Tuesday, January 22, 2013

രാഹുല്‍ഗാന്ധിയുടെ പട്ടാഭിഷേകവും ചിന്തന്‍ ശിബിര്‍ ബാക്കിവെച്ച ഫലിതവും

രാഹുല്‍ഗാന്ധി എന്ന എട്ടു വര്‍ഷത്തെ രാഷ്ട്രീയ പരിചയം മാത്രമുള്ള ഒരാള്‍ കോണ്‍ഗ്രസിന്റെ ദേശീയ ഉപാധ്യക്ഷനായി എന്ന വാര്‍ത്ത ശ്രവിച്ച രാത്രിയില്‍ ഇന്ത്യയിലെ പല നഗരങ്ങളിലും ദീപാവലിയായിരുന്നുവെന്ന് ചില മാധ്യമങ്ങള്‍ എഴുതി. നമ്മുടെ ദൃശ്യ-അച്ചടി മാധ്യമങ്ങള്‍ തെല്ലൊന്നുമല്ല, രാഹുല്‍ഗാന്ധിയുടെ പട്ടാഭിഷേകം ആഘോഷിച്ചത്. ചര്‍ച്ചകള്‍, സംവാദങ്ങള്‍, കുടുംബപുരാണവിവരണം എന്നിവയൊക്കെ അരങ്ങേറി. രാഹുല്‍ഗാന്ധിയും ഒരു ചെറുകൂട്ടം കോണ്‍ഗ്രസ് ഭൃത്യന്‍മാരും ദീപാവലി ഘോഷിച്ച് മത്താപ്പുകള്‍ കത്തിക്കുകയും പൂത്തിരികള്‍ക്ക് തിരികൊളുത്തുകയും ചെയ്തിട്ടുണ്ടാവാം. പക്ഷേ മഹാഭൂരിപക്ഷം ഭാരതീയര്‍ ഇരുണ്ട അമാവാസിയില്‍ ദുഃഖിതരും പീഡിതരുമായി കഴിയുകയാണ്. അവര്‍ക്ക് മത്താപ്പ് കത്തിക്കുവാന്‍ കഴിയുകയില്ല. ഇത് നമ്മുടെ മാധ്യമ ദുഷ്പ്രഭുക്കള്‍ പക്ഷേ റിപ്പോര്‍ട്ട് ചെയ്യുകയില്ല.

കേരളത്തിലെ മരങ്ങളിലും തൂണുകളിലും നിറപുഞ്ചിരിയോടെ എണ്ണിതീര്‍ക്കാനാവാത്ത കെ പി സി സി ഭാരവാഹികള്‍ നിറപുഞ്ചിരിയുമായി ഫഌക്‌സ് ബോര്‍ഡുകളില്‍ തൂങ്ങിനില്‍ക്കുന്നു. 41 സെക്രട്ടറിമാര്‍, 25 ജനറല്‍ സെക്രട്ടറിമാര്‍, 4 വൈസ് പ്രസിഡന്റുമാര്‍. അവരെല്ലാം ആനന്ദാതിരേകത്തോടെ തൂങ്ങിയാടുന്നു. (ട്രഷറര്‍ ഒന്നേയുള്ളൂ എന്നത് കഷ്ടമായി) അവരെ പോലെ രാഹുല്‍ഗാന്ധിയും നിറപുഞ്ചിരിയുമായി വീണ്ടും ഫഌക്‌സ് ബോര്‍ഡുകളില്‍ നിറയാന്‍ തുടങ്ങിയിരിക്കുന്നു. അവര്‍ ആനന്ദഭരിതരും പുഞ്ചിരിതൂകാന്‍ കഴിയുന്നവരുമാണ് എന്നത് തീര്‍ച്ചതന്നെ. പക്ഷേ മഹാഭൂരിപക്ഷം ഭാരതീയര്‍ കിണഞ്ഞു പരിശ്രമിച്ചാല്‍പോലും ഒരു നേര്‍ത്ത ചിരിപോലും ഉണ്ടാവുകയില്ല. അത്രമേല്‍ ജീവിതദുരിത പ്രാരാബ്ധങ്ങളുടെ നടുക്കടലില്‍ നട്ടം തിരിയുകയാണവര്‍.

രാഹുല്‍ഗാന്ധി എ ഐ സി സി വൈസ് പ്രസിഡന്റാകുന്നതുകൊണ്ട് രാജ്യത്തിനും ജനങ്ങള്‍ക്കും എന്തു നേട്ടം? നിലവില്‍ ജനറല്‍ സെക്രട്ടറിയായിരുന്ന ഒരാള്‍ വൈസ് പ്രസിഡന്റാകുന്നതില്‍ ഇത്രമേല്‍ ആഘോഷിക്കപ്പടാനെന്തിരിക്കുന്നു? രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങി പതിനൊന്നാം മാസത്തില്‍ മുത്തശിയുടെയും പിതാവിന്റെയും മാതാവിന്റെയും ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് ജനപ്രതിനിധിയായ ആളാണ് രാഹുല്‍ഗാന്ധി. ലോക്‌സഭയില്‍ ഏതെങ്കിലും ഒരു ജനകീയ പ്രശ്‌നം ഉന്നയിക്കുകയോ ഏതെങ്കിലും സുപ്രധാന നിയമനിര്‍മാണത്തില്‍ ഫലപ്രദമായി ഇടപെടുകയോ ചെയ്തിട്ടില്ല അദ്ദേഹം. എന്നിട്ടും നമ്മുടെ മാധ്യമങ്ങള്‍ സ്ഥാനലബ്ധിയെ ആഘോഷിക്കുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍പോലും രാഹുലിനെ ആശ്‌ളേഷിച്ച് ആനന്ദം പങ്കുവയ്ക്കുന്നു. 2014 ലെ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പ്രധാനമന്ത്രി രാഹുലാണെന്ന സന്ദേശമാണ് ലഭിച്ചിരിക്കുന്നതെന്നുള്ളതുകൊണ്ട് കോണ്‍ഗ്രസിന്റെ ഏറ്റവും പ്രായംചെന്ന നേതാവുപോലും രാഹുല്‍ഗാന്ധിയുടെ കാല്‍ കഴുകിയേക്കും.

വംശപരമ്പരകളുടെ കാലം ഇന്ത്യക്ക് പറയാനുണ്ട്. ചക്രവര്‍ത്തിമാരുടെ കാലം. പക്ഷേ ജനാധിപത്യ ഇന്ത്യ ഇത്തരമൊരു ദുരവസ്ഥയുടെ പേരില്‍ നാണിക്കണം. ഭരണതന്ത്രജ്ഞതയോ, ഇന്ത്യയെന്ത് എന്നുള്ള അറിവോ ഇല്ലാതെ 'ഇന്ത്യയെ കണ്ടെത്തല്‍' എന്ന മഹനീയ ഗ്രന്ഥമെഴുതിയ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പിന്‍മുറക്കാര്‍ ഒരു മഹാരാഷ്ട്രത്തെ കുടുംബമഹിമയുടെ പേരില്‍ മാത്രം അടക്കിഭരിക്കുവാന്‍ കഠിനാധ്വാനം ചെയ്യുന്നു. നെഹ്‌റുവിനു പിന്നാലെ ഇന്ദിരാഗാന്ധി, ഇന്ദിരയ്ക്കു പിന്നാലെ രാജീവ്ഗാന്ധി, ഇനി ഇതാ രാഹുല്‍ഗാന്ധി എന്ന് പ്രഖ്യാപിക്കുന്നു.
ലാല്‍ബഹദൂര്‍ ശാസ്ത്രിയും നരസിംഹറാവുവും മന്‍മോഹന്‍ സിംഗും കേവലം യാദൃച്ഛിതകള്‍ മാത്രം. തന്റെ വിധിയില്‍ തീരുമാനമായി എന്നു വ്യക്തമായതുകൊണ്ടാവാം രാഹുല്‍ഗാന്ധിയെ ആശ്ലേഷിക്കുന്ന വേളയില്‍ പോലും മന്‍മോഹന്‍സിംഗിന്റെ മുഖത്ത് വിഷാദഭാവം മുഴച്ചുനിന്നത്.

ജയ്പൂരില്‍ ചേര്‍ന്ന കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിരത്തില്‍ പുതിയ ചിന്തകളൊന്നുമുണ്ടായില്ല. പകരം പുതിയ നാടുവാഴിയുടെ നെറ്റിത്തടത്തിലെ മുദ്രചാര്‍ത്തല്‍ മാത്രം നടന്നു. രാജ്യത്തിലെ മഹാഭൂരിപക്ഷം മനുഷ്യരെ കൊടും ദുരിതത്തിന്റെ കയങ്ങളിലേക്ക് തള്ളിവിടുന്ന ഭരണനയത്തെക്കുറിച്ച് ഒരു പുനര്‍വിചിന്തനത്തിനും സന്നദ്ധമായില്ല. എന്നും കുത്തക മുതലാളിമാരെയും സാമാന്യത്വത്തെയും പ്രീതിപ്പെടുത്തുവാന്‍ ആഗ്രഹിക്കുന്ന ഭരണാധികാരികള്‍ അങ്ങനെയായിരുന്നു. അവര്‍ പാവപ്പെട്ട മനുഷ്യരെ, ദരിദ്രരെ, സാമൂഹ്യ മേഖലയില്‍ നിന്ന് അകറ്റി നിര്‍ത്തപ്പെട്ടവരെക്കുറിച്ച് വാചാലമാവും. പക്ഷേ നയസമീപനങ്ങള്‍ നടപ്പാക്കുന്നത് കുബേരന്‍മാര്‍ക്കും സമ്പന്നന്‍മാര്‍ക്കും വേണ്ടിയാവും. ഫാസിസ്റ്റുകള്‍ക്ക് എന്നതുപോലെ സാമാജ്യത്വദാസന്‍മാര്‍ക്കും ഇരട്ടമുഖവും ഇരട്ട നാവുമുണ്ടാവും 'ആം ആദ്മി' എന്ന് വിക്കിവിക്കി രാഹുല്‍ഗാന്ധി പറഞ്ഞതും മറ്റൊന്നും കൊണ്ടല്ല.

സ്ഥാനം ഏറ്റെടുത്ത് രാഹുല്‍ഗാന്ധി നടത്തിയ (അല്ല ആരോ എഴുതി നല്‍കിയ പ്രസംഗം വായിച്ച) വേളയില്‍ താന്‍ രാജ്യത്തിനും ജനതയ്ക്കും വേണ്ടി പൊരുതുമെന്ന് പ്രഖ്യാപിച്ചു. ഒരു നാടകത്തിലേതെന്നതുപോലെ വേദിയിലും സദസിലുമുണ്ടായിരുന്നവര്‍ എഴുന്നേറ്റ് നിന്ന് കയ്യടിച്ചു, മുദ്രാവാക്യം മുഴക്കി. പക്ഷേ വിലക്കയറ്റത്തെക്കുറിച്ചോ, സബ്‌സിഡികള്‍ റദ്ദു ചെയ്യുന്നതിനെക്കുറിച്ചോ കുത്തക മുതലാളിമാര്‍ക്ക് സാമ്പത്തിക സൗജന്യം നല്‍കുന്നതിനെക്കുറിച്ചോ, സാമ്രാജ്യത്വ  സാമ്പത്തിക അജണ്ടയിലൂടെ ഇന്ത്യ അനുഭവിക്കുന്ന ദുരിതത്തെക്കുറിച്ചോ, ഇന്ധനവില അടിക്കടി ഉയരുന്നതിനെക്കുറിച്ചോ, എണ്ണ മുതലാളിമാരെ രാജ്യം കൊള്ളയടിക്കുവാന്‍ അനുവദിക്കുന്നതിനെക്കുറിച്ചോ, അഴിമതിയുടെ ഹീനപര്‍വതങ്ങള്‍ ലോകത്തെ അതിശയിപ്പിച്ചുകൊണ്ട് സൃഷ്ടിക്കുന്നതിനെക്കുറിച്ചോ, രാജ്യതലസ്ഥാനമായ ഡല്‍ഹിപോലും അരക്ഷിതമാകുന്നതിനെക്കുറിച്ചോ പട്ടിണിയും ദാരിദ്ര്യവും പെരുകുന്നതിനെക്കുറിച്ചോ ഒന്നും പറയാനുണ്ടായിരുന്നില്ല രാഹുല്‍ഗാന്ധി എന്ന ഈ അവരോധിത നാടുവാഴിക്ക്. പിന്നെ എന്തിനീ മാധ്യമ പ്രകീര്‍ത്തനങ്ങള്‍? എന്തിന് ഈ ദീപാവലി ആഘോഷങ്ങള്‍? അതാണ് പുതുകാല മാധ്യമ ദുഷ്പ്രഭുക്കളുടെ പ്രവര്‍ത്തനം.
ദരിദ്രരുടെ വീടുകളിലും സാധാരണ ഹോട്ടലുകളിലും ദൃശ്യമാധ്യമ ക്യാമറകളുടെ അകമ്പടിയോടെ എത്തിച്ചേര്‍ന്ന് നിലവാരമില്ലാത്ത പബ്ലിസിറ്റി നേടിയാല്‍ ജനങ്ങളെ സ്വാധീനിക്കുവാനാവുകയില്ലെന്ന് ഉത്തര്‍പ്രദേശിലെയും ഗുജറാത്തിലെയും തെരഞ്ഞെടുപ്പ് ഫലങ്ങള്‍ തെളിയിച്ചിട്ടുണ്ട്. മത്താപ്പുകള്‍ കത്തിക്കുന്നവര്‍ ആ യാഥാര്‍ഥ്യം കൂടി വല്ലപ്പോഴുമെങ്കിലും ഓര്‍മിക്കണം.

രാജ്യവും ജനതയും അഭിമുഖീകരിക്കുന്ന അതികഠിന ദുരിതങ്ങള്‍ ചര്‍ച്ച ചെയ്യാതെ, പരിഹാരം ആരായാതെ പിരിഞ്ഞ 'ചിന്തന്‍ ശിബിറി'ന്റെ ഏക ബാക്കിപത്രം ഒരു ഫലിതംപോലെ തോന്നുന്ന സ്ഥാനാരോഹണമാണ്. കേന്ദ്ര സര്‍ക്കാരിന്റെയും കോണ്‍ഗ്രസിന്റെയും സാധാരണ ജനങ്ങളെ വേട്ടയാടുന്ന നയങ്ങള്‍ക്കെതിരായി ചുരുക്കം ചില കോണ്‍ഗ്രസുകാര്‍ ദുര്‍ബലമായ നിലയില്‍ പ്രതിഷേധിച്ചുവത്രേ! അവരുടെ വാക്കുകള്‍ പതിച്ചത് ബധിരകര്‍ണങ്ങളിലാണെന്ന് രാഹുല്‍ഗാന്ധിയുടെയും മന്‍മോഹന്‍സിംഗിന്റെയും സോണിയാഗാന്ധിയുടെയും വാക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നു.

മകന്റെ സ്ഥാനലബ്ധിയില്‍ സോണിയാഗാന്ധിയില്‍ നിന്നുണ്ടായത് ആനന്ദകണ്ണീരാണ്. പക്ഷേ ഇന്ത്യ കരയുകയാണ്. ആ കരച്ചില്‍ ഹൃദയവേദനയില്‍ നിന്നുയിര്‍കൊള്ളുന്ന പൊള്ളുന്നകരച്ചിലാണ്. ഒരു രാഹുല്‍ഗാന്ധി മുഖാവരണം കൊണ്ട് അത് അവസാനിപ്പിക്കുവാനുമാകുകയില്ല. അതുകൊണ്ടാണ് ജയ്പ്പൂരില്‍ നിന്നുയര്‍ന്നത് ഒരു ഫലിതമാവുന്നത്. വെറും ഫലിതമല്ല, ഒരു കറുത്ത രാഷ്ട്രീയ ഫലിതം.

*
വി പി ഉണ്ണികൃഷ്ണന്‍ ജനയുഗം 22 ജനുവരി 2013

2 comments:

Sindhuraj said...

ഈ ലേഖനം ചൂന്ദിക്കാട്ടുന്ന കാര്യങൾ പുതുമയുല്ലതേ അല്ല. ഇന്ദ്യയിൽ നിലനില്ക്കുന്ന “ജനാധിപത്യം” എന്നു വിളിക്കപ്പെടുന്ന സാധനത്തിൻടെ അപക്വതയാണു കോൺഗ്രെസ്സ് എന്ന ഒരു ഫ്യൂടൽ പാർട്ടി പ്രധിനിതീക​‍ീക്കുന്നതു. ഒരു യധാർദ്ത്ത ജനാധിപത്യ വ്യവസ്തയിൽ എപ്പൊഴും പാർട്ടികളുടെ നയങളും പ​‍ീപാദികളും ആണു ചർച്ച ചെയ്യപ്പെടുക. അല്ലാതെ നേതാക്കലുദെ “ദിവ്യ ജനനമോ” “കുടുംബ മാഹാത്മ്യമോ”(?) അല്ല.ഇന്ദ്യയുടെ സമൂഹ്യ മൻടലതിൽ ബാക്കി നില്ക്കുന്ന ഫ്യൂദൽ മൂല്യങലിൽ പറ്റിപ്പിടിച്ചു നില്ക്കുന്ന ഒരു ഇത്തില്ക്കണ്ണി ആണു കോങ്രെസ്സ്. നമ്മുടെ ആദർശധീരൻ വരെ രാഹുലിനെപ്പോലെ ഇത്രയും കഴിവുകെട്ടവനെന്നു സ്വയം തെളിയിചിറ്റ്റ്റുള്ള ഒരാളുടെ കാൽ കഴുകിക്കുടിക്കാൻ നടക്കുന്നതു ബൗദ്ധിക പാപ്പരത്തവും അഭിമാനമില്ലാതെ ജീവിക്കനുള്ള ഉളുപ്പില്ലായ്മയും കൊൻടാണു

ഇന്ദ്യയിലെ ഇന്നത്തെ രാഷ്റ്റ്രീയത്തെ സൂക്ഷ്മമായി വിലയിരുത്തുംബോൾ ഒരു കാര്യം സുവ്യക്തമാണു. ജനങലുടെ മുന്നിൽ പ്രദർസിക്കപ്പെടുന്ന ഇവരൊന്നും അല്ല യധാർധതിൽ ഇന്ദ്യയുദെ പോളിറ്റി നിശ്ചയിക്കുന്നതു .അവർ പിന്നണിയിൽ നിന്നും കൊന്ദു ഈ പാവകളെ ഉപയൊഗിച്ചു കൂത്തു നദത്തുകയാണു. ഇവർക്കിപ്പൊഴും ബ്രാൻഡ് വാല്യു ഉൻടു എന്ന തോന്നലിൽ ആണു ഇവ ഉപയൊഗിക്കപ്പെദുന്നതു. മറ്റ്റ്റൊരു സൗകര്യം ഇവർ “ഇന്ദലെക്റ്റുവൽ ക്രെറ്റിനുകൾ” ആണു എന്നുള്ളതാനു. സൊനിയയോ രഹുലനോ ഒന്നും ഒരു നവ ലിബെരൽ ഭരണതിൻടെ സങീർണതകൾ ഒരിക്കലും മനസ്സിലാക്കാൻ കഴിവില്ലത്ത മനുഷ്യരാണു എന്നുള്ളതാണു അവരുടെ ഏറ്റവും വലിയ ആകർഷനീയത.ഇന്ദിയയിൽ നദപ്പിലാക്കുന്ന നവലിബെറൽ പരിഷ്കാരങളുടെ കെദുതികളെക്കുറിച്ചു ഇവർ അഭിപ്രായം പറയാതതിൽ അവരെ കുറ്റം പറയുന്നതിൽ വലിയ കാര്യമില്ല. കാരണം കോങ്രെസ്സ് പ്രധിനിധാനം ചെയ്യുന്ന വർഗ്തിന്നു വേന്ദിയുള്ള ഏറ്റവും അനുയോജ്യമായ നയങൾ ആനു അവർ നിർബന്ധബുദ്ധ്യാ നടപ്പിലാക്കുന്നതു. പിന്നെ രാഹുലൻ കടിനമായ കാര്യങലിൽ അഭിപ്രായം പറയാതതിനു അദ്ദേഹതിനെ കുറ്റം പറയരുതു. പൊട്ടൻ ആട്ടക്കധക്കു അസ്വാദനം എഴുതണം എന്നു നിർബന്ധം പിടിക്കരുത്


രാഹുലനെ കെട്ടി എഴുന്നള്ളിക്കുന്നതു ഒരു ഉദ്ദേസതൊടു കൂടിയാണു. ഇലക്ഷൻ വരുന്നു. ഇനി കുറേ ചെപ്പടി വിദ്യകൾ കാണാം .മന്മോഹൻ കുറച്ചു “ജ്നവിരുധ്ദ്ധ നദപടികൾ” എദുക്കുന്നു. രാഹുല്ജി അവയെ പിന്വലിപ്പിക്കുന്നു, വനിതകലുടെ ക്ഷേമത്തിലേക്കായി കുറെ പദ്ധതികൾ പ്രഖ്യാപിക്കപ്പെടും, യുവജനങല്ക്കു വെൻടി പ്രഖ്യാപനങൾ അങനെ പല ഓട്ടൻ തുള്ളലുകളും നടക്കൻ പൊകുകയാണു .കാരനം ഇനിയും അൻചു കൊല്ലം കിട്ടിയാലേ ഇവർ നടത്തുന്ന തീവെട്ടിക്കൊള്ള ഇനിയും വിജയകരമായി മുന്നോട്ടു നദത്താൻ കഴിയുകയുള്ളൂ

Sindhuraj said...
This comment has been removed by the author.