Friday, January 4, 2013

പലസ്തീന് വേണ്ടത് പരമാധികാരം

ന്യൂനപക്ഷ വെള്ളക്കാരുടെ വര്‍ണവെറിയന്‍ ഭരണത്തിലായിരുന്ന ദക്ഷിണാഫ്രിക്ക കാല്‍നൂറ്റാണ്ടുമുമ്പ് ലോകത്ത് എത്രമാത്രം ഒറ്റപ്പെട്ടിരുന്നോ അതിനെ ഓര്‍മിപ്പിക്കുന്നതാണ് ഇപ്പോള്‍ ഇസ്രയേലിന്റെ സ്ഥിതി. പലസ്തീന്‍ രാഷ്ട്ര രൂപീകരണം തടയാന്‍ എല്ലാ കുതന്ത്രവും പയറ്റുന്ന ഇസ്രയേലിലെ സയണിസ്റ്റ് വംശീയ സര്‍ക്കാരിന്റെ മുഖത്താണ് അന്താരാഷ്ട്ര സമൂഹം പ്രഹരിച്ചിരിക്കുന്നത്. പൂര്‍ണ പരമാധികാര രാഷ്ട്ര പദവിക്ക് പലസ്തീനുള്ള അനിഷേധ്യ അവകാശത്തിന് അടിവരയിട്ടാണ് നവംബര്‍ 29ന് ഐക്യരാഷ്ട്ര പൊതുസഭ വന്‍ ഭൂരിപക്ഷത്തോടെ പലസ്തീന് "അംഗമല്ലാത്ത നിരീക്ഷക രാഷ്ട്രം" എന്ന പദവി അനുവദിച്ചിരിക്കുന്നത്. 193 രാഷ്ട്രങ്ങള്‍ക്ക് അംഗത്വമുള്ള പൊതുസഭയില്‍ അമേരിക്കയും ഇസ്രയേലും കനഡയും അടക്കം ഒമ്പത് രാജ്യങ്ങള്‍ മാത്രമാണ് പലസ്തീന്റെ ആവശ്യത്തെ എതിര്‍ത്ത് വോട്ട് ചെയ്തത്. 138 രാജ്യങ്ങള്‍ പലസ്തീന്റെ പദവി ഉയര്‍ത്തുന്നതിനെ അനുകൂലിച്ചപ്പോള്‍ ബ്രിട്ടനും ജര്‍മനിയുമടക്കം 41 രാജ്യങ്ങള്‍ വിട്ടുനിന്നു. അഞ്ചുരാജ്യങ്ങള്‍ പങ്കെടുത്തില്ല. ഗാസയില്‍ ഇസ്രയേല്‍ നവംബര്‍ മധ്യത്തില്‍ ഒരാഴ്ചയിലേറെ നടത്തിയ കൂട്ടക്കൊലയും പലസ്തീന്റെ ആവശ്യത്തെ പിന്തുണയ്ക്കാന്‍ പല രാജ്യങ്ങളെയും പ്രേരിപ്പിച്ചു. നാല്‍പതില്‍പരം കുട്ടികളടക്കം 180ലധികം പലസ്തീന്‍കാര്‍ എട്ടുദിവസം നീണ്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

കഴിഞ്ഞ വര്‍ഷം യുഎന്‍ രക്ഷാസമിതിയില്‍ അമേരിക്കന്‍ വീറ്റോ ഭീഷണി മൂലം പൂര്‍ണ അംഗരാഷ്ട്ര പദവിക്കുള്ള ശ്രമത്തില്‍ നിന്ന് പിന്‍വാങ്ങേണ്ടിവന്ന പലസ്തീന് അതിന് വീണ്ടും ശ്രമിക്കാന്‍ കരുത്തുപകരുന്നതാണ് യുഎന്‍ പൊതുസഭയില്‍ നടന്ന ചരിത്രപ്രധാനമായ വോട്ടെടുപ്പ്. ഫ്രാന്‍സും ഇറ്റലിയുമടക്കം 17 യൂറോപ്യന്‍ രാജ്യങ്ങളും പലസ്തീന്റെ ആവശ്യത്തെ പിന്തുണയ്ക്കാന്‍ നിര്‍ബന്ധിതമായി. ചെക് റിപ്പബ്ലിക്ക് ഒഴികെ മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍ വിട്ടുനിന്നു. പലസ്തീന്റെ ആവശ്യത്തെ എതിര്‍ക്കാന്‍ തങ്ങള്‍ക്കൊപ്പം ഉണ്ടാവുമെന്ന് ഇസ്രയേല്‍ കണക്കാക്കിയ യൂറോപ്യന്‍ രാജ്യങ്ങള്‍ പലസ്തീനെ അനുകൂലിച്ച് വോട്ട് ചെയ്യാനോ നിഷ്പക്ഷത പാലിച്ച് വിട്ടുനില്‍ക്കാനോ തയ്യാറായത് ഇസ്രയേലിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. എന്നാല്‍ ലോക മനഃസാക്ഷിയുടെ ഈ വിധി അംഗീകരിക്കാനല്ല, ലോകത്തിന്റെ "തെറ്റിന്" ധാര്‍ഷ്ട്യത്തോടെ പലസ്തീനോട് പ്രതികാരം ചെയ്യാനാണ് ഇസ്രയേല്‍ മുതിര്‍ന്നത്. ബ്രിട്ടീഷ് ഭരണത്തിലായിരുന്ന അവിഭക്ത പലസ്തീന്‍ പ്രദേശം വിഭജിച്ച് അറബ്, ജൂത രാജ്യങ്ങള്‍ക്ക് രൂപം നല്‍കാന്‍ യുഎന്‍ പൊതുസഭ 181ാം പ്രമേയത്തിലൂടെ തീരുമാനിച്ചത് 1947 സെപ്തംബര്‍ 29നാണ്. അതിന്റെ 65ാം വാര്‍ഷിക നാളിലാണ് ആ പ്രമേയത്തില്‍ പരാമര്‍ശിച്ച പലസ്തീന്‍ ജനതയ്ക്ക് നീതിയുടെ തരിമ്പെങ്കിലും ലഭ്യമാവുന്നത്. 181ാം പ്രമേയത്തില്‍ പലസ്തീന് നീക്കിവച്ച പ്രദേശത്തിന്റെ പകുതിയില്‍ താഴെ മാത്രം വരുന്നതാണ് ഇപ്പോള്‍ പലസ്തീന്‍ പ്രദേശങ്ങളായി അവശേഷിക്കുന്ന വെസ്റ്റ്ബാങ്കും ഗാസയും കിഴക്കന്‍ ജെറുസലെമും. എന്നാല്‍ അതുപോലും അനുവദിക്കാതെ, കൃത്യമായ അതിരുകള്‍ക്കുള്ളില്‍ സ്വാതന്ത്ര്യത്തോടെ കഴിയുന്ന ജനതയുടെ രാഷ്ട്രമായി പലസ്തീന്‍ രൂപം കൊള്ളുന്നത് തടയാനാണ് ഇസ്രയേല്‍ ഇപ്പോഴും ശ്രമിക്കുന്നത്. പലസ്തീന് യുഎന്നിലുണ്ടായിരുന്ന നിരീക്ഷക പദവി നിരീക്ഷക രാഷ്ട്ര പദവിയായി ഉയര്‍ത്താന്‍ പൊതുസഭ തീരുമാനിച്ചതിന് തൊട്ടുപിന്നാലെ പലസ്തീന്‍ പ്രദേശങ്ങളില്‍ 3000ല്‍ പരം ജൂത കുടിയേറ്റ ഭവനങ്ങള്‍ കൂടി നിര്‍മിച്ച് പതിനായിരക്കണക്കിന് ഇസ്രയേലികളെ അവിടെ അനധികൃതമായി കുടിയിരുത്താനാണ് ഇ സ്രയേല്‍ തീരുമാനിച്ചത്. പലസ്തീന്‍കാരില്‍ നിന്ന് ഇസ്രയേല്‍ പിരിച്ചെടുത്ത് പലസ്തീന്‍ അതോറിറ്റിക്ക് എല്ലാ മാസവും നല്‍കിവരുന്ന 10 കോടി ഡോളറോളം വരുന്ന നികുതിപ്പണം തടഞ്ഞുവയ്ക്കാനും ഇസ്രയേലിലെ നെതന്യാഹു സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

65 വര്‍ഷം മുമ്പ് പാശ്ചാത്യ രാഷ്ട്രങ്ങളുടെ നേതൃത്വത്തില്‍ ഒരു അന്താരാഷ്ട്ര ചതിയിലൂടെയാണ് അറബ് മണ്ണില്‍ ഇസ്രയേല്‍ സ്ഥാപിക്കപ്പെട്ടത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ കൊടും പീഡനത്തിനും ഹിറ്റ്ലറുടെ ജര്‍മനിയില്‍ വംശഹത്യയ്ക്കും ഇരയായ ജൂതര്‍ക്ക് സ്വന്തമായി ഒരു രാഷ്ട്രം സ്ഥാപിക്കാന്‍ പശ്ചിമേഷ്യയില്‍ പലസ്തീന്‍ മണ്ണിനെ വെട്ടിമുറിക്കുകയായിരുന്നു. സ്വന്തം മണ്ണുവീണ്ടെടുക്കാന്‍ അന്നുമുതല്‍ പലസ്തീന്‍ ജനത നടത്തുന്ന പോരാട്ടം നയതന്ത്ര തലത്തില്‍ ഒതുങ്ങിയിട്ട് രണ്ട് പതിറ്റാണ്ടിലധികമായി. കുറഞ്ഞപക്ഷം 1991ലെ മാഡ്രിഡ് സമ്മേളനം മുതലെങ്കിലും ആരംഭിച്ച നയതന്ത്ര ശ്രമങ്ങളില്‍ ഒടുവിലത്തേതാണ് യുഎന്‍ പൊതുസഭയിലെ വിജയം. എന്നാല്‍ ഇക്കാലമത്രയും പലസ്തീന്‍ സ്വാതന്ത്ര്യ സ്വപ്നങ്ങളെ നിഷ്ഠുരം അടിച്ചമര്‍ത്തുന്ന ഇസ്രയേല്‍ അതിനെതിരെ ഉയരുന്ന ദുര്‍ബലമായ ചെറുത്തുനില്‍പ്പുകളെ പോലും ഭീകരപ്രവര്‍ത്തനമായി മുദ്രകത്തി വേട്ടയാടുന്നതാണ് ലോകം കണ്ടത്. 9/11 ഭീകരാക്രമണത്തിന്റെ പേരില്‍ 2001ല്‍ അമേരിക്ക "ഭീകരവാദത്തിനെതിരെ" പ്രഖ്യാപിച്ച യുദ്ധവും പലസ്തീന്‍ ജനതയെ അടിച്ചമര്‍ത്താനാണ് ഇസ്രയേല്‍ മറയാക്കിയത്.

1993ല്‍ ഒപ്പിട്ട ഓസ്ലോ കരാറിനെ തുടര്‍ന്ന് പരിമിതാധികാരങ്ങളോടെ രൂപീകരിക്കപ്പെട്ട പലസ്തീന്‍ അതോറിറ്റിയെ ഭരിക്കാന്‍ അനുവദിക്കാതെ ഇസ്രയേല്‍ നടത്തിവന്ന അതിക്രമങ്ങളാണ് പലസ്തീനില്‍ ഇസ്ലാമികവാദികളുടെ ഹമാസിനെ വളര്‍ത്തിയത്. യാസര്‍ അറഫാത്തിന്റെ നേതൃത്വത്തില്‍ അറബ് ലോകത്തിനാകെ മാതൃകയായി പലസ്തീനില്‍ വളര്‍ന്നുവന്ന മതേതര പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ഹമാസിനെ ആയുധമാക്കിയ ഇസ്രയേല്‍ ഹമാസ് പ്രധാന ശക്തിയായി മാറിയപ്പോള്‍ പലസതീന്‍ ജനതയെ ദ്രോഹിക്കുന്നതിന് അത് കാരണമാക്കുന്നതാണ് ലോകം കാണുന്നത്്. 2006ല്‍ പലസ്തീന്‍ പാര്‍ലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഹമാസ് ഭൂരിപക്ഷം നേടിയപ്പോള്‍ അവര്‍ സ്വന്തം സര്‍ക്കാരുണ്ടാക്കുന്നത് തടഞ്ഞതും ഹമാസിനെയും പലസ്തീന്‍ വിമോചന സംഘടനയിലെ മുഖ്യ കക്ഷിയായ ഫത്തായേയും തമ്മിലടിപ്പിച്ചതുമെല്ലാം ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന പഴയ കൊളോണിയല്‍ കുതന്ത്രത്തിന്റെ ആവര്‍ത്തനമായിരുന്നു. ഗാസയിലും വെസ്റ്റ് ബാങ്കിലും രണ്ട് സമാന്തര സര്‍ക്കാരുകളായി 2007ല്‍ പലസ്തീനെ ഫലത്തില്‍ വിഭജിക്കുന്നതിലെത്തിയ ഈ നീക്കങ്ങള്‍ക്കെല്ലാം പാശ്ചാത്യ രാജ്യങ്ങളുടെ പിന്തുണയുണ്ടായിരുന്നു.

ഹമാസ് ഇസ്രയേലിനെ അംഗീകരിക്കുന്നില്ല എന്ന് മുറവിളി കൂട്ടിയാണ് പലസ്തീന്‍ ജനതയുടെ ജനവിധിയെ ഇസ്രയേല്‍ അട്ടിമറിച്ചത്്. ഇതിന് കൂട്ടുനില്‍ക്കുന്ന പാശ്ചാത്യ രാജ്യങ്ങള്‍ക്ക് ഇസ്രയേല്‍ പലസ്തീനെ അംഗീകരിക്കാന്‍ ഉദ്ദേശിച്ചിട്ടേയില്ല എന്ന യാഥാര്‍ഥ്യം കാണാനാവുന്നില്ല. പലസ്തീന്‍ ഒരു രാഷ്ട്രമാവുന്നത് തടയാനാണ് ഇസ്രയേല്‍ പലസ്തീന്‍ പ്രദേശങ്ങളില്‍ ജൂത കുടിയേറ്റം വ്യാപിപ്പിച്ചുകൊണ്ടേയിരിക്കുന്നതെന്ന വസ്തുതയും പാശ്ചാത്യ രാഷ്ട്രങ്ങളെ കാര്യമായി അലട്ടുന്നില്ല. ഇത്തവണയും യുഎന്‍ പൊതുസഭാ വോട്ടിനെ തുടര്‍ന്ന് ഇസ്രയേല്‍ നടപ്പാക്കുന്ന പ്രതികാര നടപടികളോട് യൂറോപ്യന്‍ യൂണിയന്റെ പ്രതികരണം പ്രതിഷേധ പ്രസ്താവനയില്‍ ഒതുങ്ങി.

പലസ്തീന്റെ പദവി ഉയര്‍ത്തുന്നതിന് യുഎന്‍ പൊതുസഭയില്‍ സമര്‍പ്പിക്കപ്പെട്ട പ്രമേയത്തിന്റെ പ്രായോജകരായി എഴുപതില്‍പരം രാജ്യങ്ങള്‍ മുന്നോട്ടുവന്നു. പൂര്‍ണ അംഗരാഷ്ട്ര പദവിക്ക് കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ പലസ്തീന്‍ സമര്‍പ്പിച്ച അപേക്ഷ യുഎന്‍ രക്ഷാസമിതി അനുഭാവപൂര്‍വം പരിഗണിക്കുമെന്നും പൊതുസഭ പ്രത്യാശ പ്രകടിപ്പിച്ചിട്ടുണ്ട്. മധ്യപൗരസ്ത്യ സമാധാന പ്രക്രീയ പുനരാരംഭിക്കാന്‍ അടിയന്തിരമായി ചര്‍ച പുനരാരംഭിക്കുന്നതിനും പൊതുസഭ ആവശ്യപ്പെട്ടു. പലസ്തീന്‍ പ്രതിനിധികള്‍ക്ക് ഇനി യുഎന്‍ സംവാദങ്ങളില്‍ പങ്കെടുക്കുകയും അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അടക്കമുള്ള യുഎന്‍ വേദികളില്‍ അംഗത്വം നേടുകയും ചെയ്യാന്‍ അനുവദിക്കുന്നതാണ് ഇപ്പോള്‍ ലഭിച്ച നിരീക്ഷക രാഷ്ട്ര പദവി. ഗാസയില്‍ അടുത്തിടെ നടത്തിയ ആക്രമണമടക്കം ഇസ്രയേലി അതിക്രമങ്ങളെ അന്താരാഷ്ട്ര കോടതിയില്‍ ചോദ്യം ചെയ്യാനുമാവും.

ജെറുസലെം

പലസ്തീന് പുറമേ നിലവില്‍ വത്തിക്കാന് മാത്രമാണ് യുഎന്നില്‍ നിരീക്ഷക രാഷ്ട്രപദവിയുള്ളത്. ആഗോള ക്രൈസ്തവ സമൂഹത്തിന് പരമപ്രധാനമായ ബെത്ലഹെമടക്കമുള്ള പ്രദേശങ്ങള്‍ അടങ്ങുന്ന പലസ്തീന് നിരീക്ഷക രാഷ്ട്ര പദവി നല്‍കിയതിനെ വത്തിക്കാന്‍ സ്വാഗതം ചെയ്തിട്ടുണ്ട്. ജെറുസലെം അന്താരാഷ്ട്ര നിയന്ത്രണത്തിലാക്കണമെന്നും വത്തിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജൂത, അറബ് രാജ്യങ്ങള്‍ക്കായി 47ല്‍ പലസ്തീന്‍ വിഭജിച്ചപ്പോള്‍ ജെറുസലെം അന്താരാഷ്ട്ര നിയന്ത്രണത്തിലാക്കാനായിരുന്നു തീരുമാനം. എന്നാല്‍ അതും കയ്യടക്കി ജൂതകുടിയേറ്റക്കാരെ കുത്തിനിറച്ച ഇസ്രയേല്‍ പലസ്തീന്‍ രാഷ്ട്രത്തിന്റെ തലസ്ഥാനമാക്കാനിരിക്കുന്ന അറബ് ഭൂരിപക്ഷ കിഴക്കന്‍ ജെറുസലെമും സ്വന്തമാക്കാനുള്ള ശ്രമത്തിലാണ്.

50 ലക്ഷം അഭയാര്‍ത്ഥികള്‍

പലസ്തീന്‍ പ്രശ്നത്തില്‍ പരിഹരിക്കപ്പെടേണ്ട മറ്റൊരു സുപ്രധാന വിഷയമാണ് അഭയാര്‍ഥികളുടേത്. പലസ്തീന്‍ ജനതയില്‍ 80 ശതമാനത്തിലധികം ഇന്ന് അഭയാര്‍ഥികളാണ്. 1948ല്‍ ഇസ്രയേല്‍ രൂപീകരണത്തോടെ അഭയാര്‍ഥികളായ പലസ്തീന്‍കാരുടെ എണ്ണം ഏഴര ലക്ഷത്തോളമായിരുന്നു. ഇന്ന് 50 ലക്ഷത്തിലധികം വരും അവരുടെ എണ്ണം എന്നാണ് യുഎന്‍ അഭയാര്‍ഥി ക്ഷേമ ഏജന്‍സിയുടെ കണക്ക്. പലസ്തീന്‍ പ്രദേശങ്ങളായ വെസ്റ്റ് ബാങ്കിലും ഗാസയിലും തന്നെ അഭയാര്‍ഥികളായി കഴിയുന്നവര്‍ക്ക് പുറമേ സിറിയ, ഈജിപ്ത്, ലെബനന്‍, ജോര്‍ദാന്‍ തുടങ്ങിയ വിവിധ അറബ് രാജ്യങ്ങളിലും പലസ്തീന്‍കാര്‍ അഭയാര്‍ഥികളായി കഴിയുന്നുണ്ട്. ഇവരില്‍ നല്ല പങ്കും യുഎന്‍ നടത്തുന്ന ക്യാമ്പുകളില്‍ തിങ്ങിഞെരുങ്ങിക്കഴിയുകയാണ്.

ലോകത്തെ ഏറ്റവും വലിയ തുറന്ന ജയിലായി വിശേഷിപ്പിക്കപ്പെടുന്ന ഗാസയിലെ 17 കോടിയോളം ജനങ്ങളില്‍ 75 ശതമാനവും അഭയാര്‍ഥികളാണ്. ഗാസ ഭരിക്കുന്ന പ്രധാനമന്ത്രി ഇസ്മയില്‍ ഹനിയയും അഭയാര്‍ഥി പാര്‍പ്പിട കേന്ദ്രത്തിലാണ്-ഗാസ സിറ്റിയിലെ ബീച്ച് ക്യാമ്പില്‍. ഇസ്രയേലി ഉപരോധം മൂലം കടുത്ത ദുരിതമനുഭവിക്കുന്ന ഗാസയില്‍ എട്ടുവര്‍ഷത്തിനകം ജീവിതം അസാധ്യമാകും എന്നാണ് ഒരു യുഎന്‍ റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നത്. ഈജിപ്തുമായുള്ള അതിര്‍ത്തിയില്‍ നിര്‍മിച്ചിരിക്കുന്ന തുരങ്കങ്ങളിലൂടെ കടത്തുന്ന അവശ്യ വസ്തുക്കളെ ആശ്രയിച്ചാണ് അവിടെ ഇപ്പോള്‍ ജനങ്ങളുടെ അതിജീവനം. ഇസ്രയേല്‍ അതിര്‍ത്തിക്കടുത്ത് ജീവിക്കുന്നവര്‍ നിരന്തരം സേനാ അതിക്രമങ്ങള്‍ക്ക് ഇരയാകുന്നു. ജീവിക്കാനായി ആക്രിപെറുക്കാന്‍ അതിര്‍ത്തിക്കടുത്ത് എത്തുന്ന പലസ്തീന്‍ കുട്ടികള്‍ക്ക് വെടിയേല്‍ക്കുന്നത് സാധാരണ സംഭവമാണ്. കഴിഞ്ഞ 19 മാസത്തിനിടെ ഇത്തരം 30 സംഭവങ്ങള്‍ ഉണ്ടായതായാണ് സ്വിസ് സഹായ സംഘമായ ഡിഫന്‍സ് ഫോര്‍ ചില്‍ഡ്രന്‍ ഇന്റര്‍നാഷണല്‍ വ്യക്തമാക്കുന്നത്.

യുഎന്‍ അഭയാര്‍ഥി ക്ഷേമ ഏജന്‍സിക്കു കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊത്തം പലസ്തീന്‍ അഭയാര്‍ഥികളില്‍ മൂന്നിലൊന്നുവരും വിവിധ രാജ്യങ്ങളിലായി 58 അംഗീകൃത ക്യാമ്പുകളില്‍ കഴിയുന്നവര്‍. അവശേഷിക്കുന്ന മൂന്നില്‍ രണ്ട് ഭാഗവും ആതിഥേയ രാജ്യങ്ങളിലെ നഗരങ്ങളിലും പട്ടണങ്ങളിലുമായാണ് കഴിയുന്നത്. ഇതിലധികവും ക്യാമ്പുകള്‍ക്ക് സമീപമുള്ള നഗരങ്ങളിലും പട്ടണങ്ങളിലും തന്നെയാണ്. പല രാജ്യങ്ങളിലും പലസ്തീന്‍ അഭയാര്‍ഥികള്‍ കുറഞ്ഞ കൂലിയ്ക്ക് പണിയെടുക്കാനുള്ള രണ്ടാംതരം പൗരന്മാരായാണ് കണക്കാക്കപ്പെടുന്നത്. തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനും വോട്ട് ചെയ്യാനും ഒഴികെ ഏതാണ്ട് എല്ലാ കാര്യത്തിലും പലസ്തീന്‍കാര്‍ക്ക് തദ്ദേശീയര്‍ക്ക് തുല്യമായ അവകാശങ്ങളുള്ള സിറിയയിലാണ് വ്യത്യസ്ത സ്ഥിതിയുള്ളത്.

അഞ്ച് ലക്ഷത്തില്‍പരം പലസ്തീന്‍ അഭയാര്‍ഥികളാണ് സിറിയയിലുള്ളത്. സിറിയന്‍ സ്കൂളുകളിലും സര്‍വകലാശാലകളിലും പലസ്തീന്‍കാര്‍ക്ക് തുല്യാവകാശമുണ്ട്. സര്‍ക്കാര്‍ ആശുപത്രികളില്‍ അവര്‍ക്ക് സൗജന്യ ചികിത്സയും ലഭ്യമാണ്. എവിടെ വേണമെങ്കിലും സഞ്ചരിക്കാനും താമസിക്കാനും അവര്‍ക്ക് സ്വാതന്ത്ര്യമുണ്ട്. ഒന്നിലധികം വാണിജ്യ സ്ഥാപനങ്ങള്‍ സ്വന്തമാക്കാന്‍ വരെ അവകാശമുണ്ട്. എന്നാല്‍ അവിടെ ബാഷര്‍ അല്‍ അസദിന്റെ ഭരണം അട്ടിമറിക്കപ്പെട്ടാല്‍ പലസ്തീന്‍ അഭയാര്‍ഥികളുടെ കാര്യം പ്രയാസത്തിലാവും എന്നതിന് സൂചനകളുണ്ട്. അസദ് വിരുദ്ധ കലാപത്തില്‍ പങ്കുചേരാത്തതിന് പലസ്തീന്‍ അഭയാര്‍ഥികള്‍ ആക്രമിക്കപ്പെടുന്നതിന്റെയും അഭയാര്‍ഥി കേന്ദ്രങ്ങളില്‍ സ്ഫോടനം നടത്തുന്നതിന്റെയും റിപ്പോര്‍ട്ടുകളുണ്ട്.

ഇസ്ലാമികവാദി കക്ഷിയായ ഹമാസടക്കമുള്ള പലസ്തീന്‍ സംഘടനകള്‍ക്ക് സിറിയയിലെ മതേതര സര്‍ക്കാര്‍ ആസ്ഥാനം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇടതുപക്ഷ പലസ്തീന്‍ സംഘടനകള്‍ സിറിയന്‍ സംഘര്‍ഷത്തില്‍ മേഖലയിലെ അവശേഷിക്കുന്ന ഏക മതേതര അറബ് സര്‍ക്കാരിനൊപ്പം നില്‍ക്കുമ്പോള്‍ സിറിയക്കെതിരെ പാശ്ചാത്യ പിന്തുണയോടെ കലാപത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന തീവ്രവാദി സഖ്യത്തോടൊപ്പമാണ് ഹമാസ്. ഹമാസ് തലവന്‍ ഖാലിദ് മിശ്അല്‍ ആസ്ഥാനം ഡമാസ്കസില്‍നിന്ന് ഖത്തറിലെ ദോഹയിലേക്ക് മാറ്റിക്കഴിഞ്ഞു. ഇത്തരത്തില്‍ സ്വന്തം ജനതയുടെ താല്‍പര്യം തന്നെ അപകടത്തിലാക്കുന്ന തരത്തില്‍ ചില സംഘടനകള്‍ സ്വീകരിക്കുന്ന നിലപാടുകളും പലസ്തീന്‍ ജനതയ്ക്ക് ദോഷകരമാണ്.

പടിഞ്ഞാറന്‍ കൂട്ടുപ്രതികള്‍; ഇന്ത്യയ്ക്കും വിമര്‍ശനം

ഗാസയില്‍ ഇസ്രയേല്‍ നവംബര്‍ മധ്യത്തില്‍ നടത്തിയ നിഷ്ഠുരമായ ആക്രമണത്തിനെതിരെ ലോകമെങ്ങും ഉയര്‍ന്ന പ്രതിഷേധത്തിന്റെ അലകളടങ്ങും മുമ്പാണ് യുഎന്നില്‍ ഇസ്രയേലിനെതിരെ പ്രമേയം പാസായത്. 2005ല്‍ ഗാസയില്‍ നിന്ന് ഇസ്രയേല്‍ ഏകപക്ഷീയമായി പിന്മാറിയശേഷം നാട്ടില്‍ പ്രതിസന്ധികളുണ്ടാവുമ്പോള്‍ ശ്രദ്ധ തിരിക്കാനും തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ നേട്ടമുണ്ടാക്കാനും ഇസ്രയേലി നേതാക്കള്‍ കാണുന്ന കുറുക്കുവഴിയാണ് ഗാസ. "ഭീകരര്‍ക്ക്" എതിരായ "സൈനിക നടപടി" എന്ന വാദമുയര്‍ത്തി ഓരോ ഓമനപ്പേരിട്ട് ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങള്‍ക്ക് എപ്പോഴും പാശ്ചാത്യ രാജ്യങ്ങളുടെ, വിശേഷിച്ച് അമേരിക്കയുടെ അകമഴിഞ്ഞ പിന്തുണ ലഭിക്കുന്നുണ്ട്. ജനങ്ങളുടെ സങ്കുചിത ദേശീയ വികാരമിളക്കി അധികാരമുറപ്പിക്കാന്‍ ഗാസയിലെ പലസ്തീന്‍ ജനതയെ കൂട്ടക്കൊല ചെയ്യുക എന്ന തന്ത്രം ഇസ്രയേല്‍ സമീപകാലത്ത് ഏറ്റവും ഭീകരമായി നടപ്പാക്കിയത് 2008-09ലാണ്. 1400ലധികം പലസ്തീന്‍കാരാണ് അന്ന് മൂന്നാഴ്ചയിലേറെ നീണ്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇവരില്‍ നൂറുകണക്കിന് കുഞ്ഞുങ്ങളും സ്ത്രീകളും ഉള്‍പ്പെടുന്നു. കൂടാതെ ആയിരക്കണക്കിന് വീടുകളും ഗാസയിലെ 27ല്‍ 15 ആശുപത്രികളും തകര്‍ത്തു. ലോകമനഃസാക്ഷിയെ നടുക്കിയ ഈ അതിക്രമത്തിന് ശേഷവും പലസ്തീന്‍ "ഭീകരരെ" കുറ്റപ്പെടുത്തുന്നതിലായിരുന്നു പാശ്ചാത്യ രാജ്യങ്ങളുടെ മത്സരം.

കഴിഞ്ഞ മാസം എട്ടുദിവസം നീണ്ട ആക്രമണത്തില്‍ നാല്‍പതോളം കുട്ടികളടക്കം 180ല്‍പരം പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടതായാണ് ഇതുവരെയുള്ള കണക്ക്. ഗുരുതരമായി പരിക്കേറ്റ ചിലര്‍ ഓരോ ദിവസവും മരണത്തിന് കീഴടങ്ങുന്നതായുള്ള റിപ്പോര്‍ട്ട് മരണസംഖ്യ ഇനിയും ഉയരാമെന്ന് സൂചിപ്പിക്കുന്നു. ഈ സാഹചര്യത്തിലാണ് നവംബര്‍ അവസാനം സമാധാന നൊബേല്‍ പുരസ്കാര ജേതാക്കളും കലാകാരന്മാരും എഴുത്തുകാരും അടക്കം 52 പ്രമുഖരടങ്ങുന്ന സംഘം ഇസ്രയേലിന്റെ കൂട്ടുപ്രതികളായ അമേരിക്കയേയും യൂറോപ്യന്‍ യൂണിയനേയും കുറ്റപ്പെടുത്തി കത്ത് പുറത്തുവിട്ടിരിക്കുന്നത്. ഗാസയില്‍ നിരപരാധികളായ പലസ്തീന്‍കാരെ കൊന്നൊടുക്കാന്‍ ഇസ്രയേലിന് ആയുധങ്ങളും മറ്റ് സൈനിക സഹായങ്ങളും നല്‍കുന്ന പാശ്ചാത്യ രാജ്യങ്ങളുടെ ഇരട്ടത്താപ്പിനെ സാംസ്കാരിക നായകര്‍ വിമര്‍ശിക്കുന്നു. കൂടാതെ ഇന്ത്യ, ദക്ഷിണ കൊറിയ പോലെ ഉയര്‍ന്നുവരുന്ന ചില വികസ്വര രാജ്യങ്ങള്‍ വാചകമടിയിലൂടെ പലസ്തീന്‍ സ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുമ്പോഴും സയണിസ്റ്റ് വംശീയ രാഷ്ട്രവുമായി സൈനിക ബന്ധം സ്ഥാപിക്കുന്നത് മനഃസാക്ഷിയില്ലാത്ത നടപടിയാണെന്നും അവര്‍ കത്തില്‍ തുറന്നടിക്കുന്നു.

സമാധാന നൊബേല്‍ നേടിയ മൈറീഡ് മഗ്വെയര്‍, അഡോള്‍ഫോ പെറസ് എസക്വിവെല്‍, എന്നിവര്‍ക്ക് പുറമേ നാസികള്‍ നടത്തിയ ജൂത വംശഹത്യയില്‍നിന്ന് ബാല്യത്തില്‍ രക്ഷപ്പെട്ട മുന്‍ ഫ്രഞ്ച് നയതന്ത്രജ്ഞന്‍ സ്റ്റെഫാന്‍ ഹെസെല്‍, നോം ചോംസ്കി, ചലച്ചിത്ര സംവിധായകരായ മൈക് ലീഗ്, കെന്‍ ലോക്, ദക്ഷിണാഫ്രിക്കന്‍ എഴുത്തുകാരി ആലിസ് വാക്കര്‍, അമേരിക്കന്‍ കോണ്‍ഗ്രസ് അംഗമായിരുന്ന സിന്തിയ മക്കിന്നി, യൂറോപ്യന്‍ പാര്‍ലമെന്റ് മുന്‍ പ്രസിഡന്റ് ലൂയിസ മോര്‍ഗാന്റിനി, ദക്ഷിണാഫ്രിക്കന്‍ മന്ത്രിയായിരുന്ന റോണി കാസ്റില്‍സ്, നാടകകൃത്ത് കാരില്‍ ചര്‍ച്ചില്‍, ദക്ഷിണാഫ്രിക്കന്‍ നിയമജ്ഞനും ഇസ്രയേല്‍ അധിനിവേശ പ്രദേശങ്ങളിലെ യുഎന്‍ സ്പെഷ്യല്‍ റിപ്പോര്‍ട്ടര്‍ ജോണ്‍ ഡുഗാര്‍ഡ് തുടങ്ങിയവരാണ് കത്തില്‍ ഒപ്പിട്ടിരിക്കുന്നത്്.

പതിറ്റാണ്ടുകളായി ഇസ്രയേല്‍ നടത്തിവരുന്ന അന്താരാഷ്ട്ര നിയമലംഘനങ്ങളുടെയും പലസ്തീനിയന്‍ അവകാശനിഷേധങ്ങളുടെയും ചരിത്രത്തിലെ പുതിയ അധ്യായത്തിന് അവരെ പ്രാപ്തരാക്കിയത് ഒരിക്കലും ശിക്ഷിക്കപ്പെടില്ലെന്ന ബോധമാണ്. ഈ ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ ഇസ്രയേലിനെതിരെ നിര്‍ബന്ധിതവും സമഗ്രവുമായ സൈനിക ഉപരോധത്തിനാവശ്യമായ അന്താരാഷ്ട്ര നടപടിക്ക് സാംസ്കാരിക നായകര്‍ ആഹ്വാനം ചെയ്യുന്നു. ഇത്തരമൊരും നടപടി പല യുഎന്‍ പ്രമേയങ്ങള്‍ക്കും വിഷയമായിട്ടുള്ളതും വര്‍ണവിവേചന കാലത്ത് ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാരിനെതിരെ ഏര്‍പ്പെടുത്തിയ ആയുധ ഉപരോധത്തിന് സമാനവുമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. ലോകമനഃസാക്ഷി ആവശ്യപ്പെടുന്ന വിധത്തില്‍ അത്തരം കടുത്ത നടപടിക്ക് ഐക്യരാഷ്ട്ര സംഘടനയ്ക്ക് കഴിയുമോ എന്നതാണ് പ്രശ്നം. അമേരിക്കയില്‍ ആര് ഭരണത്തിലെത്തിയാലും മധ്യപൗരസ്ത്യ ദേശത്ത് അവരുടെ നയം എന്തായിരിക്കണം എന്ന് തീരുമാനിക്കുന്നത് ഇസ്രയേലാണ്. ഇസ്രയേലിനെതിരെ ഒരു നടപടിയും അംഗീകരിക്കില്ലെന്ന് ഒരു പതിറ്റാണ്ടുമുമ്പേ യുഎന്നില്‍ അമേരിക്കന്‍ സ്ഥാനപതി പ്രഖ്യാപിച്ചിട്ടുമുണ്ട്. ഇത് തിരുത്തിക്കാന്‍ ലോക രാഷ്ട്രങ്ങള്‍ക്ക്, വിശേഷിച്ച് അമേരിക്കയുമായി അടുത്ത സൗഹൃദമുള്ള അറബ് രാജ്യങ്ങള്‍ക്ക് കഴിയുമോ എന്നതിനെ ആശ്രയിച്ചിക്കും പലസ്തീന്‍ ജനതയുടെ മോചനം.

ജോര്‍ദാനിലേതുപോലുള്ള അറബ് രാജവാഴ്ചകളും ഈജിപ്തിലെ പുറത്താക്കപ്പെട്ട ഹുസ്നി മുബാറക്കിനെ പോലുള്ളവരും എന്നും പലസ്തീന്‍ ജനതയെ ചതിക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍ക്കൊപ്പം കൂട്ടുചേര്‍ന്നിട്ടേയുള്ളൂ എന്നതാണ് യാഥാര്‍ഥ്യം(ജോര്‍ദാനും ഈജിപ്തുമാണ് പലസ്തീന്‍ പ്രദേശങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന അറബ് രാജ്യങ്ങള്‍. എന്നാല്‍ ജോര്‍ദാനുമായി അതിര്‍ത്തി പങ്കിടുന്ന പലസ്തീന്‍ പ്രദേശങ്ങള്‍ ജൂതകുടിയേറ്റം വ്യാപിപ്പിച്ച് ഫലത്തില്‍ ഇസ്രയേല്‍ സ്വന്തമാക്കിയിരിക്കുകയാണ്). ""അറബ് വസന്ത"ത്തിന്റെ മറവില്‍ ഈജിപ്തില്‍ അധികാരത്തിലെത്തിയ ഇസ്ലാമികവാദി സര്‍ക്കാര്‍ പോലും ഇസ്രയേലി താല്‍പര്യങ്ങള്‍ക്ക് വഴങ്ങി മാത്രമാണ് സഹോദര ഇസ്ലാമിക സംഘടനയായ ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസയോട് സമീപനം സ്വീകരിക്കുന്നത്. ഇതില്‍ മാറ്റമുണ്ടാവുമോ എന്നാണ് കാണേണ്ടത്. മാറ്റമുണ്ടായാല്‍ മാത്രമേ പലസ്തീന് പരമാധികാരം സ്വപ്നം കാണാനാവൂ.

*
എ ശ്യാം ദേശാഭിമാനി വാരിക

No comments: