Friday, January 4, 2013

ആളിപ്പടരുന്ന ഭൂസമരവും മന്ത്രിയുടെ അപക്വതയും

കേരളത്തിലെ സമരങ്ങള്‍ ലോകത്തിന് മാതൃകയാവുകയാണ്. ഡിസംബര്‍ ഒന്നിന് നടന്ന അടുപ്പുകൂട്ടി സമരം ചരിത്രത്തില്‍ പുതിയ ഏടായി. ജനുവരി ഒന്നിന് ആരംഭിച്ച ഭൂസംരക്ഷണസമരം ആളിപ്പടരുകയാണ്. ഈ സമരങ്ങള്‍കൊണ്ട് എന്ത് ഗുണമെന്ന് ചോദിക്കുന്നവര്‍ക്കുമേലില്‍ തെളിയുന്ന മറ്റൊരുചോദ്യമുണ്ട്. ഇന്ത്യയില്‍ കേരളവും കേരളീയരും എങ്ങനെ വ്യത്യസ്തരായി എന്നതാണ് ആ ചോദ്യം. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആയുര്‍ദൈര്‍ഘ്യം കേരളീയര്‍ക്കാണ്. ഇങ്ങനെ ആയുസ്സ് കൂടാനുള്ള സാഹചര്യം അടക്കമുള്ള നേട്ടങ്ങള്‍ക്ക് വഴിതുറന്നത് നവോത്ഥാനപ്രസ്ഥാനവും അതിന്റെ സത്ത ഏറ്റെടുത്തു മുന്നേറുന്ന കമ്യൂണിസ്റ്റ്പ്രസ്ഥാനവും അതിന്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രക്ഷോഭസമരങ്ങളുമാണ്. ഈ ചരിത്രം അറിയാതെയാണ് ഭൂസമരം തട്ടിപ്പാണെന്ന അപഹാസ്യ വര്‍ത്തമാനം റവന്യൂമന്ത്രി അടൂര്‍ പ്രകാശില്‍നിന്ന് ഉണ്ടായത്. അമരാവതിയിലെയും കൊട്ടിയൂരിലെയും കുടിയിറക്കലിനെതിരായ സമരം, മിച്ചഭൂമിസമരം തുടങ്ങിയവയിലൂടെ ദശലക്ഷക്കണക്കിനു കര്‍ഷകത്തൊഴിലാളികള്‍ക്കും ദളിതര്‍ക്കും കുടികിടപ്പുകാര്‍ക്കും കൂരയും ഭൂമിയും കിട്ടി. ആത്മാഭിമാനവും സാമൂഹ്യ അംഗീകാരവും രാഷ്ടീയനേതൃത്വവും നിസ്വവര്‍ഗങ്ങള്‍ക്ക് നേടിക്കൊടുത്തത് കമ്യൂണിസ്റ്റ് സമരമുന്നേറ്റങ്ങളാണ്.

ഭൂമിക്കുവേണ്ടി എണ്ണമറ്റ സമരങ്ങള്‍ക്ക് കേരളം സാക്ഷിയായിട്ടുണ്ട്. സംഘടിത കര്‍ഷകപ്രസ്ഥാനം രൂപമെടുക്കുന്നതിനുമുമ്പ് കൃഷിക്കാരുടെ കലാപങ്ങള്‍ നടന്നു. അതാണ് ഒന്നാംഘട്ടം. കര്‍ഷകപ്രസ്ഥാനങ്ങള്‍ രൂപപ്പെട്ടശേഷം സ്വതന്ത്ര്യത്തിനുമുമ്പ് നടന്ന ബ്രിട്ടീഷ്വിരുദ്ധ- ജന്മിവിരുദ്ധ സമരമാണ് അടുത്തഘട്ടം. സ്വാതന്ത്ര്യാനന്തരകാലത്ത് ഭൂപരിഷ്കരണത്തിനായി സമരമുന്നേറ്റമുണ്ടായി. കര്‍ഷകര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കുമെതിരായ അടിച്ചമര്‍ത്തലുകള്‍ ചെറുക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഭരണങ്ങളുടെ കാലത്ത് നടന്ന പ്രക്ഷോഭങ്ങളാണ് അടുത്ത ഘട്ടം. കമ്യൂണിസ്റ്റ് പാര്‍ടിക്കും ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ക്കും മുന്‍കൈയുള്ള ഭരണംവന്നപ്പോള്‍ കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും ഭൂരഹിതരുടെയും രക്ഷയ്ക്ക് നിയമങ്ങള്‍ പാസാക്കുകയും ഭൂപരിഷ്കരണം വലിയൊരളവോളം നടപ്പാക്കുകയുംചെയ്തു. എന്നാല്‍, ഇടയ്ക്കും മുറയ്ക്കും വന്ന കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ ഭൂപരിഷ്കരണത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുകയോ മിച്ചഭൂമി ഭൂരഹിതര്‍ക്കു കിട്ടുന്നത് പരിമിതപ്പെടുത്തുകയോ ചെയ്തു. പാലാഴി മഥനത്തില്‍ ജീവസന്ദായകമായ അമൃതിനോടൊപ്പം മാരകമായ കാളകൂടവും പൊന്തിവന്നു എന്നാണ് കഥ. 1957നും 2013നും മധ്യേയുള്ള കേരളത്തില്‍ പാലാഴിമഥനത്തിന്റെ മാതൃകയില്‍ മുന്നോട്ടുപോക്കിന്റെ അമൃതിനോടൊപ്പം തിരിച്ചുപോക്കിന്റെ കാളകൂടവും ഭരണതലത്തില്‍ പൊന്തിവന്നു. ഇപ്പോഴത്തെ ഭൂപ്രക്ഷോഭത്തിന് നിദാനം 1957നും 2013നും മധ്യേ അധികാരത്തില്‍വന്ന വലതുപക്ഷ സര്‍ക്കാരുകള്‍ നടത്തിയ ഭൂപരിഷ്കരണ അട്ടിമറികളാണ്.

1959ല്‍ 7.2 ലക്ഷം ഏക്കര്‍ മിച്ചഭൂമി കേരളത്തിലുണ്ടായിരുന്നു. 1991 വരെ ഇതില്‍ 93,178 ഏക്കര്‍ മാത്രമാണ് വിതരണംചെയ്തത്. മിച്ചഭൂമിയുടെ 13 ശതമാനം മാത്രമാണിത്. 1970കളിലെ മിച്ചഭൂമിസമരത്തിന്റെ ഫലമായി 3,21,903 കുടുംബങ്ങള്‍ക്ക് ഭൂമി ലഭിച്ചു. ഇതില്‍ മഹാഭൂരിപക്ഷം പട്ടികജാതി/പട്ടികവര്‍ഗക്കാരാണ്. 1957ലെയും 1967ലെയും ഇ എം എസ് സര്‍ക്കാരുകളും 1980, 1987, 1996 കളിലെ നായനാര്‍ സര്‍ക്കാരുകളും 2006ലെ വി എസ് സര്‍ക്കാരും ഭൂരഹിതര്‍ക്ക് ഭൂമി നല്‍കുന്നതിലും മിച്ചഭൂമി വിതരണംചെയ്യുന്നതിലും ജാഗ്രതാപൂര്‍ണമായ നടപടികള്‍ സ്വീകരിച്ചു. എന്നാല്‍, നവഉദാരവല്‍ക്കരണത്തിന്റെ ഈഘട്ടത്തില്‍, ഭൂമി എങ്ങനെ കോര്‍പറേറ്റുകളുടെയും മാഫിയകളുടെയും കരങ്ങളില്‍ സുരക്ഷിതമാക്കുന്നു എന്നതിന് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ലോകത്തിനു മാതൃകയാകുകയാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിയമസഭ കൂട്ടായി പാസാക്കിയ നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണനിയമം ഭേദഗതിചെയ്യാന്‍ 2012 ഫെബ്രുവരിയില്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭ തീരുമാനിച്ചു. അതിനൊപ്പം പട്ടയഭൂമി റിസോര്‍ട്ടുകള്‍ക്ക് വില്‍ക്കാനുള്ള അനുമതി നല്‍കി. വനഭൂമിയില്‍ അഞ്ചു ശതമാനം ടൂറിസം ആവശ്യത്തിന് മാറ്റാമെന്ന നിയമഭേദഗതിയിലൂടെ അമ്പതുലക്ഷം മരങ്ങള്‍ക്ക് കോടാലി വീഴും. കശുമാവുതോട്ടങ്ങളെ ഭൂപരിഷ്കരണപരിധിയില്‍നിന്ന് ഒഴിവാക്കി. ഇങ്ങനെ കോര്‍പറേറ്റുകള്‍ക്കും ഭൂമാഫിയക്കുംവേണ്ടി ഭരണത്തെ അടിയറവയ്ക്കുന്നതിനെതിരെ ഭരണപക്ഷത്തെ ഹരിത എംഎല്‍എമാര്‍ ഉള്‍പ്പെടെ വിമതശബ്ദത്തിലാണ്. പാട്ടക്കാലാവധികഴിഞ്ഞതും നിയമലംഘനം നടത്തിയതുമായ തോട്ടങ്ങളെ തിരിച്ചെടുക്കുന്നതിനുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവിനെ തടയാനുള്ള ഉമ്മന്‍ചാണ്ടിയുടെയും കൂട്ടരുടെയും നെല്ലിയാമ്പതി നടപടിക്കെതിരെ മന്ത്രിസഭയ്ക്കകത്തും പുറത്തുമുള്ള ഭരണക്കാരടക്കം പ്രതിഷേധത്തിലാണ്്. ഇതെല്ലാം വിസ്മരിച്ചാണ് ജനലക്ഷങ്ങള്‍ നടത്തുന്ന ഭൂസമരം തട്ടിപ്പാണെന്ന മന്ത്രി അടൂര്‍ പ്രകാശിന്റെ വിടുവായത്തം. ഇത് അപക്വമതിയായ ഒരു ഭരണകര്‍ത്താവിനുമാത്രം ഇണങ്ങുന്നതാണ്.

1969ല്‍ ഇ എം എസ് സര്‍ക്കാരിനെ അട്ടിമറിച്ചപ്പോള്‍ ഭൂപരിഷ്കരണം അട്ടത്തുവയ്ക്കാമെന്നാണ് കോണ്‍ഗ്രസ് ആശിച്ചത്. കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും ചേര്‍ന്ന് നടത്തിയ ഭൂസമരത്തില്‍ പങ്കെടുത്ത പതിനായിരക്കണക്കിനു പ്രവര്‍ത്തകരെ മര്‍ദിച്ചും വെടിവച്ചും അടിച്ചമര്‍ത്താനാണ് കെ കരുണാകരന്‍ പൊലീസ് മന്ത്രിയായിരുന്ന അന്നത്തെ സര്‍ക്കാര്‍ മുതിര്‍ന്നത്. സഖാക്കള്‍ ഭാര്‍ഗവിയും നീലകണ്ഠനും ഭൂമിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ രക്തസാക്ഷികളായി. ഭൂസമരങ്ങളിലൂടെയും മിച്ചഭൂമിസമരത്തിലൂടെയും നടത്തിയ മുന്നേറ്റത്തിന്റെ ഫലമായി 36 ലക്ഷത്തോളം വാര-പാട്ട കുടിയാന്മാര്‍ക്ക് ജന്മാവകാശം സ്ഥാപിക്കാനും കര്‍ഷകത്തൊഴിലാളികള്‍ക്ക് ഭൂമിയില്‍ കുടികിടപ്പ് ഉടമസ്ഥാവകാശം നേടാനും കഴിഞ്ഞു. കര്‍ഷകത്തൊഴിലാളികളുടെ മിനിമംകൂലി ഉയര്‍ത്താനും സമരപ്രസ്ഥാനത്തിനു കഴിഞ്ഞു. പതിനായിരങ്ങള്‍ അണിചേരുന്ന ഭൂസമരം ഒത്തുതീര്‍ക്കാനുള്ള ചുവടുവയ്പ് നടത്തുകയാണ് ഭരണാധികാരികള്‍ ചെയ്യേണ്ടത്. അതിനുപകരം അപക്വപ്രസ്താവനകളുമായി നടക്കുന്നത് അല്‍പ്പത്തമാണ്. ഭൂസമരത്തിന്റെ പ്രാധാന്യവും യോജിച്ച പ്രക്ഷോഭത്തിന്റെ ആവശ്യകതയും വ്യക്തമാക്കുന്ന മുഖപ്രസംഗം ജനയുഗത്തില്‍ വന്നദിവസംതന്നെ ഭൂസമരവുമായി ബന്ധപ്പെട്ട് സിപിഐ എമ്മിനെ വിമര്‍ശിക്കുന്ന സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്റെ പ്രസംഗം മനോരമ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. "ഭൂസമരം തുടര്‍സമരമാണെന്ന് പറയുന്നതില്‍ അന്തഃസില്ല- പന്ന്യന്‍" എന്ന തലവാചകത്തിലാണ് വാര്‍ത്ത. യോജിച്ച് മുന്നോട്ട് പോകേണ്ടതിനുപകരം സിപിഐ എം കല്ലുകടി ഉണ്ടാക്കുന്നുവെന്നും ചരിത്രത്തെ വളച്ചൊടിക്കുന്നുവെന്നും പന്ന്യന്‍ പ്രസംഗിച്ചതായാണ് റിപ്പോര്‍ട്ട്. എന്തിനെ ആസ്പദമാക്കിയാണ് ചരിത്രനിഷേധവും യോജിപ്പില്ലായ്മയുമെന്ന് പന്ന്യന്‍ പരാമര്‍ശിച്ചതെന്ന് മനോരമ വ്യക്തമാക്കിയിട്ടില്ല. ഇടതുപക്ഷ ഐക്യത്തിന് വിള്ളലുണ്ടാക്കുന്നതും ചരിത്രവസ്തുതകളെ വളച്ചൊടിക്കുന്നതുമായ പരാമര്‍ശങ്ങള്‍ സമരമുഖത്തുനിന്ന് വരുന്നത് ഖേദകരമാണെന്ന് ജനയുഗം മുഖപ്രസംഗത്തിലുംചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത് ധ്വനിപ്പിക്കുന്നത് എ കെ ജിയുടെ നേതൃത്വത്തില്‍ 1970കളില്‍ നടന്ന ഐതിഹാസികമായ മിച്ചഭൂമി സമരത്തിന്റെ തുടര്‍ച്ചയാണ് 2013ല്‍ ആരംഭിച്ചിരിക്കുന്ന ഭൂസമരമെന്ന സമരസമിതിയുടെയും സിപിഐ എമ്മിന്റെയും നിലപാടിനെതിരെയാണ്. "കേരള ചരിത്രത്തില്‍ ഉജ്വലമായി ജ്വലിച്ചുനില്‍ക്കുന്നതാണ് 1970കളിലെ ഭൂസമരമെന്നും കൊടിയ മര്‍ദനങ്ങളെയും അടിച്ചമര്‍ത്തലുകളെയും നേരിട്ടാണ് ആ സമരം വിജയിപ്പിച്ചതെന്നും അതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ ഭൂസമരമെന്നും" സിപിഐ എം സംസ്ഥാന കമ്മിറ്റിയുടെ ഡിസംബര്‍ 31ന് പുറപ്പെടുവിച്ച കമ്യൂണിക്കെയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. 1970കളിലെ ത്യാഗോജ്വലമായ ഭൂസമരം നടന്നത് അച്യുതമേനോന്‍ മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തിലായിരുന്നുവെന്നത് വസ്തുതയാണ്. ആ ഭരണകാലയളവിലെ വീറുറ്റ ജനകീയപ്രക്ഷോഭത്തെ സ്മരിക്കുന്നത് ഇടതുപക്ഷ ഐക്യത്തിന് ഹാനികരമാണെന്നത് തെറ്റായ വിചാരമാണ്. സംസ്ഥാനത്ത് ഇപ്പോള്‍ മൂന്നുലക്ഷത്തോളം കുടുംബങ്ങള്‍ ഭൂരഹിതരായുണ്ട്. അവരില്‍ ഭൂരിഭാഗവും പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങളില്‍പ്പെട്ട പാവപ്പെട്ടവരാണ്. അവര്‍ക്കെല്ലാം കിടപ്പാടം നല്‍കാന്‍മാത്രം ഭൂമി സംസ്ഥാനത്തുണ്ട്. എന്നിട്ടും മിച്ചഭൂമി തിരിമറി നടത്താനും നിയമംമൂലം അവ ഇല്ലാതാക്കാനും വന്‍കിടക്കാര്‍ക്ക് അനധികൃതമായി ഭൂമി കൈവശംവയ്ക്കാനും ഉതകുന്ന നടപടികളാണ് യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇതിനെ പരാജയപ്പെടുത്താനാണ് കര്‍ഷക-കര്‍ഷകത്തൊഴിലാളി സംഘടനകളുടെയും ആദിവാസി-പട്ടികജാതി ക്ഷേമസമിതികളുടെയും നേതൃത്വത്തില്‍ ഭൂസമരം നടക്കുന്നത്. ഇത് എല്‍ഡിഎഫ് പ്രസ്ഥാനത്തിന്റെ പൊതുലക്ഷ്യങ്ങള്‍ക്ക് ഇണങ്ങുന്നതാണ്. അതുകൊണ്ട് ഭൂസമരത്തിന്റെ പേരില്‍ ഇടതുപക്ഷചേരിയില്‍ പിണക്കങ്ങളുണ്ടെന്നു വരുത്താനുള്ള മനോരമയുടെ ശ്രമം വിലപ്പോകില്ല

*
ആര്‍ എസ് ബാബു ദേശാഭിമാനി 04 ജനുവരി 2013

No comments: