Thursday, January 3, 2013

ബാങ്കിങ് നിയമ ഭേദഗതിബില്‍ കേന്ദ്രത്തിന്റെ തിരിഞ്ഞുനടത്തം - പ്രകാശ് കാരാട്ട്

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ പാസാക്കിയ ബാങ്കിങ് നിയമ ഭേദഗതിബില്‍ ഒരു തിരിച്ചുപോക്കാണ്. ഇന്ദിരാഗാന്ധി സര്‍ക്കാര്‍ സ്വീകരിച്ച നടപടി മന്‍മോഹന്‍സിങ് സര്‍ക്കാര്‍ റദ്ദാക്കി. 1969ല്‍ കൊണ്ടുവന്ന ബാങ്ക് ദേശസാല്‍ക്കരണനിയമം വഴി എല്ലാ പ്രമുഖ സ്വകാര്യബാങ്കുകളെയും ദേശസാല്‍ക്കരിച്ചു. ഇവയില്‍ ഒട്ടേറെ ബാങ്കുകള്‍ പ്രമുഖ വ്യവസായകുടുംബങ്ങളുമായി ബന്ധമുള്ളവയായിരുന്നു. 2012ലെ ബാങ്കിങ് നിയമ ഭേദഗതി കോര്‍പറേറ്റുകള്‍ക്ക് ബാങ്കിങ് മേഖലയിലേക്ക് കടന്നുവരാന്‍ വഴിയൊരുക്കിയിരിക്കുന്നു. അങ്ങനെ ചക്രം ഒരു പൂര്‍ണവൃത്തം കറങ്ങി.

2005നുശേഷം ആവര്‍ത്തിച്ചുള്ള ശ്രമങ്ങള്‍ നടത്തിയാണ് മന്‍മോഹന്‍സിങ് സര്‍ക്കാര്‍ ഈ പിന്തിരിപ്പന്‍ നടപടി സ്വീകരിച്ചത്. ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഇടതുപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പ് കാരണം യുപിഎ സര്‍ക്കാരിന് ഈ നീക്കം വിജയിപ്പിക്കാന്‍ കഴിഞ്ഞില്ല.

ബാങ്കിങ് നിയമഭേദഗതിയിലൂടെ രണ്ട് കാര്യങ്ങളാണ് ലക്ഷ്യമിടുന്നത്. ഒന്നാമതായി, ബില്‍ തയ്യാറാക്കിയതുതന്നെ ഓഹരി ഉടമകള്‍ക്ക് പരമാവധി 10 ശതമാനംമാത്രമാണ് വോട്ടവകാശം എന്ന പരിധി എടുത്തുകളയാനാണ്. എന്‍ഡിഎ സര്‍ക്കാര്‍ 2004ല്‍, ഇന്ത്യയിലെ സ്വകാര്യബാങ്കുകളില്‍ 74 ശതമാനം പ്രത്യക്ഷ വിദേശനിക്ഷേപം (എഫ്ഡിഐ) അനുവദിച്ചുള്ള വിജ്ഞാപനം പുറപ്പെടുവിച്ചതോടെ പരിധിനീക്കല്‍ അത്യാവശ്യമായി മാറിയിരുന്നു. ഇക്കാര്യം നടപ്പാക്കാനുള്ള പ്രതിബദ്ധത പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പലതവണ ആവര്‍ത്തിച്ചു. നിയമം 10 ശതമാനംമാത്രം പരമാവധി വോട്ടവകാശം വ്യവസ്ഥചെയ്യുന്നത് വിദേശബാങ്കുകള്‍ 74 ശതമാനംവരെ നിക്ഷേപം നടത്തുന്നതിന് തടസ്സമായി നിന്നു, കാരണം അവര്‍ക്ക് നിക്ഷേപത്തിന് അനുസരിച്ചുള്ള വോട്ടവകാശം ലഭിക്കില്ല. അതുകൊണ്ട്, വിദേശബാങ്കുകള്‍ ഇന്ത്യയിലെ സ്വകാര്യബാങ്കുകളെ ഏറ്റെടുക്കുന്നതിന് സൗകര്യം ഒരുക്കാനാണ് പരമാവധി വോട്ടവകാശം പരിമിതപ്പെടുത്തുന്ന വ്യവസ്ഥ ബില്ലിലൂടെ ഭേദഗതിചെയ്തത്. ദുര്‍ബലമായ നിരവധി സ്വകാര്യബാങ്കുകളുണ്ടെന്നും വിദേശമൂലധന നിക്ഷേപം ഇത്തരം ബാങ്കുകളുടെ പുനരുജ്ജീവനത്തിന് സഹായകമാകുമെന്നും സര്‍ക്കാര്‍ വാദിക്കുന്നു. അതേസമയം, ഈ വാദത്തെ എതിര്‍ക്കുന്ന ഇടതുപക്ഷ പാര്‍ടികള്‍ ആവശ്യപ്പെടുന്നത്, ഏതൊക്കെയാണ് ദുര്‍ബല ബാങ്കുകളെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും ഇവ ഏറ്റെടുക്കാന്‍ പൊതുമേഖലാബാങ്കുകളെ പ്രോത്സാഹിപ്പിക്കണമെന്നുമാണ്.

പതിനാലാം ലോക്സഭ 2009ല്‍ പിരിച്ചുവിട്ടതിനാല്‍ 2005ലെ ബാങ്കിങ് റഗുലേഷന്‍ ഭേദഗതിബില്‍ ലാപ്സായി. ഈ ബില്‍ സര്‍ക്കാര്‍ വീണ്ടും 2011ല്‍ പതിനഞ്ചാം ലോക്സഭയില്‍ അവതരിപ്പിച്ചു. വോട്ടവകാശ പരിധി വ്യവസ്ഥ പൂര്‍ണമായി എടുത്തുകളയുന്നതിനു പകരം 10ല്‍ നിന്ന് 26 ശതമാനമായി ഉയര്‍ത്തണമെന്ന് ബിജെപി എംപി യശ്വന്ത്സിന്‍ഹ അധ്യക്ഷനായ ധനമന്ത്രാലയ സ്റ്റാന്‍ഡിങ് കമ്മിറ്റി ശുപാര്‍ശചെയ്തു. ഈ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചു. ബില്‍ പാസായതോടെ, വിദേശബാങ്കുകള്‍ക്കും വിദേശ ധനകാര്യസ്ഥാപനങ്ങള്‍ക്കും 26 ശതമാനം വോട്ടവകാശം കൈയാളാനും വിവിധ കാര്യങ്ങളില്‍ നിര്‍ണായകമായി ഇടപെടാനും കഴിയും.

ബില്ലിന്റെ രണ്ടാമത്തെ ഫലം, സ്വകാര്യമേഖലയില്‍ പുതിയ ബാങ്കുകള്‍ രൂപീകരിക്കാന്‍ കഴിയുമെന്നതാണ്. ഇത്തരം ബാങ്കുകള്‍ക്ക് ലൈസന്‍സ് നല്‍കാനും അവയെ നിയന്ത്രിക്കാനുമുള്ള അധികാരം റിസര്‍വ് ബാങ്കിലാണ് നിക്ഷിപ്തമായിട്ടുള്ളത്. ഇനി കോര്‍പറേറ്റുകള്‍ ബാങ്ക് തുടങ്ങുന്നതിന് നിരോധനം ഇല്ല. 1969ലെ ദേശസാല്‍ക്കരണത്തിന് മുമ്പ് ഭൂരിഭാഗം സ്വകാര്യബാങ്കുകളും ബിസിനസ് കുടുംബങ്ങളുമായി ബന്ധപ്പെട്ടതായിരുന്നു- ബിര്‍ള സ്ഥാപനങ്ങളുടെ യുണൈറ്റഡ് കൊമേഴ്സ്യല്‍ ബാങ്ക്, താപ്പര്‍ കമ്പനികളുടെ ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സ്, ടാറ്റയുടെ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിങ്ങനെ. ബിസിനസ് കുടുംബങ്ങള്‍ നിയന്ത്രിക്കുന്ന ബാങ്കുകള്‍ പൊതുജനങ്ങളുടെ നിക്ഷേപത്തെ സ്വന്തം ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയും കര്‍ഷകര്‍ക്കും ചെറുകിട സംരംഭകര്‍ക്കും പണത്തിന്റെ ലഭ്യത നിഷേധിക്കുകയും ചെയ്തിരുന്നു. ബാങ്ക് ദേശസാല്‍ക്കരണത്തിന്റെ മുഖ്യലക്ഷ്യം വന്‍കിട ബിസിനസ് കുടുംബങ്ങളും ബാങ്കുകളും തമ്മിലുള്ള അവിശുദ്ധബന്ധം തകര്‍ക്കുകയെന്നതായിരുന്നു; കാരണം ഈ കൂട്ടുകെട്ട്, കൃഷിയും ചെറുകിട- ഇടത്തരം വ്യവസായ സംരംഭങ്ങളും പോലുള്ള മുന്‍ഗണന മേഖലകളെ വായ്പ വിതരണത്തില്‍നിന്ന് ഒഴിവാക്കി ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചിരുന്നു. ബാങ്ക് ദേശസാല്‍ക്കരണത്തിനുശേഷമാണ് പൊതുമേഖല ബാങ്കുകള്‍ ബാങ്കിങ് ശൃംഖല വിപുലീകരിക്കുകയും കാര്‍ഷിക വായ്പകള്‍ നല്‍കുകയും മുന്‍ഗണന മേഖല വായ്പസമ്പ്രദായം ആവിഷ്കരിക്കുകയും ചെയ്തത്. പൊതുമേഖല ബാങ്കുകള്‍ക്ക് 65,000ല്‍പരം ശാഖകളാണുള്ളത്. 1991ല്‍ മൊത്തം ശാഖകളില്‍ 58 ശതമാനവും ഗ്രാമീണ മേഖലയിലായിരുന്നു, ഉദാരവല്‍ക്കരണത്തിന്റെ രണ്ട് പതിറ്റാണ്ടില്‍ ഇത് പടിപടിയായി കുറഞ്ഞു, 2011ല്‍ 40.8 ശതമാനം ശാഖകള്‍ മാത്രമാണ് ഗ്രാമീണമേഖലയില്‍.

മന്‍മോഹന്‍സിങ് സര്‍ക്കാരിന്റെ നവഉദാരവല്‍ക്കരണവാദങ്ങളെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ എതിര്‍ത്തിട്ടുണ്ട്, കോര്‍പറേറ്റുകളുടെ വകയായി വരുന്നവ ഉള്‍പ്പെടെയുള്ള പുതിയ സ്വകാര്യബാങ്കുകളുടെ രൂപീകരണത്തിന് അനുമതി നല്‍കാന്‍ റിസര്‍വ് ബാങ്ക് വിസമ്മതം കാട്ടുന്നതായും കാണുന്നു. ബാങ്കിങ് മേഖലയില്‍ 74 ശതമാനം എഫ്ഡിഐ അനുവദിക്കുന്ന പ്രഖ്യാപനം എന്‍ഡിഎ സര്‍ക്കാര്‍ നടത്തിയപ്പോഴും റിസര്‍വ് ബാങ്കിന്റെ പ്രതികരണം ഇപ്രകാരമായിരുന്നു. ഗണ്യമായ തോതില്‍ പൊതുജനിക്ഷേപമുള്ള ബാങ്കുകളുടെ ഓഹരി കൈയാളുന്നതില്‍ കേന്ദ്രീകരണം ഉണ്ടാകുന്നത് ഉടമസ്ഥതയുടെ കേന്ദ്രീകരണം എന്ന അപകടസാധ്യത ഉയര്‍ത്തുകയും അത് ധാര്‍മികമായ പ്രതിബന്ധങ്ങളിലേക്കും ഉടമകള്‍ക്ക് ബിസിനസുകാരുമായുള്ള ബന്ധങ്ങളിലേക്കും നയിക്കുകയുംചെയ്യും. സന്തുലിതമായ അവകാശങ്ങള്‍ നല്‍കാന്‍ ഉടമസ്ഥതയിലെ വൈവിധ്യവല്‍ക്കരണം അനിവാര്യമാണ് (റിസര്‍വ് ബാങ്കിന്റെ 2003-04ലെ ട്രെന്‍ഡ് ആന്‍ഡ് പ്രോഗ്രസ് റിപ്പോര്‍ട്ടിന്റെ എട്ടാം അധ്യായത്തില്‍നിന്ന്). ഒന്നാം യുപിഎ സര്‍ക്കാരില്‍ ധനമന്ത്രാലയത്തിന്റെ ചുമതല വഹിക്കുമ്പോഴും ഇപ്പോഴത്തെ ഊഴത്തിലും ബാങ്കിങ്മേഖലയില്‍ നവഉദാരപരിഷ്കാരങ്ങള്‍ മുന്നോട്ടുനീക്കാന്‍ ആവശ്യമായ എല്ലാ കാര്യങ്ങളും പി ചിദംബരം ചെയ്തു. റിസര്‍വ് ബാങ്കിന്റെ എതിര്‍പ്പ് നേരിടാന്‍, പുതിയ ബാങ്കുകള്‍ അനുവദിക്കുന്ന വിഷയത്തില്‍ അവസാനവാക്ക് റിസര്‍വ്ബാങ്കിന്റേതായിരിക്കുമെന്നും ഇതിന്റെ മേല്‍നോട്ടവും അവര്‍തന്നെ വഹിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. ബാങ്കുകളുടെ ഏക മധ്യസ്ഥനും നിയന്ത്രണകേന്ദ്രവും റിസര്‍വ് ബാങ്ക് ആയിരിക്കുമെന്നും ഈ എതിര്‍പ്പ് നിര്‍വീര്യമാക്കാനായി മന്ത്രി പറഞ്ഞു. ഇതേത്തുടര്‍ന്ന്, പുതിയ ബാങ്കുകള്‍ തുറക്കുന്നതിനുള്ള കരട് മാര്‍ഗനിര്‍ദേശങ്ങള്‍ റിസര്‍വ്ബാങ്ക് അവതരിപ്പിച്ചു.

റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ആദിത്യ ബിര്‍ള ഗ്രൂപ്പ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടാറ്റാസ്, ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ തുടങ്ങിയ കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ ബാങ്കുകള്‍ തുടങ്ങാന്‍ 2011 ആഗസ്തില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചു. പുതിയ ബില്‍ പാസായതോടെ പുതിയ സ്വകാര്യബാങ്കുകള്‍ ഏതു സമയത്തു വേണമെങ്കിലും കടന്നുവന്നേക്കാം, ഇവയില്‍ മിക്കതും കോര്‍പറേറ്റുകളുടെ വകയായിരിക്കും. 2008ലെ ആഗോള സാമ്പത്തികപ്രതിസന്ധിയെത്തുടര്‍ന്ന് അമേരിക്കയിലും യൂറോപ്പിലും നിരവധി ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും തകര്‍ന്നപ്പോഴും ഇന്ത്യന്‍ ബാങ്കിങ് സംവിധാനം അചഞ്ചലമായി നിലകൊണ്ടു. ധനമേഖലയില്‍ ഉദാരവല്‍ക്കരണവുമായി മുന്നോട്ടുനീങ്ങാന്‍ മന്‍മോഹന്‍സിങ് സര്‍ക്കാരിന് കഴിയാതിരുന്നതാണ് ഇതിന് മുഖ്യകാരണം.

ഇന്ത്യന്‍ ബാങ്കുകള്‍ ഏറ്റെടുക്കാന്‍ വിദേശബാങ്കുകള്‍ക്ക് അനുവാദം നല്‍കാനുള്ള സര്‍ക്കാര്‍ നീക്കത്തെ ഇടതുപക്ഷം തടയുകയായിരുന്നു. സര്‍ക്കാര്‍ നിലപാട് ഇതായിരുന്നെങ്കിലും, സാമ്പത്തിക പ്രതിസന്ധി ഇന്ത്യന്‍ ബാങ്കിങ് മേഖലയെ ബാധിക്കാതിരുന്നതിന്റെ ബഹുമതി 2009ലെ ലോക്സഭ തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ കോണ്‍ഗ്രസ് അവകാശപ്പെടുന്നതിന് അതൊന്നും തടസ്സമായില്ല. സാമ്പത്തിക പ്രതിസന്ധി തരണംചെയ്യാന്‍ യുപിഎ സര്‍ക്കാരിന് കഴിഞ്ഞത് ഇന്ദിരാഗാന്ധിയുടെ ഒസ്യത്തായ സര്‍ക്കാര്‍ ഉടമസ്ഥത ബാങ്കുകളുടെ സഹായത്താലാണെന്നായിരുന്നു അവകാശവാദം. ഇന്ന്, കോണ്‍ഗ്രസ് ഈ പാരമ്പര്യം കളഞ്ഞുകുളിക്കുകയാണ്. ഇടതുപക്ഷ പാര്‍ടികള്‍ ഏതാനും ഭേദഗതികള്‍ നിര്‍ദേശിക്കുകയും ബില്ലിനെതിരെ വോട്ടുചെയ്യുകയുമുണ്ടായി. എഐഎഡിഎംകെ, ടിഡിപി, ബിജെഡി എംപിമാര്‍ മാത്രമാണ് രണ്ട് സഭയിലും ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്ന് വോട്ട് ചെയ്തത്. ബിജെപി നല്‍കിയ പിന്തുണയുടെ ഫലമായി കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരിന് ബില്‍ പാസാക്കാന്‍ കഴിഞ്ഞു. ഇന്ത്യയിലെ വന്‍കിട ബിസിനസുകാരുടെയും രാജ്യാന്തര മൂലധനത്തിന്റെയും താല്‍പ്പര്യം സംരക്ഷിക്കുന്ന കാര്യം വരുമ്പോള്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ഭിന്നതയൊന്നുമില്ലെന്ന വസ്തുതയ്ക്ക് ഇത് ഒരിക്കല്‍ക്കൂടി അടിവരയിടുന്നു. ഇരുകൂട്ടരും നവഉദാരപരിഷ്കാരങ്ങളുടെ സദാ സന്നദ്ധരായ ദല്ലാളന്മാരും വക്താക്കളുമാണ്. ബാങ്കുകള്‍ക്ക് ചരക്കുകളുടെ മുന്‍കൂര്‍വ്യാപാരത്തില്‍ പങ്കാളികളാകാന്‍ അനുവാദം നല്‍കുന്ന അപകടകരമായ വ്യവസ്ഥ ഒഴിവാക്കിയതാണ് സര്‍ക്കാരില്‍നിന്ന് ബിജെപി നേടിയ ഏകസൗജന്യം.

ബാങ്ക് മേഖലയില്‍ കൂടുതല്‍ സ്വകാര്യവല്‍ക്കരണവും ധനമൂലധനവല്‍ക്കരണവും ലക്ഷ്യമിടുന്ന ബാങ്കിങ് പരിഷ്കാരങ്ങളുമായി യുപിഎ സര്‍ക്കാര്‍ മുന്നോട്ടുനീങ്ങുകയാണ്. കഴിഞ്ഞ 20 വര്‍ഷത്തിനുള്ളില്‍ റിസര്‍വ്ബാങ്ക് സ്വകാര്യമേഖലയില്‍ 12 ബാങ്കുകള്‍ക്ക് ലൈസന്‍സ് നല്‍കി- 1993ല്‍ പത്ത് ബാങ്കുകള്‍ക്കും പിന്നീട് രണ്ടെണ്ണത്തിനും. സ്വകാര്യബാങ്കുകളുടെ എണ്ണത്തിലെ വര്‍ധന, പൊതുമേഖലബാങ്ക് ഓഹരികളുടെ സ്വകാര്യവല്‍ക്കരണം, വികസനോന്മുഖ- സാമൂഹിക മേഖലകളിലെ പ്രവര്‍ത്തനങ്ങളില്‍നിന്ന് ബാങ്കുകളുടെ പടിപടിയായുള്ള പിന്മാറ്റം എന്നിവയാണ് നവഉദാര പരിഷ്കാരങ്ങളുടെ പ്രധാന ലക്ഷണങ്ങള്‍. അമേരിക്കന്‍ ബാങ്കിങ് മാതൃകയിലുള്ള ക്രെഡിറ്റ് ഡെറിവേറ്റീവുകള്‍ ഉള്‍പ്പടെയുള്ള ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നു. ചുരുക്കത്തില്‍, 2008ലെ സാമ്പത്തിക പ്രതിസന്ധിയിലേക്കും അസ്ഥിരതയിലേക്കും പാശ്ചാത്യലോകത്തെ നയിച്ച ബാങ്കിങ് മേഖലയിലെ എല്ലാ നടപടികളും സാമ്പത്തിക ഉദാരവല്‍ക്കരണത്തിന്റെ പേരില്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്നു. സാമ്പത്തിക മേഖലാ ഉദാരവല്‍ക്കരണം നടപ്പാക്കാനുള്ള സമ്മര്‍ദമാണ് നവ ഉദാര പരിഷ്കാരങ്ങളുടെ ഹൃദയം. രാജ്യത്തെ ബാങ്കുകളെയും ധനകാര്യസ്ഥാപനങ്ങളെയും രാജ്യാന്തര ധനമൂലധനത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റാനായി വിട്ടുകൊടുക്കുകയാണ് എന്നര്‍ഥം.

മള്‍ട്ടിബ്രാന്‍ഡ് ചില്ലറവ്യാപാര മേഖല പ്രത്യക്ഷവിദേശനിക്ഷേപങ്ങള്‍ക്കായി (എഫ്ഡിഐ) തുറന്നുകൊടുക്കല്‍, ഇന്‍ഷുറന്‍സ് മേഖലയില്‍ എഫ്ഡിഐ പരിധി 49 ശതമാനമായി ഉയര്‍ത്താനുള്ള നീക്കം, പെന്‍ഷന്‍ ഫണ്ടുകളുടെ സ്വകാര്യവല്‍ക്കരണം എന്നിവയിലൂടെ മന്‍മോഹന്‍സിങ് സര്‍ക്കാര്‍ രാജ്യന്തരധനമൂലധനത്തിന്റെയും വന്‍കിട ബിസിനസുകാരുടെയും വിശ്വസ്ത ഭൃത്യന്മാരായി മാറിയിരിക്കുകയാണ്. ഈ കടന്നാക്രമണം നേരിടാന്‍ ഇടതുപക്ഷ പാര്‍ടികളും തൊഴിലാളിവര്‍ഗ പ്രസ്ഥാനവും കൂടുതല്‍ വീര്യത്തോടെ പോരാടണം. ബാങ്കിങ് നിയമഭേദഗതിക്കെതിരെ ബാങ്ക് ജീവനക്കാര്‍ നടത്തിയ പണിമുടക്കിന്റെ തുടര്‍ച്ചയായി കൂടുതല്‍ വിപുലമായ പോരാട്ടങ്ങള്‍ ഉണ്ടാകണം. ഫെബ്രുവരി 20നും 21നും നടക്കുന്ന ദ്വിദിന ദേശീയ പൊതുപണിമുടക്ക് ജനകീയ താല്‍പ്പര്യങ്ങള്‍ അട്ടിമറിക്കുകയും രാജ്യത്തിന്റെ വിഭവങ്ങള്‍ വിദേശ ധനമൂലധനത്തിന് വിട്ടുകൊടുക്കുകയുംചെയ്യുന്ന ഇത്തരം നയങ്ങള്‍ക്കെതിരായ ശക്തമായ പ്രതിഷേധമായി മാറണം.

*
പ്രകാശ് കാരാട്ട് ദേശാഭിമാനി 02 ഡിസംബര്‍ 2013

No comments: