Tuesday, January 1, 2013

ചരിത്രം സൃഷ്ടിക്കുന്ന സമരഗാഥ

ഭൂസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച പതിനാല് ജില്ലകളിലുള്ള രണ്ടായിരത്തോളം ഏക്കര്‍ ഭൂമിയിലേക്ക് സമരവളന്റിയര്‍മാര്‍ പ്രവേശിക്കും. ഭൂസമരത്തിന്റെ പുതിയൊരു ചരിത്രം സൃഷ്ടിക്കുന്ന സമരഗാഥയ്ക്ക് തുടക്കം കുറിക്കും. ജനുവരി 11 മുതല്‍ കൂടുതല്‍ പ്രദേശങ്ങളില്‍ ഭൂരഹിതരായ ജനവിഭാഗങ്ങളെ അണിനിരത്തി കുടില്‍കെട്ടി താമസിക്കുന്നതുള്‍പ്പെടെയുള്ള സമരപരിപാടികളാണ് സംഘടിപ്പിക്കുന്നത്.

ഇത്തരമൊരു സമരത്തിന്റെ ആവശ്യകത എന്താണ് എന്ന ചോദ്യം ചില കേന്ദ്രങ്ങള്‍ ഉന്നയിക്കുന്നുണ്ട്. യുഡിഎഫ് സര്‍ക്കാര്‍ ഭൂപരിഷ്കരണ നിയമത്തില്‍ ഭേദഗതി വരുത്തിയതിനെത്തുടര്‍ന്ന് അവശേഷിക്കുന്ന മിച്ചഭൂമി ഇല്ലാതാക്കുന്ന വിധത്തില്‍ കശുമാവിന്‍ തോട്ടങ്ങളെ ഭൂപരിധി നിയമത്തില്‍നിന്ന് ഒഴിവാക്കിയിരിക്കുകയാണ്. ഇതിന്റെ ഫലമായി പരിധിയില്‍ കവിഞ്ഞഭഭൂമി കൈവശംവയ്ക്കുന്ന ഏതൊരാള്‍ക്കും ഒരു ഹെക്ടര്‍ ഭൂമിയില്‍ 150 കശുമാവിന്‍ തൈ വച്ചുപിടിപ്പിച്ചാല്‍ ഭൂപരിധി വ്യവസ്ഥയില്‍നിന്ന് രക്ഷപ്പെടാന്‍ സാധിക്കും. ഇപ്പോള്‍ താലൂക്ക് ലാന്‍ഡ്ബോര്‍ഡുകള്‍ മിച്ചഭൂമിയായി പ്രഖ്യാപിച്ച് നോട്ടീസ് നല്‍കിയ നിരവധി ഭൂഉടമകള്‍ പ്രസ്തുത നടപടിയെ ചോദ്യംചെയ്ത് കേസുകള്‍ നടത്തുന്നുണ്ട്. യുഡിഎഫ് സര്‍ക്കാരിന്റെ നടപടിമൂലം ആ കേസുകളിലെ ആയിരക്കണക്കിന് ഏക്കര്‍ ഭൂമി ഭൂഉടമകളുടെ കൈയില്‍ നിയമവിധേയമായി തിരിച്ചെത്തുന്ന അവസ്ഥ വന്നുചേരും. തോട്ടം ഭൂമിയില്‍ അഞ്ച് ശതമാനം ടൂറിസം ഉള്‍പ്പെടെയുള്ള തോട്ടമിതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനും യുഡിഎഫ് സര്‍ക്കാര്‍ നിയമഭേദഗതി വരുത്തി. ഒരുലക്ഷത്തോളം ഏക്കര്‍ ഭൂമി ഇതിന്റെ ഫലമായി റിയല്‍ എസ്റ്റേറ്റ് മാഫിയയുടെ കൈയില്‍ എത്തിച്ചേരും. ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുന്ന ഈ നിയമഭേദഗതികള്‍ റദ്ദാക്കണമെന്നതാണ് ഭൂസമരത്തിന്റെ പ്രധാനപ്പെട്ട ആവശ്യം.

സംസ്ഥാനത്ത് ഭൂരഹിതരായ മൂന്നു ലക്ഷത്തോളം പേര്‍ ഭൂമിക്കു വേണ്ടി അപേക്ഷ നല്‍കി കാത്തിരിക്കുന്നുണ്ട്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഒന്നരലക്ഷത്തോളം പേര്‍ക്ക് ഭൂമി നല്‍കുകയും ഇ എം എസ് ഭവനപദ്ധതി പ്രകാരം മൂന്ന് ലക്ഷത്തിലേറെ പേര്‍ക്ക് വീട് നിര്‍മിച്ചു നല്‍കുകയുംചെയ്തു. ഇപ്പോള്‍ ആ പ്രക്രിയ സമ്പൂര്‍ണമായി തകര്‍ന്നു. ഭൂസംരക്ഷണ സമിതിയുടെ സമരപ്രഖ്യാപനത്തിന് ശേഷം ഉമ്മന്‍ചാണ്ടിസര്‍ക്കാര്‍ ഭൂരഹിത കുടുംബത്തിന് മൂന്ന് സെന്റ് വീതം ഭൂമി നല്‍കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍, ഇതിനാവശ്യമായ ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിക്കുന്നില്ല. ഭൂരഹിതര്‍ക്ക് 10സെന്റ് ഭൂമിയെങ്കിലും നല്‍കണമെന്നാണ് കേന്ദ്രഗ്രാമവികസന വകുപ്പ് നിര്‍ദേശിക്കുന്നത്. ചെങ്ങറ സമരത്തില്‍ പങ്കെടുത്തവര്‍ക്ക് ഇരുപത്തഞ്ച് സെന്റ് മുതല്‍ ഒരേക്കര്‍വരെ ഭൂമി നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. ഈ സാഹചര്യത്തില്‍ മൂന്ന് സെന്റ് ഭൂമി നല്‍കുമെന്ന് പ്രഖ്യാപിച്ച് മറ്റ് ഭൂരഹിതരെ കബളിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഭൂരഹിതര്‍ക്ക് കൊടുക്കാന്‍ ഭൂമി കണ്ടെത്താന്‍ കഴിയുന്നില്ലെന്നാണ് സര്‍ക്കാര്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍, ഇതിനാവശ്യമായ ഭൂമി ഇവിടെയുണ്ട് എന്ന് ഈ സമരത്തിലൂടെ പ്രഖ്യാപിക്കും. ഇന്നയിന്ന കേന്ദ്രങ്ങളില്‍ ഭൂമിയുണ്ടെന്ന് സര്‍ക്കാരിന് കാണിച്ചുകൊടുക്കും.

കാസര്‍കോട് ജില്ലയില്‍ കിനാവൂര്‍- കരിന്തളം പഞ്ചായത്തിലും കണ്ണൂരില്‍ പരിയാരത്തും വയനാട്ടില്‍ ചൂണ്ടയിലും കോഴിക്കോട് ഉള്ള്യേരിയിലും മലപ്പുറത്ത് വണ്ടൂരിലും പാലക്കാട് കൊല്ലങ്കോട്ടെ കരിപ്പോട്ടും തൃശൂരില്‍ വടക്കാഞ്ചേരിയിലെ വടക്കേകളത്തും എറണാകുളത്ത് കടമക്കുടിയിലും കോട്ടയത്ത് കുമരകത്തും ഇടുക്കിയില്‍ ചിന്നക്കനാലിലും ആലപ്പുഴയില്‍ കൈനകരിയിലും പത്തനംതിട്ടയില്‍ ആറന്മുളയിലും കൊല്ലത്ത് കുളത്തൂപ്പുഴയിലും തിരുവനന്തപുരത്ത് മടവൂരിലും സമരവളന്റിയര്‍മാര്‍ ഭൂമിയില്‍ പ്രവേശിക്കും. രണ്ടായിരത്തില്‍പ്പരം ഏക്കര്‍ ഭൂമിയിലാണ് സമരം ആരംഭിക്കുന്നത്. ഈ ഭൂമിയില്‍ പലതും മിച്ചഭൂമിയായി പ്രഖ്യാപിച്ചതും ഏറ്റെടുത്ത് വിതരണംചെയ്യുന്നതില്‍ സര്‍ക്കാര്‍ അനാസ്ഥ കാട്ടിയതുമാണ്. മറ്റ് ചിലതാവട്ടെ ഭൂപരിധി നിയമത്തിന് വിരുദ്ധമായി നെല്‍പ്പാടങ്ങള്‍ വാങ്ങിക്കൂട്ടി കൃഷിചെയ്യാതെ ഇട്ടിരിക്കുന്ന ഭൂമിയാണ്. ഇതുകൂടാതെ ആയിരക്കണക്കിന് ഏക്കര്‍ഭൂമി വേറെയും വിവിധ പ്രദേശങ്ങളിലുണ്ട്. തോട്ടം ഭൂമിയെന്ന പേരില്‍ കൃഷിചെയ്യാതെ വച്ചിരിക്കുന്ന ഭൂപ്രദേശങ്ങളും പാട്ടത്തിന് കൊടുത്ത ഭൂമിയില്‍ അനുവദിക്കപ്പെട്ടതിനേക്കാള്‍ കൂടുതല്‍ കൈയേറി കൈവശം വച്ചിരിക്കുന്നതുമായ ഭൂമിയും ഏറ്റെടുത്താല്‍തന്നെ പട്ടികജാതി- പട്ടികവര്‍ഗ ജനവിഭാഗങ്ങള്‍ക്കും ഭൂരഹിതരായ മറ്റ് ജനവിഭാഗങ്ങള്‍ക്കും ഭൂമി ലഭ്യമാക്കാന്‍ സാധിക്കും. പട്ടണപ്രദേശങ്ങളില്‍ ഒരു സെന്റ് ഭൂമി സാധാരണക്കാരന് വിലകൊടുത്തുവാങ്ങാന്‍ സാധിക്കാത്ത സ്ഥിതിയാണ്.

നെല്‍പ്പാടങ്ങള്‍ ചുരുങ്ങിയ വിലയ്ക്ക് വാങ്ങിക്കൂട്ടുകയും അവ കൃഷിചെയ്യാതെ സന്ദര്‍ഭം കിട്ടുമ്പോള്‍ നികത്തിയെടുക്കുകയുംചെയ്യുന്ന പ്രവണത കേരളത്തില്‍ വ്യാപകമാണ്. നെല്‍വയലുകള്‍ മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ലെന്ന 2008ലെ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണനിയമം സംസ്ഥാനത്ത് നടപ്പാക്കുന്നില്ല. ഒരു കാരണവശാലും നെല്‍പ്പാടങ്ങള്‍ മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ല. അങ്ങനെയുണ്ടെങ്കില്‍ അത് തടയണം. അത്തരം കേന്ദ്രങ്ങളില്‍ ബഹുജനങ്ങളെ അണിനിരത്തി നെല്‍പ്പാടങ്ങള്‍ സംരക്ഷിക്കുന്ന ഒരു പ്രസ്ഥാനവുമായിരിക്കും ഭൂസമരം. ഭൂരഹിതരായ മുഴുവന്‍ പേര്‍ക്കും സമയബന്ധിതമായി ഭൂമി നല്‍കുന്നതിനുള്ള നടപടിക്രമം സര്‍ക്കാരിനെക്കൊണ്ട് സ്വീകരിപ്പിക്കാന്‍ ഭൂസമരം വഴി സാധിക്കണം. മിച്ചഭൂമിയുമായി ബന്ധപ്പെട്ട കേസുകള്‍ ഇരുപത്തഞ്ച് വര്‍ഷത്തിലേറെയായി കെട്ടിക്കിടക്കുകയാണ്. ഇത്തരം കേസുകള്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ പ്രത്യേക കോടതികളെ ചുമതലപ്പെടുത്തണം.

ബിനാമി പേരുകളില്‍ റിയല്‍ എസ്റ്റേറ്റുകാരും കോര്‍പറേറ്റുകളും വന്‍തോതില്‍ ഭൂമി വാങ്ങിക്കൂട്ടുകയാണ്. ഭൂപരിഷ്കരണ നിയമത്തെതുടര്‍ന്ന് ഒരു പരിധിവരെ ഇല്ലാതാക്കിയ ഭൂപ്രഭുത്വം മറ്റൊരു രൂപത്തില്‍ മുതലാളിത്ത ഭൂപ്രഭുത്വമായി വളര്‍ന്നുവരികയാണ്. ഇത് കേരളത്തിന്റെ വര്‍ഗഘടനയില്‍ തന്നെ സ്വാധീനം ചെലുത്തുന്ന പുത്തന്‍ പ്രവണതയിലേക്കാണ് സമൂഹത്തെ നയിക്കുന്നത്. തോട്ടംഭൂമി റിയല്‍ എസ്റ്റേറ്റുകാര്‍ കൈക്കലാക്കി തുണ്ടംതുണ്ടമാക്കി വെട്ടിമുറിച്ച് വില്‍പ്പന നടത്തുന്നു. സര്‍ക്കാര്‍ ഇത് കണ്ടില്ലെന്ന് നടിക്കുന്നു. തോട്ടം ഭൂമികളിലാണ് മിക്കയിടങ്ങളിലും എന്‍ജിനിയറിങ് കോളേജുകളും മെഡിക്കല്‍ കോളേജുകളും പടുത്തുയര്‍ത്തുന്നത്. ഭൂപരിഷ്കരണ നിയമത്തിന്റെ ഭാഗമായുള്ള നടപടികളൊന്നും സ്വീകരിക്കാത്തതുകൊണ്ടാണ് ഇത്തരത്തില്‍ ഒരു കൂട്ടരുടെ കൈയിലേക്ക് ഭൂമിയുടെ കേന്ദ്രീകരണം വന്നുചേരുന്നത്. യുഡിഎഫ് അധികാരത്തില്‍ വന്നതോടെ ഈ പ്രവണത കൂടുതല്‍ ശക്തിപ്പെട്ടു. അമ്പതിനായിരം ഏക്കര്‍ നെല്‍വയല്‍ നികത്തിയതിന് സര്‍ക്കാര്‍തന്നെ അംഗീകാരം കൊടുത്തതോടെ ഭൂമാഫിയക്ക് വിലസാനുള്ള അവസരം സംജാതമായി. ഈ സ്ഥിതി തുടരാന്‍ അനുവദിച്ചുകൂടാ എന്നതുകൊണ്ടാണ് ഭൂസംരക്ഷണ പ്രക്ഷോഭവുമായി ജനങ്ങള്‍ മുന്നോട്ട് വരുന്നത്. കര്‍ഷകസംഘം, കര്‍ഷക തൊഴിലാളി യൂണിയന്‍, പട്ടികജാതി ക്ഷേമസമിതി, ആദിവാസി ക്ഷേമസമിതി എന്നീ സംഘടനകള്‍ ചേര്‍ന്നുള്ള ഒരു ഭൂസംരക്ഷണ സമിതിയാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്. ഭൂസമരത്തില്‍ പങ്കെടുത്ത് അറസ്റ്റ് വരിക്കാന്‍ ഒരു ലക്ഷത്തിലേറെപേര്‍ തയ്യാറെടുത്തിരിക്കുന്നു. ഈ സമരത്തില്‍ ഉന്നയിച്ച ആവശ്യങ്ങള്‍ പരിശോധിക്കാനും അവ നടപ്പാക്കാനും ഉമ്മന്‍ചാണ്ടിസര്‍ക്കാര്‍ തയ്യാറാവുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്.

*
കോടിയേരി ബാലകൃഷ്ണന്‍ ദേശാഭിമാനി01 ജനുവരി 2013

No comments: