Wednesday, January 2, 2013

ആണധികാരത്തിന്റെ ബലപ്രയോഗങ്ങള്‍

ബലാത്സംഗവും ലൈംഗികാതിക്രമങ്ങളും കേവലം സ്ത്രീ പ്രശ്നം മാത്രമല്ലെന്നും അത് കടുത്ത രാഷ്ട്രീയ-സാമൂഹ്യ-സാംസ്ക്കാരിക പ്രതിസന്ധിയാണെന്നും പൗരസമൂഹം തിരിച്ചറിയേണ്ടതുണ്ടെന്ന ഓര്‍മ്മപ്പെടുത്തലാണ് 2012 ഡിസംബര്‍ 16ന് തെക്കന്‍ ഡല്‍ഹിയില്‍ നടന്ന കൂട്ട ബലാത്സംഗത്തിനെതിരെ ഇന്ത്യാ ഗേറ്റിലും റെയ്സിനാ ഹില്ലിലും രാഷ്ട്രപതിഭവന് തൊട്ടു മുമ്പിലും മറ്റ് ഇന്ത്യന്‍ നഗരങ്ങളിലും തടിച്ചു കൂടിയ പ്രതിഷേധക്കാര്‍ ധരിപ്പിക്കുന്നത്.

ഇതൊരൊറ്റപ്പെട്ട സംഭവമല്ല എന്നെല്ലാവര്‍ക്കും അറിയാം. ദളിത്-ആദിവാസി-ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ടവരും, അസംഘടിത മേഖലയില്‍ തൊഴിലെടുക്കുന്നവരുമായ സ്ത്രീകള്‍ നിരന്തരം ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരാവുന്നുണ്ട്. ഹിജഡകളെയും ലൈംഗികത്തൊഴിലാളികളെയും ആര്‍ക്കും എപ്പോഴും എന്തും ചെയ്യാവുന്ന അവസ്ഥയുമാണ്. വഞ്ചനയിലൂടെയും ലൈംഗികാതിക്രമങ്ങളിലൂടെയുമാണ് മിക്ക പെണ്‍കുട്ടികളും ലൈംഗികത്തൊഴിലിലെത്തിപ്പെടുന്നതു തന്നെ. ഇത്തരത്തില്‍ പെട്ടവരാണ് പരാതിക്കാരെങ്കില്‍ ആ കേസ് എടുക്കുക തന്നെയില്ല. 2012 ഡിസംബറിലെ കൊടും തണുപ്പില്‍ ദില്ലി പിടിച്ചെടുത്ത സ്ത്രീകളും വിദ്യാര്‍ത്ഥികളും ഫെമിനിസ്റ്റുകളും രാഷ്ട്രീയ-അരാഷ്ട്രീയ പ്രവര്‍ത്തകരും മറ്റും ഉയര്‍ത്തിപ്പിടിച്ച സ്വാതന്ത്ര്യ-പ്രതിഷേധ ബോധം; ബസ്സില്‍ വെച്ച് ക്രൂരമായി പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിച്ചെടുക്കാനും അവള്‍ക്ക് നീതി ലഭ്യമാക്കുന്നതിന്റെ ഭാഗമായി കുറ്റവാളികളെ വധശിക്ഷ അടക്കമുള്ള കടുത്ത ശിക്ഷകള്‍ കൊണ്ട് മൂടുവാനും വേണ്ടി മാത്രമുള്ള ഒന്നായി നാം ചുരുക്കിക്കാണരുത്. പത്രമാധ്യമങ്ങളും ഭരണാധികാരികളും ഒരു പക്ഷെ ഇതിനെ താല്ക്കാലിക പ്രതിഭാസമായി ആഘോഷിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ഈ വെളിപ്പെടുത്തലിനെയും പിടിച്ചെടുക്കലിനെയും കൂടുതല്‍ സ്വാതന്ത്ര്യത്തിലേക്കും സമാധാന വാഴ്ചയിലേക്കും മുഴുവന്‍ ഇന്ത്യക്കാരെയും നയിക്കാനുതകുന്നതായിരിക്കണം. ബലാത്സംഗക്കേസുകളിലെ പ്രതികള്‍ മിക്കവാറും കുറ്റം തെളിയാതെ രക്ഷപ്പെടാറാണ് പതിവ്.

പ്രമാദമായ സൂര്യനെല്ലിക്കേസ് തന്നെ നോക്കുക. കേസിലെ പ്രതികളെല്ലാം സൈ്വരവിഹാരം നടത്തുകയും ഇരയായ പെണ്‍കുട്ടി കൃത്രിമമായി ചമക്കപ്പെട്ട പണാപഹരണക്കേസില്‍ തടവിലും സസ്പെന്‍ഷനിലും മറ്റുമാണ്. ബലാത്സംഗത്തെ പ്രത്യേകിച്ചും ലൈംഗികതയെ പൊതുവെയും ഇന്ത്യന്‍/കേരള സമൂഹം എപ്രകാരമാണ് കാണുന്നത് എന്ന പ്രശ്നവും ഇതോടൊപ്പം ശ്രദ്ധിക്കേണ്ടതാണ്. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ പ്രസിഡണ്ട് സഖാവ് സുഭാഷിണി അലി ദില്ലിയിലെ സമരസ്ഥലത്ത് നിന്നിരുന്ന ഒരു പോലീസുകാരന്‍ പറഞ്ഞതെന്താണെന്ന് താന്‍ കേട്ടതനുസരിച്ച്, ഹിന്ദു (ഡിസംബര്‍ 23)വില്‍ എഴുതിയ ലേഖനത്തില്‍ രേഖപ്പെടുത്തുന്നു. അവള്‍ അവളുടെ കൂട്ടുകാരനുമൊത്ത് എന്തോ അരുതാത്തത് ചെയ്യുകയായിരുന്നിരിക്കണം. അത് കണ്ടിട്ടാവും ആ യുവാക്കള്‍ (അക്രമികള്‍) ഉത്തേജിതരായത്. ഭീതി, സങ്കടം, രോഷം എന്നീ വികാരങ്ങളെല്ലാം നിറഞ്ഞു നിന്ന ആ പ്രതിഷേധക്കടലിനിടയിലും ഈ വാര്‍പ്പു നിരീക്ഷണം സങ്കോചമില്ലാതെ പുറപ്പെടുവിക്കപ്പെടുന്നു എന്നത് സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നതിന് സാമൂഹികമായ മൗനസമ്മതം കൊടുക്കുന്നതിനു തുല്യമാണ്. സ്ത്രീകളുടെ വസ്ത്ര ധാരണം, മൊബൈല്‍ ഫോണ്‍, അവരുടെ സംസാരങ്ങള്‍, ചിരി, കണ്ണിന്റെ ചലനങ്ങള്‍, അവരുടെ ജീവിതത്തിലെ മുന്‍ ചെയ്തികള്‍ എന്നിങ്ങനെ സ്ത്രീ അക്രമിക്കപ്പെടുന്നതിന്റെ കാരണം അവള്‍ക്കു മേല്‍ തന്നെ കെട്ടിവെക്കുന്നതിനുള്ള പ്രേരണ എല്ലായ്പ്പോഴും സ്വരൂപിക്കപ്പെടുന്നതു പതിവാണ്. കോടതി പോലും ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് അത്ര അസാധാരണമല്ല. മന്ത്രിമാര്‍, രാഷ്ട്രീയക്കാര്‍, സാഹിത്യകാരന്മാര്‍, സിനിമാ പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥാധികാരികള്‍, പൊലീസും പട്ടാളവും എന്നിവരും ഇത്തരം അഭിപ്രായങ്ങള്‍ വെച്ചു പുലര്‍ത്തുന്നവരാണെന്നു കാണാം. പാരമ്പര്യ വിശ്വാസങ്ങള്‍, നാടുവാഴിത്ത-യാഥാസ്ഥിതിക സാമൂഹ്യ കാഴ്ചപ്പാടുകള്‍ എന്നിവയുടെ പശ്ചാത്തലമാണ് സ്ത്രീ കുറ്റത്തിന്റെ വാഹകയാണെന്ന വിശ്വാസവ്യവസ്ഥയെ ഉറപ്പിച്ചെടുത്തത്. ആഗോളവത്ക്കരണ കാലത്താകട്ടെ, കമ്പോളമാണ് എല്ലാം തീരുമാനിക്കുന്നതെന്ന യുക്തിയും ന്യായവും നിലവില്‍ വന്നു കഴിഞ്ഞു. കമ്പോളത്തിന്റെയും മൂലധനത്തിന്റെയും ലാഭാര്‍ത്തിയുടെയും തെണ്ടലും വ്യാപനവുമാണ് ഇന്നത്തെ പ്രതിഭാസം. ഇതിന് കീഴ്പ്പെട്ടുകൊണ്ടു മാത്രമാണ് എല്ലാ കാര്യങ്ങളും ചലിക്കുന്നത്. സ്ത്രീശരീരത്തെ ചരക്കുവത്ക്കരിക്കുകയും അവളുടെ ആത്മാഭിമാനത്തെ ഇടിച്ചു താഴ്ത്തുകയും ചെയ്യുന്ന പരസ്യങ്ങള്‍, സീരിയലുകള്‍, വാര്‍ത്താവതരണങ്ങള്‍, സിനിമകള്‍ എന്നിവ അതിസാധാരണമെന്നോണം നാം സ്വീകരിച്ചു കൊണ്ടേ ഇരിക്കുന്നു. ദില്ലി പ്രതിഷേധത്തിന്റെ ബുള്ളറ്റിന്‍ കാണിക്കുന്നതിനിടയില്‍, ദേശീയ ചാനലുകളില്‍ പോലും ബാത്ത്റൂം ഫിറ്റിങ്സിന്റെയും മറ്റും കാമോത്തേജന പരസ്യങ്ങള്‍ നിറയുന്നതു കാണാം. കുളി ഒരു കാമോത്തേജന പ്രവൃത്തിയായാണ് സോപ്പിന്റെയെന്നതു പോലെ ബാത്ത്റൂം ഫിറ്റിങ്ങിന്റെ പരസ്യക്കാരും അവതരിപ്പിക്കുന്നത്. ഈ ബുള്ളറ്റിനുകള്‍ തന്നെ ഇത്തരം സ്ത്രീശരീര-ചരക്കുവത്ക്കരണക്കാരായിരിക്കും സ്പോണ്‍സര്‍ ചെയ്യുന്നത്. അത്യന്തം മനുഷ്യവിരുദ്ധവും സ്ത്രീ വിരുദ്ധവുമായ പൈതൃക പിന്തുടര്‍ച്ചാ നിയമങ്ങളും ആണധികാര വ്യവസ്ഥകളും പുതിയ രീതിയില്‍ പുനരാവര്‍ത്തിക്കുകയും പുനപ്രക്ഷേപിക്കുകയും ചെയ്യുകയാണ്, നാടുവാഴിത്തത്തോടും മുതലാളിത്തത്തോടും കറ കളഞ്ഞ കൂറു പുലര്‍ത്തുന്ന ആനുകാലികങ്ങളും ദിനപത്രങ്ങളും ചെയ്തു കൊണ്ടിരിക്കുന്നത്.

തെഹല്‍ക്ക അടുത്ത കാലത്ത് പ്രസിദ്ധീകരിച്ച ഒരു സര്‍വേ റിപ്പോര്‍ട് സുഭാഷിണി അലി ഉദ്ധരിക്കുന്നുണ്ട്. നാഷണല്‍ കാപ്പിറ്റല്‍ റീജിയണില്‍ (ദില്ലി മഹാനഗരവും അതിനു ചുറ്റുമായി ഉത്തര്‍ പ്രദേശിലും ഹരിയാനയിലുമായി പരന്നു കിടക്കുന്ന ദ്രുതഗതിയില്‍ നഗരവത്ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന പ്രദേശവും-ഗുഡ്ഗാവ്, നോയിഡ, ഫരീദാബാദ്, ഗാസിയാബാദ്) പല തട്ടിലുള്ള പൊലീസുകാരോടാണ് ചോദ്യങ്ങള്‍ ചോദിച്ചത്. ഒന്നോ രണ്ടോ പേരൊഴിച്ച് എല്ലാവരും പറഞ്ഞ സമാനമായ ഒരു കാര്യം, അസാന്മാര്‍ഗിക ജീവിതം നയിച്ചു വന്നവരും സ്വയം കുറ്റം ചെയ്തവരും പിടിക്കപ്പെട്ടപ്പോള്‍ മാറ്റിപ്പറഞ്ഞവരും അച്ചടക്കമില്ലാത്തവരും ബ്ലാക്ക് മെയില്‍ ചെയ്യുന്നവരും പിന്നെ വേശ്യകളുമാണ് സ്ത്രീ പീഡനത്തെ സംബന്ധിച്ച പരാതികള്‍ സമര്‍പ്പിക്കുന്നവരെന്നാണ്. നാഷണല്‍ കാപ്പിറ്റല്‍ റീജിയണ്‍ ഇപ്പോള്‍ നാഷണല്‍ റേപ്പ് കാപ്പിറ്റല്‍ റീജിയണ്‍ ആയി മാറിയിരിക്കുന്നുവെന്നാണ് സുഭാഷിണി പറയുന്നത്. 2012ല്‍ തന്നെ അറുനൂറിലധികം ബലാത്സംഗക്കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രാഷ്ട്രത്തെ പിടിച്ചു കുലുക്കിയ ദില്ലി-ബസ് കൂട്ട ബലാത്സംഗത്തിനു ശേഷവും കാര്യങ്ങളില്‍ വലിയ മാറ്റമൊന്നുമില്ല. രണ്ടു കൂട്ട ബലാത്സംഗങ്ങളും മെട്രോ സ്റ്റേഷനില്‍ സ്ത്രീക്കു നേരെ പ്രായപൂര്‍ത്തിയെത്താത്ത ആണ്‍ കുട്ടികളുടെ കടന്നാക്രമണവും ആറു വയസ്സുകാരിയായ മകളെ മദ്യപാനിയായ അഛന്‍ തന്നെ ബലാത്സംഗം ചെയ്തതും, ബസിലെ കൂട്ട ബലാത്സംഗത്തിനു ശേഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. പ്രായപൂര്‍ത്തിയെത്താത്ത പെണ്‍കുട്ടികള്‍, ദിവസക്കൂലിക്കാരായ സ്ത്രീകള്‍, വീട്ടു വേലക്കാരികള്‍ എന്നിവരെല്ലായ്പ്പോഴും ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരാവുന്നു. ഇപ്പോള്‍ നടക്കുന്ന സമരവും അതിന്മേല്‍ പതിച്ചിട്ടുള്ള ശ്രദ്ധയും ഈ കാര്യത്തില്‍ എന്തെങ്കിലും ആശ്വാസം ഉണ്ടാക്കുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. സ്ത്രീകള്‍ തന്നെയാണ് അവരുടെ മേലുള്ള ആക്രമണങ്ങള്‍ക്ക് മൂലകാരണം എന്ന സാമൂഹിക അബോധം അതിശക്തമായി നിലനില്‍ക്കുന്നുവെന്നതാണ് ഏറ്റവും ഗുരുതരമായ പ്രശ്നം. ഈ അവസ്ഥ അവരുടെ അരക്ഷിതത്വവും അവര്‍ക്കു മേലുള്ള അക്രമവും ഒരു പോലെ വര്‍ദ്ധിപ്പിക്കുന്നു എന്നതാണ് വാസ്തവം.

തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ എന്നതു പോലെ വീടിനകത്തും കുടുംബത്തിനകത്തുമുള്ള ആക്രമണങ്ങള്‍ക്കുമെതിരെ(ഡൊമസ്റ്റിക് വയലന്‍സ്) ഇന്ത്യന്‍ പാര്‍ലമെന്റ് നിയമങ്ങള്‍ പാസാക്കിയിട്ടുണ്ട്. അധികാരപദവികളിലും നിയമ-ഭരണ ഉത്തരവാദിത്തങ്ങളിലും ഇരിപ്പുറപ്പിച്ചവര്‍ക്ക് ഇത്തരം കേസുകളോട് എന്തു മനോഭാവമാണ് ഉള്ളത് എന്നു പരിശോധിച്ചാല്‍ തികച്ചും തെറ്റായ സമീപനങ്ങളാണ് നിലനില്‍ക്കുന്നതും സജീവവുമെന്ന് ബോധ്യപ്പെടും. അശ്ലീലമായ പരാമര്‍ശങ്ങളും നോട്ടങ്ങളും, ബോധപൂര്‍വം നടത്തുന്ന ശരീര സ്പര്‍ശനങ്ങള്‍, കമന്റടി, കൂവിവിളികള്‍ എന്നിവയും നമ്മുടെ രാജ്യത്ത് സര്‍വസാധാരണമായി പൊതു സ്ഥലങ്ങളില്‍ സ്ത്രീകളും പെണ്‍കുട്ടികളും നേരിട്ടു വരുന്നു. ഇതൊന്നു പരാമര്‍ശിക്കുകയോ ചര്‍ച്ച ചെയ്യുകയോ ചെയ്യേണ്ടതില്ലാത്ത വിധം നാം അംഗീകരിച്ചു കഴിഞ്ഞു. ലൈംഗികാതിക്രമങ്ങള്‍ക്കു നേരെ പുലര്‍ത്തുന്ന നിശ്ശബ്ദതയും സഹിഷ്ണുതയും ലൈംഗികാതിക്രമികള്‍ക്ക് വീരപരിവേഷം അണിയിക്കലുമാണ് നമ്മുടെ രീതികള്‍. സുരക്ഷയുടെ പേരില്‍, സ്ത്രീകള്‍ വീടുകളിലും ഹോസ്റ്റലുകളിലും പെണ്‍ സംവരണ സീറ്റുകളിലും കമ്പാര്‍ടുമെന്റുകളിലും തടവിലാക്കപ്പെട്ടിരിക്കുകയുമാണ്. സ്ത്രീകളെയും പെണ്‍കുട്ടികളെയും കടുത്ത തോതിലാണ് നാം നിയന്ത്രിച്ചു നിര്‍ത്തിയിരിക്കുന്നത്. പെണ്ണിന്റെ ചിരി മച്ചകം കേള്‍ക്കരുതെന്ന പഴമൊഴി തന്നെയാണിന്നും പ്രബലം. ആറു മണിക്ക് വീടെത്തിക്കൊള്ളണം; ഹോസ്റ്റല്‍ വാതിലടക്കും; ബസിലെ പൊതു സീറ്റിലിരിക്കരുത്; ജനറല്‍ കമ്പാര്‍ടുമെന്റില്‍ കയറരുത്, ഷെയര്‍ ഓട്ടോയില്‍ കയറരുത് എന്നീ വിലക്കുകളും നിര്‍ബന്ധങ്ങളും വ്യാപകമായി സ്വീകരിക്കപ്പെട്ടിരിക്കുന്നു. ജനിച്ച ഉടനെ തന്നെ പെണ്ണിനെയും ആണിനെയും വേര്‍തിരിച്ച ശേഷം വ്യത്യസ്ത മനോഭാവത്തോടെയാണ് വളര്‍ത്തി വരുന്നത്. സ്വാഭാവികമായ സൗഹൃദങ്ങളും സ്നേഹങ്ങളും വിലക്കപ്പെട്ടിരിക്കുന്നു. ഇതു കാരണം, പ്രാകൃതികമായ ചോദനകളും വിചാരങ്ങളും തികച്ചും തെറ്റാണെന്ന അബോധമാണ് സ്ഥാപിക്കപ്പെടുന്നത്. ഈ അബോധം, പെണ്‍കുട്ടികളില്‍ അരക്ഷിതത്വവും ലൈംഗികത എന്നാല്‍ കുറ്റം മാത്രമാണെന്ന ധാരണയും പ്രബലമായി ഉറപ്പിച്ചെടുക്കുന്നു. ആണ്‍കുട്ടികളിലാകട്ടെ വിലക്കപ്പെട്ട കനി എന്ന നിലക്ക് ഏതു വിധേനയും നേടിയെടുക്കാനുള്ള ആന്തരികത്വരയും സജീവമാകുന്നു. ലൈംഗിക വിദ്യാഭ്യാസം ആണെങ്കില്‍ നിരോധിക്കപ്പെട്ടിരിക്കുകയുമാണ്. ആരോഗ്യകരമായ ലൈംഗികത എന്നത് നമ്മുടെ ലക്ഷ്യങ്ങളില്‍ പോലും എവിടെയും കാണാനില്ല.

ദില്ലി കൂട്ട മാനഭംഗക്കേസിലെ പ്രതികള്‍ക്ക് വധശിക്ഷ ഉറപ്പാക്കിയാല്‍ എല്ലാമായി എന്ന വിധേനയാണ് ഉന്നത ന്യായാധിപന്മാരടക്കം പ്രതികരിക്കുന്നത്. കാര്യങ്ങളെ എത്ര എളുപ്പത്തിലാണ് നാം സമീപിക്കുന്നത് എന്നതിന് കൂടുതല്‍ തെളിവുകളാവശ്യമില്ല. സ്ത്രീകള്‍ക്ക് സാമൂഹിക തുല്യത ഇല്ലാതാക്കുന്നതില്‍; ഇത്തരം നിയന്ത്രണങ്ങളും പേടികളും അരക്ഷിതത്വ ബോധ-അബോധങ്ങളും മുഖ്യ പങ്കു വഹിക്കുന്നുവെന്നതാണ് വാസ്തവം. ഈ സംഭവങ്ങളുടെ മറവില്‍, വധശിക്ഷയെ സാമൂഹികമായി സാധൂകരിക്കാനും ന്യായീകരിക്കാനുമുള്ള പ്രവണതയാകട്ടെ അത്യന്തം അപലപനീയവുമാണ്. ക്രിസ്റ്റോഫ് കീസ്ലോവ്സ്കിയുടെ പ്രസിദ്ധമായ എ ഷോര്‍ട് ഫിലിം എബൗട്ട് കില്ലിംഗി(കൊലപാതകത്തെ സംബന്ധിച്ച് ഒരു ഹ്രസ്വ ചിത്രം)ല്‍ ആവിഷ്ക്കരിക്കുന്നതു പോലെ, ഒരു പൗരനെ, മനുഷ്യനെ കൊല്ലാന്‍ ഭരണകൂടത്തിനോ നിയമവ്യവസ്ഥക്കോ അധികാരം ഉണ്ടെന്ന് കരുതുന്നത് തികച്ചും അസംബന്ധമാണ്. ജീവപര്യന്തം തടവിലിട്ടാല്‍, നാളെ പ്രതി പുറത്തു വരുമെന്നാണ് പലരും കരുതുന്നത്. നാളെ നിയമവ്യവസ്ഥ നിലനില്‍ക്കില്ല എന്ന അവിശ്വാസമാണ് ഈ ധാരണയിലേക്ക് നയിക്കുന്നത്. അത് കൂടുതല്‍ അപകടകരമാണ്. ഇന്നത്തെക്കാള്‍ മികച്ച നിയമവ്യവസ്ഥ വരും നാളുകളില്‍ നടപ്പിലാവും എന്ന ധാരണയായിരിക്കണം നമ്മെ നയിക്കേണ്ടത്. രാജ്യത്തെ തൊണ്ണൂറു ശതമാനം ബലാത്സംഗങ്ങളും ഇരകളുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പരിചയക്കാരും തന്നെയാണ് ചെയ്യുന്നത് എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ബലാത്സംഗത്തിന് വധശിക്ഷ എന്ന മുദ്രാവാക്യം ഉയര്‍ത്തുന്നവര്‍, അമ്മാമന്മാരും അച്ഛന്മാരും സഹോദരന്മാരും ഭര്‍ത്താക്കന്മാരും അയല്‍ക്കാരുമാണ് കുറ്റവാളികള്‍ എന്നറിയുമ്പോള്‍, വിട്ടുവീഴ്ചക്ക് തയ്യാറാകുമെന്ന വാസ്തവം കണക്കിലെടുക്കുന്നില്ല. ഇത്തരം അവസരങ്ങളില്‍, ബലാത്സംഗം റിപ്പോര്‍ട് ചെയ്യപ്പെടുക തന്നെയില്ല. അപൂര്‍വങ്ങളില്‍ അപൂര്‍വം കേസിനാണ് വധശിക്ഷ എന്ന വ്യവസ്ഥ നില നില്‍ക്കുന്നതിനാല്‍, മിക്കപ്പോഴും വധശിക്ഷ വിധിക്കപ്പെടാതിരിക്കാനാണ് സാധ്യത. അങ്ങിനെ വരുമ്പോള്‍, ബലാത്സംഗക്കേസുകളില്‍ ഒരു ശിക്ഷയും വിധിക്കപ്പെടുന്നില്ല എന്ന സ്ഥിതിയും സംജാതമായിക്കൂടായ്കയില്ല. ഇതിലും പ്രധാനപ്പെട്ട ഒരു പ്രശ്നം നിലനില്‍ക്കുന്നു. വളരെയധികം ബലാത്സംഗങ്ങള്‍ നടക്കുന്നത് പൊലീസ് കസ്റ്റഡിയിലാണ്. മധുരയെയും റമീസാബിയെയും സുമന്‍ റാണിയെയും പോലീസുകാരാണ് നിഷ്ഠൂരമായി മാനഭംഗപ്പെടുത്തിയത്. എണ്ണമറ്റ അനവധി കേസുകള്‍ വേറെയുമുണ്ട്. ഇവരെയും തൂക്കിക്കൊല്ലുമോ? തൊണ്ണൂറു ശതമാനം പോലീസുകാരും, സ്ത്രീകള്‍ മാനഭംഗം ചെയ്യപ്പേടേണ്ടവരാണെന്ന പുരുഷവിശ്വാസത്തിനടിപ്പെട്ടവരാണെന്നതാണ് വാസ്തവം. സ്ത്രീ ശരീരത്തെ പ്രകൃതി നിര്‍മിച്ചിരിക്കുന്നതു തന്നെ പുരുഷന് കേറിക്കളിക്കാനാണെന്ന മനോഭാവമാണ് പ്രബലമായുള്ളത്.

പൊലീസും ഇതില്‍ നിന്ന് മുക്തരല്ല. ആയിരക്കണക്കിന് മുസ്ലിം സ്ത്രീകളെ ക്രൂരമായി ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്തവരെയും അവരുടെ വീരനേതാവിനെയും മൂന്നു തവണ തെരഞ്ഞെടുപ്പിലൂടെ വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുകയും അതേ നേതാവിനെ ഇന്ത്യന്‍ പ്രധാനമന്ത്രിയായി ഉയര്‍ത്തിക്കാണിക്കുകയും ചെയ്യുന്ന സംസ്ഥാനവും ഇന്ത്യയിലാണെന്നതും മറന്നു പോകരുത്. മണിപ്പൂരിലും കശ്മീരിലും ആര്‍മി, എഎഫ്എസ്പിഎ 1958(കാക്കി ധാരികള്‍ക്കുള്ള പ്രത്യേക നിയമം)ന്റെ മറവില്‍ കാട്ടിക്കൂട്ടുന്ന ലൈംഗികാതിക്രമങ്ങള്‍, പുറം ലോകത്ത് ആരും ചോദ്യം ചെയ്യുന്നില്ല. കാക്കിധാരികള്‍ കൂട്ടബലാത്സംഗത്തിനിരയാക്കിയതിനുശേഷം കൊലപ്പെടത്തി പൂര്‍ണനഗ്നയാക്കി മനോരമാദേവിയുടെ മൃതദേഹം റോഡരികിലെ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചത്, ഹോബം പബന്‍ കുമാറിന്റെ ഡോക്കുമെന്ററിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇറോം ശര്‍മിള വര്‍ഷങ്ങളായി ഈ ക്രൂരനീതിക്കെതിരെ ഉപവാസസമരത്തിലാണ്. മണിപ്പൂരിലെ പൊലീസ് ആസ്ഥാനത്തിനു മുമ്പില്‍, അമ്മമാര്‍ പൂര്‍ണ നഗ്നകളായി സമരം നടത്തിയതു തന്നെ ഞങ്ങളെയും ബലാത്സംഗം ചെയ്യൂ എന്ന ബാനര്‍ മുന്നിലുയര്‍ത്തിയായിരുന്നു.

ദേശീയതയും മറ്റ് ഭ്രാന്തന്‍ രാഷ്ട്രീയ-വര്‍ഗീയ മഹാഖ്യാനങ്ങളും ഇത്തരം അക്രമങ്ങളെ മഹത്വവത്ക്കരിച്ചു കൊണ്ടേ ഇരുന്നു. മലയാള സിനിമയിലെ ഏറ്റവും വലിയ അപമാനങ്ങളിലൊന്നായ മേജര്‍ രവിയുടെ കീര്‍ത്തിചക്രയില്‍ ബലാത്സംഗം മഹത്വവത്ക്കരിക്കപ്പെടുന്നതോര്‍ക്കുക. കശ്മീരിലെ കുനാന്‍ പോഷ്പോരയില്‍ അമ്പത്തിമൂന്ന് സ്ത്രീകളെയാണ്, 1991 ഫെബ്രുവരി 23ന് നാലാം രജപുത്താന റൈഫിള്‍ പട്ടാളക്കാര്‍ മാനഭംഗപ്പെടുത്തിയത്. ഈ പ്രദേശത്തുള്ളവര്‍ ഇരുപത്തിയൊന്ന് വര്‍ഷത്തിനു ശേഷം ഇപ്പോഴും സാമൂഹ്യമായ ബഹിഷ്ക്കരണം ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നു. കല്യാണാലോചനകള്‍ മിക്കവാറും മുടങ്ങാറാണ് പതിവ്. ഖൈര്‍ലാഞ്ചി എല്ലാവരും മറന്നുപോയോ? ദളിത് വിഭാഗത്തില്‍ പെട്ട സുരേഖ ഭോട്മാംഗെ എന്ന അമ്മയും മകളും ഒന്നിച്ചാണ് ക്രൂരമായി പിച്ചിച്ചീന്തപ്പെട്ടതും വധിക്കപ്പെട്ടതും. ബലാത്സംഗം ഒറ്റപ്പെട്ട കാര്യമല്ല എന്നാണിതെല്ലാം തെളിയിക്കുന്നത്.

ഇന്ത്യന്‍ സമൂഹമനസ്സിന്റെ ആഴത്തില്‍ നിലനില്‍ക്കുന്ന അക്രമോത്സുകതയാണ് പ്രധാന പ്രശ്നം. നിശ്ശബ്ദവും ശബ്ദായമാനവുമായ ആക്രമണങ്ങള്‍ക്കാണ് സ്ത്രീകളും പുരുഷന്മാരും ദിനം തോറും വിധേയരായിക്കൊണ്ടിരിക്കുന്നത്. ദില്ലി ബസില്‍ ആക്രമിക്കപ്പെട്ടത് പെണ്‍കുട്ടി മാത്രമായിരുന്നില്ല, അവളുടെ കൂട്ടുകാരന്‍ കൂടിയായിരുന്നു. അയാള്‍ തലനാരിഴ കൊണ്ടാണ് മരണത്തില്‍നിന്ന് രക്ഷപ്പെട്ടത്. നമ്മുടെ പ്രതിഷേധം അയാളെക്കൂടി രക്ഷിക്കാനുതകുന്നതാകണം. 1995ല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകയായ നൈ സാഹ്നിയെ അവരുടെ ഭര്‍ത്താവും കോണ്‍ഗ്രസ് നേതാവുമായ സുശീല്‍ ശര്‍മ തുണ്ടുകളാക്കി, തണ്ടൂരി അടുപ്പിലിട്ടാണ് കത്തിച്ചു കരിച്ചത്. പോലീസ് ഐജിയുടെ മകനായ സന്തോഷ് കുമാര്‍ സിംഗ് ഇരുപത്തഞ്ചുകാരിയായ നിയമവിദ്യാര്‍ത്ഥിനി പ്രിയദര്‍ശിനി മാട്ടുവിനെ ബലാത്സംഗം ചെയ്തു കൊന്നതും; ഹരിയാനയിലെ കോണ്‍ഗ്രസ് രാജ്യസഭാംഗത്തിന്റെ മകനായ സിദ്ധാര്‍ത്ഥ് വസിഷ്ഠ് എന്ന മനുശര്‍മ, മോഡലായ ജസീക്കാലാലിനെ ഒരു പാര്‍ട്ടിക്കിടെ വെടി വെച്ചു കൊന്നതും മറ്റും ദില്ലിയിലും പരിസരപ്രദേശത്തും തന്നെ. ദില്ലി ഇന്ത്യയുടെ തലസ്ഥാനമാകുന്നത് ഇക്കാര്യം കൊണ്ടു കൂടിയാണെന്നു തോന്നുന്നു.

ബലാത്സംഗങ്ങളും അക്രമങ്ങളും നിറഞ്ഞ ഒരു മഹദ്രാഷ്ട്രത്തിന്റെ തലസ്ഥാനം അതിന്റെ "മേന്മ" നിലനിര്‍ത്തണമല്ലോ! ഇത്തരം നിരവധി വൈരുദ്ധ്യങ്ങള്‍ ആലോചനയിലേക്ക് ഇടിച്ചു കയറുന്നുണ്ടെങ്കിലും, ദില്ലിയില്‍ നടന്ന സമരം അസാധാരണം തന്നെയായിരുന്നു എന്നത് വീണ്ടും വീണ്ടും എടുത്തു പറയേണ്ടതാണ്. നേതാവില്ലാത്ത, സമരപരിഹാരം പോലും വ്യക്തമല്ലാത്ത, ആഹ്വാനമില്ലാത്ത ആ പന്ത്രണ്ടായിരം പേരുടെ അരാജകത്വ വാഴ്ച; ആവേശകരം തന്നെയാണ്. ജനുവരി ഇരുപത്താറിന് ടാങ്കുകളും ടാബ്ലോകളും കടന്നു പോകുന്ന ആ രാജവീഥിയെ സ്വാതന്ത്ര്യത്തിന്റെ റിപ്പബ്ലിക്കാക്കി മാറ്റിയത് ഈ സമരമായിരുന്നു എന്നതാണ് വാസ്തവം. പട്ടാളടാങ്കുകള്‍ മരണത്തിന്റെ പ്രതീകങ്ങളാണ്. സമരമാകട്ടെ പ്രത്യാശയുടെയും ഭാവനയുടെയും വിശ്വാസത്തിന്റെയും അതിജീവനത്തിന്റെയും ആവിഷ്ക്കാരവുമാണ്. ദില്ലിയും രാജ്പഥും റെയ്സിന ഹില്ലും ഇന്ത്യാ ഗേറ്റും എല്ലാവരുടേതുമായിക്കഴിഞ്ഞിരിക്കുന്നു എന്ന തോന്നലാണ് ഈ സമരക്കാഴ്ചകള്‍ നല്‍കിയത്. പ്രതിഷേധത്തിനിടെ അക്രമം ആരംഭിച്ചതു പോലും പോലീസിന്റെ നടപടികളില്‍ നിന്നാണ്. പോലീസ് കടന്നുകയറ്റത്തിനെതിരായ ചെറുത്തു നില്‍പു മാത്രമായിരുന്നു ജനങ്ങളുടെ ഭാഗത്തു നിന്നുണ്ടായ അക്രമങ്ങള്‍. അതില്‍ ഒരു പോലീസുകാരന്‍ മരിക്കുകയും ചെയ്തു. സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ദ്ധിക്കുമ്പോള്‍, സമൂഹത്തെയാകെ ഭീതി ഭരിക്കുന്ന കാഴ്ചയാണ് സാധാരണ കാണാറുള്ളത്. എല്ലാവരും അവരവരുടെ സുരക്ഷിത താവളങ്ങളിലേക്ക് ഓടിയൊളിക്കുന്നു. അതിനു പകരം എല്ലാവരും പുറത്തേക്കിറങ്ങിയ കാഴ്ചയാണ് ആവേശകരം. ഇതു തന്നെയാണ് പോംവഴിയും.

ജനസംഖ്യയില്‍ പൊലീസിന്റെ അനുപാതം കൂട്ടണമെന്ന ആവശ്യമല്ല പ്രധാനം. എല്ലാ പൊതു/സ്വകാര്യ ഇടങ്ങളും ജനാധിപത്യ വാദികള്‍ പിടിച്ചടക്കണമെന്നതാണ് പരിഹാരം. രാത്രികള്‍ അക്രമികള്‍ക്കു മാത്രമായി വിട്ടുകൊടുക്കേണ്ടതില്ല. അത് എല്ലാവരും വീണ്ടെടുക്കട്ടെ. ബസിലും മെട്രോയിലും പൊതുസ്ഥലങ്ങളിലും തൊഴിലിടങ്ങളിലും ഓഫീസുകളിലും സിനിമാശാലകളിലും മാളുകളിലും മള്‍ട്ടിപ്ലെക്സുകളിലും വീടുകളിലും മാത്രമല്ല, പബ്ബുകളിലും ബാറുകളിലും വരെ സ്ത്രീകള്‍ നിറയട്ടെ. എല്ലാ സ്ഥലവും എല്ലാവരുടേതാണ്. നാം തന്നെ നമ്മുടെ രക്ഷകര്‍. പിന്തിരിഞ്ഞോടിയാല്‍, ഇരുപത്തിമൂന്നുകാരിയായ ആ അജ്ഞാതയുവതിയോട് അഞ്ച് അക്രമികള്‍ - ശര്‍മ, ശര്‍മ, താക്കൂര്‍, ഗുപ്ത, സിംഗ് - ചോദിച്ച ആ ചോദ്യം സാധൂകരിക്കപ്പടുകയാണ് ചെയ്യുക. അവര്‍ അവളോട് ചോദിച്ചത് രാത്രി ഒമ്പതു മണിക്ക് നീ എന്തിനാണ് കൂട്ടുകാരനുമൊത്ത് മുനീര്‍ക്കയില്‍ ബസ് കാത്തു നിന്നത് എന്നായിരുന്നു. അത്തരം ഒരു ചോദ്യം ഇനിയാരും ചോദിക്കരുത്. സൗഹൃദങ്ങളിലൂടെയും ഐക്യദാര്‍ഢ്യങ്ങളിലൂടെയും നമുക്കിന്ത്യയെ വീണ്ടെടുക്കാം. രാഷ്ട്രത്തിന്റെയും ദില്ലിയുടെയും പരിഹാസ്യതയെ ഈ ഐതിഹാസിക സമരം മായ്ച്ചു കളഞ്ഞിരിക്കുന്നു. കടുത്ത ആക്രമണം നേരിട്ടിട്ടും ജീവിതത്തിന്റെ പ്രത്യാശ വിട്ടുകൊടുക്കാതെ ധീരയായി തുടരുന്ന ആ ഇരുപത്തിമൂന്നുകാരിയുവതിയെ സംബന്ധിച്ച് ബിജെപി നേതാവ് സുഷമാസ്വരാജ് നടത്തിയ പ്രസ്താവന - ഉസ്ക്കി സിന്ദഗി മൗത്ത് സേ ബദ്താര്‍ ഹോ ചുക്കി ഹൈ/അവളുടെ ജീവിതം മരണത്തേക്കാള്‍ കഷ്ടമാണ് - അത്യന്തം അപലപനീയമാണെന്നു മാത്രമല്ല, പുരുഷാധികാരവ്യവസ്ഥയുടെ സദാചാര ധര്‍മ സംഹിതകളെ ഉള്‍വഹിക്കുന്നതുമാണ്. നീലക്കുയില്‍ മുതല്‍ക്കുള്ള മലയാള സിനിമകളിലും മറ്റിന്ത്യന്‍ സിനിമകളിലും "പിഴച്ചതും" മാനഭംഗം ചെയ്യപ്പെട്ടതും അവിഹിത ഗര്‍ഭം പേറിയവരുമായ സ്ത്രീകള്‍ കഥാന്ത്യത്തിനുമുമ്പ് മരണപ്പെട്ടു പോകുന്നതായി തിരക്കഥാ മഹാഖ്യാനത്തില്‍ നിര്‍ബന്ധിക്കപ്പെട്ടിരിക്കുന്നു. ബലാത്സംഗവാര്‍ത്തകളിലെ സാക്ഷിമൊഴികള്‍ അവിശ്വസനീയമാണെന്ന് മമതാബാനര്‍ജി ഉത്തരവിട്ടതും സമാനമായ പീഡനമുറകള്‍ തന്നെ. ഇന്ത്യന്‍ സ്ത്രീ രാഷ്ട്രീയത്തിന്റെ തെറ്റായ മാതൃകകളാണ് ഇത്തരക്കാര്‍ എന്നാണീ പ്രസ്താവനകള്‍ തെളിയിക്കുന്നത്. ബലാത്സംഗം ചെയ്യുന്ന പുരുഷന്മാരുടെ ലിംഗം മുറിച്ചു കളഞ്ഞാല്‍ പരിഹാരമായെന്നു വിശ്വസിക്കുന്ന ശുദ്ധഗതിക്കാരുമുണ്ട്. ആഷിക് അബുവിന്റെ 22 ഫീമെയില്‍ കോട്ടയം കണ്ടന്ധാളിച്ചവരും ഇക്കൂട്ടത്തിലുണ്ടാവും.

ബലാത്സംഗത്തിന് ലൈംഗികാനന്ദവുമായി ബന്ധമില്ല എന്നതാണ് വാസ്തവം. ഇണയുടെ സമ്മതവും ആസക്തിയും സഹകരണവും കൂടിയുണ്ടാകുമ്പോഴേ ലൈംഗികാനന്ദം ലഭിക്കുകയുള്ളൂ. ബലാത്സംഗത്തിലുള്ളത് സ്ത്രീയെ അവഹേളിക്കുകയും മുറിപ്പെടുത്തുകയും ചെയ്യുക എന്ന പ്രക്രിയയാണ്. താന്‍ ലൈംഗികാതിക്രമത്തിന് വിധേയയായിരിക്കുന്നുവെന്നും തന്റെ ചാരിത്രം നഷ്ടമായിരിക്കുന്നു എന്നും ഇനി ജീവിതം നാശമായി എന്നും സ്ത്രീയെക്കൊണ്ട് തോന്നിപ്പിക്കുക എന്ന ലക്ഷ്യമാണ് ബലാത്സംഗത്തിനുള്ളത്. പരപീഡനാത്മകത(സാഡിസം)യാണ് ഇത്തരം അക്രമത്തിലേക്ക് ഒരാളെ/പലരെ നയിക്കുന്നത്. അതിനെ സാധൂകരിക്കലോ ന്യായീകരിക്കലോ നിര്‍വഹിക്കലോ ആയിരിക്കും, ബലാത്സംഗം ചെയ്യപ്പെട്ടവളുടെ ജീവിതം നാശമായി എന്ന പൊതുപ്രസ്താവവും പൊതു ബോധനിര്‍മിതിയും. ബലാത്സംഗത്തിനെതിരായ അവബോധം ഇത്തരം സാമൂഹിക ബോധാബോധങ്ങള്‍ക്കുമെതിരായിരിക്കണം.

ആരുടെ ജീവനും മറ്റൊരാളുടേതിനേക്കാള്‍ പ്രധാനമോ ചെറുതോ അല്ല. എല്ലാവരും മനുഷ്യജീവിതത്തിന്റെ മനോഹര പ്രതീകങ്ങള്‍ തന്നെ. മാധവിക്കുട്ടി പറഞ്ഞതു പോലെ, ഡെറ്റോളിട്ട് കഴുകിക്കഴിഞ്ഞതിനു ശേഷം സാധാരണ ജീവിതം തുടരാന്‍ പെണ്‍കുട്ടികളെ പ്രാപ്തരാക്കുകയും വേണം. എങ്കിലേ പൂര്‍വാധികം ശക്തിയോടെ, അക്രമികള്‍ക്കെതിരായ പ്രതിരോധം ഫലവത്താക്കാന്‍ കഴിയുകയുള്ളൂ. സിതാര എസിന്റെ അഗ്നി എന്ന കഥയിലെ നായിക ഇത്തരത്തില്‍ ധൈര്യം വീണ്ടെടുക്കുന്നതു കാണാം. അതല്ലാതെ, ഋതുപര്‍ണോഘോഷിന്റെ ദഹനില്‍, കടന്നാക്രമണത്തിനു വിധേയയായവള്‍ ചെറുത്തുനില്‍പ്പിന് തയ്യാറാകുമ്പോള്‍ അവളെ പിന്തിരിപ്പിക്കുന്നതു പോലുള്ള ചീഞ്ഞ സമൂഹമല്ല നമുക്കിനി വേണ്ടത്. സ്ത്രീകള്‍ രാഷ്ട്രീയാധികാരമടക്കമുള്ള സാമൂഹികജീവിതത്തിന്റെ മുഖ്യധാരയിലേക്ക് ധാരാളമായി കടന്നുവരുന്നതിനെ ചെറുക്കുന്ന അബോധമാണ് ബലാത്സംഗത്തിലൂടെ വീണ്ടും വ്യവസ്ഥാപനപ്പെടുന്നത്.

പുറത്തിറങ്ങുന്ന സ്ത്രീകളുടെ വേഷധാരണം ശരിയല്ല എന്നും അവര്‍ മൂര്‍ദ്ധാവില്‍ സിന്ദൂരം തൊട്ടില്ല എന്നും ആരോപിച്ച് അറസ്റ്റ് ചെയ്യുന്ന പൊലീസ്, സ്ത്രീകളെ വീടുകളിലൊതുക്കാനുള്ള മര്‍ദനപദ്ധതിയുടെ പ്രയോക്താക്കള്‍ തന്നെ. നിയോ ലിബറലിസം, സൈനികവത്ക്കരണം, ദേശീയത, വളര്‍ച്ചയും വികസനവും എന്നീ മര്‍ദകയാഥാര്‍ത്ഥ്യങ്ങള്‍ക്കൊപ്പമാണ് സ്ത്രീയെ കേവലം ലൈംഗികശരീരം അഥവാ ചരക്ക് മാത്രമാക്കി സങ്കോചിപ്പിക്കുന്ന അതിയാഥാര്‍ത്ഥ്യപദ്ധതിയും നടപ്പിലാവുന്നത് എന്നത് ശ്രദ്ധിക്കേണ്ടതാണ്. ബലാത്സംഗങ്ങളോട് കാണിക്കുന്ന വിട്ടുവീഴ്ചാ മനോഭാവവും ആഘോഷരീതിയുമാണ്, ബലാത്സംഗങ്ങള്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കാനിടയാക്കുന്നത്. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടികളെ നിശ്ശബ്ദരാക്കുന്ന പോലീസുകാര്‍, പട്ടാളക്കാര്‍, മാധ്യമങ്ങള്‍, രാഷ്ട്രീയക്കാര്‍, ഭരണക്കാര്‍, ജഡ്ജിമാര്‍, വക്കീലന്മാര്‍, ആസൂത്രണവിദഗ്ദ്ധര്‍ എന്നിവര്‍ക്കെതിരായ സാമൂഹ്യ പ്രതിരോധം വളര്‍ത്തിയെടുക്കേണ്ടതുണ്ട്. ദില്ലി സമരം സാമൂഹിക ഭീതിയിലേക്കല്ല സാമൂഹിക ഭീതിരാഹിത്യത്തിലേക്കായിരിക്കണം നമ്മെ നയിക്കേണ്ടത്.

*
ജി പി രാമചന്ദ്രന്‍ ദേശാഭിമാനി വാരിക

No comments: