Saturday, January 5, 2013

പ്രതിഷേധത്തില്‍ നിന്ന് ശാക്തീകരണത്തിലേക്ക്

ഇങ്ങനെ സംഭവിക്കാനിടയില്ല എന്ന് ഒരു ചിന്ത; ഒരു പ്രതീക്ഷ. പക്ഷേ, ഇങ്ങനെ തന്നെ സംഭവിച്ചിരിക്കുന്നു. നടുക്കത്തിെന്‍റയും ദുഃഖത്തിെന്‍റയും രോഷത്തിെന്‍റയും പൊട്ടിത്തെറിക്കിടയിലാണ് ആ വിനാശകരമായ, എന്നാല്‍ സര്‍വസാധാരണമായ അഭിപ്രായ പ്രകടനം ഉണ്ടായത്. ഡല്‍ഹിയില്‍ ഒരു ബസ്സില്‍ യാത്ര ചെയ്യുകയായിരുന്ന യുവതി അതിനിഷ്ഠുരമായി ആക്രമിക്കപ്പെട്ടതിനെതിരെ പ്രതിഷേധ പ്രകടനം നടത്തുന്ന നിരവധി സംഘങ്ങളില്‍ ഒന്നിനരികില്‍നിന്ന ഒരു പൊലീസുകാരന്‍ ഇങ്ങനെ പറയുന്നത് കേട്ടു - ""അവള്‍ അവളുടെ കൂട്ടുകാരനുമായി എന്തെങ്കിലും സംഗതിയില്‍ ഏര്‍പ്പെട്ടിട്ടുണ്ടായിരിക്കും. അതായിരിക്കും ആ ചെറുപ്പക്കാരെ പ്രകോപിപ്പിച്ചത്"".

ലൈംഗികാതിക്രമവും കടന്നാക്രമണവും എന്ന കുറ്റകൃത്യത്തിെന്‍റ ഉത്തരവാദിത്വം പുരുഷ കുറ്റവാളികളില്‍നിന്ന് ഇരയായ സ്ത്രീയിലേക്ക് മാറ്റുന്ന പ്രവണത തന്നെയാണ് സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായി നിത്യേന ഒരറുതിയുമില്ലാതെ വര്‍ദ്ധിച്ചുകൊണ്ടേയിരിക്കുന്ന അക്രമങ്ങളില്‍ പ്രതിഫലിക്കുന്നതും.

പുരുഷമേധാവിത്വത്തിന്റെ ഏറ്റവും നികൃഷ്ടവും നിന്ദ്യവുമായ ഈ സമീപനമാണ് പലപ്പോഴും അതിനിഷ്ഠുരമായ കൊലപാതകത്തില്‍വരെ ചെന്നെത്തുന്ന, സ്ത്രീകള്‍ക്കെതിരായ ലൈംഗികാക്രമണത്തിന് പശ്ചാത്തലമൊരുക്കുന്നതിനും സമൂഹത്തെ തന്നെ അതിനുകൂലമായി പരുവപ്പെടുത്തിയെടുക്കുന്നതിനും സഹായിക്കുന്നത്. ഈ ബോധം എല്ലാ തലങ്ങളിലേക്കും പടര്‍ന്നുപിടിക്കുകയാണ് - മന്ത്രിമാര്‍, രാഷ്ട്രീയക്കാര്‍, ഭരണാധികാരികള്‍, പൊലീസുകാര്‍, ജുഡീഷ്യല്‍ അധികാരികള്‍ എന്നീ വിഭാഗങ്ങള്‍ക്കിടയിലെല്ലാം ഏറ്റക്കുറച്ചിലുകളോടെ ഈ ചിന്താഗതി നിലനില്‍ക്കുന്നു. ചിരപുരാതനവും എന്നാല്‍ ശക്തമായി വേരുറപ്പിച്ചിട്ടുള്ളതുമായ പരമ്പരാഗത വിശ്വാസങ്ങളും കാലഹരണപ്പെട്ട ഫ്യൂഡല്‍ സമീപനങ്ങളുമാണ് ഈ പരുവപ്പെടുത്തലിനു പിന്നിലെന്നാണ് പൊതുവെ കരുതപ്പെടുന്നത്. എന്നാല്‍, ഇന്നാകട്ടെ സാമൂഹ്യപ്രശ്നങ്ങളില്‍ തീര്‍പ്പുകല്‍പിക്കുന്ന ഏറ്റവും പ്രധാന ശക്തി കേന്ദ്രം - കമ്പോളം - തന്നെയാണ് നിരന്തരം, നാനാവിധത്തില്‍ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും വിലയിടിക്കുകയും അവരെ ചരക്കുവല്‍കരിക്കുകയും ചെയ്യുന്നത്. കൊള്ളലാഭമടിക്കാനുള്ള മുതലാളിത്തത്തിെന്‍റ അത്യാര്‍ത്തിയാണ് ഇതിനുകാരണം.

അറുപിന്തിരിപ്പന്‍ പുരുഷമേധാവിത്വ സമീപനത്തെ അത് നിഗൂഢമായി ശക്തിപ്പെടുത്തുകയും പുതിയ രൂപത്തില്‍ അവതരിപ്പിക്കുകയും ചെയ്യുന്നത് സര്‍വവും തട്ടിയെടുത്ത് സ്വന്തം വളര്‍ച്ചയ്ക്കായി ഉപയോഗിക്കുകയെന്ന മുതലാളിത്തത്തിെന്‍റ ആവശ്യത്തിന് അനിവാര്യമായവിധം സ്ത്രീയുടെ കീഴടങ്ങല്‍ തുടര്‍ന്നും ഉറപ്പാക്കുന്നു. തെഹല്‍ക്ക വാരിക അടുത്തകാലത്ത് ഒരു അഭിമുഖ സംഭാഷണ പരമ്പര പ്രസിദ്ധീകരിക്കുകയുണ്ടായി. ദേശീയ തലസ്ഥാന മേഖലയിലെ വിവിധ തലങ്ങളിലുള്ള പൊലീസ് ഉദ്യോഗസ്ഥരുമായി വാരികയുടെ പ്രതിനിധികള്‍ നടത്തിയ അഭിമുഖങ്ങളുടെ റിപ്പോര്‍ട്ടാണിത്. രണ്ടു പേരൊഴികെ അവരെല്ലാപേരും ഒരേപോലെ പറഞ്ഞത്, ബലാല്‍സംഗം സംബന്ധിച്ച പരാതി തന്നിട്ടുള്ള സ്ത്രീകളും പെണ്‍കുട്ടികളുമെല്ലാം അസാന്മാര്‍ഗികളോ മറ്റുള്ളവരെ ബ്ലാക്ക്മെയില്‍ ചെയ്യുന്നവരോ സ്വഭാവശുദ്ധിയില്ലാത്തവരോ വേശ്യകളോ ആണെന്നാണ്. ഈ ദേശീയ തലസ്ഥാനമേഖല  ഇന്ന് നിസ്സംശയം ദേശീയ ബലാല്‍സംഗ തലസ്ഥാനമായി മാറിയിരിക്കുകയാണ്. ഈ വര്‍ഷം മാത്രം ഡല്‍ഹിയില്‍ 600ല്‍ അധികം ബലാല്‍സംഗക്കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. രണ്ട് കൂട്ടബലാല്‍സംഗങ്ങള്‍; മെട്രോ സ്റ്റേഷനില്‍വെച്ച് ഒരു സ്ത്രീയെ ചില മൈനര്‍ പിള്ളേര്‍ ആക്രമിച്ചത്; മുഴുക്കുടിയനായ ഒരച്ഛന്‍ തെന്‍റ ആറ് വയസ്സുള്ള മകളെ ബലാല്‍സംഗം ചെയ്തത് എന്നിവയെല്ലാം കഴിഞ്ഞ നാല് ദിവസത്തിനകം രാജ്യത്തെയാകെ ഞെട്ടിച്ച ബസ്സിനുള്ളിലെ കൂട്ടബലാല്‍സംഗം നടന്നതിനുശേഷം റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിരിക്കുന്നു. ഈ മേഖലയില്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്ന ബലാല്‍സംഗക്കേസുകളിലെ ഇരകള്‍ അധികവും ചെറിയ പെണ്‍കുട്ടികളും ദിവസക്കൂലി വേല ചെയ്യുന്ന ദരിദ്രരായ സ്ത്രീകളും വീട്ടുവേലക്കാരായ സ്ത്രീകളുമാണ്. എന്നാല്‍, വസ്തുതകള്‍ ഇതൊക്കെയായിട്ടും സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കാന്‍ ബാധ്യതപ്പെട്ടവര്‍ക്ക് ഈ ആക്രമണങ്ങള്‍ തടയാനോ കുറ്റക്കാരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാനോ കഴിയുന്നില്ല. എന്നാല്‍, ആക്രമണവിധേയരായ സ്ത്രീകള്‍ തന്നെയാണ് ആ ആക്രമണങ്ങള്‍ക്ക് ഉത്തരവാദി എന്ന മുന്‍വിധിയോടെയുള്ള കാഴ്ചപ്പാട് ശക്തമായി ഇപ്പോഴും അവര്‍ തുടരുകയാണ്. സുരക്ഷിതത്വമില്ലായ്മയും അക്രമസംഭവങ്ങളും വര്‍ദ്ധിപ്പിക്കുന്നതിനു മാത്രമേ ഇത് സഹായകമാകൂ.

പുതിയ നിയമനിര്‍മ്മാണം ഈ അസഹനീയമായ സാഹചര്യത്തിന് അടിയന്തിരമായ പരിഹാര നടപടികള്‍ അനിവാര്യമായിരിക്കുന്നു. ഇതില്‍ നിയമപാലന ഏജന്‍സികളുടെയും ജുഡീഷ്യല്‍ സംവിധാനത്തിെന്‍റയും പങ്ക് നിര്‍ണായകമാണ്. ഈ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ ആരംഭിക്കുമ്പോള്‍ തന്നെ ഈ അവസ്ഥയില്‍ അഭിവൃദ്ധി ഉണ്ടാകും. നിശ്ചയമായും പുതിയ നിയമനിര്‍മ്മാണത്തിെന്‍റ ആവശ്യമുണ്ട് - ലൈംഗികാക്രമണങ്ങള്‍ സംബന്ധിച്ച് ബില്ല് ഇനിയും നിയമമാക്കേണ്ടതുണ്ട്; തൊഴിലിടങ്ങളിലെ ലൈംഗിക അക്രമങ്ങള്‍ക്കെതിരായ അല്‍പവും തൃപ്തികരമല്ലാത്ത ബില്ല് രാജ്യസഭ അത് പാസ്സാക്കുന്നതിനുമുമ്പു തന്നെ ഭേദഗതി ചെയ്യേണ്ടത് ആവശ്യമാണ്. ബലാല്‍സംഗത്തിനെതിരായ നിലവിലുള്ള നിയമം ഇരകളോട് കൂടുതല്‍ അനുഭാവം പുലര്‍ത്തുന്നതും കുറ്റവാളികള്‍ക്ക് ശിക്ഷ ഉറപ്പാക്കുന്നതുമായ വിധത്തില്‍ മാറ്റം വരുത്തേണ്ടതും ആവശ്യമായിരിക്കുന്നു.

അതേസമയം തന്നെ, അടിയന്തിരമായി ചില കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയേണ്ടത് നിയമപാലകരുടെയും നീതിന്യായ വ്യവസ്ഥയുടെയും മുന്‍ഗണനയായി പരിഗണിക്കപ്പെടേണ്ടതുണ്ട്. അധികാരവും ഉത്തരവാദിത്വവുമുള്ള എല്ലാ പേരും ഇത് ഉറപ്പാക്കേണ്ടതാണ്. സ്ത്രീകളെ സംബന്ധിച്ചിടത്തോളം വീടും പൊതുസ്ഥലങ്ങളുമെല്ലാം സുരക്ഷിതമായിരിക്കുമെന്ന് ഉറപ്പുവരുത്താന്‍ സാധ്യമായതെല്ലാം ചെയ്യേണ്ടതാണ്; ഇത് യാഥാര്‍ത്ഥ്യമാകണമെങ്കില്‍ നിയമങ്ങള്‍ പക്ഷപാതരഹിതമായി നടപ്പാക്കപ്പെടണം. പൊലീസിെന്‍റ ഗുണനിലവാരം മെച്ചപ്പെടുത്തിക്കൊണ്ട് ഇതിന് തുടക്കംകുറിക്കേണ്ടതാണ്. ഡല്‍ഹിയില്‍ ജനസംഖ്യയും പൊലീസും തമ്മിലുള്ള അനുപാതം 500:1 ലക്ഷം ആണ്; അയല്‍ സംസ്ഥാനമായ യുപിയില്‍ (ഇതിലെ പല ജില്ലകളും ദേശീയ തലസ്ഥാന മേഖലയില്‍ ഉള്‍പ്പെടുന്നുണ്ട്) ഇത് 170:1 ലക്ഷം മാത്രമാണ്.

ഡല്‍ഹിയില്‍ പൊലീസുകാരുടെ എണ്ണം തൃപ്തികരമാണെന്ന് തോന്നാമെങ്കിലും അത് ക്ലാര്‍ക്കുമാരുള്‍പ്പെടെയുള്ള എല്ലാ പൊലീസുകാരും ചേര്‍ന്ന എണ്ണമാണ്. അവരാകട്ടെ എട്ടുമണിക്കൂര്‍ മാത്രമേ ഡ്യൂട്ടിയിലുമുണ്ടാകൂ. ഇതില്‍ തന്നെ 10 ശതമാനത്തിലധികംപേരെയും വിഐപികളുടെ സംരക്ഷണത്തിനായി നിയോഗിച്ചിരിക്കുകയാണ്. ഈ വിഐപികള്‍ക്കുള്ള ഭീഷണി വര്‍ദ്ധിക്കുമ്പോള്‍ സുരക്ഷാ ചുമതലയുള്ള പൊലീസുകാരുടെ എണ്ണം പിന്നെയും വര്‍ദ്ധിക്കും. പൊതുഇടങ്ങളില്‍ സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതില്‍ കാര്യമായ മുന്‍ഗണന നല്‍കാതിരിക്കെ ഈ പ്രശ്നങ്ങള്‍ സംഗതി കൂടുതല്‍ വഷളാക്കുന്നു. ബസ്സിലെ കൂട്ടബലാല്‍സംഗം നടന്നതിെന്‍റ രണ്ടു ദിവസത്തിനുശേഷം ഒരു കേന്ദ്രമന്ത്രി ഡല്‍ഹിയില്‍ രാത്രിയില്‍ ഒരു ബസ്സ് യാത്ര നടത്തിയപ്പോള്‍ വഴിയില്‍ ഒരിടത്തും ഒരൊറ്റ പൊലീസുകാരനെപ്പോലും കാണാനായില്ല. ഇതാണ് ഇന്നത്തെ അവസ്ഥ.

അല്‍പവും കാലതാമസം വരുത്താതെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും കൃത്യമായി അറസ്റ്റുണ്ടാവുകയും ചാര്‍ജ് ഷീറ്റ് ഫയല്‍ ചെയ്യുകയുമാണ് സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് മുന്‍ഗണന നല്‍കുന്നതിനും പൊലീസ് നടപടികള്‍ മെച്ചപ്പെടുത്തുന്നതിനും വേണ്ട നടപടികള്‍. ഇതിനോടൊപ്പം തുടര്‍ച്ചയായി കോടതി വിചാരണയും എല്ലാ ദിവസവും ഉണ്ടാകണം. ആറു മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കി കര്‍ക്കശമായ ശിക്ഷ വിധിക്കാന്‍ കഴിയണം.

നമ്മുടെ രാജ്യത്ത് ഇന്ന് നിലനില്‍ക്കുന്ന ബലാല്‍സംഗക്കേസുകളുടെ വിചാരണ പ്രക്രിയ ആ കേസുകളിലെ ഇരകളെ ഏറ്റവും ഭീകരമായ വിധം ശിക്ഷിക്കുന്ന തരത്തിലുള്ളതാണ്. ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന വേദനാജനകമായ ഒരനുഭവമായിരിക്കും അത്; പലപ്പോഴും കേസിനുത്തരവാദികളായവരുടെ സാന്നിധ്യവും ഉണ്ടായിരിക്കും. നീതി നീണ്ടുപോകുകയും നിഷേധിക്കപ്പെടുകയുമായിരിക്കും ഫലം; അതിനു നല്‍കേണ്ട വിലയാകട്ടെ അസഹനീയവും. ബസ്സിലെ കൂട്ടബലാല്‍സംഗത്തിലെ ഇര ഒരു ധീരവനിതയാണ്. തന്നെ ആക്രമിച്ചവര്‍ക്കെതിരെ അവള്‍ തെന്‍റ സുഹൃത്തിനൊപ്പം പൊരുതിനിന്നു. ഇന്ന് അവള്‍ തെന്‍റ ജീവന്‍ നിലനിര്‍ത്താനുള്ള പോരാട്ടത്തിലാണ്. അവള്‍ക്ക് ഇപ്പോഴും സംസാരിക്കാനുള്ള ശേഷി തിരിച്ചുകിട്ടിയിട്ടില്ല. എന്നാല്‍, ഒരു കടലാസ്സില്‍ അവള്‍ ചില വാക്കുകള്‍ കുറിച്ചിട്ടു - ""അവരെയെല്ലാം പിടിച്ചോ?"" എന്നാണ് അവള്‍ ആരാഞ്ഞത്. അവരെല്ലാം അറസ്റ്റു ചെയ്യപ്പെട്ടാല്‍ മാത്രം പോര, അവള്‍ സുഖംപ്രാപിച്ചു കഴിയുന്നതിനകം അവരെല്ലാം ശിക്ഷിക്കപ്പെട്ടിരിക്കുകയും വേണം എന്നതായിരിക്കണം അവളുടെ ആവശ്യം.

*
സുഭാഷിണി അലി ചിന്ത വാരിക 04 ജനുവരി 2013

No comments: