Friday, January 4, 2013

മൂലധനത്തിന്റെ ബലപ്രയോഗങ്ങള്‍

സ്പെക്ട്രം, കല്‍ക്കരി ഖനികള്‍, തണ്ണീര്‍ തടാകങ്ങള്‍, കൃഷിഭൂമി തുടങ്ങിയ പ്രകൃതിവിഭവങ്ങളുടെ കൈമാറ്റത്തില്‍ സര്‍ക്കാര്‍ കൈക്കൊണ്ട അത്യുദാര സമീപനം, ആദിമ മൂലധന സഞ്ചയനം സംബന്ധിച്ച മാര്‍ക്സിന്റെ വിശകലനം ഏറെ പ്രസക്തമാകുന്നുണ്ട്. "മൂലധ"ത്തിന്റെ 26-ാം അധ്യായം ആദിമ മൂലധനസഞ്ചയനം സംബന്ധിച്ചാണ്. തുടര്‍ന്ന് അഞ്ച് അധ്യായങ്ങള്‍, ബലപ്രയോഗവും ഭരണകൂടപിന്തുണയും ഉപയോഗിച്ച് എപ്രകാരമാണ് കൃഷിക്കാര്‍ അവരുടെ കൃഷിപ്പാടങ്ങളില്‍നിന്ന് ആട്ടിപ്പായിക്കപ്പെട്ടത് എന്നു വിശദമാക്കുന്നു.

14-16 നൂറ്റാണ്ടുകളില്‍ ഇംഗ്ലണ്ടില്‍ അരങ്ങേറിയ സംഭവങ്ങള്‍ മാര്‍ക്സ് സവിസ്തരം പരിശോധിക്കുന്നുണ്ട്. മൂലധനം പ്രയോഗിച്ച് മിച്ചമൂല്യം സൃഷ്ടിക്കുക, മിച്ചമൂല്യം നിക്ഷേപിച്ച് മൂലധനം പെരുപ്പിക്കുക, വീണ്ടും മൂലധനം പ്രയോഗിച്ച് മിച്ചമൂല്യം വളര്‍ത്തുക - ആവര്‍ത്തിക്കുന്ന ഈ പ്രക്രിയയാണ് മൂലധന സഞ്ചയനം. തകരാറുപിടിച്ച ഒരുതരം വട്ടംചുറ്റലിനെക്കുറിച്ച് രസകരമായി വര്‍ണിച്ചുകൊണ്ടാണ് 26-ാം അധ്യായം ആരംഭിക്കുന്നത്. മാങ്ങയുടെ അണ്ടിയാണോ മാവാണോ ആദ്യമുണ്ടായത് എന്ന് ചോദിക്കാറില്ലേ? പെട്ടെന്ന് ഉത്തരംപറയാന്‍ കഴിയാത്ത ചോദ്യമാണിത്. മിച്ചമൂല്യമാണ് മുതലാളിത്ത വളര്‍ച്ചയുടെ അടിസ്ഥാനം. മിച്ചമൂല്യമുണ്ടാകണമെങ്കില്‍ മൂലധനം വേണം. മൂലധനമുണ്ടാകണമെങ്കില്‍ മിച്ചമൂല്യവും. ഏതാണ് ആദ്യം? ബൈബിളിലിലെ ആദിപാപത്തിന്റെ ഉദാഹരണം മാര്‍ക്സ് ഇവിടെ രസകരമായി ഉദ്ധരിക്കുന്നുണ്ട്. ഏതായാലും ഏതെങ്കിലും ഒന്ന് ആദ്യം ഉണ്ടായേ തീരു. അതായത് മുതലാളിത്തപരമായ ഉല്‍പാദനം നടക്കുന്നതിനുമുമ്പേ മൂലധനസഞ്ചയനം നടക്കണം. അപ്രകാരം നടക്കുന്ന മൂലധന സഞ്ചയനമാണ് ആദിമ മൂലധനസഞ്ചയനം.

ക്ലാസിക്കല്‍ അര്‍ഥശാസ്ത്രകാരനായ ആദം സ്മിത്താണ് (1776 - wealth of Nations)ആദിമ മൂലധനസഞ്ചയനത്തെക്കുറിച്ച് ആദ്യംപറഞ്ഞത്. previous capital accumulation (പൂര്‍വ മൂലധനസഞ്ചയനം) എന്ന വാക്കാണ് ആദം സ്മിത്ത് ഉപയോഗിച്ചത്. മാര്‍ക്സാകട്ടെ primitive capital accumulation (ആദിമ മൂലധന സഞ്ചയനം) എന്നും. ആദം സ്മിത്തിന്റെ അഭിപ്രായത്തില്‍ ആളുകള്‍ രണ്ടുതരക്കാരാണ്. അധ്വാനശാലികളും ബുദ്ധിശാലികളും കുറച്ചുമാത്രം ചെലവിടുന്നവരുമാണ് ഒരു കൂട്ടര്‍. മടിയന്മാരും ബുദ്ധിശൂന്യരും ധാരാളികളും കലഹപ്രിയരുമാണ് മറുകൂട്ടര്‍. ആദ്യത്തെ കൂട്ടര്‍ ധനം സമ്പാദിക്കുമ്പോള്‍ രണ്ടാമത്തെ കൂട്ടര്‍ ധനം സമ്പാദിക്കാത്തതുമൂലം തങ്ങളെത്തന്നെ വില്‍ക്കാന്‍ നിര്‍ബന്ധിതരാകുന്നു. ധനം സമ്പാദിച്ചുകൂട്ടുന്നവര്‍ വേല ചെയ്യുന്നതു നിര്‍ത്തിയാലും അവരുടെ ധനം തുടര്‍ച്ചയായി വര്‍ധിച്ചുകൊണ്ടിരിക്കും. ആദം സ്മിത്തിന്റെ വിശകലനം തികച്ചും ബാലിശമാണെന്ന കാര്യത്തില്‍ സംശയമില്ല. ചരിത്രത്തില്‍ മൂലധന സഞ്ചയനം നടന്നിട്ടുള്ളത് കീഴടക്കല്‍, അടിമകളാക്കല്‍, കൊലപാതകം, കവര്‍ച്ച, ബലപ്രയോഗം തുടങ്ങി നാനാ മാര്‍ഗങ്ങളിലൂടെയാണ്. ആ മാര്‍ഗങ്ങള്‍ ഇപ്പോഴും സ്വീകരിക്കപ്പെടുന്നു. ഭരണകൂടം പണ്ടും മൂലധന സഞ്ചയനത്തെ നിയമങ്ങളും ബലപ്രയോഗവും ഉപയോഗിച്ച് പിന്തുണച്ചിട്ടുണ്ടെങ്കിലും രീതിശാസ്ത്രം പ്രകടമായി മാറിയിരിക്കുന്നു. നവഉദാരവല്‍ക്കരണനയം സര്‍ക്കാരിനെ ഒഴിവാക്കുന്നില്ല; സര്‍ക്കാരിന് പുതിയ ചുമതലകള്‍ ഏല്‍പിക്കുകയാണ്. ഉല്‍പാദന-വിതരണ രംഗങ്ങളില്‍നിന്നും സര്‍ക്കാര്‍ പിന്‍വലിയുന്നു. മൂലധന വളര്‍ച്ചക്ക് പശ്ചാത്തലമൊരുക്കുന്ന ചുമതല ഏറ്റെടുക്കുന്നു.

മിച്ചമൂല്യത്തെ ഇങ്ങനെ വിശദമാക്കാം. ആകെ മൂലധന നിക്ഷേപത്തിന്റെ ഒരു ഭാഗം (അതും ഗണ്യമായ ഭാഗം), പണിശാലകള്‍, ഓഫീസുകള്‍, യന്ത്രങ്ങള്‍, അസംസ്കൃത വസ്തുക്കള്‍ എന്നിവയ്ക്കു ചെലവാക്കപ്പെടുന്നു. മറുഭാഗം, അധ്വാനശേഷി വിലയ്ക്കു വാങ്ങാന്‍ കൂലിയായി ചെലവാക്കപ്പെടുന്നു. തൊഴിലാളികള്‍ അവര്‍ക്കു ലഭിക്കുന്ന കൂലിയേക്കാള്‍ കൂടുതല്‍ ഉല്‍പാദിപ്പിക്കുന്നു. അതാണ് മിച്ചമൂല്യം. തൊഴിലാളികള്‍ക്ക് മാത്രമേ അവരുടെ മൂല്യത്തേക്കാള്‍ (കൂലിയേക്കാള്‍) കൂടുതല്‍ ഉല്‍പാദിപ്പിക്കാന്‍ കഴിയൂ. യന്ത്രങ്ങളും അസംസ്കൃത വസ്തുക്കളും മറ്റും അവയ്ക്കുള്ളതിനേക്കാള്‍ അധികമൂല്യം ഉല്‍പാദിപ്പിക്കുന്നില്ല. ഉല്‍പാദനപ്രക്രിയയില്‍ അവയ്ക്കു നഷ്ടപ്പെടുന്ന മൂല്യം, ഉല്‍പന്നത്തിന്റെ അഥവാ, ചരക്കിന്റെ ഭാഗമായി മാറുകയാണ് ചെയ്യുന്നത്. തൊഴിലാളികള്‍ക്ക് എത്രമേല്‍ കൂലി കുറച്ചു നല്‍കുന്നുവോ, അല്ലെങ്കില്‍, അവരുടെ ഉത്പാദനക്ഷമത എത്രമേല്‍ ഉയര്‍ത്തുന്നുവോ, അത്രമേല്‍ മിച്ചമൂല്യവും വളരും; മൂലധന സഞ്ചയനവും പുരോഗമിക്കും.

പണ്ട് പണവും സാധനങ്ങളും മൂലധനമായിരുന്നില്ല. ഉല്‍പാദനോപാധികളും (ഉദാ: കൃഷിഭൂമി, കലപ്പ തുടങ്ങിയവ) മൂലധനമായിരുന്നില്ല. ഉല്‍പാദനോപാധികള്‍ ഉപയോഗിച്ച് സാധനങ്ങള്‍ ഉണ്ടാക്കി; സാധനങ്ങള്‍ വിറ്റുകിട്ടുന്ന പണം ഉപയോഗിച്ച് മറ്റു സാധനങ്ങള്‍ വാങ്ങി ഉപയോഗിച്ചുപോന്നു. സാധനങ്ങള്‍ നിര്‍മിക്കുന്നവര്‍ തന്നെയായിരുന്നു ഉല്‍പാദനോപാധികളുടെയും ഉടമകള്‍ അല്ലെങ്കില്‍ കൈവശാവകാശികള്‍. ചൂഷണഉപാധിയാണ് മൂലധനം. അങ്ങനെ ചൂഷണം ചെയ്യണമെങ്കില്‍, ഉല്‍പാദനോപാധികളുടെ ഉടമകളെന്നും അധ്വാനശേഷി വിറ്റ് ജീവിക്കുന്നവരെന്നുമെന്ന നിലയില്‍ സമൂഹം വേര്‍പിരിയണം. പരസ്പരം ബന്ധപ്പെട്ട രണ്ടു കാര്യങ്ങള്‍ ഇവിടെ സംഭവിക്കുന്നു. ഉല്‍പാദകര്‍ക്ക് ഉത്പാദനോപാധികളുടെ മേല്‍ അവകാശം നഷ്ടപ്പെടുക എന്നതാണ് ഒന്നാമത്തേത്. കേവലം ഉപകരണങ്ങള്‍ എന്നല്ലാതെ, അധ്വാനശേഷി വില്‍ക്കാന്‍ സ്വാതന്ത്ര്യമുള്ളവരാകുക എന്നതാണ് രണ്ടാമത്തേത്. അടിമകളെയും കുടിയാന്മാരെയും സ്വതന്ത്രരാക്കുന്ന (emancipation) പ്രക്രിയ ചരിത്രത്തില്‍ നടന്നിട്ടുള്ളത് മുതലാളിത്ത വികസനത്തിന് കളമൊരുക്കലായിട്ടാണ്. കേരളത്തില്‍ ജാതീയമായ അടിച്ചമര്‍ത്തലുകള്‍ക്കെതിരെ നടന്ന സാമുദായിക പരിഷ്കാരങ്ങള്‍ ആ ദിശയില്‍ ഉള്ളവയായിരുന്നു. ഉള്ളവരും ഇല്ലാത്തവരും തമ്മില്‍ വ്യത്യാസമില്ലാതാക്കുക സാമുദായിക പരിഷ്കരണത്തിന്റെ ലക്ഷ്യമായിരുന്നില്ല.

മാര്‍ക്സിനെത്തന്നെ ഉദ്ധരിക്കാം: ""മുതലാളിത്ത സമ്പ്രദായത്തിന്റെ മുന്നോടിയായി, തൊഴിലാളികളെ എല്ലാവിധ ഉല്‍പാദനോപകരണങ്ങളില്‍നിന്നും വേര്‍പെടുത്തുന്നു. മുതലാളിത്തപരമായ ഉല്‍പാദനം ഒരിക്കല്‍ അതിന്റെ സ്വന്തം കാലിന്മേല്‍ നില്‍ക്കുന്നതോടുകൂടി ഈ വേര്‍പെടുത്തലിനെ നിലനിര്‍ത്തുക മാത്രമല്ല ചെയ്യുന്നത്. നിരന്തരമായി വര്‍ധിച്ചുകൊണ്ടിരിക്കുന്ന തോതില്‍ അതിനെ പ്രത്യുല്‍പാദിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തൊഴിലാളികളില്‍നിന്നും അവരുടെ ഉല്‍പാദനോപകരണങ്ങളുടെ അവകാശങ്ങളെ എടുത്തുകളയുക എന്നതുതന്നെയാണ് മുതലാളിത്ത സമ്പ്രദായത്തിന്റെ ആവിര്‍ഭാവത്തിനുള്ള വഴി. അപ്പോള്‍ ആദിമ മൂലധനസഞ്ചയനം എന്നാല്‍ ഉല്‍പാദകരില്‍നിന്നും ഉല്‍പാദനോപകരണങ്ങളെ വേര്‍പെടുത്തുന്ന ചരിത്രപരമായ പ്രവര്‍ത്തനമല്ലാതെ മറ്റൊന്നുമല്ല"". ഗ്രാമീണ കര്‍ഷകരെ അവരുടെ ജീവിതമാര്‍ഗങ്ങളില്‍നിന്നും പറിച്ചെറിയുന്ന പ്രക്രിയയാണത്.

ആദിമ മൂലധനസഞ്ചയനത്തിന്റെ വിവിധ മാര്‍ഗങ്ങള്‍ ഇംഗ്ലണ്ടിന്റെ ഉദാഹരണങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് മാര്‍ക്സ് വിശദമാക്കുന്നുണ്ട്. ഉയര്‍ന്നുവന്ന വ്യവസായി വിഭാഗം, ഭരണകൂടത്തിന്റെ ഭൂസ്വത്തുക്കള്‍ കൗശലപൂര്‍വം തങ്ങളുടേതാക്കി മാറ്റി. പള്ളിവക സ്വത്തുക്കള്‍ അവര്‍ കൊളളചെയ്തു. പൊതുനിലങ്ങള്‍ വളച്ചുകെട്ടി (enclosure movement) തങ്ങളുടെ അധീനതയിലാക്കി. വീടുകളും കൃഷിപ്പാടങ്ങളും അടിച്ചുനിരപ്പാക്കി (clearing of estates) ലക്ഷക്കണക്കിനു ചെറുകിട കൃഷിക്കാരെ ആട്ടിപ്പായിച്ചു. അധ്വാനശേഷി വില്‍ക്കാന്‍ അവരെ നിര്‍ബന്ധിതരാക്കി. (15-ാം നൂറ്റാണ്ടില്‍ ഇംഗ്ലണ്ടില്‍ ചെറുകിട ഉല്‍പാദകരായിരുന്നു ജനസംഖ്യയില്‍ മഹാഭൂരിപക്ഷം എന്ന് സ്ഥിതിവിവരക്കണക്കുകള്‍ ഉദ്ധരിച്ച് മാര്‍ക്സ് സമര്‍ഥിക്കുന്നു).

ജന്മി-നാടുവാഴി സ്വത്തുക്കളെയും ഗോത്ര സ്വത്തുക്കളെയും അപഹരിച്ച് സ്വകാര്യ സ്വത്താക്കി. ""മുതലാളിത്തപരമായ കൃഷിക്കുവേണ്ടി അവര്‍ വയലുകളെ കീഴടക്കി. ഭൂമിയെ മൂലധനത്തിന്റെ പ്രധാന ഘടകമാക്കിത്തീര്‍ത്തു. അതുവഴി നഗരവ്യവസായങ്ങള്‍ക്ക് ആവശ്യമായ നഗരസംരക്ഷകളില്‍ നിന്നും ഒഴിവാക്കപ്പെട്ട കൂലി വേലക്കാരെ വേണ്ടിടത്തോളം സൃഷ്ടിച്ചുവിടുകയും ചെയ്തു"".

മുതലാളിത്ത ഉല്‍പാദനരീതിയുടെ ഉത്ഭവഘട്ടത്തില്‍ ബൂര്‍ഷ്വാസി കൂലി നിയന്ത്രിക്കുന്നതിനും ജോലിസമയം ദീര്‍ഘിപ്പിക്കുന്നതിനും ഭരണകൂടത്തിന്റെ പിന്തുണ ഉപയോഗപ്പെടുത്തി. ആദിമ മൂലധനസഞ്ചയനത്തിന്റെ പ്രമുഖ രീതികളിലൊന്നാണിത്. അതായത്, കൃഷിക്കാരെ അവരുടെ കൃഷിപ്പാടങ്ങളില്‍നിന്ന് അടിച്ചോടിക്കുന്നതു മാത്രമല്ല ആദിമ മൂലധനസഞ്ചയനം. ആദിമ മൂലധനസഞ്ചയനം പല രൂപങ്ങള്‍ കൈക്കൊള്ളാം. കോളനിഭരണം ഒരു പ്രമുഖ രീതിയാണ്. ബ്രിട്ടീഷ് വ്യവസായങ്ങള്‍ക്കുവേണ്ട അസംസ്കൃത വസ്തുക്കളുടെ ഉറവിടമായും വിദേശ ഉല്‍പന്നങ്ങള്‍ക്ക് വിപണിയായും ഇന്ത്യയെ മാറ്റുകയാണ് കോളനിഭരണം ചെയ്തത്. ഒന്നുരണ്ടു ഉദാഹരണങ്ങള്‍ ഉദ്ധരിക്കാം. നീലം കയറ്റുമതി പ്രോത്സാഹിപ്പിക്കുവാന്‍ ഈസ്റ്റ്ഇന്ത്യാ കമ്പനി നൂറുകണക്കിന് യൂറോപ്യന്‍ തോട്ടമുടമകളെ ബംഗാളില്‍ അധിവസിപ്പിച്ചു. അവര്‍ക്ക് കുറഞ്ഞ വിലയ്ക്ക് ഭൂമി നല്‍കി. തോട്ടമുടമകള്‍ തങ്ങളുടെ കീഴിലെ കൃഷിക്കാരെ നിലം കൃഷിചെയ്യുവാന്‍ നിര്‍ബന്ധിച്ചു. കുറഞ്ഞ വിലയ്ക്ക് നീലം വാങ്ങി കയറ്റുമതിചെയ്ത് കൊള്ളലാഭം നേടി. സെമീന്ദാര്‍മാരെയും നീലം കൃഷിചെയ്യുവാന്‍ നിര്‍ബന്ധിച്ചു. അതേപോലെ പേരുകേട്ട ഇന്ത്യന്‍ വസ്ത്രങ്ങളും സില്‍ക് തുണിത്തരങ്ങളും കുറഞ്ഞ വിലയ്ക്ക് വാങ്ങി കയറ്റുമതിചെയ്ത് ബ്രിട്ടീഷ് മുതലാളികള്‍ വന്‍ ലാഭമുണ്ടാക്കി. വ്യാവസായികമായി ബ്രിട്ടന്‍ മുന്നേറാന്‍ തുടങ്ങിയപ്പോള്‍ നയം മാറ്റി. ഇന്ത്യന്‍ കയറ്റുമതി ഉല്‍പന്നങ്ങളുടെമേല്‍ ഉയര്‍ന്ന കയറ്റുമതി ചുങ്കം ചുമത്തി കയറ്റുമതി നിരുത്സാഹപ്പെടുത്തി. ബ്രിട്ടീഷ് ഇറക്കുമതി ഉല്‍പന്നങ്ങളുടെ ഇറക്കുമതി കുറച്ച് ഇറക്കുമതി പ്രോത്സാഹിപ്പിച്ചു.

സ്വതന്ത്ര ഇന്ത്യ ഒരു വികസിത മുതലാളിത്ത രാജ്യമല്ല. മുതലാളിത്ത ഉല്‍പാദനരീതി സ്വീകരിച്ച രാജ്യമാണ്. ചെറുകിട ഉല്‍പാദകരില്‍നിന്നും തൊഴിലാളികളില്‍നിന്നും സ്വത്തും വരുമാനവും വന്‍കിടക്കാരിലേക്ക് കൈമാറ്റംചെയ്യപ്പെടുന്നത് എങ്ങനെയെന്ന് പ്രൊഫ. പ്രഭാത് പട്നായിക് (ഫ്രണ്ട്ലൈന്‍ ദൈ്വവാരിക, ഒക്ടോ: 5, (2012) സൂചിപ്പിക്കുന്നുണ്ട്.

വന്‍കിടക്കാര്‍ക്ക് നികുതി ഇളവുകളും ഇതര ആനുകൂല്യങ്ങളും നല്‍കുകയാണ് ഒരു രീതി. ആദായനികുതി, കോര്‍പറേറ്റ് നികുതി, കസ്റ്റംസ് തീരുവ, എക്സൈസ് തീരുവ എന്നീ ഇനങ്ങളില്‍ 2005-06ല്‍ 2,29,108 കോടി രൂപയുടെ ഇളവുകള്‍നല്‍കി. 2010-11ല്‍ അത് 4,60,972 കോടി രൂപയായി ഉയര്‍ന്നു. അഞ്ചുകൊല്ലത്തിനിടക്ക് നല്‍കപ്പെട്ടത് 21,25,023 കോടി രൂപയുടെ ആനുകൂല്യങ്ങളാണ്. (വിവിധ വര്‍ഷങ്ങളിലെ ഇക്കണോമിക് സര്‍വേകള്‍). കോര്‍പറേറ്റ് നികുതി ഇളവുകള്‍ മാത്രം 3,74,937 കോടി രൂപയുടെയാണ്. 2010-11ല്‍ നല്‍കപ്പെട്ടത് 88,263 കോടി രൂപയുടെ ഇളവുകള്‍. അതേവര്‍ഷം ഭക്ഷ്യ സബ്സിഡി ഇനത്തില്‍ ചെലവാക്കിയത് 62,929 കോടി രൂപ മാത്രമായിരുന്നു. ആകെ നികുതി ഇളവുകളുടെ പകുതിയിലേറെ കസ്റ്റംസ് തീരുവ ഇനത്തിലാണ്. വ്യാജകയറ്റുമതി രേഖകള്‍ നിര്‍മിച്ചു, ഇറക്കുമതി കുറച്ചുകാണിച്ചും വിദേശ ബാങ്കുകളിലെ കള്ളപ്പണമുപയോഗിച്ച് കച്ചവടം നടത്തിയും ആണ് മുഖ്യമായും ആനുകൂല്യങ്ങള്‍ നേടിയെടുത്തത്.

ചെറുകിട-നാമമാത്ര ഉല്‍പാദകരില്‍നിന്നും തൊഴിലാളികളില്‍നിന്നും സ്വത്തും വരുമാനവും കൈമാറ്റുന്നതിനു സ്വീകരിക്കുന്ന രണ്ടു പ്രധാന മാര്‍ഗങ്ങളാണ് സബ്സിഡി ഒഴിവാക്കലും വ്യാപാര കരാറുകളും. സബ്സിഡികള്‍ സാധാരണക്കാര്‍ക്കുള്ള കൈത്താങ്ങാണ്. സബ്സിഡിയുടെ അഭാവത്തില്‍ ജനങ്ങള്‍ കൂടുതല്‍ തുക ചെലവാക്കേണ്ടിവരും. രാസവളത്തിന്റെ ഉദാഹരണമെടുക്കാം. 2010 മാര്‍ച്ചില്‍ 50 കിലോഗ്രാം തൂക്കം വരുന്ന ഒരു ചാക്ക് കോംപ്ലക്സ് വളത്തിന്റെ വില 427 രൂപയായിരുന്നു. സബ്സിഡി ഒഴിവാക്കപ്പെട്ടതുമൂലം ഇപ്പോള്‍ വില 1020 രൂപയാണ്. അര്‍ഥം ലളിതമാണ്. കൃഷിക്കാരില്‍നിന്ന് രാസവളം ഉല്‍പാദിപ്പിക്കുന്ന മുതലാളികളിലേക്ക് വരുമാനം കൈമാറ്റം ചെയ്യപ്പെട്ടു. ഒന്നാം യുപിഏ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 37 രൂപയായിരുന്നു. പെട്രോള്‍ വില നിയന്ത്രണം നീക്കിയതോടെ, വില 69.72 രൂപയായി. പാചകവാതകത്തിന്റെ വില 281 രൂപയില്‍ നിന്നും 438 രൂപയിലേക്ക് ഉയര്‍ന്നു. അരിവില കിലോഗ്രാമിന് 12.70 രൂപയില്‍നിന്നും 20.50 രൂപയാക്കി ഉയര്‍ത്തുമ്പോഴും സംഭവിക്കുന്നത് വന്‍കിട ഉല്‍പാദകരിലേക്കും വ്യാപാരികളിലേക്കുമുള്ള വരുമാന കൈമാറ്റമാണ്.

ആസിയന്‍ കരാര്‍പോലുള്ള വ്യാപാരകരാറുകള്‍ വരുമാന കൈമാറ്റത്തിന്റെ മറ്റൊരു ഉപകരണമാണ്. പാമോയില്‍ ഇറക്കുമതി നാളികേരത്തിന്റെയും റബ്ബര്‍ ഇറക്കുമതി ആഭ്യന്തര സ്വാഭാവിക റബ്ബറിന്റെയും വിലയിടിച്ചു. സ്വാഭാവിക റബ്ബറിന്റെ വിലയിടിവ്, റബ്ബര്‍ കൃഷിക്കാരില്‍നിന്ന് വരുമാനം എം ആര്‍ എഫ്, ജെ കെ അപ്പോളോ, സിയറ്റ്, ഗുഡ്ഇയര്‍ തുടങ്ങിയ ടയര്‍ കമ്പനികളിലേക്ക് ഒഴുക്കി. നാളികേര വിലത്തകര്‍ച്ച ഹിന്ദുസ്ഥാന്‍ ലിവര്‍ തുടങ്ങിയ വന്‍കിടക്കാരിലേക്ക് വരുമാനകൈമാറ്റം സാധ്യമാക്കി. റബ്ബറും നാളികേരവും ഉല്‍പാദിപ്പിക്കാന്‍ കൃഷിക്കാരും കര്‍ഷകത്തൊഴിലാളികളും ചെലുത്തിയ അധ്വാനത്തിന്റെ ഒരുഭാഗം മുതലാളികള്‍ക്കു ചൂഷണം ചെയ്യാനായി എന്നാണ് ഇപ്പറഞ്ഞതിനര്‍ഥം. പൊതുസ്വത്തുക്കളായ തരിശുഭൂമി, വനങ്ങള്‍, തണ്ണീര്‍ തടാകങ്ങള്‍, പുഴകള്‍, സ്പെക്ട്രം, എണ്ണപ്പാടങ്ങള്‍, കല്‍ക്കരി ഖനികള്‍ തുടങ്ങിയവ ചുളുവിലയ്ക്ക് വന്‍കിടക്കാര്‍ക്ക് തരപ്പെടുത്തി നല്‍കുന്നതാണ് മൂന്നാമത്തെ രീതി. സര്‍ക്കാരിന്റെ ഒത്താശയോടെയാണ് അത് നിര്‍വഹിക്കപ്പെടുന്നത്. കോര്‍പറേറ്റുകളും സര്‍ക്കാരും തമ്മിലെ ചങ്ങാത്ത മുതലാളിത്തം അത്തരം കൈമാറ്റങ്ങള്‍ക്ക് കളമൊരുക്കുന്നു. ഇന്ത്യയുടെയും കേരളത്തിന്റെയും സമീപകാല അനുഭവങ്ങള്‍ ഇമ്മാതിരി കൈമാറ്റങ്ങള്‍ സംബന്ധിച്ച അനവധി ഉദാഹരണങ്ങള്‍ സമ്മാനിക്കുന്നുണ്ട്. ടു ജി സ്പെക്ട്രം, കല്‍ക്കരി-എണ്ണപ്പാടം അഴിമതികള്‍ ഉദാഹരണങ്ങളാണ്. സ്വതന്ത്രവ്യാപാര മേഖലയുടെ പേരില്‍ 500 ഏക്കര്‍ വേണ്ടിടത്ത് 1000 ഏക്കര്‍ അക്വയര്‍ ചെയ്തുനല്‍കുന്ന രീതി മറ്റൊരു ഉദാഹരണമാണ്.

മുതലാളിത്ത വികസനരീതിയെ സംബന്ധിച്ചിടത്തോളം ഇന്ത്യയുടെ പൊതുസ്ഥിതിയില്‍നിന്ന് വ്യത്യസ്തമായ ചിത്രമാണ് കേരളം കാഴ്ചവയ്ക്കുന്നത്. ഫ്യൂഡല്‍ അവശിഷ്ടങ്ങളായ ജാതി-മത വേലിക്കെട്ടുകള്‍ നിലനില്‍ക്കെ ഏതാണ്ടു സമഗ്രമെന്നു വിശേഷിപ്പിക്കാവുന്ന ഭൂപരിഷ്കരണം കേരളത്തില്‍ നടന്നു. അതിന്റെ ഫലമായി ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് സ്വന്തമായി ഭൂമി ലഭിച്ചു. ജന്മിത്തം അവസാനിപ്പിക്കപ്പെട്ടു. എന്നാല്‍ ആ സ്ഥാനത്ത് മുതലാളിത്ത ഉല്‍പാദനരീതി വേരുറച്ചില്ല. നിഷ്കരുണം തൊഴിലാളികളുടെ അധ്വാനശേഷി ചൂഷണം ചെയ്യാന്‍ തൊഴില്‍ നിയമങ്ങള്‍ തടസ്സംനിന്നു. ഈ പശ്ചാത്തലത്തിലാണ് വന്‍കിടക്കാര്‍ ഭൂമിയുടെയും വനങ്ങളുടെയും വെള്ളത്തിന്റെയും കച്ചവട സാധ്യതയിലേക്ക് കണ്ണുതുറന്നത്.

പണ്ട് ഭൂമി മുഖ്യമായും കൃഷിക്കും കന്നുകാലി വളര്‍ത്തലിനുമാണ് ഉപയോഗിക്കപ്പെട്ടിരുന്നത്. രണ്ടു തൊഴിലുകളും ആദായകരമല്ലാതാവുകയും കെട്ടിടനിര്‍മാണം ഭൂമിയുടെ പ്രധാന ഉപയോഗമായി മാറുകയുംചെയ്തതോടെ, ഭൂമി ഒരു ദുര്‍ല്ലഭ സമ്പത്തായി. ഭൂമിയുടെ കമ്പോളവില ദിനംപ്രതിയെന്നോണം കുതിച്ചുയര്‍ന്നു. റിയല്‍ എസ്റ്റേറ്റ് വ്യാപാരം എളുപ്പവരുമാന മാര്‍ഗമായി മാറി. വനങ്ങളും കൃഷിപ്പാടങ്ങളും തണ്ണീര്‍തടാകങ്ങളും കുറഞ്ഞ വിലയ്ക്ക് സര്‍ക്കാര്‍ സഹായത്തോടെ കയ്യടക്കാനുള്ള സാധ്യത പ്രധാന അന്വേഷണവിഷയമായി. സര്‍ക്കാരിലുള്ള റിയല്‍ എസ്റ്റേറ്റ് വ്യവസായികളുടെ സ്വാധീനം കാര്യങ്ങള്‍ എളുപ്പമാക്കി. "എമര്‍ജിങ് കേരള" എന്ന ആഗോള നിക്ഷേപകസംഗമത്തിന്റെ ഊന്നല്‍ ഭൂമി കച്ചവടമല്ലാതെ മറ്റൊന്നുമായിരുന്നില്ല. നേരത്തെ നടത്തപ്പെട്ട ഗ്ലോബല്‍ ഇന്‍വെസ്റ്റേഴ്സ് മീറ്റില്‍ (ജിം), നിക്ഷേപം സംബന്ധിച്ച് ധാരണകളുണ്ടായിരുന്നു. "എമര്‍ജിങ് കേരള"യിലാകട്ടെ അത്തരം ധാരണകള്‍ ഉണ്ടാക്കപ്പെട്ടില്ല. ഭൂമികച്ചവടത്തിനു അനുകൂലമായ സമ്മതി നിര്‍മിതിയായിരുന്നു എമര്‍ജിങ് കേരളയുടെ ലക്ഷ്യം. വമ്പിച്ച രീതിയില്‍ നടത്തപ്പെട്ട പ്രചാരണം അത്തരം സമ്മതി നിര്‍മിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു.

അനുകുലമായ അന്തരീക്ഷ സൃഷ്ടി നടത്തപ്പെട്ടാല്‍, സര്‍ക്കാര്‍ സംവിധാനമുപയോഗിച്ച് ഫലപ്രാപ്തിയുണ്ടാക്കാമെന്നു ഭൂമാഫിയ തീര്‍ച്ചയായും കണക്കുകൂട്ടി. കശുമാവുകൃഷി തോട്ടവിളയായി പരിഗണിക്കാനും തോട്ടഭൂമിയുടെ അഞ്ചു ശതമാനം ടൂറിസത്തിനുവേണ്ടി ഭൂപരിധി നിയമത്തില്‍നിന്ന് ഒഴിവാക്കാനും ഭൂവിനിയോഗ നിയമം ദുര്‍ബ്ബലപ്പെടുത്താനുള്ള തീരുമാനങ്ങള്‍ മേല്‍നിഗമനത്തെ ശരിവയ്ക്കുന്നു. മാര്‍ക്സ് വിഭാവനംചെയ്ത ആദിമ മൂലധന സഞ്ചയനം മുതലാളിത്ത ഉല്‍പാദനരീതിക്കു മുന്നോടിയായി മാത്രമല്ല, മുതലാളിത്ത വികസനഘട്ടത്തിലാകെ നടക്കുന്നതാണ്. ഭരണകൂടത്തിന്റെ ഒളിഞ്ഞും തെളിഞ്ഞുമുള്ള പിന്തുണ ലഭിക്കുന്നു എന്നതാണ് പ്രത്യേകത. ആദിമ മൂലധനസഞ്ചയനത്തിന്റെ പ്രത്യാഘാതങ്ങള്‍ ഭരണകൂടത്തെ തെല്ലും അലോസരപ്പെടുത്തുന്നില്ല. സാധാരണക്കാരന്റെ ഉപജീവനമാര്‍ഗം നിഷേധിക്കുന്നതും പരിസ്ഥിതിക്കു വിനാശം വരുത്തുന്നതും പൊതുസ്ഥലങ്ങള്‍ അന്യാധീനപ്പെടുത്തുന്നതും ഭരണകൂടം വികസനത്തിന്റെ കള്ളിയില്‍ വരവ് വയ്ക്കുന്നു.

*
പ്രൊഫ. കെ എന്‍ ഗംഗാധരന്‍ ദേശാഭിമാനി വാരിക 30 ഡിസംബര്‍ 2012

No comments: