Sunday, January 6, 2013

ആക്രമണങ്ങളുടെ രാഷ്ട്രീയം - ഫാസിസ്റ്റ് ബലതന്ത്രം

വാര്‍ത്താ മാധ്യമങ്ങളില്‍ നിറയുന്ന വാര്‍ത്തകളും ചിത്രങ്ങളും മസ്തിഷ്കത്തില്‍ ചുറ്റിക പ്രഹരമാകുമ്പോള്‍, പൊടുന്നനെ മനസ്സില്‍ തെളിയുന്ന ഒരു സമരമുഖം. ഏറെപ്പഴക്കമില്ലാത്ത ഒരു സമരമുഖം. ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്ന ഒരു സമരം. വടക്കുകിഴക്കന്‍ ഇന്ത്യാ പ്രദേശമായ മണിപ്പൂരില്‍ കുറച്ചു സ്ത്രീകള്‍ നഗ്നരായി കണ്‍കളില്‍ അഗ്നിജ്വാലയുമായി തെരുവീഥികളില്‍ നീങ്ങുമ്പോള്‍ അവരുടെ കൈയിലെ പ്ലക്കാര്‍ഡുകളില്‍ ഇങ്ങനെ എഴുതിയിരുന്നു. ""Indian Army Rapes U"". സ്വതന്ത്ര ഇന്ത്യയില്‍ ഇന്ത്യന്‍ സ്ത്രീകള്‍ നടത്തിയ ഒരു പ്രതിരോധ മുറ. അധിനിവേശശക്തികള്‍ ആധിപത്യമുറപ്പിക്കുന്നതിന് സ്വീകരിക്കുന്ന ബശതന്ത്രങ്ങള്‍ക്ക് ചരിത്രത്തില്‍ എത്ര വേണമെങ്കിലും ഉദാഹരണങ്ങളുണ്ട് - രാജാവിന്റെ പടയോട്ടക്കഥകളായാലും സാമ്രാജ്യത്വ ശക്തികളുടെ സാമ്പത്തിക വേട്ടകളായാലും. കീഴ്പ്പെടുന്ന ദേശത്തിന്റെ അവസാന ശബ്ദത്തെപ്പോലും നിശ്ശബ്ദമാക്കാന്‍, ഒരു ദേശത്തിന്റെ സാംസ്കാരികമുഖമോ ജൈവസാന്നിധ്യമോ ആയ പെണ്ണുടലുകള്‍ ആക്രമിച്ചു തകര്‍ക്കുന്ന തന്ത്രങ്ങള്‍ ചരിത്രത്തിലെ ആവര്‍ത്തിത പാഠങ്ങളാണ്.

തലമുറകള്‍ക്കു ജന്മംനല്‍കുന്ന പെണ്ണിനെ കായികമായി കീഴ്പ്പെടുത്തി, അവരുടെ വ്യക്തിത്വത്തെ ശിഥിലമാക്കി, തൃപ്തരാകുന്ന ആക്രമണകാരികള്‍ ചരിത്രത്തില്‍ എത്രയോ ഉണ്ട്. ഒരു ജനതയെ തകര്‍ക്കാന്‍ അവിടത്തെ ഭാഷ തകര്‍ത്താല്‍ മതിയെന്ന ചിന്തപോലെ, അധിനിവേശ ശക്തികളും ഭരണകൂടങ്ങളും എല്ലാക്കാലത്തും എടുത്തു പ്രയോഗിക്കുന്ന ഒരു മര്‍ദ്ദനമുറ. ദേശ ഭൂപടത്തെ വലിച്ചുകീറുന്നതിനുപകരം പെണ്ണുടലുകള്‍ നിര്‍ദ്ദയമായി കീറിമുറിക്കുക എന്ന കിരാതതന്ത്രം. ഏറ്റവും ക്രൂരമായ ഫാസിസ്റ്റ് ബലതന്ത്രം. പക്ഷേ ഈ ആക്രമണങ്ങള്‍ തരുന്ന ഒരു സന്ദേശമുണ്ട്. എല്ലാ ആക്രമണവും പ്രതിരോധത്തിന്റെ തന്ത്രങ്ങളായിരിക്കെ കായികാക്രമണം അസഹിഷ്ണുതയുടെയും അക്ഷമയുടെയും ഭയത്തിന്റെയും അവസാന സാധ്യതയായിട്ടാണ് ഏറ്റെടുക്കപ്പെടുക. പ്രായഭേദമെന്യേ പെണ്ണുടലുകള്‍ നിരന്തരം ആക്രമിക്കപ്പെടുന്ന വര്‍ത്തമാന സാഹചര്യം സങ്കീര്‍ണ്ണമായ ഒട്ടേറെ സാംസ്കാരിക ചോദ്യങ്ങള്‍ ഒരു പുരോഗമന സമൂഹത്തിനുമുന്നില്‍ വയ്ക്കുന്നുണ്ട്. കണക്കെടുപ്പുകള്‍ തകൃതിയായി നടന്നുകൊണ്ടിരിക്കുന്നു. പീഡിതരും പീഡകരും സമരേഖകള്‍ക്കിരുപുറത്തുമായി വിന്യസിക്കപ്പെടുമ്പോള്‍, മനുഷ്യബന്ധങ്ങളില്‍ വീഴുന്ന വിള്ളലുകള്‍ നമ്മെ ഞെട്ടിപ്പിക്കുന്നു. കുടുംബം, വിവാഹം, ദാമ്പത്യം, ലൈംഗികത തുടങ്ങിയ സ്ഥാപനങ്ങളും വ്യവഹാരങ്ങളും നിലവിലുള്ള വ്യവസ്ഥയ്ക്കുള്ളില്‍വച്ച് നിര്‍വ്വചിക്കാനാകാതെ നമ്മള്‍ നിസ്സഹായരാകുന്നു. വര്‍ഗ ചൂഷണ വ്യാഖ്യാനങ്ങള്‍ക്ക് പുതിയ അര്‍ഥസാധ്യതകള്‍ തേടേണ്ടതായി വരുന്നു. ലിംഗബദ്ധ സമൂഹത്തിലെ സ്ഥിതവ്യവസ്ഥകള്‍ ചോദ്യംചെയ്യപ്പെടുന്നു.

മനുഷ്യ വ്യവഹാരങ്ങളിലെല്ലാം തുല്യനീതി സ്വപ്നംകാണുകയും അതിനായുള്ള പോരാട്ടത്തില്‍ കണ്ണിചേരുകയും ചെയ്യുന്ന പോരാളികള്‍ക്ക് തീര്‍ച്ചയായും ഇതൊരു സംഘര്‍ഷകാലം. ഒപ്പം ഇതൊരു സംക്രമണകാലമെന്നും നമ്മള്‍ തിരിച്ചറിയേണ്ടതുണ്ട്. ലോക മുതലാളിത്തം ഇന്ത്യയിലെ സാധാരണ മനുഷ്യരുടെ, വിശേഷിച്ചും സത്രീകളുടെ ജീവിതത്തെ തട്ടിയെടുത്തുകൊണ്ടിരിക്കുന്നുവെന്ന യാഥാര്‍ത്ഥ്യത്തെയാണ് സമകാല സ്ത്രീവിരുദ്ധ നിലപാടുകള്‍ വെളിപ്പെടുത്തുന്നത്. അത് സമൂഹം രൂപപ്പെടുത്തുന്ന പൊതുബോധം നിര്‍മ്മിച്ചു വിതരണംചെയ്യുന്ന സങ്കല്‍പങ്ങളിലും മതാധിപത്യത്തിന്റെ കാവലാളുകള്‍ രൂപപ്പെടുത്തുന്ന "സദാചാര" സങ്കല്‍പങ്ങളിലും ഭരണകൂടത്തിന്റെ നിലപാടുകളിലും ഒക്കെ വ്യത്യസ്ത മാനങ്ങളോടെ പ്രത്യക്ഷപ്പെടുന്നുവെന്നു മാത്രം. വാസ്തവത്തില്‍ സമൂഹശരീരത്തിലെ രോഗലക്ഷണങ്ങളാണ് ഇപ്പോള്‍ നമ്മള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. രോഗകാരണങ്ങള്‍ മറ്റുപലതുമാണ്. രോഗത്തിനു കാരണമായ അണുക്കള്‍ ഉല്‍പാദിപ്പിക്കപ്പെടുന്നത് മറ്റു ചിലയിടങ്ങളിലും. പീഡനവാര്‍ത്തകളില്‍ അച്ഛനും മകളും സഹോദരനും സഹോദരിയും അമ്മാവനും മരുമകളും വിരുദ്ധദ്വന്ദ്വങ്ങളായി രൂപപ്പെടുമ്പോള്‍, വീടകങ്ങള്‍ അരക്ഷിതമാകുന്നുവെന്നു മാത്രമല്ല, അവിശ്വാസത്തിന്റെയും ഭയത്തിന്റെയും ഉത്കണ്ഠയുടെയും അരക്ഷിതാവസ്ഥയുടെയും ശൂന്യസ്ഥലികള്‍ നമ്മളറിയാതെ ഉല്‍പാദിപ്പിക്കപ്പെടുന്നുവെന്നാണ് കാണേണ്ടത്. സാമൂഹ്യ ജീവിതത്തിന്റെ അരക്ഷിതസ്ഥലങ്ങളിലാണ്, ഇടങ്ങളിലാണ് അരാജകത്വത്തിന്റെ വിത്തുകള്‍ മുളയ്ക്കുന്നതെന്നത് ചരിത്രപാഠം.

കമ്പോളനിര്‍മ്മിതമായ പുത്തന്‍ സാമ്പത്തികവ്യവസ്ഥയില്‍ എല്ലാ മനുഷ്യബന്ധങ്ങളും ലാഭനഷ്ടങ്ങളുടെ സ്ഥിതിവിവരക്കണക്കുകളായി മാറുന്നു. യന്ത്രങ്ങളും കോര്‍പ്പറേറ്റുകളും നിര്‍ണയിക്കുന്ന സാമ്പത്തിക വ്യവസ്ഥയില്‍ മനുഷ്യബന്ധങ്ങളുടെ നിലനില്‍പിനാധാരമായ വൈകാരികതയ്ക്കോ ഊഷ്മളതയ്ക്കോ പാരസ്പര്യത്തിനോ പ്രസക്തിയില്ലെന്നും വന്നുചേര്‍ന്നുകൊണ്ടിരിക്കുന്നു. അതൊരുപക്ഷേ ഏറ്റവും പ്രകടമാകുന്നത് സ്ത്രീ-പുരുഷ ബന്ധത്തെ സംബന്ധിക്കുന്ന കാഴ്ചകളിലാണ്. അവിടെ കാഴ്ചപ്പാടുകള്‍പോലും ഉണ്ടാകുന്നില്ല എന്നത് ദയനീയവും. മനുഷ്യബന്ധങ്ങളില്‍വെച്ച് ഏറ്റവും ഊഷ്മളബന്ധമായ സ്ത്രീ-പുരുഷ ബന്ധത്തെ സംബന്ധിച്ച് രൂപപ്പെടുന്ന വികലധാരണകള്‍ കേവലം യാദൃച്ഛികമല്ല. മനുഷ്യസംസ്കാര പുരോഗതിയുടെ ഇന്ധനമായി നിലനില്‍ക്കുന്ന വ്യവഹാരങ്ങളില്‍ മുഖ്യം വിദ്യാഭ്യാസമായിരിക്കെ ആ വിദ്യാഭ്യാസത്തെ സംബന്ധിക്കുന്ന അടിസ്ഥാന ശിലകളെത്തന്നെ അട്ടിമറിക്കുന്ന ഒരു ഭരണകൂടവ്യവസ്ഥയില്‍, മനുഷ്യബന്ധങ്ങള്‍ എപ്രകാരമായിരിക്കും നിര്‍വ്വചിക്കപ്പെടുകയെന്നു തിരിച്ചറിയാന്‍ കവടിനിരത്തേണ്ട കാര്യമില്ല. ഒരു രാജ്യത്തെ മനുഷ്യരുടെ ജീവിതം മുഴുവനായി ലോക മുതലാളിത്തത്തിന് വിട്ടുകൊടുത്ത് കൈകഴുകുന്ന ഭരണകൂടങ്ങളില്‍നിന്ന്, ഇത്തരം വിഷയങ്ങളില്‍ ഒരു സമീപനംപോലും പ്രതീക്ഷിക്കാനില്ല എന്നിടത്താണ് വര്‍ഗ പ്രത്യയശാസ്ത്രത്തിന്റെ പ്രസക്തി വര്‍ദ്ധിച്ചതാകുന്നത്. സാമ്പത്തികബന്ധങ്ങള്‍ മനുഷ്യവര്‍ഗബന്ധങ്ങളെ ഇത്രയധികം മലീമസമാക്കിയ മറ്റൊരു കാലം നമ്മുടെനാട്ടില്‍ ഉണ്ടായിട്ടില്ലെന്നു കാണേണ്ടതുണ്ട്. അമ്പതുശതമാനം സംവരണം നടപ്പിലാക്കുകവഴി ത്രിതല പഞ്ചായത്തു സംവിധാനത്തിലെ ഭരണരംഗത്ത് സ്ത്രീകളുടെ സാന്നിധ്യം ഉറപ്പാക്കി ലോകത്തിനു മാതൃകയായ നാടാണിത്. അധികാര വികേന്ദ്രീകരണം മാത്രമല്ല സ്ത്രീ പദവിക്കാവശ്യമെന്ന തിരിച്ചറിവില്‍നിന്നുകൊണ്ട്, സാമ്പത്തികാധികാര വികേന്ദ്രീകരണ സാധ്യതയായി കുടുംബശ്രീ സംവിധാനം കെട്ടിപ്പടുത്തവരുമാണ് നമ്മള്‍. കേരളത്തിലെ പൊതുവിദ്യാഭ്യാസരംഗത്തെ നിരന്തരമായ നമ്മുടെ ഇടപെടലുകളുടെ ഗുണഭോക്താക്കളാണ് കേരളത്തിലെ സ്ത്രീകള്‍. അത്തരത്തില്‍ അറിവിന്റെയും അധികാരത്തിന്റെയും പൊതു മണ്ഡലങ്ങളില്‍ സ്ത്രീയുടെ സാന്നിധ്യം ബോധപൂര്‍വം ഉറപ്പുവരുത്താന്‍, കേവല സാന്നിദ്ധ്യത്തിനപ്പുറം രാഷ്ട്രീയശക്തിയായി പരിവര്‍ത്തിപ്പിക്കാന്‍ ഒക്കെയുള്ള ശ്രമങ്ങള്‍ അതിന്റെ ഫലം കണ്ടുതുടങ്ങിയ ഒരു ചരിത്രഘട്ടമാണിത്. ജോലിതേടിയും വിദ്യാഭ്യാസത്തിനായും സ്ത്രീകള്‍ അവരുടെ സഞ്ചാരപഥങ്ങളെ സമരഭൂമിയാക്കി മാറ്റിക്കൊണ്ടുമിരിക്കുന്നു.

ജീവിത വ്യവഹാരത്തിലെ എല്ലാ വ്യവസ്ഥകളിലെയും തെരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം സ്ത്രീ പ്രയോഗിക്കണമെന്ന പ്രതിജ്ഞയെടുക്കുകയും അതിനുസരിച്ച് പ്രവര്‍ത്തിച്ചുവരികയുമാണ് ഇന്ത്യയിലെ ജനാധിപത്യ വിശ്വാസികളായ സ്ത്രീകള്‍, പ്രത്യേകിച്ച് കേരള സ്ത്രീ. നിരന്തരമായ പോരാട്ടസമരങ്ങളിലൂടെ കേരള സ്ത്രീയാര്‍ജ്ജിച്ച കര്‍മ്മശേഷി ഇപ്പോള്‍ വെളിപ്പെട്ടുവരികയുമാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ മാതൃക കുടുംബശ്രീ സംരക്ഷണസമരത്തിലും അടുപ്പുപൂട്ടല്‍ സമരത്തിലും കണ്ടുകഴിഞ്ഞിരിക്കുന്നു. പക്ഷേ സ്ത്രീയുടെ ഈ കടന്നുവരവിനെ ആരൊക്കെയോ ഭയപ്പെടുന്നു. കാരണം ആക്രമണങ്ങളുടെ ചരിത്രം തരുന്ന മറ്റൊരു പാഠം ഭയത്തിന്റേതാണ്. വര്‍ത്തമാനകാലത്ത് സ്ത്രീകള്‍ പ്രകടിപ്പിക്കുന്ന കര്‍മ്മധീരതയെ, ധീരമാനിതയെ ഭയപ്പെടുന്ന ഒരവസ്ഥ അനുഭവപ്പെടുന്നുണ്ട്. സാംസ്കാരികമുദ്രകളാല്‍ സ്ത്രീയെ കീഴ്പ്പെടുത്തുന്ന ബലതന്ത്രങ്ങളെ തിരിച്ചറിയുകയും അവയെ പൊളിച്ചെഴുതുകയും ചെയ്യുന്നതിന്റെ ഭിന്ന പാഠങ്ങള്‍ സംസ്കാരപഠനരംഗത്ത് ഇന്ന് ഒട്ടേറെയാണ്.

അക്ഷരം കൊടുത്തും ഭാഷ തിരുത്തിയും സ്ത്രീവിമോചന സാധ്യതകളന്വേഷിച്ചപ്പോഴാണ്, വാക്കുകള്‍ അവ ജനിക്കുംമുമ്പുതന്നെ മുനയൊടിക്കപ്പെട്ടവയാണെന്ന് നമ്മള്‍ തിരിച്ചറിഞ്ഞത്. യഥാര്‍ത്ഥ പ്രശ്നം സ്ത്രീ വിമോചനത്തിന്റേതുമാത്രമല്ലെന്നും അത് ഭാവനയുടെയും അനുഭവത്തിന്റെയും വിമോചനപ്രശ്നമാണെന്നും ഇന്ന് നമുക്കറിയാം. അത്തരം തിരിച്ചറിയലുകള്‍ സാധ്യമായ ഒരു സാമൂഹികസ്ഥലിയിലാണ് ഇന്ന് കീഴ്പ്പെടുത്തലും ആക്രമണങ്ങളും എല്ലാ മറയും നീങ്ങി പ്രത്യക്ഷവും കായികവുമായി മാറുന്നത്. സ്ത്രീയെ പരാജയപ്പെടുത്താനുള്ള അവസാന ആയുധത്തിന്റെ പ്രയോഗസന്ദര്‍ഭമാണ് ഇത്. അതുകൊണ്ടുതന്നെ ചരിത്രത്തിലെ സംക്രമണഘട്ടമാണിത്. കര്‍മ്മഷണ്ഡത്വമേറുന്ന സമൂഹങ്ങളില്‍ ലൈംഗിക അരാജകത്വവും എതിര്‍ലിംഗങ്ങളെ കായികമായി ആക്രമിക്കലും ഏറുമെന്ന് പഠനങ്ങള്‍ തെളിവുതരുന്നുണ്ട്. ഇപ്പോള്‍ റിപ്പോര്‍ട്ട്ചെയ്യപ്പെടുന്ന ആക്രമണങ്ങളില്‍ തന്നെ മറ്റൊരു സൂചനയുണ്ട്.

പൊതുസ്ഥലങ്ങളില്‍ പുരുഷനൊപ്പം സഞ്ചരിക്കുന്ന സ്ത്രീകളാണ് ക്രൂരമായ ആക്രമണങ്ങള്‍ക്ക് ഇരയാകുന്നത് - ശാരീരികമായാലും മാനസികമായാലും. ആലപ്പുഴയില്‍ മതചിഹ്നങ്ങളുടെ അകമ്പടിയില്ലാതെ പൊതുനിരത്തിലിരിക്കുന്ന ഇണകള്‍ ഭരണകൂട പ്രതിനിധികളാല്‍ ചോദ്യംചെയ്യപ്പെടുന്നതും ഡല്‍ഹിയില്‍ സുഹൃത്തിനൊപ്പം യാത്രചെയ്യുന്ന പെണ്‍കുട്ടി ക്രൂരമായി മാനഭംഗത്തിനിരയാകുന്നതും കൃത്യമായ അസഹിഷ്ണുതയുടെയും അരാജകത്വത്തിന്റെയും പ്രകടന രൂപങ്ങളാണ്. ഇണയെ തെരഞ്ഞെടുക്കാനുള്ള മനുഷ്യ സ്വാതന്ത്ര്യത്തിനുനേരെയുള്ള അസഹിഷ്ണുത. സ്ത്രീയുടെ ദൃശ്യതയ്ക്കു നേരെയുള്ള അസഹിഷ്ണുത. നമുക്കൊക്കെ അറിയുംപോലെ എല്ലാ അസഹിഷ്ണുതയുടെയും അടിസ്ഥാനം അറിവില്ലായ്മയാണ്. യഥാര്‍ഥ അറിവുകളും തിരിച്ചറിവുകളും അന്യമായ ഒരു സമൂഹത്തില്‍ അരക്ഷിതത്വത്തിന്റെയും അക്ഷമയുടെയും വിത്തുകള്‍ പാകി അശാന്തതയുടെയും അസഹിഷ്ണുതയുടെയും ഒരു വര്‍ത്തമാനകാലം സാധ്യമാക്കുക എന്ന മുതലാളിത്തത്തിന്റെ സൂക്ഷ്മ ബലതന്ത്രത്തെ പൊളിച്ചെഴുതേണ്ടത് ചരിതപരമായ കടമയും കര്‍ത്തവ്യവുമാണ്.

ലോകത്തിന്റെ മുന്നോട്ടുപോക്കിന്, മനുഷ്യരാശിയുടെ ജനാധിപത്യപരമായ സക്രിയതയ്ക്ക് ഇന്ന് സ്ത്രീയുടെ സാന്നിധ്യവും ഇടപെടലും അനിവാര്യമാണെന്നു തിരിച്ചറിഞ്ഞ ഒരു ചരിത്രസന്ധിയില്‍, ഇത്തരം നിഷേധസ്വാധീനങ്ങള്‍ നിഷ്കളങ്കമോ നിഷ്കപടമോ അല്ലെന്നു നമുക്കറിയാം. ഒരര്‍ഥത്തില്‍, സ്ത്രീ-പുരുഷബന്ധത്തെ സംബന്ധിച്ച രാഷ്ട്രീയബോധം പൊതുബോധമായി പരിവര്‍ത്തിപ്പിക്കേണ്ട ഇച്ഛാശക്തി സ്വാംശീകരിക്കേണ്ടതുണ്ട്. ലെനിന്‍ പറയുന്നുണ്ട്. ""സ്ത്രീപുരുഷ ബന്ധമെന്നത് സമുദായത്തിന്റെ ധനശാസ്ത്രവും കായികാവശ്യവും തമ്മിലുള്ള ഒരു പകിടകളി മാത്രമല്ല. അത് സ്നേഹത്തിന്റെയും പാരസ്പര്യത്തിന്റെയും രാഷ്ട്രീയ ബന്ധംകൂടിയാണ്"".

*
എ ജി ഒലീന ചിന്ത വാരിക 04 ജനുവരി 2013

No comments: