ്പോഴും ആധിപത്യം പുലര്‍ത്തുന്നത് പരമ്പരാഗത കയറ്റുമതികളായിരിക്കെ, ഈ വ്യവസായങ്ങളെയായിരിക്കും ഏറ്റവുമധികം പ്രതികൂലമായി ബാധിക്കുന്നത്.

സൂറത്തിലെ വൈരക്കല്ല് വ്യവസായത്തെ സംബന്ധിച്ച് ഇത് തികച്ചും സത്യമായിരിക്കുകയാണ്. ലോകവിപണിയിലെ ചെലവേറിയ ആഡംബരവസ്തുക്കള്‍ എത്തിച്ചുകൊടുത്തിരുന്നത് ഇവിടത്തെ അല്‍പ്പശമ്പളക്കാരായ തൊഴിലാളികളാണല്ലോ. ഇതോടൊപ്പം, ആഭ്യന്തര വിപണിക്കാവശ്യമായത് എത്തിച്ചുകൊടുക്കുന്ന നിരവധി മാനുഫാൿചറിങ് വ്യവസായങ്ങളിലെ ചോദനത്തെയും അവയുടെ ശേഷി വിനിയോഗിക്കുന്നതിനെയും തൊഴില്‍സാധ്യതകളെയും സാമ്പത്തികമാന്ദ്യം പ്രതികൂലമായി ബാധിക്കും.

സര്‍വോപരി, ഭവനനിര്‍മാണമേഖല, ഓട്ടോമൊബൈല്‍സ്, ഉപഭോക്തൃ സാധനങ്ങള്‍ എന്നിങ്ങനെ നിരവധി രംഗങ്ങളിലുള്ള വളര്‍ച്ചയെ ത്വരിതപ്പെടുത്തിയിരുന്നത് കുറഞ്ഞ പലിശനിരക്കും അനായാസമായ പണലഭ്യതയും നിമിത്തം ഇവയ്ക്കെല്ലാം വേണ്ട പണം വായ്‌പയായി ലഭിച്ചിരുന്നതുകൊണ്ടാണ്. അപകടത്തില്‍ അകപ്പെട്ട ധനമേഖല വായ്‌പാ സംവിധാനങ്ങള്‍ വെട്ടിക്കുറച്ചതോടെ ചോദനം വീണ്ടും കുറയുകയും ചരക്കുകള്‍ കെട്ടിക്കിടക്കുന്നത് വര്‍ധിക്കുകയും വായ്‌പയെ ആധാരമാക്കിയ ഉപഭോഗത്തെ പ്രത്യക്ഷമായോ പരോക്ഷമായോ ആശ്രയിച്ചുനില്‍ക്കുന്ന വ്യവസായങ്ങളില്‍ തൊഴില്‍ നഷ്‌ടപ്പെടാന്‍ ഇടവരികയും ചെയ്യും. ഈ പ്രവണതകളുടെ സ്വാധീനത്തെ തുടര്‍ന്നും മറിച്ചു വില്‍പ്പനയുടെ ഫലമായും മറ്റു മാനുഫാൿചറിങ് മേഖലകളിലെയും ചോദനം ചുരുങ്ങുന്നു. ഇങ്ങനെ ഈ പ്രതിസന്ധി നിരവധി വ്യവസായങ്ങളിലെയും മേഖലകളിലെയും തൊഴില്‍വിപണിയെ പ്രതികൂലമായി ബാധിക്കുന്നു.

ഈ സംഭവവികാസങ്ങളുടെയെല്ലാം ഫലമായി കാര്‍ഷികോല്‍പ്പന്നങ്ങളുടെ ചോദനവും കാര്‍ഷികവിളകള്‍ ഉല്‍പ്പാദിപ്പിക്കുന്നതിന്റെ ലാഭസാധ്യതയും വലിയ തോതില്‍ കുറഞ്ഞുവരികയാണ്. ഗ്രാമപ്രദേശങ്ങളില്‍ ഗ്രാമീണ തൊഴിലുറപ്പു പദ്ധതികളിലൂടെ അധികതൊഴില്‍ ഉല്‍പ്പാദിപ്പിക്കാമെന്ന് സര്‍ക്കാരിന് ഉറപ്പുണ്ടെങ്കില്‍ ഗ്രാമീണമേഖലയില്‍ കാര്‍ഷികവും കാര്‍ഷികേതരവുമായ തൊഴില്‍ അവസരങ്ങളില്‍ പ്രതിസന്ധി സൃഷ്‌ടിക്കുന്ന പ്രത്യാഘാതത്തെ ലാഘവത്തോടെ കാണാം. 2008-09ല്‍ 138.8 ലക്ഷം വ്യക്തിദിനങ്ങളുടെ (man day) അധിക തൊഴിലവസരം എന്‍ആര്‍ഇജിയിലൂടെ ഉണ്ടാക്കാമെന്നാണ് ബജറ്റ് കണക്കാക്കിയിരിക്കുന്നത്. നിശ്ചയമായും പൊതുമരാമത്തിലെ ഈ തൊഴിലവസരങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതും വിപുലപ്പെടുത്തപ്പെടേണ്ടതുമാണെങ്കിലും അത് ഗ്രാമീണ ഇന്ത്യയിലെ പതിവ് തൊഴില്‍ അവസരങ്ങളില്‍ ഉണ്ടാകുന്ന നഷ്‌ടത്തെ പൂര്‍ണമായോ ഗണ്യമായ നിലയിലോ നികത്തുന്നില്ല. ഈ തൊഴിലുകളാകട്ടെ, തികച്ചും പരിമിതവും അല്‍പ്പവേതനംമാത്രം ലഭിക്കുന്നവയുമാണ്. എന്‍ആര്‍ഇജി പദ്ധതി ചോദനത്തെ പ്രചോദിപ്പിക്കുന്നതാണ്. ഈ പദ്ധതിയിലൂടെ തൊഴില്‍ അവസരങ്ങള്‍ കുത്തനെ വര്‍ധിക്കുന്നത് നേരത്തെ തൊഴിലില്ലാതിരുന്നവര്‍ ഈ തൊഴിലില്‍ ഏര്‍പ്പെടാന്‍ സന്നദ്ധരായതുകൊണ്ടു മാത്രമല്ല ഇപ്പോള്‍ തൊഴില്‍ നഷ്‌ടപ്പെടുന്നവരും നിലനില്‍പ്പിനായി ഇതിലേക്ക് തിരിയുകയാണ്. അങ്ങനെയെങ്കില്‍, ഇതിനുവേണ്ടി ബജറ്റില്‍ കൂടുതല്‍ തുക വകയിരുത്തേണ്ടത് അത്യാവശ്യവുമാണ്.

വര്‍ധിച്ചുവരുന്ന പ്രതിസന്ധിയാണ് രാജ്യത്തിലങ്ങോളമിങ്ങോളം ഗണ്യമായ തോതില്‍ ഉണ്ടാകുന്ന തൊഴില്‍നഷ്‌ടങ്ങള്‍ക്ക് ഇടവരുത്തുന്നത്. എന്നാല്‍, ഈ പ്രതിസന്ധിയുടെ ഘട്ടത്തില്‍പ്പോലും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന അലംഭാവ മനോഭാവം ഏറെ അത്ഭുതപ്പെടുത്തുന്നു. വാസ്‌തവത്തില്‍, സബ്പ്രൈം ഭൂപണയ വായ്‌പാ പ്രതിസന്ധിക്കും അതുമായി ബന്ധപ്പെട്ട കുഴപ്പത്തിലകപ്പെട്ട ആസ്‌തികള്‍ക്കും ഇന്ത്യന്‍ ധനമേഖല അധികമൊന്നും വിധേയമായിട്ടില്ലാത്തതിനാല്‍ പ്രതിസന്ധി ഇന്ത്യയെ ബാധിക്കില്ലെന്നായിരുന്നു ആദ്യത്തെ പ്രതികരണം. പിന്നീട്, നിശ്ചയമായും ഇന്ത്യയെയും ഈ പ്രതിസന്ധി പിടികൂടും എന്ന് അംഗീകരിക്കപ്പെട്ട ശേഷമാകട്ടെ ഓഹരിവിപണിയില്‍നിന്നുള്ള വിദേശമൂലധനത്തിന്റെ കൂട്ടപ്പലായനത്തിന്റെ ഫലമായുണ്ടായ പണച്ചുരുക്കവും വായ്‌പക്കമ്മിയും നിമിത്തമാണ് പ്രധാനമായും ഈ പ്രത്യാഘാതമെന്ന ധാരണയില്‍ എത്തുകയാണുണ്ടായത്. അതുകൊണ്ട് സര്‍ക്കാരിന്റെ പ്രതികരണം പലിശനിരക്ക് കുറയ്ക്കുന്നതിലും പണലഭ്യത വര്‍ധിപ്പിക്കുന്നതിലും ഒതുങ്ങിനിന്നു. പ്രത്യക്ഷ നടപടികള്‍ ആവശ്യമാകത്തക്കവിധം ചോദനത്തില്‍ തകര്‍ച്ച ഉണ്ടായിരിക്കുന്നതായി സര്‍ക്കാര്‍ അംഗീകരിക്കുന്നതിന്റെ ആദ്യസൂചന കാണുന്നത് 2008 ഡിസംബറില്‍ മാത്രമാണ്. ദൌര്‍ഭാഗ്യവശാല്‍, തുടര്‍ന്നുണ്ടായ പ്രതികരണവും പരിമിതമായിരുന്നു. അതുകൊണ്ടുതന്നെ സമ്പദ്ഘടനയും തൊഴിലവസരങ്ങളും ഇപ്പോഴും അപകടാവസ്ഥയില്‍ തുടരുകയാണ്.

*

സി പി ചന്ദ്രശേഖര്‍

Friday, April 17, 2009

'പരിപാടിക്കിടയില്‍ തടസ്സം നേരിട്ടതില്‍ ഖേദിക്കുന്നു'

വിചാരിച്ചതിലും നേരത്തെ കച്ചോടം കഴിഞ്ഞതിനാല്‍ അടയ്ക്കാമൊതലാളി റപ്പായിയും അനുചരന്‍ വേലായുധങ്കുട്ടിയും നഗരത്തില്‍ നടക്കാനിറങ്ങി. നായ്ക്കനാലും നടുവിനാലും മണികണ്ഠനാലും ചുറ്റി ഭൂമി ഇന്നും ഉരുണ്ടതാണെന്ന് റപ്പായി വേലായുധങ്കുട്ടിയെ ബോധ്യപ്പെടുത്തി.

ശാസ്ത്രസത്യം ദഹിച്ച് തീര്‍ന്നതോടെ വേലായുധങ്കുട്ടിക്ക് വിശപ്പ് കലശലായി. വിവരം നേരിട്ട് ധരിപ്പിക്കാന്‍ അഭിമാനം അനുവദിക്കാതിരുന്നതിനാല്‍ വിഷയം വളച്ചുകെട്ടി.

"മൊതലാളീ, ഇവ്ട അരിക്കൊക്കെ നല്ല വെലക്കൊറവാണെന്ന് കേക്കണ്ണ്ടല്ലാ..ശര്യാ?''

"..നിനക്കെന്തഡാ വട്ടാ..?. കണ്ടത്തില് മുഴവന്‍ വെഷോല്ലേഡാ ചീറ്റണ്ത്. അതിലും ഭേദം വെശന്ന് ചാകണതല്ലെഡാ.''

ആ വഴി എന്നെന്നേക്കുമായി അടഞ്ഞു. വേലായുധങ്കുട്ടി വേറൊരു വഴി നോക്കി.

"മൊതലാളീ, ഇവ്ട നല്ല ബിരിയാണി കിട്ടൂന്ന് കേക്ക്ണ്ണ്ടല്ലാ..അത് ശര്യാ?''

"നിനക്ക് ബിരിയാണി വേണോഡാ?''

വടക്കുന്നാഥന്‍ വേലായുധങ്കുട്ടിയുടെ പ്രാര്‍ഥന കേട്ട മട്ടാണ്. ഏറ്റവും വിനയത്തോടെ 'വേണം' എന്ന് പറയാന്‍ തൊണ്ടയിലെ പിച്ച് ശരിയാക്കുമ്പോഴേക്കും റപ്പായി കടത്തിയടിച്ചു.

"..വെഷോല്ലേഡാ..ചത്ത് പോക്ണ സാതനോക്കെ അതിലിട്ടണ്ട്റാ..എന്തൂട്ട് കോഴ്യാടാ..അത്?.കോഴീനെയൊക്കെ വെഷം കുത്തിവെച്ച് വെലുതാക്കണതല്ലേഡാ.''

ചത്താല്‍ മതിയെന്ന് തോന്നി, വേലായുധങ്കുട്ടിക്ക്. അവസാനം എല്ലാ അഭിമാനവും മാറ്റിവെച്ച് വേലായുധങ്കുട്ടി നേരെ വിഷയത്തിലേക്ക് പ്രവേശിച്ചു.

"..മൊതലാളീ..വെശന്നട്ട് കണ്ണ് കാണണില്ല.''

"വെശക്ക്ണാ..എന്തൂട്ട്റാ വയറ്റില് ?''

അതിരാവിലെ കുന്നങ്കുളത്തു നിന്ന് പോന്നപ്പോ "തൃശൂര് എത്തട്ട്റ..നല്ല ഒന്നാന്തരം ദോശ വാങ്ങിത്തരാഡാ'' എന്ന് പറഞ്ഞ് പ്രാതല്‍മുടക്കിയ തന്റെ സ്വന്തം മൊതലാളിയാണ് ഈ പറയുന്നത്!

തൃശൂരെത്തിയപ്പോള്‍ പ്രാതലിന്റെകാര്യം റപ്പായി സൌകര്യപൂര്‍വം മറന്നു. കൃത്യാന്തരബാഹുല്യം അഭിനയിക്കുന്നതിനിടയില്‍ വേലായുധങ്കുട്ടിയും അത് ഓര്‍മിപ്പിച്ചില്ല.

എന്നാല്‍ ഇപ്പോള്‍ വയറ് സമ്മതിക്കുന്നില്ല. യു എന്‍ രക്ഷാസംഘം അടിയന്തരമായ ഇറങ്ങിയില്ലെങ്കില്‍ ആമാശയത്തിന് തീ പിടിക്കും.

അവസാനം റപ്പായി അയഞ്ഞു.

"ഷോഡ മത്യാഡാ..?''

നിലവിളിച്ച് പോയി വേലായുധങ്കുട്ടി. ആരെ ശപിച്ചിട്ടും കാര്യമില്ലാത്തതുകൊണ്ട് അവനവനെത്തന്നെ ശപിച്ച് കലിയടക്കി.

റപ്പായി വിളിച്ചു.

"ബാഡാ..''റപ്പായി മുന്നിലും വേലായുധങ്കുട്ടി പിന്നിലുമായി ആ ദ്വയാംഗ പട്ടിണി ജാഥ നീങ്ങി. ദാരിദ്യ്ര രേഖയിലൂടെയുള്ള അതിന്റെ പ്രയാണം ഒരു പോയിന്റു കടക്കാന്‍ ഒരു മിനിറ്റെടുത്തു.

സാധാരണ പെട്ടിക്കടകളെ അവഗണിച്ച് റപ്പായി മുന്നോട്ട് നീങ്ങിയപ്പോള്‍ വേലായുധങ്കുട്ടിയില്‍ പലവിധ സംശയങ്ങള്‍ ഒന്നിച്ച് നാവ് നീട്ടി.

"ദുഷ്ടന്‍ കൊല്ലാങ്കുണ്ടോവ്വാ..''വേലായുധങ്കുട്ടിയില്‍ ഇത്തരം അശുഭ ചിന്തകള്‍ ആത്മഗതമായി രൂപപ്പെട്ടു.

പക്ഷേ റപ്പായി മൊതലാളി ഞെട്ടിച്ചുകളഞ്ഞു.

റപ്പായി മൊതലാളി കയറിയത് ബാറിലേക്കാണ്. വേലായുധങ്കുട്ടിക്ക് റപ്പായി മൊതലാളിയെ അച്ചാറ് പോലെ തൊട്ട് നക്കാന്‍ തോന്നി.

കൌണ്ടറില്‍ ചെന്ന് റപ്പായി മൊതലാളി പതിവ് പോലെ നാണം കെടുത്തി.

ഓരോന്നും ചൂണ്ടി വില ചോദിച്ചു.

"ദാ കുപ്പിക്കെത്രാ?''

അയാള്‍ വിലപറഞ്ഞു.

"അപ്പ രണ്ട് ഔണ്‍സിനെത്രയാ?''

അയാള്‍ ക്ഷമയോടെ അതും പറഞ്ഞു.

ഉടനെ അടുത്ത ചോദ്യം.

"അപ്പ ഒരൌണ്‍സിനാ..?''

അയാള്‍ ക്ഷമയുടെ നെല്ലിപ്പടിയില്‍ വടികുത്തിനിന്നു.

വേലായുധങ്കുട്ടിയോട് റപ്പായി മൊതലാളി ചോദിച്ചു.

"നിനക്കെന്തൂട്ട്റാ നാണം വരണ്ണ്ട്റാ?കാശ് കുലുക്ക്യാ കിട്ടൂല്ലഡാ..''

അവസാനം റപ്പായി മൊതലാളി ഒന്നില്‍ ഉറച്ചു.

"കപ്പലണ്ടീണ്ട്റാ?എത്യ്രേഡാ കാശ്..?''

വിലകേട്ട് റപ്പായി ചിരിച്ചു.

"പൊട്ടിക്കണ്ട്റാ അതവ്ട വെച്ചേക്ക.്''

ഒരു രണ്ടിന്റെ നാണയം പുല്ലെന്നപോലെ വേലായുധങ്കുട്ടിയുടെ നേരെയെറിഞ്ഞ് റപ്പായി മൊതലാളി പറഞ്ഞു.

"പൊറത്ത് കിട്ടൂഡാ..മേടിച്ചോണ്ട് വാഡാ?...എനിക്കാണ്‍ന്ന് പറയഡാ.''

റപ്പായി മൊതലാളിയും വേലായുധങ്കുട്ടിയും കൂടി ശേഷിച്ച ചടങ്ങുകള്‍ ഭംഗിയാക്കി. ചുണ്ട് തുടച്ച്, മുണ്ടൊന്നു കൂടി മേലോട്ട് കുത്തി കൌണ്ടറില്‍ ചെന്ന് പണം കൊടുത്ത് റപ്പായി അനുഗ്രഹിച്ചു.

"നന്നായി വാഡാ.''

ഇരുവരും പുറത്തിറങ്ങി.

ഉച്ചിയില്‍ ഉച്ച തിളക്കുന്നു.

ഒന്നുകൂടി നായ്ക്കനാലും നടുവിനാലും മണികണ്ഠനാലും ചുറ്റി ഭൂമിക്കൊപ്പം ഉരുണ്ടു.

അപ്പോള്‍ ദൂരെ ചെറിയൊരു ആള്‍ക്കൂട്ടം.

റപ്പായി ചോദിച്ചു.

"എന്തൂട്ട്റ അത്?''

"സില്‍മ പിടുത്തോണന്ന് തോന്നണ് മൊതലാളി.''

"എന്നാ പുവ്വാഡാ..നമ്മക്കും അഭിനയിക്കണ്ട്റാ?''

"അത് വേണോ മൊതലാളി..?''

"എന്തൂട്ട്റാ നമ്മക്കൊരു കൊറവ്..?. നമ്മളെക്കാണാന്‍ ജോറല്ലഡാ..?നമ്മ്ട ഡാന്‍സ് കണ്ടട്ട്ണ്ട്റാ നീ.ചെനക്കത്തൂര്‍ പൂരത്തിന് ഞാനൊര് കള്യാ കളിച്ച്.. കണ്ട്റാ നീ..?കാട്ടിത്തരാഡാ.''

റപ്പായി മുണ്ട് ഒന്നു കൂടി മേലോട്ട് കുത്തി. കളിക്കൊരുങ്ങിയപ്പോള്‍ വേലായുധങ്കുട്ടി തടുത്തു.

"അരുത് മൊതലാളീ..നാട്യദേവിയെ പീഡിപ്പിക്കരുത്.''

"..ന്നാ..ബാഡാ.''

അവര്‍ ചെന്നു. ഷൂട്ടിംഗാണ്.പക്ഷേ സില്‍മയല്ല.

"എന്തൂട്ട്റാ ഈ സാതനം..?''

"മൊതലാളി, ഇത് സ്ഥാനാര്‍ഥികള്‍ വോട്ടര്‍മാരെ അഭിമുഖീകരിക്കുന്നതാണ്.''

"എന്നാ നമ്മക്കൊന്നു അഭിമുഖീകരിക്കണ്ട്റാ?''

ഒഴിഞ്ഞ കസേരയൊന്നില്‍ റപ്പായി മൊതലാളിയും മറ്റൊന്നില്‍ വേലായുധങ്കുട്ടിയും കളികാണാനിരുന്നു.

റപ്പായി മൊതലാളി സ്ഥിതിഗതികള്‍ അവലോകനം ചെയ്തു.

മൂന്ന് സ്ഥാനാര്‍ഥികളെയാണ് ആണിയടിച്ച് നിര്‍ത്തിയിരിക്കുന്നത്. റപ്പായിക്ക് ഈശോമിശിഹാത്തമ്പുരാന്റെ ഓര്‍മ വന്നു. എഴുന്നേറ്റ് നിന്ന് കുരിശ് വരച്ചു.

വേലായുധങ്കുട്ടിയോട് ചോദിച്ചു.

"അടക്കം കഴിഞ്ഞാ പിന്നെ ഇവരെണിക്കോഡാ?''

വേലായുധങ്കുട്ടി പതിതാളത്തില്‍ ചിരിച്ചു.

"ആരാണ്‍ടാ ആ പ്റാന്തന്‍?''

മൈക്കും കൊണ്ട് ഓടി നടന്ന് കലശലായി അഭിനയിക്കുന്നവനെ നോക്കിയാണ് റപ്പായിയുടെ ഈ ചോദ്യം.

"..നമ്മക്ക് ചായ തരാനാണ്‍ടാ ..?''

"അല്ല മൊതലാളി. അവനാണ് ഇതിന്റെ നടത്തിപ്പുകാരന്‍.''

റപ്പായി ഒന്നിരുത്തി മൂളി.

കാണികളില്‍ നിന്ന് ചോദ്യം.

"..കഴിഞ്ഞവര്‍ഷം മെയ് 12ന് പുലര്‍ച്ചെ 5.21നും മെയ് 13ന് 5.22നുമാണ് സൂര്യന്‍ ഉദിച്ചത്. ഇത് ജനങ്ങള്‍ക്ക് ഒരുപാട് പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. താങ്കള്‍ ജയിച്ചു വന്നാല്‍ ഇക്കാര്യത്തില്‍ കൃത്യനിഷ്ഠയുണ്ടാക്കുമോ..?''

റപ്പായി വേലായുധങ്കുട്ടീടെ ചെവിട്ടില്‍ പറഞ്ഞു.

"കൊള്ളാല്ലാഡാ...അവന് ബുത്തീണ്ട്ല്ലാഡാ.''

സ്ഥാനാര്‍ഥിയുടെ ഉത്തരം:

"തീര്‍ച്ചയായും ഇത്തരം കാര്യങ്ങളില്‍ ഒരു സമവായം ആവശ്യമാണ്. ഇക്കാര്യത്തില്‍ അഭിപ്രായ സമന്വയം ഉണ്ടാക്കാന്‍ വിവിധ രാഷ്ട്രീയ- സാമുദായിക സംഘടനകളുടെ യോഗം വിളിച്ച് ചേര്‍ക്കും.''

കയ്യടി. കൂക്കുവിളി.

നടത്തിപ്പുകാരന്റെ ഓട്ടം, ചാട്ടം, ശീതങ്കന്‍ തുള്ളല്‍, പറയന്‍ തുള്ളല്‍.

റപ്പായിക്ക് സഹിച്ചില്ല.

"..ഡാ..എന്തൂട്ട്റാ അവന്‍ കാണിക്ക്ണാ?''

"ക്ഷമിക്ക് മൊതലാളി. പയ്യനല്ലെ. അവനുമുണ്ടാവില്ലെ ആഗ്രഹങ്ങള്‍?''

"..നിന്റെ പേര് വേലായുധങ്കുട്ടീന്ന് തന്നല്ലെ? അന്തോണീസ് പുണ്യാളന്‍ന്നല്ലല്ലാ?''

വീണ്ടും കാണിയുടെ ചോദ്യം.

"കഴിഞ്ഞ കാലവര്‍ഷത്തില്‍ രണ്ട് ശക്തമായ മഴക്കാറുകള്‍ ഇവിടെ പെയ്യാതെ പോയി. നിങ്ങള്‍ എന്തു ചെയ്തു?''

നടത്തിപ്പുകാരന്‍ സ്ഥാനാര്‍ഥിയുടെ പീഠത്തില്‍ കൈകുത്തി. നവരസങ്ങളും പുറത്തെടുത്തു. എന്നിട്ട് വിശദീകരിച്ചു.

"..കാറ്റ്, കാറ്, കാലാവസ്ഥ..പരിസ്ഥിതി സംബന്ധിച്ചാണ് ഈ ചോദ്യം. എന്തു പറയുന്നു?''

"ആ പെയ്യാതെ പോയ കാറ് തിരിച്ചുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് നിവേദനം സമര്‍പ്പിച്ചത് ഞങ്ങളാണ്.''

വീണ്ടും കൈയടി, കൂക്കുവിളി. നടത്തിപ്പുകാരന്റെ ഓട്ടം, ചാട്ടം, തുള്ളല്‍. ഒരടി പിന്നോട്ട് വെക്കുന്നു. മപ്പും താക്കി മുന്നോട്ട് കുതിക്കുന്നു. മുഖത്ത് നവരസങ്ങളുടെ വിമ്മിട്ടം.

റപ്പായിക്ക് സഹികെട്ടു.

"ഇവനാരാണ്‍ടാ..ശിവാജി ഗണേശനാ..?അവനെന്തഡാ..രാജാപ്പാര്‍ട് അഭിനയിക്കണാ?''

റപ്പായി ബാഗ് വേലായുധങ്കുട്ടിയെ ഏല്‍പിച്ചു.

"..ഇപ്പ വരാഡാ.''

കുറച്ച് കഴിഞ്ഞ് 'ഠേ' എന്നൊരു ശബ്ദം കേട്ടു.

റപ്പായിയുടെ മുന്നില്‍ നടത്തിപ്പുകാരന്‍ പിടയുന്നു. റപ്പായി അവനെ വലിച്ചെടുത്ത് ഒരു കസേരയിലിട്ടു. കൈ ചൂണ്ടി പറഞ്ഞു.

"കൊന്നുകളയും ഞാന്‍. കൊറെ നേരായില്ലഡാ കൊരങ്ങ് കളി. അവര് വെവരോള്ളോര് വെല്ലതും പറയണേന്റെടേക്കേറി നിന്റെയീ ഡാണ്ടിക്കിടി..ഡീണ്ടിക്കിടി..കൊതിയാവണ്‍ണ്ടെങ്കി കൂര്‍ക്കഞ്ചേരീ കാവടിയെടുക്കാമ്പോഡാ.. നിനക്കങ്ങ്ട് അര്‍മാദിച്ച് തുള്ളാഡാ..അനങ്ങര്ത് ഇവ്ടന്ന്.അവര് പറയണത് വല്ലതും കേക്കഡാ..നാല് കാശിന് വെവരം വെക്കട്ട്റാ.''

പിന്നെ ചടങ്ങ് സമംഗളം സമാരംഭിച്ചു. പരിപാടിക്കിടയില്‍ തടസ്സം നേരിട്ടതേയില്ല.

*
എം എം പൌലോസ്