Saturday, May 31, 2014

അട്ടിമറിക്കപ്പെടുന്ന ഏകജാലക പ്രവേശനം

ഒരു വിദ്യാര്‍ഥിയുടെ ജീവിതത്തിലെ വഴിത്തിരിവാണ് ഹയര്‍സെക്കന്‍ഡറി ഘട്ടം. ഭാവിജീവിതത്തെ രൂപപ്പെടുത്തുന്നതിന് ഏതുതരം വിദ്യാഭ്യാസമാണ് തെരഞ്ഞെടുക്കേണ്ടത് എന്ന് തീരുമാനിക്കുന്ന ഘട്ടം. ഉന്നതവിദ്യാഭ്യാസം ഏതു ദിശയിലേക്കായിരിക്കണമെന്ന് തീരുമാനിക്കുന്നതും ഹയര്‍സെക്കന്‍ഡറി ഘട്ടത്തിലാണ്. പത്താംക്ലാസുവരെ എല്ലാ വിഷയങ്ങളും പഠിച്ചുവരുന്ന വിദ്യാര്‍ഥി സയന്‍സ്, ഹ്യുമാനിറ്റീസ്, കൊമേഴ്സ് എന്നീ ഐച്ഛിക വിഷയഗ്രൂപ്പുകള്‍ തെരഞ്ഞെടുത്ത് ഭാവിവിദ്യാഭ്യാസത്തിന്റെ ഗതി മാറ്റുന്നത് ഹയര്‍സെക്കന്‍ഡറിയില്‍ പ്രവേശിക്കുന്നതോടുകൂടിയാണ്.

ഇത്രയും പ്രാധാന്യമേറിയതാണ് ഹയര്‍ സെക്കന്‍ഡറി ഘട്ടമെന്നതുകൊണ്ടാണ് കഴിഞ്ഞ ഇടതുമുന്നണി സര്‍ക്കാരിന്റെ കാലത്ത് ഏകജാലക പ്രവേശനം നടത്താന്‍ തീരുമാനിച്ചത്. 2007-08 അധ്യയനവര്‍ഷം തിരുവനന്തപുരം ജില്ലയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ ഏകജാലക പ്രവേശനപ്രക്രിയ അടുത്ത അധ്യയനവര്‍ഷംമുതല്‍ സംസ്ഥാനമൊട്ടാകെ നടപ്പാക്കുകയായിരുന്നു. വിദ്യാര്‍ഥികളും രക്ഷിതാക്കളും കേരളസമൂഹവും പൊതുവേ സ്വാഗതംചെയ്ത ഒരു പരിഷ്കാരമായിരുന്നു അത്. പഠിതാവിന് അര്‍ഹതപ്പെട്ട വിഷയം പഠിക്കാനും അര്‍ഹതപ്പെട്ട സ്കൂളില്‍ പ്രവേശനം നേടാനും ഇതുവഴി സാധിച്ചു. സീറ്റുകച്ചവടം മാനേജ്മെന്റ് സീറ്റുകളില്‍ മാത്രമായി പരിമിതപ്പെട്ടു. സര്‍ക്കാര്‍ സ്കൂളിലും എയ്ഡഡ് സ്കൂളിലും സംവരണതത്വം പാലിച്ചുകൊണ്ട് അര്‍ഹതപ്പെട്ട എല്ലാവര്‍ക്കും പ്രവേശനം ലഭിക്കാന്‍ ഇത് വഴിയൊരുക്കി. ജില്ലയിലെ ഏതെങ്കിലുമൊരു സ്കൂളില്‍ അപേക്ഷ നല്‍കിയാല്‍ വിവിധ സ്കൂളുകളിലായി അറുപതോളം ബാച്ചിലേക്ക് അപേക്ഷിക്കാന്‍ ഒരു കുട്ടിക്ക് സൗകര്യം ലഭിച്ചു. പ്രവേശന പട്ടിക പ്രസിദ്ധീകരിക്കപ്പെട്ടാല്‍ ഒരു നിശ്ചിത ദിവസത്തിനുള്ളില്‍ പ്രമാണങ്ങള്‍ ഹാജരാക്കി സ്കൂളില്‍ ചേരാം. അത്തരത്തില്‍ നാല് അലോട്ട്മെന്റുവരെ നടത്തിയിട്ടും പ്രവേശനം ലഭിക്കാത്തവരുണ്ടെങ്കില്‍ അവര്‍ മുമ്പ് അപേക്ഷിച്ചിട്ടില്ലാത്ത സ്കൂളുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് പുതിയ അപേക്ഷ നല്‍കാനും അവസരമുണ്ടായിരുന്നു. ചുരുക്കത്തില്‍ സീറ്റുകച്ചവടത്തിലൂടെ പണം സമ്പാദിക്കാനുള്ള ചില എയ്ഡഡ് സ്കൂള്‍ മാനേജര്‍മാരുടെയും അണ്‍ എയ്ഡഡ് സ്കൂള്‍ അധികൃതരുടെയും ആഗ്രഹത്തിന് വിഘാതമായിരുന്നു ഏകജാലക പ്രവേശന നടപടി.

എന്നാല്‍, 2011ല്‍ ഭരണമാറ്റമുണ്ടായതിനെത്തുടര്‍ന്ന് ഹയര്‍സെക്കന്‍ഡറി പ്രവേശനം അട്ടിമറിക്കാന്‍ ശ്രമംതുടങ്ങി. നാല് അലോട്ട്മെന്റ് ഉണ്ടായിരുന്നത് രണ്ടായി ചുരുക്കി. ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷകളുമായി ഇരച്ചുകയറിയവരുടെ തിക്കും തിരക്കും ധനസമ്പാദനത്തിനുള്ള അവസരമാക്കി ചിലര്‍ മാറ്റി. അതിന്റെ വിഹിതം പറ്റുന്നവര്‍ തലപ്പത്തുമുണ്ടായി. എയ്ഡഡ് സ്കൂള്‍ അധ്യാപക നിയമനത്തില്‍ കോഴ വാങ്ങുന്നുണ്ട് എന്ന യാഥാര്‍ഥ്യം എല്ലാവര്‍ക്കുമറിയാം. അത് ഹയര്‍സെക്കന്‍ഡറി തുടങ്ങിയകാലംമുതല്‍ ഉള്ളതാണ്. എന്നാല്‍, മാനേജര്‍മാര്‍ പിരിച്ചെടുക്കുന്ന ആ കോഴപ്പണത്തിന്റെ വിഹിതം ഉന്നതര്‍ ചോദിച്ചുവാങ്ങുന്നത് അടുത്തകാലംമുതലാണ്. കൊടുക്കുന്നവരും വാങ്ങുന്നവരും പുറത്തുപറയാത്തതുകൊണ്ട് കേസില്ല. സര്‍ക്കാര്‍ സ്കൂളധ്യാപകരുടെ സ്ഥലംമാറ്റത്തിന് കൈക്കൂലി വാങ്ങുന്ന സമ്പ്രദായം പണ്ടുണ്ടായിരുന്നു. അത് അവസാനിപ്പിച്ചത് ഇടതുമുന്നണി ഭരണകാലത്താണ്. അത് വീണ്ടും നടപ്പാക്കുന്നു എന്നതാണ് ഇപ്പോഴത്തെ സര്‍ക്കാരിന്റെ വിദ്യാഭ്യാസനയം.

പുതിയ സ്കൂളുകള്‍ അനുവദിക്കാനുള്ള നീക്കം ഉപേക്ഷിക്കപ്പെട്ടതിന്റെ കാരണവും വീതംവയ്ക്കലിലുള്ള തര്‍ക്കമാണ്. അധികബാച്ചുകള്‍ അനുവദിക്കുന്നതിന്റെയും മാനദണ്ഡം വിദ്യാര്‍ഥികളുടെ ആവശ്യത്തിനുസരിച്ചല്ല, മറിച്ച് മാനേജര്‍മാരുടെ താല്‍പ്പര്യമനുസരിച്ചായിരിക്കുമെന്ന കാര്യത്തില്‍ സംശയിക്കേണ്ടതില്ല. ഏപ്രില്‍ പതിനാറിനാണ് ഇത്തവണ എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചത്. ഒരുമാസം കഴിഞ്ഞിട്ടും ഹയര്‍സെക്കന്‍ഡറി പ്രവേശന നടപടി തുടങ്ങിയില്ല. പത്താംതരം പാസാകുന്നവരുടെ എണ്ണവും ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി, ഐഎച്ച്ആര്‍ഡി സ്കൂളുകള്‍, ടിടിഐ, പോളിടെക്നിക്കുകള്‍ എന്നീ സ്ഥാപനങ്ങളിലുള്ള സീറ്റുകളുടെ എണ്ണവും തുല്യമാണ്. ഇത് സംസ്ഥാനമൊട്ടാകെ എടുത്താലുള്ള സ്ഥിതിയാണ്. എന്നാല്‍, ജില്ലാടിസ്ഥാത്തിലെത്തുമ്പോള്‍ ചിത്രം മാറും.

വടക്കന്‍ ജില്ലകളില്‍ സീറ്റുകള്‍ കുറവും പ്രവേശിക്കാനാഗ്രഹിക്കുന്നവരുടെ എണ്ണം കൂടുതലുമാണ്. ഈ പ്രശ്നം മറ്റൊരു തരത്തില്‍ സയന്‍സ് സീറ്റുകളുടെ എണ്ണത്തിലും പ്രതിഫലിക്കും. ഹയര്‍സെക്കന്‍ഡറിയില്‍ ആകെയുള്ള സീറ്റുകളില്‍ പകുതിയിലേറെയും സയന്‍സ് വിഷയങ്ങള്‍ക്കുള്ളതാണ്. എന്നാല്‍, ജില്ലകള്‍ തമ്മിലും ഓരോ ജില്ലയിലെയും നഗര-ഗ്രാമ മേഖലകള്‍ തമ്മിലും സീറ്റുകളുടെ ലഭ്യതയില്‍ അന്തരമുണ്ട്. ഈ പ്രശ്നത്തെ കച്ചവടമാക്കി മാറ്റി പണമുണ്ടാക്കാനുള്ള ചിലരുടെ നീക്കത്തെയാണ് സര്‍ക്കാര്‍ സഹായിക്കുന്നത്. അതിനുള്ള ന്യായംമാത്രമാണ് "സെര്‍വര്‍" എന്ന ഉപകരണം തകരാറായി എന്നു പറയുന്ന മുടന്തന്‍ മറുപടി. ഏതാനും ലക്ഷങ്ങള്‍ മുടക്കി സെര്‍വര്‍ വാങ്ങാന്‍ ഒരു കൊല്ലത്തോളം സമയമുണ്ടായിരുന്നല്ലോ. 2013 ജൂണില്‍ത്തന്നെ സര്‍വറിന് അപര്യാപ്തത ഉണ്ടെങ്കില്‍ അതു മനസ്സിലാക്കാം. കഴിഞ്ഞ ഏപ്രില്‍ 16നുശേഷം വിചാരിച്ചാലും സര്‍വര്‍ വാങ്ങാന്‍ ബുദ്ധിമുട്ടൊന്നുമില്ല. പിന്നെന്തുകൊണ്ട് ഏകജാലക പ്രവേശനത്തെ അട്ടിമറിച്ചു? കേരളത്തിലെ എല്ലാ ജില്ലകളിലുമുള്ള അണ്‍എയ്ഡഡ് സ്കൂളിലെയും എയ്ഡഡ് സ്കൂളുകളിലെ മാനേജ്മെന്റ് സീറ്റുകളിലെയും പ്രവേശനം ഇതിനോടകം പൂര്‍ത്തിയായിക്കഴിഞ്ഞു. സീറ്റു വില്‍പ്പനയിലൂടെ അവര്‍ക്ക് നേടാനുള്ളത് സമ്പാദിച്ചുകഴിഞ്ഞു. പ്രവേശനം ലഭിക്കുമോ എന്ന് ആശങ്കപ്പെട്ടുനിന്നവരുടെ ആശങ്കയെ പണമാക്കി മാറ്റാനുള്ള അവസരമാണ് ഏകജാലക പ്രക്രിയ ഒരുമാസത്തിലേറെ താമസിപ്പിച്ചതിലൂടെ കച്ചവടക്കാര്‍ക്ക് സര്‍ക്കാര്‍ നല്‍കിയത്. പ്രവേശനം പൂര്‍ത്തിയാക്കിയ അണ്‍ എയ്ഡഡ് സ്കൂളില്‍ ജൂണില്‍ത്തന്നെ ക്ലാസ് തുടങ്ങാനാകും. മെഡിസിന്‍, എന്‍ജിനിയറിങ് പരീക്ഷ 2016ല്‍ എഴുതാനുദ്ദേശിക്കുന്നവര്‍ക്കുള്ള ട്യൂഷനും കോച്ചിങ്ങും ഇതിന്റെയടിസ്ഥാനത്തില്‍ തുടങ്ങാനാകും. സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ ജൂലൈയിലേ ക്ലാസുകള്‍ ആരംഭിക്കുകയുള്ളൂ. അത്തരം സ്കൂളുകളില്‍ പ്രവേശനം നേടിയതിനുശേഷം ട്യൂഷന്‍ സെന്ററുകളില്‍ ചെല്ലുന്നവര്‍ക്ക് സീറ്റുണ്ടാകില്ല. അതിനാല്‍, അത്തരം ആശങ്ക വച്ചുപുലര്‍ത്തുന്നവരും അണ്‍ എയ്ഡഡ് സ്കൂളിലോ എയ്ഡഡ് സ്കൂളിലെ മാനേജ്മെന്റ് സീറ്റിലോ സീറ്റുകള്‍ വിലയ്ക്കു വാങ്ങും. ഈ കച്ചവടത്തിന് സഹായംചെയ്തുകൊടുക്കുകയാണ് ഇപ്പോള്‍ സര്‍ക്കാര്‍ചെയ്യുന്നത്.

വളരെ ക്ലേശം സഹിച്ചാണ് എസ്എസ്എല്‍സി പരീക്ഷാഫലം ഏപ്രില്‍ 16നുതന്നെ പ്രസിദ്ധീകരിക്കാന്‍ പരീക്ഷാഭവന് കഴിഞ്ഞത്. അതില്‍ അവര്‍ അഭിനന്ദനം അര്‍ഹിക്കുന്നു. എന്നാല്‍, അതിന്റെ ഗുണഫലം വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്നില്ല. രണ്ടുമാസം കഴിഞ്ഞാലും ഒരു കുട്ടിക്കുപോലും നേരായ മാര്‍ഗത്തിലൂടെ പ്രവേശനം നേടാന്‍ കഴിയില്ല. ഉപരിവിദ്യാഭ്യാസത്തിന് സമയബന്ധിതമായി പ്രവേശനം നല്‍കാനല്ലെങ്കില്‍ പിന്നെന്തിനാണ് എസ്എസ്എല്‍സി ഫലം നേരത്തെ പ്രസിദ്ധീകരിച്ചത്. വിദ്യാര്‍ഥികളുടെ വിലയേറിയ സമയം മൂന്നുമാസത്തോളം നഷ്ടപ്പെടുത്തി. അവരുടെയും രക്ഷിതാക്കളുടെയും ആശങ്ക വര്‍ധിപ്പിച്ചു. വിദ്യാഭ്യാസക്കച്ചവടക്കാരെ വഴിവിട്ട് സര്‍ക്കാര്‍ സഹായിച്ചു. അതിലേക്കായി സര്‍ക്കാര്‍സംവിധാനത്തെ പരാജയപ്പെടുത്തി. വിദ്യാഭ്യാസവകുപ്പിനും ഹയര്‍സെക്കന്‍ഡറിവകുപ്പിനും ഏകജാലക പ്രവേശന പ്രക്രിയക്ക് സാങ്കേതികമായി നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ എന്‍ഐസി (നാഷണല്‍ ഇന്‍ഫോമാറ്റിക്സ് സെന്റര്‍)ക്കും നാണക്കേടുണ്ടാക്കി. കച്ചവടക്കാരെ വിദ്യാഭ്യാസവകുപ്പ് ഏല്‍പ്പിച്ചാല്‍ അതും വില്‍പ്പനച്ചരക്കാകും.

ഏകജാലക പ്രവേശന പ്രക്രിയ അട്ടിറിച്ചതിലൂടെ വിദ്യാര്‍ഥികളുടെ അവകാശമാണ് നിഷേധിക്കപ്പെട്ടിരിക്കുന്നത്. അവരുടെ അവകാശം സംരക്ഷിക്കാന്‍വേണ്ടിയാണ് ഇടതുമുന്നണി സര്‍ക്കാര്‍ ഏകജാലക പ്രവേശനം നടപ്പാക്കിയത്. അവകാശസംരക്ഷണമല്ല കച്ചവടതാല്‍പ്പര്യമാണ് മുഖ്യം എന്നതാണ് ഭരണത്തിലിരിക്കുന്നവരുടെ നയം. അത് അംഗീകരിക്കാന്‍ കേരളസമൂഹം തയ്യാറല്ലായെന്ന് കാട്ടിക്കൊടുക്കാന്‍ സമയമായി

*
പ്രൊഫ. വി കാര്‍ത്തികേയന്‍നായര്‍

പിന്‍നിലാവിന്റെ പൊന്‍വെളിച്ചം

കേരളത്തിന്റെ ജനപ്രിയനേതാവ് ഇ കെ നായനാരെഴുതിയ ഒരു ലേഖനത്തിന്റെ തലക്കെട്ട് "പിന്‍നിലാവിന്റെ പൊന്‍വെളിച്ചം" എന്നാണ്. പ്രത്യാശാനിര്‍ഭരമായ ഒരു ഭാവിയിലേക്ക് ഇത് വിരല്‍ചൂണ്ടുന്നു. ഒരിറ്റ് ചുവപ്പെടുത്ത് ഒരായിരം സൂര്യന്മാരെ ജ്വലിപ്പിക്കണം എന്നും അദ്ദേഹം എഴുതിയിട്ടുണ്ട്. ഒരു യുഗം മായുകയും വേറൊരു യുഗം പിറക്കുകയുംചെയ്യുന്ന സംക്രമകാലഘട്ടത്തില്‍ തോമസ്മൂറിന്റെ ഉട്ടോപ്യന്‍ സങ്കല്‍പ്പത്തിനപ്പുറത്ത് മനുഷ്യവിമോചനത്തിന്റെ സൈദ്ധാന്തികരേഖ തെളിയിച്ചെടുക്കണമെന്നും നായനാര്‍ കൂട്ടിച്ചേര്‍ക്കുന്നു. കുട്ടികളുടെ ഏറ്റവും വലിയ സംഘടനയായ ബാലസംഘത്തെ നയിച്ച ഇ കെ നായനാര്‍ വെളിച്ചത്തിന്റെ മഹാപ്രവാഹത്തെ വരവേല്‍ക്കണമെന്ന് ഉപദേശിക്കുകയാണ്. ഇരുട്ടിന്റെ കനത്ത അടരുകളെ വകഞ്ഞുമാറ്റിയാണ് ഭാവിയുടെ പ്രകാശസൂര്യന്‍ ഉദയംകൊള്ളുന്നത്. നമ്മുടെ കുട്ടികള്‍ നാളെയെക്കുറിച്ച് സ്വപ്നംകണ്ട് വളരേണ്ടവരാണ്. കുട്ടിക്കാലത്ത് ഞാന്‍ സ്വപ്നംകണ്ടത് ലാത്തിയും തോക്കും കഴുമരവുമായിരുന്നു. പുതിയകാലത്തെ കുട്ടികള്‍ നല്ല ജീവിതാവസ്ഥയെ സ്വപ്നം കാണണം. ടി പത്മനാഭന്റെ ഒരു കഥയുടെ പേര് പ്രകാശം പരത്തുന്ന പെണ്‍കുട്ടി എന്നാണ്.

ലോകമെങ്ങും ജൂണ്‍ 1ന് കുട്ടികളുടെ ദിനം ആചരിക്കുന്നു. പുള്ളിക്കുത്തുകള്‍ പതിഞ്ഞ ഗ്രാമങ്ങളിലും വിയര്‍പ്പൊഴുക്കി പണിയെടുക്കുന്ന തൊഴിലാളികള്‍ക്കിടയിലും ഭാരതത്തെ കണ്ടെത്തണമെന്ന് നെഹ്റു കുട്ടികളെ ഉപദേശിച്ചിട്ടുണ്ട്. അനസൂയവിശുദ്ധിയോടെ കുട്ടികള്‍ക്ക് വളരാനുള്ള സാഹചര്യമാണ് സമൂഹം ഒരുക്കേണ്ടത്. അനീതിയോടും അക്രമങ്ങളോടും സന്ധിയില്ലാതെ ശിരസ്സുയര്‍ത്തി പോരാടാനുള്ള കരുത്ത് കുട്ടികള്‍ക്കുണ്ടാകണം. സദാചാരനിഷ്ഠവും സാമൂഹ്യപ്രതിബദ്ധവുമായ ജീവിതത്തിലേക്കാണ് നമ്മുടെ കുഞ്ഞുങ്ങള്‍ നടന്നുനീങ്ങേണ്ടത്. അതുകൊണ്ടുതന്നെ ബലദായകമായ അറിവ് കുട്ടികള്‍ക്ക് നല്‍കണം. മനോബലം കൂട്ടുന്നതും ബുദ്ധി വികസിപ്പിക്കുന്നതും സമഭാവന നിലനിര്‍ത്തുന്നതും സ്വാശ്രയത്വം വളര്‍ത്തുന്നതുമായ വിദ്യാഭ്യാസത്തിലൂടെ കുട്ടികളെ ആദര്‍ശധീരരായി വാര്‍ത്തെടുക്കാന്‍ ഈ ദിനാചരണം ആഹ്വാനംചെയ്യുന്നു. സമൂഹത്തില്‍ സ്നേഹത്തിന്റെ സുവര്‍ണ കണ്ണികള്‍ വിളക്കിച്ചേര്‍ക്കേണ്ട കുട്ടികള്‍ ഇന്ന് ഏറ്റവും കൂടുതല്‍ പീഡനവും ആക്രമണവും ഏറ്റുവാങ്ങേണ്ടിവരുന്നു. നല്ലതെല്ലാം കുട്ടികള്‍ക്കാകണമെന്നാണ് ഐക്യരാഷ്ട്രസഭ ആഹ്വാനംചെയ്യുന്നത്.കുട്ടികളേ നിങ്ങള്‍ വളര്‍ന്ന് വലുതായി നാടിനുവേണ്ടി പെരുതുകയും മാനമായി വളരുകയും ചെയ്യണമെന്ന് സോവിയറ്റ് റഷ്യയിലെ പഴയ പോരാളികള്‍ ഓര്‍മിപ്പിക്കുന്നു. സാമൂഹ്യമാറ്റത്തിന്റെ ഈ സുവര്‍ണകണ്ണികളെ സദാകാലവും സമൂഹം ശ്രദ്ധയും പരിചരണവും നല്‍കി വളര്‍ത്തിയെടുക്കുന്നു. ലോക ശിശുദിനമെന്ന ആശയത്തിന്റെ ഉപജ്ഞാതാവ് "മാര്‍ഗരറ്റ് പാസ്ലാറോ" എന്ന വനിതയാണ്. കുഞ്ഞുങ്ങളുടെ പരിശുദ്ധി കാത്തുരക്ഷിക്കാന്‍ അവരുടെ സര്‍ഗാത്മകതയും സ്വാതന്ത്ര്യവും പരിപോഷിപ്പിക്കാന്‍ സമൂഹം ഇടപെടണമെന്ന് മാര്‍ഗരറ്റ് നിര്‍ദേശിക്കുകയുണ്ടായി. 1925ല്‍ ജനീവയില്‍ ചേര്‍ന്ന ലോകരാഷ്ട്രങ്ങളുടെ സമ്മേളനം ജൂണ്‍ 1ന് കുട്ടികളുടെ ദിനം ആചരിക്കണമെന്ന് ആഹ്വാനംചെയ്യുകയുണ്ടായി. നാടിന്റെ ശക്തിയും സമ്പത്തുമാണ് കുഞ്ഞുങ്ങള്‍. അവര്‍ നിഷ്കളങ്കഹൃദയരും നിറംപിടിപ്പിക്കാത്ത മിഴികളുള്ളവരുമാണ്. അവരുടെ ഭാവനകള്‍ക്ക് ഏഴഴകാണ്. ഇങ്ങനെയുള്ള കുഞ്ഞുങ്ങള്‍ ദാരിദ്ര്യമനുഭവിക്കരുതെന്ന്, തൊഴിലിന് നിര്‍ബന്ധിക്കപ്പെടരുതെന്ന,് ക്രൂരമായി പീഡിപ്പിക്കപ്പെടരുതെന്നും ജനീവാസമ്മേളനം ഓര്‍മിപ്പിക്കുന്നു.

ചങ്ങമ്പുഴയുടെ ദേവത എന്ന കവിതയില്‍ ഒരമ്മയുടെ ദയനീയചിത്രമുണ്ട്. സ്നേഹിച്ച് വശപ്പെടുത്തിയശേഷം കാര്യം കഴിഞ്ഞ് ആട്ടിയോടിക്കപ്പെട്ടവളാണ് ആ അമ്മ. സ്വന്തം മകളെങ്കിലും ഇത്തരമൊരു ചതിക്കുഴിയില്‍പ്പെടരുതെന്ന് ചിന്തിച്ച അമ്മ പെറ്റ കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊല്ലുന്നു. കൃത്യത്തിനുമുമ്പ് അമ്മ പറയുന്നത്, "പൈതലേ പാവപ്പെട്ടോര്‍ക്കുള്ളതല്ലീലോകം" എന്നാണ്. ക്രൂരപീഡനത്തിനിരയായി ജീവച്ഛവങ്ങളായിമാറുന്ന ബാല്യങ്ങളുടെ കഥകള്‍ പത്രത്താളുകളില്‍ നിറയുന്ന കാലമാണ് ഇത്. ഓരോ ചവിട്ടടിയിലും മൂടിക്കിടക്കുന്നത് ചതിക്കുഴികളാണ്.

കഴിഞ്ഞ ഏതാനും ദിവസങ്ങളിലെ പത്രവാര്‍ത്തകള്‍ നോക്കുക. പിഞ്ചുകുഞ്ഞിനെ പാരച്യൂട്ടില്‍ കെട്ടിയിട്ട് പറത്തി. സാഹസിക പ്രകടനക്കാരും മാതാപിതാക്കളുംചേര്‍ന്ന് 11 മാസം പ്രായമുള്ള കുഞ്ഞിനെ ഒറ്റയ്ക്ക് ഉയരത്തിലേക്ക് പറത്തിവിടുകയായിരുന്നു. കുഞ്ഞിന്റെ നിര്‍ത്താതെയുള്ള നിലവിളി മാതാപിതാക്കളുടെ കരളലിയിച്ചില്ല. മനുഷ്യാവകാശകമ്മീഷന്‍ ഏറ്റവും ക്രൂരമായ നടപടിയെന്ന് വിശേഷിപ്പിച്ച സംഭവത്തിനുത്തരവാദികളായവര്‍ക്കെതിരെ കേസെടുക്കുകയാണ്. മറ്റൊരു വാര്‍ത്ത മാതാപിതാക്കള്‍ സ്വന്തം മക്കളെ വിറ്റതാണ്. ആറും എട്ടും വയസ്സുള്ള മക്കളെ ഇടനിലക്കാര്‍വഴിയാണ് ആവശ്യക്കാര്‍ക്ക് വില്‍പ്പന നടത്തിയത്. കുട്ടികളെ വിലയ്ക്കുവാങ്ങി ആവശ്യക്കാര്‍ക്ക് മറിച്ചുവില്‍ക്കുന്ന ശിശുവില്‍പ്പന റാക്കറ്റിനു മാതാപിതാക്കള്‍ ഇരയാവുകയായിരുന്നു. അനധികൃതമായി കുഞ്ഞുങ്ങളെ കടത്തിക്കൊണ്ടുവന്നതാണ് മറ്റൊരു വാര്‍ത്ത. കാമുകനോടൊപ്പം ജീവിക്കാന്‍ കുഞ്ഞിനെ കിണറ്റിലെറിഞ്ഞ അമ്മയുടെ വാര്‍ത്തയും പത്രത്താളില്‍ നിറഞ്ഞു. രണ്ടര വയസ്സുള്ള കുഞ്ഞിനെയാണ് സുഖജീവിതത്തിന് തടസ്സമാകുമെന്ന കരുതി കിണറ്റിലെറിഞ്ഞുകളഞ്ഞത്. കുഞ്ഞുങ്ങളെക്കുറിച്ച് എന്നും നടുക്കുന്ന വാര്‍ത്തകളുമായാണ് പത്രങ്ങളിറങ്ങുന്നത്.

അമ്മയും കുഞ്ഞും എന്നത് സമൂഹത്തിന്റെ ശ്രേഷ്ഠമായ സങ്കല്‍പ്പമാണ്. ഹൃദയത്തിന്റെ എറ്റവും ശക്തമായ ചായ്വ് കുഞ്ഞുങ്ങളോടുണ്ടാവണമെന്ന് ഈ ദിനം ഓര്‍മിപ്പിക്കുന്നു. വര്‍ണം ചിതറുന്ന പൂക്കള്‍ ഉദ്യാനത്തെ ആകര്‍ഷകമാക്കുന്നതുപോലെ പുഞ്ചിരി ചിതറുന്ന കുഞ്ഞുങ്ങള്‍ സമൂഹത്തെ സുന്ദരമാക്കിത്തീര്‍ക്കുന്നു. ഗോര്‍ക്കിയുടെ അമ്മ എന്ന നോവലില്‍ കുഞ്ഞുങ്ങളെ ഏറെ വാഴ്ത്തുന്നുണ്ട്. കരുത്തുറ്റ കാലുകള്‍കൊണ്ട് അസത്യം ചവിട്ടിയരച്ച് മനുഷ്യദുഃഖത്തെ കീഴടക്കാന്‍ അവര്‍ ലോകത്തേക്കിറങ്ങിയിരിക്കുന്നു എന്ന് ഗോര്‍ക്കി ചൂണ്ടിക്കാട്ടുന്നു. നിര്‍ഭാഗ്യത്തെ തുടച്ചുനീക്കി ഉടഞ്ഞ ഹൃദയങ്ങളെ തുന്നിച്ചേര്‍ക്കുന്ന ദിവ്യശക്തി കുഞ്ഞുങ്ങള്‍ക്കുണ്ട്. ശാരീരികമായ ശിശുത്വത്തോടൊപ്പം ആത്മാവിന്റെ ശിശുത്വവും വിലയിരുത്തപ്പെടുന്ന കാലമാണിത്. ലളിതവും പരിശുദ്ധവും സുതാര്യവുമായ പ്രതികരണങ്ങളിലൂടെ കുഞ്ഞുങ്ങള്‍ക്ക് വളരാന്‍ കഴിയണം. കേരളത്തില്‍ സ്കൂള്‍ തുറക്കുന്ന കാലമാണിത്. അടിച്ചുപൊളിച്ചുനടന്ന ഒഴിവുകാലത്തോട് വിടവാങ്ങി കുട്ടികള്‍ പള്ളിക്കൂടങ്ങളിലേക്ക് തുള്ളിച്ചാടുകയാണ്. ഇവരെ വരവേല്‍ക്കാന്‍ വിദ്യാലയങ്ങളൊരുങ്ങിക്കഴിഞ്ഞു. കുഞ്ഞുങ്ങളുടെ കളിയും ചിരിയും കെടാതെ സൂക്ഷിക്കാനുള്ള അന്തരീക്ഷം വിദ്യാലയങ്ങളിലുണ്ടാകണം. പഴയ ഉപമകളും ഉല്‍പ്രേക്ഷകളുംകൊണ്ട് തൃപ്തിപ്പെടുന്നവരല്ല ഇന്നത്തെ കുഞ്ഞുങ്ങള്‍. കളിപ്പാട്ടങ്ങള്‍ക്കുപകരം അവരുടെ കൈകളില്‍ മൗസും മൊബൈലുമാണ്. എം ടി വാസുദേവന്‍നായരുടെ നാലുകെട്ടിലെ അപ്പുണ്ണി എന്ന കുട്ടി ചിന്തിക്കുന്നത് വളര്‍ന്ന് വലിയ ആളാകും എന്നാണ്. ആരെയും ഭയപ്പെടാതെ തലയുയര്‍ത്തിപ്പിടിച്ചുനില്‍ക്കും എന്നാണ്. അധ്യാപകന്റെ വിവേചനത്തില്‍ പ്രതിഷേധിച്ച് ക്ലാസ് വിട്ടിറങ്ങിയ ഓടയില്‍ നിന്നിലെ പപ്പു എന്ന കുട്ടിയെക്കുറിച്ചും നമുക്കറിയാം. എങ്കിലും ബാല്യകാലസഖിയിലെ മജീദിനെപ്പോലെ ഒന്നും ഒന്നും ചേര്‍ന്നാല്‍ ഉമ്മിണി ബല്യ ഒന്നായിത്തീരുന്ന വിദ്യാഭ്യാസസാഹചര്യങ്ങളാണ് മലയാളികള്‍ ഉറ്റുനോക്കുന്നത്. കേരളത്തിന്റെ പോരാട്ട ചരിത്രങ്ങളിലെല്ലാം കുട്ടികളുടെ വലിയ സാന്നിധ്യമുണ്ട്. പ്രായംകൊണ്ട് ചെറിയവരാണെങ്കിലും കുട്ടികള്‍ അത്ഭുതം കാട്ടുന്നവരാണ്. എങ്കിലും ജന്മംതൊട്ട് തുടങ്ങുന്നു അവരുടെ പ്രശ്നങ്ങള്‍. സ്നേഹസാഹോദര്യങ്ങള്‍ പൂത്തുലയുന്ന മനസ്സുമായി പാറിക്കളിക്കാന്‍ നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് കഴിയട്ടെ. എ കെ ജിയുടെ ജീവചരിത്രത്തില്‍ പറയുന്നു, "കുഞ്ഞുങ്ങള്‍ നാടിന്റെ നന്മകളാണ്. ഭാവിയെ നിയന്ത്രിക്കുന്ന കൈകളാണവര്‍ക്കുള്ളത്. കുട്ടികളോടൊത്ത് കളിച്ചുനടക്കുമ്പോള്‍ ജീവിതത്തിലെ കനത്ത ഭാരം ലഘൂകരിക്കപ്പെടും. രാജ്യത്തെ രക്ഷിക്കാനുള്ള സമരത്തിലെ വീരയോദ്ധാക്കളാണ് കുട്ടികള്‍".

*
പയ്യന്നൂര്‍ കുഞ്ഞിരാമന്‍

വേട്ടയാടപ്പെടുന്ന ദളിത് ജീവിതങ്ങള്‍

അടിസ്ഥാന സൗകര്യ നിഷേധത്തിന്റെയും നിര്‍ദയമായ സാമ്പത്തികപക്ഷപാതിത്വത്തിന്റെയും പാരമ്യമനുഭവിക്കുന്നവരാണ് ഇന്ത്യയിലെ ദളിത് ജനസാമാന്യം. രൂക്ഷവും മനുഷ്യത്വരഹിതവുമായ സാമൂഹിക വിവേചനമാണ് ദളിതര്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്നത്. ആ അവസ്ഥയുടെ നേര്‍ചിത്രമാണ് കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ ബദൗന്‍ ജില്ലയിലെ കത്ര ഗ്രാമത്തില്‍ കണ്ടത്. അവിടെ പ്രായപൂര്‍ത്തിയാകാത്ത രണ്ട് ദളിത് സഹോദരിമാരെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയശേഷം കൊന്ന് മരത്തില്‍ കെട്ടിത്തൂക്കുകയായിരുന്നു. പതിനാലും പതിനഞ്ചും പ്രായമായ ആ കുരുന്നുകളെ പിച്ചിച്ചീന്തി കൊന്നു കെട്ടിത്തൂക്കിയത് നിയമപാലകരടക്കമുള്ള ഹിംസ്ര ജന്തുക്കളാണ്. ഇതേ വാര്‍ത്തയോടൊപ്പം കേരളത്തില്‍ ഒരറസ്റ്റിന്റെ വിവരവും വന്നു. പതിനൊന്നു വയസ്സുള്ള ആദിവാസി ബാലികയെ ബലാത്സംഗംചെയ്ത് ശ്വാസംമുട്ടിച്ചു കൊന്ന പ്രമാണിയെ അറസ്റ്റ് ചെയ്ത വാര്‍ത്തയാണത്. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ആദിവാസികള്‍ക്കും ദളിതര്‍ക്കുമെതിരെ അതിക്രമങ്ങള്‍ അവിരാമം അരങ്ങേറുന്നതിന്റെ ദൃഷ്ടാന്തങ്ങളാണിത്. അവസാനിക്കുന്നില്ല-യുപിയിലും പഞ്ചാബിലും ദളിത് പെണ്‍കുട്ടികള്‍ ബലാത്സംഗത്തിനിരയായി കൊല്ലപെട്ടതിന്റെ വാര്‍ത്ത ഏറ്റവുമൊടുവില്‍ വന്നിരിക്കുന്നു.

മിര്‍ച്ച്പുര്‍, ധര്‍മപുരി, ഖൈന്‍ലാഞ്ചി എന്നിങ്ങനെയുള്ള സ്ഥലനാമങ്ങള്‍ ഇന്ന് ദളിത് വേട്ടയുടെ പ്രതീകങ്ങളാണ്. ഉത്തര്‍പ്രദേശിലെയും ഹരിയാനയിലെയും നിരവധി ഗ്രാമങ്ങളില്‍ ദളിത് ജനജീവിതം അചിന്തനീയമാംവിധം അരക്ഷിതമായ സാഹചര്യത്തിലാണ്. ഈയടുത്ത നാളുകളില്‍ അവിടങ്ങളില്‍ ദളിതര്‍ക്കെതിരെ നടന്ന അതിക്രമങ്ങള്‍ സ്വാതന്ത്ര്യലബ്ധിയുടെ ഏഴാം ദശകത്തിലെത്തി നില്‍ക്കുന്ന ഇന്ത്യ എത്ര മനുഷ്യത്വരഹിതമായാണ് ദളിതരെ കൈകാര്യം ചെയ്യുന്നതെന്ന് വ്യക്തമാക്കുന്നു. തലസ്ഥാനമായ ഡല്‍ഹിപോലും നിശിത വേട്ടയില്‍നിന്ന് വിട്ടുനില്‍ക്കുന്നില്ല. ഒരു ദളിത് വരനെ വിവാഹച്ചടങ്ങുകളുടെ ഭാഗമായി കുതിരപ്പുറത്ത് സഞ്ചരിക്കുന്നത് വിലക്കിയ അനുഭവം ഡല്‍ഹിയിലേതാണ്.

രാജ്യതലസ്ഥാനത്തെ പ്രധാന മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടായ എഐഐഎംഎസില്‍ ദളിത് വിദ്യാര്‍ഥികളെ മാനസികമായും ശാരീരികമായും ദ്രോഹിക്കുകയും പരീക്ഷകളില്‍ തോല്‍പ്പിക്കുകയും വ്യത്യസ്ത ഹോസ്റ്റലുകളില്‍ താമസിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്ത അനുഭവമുണ്ടായി. ദളിത് അധ്യാപക തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു. എഐഐഎംഎസില്‍ മാത്രമല്ല, നിരവധി ഐഐടികളിലും ഇതാണ് സ്ഥിതി. എഐഐഎംഎസില്‍ ജാതി വിവേചനം നിലവിലുണ്ടോ എന്ന് പരിശോധിക്കുന്നതിനായി ഗവണ്‍മെന്റ് നിയോഗിച്ച കമ്മിറ്റി ഈ വസ്തുതകള്‍ അക്കമിട്ട് നിരത്തി. ആരും ഒരു നടപടിയും സ്വീകരിച്ചില്ല.

പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയല്‍ നിയമാനുസരണം രജിസ്റ്റര്‍ചെയ്യുന്ന കേസുകളുടെ എണ്ണത്തില്‍ രാജ്യമെമ്പാടും വര്‍ധനയാണുണ്ടാകുന്നത്. 2010ല്‍ ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം 10513 കേസുകളാണ് ഈ നിയമപ്രകാരം രജിസ്റ്റര്‍ചെയ്തത്. 2011ല്‍ അത് 11342 ആയും 2012ല്‍ 12576 ആയും വര്‍ധിച്ചു. ദളിതര്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ വര്‍ധനയുണ്ടാവുകയും ശിക്ഷ വിധിക്കുന്നതിന്റെ നിരക്ക് കുറയുകയും ചെയ്യുന്നു. അതിക്രമവിരുദ്ധ നിയമത്തെ ശക്തിപ്പെടുത്തുന്നതിനുള്ള ഭേദഗതികള്‍ വരുത്തിയിട്ടില്ല. അതിക്രമക്കേസുകളില്‍ പ്രഥമ വിവര റിപ്പോര്‍ട്ടുകള്‍ ഫയല്‍ ചെയ്യുന്നതില്‍പോലും ദളിത് വിഭാഗങ്ങള്‍ പ്രയാസമനുഭവിക്കുന്നു. ഫയല്‍ചെയ്ത പട്ടികജാതി/പട്ടികവര്‍ഗ അതിക്രമക്കേസുകളില്‍ ശിക്ഷാനിരക്ക് 3 മുതല്‍ 8 ശതമാനംവരെയാണ്. കെട്ടിക്കിടക്കുന്ന കേസുകളാവട്ടെ 80 മുതല്‍ 90 ശതമാനം വരെയും. 21 ദളിതര്‍ കൊല്ലപ്പെടുകയും എന്നാല്‍, തെളിവില്ലെന്നതിന്റെ പേരില്‍ പ്രതികളെല്ലാം വിട്ടയക്കപ്പെടുകയുംചെയ്ത ബതാനി തോല കൂട്ടക്കൊലക്കേസിന്റെ 2012ലുണ്ടായ വിധിപ്രസ്താവത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ലമെന്റില്‍ സര്‍ക്കാര്‍ പറഞ്ഞ വിവരമാണിത്. ദളിതര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനായി ചെലവഴിക്കേണ്ട പണം ഈ വര്‍ഷത്തെ ബജറ്റില്‍ യുപിഎ ഗവണ്‍മെന്റ് വെട്ടിക്കുറയ്ക്കുകയാണുണ്ടായത്. യുപിഎ സര്‍ക്കാരില്‍നിന്ന് ദളിത് വിഭാഗങ്ങള്‍ക്ക് നിഷേധിക്കപ്പെട്ട നീതി നരേന്ദ്രമോഡി നയിക്കുന്ന ബിജെപി ഭരണത്തില്‍ ലഭ്യമാകും എന്ന് കരുതാനുള്ള സാഹചര്യവുമില്ല. മോഡി നാലുവട്ടം തുടരെ മുഖ്യമന്ത്രിയായ ഗുജറാത്തിലെ ദളിതരുടെ സ്ഥിതി കൂടുതല്‍ ഭയാനകമാണ്.

2011ലെ സെന്‍സസ് പ്രകാരം ഗുജറാത്തില്‍ 2000ത്തിലേറെ കുടുംബങ്ങള്‍ തോട്ടിപ്പണിയിലേര്‍പ്പെട്ടിരിക്കുന്നു. ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് നടത്തിയ മറ്റൊരു കണക്കെടുപ്പ് വ്യക്തമാക്കുന്നത് ഗുജറാത്തില്‍ 12000 തോട്ടിപ്പണിക്കാരുണ്ടെന്നാണ്. ഗുജറാത്തില്‍ ഏറ്റവും കൂടുതല്‍ ദളിതര്‍ തിങ്ങിപ്പാര്‍ക്കുന്ന സൗരാഷ്ട്രയില്‍ 900ത്തിലേറെ കുടുംബങ്ങള്‍ തോട്ടിപ്പണിയെടുക്കുന്നു. ബിജെപി "ശ്രേഷ്ഠ" ഭരണം നടത്തുന്ന "മാതൃകാ സംസ്ഥാ"ത്തില്‍ രൂക്ഷമായ ജാതിവിവേചനമാണ് നിലനില്‍ക്കുന്നത്.

സമൂഹത്തിലെ ദളിതരുടെയും പാര്‍ശ്വവല്‍കൃത ജനവിഭാഗങ്ങളുടെയും ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനല്ല, കൂടുതല്‍ അധോഗതിയിലേക്ക് തള്ളിവിടാനുള്ള മത്സരമാണ് യുപിഎയും എന്‍ഡിഎയും നടത്തുന്നത്. അതിന്റെ പ്രതിഫലനമാണ്, മരത്തില്‍ തൂങ്ങിക്കിടക്കുന്ന ദളിത് പെണ്‍കുട്ടികളുടെ മൃതശരീരങ്ങള്‍. ദളിതരുടെ ഈ ദുഃസ്ഥിതി മാറ്റിയെടുക്കുന്നതിനും അവരെ ശാക്തീകരിക്കുന്നതിനും ഭീകരമായ ജാതിവ്യവസ്ഥയ്ക്കെതിരായ ശക്തമായ സമരം നടത്തുന്നതിനും അതിശക്തമായ ഇടപെടല്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. ഇടതുപക്ഷ നേതൃത്വത്തില്‍ പശ്ചിമ ബംഗാളിലെയും കേരളത്തിലെയും ത്രിപുരയിലെയും സര്‍ക്കാരുകള്‍ നടത്തിയ ഇടപെടല്‍ അത്തരത്തിലുള്ളതായിരുന്നു. പശ്ചിമ ബംഗാള്‍ ഇന്ന് തിരിച്ചുപോക്കിന്റെ പാതയിലാണ്. തൃണമൂല്‍ ഭരണത്തില്‍ ദളിതര്‍ പരക്കെ ആക്രമിക്കപ്പെടുന്നു. ഭൂപരിഷ്കരണത്തിലൂടെ അവര്‍ക്കു ലഭിച്ച ഭൂമി തിരിച്ചെടുക്കാന്‍ ഭൂപ്രഭുക്കള്‍ക്ക് സര്‍ക്കാര്‍ ഒത്താശചെയ്യുന്നു. എല്ലാ തരത്തിലുള്ള ജാതി വിവേചനത്തിനും അടിച്ചമര്‍ത്തലിനുമെതിരായ പോരാട്ടം രാജ്യത്താകെ വളര്‍ന്നുവരേണ്ടതിന്റെ അനിവാര്യത ആവര്‍ത്തിച്ചുറപ്പിക്കപ്പെടുന്ന സാഹചര്യമാണിത്.
*
deshabhimani editorial 31-05-2014

വര്‍ഗീയ-സാമ്പത്തിക ആക്രമണങ്ങള്‍

ഇരട്ടനാവോടെയാണ് ആര്‍എസ്എസും ബിജെപിയും സംസാരിക്കുന്നതെന്ന വസ്തുത തെളിയിക്കപ്പെട്ടതാണ്. ഇരട്ട അജന്‍ഡ നടപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ "ഇരട്ട ഭാഷണം" അവര്‍ മികവോടെ തുടരുന്നത്. തീവ്രമായ തോതില്‍ വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കല്‍ എന്ന ആര്‍എസ്എസിന്റെ പ്രധാന അജന്‍ഡയാണ് ഇതിലൊന്ന്. രണ്ടാമത്തേത് പൊതുജനാഭിപ്രായം അനുകൂലമാക്കാനുള്ള ശ്രമം. ലോക്സഭാ തെരഞ്ഞെടുപ്പു പ്രചാരണകാലത്ത് ആര്‍എസ്എസും ബിജെപിയും നടപ്പാക്കിയ ഇരട്ടഅജന്‍ഡ സുവിദിതമാണ്. 2002ലെ ഗുജറാത്ത് വംശഹത്യയുടെ "മുഖമായി" നരേന്ദ്രമോഡി തുടരുന്ന സാഹചര്യത്തില്‍ അദ്ദേഹത്തെ പ്രധാനമന്ത്രിസ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിലൂടെ അവര്‍ക്ക് വര്‍ഗീയധ്രുവീകരണം ഉറപ്പാക്കാനായി. മറുവശത്ത്, "വികസനം", "ഗുജറാത്ത് മോഡല്‍", "സദ്ഭരണം" തുടങ്ങിയ വര്‍ഗീയേതര വിഷയങ്ങള്‍ ചര്‍ച്ചചെയ്തും വോട്ടര്‍മാരുടെ പിന്തുണ തേടിയും ജനങ്ങളെ ആകര്‍ഷിച്ചു. ഈ ഇരട്ടതന്ത്രം ഫലപ്രദമായി നടപ്പാക്കിയാണ് ആര്‍എസ്എസും ബിജെപിയും തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്തത്. എന്നിരുന്നാലും സത്യപ്രതിജ്ഞയുടെ തലേന്ന് നരേന്ദ്രമോഡി സര്‍ക്കാരിന്റെ യഥാര്‍ഥ അജന്‍ഡ മറനീക്കി.

ഹിന്ദുത്വസംഘടനകള്‍ ആസൂത്രണംചെയ്ത നിരവധി ഭീകരാക്രമണകേസുകളിലെ പ്രധാന പ്രതികളില്‍ ഒരാളും ആര്‍എസ്എസ് ദേശീയ എക്സിക്യൂട്ടീവ് അംഗവുമായ ഇന്ദ്രേഷ്കുമാര്‍ ആവശ്യപ്പെട്ടത്, സിബിഐയും എന്‍ഐഎയും എടിഎസും അന്വേഷിക്കുന്ന ഇത്തരം എല്ലാ കേസും പിന്‍വലിക്കണമെന്നും അറസ്റ്റിലായ ഹിന്ദുത്വസംഘടനകളുടെ എല്ലാ നേതാക്കളെയും വിട്ടയക്കണമെന്നുമാണ്. "രണ്ടാം സ്വാതന്ത്ര്യ"മാണ് തെരഞ്ഞെടുപ്പു ഫലമെന്നും ദേശീയ ദിനപത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം അവകാശപ്പെട്ടു.

അധികാരമേറ്റയുടന്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള സഹമന്ത്രി ജിതേന്ദ്രസിങ് പ്രഖ്യാപിച്ചത് ജമ്മു കശ്മീരിന് പ്രത്യേകപദവി നല്‍കുന്ന 370-ാം വകുപ്പ് ഭരണഘടനയുടെ ഭാഗമായി തുടരുന്ന കാര്യം പുനഃപരിശോധിക്കുമെന്നാണ്. നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യലബ്ധിയുടെയും വിഭജനത്തിന്റെയുംസമയത്ത് ഈ വകുപ്പിന്റെ അടിസ്ഥാനത്തിലാണ് ജമ്മു കശ്മീരിനെ ഇന്ത്യയുടെ ഭാഗമായി ചേര്‍ത്തതെന്ന വസ്തുത ഓര്‍ക്കണം. 370-ാം വകുപ്പ് റദ്ദാക്കാനുള്ള നടപടിയും ചര്‍ച്ചയും ആരംഭിച്ചിട്ടുണ്ടെന്ന വ്യക്തമായ ഈ പ്രസ്താവന ജമ്മു കശ്മീരിലെ ഭരണ-പ്രതിപക്ഷ കക്ഷികളുടെ കടുത്ത എതിര്‍പ്പിന് സ്വാഭാവികമായി വഴിയൊരുക്കിയിട്ടുണ്ട്. 370-ാം വകുപ്പ് റദ്ദാക്കല്‍ ഈ തെരഞ്ഞെടുപ്പില്‍ ആര്‍എസ്എസിന്റെയും ബിജെപിയുടെയും "യഥാര്‍ഥ അജന്‍ഡ"യുടെ ഭാഗമായിരുന്നു. വാജ്പേയി സര്‍ക്കാരിന്റെ കാലത്ത് ഭൂരിപക്ഷം ഇല്ലാതിരുന്നതിനാലാണ് 370-ാം വകുപ്പ് റദ്ദാക്കാന്‍ കഴിയാതിരുന്നതെന്ന് അവര്‍ പറയുന്നു. "ഈ വകുപ്പ് റദ്ദാക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന്" ബിജെപി പ്രകടനപത്രികയില്‍ പ്രഖ്യാപിച്ചിരുന്നു. അയോധ്യയിലെ തര്‍ക്കസ്ഥലത്ത് രാമക്ഷേത്രനിര്‍മാണം, ഏകീകൃത സിവില്‍കോഡ് നടപ്പാക്കല്‍, 370-ാം വകുപ്പ് റദ്ദാക്കല്‍ എന്നിവയാണ് ഹിന്ദുത്വഅജന്‍ഡയുടെ കാതലെന്ന് ആര്‍എസ്എസും ബിജെപിയും വ്യക്തമാക്കിയിട്ടുണ്ട്.

അതുപോലെ, മതന്യൂനപക്ഷങ്ങളുടെ സംവരണവുമായി ബന്ധപ്പെട്ട് മോഡിസര്‍ക്കാരിലെ മന്ത്രിമാര്‍ ചില അഭിപ്രായപ്രകടനങ്ങള്‍ നടത്തിയിട്ടുണ്ട്. ന്യൂനപക്ഷങ്ങള്‍ക്ക് 4.5 ശതമാനം ഉപസംവരണം എന്നതിന് ബിജെപി എതിരാണെന്നും കാരണം, മതത്തിന്റെ അടിസ്ഥാനത്തിലുള്ള ഈ സംവരണം "ഭരണഘടനാവിരുദ്ധമാണെന്നും" സാമൂഹികനീതി മന്ത്രി തവര്‍ചന്ദ് ഗെലോട്ട് പറഞ്ഞു. ന്യൂനപക്ഷസംവരണം എന്നതിന് താന്‍ എതിരാണെന്നും എന്തെന്നാല്‍ സംവരണം "മത്സരത്തിനുള്ള ആവേശം" ഇല്ലാതാക്കുമെന്നുമാണ് ന്യൂനപക്ഷക്ഷേമമന്ത്രി നജ്മ ഹെപ്ത്തുള്ള പറഞ്ഞത്. മുസ്ലിങ്ങള്‍ ഇപ്പോള്‍ യഥാര്‍ഥത്തില്‍ ന്യൂനപക്ഷമല്ലെന്നും അവരുടെ എണ്ണം പെരുകിയിട്ടുണ്ടെന്നും ജനസംഖ്യ കുറഞ്ഞുവരുന്ന പാഴ്സികളാണ് ന്യൂനപക്ഷ പരിഗണന അര്‍ഹിക്കുന്നതെന്നുകൂടി പറയാന്‍ നജ്മ മുതിര്‍ന്നു. മുസ്ലിങ്ങളുടെ ക്ഷേമപ്രവര്‍ത്തനത്തില്‍ തന്റെ മന്ത്രാലയത്തിന്റെ പങ്ക് കുറച്ചുകൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ് നജ്മയെന്ന ധാരണയാണ് അവര്‍ നല്‍കുന്നത്.

""മുസ്ലിങ്ങള്‍ ന്യൂനപക്ഷങ്ങളല്ല. പാഴ്സികളാണ് ന്യൂനപക്ഷം. എണ്ണം കുറയാതിരിക്കാന്‍ അവരെ സഹായിക്കുന്നതിന് എന്തുചെയ്യാന്‍ കഴിയുമെന്ന് നോക്കണം"". ഇങ്ങനെയാണ് നജ്മ മാധ്യമങ്ങളോട് പറഞ്ഞത്. (ടൈംസ് ഓഫ് ഇന്ത്യ, മെയ് 28, 2014). പല മേഖലകളിലും പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളേക്കാള്‍ മോശം അവസ്ഥയിലാണ് മുസ്ലിങ്ങള്‍ കഴിയുന്നതെന്ന് ഇവരുടെ സാമൂഹിക-സാമ്പത്തിക സാഹചര്യം പഠിച്ച ജസ്റ്റിസ് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തിയത് ഓര്‍ക്കണം. ഈ സ്ഥിതി മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജസ്റ്റിസ് രംഗനാഥ് മിശ്രയെ യുപിഎ സര്‍ക്കാര്‍ നിയോഗിക്കുകയുംചെയ്തു. മിശ്ര കമീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് യുപിഎ സര്‍ക്കാര്‍ 2011 ഡിസംബറില്‍ ഒബിസി വിഭാഗങ്ങള്‍ക്കുള്ള 27 ശതമാനം സംവരണത്തിനുള്ളില്‍ മതന്യൂനപക്ഷങ്ങള്‍ക്ക് 4.5 ശതമാനം ഉപസംവരണം ഏര്‍പ്പെടുത്തിയത്.

ജസ്റ്റിസ് രംഗനാഥ് മിശ്ര കമീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ത്തന്നെയാണ് പശ്ചിമബംഗാളിലെ അന്നത്തെ ഇടതുമുന്നണി സര്‍ക്കാര്‍ വിവിധ മുസ്ലിംവിഭാഗങ്ങളെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ഒബിസി സംവരണപരിധിക്കുള്ളില്‍ 10 ശതമാനം ഉപസംവരണം ഏര്‍പ്പെടുത്തുകയും ചെയ്തത്. അന്നത്തെ കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതിന് വളരെമുമ്പായിരുന്നു ഇത്. കേവലം എണ്ണത്തിന്റെ അടിസ്ഥാനത്തിലല്ല, മുസ്ലിങ്ങളുടെ സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങള്‍ മാനദണ്ഡമാക്കിയാണ് അവര്‍ക്ക് പരിഗണന നല്‍കേണ്ടതെന്ന് പുതിയ ന്യൂനപക്ഷക്ഷേമമന്ത്രിയോട് പറയേണ്ടിവന്നിരിക്കുന്നു. ഈ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ മുസ്ലിങ്ങളെ പാഴ്സികളെപ്പോലുള്ള മറ്റ് ന്യൂനപക്ഷവിഭാഗങ്ങളുമായി താരതമ്യംചെയ്യുന്നത് ക്രൂരതയാണ്. ഹിന്ദുത്വഅജന്‍ഡയുടെ കാതല്‍ ഇത്തരത്തില്‍ സര്‍ക്കാര്‍നയങ്ങളില്‍ പ്രതിഫലിക്കുമ്പോള്‍, ഇതേ അജന്‍ഡയുടെ വൃത്തികെട്ട മുഖം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വര്‍ഗീയധ്രുവീകരണം ശക്തിപ്പെടുത്തുന്ന വിധം പ്രത്യക്ഷപ്പെടുന്നുവെന്നതാണ് കൂടുതല്‍ ആശങ്കാജനകമായ കാര്യം.

നമാസ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മംഗളൂരുവില്‍ മോഡിസര്‍ക്കാരിന്റെ സത്യപ്രതിജ്ഞയുടെ തലേന്ന് വിവിധ ഹിന്ദുത്വസംഘടനകള്‍ പ്രതിഷേധം സംഘടിപ്പിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തെരഞ്ഞെടുപ്പുഫലം വന്നശേഷം കര്‍ണാടകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷം ഉയര്‍ന്നുവന്നിട്ടുണ്ട്. പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയോടനുബന്ധിച്ച് കര്‍ണാടകത്തിലെ ബിജാപ്പുരില്‍ ബിജെപി നടത്തിയ വിജയഘോഷയാത്ര നഗരഹൃദയത്തിലെ പച്ചക്കറിച്ചന്തയില്‍ പൂര്‍ണതോതിലുള്ള വര്‍ഗീയകലാപത്തിലാണ് കലാശിച്ചത്. 15 പേര്‍ക്ക് പരിക്കേറ്റു. മാര്‍ക്കറ്റ് കൊള്ളയടിക്കുകയുംചെയ്തു. ഗുജറാത്തിന്റെ തലസ്ഥാനമായ അഹമ്മദാബാദിലെ ഗോമതിപുരില്‍ സത്യപ്രതിജ്ഞയുടെ തലേന്ന് വര്‍ഗീയ ഏറ്റുമുട്ടലുകളുണ്ടായി. പരസ്പരം ഏറ്റുമുട്ടിയ ഹിന്ദു-മുസ്ലിം ഗ്രൂപ്പുകളെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. രണ്ടു സമുദായത്തിലെ ചിലര്‍ തമ്മിലുള്ള ചെറിയ തര്‍ക്കമാണ് വന്‍ സംഘര്‍ഷമായി വളര്‍ന്നത്. നിരവധി കടകളും ബസും ഇരുചക്രവാഹനങ്ങളും കത്തിച്ചു.

സാമ്പത്തികരംഗത്ത് നവഉദാരനയങ്ങള്‍ കൂടുതല്‍ തീവ്രതയോടെ നടപ്പാക്കാന്‍ ഒരുങ്ങുകയാണ്. പ്രതിരോധ ഉല്‍പ്പന്നമേഖലയില്‍ പ്രത്യക്ഷവിദേശനിക്ഷേപ പരിധി നിലവിലുള്ള 26 ശതമാനത്തില്‍നിന്ന് ഉയര്‍ത്തുമെന്ന് പുതിയ പ്രതിരോധമന്ത്രി സൂചന നല്‍കിയിട്ടുണ്ട്. പ്രതിപക്ഷം ഉയര്‍ത്തിയ ആശങ്കകള്‍ മാനിക്കാതെ, ദേശീയസുരക്ഷ അടിയറവച്ച് പ്രതിരോധഉല്‍പ്പന്നമേഖലയില്‍ പ്രത്യക്ഷവിദേശനിക്ഷേപം അനുവദിച്ചത് വാജ്പേയിയുടെ നേതൃത്വത്തിലുള്ള ബിജെപി മുന്നണി സര്‍ക്കാരായിരുന്നു എന്നതും സ്മരണീയം.

തെരഞ്ഞെടുപ്പുകാലത്തുയര്‍ന്ന ആശങ്കകള്‍ ശരിവയ്ക്കുന്ന സൂചനകളാണ് സര്‍ക്കാരിന്റെ ആദ്യനടപടികളില്‍നിന്ന് ലഭിക്കുന്നത്; ഒരുവശത്ത് രാജ്യത്ത് വര്‍ഗീയധ്രുവീകരണം ശക്തമാക്കുക, മറുവശത്ത് ജനജീവിതം ദുസ്സഹമാക്കുന്ന രീതിയില്‍ ഉദാരവല്‍ക്കരണ സാമ്പത്തികനയങ്ങള്‍ നടപ്പാക്കുക- ഈ ഇരട്ടലക്ഷ്യത്തിലാണ് സര്‍ക്കാര്‍ നീങ്ങുന്നത്. ഇത്തരമൊരു ദ്വിമുഖ ആക്രമണത്തിനുമുന്നില്‍ നാം ഇരകളായി നിന്നുകൊടുക്കേണ്ട കാര്യമില്ല, മറിച്ച് നമ്മുടെ രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കാനും ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്താനും വരുംനാളുകളില്‍ ശക്തമായ പോരാട്ടങ്ങള്‍ നടത്താന്‍ സജ്ജമാവുകയാണ് ചെയ്യേണ്ടത്.

*
(പീപ്പിള്‍സ് ഡമോക്രസി മുഖപ്രസംഗം, മെയ് 28, 2014)

തൊഴിലും വ്യവസായങ്ങളും സംരക്ഷിക്കാന്‍ പ്രക്ഷോഭം

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നവ-ഉദാരവല്‍ക്കരണ നയങ്ങളാണ് കേരളം നേരിടുന്ന പ്രതിസന്ധികള്‍ക്കുത്തരവാദി. സംസ്ഥാനത്ത് പ്രവര്‍ത്തിച്ചുവരുന്ന കേന്ദ്ര പൊതുമേഖലാ വ്യവസായങ്ങള്‍ മിക്കവയും തകര്‍ച്ചയിലാണ്. ഫാക്ട് പുനരുദ്ധാരണത്തിനായി അംഗീകരിച്ച പാക്കേജനുസരിച്ചുള്ള സാമ്പത്തിക സഹായം ഉടന്‍ ലഭ്യമായില്ലെങ്കില്‍, ഫാക്ട് അടച്ചു പൂട്ടപ്പെടും. തൊഴിലാളികള്‍ ഒറ്റക്കെട്ടായി നടത്തിയ പ്രക്ഷോഭത്തെ യുപിഎ സര്‍ക്കാര്‍ അവഗണിക്കുകയാണുണ്ടായത്. കൊച്ചി തുറമുഖം, കൊച്ചിന്‍ ഷിപ്യാര്‍ഡ്, എച്ച്എംടി, എച്ച്ഒസി, ഐആര്‍ഇ, പാലക്കാട് ഇന്‍സ്ട്രുമെന്റേഷന്‍ തുടങ്ങിയ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം പ്രതിസന്ധി നേരിടുകയാണ്.

കേരളത്തിന് വാഗ്ദാനംചെയ്യപ്പെട്ട കോച്ച് ഫാക്ടറി, വാഗണ്‍ഫാക്ടറി തുടങ്ങിയ പുതിയ പദ്ധതികളൊന്നും യാഥാര്‍ഥ്യമായില്ല. റെയില്‍വേയുടെ കാര്യത്തില്‍ കടുത്ത അവഗണന നേരിടുന്ന സംസ്ഥാനമാണ് കേരളം. എല്‍ഡിഎഫ് സര്‍ക്കാര്‍ പുനരുദ്ധരിച്ച എല്ലാ പൊതുമേഖലാ വ്യവസായങ്ങളും പിറകോട്ടു പോയി. ചില സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കുന്നു. ഒരു പുതിയ നിക്ഷേപവും കേരളത്തില്‍ വന്നിട്ടില്ല. കെഎസ്ആര്‍ടിസി വലിയ പ്രതിസന്ധിയിലായി. മാസങ്ങളായി പെന്‍ഷന്‍ വതരണവും നടക്കുന്നില്ല. വൈദ്യുതി ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ പുതിയ ഒരു പദ്ധതിയും യുഡിഎഫ് സര്‍ക്കാര്‍ ഏറ്റെടുത്തില്ല. ചീമേനി പദ്ധതി നിശ്ചലമായി. ഒഡിഷയിലെ ബൈതരണിയില്‍, കേരളത്തിനുവദിച്ച കല്‍ക്കരിപ്പാടം ഈ സര്‍ക്കാരിന്റെ കാലത്ത് നഷ്ടപ്പെട്ടു. കൂടംകുളം പദ്ധതിയില്‍ നിന്നുള്ള വൈദ്യുതി വിഹിതം സംസ്ഥാനത്തിന് ലഭിക്കാനുള്ള ലൈന്‍ സ്ഥാപിക്കല്‍ പൂര്‍ത്തിയാക്കാന്‍പോലും സര്‍ക്കാരിന് കഴിഞ്ഞില്ല.

പുതവൈപ്പിന്‍ എല്‍എന്‍ജി ടെര്‍മിനല്‍ പൂര്‍ത്തിയായെങ്കിലും, പൈപ്പ്ലൈന്‍ പ്രവൃത്തി പൂര്‍ത്തിയാവാത്തതിനാല്‍, ഒരു പദ്ധതിക്കും പ്രകൃതിവാതകം ഉപയോഗിക്കാന്‍ കഴിയുന്നില്ല. ഭൂഉടമകള്‍ക്ക് ന്യായമായ വില നല്‍കി ഭൂമി ഏറ്റെടുക്കുന്നതില്‍ സര്‍ക്കാര്‍ കാണിക്കുന്ന അനാസ്ഥയാണ് ഇതിന് കാരണം. യുഡിഎഫ് സര്‍ക്കാരിന്റെ നിഷ്ക്രിയത്വം എല്ലാ വികസന പദ്ധതികളും മരവിപ്പിച്ചിരിക്കുകയാണ്.

സംസ്ഥാനത്ത് ലക്ഷക്കണക്കിന് തൊഴിലാളികള്‍ ജോലിചെയ്യുന്ന പരമ്പരാഗത വ്യവസായങ്ങളെല്ലാം തകര്‍ച്ചയിലാണ്. കയര്‍, കശുവണ്ടി, കൈത്തറി, ആര്‍ട്ടിസാന്‍, കള്ളുചെത്ത്, മത്സ്യം, ഖാദി, ബീഡി, ഈറ്റ-പനമ്പ് തുടങ്ങിയ മേഖലകളിലെ തൊഴിലാളികള്‍ നിരന്തരമായി പ്രക്ഷോഭം നടത്തിയിട്ടും, ഈ വ്യവസായങ്ങളെ പുനരുദ്ധരിക്കാനും, തൊഴിലാളികളുടെ തൊഴില്‍ സംരക്ഷിക്കാനും ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചില്ല. നിര്‍മാണ മേഖല ഗുരുതരമായ പ്രതിസന്ധിയിലാണ്. മണല്‍, ചെങ്കല്ല്, കരിങ്കല്ല് തുടങ്ങിയ നിര്‍മാണ സാമഗ്രികള്‍ ലഭിക്കാന്‍ നരവധി തടസ്സങ്ങളുണ്ട്. ഇതിന് പരിഹാരം കാണാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. സിമന്റ്, കമ്പി എന്നിവയുടെ വിലക്കയറ്റം സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. ലക്ഷക്കണക്കിന് തൊഴിലാളികളെ ബാധിക്കുന്നതാണ് പ്രശ്നം. കളിമണ്ണ് ലഭിക്കാനുള്ള തടസ്സംമൂലം ഓട് - ഇഷ്ടിക നിര്‍മാണ വ്യവസായങ്ങളും പ്രതിസന്ധിയിലാണ്.

മോട്ടോര്‍ വ്യവസായം വലിയ കുഴപ്പത്തിലാണ്. ടാക്സ് വര്‍ധന, ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധന, പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ അടക്കടിയുള്ള വിലവര്‍ധന തുടങ്ങിയവ ഈ മേഖലയെ കലുഷമാക്കുന്നു. സര്‍ക്കാരിന്റെ നിസ്സംഗത, ഈ മേഖലയിലെ പ്രശ്നങ്ങളെ സങ്കീര്‍ണമാക്കുന്നു. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകളും, ഉല്‍പ്പന്ന വിലയിടിവും തോട്ടം വ്യവസായത്തെയും ഗുരുതരമായി ബാധിച്ചു.യുപിഎ സര്‍ക്കാര്‍ ഒപ്പുവച്ച ആസിയന്‍ കരാര്‍, സംസ്ഥാനത്തിന് വലിയ തിരിച്ചടിയായി. ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെട്ടു. സഹകരണ മേഖല, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നയംമൂലം തകര്‍ച്ച നേരിടുകയാണ്. സ്വകാര്യവല്‍ക്കരണ ഭീഷണിയില്‍, ബാങ്കിങ് മേഖലയും കുഴപ്പത്തിലാണ്. എസ്ബിഐ-റിലയന്‍സ് കരാര്‍, സ്റ്റേറ്റ് ബാങ്കിനെ സ്വകാര്യ കുത്തകകള്‍ക്ക് അടിയറവയ്ക്കുന്നതാണ്.

തുച്ഛമായ വേതനം പറ്റുന്ന വിവിധ സ്കീം തൊഴിലാളികളുടെ സ്ഥിതി ദുരിതപൂര്‍ണമാണ്. അങ്കണവാടി, ആഷ, സ്കൂള്‍ പാചക തൊഴിലാളികള്‍, ദേശീയ സമ്പാദ്യ പദ്ധതി പിരിവുകാര്‍ തുടങ്ങിയവരെല്ലാം കടുത്ത ദുരിതത്തിലാണ്. തൊഴിലാളി ക്ഷേമപദ്ധതികള്‍ എല്ലാം താറുമാറായി. സംസ്ഥാന തൊഴില്‍ വകുപ്പിന്റെ കെടുകാര്യസ്ഥത, ലക്ഷക്കണക്കിന് തൊഴിലാളികളുടെ ക്ഷേമപദ്ധതികള്‍ താറുമാറാക്കി. ക്ഷേമനിധിഫണ്ട് തിരിമറി നടത്തിയും, ഉദ്യോഗസ്ഥ മേധാവികളുടെ താന്തോന്നിത്തത്തിന് വിധേയമാക്കിയും, എല്ലാ ക്ഷേമപദ്ധതികളും തകര്‍ക്കുന്ന നിലപാടാണ് സര്‍ക്കാരിന്റേത്. വ്യാപാര മേഖലയിലും ഐടി മേഖലയിലും മറ്റും കടുത്ത നിയമനിഷേധമാണ് നടക്കുന്നത്. തുച്ഛമായ വേതനംമാത്രം നല്‍കി തൊഴിലാളികളെ ചൂഷണംചെയ്യുകയാണ്. ജോലിസ്ഥിരത എന്നത് ഒരിടത്തുമില്ല. പുതുതലമുറ ബാങ്കുകള്‍, സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികള്‍, സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയും എല്ലാ തൊഴില്‍ നിയമങ്ങളും കാറ്റില്‍ പറത്തുന്നു. സ്വകാര്യ ആശുപത്രികള്‍, അണ്‍ എയ്ഡഡ് വിദ്യാലയങ്ങള്‍ തുടങ്ങിയവയിലും കടുത്ത തൊഴില്‍ ചൂഷണമാണ് നടക്കുന്നത്. സര്‍ക്കാര്‍ ഇതിനെല്ലാം മൂകസാക്ഷിയാവുന്നു. കരാര്‍, പുറംജോലി സമ്പ്രദായം വ്യാപിക്കുകയാണ്. പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വകാര്യ വ്യവസായങ്ങള്‍, ഐടി മേഖല, വ്യാപാര മേഖല എന്നിവിടങ്ങളിലെല്ലാം ഈ സ്ഥിതി വ്യാപിക്കുന്നു. റെയില്‍വേ, ടെലികോം തുടങ്ങിയ മേഖലകളിലും വിവിധ ജോലികള്‍ കരാര്‍ നല്‍കുന്നു. ജോലിസ്ഥിരതയില്ലാത്തതിനാല്‍, നിയമാനുസൃത അവകാശങ്ങള്‍പോലും ചോദിക്കാന്‍ തൊഴിലാളികള്‍ക്കാവുന്നില്ല. വികസനം സംബന്ധിച്ച് വികലമായ കാഴ്ചപ്പാടാണ് യുഡിഎഫ് സര്‍ക്കാരിനുള്ളത്. "പുകക്കുഴല്‍ വ്യവസായം" വേണ്ട എന്ന സര്‍ക്കാരിന്റെ പ്രഖ്യാപനം, ഉല്‍പ്പാദന മേഖലയെ പൂര്‍ണമായും പുറംതള്ളലാണ്. ചെറുകിട-ഇടത്തരം വ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ഒരു നടപടിയുമില്ല. എമര്‍ജിങ് കേരളപോലുള്ള പ്രചാരണ പരിപാടികള്‍ നടത്തിയിട്ടും നിക്ഷേപകരെ ആകര്‍ഷിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. ഒരു രൂപയുടെ കേന്ദ്ര നിക്ഷേപം പോലും നേടിയെടുക്കാന്‍ യുഡിഎഫ് സര്‍ക്കാരിനായില്ല.

അഭ്യസ്തവിദ്യരായ തൊഴില്‍രഹിതര്‍ കടുത്ത ആശങ്കയിലാണ്. സ്വകാര്യ-അണ്‍ എയ്ഡഡ് വിദ്യാലയങ്ങളില്‍ ലക്ഷങ്ങള്‍ വായ്പയെടുത്ത് മുടക്കി, വിദ്യാഭ്യാസം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്ന, യുവതീ യുവാക്കളുടെ മുമ്പില്‍ ഒരു തൊഴിലവസരവും ഇല്ല. സംരംഭകത്വ വികസനമെന്ന വായ്ത്താരിയല്ലാതെ, പുതിയ തൊഴില്‍ സൃഷ്ടിക്കാനോ, നിലവിലുള്ള തൊഴില്‍ സംരക്ഷിക്കാനോ, യുഡിഎഫ് സര്‍ക്കാരിനാവുന്നില്ല. എല്ലാറ്റിനും പരിഹാരം സ്വകാര്യപങ്കാളിത്തം മാത്രമാണെന്ന വിനാശകരമായ നയമാണ് സര്‍ക്കാര്‍ മുന്നോട്ടു വയ്ക്കുന്നത്. സംസ്ഥാനം കടുത്ത വികസന മുരടിപ്പാണ് നേരിടുന്നത്.

വിവിധ തൊഴില്‍ മേഖലകളിലെ തൊഴിലാളികള്‍, കഴിഞ്ഞ മൂന്ന് വര്‍ഷമായി നിരന്തര സമരത്തിലാണ്. പക്ഷേ, സര്‍ക്കാര്‍ കണ്ട ഭാവം നടിക്കുന്നില്ല. ഈ സാഹചര്യത്തില്‍, മുഴുവന്‍ തൊഴിലാളികളും ഒറ്റക്കെട്ടായി ചേര്‍ന്ന്, പ്രക്ഷോഭം നടത്തുകയല്ലാതെ മറ്റ് പോംവഴികളില്ല.

*
(സിഐടിയു സംസ്ഥാന കമ്മിറ്റി അംഗീകരിച്ച പ്രമേയത്തില്‍നിന്ന്)

പച്ചപ്പിനൊരു സല്യൂട്ട്

ആറന്മുളയിലെ നിര്‍ദിഷ്ട വിമാനത്താവളത്തിനുള്ള പാരിസ്ഥികാനുമതി റദ്ദാക്കിക്കൊണ്ടുള്ള ദേശീയ ഹരിത ട്രിബ്യൂണലിന്റെ വിധി സ്വാഗതാര്‍ഹമാണ്. അവിടത്തെ പച്ചപ്പാകെ എരിച്ചുകളയാനും ജനജീവിതത്തെ വേരോടെ പറിച്ചെറിയാനും അങ്ങനെ ഭൂമിയുടെ ക്രയവിക്രയത്തട്ടിപ്പുകളിലൂടെ ലക്ഷക്കണക്കിനു കോടികള്‍ കൊയ്യാനുമുള്ള ഭൂമാഫിയാ വ്യവസായ ഗ്രൂപ്പിനും അവരുടെ സംരക്ഷകരായി അവതരിച്ച ഭരണാധികാരികള്‍ക്കും ഏറ്റ ആഘാതമാണിത്.

ചട്ടങ്ങളും വ്യവസ്ഥകളും കാറ്റില്‍പറത്തിക്കൊണ്ടും വഴിവിട്ട് ഉത്തരവുകളിറക്കിക്കൊണ്ടും വ്യവസായ ഗ്രൂപ്പിനു മുമ്പില്‍ പച്ചപ്പരവതാനി വിരിച്ചുകൊണ്ടിരുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇതുവരെയുണ്ടായ വിമാനത്താവള നിര്‍മാണനീക്കത്തില്‍ തങ്ങള്‍ക്കല്ല പങ്ക് എന്നു വരുത്തിത്തീര്‍ക്കുന്ന വിധത്തില്‍ നടത്തിയ പ്രസ്താവനയെ എത്ര മിതത്വം പാലിച്ചാലും അപഹാസ്യം എന്നേ വിശേഷിപ്പിക്കാനാവൂ.

എല്ലാ നിയമങ്ങളും കെജിഎസ് ഗ്രൂപ്പിനു മുമ്പില്‍ വളയുന്നതാണ് നാം കണ്ടത്. ഏതോ അജ്ഞാത ശക്തി ബുള്‍ഡോസര്‍പോലെ തടസ്സങ്ങളെ ഇടിച്ചുനിരത്തി മുന്നോട്ടുപോവുന്നതാണ് കണ്ടത്. എംഎല്‍എയും എംപിയും സംസ്ഥാന മുഖ്യമന്ത്രിയും ഒക്കെ ആ അജ്ഞാതശക്തിയുടെ മുമ്പില്‍ ഓച്ഛാനിച്ചു നില്‍ക്കുന്നതും കണ്ടു. ഏതാണ് ആ ശക്തി എന്ന അന്വേഷണങ്ങള്‍ കേന്ദ്ര ഭരണാധികാരത്തിന്റെ കടിഞ്ഞാണ്‍ പിടിച്ചിരുന്ന വസതിയുടെ ഇടനാഴികളിലേക്കുവരെ നീണ്ടു. ആരു തടഞ്ഞാലും വിമാനത്താവളം നിര്‍മിക്കുമെന്ന കെജിഎസ് ഗ്രൂപ്പിന്റെ ധാര്‍ഷ്ട്യത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ആ ശക്തിക്കുമുമ്പില്‍ കോടതികള്‍പോലും ശിരസ്സു താഴ്ത്തുമോ എന്നു കേരളം ഭയപ്പെട്ടു. ഏതായാലും ആ ഭയത്തിന് അടിസ്ഥാനമില്ല എന്നു വ്യക്തമാക്കുന്നതായി ഹരിത ട്രിബ്യൂണലിന്റെ ഉത്തരവ്. എല്ലാ വിളക്കുകളും അണയുന്നില്ല അധികാരത്തിന്റെ കൊടുങ്കാറ്റിലും എന്നു കാണുന്നത് ആശ്വാസകരമാണ്.

"ഞാനൊന്നുമറിഞ്ഞില്ലേ" എന്ന മട്ടിലാണ് ഉമ്മന്‍ചാണ്ടിയുടെ ഇപ്പോഴത്തെ പ്രതികരണം. വയലും നീര്‍ത്തടവും നികത്തുന്നത് കേന്ദ്രസര്‍ക്കാരില്‍നിന്ന് മറച്ചുവച്ചത് ഈ മുഖ്യമന്ത്രിയാണ്. പദ്ധതി റിപ്പോര്‍ട്ടുപോലും ലഭിക്കുംമുമ്പ് വിമാനത്താവളത്തില്‍ പത്തുശതമാനം ഓഹരി സര്‍ക്കാര്‍ എടുക്കുമെന്ന് നിശ്ചയിച്ചത് ഈ മുഖ്യമന്ത്രിയാണ്. വിമാനത്താവള കമ്പനി നിയമലംഘനം നടത്തിയിട്ടില്ലെന്ന് ആവര്‍ത്തിച്ചു സാക്ഷ്യപ്പെടുത്തിക്കൊണ്ടിരുന്നതും വിമാനത്താവളത്തിന് വേഗത്തില്‍ പാരിസ്ഥിതികാനുമതി ലഭിക്കാന്‍ ഇടപെടണമെന്നഭ്യര്‍ഥിച്ച് കേന്ദ്രത്തിന് കത്തയച്ചതും ആ കത്തിന്റെ ഉള്ളടക്കം നിയമസഭയില്‍ നിന്നുപോലും മറച്ചുവച്ചതും ഈ മുഖ്യമന്ത്രിയാണ്. നീര്‍ത്തട നെല്‍വയല്‍ സംരക്ഷണ നിയമം, ഭൂപരിധി നിയമം, ജലസേചന സംരക്ഷണ നിയമം, പരിസ്ഥിതി നിയമം തുടങ്ങിയവയൊക്കെ ലംഘിക്കപ്പെട്ടപ്പോഴും അങ്ങനെ അനേകം ഏക്കര്‍ നിലം ആ വേളയില്‍ നികത്തിയപ്പോഴും നടപടി ഒഴിവാക്കിക്കൊടുത്തത് ഈ മുഖ്യമന്ത്രിയാണ്. ഭൂമി പോക്കുവരവ് ചെയ്തുകൊടുക്കാന്‍ തുടങ്ങിയത് മുഖ്യമന്ത്രിതന്നെയാണ്.

സിവില്‍ ഏവിയേഷന്‍ നിയമം, ദേശീയ സുരക്ഷാ നിയമം തുടങ്ങിയവ ലംഘിച്ചത് കേന്ദ്രം കൈകെട്ടി നോക്കിനിന്നു. അത് കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ ചുമതലയുള്ള മുഖ്യമന്ത്രിയാകട്ടെ മൗനം പാലിച്ചു. മൗനം സമ്മതം! ഏതായാലും ഹരിത ട്രിബ്യൂണലിന്റെ വിധി നിയമലംഘനങ്ങള്‍ അനുവദിച്ചുകൊടുത്ത യുപിഎ-സംസ്ഥാന സര്‍ക്കാരുകളുടെ നടപടികള്‍ക്കെതിരെയുള്ളതു കൂടിയാണ്. പണശക്തികൊണ്ടും കേന്ദ്രത്തിലെ രാഷ്ട്രീയ സ്വാധീനംകൊണ്ടും എന്തും നേടാമെന്ന കെജിഎസ് ഗ്രൂപ്പിന്റെ അഹന്തയ്ക്കേറ്റ ആഘാതവുമാണിത്. ഇങ്ങനെയൊക്കെ തടസ്സമുണ്ടാവാതിരിക്കാന്‍ കെജിഎസ് എല്ലാ ശ്രമവും നടത്തിയിരുന്നു. ഹരിത ട്രിബ്യൂണല്‍ നടപടികള്‍ തടയണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിക്കുകപോലും ചെയ്തു. ആ ഘട്ടത്തില്‍ കമ്പനിയെ അനുകൂലിക്കുന്ന നിലപാട് അഡ്വക്കറ്റ് ജനറല്‍ കൈക്കൊണ്ടപ്പോള്‍ത്തന്നെ സംസ്ഥാന ഭരണാധികാരികളും കെജിഎസ് ഗ്രൂപ്പും ചേര്‍ന്നുള്ള ഒത്തുകളി ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടിരുന്നു. യുഎന്‍ഡിപി ആറന്മുളയെ പൈതൃകഗ്രാമമായി പ്രഖ്യാപിച്ചതാണ്. പമ്പയുടെ തീരം, ഹരിതാഭ, ആറന്മുള വള്ളംകളി, ആറന്മുള കണ്ണാടി, പാര്‍ഥസാരഥി ക്ഷേത്രം എന്നിങ്ങനെ പലതുകൊണ്ടും കേരളീയ സംസ്കാരത്തിന്റെ പ്രതീകമായി ഉയര്‍ന്നുനില്‍ക്കുന്ന പ്രദേശമാണത്. ഈ പ്രദേശത്ത് വിമാനത്താവളമുണ്ടാക്കാന്‍ വേണ്ട മിക്കവാറും എല്ലാ അനുമതികളും നല്‍കാന്‍ ഈ സാംസ്കാരിക, പാരിസ്ഥിതിക ഘടകങ്ങളൊന്നും അധികൃതര്‍ക്ക് തടസ്സമായില്ല. ആറാമത് ഒരു വിമാനത്താവളം ആവശ്യമുണ്ടോ, യാത്രക്കാരുടെ ലഭ്യത ഏതു വിധത്തിലാവും തുടങ്ങിയ കാര്യങ്ങളൊന്നും ശാസ്ത്രീയ പഠനങ്ങള്‍ക്കു വിധേയമാക്കുകപോലുമുണ്ടായില്ല. അത്യുന്നത തലങ്ങളിലെ രാഷ്ട്രീയ സ്വാധീനങ്ങളാണ് വിമാനത്താവളത്തിനുള്ള അനുമതി കിട്ടുന്നതിലെ തടസ്സങ്ങളെല്ലാം അപ്പപ്പോള്‍ ഇടപെട്ടു നീക്കിക്കൊണ്ടിരുന്നത്. ജനകീയ സമരങ്ങള്‍, പരിസ്ഥിതി പ്രവര്‍ത്തകരുടെ പ്രതിഷേധങ്ങള്‍ തുടങ്ങിയവയൊക്കെ വ്യാപകമായി ഉണ്ടായെങ്കിലും അതൊന്നും തങ്ങളെ അലട്ടുന്നില്ല എന്ന മട്ടിലായിരുന്നു കമ്പനിക്കാര്‍. കിട്ടേണ്ട പല അനുമതികള്‍ കിട്ടിക്കഴിഞ്ഞില്ല എന്നതിലും അവര്‍ക്ക് അസ്വസ്ഥതയുണ്ടായില്ല. പാര്‍ലമെന്ററി സമിതികളുടെ തടസ്സവാദങ്ങള്‍പോലും സ്വാധീനങ്ങള്‍കൊണ്ട് മറികടന്ന് വനം-പരിസ്ഥിതി വകുപ്പുകളില്‍നിന്ന് പച്ചക്കൊടി നേടിയെടുക്കാന്‍ ഇവര്‍ക്ക് പ്രതിബന്ധമായില്ല. രണ്ടു വിമാനത്താവളങ്ങള്‍ക്കിടയില്‍ 150 കിലോമീറ്റര്‍ അകലം വേണമെന്ന വ്യവസ്ഥയും തടസ്സമായില്ല. എതിര്‍പ്പുകളില്‍ കഴമ്പില്ലെന്ന വിശദീകരണത്തോടെ ആറന്മുള വിമാനത്താവള നിര്‍മാണത്തിന് അനുമതി നല്‍കിയ യുപിഎ സര്‍ക്കാര്‍ പണത്തിനുമേല്‍ പരുന്തും പറക്കില്ലെന്ന തത്വത്തിനടിവരയിടുകയായിരുന്നു. ഏതായാലും ഹരിത ട്രിബ്യൂണലിന്റെ പരുന്ത് പണത്തിനുമേലെ പറന്നു എന്നു കാണുന്നത് ആഹ്ലാദകരമാണ്.

സാധ്യതാ പഠന റിപ്പോര്‍ട്ടില്‍ കെജിഎസ് കമ്പനി ക്രമക്കേട് കാട്ടിയെന്ന് പൊതുമേഖലാ സ്ഥാപനമായ "കിറ്റ്കോ" കണ്ടെത്തിയതറിഞ്ഞിട്ടും അതിന്മേല്‍ നടപടി നീക്കാതെ മടിച്ചുനിന്നു ഉമ്മന്‍ചാണ്ടിയും കൂട്ടരും. വയലും നീര്‍ത്തടവും നികത്തുന്നതിനെക്കുറിച്ചും പദ്ധതി കിട്ടിയിട്ടുപോലും കേന്ദ്രത്തിന് അത് കൈമാറാതെ പൂഴ്ത്തുകയാണ് യുഡിഎഫ് സര്‍ക്കാര്‍ ചെയ്തത്. ഫലത്തില്‍ തിരിമറിക്ക് കൂട്ടുനില്‍ക്കലായി അത്. വിമാനത്താവള പ്രശ്നത്തില്‍ വ്യാപകമായി ചേരിതിരിവുണ്ടായപ്പോള്‍ കോണ്‍ഗ്രസ് പാര്‍ടി വേദികളില്‍പോലും കെജിഎസിനുവേണ്ടി വാദിക്കുന്ന മുഖ്യമന്ത്രിയെയാണ് നാം കണ്ടത്.

വയലും നീര്‍ത്തടവും നികത്തിയത് സംബന്ധിച്ച കലക്ടറുടെ റിപ്പോര്‍ട്ട് പൂഴ്ത്തി വനം-പരിസ്ഥിതി വകുപ്പിന് പരിസ്ഥിതി അനുമതിക്കായി കത്തയച്ചതെന്തിന് എന്നത് മുഖ്യമന്ത്രി വിശദീകരിക്കേണ്ടതുണ്ട്. പദ്ധതിക്ക് മൂര്‍ത്തരൂപംപോലും ആകുന്നതിനുമുമ്പ് പത്തുശതമാനം ഓഹരി എടുക്കാമെന്നു നിശ്ചയിച്ചതിനു പിന്നിലെ "സഹായ മനോഭാവ"വും മുഖ്യമന്ത്രി വിശദീകരിക്കേണ്ടതുണ്ട്. കെജിഎസ് ഗ്രൂപ്പിന്റെ നിയമലംഘനത്തെക്കുറിച്ച് മുഖ്യമന്ത്രിയുടെ കീഴിലുള്ള പരിസ്ഥിതി പ്രിന്‍സിപ്പല്‍ സെക്രട്ടറിതന്നെ തയ്യാറാക്കിയ റിപ്പോര്‍ട്ടിലെ ഭാഗം കേന്ദ്രത്തിനുള്ള റിപ്പോര്‍ട്ടില്‍ നിന്നൊഴിവാക്കിയതെന്തിന് എന്നതും മുഖ്യമന്ത്രി വിശദീകരിക്കേണ്ടതുണ്ട്.

ഹരിത ട്രിബ്യൂണല്‍ ഉയര്‍ത്തിയ മൂന്നുനാലു ചോദ്യങ്ങളുണ്ട്. യോഗ്യതയില്ലാത്ത ഏജന്‍സിയെക്കൊണ്ട് നടത്തിയ പരിസ്ഥിതി പഠനത്തിന് എന്തു വില, ജനങ്ങള്‍ക്കിടയില്‍ തെളിവെടുപ്പു നടക്കുകയുണ്ടായോ, വിദഗ്ധസമിതിയെ വച്ച് പരിശാധിപ്പിച്ചോ എന്നിവയാണവ. ഈ ചോദ്യങ്ങള്‍ക്കൊപ്പം മുഖ്യമന്ത്രി മറുപടി പറയേണ്ട തരത്തിലുള്ള മുമ്പു സൂചിപ്പിച്ച ചോദ്യങ്ങള്‍കൂടി കേരളീയരുടെ മനസ്സില്‍ ഈ ഘട്ടത്തില്‍ മുഴങ്ങേണ്ടതുണ്ട്.
*
deshabhimani editorial 30-05-2014

Thursday, May 29, 2014

മലാപ്പറമ്പ്: ജനകീയപ്രക്ഷോഭത്തിന്റെ വിജയം

ഒരു നാടിനാകെ അക്ഷരവെളിച്ചം പകര്‍ന്ന മലാപ്പറമ്പ് എയുപി സ്കൂള്‍ അടച്ചുപൂട്ടാന്‍ 2013 നവംബര്‍ 1ന് കേരള സര്‍ക്കാര്‍ നല്‍കിയ ഉത്തരവ് പിന്‍വലിച്ചുകൊണ്ടുള്ള മന്ത്രിസഭാ തീരുമാനം സ്വാഗതാര്‍ഹമാണ്. വീണ്ടുവിചാരമില്ലാത്ത ഒരു തീരുമാനം പിന്‍വലിച്ചു എന്നതുമാത്രമല്ല പൊതു സ്കൂളും അതിന്റെ ക്യാമ്പസും വിറ്റു കാശാക്കാന്‍ കച്ചകെട്ടി നില്‍ക്കുന്നവര്‍ക്കുള്ള ഒരു താക്കീതു കൂടിയാണ് ഈ തീരുമാനം. കോടിക്കണക്കിന് രൂപ ലാഭത്തിനുവേണ്ടി മലാപ്പറമ്പ് എയുപി സ്കൂള്‍ രാത്രിയുടെ മറവില്‍ തകര്‍ത്തത് കഴിഞ്ഞ ഏപ്രില്‍ 10നായിരുന്നു. അതിനുശേഷം മലാപ്പറമ്പ്, കോഴിക്കോട് ഭാഗങ്ങളില്‍ രൂപപ്പെട്ട വന്‍ ജനകീയപ്രക്ഷോഭം സ്കൂളിനുവേണ്ടി രംഗത്തെത്തി. ഈ പ്രക്ഷോഭത്തിന്റെയും പ്രതിരോധത്തിന്റെയും ചരിത്രവിജയമായി മന്ത്രിസഭയുടെ തീരുമാനത്തെ കണക്കാക്കാം.

139 വര്‍ഷം പഴക്കമുള്ള ഒരു സ്കൂളാണ് മലാപ്പറമ്പ് എയുപി സ്കൂള്‍. ഈ പ്രദേശത്തിന്റെ വിദ്യാഭ്യാസ- സാംസ്കാരിക വളര്‍ച്ചയില്‍ സ്തുത്യര്‍ഹമായ പങ്കുവഹിച്ച സ്ഥാപനമാണിത്. സ്കൂളിനെ കൂടുതല്‍ മെച്ചപ്പെടുത്തുമെന്നതായിരുന്നു വാഗ്ദാനത്തില്‍ 16 വര്‍ഷം മുന്‍പാണ് സ്കൂളിന്റെ ഉടമസ്ഥാവകാശം സ്വകാര്യ വ്യക്തി കൈവശപ്പെടുത്തുന്നത്. ഇതോടെയാണ് ഈ സ്കൂളിന്റെ തകര്‍ച്ച തുടങ്ങുന്നതും. പുതിയ മാനേജര്‍ അയാളുടെ ഭാര്യയടക്കം നാലഞ്ചുപേരെ അധ്യാപകരാക്കി. അവരുടെ ശമ്പളം "പ്രൊട്ടക്ഷന്‍" മുഖേന സര്‍ക്കാരില്‍നിന്ന് ഉറപ്പായപ്പോള്‍, അടുത്തശ്രമം സ്കൂളിനെ തകര്‍ക്കലായിരുന്നു. ഇതിന്റെ ഭാഗമായി സ്കൂളിനെ ശ്രദ്ധിക്കാതിരിക്കല്‍, കുട്ടികളെയും രക്ഷിതാക്കളെയും നിരുത്സാഹപ്പെടുത്തല്‍ എന്നിവയൊക്കെ പതിവായി.

പുതിയ മാനേജര്‍ കൈവശപ്പെടുത്തുമ്പോള്‍ സ്കൂളില്‍ 300ലധികം കുട്ടികള്‍ ഉണ്ടായിരുന്നു. ഇപ്പോഴിത് 56 ആയി ചുരുങ്ങി. സ്കൂള്‍ എന്ന "ഭാരം" ഇല്ലാതാക്കി സ്ഥലം വിറ്റ് കാശാക്കാനുള്ള ശ്രമമാണ് മാനേജര്‍ പിന്നീട് നടത്തിയത്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഇത് അനുവദിച്ചില്ല. സര്‍ക്കാര്‍ മാറിയതോടെ, സ്കൂള്‍ വില്‍ക്കാനുള്ള ഒരുക്കങ്ങള്‍ക്ക് ശക്തികൂടി. പല സ്വന്തക്കാരെയും ഉന്നതഉദ്യോഗസ്ഥതലങ്ങളില്‍ അവരോധിക്കാനും തന്നിഷ്ടപ്രകാരം കാര്യങ്ങള്‍ സാധിച്ചെടുക്കാനും കഴിയുമെന്നായി. എന്നാല്‍, ജനപ്രതിനിധികളും, നാട്ടുകാരും, അധ്യാപകരും സ്കൂളിന്റെ സ്ഥിതി മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. എ പ്രദീപ്കുമാര്‍ എംഎല്‍എ സ്കൂളിന്റെ പശ്ചാത്തല സൗകര്യ വികസനത്തിനായി മുന്നിട്ടിറങ്ങി. സ്കൂളില്‍ കാതലായ മാറ്റങ്ങള്‍ വന്നു. ഇക്കാര്യങ്ങള്‍ ജനശ്രദ്ധയില്‍ വന്നപ്പോള്‍ സ്കൂള്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങി. ഇതിന്റെ ഫലമായി കുട്ടികള്‍ വര്‍ധിച്ചുപോകുമോ എന്ന് മാനേജര്‍ക്ക് ഭയം തുടങ്ങി. നാഷണല്‍ ഹൈവേയില്‍ നല്ല വില കിട്ടുന്ന ഭൂമിയായതിനാല്‍ റിയല്‍ എസ്റ്റേറ്റ് കച്ചവടമായിരുന്നു മാനേജരുടെ ലക്ഷ്യം. അടുത്ത അധ്യയനവര്‍ഷം ആരംഭിക്കുന്ന 2014 ജൂണ്‍ ഒന്നിന് മുന്‍പ് സ്കൂള്‍ കെട്ടിടം അവിടെ ഉണ്ടായിരിക്കരുതെന്നായിരുന്നു മാനേജരുടെ താല്‍പ്പര്യം. അതിനായി, ഏപ്രില്‍ 10ന് രാത്രി രണ്ടിന് സ്കൂള്‍ തകര്‍ത്തു. സ്കൂള്‍ തകര്‍ത്തതിനെതിരെ കുട്ടികളും രക്ഷിതാക്കളും ഒപ്പം ഒരു നാട് തന്നെയും രംഗത്ത് വന്നു. തുടര്‍ന്ന് വന്‍ ജനകീയ പ്രതിഷേധം ഉയര്‍ന്നുവന്നു. റോഡ് ഉപരോധം, പിക്കറ്റിങ്, സര്‍വകക്ഷിയോഗം പ്രതിഷേധം ശക്തമായി. അതില്‍പിന്നെ, മാനേജര്‍ ഒളിവിലാണ്. ഒളിവില്‍നിന്ന് കാര്യങ്ങള്‍ നിയന്ത്രിക്കുന്ന, മാധ്യമങ്ങള്‍ക്ക് റിപ്പോര്‍ട്ട് നല്‍കുന്ന ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് കഴിയുന്നുമില്ല. മറുഭാഗത്ത്, നിശ്ചയദാര്‍ഢ്യത്തോടെയുള്ള നീക്കങ്ങളാണ് പിന്നീട് നടന്നത്.

2014 ജൂണ്‍ ഒന്നിന് "അധ്യയനവര്‍ഷം" തുടങ്ങുന്ന ദിവസംതന്നെ സ്കൂള്‍ ശക്തിയോടെയും സൗകര്യങ്ങളോടെയും നിലവില്‍ ഉണ്ടാകണം എന്ന സര്‍വകക്ഷിതീരുമാനം നടപ്പാക്കുക എന്നത് തന്നെയായിരുന്നു ലക്ഷ്യം. സ്കൂള്‍ പുനര്‍നിര്‍മിക്കാന്‍ എല്ലാവരും തീരുമാനിച്ചു. നിര്‍മാണം ആരംഭിച്ചു. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് നിര്‍മാണം. 20 ലക്ഷം രൂപയാണ് ചെലവ്. ജനങ്ങളുടെ ആവശ്യം സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണം എന്നതാണ്. സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെങ്കില്‍, അതിന്റേതായ നടപടികള്‍ ആരംഭിക്കണം. എന്നാല്‍, മാനേജരെ എല്ലാരീതിയിലും സഹായിക്കുന്ന നിലപാടാണ് സംസ്ഥാനസര്‍ക്കാരിന്റേത്.

2013 നവംബര്‍ ഒന്നിന് സ്കൂള്‍ അടച്ചുപൂട്ടാന്‍ അനുമതി നല്‍കിയത് സംസ്ഥാനസര്‍ക്കാരാണ്. അതും ഉന്നതങ്ങളില്‍നിന്ന് നേരിട്ടുള്ള ഉത്തരവായിരുന്നു. മാനേജരുടെ സ്വന്തക്കാരെ തന്ത്രപ്രധാനമായ സ്ഥാനങ്ങളില്‍ നിയമിക്കാന്‍ ഒത്താശചെയ്തതും സര്‍ക്കാര്‍തന്നെ. ഇത്രയും സാംസ്കാരിക വിരുദ്ധമായ ഒരു സംഭവം കേരളത്തില്‍ നടന്നിട്ടും, വിദ്യാഭ്യാസമന്ത്രി സ്കൂള്‍ സന്ദര്‍ശിക്കാന്‍പോലും തയ്യാറായില്ല. മാത്രമല്ല ഏതാനും നാളുകള്‍ക്ക് മുന്‍പ് സ്കൂള്‍ പുനരാരംഭിക്കാന്‍ കഴിയില്ലെന്ന് തുറന്നടിക്കാനും അദ്ദേഹം മറന്നില്ല. ഇതെല്ലാം കൂട്ടിവായിച്ചാല്‍ സംസ്ഥാനസര്‍ക്കാരിന്റെ ഒത്താശയോടെ കേരളത്തില്‍ പൊതുവിദ്യാഭ്യാസരംഗം തകര്‍ക്കുന്നതിന്നായി നടത്തിയ ഒരു കടന്നാക്രമണമായി മലാപ്പറമ്പ് സ്കൂളിന്റെ തകര്‍ച്ചയെ കാണാം. സ്കൂള്‍ പുനര്‍നിര്‍മാണത്തിനായി സഹായങ്ങള്‍ പല തലത്തില്‍ നിന്ന് ലഭിക്കുന്നുണ്ട്. പ്രതിഷേധങ്ങള്‍ ശക്തമാണ്. എന്നാല്‍,വിദ്യാഭ്യാസമന്ത്രിയുടെ സ്കൂള്‍ തുറക്കാന്‍ കഴിയില്ലെന്ന പ്രസ്താവന ജനങ്ങളില്‍ സ്കൂളിന്റെ ഭാവിയെപ്പറ്റി ആശങ്കയിലാണ്്.

വീടിനടുത്തുള്ള സ്കൂളില്‍ പുതുതായി പഠിക്കാന്‍ വരുന്ന കുട്ടികള്‍ക്ക് ഒരു ശുഭാപ്തി വിശ്വാസം നല്‍കുന്നതിന് പകരം അവരെ നിരാശപ്പെടുത്തിക്കൊണ്ടുള്ള മന്ത്രിയുടെ വാക്ക് വിദ്യാഭ്യാസ അവകാശ നിയമത്തിനും, അത് പ്രതിനിധാനംചെയ്യുന്ന ഇന്ത്യന്‍ ഭരണഘടനയ്ക്ക് തന്നെയും നിരക്കാത്തതാണ്. എന്തായാലും ജൂണ്‍ ഒന്നിന് ക്ലാസുകള്‍ തുടങ്ങാനുള്ള അശ്രാന്തപരിശ്രമത്തിലാണ് നാട്ടുകാരും അധ്യാപകരും രക്ഷാകര്‍തൃസമിതികളും ജനപ്രതിനിധികളുമെല്ലാം. മലാപ്പറമ്പ് ഒരു ഒറ്റപ്പെട്ട സംഭവമായി കാണരുത്. കേരളത്തില്‍ ഏതാണ്ട് 1500ലധികം സ്കൂളുകള്‍ കുട്ടികള്‍ കുറവാണെന്ന പേരില്‍ അടച്ചുപൂട്ടല്‍ അഥവാ വില്‍പ്പനഭീഷണിയിലാണ്. ഇതില്‍ ഒറ്റ സ്കൂള്‍മാത്രമുള്ള മാനേജര്‍മാര്‍ സ്കൂള്‍ വിറ്റ് കാശാക്കാനുള്ള വ്യഗ്രതയിലാണ്. റിയല്‍ എസ്റ്റേറ്റ് കച്ചവടമായതിനാല്‍ എല്ലാതലത്തിലും അഴിമതി നിത്യസംഭവമായി.

മലാപ്പറമ്പ് സ്കൂളിലെ പുതുക്കിപ്പണിയലില്‍ സമൂഹം കാണിക്കുന്ന താല്‍പ്പര്യം, കേരളത്തിന്റെ സവിശേഷതകള്‍ പലതും ഇപ്പോഴും നിലനില്‍ക്കുന്നു എന്നതിന്റെ തെളിവാണ്. പണം പിരിച്ച് സ്കൂള്‍ കെട്ടിടം പണിയുന്നത് സ്വകാര്യ മാനേജര്‍ക്ക് സമ്പത്ത് കൂട്ടാനല്ലേ എന്ന് സംശയിക്കുന്നവരുണ്ടാകാം. എന്നാല്‍, ജൂണ്‍ ഒന്നിന് സ്കൂള്‍ കെട്ടിടം ഉണ്ടാകരുതെന്ന് ശഠിച്ച സ്കൂള്‍ മാനേജര്‍ക്കെതിരെയുള്ള പ്രതിഷേധവും പ്രതിരോധവും വെല്ലുവിളിയുമാണിത്. അവിടെ വയ്ക്കുന്ന ഓരോ കല്ലും ഒരു സമര സന്ദേശമാണ്. അതുകൊണ്ടുതന്നെ പണം കണ്ടെത്തി കെട്ടിടം നിര്‍മിക്കണം എന്നത് പ്രധാനമാണ്. പഠിപ്പിക്കാന്‍ തയ്യാറുള്ള അധ്യാപകരുണ്ട്; പഠിക്കാന്‍ തയ്യാറുള്ള വിദ്യാര്‍ഥികളും. എന്നാലും അവര്‍ക്ക് സ്കൂളില്ല; അതിനാല്‍ പഠിക്കാന്‍ കഴിയുന്നില്ല. അതാണ് വിദ്യാഭ്യാസ പ്രബുദ്ധമായ കേരളത്തിന്റെയും അതിന്റെ ഭാഗമായ മാലാപ്പറമ്പിന്റെയും ചിത്രം. ഈയൊരു സ്ഥിതി കേരളത്തില്‍, ആദ്യമായിരിക്കാം. അതുകൊണ്ടുതന്നെ അത് അവസാനത്തേതുമായിരിക്കണം. മറ്റൊരു മലാപ്പറമ്പ് ആവര്‍ത്തിക്കാതിരിക്കാന്‍ പൊതുവിദ്യാഭ്യാസത്തെ സ്നേഹിക്കുന്ന കേരളത്തിലെ ജനങ്ങള്‍ ജാഗരൂകരായിരിക്കണം.

*
ടി പി കുഞ്ഞിക്കണ്ണന്‍

തൃണമൂല്‍ അക്രമത്തിനെതിരെ ഒറ്റക്കെട്ടായി

പശ്ചിമബംഗാളില്‍ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷവും സിപിഐ എമ്മിനെതിരെയും ഇടതുപക്ഷത്തിനെതിരെയുമുള്ള ക്രൂരമായ ആക്രമണം തുടരുകയാണ്. മെയ് 12ന് തെരഞ്ഞെടുപ്പ് പൂര്‍ത്തിയായശേഷമുള്ള 15 ദിവസത്തിനകം വിവിധ ജില്ലകളില്‍ സിപിഐ എമ്മിന്റെയും ഇടതുപക്ഷത്തിന്റെയും പ്രവര്‍ത്തകരെ ലക്ഷ്യംവച്ചുള്ള നിരവധി ആക്രമണങ്ങള്‍ നടന്നു. മൂന്ന് സിപിഐ എം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ആയിരക്കണക്കിന് ഇടതുപക്ഷ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. തൃണമൂല്‍ കോണ്‍ഗ്രസ് ഗുണ്ടകളുടെ ആക്രമണത്തെ തുടര്‍ന്ന് നൂറുകണക്കിനാളുകള്‍ക്ക് സ്വന്തം ഗ്രാമവും വീടും ഉപേക്ഷിച്ച് പോകേണ്ടിവന്നു. ഇതിനെക്കുറിച്ച് വിശദമായ ഒരു റിപ്പോര്‍ട്ട് ഈ ആഴ്ചത്തെ "പീപ്പിള്‍സ് ഡെമോക്രസി" പ്രസിദ്ധീകരിച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പിനുശേഷം പെട്ടെന്നുണ്ടായതല്ല ഇത്. ആസൂത്രിതമായ ആക്രമണമാണ്. ഗ്രാമീണതലത്തില്‍ തെരഞ്ഞെടുപ്പ് വേളയില്‍ ഇടതുപക്ഷത്തിനുവേണ്ടി പ്രവര്‍ത്തിക്കുകയും ജനങ്ങളെ സംഘടിപ്പിക്കുകയും ഇടതുപക്ഷ സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് പിടിക്കുകയുംചെയ്ത പാര്‍ടി പ്രവര്‍ത്തകരെയും അനുയായികളെയും ലക്ഷ്യമിട്ടുള്ളതാണ് ഈ ആക്രമണങ്ങള്‍. സിപിഐ എമ്മിനും ഇടതുപക്ഷത്തിനും വോട്ട് ചെയ്ത സാധാരണക്കാരെ പോലും വെറുതെവിട്ടില്ല.

സിപിഐ എം എന്ന സംഘടനയെത്തന്നെ ഇല്ലാതാക്കുക ലക്ഷ്യത്തോടെ തൃണമൂല്‍ കോണ്‍ഗ്രസ് നടത്തുന്ന ആസൂത്രിതവും പൈശാചികവുമായ ഈ ആക്രമണങ്ങള്‍ക്കാണ് നാം സാക്ഷ്യംവഹിക്കുന്നത്. അക്രമത്തിലൂടെയും അടിച്ചമര്‍ത്തലിലൂടെയും ഇടതുപക്ഷമുന്നണിയെത്തന്നെ ഇല്ലാതാക്കുകയും തൃണമൂല്‍ കോണ്‍ഗ്രസിന്റെ ലക്ഷ്യമാണ്. ഇതിനായി സംസ്ഥാന ഭരണവിഭാഗത്തെയും പൊലീസിനെയും പക്ഷപാതപരമായി ഉപയോഗിക്കുന്നു.ആക്രമണത്തിന് വിധേയരായവര്‍ക്കെതിരെ കള്ളക്കേസുകള്‍ ചുമത്തുകയാണ്. അക്രമികളാകട്ടെ സ്വതന്ത്രരായി വിലസുകയുംചെയ്യുന്നു.

ഈ ആക്രമണപരമ്പരകള്‍ക്ക് തുടക്കമാകുന്നത് 2008ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ശേഷമാണ്. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പോടെ വ്യാപകമായി. ഇതിന് ശേഷം 2011 മെയ് മാസത്തിലെ നിയമസഭാതെരഞ്ഞെടുപ്പ് വരെയുള്ള കാലയളവില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ 388 പേരെയാണ് തൃണമൂല്‍ ഗുണ്ടകള്‍ വധിച്ചത്. തെരഞ്ഞെടുപ്പിന് ശേഷം എവിടെയാണോ സിപിഐ എമ്മും ഇടതുപക്ഷമുന്നണിയും ജനപിന്തുണ തിരിച്ചുപിടിക്കുകയും അതിനായി പാര്‍ടി കേഡര്‍മാര്‍ പ്രവര്‍ത്തിക്കുകയും ചെയ്തതെന്ന് കണ്ടെത്തി അവിടങ്ങളിലാണ് തൃണമൂല്‍ ആക്രമണം നടന്നത്. ഇവിടങ്ങളിലെ സംഘടനയെത്തന്നെ ഇല്ലാതാക്കാനായി വീണ്ടും വീണ്ടും ആക്രമിച്ചു. കര്‍ഷകരുടെയും തൊഴിലാളികളുടെയും അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെയും സംഘടിതമായ പ്രസ്ഥാനങ്ങളെ അടിച്ചമര്‍ത്തുകയാണ് ഇതിന്റെ ലക്ഷ്യം.

നിയമസഭാതെരഞ്ഞെടുപ്പ് നടന്ന 2011 മെയ് മാസത്തിന് ശേഷമുള്ള ആഴ്ചകളില്‍ 30 ഇടതുപക്ഷപ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. ഇതില്‍ 28 പേര്‍ സിപിഐ എം പ്രവര്‍ത്തകരായിരുന്നു. രണ്ടുപേര്‍ ആര്‍എസ്പിക്കാരും. 23 വനിതകളെ ബലാല്‍സംഗം ചെയ്തു. 508 പേരെ മാനഭംഗപ്പെടുത്തി. 3785 പേര്‍ പരിക്കേറ്റ് ആശുപത്രിയിലായി. 40,000 പേര്‍ക്ക് അവരുടെ വീട് ഉപേക്ഷിച്ച് പോകേണ്ടിവന്നു. സിപിഐ എമ്മിനെയും ഇടതുപക്ഷമുന്നണിയെയും തുടച്ചുനീക്കുന്നതിന്റെ ഭാഗമായി 758 പാര്‍ടി- ട്രേഡ് യൂണിയന്‍- ബഹുജനസംഘടനാ ഓഫീസുകള്‍ തകര്‍ത്തു. പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടന്ന 2013 ജൂലൈയ്ക്ക്് ശേഷവും ഈ ആക്രമണപരമ്പര തുടര്‍ന്നു. ജൂണ്‍ രണ്ടിനും ജൂലൈ 25നും ഇടയില്‍ 24 സിപിഐ എം പ്രവര്‍ത്തകരെ വധിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷവും ഇതുതന്നെ ആവര്‍ത്തിക്കുകയാണ്. പാര്‍ടി ഓഫീസുകള്‍ തകര്‍ക്കുന്നു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഭീഷണിയെ അവഗണിച്ച് ഇടതുപക്ഷമുന്നണി സ്ഥാനാര്‍ഥികള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചവരെ മര്‍ദിക്കുകയും വധിക്കുകയുംചെയ്യുന്നു.

ലോക്സഭാതെരഞ്ഞെടുപ്പിന് ശേഷമുണ്ടായ ആക്രമണങ്ങളില്‍ വധിക്കപ്പെട്ട മൂന്നുപേരില്‍ ഒരാള്‍ 65 വയസ്സുകാരിയായ ബേല ഡേയാണ്. നദിയ ജില്ലയില്‍ സിപിഐ എം വളന്റിയര്‍മാര്‍ക്കൊപ്പം പ്രവര്‍ത്തിച്ച രണ്ട് മക്കളെ സംരക്ഷിക്കാനുള്ള വ്യഗ്രതയിലാണ് ബേലയ്ക്ക്് ഗുരുതരമായി പരിക്കേറ്റത്. ബര്‍ദ്വാന്‍ ജില്ലയിലെ മാന്റേശ്വറില്‍ സിപിഐ എം പ്രവര്‍ത്തകനായ കാജള്‍ മല്ലിക്കിനെ അടിച്ചുകൊന്നു. കൊല്ലപ്പെട്ട മൂന്നാമത്തെ വ്യക്തി അഷിമീറ ബീഗമായിരുന്നു. സിപിഐ എമ്മിന്റെ മുന്‍ പഞ്ചായത്ത് അംഗമാണ് അഷിമീറ ബീഗം. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഭീഷണിക്ക് വഴങ്ങാതെ ബര്‍ദ്വാന്‍ ജില്ലയിലെ കേതുഗ്രാമില്‍ ജനങ്ങളെ സംഘടിപ്പിച്ചതിനാണ് അഷിമീറ ബീഗത്തെ വധിച്ചത്. തൃണമൂല്‍ ഗുണ്ടകള്‍ ബീഗത്തിന്റെ വീട് ആക്രമിച്ച് അവരെ കുത്തിക്കൊല്ലുകയായിരുന്നു. ഇതോടെ 2011ലെ നിയമസഭാതെരഞ്ഞെടുപ്പിന് ശേഷം കൊല്ലപ്പെട്ട സിപിഐ എം പ്രവര്‍ത്തകരുടെ എണ്ണം 157 ആയി.

അഷിമീറ ബീഗത്തെ പോലെ ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് തൃണമൂല്‍ ഗുണ്ടകളുടെ ഭീഷണിക്ക് വഴങ്ങാതെ സിപിഐ എമ്മിനും ഇടതുപക്ഷത്തിനുംവേണ്ടി ധീരമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയത്. ധീരരായ ഈ സഖാക്കളെയാണ് ഇപ്പോള്‍ തൃണമൂല്‍ഗുണ്ടകള്‍ ആക്രമിക്കുന്നതും അവരുടെ ജീവിതംതന്നെ തകര്‍ക്കുന്നതും. സിപിഐ എമ്മിന്റെയും ഇടതുപക്ഷ മുന്നണിയുടെയും പ്രവര്‍ത്തകരുടെ ജീവനോപാധികള്‍ തകര്‍ക്കുക എന്നത് തൃണമൂല്‍ ആക്രമണത്തിന്റെ മറ്റൊരു മുഖമാണ്. ചില മേഖലകളില്‍, പ്രത്യേകിച്ചും അസംഘടിതമേഖലയില്‍ ജോലിക്ക് പോകാന്‍ ഇവരെ അനുവദിക്കുന്നില്ല. പലയിടത്തും വയലുകളില്‍ പണിയെടുക്കുന്ന കര്‍ഷകരെയും കര്‍ഷകത്തൊഴിലാളികളെയും ബലപ്രയോഗത്തിലൂടെ തടയുന്നു. മറ്റ് ചിലയിടങ്ങളില്‍ അവരുടെ കടകളും സ്ഥാപനങ്ങളും കൊള്ളയടിക്കുന്നു.

പശ്ചിമബംഗാളില്‍ ഇപ്പോള്‍ ജനാധിപത്യത്തിനെതിരെയുള്ള ശക്തമായ ആക്രമണം മാത്രമല്ല, മറിച്ച് സിപിഐ എമ്മിനെയും ഇടതുപക്ഷമുന്നണിയെയും തുടര്‍ച്ചയായ ആക്രമണങ്ങളിലൂടെയും ഭീകരതയിലൂടെയും അടിച്ചമര്‍ത്തുകയെന്ന ഫാസിസ്റ്റ് ശ്രമമാണ് നടക്കുന്നത്. പാര്‍ടിയുടെയും ചെങ്കൊടിയുടെയും കൂടെനില്‍ക്കുന്ന ഗ്രാമീണദരിദ്രരും കര്‍ഷകത്തൊഴിലാളികളും ആദിവാസികളും വനിതകളും അധ്വാനിക്കുന്ന ജനവിഭാഗങ്ങളുമാണ് ഈ ആക്രമണത്തിന്റെ ആഘാതം അനുഭവിക്കേണ്ടിവരുന്നത്.

ഇപ്പോഴത്തെ പരമപ്രധാനമായ കടമ പാര്‍ടിയെ പ്രതിരോധിക്കുകയും കേഡര്‍മാരെ സംരക്ഷിക്കുകയുമാണ്. ജനാധിപത്യത്തിന് നേരെ നടക്കുന്ന ഈ ആക്രമണങ്ങള്‍ക്കെതിരെ ജനങ്ങളെ അണിനിരത്തി പ്രതിരോധം സംഘടിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ഈ പോരാട്ടം പശ്ചിമബംഗാളിലെ പാര്‍ടിയും ഇടതുപക്ഷമുന്നണിയും മാത്രമല്ല മറിച്ച് രാജ്യത്തെ മൊത്തം പാര്‍ടിയുടെയും ഇടതുപക്ഷപ്രസ്ഥാനത്തിന്റെയും കടമയാണ്. ഫാസിസ്റ്റ് ആക്രമണത്തിനെതിരെ നടക്കുന്ന ഈ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കേണ്ടത് രാജ്യത്തെ എല്ലാ ജനാധിപത്യശക്തികളുടെയും കടമയാണ്.

*
പ്രകാശ് കാരാട്ട്

കശ്മീരിന്റെ പ്രത്യേക പദവി

ജമ്മു കശ്മീരിന്റെ പ്രത്യേക പദവിപോലുള്ള മര്‍മപ്രധാന കാര്യങ്ങളില്‍ ആലോചനാരഹിതമായ അവിവേക പ്രഖ്യാനങ്ങള്‍ പ്രധാനമന്ത്രി കാര്യാലയത്തില്‍നിന്നുതന്നെയുണ്ടാകുന്നു എന്നത് ഉല്‍ക്കണ്ഠാജനകമാണ്. ഭരണഘടനയുടെ 370-ാം വകുപ്പ് സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്നുണ്ടായ പ്രഖ്യാപനം ചരിത്രബോധത്തോടെയുള്ളതായില്ല എന്നുമാത്രമല്ല ദേശീയപ്രശ്നങ്ങള്‍ ഗൗരവബോധത്തോടെ കൈകാര്യംചെയ്യുന്ന തരത്തിലുള്ളതുമായില്ല. ആവര്‍ത്തിച്ചുകൂടാത്ത അബദ്ധങ്ങളിലൊന്നാണത്.

ഒരു സംസ്ഥാനത്തിനുമാത്രം എന്തിന് പ്രത്യേക പദവി എന്നുചോദിക്കുന്നവര്‍ ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തിനും അനുഭവിക്കേണ്ടിവന്നിട്ടില്ലാത്ത ദുരന്തഘട്ടങ്ങളിലൂടെ കടന്നുപോകേണ്ടിവന്ന സംസ്ഥാനമാണ് അത് എന്നത് കാണുന്നില്ല. കശ്മീരില്‍ ഇപ്പോഴും നിലനില്‍ക്കുന്ന കലുഷാവസ്ഥ, അത് മുതലെടുത്ത് അവിടത്തെ ജനങ്ങളില്‍ സ്വാധീനമുറപ്പിക്കാന്‍ ശ്രമിക്കുന്ന തീവ്രവാദി- ഭീകരസംഘടനകള്‍, അവയെ നേരിട്ടുകൊണ്ട് ദേശീയ ഐക്യത്തിനുവേണ്ടി നിലകൊള്ളുന്ന അവിടത്തെ ജനത, അവരെ എല്ലാ അര്‍ഥത്തിലും പിന്തുണയ്ക്കേണ്ടതിന്റെ ആവശ്യകത തുടങ്ങിയവയൊന്നും ബിജെപി കാണുന്നില്ല. ഭരണഘടനയുടെ 370-ാം വകുപ്പും അതിന്റെ ഫലമായുള്ള പ്രത്യേക പദവിയും എടുത്തുകളയുക എന്നുപറഞ്ഞാല്‍ ഇന്നത്തെ അവസ്ഥയില്‍ രാഷ്ട്ര ഐക്യത്തിനുവേണ്ടി നിലകൊള്ളുന്ന ശക്തികളെ ക്ഷീണിപ്പിക്കലും രാജ്യവിരുദ്ധശക്തികള്‍ക്ക് സ്വാധീനം വ്യാപിപ്പിക്കാനുള്ള അരങ്ങൊരുക്കലുമാകും.

ഇന്നത്തെ ഇന്ത്യന്‍ സംസ്ഥാനമായ ജമ്മു കശ്മീരും പാക് അധീനതയിലുള്ള കശ്മീര്‍ പ്രദേശവും ഉള്‍പ്പെട്ടതായിരുന്നു പഴയ കശ്മീര്‍ രാജഭരണ പ്രവിശ്യ. ജമ്മു കശ്മീരില്‍ത്തന്നെ മൂന്ന് പ്രത്യേക മേഖലകളുണ്ട്. 54 ലക്ഷം ജനസംഖ്യയുള്ള കശ്മീര്‍ താഴ്വര, 44 ലക്ഷം ജനസംഖ്യയുള്ള ജമ്മു, മൂന്നുലക്ഷം ജനസംഖ്യയുള്ള ലഡാക് എന്നിങ്ങനെ. മൂന്നിനും വേറിട്ട പ്രദേശത്തനിമകളുമുണ്ട്. പാകിസ്ഥാന്‍ ഭാഗത്താകട്ടെ, മുസഫറാബാദ് മേഖലയും ബള്‍ട്ടിസാന്‍ -ഹില്‍ജിത് -ഗുന്‍സാ എന്നിവ ഉള്‍പ്പെട്ട വടക്കന്‍മേഖലകളുമുണ്ട്. ഇതൊക്കെ ഉള്‍ച്ചേര്‍ന്ന കശ്മീരിനെ ഇന്ത്യന്‍ യൂണിയനില്‍ ചേര്‍ക്കാന്‍ സന്നദ്ധനായിരുന്നില്ല ഹരിസിങ് മഹാരാജാവ്. തന്റെ രാജ്യത്തെ സ്വതന്ത്രരാഷ്ട്രമായി നിര്‍ത്തുകയായിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശ്യം. അതുകൊണ്ടുതന്നെ 1947 ആഗസ്ത് 15നുപോലും ഇക്കാര്യങ്ങളില്‍ ഒരു വ്യക്തതയില്ലാത്ത അവസ്ഥയാണുണ്ടായിരുന്നത്.

പാകിസ്ഥാന്റെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയില്‍നിന്നുള്ള ആക്രമണം ഏതാണ്ട് ശ്രീനഗറില്‍വരെ എത്തിയ ഘട്ടത്തില്‍മാത്രമാണ് ഹരിസിങ് രാജാവ് ഇന്ത്യാ യൂണിയനില്‍ ചേരാന്‍ തയ്യാറായത്. ഇന്ത്യന്‍ സൈന്യം ആകാശമാര്‍ഗം ശ്രീനഗറില്‍ എത്തി ശത്രുസൈന്യത്തെ തുരത്തുകയായിരുന്നു അന്ന്. ഹരിസിങ്ങും അദ്ദേഹത്തിന്റെ ഫ്യൂഡല്‍ ഭരണത്തിനെതിരെ പൊരുതിക്കൊണ്ടിരുന്ന നാഷണല്‍ കോണ്‍ഫറന്‍സിന്റെ ഷേഖ് അബ്ദുള്ളയും തമ്മില്‍ ധാരണയായി. കശ്മീര്‍ അധികാരികളും ഇന്ത്യന്‍ യൂണിയന്‍ പ്രതിനിധികളും തമ്മില്‍ ഡല്‍ഹി കരാറില്‍ 1952ല്‍ ഒപ്പുവച്ചു. ആ ഘട്ടത്തില്‍ ആ പ്രദേശത്തെ കഴിയുന്നത്ര ജനങ്ങളെ പാകിസ്ഥാന്‍ സ്വാധീനത്തില്‍നിന്ന് വിടുവിച്ചെടുക്കുക എന്നത് ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ അഖണ്ഡത സംരക്ഷിക്കാന്‍ ആവശ്യമായിരുന്നു; പ്രത്യേകിച്ചും എതിര്‍ഭാഗത്തുനിന്നുള്ള പ്രീണന-പ്രലോഭന നടപടികള്‍ തുടര്‍ന്ന സാഹചര്യത്തില്‍. ഇത്തരമൊരു അവസ്ഥയിലാണ് ജമ്മു കശ്മീരിന് പ്രത്യേക പദവി വ്യവസ്ഥചെയ്യപ്പെട്ടത്. ആ പദവി എടുത്തുകളയാന്‍ തക്കവിധം കശ്മീരിലെ സ്ഥിതി മാറിയിട്ടില്ല എന്നത് അവിടുന്നുള്ള ദൈനംദിന റിപ്പോര്‍ട്ടുകളില്‍നിന്നുതന്നെ അറിയാനുള്ളതേയുള്ളൂ.

ഷേഖ് അബ്ദുള്ള ഭൂപരിഷ്കരണം നടപ്പാക്കി സ്വാധീനമുറപ്പിക്കുന്നുവെന്ന് വന്നപ്പോഴാണ് കോണ്‍ഗ്രസ് നാഷണല്‍ കോണ്‍ഫറന്‍സിനെ ശത്രുതയോടെ കണ്ടുതുടങ്ങിയത്. അതിന്റെ തുടര്‍ച്ചയായി 1953ലും "65ലും ഒക്കെ ഷേഖ് അബ്ദുള്ളയെ രാജ്യദ്രോഹി എന്ന് മുദ്രകുത്തി കോണ്‍ഗ്രസ് സര്‍ക്കാര്‍ അറസ്റ്റുചെയ്തത് കശ്മീരിലെ സ്ഥിതി പിന്നെയും വഷളാക്കി. അതിനിടെയാണ് ജനസംഘത്തിന്റെ മുന്‍രൂപമായിരുന്ന പ്രജാപരിഷത്ത് ഭരണഘടനയുടെ 370-ാം വകുപ്പുപ്രകാരമുള്ള പ്രത്യേക പദവി എടുത്തുകളയണമെന്ന ആവശ്യമുന്നയിച്ചത്. കശ്മീരില്‍ വര്‍ഗീയചേരിതിരിവുണ്ടാക്കി രാഷ്ട്രീയമുതലെടുപ്പ് നടത്തുക എന്നതായിരുന്നു പ്രജാപരിഷത്തിന്റെ പരിപാടി. അത്തരം ഒരാവശ്യം എങ്ങനെ രാജ്യതാല്‍പ്പര്യത്തിന് വിരുദ്ധവും രാജ്യവിരുദ്ധശക്തികള്‍ക്ക് സ്വാധീനം വ്യാപിപ്പിക്കാന്‍ സഹായകവുമാകും എന്നത് അവര്‍ക്ക് പ്രശ്നമായിരുന്നില്ല. പിന്നീട് കോണ്‍ഗ്രസ് ഭരണംതന്നെ പ്രത്യേക പദവിയെ ദുര്‍ബലപ്പെടുത്തുന്ന പല നടപടികള്‍ കൈക്കൊണ്ടു. ഫറൂഖ് അബ്ദുള്ളയുടെ നാഷണല്‍ കോണ്‍ഫറന്‍സ് മന്ത്രിസഭയെ ജനാധിപത്യവിരുദ്ധമായി പുറത്താക്കി ജി എം ഷായുടെ പാവഭരണത്തെ അവരോധിച്ചു. ജനാധിപത്യാവകാശങ്ങള്‍ ധ്വംസിച്ചു. തെരഞ്ഞെടുപ്പില്‍ കൃത്രിമംകാട്ടി. അങ്ങനെ അധാര്‍മിക പ്രവര്‍ത്തനങ്ങളിലൂടെ മുന്നേറി. അപ്പോഴൊക്കെ സ്വതന്ത്രകശ്മീരായി നില്‍ക്കുന്നതാണ് നല്ലത് എന്ന വിഘടനവാദികളുടെ അഭിപ്രായത്തിന് സ്വീകാര്യത കിട്ടുന്ന അന്തരീക്ഷം അവിടെ പരക്കുകയായിരുന്നു. ഇന്ത്യന്‍ ഭരണസംവിധാനത്തിനെതിരെ ജനങ്ങളില്‍ രോഷം വളര്‍ത്താന്‍ ഇതിലോരോന്നും പാക് പിന്തുണയുള്ള ശക്തികള്‍ ഉപയോഗിച്ചു. ജെകെഎല്‍എഫ്, ഹിസ്ബുള്‍ മുജാഹിദീന്‍ തുടങ്ങിയ സായുധനീക്കങ്ങള്‍ക്കൊപ്പം ഇന്ത്യാവിരുദ്ധ പ്രചാരണങ്ങള്‍ ശക്തിപ്പെടുത്തി. ഇന്ത്യയുടെ ഭാഗമായിനിന്നാല്‍ തടയില്ല എന്ന ആശങ്ക പടര്‍ത്തി. ജമ്മു കശ്മീരിന്റെ സ്വയംഭരണാധികാരമേഖല കേന്ദ്രാധികാരത്തിന്റെ കൈയേറ്റത്തിന് വിധേയമായ ഘട്ടങ്ങളിലൊക്കെ യഥാര്‍ഥത്തില്‍ ഈ ആശങ്ക ശക്തിപ്പെടുത്തുന്നതില്‍ തീവ്രവാദ സംഘടനകള്‍ വിജയിക്കുകയായിരുന്നു. കേന്ദ്രത്തിന്റെ തുടര്‍ച്ചയായ അധികാര കൈയേറ്റങ്ങള്‍ കശ്മീരിനെ പ്രത്യേക പദവിയുള്ള സംസ്ഥാനം എന്ന നിലയില്‍നിന്ന് സംസ്ഥാനാധികാരത്തില്‍പ്പെട്ട വിഷയങ്ങളില്‍പ്പോലും നിയമനിര്‍മാണം നടത്താന്‍ അനുവാദമില്ലാത്ത സംസ്ഥാനം എന്ന നിലയിലേക്ക് താഴ്ത്തുകയായിരുന്നു. ഭീകര- തീവ്രവാദ സംഘടനകള്‍ക്ക് സത്യത്തില്‍ അതുതന്നെയായിരുന്നു ആവശ്യവും.

ഭരണഘടനയുടെ 370-ാം വകുപ്പ് ഇപ്പോള്‍ ചര്‍ച്ചയ്ക്കെടുക്കുന്നത് അവിടെ വര്‍ഗീയചേരിതിരിവ് ശക്തിപ്പെടുത്താനും ഇന്ത്യാവിരുദ്ധ പ്രചാരണങ്ങള്‍ക്ക് ശക്തിപകരാനും അങ്ങനെ തീവ്രവാദ- ഭീകരപ്രവര്‍ത്തന സംഘടനകള്‍ക്ക് സ്വാധീനമുറപ്പിക്കാനുമുള്ള അന്തരീക്ഷമുണ്ടാക്കുകയാവും ചെയ്യുക. ഇത് മനസ്സിലാക്കാനുള്ള വിവേകം ബിജെപി ഭരണത്തിനില്ല എന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. ഇതല്ല രാഷ്ട്രതന്ത്രജ്ഞത. 370-ാം വകുപ്പ് എടുത്തുകളയുന്നതുപോകട്ടെ, അതുപ്രകാരമുള്ള സ്വയംഭരണാവകാശത്തില്‍ നേരിയ ഇടിവുവരുത്തുന്നതുപോലും ആപത്തുണ്ടാക്കുകയേ ചെയ്യൂ. കശ്മീര്‍ ജനതയുടെ അഭിലാഷങ്ങളെ പരിരക്ഷിക്കാനുതകുംവിധം പ്രത്യേക പദവി ദുര്‍ബലപ്പെടാതെ നോക്കുകയാണ് ഇന്നുവേണ്ടത്. കശ്മീര്‍ ജനതയുടെ സ്വത്വം സംരക്ഷിക്കാമെന്ന് ഉറപ്പുനല്‍കുന്നവിധം കൂടുതല്‍ സ്വയംഭരണാധികാരം കൊടുക്കുമെന്ന് പറയേണ്ട ഘട്ടത്തിലാണ് നേര്‍വിപരീതദിശയിലുള്ള നീക്കങ്ങളുണ്ടാകുന്നത്. ബിജെപിയുടെ രാഷ്ട്രീയത്തിന് ഇത് കൊള്ളാമായിരിക്കും. എന്നാല്‍, രാഷ്ട്രതാല്‍പ്പര്യത്തിന് ഇത് ഗുണംചെയ്യില്ല. ഇതിപ്പോള്‍ ചര്‍ച്ചാവിഷയമാക്കുന്നതോ ഇതേക്കുറിച്ച് തിരിച്ചും മറിച്ചും പ്രധാനമന്ത്രിയുടെ ഓഫീസുതന്നെ പറയുന്നതോ ഒന്നും ആശാസ്യമല്ല.
*
deshabhimani editorial

Wednesday, May 28, 2014

അപഹാസ്യമാക്കപ്പെടുന്ന തൊഴിലുറപ്പ് നിയമങ്ങള്‍

തൊഴിലുറപ്പു പദ്ധതിയുടെ ഭാവിയെ സംബന്ധിച്ച് ഏറെ ആശങ്കകളുണ്ടാക്കുന്ന നയങ്ങളാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കൈക്കൊള്ളുന്നത്. സര്‍ക്കാരുകള്‍ ഇറക്കുന്ന ഉത്തരവുകള്‍ പലതും ഇതിനെ തകര്‍ക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതുതന്നെയാണ്. തൊഴിലുറപ്പു നിയമം 2005ല്‍ പാര്‍ലമെന്റ് ഐകകണ്ഠ്യേന പാസാക്കിയതാണ്. അതിന്റെ ചെലവിലാണ് ഒന്നാം യുപിഎ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നത്. ഈ നിയമം ഇല്ലായ്മ ചെയ്യണമെങ്കില്‍ മോഡി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ ബില്‍ കൊണ്ടുപോയി പാസാക്കണം. അങ്ങനെ ഒരു സര്‍ക്കാര്‍ ചെയ്താല്‍ ആ സര്‍ക്കാരിന്റെയും അതിനെ അനുകൂലിച്ച രാഷ്ട്രീയ പാര്‍ടികളുടെയും വാട്ടര്‍ലൂ ആയിരിക്കും സംഭവിക്കുക. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ ഒറ്റയടിക്ക് തകര്‍ക്കാതെ നക്കിനക്കി കൊന്നുകൊണ്ടിരുക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. ഇതിനെതിരെ രാജ്യവ്യാപകമായി തൊഴിലുറപ്പു തൊഴിലാളികളും തൊഴിലുറപ്പിന്റെ പ്രസക്തി മനസ്സിലാക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളും ശക്തമായി പ്രതികരിക്കേണ്ടതുണ്ട്, പ്രതിരോധിക്കേണ്ടതുണ്ട്.

28,21,435 കുടുംബമാണ് 2014 മാര്‍ച്ച് 31 വരെ നമ്മുടെ സംസ്ഥാനത്ത് രജിസ്റ്റര്‍ചെയ്തിട്ടുള്ളത്. ദേശീയതലത്തില്‍ 645 ജില്ലയിലായി 2,47,643 പഞ്ചായത്തില്‍ 13 കോടി കുടുംബം രജിസ്റ്റര്‍ചെയ്ത് കഴിഞ്ഞിട്ടുണ്ട്. 26,588.8 കോടി രൂപ 27,8134 ഗ്രാമങ്ങളിലെ ദരിദ്രകുടുംബങ്ങളിലേക്ക് അവരുടെ ജീവിതക്ലേശങ്ങളില്‍നിന്ന് അല്‍പ്പം രക്ഷപ്പെടാന്‍ ഒരു താങ്ങായി ലഭിച്ചിട്ടുണ്ട്. 219.7 കോടി തൊഴില്‍ദിനങ്ങള്‍ കഴിഞ്ഞ വര്‍ഷം സൃഷ്ടിച്ചു. 46.3 ലക്ഷം കുടുംബത്തിന് 100 ദിവസം തൊഴില്‍ ലഭിച്ചു. 46 ദിവസമാണ് ദേശീയ ശരാശരി തൊഴില്‍ദിനങ്ങള്‍ പ്രദാനംചെയ്തത്.

കേരളത്തില്‍ 80,851,619 തൊഴില്‍ദിനങ്ങള്‍ ലഭിച്ചു. 1455.32 കോടി രൂപ തൊഴിലാളികള്‍ക്ക് വേതനമായി ലഭിച്ചു. 40,6422 കുടുംബത്തിനാണ് 100 ദിവസം തൊഴില്‍ കിട്ടിയത്. ഈ വസ്തുത ചൂണ്ടിക്കാട്ടിയത് തൊഴിലുറപ്പുരംഗത്ത് ആശാവകമായ പുരോഗതിയാണ് എന്ന അര്‍ഥത്തിലല്ല. മറിച്ച് വിലക്കയറ്റമടക്കമുള്ള ജീവിത ദുരിതത്തില്‍നിന്ന് അല്‍പ്പം സമാശ്വാസം ലഭിക്കാന്‍ തൊഴിലുറപ്പു പദ്ധതിയിലൂടെ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് കഴിയുന്നൂവെന്ന് ചൂണ്ടിക്കാണിക്കാനാണ്. ഇതില്‍ത്തന്നെ 349.13 കോടിരൂപ വേതനം നല്‍കുന്നതില്‍ കുടിശ്ശിക വരുത്തിയ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കാണിച്ച ക്രൂരതയും വലുതാണ്. ഇപ്പോഴും കുടിശ്ശിക പൂര്‍ണമായും കിട്ടാതെ തൊഴിലാളികള്‍ വേഴാമ്പലുകളെപ്പോലെ വേതനത്തിനായി കാത്തുനില്‍ക്കുകയാണ്.

നിയമത്തില്‍ ചൂണ്ടിക്കാണിച്ചതുപോലെ തൊഴിലാളിക്ക് നിശ്ചിതസമയത്ത് കൂലി നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ അവര്‍ക്ക് 1936(4-1936)ലെ പേമെന്റ് ഓഫ് വേജസ് ആക്ട് പ്രകാരമുള്ള നഷ്ടപരിഹാരം നല്‍കണമെന്നതാണ്. പിഴപ്പലിശ നല്‍കാതെ സര്‍ക്കാരുകള്‍തന്നെ നിയമം കാറ്റില്‍പറത്തുകയാണ്. തൊഴിലാളികളുടെ അവകാശം സംരക്ഷിക്കുമെന്ന് നാഴികയ്ക്ക് നാല്‍പ്പതുവട്ടം ആക്രോശിക്കുന്ന സര്‍ക്കാരാണ് തൊഴിലുറപ്പിന്റെ ആരാച്ചാരായി മാറുന്നത്. സംസ്ഥാന സര്‍ക്കാര്‍ ഇറക്കുന്ന ഉത്തരവുകളൊന്നും തൊഴിലുറപ്പു നിയമത്തിന്റെ പരിധിയില്‍ വരുന്നതല്ല, എന്നുമാത്രമല്ല നിയമത്തെ നഗ്നമായി മറികടക്കുന്നതുമാണ്. നിയമപ്രകാരം സര്‍ക്കാരാണ് തൊഴിലാളികള്‍ക്ക് തൊഴില്‍ നല്‍കേണ്ട ഉത്തരവാദിത്തം നിര്‍വഹിക്കേണ്ടത് എന്നകാര്യം ബോധപൂര്‍വം മറച്ചുവയ്ക്കുകയാണ്.

ദേശീയഗ്രാമീണ തൊഴിലുറപ്പു നിയമം 2005 അധ്യായം രണ്ടില്‍ ഒന്നാം ഉപവകുപ്പു പ്രകാരം തൊഴിലാളികള്‍ക്ക് നല്‍കുന്ന അവകാശം ഇപ്രകാരമാണ്. ""കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനംചെയ്യുന്ന ഗ്രാമപ്രദേശങ്ങളില്‍ അവിദഗ്ധതൊഴില്‍ചെയ്യാന്‍ തയ്യാറുള്ള ഓരോകുടുംബത്തിനും സംസ്ഥാന സര്‍ക്കാര്‍ ഒരു സാമ്പത്തികവര്‍ഷംനൂറില്‍ കുറയാത്ത തൊഴില്‍ നല്‍കണം."" നിയമപ്രകാരം സംസ്ഥാനത്ത് രജിസ്റ്റര്‍ചെയ്ത് തൊഴില്‍കാര്‍ഡ് ലഭിച്ച കുടുംബങ്ങളില്‍ തൊഴില്‍ ആവശ്യപ്പെട്ടവര്‍ക്ക് തൊഴില്‍ നല്‍കാനുള്ള ബാധ്യത സര്‍ക്കാരിനുള്ളതാണ്. അതുകൊണ്ടുതന്നെ തൊഴില്‍ സൃഷ്ടിക്കേണ്ട ബാധ്യതയും സര്‍ക്കാരില്‍ നിക്ഷിപ്തമാണ്. തൊഴിലാളി അവര്‍ക്ക് ആവശ്യമായ തൊഴിലുണ്ടാക്കണമെന്ന് നിയമത്തില്‍ ഒരിടത്തും പറയുന്നില്ല. മറിച്ച് തൊഴിലുറപ്പ് ഗ്രാമസഭ വിളിച്ചുചേര്‍ത്ത് സര്‍ക്കാര്‍തന്നെയാണ് തൊഴിലിനുള്ള പ്രോജക്ടുകള്‍ തയ്യാറാക്കേണ്ടത്. ഈ സാഹചര്യത്തിലാണ് നിലവില്‍ ചെയ്തുകൊണ്ടിരിക്കുന്ന പ്രവൃത്തികള്‍പോലും ചെയ്യരുതെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി തടിതപ്പുന്നത്. സര്‍ക്കാര്‍ ഏതുതരം ഉത്തരവും ഇറക്കട്ടെ അതവരുടെകാര്യം. തൊഴിലാളികള്‍ക്ക് നിയമപരമായി ലഭിക്കേണ്ട തൊഴില്‍ ലഭിച്ചേമതിയാകൂ. അത് ലംഘിക്കാന്‍ ഒരു സംസ്ഥാനസര്‍ക്കാരിനും അധികാരമില്ല. ഈ സാഹചര്യത്തില്‍ തൊഴില്‍ ലഭിക്കാന്‍ നിയമത്തില്‍ പറയുന്നതുപോലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ തൊഴിലാളികള്‍ തൊഴിലിനുവേണ്ടി അപേക്ഷ സമര്‍പ്പിച്ച് മുന്നോട്ട് പോകണം.

നിയമത്തെയും മൂന്നാം അധ്യായം 7(1) പ്രകാരം അപേക്ഷ സമര്‍പ്പിച്ച് 15 ദിവസത്തിനുള്ളില്‍ തൊഴില്‍ കൊടുക്കാത്ത സാഹചര്യത്തില്‍ തൊഴില്‍ രഹിതവേതനം തൊഴില്‍നല്‍കുന്നതുവരെ കൊടുക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. ഈ തൊഴില്‍രഹിതവേതനം അധ്യായം 2ല്‍ 7(2) പ്രകാരം ആദ്യത്തെ 30 ദിവസത്തേക്ക് മിനിമം കൂലിയിലെ ഏറ്റവും കുറഞ്ഞത് നാലില്‍ ഒന്നും ബാക്കി ദിവസത്തേക്ക് പകുതിയും ആയിരിക്കണമെന്നും അനുശാസിക്കുന്നുണ്ട്. ഈ ബാധ്യത സര്‍ക്കാരിനുള്ളതാണ്. സര്‍ക്കാരിന്റെ ഇത്തരം കള്ളക്കളി അവസാനിപ്പിക്കുന്നതിന് തൊഴിലാളികളുടെ മുന്നില്‍ ഒറ്റ പോംവഴിയേയുള്ളൂ. അത് നിയമത്തില്‍ പറയുന്നതുപോലെ വ്യാപകമായി അപേക്ഷ സമര്‍പ്പിക്കുക എന്നതുതന്നെയാണ്. എന്‍ആര്‍ഇജി വര്‍ക്കേഴ്സ് യൂണിയന്‍ സംസ്ഥാനത്തെ തൊഴിലുറപ്പു തൊഴിലാളികളോട് ആവശ്യപ്പെടുന്നതും അതുതന്നെയാണ്.

നിയമത്തെ നോക്കുകുത്തിയാക്കി തൊഴിലുറപ്പു പദ്ധതിയെ അട്ടിമറിക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായി പ്രക്ഷോഭം അവശ്യമായി വന്നിരിക്കുന്നു. തൊഴിലുറപ്പു പദ്ധതി നാട്ടിന്‍പുറത്തെ പട്ടിണിപ്പാവങ്ങളുടെ ജീവിതമാണ്. അതു തകര്‍ക്കാന്‍ ഒരു സര്‍ക്കാരിനെയും അനുവദിക്കില്ല. നഗരപ്രദേശങ്ങളില്‍ തൊഴില്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ പന്ത്രണ്ടര കോടി രൂപ നീക്കിവച്ചിട്ടുണ്ട്. അത് ചെലവാക്കാതെ വകമാറ്റാനാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ശ്രമിക്കുന്നത്. നഗരസഭകളിലും കോര്‍പറേഷനുകളിലും അയ്യന്‍കാളി നഗരതൊഴിലുറപ്പു പദ്ധതി ഈ വര്‍ഷം നടപ്പാക്കിയേ മതിയാകൂ. മിനിമം വേതനം ജീവിത വിലസൂചികയെ അടിസ്ഥാനപ്പെടുത്തി വര്‍ധിപ്പിക്കണം.

ജോലിസമയം രാവിലെ ഒമ്പതുമുതല്‍ വൈകിട്ട് നാലുവരെ ആക്കണം. ജോലിക്കിടെ മരണപ്പെട്ടാല്‍ ആശ്രിതര്‍ക്ക് നല്‍കുന്ന സാമ്പത്തികസഹായം കുറഞ്ഞത് ഒരുലക്ഷം രൂപയെങ്കിലുമാക്കണം. കഴിഞ്ഞവര്‍ഷം നൂറുദിവസം തൊഴില്‍ ലഭിച്ചവര്‍ക്ക് ഓണത്തിനുമുമ്പ് 1000 രൂപയെങ്കിലും നല്‍കണം. പെന്‍ഷന്‍, ക്ഷേമനിധി എന്നിവ നടപ്പാക്കി സര്‍വോപരി കാര്‍ഷികമേഖലയെയും പരമ്പരാഗത തൊഴില്‍മേഖലയെയും പശുവളര്‍ത്തല്‍ അടക്കമുള്ള മൃഗപരിപാലന ക്ഷീരമേഖലയെയും തൊഴിലുറപ്പിനു കീഴില്‍ കൊണ്ടുവരണം. തൊഴില്‍ നഷ്ടപ്പെടുത്തുന്ന സര്‍ക്കാരിന്റെ ഉത്തരവ് പിന്‍വലിക്കണം.

*
എം വി ബാലകൃഷ്ണന്‍

ആര്‍എസ്എസിന്റെ അധികാരപര്‍വം

ആര്‍എസ്എസിന് സമ്പൂര്‍ണ നിയന്ത്രണമുള്ള രാഷ്ട്രീയ പാര്‍ടിയുടെ സര്‍ക്കാര്‍ നിലവില്‍ വന്നിരിക്കുന്നു. പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞചെയ്തത് ആര്‍എസ്എസ് നിയോഗപ്രകാരം രാഷ്ട്രീയത്തിലേക്ക് കടന്നുവന്നയാളാണ്. ദശകങ്ങളായി ബിജെപിയെ നയിച്ച അദ്വാനിയെ കടത്തിവെട്ടി നരേന്ദ്രമോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കിയതിലും ആര്‍എസ്എസിന്റെ വിധി തീര്‍പ്പുണ്ടായിരുന്നു. നരേന്ദ്രമോഡിയാണ് ബിജെപിയിലെ അവസാന വാക്ക് എന്ന് ധരിച്ചാല്‍ തെറ്റി. അവസാന വാക്ക് ആര്‍എസ്എസ് തന്നെയാണ്. ആര്‍എസ്എസ് മാത്രമാണ്.

1920കളില്‍ ഇറ്റലിയില്‍ മുസോളിനി അധികാരത്തിലെത്തി. ഗുജറാത്ത് മാതൃകയെന്ന പ്രചാരണംപോലെ മുസോളിനിയുടെ അപദാനങ്ങള്‍ അക്കാലത്ത് അന്തരീക്ഷത്തില്‍ നിറഞ്ഞുനിന്നു. സമയം തെറ്റിയോടിയിരുന്ന തീവണ്ടികള്‍ കൃത്യമായി ഓടാന്‍ തുടങ്ങിയതാണ് മുസോളിനിയെ വാഴ്ത്താന്‍ പറഞ്ഞിരുന്ന പല കാര്യങ്ങളില്‍ ഒന്ന്. തൊഴിലില്ലായ്മ പൂര്‍ണമായി ഇല്ലാതാക്കിയെന്നതായിരുന്നു ജര്‍മനിയില്‍ ഹിറ്റ്ലര്‍ പ്രചരിപ്പിച്ചിരുന്നത്. യുപിഎയുടെ കാലത്ത് അകലെനിന്ന് ആരോ ചരടുവലിക്കുന്ന യന്ത്രപ്പാവ പോലുള്ള പ്രധാനമന്ത്രിയായി ധരിക്കപ്പെട്ടിരുന്ന മന്‍മോഹന്‍ സിങ്ങിന്റെ ഭരണമില്ലായ്മയില്‍നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ അവതരിച്ച മിശിഹായായാണ് നരേന്ദ്രമോഡി വാഴ്ത്തപ്പെട്ടത്. 1929-30കളില്‍ ലോകത്തെ ഗ്രസിച്ച ആഗോളമാന്ദ്യകാലത്തെ അതിജീവിക്കാന്‍ മൂലധനശക്തികള്‍ സൃഷ്ടിച്ചെടുത്ത രാഷ്ട്രീയരൂപങ്ങളായിരുന്നു മുസോളിനിയും ഹിറ്റ്ലറും. 2008 മുതല്‍ ലോകത്തെ ബാധിച്ചിട്ടുള്ളതും ഇപ്പോഴും വീണ്ടെടുപ്പ് സാധ്യമായിട്ടില്ലാത്തതുമായ മാന്ദ്യത്തിന് ഇന്ത്യന്‍ കോര്‍പറേറ്റുകളുടെ പരിഹാരശ്രമത്തിന്റെ രാഷ്ട്രീയരൂപമാണ് നരേന്ദ്രമോഡി. മന്‍മോഹന്‍ സിങ് ഒരിക്കലും ദുര്‍ബലനായ പ്രധാനമന്ത്രിയായിരുന്നില്ല. ഇന്ത്യന്‍ ജനഹിതത്തെ ഒട്ടും മാനിക്കാതെ, മൂലധനശക്തികളുടെ എന്തെല്ലാം ഇംഗിതങ്ങളാണ് മന്‍മോഹന്‍ സിങ് നടപ്പാക്കിയത്. പെട്രോള്‍-ഡീസല്‍-പഞ്ചസാര എന്നിവകളുടെ വിലനിയന്ത്രണം മൂലധനശക്തികള്‍ക്ക് കാഴ്ചവച്ചതും, ചില്ലറ വ്യാപാരമേഖലയില്‍ വിദേശ നിക്ഷേപം അനുവദിച്ചതും ആധാര്‍കാര്‍ഡ് നിര്‍ബന്ധമാക്കിയതും, പൊതുവിതരണം തകര്‍ത്തതും, പാചകവാതക വില ഉയര്‍ത്തിയതും സബ്സിഡി എടുത്തുകളഞ്ഞതും, ബാങ്ക്-പൊതുമേഖലാ വില്‍പ്പനയും സ്വകാര്യവല്‍ക്കരണവും ഉള്‍പ്പെടെ മൂലധന ശക്തികളുടെ ഏതുകാര്യം നടത്താനും ഭരണമില്ലായ്മയെന്ന പ്രശ്നം യുപിഎയുടെ കാലത്ത് ഉണ്ടായിട്ടേയില്ല. മൂലധനശക്തികള്‍ എക്കാലത്തും മന്‍മോഹന്‍ സിങ്ങിനോടും കോണ്‍ഗ്രസിനോടും കടപ്പെട്ടിരിക്കുന്നു. എന്നാല്‍, മൂലധനത്തിന് വികാരങ്ങളില്ല.

ലാഭം മൂന്നിരട്ടിയായാല്‍ യജമാനനെത്തന്നെ കഴുവേറ്റാന്‍ മൂലധനം മടികാട്ടുകയില്ല&ൃറൂൗീ;എന്ന് കാള്‍മാര്‍ക്സ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഭരണമില്ലായ്മ എന്ന മിഥ്യയെ പ്രചാരണപരമായി ഉയര്‍ത്തിക്കാട്ടി ശക്തനായ ഭരണാധികാരിയുടെ ആവശ്യകതയെ ബോധ്യപ്പെടുത്തുന്ന പ്രചാരണതന്ത്രങ്ങളാണ് കോര്‍പറേറ്റ് മാധ്യമങ്ങളിലൂടെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നടന്നത്. മന്‍മോഹന്‍ സിങ്ങിനെക്കൊണ്ട് മൂലധനശക്തികള്‍ ചെയ്യിച്ചുവന്ന ആഗോളവല്‍ക്കരണ നടപടികള്‍ ജനങ്ങളിലുണ്ടാക്കിയ വെറുപ്പിനെ, തീവ്ര വലതുപക്ഷത്തെ ഉപയോഗിച്ച് കൊയ്തെടുക്കുകയെന്ന മൂലധനശക്തികളുടെ അജന്‍ഡയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിജയം കണ്ടത്. തങ്ങളുടെ അരുമയായിരുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ നിര്‍ദയം കൈയൊഴിയാനും തങ്ങളുടെ ഇപ്പോഴത്തെ വര്‍ഗതാല്‍പ്പര്യങ്ങള്‍ക്കായി ബലികൊടുക്കാനും ഒരു മടിയുമില്ലെന്ന് ഇന്ത്യന്‍ മുതലാളിത്തം തെളിയിച്ചു. അങ്ങനെ കഴുവേറ്റപ്പെട്ട പഴയ യജമാനന്റെ പ്രതിരൂപംമാത്രമാണ് രാഹുല്‍ഗാന്ധി. പുതിയ യജമാനന്റെ അപദാനങ്ങള്‍ വാഴ്ത്തികൊണ്ട് സാര്‍ഥവാഹകസംഘം മുന്നേറുന്നതാണ് മോഡിയെ സ്തുതിക്കുന്ന മാധ്യമങ്ങള്‍ അവതരിപ്പിക്കുന്നത്.

ബിജെപിയും മോഡിയും 31 ശതമാനം വോട്ടുമാത്രമാണ് നേടിയത്. അര്‍ഹതയ്ക്കപ്പുറം അനുമോദനങ്ങള്‍ ചൊരിയുമ്പോള്‍, പുതിയ ഭരണസംവിധാനത്തിലെ ആര്‍എസ്എസിന്റെ പങ്ക് വിസ്മരിക്കരുത്. ജനാധിപത്യങ്ങളിലെ ജനവിധിയെ അംഗീകരിച്ചുകൊടുക്കുകയെന്നത് രാഷ്ട്രീയമര്യാദയാണ്. അതിന്റെ പേരില്‍ ആര്‍എസ്എസിന്റെ പ്രഹരശേഷിയെ കുറച്ചുകാണുന്നതാണ് വലിയ അപകടം.

1925 സെപ്തംബറില്‍ നാഗ്പുരില്‍ ജന്മമെടുത്ത ആര്‍എസ്എസ് ദേശീയ സ്വാതന്ത്ര്യ സമരത്തില്‍ തല്‍പ്പരരായിരുന്നില്ല. വിദേശ ഭരണാധികാരികളെയല്ല വിദേശികളെന്ന് മുദ്രകുത്തുന്ന മുസ്ലിങ്ങള്‍, ക്രിസ്ത്യാനികള്‍ എന്നിവരെയാണ് നേരിടേണ്ടതെന്ന, ഗോള്‍വാള്‍ക്കറുടെ &ഹറൂൗീ;വിചാരധാരയാണ് അക്കാലത്ത് ആര്‍എസ്എസ് നടപ്പാക്കിയത്. ബംഗ്ലാദേശില്‍നിന്ന് ഇന്ത്യയില്‍ എത്തിയ വിദേശികളായ മുസ്ലിങ്ങള്‍ക്ക് എതിരെ കഴിഞ്ഞ തെരഞ്ഞെടുപ്പു വേളയില്‍ നരേന്ദ്രമോഡി ആക്രോശിക്കുകയുണ്ടായി. ബംഗ്ലാദേശില്‍നിന്നു വരുന്ന ഹിന്ദുക്കള്‍ക്ക് സ്വാഗതമരുളുകയുംചെയ്തു. ഹെഗ്ഡേവാറിന്റെ പിന്‍ഗാമിയായ ഗോള്‍വാള്‍ക്കറുടെ ഹിന്ദുരാഷ്ട്രസങ്കല്‍പ്പത്തിനു ചേരുന്ന വാക്കുകളാണ് മോഡിയുടെ ഈ പ്രസംഗത്തില്‍ കാണാനാകുന്നത്.

ഗോള്‍വാള്‍ക്കറുടെ നിര്‍ദേശമനുസരിച്ച് 1951 ഒക്ടോബര്‍ 21നാണ് ശ്യാമപ്രസാദ് മുഖര്‍ജി ജനസംഘം എന്ന രാഷ്ട്രീയ പാര്‍ടി രൂപീകരിച്ചത്. 1977ല്‍ ജനതാപാര്‍ടിയില്‍ ലയിച്ച ജനസംഘം, 1980 ഏപ്രില്‍ 5നാണ് ഭാരതീയ ജനതാ പാര്‍ടിയായി പുനര്‍ജനിച്ചത്. 1984ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ രണ്ടു സീറ്റും 7.4 ശതമാനം വോട്ടും ലഭിച്ച ബിജെപി 1989ല്‍ 89 സീറ്റും 11.4 ശതമാനം വോട്ടും നേടി. 1991ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 120 സീറ്റും 20.11 ശതമാനം വോട്ടും ബിജെപിക്കു കിട്ടി. 1992ല്‍ ബാബറി മസ്ജിദ് തകര്‍ത്തതിനെത്തുടര്‍ന്ന് രാഷ്ട്രീയമായി ഏറെ ഒറ്റപ്പെട്ടുവെങ്കിലും, 1996ല്‍ 161 സീറ്റും 21.24 ശതമാനം വോട്ടും ബിജെപിക്കു കിട്ടി. 1998ല്‍ 180 സീറ്റായി നില ഉയര്‍ന്നു. 26.6 ശതമാനം വോട്ടാണ് എന്‍ഡിഎ മുന്നണി സര്‍ക്കാര്‍ അധികാരമേറ്റ ആ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കിട്ടിയത്. 1999ല്‍ 182 സീറ്റ് ലഭിച്ചപ്പോള്‍ വോട്ടിങ് ശതമാനം 23.7 ആയി കുറഞ്ഞു. 2004ല്‍ ബിജെപി മുന്നണി സര്‍ക്കാരിനെ ഇന്ത്യയിലെ ജനങ്ങള്‍ പുറത്താക്കിയത് ബിജെപിയുടെ ഭരണമികവ്&ൃറൂൗീ;ബോധ്യപ്പെട്ടതിനാലാണ്. വാജ്പേയി-അദ്വാനി ദ്വന്ദ്വത്തിന്റെ ജനാധിപത്യപരമായ നാട്യങ്ങള്‍ കൊണ്ട് കിതച്ചുനിന്ന ബിജെപിയെ 31 ശതമാനം വോട്ടിലേക്കും അവരുടെ കാലത്തുനിന്ന് നൂറു സീറ്റുകള്‍ അധികം നേടി കേവല ഭൂരിപക്ഷത്തിലേക്കും നയിക്കാനായിയെന്നതിന് നരേന്ദ്രമോഡിക്ക് അഭിമാനിക്കാം. എന്നാല്‍, ഗുജറാത്ത് കലാപത്തിന്റെ ഫലമായി വര്‍ഗീയതയുടെ വിളവെടുപ്പിന് ചാലുകീറിയൊരുക്കപ്പെട്ട പുതിയ മണ്ണിലാണ് മോഡി ഭരണത്തെപ്പറ്റിയുള്ള കെട്ടുകഥകള്‍ക്കുമേല്‍, ശക്തനായ ഭരണാധികാരിയെന്ന ബിംബവല്‍ക്കരണം നടത്തപ്പെട്ടത്. ഹിന്ദു-മുസ്ലിം ദ്വന്ദ്വമെന്ന സാമ്പ്രദായിക രീതികള്‍ക്കു പകരം ഹിന്ദുമതത്തിലെതന്നെ ജാതിയെ അടിസ്ഥാനമാക്കി ജാട്ട് -മുസ്ലിം ഭിന്നതയെന്ന നിലയില്‍ വര്‍ഗീയ ലഹളയ്ക്ക് പുത്തനാവിഷ്കാരം നല്‍കുന്നതില്‍ മുസഫര്‍പുരില്‍ ബിജെപി വിജയിക്കുകയും ചെയ്തു. ജാതിയെ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുകയെന്ന ബൂര്‍ഷ്വാ രീതിക്ക് പുതിയ മാനം നല്‍കി, ജാതിശക്തിയെ ഏകീകരിച്ച് വര്‍ഗീയ കലാപത്തിനുപയോഗിക്കുക എന്നതിലേക്ക് ഉത്തരേന്ത്യയെ മാറ്റിയെടുത്തതാണ് ബിജെപിയുടെ വിജയത്തിന്റെ രസതന്ത്രമായി മാറിയത്. ബിജെപിക്കാരുടെ സ്തുതിഗീതങ്ങളില്‍ മോഡി ശ്രീരാമനാണെങ്കില്‍ അമിത്ഷാ ലക്ഷ്മണനാണ്. അമിത്ഷായുടെ യുപി ദൗത്യത്തില്‍ അവിടെ അവതരിപ്പിക്കപ്പെട്ടത് ഒരു ജനാധിപത്യ ബദലായിരുന്നില്ല. മുസഫര്‍ നഗര്‍ കലാപവും അതില്‍ സര്‍വസ്വവും നഷ്ടപ്പെട്ട് ഹതാശരായ മുസ്ലിം ന്യൂനപക്ഷത്തിന്റെ അരക്ഷിതാവസ്ഥയിലുമാണ്, മോഡിമാജിക് (യഥാര്‍ഥത്തില്‍ അമിത്ഷാ) യുപിയില്‍ വിജയം കണ്ടത്. മതന്യൂനപക്ഷങ്ങളുടെ പാര്‍ലമെന്റിലെ പ്രാതിനിധ്യം ഏറ്റവും കുറഞ്ഞ് അതീവ ദുര്‍ബലമാക്കപ്പെട്ട ഈ ജനവിധി, ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥയുടെ ഗുണകരമായ ഉണര്‍വാണെന്ന് കടുത്ത ശുഭാപ്തിവിശ്വാസികള്‍പോലും തെറ്റിദ്ധരിക്കയില്ല. അസമിലെ 4 ജില്ലകളില്‍ നടന്ന തീവ്രമായ വര്‍ഗീയ സംഘര്‍ഷങ്ങളും ഈ ധ്രുവീകരണ പ്രക്രിയക്ക് ആക്കം കൂട്ടി. എത്രയോ മനുഷ്യരുടെ ചോരയും കണ്ണീരും വീണ വഴികളിലൂടെയാണ് ബിജെപി കേവല ഭൂരിപക്ഷം നേടിയതെന്ന് വിജയപീഠത്തിലേറുമ്പോള്‍ ഊറി വീണ മോഡിയുടെ സന്തോഷക്കണ്ണീരില്‍ നാം മറന്നുപോകരുത്.

മതനിരപേക്ഷതയും ഇടതുപക്ഷവുമൊക്കെ മോഡിതരംഗത്തില്‍ പരാജിതരായിയെന്ന് മാധ്യമങ്ങള്‍ പറയുന്നു. നേതാക്കളെ വിചാരണചെയ്യാന്‍ പ്രതിക്കൂടുകള്‍ ഒരുക്കപ്പെടുന്നു. എന്നാല്‍ യഥാര്‍ഥത്തില്‍ ആഗോളവല്‍ക്കരണ നയങ്ങളാണ്, പരാജയപ്പെട്ടത് എന്നതു മാത്രം സമര്‍ഥമായി മറച്ചുവയ്ക്കപ്പെടുന്നു. ആഗോളവല്‍ക്കരണ നയങ്ങള്‍ക്കെതിരെ പതിറ്റാണ്ടുകളായി പോരടിക്കുന്ന ഇടതുപക്ഷത്തിന് ജനങ്ങളിലുണ്ടായ അസംതൃപ്തിയെ മുതലെടുക്കാനായിട്ടില്ല എന്നത് വാസ്തവം. അതിന്റെ രാഷ്ട്രീയവും സംഘടനാപരവുമായ കുറവുകള്‍ ആഴത്തിലുള്ള വിശകലനം അര്‍ഹിക്കുന്നതുമാണ്. തീവ്ര വലതുപക്ഷ ശക്തികള്‍ക്ക് ജനരോഷത്തിന്റെ ഗുണഫലങ്ങള്‍ റാഞ്ചാനായിയെന്നത് സത്യമാണെങ്കിലും, മന്‍മോഹനേക്കാള്‍ മെച്ചപ്പെട്ടതൊന്നും മോഡിയുടെ സാമ്പത്തിക നയങ്ങളില്‍ പ്രതീക്ഷിക്കരുത്. ജനങ്ങളെ വിഭജിക്കുന്നതിന്റെ രാഷ്ട്രീയകലയില്‍, പുതിയ അടവുകളുമായി ഫാസിസം നിലനില്‍ക്കാനോ മുന്നേറാനോ ശ്രമിക്കും. ആര്‍എസ്എസിന്റെ അധികാരപര്‍വം ആരംഭിക്കുന്നതേയുള്ളു. മോഡിയുടെ വ്യക്തിപ്രഭാവത്തേക്കാളും ഫാസിസത്തിന്റെ തന്ത്രങ്ങളെക്കാളുമെല്ലാമുപരി യുപിഎ സര്‍ക്കാരിന്റെ അഴിമതിക്കും വിലക്കയറ്റത്തിനും മറ്റ് ദുര്‍നയങ്ങള്‍ക്കുമെതിരായ ജനരോഷത്തിലാണ് ബിജെപിയുടെ വിജയത്തിന്റെ വഴിയൊരുക്കപ്പെട്ടത്. അഞ്ചുവര്‍ഷം കഴിയുമ്പോള്‍ മറ്റൊരു ഭരണവിരുദ്ധ വികാരത്തള്ളലില്‍ ബിജെപി ജനവിധിക്ക് കീഴ്പ്പെട്ടുകൊടുക്കുമെന്ന് ധരിക്കരുത്. ജനങ്ങളെ ഭിന്നിപ്പിച്ചു നിര്‍ത്തുന്നതിലും വികാരങ്ങളുയര്‍ത്തി ഉന്മാദത്തിലേക്ക് നയിക്കുന്നതിനും ഫാസിസത്തിനുള്ള കഴിവുകള്‍ അപാരമാണ്. ഫാസിസത്തിനെതിരായ സമരത്തിലാണ് ഇനി ജനാധിപത്യത്തിന്റെ ഭാവി കുടികൊള്ളുന്നത്. തൊഴിലാളി വര്‍ഗത്തിനും ഇടതുപക്ഷത്തിനും അതില്‍ വഹിക്കാനുള്ള പങ്ക് ചരിത്രപരമായിത്തന്നെ നിര്‍ണയിക്കപ്പെട്ടതാണ്. പ്രസക്തി നഷ്ടപ്പെട്ടുവെന്ന ശകാരങ്ങള്‍ കേട്ട് അരങ്ങൊഴിയാനല്ല, സമൂഹത്തിലെ വൈരുധ്യങ്ങളെ കണ്ടറിഞ്ഞ് ജനപക്ഷ രാഷ്ട്രീയത്തെ വികസിപ്പിക്കുകയെന്നതിലാണ് ഇന്ത്യന്‍ ഇടതുപക്ഷത്തിന്റെ ദൗത്യം കുടികൊള്ളുന്നത്.

*
അഡ്വ. കെ അനില്‍കുമാര്‍

പ്രകൃതിയെയും കൃഷിയെയും സംരക്ഷിക്കുക

കോര്‍പറേറ്റ് നിയന്ത്രിത മുതലാളിത്ത വികസനവഴി കഴുത്തറുപ്പന്‍ ലാഭത്തിന്റേതാണ്. ലാഭമല്ലാതെ മറ്റൊന്നിനും അവിടെ മൂല്യമില്ല. പ്രകൃതിയും കൃഷിയും വ്യവസായവും ലാഭംനോക്കികളുടെ കൈയിലകപ്പെടുമ്പോള്‍ പ്രകൃതിസംരക്ഷണവും പാരിസ്ഥിതിക സന്തുലനവും ക്രൂരമായി അവഗണിക്കപ്പെടുന്നു. വര്‍ത്തമാനകാലത്ത് പാരിസ്ഥിതികപ്രശ്നങ്ങള്‍ ലോകത്തെയാകെ ഗ്രസിക്കുകയാണ്. അമിതമായ പ്രകൃതിചൂഷണത്തിന് വാതില്‍ തുറന്നിടുന്ന നവ ലിബറല്‍നയങ്ങളുടെ ഉല്‍പ്പന്നവുമാണത്. അത് പരിസ്ഥിതിയെമാത്രമല്ല, കൃഷിയെയും കൃഷിക്കാരെയും ജനജീവിതത്തെയാകെയും ബാധിക്കുന്നു. വികസനത്തിനും വ്യവസായവല്‍ക്കരണത്തിനുമെന്ന പേരില്‍ കൃഷിഭൂമി വന്‍തോതില്‍ ഏറ്റെടുക്കുന്നു. അവശേഷിക്കുന്ന കൃഷിഭൂമി അശാസ്ത്രീയവും നിരുത്തരവാദപരവുമായി വളവും കീടനാശിനികളും ചെന്നുചേരുന്നതിലൂടെ വിഷമയമാകുന്നു. അത് പച്ചപ്പുകളുടെ വളര്‍ച്ച തടയുകയും ജലക്ഷാമത്തിലേക്കും മരുവല്‍ക്കരണത്തിലേക്കും നയിക്കുകയും ചെയ്യുന്നു. ഇതിനുപുറമെ നിയമവിരുദ്ധ ഖനവും വായു- ജല മലിനീകരണവുമടക്കം പരിസ്ഥിതിക്ക് ഭീഷണിയുയര്‍ത്തുന്ന നിരവധി ഘടകങ്ങളുണ്ട്. ഇതിലൊന്നും കണ്ണുപായിക്കാതെ സ്ഥിതി കൂടുതല്‍ കൂടുതല്‍ വഷളാക്കാനുള്ള ഇടപെടലാണ് കോര്‍പറേറ്റുകളുടേത്.

കൃഷിച്ചെലവിലെ കുത്തനെയുള്ള വര്‍ധനയും ഉല്‍പ്പന്നങ്ങളുടെ വിലക്കുറവും കുത്തകവല്‍ക്കരിക്കപ്പെട്ട വിപണിയും അവധിവ്യാപാരത്തിലെ ചതിക്കുഴികളും കൃഷിക്കാരെ കൃഷിയില്‍നിന്ന് അകറ്റുകയാണ്. ക്രമരഹിതമായ കാലവര്‍ഷം, വരള്‍ച്ച, പ്രളയം എന്നിങ്ങനെയുള്ള പ്രകൃതിപ്രതിഭാസങ്ങള്‍ കാര്‍ഷികമേഖലയ്ക്ക് നിരന്തരഭീഷണിയായി തുടരുന്നു. പ്രകൃതിദുരന്തങ്ങളെ നേരിടാനോ ദുരന്തബാധിതരാകുന്ന കര്‍ഷകരെ സഹായിക്കാനോ സര്‍ക്കാരിന് മൂര്‍ത്തമായ പദ്ധതികളൊന്നുമില്ല. തത്വദീക്ഷയില്ലാത്ത ജലചൂഷണം രാജ്യത്തിന്റെ ഭൂഗര്‍ഭ ജലസ്രോതസ്സുകളെ വറ്റിക്കുകയാണ്. ശാസ്ത്രീയമോ പ്രായോഗികമോ ആയ ജലവിഭവനിയന്ത്രണ സംവിധാനം എവിടെയുമില്ല. ശുദ്ധജലശേഖരണവും മലിനജലശുദ്ധീകരണവും അടക്കമുള്ള മാര്‍ഗങ്ങള്‍ ഗൗരവമായി പരീക്ഷിക്കപ്പെടുന്നില്ല. പകരം ശുദ്ധജലവിതരണംപോലും ലാഭക്കച്ചവടമാക്കി സ്വകാര്യമേഖലയെ ഏല്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. നദികളുടെ സംയോജനം, വഴിതിരിച്ചുവിടല്‍ തുടങ്ങിയ നടപടികളിലൂടെ പരിസ്ഥിതിക്കും ജനങ്ങളുടെ ജീവിതമാര്‍ഗത്തിനും വെല്ലുവിളി ഉയര്‍ത്തുകയാണ് സര്‍ക്കാര്‍.

കൂടുതല്‍ ഉല്‍പ്പാദനത്തിനുവേണ്ടി നടത്തുന്ന ക്രമരഹിതമായ വളം- കീടനാശിനി പ്രയോഗം കൃഷിച്ചെലവ് വര്‍ധിപ്പിക്കുന്നതിനൊപ്പം ഭൂമിയുടെ മലിനീകരണത്തിനും നിരവധി അനുബന്ധപ്രശ്നങ്ങള്‍ക്കും കാരണമാകുന്നു. കേരളത്തില്‍ എന്‍ഡോസള്‍ഫാന്‍ വരുത്തിവച്ച ഭീകരാവസ്ഥ നമുക്കുമുന്നിലുണ്ട്. കര്‍ഷകരുടെയും ജനങ്ങളുടെയാകെയും ആരോഗ്യത്തെ തകര്‍ക്കാന്‍ ശേഷിയുള്ളതാണ് വിപണിയില്‍ ലഭിക്കുന്ന ഫലമൂലാദികള്‍. ഈ വിഷവസ്തുക്കളുടെ അപകടം സമൂഹത്തെ സാരമായി ബാധിച്ചിരിക്കുന്നു. കാര്‍ഷികരാജ്യമെന്ന് അഭിമാനംകൊള്ളാറുള്ള ഇന്ത്യയില്‍ വളത്തിന്റെ യുക്തിഭദ്രമായ ഉപയോഗമോ ജൈവവളങ്ങളുടെ വ്യാപനമോ പാരിസ്ഥിതിക പ്രത്യാഘാതമുണ്ടാക്കാത്ത സുസ്ഥിരമായ ശാസ്ത്രീയ കൃഷിസമീപനത്തിന്റെ പുരോഗതിയോ ഉറപ്പാക്കപ്പെടുന്നില്ല. അതുസംബന്ധിച്ച് ദേശീയതലത്തില്‍ നയരൂപീകരണം ഉണ്ടാകുന്നില്ല. അമിതലാഭം ലക്ഷ്യമിട്ടുള്ള അഗ്രി ബിസിനസാണ് പ്രോത്സാഹിപ്പിക്കപ്പെടുന്നത്. ജൈവവൈവിധ്യത്തിന് ഗുരുതരമായ ഭീഷണി ഉയര്‍ത്തുംവിധം ജൈവവൈവിധ്യനിയമത്തിന്റെ പരിധിയില്‍നിന്ന് നിരവധി വിളകളെ ഒഴിവാക്കിയിരിക്കുന്നു. ഇതിലൂടെ വന്‍കിട അഗ്രി ബിസിനസ് കമ്പനികള്‍ക്ക് ലാഭംകൊയ്യാനും പേറ്റന്റ് നേടാനുമുള്ള വാതിലുകളാണ് തുറന്നിടുന്നത്. വനംകൊള്ള വ്യാപകമാണ്. ധാതുലവണങ്ങള്‍ നിയന്ത്രണമില്ലാതെ ചൂഷണംചെയ്യപ്പെടുന്നു.

അമിതലാഭം ലക്ഷ്യംവച്ചുള്ള നിയമവിരുദ്ധ ഖനവും കല്ലെടുപ്പും മരംവെട്ടും അനധികൃത നിര്‍മാണവും തടയാന്‍ ഇടപെടലുകളുണ്ടാകുന്നില്ല. പ്രകൃതിവിഭവങ്ങള്‍ കോര്‍പറേറ്റ് മുതലാളിത്തത്തിന് കൊള്ളയടിക്കാനുള്ളതല്ല. പ്രകൃതിയെയും പരിസ്ഥിതിയെയും സംരക്ഷിക്കാതെ മനുഷ്യന് നിലനില്‍പ്പ് സാധ്യമല്ല. മനുഷ്യന്‍ പ്രകൃതിയുടെ ഭാഗമാണ്. പ്രകൃതിയെ തന്റെ ജീവിതപുരോഗതിക്കും നിലനില്‍പ്പിനുതന്നെയും വേണ്ടി ഉപയോഗപ്പെടുത്തുന്നു എന്നതാണ് മനുഷ്യനെ മൃഗങ്ങളില്‍നിന്ന് വ്യത്യസ്തനാക്കുന്നത്. മനുഷ്യന്‍ തന്റെ പണിയായുധങ്ങള്‍കൊണ്ടും ബുദ്ധിശേഷികൊണ്ടും പ്രകൃതിയെ തനിക്കുവേണ്ട രീതിയില്‍ മാറ്റിയാണ് ജീവിക്കുന്നത്; അതിനാണ് നിരന്തരം പ്രയത്നിക്കുന്നത്. പ്രകൃതിയില്‍ ഇടപെട്ടുകൊണ്ടല്ലാതെ മനുഷ്യന് ജീവിതമില്ല. ആ ഇടപെടലിന്റെ തോത് ഭ്രാന്തമായി വിപുലപ്പെടുന്നതാണ് ഒരു പ്രശ്നമെങ്കില്‍, പ്രകൃതിസംരക്ഷണത്തിന്റെ മറവില്‍ മനുഷ്യന്റെ ജീവിതസ്വാതന്ത്ര്യംപോലും ഇല്ലാതാക്കാനുള്ള ഭ്രാന്തന്‍ശ്രമങ്ങള്‍ മറുവശത്തും നടക്കുന്നു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടടക്കമുള്ള അത്തരം രീതികളും കര്‍ഷകര്‍ക്ക് ദുരിതം സമ്മാനിക്കുന്നതാണ്. പ്രകൃതിയെയും പരിസ്ഥിതിയെയും കൃഷിയെയും കര്‍ഷകനെയും മാനവരാശിയെ ആകെയും സംരക്ഷിക്കാനുള്ള മുന്‍കൈ ഉയര്‍ന്നുവരേണ്ടത് ഈ സാഹചര്യത്തിന്റെ ആവശ്യമാണ്. 2014ലെ ലോക പരിസ്ഥിതിദിനം (ജൂണ്‍ അഞ്ച്) പരിസ്ഥിതി- കൃഷി സംരക്ഷണദിനമായി ആചരിക്കാനുള്ള അഖിലേന്ത്യാ കിസാന്‍സഭയുടെ തീരുമാനം അതുകൊണ്ടുതന്നെ ശ്ലാഘനീയമായ മുന്‍കൈയാണ്. കിസാന്‍സഭയുടെ ആഹ്വാനം ജനങ്ങളാകെ ഏറ്റെടുക്കേണ്ടതുണ്ട്.
*
ദേശാഭിമാനി മുഖപ്രസംഗം

Sunday, May 25, 2014

ഫാസിസം പടിവാതിലില്‍

"ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മോഡിയെ എതിര്‍ക്കുന്നവര്‍ പാക്കിസ്ഥാനിലേക്ക് പോകേണ്ടി വരും" -ഗിരിരാജ് സിങ് നെവാഡ ബിജെപി എംപി.

"ജൂതര്‍ക്കെതിരെയുള്ള എന്റെ നടപടി ദൈവത്തിന്റെ വിധിപ്രകാരമാണ്" -ഹിറ്റ്ലര്‍.

"ദൈവം ചിലരെ വിഷമകരമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തെരഞ്ഞെടുക്കും. ഈ പ്രവൃത്തിക്കായി ദൈവമാണ് എന്നെയും തെരഞ്ഞെടുത്തിട്ടുള്ളത്" -മോഡി.

മതനിരപേക്ഷ ഇന്ത്യക്ക് അസ്വസ്ഥതയുടെ ദിനങ്ങളാണ് വരുന്നതെന്നതിന്റെ സൂചനകളാണ് വന്നുകൊണ്ടിരിക്കുന്നത്. എട്ട് വയസ്സ് മുതല്‍ ആര്‍എസ്എസിന്റെ പ്രവര്‍ത്തകനായി തുടങ്ങി 2002ല്‍ ഗുജറാത്തിലെ വംശഹത്യക്ക് നേതൃത്വം നല്‍കിയ നരേന്ദ്രമോഡി പ്രധാനമന്ത്രിപദത്തിലേക്ക് എത്തുമ്പോള്‍ രാജ്യം ഫാസിസത്തിന്റെ പടിവാതില്‍ക്കലിലേക്ക് നീങ്ങുകയാണോ എന്ന സംശയം ഉയരുക സ്വാഭാവികം. സ്വന്തം രാഷ്ട്രീയ അധികാരം ഉറപ്പിക്കാന്‍ സ്വേഛാധിപത്യപരമായി ഏതറ്റംവരെയും പോകാന്‍ മടിക്കാത്ത നേതാവാണ് മോഡിയെന്ന്, അദ്ദേഹത്തിന്റെ സന്തത സഹചാരികള്‍ തന്നെ പറയുന്നു. ഗുജറാത്തില്‍ ആര്‍എസ്എസിന്റെ നോമിനിയായി, സംസ്ഥാന ബിജെപിയുടെ സംഘടനാകാര്യങ്ങള്‍ നോക്കുന്ന ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ച വേളമുതലാണ് വര്‍ഗീയ ലഹളകളിലൂടെ അധികാരം ഉറപ്പിക്കാന്‍ കഴിയുമെന്ന് മോഡി തെളിയിച്ചത്. ഹിന്ദുത്വശക്തികള്‍ക്ക് ഗുജറാത്തില്‍ ആഴത്തില്‍ വേരുകള്‍ നല്‍കിയ മൂന്ന് വര്‍ഗീയ കലാപങ്ങള്‍ നടന്നത് ഇക്കാലത്തായിരുന്നു. 208 പേര്‍ കൊല്ലപ്പെട്ട 1985 ലെയും 219 പേര്‍ കൊല്ലപ്പെട്ട 1990 ലെയും 441 പേര്‍ കൊല്ലപ്പെട്ട 1992 ലെയും വര്‍ഗീയ കലാപങ്ങള്‍. 2002 ലെ വംശഹത്യയില്‍ രണ്ടായിരം പേരാണ് കൊല്ലപ്പെട്ടത്.

മുസോളിനിയുടെയും ഹിറ്റ്ലറുടെയും വരവിനെ അനുസ്മരിപ്പിക്കുന്ന സംഭവങ്ങളാണ് പതിനാറാം ലോക്സഭാ തെരഞ്ഞെടുപ്പിലും അവതരിപ്പിക്കപ്പെട്ടത്. ബിജെപി നേതാക്കള്‍ നടത്തിയ പ്രസംഗങ്ങള്‍ ഇതിന് ഉദാഹരണം. മുസഫര്‍നഗര്‍ കലാപത്തിന് വോട്ടിലൂടെ പ്രതികാരംചെയ്യാന്‍ അമിത്ഷാ പറഞ്ഞപ്പോഴും ഗിരിരാജ് സിങ് മോഡിവിരുദ്ധരോട് പാകിസ്ഥാനിലേക്ക് പോകാന്‍ പറഞ്ഞപ്പോഴും ഹിന്ദുക്കള്‍ താമസിക്കുന്നിടത്ത് മുസ്ലിങ്ങള്‍ വീട് വാങ്ങുന്നത് തടയുമെന്ന് വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയ പറഞ്ഞപ്പോഴും അത് തെറ്റാണെന്ന് പറയാന്‍ തയ്യാറാകാത്ത നേതാവാണ് മോഡി. അതിനെതിരെ നടപടിയെടുക്കാത്ത പാര്‍ടിയാണ് ബിജെപി.

മോഡിയുടെ വളര്‍ച്ചയിലുടനീളം എതിര്‍ക്കുന്നവരെ വെട്ടിനിരത്തുക എന്ന ഫാസിസ്റ്റ് രീതികാണാം. തന്നേക്കാള്‍ ബിജെപിയിലും ആര്‍എസ്എസിലും മുതിര്‍ന്നവരായ ശങ്കര്‍സിങ് വഗേലയെയും കേശുഭായ് പട്ടേലിനെയും ഒതുക്കിയാണ് മോഡി ഗുജറാത്തില്‍ മുഖ്യമന്ത്രിയായാത്. ആദ്യം കേശുഭായ് പട്ടേലിനെ ഉപയോഗിച്ച് വഗേലയെ പുകച്ച് പുറത്തു ചാടിച്ചു. കേന്ദ്രനേതൃത്വത്തെ ഉപയോഗിച്ചാണ് കേശുഭായ് പട്ടേലിനെ മാറ്റി ഗുജറാത്ത് മുഖ്യമന്ത്രിക്കസേരയിലെത്തിയത്. തനിക്കെതിരെ ഗുജറാത്തില്‍ നിലകൊണ്ട ഹരേന്‍ പാണ്ഡ്യ, ഗോര്‍ധന്‍ സദാഫിയ, സഞ്ജയ്ജോഷി എന്നിവരെയും ഒതുക്കി. ഗുജറാത്ത് വംശഹത്യയെക്കുറിച്ച് ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരുടെ നേതൃത്വത്തിലുള്ള വസ്തുതാന്വേഷണ കമീഷനില്‍ മോഡിക്കെതിരെ തെളിവ് നല്‍കിയതിനാണ് ഹരേന്‍ പാണ്ഡ്യയെന്ന പ്രമുഖ ബ്രാഹ്മണ നേതാവിനെ ആദ്യം മന്ത്രിസഭയില്‍നിന്ന് പുറത്താക്കിയത്. തുടര്‍ന്ന് മോഡിക്ക് നിയമസഭയിലെത്താന്‍ എല്ലിസ്ബ്രിഡ്ജ് മണ്ഡലം നല്‍കാത്ത ഹരേന്‍ പാണ്ഡ്യക്ക് 2002 ലെ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചു. പിന്നീട് അദ്ദേഹത്തെ വധിച്ചുവെന്നും ആരോപണമുയര്‍ന്നു. പാണ്ഡ്യയുടെ പിതാവ് വിത്തല്‍ഭായിയാണ് ഈ ആരോപണമുയര്‍ത്തിയത്. ആര്‍എസ്എസിന് ഇഷ്ടപ്പെട്ട നേതാവായ പാണ്ഡ്യയെ ബിജെപി ഡല്‍ഹിയിലേക്ക് വിളിപ്പിച്ചുകൊണ്ടുള്ള ഫാക്സ് കൈപ്പറ്റിയ ദിവസമാണ്് ഈ കൊലപാതകം നടന്നത്. ഒരു സ്ത്രീയുമായുള്ള വിവാദ സിഡി പുറത്തിറക്കിയാണ് ബിജെപി സംഘടനാച്ചുമതലയുള്ള ജനറല്‍ സെക്രട്ടറി സഞ്ജയ് ജോഷിയെ ഒതുക്കിയത്. ഗോവര്‍ധന്‍ സഫാദിയയെയും മന്ത്രിസഭയില്‍നിന്നും പിന്നീട് പാര്‍ടിയില്‍ നിന്നും പുറത്താക്കി.

മോഡിയുടെ ഈ വെട്ടിയൊതുക്കല്‍ ലോക്സഭാ തെരഞ്ഞെടുപ്പിലും രാജ്യം കണ്ടു. മുതിര്‍ന്ന നേതാവായ അദ്വാനിയും മുരളീമനോഹര്‍ ജോഷിയുമായിരുന്നു പുതിയ ഇരകള്‍. ഗുജറാത്ത് കലാപം നടന്നപ്പോള്‍ സിഐഐ യോഗത്തില്‍ ഗോദ്റെജും ബജാജും മോഡിയെ വിമര്‍ശിച്ചപ്പോള്‍ സിഐഐയെത്തന്നെ ഗുജറാത്തില്‍ പിളര്‍ത്തി സിഐഐ ചെയര്‍മാന്‍ അരുണ്‍ ദാസിനെക്കൊണ്ട് മാപ്പ് പറയിച്ച വ്യക്തിയാണ് മോഡി. ഇതിനായി ഗൗതം അദനി, കര്‍സന്‍ പട്ടേല്‍(നിര്‍മ) എന്നിവരെക്കൊണ്ട് ഉയര്‍ത്തെഴുന്നേല്‍ക്കുന്ന ഗുജറാത്ത് ഗ്രൂപ്പ് എന്ന സമാന്തര സംഘടനപോലും മോഡി ഉണ്ടാക്കി. തന്നെ അംഗീകരിക്കാത്തവരെ ഇല്ലാതാക്കുക എന്നത് മോഡിയെന്ന നേതാവിന്റെ ഏകാധിപത്യ പ്രവണതകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. സെപ്തംബര്‍ 15 മുതല്‍ ആരംഭിച്ച മോഡിയുടെ പ്രചാരണത്തിന്റെ രീതി നോക്കിയാലും ഇത് വ്യക്തമാകും. പ്രചാരണത്തിന്റെ കേന്ദ്രം മോഡിയെന്ന വ്യക്തിയായിരുന്നു. പാര്‍ടിക്ക് രണ്ടാം സ്ഥാനം മാത്രമാണുണ്ടായിരുന്നത്. പ്രചാരണത്തിലെ മുദ്രാവാക്യം "മോഡി സര്‍ക്കാര്‍" എന്നാണ് "ബിജെപി സര്‍ക്കാര്‍" എന്നായിരുന്നില്ല. സ്വാതന്ത്ര്യത്തിന് ശേഷമുള്ള എല്ലാ പ്രശ്നങ്ങളും പരിഹരിക്കാന്‍ കഴിയുന്ന ശക്തനായ നേതാവാണ് മോഡിയെന്നാണ് പ്രചരിപ്പിക്കപ്പെടുന്നത്. 1930 കളില്‍ ജര്‍മനിയില്‍ ഹിറ്റ്ലറെ രക്ഷകനായി അവതരിപ്പിച്ചതുപോലെയാണ് മോഡിയെ ഈ തെരഞ്ഞെടുപ്പില്‍ അവതരിപ്പിച്ചത്. ഇറ്റലിയില്‍ മുസോളിനിയെ "കറുത്തകുപ്പായക്കാരും" ജര്‍മനിയില്‍ ഹിറ്റ്ലറെ"തവിട്ട് കുപ്പായക്കാരും" സഹായിച്ചതുപോലെ മോഡിയെ ആര്‍എസ്എസും ബജ്രംഗ്ദളും പ്രചാരണത്തിലുടനീളം സഹായിച്ചു. "ആര്‍എസ്എസ് തത്വശാസ്ത്രത്തില്‍ ഉറച്ചുനില്‍ക്കുന്ന ആളായതുകൊണ്ടാണ്" സംഘടന ശക്തമായി രംഗത്തിറങ്ങുന്നതെന്ന് സര്‍സംഘചാലക് മോഹന്‍ ഭാഗവത് കഴിഞ്ഞവര്‍ഷം വ്യക്തമാക്കിയിരുന്നു. "സേച്ഛാധിപത്യ രീതിയിലാണ് പ്രവര്‍ത്തനമെങ്കിലും ഒരിക്കലും ആര്‍എസ്എസിന്റെ അടിസ്ഥാന ആശയങ്ങളെ മോഡി ചോദ്യംചെയ്തിട്ടില്ലെന്നും" അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫാസിസത്തോടും ഫാസിസ്റ്റുകളോടും സംഘപരിവാറിനുള്ള ഇഷ്ടം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ആര്‍എസ്എസ് സ്ഥാപകനായ ഹെഡ്ഗേവാറുടെ അടുത്ത അനുയായിയായ ബി എസ് മൂഞ്ചെ മുസോളിനിയുമായും അവിടത്തെ ഫാസിസ്റ്റ് സംഘടനകളുമായും അടുത്ത ബന്ധം സ്ഥാപിക്കുകയും അവിടത്തെ മാതൃകയില്‍ ആര്‍എസ്എസിനെ മാറ്റിതീര്‍ക്കുകയുംചെയ്തു. ബിജെപി ഭരിക്കുന്ന രാജസ്ഥാനിലെ പാഠപുസ്തകത്തില്‍ ഈ ഭക്തി നിറഞ്ഞുതുളമ്പുന്നുണ്ട്. "ഏറ്റവും നല്ല സര്‍ക്കാര്‍രൂപം ഫാസിസമാണ്. ഏറ്റവും നല്ല നേതാവ് ഫാസിസ്റ്റാണ്." മോഡി പ്രധാനമന്ത്രിയാകുമ്പോള്‍ ഈ ഫാസിസ്റ്റ് ആരാധന കൂടുതല്‍ പാഠപുസ്തകങ്ങളിലേക്ക് വ്യാപിക്കും. മോഡിയെന്ന നേതാവിന് കൂടുതല്‍ ശക്തി പകരാന്‍ ഈ പാഠങ്ങള്‍ ഉപകരിക്കും.

ഗുജറാത്ത് വംശഹത്യയിലൂടെ വില്ലന്റെ പരിവേഷമുള്ള മോഡിക്ക് വീരനായകന്റെ പരിവേഷം നല്‍കിയത് രാജ്യത്തെ കോര്‍പറേറ്റുകളും അവരുടെ നിയന്ത്രണത്തിലുള്ള മാധ്യമങ്ങളുമാണ്. വര്‍ഗീയതുടെ മൂര്‍ത്തിമദ്ഭാവമായ മോഡിയെ സാമ്പത്തിക വികസനത്തിന്റെ അപ്പോസ്തലനായി ഉയര്‍ത്തിക്കാട്ടിയത് ടാറ്റയും അദാനിയുമാണ്. അവര്‍ നല്‍കിയ 10000 കോടി രൂപയാണ് മോഡിയെ മാര്‍ക്കറ്റ് ചെയ്യാനായി ഉപയോഗിച്ചത്. ഇത് സാമ്പത്തിക നയങ്ങളിലൂടെ തിരിച്ചുകൊടുക്കാന്‍ തുടങ്ങുമ്പോഴാണ് എന്‍ഡിഎ സര്‍ക്കാരിനും യുപിഎ സര്‍ക്കാരിന്റെ അതേ ഗതിയുണ്ടാവുക. ഇത് മറികടക്കാനാണ് പാര്‍ലമെന്ററി പാര്‍ടി യോഗത്തില്‍ ദരിദ്രരുടെ സര്‍ക്കാരായിരിക്കും തന്റേതെന്ന് മോഡി പറഞ്ഞത്.

ജര്‍മനിയില്‍ ഹിറ്റ്ലര്‍ അധികാരമേറിയപ്പോള്‍ അദ്ദേഹത്തിന്റെ വളര്‍ച്ചയെ വിമര്‍ശനാത്മകമായി ചിത്രീകരിക്കുന്ന രണ്ട് കൃതികള്‍ പുറത്തിറങ്ങുകയുണ്ടായി. അതിലൊന്ന് ബ്രഹ്തോള്‍ഡ് ബ്രെഹ്തിന്റെ "റെസിസ്റ്റബിള്‍ റൈസ് ഓഫ് അര്‍ടുറോ ഉയി" എന്ന നാടകമായിരുന്നു. ഹിറ്റ്ലറുടെ വരവോടെ 1941 ല്‍ ജര്‍മനിയില്‍നിന്ന് രക്ഷപ്പെട്ട് അമേരിക്കയിലേക്ക് പോകവെ ഹെല്‍സിങ്കിയില്‍വച്ച് എഴുതിയ നാടകമായിരുന്നു ഇത്. മറ്റൊന്ന് 1935ല്‍ പ്രസിദ്ധീകരിച്ച അമേരിക്കന്‍ എഴുത്തുകാരനും നൊബേല്‍ സമ്മാന ജേതാവുമായ സിംഗ്ളയര്‍ ലൂയിസിന്റെ "ഇറ്റ് കാന്റ് ഹാപ്പന്‍ ഹിയര്‍" എന്ന നോവലും. ഇപ്പോഴത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ പ്രസ്താവ്യമായ കൃതികളാണിത്. ബ്രെഹ്തിന്റെ നാടകത്തിലും സിംഗ്ളയറുടെ നോവലിലും വിവരിക്കുന്നത് ഹിറ്റ്ലര്‍ക്ക് സമാനമായ ഫാസിസ്റ്റിനെക്കുറിച്ചാണ്. ഒരു ഗുണ്ടാനേതാവായ അര്‍ടുറോ ഉയിയിലൂടെ ഹിറ്റ്ലറെത്തന്നെയാണ് ബ്രഹ്ത് ചിത്രീകരിച്ചത്. ഏറ്റവും താഴെത്തട്ടിലുള്ള ജനങ്ങള്‍പോലും ഒരു ദൈവത്തെപ്പോലെ ഗുണ്ടാനേതാവിനെ ആദരിക്കുകയെന്ന പ്രതിഭാസത്തെക്കുറിച്ച് ബ്രെഹ്ത് പറയുന്നു. സിംഗ്ലയറുടെ നോവലില്‍ സാമൂഹ്യ-സാമ്പത്തിക പരിഷ്കാരങ്ങളെക്കുറിച്ച് വാതോരാതെ പ്രസംഗിച്ച ബ്രെസീലിയസ് വിന്‍ഡ്രിപ് എന്ന സെനറ്റര്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ തികഞ്ഞ ഏകാധിപതിയായി മാറുന്നതാണ് ചിത്രീകരിക്കുന്നത്. ജനകീയ പ്രതിഷേധം കൊണ്ടുമാത്രം ഉയിയെപ്പോലുള്ളവരെ തോല്‍പ്പിക്കാനാവില്ലെന്നും ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന രാഷ്ട്രങ്ങളും അതില്‍ പങ്കാളികളാകണമെന്നും ഈ കൃതികള്‍ മുന്നറിയിപ്പ് നല്‍കുന്നു. ഈ രണ്ട് കൃതികളും നല്‍കുന്ന സന്ദേശം മതനിരപേക്ഷ ഭരണഘടനയുടെ വൈവവിധ്യമാര്‍ന്ന സംസ്കാരത്തിന് ഭീഷണി ഉയര്‍ത്തുന്ന ഭരണസംവിധാനത്തെ ചെറുത്ത് തോല്‍പ്പിക്കാന്‍ കഴിയുമെന്നുതന്നെയാണ്. എന്നാല്‍, അതിനായി മതനിരപേക്ഷശക്തികളുടെ യോജിച്ച ശ്രമം വേണമെന്നുമാത്രം.

*
വി ബി പരമേശ്വരന്‍

അത്ഭുതമൊന്നും സംഭവിക്കാനില്ല

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പ്രധാന ദൗര്‍ബല്യങ്ങളിലൊന്ന്, തെരഞ്ഞെടുപ്പുകള്‍ ജനഹിതത്തിന്റെ യഥാര്‍ഥ പ്രതിഫലനമാവുന്നില്ല എന്നതാണ്. വോട്ടുചെയ്ത അറുപത്തൊമ്പതുശതമാനവും തിരസ്കരിച്ചിട്ടും 31 ശതമാനത്തിന്റെ പിന്തുണമാത്രം ലഭിച്ച ബിജെപി 282 സീറ്റുകളുമായി അധികാരത്തിലെത്തിയതില്‍ അതുതെളിയുന്നുണ്ട്. ആനുപാതികമായി പ്രാതിനിധ്യം നിശ്ചയിച്ചിരുന്നുവെങ്കില്‍, ലോക്സഭയില്‍ ബിജെപിക്ക് 169 സീറ്റിനാണര്‍ഹത എന്ന് "ദ ഹിന്ദു" പത്രം മെയ് 20ന്റെ മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഗൗരവമായി ചര്‍ച്ചചെയ്യേണ്ട വിഷയമാണത്. ആ ചര്‍ച്ച ഒരു വഴിക്കു നടക്കുമ്പോള്‍തന്നെ, നിലവിലുള്ള സംവിധാനത്തില്‍ ബിജെപി അധികാരത്തിലെത്തിയിരിക്കുന്നു എന്നത് വസ്തുതയാണ്. നരേന്ദ്രമോഡിയുടെ നേതൃത്വത്തില്‍ അധികാരമേല്‍ക്കുന്ന സര്‍ക്കാരിന്റെ നയപ്രഖ്യാപനവും നടപടികളും നോക്കിയാണ് അതിനെ വിലയിരുത്തേണ്ടത് എന്നുതന്നെ ഞങ്ങള്‍ കരുതുന്നു. അക്കാര്യത്തില്‍ മുന്‍വിധികള്‍ പാടില്ല എന്ന സമീപനം അംഗീകരിക്കുകയുംചെയ്യുന്നു. ഖേദകരമെന്നു പറയട്ടെ, ഔചിത്യത്തിന്റെയും രാഷ്ട്രീയ മര്യാദയുടെയും അത്തരം പരികല്‍പ്പനകളെയൊന്നും സാധൂകരിക്കുന്ന സൂചനകള്‍ ദൗര്‍ഭാഗ്യവശാല്‍ ബിജെപി നേതൃത്വത്തില്‍നിന്ന് ലഭ്യമല്ല.

കോണ്‍ഗ്രസിന്റേതില്‍നിന്ന് വിഭിന്നമായ സാമ്പത്തിക നയങ്ങള്‍ ബിജെപി മുന്നോട്ടുവച്ചിട്ടില്ല. നരേന്ദ്രമോഡി ഇന്നലെവരെ ഭരിച്ച ഗുജറാത്തില്‍നിന്ന് "പുതിയ ഇന്ത്യ"യ്ക്കുവേണ്ടിയുള്ള എന്തെങ്കിലും അനുഭവപാഠങ്ങള്‍ ഉള്‍ക്കൊള്ളാനുമില്ല. ഇന്ത്യന്‍ ജനാധിപത്യത്തെ ഇന്ന് നയിക്കുന്നത് കോര്‍പറേറ്റ് ശക്തികളാണ്. നവലിബറല്‍ നയങ്ങളുടെ സൗകര്യത്തിലും സഹായത്തിലും ചീര്‍ത്തുവളര്‍ന്ന കോര്‍പറേറ്റുകളുടെ സന്തതിയാണ് മോഡി. ഇന്നു കാണുന്ന മോഡി പ്രഭാവം കോര്‍പറേറ്റ് പരീക്ഷണശാലകളില്‍ ജന്മംകൊണ്ട പ്രചാരണ തന്ത്രങ്ങളുടെയും ഒഴുകിയ പണത്തിന്റെയും ഉല്‍പ്പന്നമാണ്. ആ ഉപകാരസ്മരണയില്‍ കവിഞ്ഞ ഒരു സാമ്പത്തിക നയം രൂപീകരിക്കാന്‍ കോണ്‍ഗ്രസിനെന്നപോലെ മോഡിക്കും സാധ്യമല്ല. അതുകൊണ്ടുതന്നെ, കോണ്‍ഗ്രസിന്റെ ജനവിരുദ്ധ സാമ്പത്തിക നയങ്ങള്‍ക്കൊപ്പം തീവ്രവര്‍ഗീയതയുടെ ചേരുവയുമടങ്ങുന്ന ഭരണത്തിന്റെ നാളുകളാണ് മോഡിയില്‍നിന്ന് രാജ്യത്തിന് ലഭിക്കാന്‍ പോകുന്നതെന്ന യാഥാര്‍ഥ്യം അലംഘനീയമായി മുന്നില്‍ നില്‍ക്കുന്നു. ആര്‍എസ്എസും കോര്‍പറേറ്റുകളും ഒരേസമയം പ്രധാനമന്ത്രിസ്ഥാനാര്‍ഥിയായി തെരഞ്ഞെടുത്തത് നരേന്ദ്രമോഡിയെയാണ് എന്നോര്‍ക്കണം.

ഗുജറാത്ത് "മാതൃക" ഉയര്‍ത്തിക്കാട്ടിയാണ് മോഡിക്ക് "വികാസ് പുരുഷ്" മുഖംമൂടി നല്‍കിയത്. മോഡിഭരണകാലത്ത് മുസ്ലിങ്ങളെയടക്കം എല്ലാവരെയും വികസനത്തിലേക്ക് നയിച്ചു എന്നാണ് പറഞ്ഞുപരത്തിയ ഒരു വിശേഷം. 2002ലേതൊഴിച്ച്, മോഡി ഭരണത്തില്‍ ഗുജറാത്ത് വര്‍ഗീയ ആക്രമണമുക്തമായിരുന്നു എന്നത് രണ്ടാമത്തേത്. രണ്ടും കല്ലുവച്ച നുണകളായിരുന്നു. വര്‍ഗീയ കലാപങ്ങളുടെ എണ്ണത്തില്‍ 2013 ല്‍ രാജ്യത്ത് ഏറ്റവും മുകളിലുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ ഒന്നാണ് ഗുജറാത്ത്. ആ വര്‍ഷം ഗുജറാത്തില്‍നിന്ന് 66 വര്‍ഗീയ അക്രമസംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2012 ല്‍ ഗുജറാത്തില്‍ 57 വര്‍ഗീയ ആക്രമണങ്ങളുണ്ടായി; അഞ്ചു പേര്‍ കൊല്ലപ്പെട്ടു. ലോക്സഭയില്‍ 2012 ല്‍ അവതരിപ്പിച്ച കണക്കനുസരിച്ച് 2009 മാര്‍ച്ചിനും 2012 മാര്‍ച്ചിനും ഇടയില്‍ ഇന്ത്യയിലാകെ വര്‍ഗീയ സംഘര്‍ഷങ്ങളില്‍ 344 പേര്‍ കൊല്ലപ്പെട്ടതില്‍ 32 ജീവന്‍ പൊലിഞ്ഞത് ഗുജറാത്തിലാണ്. ഗുജറാത്ത് മാത്രമല്ല, ബിജെപി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലെയും അവസ്ഥയാണിത്.

ഒരു മാന്ത്രികവടിയും തന്റെ കൈയിലുണ്ടെന്ന് നരേന്ദമോഡി ഇന്നുവരെ തെളിയിച്ചിട്ടില്ല- വര്‍ഗീയതയുടേതും നൃശംസതയുടേതുമല്ലാതെ.

കോര്‍പറേറ്റുകള്‍ക്ക് വന്‍തോതില്‍ ഇളവുകള്‍ നല്‍കിയതാണ് ഗുജറാത്ത് മാതൃകാ വികസനം. അവിടെ വിദ്യാഭ്യാസ-ആരോഗ്യസംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ഫണ്ടില്ല. പ്രധാനപ്പെട്ട സാമൂഹിക മേഖലാ പദ്ധതികളിലെല്ലാം പൊതുചെലവു വെട്ടിക്കുറച്ചു. 17 പ്രധാന സംസ്ഥാനങ്ങളില്‍ വിദ്യാഭ്യാസത്തിന് പണം ചെലവഴിക്കുന്ന കാര്യത്തില്‍ ഗുജറാത്തിന് 14-ാം സ്ഥാനം. മോഡിയുടെ 10 വര്‍ഷ ഭരണത്തില്‍ വിദ്യാഭ്യാസരംഗത്തെ ശരാശരി ചെലവ് മൊത്തം ചെലവിന്റെ 13.2 ശതമാനംമാത്രം. അഖിലേന്ത്യാ ശരാശരി 14.8 ശതമാനമാണ്. ഒന്നു മുതല്‍ 10 വരെയുള്ള ക്ലാസുകളില്‍നിന്നുള്ള കൊഴിഞ്ഞുപോക്ക് ഗുജറാത്തില്‍ 58 ശതമാനമാണ്. അഖിലേന്ത്യാ ശരാശരിയാവട്ടെ 49 ശതമാനവും. ആരോഗ്യരംഗത്തെ്, 17 വലിയ സംസ്ഥാനങ്ങളെടുത്താല്‍ ഗുജറാത്ത് 16-ാം സ്ഥാനത്താണ്. മോഡിയെ ഒരു "വികസ" നായകനായി സ്ഥാപിക്കുന്നവര്‍ വീമ്പുപറയുന്നതിലെ ഏതാനും പൊള്ളത്തരങ്ങള്‍ മാത്രമാണിത്. ഗുജറാത്തിന്റെ യഥാര്‍ഥ ചിത്രം അതിന്റെ ഗ്രാമങ്ങളിലും നഗരങ്ങളിലുമുള്ള സ്ത്രീ-പുരുഷന്മാരെ നിര്‍ലജ്ജമായി ചൂഷണംചെയ്യുന്ന ഒന്നാണ്. മത വിദ്വേഷത്തിന്റെയും കോര്‍പറേറ്റ് പ്രചാരണ തന്ത്രങ്ങളുടെയും മറവില്‍ ഈ വസ്തുതകളെ മറച്ചുവച്ചുള്ള കെട്ടിയാട്ടമാണ്, ഇന്ന് കാണുന്ന മോഡിപ്രഭാവം. ഗുജറാത്തിലെ മുണ്‍ട്രോ തുറമുഖത്തിനും മുണ്ട്ര പ്രത്യേക സാമ്പത്തിക മേഖലയ്ക്കുമായി 6700 ഹെക്ടര്‍ ഭൂമി അദാനി ഗ്രൂപ്പിന് നല്‍കി ഖജനാവിന് പതിനായിരം കോടി രൂപ നഷ്ടപ്പെടുത്തിയ നരേന്ദമോഡി, അഞ്ചരലക്ഷം കോടി രൂപയുടെ അഴിമതി നടത്തിയ യുപിഎയില്‍നിന്ന് വ്യത്യസ്തമായ ഒന്നുംതന്നെ പ്രസരിപ്പിക്കുന്നില്ല- വര്‍ഗീയതയുടെ ഭീകരദൃശ്യങ്ങളൊഴിച്ച്. യുപിഎ സര്‍ക്കാരിനെതിരായ ജനരോഷത്തെ മുതലെടുത്ത് ദേശീയതലത്തില്‍ അധികാരം പിടിച്ചെടുത്ത ആര്‍എസ്എസ് നരേന്ദമോഡിയുടെ നേതൃത്വത്തില്‍ ദിവ്യാത്ഭുത പ്രകടനമൊന്നും നടത്താന്‍ പോകുന്നില്ല എന്ന് തെളിയിക്കുന്ന വസ്തുതകളാണിത്. അതുകൊണ്ടുതന്നെ, മോഡിഭരണത്തെക്കുറിച്ച് പ്രതീക്ഷയും പ്രത്യാശയുമൊന്നും വച്ചുപുലര്‍ത്താനില്ല. മതനിരപേക്ഷ ശക്തികളുടെ കരുത്ത് വര്‍ധിപ്പിക്കുക-അപകടങ്ങളില്‍നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ മുന്നിട്ടിറങ്ങുക എന്നതുമാത്രമാണ് വരുംനാളുകളിലെ വെല്ലുവിളി ഏറ്റെടുക്കാന്‍ ഇന്ത്യന്‍ ജനതയ്ക്കുമുന്നിലുള്ള മാര്‍ഗം.
*
deshabhimani

Saturday, May 24, 2014

യോജിച്ച പ്രക്ഷോഭത്തിലേക്ക്

മൂലധനശക്തികളുടെ കടുത്ത ചൂഷണങ്ങള്‍ക്കും ഭരണകൂടങ്ങളുടെ ചെലവുചുരുക്കല്‍ നടപടികള്‍ക്കുമെതിരെ സംഘടിതവും തീക്ഷ്ണവുമായ സമരങ്ങള്‍ ശക്തിപ്പെടുന്ന കാഴ്ചയാണ് ലോകമെമ്പാടും. ത്യാഗപൂര്‍ണമായ പോരാട്ടങ്ങളിലൂടെ തൊഴിലാളിവര്‍ഗം നേടിയെടുത്ത അവകാശങ്ങളും ആനുകൂല്യങ്ങളും വന്‍തോതില്‍ കവര്‍ന്നെടുക്കപ്പെടുന്നു. വികസിത- വികസ്വര വ്യത്യാസമില്ലാതെ എല്ലാ രാജ്യങ്ങളിലും വ്യാപകമായ തൊഴില്‍നഷ്ടത്തിനും വേതനം, പെന്‍ഷന്‍, സാമൂഹ്യസുരക്ഷ തുടങ്ങിയ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുന്നതിനും തൊഴിലാളികള്‍ വിധേയരാകുന്നു. അതേസമയം, പ്രതിസന്ധിയുടെ സ്രഷ്ടാക്കളായ കോര്‍പറേറ്റ് മൂലധനശക്തികള്‍ക്ക് വന്‍തോതില്‍ നികുതി ഇളവുകളും സൗജന്യങ്ങളും നല്‍കി അവര്‍ക്ക് സംരക്ഷണമൊരുക്കുന്നതിന് മുതലാളിത്തരാജ്യങ്ങള്‍ മുന്നില്‍ത്തന്നെ.

മാന്യമായ തൊഴിലും സാമൂഹ്യ- സാംസ്കാരിക- സാമ്പത്തിക വികസനത്തിലെ അവസരങ്ങളും ഭൂരിപക്ഷം ഇന്ത്യന്‍ യുവത്വത്തിനും നിഷേധിക്കപ്പെട്ടിരിക്കുന്നു. പൊതുമേഖലാ സംവിധാനങ്ങളെ സംരക്ഷിക്കുന്നതിനോ, നിലനിര്‍ത്തുന്നതിനോ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകാത്തതിന്റെ ഫലമായി എഫ്എസിടി അടക്കമുള്ള കേന്ദ്ര പൊതുമേഖലാസ്ഥാപനങ്ങള്‍ തകര്‍ച്ചയുടെ വക്കിലാണ്. സാധാരണ ജനങ്ങളുടെ ജീവിതം അത്യന്തം ശോചനീയമായ അവസ്ഥയിലെത്തിയിട്ടും അതിന് പരിഹാരം കാണാന്‍ തയ്യാറാകാതെ കോര്‍പറേറ്റുകളെ പ്രീണിപ്പിക്കുന്ന നയങ്ങളുമായാണ് യുപിഎ സര്‍ക്കാര്‍ മുന്നോട്ട് പോയിരുന്നത്. ഭരണനേതൃത്വത്തിന്റെ ഒത്താശയോടെ നടത്തിയ അഴിമതിയിലൂടെ പൊതുധനം കോര്‍പറേറ്റുകളുടെ പോക്കറ്റിലായി. അഴിമതിയിലൂടെ സ്വരൂപിച്ച അളവില്ലാത്ത സമ്പത്തിന്റെ സ്വാധീനം പൊതുതെരഞ്ഞെടുപ്പില്‍ പ്രകടമായിരുന്നു. ജനാഭിപ്രായത്തെ വിലയ്ക്കെടുക്കുന്ന തരത്തില്‍ കള്ളപ്പണത്തിന്റെ കുത്തൊഴുക്കാണ് തെരഞ്ഞെടുപ്പില്‍ കണ്ടത്.

വഴിപിഴച്ച സാമ്പത്തികനയങ്ങളും കോര്‍പറേറ്റ് പ്രീണനവും അന്ധമായ അമേരിക്കന്‍ വിധേയത്വവുമാണ് 16-ാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ചരിത്രത്തിലെ ഏറ്റവും ദയനീയമായ തോല്‍വിയിലേക്ക് നയിച്ചത്. അഴിമതിയും സ്വജനപക്ഷപാതവും ജനവിരുദ്ധനയങ്ങളും യുപിഎ സര്‍ക്കാരിന്റെ മുഖമുദ്രയായി മാറി. സാധാരണക്കാരന് അര്‍ഹതപ്പെട്ട സബ്സിഡികള്‍ നിഷേധിക്കുന്നതിനും നിത്യോപയോഗ സാധനങ്ങള്‍ക്കുപോലും വാനം മുട്ടെ വിലകയറ്റുന്ന നടപടികള്‍ സ്വീകരിക്കുന്നതിനും പൊതുമേഖലയുടെ ശവക്കുഴി തോണ്ടുന്നതിനും മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ സ്വീകരിച്ച ഭരണനടപടി ഭയാനകമായിരുന്നു. യുപിഎ സര്‍ക്കാരിനെതിരായ ജനവികാരം അനുകൂലമാക്കുന്നതില്‍ ബിജെപിക്ക് വിജയിക്കാനായി. മാധ്യമങ്ങള്‍ ഊതിപ്പെരുപ്പിച്ച ഗുജറാത്ത് വികസനത്തിന്റെ കെട്ടുകാഴ്ചയുടെ നിഴലില്‍ രാജ്യത്താകെ വര്‍ഗീയ ഫാസിസ്റ്റുകള്‍ നടത്തിയ പ്രചാരവേല ജനങ്ങളെ സ്വാധീനിച്ചു. ഒന്നര പതിറ്റാണ്ടിലെ ഭരണത്തിനുള്ളില്‍ ഗുജറാത്തില്‍ സന്തുലിത വികസനമോ അടിസ്ഥാനനേട്ടങ്ങളോ കൊണ്ടുവരാന്‍ കഴിയാത്ത നരേന്ദ്ര മോഡിക്ക് പരിവേഷംചാര്‍ത്തി സംഘപരിവാര്‍ ശക്തികള്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കും കോര്‍പറേറ്റുകളുടെ പിന്തുണയുണ്ടായി.

കോണ്‍ഗ്രസിന്റെ പരാജയം തിരിച്ചറിഞ്ഞ കോര്‍പറേറ്റുകള്‍ മോഡിയെ സഹായിക്കുന്നതില്‍ മത്സരിച്ചു. മൂലധനശക്തികള്‍ക്ക് പ്രിയങ്കരനായ നരേന്ദ്ര മോഡിയുടെയും ബിജെപിയുടെയും നയങ്ങള്‍ കോണ്‍ഗ്രസ് നയങ്ങളില്‍നിന്ന് അല്‍പ്പംപോലും ഭിന്നമല്ല. മുന്‍ ബിജെപി സര്‍ക്കാരുകള്‍ അത് തെളിയിച്ചിട്ടുമുണ്ട്്. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും നേരെ കനത്ത ഭീഷണി ഉയരുകയാണ്. ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാനുള്ള പോരാട്ടങ്ങള്‍ പുരോഗമന പ്രസ്ഥാനങ്ങളുടെ മുഖ്യ അജന്‍ഡയായി മാറുന്നു. നവലിബറല്‍ നയങ്ങള്‍ക്കെതിരെ നടക്കുന്ന പ്രക്ഷോഭങ്ങള്‍ കൂടുതല്‍ കരുത്തോടെ മുന്നോട്ടുകൊണ്ടുപോകേണ്ടതുണ്ട്. മൂന്നുവര്‍ഷം പിന്നിടുന്ന യുഡിഎഫ് സര്‍ക്കാര്‍ സംസ്ഥാനത്തെ കടുത്ത പ്രതിസന്ധിയിലാഴ്ത്തിയിരിക്കുന്നു. മെച്ചപ്പെട്ട സാമ്പത്തിക അടിത്തറയില്‍ ഭരണമാരംഭിച്ച യുഡിഎഫ് സര്‍ക്കാരിന് പുതിയ സാമ്പത്തികവര്‍ഷത്തിന്റെ ആദ്യനാളുകളില്‍ത്തന്നെ നിത്യനിദാന ചെലവുകള്‍ക്കായി 2000 കോടി രൂപ കടമെടുക്കേണ്ടിവന്നത് പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നു. ഭരണരംഗത്തെ കെടുകാര്യസ്ഥതയും അഴിമതിയും ധൂര്‍ത്തും വിഭവസമാഹരണത്തിലെ അനാസ്ഥയും നികുതിവെട്ടിപ്പുകാര്‍ക്ക് സംരക്ഷണമൊരുക്കിയ ഭരണനേതൃത്വത്തിന്റെ നടപടികളുമാണ് സാമ്പത്തികത്തകര്‍ച്ച സൃഷ്ടിച്ചത്. ഇതുമൂലം വികസനപ്രവര്‍ത്തനങ്ങള്‍ താറുമാറായി. സംസ്ഥാനത്തെ ക്ഷേമപദ്ധതികള്‍ സ്തംഭിച്ചു. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം രൂക്ഷമായ കേരളത്തില്‍ ജനങ്ങള്‍ക്കാശ്വാസം നല്‍കിയ പൊതുവിതരണ സംവിധാനങ്ങളെ യുഡിഎഫ് സര്‍ക്കാര്‍ തകര്‍ത്തു. സര്‍ക്കാരിന്റെ പിടിപ്പുകേടിന്റെ ഫലമായി ഉണ്ടായ സാമ്പത്തികപ്രതിസന്ധിയുടെ ഭാരം ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയാണ്. ഏപ്രില്‍ ആദ്യം സറണ്ടര്‍, പിഎഫ് വായ്പ, പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ തുടങ്ങിയവ മരവിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. തെരഞ്ഞെടുപ്പു കാലമായിട്ടുപോലും ആനുകൂല്യങ്ങള്‍ മരവിപ്പിക്കാനുള്ള തീരുമാനത്തിലെ അപകടം തിരിച്ചറിഞ്ഞാണ് ഏപ്രില്‍ അവസാനവാരം ആക്ഷന്‍ കൗണ്‍സിലും സമരസമിതിയും സംയുക്തമായി പണിമുടക്ക് പ്രഖ്യാപിച്ചത്. പണിമുടക്ക് പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആനുകൂല്യങ്ങളില്‍ കൈവയ്ക്കാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാരിന് പിന്മാറേണ്ടിവന്നു. എന്നാല്‍, ഈ പിന്മാറ്റം താല്‍ക്കാലികംമാത്രമാണ്. ചെലവു ചുരുക്കല്‍ നടപ്പാക്കുന്നതിന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നു. സിവില്‍സര്‍വീസിന്റെ പ്രവര്‍ത്തനങ്ങള്‍ പരിമിതപ്പെടുത്തുക, തസ്തികകള്‍ വെട്ടിച്ചുരുക്കുക, വികസന ക്ഷേമപ്രവര്‍ത്തനങ്ങള്‍ വെട്ടിക്കുറയ്ക്കുക തുടങ്ങിയ നടപടികളാണ് ചെലവുചുരുക്കലിലൂടെ ലക്ഷ്യമിടുന്നത്. 2002ലും ഇതേ സമീപനമാണ് യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചത്. 2013 ഏപ്രില്‍ ഒന്നുമുതല്‍ സര്‍വീസില്‍ പ്രവേശിച്ച ജീവനക്കാരുടെ മേല്‍ അടിച്ചേല്‍പ്പിച്ച പങ്കാളിത്ത പെന്‍ഷന്‍പദ്ധതി എല്ലാ ജീവനക്കാര്‍ക്കും ബാധകമാക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്. എല്ലാ ജീവനക്കാരില്‍നിന്നും ശമ്പളത്തിന്റെ പത്തുശതമാനം തുക നിര്‍ബന്ധമായും പിടിച്ചെടുത്ത് പെന്‍ഷന്‍ഫണ്ട് സ്വരൂപിക്കണമെന്ന എക്സ്പെന്‍ഡിച്ചര്‍ റിവ്യൂ കമ്മിറ്റിയുടെ ശുപാര്‍ശ ഇതിന്റെ ഭാഗമാണ്. പെന്‍ഷന്‍പ്രായം വര്‍ധനയും പങ്കാളിത്ത പെന്‍ഷനും ഒരു പാക്കേജായി അവതരിപ്പിച്ച് പങ്കാളിത്ത പെന്‍ഷന്‍ വ്യാപകമാക്കാനുള്ള നീക്കത്തെ ജാഗ്രതയോടെ വീക്ഷിക്കേണ്ടതുണ്ട്. പത്താംശമ്പള കമീഷന്‍ രൂപീകരിച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും പ്രാരംഭപ്രവര്‍ത്തനങ്ങള്‍പോലും ആരംഭിച്ചിട്ടില്ല. സംഘടിത പോരാട്ടങ്ങളെ അസഹിഷ്ണുതയോടെമാത്രം വീക്ഷിക്കുകയും സാമൂഹ്യപ്രശ്നങ്ങളില്‍ ജനവിരുദ്ധമായി ചിന്തിക്കുകയുംചെയ്യുന്ന വ്യക്തിയെ ചെയര്‍മാനായി നിയോഗിച്ചതിലെ അനൗചിത്യം ചൂണ്ടിക്കാട്ടിയിട്ടും സര്‍ക്കാര്‍ നിലപാട് മാറ്റാന്‍ തയ്യാറായിട്ടില്ല. ശമ്പളപരിഷ്കരണത്തേക്കാള്‍ പ്രധാനം ജീവനക്കാരുടെ എണ്ണം കുറച്ചും ഓഫീസുകള്‍ അടച്ചുപൂട്ടിയും ഭരണപരിഷ്കരണമാണെന്ന ചെയര്‍മാന്റെ നിലപാട് ജീവനക്കാരുടെ ആശങ്ക ശരിവയ്ക്കുന്നു.

അധികാരത്തിലിരുന്ന കാലയളവുകളിലെല്ലാം സമയബന്ധിത ശമ്പളപരിഷ്കരണതത്വം അട്ടിമറിക്കാന്‍ ശ്രമിച്ചിട്ടുള്ള പാരമ്പര്യമാണ് യുഡിഎഫിനുള്ളത്. 1983ല്‍ വേതനപരിഷ്കരണത്തിന്റെ പ്രാബല്യ തീയതിക്ക് വളരെമുമ്പേ കമീഷനെ നിയമിച്ചിട്ടും, അനിശ്ചിതകാല പണിമുടക്കുകളിലൂടെയാണ് വേതനപരിഷ്കരണം നേടിയെടുക്കാനായത്. മാത്രമല്ല, ഇരുപത്തൊന്നുമാസത്തെ കുടിശ്ശിക തട്ടിയെടുക്കുകയുംചെയ്തു. എട്ടാം ശമ്പളപരിഷ്കരണം നടപ്പാക്കിയപ്പോള്‍ 37 മാസത്തെ കുടിശ്ശികയും 27 മാസത്തെ പ്രാബല്യതീയതിയും നിഷേധിച്ചു. സമാനമായ സാഹചര്യത്തിലേക്ക് വേതനപരിഷ്കരണത്തെ എത്തിക്കുന്നതിനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. സാമ്പത്തികപ്രതിസന്ധിയുടെ മറപറ്റി നിലവിലുള്ള ആനുകൂല്യങ്ങള്‍പോലും കവര്‍ന്നെടുക്കാന്‍ ശ്രമിക്കുമ്പോള്‍ തീക്ഷ്ണമായ പോരാട്ടങ്ങള്‍ അനിവാര്യമാണ്. വര്‍ത്തമാനകാലത്ത് തൊഴില്‍മേഖലയില്‍ രൂപപ്പെടുന്ന പുതിയ പ്രതിസന്ധികളെ തിരിച്ചറിഞ്ഞ്, എല്ലാവിഭാഗം ജീവനക്കാരെയും കൂട്ടിയോജിപ്പിച്ചുള്ള പ്രക്ഷോഭങ്ങള്‍ക്ക് തയ്യാറാകണം.

*
എ ശ്രീകുമാര്‍ ( കേരള എന്‍ജിഒ യൂണിയന്‍ ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍ )

തായ്ലന്‍ഡില്‍ പട്ടാള അട്ടിമറി

സൈന്യം അധികാരം പിടിച്ചെടുത്തത് പട്ടാള അട്ടിമറിയാണോയെന്നതിനെപ്പറ്റി ഇപ്പോള്‍ സംവാദമുണ്ട്. ഈജിപ്തില്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് മൊഹമ്മദ് മുര്‍സി സര്‍ക്കാരിനെ സൈന്യം അധികാരത്തില്‍നിന്ന് പുറത്താക്കിയപ്പോഴാണ് ഈ നിര്‍വചനപ്രശ്നം ഉയര്‍ന്നത്. പ്രശ്നം പ്രധാനമായും അമേരിക്കയ്ക്കായിരുന്നു. ഈജിപ്തില്‍ നടന്നത് പട്ടാള അട്ടിമറിയായിരുന്നെങ്കില്‍, അമേരിക്കയുടെ സൈനിക, സാമ്പത്തികസഹായം തുടരാന്‍ നിയമം അനുവദിക്കുകയില്ലായിരുന്നു. അതുകൊണ്ട് ഈജിപ്തില്‍ നടന്നത് "അട്ടിമറിയല്ലാത്ത അട്ടിമറി" (രീൗു വേമേ ശെ ിീേ മ രീൗു)യെന്ന് വിശേഷിപ്പിക്കപ്പെട്ടു. തായ്ലന്‍ഡില്‍ മെയ് 22ന് നടന്നത് പട്ടാള അട്ടിമറിയാണെന്നതില്‍ അഭിപ്രായഭിന്നതയില്ല. അമേരിക്ക അതിനെ നിശിതമായി വിമര്‍ശിച്ചു. പട്ടാളം അധികാരം പിടിച്ചെടുത്തതിന് ഒരു നീതീകരണവുമില്ലെന്ന് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ജോണ്‍ കെറി പറഞ്ഞു. യുഎന്നും ബ്രിട്ടനും ജര്‍മനിയും യൂറോപ്യന്‍ യൂണിയനുമെല്ലാം വിമര്‍ശനവുമായി രംഗത്തെത്തി.

തായ്ലന്‍ഡില്‍ പട്ടാള അട്ടിമറി പുത്തരിയല്ല; പതിവാണെന്ന് പറയുന്നതായിരിക്കും കൂടുതല്‍ ശരി. 1932ല്‍ രാജാധികാരം ഭരണഘടന വിധേയമാക്കിയശേഷം നടക്കുന്ന 12-ാമത്തെ വിജയകരമായ പട്ടാള അട്ടിമറിയാണ് ഇപ്പോഴത്തേത്. മെയ് 20ന് തായ്ലന്‍ഡില്‍ സൈനിക നിയമം നടപ്പാക്കി. ""ഇത് ഒരു പട്ടാള അട്ടിമറിയല്ല, സൈനിക നിയമം നടപ്പാക്കുകമാത്രമാണ്"", സൈനിക മേധാവികള്‍ ആവര്‍ത്തിച്ചു പ്രസ്താവിച്ചു. ആരെങ്കിലും ഈ പ്രസ്താവന വിശ്വസിക്കുമോയെന്നുള്ള സംശയമൊന്നും അവര്‍ക്കുണ്ടായിരുന്നതായി തോന്നുന്നില്ല. സൈനിക നിയമം നടപ്പാക്കുന്നത് ഭരണഘടനാനുസൃതമാണെന്നു വാദിക്കാം. സൈന്യം അധികാരം പിടിച്ചെടുക്കുന്നത് ഭരണഘടനാവിരുദ്ധമാണ്. രാജാധികാരത്തെപ്പറ്റിയുള്ള വ്യവസ്ഥകള്‍ ഒഴിച്ചുള്ള എല്ലാ ഭരണഘടനാ വ്യവസ്ഥകളും "അവസാനിപ്പിച്ചിരിക്കുന്നു", എന്നാണ് പ്രഖ്യാപനം. സൈന്യം സര്‍ക്കാരിന്റെ നിയന്ത്രണം ഏറ്റെടുക്കുകയാണെന്നും ക്രമസമാധാനം പുനഃസ്ഥാപിക്കുമെന്നും രാഷ്ട്രീയ, സാമ്പത്തിക, സാമൂഹ്യഘടനകളില്‍ മാറ്റം വരുത്തുമെന്നും സൈനിക മേധാവി ജനറല്‍ പ്രയുത്ചാന്‍ ഓച പറഞ്ഞു. മാസങ്ങള്‍ നീണ്ടുനിന്ന രാഷ്ട്രീയ പ്രക്ഷോഭണങ്ങളുടെയും അസ്ഥിരതയുടെയും ഒടുവിലാണ് സൈനിക നിയമവും തുടര്‍ന്ന് പട്ടാളഭരണവും ഏര്‍പ്പെടുത്തിയത്. ഇപ്പോള്‍ ദുബായില്‍ പ്രവാസിയായി കഴിയുന്ന മുന്‍ പ്രധാനമന്ത്രി താക്സിന്‍ ഷിനവത്രയെ കേന്ദ്രീകരിച്ചുതന്നെയാണ് ഇപ്പോഴത്തെ അധികാര വടംവലി.

ഒരു ദശകം മുമ്പ് താക്സിന്‍ അധികാരത്തിലായിരുന്നപ്പോള്‍ നടപ്പാക്കിയ പരിഷ്കാരങ്ങള്‍ കൂടുതലും ഗ്രാമീണമെന്ന് വിശേഷിപ്പിക്കാവുന്ന ഉത്തര തായ്ലന്‍ഡിലെ ജനങ്ങള്‍ക്കു കുറേയേറെ പ്രയോജനംചെയ്തു. ഈ പരിഷ്കാരങ്ങളെ എതിര്‍ത്ത ബാങ്കോക്ക് കേന്ദ്രീകൃതമായ നഗരവാസികളായ വരേണ്യവര്‍ഗമാണ് പ്രക്ഷോഭണത്തിന്റെ മുന്നിലും പിന്നിലും. ഇപ്പോഴത്തെ സംഭവവികാസങ്ങളുടെ പശ്ചാത്തലം 2006ലെ സൈനിക അട്ടിമറിയാണ്. താക്സിന്റെ ഭരണകാലത്ത് അദ്ദേഹത്തിനെതിരെ ഗുരുതരമായ അഴിമതി ആരോപണങ്ങളുണ്ടായി. തായ്ലന്‍ഡിലെ സമ്പദ്ക്രമത്തെ തന്നെ ഇത് അപകടത്തിലാക്കുന്നുവെന്ന വിമര്‍ശനവുമുണ്ടായി. "സമാധാനപരമായി" താക്സിനെ അധികാരഭ്രഷ്ടനാക്കി, ഭരണം പിടിച്ചെടുക്കാന്‍ സൈന്യത്തിന് കഴിഞ്ഞു. ഭരണഘടന റദ്ദാക്കി. രാഷ്ട്രീയ പരിഷ്കാരങ്ങള്‍ നടപ്പാക്കുമെന്ന് വാഗ്ദാനം നല്‍കി. അന്ന് പട്ടാള വിപ്ലവത്തിന് നേതൃത്വം നല്‍കിയവര്‍ രാജകുടുംബവുമായി അടുപ്പമുള്ളവരായിരുന്നു, സൈന്യം അധികാരം പിടിച്ചെടുത്ത് രാജാവിന്റെ അറിവോടെ, സമ്മതത്തോടെയാണെന്ന് വ്യാഖ്യാനിക്കപ്പെട്ടു. അഴിമതിക്കേസില്‍ താക്സിന്‍ ശിക്ഷിക്കപ്പെട്ടു. അതിനകം അദ്ദേഹം നാടുവിട്ടിരുന്നു. അഞ്ചുവര്‍ഷത്തെ പട്ടാളഭരണത്തിനുശേഷം നടന്ന തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയത് താക്സിന്റെ ഇളയ സഹോദരി യിങ്ലക്ക് ഷിനവത്ര ആയിരുന്നു. താക്സിന്റെ കക്ഷിയുടെയും ഷിനാവത്ര കുടുംബത്തിന്റെയും ജനപിന്തുണ പ്രകടമായിരുന്നു. യിങ്ഗ്ലിക്ക് അധികാരത്തില്‍ വരാനും തുടരാനും താക്സിന്‍ പ്രയോഗിക്കുന്ന തന്ത്രങ്ങളാണ് പ്രശ്നമെന്നും സഹോദരന്‍ തുടങ്ങിയ അഴിമതി സഹോദരി തുടരുകയാണെന്നുമായിരുന്നു പ്രക്ഷോഭകാരികളുടെ ആരോപണം. താക്സിന്റെ തിരിച്ചുവരവിന് വഴിയൊരുക്കാനുള്ള നിയമനിര്‍മാണത്തിന് ശിക്ഷാകാലാവധി അവസാനിപ്പിച്ചുകൊണ്ട് വ്യവസ്ഥചെയ്യുന്ന- താക്സിന്റെ കക്ഷി നടപടികള്‍ തുടങ്ങിയതാണ് പ്രക്ഷോഭത്തെ രൂക്ഷമാക്കിയത്. അറുപതില്‍പരം ആളുകള്‍ കൊല്ലപ്പെട്ടു. ഫെബ്രുവരിയില്‍ നടത്തിയ തെരഞ്ഞെടുപ്പ് പ്രതിപക്ഷം ബോയ്ക്കോട്ടു ചെയ്തു. കഴിഞ്ഞ രണ്ടു ദശകങ്ങളിലെ തെരഞ്ഞെടുപ്പുകളിലെല്ലാം പരാജയപ്പെട്ടതാണ് മുഖ്യ പ്രതിപക്ഷമായ ഡെമോക്രാറ്റുകള്‍. ഭരണഘടനാ കോടതി തെരഞ്ഞെടുപ്പ് റദ്ദാക്കി. ഇതൊരു "രാഷ്ട്രീയ വിധിന്യായ"മാണെന്ന് വിമര്‍ശിക്കപ്പെട്ടു. മെയ് ഏഴിന് പ്രധാനമന്ത്രി യിങ്ലക്കിനെ അധികാരദുര്‍വിനിയോഗത്തിന് ഭരണഘടനാ കോടതി പുറത്താക്കി. "രാഷ്ട്രീയ" വിധിന്യായങ്ങള്‍ തുടരുകയാണെന്ന് തോന്നി. ഒരു കാവല്‍ പ്രധാനമന്ത്രി അധികാരത്തില്‍ വന്നു. ഇത്തരം പ്രതിസന്ധികളില്‍ മുമ്പ് തായ്ലന്‍ഡിന്റെ രാജാവ് ഇടപെടുകയോ മധ്യസ്ഥത വഹിക്കുകയോ മാര്‍ഗനിര്‍ദേശം നല്‍കുകയോ ചെയ്യുമായിരുന്നു. തായ് ജനത അത് അംഗീകരിക്കുകയും ചെയ്യുമായിരുന്നു. പ്രായാധിക്യത്തിലുള്ള ഭൂമിബോള്‍ രാജാവിന് ഇന്ന് അത്തരം ഇടപെടലിനുള്ള കഴിവില്ല. കാവല്‍ പ്രധാനമന്ത്രിയും പ്രതിപക്ഷകക്ഷികളും തമ്മിലുള്ള കൂടിയാലോചനകള്‍ തിങ്കളാഴ്ച പരാജയപ്പെട്ടതിനെത്തുടര്‍ന്നായിരുന്നു സൈനിക നിയമത്തിന്റെ പ്രഖ്യാപനം. സൈനികനിയമം ഏര്‍പ്പെടുത്തിയശേഷം വീണ്ടും ചര്‍ച്ചകള്‍ തുടര്‍ന്നു. പ്രതിപക്ഷവും താക്സിന്റെ കക്ഷിയും തമ്മില്‍ ഒത്തുതീര്‍പ്പുണ്ടാക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് സൈന്യം പൂര്‍ണ അധികാരം ഏറ്റെടുത്തത്.

നേരത്തെ തായ് സൈന്യത്തിന്റെ "സംയമ"ത്തെയും "പ്രൊഫഷണലിസ"ത്തെയും അമേരിക്കയുടെ സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റ് ഉദ്യോഗസ്ഥന്മാര്‍ പ്രശംസിച്ചിരുന്നു. പട്ടാള അട്ടിമറിയുണ്ടാകില്ലെന്നായിരുന്നു സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റിന്റെ വിലയിരുത്തല്‍. തായ് സൈന്യവുമായി അമേരിക്കയ്ക്കുള്ള സഖ്യം ഇന്തോ-ചൈന യുദ്ധകാലത്ത് തുടങ്ങിയതാണ്. തായ് സൈന്യത്തിന് അമേരിക്കന്‍ സൈനിക ഉപദേഷ്ടാക്കളുണ്ട്. ജനുവരിയില്‍ സൈനിക മേധാവി ചെയ്ത ഒരു പ്രസ്താവന പട്ടാളഭരണത്തിന്റെ സാധ്യത സൂചിപ്പിച്ചിരുന്നു. അന്ന് അദ്ദേഹം പറഞ്ഞത്, "ഭാവിയില്‍ സൈന്യം അധികാരത്തില്‍ വരുന്നതിനുള്ള വാതില്‍ തുറക്കുമെന്നോ, അടയ്ക്കുമെന്നോ" തനിക്ക് പറയാന്‍ കഴിയുകയില്ലെന്നായിരുന്നു. പട്ടാള അട്ടിമറിയുടെ "ടെക്സ്റ്റ് ബുക്ക്" വിശദീകരണം ഇവിടെയുമുണ്ടായി. "രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും അപകടത്തിലാണ്". മറ്റു ചില രാജ്യങ്ങളിലെന്നപോലെ, തായ്ലന്‍ഡിന്റെയും സൈന്യത്തിന്റെ സ്വയം ധാരണ, രാഷ്ട്രീയസ്ഥിരത കാത്തുസൂക്ഷിക്കാനും അതുകൊണ്ട് സിവിലിയന്‍ സര്‍ക്കാര്‍ എത്രകാലം അധികാരത്തിലിരിക്കണമെന്ന് തീരുമാനിക്കാനുമുള്ള അവകാശം സൈന്യത്തിന്റേതാണെന്നത്രേ.

തായ്ലന്‍ഡില്‍ വര്‍ഷങ്ങളായി നീണ്ടുനില്‍ക്കുന്ന രാഷ്ട്രീയ അസ്ഥിരതയെപ്പറി അടുത്തയിടെ യുഎസ് കോണ്‍ഗ്രഷണല്‍ റിസര്‍ച്ച് സര്‍വീസിന്റെ റിപ്പോര്‍ട്ടില്‍ "വിശ്വസിക്കാവുന്ന ഒരു പങ്കാളിയെന്ന നിലയിലും ആ മേഖലയിലെ ഒരു നേതാവെന്ന നിലയിലും എത്രമാത്രം തായ്ലന്‍ഡിനെ ആശ്രയിക്കാന്‍ കഴിയുമെന്" സംശയം പ്രകടിപ്പിച്ചു. ആ സംശയം ബലപ്പെടുത്തുന്നതാണ് പട്ടാള അട്ടിമറി. തായ് ജനതയെ സംബന്ധിച്ചിടത്തോളം ജനാധിപത്യാവകാശങ്ങള്‍ നിഷേധിക്കുന്ന, സ്വേച്ഛാധിപത്യ സൈനിക ഭരണകൂടമാണ് അധികാരത്തില്‍ വന്നിരിക്കുന്നത്.

*
നൈാന്‍ കോശി