വെറുമൊരു സാധാരണ സംഭവമായിട്ടാണ് ബാങ്കിംഗ് ഭേദഗതിബില്‍ ലോക്സഭ അംഗീകരിച്ച കാര്യം മുഖ്യധാരാ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചക്കും വികാസത്തിനും വേണ്ടി രാജ്യത്ത് ലഭ്യമായ വിഭവശേഷിയെ മുഴുവന്‍ സമാഹരിച്ച പൊതുമേഖലാ ബാങ്കിംഗ് സംവിധാനത്തിന്റെ കടക്കല്‍ വെക്കുന്ന കത്തിയാണീ ഭേദഗതിയെന്ന കാര്യം ബോധപൂര്‍വ്വം തമസ്ക്കരിക്കപ്പെടുകയാണ്. വാണിജ്യ ബാങ്കിംഗിനോടൊപ്പം സഹകരണ മേഖലാ ബാങ്കിംഗിന്റെയും പ്രവര്‍ത്തനത്തിലും, സമീപനത്തിലും തീര്‍ത്തും വിനാശകരമായ മാറ്റങ്ങള്‍ക്കാണ് ഈ ഭേദഗതി വഴിയൊരുക്കുന്നത്. വികസനത്തിന്റെ എന്‍ജിന്‍ എന്ന് പുകള്‍പെറ്റ ഇന്ത്യന്‍ ബാങ്കിംഗ് വ്യവസ്ഥയുടെ ജനകീയ സ്വഭാവം പൂര്‍ണ്ണമായി നഷ്ടപ്പെടുത്തുക മാത്രമല്ല, അതിവിപുലമായ നമ്മുടെ ബാങ്കിംഗ് സംവിധാനത്തെ വിദേശമൂലധനത്തിന്റെ കാല്‍ക്കല്‍ അടിയറവെക്കുക കൂടിയാണീ പുതിയ ഭേദഗതി വഴി കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്. ആഗോളീകരണ നയങ്ങളുടെ ആരംഭകാലം മുതല്‍ അമേരിക്കന്‍ സര്‍ക്കാരും, മുതലാളിത്തത്തിന്റെ മറ്റു കാവല്‍മാലാഖകളും നിരന്തരം ചെലുത്തിപ്പോരുന്ന ‘സാമ-ദാന-ഭേദ-ദണ്ഡ’ സമ്മർദ്ദങ്ങളുടെ വിജയകരമായ പരിസമാപ്തി കൂടിയാണ് ഈ പുതിയ സംഭവവികാസം. 2005-ല്‍ ഇന്ത്യ സന്ദര്‍ശിച്ച വേളയില്‍ പ്രസിഡണ്ട് ബുഷ് മുന്നോട്ട് വച്ച സുപ്രധാന ആവശ്യമാണ് ഇതോടെ സാക്ഷാല്‍ക്കരിക്കപ്പെടുന്നത്.
ബാങ്കുകളുടെ മേല്‍ റിസര്‍വ് ബാങ്കിന് കൂടുതല്‍ നിയന്ത്രണാധികാരങ്ങള്‍ നല്‍കുകയാണ് ബാങ്കിംഗ് നിയമഭേദഗതിയുടെ പ്രധാന ഉദ്ദേശ്യം എന്ന മട്ടിലാണ് മിക്ക മാദ്ധ്യമങ്ങളും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇത് യാദൃച്ഛികമോ, ധാരണയില്ലായ്മയോ ആയി കാണാന്‍ കഴിയില്ല. ഭേദഗതിയുടെ ദൂരവ്യാപകവും രാജ്യതാല്പര്യ വിരുദ്ധവുമായ സത്തയില്‍ നിന്ന് ശ്രദ്ധമാറ്റുന്നതിനു വേണ്ടിത്തന്നെയാണ് റിസര്‍വ് ബാങ്കിന് ലഭിക്കുന്ന പുതിയ അവകാശങ്ങള്‍ക്ക് അനര്‍ഹമായ പ്രാധാന്യം നല്‍കുന്നതെന്നതാണ് വാസ്തവം. ബില്‍ പാസ്സായതുകൊണ്ട് ആയിരക്കണക്കിന് പുതിയ ബാങ്ക് ശാഖകള്‍ തുടങ്ങുമെന്നും, ലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും ഒക്കെ വേറെയും അനവധി പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. ഇവയ്ക്കൊന്നിനും യാഥാര്‍ത്ഥ്യവുമായി പുലബന്ധം പോലുമില്ല.
ഭേദഗതി നിര്‍ദ്ദേശങ്ങളുടെ ഉള്ളടക്കം
ബാങ്കിംഗ് മേഖലയെ സംബന്ധിക്കുന്ന മൂന്ന് നിയമങ്ങളാണ് പുതിയ ബില്‍ വഴി ഭേദഗതി ചെയ്യപ്പെട്ടിരിക്കുന്നത്. ബാങ്കിംഗ് നിയന്ത്രണ നിയമം 1949, ബാങ്കിംഗ് കമ്പനീസ് ആക്ട് 1970, ബാങ്കിംഗ് കമ്പനീസ് ആക്ട് 1980 എന്നിവയാണ് പ്രസ്തുത നിയമങ്ങള്‍. ബാങ്കിംഗ് റെഗുലേഷന്‍ നിയമത്തിലെ പുതിയ വ്യവസ്ഥകളില്‍ പ്രധാനപ്പെട്ടവ താഴെപ്പറയുന്നു:
* ബാങ്കിംഗ് കമ്പനിയുടെ മൂലധനത്തില്‍ സാധാരണ ഓഹരിക്കു പുറമെ, മുന്‍ഗണനാ ഓഹരിയും ഉള്‍പ്പെടുത്താം.
* ഏതൊരു ബാങ്കിംഗ് കമ്പനിയുടെയും ഓഹരി ഉടമയ്ക്ക് വിനിയോഗിക്കാവുന്ന വോട്ടവകാശം പരമാവധി 26 ശതമാനമായിരിക്കും.
* അംഗീക്യത ഈടുകള്‍ (Approved Securities) എന്നാല്‍ കേന്ദ്രസര്‍ക്കാരും, മറ്റ് സര്‍ക്കാരുകളും പുറപ്പെടുവിക്കുന്ന ഈടുകള്‍ക്ക് പുറമെ റിസര്‍വ് ബാങ്ക് കാലാകാലങ്ങളില്‍ നിര്‍ദ്ദേശിക്കുന്ന ഇതര ഈടുകളും ഉള്‍പ്പെടും.
* ബാങ്കിംഗ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പ്രാഥമിക സഹകരണ സംഘങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ ബാങ്കിംഗ് ലൈസന്‍സ് സമ്പാദിക്കുന്നില്ലെങ്കില്‍, അവ ബാങ്കിംഗ് പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണം.
* സഹകരണ ബാങ്കുകളുടെ ഡിമാന്‍ഡ്, ടൈം ബാദ്ധ്യതകളുടെ (നിക്ഷേപങ്ങളുടെ) 40 ശതമാനത്തില്‍ കവിയാത്ത മൂല്യം റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിക്കുന്ന ആസ്തികളില്‍ സൂക്ഷിക്കണം.
* ആവശ്യമെന്നു തോന്നുന്ന പക്ഷം, ഏതുസഹകരണ ബാങ്കിന്റേയും കണക്കുകള്‍ പ്രത്യേക ഓഡിറ്റിങ്ങിന് വിധേയമാക്കുന്നതിന് റിസര്‍വ് ബാങ്കിന് അധികാരമുണ്ടായിരിക്കും. അതിനുവേണ്ടി റിസര്‍വ് ബാങ്കിന് യോഗ്യതയുള്ള ആളെ നിയമിക്കാം. ഓഡിറ്റിംഗ് റിപ്പോര്‍ട്ട് റിസര്‍വ് ബാങ്കിനു സമര്‍പ്പിക്കണം.
* മേല്‍ വിവരിച്ച തരത്തിലുള്ള ഓഡിറ്റിന്റെ ചെലവ് ബന്ധപ്പെട്ട സഹകരണ സംഘങ്ങള്‍ വഹിക്കണം.
* യുക്തമായ സാഹചര്യങ്ങളില്‍, കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച ചെയ്തുകൊണ്ട് ഏതൊരു ബാങ്കിന്റേയും ഡയറക്ടര്‍ ബോര്‍ഡിനെ ഒരു വര്‍ഷം വരെ സസ്പെന്‍ഡ് ചെയ്യാന്‍ റിസര്‍വ് ബാങ്കിന് അധികാരമുണ്ടായിരിക്കും. തല്‍സ്ഥാനത്ത് അഡ്മിനിസ്ട്രേറ്ററെ നിയമിക്കുന്നതിനും റിസര്‍വ് ബാങ്കിന് അധികാരമുണ്ട്.
* ബാങ്കിംഗ് കമ്പനീസ് നിയമങ്ങളിലെ ഭേദഗതി നിര്‍ദ്ദേശമനുസരിച്ച് ദേശസാല്‍കൃത ബാങ്കുകളിലെ സ്വകാര്യ ഓഹരി ഉടമകള്‍ക്ക് പരമാവധി പത്ത് ശതമാനം വരെ വോട്ടവകാശം ലഭിക്കും.
പ്രത്യക്ഷത്തില്‍ നിര്‍ദ്ദോഷം, പ്രത്യാഘാതം ഗുരുതരം
പുറമെ കാണുമ്പോള്‍ തീര്‍ത്തും സാങ്കേതികമായ കാര്യങ്ങളെന്നു തോന്നാവുന്ന പുതിയ വ്യവസ്ഥകള്‍ യഥാര്‍ത്ഥത്തില്‍ ദൂരവ്യാപകവും സമഗ്രവുമായ പ്രത്യാഘാതങ്ങള്‍ ബാങ്കിംഗ് സംവിധാനത്തില്‍ സൃഷ്ടിക്കാന്‍ പോന്നവയാണ്. മുതലാളിത്ത ശക്തികള്‍ എഴുപതുകളില്‍ ചെന്നകപ്പെട്ട അഗാധമായ കുഴപ്പത്തെ മറികടക്കാന്‍ കണ്ടെത്തിയ ഉപാധിയാണല്ലൊ മൂലധനത്തിന്റെ ആഗോളീകരണം. ആദിമകാലത്ത് ചൂഷണത്തിനുവേണ്ടി ഉപയോഗിക്കപ്പെട്ട പ്രാകൃതമൂലധന സഞ്ചയത്തിന്റെ പരിഷ്കൃതമായ രീതികളാണ് ആഗോളീകരണവും അനുവര്‍ത്തിക്കുന്നത്. സമൂഹത്തിനാകെയും മുഴുവന്‍ ജനങ്ങള്‍ക്കും, അവകാശപ്പെട്ട വിഭവങ്ങള്‍ ഏതാനും പേര്‍ കൈയ്യടക്കുന്ന പ്രക്രിയയാണിത്. നമ്മുടെ രാജ്യത്ത് ഭൂമിയടക്കമുള്ള പല മേഖലകളിലും ഈ രൂപത്തിലുള്ള ആക്രമണങ്ങള്‍ വിജയകരമായി അരങ്ങേറിക്കഴിഞ്ഞു. അതിന്റെ തന്നെ ഭാഗമായിട്ടാണ് നമ്മുടെ പൊതുമേഖലയെ സ്വകാര്യ മുതലാളിമാര്‍ക്ക് കൈമാറാനുള്ള കുത്സിത നീക്കങ്ങള്‍ നടന്നു പോരുന്നത്. 2 ജി സ്പെക്ട്രം, കൃഷ്ണ-ഗോദാവരി തടത്തിലെ വാതകം, വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ കല്‍ക്കരിപ്പാടങ്ങള്‍, സ്പെഷ്യല്‍ ഇക്കണോമിക് സോണിന്റെയും, സ്പെഷ്യല്‍ മാനുഫാക്ചറിങ്ങ് സോണിന്റെയും ഒക്കെപേരില്‍ വാങ്ങിക്കൂട്ടുന്ന ഭൂമി - ഇതെല്ലാം ഈ നയങ്ങളുടെ ഭാഗമായി നമ്മുടെ ജനതക്ക് നഷ്ടപ്പെടുകയും സ്വകാര്യ കുത്തകകള്‍ കൈയ്യടക്കുകയും ചെയ്ത വിഭവങ്ങള്‍ തന്നെയാണ്. മേല്പ്പറഞ്ഞ മേഖലകളില്‍ നടപ്പാക്കിയ മൂലധനക്കൊള്ളയുടെ ബാങ്കിംഗ് പതിപ്പിന് അരങ്ങൊരുക്കുകയാണ് പുതിയ നിയമ നിര്‍ദ്ദേശങ്ങള്‍ ചെയ്യുന്നത്.
അംഗീകൃത ഈടുകളെ (Approved Securities) സംബന്ധിക്കുന്ന നിര്‍ദ്ദിഷ്ട ഭേദഗതി പരിശോധിച്ചാല്‍ത്തന്നെ ഇത് വ്യക്തമാകും. നിലവിലുള്ള വ്യവസ്ഥയനുസരിച്ച് കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ പുറപ്പെടുവിക്കുന്ന ഈടുകള്‍, പ്രധാനമായും കടപ്പത്രങ്ങള്‍, ആണ് അംഗീകൃത ഈടുകള്‍ എന്ന വിഭാഗത്തില്‍പ്പെടുന്നത്. ബാങ്കിംഗ് നിയമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ച് ബാങ്കുകള്‍ തങ്ങളുടെ മൊത്തം നിക്ഷേപങ്ങളുടെ നിശ്ചിത ശതമാനം (ഇപ്പോള്‍ 24 ശതമാനം) മേല്പ്പറഞ്ഞ അംഗീകൃത ഈടുകളില്‍ നിക്ഷേപിക്കണം. സ്റ്റാറ്റ്യൂട്ടറി ലിക്വിഡിറ്റി റേഷ്യോ (SLR) എന്നാണ് ഈ നിക്ഷേപത്തെ വിളിക്കുക. പുതിയ ഭേദഗതിയോടെ റിസര്‍വ് ബാങ്ക് കാലാകാലങ്ങളില്‍ നിര്‍ദ്ദേശിക്കുന്ന ഇതര ആസ്തികളിലും ബാങ്കുകള്‍ക്ക് നിക്ഷേപം നടത്താന്‍ സാധിക്കും. വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ കടപ്പത്രങ്ങള്‍, മ്യൂച്ചല്‍ ഫണ്ടുകള്‍, ഡെറിവേറ്റീവ് ഉല്പന്നങ്ങള്‍ തുടങ്ങിയവയൊക്കെ ഈ പട്ടികയില്‍ ഇടം പിടിക്കാനുള്ള സാദ്ധ്യതകള്‍ ഏറെയാണ്. രാജ്യത്തെ ജനങ്ങളുടെ സമ്പാദ്യത്തിന്റെ ഒരു വിഹിതമാണ് സര്‍ക്കാര്‍ ഈടുകളില്‍ നിക്ഷേപിക്കപ്പെടാറുള്ളത്. ഈ പണം വിനിയോഗിക്കപ്പെടുന്നതാകട്ടെ സമ്പദ് വ്യവസ്ഥയുടെ ഉദ്ധാരണത്തിനും. എന്നാല്‍ പുതിയ ഭേദഗതി നടപ്പില്‍ വരുന്നതോടെ നിക്ഷേപങ്ങളുടെ ഒരു നല്ല പങ്ക് സ്വകാര്യ മൂലധനമായി വഴിമാറാനുള്ള സാദ്ധ്യതകള്‍ തെളിയുകയാണ്. പൊതു വിഭവം സ്വകാര്യ മൂലധനമാക്കി മാറ്റിയെടുക്കുന്ന ആഗോളീകരണ തന്ത്രം തന്നെയാണ് ഈ നിര്‍ദ്ദേശത്തിന്റെ പിന്നില്‍ എന്ന കാര്യത്തില്‍ സംശയമില്ല.
ബാങ്കിംഗിന്റെ വിദേശവല്‍ക്കരണം
ദേശസാല്‍കൃത ബാങ്കുകളിലേയും സ്വകാര്യ ബാങ്കുകളിലേയും ഓഹരി ഉടമകള്‍ക്ക് ലഭ്യമായ വോട്ടവകാശത്തിന്റെ പരിധി ഉയര്‍ത്തിയതിന്റെ പിന്നില്‍ ദീര്‍ഘകാല മൂലധന താല്പര്യങ്ങളുണ്ട്. ദേശസാല്‍കൃത ബാങ്കുകളുടെ കാര്യത്തില്‍ നിലവിലുള്ള ഒരു ശതമാനമെന്ന പരിധിയാണ് പത്ത് ശതമാനമായി വര്‍ദ്ധിക്കാന്‍ പോകുന്നത്. സ്വകാര്യ ബാങ്കുകളുടെ കാര്യത്തില്‍ പത്ത് എന്ന ഇപ്പോഴത്തെ പരിധി ഇരുപത്താറ് ശതമാനമായി ഉയരും. വിദേശ സ്ഥാപനങ്ങളുടെ ഒരു ചിരകാലാഭിലാഷമാണ് ഇതോടെ പൂവണിയുന്നത്. നിലവില്‍ പൊതുമേഖലാ ബാങ്കില്‍ ഇരുപതു ശതമാനം വരെ വിദേശ നിക്ഷേപം അനുവദനീയമാണ്. സ്വകാര്യ ബാങ്കുകളില്‍ ഇത് 74 ശതമാനമാണ്. എന്നാല്‍ വോട്ടവകാശത്തിന്റെ പരിധി നിയന്ത്രണം നിമിത്തം വിദേശ നിക്ഷേപകര്‍ക്ക് ബാങ്കുകളുടെ ഭരണപരമോ, നയപരമോ ആയ വിഷയങ്ങളില്‍ ഇടപെടാന്‍ കഴിയുന്നില്ല. മുടക്കുന്ന പണത്തിന് പരമാവധി ലാഭം ലഭിക്കണമെന്ന നിഷ്കര്‍ഷയുള്ള വിദേശ മുതലാളിമാര്‍ക്ക് അവരുടെ ഇംഗിതം ഇന്ത്യന്‍ ബാങ്കുകളുടെമേല്‍ അടിച്ചേല്പിക്കാന്‍ ഈ ഭേദഗതി വഴിയൊരുക്കും. ഇന്ത്യയിലെ സ്വകാര്യ ബാങ്കുകളുടെ ഓഹരികളില്‍ മുതല്‍ മുടക്കിയിരിക്കുന്ന വിദേശ നിക്ഷേപകരും സ്ഥാപനങ്ങളും മാസംതോറും നടത്താറുള്ള വീഡിയോ കോണ്‍ഫറന്‍സുകളിലൂടെയും മറ്റും ബാങ്ക് മേധാവികളുടെ മേല്‍ ചുമത്തുന്ന സമ്മര്‍ദ്ദങ്ങളെക്കുറിച്ച് ധാരാളം കേള്‍ക്കാറുണ്ട്. ഓരോ പാദാന്ത്യത്തിലും കൂടുതല്‍ ഉയര്‍ന്ന ലാഭത്തിന്റെ കണക്കുകളാണ് അവര്‍ക്ക് വേണ്ടത്. വായ്പകളില്‍ നിന്ന് കൂടുതല്‍ ലാഭക്ഷമമായ മേഖലകളിലേക്ക് ബാങ്ക് നിക്ഷേപങ്ങള്‍ വഴിമാറിയൊഴുകാന്‍ തുടങ്ങിയതിന്റെ കാരണവും മറ്റൊന്നല്ല. കൂടുതല്‍ വോട്ടവകാശം ലഭിക്കുന്നതോടെ സ്വകാര്യ ഓഹരി ഉടമകള്‍ മെച്ചപ്പെട്ട ലാഭത്തിനു വേണ്ടിയുള്ള സമ്മര്‍ദ്ദ തന്ത്രങ്ങള്‍ ശക്തിപ്പെടുത്തും. കൃഷി അടക്കമുള്ള ഉല്പാദന മേഖലകളില്‍ നിന്നുള്ള ബാങ്കുകളുടെ പിന്മാറ്റം അതോടെ പൂര്‍ണ്ണമാവുകയും ചെയ്യും.
വോട്ടവകാശപരിധി ഉയര്‍ത്തുന്നതോടെ ഇന്ത്യന്‍ ബാങ്കുകളില്‍ മുതല്‍ മുടക്കാനുള്ള മത്സരം മുറുകാന്‍ പോവുകയാണ്. ബില്‍ പാസ്സായതിന്റെ പിറ്റേ ദിവസം ബാങ്കുകളുടെ ഓഹരി വിലയിലുണ്ടായ വന്‍കുതിച്ചു ചാട്ടം അതിന്റെ ദിശാസൂചിയാണ്. പ്രശ്നം കേവലം ഉടമസ്ഥതയുടെയോ വോട്ടവകാശത്തിന്റേയോ അല്ല. ഇന്ത്യന്‍ ബാങ്കിംഗിന്റെ മുഖം മാറുന്നു എന്നതാണ് അടിസ്ഥാനപരമായ പ്രശ്നം.
ബാങ്കിംഗ് ഒരു വ്യവസായമാണെങ്കിലും ഇന്ത്യയില്‍ അത് നിര്‍വ്വഹിച്ചു പോന്നത് അതിമഹത്തായ ഒരു ദൌത്യമാണ്. നമ്മുടെ സമ്പദ് വ്യവസ്ഥ സാക്ഷാല്‍ക്കരിക്കുക എന്ന ചരിത്രദൌത്യം. കൃഷി, ചെറുകിട വ്യവസായം, ചില്ലറ വ്യാപാരം, പരമ്പരാഗത വ്യവസായങ്ങള്‍, കരകൌശലം, എന്നിങ്ങനെ സമ്പദ് വ്യവസ്ഥയുടെ സമസ്തമേഖലയിലേക്കും ചെന്നെത്തിയാണ് ബാങ്കിംഗ് ആ ദൌത്യം നിറവേറ്റിയത്. എന്നാല്‍ മുതലാളിത്തത്തെ സംബന്ധിച്ചിടത്തോളം ബാങ്കിംഗ് അനന്തമായ ലാഭസാധ്യതകളുള്ള ഒരു വ്യവസായമാണ്. പൊതു നിക്ഷേപത്തെ ഓഹരിക്കമ്പോളത്തിലേക്കും അവധിവ്യാപാരത്തിലേക്കും, അപകടസാദ്ധ്യത ഏറെയുള്ള ഡെറിവേറ്റീവുകളിലേക്കും ഒഴുക്കിക്കൊണ്ട് വിപണിയെ കൈയ്യിലെടുത്ത് അമ്മാനമാടാനുള്ള ത്വരയാണ് മൂലധന നാഥന്മാരെ നയിക്കുന്നത്. ഇന്ത്യന്‍ ബാങ്കുകളില്‍ സമാഹ്യതമായ 70 ലക്ഷം കോടിരൂപയോളം വരുന്ന നിക്ഷേപത്തിന്റെ ലാഭസാദ്ധ്യതയാണ് അവരെ ഉന്മാദം കൊള്ളിക്കുന്നത്. വോട്ടവകാശം വര്‍ദ്ധിക്കുന്നതോടെ ബാങ്കുകളുടെ നിയന്ത്രണം കയ്യടക്കാനുള്ള നീക്കങ്ങള്‍ക്ക് വേഗതകൂടും. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചക്ക് കരുത്തേകിയ നമ്മുടെ ബാങ്കിംഗ് സമ്പ്രദായം അതോടെ പഴങ്കഥയായി മാറുകയും ചെയ്യും.
സഹകരണ മേഖല : മായുന്ന അതിര്‍വരമ്പുകള്‍
2012-ല്‍ സഹകരണ മേഖലക്ക് ലഭിക്കുന്ന രണ്ടാമത്തെ പ്രഹരമാണ് ബാങ്കിംഗ് നിയമ ഭേദഗതി. ഈ വര്‍ഷം തുടക്കത്തില്‍ പ്രാബല്യത്തില്‍ വന്ന 97-ാം ഭരണഘടനാ ഭേദഗതിയാണ് ആദ്യത്തെ അടി. ഭരണഘടനയുടെ ഏഴാം ഷെഡ്യൂള്‍ പ്രകാരം സംസ്ഥാനപ്പട്ടികയില്‍പ്പെടുന്ന സഹകരണ മേഖലയെ ഈ ഭേദഗതിയിലൂടെ കേന്ദ്രം തട്ടിയെടുത്തു. അതത് സംസ്ഥാനങ്ങളില്‍ സഹകരണ നിയമം നിലനില്‍ക്കെയാണ്, സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനത്തെ സംബന്ധിച്ച് സമഗ്രമായ വ്യവസ്ഥകള്‍ ഭേദഗതിയുടെ ഭാഗമായി അവതരിപ്പിച്ചത്.
97-ാം ഭരണഘടനാ ഭേദഗതിയും, ബാങ്കിംഗ് നിയമ ഭേദഗതിയിലെ പ്രസക്തമായ വകുപ്പുകളും ചേര്‍ത്ത് വച്ച് നോക്കിയാല്‍ ഒരു കാര്യം നന്നായി ബോദ്ധ്യപ്പെടും. വാണിജ്യ ബാങ്കിംഗും സഹകരണ ബാങ്കിംഗും തമ്മിലുള്ള അതിര്‍വരമ്പുകള്‍ ഒന്നൊന്നായി തകര്‍ക്കപ്പെടുകയാണ്. അഥവാ, അതിര്‍വരമ്പുകള്‍ ഇല്ലാതാക്കുന്നതിനുവേണ്ടിയാണ് പുതിയ ഭേദഗതികള്‍ കൊണ്ടുവന്നതുതന്നെ. ഭരണഘടനാ ഭേദഗതിയിലൂടെ സഹകരണ മേഖല, ബാങ്കിംഗ് മേഖല പോലെ തന്നെ, കേന്ദ്രസര്‍ക്കാരിന് നേരിട്ട് ഇടപെടല്‍ നടത്താന്‍ കഴിയുന്ന ഒന്നായി. ബാങ്കിംഗ് നിയമ ഭേദഗതി അംഗീകരിക്കപ്പെട്ടതോടെ, ബാങ്കിംഗ് മേഖലയുടെ നിയന്ത്രണാധികാരം കയ്യാളുന്ന റിസര്‍വ് ബാങ്കിന് സഹകരണ മേഖലയുടെ മേല്‍ സമ്പൂണ്ണാധിപത്യം ചെലുത്താന്‍ കഴിയുന്ന സാഹചര്യവും ഒരുങ്ങിയിരിക്കുന്നു. സഹകരണ സംഘത്തിന് ബാങ്കിംഗ് പ്രവര്‍ത്തനങ്ങള്‍ നടത്തണമെങ്കില്‍ ഇനി ബാങ്കിംഗ് ലൈസന്‍സ് എടുത്തേ മതിയാകൂ. ലൈസന്‍സ് എടുത്താലോ, റിസര്‍വ് ബാങ്കിന് ഏത് സമയത്തും ഇടപെടാം. ഇനി അതിനു തയ്യാറല്ലെങ്കില്‍, ബാങ്കിംഗ് പ്രവര്‍ത്തനം നിര്‍ത്തേണ്ടിവരും. അങ്ങനെ വന്നാല്‍ അംഗങ്ങള്‍ക്കും ഇടപാടുകാര്‍ക്കും ബാങ്കിംഗ് സേവനങ്ങള്‍ നല്‍കാന്‍ സംഘങ്ങള്‍ക്ക് കഴിയില്ല.
സഹകരണ മേഖലയില്‍ റിസര്‍വ് ബാങ്കിന്റെ നിയന്ത്രണം ശക്തമാക്കുന്നതുകൊണ്ട് എന്താണ് കുഴപ്പമെന്ന് നിഷ്ക്കളങ്കമായി ചോദിക്കുന്നവരുണ്ടാകാം. സഹകരണ പ്രസ്ഥാനത്തിന്റെ ജനകീയ സ്വഭാവം പാടേ നഷ്ടപ്പെടുമെന്നതാണ് ആ ചോദ്യത്തിനുള്ള ആദ്യത്തെ ഉത്തരം. ബാങ്കിംഗ് ലൈസന്‍സിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തനം നടത്തുന്ന ഏതൊരു സ്ഥാപനത്തിന്റെ മേലും ബാങ്കിംഗ് റെഗുലേഷന്‍ നിയമത്തിലെ എല്ലാ വ്യവസ്ഥകളും ബാധകമാക്കാന്‍ റിസര്‍വ് ബാങ്കിന് അധികാരമുണ്ട്. അതുപോലെതന്നെ, ദൈനംദിന നടത്തിപ്പ്, മൂലധനപര്യാപ്തത, അക്കൌണ്ടിങ്ങ്, വായ്പാവിതരണം, പലിശ നിശ്ചയിക്കല്‍, ഭരണ നിര്‍വ്വഹണം, ശാഖകള്‍ തുറക്കല്‍ എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ കാലാകാലങ്ങളില്‍ റിസര്‍വ് ബാങ്ക് സ്വീകരിക്കുന്ന നയപരമായ തീരുമാനങ്ങളും ഈ സ്ഥാപനങ്ങള്‍ക്ക് ബാധകമാകും. ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സഹകരണ മേഖലയിലുള്ള നിയന്ത്രണാധികാരങ്ങള്‍ ഇത്തരം കാര്യങ്ങളില്‍ ഒരു പരിധിവരെ തടയായി നിന്നേക്കാമെങ്കിലും, 97-ാം ഭരണഘടനാ ഭേദഗതി പൂര്‍ണ്ണമായും പ്രാബല്യത്തില്‍ വരുന്നതിന്റെ ഫലമായി സംസ്ഥാന സര്‍ക്കാരുകള്‍, സഹകരണ ചിത്രത്തില്‍ നിന്ന് പുറത്താകുമ്പോള്‍, സാഹചര്യങ്ങള്‍ അടിമുറി മാറിയേക്കാം. മൂലധന മാനദണ്ഡങ്ങളുടെയും മറ്റും കാര്യത്തില്‍ വാണിജ്യ ബാങ്കുകള്‍ക്ക് ബാധകമായ വ്യവ്സ്ഥകള്‍ ഇപ്പോള്‍ സഹകരണ സ്ഥാപനങ്ങള്‍ക്ക് ബാധകമല്ലെങ്കിലും, നാളെ അത് അങ്ങോട്ട് കൂടി വ്യാപിപ്പിക്കണമെങ്കില്‍ റിസര്‍വ് ബാങ്കിന്റെ ഭരണപരമായ ഒരു ഉത്തരവ് മാത്രം മതിയാകും എന്നോര്‍ക്കുക. അതിനിനി പാര്‍ലമെന്റിന്റെ മറ്റൊരു അനുമതി ആവശ്യമില്ല.
ബില്ലിലെ പുതിയ ഭേദഗതി അനുസരിച്ച് റിസര്‍വ് ബാങ്കിന് ഏതു സഹകരണ ബാങ്കിലും ഓഡിറ്റിങ്ങ് നടത്താം. നിലവിലുള്ള ഓഡിറ്റിങ്ങ് സംവിധാനത്തിന് പുറമേയാണ് ഇത്. അതിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത് റിസര്‍വ് ബാങ്കിനാണ്. സംസ്ഥാന സര്‍ക്കാരിന് ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കാന്‍ നിയമത്തില്‍ വകുപ്പില്ല എന്നത് ശ്രദ്ധേയമാണ്. സ്വാഭാവികമായും, റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ റിസര്‍വ് ബാങ്കിന് യുക്തമായ എന്ത് നടപടികളും സ്വീകരിക്കാന്‍ അധികാരമുണ്ടാകും.
മൂലധനപര്യാപ്തതാ മാനദണ്ഡം (Capital adequacy norms), നിഷ്ക്രിയ ആസ്തികള്‍ (Non performing assets) തരം തിരിക്കുന്നതിനെ സംബന്ധിച്ചും അതിലേക്കായി മൂലധനത്തില്‍ നിന്നും വകയിരുത്തുന്നതിനെ സംബന്ധിച്ചുമുള്ള വ്യവസ്ഥകള്‍, ബാസല്‍ ചട്ടങ്ങളനുസരിച്ചുള്ള റിസ്ക് മാനദണ്ഡങ്ങള്‍ തുടങ്ങിയവയൊക്കെ സഹകരണ മേഖലയിലും അന്ധമായി നടപ്പാക്കുന്നതിനുള്ള സാഹചര്യങ്ങളാണ് ഇതിലൂടെ ഉരുത്തിരിഞ്ഞു വരുന്നത്. സ്വാഭാവികമായും, വായ്പകള്‍ നല്‍കാനുള്ള ബാങ്കുകളുടെ ശേഷിയെയും, വായ്പാ തീരുമാനങ്ങളെടുക്കാനുള്ള അവയുടെ സ്വാതന്ത്ര്യത്തേയും അത്തരമൊരു സാഹചര്യം ദോഷകരമായി ബാധിക്കുക തന്നെ ചെയ്യും. മറ്റൊരപകടം, പൊതു വിതരണരംഗത്തും മറ്റും ശക്തമായി ഇടപെടാനുള്ള സഹകരണ മേഖലയുടെ സ്വാതന്ത്ര്യം ഹനിക്കപ്പെടുമെന്നതാണ്. സാമൂഹ്യ പ്രതിബദ്ധതയുടെ പേരില്‍ ബാങ്കുകള്‍ ഏറ്റെടുക്കുന്ന അത്തരം ദൌത്യങ്ങള്‍ ബാങ്കിംഗ് പ്രവര്‍ത്തനമല്ല എന്ന കാരണത്താല്‍ തടയപ്പെടാനുള്ള സാദ്ധ്യതകള്‍ തള്ളിക്കളഞ്ഞുകൂടാ. റിസര്‍വ് ബാങ്കിനെ ഭരിക്കുന്നത് സാമൂഹ്യ പ്രതിബദ്ധതയുടെ തത്ത്വങ്ങളല്ലല്ലോ.
സഹകരണ ബാങ്കുകളുടെ നിക്ഷേപങ്ങളുടെ നാല്പത് ശതമാനത്തില്‍ കവിയാത്ത തുക റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിക്കുന്ന ആസ്തികളില്‍ സൂക്ഷിക്കണമെന്ന നിര്‍ദ്ദേശത്തിലും ആഗോളീകരണ അജണ്ട ഒളിപ്പിച്ചുവെച്ചിട്ടുണ്ട്. നിലവിലുള്ള വ്യവസ്ഥയനുസരിച്ച് സഹകരണ സ്ഥാപനങ്ങളുടെ നിക്ഷേപങ്ങളുടെ 25 ശതമാനം സൂക്ഷിക്കേണ്ടത് സംസ്ഥാന, ജില്ലാ സഹകരണ ബാങ്കുകളിലും, ഇതര സഹകരണ സ്ഥാപനങ്ങളിലുമാണ്. ആ വ്യവസ്ഥക്ക് പകരമാണ് പുതിയ ഭേദഗതി നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നത്. പ്രാഥമിക സഹകരണ സ്ഥാപനങ്ങളുടെ നിക്ഷേപമാണ് ജില്ലാ സഹകരണ ബാങ്കുകളുടെ മുഖ്യ വിഭവ സ്രോതസ്സ് എന്നിരിക്കെ, ഈ പുതിയ വ്യവസ്ഥ ജില്ലാ ബാങ്കുകളുടെ മരണമണിയായി പരിണമിക്കും. അതുമാത്രമല്ല അപകടം. റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിക്കുന്ന ആസ്തികള്‍, നേരത്തേ ചൂണ്ടിക്കാണിച്ചതുപോലെ, വിദേശിയും സ്വദേശിയുമായ ധനകാര്യ സ്ഥാപനങ്ങളുടെ വിവിധ ധനോല്പന്നങ്ങളായിരിക്കും. ബോണ്ടുകള്‍ മുതല്‍ ഡെറിവേറ്റീവ് വരെയുള്ള ആസ്തികള്‍ അവയില്‍പെടും. ചുരുക്കത്തില്‍, നാട്ടിലെ ജനങ്ങള്‍ അയല്‍പ്പക്കത്തുള്ള സഹകരണ ബാങ്കില്‍ നിക്ഷേപിക്കുന്ന ധനത്തിന്റെ ഒരു വിഹിതം പോലും ധനമൂലധനത്തിന് വിളയാനുള്ള കളിപ്പന്താകാന്‍ പോകുന്നു ഏന്നതാണ് ഈ ഭേദഗതിയുടെ കാതല്‍. ജനങ്ങളോട് ഉത്തരവാദപ്പെട്ട സര്‍ക്കാരുകള്‍ ഇത്തരം നീക്കങ്ങളെ അനുകൂലിക്കുകയില്ലെന്നതു കൊണ്ടാണ് ഭരണഘടനാ ഭേദഗതി വഴി അവയെ പിന്‍വാതില്‍ വഴി പടികടത്തിവിടുന്നത്.
നേരത്തേ സൂചിപ്പിച്ചതു പോലെ, സഹകരണ മേഖലക്കും വാണിജ്യ ബാങ്കിംഗിനുമിടയിലുള്ള അതിര്‍വരമ്പുകള്‍ ഫലത്തില്‍ ഇല്ലാതാക്കുന്ന നയങ്ങളാണ് ഇവിടെയിനി പ്രാവര്‍ത്തികമാക്കാന്‍ പോകുന്നത്. അതിന്റെ ഉദ്ദേശ്യമാകട്ടെ, ഇരുമേഖലകളില്‍ നിന്നുമുള്ള നിക്ഷേപങ്ങളെ മൂലധനനാഥന്മാരുടെ കാല്‍ക്കല്‍ എത്തിച്ചുകൊടുക്കലും. അതോടൊപ്പം, അധികമായികിട്ടുന്ന വോട്ടവകാശം ഉപയോഗപ്പെടുത്തിക്കൊണ്ട് ബാങ്കുകളുടെ നയങ്ങളെ സ്വാധീനിക്കുകയും അതുവഴി തങ്ങളുടെ മുലധന നിക്ഷേപങ്ങള്‍ക്ക് കൂടുതല്‍ ലാഭം നേടുകയും ചെയ്യാനുള്ള സുവര്‍ണ്ണാവസരം മറുവശത്ത് കാത്തുനില്‍ക്കുന്ന . ഇവിടെ ഹോമിക്കപ്പെടുന്നത് ഒരു ജനതയുടെ കുതിപ്പിന്റെ സ്വപ്നങ്ങളാണ്. ഗ്രാമ ഗ്രാമാന്തരങ്ങളില്‍ ജീവിക്കുന്ന കോടിക്കണക്കിന് നിസ്വരെ സമ്പദ് വ്യവസ്ഥയുടെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുള്ള നയങ്ങള്‍ക്ക് വന്‍ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. ബാങ്കുകളിലെ ജീവനക്കാരുടെ മാത്രം സമരമല്ല, രാജ്യത്താകെയുള്ള, ജനങ്ങളുടെ പ്രക്ഷോഭമാണ് ഇതിനെതിരായി ഉയര്‍ന്നുവരേണ്ടത്.
*****
വി. കെ. പ്രസാദ്

No comments:
Post a Comment