Sunday, January 6, 2013

പിത്തളനഗരത്തിന് ക്ലാവ് പിടിക്കുമ്പോള്‍


പിത്തളയില്‍ കൊത്തിയെടുത്ത ശിവപാര്‍വതിമാരുടെ ശില്‍പ്പത്തില്‍ അവസാന മിനുക്കുപണിക്ക് വിരല്‍ ഓടിക്കുകയാണ് മൊറാദാബിലെ ഇടുങ്ങിയ കച്ചവടകേന്ദ്രത്തിന് മുന്നിലിരുന്ന് അന്‍സാര്‍ ഹുസൈന്‍. വാര്‍ധക്യത്തിന്റെ ചുളിവ് വീണ മുഖത്ത് ഗലികളില്‍ സന്ധ്യ തിരിഞ്ഞത് അറിയാത്ത ഭാവം. പണി പൂര്‍ത്തിയായിക്കഴിഞ്ഞ ഗണപതി ശില്‍പ്പം തൊട്ടരികെ സാന്ധ്യവെളിച്ചത്തില്‍ പ്രകാശിക്കുന്നു. അതിനോട് ചേര്‍ന്ന് ശ്രീരാമ ഡര്‍ബാര്‍. രാമന് പുറമെ സീതയും ലക്ഷ്മണനും ഹനുമാനും. മൊറാദാബാദിലെ തൊഴിലാളികള്‍ പൊതുവില്‍ പങ്കിടുന്ന നിസ്സംഗതയോടെയാണ് തൊഴിലിനെ കുറിച്ച്, ദിവസവും കൊത്തിയെടുക്കുന്ന ജീവിതത്തെ കുറിച്ച് ഹുസൈന്‍ സംസാരിച്ചത്.

കൊത്തിയും മിനുക്കിയും തയ്യാറാക്കുന്ന ശില്‍പ്പങ്ങള്‍ രാജ്യത്തിനകത്തേക്കും പുറത്തേക്കും പോകുന്നു. ദിനരാത്രങ്ങളുടെ അതിരുകള്‍ നിശ്ചയിക്കപ്പെടാത്ത ജോലിക്കിടയില്‍ ഹുസൈന്റെ വാര്‍ധക്യം കൊഴിഞ്ഞുവീഴുന്നു. പിത്തള ശില്‍പ്പ, പാത്ര നിര്‍മാണവ്യവസായത്തിന്റെ കേന്ദ്രമായ മൊറാദാബാദില്‍ ജീവിതം പ്രതിസന്ധി നേരിടുകയാണിപ്പോള്‍. അന്‍സാര്‍ ഹുസൈനും അതിന്റെ ഭാഗം. എല്ലാ ദിവസവും പണി ഉണ്ടാകണമെന്നില്ല. ഹുസൈന്റെ അഞ്ച് മക്കളും ഇതേ തൊഴിലില്‍ത്തന്നെ. പക്ഷേ വരുംകാലത്ത് നഗരത്തിന്റെ ചൈതന്യമായി ഈ വ്യവസായം നിലനില്‍ക്കുമെന്ന കാര്യത്തില്‍ ഹുസൈന് ഉറപ്പില്ല.

ഒരു പകലന്തിക്കിടെ പല നിറങ്ങള്‍ കൈവരിക്കുന്ന ഗലികളാണ് മൊറാദാബാദിലേത്. പിത്തളയില്‍ വന്ന് പതിക്കുന്ന സൂര്യരശ്മികള്‍ക്കനുസരിച്ച് വര്‍ണസുരഭിലമാകുന്ന വഴികള്‍. അത്രയ്ക്കുണ്ട് പ്രധാന വഴികളുടെ ഇരുഭാഗങ്ങളിലും നിരത്തിവച്ചിരിക്കുന്ന പിത്തള പാത്രങ്ങളും ആഭരണങ്ങളും മറ്റും മറ്റും. 2000 ലധികം വരുന്ന ഉല്‍പ്പന്നവൈവിധ്യങ്ങളുള്ള നഗരം. സ്വര്‍ണവും വെള്ളിയും ചേര്‍ത്ത് മൂല്യം കൂട്ടുന്ന പാത്രങ്ങള്‍. പഞ്ചനക്ഷത്ര ഹോട്ടലുകളുടെ തീന്‍മേശകള്‍ അലങ്കരിക്കാനുള്ളവ മുതല്‍ സ്വീകരണമുറിയില്‍ സൂക്ഷിക്കാനുള്ള അലങ്കാരവസ്തുക്കള്‍ വരെ. മൊറാദാബാദിലെ തൊഴിലാളികളുടെ കരവിരുതും കലാനൈപുണ്യവുമാണ് വില്‍പ്പനയ്ക്ക് സജ്ജമായിരിക്കുന്ന പാത്രങ്ങളില്‍ തെളിയുന്നത്്. ചരിത്രത്തിന്റെ നീണ്ട വഴികളിലൂടെ പരുവപ്പെട്ടു വന്ന കൈത്തഴക്കം. ഷാജഹാന്റെ മകന്‍ മുറാദില്‍നിന്നാണ് നഗരത്തിന് ഈ പേര് ലഭിച്ചത്.

മുഗള്‍ ശില്‍പ്പചാതുര്യത്തിന്റെ നിഴലും വെളിച്ചവും നിര്‍മിതികളില്‍ പ്രകടം. നൂറുകണക്കായ വില്‍പ്പനകേന്ദ്രങ്ങള്‍, അതിനിടയ്ക്ക് തിങ്ങിഞെരുങ്ങിയ തൊഴില്‍ശാലകള്‍, പിത്തള മിനുക്കിയെടുക്കുന്ന ദരിദ്രഭവനങ്ങള്‍.. ഇതൊക്കെയാണ് മൊറാദാബാദ്. ഇടുങ്ങിയ ഗലികളിലൂടെ നടന്നുനീങ്ങുമ്പോള്‍ ചെറിയ ഗുഹാപടികളെന്നോണം താഴേക്കുള്ള പ്രവേശന നാളികള്‍ കാണാം. അവയിലൂടെ ഇറങ്ങിച്ചെന്നാല്‍ കുറെ മനുഷ്യര്‍. അരണ്ട വെളിച്ചം പ്രസരിക്കുന്ന കൊച്ചുമുറികളില്‍ കരിപുരണ്ട തൊഴിലാളികള്‍ യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നു. പിത്തള തകിടുകള്‍ക്ക് ആകൃതി പകരുന്നവരും മിനുക്കിമിനുക്കി നല്ല സ്വര്‍ണനിറത്തിലേക്ക് പിത്തളയുടെ മാറ്റ് കൊത്തിയെടുക്കുന്നവരും. ഹുസൈനെ പോലുള്ളവര്‍ക്ക് വഴിയോരങ്ങളിലെ സ്വച്ഛശ്വാസത്തിന്റെ ആശ്വാസമെങ്കിലുമുണ്ട്. ഈ തൊഴിലാളികള്‍ക്ക് അതുമില്ല. അവരുടെ തൊഴിലിടങ്ങള്‍ ആധുനിക മനുഷ്യാവകാശത്തെ ഇരുട്ടറയില്‍ തളച്ചിട്ടിരിക്കുകയാണ്. ഒന്നും രണ്ടുമല്ല ആയിരക്കണക്കിന് മനുഷ്യര്‍ ഭൂമിക്കടിയിലെ തടവറകള്‍ പോലുള്ള അറകളില്‍ പണിയെടുക്കുന്നു.

ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തങ്ങളുടെ വ്യവസായ ഇടനാഴിയുടെ ഭാഗമെന്നാണ് മൊറാദാബാദിനെ വിളിക്കുന്നത്. എന്നാല്‍, മുടക്കമില്ലാത്ത വൈദ്യുതിയും നല്ല റോഡുകളും നഗരത്തിന് സ്വപ്നം മാത്രം. വിശ്വസിക്കാന്‍ പ്രയാസം തോന്നും, മൊറാദാബാദിലെ അയ്യായിരത്തില്‍ പരം വരുന്ന ചെറു വ്യവസായ യൂണിറ്റുകളില്‍നിന്ന് പ്രതിവര്‍ഷം കയറ്റുമതി ചെയ്യുന്നത് 3000 കോടി രൂപയുടെ ഉല്‍പ്പന്നങ്ങളാണത്രേ. വാള്‍മാര്‍ട്ട് അടക്കമുള്ള കോര്‍പറേറ്റ് ഭീമന്മാര്‍ മൊറാദാബാദിന്റെ കരവിരുത് കൊത്തിക്കൊണ്ട് പോകുന്നു. യൂറോപ്പിനും അമേരിക്കയ്ക്കും മാത്രമല്ല കേരളത്തിനും മൊറാദാബാദുമായി ലോഹബന്ധമുണ്ട്. കേരളത്തിന്റെ മയൂരവിളക്കുകളിലും പറകളിലും മൊറാദാബാദിന്റെ മുദ്രകള്‍ പതിഞ്ഞിട്ടുണ്ടെന്ന് പലര്‍ക്കും അറിയില്ല. എന്നാല്‍, ഈ സാമ്പത്തികശാസ്ത്രത്തില്‍ തൊഴിലാളികളുടെ ജീവിതം ഉള്‍പ്പെടുന്നില്ല. അമ്പരപ്പിക്കുന്ന മനുഷ്യാവകാശനിഷേധത്തില്‍ ബന്ധിച്ചിട്ടിരിക്കുകയാണ് ഇവരുടെ പകലന്തികള്‍. തൊഴില്‍ ചെയ്യാനുള്ള അവകാശമെങ്കിലും ഉറപ്പു തരാന്‍ സര്‍ക്കാരിന് കഴിയണമെന്നതാണ് തൊഴിലാളികളുടെ പ്രാഥമിക ആവശ്യം. ഇവിടെ വന്‍ വ്യവസായശാലകള്‍ കുറവാണ്. വീടുകളെയും ചെറുവ്യവസായ യൂണിറ്റുകളെയും ആശ്രയിച്ചാണ് വിപണി ചലിക്കുന്നത്.

വ്യവസായം നേരിടുന്ന പ്രതിസന്ധി അതിനാല്‍ത്തന്നെ ഓരോ വീടിന്റെയും തൊഴിലാളിയുടെയും ജീവിതപ്രശ്നമാകുന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ അസംസ്കൃതവസ്തുക്കള്‍ക്കുണ്ടായ വിലക്കയറ്റമാണ് മുഖ്യപ്രശ്നം. പിത്തള തകിടുകള്‍, നിര്‍മാണപ്രവര്‍ത്തനത്തിന് വേണ്ട രാസവസ്തുക്കള്‍, യന്ത്രസാമഗ്രികള്‍ തുടങ്ങിയവയുടെ വില പല മടങ്ങ് വര്‍ധിച്ചു. ചെമ്പ് വ്യവസായ രംഗത്തെ തലമുറകളുടെ പാരമ്പര്യത്തില്‍ എട്ടാമത്തെ കണ്ണിയായ അനൂപ് മേഹ് ഹതാശമായ ശബ്ദത്തില്‍ തങ്ങളുടെ പ്രതിസന്ധിയെ കുറിച്ച് പറഞ്ഞു: ""മൊറാദാബാദിന്റെ ജീവിതം ഈ വ്യവസായത്തോട് ആഴത്തില്‍ ബന്ധപ്പെട്ടതാണ്. എന്നാല്‍, വിലക്കയറ്റത്തില്‍ പിടിച്ച് നില്‍ക്കാന്‍ കഴിയാതായിരിക്കുന്നു. സബ്സിഡി നിരക്കില്‍ അസംസ്കൃതസാധനങ്ങള്‍ എത്തിച്ച് നല്‍കണമെന്നത് എത്രയോ കാലത്തെ ആവശ്യമാണ്. അഞ്ച് വര്‍ഷം മുമ്പ് ഒരു ചെറു പിത്തള തകിടിന് 80 രൂപയായിരുന്നു വില എങ്കില്‍ ഇന്ന് നാനൂറിനടുത്താണ്. വൈദ്യുതി ആണെങ്കില്‍ കിട്ടാക്കനി. വൈദ്യുതി ഇല്ലാതെ ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്നതെങ്ങനെ. എട്ടും പത്തും മണിക്കൂറുകള്‍, ചിലപ്പോള്‍ ദിവസത്തിന്റെ പാതിയും നീളുന്നതാണ് വൈദ്യുതി മുടക്കങ്ങള്‍.""

അനൂപ് മേഹ് വിദ്യാസമ്പന്നനാണ്. ഇംഗ്ലീഷ് സംസാരിക്കും. ഈ നഗരത്തില്‍ ജനിച്ചുവീണ മറ്റേതൊരു യുവാവിനെയും പോലെ പിത്തള നിറമുള്ള സ്വപ്നം കണ്ട് വളര്‍ന്ന മനുഷ്യന്‍. പക്ഷേ പ്രതീക്ഷകളില്‍ ക്ലാവ് പിടിച്ച് കഴിഞ്ഞു. നേരത്തെ ആറേഴ് തൊഴിലാളികളുമായി ഒരു ചെറു യൂണിറ്റ് സ്വന്തമായുണ്ടായിരുന്നു. ഇപ്പോള്‍ തൊഴിലാളികളെ വച്ച് പണിയെടുപ്പിക്കാന്‍ നിവൃത്തിയില്ല. തലമുറകളുടെ കണ്ണികളെ പിത്തളയില്‍ വിളക്കിച്ചേര്‍ക്കുന്ന പാരമ്പര്യത്തിന് തനിക്കപ്പുറം തുടര്‍ച്ചയുണ്ടാവില്ല. വളര്‍ന്ന് വരുന്ന മക്കള്‍ക്ക് പിത്തളവ്യവസായവുമായി ബന്ധമുണ്ടാവില്ലെന്ന് പറയുമ്പോള്‍ അനൂപിന് ഭാവഭേദമില്ല. തൊഴിലാളികളെ വൈദ്യുതിക്ഷാമം രണ്ട് രീതിയിലാണ് ബാധിക്കുന്നത്.

പലപ്പോഴും പണി നഷ്ടമാകുന്നു എന്നതാണ് ഒന്നാമത്തെ പ്രശ്നം. പകല്‍ ജോലി ചെയ്ത് രാത്രി കൂടണയാനുള്ള അവകാശം തല്ലിക്കെടുത്തുന്നു എന്നത് മറ്റൊരു വിഷയം. രാവിലെ വീട്ടില്‍നിന്നിറങ്ങിയാല്‍ വൈദ്യുതിയുടെ ലഭ്യതയ്ക്ക് അനുസരിച്ച് നിര്‍ത്തിയും വീണ്ടും തുടങ്ങിയും തുടരേണ്ട മുഷിച്ചിലാകുന്നു ജോലി. തുടര്‍ച്ചയായി ജോലിചെയ്യാന്‍ കഴിയുക രാത്രി എട്ട് കഴിഞ്ഞാകുമെന്ന് ടാണ്ടാബാട്ലി ഗ്രാമത്തില്‍നിന്നുള്ള റിഹാന്‍ പറയുന്നു. പത്ത് മണിക്കൂര്‍ ജോലി ചെയ്താല്‍ 200 രൂപ കൂലി കിട്ടും. എത്ര പ്രയാസം നേരിട്ടാലും റിഹാന് പണി ഉപേക്ഷിക്കാനാവില്ല. ഗ്രാമത്തില്‍ അയാളുടെ വീടും രാത്രി ഉറങ്ങാതെ കഴിച്ചുകൂട്ടുന്നുണ്ട്. തൊഴിലാളികളുടെയും ചെറുകിട കച്ചവടക്കാരുടെയും സ്ത്രീകളും ലോഹ തൊഴിലില്‍ വ്യാപൃതമാവുന്ന ഭവനങ്ങളുടെയും വര്‍ത്തമാനം ഇതാണ്. ഇതല്ലാത്ത മൊറാദാബാദുമുണ്ട്. റോബര്‍ട്ട് വധേരയുടെയും മുഹമ്മദ് അസ്ഹറുദ്ദീന്റെയും നഗരം. കേരളത്തിലേക്ക് പറയും നിലവിളക്കും പാത്രങ്ങളും കയറ്റുമതി ചെയ്യുന്ന സമ്പന്ന വ്യവസായിയുടെ മൊറാദാബാദ്.
(അഭിജിത് ബാവ)

അല്‍ ജസീറ അല്‍ ഹംറ

ഗള്‍ഫ് രാജ്യങ്ങളിലെ ഏറ്റവും പഴക്കംചെന്ന കുടിയേറ്റമേഖലകളില്‍ ഒന്നായ അല്‍ ജസീറ അല്‍ ഹംറയെക്കുറിച്ച് പറഞ്ഞുകേട്ട കഥകള്‍ വിചിത്രങ്ങളും ഭയാനകങ്ങളുമായിരുന്നു. 16-ാം നൂറ്റാണ്ടില്‍ കുടിയേറിയതെന്നു വിശ്വസിക്കപ്പെടുന്ന ഈ ചെറുപട്ടണം കഴിഞ്ഞ നാല്‍പ്പതിലേറെ വര്‍ഷങ്ങളായി ഉപേക്ഷിക്കപ്പെട്ടിരിക്കുകയാണ്. ജിന്നുകളുടെയും പ്രേതങ്ങളുടെയും ഉപദ്രവം കാരണമാണ് ഇതെന്ന് വിശ്വസിക്കുന്നവരാണ് പ്രദേശവാസികള്‍. ഇവരുടെ വിശ്വാസത്തിന് ഉപോല്‍ബലകമായി നിരവധി വീഡിയോ ചിത്രങ്ങള്‍ യൂട്യൂബിലും നിരവധി വെബ് സൈറ്റുകളിലും പ്രചരിക്കുന്നു.

അല്‍ ജസീറ അല്‍ ഹംറ എന്നാല്‍ ചുവന്ന ദ്വീപ് എന്നാണര്‍ഥം. പഴയകാലത്ത് ഇവിടെ ഒരു തുറമുഖവും ഉണ്ടായിരുന്നു. റാസ് അല്‍ ഖൈമ നഗരത്തില്‍നിന്ന് 18 കിലോമീറ്റര്‍ തെക്ക് മാറിയാണ് അല്‍ ജസീറ അല്‍ ഹംറ. വലത്തോട്ടു തിരിയുന്ന ഭാഗത്ത് മരംകൊണ്ടുള്ള ചെറിയ ഒരു ചൂണ്ടുപലക കണ്ടു. അങ്ങോട്ട് തിരിച്ചതും കാര്‍ ഒരു വലിയ വെട്ടില്‍ ചാടി. സൈലന്‍സര്‍ റോഡിലെ കല്ലില്‍ ഇടിച്ചു. ഞങ്ങള്‍ അതുവരെ കണ്ടതില്‍ ഏറ്റവും മോശപ്പെട്ട റോഡായിരുന്നു അത്. ദിനോസറിന്റെ പുറംഭാഗം ഓര്‍മിപ്പിക്കുന്ന റോഡ്. ശല്‍ക്കങ്ങള്‍ പോലെ പൊട്ടിപ്പൊളിഞ്ഞ കരിങ്കല്‍ കഷണങ്ങള്‍. വളരെ ശ്രമപ്പെട്ടാണ് സിയാദ് കാര്‍ ഓടിച്ചുകൊണ്ടിരുന്നത്. ഇടയ്ക്ക് ഒന്നുരണ്ട് തവണ വണ്ടി റോഡില്‍നിന്ന് തെന്നിമാറി. ടയര്‍ കേടാകാനുള്ള സാധ്യതയെക്കുറിച്ച് അവന്‍ ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു.

തലേന്ന് കണ്ട ഒരു യൂട്യൂബ് വീഡിയോ ആയിരുന്നു എന്റെ മനസ്സില്‍. അതില്‍ വിവിധ ദേശക്കാരായ കുറെ പേരെ ഇന്റര്‍വ്യൂ ചെയ്യുന്നുണ്ട്. പലരും വളരെ ഭയത്തോടുകൂടിയാണ് സംസാരിച്ചത്. ശുഭ്രവസ്ത്രധാരിണിയായ ഒരു യുവതിയുടെ പ്രേതം വീഡിയോയില്‍ കുടുങ്ങിയ ഭാഗം വൃത്തം വരച്ച് കാണിച്ചിരുന്നു. വഴിവക്കില്‍ അധികമാരെയും കണ്ടില്ല. പൊതുവേ ആ പ്രദേശം ഒറ്റപ്പെട്ടുനില്‍ക്കുകയാണ്. സമീപത്തെങ്ങും വീടുകളോ കടകളോ ഇല്ല. ദേ, ഒരു ചായക്കട, നമുക്ക് ഒരു ചായ കഴിച്ചു പോകാം. ഒരുപക്ഷേ ഇനി ഒരു കട കണ്ടെന്നുവരില്ല. അശോകന്റെ അഭിപ്രായത്തോട് അബ്ദുള്ളയും യോജിച്ചു. രണ്ട് ബംഗാളി പയ്യന്മാര്‍ മാത്രമേ കടയില്‍ ഉണ്ടായിരുന്നുള്ളൂ. സപ്ളെ ചെയ്യാനും കാഷ്യറുമായി ഒരാള്‍. ചായ ഉണ്ടാക്കാന്‍ മറ്റേയാള്‍. നാട്ടിലെ കുഗ്രാമങ്ങളെ അനുസ്മരിപ്പിക്കുന്ന പഴകിയ ഡെസ്കും ബെഞ്ചുമായിരുന്നു കടയില്‍. യുഎഇയില്‍ വന്നശേഷം ഇങ്ങനെ ഒരു സ്ഥലം ആദ്യമായി കാണുകയായിരുന്നു.

ജസീറത്ത് അല്‍ ഹംറയിലേക്കാണെന്ന് (ജസീറത്ത് അല്‍ ഹംറയെന്നും പറയും) പറഞ്ഞപ്പോള്‍ ബംഗാളി പയ്യന്‍ സലീമിന്റെ കണ്ണ് തള്ളി. ഉധര്‍ നഹീ ജാനാ ഭായീ സാബ്. യേ ജഗാ ഇത്ത്ന അച്ചാ നഹീ ഹൈ -അങ്ങോട്ട് പോകണ്ട സഹോദരാ ആ പ്രദേശം അത്ര ശരിയല്ല എന്നാണവന്‍ പറയുന്നത്. ക്യോം, ക്യാ പ്രോബ്ളം ഹൈ ഉധര്‍ - എന്താ അവിടെ പ്രശ്നം ഞാന്‍ തിരക്കി? അവിടെ ഭൂതപ്രേതാദികള്‍ ഉണ്ടെന്ന് സമീപപ്രദേശത്തെ ആളുകള്‍ വിശ്വസിക്കുന്നതായി അവന്‍ പറഞ്ഞു. അതുകൊണ്ടാണത്രെ അല്‍ ഹംറയിലെ ആളുകള്‍ കുടിയൊഴിഞ്ഞുപോയത്. ചില മൃതദേഹങ്ങള്‍ പ്രദേശത്തുനിന്ന് കണ്ടെടുത്തതായി അവന്‍ പറഞ്ഞു. ചിലരൊക്കെ രാത്രിയില്‍ വന്നുപോകുന്നുണ്ടെന്നും. വാര്‍ത്ത കേട്ട് പലരും അല്‍ ഹംറ സന്ദര്‍ശിക്കാന്‍ എത്തുന്നുണ്ട്. പലരും പുറത്തുനിന്ന് നോക്കിക്കണ്ട് അകത്ത് കയറാതെ മടങ്ങിപ്പോകുന്നുമുണ്ട്. എല്ലാം കേട്ടിട്ടും എന്റെ പത്നി ലൈല കൂടി ഉള്‍പ്പെട്ട ഞങ്ങളുടെ സഹൃദ്സംഘം അല്‍ഹംറയിലേക്ക് യാത്രതുടര്‍ന്നു.

പുരാതനമായ ഒരു സ്കൂളിന്റെ അവശിഷ്ടങ്ങളാണ് ആദ്യം ദൃശ്യമായത്. പിന്നീട് വളരെ ചെറിയ മിനാരങ്ങളുള്ള പള്ളികള്‍ കണ്ടു. പത്തോ ഇരുപതോ പേര്‍ക്ക് നമസ്കരിക്കാം. പക്ഷേ വാതിലുകളും ജനവാതിലുകളുമൊക്കെ അടര്‍ന്നുവീണ് ദ്വാരങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. യുഎയിലെ ഏറ്റവും പുരാതനമായ കുടിയേറ്റമേഖലയില്‍ ഞങ്ങള്‍ എത്തുമ്പോള്‍ അന്തിവെയില്‍ പൊന്നുരുകാന്‍ തുടങ്ങിയിരുന്നു. പ്രേതഭവനങ്ങളെ ഓര്‍മിപ്പിക്കുന്ന കാലപ്പഴക്കംചെന്ന മണ്‍വീടുകള്‍ ഞങ്ങളെ 16-ാം നൂറ്റാണ്ടിലേക്ക് കൊണ്ടുപോയി.

കാലത്തിന്റെ പിറകോട്ടുള്ള പ്രയാണം അതിശയിപ്പിക്കുന്നതായിരുന്നു. നാസാരന്ധ്രങ്ങളെ ത്രസിപ്പിക്കുന്ന ഒരു ഗന്ധം വായുവില്‍ തങ്ങിനില്‍ക്കുന്നുണ്ടായിരുന്നു. മേല്‍ക്കൂരയടര്‍ന്നും ജനല്‍പാളികള്‍ അടര്‍ന്നുവീണും വാതിലുകളുടെ സ്ഥാനത്ത് വെറും ദ്വാരങ്ങള്‍ മാത്രം ഉള്ളതുമായ ചെറു വീടുകള്‍. ചിലതൊക്കെ ഭിത്തിയുടെ ഒരു ഭാഗം മാത്രം ശേഷിക്കുന്നവയായിരുന്നു. മണ്‍കട്ടകള്‍ അടര്‍ന്നുവീണ് ഭിത്തിയോട് ചേര്‍ന്ന് മണ്‍കൂന രൂപപ്പെട്ടിരിക്കുന്നു. രൂപം നഷ്ടപ്പെട്ട മണ്‍കട്ടകളില്‍ നരച്ച പവിഴപ്പുറ്റുകള്‍ ഉണ്ടായിരുന്നു, ഇത്തിളും. കടലോരത്തെ പവിഴപുറ്റുകളില്‍നിന്ന് വെട്ടിയെടുത്ത കല്ലുകളാ(ഇീൃമഹ ൃീരസെ)യിരുന്നിരിക്കണം വീട് നിര്‍മാണത്തിന് ഉപയോഗിച്ചിരുന്നത്. തകര്‍ന്ന മേല്‍ക്കൂരകളില്‍ കണ്ടല്‍ ചെടികളുടെ തടികളുടെയും ഈന്ത പനയോലകളുടെയും അവശിഷ്ടങ്ങളും കാണാമായിരുന്നു. കുമ്മായവും മണ്ണും കണ്ടല്‍ത്തടികളും ചേര്‍ത്തായിരുന്നു മേല്‍ക്കൂര വാര്‍ത്തിരുന്നത്. കടലിനോട് ഏറ്റവും അടുത്താകയാല്‍ ഉന്മേഷം തോന്നി. പഴയ, തകര്‍ന്ന ഉരുക്കള്‍ കരയില്‍ കയറ്റി ഇട്ടിരിക്കുന്നു. കുറെ ഭാഗം ചെറുതിരമാലകള്‍ വന്ന് നക്കി തോര്‍ത്തുന്നു. 200ലധികം ചെറു വീടുകളുള്ള ഈ പട്ടണത്തില്‍ മനുഷ്യന്റെ മണംപോലും അനുഭവിക്കാനാകില്ലെന്നത് ഞങ്ങളില്‍ അത്ഭുതമുളവാക്കി. ജിന്നുകളെ കുറിച്ചും പ്രേതങ്ങളെ കുറിച്ചുമുള്ള കഥകള്‍ നിലനില്‍ക്കുന്നതിനാല്‍ ചെറിയൊരു പേടിയോടെയാണ് ഞങ്ങള്‍ കുടിലുകളില്‍ കയറിനോക്കിയത്. കുടിലുകള്‍ക്കിടയിലൂടെ നിരവധി ചെറു വഴികളുണ്ട്. കുടിലുകള്‍ തമ്മില്‍ അകലം വളരെ കുറവാണ്. നടപ്പാതയാകട്ടെ വളരെ ഇടുങ്ങിയതും. കാഫ്, എരുക്ക് എന്നീ സസ്യങ്ങളും ചില പുല്ലുകളും പടര്‍ന്ന് വേണ്ടത്ര വെളിച്ചം കടന്നുവരുന്നില്ല. തിത്തിരി പക്ഷികളുടെ ഇടവിട്ടുള്ള നിലവിളികള്‍ കേള്‍ക്കാമായിരുന്നു. ഈ പക്ഷികള്‍ രാത്രിയില്‍ കൂടുതലായി ശബ്ദമുണ്ടാക്കും, പിന്നെ മൂങ്ങകളും. ഇതാകാം ഒരുപക്ഷേ പ്രേതകഥകള്‍ക്ക് ഊര്‍ജം പകര്‍ന്നത്. കൂടാതെ രാത്രികാലങ്ങളില്‍ അറേബ്യന്‍ കുറുക്കന്മാരും (ഒരിനം ചെറിയ കുറുക്കന്മാര്‍) പാമ്പുകളും മറ്റ് ഇഴജീവികളും നരിച്ചീര്‍ പോലുള്ള പക്ഷികളും കഥകള്‍ക്ക് കരുത്തേകുന്നുണ്ടാകും.

സമയം രാത്രി ഒമ്പത് കഴിഞ്ഞിരുന്നു. ഇനിയും ഈ ആള്‍പ്പാര്‍പ്പില്ലാത്ത, കുടിയൊഴിഞ്ഞുപോയ പ്രദേശത്ത് ഇരുട്ടത്ത് നടക്കുന്നത് ശരിയല്ലെന്ന് ലൈല ഓര്‍മിപ്പിച്ചു. ടോര്‍ച്ചടിച്ചപ്പോള്‍ രണ്ടു കണ്ണുകള്‍ തിളങ്ങി. ലൈല ഉച്ചത്തില്‍ നിലവിളിച്ചു. അവള്‍ എന്റെ കൈയില്‍ മുറുകെ പിടിച്ചു. നിറയെ രോമങ്ങളുള്ള വലിയൊരുതരം കാട്ടുപൂച്ച (ഹ്യിഃ) എന്റെ കാലുകള്‍ക്കിടയിലൂടെ കടന്നുപോയി. ശരീരം വിറയ്ക്കുന്നുണ്ടായിരുന്നു എനിക്ക്. ഞങ്ങള്‍ തിരിച്ചുനടക്കാന്‍ തുടങ്ങി. മത്സ്യബന്ധനവും മുത്തുവാരലും തൊഴിലാക്കിയ ഒരുജനതയായിരുന്നു അവിടെ ജീവിച്ചിരുന്നത്. അവരുടെ മുന്‍ഗാമികള്‍ പഴയ പേര്‍ഷ്യക്കാരായിരുന്നു (ഇന്നത്തെ ഇറാന്‍). യുഎഇയുടെ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടതില്‍ ഏറ്റവും പഴക്കംചെന്ന കുടിയേറ്റ പട്ടണം. സഅബ് വംശജരായിരുന്നു അവര്‍. അവസാനത്തെ ശരീഫ്  ആയ ഷൈഖ് ഹുസൈന്‍ ബിന്‍ റഹ്മ അല്‍ സഅബി 1970 ല്‍ യുഎഇ ഏകീകരിക്കുമ്പോള്‍ അന്നത്തെ റാസ് അല്‍ ഖൈമയുടെ ഭാഗമാകാന്‍ തയ്യാറായില്ല. റാസ് അല്‍ ഖൈമ ഭരണാധികാരിയുമായുള്ള അഭിപ്രായവ്യത്യാസത്തില്‍ സഅബ് വംശജര്‍ പ്രദേശം ഉപേക്ഷിച്ചുപോകേണ്ട അവസ്ഥയുണ്ടായി എന്ന് പറയപ്പെടുന്നു. എന്നാല്‍, സഅബ് വംശജരും റാസ് അല്‍ ഖൈമ ഭരണാധികാരിയുമായി ഏതെങ്കിലും കലഹങ്ങള്‍ ഉണ്ടായതായി രേഖപ്പെടുത്തിയിട്ടില്ല. എന്നാല്‍, സഅബ് എന്നപേരില്‍ അബുദാബിയില്‍ ഇപ്പോഴും ഒരു സ്ഥലമുണ്ട്. സഅബ് വംശജരാണ് അവിടെ വസിക്കുന്നത്. ഈ പ്രദേശത്തിന്റെ ഔദ്യോഗികനാമം അല്‍ തബിയ  എന്നാണ്. അബുദാബി ഭരണാധികാരിയാണ് അവര്‍ക്ക് അവിടെ പുനരധിവാസം നല്‍കിയത്. സഅബ് വംശജരുടെ അവസാനത്തെ ശരീഫ്, ഹുസൈന്‍ ബിന്‍ റഹ്മ അല്‍ സഅബി ഇപ്പോള്‍ യുഎഇയുടെ ലബനീസ് അംബാസഡര്‍ ആണ്. ജസീറത്ത് അല്‍ ഹംറ, റാസ് അല്‍ ഖൈമ പുരാവസ്തു വകുപ്പ് ഏറ്റെടുത്ത് പ്രാചീന പട്ടണം തനിമ നഷ്ടപ്പെടാതെ സംരക്ഷിക്കാനുള്ള പദ്ധതികള്‍ നടപ്പാക്കിത്തുടങ്ങി.

(പുന്നയൂര്‍ക്കുളം സെയ്നുദ്ദീന്‍)

*
 ദേശാഭിമാനി വാരാന്തപ്പതിപ്പ് 06 ജനുവരി 2013

No comments: