Saturday, January 5, 2013

ലോകായുക്തവിധിയും ഫെഡറല്‍തത്വവും

ഗുജറാത്തിലെ ലോകായുക്ത നിയമനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി രണ്ടു പാഠങ്ങള്‍ മുമ്പോട്ടുവയ്ക്കുന്നു. ഒന്ന്, ഫെഡറല്‍ തത്വങ്ങളില്‍ വിട്ടുവീഴ്ച ചെയ്യുന്നതിന് അനുവദിക്കില്ല എന്നതാണ്. അത്, കേന്ദ്രത്തിനും ഗവര്‍ണര്‍ക്കുമുള്ള പാഠം. മറ്റൊന്ന്, ലോകായുക്ത പോലുള്ള സ്ഥാപനങ്ങളെ എന്നേക്കുമായി മരവിപ്പിച്ചുനിര്‍ത്തി അഴിമതി നിര്‍ബാധം തുടരുന്ന അവസ്ഥ അനുവദിക്കാനാവില്ല എന്നതാണ്. ഇത് ബിജെപിക്കും നരേന്ദ്ര മോഡിക്കുമുള്ള പാഠം.

സാധാരണഗതിയില്‍ ലോകായുക്തയെ ഗവര്‍ണര്‍ നിയമിക്കേണ്ടത് സംസ്ഥാനമന്ത്രിസഭയുമായി ആലോചിച്ചാണ്. തെരഞ്ഞെടുക്കപ്പെട്ട ജനാധിപത്യസംവിധാനത്തെ ഇരുട്ടില്‍നിര്‍ത്തി, തെരഞ്ഞെടുക്കപ്പെട്ടയാളല്ലാത്ത, കേന്ദ്ര നോമിനിമാത്രമായ ഗവര്‍ണര്‍ സ്വന്തം നിലയ്ക്ക് ലോകായുക്തയെ നിയമിച്ചാല്‍ അത് ഫെഡറല്‍തത്വങ്ങളുടെ ലംഘനമായും അധികാരദുര്‍വിനിയോഗമായും വിലയിരുത്തപ്പെടേണ്ടതാണ്. എന്നാല്‍, മന്ത്രിസഭയുമായി ആലോചിക്കാതെ ജസ്റ്റിസ് മെഹ്തയെ ഗുജറാത്ത് ലോകായുക്തയായി നിയമിച്ച ഗവര്‍ണറുടെ നടപടിയെ സുപ്രീംകോടതി ശരിവച്ചിരിക്കുന്നു. എങ്ങനെ ഇങ്ങനെ ഒരു സാഹചര്യമുണ്ടായി? ആരാണിതിനുത്തരവാദി? ഈ ചോദ്യങ്ങള്‍ ചര്‍ച്ചചെയ്യപ്പെടേണ്ടതുതന്നെ.

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിതന്നെയാണ് സുപ്രീംകോടതിയെക്കൊണ്ട് ഇത്തരമൊരു വിധി പറയിച്ചതിന്റെ യഥാര്‍ഥകാരണക്കാരന്‍ എന്ന് കാണാന്‍ വിഷമമില്ല. മന്ത്രിസഭയുമായി ആലോചിച്ചേ ലോകായുക്തയെ നിയമിക്കാനാകൂ എന്ന പഴുതുപയോഗിച്ച് ലോകായുക്തസ്ഥാനത്തേക്ക് ആരും വരാത്ത അവസ്ഥ സൃഷ്ടിക്കാനുള്ള കള്ളക്കളി നടത്തുകയായിരുന്നു നരേന്ദ്രമോഡി. ഒന്നോ രണ്ടോ വര്‍ഷമല്ല, എട്ടുവര്‍ഷത്തിലേറെയാണ് ലോകായുക്തയെ നിയമിക്കാതെ അഴിമതിനിവാരണ സംവിധാനത്തെ ഈ മുഖ്യമന്ത്രി മരവിപ്പിച്ചുവച്ചത്. മുഖ്യമന്ത്രിയുടെ ഈ കള്ളക്കളിയുടെ പശ്ചാത്തലത്തിലാണ്, സാധാരണഗതിയില്‍ ഫെഡറല്‍തത്വങ്ങളുടെ ലംഘനം എന്ന് വിലയിരുത്തപ്പെടുമായിരുന്ന നടപടിയെ സുപ്രീംകോടതിക്ക് അംഗീകരിക്കേണ്ടിവന്നത്. മന്ത്രിസഭയുമായി ആലോചിക്കണം എന്നതു ശരി. എത്ര ആലോചിച്ചാലും മന്ത്രിസഭ ലോകായുക്തസ്ഥാനത്തേക്ക് ഒരു പേരും നിര്‍ദേശിക്കുകയില്ലെങ്കിലോ? അത്തരം സാഹചര്യത്തില്‍ ചീഫ്ജസ്റ്റിസുമായി ആലോചിച്ച് ലോകായുക്തയെ നിശ്ചയിച്ച ഗവര്‍ണറുടെ നടപടിയെ നിരാകരിക്കാനാകില്ല എന്ന നിലപാടാണ് സുപ്രീംകോടതി എടുത്തത്. ആ നടപടി എടുക്കുമ്പോഴും ഏകപക്ഷീയമായി ഇത്തരം നിയമനങ്ങള്‍ നടത്താന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ല എന്നകാര്യം കോടതി അടിവരയിട്ടു പറഞ്ഞിട്ടുണ്ട്. ഫെഡറല്‍തത്വങ്ങള്‍ ലംഘിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അതിനുള്ള വഴിയൊരുക്കിയതില്‍ കേന്ദ്ര ഭരണകക്ഷിക്കും അതിനാല്‍ നിയുക്തനായ ഗവര്‍ണര്‍ക്കും മാത്രമല്ല, സംസ്ഥാനത്തെ മോഡി മന്ത്രിസഭയ്ക്കും പങ്കുണ്ടെന്നര്‍ഥം.

2011 ആഗസ്തിലാണ് ജസ്റ്റിസ് ആര്‍ എ മെഹ്തയെ ലോകായുക്തയായി നിയമിക്കുന്ന ഗവര്‍ണറുടെ ഉത്തരവുവന്നത്. മന്ത്രിസഭയുമായി ആലോചിക്കാതെയുള്ള നിയമനം ഭരണഘടനാവിരുദ്ധമാണെന്ന വാദവുമായി 2011 ഒക്ടോബറില്‍ത്തന്നെ സംസ്ഥാനസര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതിക്ക് ഇതില്‍ അഭിപ്രായവ്യക്തതയുണ്ടാക്കുക എളുപ്പമായിരുന്നില്ല. ഗവര്‍ണര്‍ കമലാ ബനിവാളിന്റെ നടപടി ശരിയാണെന്ന് ജസ്റ്റിസ് അഖില്‍ ഖുറേഷി അഭിപ്രായപ്പെട്ടപ്പോള്‍ സംസ്ഥാനമന്ത്രിസഭയുമായി കൂടിയാലോചിക്കുകയുണ്ടായിട്ടില്ല എന്ന നിലയ്ക്ക്, മന്ത്രിസഭയുടെ ഉപദേശപ്രകാരം പ്രവര്‍ത്തിക്കേണ്ട ഗവര്‍ണര്‍ ഭരണഘടനാവിരുദ്ധമായാണ് പ്രവര്‍ത്തിച്ചതെന്ന് ജസ്റ്റിസ് സോണിയാ ഗോഖാനി അഭിപ്രായപ്പെട്ടു. കോടതി വിരുദ്ധ ധ്രുവങ്ങളിലുള്ള അഭിപ്രായപ്രകടനം നടത്തിയപ്പോഴാണ് ജസ്റ്റിസ് വി എം സഹായ് ഗവര്‍ണറുടെ തീരുമാനത്തില്‍ അപാകമില്ല എന്ന വിധിപ്രസ്താവവുമായി എത്തിയത്. ഈ പശ്ചാത്തലത്തിലാണ് വിഷയം സുപ്രീംകോടതിയുടെ മുമ്പാകെ എത്തിയതും സുപ്രീംകോടതി ഗുജറാത്ത് സര്‍ക്കാരിന്റെ ഹര്‍ജി തള്ളി ഗവര്‍ണറുടെ നടപടിയെ ശരിവച്ചതും. സാധാരണഗതിയില്‍ മന്ത്രിസഭയുടെ ഉപദേശപ്രകാരം പ്രവര്‍ത്തിക്കേണ്ട ഗവര്‍ണര്‍ മന്ത്രിസഭയുടെ അഭിപ്രായമില്ലാതെ ഏകപക്ഷീയമായി ഇത്തരം സ്ഥാനങ്ങളില്‍ നിയമനം നടത്തിയാല്‍ അത് ഫെഡറല്‍തത്വത്തിന്റെ ലംഘനമായേ കാണാനാകൂ. എന്നാല്‍, ഇവിടെ രണ്ടുകാര്യങ്ങള്‍കൊണ്ടാണ് സുപ്രീംകോടതി ഗവര്‍ണറുടെ നടപടിയെ നിരാകരിക്കാതിരുന്നത്. ഒന്ന്, മന്ത്രിസഭ അഭിപ്രായം പറയാത്ത സാഹചര്യത്തില്‍ ഗവര്‍ണര്‍ ഗുജറാത്ത് ചീഫ് ജസ്റ്റിസുമായി കൂടിയാലോചിച്ചിരുന്നു. ആ നിലയ്ക്ക് ഗവര്‍ണറുടേത് ഏകപക്ഷീയമായുള്ള കൈകടത്തലാണെന്നു പറയാനാകുന്നില്ല. രണ്ട്: നരേന്ദ്രമോഡിയുടെ മന്ത്രിസഭ ദീര്‍ഘകാലമായി ലോകായുക്ത സംവിധാനത്തെ മരവിപ്പിച്ചുനിര്‍ത്തുകയാണ് ചെയ്തുകൊണ്ടിരുന്നത്. ഗുജറാത്ത് മന്ത്രിസഭ ലോകായുക്തസംവിധാനത്തെ മരവിപ്പിച്ചുനിര്‍ത്താന്‍ ആഗ്രഹിച്ചതെന്തുകൊണ്ടാണ് എന്ന ചോദ്യത്തിന് മറുപടി പറയാന്‍ ഇപ്പോള്‍ വിമര്‍ശവുമായി എത്തുന്ന ബിജെപി നേതൃത്വം ബാധ്യസ്ഥമാണ്. ബിജെപി പറയാത്ത ആ ഉത്തരം ജനങ്ങള്‍ക്കറിയാം. ഗുജറാത്തില്‍ കഴിഞ്ഞ പത്തുവര്‍ഷക്കാലം സര്‍വതലങ്ങളിലും അഴിമതി കുത്തനെ വര്‍ധിക്കുകയായിരുന്നു. എല്ലാംതന്നെ ഭരണരാഷ്ട്രീയത്തിന്റെ രക്ഷാകര്‍തൃത്വത്തിലുള്ള അഴിമതികള്‍. ഇതൊക്കെ ലോകായുക്ത കൈകാര്യംചെയ്തു തുടങ്ങിയാല്‍ തങ്ങളുടെ നില പരുങ്ങലിലാകും എന്ന് മോഡിക്കും കൂട്ടര്‍ക്കും അറിയാം. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലായി ഇരുപതിനായിരത്തോളം രാഷ്ട്രീയ അഴിമതികളാണ് ഗുജറാത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതൊക്കെ അന്വേഷിച്ച് സ്വന്തം മുഖം ചീത്തയാക്കാന്‍ മോഡിക്കും അദ്ദേഹത്തിന്റെ മന്ത്രിസഭയ്ക്കും താല്‍പ്പര്യമില്ല. അതുകൊണ്ടാണ് എട്ടുവര്‍ഷത്തിലേറെയായി ലോകായുക്തസ്ഥാനത്ത് ആരും വരില്ലെന്നുറപ്പുവരുത്താന്‍ അവര്‍ ഭരണാധികാരംകൊണ്ട് ഇടപെട്ടുകൊണ്ടിരുന്നത്. ഹൈക്കോടതിക്ക് സ്വീകാര്യമായ ജസ്റ്റിസ് ആര്‍ എ മെഹ്ത നരേന്ദ്രമോഡിക്ക് സ്വീകാര്യനല്ല. മതനിരപേക്ഷ നിലപാടുള്ള മെഹ്ത ലോകായുക്തയായി വരുന്നത് വര്‍ഗീയതയില്‍ അധിഷ്ഠിതമായ തന്റെ ഭരണസംവിധാനത്തിന് തീരാത്തലവേദനയാകുമെന്ന് മോഡി കരുതി. മോഡിക്ക് സ്വീകാര്യനായ ഒരാള്‍ ഉണ്ടായിരുന്നു- ജസ്റ്റിസ് ജെ ആര്‍ വോറ. അദ്ദേഹം പക്ഷേ, ഗുജറാത്ത് ജുഡീഷ്യല്‍ അക്കാദമിയുടെ ചെയര്‍മാനാണ്. ആ സ്ഥാനത്തിരിക്കുന്നതുകൊണ്ട് വോറയെ പരിഗണിക്കാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് തയ്യാറായിരുന്നില്ല. തനിക്ക് പ്രിയപ്പെട്ടയാള്‍ അല്ലെങ്കില്‍ ലോകായുക്തസ്ഥാനത്ത് ഒരാളും വരേണ്ടതില്ലെന്ന് നരേന്ദ്രമോഡി കരുതി; അങ്ങനെ ആ സ്ഥാനം എന്നേക്കുമായി ഒഴിച്ചിടാമെന്നും. ഈ സ്ഥാപിതതാല്‍പ്പര്യം മനസ്സിലായതുകൊണ്ടാണ് ഫെഡറല്‍തത്വങ്ങളുടെ സൂക്ഷ്മപരിശോധനയിലേക്ക് കടക്കാതെ സുപ്രീംകോടതി ഗവര്‍ണറുടെ നിലപാടിനെ അംഗീകരിച്ചത്. അപ്പോള്‍, ഫെഡറല്‍തത്വങ്ങളുടെ ലംഘനമുണ്ടായിട്ടുണ്ടെങ്കില്‍ അതിന് വഴിവയ്ക്കുന്ന സാഹചര്യമൊരുക്കിക്കൊടുത്തത് നരേന്ദ്രമോഡിയുടെ സ്ഥാപിതതാല്‍പ്പര്യങ്ങളും അഴിമതി പുറത്തുവരാതിരിക്കാനുള്ള ജാഗ്രതയുമാണെന്നര്‍ഥം. 2003 മുതല്‍ ലോകായുക്ത നിയമനം മരവിപ്പിച്ചുനിര്‍ത്തിയ മോഡിയെയും ലോകായുക്ത നിയമനത്തില്‍ മന്ത്രിസഭയ്ക്ക് ഒരു കാര്യവുമില്ലെന്ന നിലപാടെടുത്ത ഗവര്‍ണര്‍ കമലാ ബനിവാളിനെയും സുപ്രീംകോടതി വിധിന്യായത്തില്‍ വിമര്‍ശിച്ചിട്ടുണ്ട് എന്നത് കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാക്കിത്തരുന്നുണ്ട്. ജനാധിപത്യത്തില്‍ ഗവര്‍ണര്‍ക്ക് സ്വതന്ത്രാധികാരമുപയോഗിച്ച് ചെയ്യാവുന്ന കാര്യങ്ങള്‍ക്ക് പരിമിതിയുണ്ടെന്ന സുപ്രീംകോടതിയുടെ ഓര്‍മപ്പെടുത്തല്‍ ഗുജറാത്ത് ലോകായുക്ത കേസ് വിധിക്കുമപ്പുറത്തേക്ക് പ്രസക്തിയുള്ളതും ഗവര്‍ണര്‍മാര്‍ മനസ്സിലാക്കേണ്ടതുമായ ഒരു വിലപ്പെട്ട പാഠമാണ്. വ്യക്തിപരമായ നിലയിലല്ലാതെ കൈക്കൊള്ളുന്ന ഏതു നടപടിയിലും ഗവര്‍ണര്‍ക്ക് മന്ത്രിസഭാ ഉപദേശം ബാധകമാണന്ന് ഓര്‍മിപ്പിച്ചിട്ടുണ്ട് എന്നത് ഫെഡറല്‍തത്വങ്ങള്‍ക്ക് പരിക്കേല്‍ക്കാതെ ഈ കേസ് കൈകാര്യംചെയ്യാന്‍ സുപ്രീംകോടതി കാട്ടിയ സവിശേഷ ശ്രദ്ധയ്ക്ക് ഉദാഹരണമാണ്.

*
ദേശാഭിമാനി മുഖപ്രസംഗം 04 ജനുവരി 2013

No comments: