Thursday, August 29, 2013

അമേരിക്കയുടെ സിറിയന്‍ അജന്‍ഡ

സിറിയക്കെതിരെ അമേരിക്ക സൈനികനീക്കത്തിന് ഒരുങ്ങുകയാണ്. ബ്രിട്ടനെപ്പോലുള്ള അമേരിക്കയുടെ നാറ്റോ സഖ്യകക്ഷികളും അത്തരമൊരു ആക്രമണത്തില്‍ പങ്കുകൊള്ളാന്‍ വെമ്പല്‍കൊള്ളുന്നു. ഇത് സ്വാഭാവികമായും സിറിയയിലെ സംഘര്‍ഷത്തെ രൂക്ഷമാക്കുമെന്നു മാത്രമല്ല, സംഘര്‍ഷം അയല്‍രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്യും. സിറിയന്‍ സൈന്യം ഡമാസ്കസിനടുത്ത് രാസായുധം പ്രയോഗിച്ചുവെന്ന ആരോപണം മറയാക്കിയാണ് അമേരിക്ക ആക്രമണത്തിന് കോപ്പുകൂട്ടുന്നത്. യുഎന്‍ പരിശോധനാസംഘം അന്വേഷണം പൂര്‍ത്തിയാക്കുന്നതിന് മുമ്പുതന്നെ അമേരിക്കയും സഖ്യകക്ഷികളും സിറിയന്‍ സര്‍ക്കാരിനുമേല്‍ കുറ്റം ആരോപിച്ചു. സദ്ദാം ഹുസൈന്റെ കൈവശം മാരകായുധങ്ങളുണ്ടെന്ന് പറഞ്ഞ് ജോര്‍ജ് ബുഷ് ഇറാഖിനെ ആക്രമിച്ചതിനുസമാനമായ വഞ്ചനാപരമായ നീക്കമാണ് ഒബാമയും നടത്തുന്നത്.

സിറിയയിലെ ബാഷര്‍ അല്‍ അസദ് സര്‍ക്കാരിനെതിരെ വിമതര്‍ക്ക് ആയുധം നല്‍കുമെന്ന് ജൂണിലാണ് അമേരിക്ക പ്രഖ്യാപിച്ചത്. കഴിഞ്ഞ രണ്ടുവര്‍ഷമായി സിറിയയില്‍ സായുധ സംഘര്‍ഷം നടക്കുന്നു. സൗദിഅറേബ്യയും ഖത്തറും തുര്‍ക്കിയും വിമതര്‍ക്ക് ആയുധവും മറ്റുസഹായങ്ങളും നല്‍കിവരുന്നു. ഇറാനുമായി സഖ്യത്തിലായ സിറിയന്‍ സര്‍ക്കാരിന്റെ തകര്‍ച്ച കാണാനാഗ്രഹിക്കുന്ന പാശ്ചാത്യശക്തികളും ഈ നീക്കത്തിന് പിന്തുണ നല്‍കി. ഈ പ്രക്രിയ അമേരിക്കയും നാറ്റോ രാഷ്ട്രങ്ങളും ഇസ്ലാമിക മതമൗലികവാദശക്തികളെ പിന്തുണയ്ക്കുന്നതിലേക്കാണ് എത്തിച്ചേര്‍ന്നത്. സിറിയയിലെ പ്രതിപക്ഷത്തിന്റെ നിര്‍ണായകശക്തിയും ഇവരാണ്. ഈ മേഖലയില്‍ ഒരു ഇസ്ലാമിക രാഷ്ട്രംകൂടി സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ അഫ്ഗാനിസ്ഥാന്‍, ചെച്നിയ, ലിബിയ, ടുണീഷ്യ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ളവരും ഈ യുദ്ധത്തില്‍ അണിചേര്‍ന്നിട്ടുണ്ട്.

അമേരിക്കയുടെ വിശ്വസ്ത സഖ്യകക്ഷികളായ സൗദിഅറേബ്യയും ഖത്തറും വിവിധ വിഭാഗങ്ങളില്‍പ്പെട്ട ഇസ്ലാമികപോരാളികള്‍ക്ക് ആയുധവും സാമ്പത്തികസഹായവും നല്‍കിവരികയാണ്. സിറിയ എന്നും ബഹുസ്വരതയുടെ സംസ്കാരമാണ് പിന്തുടര്‍ന്നത്. സുന്നികളും ക്രിസ്ത്യാനികളും ഷിയാകളും അലാവിറ്റുകളും സൗഹാര്‍ദത്തോടെയാണ് സിറിയയില്‍ ജീവിക്കുന്നത്. ഇസ്ലാമിക പോരാളികളെ കുത്തിനിറച്ച,് പ്രാചീനകാലം മുതലുള്ള സിറിയയുടെ സാമൂഹ്യ-സാംസ്കാരിക പാരമ്പര്യമാണ് നശിപ്പിക്കാന്‍ ശ്രമിക്കുന്നത്. വിരോധാഭാസമെന്നു പറയട്ടെ, അല്‍ഖായ്ദ വിഭാഗവും അമേരിക്കയും പാശ്ചാത്യ ശക്തികളും ഇന്ന് ഒരേ ചേരിയിലാണ്. അമേരിക്കയും പാശ്ചാത്യ സാമ്രാജ്യത്വവും ഈ നശീകരണ തന്ത്രം സ്വീകരിക്കുന്നത് ഇറാനെ ഒറ്റപ്പെടുത്താനാണ്. ഇറാന്റെ അടുത്ത സഖ്യക്ഷിയാണ് സിറിയ. ഇതിന്റെയൊക്കെ അന്തിമഫലം സിറിയയെന്ന മതനിരപേക്ഷ രാഷ്ട്രത്തിന്റെ തകര്‍ച്ചയും വിഭാഗീയ വിദ്വേഷത്തിന്റെ ഉദയവുമാണ്. ബാഹ്യശക്തികളില്‍നിന്ന് എല്ലാവിധ പിന്തുണയും വിഭവങ്ങളും ലഭിച്ചിട്ടും വിമതര്‍ക്ക് സൈനികമായി അസദ് സര്‍ക്കാരിനെ പുറത്താക്കാന്‍ കഴിഞ്ഞിട്ടില്ല. മാത്രമല്ല, വിമതരുടെ കൈവശമുള്ള തെക്കന്‍ സിറിയയിലെ ചില പ്രദേശങ്ങള്‍ തിരിച്ചുപിടിക്കാന്‍ സൈന്യത്തിന് കഴിയുകയുംചെയ്തു. അതുകൊണ്ടാണ് അമേരിക്കയും നാറ്റോയും നേരിട്ട് സിറിയയില്‍ ഇടപെടുന്നത്. ഒരു ലക്ഷം പേരുടെ മരണവും വന്‍തോതിലുള്ള നാശനഷ്ടങ്ങളും അനുഭവിച്ച സിറിയയിലെ ജനങ്ങളുടെ കഷ്ടപ്പാടുകള്‍ക്ക് അന്ത്യമാകുന്നില്ലെന്ന് സാരം. പത്തുവര്‍ഷം മുമ്പാണ് സിറിയയുടെ അയല്‍രാജ്യമായ ഇറാഖില്‍ അമേരിക്കന്‍ അധിനിവേശമുണ്ടായത്. സിറിയയെപ്പോലെ ഇറാഖും അറബ്ലോകത്തെ മതനിരപേക്ഷ രാഷ്ട്രമായിരുന്നു. എന്നാലിന്ന് വിഭാഗീയ സംഘര്‍ഷങ്ങളുടെ വിളനിലമാണ് ഇറാഖ്. അമേരിക്കന്‍ അധിനിവേശത്തിന്റെ ഫലമാണിത്.

സദ്ദാം ഹുസൈനെ അധികാരത്തില്‍നിന്ന് പുറത്താക്കിയശേഷം ഷിയാകള്‍ക്ക് ഭൂരിപക്ഷമുള്ള സര്‍ക്കാരാണ് ഇറാഖില്‍ ഭരണം നടത്തിയത്. സുന്നി ന്യൂനപക്ഷം അവര്‍ക്കെതിരെ ആയുധമെടുത്തു. അല്‍ ഖായ്ദ അവര്‍ക്കിടയില്‍ വളരുകയുംചെയ്തു. അമേരിക്കന്‍ അധിനിവേശത്തിന്റെ ബാക്കിപത്രമാണിത്. സുന്നി വിഭാഗത്തിലെ ഈ തീവ്രവാദികളാണ് ഇപ്പോള്‍ സിറിയയിലേക്കു കടന്ന് അസദിനെതിരെ യുദ്ധംചെയ്യുന്ന സുന്നികളുമായി കൈകോര്‍ക്കുന്നത.് മറ്റൊരു മതനിരപേക്ഷ അറബ് രാഷ്ട്രമായ ലിബിയയും അമേരിക്കയുടെയും നാറ്റോയുടെയും ആക്രമണത്തിനിരയായി. ഗദ്ദാഫി വിരുദ്ധര്‍ക്ക് അനുകൂലമായായിരുന്നു ഈ അധിനിവേശം. ഒരു വര്‍ഷത്തിനുശേഷം ഗദ്ദാഫിയെ പുറത്താക്കുകയും വധിക്കുകയും ചെയ്തു. അതോടെ ലിബിയ എതിര്‍സൈനികരുടെ പോര്‍നിലമായി. അവിടെയും അരക്ഷിതാവസ്ഥ സൃഷ്ടിച്ചത് ഇസ്ലാമിക കലാപകാരികളാണ്. ഇറാഖിലായാലും ലിബിയയിലായാലും എണ്ണ ഉല്‍പ്പാദനകേന്ദ്രങ്ങളും അതുമായി ബന്ധപ്പെട്ട സൗകര്യങ്ങളും അമേരിക്കയുടെയും പാശ്ചാത്യ എണ്ണക്കമ്പനികളുടെയും കൈവശമായി. ചരിത്രം ആവര്‍ത്തിക്കുന്നു.

അമേരിക്കയുടെ നടപടികള്‍ ഇസ്ലാമിക മതമൗലികവാദ ശക്തികള്‍ക്ക് പ്രോത്സാഹനമാവുകയാണ്. ഇതിന്റെ ആരംഭം അഫ്ഗാനിസ്ഥാനിലായിരുന്നു. സോവിയറ്റ് പിന്തുണയുള്ള ഭരണത്തിനെതിരെ പൊരുതാന്‍ ജിഹാദുകള്‍ക്ക് അമേരിക്ക ആയുധവും പണവും നല്‍കി. അതിന്റെ ഫലമായി താലിബാന്‍ വളര്‍ന്നു. സിറിയയില്‍ ഇന്ന് മതനിരപേക്ഷ അസദ് സര്‍ക്കാരിനെതിരെ യുദ്ധംചെയ്യുന്നത് അഫ്ഗാനിസ്ഥാനില്‍നിന്നുള്ളവരാണ്. അമേരിക്കയാണ് അവര്‍ക്ക് സഹായം നല്‍കുന്നത്. ഇറാഖിലെയും ലിബിയയിലെയും മതനിരപേക്ഷ സര്‍ക്കാരുകളെ തകര്‍ത്തത് അമേരിക്കയാണ്. ഇന്ന് ഇസ്ലാമിക മതമൗലികവാദികളുടെ പ്രധാനകേന്ദ്രങ്ങളാണ് ഈ രണ്ട് രാഷ്ട്രങ്ങളും. അമേരിക്കന്‍ ഇടപെടലിന്റെ മറ്റൊരു ഫലം ഈ മേഖലയില്‍ ഷിയ- സുന്നി സംഘര്‍ഷം വര്‍ധിച്ചതാണ്. അസദ് സര്‍ക്കാരിനെതിരെയുള്ള കലാപത്തിന് വിഭാഗീയമുഖമുണ്ട്. ക്രിസ്ത്യാനികളുടെയും മതനിരപേക്ഷ സുന്നികളുടെയും പിന്തുണയുള്ള ന്യൂനപക്ഷമായ അലാവിറ്റുകളുടെ സര്‍ക്കാരിനെതിരെ സുന്നി തീവ്രവാദികളാണ് കലാപം നടത്തുന്നത്.

മേഖലയിലെ പുരോഗമന ഇടതുപക്ഷ ശക്തികളെ അടിച്ചമര്‍ത്തുകയെന്നതാണ് സാമ്രാജ്യത്വത്തിന്റെയും ഇസ്ലാമിക മതമൗലികവാദ ശക്തികളുടെയും പൊതുവായ ലക്ഷ്യം. ഈജിപ്തിലെ ജനകീയ മുന്നേറ്റം മുസ്ലിം ബ്രദര്‍ഹുഡിനെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിപ്പിച്ചപ്പോള്‍ അമേരിക്ക ആശ്വാസംകൊണ്ടു. യാഥാസ്ഥിതികരെങ്കിലും ബിസിനസ് അനുകൂല സര്‍ക്കാരായതിനാല്‍ അവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നതായിരുന്നു ഈ ആശ്വാസത്തിന് കാരണം. എന്നാല്‍, ഒരു വര്‍ഷത്തിനകംതന്നെ മുസ്ലിം ബ്രദര്‍ഹുഡ് ഭരണം കടുത്ത ഇസ്ലാമികവല്‍ക്കരണ നടപടികളും നവ ഉദാരവല്‍ക്കരണ നടപടികളും കൈക്കൊണ്ടപ്പോള്‍ ജനകീയമുന്നേറ്റം വീണ്ടും ദൃശ്യമായി. സൈന്യത്തിന്റെ ഇടപെടലിലേക്കും പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ പുറത്താക്കുന്നതിലേക്കുമാണ് ഈ ജനകീയ പ്രതിഷേധം വളര്‍ന്നത്. മുര്‍സിയെ പുറത്താക്കുന്നതിനെ അമേരിക്കയ്ക്ക് അനുകൂലിക്കാന്‍ കഴിയില്ലെങ്കിലും ഈജിപ്ത് സൈന്യത്തിന്റെ നടപടിയെ അപലപിക്കാനും അവര്‍ തയ്യാറായില്ല.

അമേരിക്കയില്‍ നിന്ന് 130 കോടി ഡോളറാണ് സൈന്യത്തിന് ലഭിക്കുന്നത്. മാത്രമല്ല, ഈജിപ്ത് സൈന്യം ഭരിക്കുന്നതിലാണ് ഇസ്രയേലിനും താല്‍പ്പര്യം. രണ്ടുവര്‍ഷം മുമ്പ് ഈജിപ്തില്‍ ജനകീയ പ്രതിഷേധം ഉയര്‍ന്നത് ഏകാധിപതിയായ ഹൊസ്നി മുബാറക്കിനെ അധികാരത്തില്‍നിന്ന് പുറത്താക്കി മതനിരപേക്ഷ-ജനാധിപത്യ റിപ്പബ്ലിക് സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു. സൈന്യം ഭരണം പിടിച്ചെടുക്കുകയും ഇസ്ലാമിക ശക്തികളുമായി സംഘര്‍ഷത്തിലേര്‍പ്പെടുകയും ചെയ്തതോടെ ഈ ലക്ഷ്യമാണ് അട്ടിമറിക്കപ്പെട്ടത്. സാമ്രാജ്യത്വം അവരുടെ തന്ത്രപരമായ താല്‍പ്പര്യസംരക്ഷണത്തിനായാണ് മധ്യ-പൗരസ്ത്യ ദേശത്തെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നത്. ഇതിനായി ഇപ്പോള്‍ സിറിയയെ കീഴ്പ്പെടുത്തുകയാണ് അമേരിക്കയുടെ ലക്ഷ്യം; നേരത്തേ ഇറാഖിലും ലിബിയയിലും ചെയ്തതുപോലെ. മേഖലയിലെ ജനങ്ങളെ സംബന്ധിച്ച് ഇതിന്റെ പ്രത്യാഘാതങ്ങള്‍ വിവരണാതീതമാണ്. സാമ്രാജ്യത്വത്തിന്റെ തനിനിറം ഒരിക്കല്‍കൂടി ദൃശ്യമായിരിക്കുന്നു.

*
പ്രകാശ് കാരാട്ട്

വിഡ്ഢിത്തങ്ങളുടെ ഫലം

ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യം 68 രൂപയെന്ന ഒരതിരു കൂടി ലംഘിച്ചതോടെ ഇതെങ്ങനെ, എവിടെ ചെന്നുനില്‍ക്കുമെന്ന് ഊഹിക്കാന്‍പോലുമാകുന്നില്ല. ഇതിന്റെ പ്രത്യാഘാതം ഭീതിജനകമാണ്. ഈ അവസ്ഥ സൃഷ്ടിക്കുന്ന സാധ്യതകളില്‍ ചിലത് ഇതാണ്:

1. വിദേശനിക്ഷേപകരും ആഭ്യന്തര ധനികവിഭാഗവും രൂപയില്‍നിന്ന് പിന്മാറുമ്പോഴുള്ള മൂലധനത്തിന്റെ പറന്നുപോക്ക്.

2. ഡോളര്‍ ബാധ്യത കൈകാര്യംചെയ്യുന്നതില്‍ കോര്‍പറേറ്റുകള്‍ക്കുള്ള ബുദ്ധിമുട്ടുമൂലമുള്ള പാപ്പരീകരണം.

3. ഇറക്കുമതിക്ക് ചെലവേറുന്നതുമൂലമുണ്ടാകുന്ന വര്‍ധിച്ച പണപ്പെരുപ്പം.

4. ധനപരവും ഒപ്പം യഥാര്‍ഥവുമായ സാമ്പത്തികത്തകര്‍ച്ച.

ഏറെക്കാലമായി തലയ്ക്കുമുകളില്‍ തൂങ്ങിനില്‍ക്കുന്ന പ്രതിസന്ധിയാണിത്. പല തരത്തില്‍ അതിന്റെ സൂചനകള്‍ തലനീട്ടിയിരുന്നു. കയറ്റുമതിയിലൂടെയും വിദേശത്തുനിന്നുള്ള പണം അയക്കലിലൂടെയും നേടുന്ന രാജ്യത്തിന്റെ വിദേശനാണ്യശേഖരത്തേക്കാള്‍ കൂടുതലാണ് ഇന്ത്യയിലെ സമ്പന്നര്‍ ചെലവിടുന്ന വിദേശനാണ്യം. ചാഞ്ചാട്ടമുള്ളതാണെങ്കിലും 2009-10 സാമ്പത്തികവര്‍ഷത്തിന്റെ തുടക്കംമുതലുള്ള വ്യാപാരക്കമ്മിയും ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനവും തമ്മിലുള്ള അനുപാതം പല മേഖലയിലും അസ്വാഭാവികമായി ഉയര്‍ന്ന് 1991ലെ തിരിച്ചടവു ശിഷ്ട പ്രതിസന്ധിയുടെ സമയത്തേതിന് തുല്യമായ നിലയിലെത്തി. നിരന്തരമായ വ്യാപാരക്കമ്മിയാണ് പരമ്പരാഗതമായി ഇന്ത്യന്‍ കറന്‍സിയെ ദുര്‍ബലമാക്കുന്ന അടിസ്ഥാനഘടകം. വളര്‍ന്നുവരുന്ന മറ്റു വിപണികളെന്നപോലെ ഇന്ത്യയും വിദേശ പേമെന്റ് മേഖലയിലെ പ്രതികൂല പ്രവണതകളെ അവഗണിക്കാനുള്ള ഒരു കാരണം മൂലധനപ്രവാഹമാണ്. കഴിഞ്ഞ ദശകത്തില്‍ മൂലധനപ്രവാഹം വ്യാപാരക്കമ്മിയെക്കാള്‍ വളരെ കൂടുതലായിരുന്നു. ഇത് സമീപകാലത്ത് തീവ്രമാകാന്‍ കാരണം സര്‍ക്കാരിന്റെ തുറന്ന വാതില്‍നയമായിരുന്നു. നേരത്തെ ഇന്ത്യന്‍ സമ്പദ്ഘടനയുടെ ശക്തിയുടെ സൂചകമായിരുന്ന ഈ മൂലധനപ്രവാഹംതന്നെയാണ് ഇപ്പോള്‍ രൂപയുടെ ബലക്ഷയത്തില്‍ അന്തര്‍ലീനമായിരിക്കുന്നത്. വിദേശനിക്ഷേപകരെയും കടംനല്‍കുന്നവരെയും പ്രീതിപ്പെടുത്താനുള്ള സര്‍ക്കാരിന്റെ നിരാശാഭരിതമായ ശ്രമം വിജയിക്കുന്നുമില്ല. ഇത് ആദ്യം രൂപയുടെ പതുക്കെയുള്ള തകര്‍ച്ചയിലേക്ക് നയിച്ചു. പിന്നീട് ഊഹക്കച്ചവടക്കാര്‍ വന്നു. അവധിവ്യാപാരത്തിലെയും സാമ്പത്തികോല്‍പ്പന്നവിപണിയിലെയും മാറ്റങ്ങള്‍ രൂപ ഊഹക്കച്ചവടക്കാരുടെ ആക്രമണത്തിന് ഇരയാകുകയാണെന്നാണ് വ്യക്തമാകുന്നത്. അതുകൊണ്ടുതന്നെ വിദേശനിക്ഷേപകരുടെ കനിവുകൊണ്ടു നേടുന്ന വിദേശനാണ്യശേഖരം കൊണ്ട് സര്‍ക്കാരിന് ഒന്നും ചെയ്യാനില്ല. സ്വന്തം വിഡ്ഢിത്തങ്ങളുടെ ഫലമായി സര്‍ക്കാര്‍ ചലനമറ്റുകിടക്കുകയാണ്.

*
സി പി ചന്ദ്രശേഖര്‍

വിദേശ നിക്ഷേപങ്ങളെ അമിതമായി ആശ്രയിച്ചതിന്റെ ദുരന്തം

വിദേശത്തുനിന്നുള്ള നിക്ഷേപങ്ങളെ അമിതമായി ആശ്രയിച്ചതിന്റെ ദുരന്തമാണ് രാജ്യം ഇന്ന് നേരിടുന്നത്. ഡോളറിന്റെ ആവശ്യം കൂടിയാല്‍ രൂപയുടെ മൂല്യം ഇടിയും. ഡോളറിനുള്ള ആവശ്യം കുറഞ്ഞാല്‍ രൂപയുടെ വില കൂടും. ഇറക്കുമതിക്ക് ഡോളര്‍ ആവശ്യമാണ്. ഇതുവഴി ഡോളറിന്റെ ചെലവ് കൂടും. രാജ്യത്തേക്ക് ഡോളര്‍ വരുന്നത് പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിലൂടെയും വിദേശ സ്ഥാപനനിക്ഷേപകര്‍ നടത്തുന്ന നിക്ഷേപത്തിലൂടെയും കയറ്റുമതിയിലൂടെയുമാണ്. ഇന്ത്യയിലെ ആഭ്യന്തര സാമ്പത്തികാവസ്ഥയും ലോകത്തിലെ മറ്റ് സ്ഥലങ്ങളിലെ സ്ഥിതിഗതികളും പരിശോധിച്ചാണ് വിദേശ സ്ഥാപന നിക്ഷേപകര്‍ ഇന്ത്യയിലെ ഓഹരിവിപണിയിലും കടപ്പത്രങ്ങളിലും നിക്ഷേപിച്ചിട്ടുള്ള നിക്ഷേപം പിന്‍വലിക്കുക. ഇപ്പോള്‍ അമേരിക്കയില്‍ നിക്ഷേപിക്കുന്നത് കൂടുതല്‍ ലാഭകരമെന്ന് കരുതുന്നതിനാല്‍ വിദേശ സ്ഥാപന നിക്ഷേപകര്‍ വന്‍തോതില്‍ ഇന്ത്യയില്‍ നിന്ന് നിക്ഷേപം പിന്‍വലിക്കുന്നു. നേരിട്ടുള്ള വിദേശനിക്ഷേപവും വന്‍തോതില്‍ കുറയുകയാണ്. ഇതും രാജ്യത്തേക്കുള്ള ഡോളര്‍ വരവ് കുറയ്ക്കുന്നു. ഡോളറും രൂപയുമായുള്ള സന്തുലനത്തെ തകര്‍ത്ത് വ്യാപാരകമ്മി വര്‍ധിപ്പിക്കുകയാണ്. 2012-13 സാമ്പത്തികവര്‍ഷം 3.6 ശതമാനമായിരുന്നു വ്യാപാരകമ്മി. വിദേശനിക്ഷേപത്തെ ആശ്രയിച്ച് വ്യാപാരകമ്മി കുറയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിനായി നിക്ഷേപാനുകൂല അന്തരീക്ഷം സൃഷ്ടിക്കാന്‍ നിയന്ത്രണങ്ങള്‍ എടുത്തുമാറ്റുകയും വ്യവസ്ഥകള്‍ ലഘൂകരിക്കുകയും ചെയ്യുന്നു.

എത്ര സൗകര്യങ്ങളുണ്ടായാലും തങ്ങളുടെ നിക്ഷേപത്തിന് ലാഭം കുറയുന്ന സ്ഥലങ്ങളില്‍നിന്ന് വിദേശ നിക്ഷേപകര്‍ നിക്ഷേപം പിന്‍വലിക്കും. ആഗോള സമ്പദ്വ്യവസ്ഥയിലെ കയറ്റിറക്കങ്ങള്‍ക്കനുസരിച്ച് വിദേശ സ്ഥാപനനിക്ഷേപകര്‍ നിക്ഷേപം പിന്‍വലിക്കും. ഇത് രാജ്യത്തിന്റെ വിദേശനാണയ ശേഖരത്തില്‍ കുറവുണ്ടാക്കും. മൊത്തം സാമ്പത്തികവളര്‍ച്ച, ഓഹരിവിപണി, കയറ്റുമതി, ഇറക്കുമതി, വിദേശനാണയശേഖരം എന്നിവ പരസ്പരം ബന്ധപ്പെട്ടതാണ്. രാജ്യം മെച്ചപ്പെട്ട സാമ്പത്തികവളര്‍ച്ച കൈവരിക്കുമ്പോള്‍ ഓഹരിവിപണിയില്‍ അത് പ്രതിഫലിക്കും. ഓഹരിവിപണിയിലെ നിലവാരം ഉയരുമ്പോള്‍ വിദേശ സ്ഥാപനനിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരിവിപണിയില്‍ വന്‍തോതില്‍ നിക്ഷേപിക്കും. കയറ്റുമതി വര്‍ധിക്കുകയും വിദേശനിക്ഷേപം ധാരാളമായി വരികയും ചെയ്യുമ്പോള്‍ വിദേശനാണയ ശേഖരം മെച്ചപ്പെട്ട നിലയിലായിരിക്കും. സമ്പദ്വ്യവസ്ഥ തളര്‍ച്ചയിലാകുമ്പോള്‍ ഓഹരി വിപണിയിലും പ്രതിഫലിക്കും. വ്യാപാരകമ്മി വന്‍തോതില്‍ വര്‍ധിക്കുകയും വിദേശനാണയശേഖരം വന്‍തോതില്‍ കുറയുകയും ചെയ്യുമ്പോള്‍ അനിവാര്യമായ ഇറക്കുമതിപോലും പ്രതിസന്ധിയിലാകും. എണ്ണ ഇറക്കുമതി ഇന്ത്യയില്‍ ഒഴിവാക്കാന്‍ കഴിയാത്തതാണ്. ഇതിന് വിദേശനാണയം കണ്ടെത്തേണ്ടിവരും. എത്ര രൂപ കൊടുത്തായാലും ഡോളര്‍ നേടേണ്ട അവസ്ഥയാണ് ഇതുമൂലം ഉണ്ടാകുന്നത്.

ഭാരം മുഴുവന്‍ ജനങ്ങള്‍ക്ക്

രൂപയുടെ മൂല്യം ഇടിയുന്നതിന്റെ ഭാരം അന്തിമമായി വഹിക്കേണ്ടത് സാധാരണക്കാര്‍. രാജ്യത്തിനുണ്ടാകുന്ന അധിക സാമ്പത്തികഭാരത്തിന്റെ പങ്ക് ജനങ്ങളാകെ വഹിക്കേണ്ടിവരും. ഇറക്കുമതി ചെലവ് കൂടും. ഇത് നാണയപ്പെരുപ്പവും ജീവിതച്ചെലവും വര്‍ധിപ്പിക്കും. നിശ്ചിത വരുമാനക്കാരുടെയും പാവപ്പെട്ടവരുടെയും ജീവിതം ഇരുളിലാകും. വിദേശരാജ്യങ്ങളില്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കും വിനോദസഞ്ചാരത്തിന് പോകുന്നവര്‍ക്കും വേണ്ടിവരുന്ന അധികച്ചെലവും മറ്റൊരു ഭാരമാണ്. കേന്ദ്രസര്‍ക്കാര്‍ വിദേശ രാജ്യങ്ങളില്‍നിന്നും അന്താരാഷ്ട്ര സാമ്പത്തിക സ്ഥാപനങ്ങളില്‍ നിന്നും എടുക്കുന്ന കടത്തിന്റെ തിരിച്ചടവ് ചെലവേറിയതാകും. കോര്‍പറേറ്റുകള്‍ വരെ വിദേശത്തുനിന്ന് കടമെടുക്കുന്നു. ഈ കടങ്ങള്‍ ഡോളറിലാണ്. തിരിച്ചടവും അങ്ങനെതന്നെ. അതിനാല്‍ തിരിച്ചടവ് കുടുതല്‍ ഭാരമുള്ളതാകും.

ക്രൂഡോയില്‍ ഇറക്കുമതിയാണ് ജനങ്ങള്‍ക്ക് ഏറ്റവും ഭാരമുണ്ടാക്കുന്ന മറ്റൊരു കാര്യം. ഒരു ബാരല്‍ ക്രൂഡോയിലിന് അന്താരാഷ്ട്ര വിപണിയില്‍ 106 ഡോളറായിരുന്നു ജൂലൈയില്‍. ആഗസ്ത് അവസാനമായപ്പോള്‍ ഇത് 112 ഡോളറായി വര്‍ധിച്ചു. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ആഭ്യന്തര വില്‍പ്പന വില ഉയര്‍ത്താന്‍ ഇത് കാരണമാകും. യാത്രാക്കൂലി, ചരക്കുകൂലി, അവശ്യവസ്തുക്കളുടെ വില എന്നിവയില്‍ വര്‍ധനയാണ് ഇതിന്റെ ഫലം. ഐടി, ഔഷധനിര്‍മാണം, രത്ന-ആഭരണ വ്യവസായം എന്നീമേഖലകളില്‍ താല്‍ക്കാലികമായി നേട്ടമുണ്ടാകാം. പക്ഷേ, ആഗോളമായ സ്ഥിതിഗതികളെ ആശ്രയിച്ച് ഈ മേഖലയിലെ കയറ്റുമതി ചാഞ്ചാട്ടത്തിന് വിധേയമാണ്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ രൂപയുടെ തകര്‍ച്ച ഈ മേഖലകള്‍ക്കും ദോഷം ചെയ്യും. വ്യവസായ മേഖലയിലുണ്ടാകുന്ന തളര്‍ച്ച നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുത്തും. രൂപയുടെ മൂല്യം താഴുന്നതിന് ആനുപാതികമായി തൊഴിലാളികളുടെ വേതനത്തില്‍ വര്‍ധനയുണ്ടാകില്ല. തൊഴിലും വരുമാനവും നഷ്ടപ്പെടുന്ന കോടിക്കണക്കിനാളുകള്‍ ജീവിതത്തെ എങ്ങനെ നേരിടണമെന്നറിയാതെ കുഴങ്ങുകയാണ്.

*
ദേശാഭിമാനി

Friday, July 19, 2013

അമേരിക്കയുടെ മനുഷ്യാവകാശ ലംഘനം

എഡ്വേര്‍ഡ് സ്നോഡനെ പിടിക്കാന്‍ അമേരിക്ക വഴിയില്‍ കാണുന്ന കരിയില വരെ ചിക്കിച്ചികഞ്ഞു നോക്കുകയാണ്. അമേരിക്കന്‍ ജനതയെ മാത്രമല്ല ലോകത്താകെയുള്ള ജനങ്ങളെയും നിരീക്ഷണത്തില്‍ നിര്‍ത്തുന്നതിനായി അമേരിക്ക ഇ-മെയിലുകളുടെയും ടെലഫോണ്‍ വിളികളുടെയും ഉള്ളടക്കം ലഭ്യമാക്കാനായി അവയെല്ലാം ചോര്‍ത്തുന്നുണ്ടെന്ന, ലോകത്തെയാകെ അമേരിക്കയുടെ ചാരക്കണ്ണുകള്‍ നിരീക്ഷിക്കുന്നുണ്ടെന്ന വെളിപ്പെടുത്തല്‍ നടത്തി എന്ന "കുറ്റം" ചെയ്തതിനാണ് സ്നോഡന്‍ വേട്ടയാടപ്പെടുന്നത്. ജനാധിപത്യം, സുതാര്യത, തുറന്ന സമൂഹം എന്നെല്ലാമുള്ള അമേരിക്കന്‍ പ്രചരണത്തിെന്‍റ തനിനിറമാണ് സ്നോഡന്‍ ലോകത്തിനുമുന്നില്‍ തുറന്നുകാട്ടിയത്.

സ്നോഡനെ പിടിച്ചു കൊണ്ടുപോയി ജീവിതകാലം മുഴുവന്‍ തടവറയിലെ ഇരുട്ടില്‍ അടയ്ക്കുകയോ വധിക്കുകയോ ആണ് അമേരിക്കന്‍ ഭരണകൂടത്തിെന്‍റ ലക്ഷ്യം. അമേരിക്ക ഒരിക്കലും ഇത്തരം കേസുകളില്‍ ബന്ധപ്പെട്ട കുറ്റാരോപിതര്‍ക്ക് നീതിപൂര്‍വവും നിഷ്പക്ഷവുമായ വിചാരണ, നിയമപരമായ സംരക്ഷണം നല്‍കാറില്ല എന്നതാണ് മുന്‍ അനുഭവങ്ങള്‍. വിക്കിലീക്സ് വെളിപ്പെടുത്തലിന് വേണ്ട വിവരങ്ങള്‍ ചോര്‍ത്താന്‍ സഹായിച്ചു എന്ന പേരില്‍ മാനിങ് എന്ന യുവസൈനികനെ വിചാരണ കൂടാതെ കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി കാരാഗൃഹത്തിലെ ഇരുട്ടറയില്‍ അടച്ചിരിക്കുന്നതാണ് അവസാനത്തെ ഉദാഹരണം. വിക്കിലീക്സിെന്‍റ നായകനായ ജൂലിയന്‍ അസാഞ്ചെയെയും ഇതേപോലെ കൊല്ലാക്കൊല ചെയ്യുന്നതിനോ വധിക്കാനോ വേട്ടയാടിക്കൊണ്ടിരിക്കുന്നതും നിയമവാഴ്ചയുള്ള രാജ്യമാണ് അമേരിക്ക എന്ന മേനിനടിക്കലിെന്‍റ പൊള്ളത്തരം വെളിവാക്കുന്നു. സ്നോഡനെ പിടികൂടാന്‍, തങ്ങള്‍ നടത്തുന്ന ഹീനകൃത്യങ്ങളെ ചോദ്യം ചെയ്യുന്നവരെയോ തുറന്നു കാണിക്കുന്നവരെയോ പിടികൂടാന്‍ അമേരിക്ക എല്ലാ മര്യാദകളെയും നിയമസംഹിതകളെയും കാറ്റില്‍ പറത്താന്‍ മടിക്കില്ല എന്നാണ് ബൊളീവിയന്‍ പ്രസിഡന്‍റ് ഇവൊ മൊറേത്സിെന്‍റ റഷ്യയില്‍നിന്ന് ബൊളീവിയയിലേക്കുള്ള യാത്ര തടസ്സപ്പെടുത്തിയതും അദ്ദേഹത്തെ 14 മണിക്കൂറിലേറെ വിയന്നയില്‍ ഒരു ബന്ദിയെപ്പോലെ തടഞ്ഞുവെച്ചതും തെളിയിക്കുന്നത്.

മോസ്കോവില്‍ ചേര്‍ന്ന ഊര്‍ജ ഉന്നതതല സമ്മേളനത്തില്‍ പങ്കെടുത്തശേഷം ബൊളീവിയയിലേക്ക് മടങ്ങിപ്പോകവെയാണ് ജൂലൈ രണ്ടിന് അദ്ദേഹത്തിെന്‍റ വിമാനത്തിന് തങ്ങളുടെ വ്യോമാതിര്‍ത്തിയിലൂടെ കടന്നുപോകാനുള്ള അനുമതി പോര്‍ച്ചുഗല്‍, ഇറ്റലി, സ്പെയിന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ നിഷേധിച്ചതും ആസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയില്‍ അദ്ദേഹത്തിെന്‍റ വിമാനത്തെ തോക്കിന്‍മുനയില്‍ താഴെ ഇറക്കി 14 മണിക്കൂറിലേറെ തടഞ്ഞുവെച്ചതും. അന്താരാഷ്ട്രതലത്തില്‍ തന്നെ ശക്തമായ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഒടുവില്‍ മൊറേത്സിനെ ബൊളീവിയയിലേയ്ക്ക് പോകാന്‍ അനുവദിച്ചത്. ഐക്യരാഷ്ട്രസഭയിലെ ബൊളീവിയന്‍ അംബാസിഡര്‍ സാച ലിയൊറെന്തി സോളിസ് മാധ്യമങ്ങളോട് പ്രതികരിച്ചത് ഇങ്ങനെ: ""ഈ രാജ്യങ്ങളുടെ തീരുമാനം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ്. ഔദ്യോഗിക യാത്രയിലായിരുന്ന, ഒരന്താരാഷ്ട്ര സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന ഞങ്ങളുടെ പ്രസിഡന്‍റ് തട്ടിക്കൊണ്ടുപോകപ്പെട്ടതിനെക്കുറിച്ചാണ് ഞങ്ങള്‍ പരാതിപ്പെടുന്നത്. വൈറ്റ് ഹൗസില്‍നിന്നുള്ള ആജ്ഞ അനുസരിക്കുകയാണ് ഈ രാജ്യങ്ങള്‍ എന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് സംശയമേയില്ല. എന്തു കാര്യത്തിെന്‍റ പേരിലായാലും, ഏതുവിധത്തിലായാലും ഒരു രാജ്യത്തിെന്‍റ പ്രസിഡന്‍റിെന്‍റ നയതന്ത്ര പരിരക്ഷയുള്ള വിമാനത്തെ അതിെന്‍റ യാത്രമാര്‍ഗത്തെ തടസ്സപ്പെടുത്തുന്നതും മറ്റൊരു രാജ്യത്ത് നിര്‍ബന്ധിച്ചിറക്കുന്നതും കുറ്റകരമാണ്"". ആദ്യം ഈ ആരോപണം നിഷേധിക്കുകയും ഒഴിഞ്ഞു മാറുകയും ചെയ്ത അമേരിക്കന്‍ വിദേശകാര്യ വകുപ്പിെന്‍റ വക്താവ് ജെന്‍ സാക്കി ഒടുവില്‍ ഇങ്ങനെ സമ്മതിച്ചു: ""സ്നോഡന്‍ വിമാനമിറങ്ങാനോ വ്യോമാതിര്‍ത്തിയിലൂടെ കടന്നുപോകാനോ സാധ്യതയുള്ള ഒട്ടനവധി രാജ്യങ്ങളുമായി ഞങ്ങള്‍ ബന്ധപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു"". തങ്ങളുടെ നിര്‍ദേശപ്രകാരമാണ് മൊറേത്സിനെ തടഞ്ഞുവെച്ചത് എന്ന് അമേരിക്കന്‍ ഭരണകൂടം ഭംഗ്യന്തരേണ സമ്മതിക്കുകയാണ്. അങ്ങനെ എഡ്വേര്‍ഡ് സ്നോഡനെ മൊറേത്സിെന്‍റ വിമാനത്തില്‍ കൂടെ കടത്തിക്കൊണ്ടുപോവുകയാണെന്ന സംശയം തീര്‍ക്കാനാണത്രെ അദ്ദേഹത്തിെന്‍റ വിമാനം നിലത്തിറക്കി തടഞ്ഞുവെച്ചത്.

ജൂണ്‍ 23 മുതല്‍ സ്നോഡന്‍ മോസ്കോവിലെ ഷെറെമെത്യോവൊ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കഴിയുകയാണ്. ഇന്ത്യ ഉള്‍പ്പെടെ 27 രാജ്യങ്ങളോട് സ്നോഡന്‍ രാഷ്ട്രീയ അഭയം അഭ്യര്‍ത്ഥിക്കുകയുണ്ടായി. സ്നോഡെന്‍റ പൗരത്വവും പാസ്പോര്‍ട്ടും റദ്ദു ചെയ്ത അമേരിക്ക, സ്നോഡന് രാഷ്ട്രീയാഭയം നല്‍കാതിരിക്കുന്നതിന് ഈ രാഷ്ട്രങ്ങള്‍ക്കുമേലെല്ലാം എല്ലാ വിധത്തിലുമുള്ള സമ്മര്‍ദ്ദങ്ങള്‍ ചെലുത്തുകയും ഭീഷണി പ്രയോഗിക്കുകയുമാണ്. ഇന്ത്യയാകട്ടെ സ്നോഡെന്‍റ അഭ്യര്‍ത്ഥന നിരസിച്ചുവെന്നു മാത്രമല്ല, രഹസ്യം ചോര്‍ത്തുന്ന അമേരിക്കന്‍ നടപടിയെ വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് ന്യായീകരിക്കുകയും ചെയ്തു. ജി 20 ഉച്ചകോടിയില്‍ പങ്കെടുത്ത പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ വരെ നിരീക്ഷണത്തില്‍ നിര്‍ത്തിയിരുന്നു എന്ന് വെളിപ്പെടുത്തപ്പെട്ടിട്ടും ഇന്ത്യന്‍ ഭരണാധികാരികള്‍ അമേരിക്കന്‍ ഭരണകൂടത്തിനുമുന്നില്‍ മുട്ടുമടക്കി നില്‍ക്കുന്നതിെന്‍റ നാണംകെട്ട വെളിപ്പെടുത്തലാണ് സല്‍മാന്‍ ഖുര്‍ഷിദില്‍ നിന്നുണ്ടായത്. സ്നോഡനെ കിട്ടാനായി മൊറേത്സിെന്‍റ വിമാനത്തെ അരിച്ചുപെറുക്കി പരിശോധിച്ച വിയന്നയിലെ ഉദ്യോഗസ്ഥര്‍ പിന്നീട് ഖേദപ്രകടനം നടത്തിയാണത്രെ അദ്ദേഹത്തെ വിട്ടയച്ചത്. ജൂലൈ മൂന്നിന് ബൊളീവിയയില്‍ തിരിച്ചെത്തിയ മൊറേത്സിന് ജനലക്ഷങ്ങള്‍ അണിനിരന്നാണ് വരവേല്‍പ്പ് നല്‍കിയത്. ബൊളീവിയയില്‍ മാത്രമല്ല, ലാറ്റിന്‍ അമേരിക്കയിലാകെ അമേരിക്കയുടെയും യൂറോപ്യന്‍ ശിങ്കിടികളുടെയും ഈ നെറികെട്ട നടപടിക്കെതിരെ പ്രതിഷേധം ഉയരുകയുണ്ടായി. ജൂലൈ 4ന് ബൊളീവിയയിലെ കൊച്ചബാംബയില്‍ ഒത്തുകൂടിയ ദക്ഷിണ അമേരിക്കന്‍ രാഷ്ട്രത്തലവന്മാര്‍ ലാറ്റിന്‍ അമേരിക്കന്‍ ജനതയുടെയാകെ വികാരമാണ് പ്രകടിപ്പിച്ചത്. തങ്ങള്‍ മൊറേത്സിനൊപ്പമാണ് എന്ന പ്രഖ്യാപനമാണ് വെനസ്വേലയുടെ പ്രസിഡന്‍റ് നിക്കൊളാസ് മദുറൊയും അര്‍ജന്‍റീനയുടെ പ്രസിഡന്‍റ് ക്രിസ്റ്റീന ഫെര്‍ണാണ്ടസ് ഡി കിര്‍ച്ച്നറും ഇക്വഡോര്‍ പ്രസിഡന്‍റ് റാഫേല്‍ കോറിയയും ഉറുഗ്വേയ് പ്രസിഡന്‍റ് ഹോസെ ""പെപ്പേ"" മുഹിക്കയും സുറിനാം പ്രസിഡന്‍റ് ദേശി ബൗട്ടേഴ്സും പ്രഖ്യാപിച്ചത്. ക്യൂബയും നിക്കരാഗ്വയും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും ബൊളീവിയയ്ക്ക് പിന്തുണ പ്രകടിപ്പിക്കുകയും ചെയ്തു. മാത്രമല്ല, വെനസ്വേലയും ബൊളീവിയയും ക്യൂബയും നിക്കരാഗ്വയും സ്നോഡന് അഭയം നല്‍കാനുള്ള സന്നദ്ധത പ്രകടിപ്പിക്കുകയുമുണ്ടായി. ദക്ഷിണ അമേരിക്കന്‍ രാഷ്ട്ര നായകര്‍ ബൊളീവിയയിലെത്തി മൊറേത്സിനും ബൊളീവിയന്‍ ജനതയ്ക്കും പിന്തുണ പ്രഖ്യാപിച്ചതും ഇന്ത്യയെപ്പോലെയുള്ള വന്‍കിട രാജ്യങ്ങള്‍ അഭയം നല്‍കാന്‍ തയ്യാറാകാതിരുന്ന സ്നോഡന് ലാറ്റിനമേരിക്കയിലെ കൊച്ചു രാജ്യങ്ങള്‍ അഭയം നല്‍കാന്‍ തയ്യാറായതും സാമ്രാജ്യത്വത്തിനേറ്റ കനത്ത തിരിച്ചടിയാണ്. 1976ല്‍ ഒരു ക്യൂബന്‍ യാത്രാ വിമാനത്തിന് ബോംബ് വെച്ച് തകര്‍ത്ത് 78 ആളുകളെ കൊന്ന ലൂയി പൊസാദ കാരിലെസ് എന്ന വെനസ്വേലക്കാരനായ ഭീകരന് അഭയം നല്‍കുകയും ആ കൊടും കുറ്റവാളിയെ വിട്ടുകിട്ടണമെന്ന വെനസ്വേലയുടെ അഭ്യര്‍ത്ഥന നിരസിക്കുകയും ചെയ്ത അമേരിക്കയാണ് സ്നോഡനെ പിടികൂടുന്നതിന് എല്ലാ നിയമങ്ങളും മര്യാദകളും ലംഘിക്കുന്നത്. പൊസാദൊയെപ്പോലെ അട്ടിമറിയും കൊലപാതകവും നടത്തിയ ആളല്ല സ്നോഡന്‍. മറ്റു രാജ്യങ്ങളില്‍ അട്ടിമറികള്‍ക്കും ചാരപ്രവര്‍ത്തനങ്ങള്‍ക്കും ശിക്ഷിക്കപ്പെടാനിടയുള്ള നിരവധി പൗരന്മാര്‍ക്ക് അമേരിക്ക രാഷ്ട്രീയ അഭയം നല്‍കിയ ചരിത്രമുണ്ട്. ഇവിടെ സ്നോഡനാണെങ്കില്‍ അത്തരത്തില്‍ അട്ടിമറിയോ ചാരപ്രവര്‍ത്തനമോ നിയമലംഘനമോ നടത്തിയതായും ആരോപിക്കാനാവില്ല. അമേരിക്കയില്‍ നിലവിലുള്ള നിയമങ്ങളെപ്പോലും ലംഘിച്ച് ചാരപ്രവര്‍ത്തനം നടത്തുന്ന അമേരിക്കന്‍ ഭരണകൂടത്തിെന്‍റ ഫാസിസ്റ്റ് നടപടിയെ തുറന്നു കാണിക്കുക മാത്രമാണ് സ്നോഡന്‍ ചെയ്തത്. അത്തരത്തിലൊരാള്‍ക്ക് ഏതെങ്കിലും രാജ്യത്ത് രാഷ്ട്രീയ അഭയം തേടാനുള്ള അവകാശം നിഷേധിക്കുന്നത്, അയാളെ ഏതു ഹീനമാര്‍ഗത്തിലൂടെയും പിടികൂടാന്‍ ശ്രമിക്കുന്നത് നഗ്നമായ മനുഷ്യാവകാശ ലംഘനമാണ്. അന്താരാഷ്ട്ര നിയമങ്ങള്‍ ഉറപ്പുനല്‍കുന്ന അലംഘനീയമായ ഒരവകാശമാണ് ഏതെങ്കിലും രാജ്യത്ത് രാഷ്ട്രീയ അഭയം തേടാനുള്ള വ്യക്തിയുടെ അവകാശം. അതിനുനേരെയുള്ള കടന്നാക്രമണമാണ് അമേരിക്കന്‍ നടപടി എന്നാണ് അംനെസ്റ്റി ഇന്‍റര്‍നാഷണലിെന്‍റ ഡയറക്ടര്‍ മൈക്കേല്‍ ബോഷെനെക്ക് വ്യക്തമാക്കിയത്.

ചൈനക്കാരും റഷ്യക്കാരുമായ നിരവധിയാളുകള്‍ക്ക് അമേരിക്ക രാഷ്ട്രീയ അഭയം നല്‍കിയിട്ടുണ്ട്. ചൈനയോ റഷ്യയോ ഒന്നും അതിനെതിരെ അമേരിക്ക ചെയ്യുന്നതുപോലെ ആക്രമണപരമായ നിലപാട് സ്വീകരിച്ചിരുന്നില്ല. അമേരിക്ക ഉയര്‍ത്തിപ്പിടിക്കുന്നതായി നടിക്കുന്ന പൗരാവകാശം, മനുഷ്യാവകാശം, നിയമവാഴ്ച, ജനാധിപത്യം, തുറന്ന സമൂഹം, വ്യക്തി സ്വാതന്ത്ര്യം ഇതെല്ലാം മൂലധന താല്‍പര്യത്തിനുമുന്നില്‍ കാറ്റില്‍പ്പറത്തുമെന്നും നഗ്നമായ ഫാസിസ്റ്റ് നടപടിയിലേക്ക് തിരിയാന്‍ മടിക്കില്ലെന്നുമുള്ളതിെന്‍റ ജീവിക്കുന്ന ഉദാഹരണങ്ങളാണ് ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ കഴിയുന്ന അസാഞ്ചെയും മോസ്കോ വിമാനത്താവളത്തില്‍ കഴിയുന്ന എഡ്വേര്‍ഡ് സ്നോഡനും. സ്നോഡന് ഏതെങ്കിലും രാജ്യം അഭയം നല്‍കിയാല്‍പ്പോലും മോസ്കോ വിമാനത്താവളത്തില്‍നിന്ന് പറന്നുയരുമ്പോള്‍ തന്നെ തട്ടിക്കൊണ്ടുപോകാനുള്ള സന്നാഹമൊരുക്കി കാത്തിരിക്കുകയാണ് അമേരിക്ക എന്നതിെന്‍റ വെളിപ്പെടുത്തലാണ് മൊറേത്സിനെ തടഞ്ഞുവെച്ച നടപടി.

*
ജി വിജയകുമാര്‍ ചിന്ത വാരിക

വഴിതെറ്റിയ ബാങ്കിങ് മേഖല

1969 ജൂലൈ 19നാണ് 50 കോടി രൂപയില്‍ കൂടുതല്‍ നിക്ഷേപമുള്ള 14 ബാങ്കുകളെ ദേശസാല്‍ക്കരിച്ചത്. അതോടെ അന്ന് രാജ്യത്തുണ്ടായിരുന്ന ബാങ്ക് നിക്ഷേപത്തിന്റെ 75 ശതമാനവും സര്‍ക്കാര്‍ നിയന്ത്രണത്തിലായി. 1980ല്‍ 200 കോടി രൂപ നിക്ഷേപമുള്ള എട്ടു ബാങ്കുകളെക്കൂടി ദേശസാല്‍ക്കരിച്ചു. ഇന്ത്യയുടെ സാമ്പത്തിക- സാമൂഹിക മണ്ഡലത്തിലാകെ ശ്രദ്ധേയമായ മാറ്റംവരുത്താന്‍ ബാങ്ക് ദേശസാല്‍ക്കരണത്തിലൂടെ കഴിഞ്ഞു. ടാറ്റ, ബിര്‍ള തുടങ്ങിയ സ്വകാര്യകുത്തകകളുടെ കൈപ്പിടിയിലായിരുന്ന ബാങ്കുകള്‍ ബഹുജന മധ്യത്തിലേക്ക് വന്നതോടെ അവയുടെ പ്രവര്‍ത്തനത്തിലും സമീപനത്തിലും മൗലികമായ മാറ്റമുണ്ടായി. പട്ടണത്തില്‍മാത്രം ഒതുങ്ങിയിരുന്ന ബാങ്കുകള്‍ ഗ്രാമങ്ങളിലും ശാഖ തുറക്കാന്‍ തുടങ്ങി. കാര്‍ഷിക മേഖലയ്ക്ക് വായ്പ അനുവദിക്കുന്നതും ബാങ്കുദേശസാല്‍ക്കരണത്തെതുടര്‍ന്നാണ്. മാത്രമല്ല, മൊത്തം ബാങ്കുവായ്പയുടെ 18 ശതമാനം കൃഷി ആവശ്യങ്ങള്‍ക്ക് നീക്കിവയ്ക്കണമെന്ന നിബന്ധന വന്നു. കൃഷി, വ്യവസായം, വ്യാപാരം, വിദ്യാഭ്യാസം, സേവനമേഖല എന്നിവയെ മുന്‍ഗണനാവിഭാഗമെന്ന് പട്ടികപ്പെടുത്തി അവയ്ക്ക് ബാങ്കുകള്‍ നല്‍കുന്ന ആകെ വായ്പയില്‍ 40 ശതമാനം നീക്കിവച്ചു. ജനങ്ങളുടെ നിക്ഷേപത്തിന്റെ നല്ലൊരുശതമാനം അങ്ങനെ രാഷ്ട്രനിര്‍മാണ പ്രക്രിയയിലേക്ക് വിന്യസിക്കാന്‍ കഴിഞ്ഞു.

ഇന്ത്യ മാത്രമല്ല, അറുപതുകളിലും എഴുപതുകളിലും ദേശസാല്‍ക്കരണം നടന്ന നിരവധി വികസ്വരരാജ്യങ്ങളുണ്ട്. ബംഗ്ലാദേശ്, ചൈന, ഇന്തോനേഷ്യ, കൊറിയ, നേപ്പാള്‍, ശ്രീലങ്ക അങ്ങനെപോകുന്നു ആ ലിസ്റ്റ്. എന്നാല്‍, 1989ലെ ലോക വികസന രേഖയില്‍ ഡസന്‍ കണക്കിന് രാജ്യങ്ങളില്‍ ധനമേഖലാ ഉദാരവല്‍ക്കരണം നടപ്പാക്കിയതിന്റെ അനുഭവകഥ വിവരിക്കുന്നുണ്ട്. അറുപതുകളിലും എഴുപതുകളിലും ദേശസാല്‍ക്കരിക്കപ്പെട്ട ബാങ്കുകള്‍ എണ്‍പതുകളില്‍ സ്വകാര്യവല്‍ക്കരിക്കപ്പെടുകയും ഉദാരീകരണം നടപ്പാക്കപ്പെടുകയും ചെയ്തതോടെ ഒട്ടനവധി രാജ്യങ്ങളില്‍ ബാങ്കുകള്‍ കുത്തുപാളയെടുത്തു. സമ്പദ്വ്യവസ്ഥകള്‍ക്ക് വന്‍ തകര്‍ച്ച നേരിട്ടു. പുനര്‍ദേശസാല്‍ക്കരണമായിരുന്നു പിന്നെയുള്ള മാര്‍ഗം. ദേശസാല്‍ക്കരണത്തില്‍നിന്ന് സ്വകാര്യവല്‍ക്കരണത്തിലേക്ക്, സ്വകാര്യവല്‍ക്കരണത്തില്‍നിന്ന് പുനര്‍ദേശസാല്‍ക്കരണത്തിലേക്ക്. "95 ഫെബ്രുവരിയില്‍ പുറത്തിറങ്ങിയ വേള്‍ഡ് ബാങ്ക് റിസര്‍ച്ച് ഒബ്സര്‍വറില്‍ ഉദാരവല്‍ക്കരണ നടപടികള്‍ക്കുശേഷം തകര്‍ന്നുപോയ ബാങ്കുകള്‍ സമ്പദ് വ്യവസ്ഥയില്‍വരുത്തിത്തീര്‍ത്ത കുഴപ്പങ്ങളെപ്പറ്റി വിവരിക്കുന്നു. ബൊളീവിയയിലെ 12 സ്വകാര്യ ബാങ്കുകളില്‍ രണ്ടെണ്ണം 1988ല്‍ ലിക്വിഡേറ്റ് ചെയ്യേണ്ടി വന്നു. ബ്രസീലിലും ഇക്വഡോറിലും പെറുവിലും വെനസ്വലയിലും ഉണ്ടായ ബാങ്കിങ് കുഴപ്പങ്ങള്‍ സമ്പദ് വ്യവസ്ഥകളെത്തന്നെ ബാധിച്ചു. പതിനഞ്ച് വര്‍ഷങ്ങള്‍ക്കകം 200 ലേറെ ബാങ്കുകളാണ് അര്‍ജന്റീനിയയില്‍ അടച്ചുപൂട്ടിയത്. ഇതില്‍ 100 ലേറെ ബാങ്കുകളെയും രക്ഷിക്കാനായി കേന്ദ്രബാങ്കിന് ഇടപെടേണ്ടിവന്നു.

ഉറുഗ്വേയില്‍ ബാങ്കോ ഡെല റിപ്പബ്ലിക്ക എന്ന സര്‍ക്കാര്‍ ബാങ്കാണ് തകര്‍ച്ച നേരിട്ട നാലു വന്‍ സ്വകാര്യ ബാങ്കുകളെ ഏറ്റെടുത്തത്. ചിലിയില്‍ ദേശസാല്‍ക്കരിക്കപ്പെട്ട ബാങ്കുകള്‍ സ്വകാര്യവല്‍ക്കരിച്ച് കിട്ടിയതോടെ മുന്‍മുതലാളിമാര്‍ ബാങ്കുകളാകെ കുത്തിച്ചോര്‍ത്തി കുട്ടിച്ചോറാക്കി. പെറുവില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബാങ്കോ ഡെല നാഷണലാണ് തകര്‍ന്നുകൊണ്ടിരുന്ന സ്വകാര്യബാങ്കുകളുടെ രക്ഷക്കെത്തിയത്. സമീപകാലാനുഭവങ്ങള്‍ പഠിപ്പിക്കുന്നതോ? 2007 ലെ സബ് പ്രൈം വായ്പാ പ്രശ്നങ്ങളെത്തുടര്‍ന്ന് തകര്‍ന്നടിഞ്ഞ 100 കണക്കിന് ബാങ്കുകള്‍ കോടിക്കണക്കിന് നിക്ഷേപകരെയാണ് കണ്ണീര്‍ കുടിപ്പിച്ചത്. ആര്‍ത്തിപൂണ്ട സ്വകാര്യ മൂലധനത്തിനെ കയറൂരി വിട്ടാലുണ്ടാകാവുന്ന ആപത്തുകള്‍ ബോധ്യപ്പെടുന്നതാണ്് ഈ അനുഭവങ്ങള്‍ ഓരോന്നും.

പഴയ പാലാ സെന്‍ട്രല്‍ ബാങ്കിന്റെ തകര്‍ച്ചയുടെ കഥകള്‍ നമ്മുടെ മനസ്സില്‍നിന്ന് ഇനിയും മാഞ്ഞു കഴിഞ്ഞിട്ടില്ല. അത്തരമൊരു അവസ്ഥയിലാണ് നാലരപ്പതിറ്റാണ്ട് മുമ്പ് രാജ്യത്തെ സമ്പദ്വ്യവസ്ഥയെയും നിക്ഷേപകരെയും രക്ഷിക്കാനായി നടത്തിയ നിയമനിര്‍മാണങ്ങളെല്ലാം തകര്‍ത്തെറിയുന്നത്. രക്ഷാവാല്‍വുകളാണ് ഊരിയെറിയുന്നത്. ഒന്നാം യുപിഎ സര്‍ക്കാരിന് ഇടതുപക്ഷ പിന്തുണ കൂടാതെ നിലനില്‍ക്കാനാവില്ല എന്ന രാഷ്ട്രീയ സാഹചര്യം അമേരിക്കന്‍ കുത്തകകളുടെ ഇടപെടലിനും വിലയ്ക്കെടുക്കലിനുംശേഷം മാറിക്കിട്ടിയല്ലോ. അതിനുള്ള പ്രത്യുപകാരമെന്ന നിലയ്ക്കാണ് വിദേശ പ്രത്യക്ഷ നിക്ഷേപത്തിന്റെ തോത് ബാങ്കിങ് മേഖലമുതല്‍ പ്രതിരോധമേഖലവരെ കൂട്ടിക്കൊടുക്കുന്നത്. അതിന് നാടന്‍ മുതലാളിമാരുടെ പിന്തുണ നേടിയെടുക്കാനാണ് സ്വകാര്യകോര്‍പറേറ്റുകള്‍ക്ക് ബാങ്കിങ് ലൈസന്‍സ് നല്‍കുന്നത്.

പഴയ പാലാ ബാങ്ക് മുതലാളിമാരും പുതിയ മുതലാളിമാരും പല ബ്ലേഡ് കമ്പനികളും ഒന്നിച്ച് ഈ രംഗത്തേക്ക് കടന്നുവന്നാല്‍ ബാങ്കിങ് മേഖലയ്ക്ക് എന്താണ് സംഭവിക്കുക എന്നറിയാന്‍ ഏറെ വിഷമിക്കേണ്ടതില്ല. പ്രാഥമിക സഹകരണ ബാങ്കുകളെ അടച്ചുപൂട്ടിക്കുക, പൊതുമേഖലാ ബാങ്കുകളുടെ വായ്പാനയം ജനവിരുദ്ധമാക്കുക, മൈക്രോഫിനാന്‍സിനെ കയറൂരിവിട്ട് സാമുദായിക സംഘടനകളുടെയും വര്‍ഗീയ സംഘടനകളുടെയും തല്‍ക്കാലത്തെ കൈയടി നേടുക, സ്വകാര്യമൂലധനതാല്‍പ്പര്യത്തിനനുസരിച്ച് സര്‍ഫൈസിപോലുള്ള നിയമങ്ങള്‍ മാറ്റിത്തീര്‍ക്കുക, ബാങ്കുകള്‍ക്ക് ഊഹക്കച്ചവടത്തിനുകൂടി അനുമതി നല്‍കുക, വിദേശികള്‍ക്ക് ഇന്ത്യന്‍ ബാങ്കുകളെ റാഞ്ചിക്കൊണ്ടുപോകാന്‍ അവസരമൊരുക്കുക, പൊതുമേഖലാ ബാങ്കുകളെ സ്വകാര്യമൂലധനത്തിന് അടിയറവയ്ക്കുക, ഇഷ്ടംപോലെ ലയനങ്ങളും ഏറ്റെടുക്കലുകളും നടത്താന്‍ പാകത്തില്‍ കോംപിറ്റീഷ്യന്‍ കമീഷന്റെ പരിധിയില്‍നിന്ന് ബാങ്കുകളെ ഒഴിവാക്കുക, അവയെ റിസര്‍വ് ബാങ്കിന്റെയും കേന്ദ്രവിജിലന്‍സ് കമീഷന്റെയും പാര്‍ലമെന്റിന്റെയും ഇടപെടലില്‍നിന്ന് രക്ഷിക്കാനാവശ്യമായ നിയമനിമാണങ്ങള്‍ നടത്തുക- അതെ, കേന്ദ്രസര്‍ക്കാരിന്റെ നീക്കങ്ങള്‍ വ്യക്തമാണ്. നെഹ്റുവിന് പറ്റിയ "തെറ്റുകള്‍" തിരുത്തിക്കൊണ്ടിരിക്കുന്നവര്‍ ഇന്ദിരാഗാന്ധിയുടെ "കൈത്തെറ്റുകളും" തിരുത്തുകതന്നെയാണ്.

*
എ കെ രമേശ് ദേശാഭിമാനി