Sunday, January 6, 2013

ഇന്ത്യക്കാരെ ഗിനിപ്പന്നികളാക്കരുത്

ബഹുരാഷ്ട്ര തട്ടിപ്പ് ഔഷധക്കമ്പനികള്‍ ഇന്ത്യക്കാരെ ഗിനിപ്പന്നികളായാണ് കാണുന്നതെന്ന് സുപ്രീംകോടതിയുടെ ഡിവിഷന്‍ ബെഞ്ചിന് പറയേണ്ടിവന്നിരിക്കുന്നു. ഔഷധങ്ങളുടെ അനധികൃത മരുന്നു പരീക്ഷണങ്ങള്‍ തടയണമെന്ന് ആവശ്യപ്പെട്ട് ഭോപാലിലെ "സ്വാസ്ഥ്യആധാര്‍ മഞ്ച്" സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെ സുപ്രീംകോടതി ജഡ്ജിമാരായ ആര്‍ എം ലോധ, എ ആര്‍ ദവെ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് കേന്ദ്ര ആരോഗ്യവകുപ്പിനെതിരെ അതിരൂക്ഷമായ വിമര്‍ശമുയര്‍ത്തിയത്.

കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നടപടികളെ ആദ്യമായല്ല സുപ്രീംകോടതി വിമര്‍ശിക്കുന്നത്. നിരവധി കേസില്‍ സുപ്രീംകോടതി ജഡ്ജിമാര്‍ യുപിഎ സര്‍ക്കാരിന്റെ അനാസ്ഥയ്ക്കും കഴിവുകേടിനും അഴിമതിക്കുമെതിരെ അതിരൂക്ഷമായ ഭാഷയില്‍ നിരീക്ഷണം നടത്തേണ്ടിവന്നിട്ടുണ്ട്. എന്നാല്‍, ആവര്‍ത്തിച്ചുള്ള വിമര്‍ശങ്ങളും നിരീക്ഷണങ്ങളും ശ്രദ്ധയില്‍പ്പെട്ടിട്ടും കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ശരിയായ രീതിയിലുള്ള പ്രതികരണമുണ്ടാകുന്നില്ല എന്നതാണ് ദൗര്‍ഭാഗ്യകരമായ സ്ഥിതിവിശേഷം. പാര്‍ലമെന്റിന്റെ ആരോഗ്യസമിതി സ്റ്റാന്‍ഡിങ് കമ്മിറ്റി മരുന്നുപരീക്ഷണത്തിന്റെ കാര്യത്തില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ചിരുന്നു. അതൊന്നും കേന്ദ്രസര്‍ക്കാര്‍ ഗൗരവമായി പരിഗണിച്ചിട്ടില്ല. പുതിയ മരുന്നുകള്‍ ഇന്ത്യക്കാരായ രോഗികളില്‍ പരീക്ഷണം നടത്തിയതിന്റെ ഫലമായി 2005 ജനുവരിക്കും 2012നുമിടയ്ക്ക് 80 പേര്‍ മരിച്ചതായാണ് സുപ്രീംകോടതിയുടെ ശ്രദ്ധയില്‍ വന്നത്. മരണസംഖ്യ ഇതിലും എത്രയോ കൂടുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. മരുന്നുപരീക്ഷണത്തെപ്പറ്റി രോഗികള്‍ക്ക് അറിയാന്‍ കഴിയില്ല. മരണകാരണവും അറിയുന്നില്ല. അതുകൊണ്ടുതന്നെ പുതിയ മരുന്ന് പരീക്ഷിച്ചുണ്ടാകുന്ന കെടുതികള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടാറില്ല. അറിയാനുള്ള സംവിധാനവും നിലവിലില്ല. അതോടൊപ്പം ആയിരക്കണക്കിന് ആളുകള്‍ പുതിയ മരുന്നുപരീക്ഷണങ്ങളുടെ പാര്‍ശ്വഫലങ്ങള്‍ മൂലം നിത്യരോഗികളായി മാറിയ അനുഭവവുമുണ്ട്. ഇതൊന്നും ആരുടെയും ശ്രദ്ധയില്‍പ്പെടാതെ പോകുകയാണ്.

ഈ സാഹചര്യത്തിലാണ് കോടതി അതിനിശിതമായി വിമര്‍ശമുയര്‍ത്താന്‍ നിര്‍ബന്ധിതമായത്. കേന്ദ്രസര്‍ക്കാര്‍ അഗാധമായ നിദ്രയിലാണെന്നും ഔഷധ നിയന്ത്രണം പൂര്‍ണമായും പരാജയപ്പെട്ടിരിക്കുകയാണെന്നും കോടതി ചൂണ്ടിക്കാണിച്ചു. കോടതി മുമ്പ് ചോദിച്ച ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ മറുപടി നല്‍കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. മരുന്നു പരീക്ഷണംമൂലം മരണമടഞ്ഞവരുടെ കാര്യത്തില്‍ സര്‍ക്കാര്‍ എന്തു ചെയ്തു, പാര്‍ശ്വഫലം കാരണം അവശത അനുഭവിക്കുന്നവരുടെ കാര്യത്തില്‍ വല്ലതും ചെയ്തോ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ല.

സെന്‍ട്രല്‍ ഡ്രഗ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനെ ഇക്കാര്യത്തില്‍ വിശ്വസിക്കാന്‍ കൊള്ളില്ലെന്നാണ് കോടതി നിരീക്ഷിച്ചത്. ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതില്‍ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ട്. എന്നാല്‍, സര്‍ക്കാരിന്റെ അനാസ്ഥയും കഴിവുകേടും കാരണം നിയന്ത്രണ സംവിധാനമെല്ലാം പരാജയപ്പെട്ടിരിക്കുകയാണ്. വിഷയം പഠിക്കാന്‍ വിവിധ കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ടെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചെങ്കിലും കോടതി അത് അംഗീകരിച്ചിട്ടില്ല. ഒരു പ്രശ്നമുണ്ടായാല്‍ കമ്മിറ്റികളും കമീഷനുകളും നിശ്ചയിക്കുന്നത് പ്രശ്നപരിഹാരത്തിനല്ല, ജനശ്രദ്ധ താല്‍ക്കാലികമായി മറ്റൊരു വഴിക്ക് തിരിച്ചുവിടാനാണെന്നാണ് സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചത്. കമ്മിറ്റികളുടെ ശുപാര്‍ശകളോ നിഗമനങ്ങളോ യഥാസമയം കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരാറില്ല. ശുപാര്‍ശകള്‍ നടപ്പാക്കാറുമില്ല. ഒടുവില്‍ കേന്ദ്ര ആരോഗ്യവകുപ്പ് സെക്രട്ടറി തന്നെ വിദേശ ബഹുരാഷ്ട്ര കമ്പനികളുടെ മരുന്നു പരീക്ഷണം നേരിട്ട് നിരീക്ഷിക്കുമെന്നും കര്‍ശനമായ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ കോടതിയെ ബോധിപ്പിച്ചു. കേന്ദ്ര ആരോഗ്യവകുപ്പ് സെക്രട്ടറി നേരിട്ട് നിയന്ത്രിക്കണമെന്ന് കോടതി ആവശ്യപ്പെടുകയും ചെയ്തു.

ഇന്ത്യയില്‍ ഔഷധനിയന്ത്രണ സംവിധാനം താറുമാറായിരിക്കുകയാണ്. ബഹുരാഷ്ട്ര കുത്തക മരുന്നുകമ്പനികള്‍ കഠിനമായ ചൂഷണമാണ് നടത്തുന്നത്. മരുന്നുവില അടിക്കടി കുത്തനെ വര്‍ധിപ്പിക്കുകയാണ്. ജീവന്‍രക്ഷാ ഔഷധങ്ങള്‍ക്ക് കൃത്രിമമായി ക്ഷാമം സൃഷ്ടിക്കുകയും വില കണ്ടമാനം വര്‍ധിപ്പിക്കുകയും ചെയ്യുന്നത് പതിവാക്കി. ആരോഗ്യമേഖലയില്‍നിന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പിന്മാറുകയാണ്. ആഗോളവല്‍ക്കരണ നയംതന്നെ സേവനമേഖലയില്‍നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങണമെന്നാണ്. മരുന്നുവിലയും വിപണിയില്‍ നിശ്ചയിച്ചാല്‍ മതിയെന്നാണ് ധാരണ. ഇതുമൂലം രോഗികള്‍ കൊള്ളയടിക്കപ്പെടുന്നു. സ്വന്തമായുള്ളതെല്ലാം വിറ്റും കടംവാങ്ങിയും ചികിത്സയ്ക്കായി ചെലവഴിക്കും. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നിയന്ത്രണമില്ല. സര്‍ക്കാര്‍മേഖലയിലെ ഔഷധക്കമ്പനികള്‍ അടച്ചുപൂട്ടുകയും ചെയ്യുന്നു. എല്ലാം കച്ചവടച്ചരക്കാണ്. ലാഭേച്ഛയാണ് പ്രധാനം. ഈ സാഹചര്യത്തില്‍ ജനങ്ങളെ ബോധവല്‍ക്കരിക്കേണ്ടതുണ്ട്. ജനങ്ങളുടെ ഭാഗത്തുനിന്ന് പ്രതികരണമുണ്ടാകണം. അതുമൂലമേ പരിഹാരമുണ്ടാകൂ.

*
ദേശാഭിമാനി മുഖപ്രസംഗം 05 ജനുവരി 2013

No comments: