Friday, January 4, 2013

ഫ്രാന്‍സും മിത്തലും നല്‍കുന്ന പാഠം

ഒടുക്കം ഫ്രഞ്ച് ഗവണ്‍മെന്റ് നമ്മുടെ ലക്ഷ്മി മിത്തലിന് മുന്നില്‍ അടിയറവ് പറഞ്ഞിരിക്കുന്നു. ഉദാരവല്‍ക്കരണത്തിന്റെ വാതിലുകള്‍ മലര്‍ക്കെ തുറന്നുകിട്ടിയാല്‍ എങ്ങനെയാണ് ഒരു വ്യവസായ സംരംഭകന്‍ തന്റെ മൃഗീയവാസന(animal instinct)ക്കൊത്ത് കുതിച്ചുകയറുക എന്നതിനുള്ള ഉത്തമോദാഹരണമായി വിശേഷിപ്പിക്കപ്പെട്ട നമ്മുടെ ശതകോടീശ്വരനാണ്, ഒരു കാലത്തെ സാമ്രാജ്യത്വശക്തിയായിരുന്ന ഫ്രാന്‍സിന്റെ ഭരണാധികാരികളെ മുട്ടുകുത്തിച്ചത്! കേള്‍ക്കാന്‍ ഇമ്പമുള്ള ഒരു പ്രയോഗമാണത് എന്നത് ശരിതന്നെ. പക്ഷേ ഈ സംഭവത്തിലൂടെ തെളിയുന്നത് മൂലധനത്തിന് ദേശസ്നേഹമില്ല എന്ന പഴയ കാര്യം തന്നെയാണ്!

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് നുണയനെന്നും ബ്ലാക്ക് മെയിലര്‍ എന്നുമൊക്കെയുള്ള അധിക്ഷേപ ശരങ്ങളാണ് മിത്തലിനുനേരെ ഫ്രഞ്ച് വ്യവസായ മന്ത്രി അര്‍ണോഡ് മോണ്ടിബൂര്‍ഗ് തൊടുത്ത് വിട്ടത്! കാര്യം ലളിതം. ലോകത്തെ ഏറ്റവും വലിയ ഇരുമ്പുരുക്ക് കമ്പനി സ്വന്തമാക്കിയശേഷം അനേകായിരം കോടി ലാഭമൂറ്റിയെടുത്തതില്‍പ്പിന്നെ കമ്പനിയുടെ അത്രയ്ക്കൊന്നും ലാഭമുണ്ടാക്കാനാവാത്ത ഒരു സ്ഥാപനം അടച്ചു പൂട്ടിയിരിക്കുകയാണ് മിത്തല്‍! തെരുവാധാരമായ തൊഴിലാളികള്‍ പ്രക്ഷോഭരംഗത്താണ്! ഫ്രാന്‍സിനെത്തന്നെ അപമാനിക്കുന്ന ഈ വിദേശക്കുത്തകയ്ക്ക് മൂക്കുകയര്‍ ഇടണമെന്നാണ് ദേശാഭിമാനബോധമുള്ള ഫ്രഞ്ചുകാരും ചൂഷണ വിധേയരായി വലിച്ചെറിയപ്പെടുന്ന തൊഴിലാളികളും ഒന്നിച്ചാവശ്യപ്പെടുന്നത്. അതിനെതിരെ തിരിഞ്ഞുനില്‍ക്കാന്‍ സോഷ്യലിസ്റ്റുകളെന്നു വിളിക്കപ്പെടുന്ന ഭരണകക്ഷിക്കാവുമോ? ധിക്കാരിയായ ഈ ഇന്ത്യന്‍ കുത്തകക്ക് കടിഞ്ഞാണിടണമെന്ന് തന്നെയാണ് വ്യവസായ മന്ത്രി പറഞ്ഞത്. മിത്തലിന്റെ അശ്വമേധത്തിനു മുന്നില്‍ പിടിച്ചു നില്‍ക്കാനാകാതെയാണ് അര്‍സെലോര്‍  എന്ന ഭീമാകാരന്‍ ഉരുക്കു കമ്പനി അര്‍സലോര്‍ മിത്തല്‍ ആയി രൂപാന്തരപ്പെട്ടത്. അതോടെ ഇന്ത്യക്കാരനായ ലക്ഷ്മി മിത്തല്‍ ലോകത്തെ ഏറ്റവും വലിയ ഉരുക്കു നിര്‍മാണശാലയുടെ അധിപനായി മാറി.

വെട്ടിപ്പിടുത്തങ്ങളും ലയനങ്ങളും സംയോജനങ്ങളും അരങ്ങു തകര്‍ക്കുന്ന ഒരു കാലത്ത്, 2006 ലാണ് റഷ്യന്‍ ഉരുക്കു കമ്പനിയുമായി സംബന്ധമുറപ്പിച്ച ഫ്രഞ്ച് ഉരുക്കുഭീമന്‍ അര്‍സെലോറിനെ മിത്തല്‍ നോട്ടമിട്ടത്. ഉറപ്പിച്ച കല്യാണം മുടക്കി ഇഷ്ടപ്പെട്ട പെണ്ണിനെയും കൊണ്ട് നാടുവിട്ട മിടുക്കനെപ്പോലെയാണ് അവസാനിമിഷം മിത്തല്‍ അര്‍സെലോറിനെ കൈക്കലാക്കിയത്. താന്‍ നേരത്തെ ഓഫര്‍ ചെയ്തതിലും പത്തു ശതമാനം കാശ് കൂടുതല്‍ തരാന്‍ തയ്യാറാണെന്ന് അവസാന നിമിഷം പ്രഖ്യാപിച്ച മിത്തലിനോടായി മാറി, ഫ്രഞ്ച് ഭീമന്‍ കമ്പനിയുടെ ഡയറക്ടര്‍മാരുടെ കൂറ്. അങ്ങനെയാണ് റഷ്യന്‍ കമ്പനിക്ക് വേണ്ടി കൈപൊക്കിയിരുന്നവരില്‍ മാനസാന്തരം വരുത്തിക്കൊണ്ട് മണ്ണുംചാരി നിന്ന മിത്തല്‍ പെണ്ണുംകൊണ്ട് പോയത്. അത്തരമൊരു ലയനം സാധ്യമായതോടെ സ്റ്റീല്‍ മേഖലയിലെ തങ്ങളുടെ മുഖ്യ എതിരാളിയായ നിപ്പോണ്‍ കമ്പനിയുടെ മൂന്നിരട്ടിയായി അര്‍സെലോറിന്റെ വാര്‍ഷികോല്‍പാദനം. കമ്പനി ഓഹരികളുടെ 40 ശതമാനം ഉടമസ്ഥതയും അതോടെ മിത്തലിനും കുടുംബത്തിനുമായി. ഫോര്‍ച്യൂണ്‍ 500 മാസിക ലോകത്തെ ഏറ്റവും മേലേക്കിടയിലുള്ള 500 കമ്പനികളില്‍ അര്‍സെലോര്‍ മിത്തലിന് 70-ാം സ്ഥാനമാണ് നല്‍കിയത്. ലോകത്തെ ആകെ ഉരുക്കുല്‍പ്പാദനത്തിന്റെ 10 ശതമാനവും ഒറ്റയ്ക്ക് കൈകാര്യം ചെയ്തത് ആ കമ്പനിയാണ്.

2011 ല്‍ 2,60,000 ജീവനക്കാരുണ്ടായിരുന്ന കമ്പനി വെച്ചടിവെച്ചടി കയറിപ്പോവുകയായിരുന്നു. എന്നാല്‍ 2012 ആയതോടെ ഫ്ളോറഞ്ചിലുള്ള ഫര്‍ണസുകള്‍ അടച്ചുപൂട്ടുകയാണെന്ന് കമ്പനി പ്രഖ്യാപിച്ചു. ഇക്കഴിഞ്ഞ സെപ്തംബറില്‍ 709 ദശലക്ഷം ഡോളര്‍ നഷ്ടത്തിന്റെ കണക്കവതരിപ്പിക്കാന്‍ കമ്പനിക്ക് വിഷമമേതുമുണ്ടായില്ല. തൊട്ടു തലേവര്‍ഷം 659 ദശലക്ഷം ലാഭമുണ്ടാക്കിയ കമ്പനിയാണ്, ആറുമാസം തികയുന്നതിന് മുമ്പ് നഷ്ടത്തിലേക്ക് മുതലക്കൂപ്പ് കുത്തിയ കണക്കുമായി വന്നുനിന്ന് അടച്ചുപൂട്ടലിന് മുതിര്‍ന്നത്. മാന്ദ്യം പടിക്കലെത്തി നില്‍ക്കുന്ന ഫ്രാന്‍സിന് ഇത് വകവച്ചു കൊടുക്കുവാനാകുമായിരുന്നില്ല. വിശേഷിച്ചും വ്യവസായ മേഖലയില്‍ ഉണര്‍വുണ്ടാകുമെന്ന് പ്രഖ്യാപിച്ച് മെയ്മാസത്തില്‍ പുതുതായി അധികാരമേറ്റ ഒരു സര്‍ക്കാരിന്! അങ്ങനെയാണ് മിത്തലിനെ ഒരു പാഠം പഠിപ്പിക്കുമെന്നും ഫ്ളോറഞ്ചിലെ ഫര്‍ണസുകള്‍ തുറന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ കമ്പനിയെ ആകെത്തന്നെ ദേശസാല്‍ക്കരിക്കുമെന്നും വ്യവസായ മന്ത്രി പരസ്യമായി പ്രതികരിച്ചത്. ഡിസംബര്‍ ഒന്നിനകം ഫാക്ടറി തുറന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ കമ്പനിയാകെ വേറെയാരെങ്കിലും ഏല്‍പ്പിക്കുകയോ അതല്ലെങ്കില്‍ ദേശസാല്‍ക്കരിക്കുകയോ ചെയ്യുമെന്ന വിശ്വാസത്തിലായിരുന്നു സ്റ്റീല്‍ മേഖലയിലെ തൊഴിലാളികള്‍. ഫ്ളോറഞ്ചിലെ മാത്രമല്ല, ഫ്രാന്‍സിലാകെയുള്ള തൊഴിലാളികള്‍ സര്‍ക്കാരിന്റെ ഈ നീക്കത്തെ പിന്തുണച്ചു.

എന്നാല്‍ കഴിഞ്ഞ 5 വര്‍ഷം കൊണ്ട് ഫ്രാന്‍സിലെ വിദേശ പ്രത്യക്ഷ നിക്ഷേപം (FDI) നേര്‍ പകുതിയായി ചുരുങ്ങിയ സാഹചര്യത്തില്‍ മിത്തലിനെപ്പോലൊരു രാഷ്ട്രാന്തരീയ ഭീമനോട് കെട്ടുകെട്ടാന്‍ പറയുന്നതും ദേശസാല്‍ക്കരിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതുമൊന്നും ശരിയല്ല എന്ന പ്രഖ്യാപനവുമായി മുതലാളിമാരുടെ സംഘടന രംഗത്തെത്തി. അതിനിടയ്ക്കാണ് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോയിസ് ഹോളണ്ടുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് മിത്തല്‍ പ്രഖ്യാപിച്ചത്. നിക്ഷേപകസൗഹൃദ സമീപനം കൈക്കൊള്ളുന്നില്ലെങ്കില്‍ ഇപ്പോള്‍ നിലവിലുള്ള നിക്ഷേപകര്‍ തന്നെ പെട്ടിയും പൂട്ടി സ്ഥലം വിടും എന്നാണ് ഫ്രാന്‍സിലെ വന്‍കിടക്കാര്‍ പറഞ്ഞതും പ്രചരിപ്പിച്ചതും. ഏതായാലും ചര്‍ച്ച നടന്നു. എന്നാല്‍ അതില്‍ വിജയിച്ചത് ഫ്രാന്‍സിലെ കുത്തകമുതലാളിമാരും ലക്ഷ്മി മിത്തലുമാണ്. ഫ്രഞ്ച് പരിസ്ഥിതി മന്ത്രിയായ ഡെല്‍ഫിന്‍ ബാതോ കരാറിനെക്കുറിച്ച് പറഞ്ഞത് രസകരമാണ്: ""ഒരു കരാറുണ്ടായിട്ടുണ്ട്, പക്ഷേ അതില്‍ വിശ്വാസമുണ്ടായിട്ടില്ല"". മറ്റൊന്നും കൂടി കൂട്ടിചേര്‍ത്തു അവര്‍: ""മിത്തല്‍ ഇതിനു മുമ്പ് ഒരിക്കലും പറഞ്ഞ വാക്ക് പാലിച്ചിട്ടില്ല."" (നമ്മുടെ പരിസ്ഥിതി മന്ത്രിയും ഇത്തിരി ചൊടിച്ച മട്ടില്‍ വര്‍ത്തമാനം പറഞ്ഞു തുടങ്ങിയിട്ടുണ്ടല്ലോ.വിദേശ നിക്ഷേപത്തിന് അനുമതി നല്‍കുന്ന ഉന്നതാധികാരസമിതിയുടെ അലകും പിടിയും മാറ്റി അത് മന്‍മോഹന്‍സിങ്ങിനും ചിദംബരത്തിനും മറ്റൊരാശ്രിതനുമായി ഏല്‍പ്പിച്ചു കൊടുക്കുന്നതിലാണ് അവരുടെ നിലവിളി! പരിസ്ഥിതി, മനുഷ്യ സ്നേഹം തുടങ്ങിയ എടങ്ങേറ് പിടിച്ച കാര്യങ്ങളൊന്നും വിദേശ നിക്ഷേപത്തിന് തടസ്സമായി നിന്നുകൂടാ എന്നതു തന്നെയാണ് അതിനു പിന്നിലും).

എന്നാല്‍ നമ്മുടെ ചിദംബരം ചെയ്യാറുള്ളതുപോലെ, ഫ്രഞ്ചു ധനകാര്യമന്ത്രി തന്റെ വ്യവസായ മന്ത്രിയുടെയും പരിസ്ഥിതി മന്ത്രിയുടെയും നിലപാടിനെ വിമര്‍ശിച്ചു കൊണ്ട് ഒരു പ്രസ്താവനയിറക്കി: ""നാം ജീവിക്കുന്ന കാലം ഉരുക്കുവ്യവസായം പോലൊരു വ്യവസായം ദേശസാല്‍ക്കരിക്കാന്‍ പറ്റിയതല്ല. അത്തരമൊരു നീക്കം നിയമപരമായി പ്രയാസകരവും സാമ്പത്തികമായി അസ്ഥിരവുമായിരിക്കും"".

പ്രധാനമന്ത്രി ജീന്‍ മാര്‍ക്ക് അയ്റാള്‍ട്ട് ആകട്ടെ, താന്‍ പിടിച്ച മുയലിനാണ് കൊമ്പ് കൂടുതല്‍ എന്നാണ് പറയുന്നത്. തങ്ങള്‍ മുമ്പോട്ട് വച്ച എല്ലാ വ്യവസ്ഥകളും മിത്തല്‍ അംഗീകരിച്ചിരിക്കുന്നു എന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. ഒന്നാമത്തെ കാര്യം പിരിച്ചു വിടല്‍ ഉണ്ടാകരുത്. രണ്ട്, ഫ്രാന്‍സിന്റെ സ്റ്റീല്‍ വ്യവസായത്തിന് എതിരായി ബാധിക്കരുത്. മൂന്ന്, കൂടുതല്‍ പരിസ്ഥിതി സൗഹൃദപൂര്‍ണമായ സാങ്കേതികവിദ്യ വികസിപ്പിക്കാനാവണം. ഈ മൂന്ന് കാര്യങ്ങളും മിത്തല്‍ അംഗീകരിച്ചു എന്നാണ് പ്രധാനമന്ത്രി പറയുന്നത് - കാര്യം അങ്ങനെയല്ലെങ്കിലും! നേരാണ്, അടച്ചു പൂട്ടിയ ഫ്ളോറഞ്ചിലെ 630 ജീവനക്കാരെ തല്‍ക്കാലം പിരിച്ചു വിടുകയില്ല. മറ്റേതെങ്കിലും ലാവണത്തിലേക്ക് കെട്ടിയെടുക്കും. പക്ഷേ ഫര്‍ണസ് അടഞ്ഞു തന്നെ കിടക്കും എന്നാണ് വ്യവസ്ഥ. അത് തുറക്കുന്നതാകട്ടെ, യൂറോപ്യന്‍ യൂണിയന്‍ അതിന്റെ സ്വന്തം ചെലവില്‍ വികസിപ്പിച്ചെടുക്കാനിരിക്കുന്ന പരിസ്ഥിതിസൗഹൃദ ഉല്‍പാദനപ്രക്രിയ പ്രയോഗത്തിലായതിനു ശേഷമാവും.

ഫ്ളോറഞ്ചിലെ കാലപ്പഴക്കം വന്ന ഫര്‍ണസ് നവീകരിക്കാനായി മിത്തല്‍ 5 വര്‍ഷത്തിനകം 180 ദശലക്ഷം യൂറോ മുടക്കും! (സ്വന്തം സ്ഥാപനത്തിന്റെ നവീകരണത്തിന് താന്‍ കാശ് മുടക്കും എന്ന് മുതലാളി പറയുന്നത് തന്റെ സര്‍ക്കാറിന്റെ മിടുക്കിന്റെ കണക്കില്‍ പെടുത്തുകയാണ് പ്രധാനമന്ത്രി). 110 കോടി ഡോളര്‍ ലാഭമുണ്ടാക്കിയ ഒരു കമ്പനി 18 കോടി യൂറോ 5 കൊല്ലം കൊണ്ട് മുതല്‍ മുടക്കുന്നതാണ് വലിയൊരാനക്കാര്യമായി ഒരു ഭരണാധികാരി വീമ്പിളക്കുന്നത്. ഒരു ബഹുരാഷ്ട്ര കുത്തകഭീമനെ അനുനയിപ്പിച്ച് നാട്ടില്‍ നിര്‍ത്താനായി സ്വന്തം ക്യാബിനറ്റ് മന്ത്രിമാരെപ്പോലും തള്ളിപ്പറയുകയാണ് ഫ്രഞ്ച് പ്രധാനമന്ത്രിയും ധനമന്ത്രിയും. ഇതാണ് നിക്ഷേപകസൗഹൃദ സമീപനം മാത്രം ലക്ഷ്യമിട്ടാല്‍ ഏതു രാജ്യവും നേരിടേണ്ടി വരുന്ന ഒരു ഗതികേട്.

ഫ്രഞ്ച് തൊഴിലാളികളെയും ജനങ്ങളെയും മാത്രമല്ല, ക്യാബിനറ്റിലെ സ്വന്തം സഹപ്രവര്‍ത്തകരെപ്പോലും ഒരു ബഹുരാഷ്ട്രക്കുത്തകക്ക് വേണ്ടി കൈയ്യൊഴിയേണ്ടി വരുന്ന നിസ്സഹായത. ശത്രു സൈന്യത്തിനു മുമ്പില്‍ തലസ്ഥാനത്തെ അടിയറ വച്ച ഫ്രഞ്ച് ഭരണാധികാരികളുടെ നയത്തിനെതിരെ പോരാടി പാരീസിനെ പ്രഷ്യന്‍ അധിനിവേശത്തില്‍നിന്ന് മോചിപ്പിച്ച തൊഴിലാളികളുടെ പാരീസ് കമ്യൂണ്‍ തകര്‍ക്കാനായി, തലേന്നുവരെ പരസ്പരം യുദ്ധം ചെയ്തിരുന്ന ഫ്രഞ്ച്-പ്രഷ്യന്‍ അധികൃതര്‍ കൈകോര്‍ത്ത അനുഭവം നമുക്ക് മുന്നിലുണ്ട്. ഭരണവര്‍ഗത്തിന്റെ ശത്രു തൊഴിലാളികളാണ് എക്കാലത്തും. മൂലധനത്തിന് ദേശസ്നേഹമില്ല. വീണ്ടും ഫ്രാന്‍സ് പഠിപ്പിക്കുന്നതും അതുതന്നെ.

*
എ കെ രമേശ് ദേശാഭിമാനി വാരിക 30 ഡിസംബര്‍ 2012

No comments: