Saturday, May 31, 2014

അട്ടിമറിക്കപ്പെടുന്ന ഏകജാലക പ്രവേശനം

ഒരു വിദ്യാര്‍ഥിയുടെ ജീവിതത്തിലെ വഴിത്തിരിവാണ് ഹയര്‍സെക്കന്‍ഡറി ഘട്ടം. ഭാവിജീവിതത്തെ രൂപപ്പെടുത്തുന്നതിന് ഏതുതരം വിദ്യാഭ്യാസമാണ് തെരഞ്ഞെടുക്കേണ്ടത് എന്ന് തീരുമാനിക്കുന്ന ഘട്ടം. ഉന്നതവിദ്യാഭ്യാസം ഏതു ദിശയിലേക്കായിരിക്കണമെന്ന് തീരുമാനിക്കുന്നതും ഹയര്‍സെക്കന്‍ഡറി ഘട്ടത്തിലാണ്. പത്താംക്ലാസുവരെ എല്ലാ വിഷയങ്ങളും പഠിച്ചുവരുന്ന വിദ്യാര്‍ഥി സയന്‍സ്, ഹ്യുമാനിറ്റീസ്, കൊമേഴ്സ് എന്നീ ഐച്ഛിക വിഷയഗ്രൂപ്പുകള്‍ തെരഞ്ഞെടുത്ത് ഭാവിവിദ്യാഭ്യാസത്തിന്റെ ഗതി മാറ്റുന്നത് ഹയര്‍സെക്കന്‍ഡറിയില്‍ പ്രവേശിക്കുന്നതോടുകൂടിയാണ്.

ഇത്രയും പ്രാധാന്യമേറിയതാണ് ഹയര്‍ സെക്കന്‍ഡറി ഘട്ടമെന്നതുകൊണ്ടാണ് കഴിഞ്ഞ ഇടതുമുന്നണി സര്‍ക്കാരിന്റെ കാലത്ത് ഏകജാലക പ്രവേശനം നടത്താന്‍ തീരുമാനിച്ചത്. 2007-08 അധ്യയനവര്‍ഷം തിരുവനന്തപുരം ജില്ലയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ ഏകജാലക പ്രവേശനപ്രക്രിയ അടുത്ത അധ്യയനവര്‍ഷംമുതല്‍ സംസ്ഥാനമൊട്ടാകെ നടപ്പാക്കുകയായിരുന്നു. വിദ്യാര്‍ഥികളും രക്ഷിതാക്കളും കേരളസമൂഹവും പൊതുവേ സ്വാഗതംചെയ്ത ഒരു പരിഷ്കാരമായിരുന്നു അത്. പഠിതാവിന് അര്‍ഹതപ്പെട്ട വിഷയം പഠിക്കാനും അര്‍ഹതപ്പെട്ട സ്കൂളില്‍ പ്രവേശനം നേടാനും ഇതുവഴി സാധിച്ചു. സീറ്റുകച്ചവടം മാനേജ്മെന്റ് സീറ്റുകളില്‍ മാത്രമായി പരിമിതപ്പെട്ടു. സര്‍ക്കാര്‍ സ്കൂളിലും എയ്ഡഡ് സ്കൂളിലും സംവരണതത്വം പാലിച്ചുകൊണ്ട് അര്‍ഹതപ്പെട്ട എല്ലാവര്‍ക്കും പ്രവേശനം ലഭിക്കാന്‍ ഇത് വഴിയൊരുക്കി. ജില്ലയിലെ ഏതെങ്കിലുമൊരു സ്കൂളില്‍ അപേക്ഷ നല്‍കിയാല്‍ വിവിധ സ്കൂളുകളിലായി അറുപതോളം ബാച്ചിലേക്ക് അപേക്ഷിക്കാന്‍ ഒരു കുട്ടിക്ക് സൗകര്യം ലഭിച്ചു. പ്രവേശന പട്ടിക പ്രസിദ്ധീകരിക്കപ്പെട്ടാല്‍ ഒരു നിശ്ചിത ദിവസത്തിനുള്ളില്‍ പ്രമാണങ്ങള്‍ ഹാജരാക്കി സ്കൂളില്‍ ചേരാം. അത്തരത്തില്‍ നാല് അലോട്ട്മെന്റുവരെ നടത്തിയിട്ടും പ്രവേശനം ലഭിക്കാത്തവരുണ്ടെങ്കില്‍ അവര്‍ മുമ്പ് അപേക്ഷിച്ചിട്ടില്ലാത്ത സ്കൂളുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് പുതിയ അപേക്ഷ നല്‍കാനും അവസരമുണ്ടായിരുന്നു. ചുരുക്കത്തില്‍ സീറ്റുകച്ചവടത്തിലൂടെ പണം സമ്പാദിക്കാനുള്ള ചില എയ്ഡഡ് സ്കൂള്‍ മാനേജര്‍മാരുടെയും അണ്‍ എയ്ഡഡ് സ്കൂള്‍ അധികൃതരുടെയും ആഗ്രഹത്തിന് വിഘാതമായിരുന്നു ഏകജാലക പ്രവേശന നടപടി.

എന്നാല്‍, 2011ല്‍ ഭരണമാറ്റമുണ്ടായതിനെത്തുടര്‍ന്ന് ഹയര്‍സെക്കന്‍ഡറി പ്രവേശനം അട്ടിമറിക്കാന്‍ ശ്രമംതുടങ്ങി. നാല് അലോട്ട്മെന്റ് ഉണ്ടായിരുന്നത് രണ്ടായി ചുരുക്കി. ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷകളുമായി ഇരച്ചുകയറിയവരുടെ തിക്കും തിരക്കും ധനസമ്പാദനത്തിനുള്ള അവസരമാക്കി ചിലര്‍ മാറ്റി. അതിന്റെ വിഹിതം പറ്റുന്നവര്‍ തലപ്പത്തുമുണ്ടായി. എയ്ഡഡ് സ്കൂള്‍ അധ്യാപക നിയമനത്തില്‍ കോഴ വാങ്ങുന്നുണ്ട് എന്ന യാഥാര്‍ഥ്യം എല്ലാവര്‍ക്കുമറിയാം. അത് ഹയര്‍സെക്കന്‍ഡറി തുടങ്ങിയകാലംമുതല്‍ ഉള്ളതാണ്. എന്നാല്‍, മാനേജര്‍മാര്‍ പിരിച്ചെടുക്കുന്ന ആ കോഴപ്പണത്തിന്റെ വിഹിതം ഉന്നതര്‍ ചോദിച്ചുവാങ്ങുന്നത് അടുത്തകാലംമുതലാണ്. കൊടുക്കുന്നവരും വാങ്ങുന്നവരും പുറത്തുപറയാത്തതുകൊണ്ട് കേസില്ല. സര്‍ക്കാര്‍ സ്കൂളധ്യാപകരുടെ സ്ഥലംമാറ്റത്തിന് കൈക്കൂലി വാങ്ങുന്ന സമ്പ്രദായം പണ്ടുണ്ടായിരുന്നു. അത് അവസാനിപ്പിച്ചത് ഇടതുമുന്നണി ഭരണകാലത്താണ്. അത് വീണ്ടും നടപ്പാക്കുന്നു എന്നതാണ് ഇപ്പോഴത്തെ സര്‍ക്കാരിന്റെ വിദ്യാഭ്യാസനയം.

പുതിയ സ്കൂളുകള്‍ അനുവദിക്കാനുള്ള നീക്കം ഉപേക്ഷിക്കപ്പെട്ടതിന്റെ കാരണവും വീതംവയ്ക്കലിലുള്ള തര്‍ക്കമാണ്. അധികബാച്ചുകള്‍ അനുവദിക്കുന്നതിന്റെയും മാനദണ്ഡം വിദ്യാര്‍ഥികളുടെ ആവശ്യത്തിനുസരിച്ചല്ല, മറിച്ച് മാനേജര്‍മാരുടെ താല്‍പ്പര്യമനുസരിച്ചായിരിക്കുമെന്ന കാര്യത്തില്‍ സംശയിക്കേണ്ടതില്ല. ഏപ്രില്‍ പതിനാറിനാണ് ഇത്തവണ എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചത്. ഒരുമാസം കഴിഞ്ഞിട്ടും ഹയര്‍സെക്കന്‍ഡറി പ്രവേശന നടപടി തുടങ്ങിയില്ല. പത്താംതരം പാസാകുന്നവരുടെ എണ്ണവും ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി, ഐഎച്ച്ആര്‍ഡി സ്കൂളുകള്‍, ടിടിഐ, പോളിടെക്നിക്കുകള്‍ എന്നീ സ്ഥാപനങ്ങളിലുള്ള സീറ്റുകളുടെ എണ്ണവും തുല്യമാണ്. ഇത് സംസ്ഥാനമൊട്ടാകെ എടുത്താലുള്ള സ്ഥിതിയാണ്. എന്നാല്‍, ജില്ലാടിസ്ഥാത്തിലെത്തുമ്പോള്‍ ചിത്രം മാറും.

വടക്കന്‍ ജില്ലകളില്‍ സീറ്റുകള്‍ കുറവും പ്രവേശിക്കാനാഗ്രഹിക്കുന്നവരുടെ എണ്ണം കൂടുതലുമാണ്. ഈ പ്രശ്നം മറ്റൊരു തരത്തില്‍ സയന്‍സ് സീറ്റുകളുടെ എണ്ണത്തിലും പ്രതിഫലിക്കും. ഹയര്‍സെക്കന്‍ഡറിയില്‍ ആകെയുള്ള സീറ്റുകളില്‍ പകുതിയിലേറെയും സയന്‍സ് വിഷയങ്ങള്‍ക്കുള്ളതാണ്. എന്നാല്‍, ജില്ലകള്‍ തമ്മിലും ഓരോ ജില്ലയിലെയും നഗര-ഗ്രാമ മേഖലകള്‍ തമ്മിലും സീറ്റുകളുടെ ലഭ്യതയില്‍ അന്തരമുണ്ട്. ഈ പ്രശ്നത്തെ കച്ചവടമാക്കി മാറ്റി പണമുണ്ടാക്കാനുള്ള ചിലരുടെ നീക്കത്തെയാണ് സര്‍ക്കാര്‍ സഹായിക്കുന്നത്. അതിനുള്ള ന്യായംമാത്രമാണ് "സെര്‍വര്‍" എന്ന ഉപകരണം തകരാറായി എന്നു പറയുന്ന മുടന്തന്‍ മറുപടി. ഏതാനും ലക്ഷങ്ങള്‍ മുടക്കി സെര്‍വര്‍ വാങ്ങാന്‍ ഒരു കൊല്ലത്തോളം സമയമുണ്ടായിരുന്നല്ലോ. 2013 ജൂണില്‍ത്തന്നെ സര്‍വറിന് അപര്യാപ്തത ഉണ്ടെങ്കില്‍ അതു മനസ്സിലാക്കാം. കഴിഞ്ഞ ഏപ്രില്‍ 16നുശേഷം വിചാരിച്ചാലും സര്‍വര്‍ വാങ്ങാന്‍ ബുദ്ധിമുട്ടൊന്നുമില്ല. പിന്നെന്തുകൊണ്ട് ഏകജാലക പ്രവേശനത്തെ അട്ടിമറിച്ചു? കേരളത്തിലെ എല്ലാ ജില്ലകളിലുമുള്ള അണ്‍എയ്ഡഡ് സ്കൂളിലെയും എയ്ഡഡ് സ്കൂളുകളിലെ മാനേജ്മെന്റ് സീറ്റുകളിലെയും പ്രവേശനം ഇതിനോടകം പൂര്‍ത്തിയായിക്കഴിഞ്ഞു. സീറ്റു വില്‍പ്പനയിലൂടെ അവര്‍ക്ക് നേടാനുള്ളത് സമ്പാദിച്ചുകഴിഞ്ഞു. പ്രവേശനം ലഭിക്കുമോ എന്ന് ആശങ്കപ്പെട്ടുനിന്നവരുടെ ആശങ്കയെ പണമാക്കി മാറ്റാനുള്ള അവസരമാണ് ഏകജാലക പ്രക്രിയ ഒരുമാസത്തിലേറെ താമസിപ്പിച്ചതിലൂടെ കച്ചവടക്കാര്‍ക്ക് സര്‍ക്കാര്‍ നല്‍കിയത്. പ്രവേശനം പൂര്‍ത്തിയാക്കിയ അണ്‍ എയ്ഡഡ് സ്കൂളില്‍ ജൂണില്‍ത്തന്നെ ക്ലാസ് തുടങ്ങാനാകും. മെഡിസിന്‍, എന്‍ജിനിയറിങ് പരീക്ഷ 2016ല്‍ എഴുതാനുദ്ദേശിക്കുന്നവര്‍ക്കുള്ള ട്യൂഷനും കോച്ചിങ്ങും ഇതിന്റെയടിസ്ഥാനത്തില്‍ തുടങ്ങാനാകും. സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ ജൂലൈയിലേ ക്ലാസുകള്‍ ആരംഭിക്കുകയുള്ളൂ. അത്തരം സ്കൂളുകളില്‍ പ്രവേശനം നേടിയതിനുശേഷം ട്യൂഷന്‍ സെന്ററുകളില്‍ ചെല്ലുന്നവര്‍ക്ക് സീറ്റുണ്ടാകില്ല. അതിനാല്‍, അത്തരം ആശങ്ക വച്ചുപുലര്‍ത്തുന്നവരും അണ്‍ എയ്ഡഡ് സ്കൂളിലോ എയ്ഡഡ് സ്കൂളിലെ മാനേജ്മെന്റ് സീറ്റിലോ സീറ്റുകള്‍ വിലയ്ക്കു വാങ്ങും. ഈ കച്ചവടത്തിന് സഹായംചെയ്തുകൊടുക്കുകയാണ് ഇപ്പോള്‍ സര്‍ക്കാര്‍ചെയ്യുന്നത്.

വളരെ ക്ലേശം സഹിച്ചാണ് എസ്എസ്എല്‍സി പരീക്ഷാഫലം ഏപ്രില്‍ 16നുതന്നെ പ്രസിദ്ധീകരിക്കാന്‍ പരീക്ഷാഭവന് കഴിഞ്ഞത്. അതില്‍ അവര്‍ അഭിനന്ദനം അര്‍ഹിക്കുന്നു. എന്നാല്‍, അതിന്റെ ഗുണഫലം വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്നില്ല. രണ്ടുമാസം കഴിഞ്ഞാലും ഒരു കുട്ടിക്കുപോലും നേരായ മാര്‍ഗത്തിലൂടെ പ്രവേശനം നേടാന്‍ കഴിയില്ല. ഉപരിവിദ്യാഭ്യാസത്തിന് സമയബന്ധിതമായി പ്രവേശനം നല്‍കാനല്ലെങ്കില്‍ പിന്നെന്തിനാണ് എസ്എസ്എല്‍സി ഫലം നേരത്തെ പ്രസിദ്ധീകരിച്ചത്. വിദ്യാര്‍ഥികളുടെ വിലയേറിയ സമയം മൂന്നുമാസത്തോളം നഷ്ടപ്പെടുത്തി. അവരുടെയും രക്ഷിതാക്കളുടെയും ആശങ്ക വര്‍ധിപ്പിച്ചു. വിദ്യാഭ്യാസക്കച്ചവടക്കാരെ വഴിവിട്ട് സര്‍ക്കാര്‍ സഹായിച്ചു. അതിലേക്കായി സര്‍ക്കാര്‍സംവിധാനത്തെ പരാജയപ്പെടുത്തി. വിദ്യാഭ്യാസവകുപ്പിനും ഹയര്‍സെക്കന്‍ഡറിവകുപ്പിനും ഏകജാലക പ്രവേശന പ്രക്രിയക്ക് സാങ്കേതികമായി നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ എന്‍ഐസി (നാഷണല്‍ ഇന്‍ഫോമാറ്റിക്സ് സെന്റര്‍)ക്കും നാണക്കേടുണ്ടാക്കി. കച്ചവടക്കാരെ വിദ്യാഭ്യാസവകുപ്പ് ഏല്‍പ്പിച്ചാല്‍ അതും വില്‍പ്പനച്ചരക്കാകും.

ഏകജാലക പ്രവേശന പ്രക്രിയ അട്ടിറിച്ചതിലൂടെ വിദ്യാര്‍ഥികളുടെ അവകാശമാണ് നിഷേധിക്കപ്പെട്ടിരിക്കുന്നത്. അവരുടെ അവകാശം സംരക്ഷിക്കാന്‍വേണ്ടിയാണ് ഇടതുമുന്നണി സര്‍ക്കാര്‍ ഏകജാലക പ്രവേശനം നടപ്പാക്കിയത്. അവകാശസംരക്ഷണമല്ല കച്ചവടതാല്‍പ്പര്യമാണ് മുഖ്യം എന്നതാണ് ഭരണത്തിലിരിക്കുന്നവരുടെ നയം. അത് അംഗീകരിക്കാന്‍ കേരളസമൂഹം തയ്യാറല്ലായെന്ന് കാട്ടിക്കൊടുക്കാന്‍ സമയമായി

*
പ്രൊഫ. വി കാര്‍ത്തികേയന്‍നായര്‍

189 comments: