Friday, June 24, 2011

ഫെഡറല്‍ മൂല്യങ്ങള്‍ തകര്‍ക്കുന്ന വിദ്യാഭ്യാസനയം

രണ്ടാം യുപിഎ സര്‍ക്കാരിന്റെ പുത്തന്‍ വിദ്യാഭ്യാസ പരിഷ്കാരങ്ങളും നിയമനിര്‍ദേശങ്ങളും രാജ്യവ്യാപകമായി ചര്‍ച്ചചെയ്യുന്ന സന്ദര്‍ഭമാണിത്. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ കേന്ദ്രസര്‍ക്കാര്‍ വിഭാവനംചെയ്യുന്ന പരിഷ്കാരങ്ങള്‍ നടപ്പാക്കാന്‍ ഏതാണ്ട് 352 ലക്ഷം കോടി രൂപ ആവശ്യമായി വരുമെന്നാണ് കേന്ദ്ര ആസൂത്രണ കമീഷന്‍ കണക്കാക്കുന്നത്. അതിന്റെ വെറും 8 ശതമാനം മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ മുതല്‍മുടക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്. ബാക്കി 92 ശതമാനവും അധികവിഭവ സമാഹരണത്തിലൂടെയും ആഭ്യന്തരവും വൈദേശികവുമായ സ്വകാര്യ സംരംഭകരെ ആശ്രയിച്ചും നടത്താനാണ് കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. പബ്ലിക്-പ്രൈവറ്റ് പാര്‍ട്നര്‍ഷിപ്പ് (പിപിപി) എന്ന പേരിലാണ് ഈ പദ്ധതി.

ഏജന്‍സികളുടെ പണം ധാരാളമായി ഒഴുകിയെത്തുന്നതുപോലെ വിദ്യാഭ്യാസമേഖലയിലും അത് സാധ്യമാകുമോ എന്നതും ഊഹക്കമ്പോളത്തിലെ അനുമാനങ്ങളുടെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസരംഗത്തേക്കുളള വികസനപദ്ധതി തയ്യാറാക്കുന്നത് യുക്തിഭദ്രമാണോ എന്നതും പരിശോധിക്കേണ്ടതാണ്. വിദ്യാഭ്യാസരംഗത്ത് പൊതുമേഖല ശക്തമായിട്ടുളള സംസ്ഥാനമാണ് കേരളം. നിരവധി ജനകീയ ഇടപെടലുകളിലൂടെയും പ്രക്ഷോഭങ്ങളിലൂടെയുമാണ് പൊതുവിദ്യാഭ്യാസ സംവിധാനം കേരളത്തില്‍ ശക്തിപ്രാപിച്ചത്. നമ്മുടെ സംസ്ഥാനം കൈവരിച്ച നേട്ടങ്ങള്‍ക്കെല്ലാം നിദാനമായത് പൊതുവിദ്യാലയങ്ങളാണ്. സ്വകാര്യ സംരംഭകര്‍ക്കും ഏജന്‍സികള്‍ക്കും ഈ രംഗം തുറന്നുകൊടുക്കുന്നതിന് ഉദ്ദേശിച്ചുകൊണ്ടുള്ള പബ്ലിക്-പ്രൈവറ്റ് പാര്‍ട്ണര്‍ഷിപ്പ് നാടിന് ദോഷമാണ് ചെയ്യുക. സര്‍ക്കാര്‍ അധീനതയിലുള്ള സ്ഥാപനങ്ങളെക്കൂടി കൈവശപ്പെടുത്താനുള്ള അവസരമായിട്ടാണ് സ്വകാര്യ ഏജന്‍സികള്‍ ഇതിനെ കാണുന്നത്. യുപിഎ സര്‍ക്കാരിന്റെ ഉദ്ദേശ്യവും ഇതുതന്നെ. നാടിന്റെ വര്‍ത്തമാനവും ഭാവിയും രൂപപ്പെടുത്തുന്നതില്‍ വിദ്യാഭ്യാസത്തിനുള്ള പങ്ക് അനിഷേധ്യമാണ്. അതുകൊണ്ടുതന്നെ വ്യത്യസ്ത സാമൂഹ്യ-സാമ്പത്തിക-സാംസ്കാരിക സാഹചര്യങ്ങളുള്ള സംസ്ഥാനങ്ങളുടെ വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്ക് അലംഘനീയമായ രീതിയിലുളള ദേശീയ നിയമങ്ങള്‍ പാലിക്കപ്പെടണമെന്ന് നിഷ്കര്‍ഷിക്കുന്നത് യഥാര്‍ഥ ഫെഡറല്‍ തത്വങ്ങള്‍ക്ക് എതിരാണ്. ഉന്നതവിദ്യാഭ്യാസത്തിന്റെ ഗുണമേന്മയിലും ഉള്ളടക്കത്തിലും കഴിയാവുന്നത്ര മേഖലകളില്‍ ദേശീയ നിലവാരം ഉണ്ടാകണമെന്ന കാര്യം പരിഗണിക്കാമെങ്കിലും ഓരോ പ്രദേശത്തിന്റെയും തനിമയും ശക്തിദൗര്‍ബല്യങ്ങളും തിരിച്ചറിഞ്ഞുകൊണ്ടുള്ള നയസമീപനമാണ് വേണ്ടത്. ഓരോ പ്രാദേശിക സമൂഹത്തിന്റെയും തനിമയിലൂന്നിക്കൊണ്ടുള്ള സമഗ്രവും സന്തുലിതവുമായ വികസന പരിപാടികളാണ് ഉണ്ടാകേണ്ടത്. എന്നാല്‍ , അതിന് കടകവിരുദ്ധമായ നയ സമീപനങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്നത്. മുപ്പതില്‍പരം കേന്ദ്ര സര്‍വകലാശാലകളും ഐടി മാനേജ്മെന്റ് സ്ഥാപനങ്ങളും മുന്നൂറ്റി അന്‍പതില്‍പ്പരം മോഡല്‍ കോളേജും ആയിരത്തില്‍പ്പരം പോളിടെക്നിക്കും ഇരുനൂറോളം സംസ്ഥാന സര്‍വകലാശാലകളുമാണ് പതിനൊന്നാം പദ്ധതിയില്‍ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിനെല്ലാംകൂടി ആവശ്യമായ തുകയുടെ 92 ശതമാനം, അതായത് 3.20 ലക്ഷം കോടി രൂപ, സ്വകാര്യ നിക്ഷേപകരില്‍നിന്ന് സമാഹരിക്കണമെന്നും ഇതിനായി ദേശത്തും വിദേശത്തുമുള്ള സ്വകാര്യ സംരംഭകരെ ആകര്‍ഷിക്കുന്ന തരത്തില്‍ ആവശ്യമായ നിയമനിര്‍മാണങ്ങള്‍ നടത്തണമെന്നും ആസൂത്രണ കമീഷന്‍ നിര്‍ദേശിക്കുകയുണ്ടായി.

പുതുതായി ആരംഭിക്കുന്ന സ്ഥാപനങ്ങളിലും ഇപ്പോള്‍ നിലനില്‍ക്കുന്ന സ്ഥാപനങ്ങളിലും പൊതു-സ്വകാര്യ-പങ്കാളിത്ത മാതൃക നടപ്പാക്കുകയും പൊതു ആസ്തികളുടെ ക്രമേണയുള്ള സ്വകാര്യവല്‍ക്കരണം സാധ്യമാക്കുകയുംചെയ്യുക എന്നതാണ് സര്‍ക്കാരിന്റെ വികസന തന്ത്രത്തിന്റെ അടിത്തറ. ഇതിനായുള്ള നിയമ നിര്‍മാണങ്ങളാണ് വിദ്യാഭ്യാസരംഗത്ത് അമിതമായ കേന്ദ്രീകരണത്തിനും ജനാധിപത്യ നിഷേധത്തിനും അവസരമൊരുക്കുന്ന തരത്തില്‍ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. ദേശീയ ഉന്നത വിദ്യാഭ്യാസ കമീഷന്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട ബില്ലിന്റെ ആമുഖത്തില്‍ ഉന്നതവിദ്യാഭ്യാസരംഗത്ത് സ്വയംഭരണം ഏര്‍പ്പെടുത്തിക്കൊണ്ട് സാമൂഹ്യനീതിയും ഗുണമേന്മയും വര്‍ധിപ്പിക്കുക എന്ന ലക്ഷ്യമാണ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. എന്നാല്‍ , ബില്ലിലെ വ്യവസ്ഥകള്‍ ഇതിന് വിരുദ്ധമാണ്. അധികാര വികേന്ദ്രീകരണം കൂടാതെയുളള സ്വയംഭരണം സാധ്യമല്ല. സാമൂഹ്യ പ്രതിബദ്ധത ഉറപ്പാക്കാതെയുളള സ്വയംഭരണം അസംബന്ധവുമാണ്. സ്വയംഭരണവുമായി ബന്ധപ്പെട്ട് പരക്കെ അംഗീകരിക്കപ്പെടുന്ന ഈ രണ്ട് തത്വവും നിരാകരിക്കുന്ന വ്യവസ്ഥകളാണ് ബില്ലില്‍ ചേര്‍ത്തിരിക്കുന്നത്. അധികാര വികേന്ദ്രീകരണത്തിനു പകരം എല്ലാ അധികാരങ്ങളും ഏഴംഗ ദേശീയ കമീഷനില്‍ കേന്ദ്രീകരിക്കുന്നു.

സംസ്ഥാനങ്ങള്‍ക്കും സര്‍വകലാശാലകള്‍ക്കും ഇന്നുള്ള സ്വയംഭരണ അധികാരങ്ങള്‍പോലും നഷ്ടപ്പെടും. ഏഴംഗ കമീഷന്‍ എടുക്കുന്ന തീരുമാനങ്ങള്‍ നടപ്പാക്കാനും കമീഷന്റെ തീര്‍പ്പുകള്‍ക്കനുസൃതമായി മാത്രം നിലനില്‍ക്കാനും വിധിക്കപ്പെട്ട സ്ഥാപനങ്ങളായി സര്‍വകലാശാലകള്‍ അധഃപതിക്കും. മോഹനവാഗ്ദാനങ്ങള്‍ നല്‍കുന്ന നിയമങ്ങള്‍ കൊണ്ടുവരുകയും എന്നാല്‍ അവയ്ക്കുള്ളില്‍ത്തന്നെ അവയെ പൂര്‍ണമായി നിരാകരിക്കുന്ന വകുപ്പുകള്‍ ഉള്‍പ്പെടുത്തുകയുംചെയ്യുന്ന ശൈലിയാണ് കേന്ദ്രത്തിന്റേത്. ഉന്നതവിദ്യാഭ്യാസരംഗത്ത് സ്വയംഭരണവും ഗുണമേന്മയും സാമൂഹ്യനീതിയും വര്‍ധിപ്പിക്കുന്നതിനായി രൂപപ്പെടുത്തിയ ബില്ലിന്റെ ഉള്ളടക്കം അധികാര കേന്ദ്രീകരണം ഉദ്ദേശിച്ചുകൊണ്ടുള്ളതും സാമൂഹിക പങ്കാളിത്തവും പ്രതിബദ്ധതയും സര്‍വകലാശാലയുടെ സ്വയംഭരണാവകാശവും നിഷേധിക്കുന്നതുമാണ്. സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളിലെ അനഭിലഷണീയമായ പ്രവണതകള്‍ അവസാനിപ്പിക്കുന്നതിന് ഉദ്ദേശിച്ചുകൊണ്ടുള്ള നിയമത്തിലാകട്ടെ തലവരിപ്പണം വാങ്ങുന്നതിനുള്ള അംഗീകാരം നല്‍കുന്ന വ്യക്തമായ വ്യവസ്ഥകളുണ്ട്. ഫീസ് നിയന്ത്രണ കമ്മിറ്റികള്‍ ഇല്ലാതാക്കിക്കൊണ്ട് പരിമിതമായ അധികാരമുള്ള പരാതി പരിഹാര ട്രിബ്യൂണലുകള്‍ രൂപീകരിക്കുകയും വിദ്യാഭ്യാസക്കച്ചവടക്കാര്‍ക്ക് സമ്പൂര്‍ണ വിവേചനാധികാരത്തോടെ പ്രവര്‍ത്തിക്കാനുള്ള നിക്ഷേപസൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നതാണ് പ്രസ്തുത നിയമം. സ്വകാര്യമേഖലയ്ക്ക് അക്രഡിറ്റേഷന്‍ ഏജന്‍സിയാകാന്‍ അവസരം നല്‍കുകയും സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍പോലും കച്ചവടം പ്രോത്സാഹിപ്പിക്കുകയുംചെയ്യുന്നതാണ് നിയുക്ത ദേശീയ അക്രഡിറ്റേഷന്‍ നിയന്ത്രണ നിയമം.

സംസ്ഥാനത്തിന്റെ സാമ്പത്തികവും സാമൂഹ്യവും സാംസ്കാരികവുമായ സുസ്ഥിര വികസനത്തിന് ആവശ്യമായ ബൗദ്ധിക അടിത്തറ സൃഷ്ടിക്കുന്നതിനും കൂടുതല്‍ മെച്ചപ്പെട്ട തൊഴിലവസരങ്ങള്‍ ഉറപ്പാക്കുന്നതിനും സഹായകരമായ രീതിയില്‍ ഉന്നത വിദ്യാഭ്യാസം പുനഃസംഘടിപ്പിക്കുന്നതിന് ഹ്രസ്വകാല അടിസ്ഥാനത്തിലും ദീര്‍ഘകാല അടിസ്ഥാനത്തിലും പദ്ധതികള്‍ ആവിഷ്കരിക്കാന്‍ കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന് കഴിഞ്ഞു. സാമൂഹ്യനീതിയിലും ഗുണമേന്മയിലും അധിഷ്ഠിതമായ വിദ്യാഭ്യാസ വികസനം എന്ന അടിസ്ഥാനലക്ഷ്യത്തില്‍ ഊന്നിനിന്നുകൊണ്ടുള്ള പ്രവര്‍ത്തനമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ കാഴ്ചവച്ചത്. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്കോളര്‍ഷിപ് പദ്ധതി ലോകത്തിനുതന്നെ മാതൃകയാണ്. ഡിഗ്രിതലത്തില്‍ ഓരോ വര്‍ഷവും 1000 വിദ്യാര്‍ഥികള്‍ക്കു വീതവും പിജി തലത്തില്‍ ഓരോ വര്‍ഷവും 600 വിദ്യാര്‍ഥികള്‍ക്ക് വീതവും 12,000 രൂപ മുതല്‍ 60,000 രൂപ വരെ നല്‍കുന്നതാണ് പദ്ധതി. മെറിറ്റും സാമ്പത്തിക പിന്നോക്കാവസ്ഥയും മാനദണ്ഡമായി സ്വീകരിച്ചാണ് വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കുന്നത്. ഇതുകൂടാതെ താഴ്ന്ന വരുമാനത്തില്‍പ്പെട്ട 4000 കുട്ടികള്‍ക്കായി ഓരോ വര്‍ഷവും 10,000 രൂപ വരെ വീതമുള്ള സുവര്‍ണജൂബിലി സ്കോളര്‍ഷിപ് പദ്ധതി, മുസ്ലിം പെണ്‍കുട്ടികള്‍ക്ക് ഉന്നത പഠനത്തിനായി 5000 സ്കോളര്‍ഷിപ്പുകള്‍ എന്നിവയും ഏര്‍പ്പെടുത്തി. സാമ്പത്തികശേഷിയുടെ കുറവ് ഉന്നത വിദ്യാഭ്യാസം നിഷേധിക്കുന്നതിനിടയാകരുത് എന്ന് കാഴ്ചപ്പാടാണ് ഇതിനു പിന്നില്‍ .

ഉന്നത വിദ്യാഭ്യാസരംഗത്തെ പൊതുനിക്ഷേപം കൂടുതല്‍ വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. കഴിഞ്ഞ 5 വര്‍ഷംകൊണ്ട് ഉന്നത വിദ്യാഭ്യാസരംഗത്ത് എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ പാടേ തകര്‍ക്കുന്ന സമീപനമാണ് യുഡിഎഫ് അധികാരത്തിലേറി നാളുകള്‍ക്കകംതന്നെ സ്വീകരിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ നവലിബറല്‍ നയങ്ങള്‍ക്ക് അനുപൂരകമായ നിലപാടുകളും നടപടികളുമാണ് അവര്‍ നടപ്പാക്കാന്‍ പോകുന്നത്. ഇത്് പ്രതിസന്ധികളെ കൂടുതല്‍ സങ്കീര്‍ണമാക്കും. വിദ്യാഭ്യാസമേഖലയെ പരിപൂര്‍ണമായും വാണിജ്യവല്‍ക്കരിക്കുന്നതോടൊപ്പം അതിനെ വെള്ളപൂശാനുള്ള മുതലാളിത്തത്തിന്റെ ഗൂഢതന്ത്രങ്ങളെ തുറന്നുകാട്ടാന്‍ അറിവും ആവിഷ്കാര വൈഭവവും പുതുക്കിക്കൊണ്ട് കൂടുതല്‍ സജ്ജരാകാന്‍ പൊതുവിദ്യാഭ്യാസത്തെ സ്നേഹിക്കുന്നവര്‍ തയ്യാറാകണം.

*
ഡോ. വി രാജേന്ദ്രന്‍നായര്‍ (എകെപിസിടിഎ ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)

1 comment:

വര്‍ക്കേഴ്സ് ഫോറം said...

രണ്ടാം യുപിഎ സര്‍ക്കാരിന്റെ പുത്തന്‍ വിദ്യാഭ്യാസ പരിഷ്കാരങ്ങളും നിയമനിര്‍ദേശങ്ങളും രാജ്യവ്യാപകമായി ചര്‍ച്ചചെയ്യുന്ന സന്ദര്‍ഭമാണിത്. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ കേന്ദ്രസര്‍ക്കാര്‍ വിഭാവനംചെയ്യുന്ന പരിഷ്കാരങ്ങള്‍ നടപ്പാക്കാന്‍ ഏതാണ്ട് 352 ലക്ഷം കോടി രൂപ ആവശ്യമായി വരുമെന്നാണ് കേന്ദ്ര ആസൂത്രണ കമീഷന്‍ കണക്കാക്കുന്നത്. അതിന്റെ വെറും 8 ശതമാനം മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ മുതല്‍മുടക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്. ബാക്കി 92 ശതമാനവും അധികവിഭവ സമാഹരണത്തിലൂടെയും ആഭ്യന്തരവും വൈദേശികവുമായ സ്വകാര്യ സംരംഭകരെ ആശ്രയിച്ചും നടത്താനാണ് കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. പബ്ലിക്-പ്രൈവറ്റ് പാര്‍ട്നര്‍ഷിപ്പ് (പിപിപി) എന്ന പേരിലാണ് ഈ പദ്ധതി.