Monday, January 7, 2013

വിലയ്ക്കെടുക്കപ്പെടുന്ന ജനാധിപത്യം

ഇന്ത്യയിലാകെ 28 സംസ്ഥാനങ്ങളിലും ഏഴ് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 4120 നിയമസഭാ മണ്ഡലങ്ങളുണ്ട്. ഒരു മണ്ഡലത്തിന് പത്തുലക്ഷം രൂപ എന്നതോതില്‍ കണക്കാക്കിയാല്‍ എല്ലാ മണ്ഡലത്തിനുമായി 412 കോടി രൂപ വേണ്ടിവരും. കേരളം താരതമ്യേന ചെറിയ സംസ്ഥാനമാണ്. 2011ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇവിടത്തെ 140 മണ്ഡലങ്ങളിലേക്ക് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പത്തുലക്ഷം രൂപ വീതം നല്‍കി എന്നാണ് ആധികാരികമായ വാര്‍ത്ത പുറത്തുവന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കുമാത്രമല്ല, ആ പാര്‍ടിയോടൊപ്പം നില്‍ക്കുന്ന മറ്റു പാര്‍ടികളുടെ പ്രതിനിധികള്‍ക്കും ഈ പണം ലഭിച്ചിട്ടുണ്ട്. ഇത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ കാര്യമാണെങ്കില്‍, ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്ഥിതി കൂടുതല്‍ ഭയാനകമാണ്. വടക്കന്‍ കേരളത്തിലെ ഒരു സ്ഥാനാര്‍ഥിക്കായി ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്തുനിന്ന് പെട്ടിയിലാക്കി കൊണ്ടുവന്ന പണത്തില്‍ ഒരു പങ്ക് കോണ്‍ഗ്രസ് നേതാവുതന്നെ തട്ടിയെടുത്തു എന്ന വാര്‍ത്തയാണ് അന്ന് വന്നത്. വിമാനത്താവളങ്ങള്‍ വഴിയും ട്രെയിന്‍ മാര്‍ഗവും കള്ളപ്പണപ്പെട്ടികള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കുവേണ്ടി വരുന്നതും അന്നത്തെ വാര്‍ത്തയായിരുന്നു.

അബദ്ധവശാല്‍ പുറത്തായ ഈ വിവരങ്ങള്‍ മഞ്ഞുമലയുടെ ഒരരികുമാത്രമാണ്. തെരഞ്ഞെടുപ്പിനായി കോണ്‍ഗ്രസ് ചെലവിടുന്ന പണത്തിന്റെ യഥാര്‍ഥ കണക്ക് സങ്കല്‍പ്പിക്കാനാവാത്തവിധം വലുതാണ്. സ്വന്തം പാര്‍ടിക്കാര്‍ക്കു പുറമെ, ഇതര പാര്‍ടിക്കാര്‍ക്ക് ദാനമായി കണക്കില്‍പ്പെടുത്തിയ പത്തുലക്ഷം വീതം നല്‍കണമെങ്കില്‍, കണക്കില്ലാതെ എത്ര വന്നിട്ടുണ്ടാകുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. പൊതുതെരഞ്ഞെടുപ്പില്‍ മാത്രമല്ല പണത്തിന്റെ പ്രളയം. ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും ഓരോ പ്രതിസന്ധി വരുമ്പോഴും കോടികള്‍ വാരിയെറിഞ്ഞാണ് കോണ്‍ഗ്രസ് രക്ഷപ്പെടാറുള്ളത്. പാര്‍ടികളെ ഒന്നടങ്കം കോഴകൊടുത്ത് വശത്താക്കി സഭയില്‍ സര്‍ക്കാരിനെ രക്ഷിച്ച കഥകള്‍ ഒന്നും രണ്ടുമല്ല. നേരിയ ഭൂരിപക്ഷം എന്ന ഭീഷണി തരണംചെയ്യാന്‍ കേരളത്തിലും പണംകൊടുത്ത് കൂറുമാറ്റം നടത്താന്‍ കോണ്‍ഗ്രസ് തയ്യാറായതും രഹസ്യമല്ല.

കൊട്ടിഘോഷിക്കപ്പെടുന്ന ഇന്ത്യന്‍ ജനാധിപത്യത്തിന്റെ തകര്‍ച്ചയിലേക്കാണ് ഈ പണക്കൊഴുപ്പ് വിരല്‍ചൂണ്ടുന്നത്. എവിടെ നിന്നാണീ പണം വരുന്നത് എന്ന അന്വേഷണം വമ്പന്‍ അഴിമതിയുടെയും വന്‍കിട ബിസിനസുകാര്‍ക്ക് കീഴ്പ്പെട്ട് രാജ്യത്തെ കൊള്ളയ്ക്കായി തുറന്നുകൊടുക്കുന്ന ബൂര്‍ഷ്വാ രാഷ്ട്രീയത്തിന്റെയും ഇരുട്ടറകളിലേക്കാണ് നമ്മെ നയിക്കുക. രാജ്യത്ത് വന്‍കിട ബിസിനസുകാരും രാഷ്ട്രീയക്കാരും തമ്മിലുള്ള അവിശുദ്ധസഖ്യം സുദൃഢമായിരിക്കുന്നു. വന്‍കിട ബൂര്‍ഷ്വാസിയുടെയും വിദേശ മൂലധനത്തിന്റെയും ഇംഗിതങ്ങള്‍ക്കൊത്ത് കറങ്ങുന്ന ഭരണചക്രമാണ് ഇന്ത്യയിലിന്ന്. തെരഞ്ഞെടുപ്പുകളില്‍ പണമൊഴുക്കുന്നതും അതിനായി ചാലുകീറുന്നതും ഈ അവിശുദ്ധസഖ്യമാണ്.

കോണ്‍ഗ്രസും ബിജെപിയുമടക്കമുള്ള ബൂര്‍ഷ്വാ പാര്‍ടികള്‍ സ്ഥാനാര്‍ഥികളെ തെരഞ്ഞെടുക്കുന്നതുപോലും പണക്കൊഴുപ്പിന്റെ അടിസ്ഥാനത്തിലാണ്. പെയ്മെന്റ് സീറ്റുകളെക്കുറിച്ച് ആ പാര്‍ടികള്‍ക്കകത്തുനിന്നുതന്നെ വെളിപ്പെടുത്തലുകള്‍ ഒട്ടേറെയുണ്ടായിട്ടുണ്ട്. രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെയും ജനകീയ പ്രശ്നങ്ങളിലെ ഇടപെടലിന്റെയും ഭാഗമായി ജനപിന്തുണ ആര്‍ജിക്കുന്നതിന് പകരം, വോട്ടുബാങ്ക് രാഷ്ട്രീയവും വോട്ട് വിലയ്ക്കു വാങ്ങലുമാണ് ബൂര്‍ഷ്വാ പാര്‍ടികളുടെ എളുപ്പവഴി. വോട്ടര്‍മാര്‍ക്ക് പണം വിതരണംചെയ്യുന്നത് അവര്‍ അംഗീകൃത രീതിയാക്കി. ജാതി- മത സങ്കുചിത കൂട്ടുകെട്ടുകളിലൂടെ വോട്ടു നേടുന്നതിന്റെ പിന്നിലും ഇത്തരം പണത്തിന്റെ സ്വാധീനമുണ്ടാകുന്നു. നേതൃത്വത്തെ പണംകൊടുത്ത് വിലയ്ക്കെടുത്താല്‍ അണികളുടെ വോട്ട് കൂട്ടത്തോടെ ലഭിക്കുമെന്ന് അവര്‍ കരുതുന്നു. ജനാധിപത്യ സമ്പ്രദായത്തിനുതന്നെ ഗുരുതരവിപത്തായിമാറിയ ഈ രീതികള്‍ കേരളത്തില്‍ യുഡിഎഫ് നടപ്പാക്കിയതിന്റെ അനിഷേധ്യതെളിവുകളാണ് ഇപ്പോള്‍ ജനങ്ങള്‍ക്കുമുന്നിലുള്ളത്.

അഴിമതിയിലൂടെ കുന്നുകൂട്ടുന്ന പണം അധികാരം വിലയ്ക്കുവാങ്ങാനുപയോഗിക്കുക; അങ്ങനെ ലഭിക്കുന്ന അധികാരം കൂടുതല്‍ അഴിമതിക്കുള്ള അരങ്ങാക്കി മാറ്റുക എന്ന അപകടകരമായ അവസ്ഥ നിലനില്‍ക്കുന്നുവെന്ന് കോണ്‍ഗ്രസിന്റെയും മുസ്ലിം ലീഗുള്‍പ്പെടെയുള്ള പാര്‍ടികളുടെയും നേതൃത്വംതന്നെ സമ്മതിച്ചിരിക്കുന്നു എന്നതാണ് പുതിയ വിവാദത്തിന്റെ സവിശേഷത. ""തെരഞ്ഞെടുപ്പില്‍ മുസ്ലിംലീഗ് കോണ്‍ഗ്രസിനും പണം നല്‍കിയിട്ടുണ്ടെന്നാ""ണ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഈ വിവാദത്തോട് പ്രതികരിക്കവെ വെളിപ്പെടുത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പു ചെലവിനായി എഐസിസി ലീഗിന് പണം നല്‍കിയത് അദ്ദേഹം സമ്മതിക്കുകയുംചെയ്തു. എന്തായാലും ലീഗ് കോണ്‍ഗ്രസിന് നല്‍കിയ പണത്തിന്റെ കണക്ക് ഇതുവരെ എവിടെയും പുറത്തുവന്നിട്ടില്ല; രേഖപ്പെടുത്തിയതായി വിവരവുമില്ല. മുസ്ലിംലീഗിന് കോണ്‍ഗ്രസ് നല്‍കിയത് 2.40 കോടി രൂപയാണ്. ഈ തുകയുടെ പരിശോധന നടത്തുമ്പോള്‍ വ്യക്തമാകുന്നത് ലീഗില്‍നിന്ന് മത്സരിച്ച 24 സ്ഥാനാര്‍ഥികള്‍ക്കും പത്തു ലക്ഷം രൂപ വീതം നല്‍കി എന്നാണ്. ഇതിനര്‍ഥം ലീഗ് എന്ന പാര്‍ടിക്കല്ല സ്ഥാനാര്‍ഥികള്‍ക്കാണ് പണം നല്‍കിയത് എന്നതാണ്. അതുകൊണ്ടുതന്നെ പാര്‍ടിക്കാണ് സംഭാവന നല്‍കിയത് എന്ന വാദം നിലനില്‍ക്കുന്നതല്ല. കോണ്‍ഗ്രസില്‍നിന്ന് പത്തുലക്ഷം രൂപ വീതം വാങ്ങി നിയമസഭയിലെത്തിയ ലീഗ് നേതാക്കള്‍ ഭരണത്തില്‍ കോണ്‍ഗ്രസ് നടത്തുന്ന ഏതു കൊള്ളരുതായ്മയ്ക്കും അത് ജനവിരുദ്ധമായാലും സമുദായ വിരുദ്ധമായാലും കൂട്ടുനില്‍ക്കേണ്ടിവരും. ലീഗ് എംഎല്‍എമാരും മന്ത്രിമാരും കോണ്‍ഗ്രസിനാല്‍ വിലയ്ക്കെടുക്കപ്പെട്ടവരാണ് എന്നാണതിനര്‍ഥം. ഒരു രാഷ്ട്രീയ പാര്‍ടിക്ക് ഇതിലേറെ ഗതികേട് വരാനില്ല.

ജനാധിപത്യ വ്യവസ്ഥിതിയെ സംരക്ഷിക്കാനും രാഷ്ട്രീയ അഴിമതി തടയാനും തെരഞ്ഞെടുപ്പ് പരിഷ്കാരങ്ങള്‍ തികച്ചും അനിവാര്യമാണ് എന്ന സിപിഐ എമ്മിന്റെ നിലപാടിന് കൂടുതല്‍ പ്രസക്തി കൈവരുന്ന ഘട്ടമാണിത്. തെരഞ്ഞെടുപ്പുകളില്‍ പണക്കൊഴുപ്പിന്റെയും നിയമവിരുദ്ധമായ പണത്തിന്റെയും ഉപയോഗത്തിനെതിരെ തെരഞ്ഞെടുപ്പ് ചട്ടങ്ങളില്‍ കര്‍ക്കശമായ വകുപ്പുകള്‍ ഉണ്ടാക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. തെരഞ്ഞെടുപ്പ് സമ്പ്രദായത്തില്‍ അടിസ്ഥാനപരമായ പരിഷ്കരണം കൊണ്ടുവന്നില്ലെങ്കില്‍, ഇത്തരം വിലയ്ക്കെടുക്കപ്പെടുന്നവരുടെ ഭരണവും കൊള്ളയും തുടരും. അത് നാടിനെ അത്യാപത്തിലേക്ക് നയിക്കുകയുംചെയ്യും.

*
ദേശാഭിമാനി മുഖപ്രസംഗം 07 ജനുവരി 2013

No comments: