Saturday, January 5, 2013

സാമൂഹികവശം അവഗണിച്ച അവലോകനം

പൊതുചെലവ് അവലോകന കമ്മിറ്റിയുടെ ശുപാര്‍ശകളില്‍ പലതും പത്രങ്ങളിലും ചാനല്‍ ചര്‍ച്ചകളിലും വ്യക്തമാക്കപ്പെട്ടവയാണ്. മൊത്തം 35 ശുപാര്‍ശകളില്‍ നയപരമായ അപൂര്‍വം ചിലത് ഒഴികെ ഭൂരിഭാഗവും ഭരണ നടപടിക്രമങ്ങളില്‍ വരുത്തേണ്ട മാറ്റങ്ങള്‍ സംബന്ധിച്ചാണ്. കമ്മിറ്റിയുടെ ഒരു പരിമിതി പ്രയോജനകര്‍ത്താക്കളുമായും സംഘടനകളുമായും കൂടിയാലോചിക്കാന്‍ സാവകാശം കിട്ടിയില്ലെന്നതാണ്. അതുകൊണ്ട് ഉദ്യോഗസ്ഥതല ചര്‍ച്ചകളിലും ലഭ്യമായ സ്ഥിതിവിവരക്കണക്കുകളിലും ഊന്നേണ്ടിവന്നു. സാമൂഹികവശം പരിശോധിക്കാത്ത സാങ്കേതിക റിപ്പോര്‍ട്ട് തയ്യാറാക്കാനേ കമ്മിറ്റിക്കു കഴിഞ്ഞുള്ളു. ശ്രദ്ധിക്കേണ്ടതായ പല നിരീക്ഷണങ്ങളും റിപ്പോര്‍ട്ട് ഉള്‍ക്കൊള്ളുന്നുണ്ട്. അതിലൊന്നാണ് റവന്യൂ വരുമാനം സംബന്ധിച്ച വിശകലനം. മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ അവസാന രണ്ടുവര്‍ഷവും എല്‍ഡിഎഫ് സര്‍ക്കാരിന്റെ അഞ്ചുവര്‍ഷവുമാണ് കമ്മിറ്റി പരിശോധിച്ചത്. സംസ്ഥാനത്തിന്റെ റവന്യൂ വരുമാനം ഗണ്യമായി ഉയര്‍ത്താന്‍ (എല്‍ഡിഎഫ് എന്നു പേരെടുത്തു പറയുന്നില്ലെങ്കിലും) സര്‍ക്കാരിനു കഴിഞ്ഞു എന്ന് കമ്മിറ്റി വിലയിരുത്തി. ഇക്കാലയളവില്‍ റവന്യൂ വരുമാനം ക്രമമായി വര്‍ധിച്ചു. 2004-05ലെ 13,500 കോടി രൂപയില്‍നിന്ന് 2010-11ല്‍ 30,931 കോടിയായി വര്‍ധിച്ചു. 129 ശതമാനം വര്‍ധന. തനതുനികുതി വരുമാനമാകട്ടെ 8964 കോടിയില്‍നിന്ന് 21,722 കോടിയായാണ് വര്‍ധിച്ചത്. 142.43 ശതമാനം വര്‍ധന. നികുതിയിതര വരുമാനം 819 കോടിയില്‍നിന്ന് 1931 കോടിയായി ഉയര്‍ന്നു. 135.7 ശതമാനം വളര്‍ച്ച.

2006-07 മുതല്‍ അഞ്ചുവര്‍ഷക്കാലത്തെ നികുതിസമാഹരണം പ്രത്യേകം പരിശോധിച്ചശേഷം കമ്മിറ്റി ഇപ്രകാരം വിലയിരുത്തുന്നു: ""മിക്ക വര്‍ഷങ്ങളിലും ബജറ്റില്‍ നിര്‍ദേശിച്ചതിനേക്കാള്‍ അധികം നികുതിസമാഹരണം നടത്തി."" (പേജ് 35) ഉദാഹരണത്തിന് വില്‍പ്പന നികുതിയിനത്തില്‍ 2010-11ല്‍ 115.61 ശതമാനവും സ്റ്റാമ്പുകളിലും രജിസ്ട്രേഷനുകളിലുംനിന്ന് 101.56 ശതമാനവും നികുതി സമാഹരണം നടത്തി. വന്‍ചോര്‍ച്ചയും വെട്ടിപ്പുമാണ് നികുതി സമാഹരണത്തില്‍ സംഭവിക്കുന്നത്. 35 ശതമാനം അധികം സമാഹരിക്കാന്‍ കഴിയുമെന്ന് 2003ലെ സിഡിഎസ് പഠനം ഉദ്ധരിച്ച് കമ്മിറ്റി അഭിപ്രായപ്പെടുന്നുണ്ട്. അങ്ങനെ സമാഹരിക്കാന്‍ കഴിഞ്ഞാല്‍ സംസ്ഥാനത്തിന്റെ റവന്യൂകമ്മി പൂര്‍ണമായി ഒഴിവാക്കാന്‍ കഴിയും. രണ്ടു കാരണങ്ങളാണ് റവന്യൂ വരുമാന വര്‍ധനയ്ക്കു പിന്നില്‍. ഒന്ന്, 2005-06ല്‍ നടപ്പാക്കിയ വാറ്റ് നികുതി സമ്പ്രദായം. രണ്ട്, നികുതിപിരിവില്‍ കാണിച്ച ശുഷ്കാന്തിയും ദൃഢനിശ്ചയവും. നികുതിചോര്‍ച്ചയും നികുതി വെട്ടിപ്പും കുറയ്ക്കുന്നതില്‍ സര്‍ക്കാര്‍ വിജയിച്ചു. വാളയാര്‍ ചെക്ക്പോസ്റ്റ് പരീക്ഷണം വന്‍ വിജയമായി. നികുതി വകുപ്പ് കംപ്യൂട്ടര്‍വല്‍ക്കരണവും ചെക്ക്പോസ്റ്റുകളുടെ ഇ-ഗവേണന്‍സും നികുതി വരുമാനമുയര്‍ത്തുന്നതില്‍ പ്രധാനങ്ങളായി. ""ഓപ്പറേഷന്‍ വാളയാര്‍"" പരീക്ഷണവിജയത്തിന്റെ ഒരു ഉദാഹരണം കമ്മിറ്റി ഉദ്ധരിക്കുന്നുണ്ട്. പരീക്ഷണത്തിനുമുമ്പുള്ള മൂന്നുനാള്‍ 45.15 ലക്ഷം രൂപയായിരുന്നു കളക്ഷന്‍. പരീക്ഷണം നടന്ന 2006 സെപ്തംബര്‍ 21 മുതല്‍ 24 വരെ മൂന്നുദിവസം 129.85 ലക്ഷം രൂപ ലഭിച്ചു. 187.5 ശതമാനം വര്‍ധന. നികുതിവരുമാനം വര്‍ധിപ്പിക്കാനുള്ള സാധ്യതയിലേക്കു വഴി തുറക്കുന്നതായി ഓപ്പറേഷന്‍ വാളയാര്‍പോലുള്ള പദ്ധതികള്‍.

സംസ്ഥാന സര്‍ക്കാര്‍ തനതു നികുതി വരുമാനം ഉയര്‍ത്തുന്നതില്‍ വിജയിച്ചപ്പോള്‍, കേന്ദ്രത്തില്‍നിന്നുള്ള നികുതിവിഹിതവും ഗ്രാന്റുകളും കുറയുകയാണുണ്ടായത്. 2004-05ല്‍ സംസ്ഥാന റവന്യൂവരുമാനത്തില്‍ കേന്ദ്രവിഹിതം 27.3 ശതമാനമായിരുന്നു. 2010-11ല്‍ 23.68 ശതമാനമായി ചുരുങ്ങി. പത്താം ധനകാര്യകമീഷന്‍ അവാര്‍ഡുപ്രകാരം കേരളത്തിന് ലഭിച്ചത് 3.88 ശതമാനമായിരുന്നു. പതിനൊന്നാം ധനകാര്യകമീഷനായപ്പോള്‍ അത് 3.06 ശതമാനമായും പന്ത്രണ്ടാം ധനകാര്യകമീഷനായപ്പോള്‍ 2.67 ശതമാനമായും വെട്ടിച്ചുരുക്കി. പതിമൂന്നാം ധനകാര്യകമീഷന്‍ വീണ്ടും കുറവുവരുത്തി 2.34 ശതമാനമാക്കി. കേന്ദ്ര നികുതി വിഹിതവും ഗ്രാന്റുകളും ന്യായമായി ലഭിച്ചിരുന്നെങ്കില്‍ വായ്പ കുറച്ച് ധനകമ്മി ചുരുക്കാമായിരുന്നു. റവന്യൂകമ്മിയും ധനകമ്മിയും കുറയ്ക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാരിനു കഴിഞ്ഞു. 2004-05ലെ റവന്യൂകമ്മി 3.03 ശതമാനമായിരുന്നു. 2010-11ല്‍ 1.33 ശതമാനമായി കുറഞ്ഞു. അതേപോലെ ധനകമ്മി 3.73 ശതമാനത്തില്‍നിന്ന് 2.79 ആയും കുറഞ്ഞു. ""കമ്മി കുറയ്ക്കാനുള്ള മാര്‍ഗം റവന്യൂ വരുമാനം വര്‍ധിപ്പിക്കുകയാണ്; ആയതിനാല്‍ നികുതി-നികുതിയേതര വരുമാനമുയര്‍ത്താന്‍ അടിയന്തരനടപടികള്‍ ആവശ്യമാണ്"" എന്ന് റിപ്പോര്‍ട്ട് പറയുന്നു. (പേജ് 37).

റവന്യൂ വരുമാനത്തിന്റെ വിശകലനത്തില്‍ കാണിച്ച സമീപനം ചെലവുകളുടെ കാര്യത്തില്‍ ഉപേക്ഷിക്കുന്നു. അതുകൊണ്ട് ഒരു റിപ്പോര്‍ട്ടിന് അവശ്യം വേണ്ട സമഗ്രത നഷ്ടപ്പെടുന്നു. റവന്യൂചെലവുകള്‍ സംബന്ധിച്ച് വിമര്‍ശ വിധേയമായ ഏതാനും ശുപാര്‍ശകള്‍ റിപ്പോര്‍ട്ട് മുന്നോട്ടുവയ്ക്കുന്നുണ്ട്. ഏതു ശുപാര്‍ശകളും സമ്പദ്വ്യവസ്ഥയില്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. സാമൂഹികസന്ദര്‍ഭത്തില്‍ വിലയിരുത്താതെയുള്ള ശുപാര്‍ശകള്‍ സ്വീകരിക്കപ്പെടുകയില്ല. സാങ്കേതികതയോ കാഴ്ചപ്പാടുകളോ അല്ല റിപ്പോര്‍ട്ടുകളെ സ്വാധീനിക്കേണ്ടത്. സംസ്ഥാനത്തിന്റെ സാമ്പത്തികപ്രശ്നങ്ങള്‍ക്ക് മൂലകാരണം ശമ്പളവും പെന്‍ഷനും പലിശചെലവുകളുമാണെന്ന വിശ്വാസമാണ് റിപ്പോര്‍ട്ടിന്റെ സ്ഥായീഭാവം. അതുകൊണ്ട് അവ മൂന്നും കുറയ്ക്കേണ്ടതുണ്ടെന്ന്. പെന്‍ഷന്‍ചെലവ് ചുരുക്കുന്നതിന് പങ്കാളിത്തപെന്‍ഷന്‍ ഏറ്റെടുക്കണമെന്ന് കമ്മിറ്റി നിര്‍ദേശിക്കുന്നു. അതിന് ഉന്നയിക്കുന്ന ന്യായീകരണമാണ് ഏറെ ആശ്ചര്യകരം. റിപ്പോര്‍ട്ട് പറയുന്നു: ""നിലവിലുള്ള പ്രതിമാസ പെന്‍ഷന്‍ സമ്പ്രദായത്തില്‍നിന്നും പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയിലേക്ക് മാറാനുള്ള സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണ്. പ്രസ്തുത തീരുമാനം സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതിയില്‍ പെട്ടെന്നു മാറ്റമുണ്ടാക്കുകയില്ലെങ്കിലും, ഭാവിയില്‍, സാമ്പത്തികസുസ്ഥിരത കൈവരിക്കാന്‍ സഹായിക്കും; ഒരുപക്ഷേ രണ്ടോ രണ്ടരയോ പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടാകാം"". (പേജ് 51) ഈ പ്രതീക്ഷയല്ലാതെ വിശ്വസനീയമായ ഒരു തെളിവും റിപ്പോര്‍ട്ടിലില്ല. സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനത്തെ തങ്ങളുടെ ശുപാര്‍ശയുടെ രൂപത്തില്‍ അവതരിപ്പിക്കുക മാത്രമാണ് കമ്മിറ്റി ചെയ്യുന്നത്. പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കിയാല്‍ പെന്‍ഷന്‍ ചെലവ് എത്രകണ്ട് കുറയുമെന്ന് കമ്മിറ്റി പറയണമായിരുന്നു.

വിദ്യാഭ്യാസമേഖലയിലെ ശമ്പളച്ചെലവ് പ്രത്യേകമായി വിലയിരുത്തുന്നുണ്ട്. മൊത്തം ശമ്പളച്ചെലവിന്റെ പകുതിയിലധികവും വിദ്യാഭ്യാസത്തിനാണ്. അതുകൊണ്ട് എയ്ഡഡ് മേഖലയില്‍ പുതിയ സ്ഥാപനങ്ങളും കോഴ്സുകളും അനുവദിക്കരുത്. പകരം സ്വകാര്യ എയ്ഡഡ് സ്ഥാപനങ്ങളില്‍ അണ്‍ എയ്ഡഡ് കോഴ്സുകള്‍ തുടങ്ങണം. സ്വകാര്യ വിദ്യാഭ്യാസ മാനേജ്മെന്റുകള്‍ക്ക് കനത്ത സാന്നിധ്യമുള്ള കേരളത്തില്‍ വിദ്യാഭ്യാസമേഖല കച്ചവടകേന്ദ്രങ്ങളാക്കാന്‍മാത്രമേ അത് സഹായിക്കൂ. ആ നിലയ്ക്ക് സ്വകാര്യവല്‍ക്കരണത്തെ ശക്തിപ്പെടുത്താനുതകുന്ന ശുപാര്‍ശയാണത്. ആഗോളവല്‍ക്കരണത്തിന്റെ അജന്‍ഡകളിലൊന്നാണ് തൊഴിലാളികളെ തോന്നുംപോലെ പിരിച്ചുവിടുകയും നിയമിക്കുകയും ചെയ്യത്തക്കവിധം തൊഴില്‍ നിയമങ്ങള്‍ പൊളിച്ചെഴുതുക എന്നത്. സ്ഥിരം തൊഴിലാളികളുടെ എണ്ണം വെട്ടിക്കുറച്ച് താല്‍ക്കാലിക തൊഴിലാളികളെയും കരാര്‍തൊഴിലാളികളെയും നിയമിക്കുന്ന രീതി വ്യാപകമാവുകയാണ്. സര്‍ക്കാര്‍ ജോലികളില്‍ ചിലത് പുറം കരാര്‍ നല്‍കണമെന്ന ശുപാര്‍ശ അംഗീകരിക്കപ്പെടുന്നതോടെ, തുടക്കത്തില്‍ കുറഞ്ഞ ശമ്പളതസ്തികയില്‍ ആരംഭിക്കുന്ന നീക്കം കൂടുതല്‍ വ്യാപകമാക്കും. ചെലവുകള്‍ കുറയ്ക്കാനെന്ന വ്യാജേന നടപ്പാക്കുന്ന പരിഷ്കാരം ഫലത്തില്‍ സ്വകാര്യവല്‍ക്കരണം തീക്ഷ്ണമാക്കും.

ഏറെ പ്രതിഷേധത്തിന് ഇടയാക്കുന്നതാണ് അഞ്ചിനുപകരം പത്തുവര്‍ഷത്തിലൊരിക്കല്‍ ശമ്പളപരിഷ്കരണം. ശമ്പളപരിഷ്കരണത്തിന്റെ മാനദണ്ഡം വര്‍ഷങ്ങളല്ല. വര്‍ധിക്കുന്ന ജീവിതച്ചെലവ്, സ്ഥാനക്കയറ്റത്തിനുള്ള സാധ്യതകള്‍ തുടങ്ങിയവയാണ്. വിലക്കയറ്റം നിയന്ത്രിക്കുകയും നിത്യോപയോഗസാധനങ്ങള്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുകയുമാണ് ശമ്പളപരിഷ്കരണം നീട്ടുന്നതിനേക്കാള്‍ അഭികാമ്യം.

പതിമൂന്നാം ധനകാര്യകമീഷന്റെ സാമ്പത്തിക ക്രമീകരണ മാര്‍ഗരേഖപ്രകാരം, 2013-14 ആകുമ്പോഴേക്കും ധനകമ്മി ആഭ്യന്തരവരുമാനത്തിന്റെ മൂന്നുശതമാനമാക്കണം. 2014-15 ആവുമ്പോഴേക്കും റവന്യൂകമ്മി പൂര്‍ണമായും ഒഴിവാക്കണം. കമ്മി കുറയ്ക്കുക എന്നാല്‍ ചെലവുചുരുക്കുക എന്നാണര്‍ഥം. സര്‍ക്കാര്‍ പിന്‍വാങ്ങുക എന്നും. സംസ്ഥാനത്തിന്റെ കടം വര്‍ധിക്കുകയാണ്. 2006 മാര്‍ച്ച് അവസാനം 47,940 കോടി രൂപയായിരുന്നു കടം. 2011 മാര്‍ച്ചില്‍ അത് 78,673 കോടി രൂപയായി. നിയമസഭയില്‍ ധനമന്ത്രി വ്യക്തമാക്കിയതു പ്രകാരം കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ കടം 89418.18 കോടി രൂപയാണ്. നടപ്പുസാമ്പത്തികവര്‍ഷം (2012-13) ആദ്യത്തെ എട്ടുമാസം കടം 94354.57 കോടിയായി വര്‍ധിച്ചു. റവന്യൂകമ്മിയും (കുറഞ്ഞ റവന്യൂ വരുമാനവും കൂടിയ റവന്യൂ ചെലവും തമ്മിലെ വ്യത്യാസം) വായ്പയും ചേര്‍ന്നതാണ് ധനകമ്മി. രണ്ടിലേതെങ്കിലുമോ, രണ്ടും കൂടിയോ വര്‍ധിച്ചാല്‍ ധനകമ്മി കൂടും. കടം വര്‍ധിക്കുന്നതിനു കാരണം റവന്യൂ കമ്മി കൂടുന്നതാണ്. കടവും ധനകമ്മിയും കുറയ്ക്കാനുള്ള മാര്‍ഗം റവന്യൂകമ്മി കുറയ്ക്കുകയാണ്. അതിന് ഒന്നുകില്‍ ചെലവുചുരുക്കാം, അല്ലെങ്കില്‍ റവന്യൂവരുമാനം ഉയര്‍ത്താം. ചെലവുചുരുക്കലാണ് ആഗോളവല്‍ക്കരണ നയം. റവന്യൂ വരുമാനമുയര്‍ത്താന്‍ രണ്ടുമാര്‍ഗങ്ങളുണ്ട്. ഒന്ന്, നികുതി, നികുതിയിതര വരുമാനം ഉയര്‍ത്തുക. അതാണ് എല്‍ഡിഎഫ് സ്വീകരിച്ച നയം. രണ്ട്, കേന്ദ്ര നികുതി വിഹിതവും ഗ്രാന്റുകളും വര്‍ധിപ്പിക്കുക. റവന്യൂ വരുമാനവും കേന്ദ്രവിഹിതവും ഇടിയുമ്പോള്‍, കൂടുതല്‍ വായ്പ വാങ്ങേണ്ടിവരും. ധനകമ്മി ഉയരും. അതുതന്നെയായിരിക്കും 94,354 കോടി രൂപയുടെ കടബാധ്യത നല്‍കുന്ന സൂചന. 2012-13 ആദ്യത്തെ എട്ടുമാസം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 5935 കോടിയാണ് അധിക കടം. അഥവാ പ്രതിമാസം 742 കോടി. സാമ്പത്തികവര്‍ഷാവസാനം കടബാധ്യത 97,322 കോടിയായി ഉയരും. ധനകമ്മി എത്രയെന്നു മനസിലാക്കാന്‍ റവന്യൂ വരുമാനവര്‍ധന എത്രയെന്ന് വ്യക്തമാകേണ്ടിവരും.

*
പ്രൊഫ. കെ എന്‍ ഗംഗാധരന്‍ ദേശാഭിമാനി 05 ജനുവരി 2013

No comments: