Wednesday, January 2, 2013

സ്വച്ഛന്ദമൃത്യു

സുരേഷിന്റമ്മ തൊടിയില്‍ ഒന്നു വീണു. പശുവിനെ കെട്ടി മടങ്ങുമ്പോള്‍ കയറ് കാലില്‍ ചുറ്റിയാണ് വീണത്. പ്രത്യക്ഷത്തില്‍ ഒരു തകരാറും കണ്ടില്ല. കയ്യോ കാലോ ഒടിഞ്ഞില്ല. പക്ഷേ അതോടെ സുരേഷിന്റമ്മ കിടപ്പിലായി.

തൊണ്ണൂറ്റിമൂന്നു വയസ്സുള്ള ആള്‍ കിടപ്പിലായി എന്നു കേട്ടാല്‍ ആരും അത്ഭുതപ്പെടേണ്ട കാര്യമില്ല.  പക്ഷേ സുരേഷിന്റമ്മ കിടപ്പിലായി എന്നത് നാട്ടിലൊരു വാര്‍ത്തയായി. കാരണം അവര്‍ക്ക് ഇതുവരെ എന്തെങ്കിലും അസുഖമുള്ളതായി ആരും കേട്ടിട്ടില്ല.

കിടപ്പിലായി എന്നു മാത്രമല്ല.  അതോടെ അവരുടെ പ്രകൃതം മാറി. ആരോടും മിണ്ടാതായി.  ഒന്നും കഴിയ്ക്കാതായി.  അവ്യക്തമായി നാമം ജപിച്ചുകൊണ്ട് കണ്ണടച്ചു കിടപ്പായി. 

അമ്മയുടെ പ്രകൃതമാറ്റം മക്കളെ സങ്കടത്തിലാക്കി.  സുരേഷിന്റെ അനിയത്തി മാലിനി ഏട്ടന്മാരെ വിളിച്ചു വരുത്തി.  നാലു പേരും വിദേശത്തുനിന്ന് എത്തി. 

സുരേഷ് എത്തിയെന്നറിഞ്ഞാണ് ഞാന്‍ അവിടേയ്ക്കു ചെന്നത്. നാല് ആണ്‍മക്കളും അമ്മയ്ക്കു ചുറ്റുമുണ്ട്. മാലിനി അവിടെ എല്ലായിടത്തുമുണ്ട്. എന്തെല്ലാം പറഞ്ഞിട്ടും അമ്മ ഭക്ഷണം കഴിയ്ക്കാന്‍ കൂട്ടാക്കിയില്ല. വല്ലപ്പോഴും അര ഗ്ലാസ്സ് കഞ്ഞിവെള്ളം കുടിച്ചാലായി. 

ഞാന്‍ ചെന്ന ദിവസം അമ്മ വീണിട്ട് ഏഴാം ദിവസമായിരുന്നു. അന്ന് അടുത്തു തന്നെയുള്ള ലേഡീ ഡോക്ടറെ വിളിച്ചുകൊണ്ടുവന്നു കാണിച്ചു.  അമ്മയെ ആശുപത്രിയില്‍ കൊണ്ടുപോണോ? നിങ്ങള്‍ തീരുമാനിച്ചാല്‍ മതി എന്നായിരുന്നു ഡോക്ടറുടെ മറുപടി. 

രാത്രി മക്കള്‍ അഞ്ചു പേരും കൂടിയാലോചിച്ചു. ഇതുവരെ അമ്മയെ ഒരാശുപത്രിയിലും കൊണ്ടുപോവേണ്ടി വന്നിട്ടില്ല.  ഇനി, ഈ തൊണ്ണൂറ്റിമൂന്നാം വയസ്സില്‍ വേണോ? മാത്രമല്ല, അമ്മയ്ക്ക് അങ്ങനെ പറയാന്‍തക്കവണ്ണം ഒരസുഖവുമില്ല.  പരിശോധിച്ചപ്പോള്‍ എല്ലാം നോര്‍മല്‍.   

കുറേ നേരം കൂടിയാലോചിച്ച് തീരുമാനത്തിലെത്തി. അമ്മയെ ഒരാശുപത്രിയിലേയ്ക്കും കൊണ്ടുപോവണ്ട. ഇവിടെത്തന്നെ കിടന്നോട്ടെ. അവസാനനാളുകളില്‍ നമുക്ക് ഊഴമിട്ട് ശുശ്രൂഷിയ്ക്കാം. കുറേ കാലത്തിനു ശേഷം മക്കള്‍ക്ക് ഒന്നിച്ചു താമസിക്കാന്‍ ഒരവസരമായതും അവര്‍ക്കു സന്തോഷം പകര്‍ന്നു. 

സുരേഷുമായുള്ള അടുപ്പം വെച്ച് ഞാനും അവിടെ ഒരു ദിവസം താമസിച്ചു. തൊടിയില്‍ നടന്നും മാഞ്ചുവട്ടില്‍ ഇരുന്നും കുളത്തില്‍ കുളിച്ചും പകല്‍ പോയതറിഞ്ഞില്ല.  രാത്രി ഏറെ വൈകും വരെ ഞങ്ങള്‍ അമ്മയുടെ മുറിയിലിരുന്ന് സംസാരിച്ചു. പ്രത്യേകിച്ച് ആവശ്യങ്ങളില്ലാതെ, പരാതികളില്ലാതെ അമ്മ മയങ്ങിക്കിടന്നു. വസ്ത്രങ്ങള്‍ നനയുമ്പോഴൊക്കെ മാലിനി അലക്കിയ മുണ്ടും വേഷ്ടിയും എടുത്തുകൊണ്ടുവന്നു.  ഇടയ്ക്കിടെ മാലിനി വെള്ളത്തില്‍ തിരി മുക്കി അമ്മയുടെ ചുണ്ട് നനച്ചുകൊണ്ടിരുന്നു. 

രാവിലെ സുരേഷിന്റെ അമ്മാമന്‍ വന്നു. അമ്മയുടെ ഏറ്റവും ഇളയ അനുജന്‍.  മരുമക്കളെ അഞ്ചു പേരേയും അടുത്തു വിളിച്ചിരുത്തി. നിങ്ങളെന്താണ് കണ്ടിരിയ്ക്കുന്നത്? അമ്മയെ ആശുപത്രിയില്‍ കൊണ്ടുപോവണ്ടേ?

മരുമക്കള്‍ അവരുടെ തീരുമാനം അറിയിച്ചു. അമ്മാമനും എതിരഭിപ്രായമൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ ചെറിയൊരു മുന്നറിയിപ്പു കൊടുത്തു. നാട്ടില്‍ അത്ര നല്ല അഭിപ്രായമല്ല ഞാന്‍ കേട്ടത്. നിങ്ങള്‍ അമ്മയെ ആശുപത്രിയില്‍ കൊണ്ടുപോവണ്ട എന്നു തീരുമാനിച്ചത് നാട്ടുകാര്‍ക്ക് പിടിച്ചിട്ടില്ല. അവര്‍ നേരിട്ടു പറയുന്നില്ലെന്നേയുള്ളു.”ഞാനിങ്ങോട്ടു വരുമ്പോള്‍ അതു പറയാന്‍ വേണ്ടി മാത്രം മൂന്നു പേര്‍ എന്റെ അടുത്തു വന്നു, അമ്മാമന്‍ പറഞ്ഞു.”നിങ്ങള്‍ അമ്മയെ വേണ്ടതുപോലെ നോക്കുന്നില്ല എന്നാണ് അവര്‍ പറഞ്ഞത്.”

സ്‌കൂളില്‍ പലരും ചോദിയ്ക്കുന്നുണ്ട് ഇതേ ചോദ്യം എന്ന് മാലിനിയുടെ‘ഭര്‍ത്താവ് വിജയന്‍ പറഞ്ഞു. മാത്രമല്ല ഇവിടെ അമ്മയെ കാണാന്‍ വരുന്നവര്‍ പലരും ചോദിയ്ക്കാതെ ചോദിയ്ക്കുന്ന ചോദ്യവും അതു തന്നെയാണ്. 

രണ്ടു ദിവസം കഴിഞ്ഞ് സുരേഷിനു ഫോണ്‍ ചെയ്തപ്പോഴാണ് അറിഞ്ഞത് വിവരം. അമ്മയെ തൃശ്ശൂരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിയ്ക്കുന്നു. മക്കളൊക്കെ ഉറച്ചുനിന്നുവെങ്കിലും വിജയന്‍ അനുകൂലിച്ചില്ല.  എല്ലാം കഴിഞ്ഞാല്‍ മക്കള്‍ മടങ്ങിപ്പോവും. പിന്നെ നാട്ടില്‍ കഴിച്ചുകൂട്ടേണ്ടത് മാലിനിയും വിജയനുമാണ്.  അവര്‍ക്ക് അയല്‍ക്കാരുടെ മുഖത്തു നോക്കേണ്ടതാണ്.

ആശുപത്രിയില്‍ എത്തിയ അമ്മയെ രോഗികള്‍ക്കുള്ള ഉടുപ്പണിയിച്ചു. വൈകാതെ  ഐസിയുവിലാക്കി.  സിടി സ്‌കാനിങ്ങടക്കം നിരവധി ടെസ്റ്റുകള്‍ക്കു വിധേയയാക്കി.  കോളസ്റ്റ്രോള്‍ കണ്ടെത്തി.  അയൊഡിന്റെ കുറവുണ്ടെന്നും കണ്ടു.  മരുന്നുകള്‍ കുറേ നിര്‍ദ്ദേശിയ്ക്കപ്പെട്ടു. അമ്മ തീവ്രനിരീക്ഷണത്തിലായി.

വിവരമറിയാന്‍ ഞാന്‍ പിറ്റേന്ന് ആശുപത്രിയില്‍ ചെന്നു.  ഐസിയുവിനു പുറത്ത് മക്കള്‍ രണ്ടുപേര്‍ ഉണ്ട്.  സുരേഷ് വീട്ടിലാണ്. അയാള്‍ക്ക് രാത്രിയാണ് ഡ്യൂട്ടി. രണ്ടു പേര്‍ വീതം രാത്രിയും പകലും ഐസിയുവിനു മുന്നിലിരിയ്ക്കുന്നു.  മാലിനി വീട്ടില്‍ത്തന്നെ. കുട്ടികളെ സ്‌കൂളിലയയ്ക്കലും ഏട്ടന്മാര്‍ക്കു‘ഭക്ഷണമുണ്ടാക്കി എത്തിയ്ക്കലുമൊക്കെയായി അവള്‍ തിരക്കിലാണ്. വിജയന്‍ സ്‌കൂളിലേയ്ക്കു പോവുമ്പോഴും വരുമ്പോഴും ആശുപത്രിയില്‍ വരും.

“”മടുത്തു, രാത്രി ഫോണില്‍ വിളിച്ചപ്പോള്‍ സുരേഷ് പറഞ്ഞു.  അമ്മയെ കാണാന്‍ തന്നെ കിട്ടുന്നില്ല. ഊഴമിട്ട് ഒരാള്‍ക്ക് അഞ്ചു മിനിട്ടാണ് അനുവദിച്ചിരിക്കുന്നത്. ഇപ്പോഴും ഭക്ഷണം കഴിയ്ക്കുന്നില്ല. മൂക്കു വഴി കഞ്ഞി വയറ്റില്‍ എത്തിയ്ക്കുകയാണ്. അമ്മയ്ക്ക് വല്ലാതെ വേദനിക്കുന്നുണ്ടെന്ന് കണ്ടാല്‍ അറിയാം.’ആശുപത്രിയില്‍ സന്ദര്‍ശകരുടെ തിരക്കാണെന്ന് സുരേഷ് അറിയിച്ചു. ഐസിയുവിലേയ്ക്ക് ആരെയും കടത്തിവിടുന്നില്ലെന്നറിയിച്ചിട്ടും വരുന്നവര്‍ക്കൊക്കെ അമ്മയെ കണ്ടേ തീരൂ. ചിലരോട് കര്‍ശനമായി പറയേണ്ടിവന്നു. അത് അവര്‍ക്കത്ര ഇഷ്ടമായില്ല. അമ്മ എന്താ മരിയ്ക്കാത്തത് എന്നാണ് ഇപ്പോള്‍ സന്ദര്‍ശകരെ അലട്ടുന്ന പ്രശ്‌നം.   

ഒരു മാസം കഴിഞ്ഞു. സന്ദര്‍ശകരുടെ തിരക്കൊഴിഞ്ഞു. അതിനിടെ അമ്മയുടെ സ്ഥിതി വഷളായി. ശ്വാസം കിട്ടാന്‍ ബുദ്ധിമുട്ട്. നേരെ വെന്റിലേറ്ററിലേയ്ക്കു മാറ്റി. ഏതു സമയത്തും അന്ത്യം സംഭവിക്കാം. അറിയിക്കേണ്ടവരെയൊക്കെ അറിയിക്കാം എന്ന് അറിയിപ്പു വന്നു.

അങ്ങനെ എട്ടു ദിവസം കിടന്നു. ഇനി ഒന്നും പ്രതീക്ഷിക്കാനില്ല എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. വെന്റിലേറ്ററില്‍നിന്ന് എപ്പോഴാണ് മാറ്റേണ്ടതെന്ന് മക്കള്‍ തീരുമാനിച്ചാല്‍ മതി.
ആര്‍ക്കും തീരുമാനം എടുക്കാന്‍ കഴിഞ്ഞില്ല. ആശുപത്രിക്കാര്‍ തിരക്കു കൂട്ടിത്തുടങ്ങി. ഒടുവില്‍ ആസന്നമരണയായ മറ്റൊരു രോഗി ആശുപത്രിയില്‍ എത്തിയപ്പോള്‍ അധികൃതര്‍ തന്നെ സുരേഷിന്റെ അമ്മയെ വെന്റിലേറ്ററില്‍ നിന്നു വിടുവിച്ചു. ആശുപത്രിയില്‍ ആക്കിയിട്ട് നാല്‍പ്പത്തെട്ടു ദിവസം കഴിഞ്ഞിരുന്നു അന്നേയ്ക്ക്.

സംസ്‌കാരം കഴിഞ്ഞ് ആളുകള്‍ പിരിഞ്ഞപ്പോള്‍ മക്കള്‍ കൂടിയിരുന്ന് അമ്മയുടെ അവസാനദിനങ്ങളേപ്പറ്റി ഓര്‍മ്മിച്ചു.  അമ്മയെ അവസാനം വരെ വേണ്ടപോലെ നോക്കിയതിന് അഭിനന്ദനം അറിയിച്ചു പലരും,’മാലിനി പറഞ്ഞു. എന്തോ എനിയ്ക്കു സംശയമാണ്.’എനിയ്ക്കും, സുരേഷ് പറഞ്ഞു.”ഐസിയുവില്‍ ഒരിക്കല്‍ ഞാന്‍ ചെന്നപ്പോള്‍ അമ്മയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുകയായിരുന്നു.

*
അഷ്ടമൂര്‍ത്തി കടപ്പാട്: ജനയുഗം

No comments: