Tuesday, June 14, 2011

നീതിക്കു വേണ്ടിയുള്ള പോരാട്ടത്തില്‍ പുതിയൊരധ്യായം

ഒറീസയിലെ ജഗത്‌സിംഗ്പൂര്‍ ജില്ലയിലെ ധിന്‍കിയ, ഗാഡ്കുഞ്ചാങ്ങ്, ഗോവിന്ദപൂര്‍, നൗഗോണ്‍ ഗ്രാമങ്ങളിലെ ജനങ്ങള്‍, പ്രത്യേകിച്ച് സ്ത്രീകളും കുട്ടികളും രണ്ടാഴ്ചകള്‍ക്ക് മുമ്പ് തുടങ്ങിയ സമരം രാജ്യത്തിന്റെയാകെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നു. പൊരിവെയിലത്ത് ചുട്ടുപൊള്ളുന്ന തറയില്‍ അവര്‍ നിരനിരയായി കിടക്കുകയാണ്. മുന്നില്‍ ആയിരത്തിലധികം പൊലീസുകാര്‍. തോക്കും ലാത്തിയും ടിയര്‍ ഗ്യാസ് ഷെല്ലുകളുമായാണ് പൊലീസുകാര്‍ നിലകൊള്ളുന്നത്. ഓരോ പതിനഞ്ചു മിനുട്ടിലും ലൗഡ് സ്പീക്കറിലൂടെ പൊലീസുകാര്‍ മുന്നറിയിപ്പു നല്‍കുന്നു ഉടന്‍ പിരിഞ്ഞുപോയില്ലെങ്കില്‍ ഗുരുതരമായ ഭവിഷ്യത്തുണ്ടാകുമെന്ന ഭീഷണി. ഇതു കേട്ടുമടുത്ത സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ള ജനക്കൂട്ടം കൂടുതല്‍ കൂടുതല്‍ ഉച്ചത്തില്‍ മുദ്രാവാക്യങ്ങള്‍ മുഴക്കുന്നു. രാവും പകലും തുടരുന്ന സമരം ദിവസം കഴിയുംതോറും കൂടുതല്‍ കരുത്താര്‍ജിച്ചുവരികയാണ്.

ദക്ഷിണ കൊറിയന്‍ ബഹുരാഷ്ട്ര കമ്പനിയായ പോസ്‌കോയ്ക്ക് വന്‍കിട ഉരുക്കുകമ്പനി സ്ഥാപിക്കാന്‍ വനഭൂമിയും തങ്ങളുടെ കൃഷിഭൂമിയും ഏറ്റെടുക്കാന്‍ എത്തിയ ഉദ്യോഗസ്ഥന്‍മാരെ തടയാനായാണ് ഈ ഗ്രാമങ്ങളിലെ ജനങ്ങള്‍ സമരരംഗത്തു വന്നത്. പൊലീസിന്റെ ഭാഗത്ത് നിന്നുള്ള പ്രകോപനങ്ങള്‍ അസഹനീയമാണെങ്കിലും ജനങ്ങള്‍ തികഞ്ഞ സംയമനം പാലിച്ച് സമാധാനപരമായാണ് സമരം തുടരുന്നത്.

പാര്‍ലമെന്റ് പാസാക്കിയ വനാവകാശ നിയമം ലംഘിച്ചുകൊണ്ടാണ് വനഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. നിയമവ്യവസ്ഥകളെല്ലാം കാറ്റില്‍പറത്തി കേന്ദ്രസര്‍ക്കാരില്‍ നിന്നും പരിസ്ഥിതി അനുമതി നേടിയെടുക്കാനും ഒറീസ ഗവണ്‍മെന്റിനു കഴിഞ്ഞു. പോസ്‌കോ പ്രോജക്ടിനുവേണ്ടി ഭൂമി ഏറ്റെടുക്കുന്നത് ''പൊതുതാല്‍പര്യ''മാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ''പൊതുതാല്‍പര്യ''ത്തില്‍ ഭൂമി ഏറ്റെടുക്കുന്നതിനെ തടയുന്നത് നിയമവിരുദ്ധമാണെന്നും അതുകൊണ്ട് ജനങ്ങള്‍ ഒത്തുകൂടുന്നതും നിയമവിരുദ്ധമാണെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ''വനഭൂമി ഏറ്റെടുക്കാന്‍ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥന്‍മാര്‍ അവരുടെ ഔദ്യോഗിക കൃത്യനിര്‍വഹണമാണ് നടത്തുന്നത്. അതിനു തടസം സൃഷ്ടിക്കുന്നത് നിയമലംഘനമാണ്. ഇത് നേരിടാന്‍ എല്ലാ നടപടികളും സ്വീകരിക്കും'' എന്നാണ് പൊലീസ് സൂപ്രണ്ട് ദേവദത്ത്‌സിംഗ് ഭീഷണിപ്പെടുത്തിയത്.

കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ പരിസ്ഥിതി അനുമതിയാണ് ഇപ്പോഴത്തെ സ്ഥിതി സൃഷ്ടിച്ചത്. കേന്ദ്ര പരിസ്ഥിതി-വനം മന്ത്രി തന്നെ നിയോഗിച്ച നിരവധി വിദഗ്ദ കമ്മിറ്റികളുടെ നിഗമനങ്ങള്‍ അവഗണിച്ചുകൊണ്ടാണ് പരിസ്ഥിതി അനുമതി നല്‍കിയത്. വനാവകാശ നിയമങ്ങളും വനസംരക്ഷണ ചട്ടങ്ങളും പാരിസ്ഥിതിക നിയമവ്യവസ്ഥയും ലംഘിക്കുന്നതാണ് പോസ്‌കോ പ്രോജക്ടിനുവേണ്ടിയുള്ള സ്ഥലമെടുപ്പ് എന്നാണ് വിദഗ്ധ കമ്മിറ്റികളെല്ലാം ചൂണ്ടിക്കാട്ടിയത്. പരിസ്ഥിതി ക്ലിയറന്‍സ് നല്‍കിയ കേന്ദ്രമന്ത്രിയായ ജയറാം രമേശ് ഇപ്പോള്‍ പറയുന്നത് ''ഈ അനുമതിയെ ബലം പ്രയോഗിച്ച് ഭൂമി ഏറ്റെടുക്കുന്നതിനുള്ള ലൈസന്‍സായി സംസ്ഥാന സര്‍ക്കാര്‍ ഉപയോഗിക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നത്'' എന്നാണ്.

പോസ്‌കോയ്ക്ക് ഭൂമി ഏറ്റെടുത്തു നല്‍കുന്നതിനു ഗവണ്‍മെന്റ് നടത്തിയ ചതിപ്രയോഗം ജനങ്ങള്‍ മനസിലാക്കിയിട്ടില്ലെന്നാണ് മന്ത്രിമാരും ഉദ്യോഗസ്ഥന്‍മാരും കരുതുന്നത്. എന്നാല്‍ ആ പ്രദേശത്തെ കൊച്ചുകുട്ടികള്‍ക്കുപോലും ഈ ഇടപാടിന്റെ വിശദാംശങ്ങള്‍ അറിയാം. തങ്ങളുടെ ഭാവി ഈ ഭൂമിയുമായി ബന്ധപ്പെട്ടതാണെന്ന് അവര്‍ക്കെല്ലാം ബോധ്യമുണ്ട്. രക്ഷിതാക്കള്‍ ആവശ്യപ്പെട്ടതുകൊണ്ട് മാത്രമല്ല, കൊച്ചുകുട്ടികള്‍ പൊരിവെയിലത്ത് നിലത്തുകിടക്കുന്നത്, രാവും പകലും അവര്‍ കാവലിരിക്കുന്നത്. വന്‍കിട കോര്‍പ്പറേറ്റുകള്‍ക്കുവേണ്ടി തങ്ങളുടെ ഭൂമിയും ജീവനോപാധികളും തട്ടിപ്പറിക്കുന്നതാണോ വികസനമെന്ന് അവര്‍ ചോദിക്കുന്നു.

വനത്തെ ആശ്രയിച്ചു ജീവിക്കുന്നവരുടെ അനുമതി ഇല്ലാതെ വനഭൂമി ഏറ്റെടുക്കരുതെന്ന് വനാവകാശ നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തിന്റെ അംഗീകാരമില്ലാതെ ഭൂമി ഏറ്റെടുക്കാന്‍ നിയമം അനുവദിക്കുന്നില്ല. ഈ വ്യവസ്ഥകളെല്ലാം നഗ്നമായി ലംഘിച്ചുകൊണ്ടാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം ഭൂമി ഏറ്റെടുക്കുന്നതിനു പച്ചക്കൊടികാണിച്ചത്. ഈ കൊടിയ വഞ്ചനക്ക് എതിരായാണ് ജനങ്ങള്‍ സമരം ചെയ്യുന്നത്.

ജനങ്ങളുടെ മനോവീര്യം കെടുത്താന്‍ സര്‍ക്കാര്‍ നാനാതരത്തിലുള്ള അടവുകള്‍ പ്രയോഗിക്കുന്നുണ്ട്. ഭീഷണികളും ഊഹോപോഹങ്ങളുമെല്ലാം സര്‍ക്കാര്‍ ഉപയോഗിക്കുന്നു. എന്നാല്‍ അവയൊന്നും ഫലം കാണുന്നില്ല. പോസ്‌കോ വിരുദ്ധ സമരസമിതി പ്രസ്താവനയില്‍ ഇപ്രകാരം പറയുകയുണ്ടായി.. ''നീതിക്കുവേണ്ടിയാണ് പൊരുതുന്നതെന്ന് ജനങ്ങള്‍ക്ക് ബോധ്യമുണ്ട്. ഞങ്ങളുടെ മക്കള്‍ക്കും ഇതറിയാം. ഈ പോരാട്ടം നീതിക്കും ജനാധിപത്യത്തിനും ഞങ്ങളുടെ മക്കളുടെ ഭാവിക്കും വേണ്ടിയുള്ളതാണ്. ജീവനോപാധികളെല്ലാം നഷ്ടപ്പെട്ട് പട്ടിണിയിലും ദുരിതത്തിലും അവര്‍ കഴിയുന്നത് കാണാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. പോസ്‌കോ ഭൂമി തട്ടിപ്പറിക്കലിന്റെ അന്യായം കൊച്ചുകുട്ടികള്‍ക്കുപോലും അറിയാം. അതുകൊണ്ടാണ് അവരും ഞങ്ങള്‍ക്കൊപ്പം സമരം ചെയ്യുന്നത്. ധീരത എന്താണെന്ന് കുട്ടികള്‍ രാഷ്ട്രത്തിനു കാണിച്ചുകൊടുക്കുകയാണിപ്പോള്‍. ഞങ്ങളോ ഞങ്ങളുടെ കുട്ടികളോ ഞങ്ങളുടെ കാടും ഞങ്ങളുടെ മണ്ണും ഞങ്ങളുടെ വെള്ളവും വിട്ടുകൊടുക്കില്ല''.

*
എസ് ജി വോബാട്കരെ ജനയുഗം 14 ജൂണ്‍ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഒറീസയിലെ ജഗത്‌സിംഗ്പൂര്‍ ജില്ലയിലെ ധിന്‍കിയ, ഗാഡ്കുഞ്ചാങ്ങ്, ഗോവിന്ദപൂര്‍, നൗഗോണ്‍ ഗ്രാമങ്ങളിലെ ജനങ്ങള്‍, പ്രത്യേകിച്ച് സ്ത്രീകളും കുട്ടികളും രണ്ടാഴ്ചകള്‍ക്ക് മുമ്പ് തുടങ്ങിയ സമരം രാജ്യത്തിന്റെയാകെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നു. പൊരിവെയിലത്ത് ചുട്ടുപൊള്ളുന്ന തറയില്‍ അവര്‍ നിരനിരയായി കിടക്കുകയാണ്. മുന്നില്‍ ആയിരത്തിലധികം പൊലീസുകാര്‍. തോക്കും ലാത്തിയും ടിയര്‍ ഗ്യാസ് ഷെല്ലുകളുമായാണ് പൊലീസുകാര്‍ നിലകൊള്ളുന്നത്. ഓരോ പതിനഞ്ചു മിനുട്ടിലും ലൗഡ് സ്പീക്കറിലൂടെ പൊലീസുകാര്‍ മുന്നറിയിപ്പു നല്‍കുന്നു ഉടന്‍ പിരിഞ്ഞുപോയില്ലെങ്കില്‍ ഗുരുതരമായ ഭവിഷ്യത്തുണ്ടാകുമെന്ന ഭീഷണി. ഇതു കേട്ടുമടുത്ത സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ള ജനക്കൂട്ടം കൂടുതല്‍ കൂടുതല്‍ ഉച്ചത്തില്‍ മുദ്രാവാക്യങ്ങള്‍ മുഴക്കുന്നു. രാവും പകലും തുടരുന്ന സമരം ദിവസം കഴിയുംതോറും കൂടുതല്‍ കരുത്താര്‍ജിച്ചുവരികയാണ്.