Thursday, January 3, 2013

സാംസ്കാരിക സാധ്യതകള്‍: കെ എന്‍ പണിക്കര്‍

ഒരു സമൂഹത്തിന്റെ സ്വത്വസ്വഭാവത്തിലും രൂപനിര്‍ണയത്തിലും നിര്‍ണായകമായ പ്രതിഭാസമാണ് സംസ്കാരം. അതായത്, മനുഷ്യരുടെ പ്രവര്‍ത്തനങ്ങളില്‍നിന്ന് ഊറ്റിയെടുക്കുന്ന സത്തയുടെ ആകെത്തുകയാണെന്നര്‍ഥം. മറ്റൊരു വിധത്തില്‍ സമീപിച്ചാല്‍ സംസ്കാരം സര്‍വവ്യാപിയാണെന്ന് തിരിച്ചറിയാന്‍ കഴിയും. സമൂഹത്തിന്റെ എല്ലാ തലങ്ങളിലും നിലനില്‍ക്കുന്ന ചാലകശക്തികളുടെ പ്രധാനപ്പെട്ട ഒരു ഘടകമാണ് സംസ്കാരം. സാധാരണ കാഴ്ചപ്പാടില്‍ സംസ്കാരത്തിന്റെ അളവുകോല്‍ പലപ്പോഴും ഈ സാന്നിധ്യവുമായി ബന്ധപ്പെടുത്തി കാണാറില്ല. പല രീതിശാസ്ത്രപദ്ധതികളും സംസ്കാരത്തെ ഒരു വിഭാഗീയ പ്രവണത മാത്രമായി പരിഗണിക്കുന്നു.

മനുഷ്യജീവിതത്തിന്റെ വൈവിധ്യസ്വഭാവം മനുഷ്യരെ വിഭിന്ന സമുദായങ്ങളായി തരംതിരിക്കുന്നു. ആദ്യകാലഘട്ടങ്ങളില്‍ അവയില്‍ വലിയ വിഭാഗങ്ങളെ നാഗരികതകളായി വിവരിക്കപ്പെട്ടു. ഓരോ നാഗരികതയും വളര്‍ന്നുവന്നത് വ്യത്യസ്തമായ സാംസ്കാരിക ഭാണ്ഡങ്ങള്‍ പേറിയിരുന്നു. ഈ നാഗരികത പിന്നീട് രാഷ്ട്രീയവ്യവസ്ഥകളുടെ ആവിര്‍ഭാവത്തോടെയും സാമ്പത്തിക ഉല്‍പ്പാദനരീതിയിലുണ്ടായ മാറ്റങ്ങളുടെയും കാരണമായി വീണ്ടും വീണ്ടും വിഭജിക്കപ്പെട്ടു. ഈ പ്രക്രിയയുടെ ഒരു പ്രധാനപ്പെട്ട സ്വാധീനം പരിസ്ഥിതിയായിരുന്നു. മനുഷ്യസംസ്കാരത്തിന്റെ ഉത്ഭവത്തിലും വളര്‍ച്ചയിലും നിര്‍ണായകമായ ഒരു ഘടകമാണ് പ്രകൃതിയുടെ വികൃതികള്‍. പക്ഷേ, പ്രകൃതിയെ കീഴടക്കാനുള്ള ശ്രമത്തിലാണ് മനുഷ്യന്‍ .

വിഭിന്ന സംസ്കാരങ്ങളുടെ ആരോഗ്യകരമായ പരസ്പരബന്ധത്തില്‍നിന്നാണ് സാര്‍വലൗകിക സംസ്കാരം ഉടലെടുക്കുന്നത്. അത്തരം ഒരു പ്രക്രിയയിലൂടെയാണ് ആധുനികകാലത്ത് എല്ലാ സംസ്കാരങ്ങളും വളര്‍ന്നുവന്നിട്ടുള്ളത്. സാംസ്കാരിക സമന്വയത്തിന്റെയും പരസ്പരബഹുമാനത്തിന്റെയും പാത. ഈ പ്രക്രിയയില്‍ സംസ്കാരത്തിന്റെ പങ്ക് എല്ലാ സമൂഹങ്ങളിലും ഒരേപോലെയല്ല. ഈ പ്രക്രിയയുടെ ഒരു വശം സംസ്കാരം ഭിന്നമായ രീതികളില്‍ പ്രതിനിധാനം ചെയ്യപ്പെടുന്നുവെന്നതാണ്. അതായത്, സാംസ്കാരികമണ്ഡലത്തില്‍ അടിസ്ഥാനപരമായി രണ്ട് ധാരകളുണ്ട്. സമൂഹത്തില്‍ നിലനില്‍ക്കുന്ന മൂല്യങ്ങള്‍ വിശദീകരിക്കുകയും ന്യായീകരിക്കുകയും ചെയ്യുന്ന ഒന്ന്. രണ്ടാമതായി ഈ പ്രക്രിയയില്‍ അന്തര്‍ലീനമായ വൈരുധ്യങ്ങളെ നിശിതമായി വിമര്‍ശിക്കുകയും മാറ്റങ്ങള്‍ക്കായി പൊരുതുകയും ചെയ്യുന്നവ.

കഴിഞ്ഞ ഒരു വര്‍ഷത്തെ സാംസ്കാരികജീവിതത്തെ ഈ കാഴ്ചപ്പാടില്‍നിന്ന് പരിശോധിക്കുകയാണെങ്കില്‍ വളരെ സംതൃപ്തിക്ക് ഇടയില്ല. സത്യത്തിലും സമത്വത്തിലും സമാധാനത്തിലും മതനിരപേക്ഷതയിലും അധിഷ്ഠിതമായ മനസ്സ് പാകപ്പെടുത്തിയെടുക്കാന്‍ സാധ്യതകളുള്ള സാഹിത്യമോ, സിനിമയോ മറ്റ് കലാരൂപങ്ങളോ വേണ്ടുവോളം സൃഷ്ടിക്കപ്പെട്ടിട്ടുണ്ടോ എന്നത് സംശയാസ്പദമാണ്. ഒരുകാലത്ത് സാമൂഹ്യഗുണം എന്നത് നന്മയുടെ പര്യായമായിരുന്നു. അതില്‍നിന്ന് വിഭിന്നമായ ഒരു ധൈഷണിക വീക്ഷണം കണ്ടുപിടിച്ചതിനോടൊപ്പം സര്‍ഗാത്മകമണ്ഡലം ക്ഷുദ്രജീവികളുടെ കൂത്തരങ്ങായി മാറി. ആഗോളവല്‍ക്കരണത്തിന്റെ പ്രഭാപൂരത്തില്‍ സാഹിത്യവും കലയുമൊക്കെ ജനസാമാന്യത്തില്‍നിന്ന് കൂടുതല്‍ അന്യവല്‍ക്കരിക്കപ്പെട്ടു. സംസ്കാരം ജനകീയസ്വഭാവമുള്ള മുന്നേറ്റങ്ങളില്‍നിന്ന് സാവധാനം പിന്മാറി. ജനകീയസാഹിത്യം എന്ന പേരില്‍ പലപ്പോഴും ""ജനം"" പ്രത്യക്ഷപ്പെടാറില്ല. അങ്ങനെയല്ലെങ്കില്‍ ജനകീയസ്വഭാവം വെറും പ്രചാരണം മാത്രമായി അവശേഷിച്ചെന്നുവരും. നവമുതലാളിത്തത്തിന്റെ കെടുതികള്‍ അനുഭവിക്കുന്ന മധ്യവര്‍ഗക്കാരുടെ ദുരിതങ്ങളും ആകാംക്ഷകളുമൊക്കെയാണ് സാഹിത്യകൃതികളില്‍ കൂടുതല്‍ വിഷയീഭവിക്കുന്നത്്. ആഗോളവല്‍ക്കരണത്തിന്റെ പ്രകാശപ്പൊലിമയില്‍ സാഹിത്യവും കലയുമെല്ലാം സമൂഹത്തിന്റെ അന്തഃസത്തയില്‍നിന്ന് അന്യവല്‍ക്കരിക്കപ്പെട്ടു. ഔദ്യോഗിക സ്വീകാര്യത ലഭിക്കുന്നത് സത്യസന്ധതയില്ലാത്ത, ജനകീയസ്വഭാവമില്ലാത്ത കലാരൂപങ്ങള്‍ക്കായി. പല അവാര്‍ഡുകളുടെയും കഥ തിരക്കിയാല്‍ അറിയാവുന്ന വസ്തുതയാണിത്.

കീഴാള സാഹിത്യത്തിന്റെ കാര്യമെടുക്കുക. ദളിതരുടെ ജീവിതത്തെ ആസ്പദമാക്കിയ എത്ര കൃതികളുണ്ട് മലയാളത്തില്‍? വളരെ തുച്ഛം. സാഹിത്യത്തിന്റെ സിംഹഭാഗവും മധ്യവര്‍ഗത്തിന്റെ കാമരോഷാദികളെയാണ് അഭിസംബോധന ചെയ്യുന്നത്. പച്ചയായ യഥാര്‍ഥ പ്രശ്നങ്ങള്‍ ഉള്‍ക്കൊള്ളുന്നത് ഒരു പോരായ്മയായി പലരും കണക്കാക്കുന്നു. പ്രശസ്ത നാടകകൃത്തായ മോഹന്‍ രാഖേഷിനോട് ഒരിക്കല്‍ ചോദിക്കുകയുണ്ടായി- താങ്കളുടെ കഥാപാത്രങ്ങള്‍ പെട്ടെന്ന് തെരുവില്‍ പ്രത്യക്ഷപ്പെടുന്ന, വേരുകളില്ലാത്തവരാകുന്നത് എന്തുകൊണ്ടാണ്? അതിന് മറുപടിയായി അദ്ദേഹം പറഞ്ഞത്- അവര്‍ക്ക് വേരുകളുണ്ട്. അവയെ തിരയുന്നത് മധ്യവര്‍ഗവക്താക്കളായ സാഹിത്യകാരന്മാര്‍ക്ക് രുചിച്ചെന്നുവരികയില്ല. അവരുടെ ഇടപെടല്‍കൊണ്ടുതന്നെയാണ് മുഖ്യധാരകലകള്‍ സവര്‍ണരൂപം സൃഷ്ടിക്കുകയും ആദരിക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്നത്. തോട്ടിയുടെ മകനും ഓടയില്‍നിന്നുംപോലുള്ള കൃതികള്‍ ഉണ്ടാകാന്‍ ഇന്ന് സാധ്യതയില്ല. തോട്ടിയോ റിക്ഷാക്കാരനോ സമൂഹത്തില്‍ ഇല്ലാതെയല്ല. കോരനും പപ്പുവും ഇന്നും നമ്മുടെ കൂടെയുണ്ട്. ശൗചാലയങ്ങള്‍ ഉണ്ടാകേണ്ടതിന്റെ ആവശ്യകത ഇവിടെപ്പോലും "സത്യമേവ ഭവതേ" എന്ന പരിപാടി അവതരിപ്പിച്ചുവല്ലോ? പ്രാന്തവല്‍ക്കരിക്കപ്പെട്ട അത്തരം വിഭാഗങ്ങളെക്കുറിച്ചെഴുതാനുള്ള പ്രത്യയശാസ്ത്ര പ്രതിബദ്ധതയോ, വിശ്വാസമോ, വ്യക്തതയോ ഇന്നില്ല. അതുകൊണ്ടുതന്നെ ഇന്ത്യയിലും കേരളത്തില്‍ പ്രത്യേകിച്ചും ഉരുത്തിരിഞ്ഞുകൊണ്ടിരിക്കുന്ന സമൂഹത്തില്‍ എല്ലാ മാനവികമൂല്യങ്ങളെയും തൂത്തുമാറ്റുന്നു. പുതുവര്‍ഷത്തില്‍ ഉണ്ടാകേണ്ടത് ഈ പ്രവണതകളില്‍നിന്നുള്ള വ്യതിയാനമാണ്, മോചനമാണ് എന്നുവേണമെങ്കില്‍ പറയാം. അക്കാദമികളും സാമൂഹ്യബോധമുള്ളവര്‍വരെ എല്ലാവരും ഈ പരിശ്രമത്തില്‍ പങ്കാളികളാകേണ്ടതുമാണ്.

ചരിത്രവും സാഹിത്യവും തമ്മിലുള്ള ബന്ധംതന്നെയാണ് സംസ്കാരവും സര്‍ഗാത്മകമേഖലയും തമ്മിലുള്ള ബന്ധം. ചരിത്രം ഉള്‍ക്കൊള്ളാത്ത സാഹിത്യമില്ല. സാഹിത്യത്തിന്റെ മാധുര്യം ചേര്‍ക്കാത്ത ചരിത്രവും. കഴിഞ്ഞവര്‍ഷം കലകളെ വര്‍ഗീയവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ നടന്നതായി കാണാം. പുതുവര്‍ഷം ഈ പ്രവണതയെ ശക്തമായി എതിര്‍ക്കാനും ഒരു മതനിരപേക്ഷ സംസ്കാരം സൃഷ്ടിക്കാനും ഇടവരുത്തുമെന്ന് പ്രതീക്ഷിക്കാമെന്നല്ലാതെ അത് സാധ്യമാകുമെന്ന് തീര്‍ത്തുപറയാന്‍ വയ്യ.

*
കെ എന്‍ പണിക്കര്‍ ദേശാഭിമാനി 02 ഡിസംബര്‍ 2013

No comments: