Sunday, January 6, 2013

വികേന്ദ്രീകൃത ആസൂത്രണം സ്തംഭനത്തില്‍

ലോകത്തിന്റെ മുന്നില്‍ കേരളത്തിന്റെ അഭിമാനവും മറ്റുപലരുടെയും അസൂയയുമായിരുന്നു നമ്മുടെ വികേന്ദ്രീകൃത ആസൂത്രണം. വര്‍ഷംതോറും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സുതാര്യവും ജനകീയവും ശാസ്ത്രീയവുമായ രീതിയില്‍ പ്രാദേശികപദ്ധതികള്‍ തയ്യാറാക്കി വന്നത് സമാനതകളില്ലാത്ത അനുഭവമായിരുന്നു. കഴിഞ്ഞ പതിനഞ്ചുവര്‍ഷം തുടര്‍ച്ചയായി നടന്ന പ്രക്രിയയാണിത്. 2012-13ല്‍ ഇത് അട്ടിമറിക്കപ്പെട്ടിരിക്കുന്നു.

ഡിസംബര്‍ അവസാനിക്കുമ്പോള്‍ അവസ്ഥ ഇതാണ്: ഇതുവരെ അംഗീകാരം ലഭിച്ചത് വെറും 35 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതികള്‍ക്കു മാത്രം. പലരും പദ്ധതിരേഖ പോയിട്ട് പ്രോജക്ടുകള്‍ പോലും പൂര്‍ണമായി ഇനിയും അംഗീകാരത്തിനായി സമര്‍പ്പിച്ചിട്ടില്ല. 1.47 ലക്ഷം പ്രോജക്ടുകള്‍ അംഗീകരിച്ചു, ഇനി ഏതാണ്ട് 40,000 പ്രോജക്ടുകള്‍ മാത്രമേ ബാക്കിയുളളൂ എന്നാണ് സര്‍ക്കാര്‍ കണക്ക്. പക്ഷേ, അംഗീകരിച്ച പ്രോജക്ടുകളില്‍ മഹാഭൂരിപക്ഷവും ഗ്രാമപഞ്ചായത്തുകളുടേതാണ്. ബാക്കിയുളള തട്ടുകളിലെ സമര്‍പ്പിച്ച പ്രോജക്ടുകളുടെയും അംഗീകാരം ഇനിയും ലഭിക്കാനുളളവയുടെയും കണക്കുകളിതാ. ജില്ലാ പഞ്ചായത്തിന്റെ അംഗീകരിച്ച പ്രോജക്ടുകള്‍ 2058, അംഗീകരിക്കാനുളള പ്രോജക്ടുകള്‍ 6046. കോര്‍പ്പറേഷന്റെ അംഗീകരിച്ച പ്രോജക്ടുകള്‍ 2286, അംഗീകരിക്കാനുളള പ്രോജക്ടുകള്‍ 2185. ബ്ലോക്ക് പഞ്ചായത്ത് അംഗീകരിച്ച പ്രോജക്ടുകള്‍ 7960, അംഗീകരിക്കാനുളള പ്രോജക്ടുകള്‍ 4990. നമ്മുടെ മേല്‍ത്തട്ട് സ്ഥാപനങ്ങളിലെ ഭൂരിപക്ഷം പ്രോജക്ടുകള്‍ക്കും അംഗീകാരം ലഭിച്ചിട്ടില്ല. ഗ്രാമപഞ്ചായത്തുകളിലെ പ്രോജക്ടുകളുടെ അംഗീകാരം വെറും പ്രഹസനമാണ്. സെക്രട്ടറിയാണ് നിര്‍വഹണ ഉദ്യോഗസ്ഥന്‍. അപ്പോള്‍ അംഗീകാരം നല്‍കേണ്ടത്, അദ്ദേഹത്തിന്റെ മേലുദ്യോഗസ്ഥനായ ജില്ലാ പഞ്ചായത്ത് ഓഫീസര്‍ ആണ്. ജില്ലാ പഞ്ചായത്ത് ഓഫീസറുടെ ഓഫീസിലെ ഒരു ജീവനക്കാരന്‍ പ്രോജക്ടുകള്‍ വരുന്ന മുറയ്ക്ക് ഓണ്‍ലൈനായി അംഗീകാരം കൊടുത്തുകൊണ്ടിരിക്കുന്നുവെന്നാണ് കേള്‍വി.

പദ്ധതി രൂപീകരണ നിര്‍വ്വഹണത്തിലെ സ്തംഭനാവസ്ഥയെക്കുറിച്ച് ഞാനവതരിപ്പിച്ച ഒരു അടിയന്തിര പ്രമേയത്തോടുകൂടിയാണ് കഴിഞ്ഞ നിയമസഭാ സമ്മേളനം ആരംഭിച്ചത്. ഇപ്പോള്‍ കഴിഞ്ഞ ഈ നിയമസഭാ സമ്മേളനം അവസാനിച്ചത് ഇതു സംബന്ധിച്ച മറ്റൊരു അടിയന്തര പ്രമേയത്തോടെയാണ്. കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ എന്തെല്ലാം ആശങ്കകളാണോ സഭയില്‍ ഉന്നയിച്ചത്, അതെല്ലാം പൂര്‍ണ്ണമായി ശരിവയ്ക്കുന്ന അനുഭവങ്ങളാണ് 5 മാസക്കാലത്തിനിടയില്‍ ഉണ്ടായത്. അന്നത്തെ അടിയന്തരപ്രമേയത്തിന് ഗ്രാമവികസന വകുപ്പുമന്ത്രിയുടെ മറുപടി ഇതായിരുന്നു: ""മുന്‍കാലങ്ങളില്‍ ഒരു ഉത്തരവ് ഇറക്കിയാല്‍ അടുത്ത ആഴ്ച വേറൊരു ഉത്തരവിറങ്ങും. പിന്നത്തെ ആഴ്ച മറ്റൊരു ഉത്തരവിറങ്ങും. ഇതുസംബന്ധിച്ച് ഇവിടെ ആക്ഷേപം ഉണ്ടായതാണ്. ഇത്തവണ യാതൊരു ആക്ഷേപത്തിനും ഇടയില്ലാതെ എല്ലാ റിപ്പോര്‍ട്ടും സമാഹരിച്ചുകൊണ്ട് കൃത്യമായ ഉത്തരവ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇത്തവണ സെപ്തംബര്‍ മാസത്തില്‍ പദ്ധതി ആരംഭിക്കും. കാരണം അടുത്ത വര്‍ഷത്തെ പദ്ധതി ജനുവരി 9നുമുമ്പായി അംഗീകരിക്കും"". ഇപ്പോള്‍ ഡിസംബര്‍മാസം അവസാനിക്കാന്‍ പോകുമ്പോള്‍ ഉളള നില ഞാന്‍ നേരത്തെ വിശദീകരിച്ചു. കേവലം അടങ്കലിന്റെ 5 ശതമാനം പണമാണ് ഇതുവരെ ചെലവഴിച്ചത്. പൂരക പോഷകാഹാരം തുടങ്ങിയ കാര്യങ്ങള്‍ക്ക് അംഗണവാടികള്‍ക്ക് കൈമാറിയ പണമാണിത്. ഇതാണ് അവസ്ഥ. ഒരു ഉത്തരവും ഇനി മാറ്റുകയില്ലെന്ന് മന്ത്രി അന്ന് പറഞ്ഞു. പക്ഷേ, ഇറക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശക തത്വങ്ങളില്‍ ഇനി മാറ്റാന്‍ എന്താണുള്ളത് എന്ന ചോദ്യത്തിനു മുന്നില്‍ ഇത്തവണ മന്ത്രി നിശ്ശബ്ദനായി. പദ്ധതിരൂപീകരണ ഉത്തരവിന്റെ പകുതിയും നടപടിക്രമങ്ങള്‍ സംബന്ധിച്ചുളളതാണ്. രണ്ടു മാസക്കാലം കൊണ്ട് ഈ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയില്ല എന്ന് അന്നേ ചൂണ്ടിക്കാണിച്ചതാണ്. ഇന്ന് പഞ്ചവത്സര പദ്ധതിയെക്കുറിച്ച് ആരുമൊന്നും ഉരിയാടുന്നില്ല. രണ്ടാം വര്‍ഷത്തെ പദ്ധതിയുടെ പ്രോജക്ടുകള്‍ പിന്നീടു സമര്‍പ്പിച്ചാല്‍ മതിയെന്ന് ഉത്തരവായിട്ടുണ്ട്. നടപ്പുവര്‍ഷത്തെ പദ്ധതി പ്രോജക്ടുകളുടെ സമര്‍പ്പണവും അംഗീകാരവും സംബന്ധിച്ച കണക്കാണ് തുടക്കത്തില്‍ നല്‍കിയത്. നടപടിക്രമങ്ങള്‍ പാലിച്ചതിേന്‍റയും ഗ്രാമസഭ കൂടിയതിന്റെയും സെമിനാര്‍ നടത്തിയതിേന്‍റയും കര്‍മ്മസമിതി കൂടിയതിന്റേയും രേഖകള്‍ ഡിപിസി പരിശോധിക്കേണ്ടതില്ലെന്ന് ഉത്തരവ് കൊടുത്തിരിക്കുകയാണ്. അതിനര്‍ത്ഥം ആരും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെങ്കിലും പ്രശ്നമില്ല എന്നാണ്. പ്രോജക്ടുകള്‍ ഉണ്ടായല്‍ മതി. പദ്ധതിരേഖ പോലും ജില്ലാ ആസൂത്രണ സമിതി അംഗീകരിക്കേണ്ടതില്ല. അറിവിലേയ്ക്കായി പിന്നീട് സമര്‍പ്പിച്ചാല്‍ മതി. പദ്ധതിരേഖ വേണ്ടെങ്കില്‍ പിന്നെന്ത് ആസൂത്രണം?

സര്‍ക്കാര്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദ്ദേശപ്രകാരം പദ്ധതിരേഖ തയ്യാറാക്കാന്‍ കഴിയില്ല എന്ന് അന്നേ പറഞ്ഞതാണ്. കാരണം മറ്റൊന്നുമില്ല. പാര്‍പ്പിടത്തിന് പണം മാറ്റിവെച്ചാല്‍ പിന്നെ മറ്റുകാര്യങ്ങള്‍ ആസൂത്രണം ചെയ്യാന്‍ പണമുണ്ടാവില്ല എന്നുളളതാണ് ഭൂരിപക്ഷം പഞ്ചായത്തുകളുടെയും സ്ഥിതി. 400 കോടി രൂപ കൂടിയുണ്ടെങ്കിലേ ഏറ്റെടുത്ത ഇ എം എസ് പാര്‍പ്പിട പദ്ധതി തീരൂ. ഭരണത്തില്‍വന്ന സമയത്ത് ബാങ്കുകളില്‍ നിന്ന് തുടര്‍ന്നും വായ്പയെടുക്കാന്‍ അനുവാദം നല്‍കിയിരുന്നെങ്കില്‍ ഈ പദ്ധതി ഇതിനകം പൂര്‍ത്തിയായിരുന്നേനെ. രണ്ടു മഴക്കാലം കഴിഞ്ഞപ്പോള്‍ ആ വീടുകളെല്ലാം പൊട്ടിപ്പൊളിഞ്ഞും കിടന്നിട്ട് ഇപ്പോള്‍ 400 കോടി രൂപ ഹഡ്കോയില്‍ നിന്ന് ലോണ്‍ വാങ്ങിയശേഷം അതുകൊടുത്ത് പൂര്‍ത്തീകരിക്കുമെന്നാണ് പറയുന്നത്. കഴിഞ്ഞ വര്‍ഷമെടുത്ത മറ്റ് പാര്‍പ്പിട പദ്ധതികള്‍ക്ക് 200 കോടി രൂപ അധികം നല്‍കുമെന്ന് മന്ത്രി പറഞ്ഞു. നല്ല കാര്യം. ഈ വര്‍ഷത്തെ 55,000 വീടിന്റെ 820 കോടി രൂപ എവിടെനിന്നാണ് ലഭിക്കുക? ഇതിന് ഉത്തരമില്ല. നിയമസഭയില്‍ ഇപ്പോള്‍ അവതരിപ്പിച്ച സപ്ലിമെന്ററി ഡിമാന്‍ഡ്സില്‍ പാര്‍പ്പിടത്തിനായി ഒരു രൂപ പോലും അധികമായി വകയിരുത്തിയിട്ടില്ല. അതിനര്‍ത്ഥം ഒന്നുകില്‍ ഇത് നല്‍കാന്‍ ഉദ്ദേശിക്കുന്നില്ല. ഈ വര്‍ഷത്തെ കേന്ദ്രത്തില്‍നിന്നുള്ള പാര്‍പ്പിടപദ്ധതി ഉപേക്ഷിക്കാമെന്നു കരുതിയിട്ടുണ്ടാകും. അതല്ലെങ്കില്‍ ഈ വര്‍ഷം ഒരു പണവും ചെലവാകാന്‍ പോകുന്നില്ലായെന്നായിരിക്കും ഭരണക്കാരുടെ ധാരണ. അതുകൊണ്ട് പ്രശ്നങ്ങള്‍ തീരുമോ? അടുത്ത വര്‍ഷമാകുമ്പോള്‍ ഈ വര്‍ഷത്തെ ബാധ്യത കൂടിവരികയില്ലേ? പദ്ധതി രേഖ എങ്ങനെയാണ് കൂട്ടിക്കെട്ടേണ്ടത് എന്നതിനെക്കുറിച്ച് ആര്‍ക്കുമറിയില്ല. ആയതിനാല്‍ പദ്ധതിതന്നെ നോക്കേണ്ടായെന്നുള്ള നിലയില്‍ എത്തിയിരിക്കുകയാണ്. പദ്ധതി രേഖയെന്നുവെച്ചാല്‍ ചടങ്ങല്ല. മൊത്തം പദ്ധതി അടങ്കലിന്റെ തോതിലുളള പ്രോജക്ടുകളാണോ തയ്യാറാക്കിയിട്ടുളളത്? ഇതിനകം സമര്‍പ്പിക്കപ്പെട്ട പ്രോജക്ടുകളുടെ ആകെ അടങ്കല്‍ തുക ഏകദേശം പതിനായിരം കോടി രൂപയാണ്. സാധാരണഗതിയില്‍ മുന്‍കാലങ്ങളില്‍ പദ്ധതി അടങ്കല്‍ സര്‍ക്കാര്‍ നല്‍കുന്ന ഗ്രാന്റിന്റെ ഇരട്ടിയോളം വര്‍ദ്ധിക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ പദ്ധതികളുടെ അടങ്കല്‍ തുകയില്‍ മൂന്നിരട്ടിവര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. അലോക്കേഷന്‍ അനുസരിച്ചാണോ ഇത്തരം പദ്ധതിയുണ്ടാക്കിയിട്ടുള്ളത് എന്ന കാര്യത്തെപ്പറ്റി ആരെങ്കിലും പരിശോധിക്കുന്നുണ്ടോ; വനിതാ ഘടകപദ്ധതിയില്‍ പത്ത് ശതമാനമുണ്ടോയെന്ന് നോക്കിയിട്ടുണ്ടോ? പദ്ധതിരേഖ നോക്കാതെ എങ്ങനെയാണ് പ്രോജക്ടുകള്‍ അംഗീകരിക്കുന്നത്? പദ്ധതിരേഖ ഡിപിസിയുടെ അറിവിലേക്ക് സമര്‍പ്പിച്ചാല്‍ മാത്രം മതി, അംഗീകരിക്കേണ്ടതില്ലെന്ന് പറഞ്ഞാല്‍ പിന്നെ എന്ത് ആസൂത്രണമാണ് ഇവിടെ നടക്കുക?

പദ്ധതിരേഖയുടെ പരിശോധന ഇല്ലാത്തതുകൊണ്ട് വലിയ തോതില്‍ എസ്സിപി/ടിഎസ്പി ഫണ്ട് തിരിമറി ചെയ്യപ്പെടാന്‍ പോവുകയാണ്. പഞ്ചായത്തുകളില്‍ എസ്സിപി/ടിഎസ്പി ഫണ്ടിന്റെ പ്രോജക്ട് പരിശോധിക്കാന്‍ പട്ടികജാതി-പട്ടികവര്‍ഗ ഡിപ്പാര്‍ട്ടുമെന്റ് ഉദ്യോഗസ്ഥനില്ലാത്തതുകൊണ്ട് ഡിഡിപിയുടെ അംഗീകാരത്തോടുകൂടി സെക്രട്ടറി അത് നടപ്പിലാക്കുകയാണ് കീഴ്വഴക്കം. നേരത്തെ ഇറക്കിയ ഉത്തരവുപ്രകാരം ഈ പ്രോജക്ടുകള്‍ എസ്സിപി/ടിഎസ്പി പദ്ധതിയില്‍പ്പെടുത്താന്‍ അനുയോജ്യമാണോയെന്നും അതുപ്രകാരമുള്ള മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുണ്ടോയെന്നും പട്ടികജാതി-പട്ടികവര്‍ഗ വകുപ്പുദ്യോഗസ്ഥന്‍ സര്‍ട്ടിഫൈ ചെയ്യണമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങനെ വേണ്ടെന്ന് വച്ചിരിക്കുകയാണ്. വീട് പണിയുന്നതിനായി എസ്സിപി/ടിഎസ്പി ഫണ്ട് നിര്‍മ്മിതി കേന്ദ്രയെ ഏല്‍പിക്കുകയാണെങ്കില്‍ അവരുടെ സമ്മതപത്രം വേണമെന്ന് പറഞ്ഞിരുന്നു. ഇപ്പോള്‍ അതും വേണ്ടെന്ന് വച്ചിരിക്കുകയാണ്. അപ്പോള്‍, എസ്സിപി/ടിഎസ്പി ഫണ്ടുപയോഗിച്ചുള്ള പ്രോജക്ടുകള്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് നടപ്പിലാക്കുമെന്ന് ഈ പരിശോധനയില്‍ എങ്ങനെയാണ് ഉറപ്പുവരുത്തുന്നത്? പ്രോജക്ട് പരിശോധന തന്നെ പ്രഹസനമാണ്. കമ്പ്യൂട്ടര്‍ വഴി നല്‍കുന്ന പ്രോജക്ട് രേഖയില്‍ പരിശോധനയ്ക്കുളള വിവരങ്ങള്‍ അപര്യാപ്തമാണ്. പ്രോജക്ടിന്റെ പേര്, അത് ഏത് സെക്ടറിലാണെന്നുള്ള കോഡ്, ഏതൊക്കെ സ്രോതസ്സുകളില്‍നിന്നാണ് അതിന് പണം വരുന്നതെന്നുള്ള വിവരം, ഗുണഭോക്താക്കളുടെ എണ്ണം എന്നിവയോടെ ഫിസിക്കല്‍ ടാര്‍ജറ്റ് തീര്‍ന്നു. ഇതില്‍ കൂടുതല്‍ എന്താണ് ഒരു മേലുദ്യോഗസ്ഥന് പരിശോധിക്കാനുള്ളത്? ഇതിന്റെ ആക്ടിവിറ്റി എന്താണ്, ഫിനാന്‍ഷ്യല്‍ അനാലിസിസ് എന്താണ് തുടങ്ങിയ യാതൊരു കാര്യവും പരിശോധനയുടെ വിഷയമാകുന്നില്ല. കഴിഞ്ഞ പത്തുവര്‍ഷമായി കേരളത്തില്‍ ചെയ്യാന്‍ ശ്രമിച്ചുകൊണ്ടിരുന്ന ഓണ്‍ലൈന്‍ പദ്ധതി രൂപീകരണപ്രവര്‍ത്തനം ഈ വര്‍ഷം പരിപൂര്‍ണ്ണതയില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ മൂന്നുവര്‍ഷമായി പദ്ധതി രേഖയുണ്ടാക്കിയതിനുശേഷം ഡേറ്റാ അപ്ലോഡ് ചെയ്തിരുന്നുവെങ്കില്‍ അതിപ്പോള്‍ നേരത്തെയാക്കുകയാണ്. ഇനി പദ്ധതി നിര്‍വ്വഹണത്തിന്റെ കാര്യമെടുക്കാം. പദ്ധതിയുടെ പകുതി അടങ്കല്‍ പൊതു മരാമത്തു പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയാണ് ചെലവഴിക്കുന്നത്. ആ പ്രോജക്ടുകള്‍ക്ക് ഇപ്പോള്‍ അംഗീകാരം ലഭിച്ചിട്ടുണ്ടെങ്കിലും നടപ്പാക്കുന്നതിനു മുമ്പ് സാങ്കേതിക അനുമതി വാങ്ങണം. ആരാണ് അതിനുള്ള സാങ്കേതിക അനുമതി കൊടുക്കുന്നത്? ആ പഞ്ചായത്തിലെ ഉദ്യോഗസ്ഥനല്ല, മേലുദ്യോഗസ്ഥനാണ് അനുമതി കൊടുക്കേണ്ടത്. സാങ്കേതിക അനുമതി പഞ്ചായത്തുകള്‍ക്ക് ഒരു ബാലികേറാമലയാകാന്‍ പോവുകയാണ്. ഇവിടെ കോണ്‍ട്രാക്ടര്‍ രാജാവാകാന്‍പോകുകയാണ്. അഞ്ചുലക്ഷം രൂപയുടെ പരിധിക്കുള്ളിലുള്ള വര്‍ക്കുകള്‍ക്ക് ടെണ്ടര്‍ വിളിക്കേണ്ടതില്ലെന്ന് പറഞ്ഞതോടുകൂടി ഓരോ കോണ്‍ട്രാക്ടര്‍മാരും പ്രോജക്ടുമായി ഉദ്യോഗസ്ഥരെ സമീപിച്ച് കമ്മീഷന്‍ കൊടുക്കുന്ന ഏര്‍പ്പാടിലേക്ക് ഈ ആസൂത്രണം ചെന്നെത്താന്‍ പോവുകയാണ്. ഈ പശ്ചാത്തലത്തില്‍ നാല് നിര്‍ദ്ദേശങ്ങളാണ് മുന്നോട്ടു വെയ്ക്കാനുളളത്. ഒന്നാമതായി, പ്രോജക്ടുകളുടെ അംഗീകാരം പോലെ നിര്‍വ്വഹണ പ്രക്രിയയും കുളമാക്കരുത്. ഇത്രയുമൊക്കെയായ സ്ഥിതിക്ക് പദ്ധതികളുടെ കാലാവധി നീട്ടിക്കൊടുത്ത് സമയമെടുത്ത് ചിട്ടയായ മോണിറ്ററിംഗ് സംവിധാനത്തോടുകൂടി കാര്യങ്ങള്‍ നടത്തണം. രണ്ടാമതായി, കട്ട് ഓഫ് ഡേറ്റ് വേണ്ട. ഏതായാലും പ്രോജക്ട് മാത്രമല്ലേ അംഗീകരിക്കുന്നുള്ളൂ; പദ്ധതി രേഖയുടെ അംഗീകാരം ആവശ്യമില്ലാത്ത സ്ഥിതിക്ക് സമയമെടുത്ത് പ്രോജക്ട് അപ്ലോഡ് ചെയ്യട്ടെ. ഏതായാലും നേരത്തെ നിശ്ചയിച്ച അവസാന സമര്‍പ്പണത്തീയതിയായ ഡിസംബര്‍ അഞ്ചും അംഗീകാരം വാങ്ങാനുളള ഡിസംബര്‍ 10 ഉം ജലരേഖയായിട്ടുണ്ട്.

മൂന്നാമതായി, ഇപ്പോള്‍ പദ്ധതിരേഖ പരിശോധിക്കാതെയാണ് പ്രോജക്ടുകള്‍ക്ക് അംഗീകാരം കൊടുത്തിരിക്കുന്നത്. എന്നാല്‍, ഇനിയെങ്കിലും അടങ്കല്‍ അനുസരിച്ചുളള പ്രോജക്ടുകളാണോ, മേഖലാ നിബന്ധനകള്‍ പാലിച്ചിട്ടുണ്ടോ, എസ്സിപിക്ക് പണം വച്ചിട്ടുണ്ടോ എന്നൊക്കെ ഡിപിസിയെക്കൊണ്ട് പരിശോധിപ്പിക്കണം. എസ്സിപി/ടിഎസ്പിക്കുള്ള പരിഹാരത്തുക വേണ്ടെന്ന് പറഞ്ഞെങ്കിലും പദ്ധതിരേഖ തയ്യാറാക്കി പ്രോജക്ടുണ്ടാക്കി കഴിഞ്ഞതിനുശേഷമാണ് കഴിഞ്ഞവര്‍ഷത്തെ പരിഹാരത്തുക വയ്ക്കണമെന്ന് പറഞ്ഞുകൊണ്ട് ഉത്തരവിറങ്ങുന്നത്. എവിടെനിന്നെടുത്താണ് ആ തുക വയ്ക്കുന്നത്? പ്രോജക്ട് അപ്ലോഡ് ചെയ്തുകഴിഞ്ഞുവെങ്കില്‍ എസ്സിപി/ടിഎസ്പി പ്രോജക്ടുകള്‍ക്കുള്ള പരിഹാരത്തുക എവിടെനിന്നാണ് എടുത്തുവയ്ക്കുക? അതുകൊണ്ട് ഈ നിര്‍വ്വഹണഘട്ടത്തിലെങ്കിലും പദ്ധതിരേഖ പരിശോധിപ്പിച്ച് അംഗീകരിക്കുക. നാലാമതായി, അടുത്ത വര്‍ഷത്തെ പ്രോജക്ടുകളൊക്കെ ഫെബ്രുവരി മാസത്തിനുമുമ്പ് അപ്ലോഡ് ചെയ്യണമെന്ന് പറയുന്നതിനുപകരം ജൂണ്‍മാസംവരെ നീട്ടിക്കൊടുക്കുക.

പ്രതിപക്ഷങ്ങളെ വിശ്വാസത്തിലെടുത്ത് ചര്‍ച്ചയിലൂടെ ഒരു പൊതു അഭിപ്രായസമന്വയത്തിലെത്താനും ഇനിയെങ്കിലും ഈ സര്‍ക്കാര്‍ വൈകരുത്. പഞ്ചായത്തീരാജ് രാജീവ്ഗാന്ധിയുടെ വലിയ സ്വപ്നമാണെന്നൊക്കെ പറയുമ്പോഴും ഇന്ത്യയില്‍ ഇപ്പോള്‍ എന്താണ് നടന്നുകൊണ്ടിരിക്കുന്നത്? കര്‍ണ്ണാടകത്തിന്റെ കഥ ബിജെപി തീര്‍ത്തു. ബംഗാളില്‍ ശ്രീമതി മമത ബാനര്‍ജി ബിഡിഒ രാജ് കൊണ്ടുവന്നിരിക്കുകയാണ്. കോണ്‍ഗ്രസ് ഭരിക്കുന്ന ആന്ധ്രയില്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടത്തിയില്ല, അവിടെ പഞ്ചായത്തില്ല. ഇന്ത്യാരാജ്യം മുഴുവന്‍ ആ നിലയിലേക്ക് പോയിക്കൊണ്ടിരിക്കുന്നു. കേരളവും ത്രിപുരയുമാണ് ഇനി ബാക്കിയുളളത്. ഇന്നത്തെ നിലയിലാണ് പോകുന്നതെങ്കില്‍ കേരളത്തിന്റെയും നില അധോഗതിയായിരിക്കും.

*
ഡോ. ടി എം തോമസ് ഐസക് ചിന്ത വാരിക 04 ജനുവരി 2013

No comments: