Tuesday, January 1, 2013

ചിറകൊടിഞ്ഞ മീന്‍കൊത്തി

പ്രമുഖ വ്യവസായി വിജയ് മല്യയുടെ ഉടമസ്ഥതയിലുള്ള വ്യോമയാനക്കമ്പനിയായ കിങ് ഫിഷറിന്റെ പതനം ഈ വര്‍ഷമായിരുന്നു. ഏഴുമാസത്തെ ശമ്പളം മുടങ്ങിയതോടെ ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്ക് തുടങ്ങി. ഇതോടെ കിങ് ഫിഷര്‍ സര്‍വീസുകള്‍ താറുമാറായി. എന്‍ജിനിയര്‍മാരും പൈലറ്റുമാരുമടക്കം നിരവധി ജീവനക്കാര്‍ പിരിഞ്ഞുപോയി. എല്ലാ സര്‍വീസുകളും മുടങ്ങിയതോടെ കമ്പനി തല്‍ക്കാലത്തേക്ക് അടച്ചുപൂട്ടി. തുടര്‍ന്ന് ഡിജിസിഎ കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കി. ഇതിനിടെ വിമാനക്കമ്പനിയെ രക്ഷിക്കാന്‍ മല്യ തന്റെ മദ്യക്കമ്പനി വിറ്റു. ഡിസംബര്‍ 31ന് ശേഷം സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.

മമത സര്‍ക്കസ് മൂക്കുകുത്തി

കൊല്‍ക്കത്ത: കമ്യൂണിസത്തിന് അന്ത്യം കുറിക്കാന്‍ വിരുദ്ധമഹാസഖ്യം രംഗത്തിറക്കിയ മമതാ പ്രതിഭാസം ചീട്ടുകൊട്ടാരംപോലെ തകരുന്ന കാഴ്ചക്ക് കൊഴിയുന്ന വര്‍ഷം സാക്ഷിയായി. സഖ്യകക്ഷിയായ കോണ്‍ഗ്രസ് പോലും മമതക്കെതിരെ സമരം നടത്തുകയാണ് ബംഗാളില്‍. തൃണമൂല്‍ കോണ്‍ഗ്രസ് കേന്ദ്രസര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു. ബംഗാള്‍ സര്‍ക്കാരില്‍നിന്ന് കോണ്‍ഗ്രസ് പിന്‍വാങ്ങി. മമതയുടേത് ഫാസിസ്റ്റ് ഭരണമാണെന്ന്, നേരത്തെ അവര്‍ക്കു പിന്തുണ നല്‍കിയ ബംഗാളി സാഹിത്യകാരന്മാര്‍ ഒന്നടങ്കം പറഞ്ഞുതുടങ്ങി. മമതയാകട്ടെ, തനിക്കെതിരെ ശബ്ദിക്കുന്ന കലാകാരന്മാരെപ്പോലും ജയിലിലടച്ച് കലിതീര്‍ക്കുന്നു. നിയമസഭയില്‍ പ്രതിപക്ഷത്തെ കായികമായി നേരിടുന്നു. നൂറുകണക്കിന് കമ്യൂണിസ്റ്റുകാരെ കൊന്നൊടുക്കി. അതിവിപ്ലവം പറയുന്ന മാവോയിസ്റ്റുകള്‍ അന്തംവിട്ട് നിലപാടില്ലാതെ നില്‍ക്കുന്നു. മാര്‍ക്സിസ്റ്റ് വിരുദ്ധ മഹാസഖ്യം എത്രത്തോളം സമുഹവിരുദ്ധമാകുമെന്ന് അറിയാന്‍ മമതയെ പഠിച്ചാല്‍ മതിയാവും.

തൂക്കുകയറില്‍ ഒടുങ്ങിയ തീവ്രവാദ വീര്യം

ഇന്ത്യയെ നടുക്കിയ മുംബൈ ഭീകാരാക്രമണപരമ്പരയില്‍ പങ്കാളിയായ ലഷ്കര്‍ ഭീകരന്‍ മുഹമദ് അജ്മല്‍ അമീര്‍ കസബിനെ (25) നവംബര്‍ 21ന് തൂക്കിലേറ്റി. അതീവരഹസ്യമായി പുണെ യര്‍വാദ ജയിലിലായിരുന്നു വധശിക്ഷ. രാജ്യത്തിന്റെ വാണിജ്യ തലസ്ഥാനമായ മുംബൈയില്‍ 2008 നവംബര്‍ 26 മുതല്‍ 29 വരെ നീണ്ട ഭീകരാക്രമണത്തില്‍ 164 പേരാണ് കൊല്ലപ്പെട്ടത്. ഈ ആക്രമണപരമ്പരയ്ക്ക് ശേഷം ജീവനോടെ പിടിയിലായ ഏക ഭീകരനാണ് പാക് പൗരനായ കസബ്. കസബ് തങ്ങളുടെ വീരനായകനാണെന്നും അദ്ദേഹത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് കൂടുതല്‍ ഭീകരാക്രമണം സംഘടിപ്പിക്കുമെന്നും ലഷ്കര്‍ ഇ തോയ്ബ പ്രതികരിച്ചു. പ്രതികാരംചെയ്യുമെന്ന് താലിബാന്റെ ഭീഷണിയുമുണ്ട്.

കെജ്രിവാള്‍ എന്ന "ഡെങ്കി കൊതുക്"

രാജ്യത്തെ പ്രമുഖ അഴിമതിവിരുദ്ധ പ്രവര്‍ത്തകനായ അരവിന്ദ് കെജ്രിവാള്‍ തന്റെ ഗുരു അണ്ണ ഹസാരെയുമായി വേര്‍പിരിഞ്ഞ് "ആം ആദ്മി" എന്ന പേരില്‍ പുതിയ പാര്‍ടി രൂപീകരിച്ചത് നവംബറിലാണ്. അഭിപ്രായഭിന്നത രൂക്ഷമായതിനെത്തുടര്‍ന്ന് കെജ്രിവാള്‍ ഹസാരെസംഘത്തില്‍നിന്ന് വേര്‍പിരിയുകയായിരുന്നു. കോണ്‍ഗ്രസും ബിജെപിയും ഉള്‍പ്പടെയുള്ള രാഷ്ട്രീയ പാര്‍ടികളിലെ പ്രമുഖരുടെ അഴിമതിക്കണക്കുകള്‍ നിരത്തി കെജ്രിവാള്‍ ശ്രദ്ധ പിടിച്ചുപറ്റി. കേന്ദ്രനിയമ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദിനെതിരെയാണ് കെജ്രിവാള്‍ ആദ്യം ആരോപണം ഉന്നയിച്ചത്. ബിജെപി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരിയായിരുന്നു കെജ്രിവാളിന്റെ അടുത്ത ഇര. താന്‍ ഡെങ്കി കൊതുകാണെന്നും കടിയേറ്റ ബിജെപി, കോണ്‍ഗ്രസ് നേതാക്കള്‍ക്കും അസ്വസ്ഥതയുണ്ടാകുമെന്നും കെജ്രിവാള്‍ പ്രതികരിച്ചത് ശ്രദ്ധേയമായിരുന്നു.

അസമില്‍ ആളിപ്പടര്‍ന്ന വംശീയ തീപ്പൊരി

അസമിലെ കൊക്രജാര്‍, ധുബ്രി, ചിരാഗ്, ബക്സ എന്നിവിടങ്ങളില്‍ ജൂലൈയില്‍ വ്യാപിച്ച വംശീയ കലാപം ഈ വര്‍ഷം ഏറെ ചര്‍ച്ചചെയ്യപ്പെട്ട സംഭവമാണ്. നാലു ജില്ലയിലെ ഇരുനൂറോളം ഗ്രാമങ്ങളില്‍ പടര്‍ന്ന കലാപത്തീയില്‍ 77 പേര്‍ കൊല്ലപ്പെട്ടു. നാലുലക്ഷത്തിലധികം ജനങ്ങള്‍ അഭയാര്‍ഥികളായി. തദ്ദേശ ഗോത്രവര്‍ഗക്കാരായ ബോഡോകള്‍ "കുടിയേറ്റക്കാരെ"ന്ന് മുദ്രകുത്തപ്പെട്ട മുസ്ലിങ്ങള്‍ക്കു നേരേ ആക്രമണം അഴിച്ചുവിടുകയായിരുന്നു. വംശീയപ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കാണിച്ച അലംഭാവമാണ് അസം ഉള്‍പ്പടെയുള്ള വടക്കുകിഴക്കന്‍ മേഖലയിലെ സംസ്ഥാനങ്ങളില്‍ കലാപത്തിന്റെ കാട്ടുതീ പടര്‍ത്തിയതെന്ന വിമര്‍ശം ഉയര്‍ന്നു. "അസം അസമീസുകാര്‍ക്ക്" എന്ന മാരക മുദ്രാവാക്യം പ്രചരിക്കുന്നത് വന്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

രോഹിത് അച്ഛന്റെ മകന്‍

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എന്‍ ഡി തിവാരിയുടെ മകന്‍ തന്നെയാണ് രോഹിത് ശേഖര്‍ എന്നു തെളിഞ്ഞത് ജൂലൈ 27ന്. 2008ല്‍ രോഹിത് സമര്‍പ്പിച്ച പിതൃത്വകേസ് ഏറെ നാടകീയതയ്ക്കൊടുവിലാണ് അവസാനിച്ചത്. ലൈംഗികാരോപണക്കേസില്‍പെട്ട് ആന്ധ്രാ ഗവര്‍ണര്‍പദവിവരെ തെറിച്ച തിവാരി, പരിശോധന നടത്താനുള്ള ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവിനെതിരെ ഡിവിഷന്‍ ബെഞ്ചിനെയും സുപ്രീംകോടതിയെയും സമീപിച്ചിരുന്നു. തിവാരിയുടെ നിലപാട് തള്ളിയ സുപ്രീം കോടതി ഏതുവിധേനയും രക്തമെടുക്കാന്‍ ഉത്തരവിട്ടു. രോഹിത് ശേഖര്‍ മകനാണെന്ന് തിവാരിക്ക് സമ്മതിക്കേണ്ടി വന്നു.


*
ദേശാഭിമാനി

No comments: