Wednesday, January 2, 2013

ഉപജാപം, വേട്ടയാടല്‍

ഇടതുപക്ഷപ്രസ്ഥാനങ്ങളെ പ്രത്യേകിച്ച് സിപിഐ എമ്മിനെ ദുര്‍ബലപ്പെടുത്താന്‍ ലക്ഷ്യംവച്ചുള്ള ഉപജാപങ്ങളുടെയും വേട്ടയാടലുകളുടെയും കുത്തൊഴുക്കായിരുന്നു 2012ല്‍. നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ സമാനതകളില്ലാത്ത കടന്നാക്രമണം അഴിച്ചുവിട്ടു. അടിയന്തരാവസ്ഥയെ കടത്തിവെട്ടുന്ന തരത്തില്‍ സിപിഐ എം ജില്ലാ സെക്രട്ടറി അടക്കമുള്ള നേതാക്കളെ കേസ് കെട്ടിച്ചമച്ച് ജയിലുകളില്‍ അടയ്ക്കുന്നിടംവരെയെത്തി യുഡിഎഫിന്റെ അധികാരഭ്രാന്ത്. ജനാധിപത്യസംവിധാനത്തില്‍ കേട്ടുകേള്‍വിയില്ലാത്ത കാടന്‍ നടപടികളിലൂടെ സിപിഐ എമ്മിനെ തുടര്‍ച്ചയായി കടന്നാക്രമിച്ചു. വിചാരണ പൂര്‍ത്തിയായി വിധിപ്രഖ്യാപനം വന്ന പതിറ്റാണ്ടുകള്‍ക്കു മുമ്പത്തെ കേസുകള്‍പോലും ഈ വേട്ടയാടലിനുള്ള ആയുധമാക്കി. പൊലീസ് ഭീകരതയിലൂടെ സിപിഐ എമ്മിന്റെ ശക്തികേന്ദ്രങ്ങള്‍ ദുര്‍ബലമാക്കാമെന്ന വ്യാമോഹത്തിന് പക്ഷേ അതിശക്തമായ തിരിച്ചടി കേരളം നല്‍കി.

പൊലീസ് സംവിധാനം രാഷ്ട്രീയ എതിരാളികളെ വേട്ടയാടാനുള്ള ഉപകരണമായി അധഃപതിക്കുകയും സംസ്ഥാനം മാഫിയാസംഘങ്ങളുടെയും കവര്‍ച്ചക്കാരുടെയും പിടിയിലമരുകയുംചെയ്തു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ധൈര്യമായി പുറത്തിറങ്ങാന്‍ കഴിയാത്ത സംസ്ഥാനമാണിപ്പോള്‍ കേരളം. പ്രതിപക്ഷത്തെ നേരിടാന്‍ നീതിന്യായസംവിധാനങ്ങളെ ദുരുപയോഗപ്പെടുത്തുന്ന ഉമ്മന്‍ ചാണ്ടി തനിക്കും യുഡിഎഫ് നേതാക്കള്‍ക്കുമെതിരെയുള്ള അഴിമതിക്കേസുകള്‍ ഇല്ലാതാക്കാനും പൊലീസ് സംവിധാനം ഉപയോഗിക്കുന്നു. പൊലീസില്‍ ക്രിമിനലുകളുടെ എണ്ണം പെരുകി. ഒട്ടുവിക്ക പത്ര-ദൃശ്യ മാധ്യമങ്ങളും സര്‍ക്കാരിന്റെ വഴിവിട്ട നടപടികള്‍ക്ക് സര്‍വവിധ പിന്തുണയും നല്‍കി. ചില മാധ്യമങ്ങള്‍ സിപിഐ എമ്മിനെതിരായ കടന്നാക്രമണങ്ങള്‍ ആസൂത്രണംചെയ്യുന്നതില്‍ പങ്കാളികളുമായി.

യുഡിഎഫ് സര്‍ക്കാര്‍ പൊലീസിനെ പൂര്‍ണമായും രാഷ്ട്രീയ കുതന്ത്രങ്ങളുടെ നടത്തിപ്പുകാരായി മാറ്റിയതാണ് 2012ന്റെ ബാക്കിപത്രം. കോണ്‍ഗ്രസിലും ഘടകകക്ഷികളിലും തമ്മിലടി റെക്കോഡ് ഭേദിച്ച വര്‍ഷമാണ് 2012. വാഗ്ദാനങ്ങളും പ്രഖ്യാപനങ്ങളും പെരുമഴയായി വന്നെങ്കിലും ഒന്നും നടന്നില്ല. കര്‍മപരിപാടികളും പ്രകടനപത്രികയിലെ വാഗ്ദാനങ്ങളും പാഴ്വാക്കായി. വിലക്കയറ്റവും ക്രമസമാധാനത്തകര്‍ച്ചയും ജനങ്ങളെ ദുരിതത്തിലാക്കിയതിനൊപ്പം യുഡിഎഫിന്റെ സാമുദായികപ്രീണനം സംസ്ഥാനത്ത് സാമുദായിക-വര്‍ഗീയ ചേരിതിരിവും സൃഷ്ടിച്ചു. ടി പി ചന്ദ്രശേഖരന്‍, അരിയില്‍ അബ്ദുള്‍ ഷുക്കൂര്‍ വധക്കേസുകള്‍ മറയാക്കി മലബാര്‍ മേഖലയില്‍ സിപിഐ എമ്മിനെ നേരിടാനിറങ്ങിയ യുഡിഎഫ് ഇടുക്കിയിലെ മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവ് എം എം മണിയെ ഒരു പ്രസംഗത്തിന്റെ പേരില്‍ തുറുങ്കിലടച്ചു. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ ഷുക്കൂര്‍ കേസില്‍ പ്രതിയാക്കിയ സര്‍ക്കാര്‍ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി വി രാജേഷ്, രാഗേഷ് എന്നിവരെയും കള്ളക്കേസുകളില്‍ കുടുക്കി. പാര്‍ടി ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രനെ കേസിലകപ്പെടുത്തി. ഒരു വര്‍ഷത്തിനിടയില്‍ ആയിരക്കണക്കിന് പാര്‍ടി പ്രവര്‍ത്തകരെയും അനുഭാവികളെയുമാണ് കേസുകളില്‍ പ്രതിയാക്കിയത്. മെയ് നാലിന് ആര്‍എംപി നേതാവ് ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടശേഷം സംസ്ഥാന സര്‍ക്കാരും മാധ്യമങ്ങളും ചേര്‍ന്ന് സിപിഐ എമ്മിനെതിരെ രൂക്ഷമായ കടന്നാക്രമണമാണ് നടത്തിയത്.

സിപിഐ എം വിരുദ്ധരുടെ കൂട്ടായ്മ നെറികെട്ട പ്രചാരവേലകള്‍ക്ക് നേതൃത്വം നല്‍കി. പൊലീസുമായി കൂടിയാലോചിച്ച് മാധ്യമങ്ങള്‍ കെട്ടുകഥ പ്രചരിപ്പിക്കുക, അതിന്റെ ചുവടു പിടിച്ച് പൊലീസ് പാര്‍ടിക്കെതിരെ നീങ്ങുക-ഇതായിരുന്നു ആക്രമണരീതി. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള വന്‍ പ്രചാരവേലയാണ് പിന്നീടു കണ്ടത്. മറ്റൊരു പാര്‍ടിയുടെ നേതാവ് കൊല്ലപ്പെട്ടതിന് യുഡിഎഫ് സംസ്ഥാന ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. പിന്നീട് കള്ളക്കഥകളുടെ കുത്തൊഴുക്കായി. ചന്ദ്രശേഖരന്‍വധത്തെക്കുറിച്ച് സ്വതന്ത്രവും നിഷ്പക്ഷവും നീതിപൂര്‍വവുമായ അന്വേഷണം നടക്കില്ലെന്ന് തുടക്കത്തിലേ വ്യക്തമായിരുന്നു. പോസ്റ്റുമോര്‍ട്ടം നടക്കുന്നിടത്ത് ആഭ്യന്തരമന്ത്രി എത്തിയതും കെപിസിസി പ്രസിഡന്റിന്റെ സാന്നിധ്യത്തില്‍ ആഭ്യന്തരമന്ത്രി ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി രഹസ്യചര്‍ച്ച നടത്തിയതും കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രഖ്യാപനങ്ങളും അന്വേഷണദിശ നിര്‍ണയിക്കുംവിധം മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും നടത്തിയ അഭിപ്രായപ്രകടനങ്ങളുമൊക്കെ ഈ കേസിന്റെ മറപിടിച്ച് നടപ്പാക്കാന്‍ പോകുന്ന രാഷ്ട്രീയ അജന്‍ഡയുടെ പ്രഖ്യാപനമായി. ദാരുണമായ സംഭവം മുന്‍നിര്‍ത്തി രാഷ്ട്രീയ മുതലെടുപ്പു നടത്തുന്നതിലും സിപിഐ എം വിരുദ്ധവേട്ട സംഘടിപ്പിക്കുന്നതിലുമാണ് സര്‍ക്കാര്‍ മുഴുകിയത്. സിപിഐ എമ്മിനെതിരായ അപവാദപ്രചാരണത്തോടൊപ്പം പാര്‍ടി ഓഫീസുകളും പ്രവര്‍ത്തകരുടെ വീടുകളും തകര്‍ത്തും പ്രാദേശികനേതാക്കളെ വകവരുത്താന്‍ ശ്രമിച്ചും കലാപാന്തരീക്ഷം പടര്‍ത്തി.

രണ്ടു മാസത്തോളം നീണ്ട കടന്നാക്രമണമാണ് ഈ കൊലപാതകം മുതലാക്കി സര്‍ക്കാരും മാധ്യമങ്ങളും നടത്തിയത്. പാര്‍ടിയെ ദുര്‍ബലപ്പെടുത്താനുള്ള എല്ലാ ഗൂഢാലോചനകളും കടന്നാക്രമണങ്ങളും ജനങ്ങളെ അണിനിരത്തി ചെറുക്കാന്‍ സിപിഐ എമ്മിനു കഴിഞ്ഞു. പൊതുയോഗത്തിലെ പ്രസംഗത്തിന്റെ പേരില്‍ എം എം മണിയെ പുലര്‍ച്ചെ വീടുവളഞ്ഞ് അറസ്റ്റുചെയ്താണ് ജയിലിലടച്ചത്. അറസ്റ്റ് വാറന്റോ മറ്റു മുന്നറിയിപ്പോ ഇല്ലായിരുന്നു. മണിക്കെതിരായ കള്ളക്കേസിന്റെ വാദം 2013 ഫെബ്രുവരി ഒമ്പതിന് സുപ്രീംകോടതിയില്‍ നടക്കാനിരിക്കുകയാണ്. വിചാരണ പൂര്‍ത്തിയാക്കി 1986ല്‍ അവസാനിച്ച അഞ്ചേരി ബേബി വധക്കേസിലാണ് ഈ നടപടി. സര്‍ക്കാര്‍ ഇടപെടലുകളെത്തുടര്‍ന്ന് എം എം മണി ഉള്‍പ്പെടെ നാലുപേരെ പ്രതിയാക്കി നെടുങ്കണ്ടം കോടതിയില്‍ പൊലീസ് നല്‍കിയ റിപ്പോര്‍ട്ടിനെ ചോദ്യംചെയ്തുളള ഹര്‍ജി സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും പരിഗണനയിലിരിക്കുകയാണ്. പഴയ കേസുകളുടെ പുനരന്വേഷണത്തിനെതിരെയും മണി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയപ്പോള്‍ ബന്ധപ്പെട്ട കോടതികളെ സമീപിക്കണമെന്നാണ് നിര്‍ദേശിച്ചത്. അന്വേഷണത്തോട് അദ്ദേഹം എല്ലാവിധത്തിലും സഹകരിച്ചു. എന്നിട്ടും മണിയെ തുറുങ്കിലടയ്ക്കാന്‍ ഉന്നതതലത്തില്‍ ഗൂഢാലോചന അരങ്ങേറി. അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ മൊഴിയെടുക്കാന്‍ കണ്ണൂര്‍ ടൗണ്‍ സിഐ ഓഫീസില്‍ വിളിച്ചുവരുത്തിയാണ് സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ അറസ്റ്റ്ചെയ്തത്. തുടര്‍ന്ന് അദ്ദേഹത്തെ ജയിലിലടച്ചു. ഗൂഢാലോചന അറിഞ്ഞിട്ടും തടഞ്ഞില്ലെന്ന കുറ്റമാണ് (ഐപിസി 118) ജയരാജനെതിരെ ചുമത്തിയത്. ഷുക്കൂര്‍ വധക്കേസില്‍ മൂന്നാം തവണ മൊഴിയെടുക്കാന്‍ പൊലീസിന്റെ നോട്ടീസ് ലഭിച്ച അദ്ദേഹം സിഐ ഓഫീസില്‍ എത്തിയ ഉടന്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. സിപിഐ എം സംസ്ഥാന കമ്മറ്റി അംഗം ടി വി രാജേഷിനെയും ഇതേ കേസില്‍ കുടുക്കി. ഒരു സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായുണ്ടായ ദൗര്‍ഭാഗ്യകരമായ സംഭവമെന്ന നിലയില്‍നിന്ന് ഷുക്കൂര്‍ കേസിനെ "പാര്‍ടി കോടതി", "പരസ്യവിചാരണ", "ആശുപത്രിയിലെ ഗൂഢാലോച" തുടങ്ങിയ കഥകള്‍ സൃഷ്ടിച്ച് വൈകാരികതലത്തിലേക്കുയര്‍ത്തുകയാണ് സര്‍ക്കാരും മാധ്യമങ്ങളും ആദ്യംചെയ്തത്. പിറവം ഉപതെരഞ്ഞെടുപ്പ് ഘട്ടത്തിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് പാര്‍ടികോടതിയും പരസ്യവിചാരണയും രൂപംകൊള്ളുന്നത്. ചന്ദ്രശേഖരന്‍ കേസും ഷുക്കൂര്‍ കേസും ഉദ്ദേശിച്ച ഫലം തന്നില്ലെന്ന് യുഡിഎഫിന് ബോധ്യപ്പെട്ടു.

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കങ്ങള്‍ക്ക് തിരിച്ചടി കിട്ടി. എന്നിട്ടും പിന്മാറാന്‍ ഒരുക്കമല്ലെന്ന് കെ ടി ജയകൃഷ്ണന്‍ കേസ് പുനരന്വേഷണ തീരുമാനം വ്യക്തമാക്കുന്നു. മാധ്യമങ്ങളെ ഉപയോഗപ്പെടുത്തി വീണ്ടും രാഷ്ട്രീയ മുതലെടുപ്പിനുള്ള അവസരം തേടുകയാണ് യുഡിഎഫ്. സുപ്രീംകോടതി തീര്‍പ്പുകല്‍പ്പിച്ചതാണ് ജയകൃഷ്ണന്‍ കേസ്. എന്നാല്‍, തങ്ങളുടെ രാഷ്ട്രീയകുതന്ത്രങ്ങള്‍ക്ക് അതൊന്നും ഒരു തടസ്സമായി യുഡിഎഫ് കാണുന്നില്ല. പാര്‍ടിയുടെ ജനകീയാടിത്തറയ്ക്ക് നേരിയ പോറല്‍ പോലും ഏല്‍പ്പിക്കാനാവില്ലെന്ന് ഇക്കൂട്ടരെ നല്ലവണ്ണം ബോധ്യപ്പെടുത്തിയ വര്‍ഷമാണ് കടന്നുപോകുന്നത്. എന്നിട്ടും ഒരുകൈ വീണ്ടും നോക്കാമെന്ന് കണക്കുകൂട്ടി ആയുധം പരതുകയാണ് യുഡിഎഫും സിപിഐ എം വിരുദ്ധശക്തികളും മാധ്യമങ്ങളും അടങ്ങുന്ന കൂട്ടുകെട്ട്.

*
കെ എം മോഹന്‍ദാസ് ദേശാഭിമാനി 01 ജനുവരി 2013

No comments: