Monday, January 7, 2013

ആര്‍എസ്എസ് സ്ത്രീകളോട്

സ്ത്രീകളോടുള്ള സംഘപരിവാറിന്റെ സമീപനം സര്‍സംഘചാലക് മോഹന്‍ഭഗവതിന്റെ വാക്കുകളില്‍ നിസ്സംശയം തെളിയുന്നു. സ്ത്രീകള്‍ വീട്ടുജോലിചെയ്ത് ഒതുങ്ങിക്കഴിഞ്ഞാല്‍ മതിയെന്നാണ് ഡല്‍ഹിയില്‍ ഡിസംബര്‍ 16 ന് പെണ്‍കുട്ടിയെ കൂട്ട ബലാല്‍സംഗം ചെയ്തതിനെക്കുറിച്ച് പരാമര്‍ശിക്കവെ ആര്‍എസ്എസ് തലവന്‍ പറഞ്ഞത്. മധ്യപ്രദേശിലെ വാണിജ്യനഗരമായ ഇന്‍ഡോറില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ യോഗത്തിലാണ്, സഹജമായ സ്ത്രീവിരുദ്ധതയുടെ ശബ്ദം ആര്‍എസ്എസ് തലവനില്‍നിന്നുയര്‍ന്നത്. "ഭാര്യാഭര്‍തൃബന്ധം ഒരു സാമൂഹ്യകരാറിന്റെ ഭാഗമാണെന്നും അതനുസരിച്ച് സ്ത്രീകള്‍ വീട്ടുജോലിയെടുക്കുകയും പുരുഷനെ തൃപ്തിപ്പെടുത്തുകയുമാണ് വേണ്ടതെന്നു"മാണ് അദ്ദേഹത്തിന്റെ പക്ഷം. "പുരുഷന്‍ സ്ത്രീകളുടെ ആവശ്യങ്ങള്‍ നിറവേറ്റുകയും അവളെ സംരക്ഷിക്കുകയുംചെയ്യും. ഭാര്യ തന്റെ ഉത്തരവാദിത്തങ്ങളായ വീട്ടുജോലിയും പുരുഷനെ തൃപ്തിപ്പെടുത്തലും തുടരുന്നിടത്തോളം ഈ കരാറില്‍ സ്ത്രീയെ പുരുഷന്‍ നിലനിര്‍ത്തും. കരാര്‍ മാനിക്കുന്നതില്‍ സ്ത്രീ പരാജയപ്പെട്ടാല്‍ പുരുഷന് സ്ത്രീയെ തള്ളിപ്പറയാം" -ഇതാണ് മോഹന്‍ഭഗവത് പറഞ്ഞത്. "ബലാത്സംഗങ്ങള്‍ നഗരങ്ങളുടെ ഇന്ത്യയിലാണ് നടക്കുന്നതെന്നും ഗ്രാമങ്ങളുടെ ഭാരതത്തിലല്ലെന്നും" അസമിലെ സില്‍ച്ചറില്‍ നടത്തിയ പ്രസംഗത്തില്‍ മോഹന്‍ ഭഗവത് പറഞ്ഞതും വിവാദമായിരുന്നു.

സംഘപരിവാറിന്റെ ആശയപദ്ധതിയുടെ അടിത്തറതന്നെ മനുസ്മൃതിയാണ്. സ്ത്രീ സ്വാതന്ത്ര്യം അര്‍ഹിക്കുന്നില്ലെന്നാണ് മനുസ്മൃതി പറയുന്നത്. കുട്ടിക്കാലത്ത് അച്ഛന്റെയും യുവതിയാകുമ്പോള്‍ ഭര്‍ത്താവിന്റെയും വൃദ്ധയാകുമ്പോള്‍ മകന്റെയും സംരക്ഷണയിലാകും സ്ത്രീയെന്ന് മനുസ്മൃതി വ്യക്തമാക്കുന്നു. സ്ത്രീക്ക് സ്വന്തം നിലയില്‍ അസ്തിത്വം അനുവദിക്കാന്‍ തയ്യാറാകാത്ത ഈ മനുസ്മൃതി അടിസ്ഥാനമാക്കിയ ഭരണഘടന വേണമെന്ന് പലവട്ടം പറഞ്ഞ സംഘടനയാണ് ആര്‍എസ്എസ്. എന്‍ഡിഎ ഭരണകാലത്ത് ഭരണഘടന പൊളിച്ചെഴുതാനുള്ള സാധ്യതകള്‍ തേടി ജസ്റ്റിസ് വെങ്കടചെല്ലയ്യയുടെ നേതൃത്വത്തില്‍ ഒരു സമിതിയെപ്പോലും വാജ്പേയി സര്‍ക്കാര്‍ വച്ചിരുന്നു.

സ്ത്രീ എന്നും വീടിന്റെ അകത്തളങ്ങളില്‍ മുനിഞ്ഞു കത്തേണ്ടവളാണെന്ന തത്വശാസ്ത്രത്തിന്റെ പതാകവാഹകനായ മോഹന്‍ഭഗവതില്‍നിന്ന് ഇതുമാത്രമേ പ്രതീക്ഷിക്കാനും പാടുള്ളൂ. "വയ്ക്കുക, വിളമ്പുക, പ്രസവിക്കുക" എന്നതാണ് ആര്‍എസ്എസിന്റെ കണ്ണില്‍ സ്ത്രീയുടെ ജീവിതദൗത്യം. അതിനപ്പുറത്തെ ലോകത്തെക്കുറിച്ചുള്ള ഒരാഗ്രഹവും അഭിലാഷവും അവള്‍ക്കുണ്ടായിരിക്കരുത്. അടുക്കളയില്‍നിന്ന് അരങ്ങത്തേക്ക് വരരുതെന്നര്‍ഥം. അങ്ങനെ ആഗ്രഹിച്ചാല്‍ അത് ലക്ഷ്മണരേഖയുടെ ലംഘനമായിരിക്കുമെന്ന് മധ്യപ്രദേശിലെ ബിജെപി മന്ത്രിസഭയിലെ വ്യവസായ മന്ത്രി കൈലാസ് വിജയവര്‍ഗീയ പറഞ്ഞിട്ടുണ്ട്. സീത ലക്ഷ്മണ രേഖ ലംഘിച്ചതുകൊണ്ടാണ് രാവണന് തട്ടിക്കൊണ്ടുപോകാനായതെന്നാണ് വിജയവര്‍ഗീയ എന്ന ആര്‍എസ്എസുകാരന്റെ വാദം. തെറ്റു ചെയ്തത് രാവണനല്ല മറിച്ച്, ലക്ഷ്മണരേഖ ലംഘിച്ച സീതയാണെന്ന്. രാവണന്‍ പുരുഷനാണല്ലോ. ഇതേ ആശയമാണ് ഗുജറാത്തിലെ ആള്‍ദൈവമായ അസാറാം ബാപ്പുവും പ്രകടിപ്പിച്ചത്. ബലാത്സംഗം ചെയ്തവരെപ്പോലെതന്നെ അതിന് വിധേയയായ ഡല്‍ഹിയിലെ പെണ്‍കുട്ടിയും കുറ്റക്കാരിയാണെന്നാണ് സംഘപരിവാറിന്റെ ആശയപദ്ധതികള്‍ സ്വീകരിക്കുന്ന ഈ ആള്‍ ദൈവത്തിന്റെ വെളിപാട്. ഒരു കൈയടിച്ചാല്‍ എങ്ങനെ ശബ്ദമുണ്ടാകുമെന്ന ചൊല്ലിലൂടെയാണ് ഹീനമായ കൃത്യത്തെ അയാള്‍ ന്യായീകരിക്കുന്നത്. സ്ത്രീകള്‍ പൊതുസമൂഹത്തിലേക്ക് വരുന്നതും പുരുഷനൊപ്പം തുല്യതയോടെ ജോലിചെയ്യുന്നതും ഫ്യൂഡല്‍ പാരമ്പര്യത്തിന്റെയും പിന്തിരിപ്പന്‍ രാഷ്ട്രീയത്തിന്റെയും നേരവകാശികള്‍ക്ക് ഒരിക്കലും സഹിക്കുമായിരുന്നില്ല. അതുകൊണ്ടാണ് കാക്കിട്രൗസറും കുറുവടിയും ഇന്നും ഉപേക്ഷിക്കാത്തവര്‍ പെണ്‍കുട്ടികള്‍ പാവാട ധരിക്കരുതെന്ന് പറയുന്നത്.

ഗ്രാമീണ ഭാരതത്തിലല്ല ഇന്ത്യന്‍ നഗരങ്ങളിലാണ് ഏറ്റവും കൂടുതല്‍ ബലാത്സംഗങ്ങള്‍ നടക്കുന്നതെന്ന ഭഗവത്തിന്റെ പ്രസ്താവനയും വസ്തുതയുമായി ഒരു ബന്ധവുമില്ലാത്തതാണ്. അഷീഷ്നന്ദിയെപ്പോലുള്ള സാമൂഹ്യശാസ്ത്രജ്ഞര്‍ ഭഗവത്തിന്റെ പ്രസ്താവനക്കെതിരെ വസ്തുതകളുമായി രംഗത്ത് വരികയുണ്ടായി. അദ്ദേഹം നടത്തുന്ന നിരീക്ഷണം, ഗ്രാമീണ ഭാരതത്തിലാണ് എഴുപത് ശതമാനം ബലാത്സംഗങ്ങളും സ്ത്രീപീഡനങ്ങളും നടക്കുന്നതെന്നാണ്. ഗ്രാമങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ലെന്നു മാത്രമല്ല, പൊലീസ് കേസ് രജിസ്റ്റര്‍ചെയ്യുന്നുമില്ല. മാത്രമല്ല, നഗരങ്ങളില്‍ വിദ്യാഭ്യാസത്തിന്റെ നിരക്കിലുള്ള വര്‍ധനയും ബോധനിലവാരത്തിലുള്ള വ്യത്യാസവും കാരണം ഇത്തരം കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നുണ്ട്. ഗ്രാമീണ ഭാരതത്തിലെ സ്ത്രീകളുടെ അവസ്ഥയറിയണമെങ്കില്‍ "ഹിന്ദുത്വത്തിന്റെ പരീക്ഷണശാല"യായ ഗുജറാത്തിലേക്ക് പോയാല്‍ മതി. ഉത്തര ഗുജറാത്തിലെ പഞ്ച്മഹല്‍ ജില്ലയില്‍ ഹലോല്‍ ഗ്രാമത്തില്‍ രണ്ടര വയസ്സുള്ള കുട്ടിയെ ബന്ധുതന്നെ ബലാത്സംഗം ചെയ്ത് കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചു. ഡിസംബര്‍ 21 നാണ് ഈ സംഭവം. നാലുദിവസം കഴിഞ്ഞപ്പോള്‍ കുട്ടി മരിക്കുകയും ഹലോലില്‍ ജനങ്ങള്‍ പ്രതിഷേധ സൂചകമായി ബന്ദ് നടത്തുകയുംചെയ്തു. ഇതേ ജില്ലയില്‍തന്നെയുള്ള ലപാനി ഗ്രാമത്തിലെ ഒരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തശേഷം മറ്റൊരുഗ്രാമത്തില്‍ ബോധമില്ലാത്ത അവസ്ഥയില്‍ വലിച്ചെറിഞ്ഞു. മോഡിയുടെ ഗുജറാത്തില്‍ ഈ പെണ്‍കുട്ടിയെ ചികിത്സിക്കാന്‍ ഒരു ആശുപത്രിയും തയ്യാറായില്ല. ബലാത്സംഗമല്ല വീണ് പരിക്കേറ്റതാണെന്ന് കള്ളം പറയേണ്ടിവന്നു കുട്ടിക്ക് ചികിത്സ ലഭിക്കാന്‍. എന്നിട്ടും ഇന്ത്യക്ക് പകരം ഭാരതമെന്ന പേരിട്ടാല്‍ ഈ തിന്മ അവസാനിപ്പിക്കാന്‍ കഴിയുമെന്നാണ് വിശ്വഹിന്ദു പരീക്ഷത്തിന്റെ "അന്താരാഷ്ട്ര" പ്രസിഡന്റ് അശോക്സിംഗാള്‍ പറയുന്നത്.

സ്ത്രീകള്‍ക്കെതിരായ ആക്രമണവും പീഡനവും തടയാന്‍ ഈ പിന്തിരിപ്പന്‍ ആശയങ്ങള്‍ക്ക് കഴിയില്ലെന്നു മാത്രമല്ല, ആണ്‍ ആധിപത്യത്തിനും അതുവഴി ഇത്തരം ആക്രമണങ്ങള്‍ക്കും ശക്തി വര്‍ധിക്കുകയുമാണ് ചെയ്യുക. സ്ത്രീകളോടുള്ള ഈ സങ്കുചിത വര്‍ഗീയ സങ്കല്‍പ്പമാണ് പെണ്‍ഭ്രൂണഹത്യക്കുപോലും കാരണമാകുന്നതെന്നും കാണാന്‍ വിഷമമില്ല. അതായത്, സാമ്പത്തിക ഉദാരവല്‍ക്കരണത്തിന്റെ ഭാഗമായി സ്ത്രീകളെ കച്ചവടച്ചരക്കായി പ്രതിഷ്ഠിക്കുന്നതുമാത്രമല്ല, സംഘപരിവാറിന്റെ പിന്തിരിപ്പന്‍ ആശയങ്ങളും അവര്‍ക്കെതിരെയുള്ള വര്‍ധിച്ച ആക്രമണത്തിനും പീഡനത്തിനും കാരണമാകുന്നുണ്ട്. പുരുഷനൊപ്പം സ്ത്രീകള്‍ക്കും തുല്യഅവകാശവും അവസരങ്ങളും നല്‍കി അവരെ കൈപിടിച്ചുയര്‍ത്തുകയും അവരുടെ സുരക്ഷയ്ക്കും സംരക്ഷണത്തിനും ഫലപ്രദമായ സംവിധാനം കെട്ടിപ്പടുക്കുകയുമാണ് വേണ്ടത്.

*
ദേശാഭിമാനി മുഖപ്രസംഗം 08 ജനുവരി 2013

No comments: