Tuesday, January 1, 2013

ഭൂമിയുടെ അവകാശികള്‍ സമരഭൂമിയിലേക്ക്

നവോത്ഥാന പോരാട്ടങ്ങളുടെ തുടര്‍ച്ചയായാണ് കാര്‍ഷിക പരിഷ്കരണങ്ങളുടെ അനിവാര്യത ഉയര്‍ത്തിപ്പിടിച്ച് കേരളത്തില്‍ ഭൂമിക്കുവേണ്ടിയുള്ള കരുത്തുറ്റ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നുവന്നത്. ഈ സമരത്തിന്റെകൂടി അടിത്തറയില്‍ രൂപപ്പെട്ടുവന്ന കമ്യൂണിസ്റ്റ് പാര്‍ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍, ജന്മിത്വത്തിന്റെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള വേരറുത്തു മാറ്റുന്നതും സവര്‍ണാധിപത്യത്തിന്റെ സാമ്പത്തികാടിത്തറയെ തകര്‍ക്കുന്നതിനുതകുന്നതുമായ ഭൂപരിഷ്കരണ നിയമങ്ങള്‍ കൊണ്ടുവന്നു. ഇത് കേരളത്തിന്റെ സാമൂഹ്യഘടനയില്‍ സമൂലമായ മാറ്റം വരുത്തി. മുതലാളിത്ത ആസൂത്രണ വ്യവസ്ഥയുടെ പരിമിതികള്‍ക്കിടയില്‍നിന്ന് ദുര്‍ബലരെ സഹായിക്കാനുതകുന്ന നിയമനിര്‍മാണങ്ങളുണ്ടാക്കാമെന്ന പാഠംകൂടി ഇത് നല്‍കി. എന്നാല്‍, ഈ നിയമങ്ങള്‍ നടപ്പാക്കാതിരിക്കുന്നതിന് ഇത്തരം നിയമനിര്‍മാണം നടത്തിയ സര്‍ക്കാരുകളെ അട്ടിമറിക്കുന്നതിന് വലതുപക്ഷ ശക്തികള്‍ തയ്യാറായി. ഈ ഘട്ടത്തിലാണ് നിയമസഭ പാസാക്കിയ നിയമം നടപ്പാക്കുന്നതിനുവേണ്ടി ധീരോദാത്തപോരാട്ടം ഉയര്‍ന്നുവന്നത്. ദശലക്ഷക്കണക്കിന് കൃഷിക്കാരനും കര്‍ഷക തൊഴിലാളിക്കും ദളിതനും ആദിവാസിക്കും ഭൂമി നല്‍കാനും സമൂഹത്തിലെ അവന്റെ സ്ഥാനം വലിയ തോതില്‍ മെച്ചപ്പെടുത്താനും ഈ പ്രക്ഷോഭങ്ങള്‍ വഴി സാധിച്ചു. പാര്‍ലമെന്റും പാര്‍ലമെന്റിതരവുമായ സമരമാര്‍ഗങ്ങളെ കൂട്ടിയോജിപ്പിച്ച് ജനങ്ങള്‍ക്ക് അനുകൂലമായ വിധത്തില്‍ ഈ വ്യവസ്ഥയില്‍ ഇടപെടുന്ന പാര്‍ടിയുടെ കാഴ്ചപ്പാടിന്റെ പ്രായോഗിക രൂപംകൂടിയായിരുന്നു അത്.

മുതലാളിത്ത വികാസപ്രക്രിയ കേരളത്തിന്റെ സാമൂഹ്യ-രാഷ്ട്രീയരംഗത്തും വമ്പിച്ച പ്രത്യാഘാതം സൃഷ്ടിക്കുകയാണ്. 20 ശതമാനം വരുന്ന സമ്പന്നരുടെ വരുമാനം വര്‍ധിക്കുമ്പോള്‍ അടിത്തട്ടില്‍ കിടക്കുന്ന 30 ശതമാനത്തിന്റെ വരുമാനത്തില്‍ വലിയ തോതില്‍ ഇടിവ് വരികയാണ്. ഭൂമിയെ ഊഹക്കച്ചവടത്തിന്റെയും ലാഭസാധ്യതയുടെയും അമിത ഉപഭോഗത്തിന്റെയും രീതിയില്‍ സമീപിക്കുന്ന മുതലാളിത്ത രീതിയും ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് ശക്തിപ്പെട്ടുവരികയാണ്. ഈ പരിതഃസ്ഥിതിയില്‍ അടിസ്ഥാന ജനവിഭാഗത്തിന്റെ താല്‍പ്പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ഉപജീവനത്തിന്റെയും ഉല്‍പ്പാദന വര്‍ധനയുടെയും അടിസ്ഥാന സൗകര്യ വിപുലീകരണത്തിന്റെയും രീതിയില്‍ ഇതിനെ ശാസ്ത്രീയമായി സമീപിക്കുന്ന ബദല്‍രീതിയും പുരോഗമന പ്രസ്ഥാനങ്ങള്‍ കൂടുതല്‍ തീവ്രമായി മുന്നോട്ടുവയ്ക്കുകയാണ്. കേരളത്തിലെ ഭൂപരിഷ്കരണ നിയമങ്ങളിലൂടെ മുന്നോട്ടുവച്ച കാഴ്ചപ്പാടിനെ തകര്‍ക്കുന്നതിനെതിരായുള്ള പോരാട്ടവും ഈ കാഴ്ചപ്പാടിന്റെ ഭാഗംതന്നെ. വര്‍ത്തമാനകാലത്ത് ഭൂപ്രശ്നത്തെ സംബന്ധിച്ച് കമ്യൂണിസ്റ്റ് പാര്‍ടി സ്വീകരിക്കുന്ന സമീപനത്തെ ഈ പശ്ചാത്തലത്തില്‍ നിന്നുവേണം കാണാന്‍.

ഭൂപരിഷ്കരണ നിയമത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കിയ ലക്ഷക്കണക്കിന് ഏക്കര്‍ വരുന്ന തോട്ടഭൂമികളുടെ പാട്ടക്കാലാവധി കഴിയുകയാണ്. ഭൂരഹിതര്‍ക്ക് വിതരണംചെയ്യാന്‍ കഴിയുന്ന പതിനായിരക്കണക്കിന് ഏക്കര്‍ മിച്ചഭൂമി ഇതു വഴി ലഭ്യമാവും. ഇത് ഏറ്റെടുക്കാതെ ഭൂമാഫിയകള്‍ക്ക് കൈമാറാനാണ് സംസ്ഥാന സര്‍ക്കാരിന്റെ നീക്കം. കോര്‍പറേറ്റ് അധീനതയിലുള്ള പതിനായിരക്കണക്കിനേക്കര്‍ മിച്ചഭൂമി ഏറ്റെടുത്ത് വിതരണംചെയ്യാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മടിക്കുകയാണ്. 38.86 ലക്ഷം ഹെക്ടര്‍ വരുന്ന മൊത്തം കൃഷിയിടങ്ങളില്‍ 2.13 ലക്ഷം ഹെക്ടര്‍ ഭൂമിയില്‍ മാത്രമാണ് ഇക്കഴിഞ്ഞ വര്‍ഷം നെല്‍കൃഷി നടന്നത്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ആദ്യവര്‍ഷം 21,217 ഹെക്ടര്‍ നെല്‍വയല്‍ പുതുതായി തരിശിടുന്ന സ്ഥിതിയുണ്ടായി. ഈ വര്‍ഷം ഇത് 50,000 ഹെക്ടറിലധികമാകുമെന്നാണ് കരുതുന്നത്. കൃഷിയാവശ്യത്തിനല്ലാതെ നെല്‍വയലുകള്‍ വാങ്ങിക്കൂട്ടി തരിശിട്ട് കുന്നുകള്‍ നികത്തി ഈ ഭൂമിയുടെ ഘടന മാറ്റി റിയല്‍ എസ്റ്റേറ്റ് ലോബികള്‍ ഊഹലാഭം ഉണ്ടാക്കുന്ന സ്ഥിതിയെയും സര്‍ക്കാര്‍ സഹായിക്കുന്നു. 15 ഏക്കര്‍ ഭൂമി എന്ന ഭൂപരിധി കേരളത്തില്‍ വ്യാപകമായി ലംഘിക്കുകയാണ്. കോര്‍പറേറ്റുകള്‍, റിയല്‍ എസ്റ്റേറ്റ് മുതലാളിമാര്‍, പുത്തന്‍ കള്ളപ്പണക്കാര്‍, ചില ജാതി- മത സ്ഥാപനങ്ങള്‍ ഇവരെല്ലാം ഈ നിയമലംഘനത്തിന് നേതൃത്വം നല്‍കുന്നു. ഇതിനെ സഹായിക്കുന്ന നിയമനിര്‍മാണങ്ങളാണ് ടൂറിസം വികസനത്തിന്റെയും മൂലധന നിക്ഷേപ ആകര്‍ഷണത്തിന്റെയും പേരില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നത്.

മിച്ചഭൂമി തിരിമറിക്ക് സൗകര്യമൊരുക്കിയതാണ് 1960 മുതലുള്ള കമ്യൂണിസ്റ്റ് വിരുദ്ധ സര്‍ക്കാരുകളുടെ ചരിത്രം. അതുവഴി ഭൂരഹിതരായ ആദിവാസിക്കും പട്ടികജാതിക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമി നഷ്ടപ്പെട്ടു. എല്ലാ ഭൂരഹിത ആദിവാസി കുടുംബത്തിനും ഒരേക്കര്‍ വീതം ഭൂമി നല്‍കുക എന്നതാണ് ഭൂസമരത്തില്‍ ആവശ്യപ്പെടുന്നത്. പട്ടികജാതിക്കാരുടെ ആളോഹരി ഭൂവിസ്തൃതി കേവലം 1.94 സെന്റാണ്. 32 ലക്ഷത്തോളം വരുന്ന പട്ടികജാതിക്കാരുടെ കൈയില്‍ കേവലം 16,550 ഏക്കര്‍ കൃഷിഭൂമി മാത്രമാണുള്ളത്. ഈ ജനവിഭാഗത്തിന് കൃഷി ചെയ്യാനുള്ള ഭൂമി നല്‍കുക എന്നതാണ് ഈ സമരത്തിന്റെ മറ്റൊരു പ്രധാന ആവശ്യം. നാലുലക്ഷത്തോളം ഭൂരഹിതര്‍ ഭൂമിക്കായി അപേക്ഷ നല്‍കിയിട്ടും അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ തയ്യാറാകുന്നില്ല.

സാമൂഹ്യസുരക്ഷാ മേഖലയില്‍നിന്നുള്ള സര്‍ക്കാരിന്റെ പിന്മാറ്റത്തെത്തുടര്‍ന്ന് ലക്ഷക്കണക്കിന് മലയാളികളുടെ കിടപ്പാടം ഇതിനകം ധനകാര്യസ്ഥാപനങ്ങള്‍ക്ക് പണയപ്പെട്ടുകഴിഞ്ഞു. കൃഷിഭൂമിയുടെ നിഷേധവും ഉള്ള ഭൂമിയില്‍നിന്നുള്ള അന്യവല്‍ക്കരണവും കിടപ്പാടത്തിനായുള്ള ഭൂമിയുടെ എത്തിപ്പിടിക്കാനാവാത്ത വിലനിലവാരവും ഭൂപ്രശ്നത്തെ മലയാളിയുടെ ഇന്നത്തെ മുഖ്യ സാമൂഹ്യവിഷയമായി മാറ്റി. ഈ സാഹചര്യത്തില്‍ കേരളത്തിലെ ഭൂപ്രശ്നങ്ങള്‍ക്ക് ശാസ്ത്രീയമായ പരിഹാരം കാണാന്‍ കഴിയുന്ന ബദല്‍ നിര്‍ദേശങ്ങള്‍ ഭൂസംരക്ഷണ സമരസമിതി ഇതിനകം കേരള സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. ഇതിനുകൂലമായ നിലപാട് ഇതുവരെ സ്വീകരിച്ചുകാണുന്നില്ല. 1960കളിലും 1970കളിലും അലയടിച്ചുയര്‍ന്ന വലിയ ഭൂപ്രക്ഷോഭങ്ങളുടെ തുടര്‍ച്ചയായി ചൊവ്വാഴ്ച ആരംഭിക്കുന്ന ഭൂസംരക്ഷണ സമര പ്രവര്‍ത്തനങ്ങള്‍ക്ക് നല്ല പിന്തുണയാണ് ജനാധിപത്യകേരളം നല്‍കിയത്. ഭൂരഹിതരുടെ വിപുലമായ കണ്‍വന്‍ഷനുകള്‍, പ്രചാരണജാഥകള്‍, സമര വളന്റിയര്‍മാരുടെ റിക്രൂട്ട്മെന്റ് - ഇവയ്ക്കെല്ലാം വലിയ ബഹുജന സ്വീകാര്യതയാണ് ലഭ്യമായത്. പതിനായിരക്കണക്കിന് പ്രവര്‍ത്തകരും പുരോഗമന പ്രസ്ഥാനത്തിന്റെ നേതൃനിരയും ഈ സമരരംഗത്ത് അണിനിരക്കും. സാമ്പത്തിക ഉദാരവല്‍ക്കരണത്തിന്റെ പ്രയോക്താക്കളായ കേരള സര്‍ക്കാരിനെതിരെ നിശ്ചയദാര്‍ഢ്യത്തോടുകൂടിയ പ്രക്ഷോഭ വഴിയിലൂടെമാത്രമേ സമകാല കേരളത്തിലെ ഭൂപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാകൂ. സമ്പന്നാനുകൂല സാമ്പത്തിക പരിഷ്കരണങ്ങളുടെ ഗതിവേഗം വര്‍ധിപ്പിക്കാന്‍ കേന്ദ്ര-കേരള സര്‍ക്കാരുകള്‍ പരിശ്രമിക്കുന്ന ഈ ഘട്ടത്തില്‍ അതിനെതിരായുയരുന്ന ജനകീയ പ്രതിരോധത്തിലെ വലിയ ഒരു ചുവടുവയ്പാകും ഭൂസമരം.

*
എ വിജയരാഘവന്‍ ദേശാഭിമാനി 01 ജനുവരി 2013

No comments: