Saturday, August 11, 2007

തകരുന്ന ഡോളറും കേരളവും

കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ നിലനിര്‍ത്തുന്നതില്‍ പ്രവാസി മലയാളികള്‍ അയക്കുന്ന പണവും, ഇവിടെ നിന്ന് കയറ്റുമതി ചെയ്യപ്പെടുന്ന ഉത്പന്നങ്ങളില്‍ നിന്നുള്ള വരുമാനവും വഹിക്കുന്ന പങ്ക് പ്രത്യേകിച്ച് പറയാതെ തന്നെ വ്യക്തമാണല്ലോ. രൂപയുടെ വിനിമയ നിരക്കിലുണ്ടാകുന്ന ഏത് വ്യത്യാസവും കേരളത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ അനുകൂലമായോ പ്രതികൂലമായോ പ്രതിഫലിക്കും. ഇപ്പോള്‍ ഇന്ത്യന്‍ രൂപയുമായുള്ള വിനിമയ നിരക്കില്‍ ഡോളറിനുണ്ടായിട്ടുള്ള മൂല്യത്തകര്‍ച്ച നമ്മുടെ സമ്പദ് വ്യവസ്ഥയെ എങ്ങിനെയൊക്കെ ബാധിക്കും എന്ന ഒരു പരിശോധന തികച്ചും പ്രസക്തമാണെന്ന് തോന്നുന്നു.

ഡോളറിന്റെ മൂല്യത്തകര്‍ച്ച

1991ല്‍ ഒരു ഡോളറിന് 17 രൂപ ലഭിക്കുമായിരുന്നത് മെയ് 2002 ആയപ്പോള്‍ 49.08 രൂപയായി മാറിയിരുന്നു. എന്നാല്‍ അവിടെനിന്നും ഡോളറിന്റെ വില കുത്തനെയിടിഞ്ഞ് ഇന്നിപ്പോള്‍ 40.40 (ആ‍ഗസ്റ്റ് 9, 2007 ലെ നിരക്ക് )രൂപയില്‍ എത്തിനില്‍ക്കുകയാണ്. ഇനിയും ഡോളറിന്റെ പോക്ക് താഴേക്കുതന്നെയൊയിരിക്കും എന്നാണ് ആഗോള-ദേശീയ സാഹചര്യങ്ങള്‍ സൂചിപ്പിക്കുന്നത്.

ആഗോളതലത്തില്‍ മറ്റുപല കറന്‍സികളുമായുള്ള വിനിമയത്തിലും ഡോളറിന് ഇടിവ് സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന് ഒരു പ്രധാനകാരണം അമേരിക്കന്‍ സമ്പദ് വ്യവസ്ഥ നേരിട്ടു കൊണ്ടിരിക്കുന്ന പ്രതിസന്ധിയാണ്. അമേരിക്കയുടെ വ്യാപാരകമ്മിയും ബഡ്‌ജറ്റ് കമ്മിയും കുതിച്ചുയര്‍ന്നുകൊണ്ടിരിക്കുകയാണ്. അവരുടെ കറന്റ് അക്കൌണ്ട് കമ്മി (Current Account Deficit) മൊത്തം ദേശീയ ഉത്പാദനത്തിന്റെ (Gross Domestic Product) 7 ശതമാനത്തിനും മുകളിലാണ്. ഡോളറിന്റെ വിനിമയ നിരക്കിലുണ്ടായ വ്യത്യാസം ഇന്ത്യയുടേയും കേരളത്തിന്റെയും സാമ്പത്തികരംഗത്ത് നാനാതരത്തിലുള്ള പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.

വിദേശനാണ്യശേഖരം (Foreign Exchange Reserve)

ഇന്ത്യയുടെ ഇപ്പോഴത്തെ വിദേശനാണയനീക്കിയിരിപ്പ് 215 ബില്യന്‍ അമേരിക്കന്‍ ഡോളറാണ്. ഡോളറിന്റെ വിലയിടിവ് ഈവര്‍ഷം (2007) ജനുവരി മുതല്‍ നോക്കിയാല്‍ത്തന്നെ 10% വരും. അപ്പോള്‍ നമ്മുടെ വിദേശനാണ്യ നീക്കിയിരിപ്പിന്റെ മൂല്യം 10% കുറഞ്ഞു എന്നര്‍ത്ഥം. ഏകദേശം 21.5 ബില്യ ഡോളര്‍ അങ്ങനെ വിദേശനാണ്യ നീക്കിയിരിപ്പില്‍ കുറവു വന്നു എന്നു ചുരുക്കം. ഇന്ത്യന്‍ കറന്‍സിയിയില്‍ കണക്കാക്കിയാല്‍ ഏകദേശം 90,000 കോടി രൂപയുടെ കുറവാണ് റിസര്‍വ് ബാങ്കിന്റെ കൈവശമുള്ള വിദേശനാണ്യ നീക്കിയിരിപ്പിന് സംഭവിച്ചിരിക്കുന്നത് എന്നര്‍ത്ഥം. റിസര്‍വ് ബാങ്കിന്റെ ബാലന്‍സ് ഷീറ്റില്‍ ഇത് വന്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. കൂട്ടത്തില്‍ പറയട്ടെ, ഭാരതസര്‍ക്കാരിന്റെ വിദേശകടത്തിന്റെ കാര്യത്തിലും, പെട്രോളിയം ഉല്പന്നങ്ങളുടെ ഇറക്കുമതിയുടെ കാര്യത്തിലും രൂപയുടെ വിലവര്‍ദ്ധനവ് ഇന്ത്യയ്ക്ക് ആ‍ശ്വാസകരമാണ്.

ഒരു രാജ്യത്തിന്റെ കറന്‍സി ശക്തിപ്പെടുന്നത് ആ രാജ്യത്തിന്റെ സാമ്പത്തികരംഗമാകെ ശക്തിപ്പെടുന്നതിന്റെ സൂചനയായിട്ടാണ് പലപ്പോഴും കണക്കാക്കപ്പെടുന്നത്. എന്നാല്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ ഇന്നത്തെ അവസ്ഥയില്‍ ഇത് ഒരു അനുകൂലഘടകമായി കാണാന്‍ കഴിയില്ല. പതിനഞ്ചിലധികം വര്‍ഷമായി നടപ്പാക്കിവരുന്ന നവലിബറല്‍ സാമ്പത്തിക പരിഷ്ക്കാരങ്ങള്‍ക്കുശേഷവും ഇന്ത്യയുടെ കയറ്റുമതിയില്‍ ഒരു കുതിച്ചുചാട്ടം സംഭവിച്ചിട്ടില്ല. ഈയൊരു സാഹചര്യത്തില്‍, ഡോളറിന്റെ വിലിയിടിവ് കയറ്റുമതിയെ പ്രതികൂലമായി ബാധിക്കുമെന്നു മാത്രമല്ല ഇറക്കുമതി കൂടാന്‍ കാരണമാകുകയും ചെയ്യും. ഇത് ഇന്ത്യയുടെ വിദേശ വ്യാപാര കമ്മി വീണ്ടും വര്‍ദ്ധിപ്പിക്കും. ഈ സാമ്പത്തികവര്‍ഷത്തിന്റെ ആദ്യത്തെ രണ്ട് മാസങ്ങളില്‍ കയറ്റുമതിയില്‍ 20.37 ശതമാനം വര്‍ദ്ധനവുണ്ടായപ്പോള്‍ ഇറക്കുമതിയില്‍ 33.05 ശതമാനമാണ് വര്‍ദ്ധനവുണ്ടായത്. വ്യാപാരകമ്മി 8.2 ബില്യണ്‍ ഡോളറില്‍ നിന്നും 13.2 ബില്യണ്‍‍ ഡോളറായി ഉയര്‍ന്നു.

ഉയര്‍ന്നുകൊണ്ടിരിക്കുന്ന വിദേശനാണ്യ ശേഖരവും ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന രൂപയും മോശമായിക്കൊണ്ടിരിക്കുന്ന വ്യാപാരക്കമ്മിയും ഒത്തു ചേര്‍ന്നാല്‍ സമ്പദ് വ്യവസ്ഥയ്ക്ക് കൈകാര്യം ചെയ്യാന്‍ പറ്റാത്തതും ദോഷകരവുമായ അളവില്‍ ഇന്ത്യയിലേക്ക് വിദേശനാണ്യം പ്രവഹിക്കുന്നതിന് ഇടവരുത്തും. ഷെയര്‍ മാര്‍ക്കറ്റിലേക്കോ, ഇന്ത്യന്‍ കമ്പനികള്‍ സ്വന്തമാക്കുന്നതിനോ ഒക്കെയാവാം വിദേശനാണ്യത്തിന്റെ ഈ ഒഴുക്ക്. ഇപ്പോഴുള്ള വിദേശനാണ്യ ശേഖരം തന്നെ റിസര്‍വ് ബാങ്കിന് വന്‍നഷ്ടമാണ് വരുത്തിക്കൊണ്ടിരിക്കുന്നത്. കൂടിയ പലിശക്കു നിക്ഷേപം വാങ്ങി കുറഞ്ഞ പലിശക്കു വായ്പ കൊടുക്കുന്ന ഒരവസ്ഥയിലാണ് റിസര്‍വ് ബാങ്കിപ്പോള്‍. ഇന്ത്യയിലേക്കു വരുന്ന വിദേശ പണത്തിന് ആറ്-ഏഴു ശതമാനം പലിശയാണ് റിസര്‍വ് ബാങ്ക് നല്‍കുന്നത്. എന്നാല്‍ റിസര്‍വ് ബാങ്ക് ഇത് അമേരിക്കന്‍ ട്രഷറി സെക്യൂരിറ്റികളിലും സ്വിസ് ബാങ്കിലും മറ്റും നിക്ഷേപിക്കുന്നത് ഒന്നു മുതല്‍ നാലു ശതമാനം വരെ പലിശക്കാണ്.

ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന കറന്‍സിയുള്ള ഒരു രാജ്യത്തേയ്ക്ക് കറന്‍സി കച്ചവടം തൊഴിലാക്കിയിട്ടുള്ള ലോകകറന്‍സി കമ്പോളത്തിലെ വന്‍ സ്രാവുകള്‍ കൊള്ള ലാഭത്തിനായി കൂടുതല്‍ കൂടുതല്‍ ധനംകൊണ്ടു പോയി തള്ളുന്നത് സ്വാഭാവികം മാത്രമാണ് . വിദേശ ധനകാര്യസ്ഥാപനങ്ങള്‍ (Foreign Institutional Investors) 2007 ജൂലൈ മദ്ധ്യമായപ്പോള്‍ ഇന്ത്യയിലേക്കു ഒഴുക്കിയ പണം 2006ല്‍ മൊത്തം ഒഴുക്കിയ പണത്തേക്കാളധികമാണ്. 2006 ല്‍ മൊത്തം 8 ബില്യണ്‍ ഡോളറാണ് FIIകള്‍ ഇന്ത്യന്‍ കമ്പോളത്തില്‍ മുടക്കിയത്. എന്നാല്‍ 2007 ജൂലൈ 13 ആയപ്പോള്‍ത്തന്നെ ഇത് 8.5 ബില്യണ്‍ ആയിക്കഴിഞ്ഞു. ഇക്കഴിഞ്ഞ ജൂലൈ മാസത്തില്‍ 13 ദിവസംകൊണ്ട് 4 ബില്യണ്‍ ഡോളറാണ് ഇന്ത്യന്‍ കമ്പോളത്തിലെത്തിയത്. ഇത് വളരെ ഗുരുതരമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്.

ധനകാര്യമന്ത്രി ശ്രീ ചിദംബരമാണെങ്കില്‍ ഓരോ ബഡ്‌ജറ്റ് കഴിയുമ്പോഴും ഇന്ത്യയുടെ മൂലധന വിപണി കൂടുതല്‍ കൂടുതല്‍ ഉദാരമാക്കിക്കൊണ്ടിരിക്കുകയാണ്. ധനം ഇന്ത്യയിലേക്കുവരുന്നതും പുറത്തേക്കുപോകുന്നതും ഈ 'ഉദാരത' കൂടുതല്‍ എളുപ്പമാക്കുന്നു. സൌത്ത്-ഈസ്റ് ഏഷ്യന്‍ രാജ്യങ്ങളുടെ സാമ്പത്തികത്തകര്‍ച്ചയ്ക്കു തൊട്ടുമുന്‍പുള്ള ഏകദേശം സമാനമായ ഒരവസ്ഥയാണ് ഇത്.

വിനിമയനിരക്കിലെ വ്യത്യാസവും വിദേശവ്യാപാരവും

ഡോളറിന്റെ വിലിയിടിവ് മേല്‍ സൂചിപ്പിച്ചതുപോലെ കയറ്റുമതിയെ പ്രതികൂലമായും ഇറക്കുമതിയെ അനുകൂലമായും ബാധിക്കും. സാധനങ്ങള്‍ ഇന്ത്യയില്‍ ഉല്പാദിപ്പിക്കുന്നതിലും കയറ്റുമതി ചെയ്യുന്നതിലും കൂടുതല്‍ ലാഭം ഇറക്കുമതി ചെയ്യുന്നതിലായാല്‍ ഒരു സംഘം വ്യവസായികള്‍ ആ വഴിക്കു തിരിയും. കയറ്റുമതി നഷ്ടമായി വരുമ്പോള്‍ പല വ്യവസായികളും വ്യവസായത്തില്‍ നിന്നും മുതല്‍മുടക്കുമാറ്റി റിയല്‍ എസ്റ്റേറ്റിലേക്കും അടിസ്ഥാന സൌകര്യവികസന (Infrastructure) നിക്ഷേപങ്ങളിലേക്കും തിരിയും. ഇത് ക്രമേണ ഇന്ത്യയിലെ പല വ്യവസായങ്ങളെയും തകര്‍ക്കും.

ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്സ്പോര്‍ട്ട്സ് ഓര്‍ഗനൈസേഷന്റെ (FIEO) കണക്കുപ്രകാരം രൂപയുടെ വിലവര്‍ദ്ധനവുമൂലം ഏകദേശം എണ്‍പതുലക്ഷം തൊഴില്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ട് . ഈ വര്‍ഷംതന്നെ 12.5 ബില്യന്‍ ഡോളറിന്റെ കയറ്റുമതി നഷ്ടപ്പെടാന്‍ സാധ്യതയുണ്ട് എന്നാണ് അവര്‍ പറയുന്നത്. ഇതിനകം കെമിക്കല്‍ വ്യവസായങ്ങളുടെ കയറ്റുമതിയില്‍ 12 ശതമാനവും, തുണിത്തരങ്ങളുടേതില്‍ 6.5 ശതമാനവും സംസ്കരിച്ച ഭക്ഷ്യവസ്തുക്കളുടേതില്‍ 20-25 ശതമാനം വരെയും കുറവ് രേഖപ്പെടുത്തിക്കഴിഞ്ഞു.

ഇന്ത്യന്‍ - ചൈനീസ് കറന്‍സികളും വിനിമയ നിരക്കും

കയറ്റുമതിയില്‍ ഇന്ത്യയുമായി മത്സരത്തിലേര്‍പ്പെട്ടിട്ടുള്ള ചൈന, തൈവാന്‍, ബ്രസീല്‍, ഇന്തോനേഷ്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇന്ത്യന്‍ രൂപയുടെ വിലവര്‍ദ്ധന രണ്ടാം സ്ഥാനത്താണ്. ബ്രസീല്‍ മാത്രമാണ് ഇന്ത്യയുടെ മുന്നിലുള്ളത്. ഇത് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കും. ജനുവരി 2007 മുതല്‍ ജൂണ്‍ 2007 വരെയുള്ള സ്ഥിതി നോക്കിയാല്‍ ഇന്ത്യന്‍ രൂപയുടെ വില ഡോളറുമായുള്ള വിനിമയത്തില്‍ 8.35% കൂടിയപ്പോള്‍ ചൈനയുടേത് 1.82% മാത്രമാണ് കൂടിയത്. പാകിസ്ഥാന്‍, ബംഗ്ലാദേശ്, സൌത്ത് കൊറിയ എന്നിവയുടേത് ഒരുശതമാനത്തിലും താഴെയാണ്. ജനുവരി 2007 മുതല്‍ ജൂണ്‍ 2007 വരെ ചില കറന്‍സികള്‍ക്കുണ്ടായ വിലവര്‍ദ്ധന താഴെക്കൊടുക്കുന്നു.

കേരളത്തിന്റെ അനുഭവം

ഡോളറിന്റെ വിലയിടിവ് കേരളത്തിലെ പല വ്യവസായങ്ങളെയും പ്രത്യേകിച്ച് കയര്‍, ടെക്സ്റ്റൈല്‍, മത്സ്യം, കശുവണ്ടി, സുഗന്ധവ്യജ്ഞനങ്ങള്‍, കൈത്തറി തുടങ്ങിയ കാര്‍ഷിക പരമ്പരാഗത വ്യവസായങ്ങളെയാകെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഡോളറിനെതിരെ രൂപയുടെ മൂല്യം തുടര്‍ച്ചയായി ഉയരുന്നത് കയര്‍വ്യവസായ മേഖലയില്‍ പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുകയാണ്. പ്രധാന കയര്‍ കമ്പനികളെല്ലാം 1 ഡോളര്‍= 44 രൂപ എന്ന നിരക്കിലാണ് വന്‍ കരാറുകളിലേര്‍പ്പെട്ടിരിക്കുന്നത്. ഈ രംഗത്ത് മത്സരം കടുത്തതായതിനാല്‍ മൂന്നു മുതല്‍ അഞ്ചു ശതമാനം വരെ ലാഭം എടുത്തുകൊണ്ടാണ് പലരും ഓര്‍ഡര്‍ സ്വീകരിച്ചത്. പക്ഷെ,ഈ വര്‍ഷം ജനുവരി മുതലുള്ള കാലയളവില്‍ മാത്രം രൂപയുടെ മൂല്യം പത്തുശതമാനത്തോളം വര്‍ദ്ധിച്ചു. ഇത് നിരവധി ചെറുകിട, ഇടത്തരം കയറ്റുമതി സ്ഥാപനങ്ങളെ പൂട്ടലിന്റെ വക്കിലെത്തിച്ചിരിക്കുകയാണ്.

ടെക്സ്റ്റൈല്‍ വ്യവസായം

ഡോളറിന്റെ വിലയിടിവും പലിശനിരക്കിലുള്ള വര്‍ദ്ധനവും ചേര്‍ന്ന് ടെക്സ്റ്റൈല്‍ വ്യവസായത്തെ വന്‍പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ടെക്സ്റ്റൈല്‍ കയറ്റുമതിക്കാരുടെ വരുമാനത്തില്‍ 10 മുതല്‍ 15 ശതമാനം വരെ കുറവാണ് കഴിഞ്ഞ ആറുമാസംകൊണ്ട് സംഭവിച്ചത്. തുണിവ്യവസായത്തിലെ കയറ്റുമതിയുടെ 60 ശതമാനവും യു.എസ്സിലേയ്ക്കാണ്. രൂപയുടെ മൂല്യവര്‍ദ്ധനക്കുശേഷം ടെക്സ്റ്റൈല്‍ കയറ്റുമതിയുടെ അളവു ചെറിയ തോതില്‍ വര്‍ദ്ധിച്ചുവെങ്കിലും വരുമാനത്തില്‍ കുറവുവന്നിരിക്കുകയാണ്. എന്നാല്‍ ചൈനയില്‍ നിന്നുള്ള തുണിക്കയറ്റുമതി ആകട്ടെ അളവിലുംമൂല്യത്തിലും ഈ കാലയളവില്‍ വന്‍ വര്‍ദ്ധനവു രേഖപ്പെടുത്തി. ചൈനയില്‍ നിന്നുമുള്ള തുണികയറ്റുമതിയി മൂല്യത്തില്‍ 46.47 ശതമാനവും അളവില്‍ 24.80 ശതമാനവും വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ഇന്ത്യന്‍ തുണി വ്യവസായവുമായി മത്സരത്തിലുള്ള മറ്റു രാജ്യങ്ങളായ പാകിസ്ഥാന്‍, ശ്രീലങ്ക, ഇന്തോനേഷ്യ തുടങ്ങിയവയില്‍ നിന്നും അമേരിക്കയിലേക്കുള്ള കയറ്റുമതിയും ഇക്കാലയളവില്‍ വര്‍ദ്ധിച്ചു.

കശുവണ്ടി

കശുവണ്ടി വ്യവസായത്തേയും രൂപയുടെ മൂല്യവര്‍ദ്ധന പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. എന്നാല്‍ തുണി, മത്സ്യം തുടങ്ങിയ മേഖലകളുമായി തട്ടിച്ചു നോക്കിയാല്‍ കശുവണ്ടിക്ക് ഒരു അനുകൂല ഘടകമായുള്ളത് അസംസ്കൃത വസ്തുവായ തോട്ടണ്ടി കൂടുതലും ടാന്‍സാനിയയില്‍നിന്നും ഇറക്കുമതി ചെയ്യുകയാണ് എന്നതാണ്. ഇറക്കുമതിയില്‍ നിന്നും കിട്ടുന്ന ലാഭം കയറ്റുമതിയിലെ നഷ്ടത്തെ കുറെയൊക്കെ പരിഹരിക്കും. എന്നാല്‍ രൂപയുടെ മൂല്യം വര്‍ദ്ധിച്ച ആദ്യ നാളുകളില്‍ കൂടിയ വിലയ്ക്ക് വാങ്ങിയ തോട്ടണ്ടി സംസ്ക്കരിച്ച് കുറഞ്ഞ വിലയ്ക്കു പിന്നീട് വില്‍ക്കേണ്ടി വന്നത് കശുവണ്ടി വ്യവസായത്തിന് തിരിച്ചടിയായി.കശുവണ്ടി കയറ്റുമതിയ്ക്ക് ഇപ്പോള്‍ തന്നെ ഏകദേശം 200 കോടിയോളം രൂപയുടെ നഷ്ടം ഈയിനത്തില്‍ സംഭവിച്ചിട്ടുണ്ട്.

റബ്ബര്‍

തോട്ടകൃഷിമേഖലയെ, പ്രത്യേകിച്ച് റബറിനെ രൂപയുടെ മൂല്യ വര്‍ധന ദോഷകരമായി ബാധിച്ചിരിക്കുകയാണ്. റബര്‍ കയറ്റുമതി കുറയുകയും ഇറക്കുമതി കൂടുകയും ചെയ്യു സ്ഥിതി കര്‍ഷകരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് (റബ്ബര്‍ ഇറക്കുമതി ചെയ്യുന്ന ടയര്‍ കമ്പനികള്‍ സന്തുഷ്ടരാണ് എന്നത് മറ്റൊരു വശം). 2006 ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെ 48000 ടണ്‍ റബര്‍ കയറ്റുമതിചെയ്തപ്പോള്‍ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ അത് 8000 ടണ്‍ ആയി കുറഞ്ഞു.

തേയില

ഡോളറിന്റെ വിലയിടിവു മൂലം തേയിലയുടെ കയറ്റുമതിയിലും കുറവുവുകൊണ്ടിരിക്കുകയാണ്. 2006 മേയില്‍ 14.07 മില്യണ്‍ കി.ഗ്രാം(mkg) ഉണ്ടായിരുന്ന കയറ്റുമതി മേയ് 2007 ആയപ്പോള്‍ 9.29 mkg ആയിക്കുറഞ്ഞു. ഇന്ത്യന്‍ തേയിലയുമായി ആഗോളതലത്തില്‍ മത്സരത്തിലുള്ളത് കെനിയയും ശ്രീലങ്കയുമാണ്. ഇതില്‍ കെനിയയില്‍ ഈ വര്‍ഷം ഉല്‍പാദനം വളരെയധികം വര്‍ദ്ധിച്ചതും തെക്കേ ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് തിരിച്ചടിയായി. ഡോളറിന്റെ തുടര്‍ച്ചയായ വിലയിടിവു മൂലം കയറ്റുമതിക്കാര്‍ പുതിയ കരാറുകളില്‍ ഏര്‍പ്പെടുന്നുമില്ല.

മത്സ്യ വ്യവസായ മേഖല

ഡോളറിന്റെ മൂല്യത്തിലുണ്ടായ ഇടിവും പലിശയിലെ വര്‍ദ്ധനവും മത്സ്യവ്യവസായമേഖലയെയാകെ വന്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഡോളറിന്റെ മൂല്യത്തകര്‍ച്ച മൂലം കയറ്റുമതിക്കാര്‍ക്ക് 500 കോടി രൂപയോളം നഷ്ടം വന്നിട്ടുണ്ടെന്നാണ് മത്സ്യക്കയറ്റുമതിക്കാരുടെ സംഘടന കണക്കാക്കുന്നത്. കൊഞ്ച് സീസണ്‍ ആരംഭിച്ചെങ്കിലും കയറ്റുമതിക്കാര്‍ക്ക് കരാറുകളില്‍ ഏര്‍പ്പെടാന്‍ സാധിക്കാത്ത അവസ്ഥയാണ്. രൂപയുടെ മൂല്യവര്‍ദ്ധനവ് മാത്രമല്ല ഇതിനു കാരണം. 2004 മുതല്‍ തന്നെ സൌത്ത് - ഈസ്റ്റ് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും സൌത്ത് അമേരിക്കയില്‍ നിന്നും കുറഞ്ഞവിലയ്ക്കുള്ള സംസ്ക്കരിച്ച കൊഞ്ചിന്റെ തള്ളിക്കയറ്റം മൂലം ഇന്ത്യന്‍ കൊഞ്ചിന്റെ ആവശ്യം വളരെയധികം ഇടിഞ്ഞിരുന്നു. കൂടാതെ, ഇന്ത്യന്‍ കൊഞ്ചിനുമേല്‍ അമേരിക്കന്‍ വാണിജ്യവകുപ്പ് ആന്റി-ഡമ്പിങ്ങ് ഡ്യൂട്ടി ഏര്‍പ്പെടുത്തിയത് കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കി. 2001ല്‍ 258 കൊഞ്ച് കയറ്റുമതിക്കാരുണ്ടായിരുന്നത് കുറഞ്ഞുകുറഞ്ഞ് ഇപ്പോള്‍ 80ല്‍ എത്തിയിരിക്കുകയാണ്.

ഏകദേശം 16,200 ഓളം മത്സ്യബന്ധനബോട്ടുകളും 1,20,000 നാടന്‍ വള്ളങ്ങളും 50 ലക്ഷത്തോളം തൊഴിലാളികളും മത്സ്യവ്യവസായ മേഖലയിലുണ്ട്. ഡോളറിന്റെ വിലയിടിവ് ഈ മേഖലയെ വന്‍പ്രതിസന്ധിയിലാക്കിയിരിക്ക ുകയാണ്. പല മത്സ്യ ഇനങ്ങളും കയറ്റുമതിയെ മാത്രം ആശ്രയിച്ചാണ് നില്‍ക്കുന്നത്. കൊഞ്ച് തുടങ്ങിയ മത്സ്യഇനങ്ങളുടെ ആഭ്യന്തരക്കമ്പോളം തുലോം തുച്ചമാണ്. ഇത് പ്രതിസന്ധിയെ കൂടുതല്‍ ആഴമുള്ളതാക്കുന്നു.

സുഗന്ധവ്യഞ്ജനങ്ങള്‍

രൂപയുടെ മൂല്യം ഉയര്‍ന്ന‍തോടെ സുഗന്ധവ്യജ്ഞനങ്ങളുടെ ഇറക്കുമതി കൂടിക്കൊണ്ടിരിക്കുകയാണ്. ചുക്ക്, മഞ്ഞള്‍, ഏലം, കുരുമുളക് എന്നിവയുടെ ഇറക്കുമതി ഏപ്രില്‍ 2007 മുതല്‍ കൂടുന്നതായാണ് കാണുന്നത്. രൂപയുടെ മൂല്യം 40.40 വരെ എത്തിയിരിക്കുമ്പോള്‍ ഇറക്കുമതി ചെയ്യുന്നത് ആഭ്യന്തരകമ്പോളത്തില്‍ നിന്നും വാങ്ങുന്നതിലും ലാഭകരമായിരിക്കുകയാണ്. ഏത്യോപ്യ, നൈജീരിയ എന്നിവിടങ്ങളില്‍ നിന്നാണ് ചുക്ക് ഇറക്കുമതി ചെയ്യുന്നത്. മഞ്ഞള്‍ വിയറ്റ്നാം, മ്യാന്‍മാര്‍ എന്നിവിടങ്ങളില്‍ നിന്നും എത്തുന്നു. കുരുമുളക് വന്‍തോതില്‍ ശ്രീലങ്കയില്‍ നിന്നും വരുന്നു. അങ്ങനെ ഈ മേഖലയില്‍ കേരളത്തിലെ സുഗന്ധവ്യജ്ഞന കര്‍ഷകര്‍ പ്രതിസന്ധിയിലാണ്.

പഴം, പച്ചക്കറി

കേരളത്തില്‍ നിന്നുള്ള പഴം, പച്ചക്കറി കയറ്റുമതിയിലും കാര്യമായ ഇടിവുണ്ടായിട്ടുണ്ട്. കേരളത്തില്‍ നിന്നും 60 ടണ്‍ പച്ചക്കറിയും പഴവര്‍ഗ്ഗങ്ങളുമാണ് ദിവസവും കയറ്റുമതി ചെയ്തിരുന്നത്. ഡോളറിന്റെ വില ഇടിഞ്ഞതോടെ ഇത് മൂന്നിലാന്നായി കുറഞ്ഞുകഴിഞ്ഞു. രൂപയുടെ മൂല്യം ഡോളറുമായി 40.40 ആയതോടെ കയറ്റുമതി വേണ്ടെന്നു തന്നെ വയ്ക്കാന്‍ പഴം-പച്ചക്കറി കയറ്റുമതിക്കാര്‍ ആലോചിക്കുകയാണ്. എന്നാല്‍ ഒന്നും രണ്ടും വര്‍ഷത്തെ കരാറിലേര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് കയറ്റുമതിനിര്‍ത്താനും പറ്റാത്ത അവസ്ഥയാണ്. 45 രൂപയില്‍ താഴെ വിനിമയ നിരക്കെത്തിയത് തീരെ അപ്രതീക്ഷിതമായതിനാല്‍ ബന്ധപ്പെട്ട രാജ്യങ്ങളിലെ വ്യവസായികളുമായി ധാരണയിലെത്താനും കയറ്റുമതിക്കാര്‍ക്ക് കഴിഞ്ഞില്ല. ഏത്തപ്പഴം, കൈതച്ചക്ക തുടങ്ങിയവയാണ് കേരളത്തില്‍ നിന്നും കയറ്റുമതി ചെയ്യുന്ന ചില പഴവര്‍ഗങ്ങള്‍. കയറ്റുമതിയിലെ ഇടിവ് ഈ കര്‍ഷകരെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

2002 മെയ് മുതല്‍ രൂപയുടെ മൂല്യം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ റിസര്‍വ്ബാങ്കിന്റെ ഇടപെടലുകളൊന്നും ഈ പ്രവണതയെ പിന്നോട്ടടിക്കാന്‍ പര്യാപ്തമായില്ല. റിസര്‍വ് ബാങ്കിന് ഇന്ത്യന്‍ നാണയ കമ്പോളത്തിലെ നിയന്ത്രണങ്ങള്‍ ഒന്നൊന്നായി എടുത്തമാറ്റിയതിന്റെ ഫലമാണിത്. റിസര്‍വ് ബാങ്കിനും കേന്ദ്രസര്‍ക്കാരിനും നാണയക്കമ്പോളത്തിലും ധനകാര്യമേഖലയിലും ഉള്ള നിയന്ത്രണങ്ങള്‍ ഇല്ലാതാകുന്നതിന്റെ പ്രതിഫലനമാണ് കമ്പോളത്തിലെ പലിശയുടെ കാര്യത്തിലും, വിലക്കയറ്റത്തിന്റെ കാര്യത്തിലും നാം കണ്ടത്. എല്ലാം കമ്പോളത്തിന് അടിയറവയ്ക്കുന്ന നയം തുടര്‍ന്നാല്‍ രാജ്യത്തിന്റെ സാമ്പത്തിക രംഗമാകെ പ്രതിസന്ധിയിലാകും എന്നു വ്യക്തം. അതോടൊപ്പം കര്‍ഷകരുടേയും തൊഴിലാളികളുടേയും ജീവിതവും കൂടുതല്‍ ദുരിതമയമാകും.

(ലേഖകന്‍: ശ്രീ. ജോസ്.ടി.അബ്രഹാം)

Friday, August 10, 2007

ഔട്ട്‌സോര്‍സിങ്ങ് -ബാങ്കുകള്‍ പ്രതിസന്ധിയിലേക്ക്

ബാങ്ക് ജോലികള്‍ ഔട്ട്‌സോര്‍സിങ്ങ് ഏജന്‍സികളെ ഏല്‍പ്പിക്കുന്നതിനെതിരെ ബാങ്ക് ജീവനക്കാരുടെ പ്രക്ഷോഭം നടന്നുകൊണ്ടിരിക്കെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) മാനേജ്‌മെന്റ് ബിസിനസ്സ് ഫെസിലിറ്റേറ്റര്‍മാരേയും(BusinessFacilitators) ബിസിനസ്സ് കറസ്‌പോണ്ടന്റ്സിനേയും(BusinessCorrespodents) നിയമിക്കാന്‍ പത്രപ്പരസ്യം നല്‍കിയിരിക്കുന്നു.

ഇതു സംബന്ധിച്ച് ജീവനക്കാരുടെ സംഘടനകളുമായി നടന്നുകൊണ്ടിരിക്കുന്ന ചര്‍ച്ചകളെ നിരര്‍ത്ഥകമാക്കിക്കൊണ്ടാണ് റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ച ഒരു സര്‍ക്കുലറിന്റെ മറ പിടിച്ചുകൊണ്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാനേജ്‌മെന്റ് 2007 ഏപ്രില്‍ മുപ്പതാം തീയതി ഔട്ട്‌സോര്‍സിങ്ങ് സംബന്ധിച്ച തീരുമാനം എടുത്തത്. തുടര്‍ന്ന് പ്രാദേശിക പത്രങ്ങളില്‍ ഇതു സംബന്ധിച്ച് പരസ്യങ്ങളും വരുകയുണ്ടായി. സ്റ്റേറ്റ് ബാങ്ക് മാനേജ്‌മെന്റ് ഉഭയകക്ഷി ചര്‍ച്ചകളെ പ്രഹസനമാക്കിക്കൊണ്ട് വളരെ തിരക്കുപിടിച്ച് ഇത്തരം ഒരു നടപടി എടുത്തത് ബാങ്ക് ജീവനക്കാര്‍ വളരെ ഉത്ക്കണ്ഠയോടെയാണ് നോക്കിക്കാണുന്നത്.

എന്താണ് ഔട്ട്‌സോര്‍സിങ്ങ്?

ഔട്ട് സോര്‍സിങ്ങ് എന്നാല്‍ ഏതെങ്കിലും ഒരു സ്ഥാപനത്തിലെ ഏറ്റവും മുഖ്യമായതല്ലാത്ത ജോലികളെ ആ സ്ഥാപനത്തില്‍ നിന്നും മാറ്റി, ഈ ജോലി മാത്രം ചെയ്യുന്ന ഏജന്‍സികളേയോ വ്യക്തികളേയോ ഏല്‍പ്പിക്കുക എന്നതാണ്.(Outsourcing became part of the business lexicon during the 1980s and refers to the delegation of non-core operations from internal production to an external entity specializing in the management of that operation.-Wikipedia) വികസിത രാജ്യങ്ങളിലെ ജോലികള്‍ ഇത്തരത്തില്‍ തൊഴില്‍ നിയമങ്ങള്‍ അത്ര ശക്തമല്ലാത്ത, തൊഴില്‍ ശക്തി കുറഞ്ഞ നിരക്കില്‍ ലഭിക്കുന്ന അവികസിതരാജ്യങ്ങളിലേക്ക് മാറ്റുന്നത് പുതിയ ഒരു പ്രവണതയാണ്.

ലാഭം വര്‍ദ്ധിപ്പിക്കുന്നതിനുവേണ്ടി മുതലാളിമാര്‍ കണ്ടെത്തിയിട്ടുള്ള ഏറ്റവും ഹീനമായൊരു മാര്‍ഗ്ഗമാണ് പുറംകരാര്‍ പണി( ഔട്ട്‌സോര്‍സിങ്ങ്) . പുറംകരാര്‍ പണിക്കാര്‍ക്ക് സ്ഥിരം ജീവനക്കാര്‍ക്ക് കൊടുക്കുന്നതിനേക്കാള്‍ വളരെ കുറച്ചുകൂലി നല്‍കിയാല്‍ മതി. അവരെക്കൊണ്ട് കൂടുതല്‍ സമയം പണിയെടുപ്പിക്കുകയും ചെയ്യാം. തീര്‍ന്നില്ല, അവര്‍ക്ക് റിട്ടയര്‍മെന്റ് ആ‍നുകൂല്യങ്ങളും നല്‍കേണ്ടതില്ല.

ഔട്ട്‌സോര്‍സിങ്ങ് എന്തുകൊണ്ട്?

ഇന്ന് ബഹുരാഷ്ട്ര കുത്തകകള്‍ അവരുടെ ഫാക്ടറികളിലെ തൊഴില്‍ ഔട്ട്‌സോര്‍സ് ചെയ്തുകൊണ്ട് സ്ഥിരം തൊഴിലാളികളെ പൂര്‍ണമായും ഒഴിവാക്കുകയാണ്. പ്രശസ്ത കമ്പ്യൂട്ടര്‍ കമ്പനിയായ ഐബി‌എമ്മിനും ചെരുപ്പു കമ്പനിയായ നൈക്കിനും ഇന്ന് ഒരു ഫാക്ടറിപോലുമില്ല. അഡിഡാസ് കമ്പനി വിപണിയിലെത്തിക്കുന്ന ഉല്‍പ്പന്നങ്ങളുടെ 1 % മാത്രമാണ് അവരുടെ ഫാക്ടറിയില്‍ നിര്‍മ്മിക്കുന്നത്. വിവിധ ജോലികള്‍ ഔട്ട്‌സോര്‍സ് ചെയ്തുകൊണ്ട് അവരുടെ സീല്‍ മാത്രം വെച്ച് വിപണിയില്‍ ഉല്‍പ്പന്നങ്ങള്‍ എത്തിക്കുകയാണവര്‍. കൂലി ചെലവില്‍ ഗണ്യമായ കുറവ് വരുത്തിക്കൊണ്ട് ലാഭം വന്‍‌തോതില്‍ വര്‍ദ്ധിപ്പിക്കാന്‍ ഇതുവഴി അവര്‍ക്ക് കഴിയുന്നു. ദുഷ്ടലാക്കുള്ള ഇത്തരം ബഹുരാഷ്ട്ര കുത്തകകളെ മാതൃകയാക്കിക്കൊണ്ടാണ് എസ് ബി ഐ യും ഔട്ട്‌സോര്‍സിങ്ങ് നീക്കം നടത്തുന്നത്. ഫ്ലെക്സിബിള്‍ ലേബര്‍ മര്‍ക്കറ്റ് (Flexible Labour Market) ആണ് അവരുടെ ലക്ഷ്യം.

ഔട്ട്‌സോര്‍സിങ്ങ് മൂലം ബാങ്കിംഗ് സേവനങ്ങള്‍ മെച്ചപ്പെടുമോ?

ബാങ്ക് ശാഖകള്‍ ഇല്ലാത്ത നിരവധി ഗ്രാമങ്ങള്‍ ഇന്നും ഇന്ത്യയിലുണ്ട്. അവിടെ ബാങ്കിംഗ് സേവനങ്ങള്‍ ലഭ്യമാക്കാന്‍ ബിസിനസ്സ് കറസ്‌പോണ്ടന്റ്സിനെ നിയമിക്കുകയല്ല കൂടുതല്‍ ഗ്രാമീണശാഖകള്‍ തുറക്കുകയും കൂടുതല്‍ ജീവനക്കാരെ നിയമിക്കുകയുമാണ് ചെയ്യേണ്ടത്. ഏജന്റുമാരായി വരുന്നവര്‍ക്ക് കമ്മീഷന്‍ എന്ന ലക്ഷ്യത്തിനപ്പുറം മറ്റൊന്നുമുണ്ടാകില്ല. ഇത് ബാങ്കിംഗ് സേവനങ്ങളുടെ നിലവാരമിടിക്കുന്നതിനേ വഴിവക്കൂ.

ഹര്‍ഷദ് മേത്ത കുംഭകോണത്തെ തുടര്‍ന്ന് ബാങ്ക് അക്കൌണ്ടുകള്‍ തുറക്കുന്നതിനുള്ള നിബന്ധനകള്‍ റിസര്‍വ് ബാങ്ക് കര്‍ശനമാക്കിയിരിക്കുകയാണ്. എന്നാല്‍ ഈ പണികള്‍ ഔട്ട്‌സോര്‍സിങ്ങിലൂടെ ചെയ്യിക്കുകയാണെങ്കില്‍ വന്‍‌തോതില്‍ ബിനാമി അക്കൌണ്ടുകള്‍ തുറക്കപ്പെടും. മാത്രവുമല്ല, കെവൈസി നോംസ് ( Know your Customer Norms) കൂടുതല്‍ ലളിതമാക്കണമെന്ന ആവശ്യം പല കോണില്‍ നിന്നും ഉയരുന്നുമുണ്ട്.

ഔട്ട്‌സോര്‍സിങ്ങ് സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍

ബിസിനസ്സ് കറസ്‌പോണ്ടന്റ്സിനെ വച്ച് ബാങ്ക് ഇടപാടുകള്‍ ചെയ്യുവാനായാല്‍ ബാങ്കുകള്‍ ഇന്നുള്ള ഗ്രാമീണ- അര്‍ദ്ധ നഗര ( rural-semi urban) ശാഖകള്‍ പോലും ഒന്നിനുപിറകെ ഒന്നായി അടച്ചുപൂട്ടാനുള്ള നീക്കം കൂടുതല്‍ കൂടുതല്‍ ശക്തിപ്പെടുത്തും. ബാങ്കിങ്ങ് പരിഷ്ക്കാരങ്ങളുടെ ഭാഗമായി, ഇതിനകം തന്നെ, ഗ്രാമീണ ശാഖകളുടെ എണ്ണത്തില്‍ വലിയ കുറവാണ് ഉണ്ടായിട്ടുള്ളത്. 1993 നും 2005 നും ഇടക്ക് 3307 ഗ്രാമീണ ശാഖകള്‍ കുറഞ്ഞു. ഇതു 2006 ആയപ്പോള്‍ 4639 ആ‍യി മാറി.

റിസര്‍വ് ബാങ്ക് പ്രസിദ്ധീകരിച്ച കണക്കുകള്‍ പ്രകാരം, പോപ്പുലേഷന്‍ പെര്‍ ബ്രാഞ്ച് ( Population per branch) 1991 ല്‍ 13711 ആയിരുന്നത് വര്‍ദ്ധിച്ച് 2005 ല്‍ 15680 ആയി മാറി. ഗ്രാമീണ മേഖലയിലേക്കു വരുമ്പോഴാകട്ടെ, പോപ്പുലേഷന്‍ പെര്‍ റൂറല്‍ ബ്രാഞ്ച് (Population per rural branch) 13462ല്‍ നിന്നും 16650 ആയി വര്‍ദ്ധിച്ചതായി കാണാം. ഈ കാലയളവില്‍ ഗ്രാമീണ ശാഖകളിലെ ജീവനക്കാരുടെയും ഓഫീസര്‍മാരുടേയും എണ്ണത്തിലും വലിയ കുറവുണ്ടായി എന്നു കാണാം. സ്വാഭാവികമായും ഇത് ഗ്രാമീണ ശാഖകള്‍ നല്‍കി വന്നിരുന്ന സേവനങ്ങളുടെ നിലവാരമിടിക്കുന്നതിന് കാരണമായി. ഇത് ഒരു മറയാക്കിക്കൊണ്ട് പുറംകരാര്‍ പണി പിന്‍‌വാതിലിലൂടെ കൊണ്ടുവരാനാണ് ബാങ്ക് മാനേജ്‌മെന്റുകളുടെ ശ്രമം.

ചുരുക്കത്തില്‍, നമ്മുടെ നാട്ടില്‍ 1991 മുതല്‍ പിന്തുടര്‍ന്നു വരുന്ന ഉദാരവല്‍ക്കരണ നയങ്ങളുടെ, കമ്പോളമാണ് സര്‍വപ്രധാനം( Market is supreme) എന്ന പിന്തിരിപ്പന്‍ നയത്തിന്റെ പ്രതിഫലനമാണ് നാം ഇവിടെ കാണുന്നത്.

ഔട്ട്‌സോര്‍സിങ്ങ് കൊണ്ടുവന്ന മേഖലകളില്‍ എല്ലാം തന്നെ സേവനങ്ങളുടെ നിലവാരം ഇടിഞ്ഞിട്ടുണ്ട് എന്നതാണ് വാസ്തവം. ബാങ്ക് ജോലികള്‍ക്ക് മറ്റു ജോലികള്‍ക്ക് ഇല്ലാത്ത ചില പ്രത്യേകതകള്‍ ഉണ്ട്. നിക്ഷേപങ്ങളുടെ സുരക്ഷിതത്വവും ഇടപാടുകളുടെ രഹസ്യസ്വഭാവവും ഇതില്‍ പ്രധാനമാണ്. ബിസിനസ്സ് കറസ്‌പോണ്ടന്റ്സിനെ ബാങ്ക് ശാഖകള്‍ക്ക് പകരം വക്കുകയാണെങ്കില്‍ ഈ രണ്ടുകാര്യങ്ങളിലും വീഴ്ചയുണ്ടാകുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

ഈയടുത്ത കാലത്താണ് പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് പ്രദേശത്ത് ഐ സി ഐ സി ഐ പ്രുഡന്‍ഷ്യല്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ ഫ്രാഞ്ചൈസി കോടിക്കണക്കിന് രൂപയുമായി അപ്രത്യക്ഷനായതായ വാര്‍ത്തകള്‍ വന്നത്. നവസ്വകാര്യ ബാങ്കുകള്‍ തങ്ങളുടെ അക്കൌണ്ടില്‍ നിന്നും അനുവാദം കൂടാതെ പണം എടുത്ത് ഓഹരി വിപണിയില്‍ നിക്ഷേപിച്ച് നഷ്ടം വരുത്തിയതായി നിര്‍വധി പരാതികള്‍ ഉണ്ടായിട്ടുണ്ട്. എച് ഡി എഫ് സി ബാങ്കിനെ സംബന്ധിച്ച് ഇത്തരമൊരു പരാതി കേരളത്തിലെ അറിയപ്പെടുന്ന ഒരു സിനിമാ സംവിധായകന്‍ ഉന്നയിച്ചതും ഈയടുത്ത കാലത്താണ്.

ഡോര്‍സ്റ്റെപ്പ് ഡെലിവറി പിന്‍‌വാതിലിലൂടെ കൊണ്ടുവരുക എന്നതും ഔട്ട്‌സോര്‍സിങ്ങ് പ്രക്രിയയുടെ മറ്റൊരു ഉദ്ദേശ്യമാണ്. പല നവ സ്വകാര്യ ബാങ്കുകളും (New generation private sector banks) പരീക്ഷിച്ച് പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഉപേക്ഷിച്ച നടപടിയാണ് ഡോര്‍സ്റ്റെപ്പ് ഡെലിവറി . ഈ പ്രക്രിയയില്‍ തട്ടിപ്പിനുള്ള (Frauds) സാദ്ധ്യതകള്‍ ഏറെയാണ്. ഫ്രാഞ്ചൈസികളുടെ സ്വകാര്യ, വര്‍ഗ്ഗ, വര്‍ഗ്ഗീയ പ്രാദേശിക താല്‍പ്പര്യങ്ങള്‍ അവയുടെ പ്രവര്‍ത്തനത്തില്‍ സ്വാധീനം ചെലുത്തും എന്നതാണ് മറ്റൊരു പ്രശ്നം. മാത്രവുമല്ല, വലിയ ഒരു വിഭാഗത്തിന് ബാങ്കിങ്ങ് സേവനങ്ങള്‍ അപ്രാപ്യമാക്കാന്‍ ഇത് ഇട വരുത്തുകയും ചെയ്യും.

അമേരിക്കന്‍ കണ്‍സല്‍ട്ടന്‍സി കമ്പനിയായ മക് കിന്‍സി & കമ്പനിയുടെ (McKinsey & Company )നിര്‍ദ്ദേശപ്രകാരം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിയില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ബിസിനസ്സ് പ്രോസസ്സ് റീ എഞ്ചിനീയറിങ്ങിന്റെ (Business process re-engineering) ഭാഗമായി ശാഖക്കുള്ളില്‍ തന്നെ കരാര്‍ തൊഴിലാളികളെ വെക്കാന്‍ നീക്കമുണ്ടായിരുന്നു. മക് കിന്‍സി ഇതു കൂടാതെ നിരവധി ബദല്‍ ചാനലുകളും (alternate channels)ശുപാര്‍ശ ചെയ്തിരുന്നു. ഇതില്‍ ഔട്ട്‌സോര്‍സിങ്ങും കാള്‍ സെന്ററുകളും (call centres) ഉള്‍പ്പെടുന്നു.

60 ശതമാനത്തിലേറെ നിര‍ക്ഷരരായ ഗ്രാമീണ ജനത അധിവസിക്കുന്ന നമ്മുടെ രാജ്യത്താണ് വികസിത മുതലാളിത്ത രാജ്യങ്ങള്‍ നടപ്പിലാക്കിയിട്ടുള്ള പരിഷ്ക്കാരങ്ങള്‍ കൊണ്ടുവരുന്നത്.

മൈക്രോ ക്രെഡിറ്റ് ഇന്‍സ്റ്റിട്യൂഷനുളെ നിയമവിധേയമാക്കാനായി പാര്‍ലമെന്റില്‍ അവതരിപ്പിച്ച ശേഷം ഇപ്പോള്‍ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റിയുടെ പരിഗണനയിലിരിക്കുന്ന മൈക്രോ ഫിനാന്‍സ് ബില്ലും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ ഔട്ട്‌സോര്‍സിങ്ങ് നീക്കവും ചേര്‍ത്തുവച്ചാല്‍ ഭാവിയില്‍ ബാങ്കിങ്ങ് ഏതു രീതിയില്‍ ആയിരിക്കും എന്നത് വ്യക്തമാകും. ഔപചാരിക ബാങ്കിങ്ങ് സംവിധാനങ്ങള്‍ക്ക് പകരം ഇത്തരം അനൌപചാരിക സംവിധാനങ്ങളെ പകരം വെയ്ക്കാനാണ് നീക്കം നടക്കുന്നത്.

ഇതിനെതിരെ ചെറുത്തുനില്‍പ്പുകള്‍ സാംഘടിപ്പിക്കുന്നതില്‍ നിന്നും ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ പിന്നോട്ട് പോയാല്‍ വലിയ ദുരന്തമായിരിക്കും നമ്മുടെ രാജ്യത്ത് സംഭവിക്കുക.

(ശ്രീ. സജി വര്‍ഗ്ഗീസ്, ബാങ്ക് വര്‍ക്കേഴ്സ് ഫോറത്തില്‍ എഴുതിയ ലേഖനം)

Tuesday, August 7, 2007

അസംഘടിതമേഖലയിലെ പണിമുടക്ക്

2007 ആഗസ്റ്റ് 8ന്‌ അസംഘടിതമേഖലയിലെ തൊഴിലാളികള്‍ രാജ്യമാസകലം പണിമുടക്കുകയാണ്‌. ഈ മേഖലയില്‍ നടക്കുന്ന രണ്ടാമത്തെ പണിമുടക്കാണിത്. ആദ്യത്തേത് 1993 ജൂലായ് 13ന്‌ ആയിരുന്നു.അസംഘടിതമേഖലയിലെ തൊഴിലാളികളുടെ തൊഴില്‍സം‌രക്ഷണം,സേവനവ്യവസ്ഥ,സാമൂഹികക്ഷേമ ആനുകൂല്യം എന്നിവ സംബന്ധിച്ച് നിയമനിര്‍മ്മാണം നടത്തുക, തൊഴില്‍നിയമത്തിലെ വ്യവസ്ഥകള്‍ അസംഘടിതമേഖലയിലെ തൊഴിലാളികള്‍ക്കും ബാധക‌മാക്കുക, നിയമപരമായ കുറഞ്ഞ കൂലി അസംഘടിതവിഭാഗം തൊഴിലാളികള്‍ക്കും ബാധകമാക്കുക,സ്ത്രീകള്‍ക്ക് തുല്യവേതന നിയമം കര്‍ശനമായി നടപ്പിലാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ്‌ പണിമുടക്ക്.

മുതലാളിത്ത വ്യവസ്ഥിതിയില്‍ വികസനതന്ത്രങ്ങളും പദ്ധതികളും എല്ലാം തന്നെ വന്‍കിട വ്യവസായസ്ഥാപനങ്ങളെ അഥവാ സംഘടിതമേഖലയെ കേന്ദ്രീകരിച്ചാണ്‌ നടപ്പിലാക്കപ്പെട്ടിട്ടുള്ളത്. ചെറുകിട-കുടില്‍ വ്യവസായം, പാരമ്പര്യ തൊഴില്‍സ്ഥാപനങ്ങള്‍ തുടങ്ങിയ അസംഘടിതമേഖല എല്ലായ്പ്പോഴും വന്‍‌കിട വ്യവസായത്തിന്റെ അരികു പറ്റിയാണ് നിലനിന്നുപോന്നിട്ടുള്ളത്.

മുതലാളിത്ത വ്യവസ്ഥിതിയിലെ വര്‍ദ്ധിച്ചുവരുന്ന പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഉത്പാദനത്തിന്റെയും ചൂഷണത്തിന്റെയും രീതികളൊക്കെ സാമ്രാജ്യത്വ താത്പര്യങ്ങള്‍ക്കനുസരിച്ചും മുതലാളിത്തത്തെ നിലനിര്‍ത്തുന്നതിനായും ആവശ്യാനുസരണം മാറിയിട്ടുണ്ട്. ഉദാരവത്കരണ-സ്വകാര്യവത്കരണ-ആഗോളവത്കരണ പരിപാടികളുടെ ആവിര്‍ഭാവത്തോടെ ഉത്പാദന കേന്ദ്രങ്ങളെല്ലാംതന്നെ അടിമുടി മാറിക്കൊണ്ടിരിക്കുകയാണ്‌. അത്ര പ്രാധാന്യമില്ലാത്തത് എന്നു കരുതപ്പെട്ടിരുന്ന അസംഘടിതമേഖല ഇന്ന് സംഘടിതമേഖലക്കുതന്നെ ഭീഷണിയാകുന്ന തരത്തില്‍ വളരുകയാണ്‌. കൃഷികൂടാതെ ബീഡി, കൈത്തറി, വസ്ത്രനിര്‍മ്മാണം, ഓട്, ഇഷ്ടിക, കശുവണ്ടി, കയര്‍, ക്വാറികള്‍, പടക്ക/തീപ്പെട്ടി നിര്‍മ്മാണക്കമ്പനികള്‍, വള നിര്‍മ്മാണം, കല്ലുര വ്യവസായം, വജ്രം, പാത്രനിര്‍മ്മാണം എന്നിങ്ങനെയുള്ള ഉത്പാദനമേഖലകള്‍ക്കു പുറമെ കരാര്‍/കാഷ്വല്‍ തൊഴിലാളികള്‍, ചുമടിറക്ക് തൊഴിലാളികള്‍, വഴിയോര വാണിഭക്കാര്‍, ഗൃഹജോലിക്കാര്‍, സ്വയം തൊഴിലെടുക്കുന്നവര്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്ന വളരെ വിപുലമായ ഒന്നാണ്‌ ഇന്ന് ഈ അസംഘടിതമേഖല. ജി.ഡി.പിയുടെ 65 ശതമാനവും കയറ്റുമതിയുടെ 35 ശതമാനവും സംഭാവന ചെയ്യുന്നത് ഈ മേഖലയാണ്‌. രാജ്യത്തെ തൊഴില്‍ശക്തിയുടെ 93 ശതമാനവും ഈ മേഖലയിലാണുള്ളത്.

സാമ്പത്തിക പരിഷ്കരണവക്താക്കളുടെ അവകാശവാദങ്ങള്‍ക്ക് വിരുദ്ധമാണ്‌ അസംഘടിതമേഖലയിലെ യഥാര്‍ത്ഥ സ്ഥിതി. അതത്ര നവീനമായതോ തൊഴില്‍ സാദ്ധ്യതകള്‍ നിറഞ്ഞതോ അല്ല. ഘടനാപരമായ പരിഷ്കരണ നടപടികളുടെ(structural adjustment programme) ഭാഗമായി സംഘടിതമേഖലയില്‍ നിന്നും പുറംതള്ളപ്പെടുന്ന തൊഴിലാളികളെ ഉള്‍ക്കൊള്ളാനുള്ള ശക്തി ആ മേഖലയ്ക്കില്ല. കാരണം അതിനുള്‍ക്കൊള്ളാവുന്നതിലുമേറെ തൊഴിലാളികള്‍ ഇപ്പോള്‍ത്തന്നെ അവിടെ ഉണ്ട് എന്നതാണ്‌. അതിന്റെ കൂടെ പുതുതായി കുറേപ്പേര്‍കൂടി ചേരുമ്പോള്‍ സംഭവിക്കുന്നത് തൊഴിലാളികളുടെ വരുമാനത്തിലുള്ള കുറവും തൊഴിലുറപ്പിന്റെ ശൈഥില്യവുമാണ്‌. ആഗോളവത്ക്കരണത്തിന്റെയും സ്വദേശ-വിദേശ കുത്തകകളുടെ കടന്നുകയറ്റത്തിന്റേയും ഇറക്കുമതി നിയന്ത്രണങ്ങള്‍ നീക്കുന്നതിന്റേയും, ഇറക്കുമതി ചുങ്കം കുറയ്ക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുന്നതിന്റേയും പശ്ചാത്തലത്തില്‍ അസംഘടിതമേഖല എന്നത് തീര്‍ത്തും കുറ്റകരമായ വിധത്തിലുള്ള ചൂഷണത്തിന്റേയും സാമൂഹിക ഒഴിവാക്കപ്പെടലിന്റേയും (social exclusion) വിളനിലമായി മാറിയിരിക്കുകയാണ്‌.

കുറഞ്ഞമുതല്‍മുടക്കും, തൊഴില്‍ നിയമങ്ങളുടെ അഭാവവും സാമൂഹ്യ സുരക്ഷാ പരിരക്ഷയില്ലായ്മയുടേയും കുറഞ്ഞകൂലിയുടേയും തൊഴില്‍ സുരക്ഷയുടേയും കാര്യത്തിലുള്ള വ്യവസ്ഥയില്ലായ്മയും മൂലം ഈ മേഖല കുത്തകകള്‍ക്ക് ലാഭം കൊയ്യാനുള്ള ഒരു അക്ഷയഖനിയാണ്‌. തൊഴിലാളികളുടെ വരുമാനം ഇവിടെ ദാരിദ്ര്യരേഖക്കും താഴെയാണ്‌. കുടുംബത്തിലെ ദാരിദ്ര്യം മൂലം ലക്ഷക്കണക്കിന്‌ കുഞ്ഞുങ്ങള്‍, നാലു വയസ്സിനു താഴെയുള്ളവര്‍ പോലും, ഈ മേഖലയില്‍ തൊഴിലെടുക്കുന്നുണ്ട്. രാജ്യത്തിലെ ദാരിദ്ര്യത്തിന്റെ അവസ്ഥ ശരിയായി മനസ്സിലാക്കണമെങ്കില്‍ ഈ മേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളികളുടെ ജീവിതത്തിലൂടെ കണ്ണോടിച്ചാല്‍ മതിയാകും. സംസ്ഥാനങ്ങള്‍ തമ്മില്‍ ഇക്കാര്യത്തില്‍ വലിയ വ്യത്യാസമൊന്നുമില്ല. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തില്‍ തൊഴില്‍ശക്തിയുടെ 93 ശതമാനത്തേയും സം‌രക്ഷിക്കുന്നതിനാവശ്യമായ നിയമങ്ങളൊന്നുമില്ല. ഒരു തരം കാട്ടുനീതിയാണിവിടെ നടപ്പിലാകുന്നത്.

ഇവിടെയാണ്‌ രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന തൊഴില്‍ശക്തിക്കായി തുടര്‍ച്ചയായ തൊഴിലും മതിയായ വേതനവും ഉറപ്പുവരുത്തുന്ന സമഗ്രമായ ഒരു കേന്ദ്രനിയമത്തിന്റെ ആവശ്യകത ഉയര്‍ന്നുവരുന്നത്. മതിയായ വേതനവും ഉറപ്പുള്ള തൊഴിലും ദാരിദ്ര്യനിര്‍മ്മാര്‍ജനത്തിനും സാമൂഹികസുരക്ഷിതത്വത്തിനുമൊക്കെ അത്യന്താപേക്ഷിതമാണെന്ന് സമ്മതിച്ചേ മതിയാകൂ. തങ്ങളുടെമേല്‍ അടിച്ചേല്പ്പിക്കപ്പെടുന്ന കപട നിയമ നിര്‍മ്മാണത്തെ (fraudulent legislation) ധിക്കരിച്ചുകൊണ്ട് കടുത്ത സമരത്തിലൂടെ ഈയാവശ്യങ്ങള്‍ നേടിയെടുക്കുക എന്നതുമാത്രമേ ഈ മേഖലയിലെ തൊഴില്‍ശക്തിക്ക് കരണീയമായിട്ടുള്ളൂ.

Saturday, August 4, 2007

കോടതികള്‍ വിമര്‍ശനങ്ങള്‍ക്കതീതമോ?

കോടതികള്‍ വിമര്‍ശനങ്ങള്‍ക്കതീതമോ?ജനാധിപത്യ സംവിധാനത്തില്‍ കോടതികളും കോടതിവിധികളും സമഗ്ര പരിശോധനക്കും വിമര്‍ശനങ്ങള്‍ക്കും അതീതമാണോ? ഇന്ത്യയിലെ ഹൈക്കോടതികളും സുപ്രീംകോടതിയും കാലാകാലങ്ങളില്‍ പുറപ്പെടുവിക്കുന്ന വിധികള്‍ ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങള്‍ക്കനുസൃതമാണോ എന്നു പരിശോധിക്കാന്‍ എല്ലാ പൌരന്മാര്‍ക്കും അവകാശമുണ്ട് ; ഉണ്ടാവണം.

ദുര്‍ബല വിഭാഗങ്ങള്‍ക്ക് പ്രത്യേക സംരക്ഷണം എന്നത് ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്നത് സാമൂഹ്യനീതി ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ്. ഈ സാമൂഹ്യനീതിയും അതിനായി ലെജിസ്ലേച്ചറും(Legislature) എക്സിക്യൂട്ടീവും(Executive) രൂപപ്പെടുത്തുന്ന നിയമങ്ങളും പരിരക്ഷിക്കേണ്ട ചുമതല കോടതികളില്‍ നിക്ഷിപ്തമണ്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പിന്നോക്ക വിഭാഗങ്ങള്‍ക്ക് 27 ശതമാനം സംവരണം ഉറപ്പുവരുത്തുന്ന നിയമം പാര്‍ലിമെന്റ് പാസ്സാക്കിയത് സാമൂഹ്യനീതി ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ്. എന്നാല്‍ സുപ്രീംകോടതി ഈ നിയമം സ്റ്റേ ചെയ്തിരിക്കുകയാണ്. ഇതൊരൊറ്റപ്പെട്ട സംഭവമല്ല എന്ന വസ്തുതയാണ് ജനാധിപത്യ വിശ്വാസികളെ ഉല്‍ക്കണ്ഠപ്പെടുത്തുന്നത്.

ഭരണഘടനാസൃതമായ രീതിയില്‍ ഇന്ത്യയില്‍ രൂപംകൊടുക്കപ്പെട്ട തൊഴില്‍ നിയമങ്ങളിലെ സുപ്രധാനമായ ഒരവകാശം പണിമുടക്കവകാശമാണ്. സംഘടിക്കാനും പ്രക്ഷോഭം നടത്താനും ഏറ്റവും ഒടുവില്‍ പണിമുടക്കുവാനുമുള്ള അവകാശം ഇന്ത്യയിലെ പരമോന്നത കോടതി പോലും അസഹിഷ്ണുതയോടെയാണ് കാണുന്നത്. ജീവനക്കാരുടെ പണിമുടക്കവകാശം ഇല്ലാതാക്കുന്ന വിധി ഉണ്ടായത് സുപ്രീംകോടതിയില്‍ നിന്നു തന്നെയാണ് എന്നത് നിസ്സാര കാര്യമല്ല (എന്നാല്‍ ഇതേ സുപ്രീംകോടതി തന്നെയാണ് , പിന്നോക്ക സംവരണ നിയമത്തിനെതിരെ ദിവസങ്ങളോളം പണിമുടക്കിയ എ.ഐ.ഐ.എം.എസിലെ(AIIMS) ഉദ്യോഗസ്ഥ പ്രമാണിമാര്‍ക്ക് പണിമുടക്കു കാലത്തെ പൂര്‍ണ്ണശമ്പളം നല്‍കാന്‍ അത്യുദാരപൂര്‍വം കല്പന നല്‍കിയത്) . ഇ എം എസിന്റെ നിരീക്ഷണം എത്രമാത്രം സാര്‍ത്ഥകമാണെന്ന പരിശോധന ഇവിടെ തുടങ്ങുന്നു:

“ പാവപ്പെട്ടവരെ അടിച്ചമര്‍ത്താനുള്ള ഉപകരണമായാണ് കോടതിയെ മാര്‍ക്സും ഏംഗല്‍‌സും കണ്ടത് . ആ അവസ്ഥ ഇപ്പൊഴും തുടരുകയാണ് . സമ്പന്ന വര്‍ഗ താത്പര്യം സംരക്ഷിക്കുന്ന കോടതിയിലെ ന്യായാധിപന്മാരെ നയിക്കുന്നത് വര്‍ഗപരമായ പക്ഷപാതവും വര്‍ഗ വിദ്വേഷവുമാണ് “, ഇ എം എസ് പറഞ്ഞു . ഇതേ വര്‍ഗ പക്ഷപാതം തന്നെയാ‍ണ് കരാര്‍ തൊഴില്‍ എന്ന മൃഗീയ ചൂഷണ സമ്പ്രദായത്തെ ഭരണഘടനാ വിധേയമെന്ന് കൊണ്ടാടാനും സുപ്രീംകോടതിയെ പ്രേരിപ്പിച്ചത്.

സാമൂഹ്യനീതി ഉറപ്പുവരുത്തുന്നതിനായി നിര്‍മ്മിക്കപ്പെടുന്ന നിയമങ്ങള്‍ കോടതികളുടെ അവലോകനത്തിന് വിധേയമാകാതിരിക്കാന്‍ പാകത്തില്‍ ഭരണഘടനയുടെ ഒമ്പതാം പട്ടികയില്‍ പെടുത്തണം എന്ന് ക്രാന്തദൃഷ്ടികളായ ഭരണഘടനാ നിര്‍മാതാക്കള്‍ തീരുമാനിച്ചതും ഈ കാഴ്ചപ്പാടോടെയാവണം . എന്നാല്‍ ഏറ്റവും ഒടുവില്‍ സുപ്രീംകോടതി കയറിപ്പിടിച്ചിരിക്കുന്നത് ഭരണഘടനയിലെ ഒമ്പതാം പട്ടികയെയാണ് . അതില്‍ പെടുത്തിയ നിയമങ്ങളും കോടതിയുടെ പരിശോധനക്ക് വിധേയമാണ് എന്ന് തീരുമാനിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. കോടതികള്‍ , അവക്കുണ്ട് എന്ന് ജനാധിപത്യ വിശ്വാസികള്‍ കരുതുന്ന ലക്ഷ്മണ രേഖക്കും അപ്പുറത്തേക്ക് കടന്നുകയറ്റം നടത്തുന്നു. ഉല്‍ക്കണ്ഠക്ക് തീര്‍ച്ചയായും അടിസ്ഥാനമുണ്ട് എന്നാണ് ഈ അനുഭവങ്ങള്‍ കാണിക്കുന്നത്.

കേരള സര്‍ക്കാര്‍ പാസ്സാക്കിയ സ്വാശ്രയ വിദ്യാഭ്യാസ നിയമത്തിന്റെ അനുഭവമെന്താണ് ? കേരള ഹൈക്കോടതി ആ നിയമത്തിന്റെ സത്തയെയാകെ, സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലാഭേച്ഛയോടെ മാത്രം കൈകാര്യം ചെയ്യുന്ന വിദ്യാഭ്യാസ മുതലാളിമാരുടെ പക്ഷത്തു നിന്നു കൊണ്ടല്ലേ നോക്കിക്കണ്ടത് ? ഭരണഘടന സാമൂഹ്യനീതി ഉയര്‍ത്തിപ്പിടിക്കുമ്പോള്‍, ആ ഭരണഘടനയെ സംരക്ഷിക്കാന്‍ ബാദ്ധ്യസ്ഥരായ ന്യായാധിപന്മാര്‍ക്കെങ്ങനെ സാമൂഹ്യനീതിയെ നിരാകരിക്കാന്‍ കഴിയും? ഇത്തരം ഒരു വിമര്‍ശനത്തെ ഇരുത്തം വന്നവരും അനുഭവജ്ഞാനികളുമായ ന്യായാധിപന്മാര്‍ അസഹിഷ്ണുതയോടെയാണോ നോക്കിക്കാണേണ്ടത് ? ഒരിക്കലുമല്ല. മറിച്ച് , ഈ വിമര്‍ശനങ്ങളെയാകെ യാഥാര്‍ഥ്യ ബോധത്തോടെ സ്വാഗതം ചെയ്യുകയും അവ സമൂഹത്തില്‍ വ്യാപകമായി ഡിബേറ്റ് ചെയ്യപ്പെടുന്നതിന് സൌകര്യമൊരുക്കുകയുമാണ് ചെയ്യേണ്ടത്. ബഹുമാന്യരായ ന്യായാധിപന്മാര്‍ക്കും ഈ ഡിബേറ്റുകളില്‍ പണ്ഡിതോചിതമായി ഇടപെടാനും സ്വന്തം നിലപാടുകള്‍ ഉറപ്പിക്കാനും അപ്പോള്‍ അവസരമുണ്ടാകും.

ഈയൊരു പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് വേണ്ടിയിരുന്നു, പാലൊളി മുഹമ്മദ് കുട്ടിയുടെ പരാമര്‍ശങ്ങളെ പരിശോധിക്കാന്‍. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ടതും സാമൂഹ്യനീതി ഉറപ്പുവരുത്താനുതകുന്നതുമായ നിയമങ്ങള്‍, മേല്‍ സൂചിപ്പിച്ച തരത്തില്‍, തുടരെത്തുടരെ , കോടതികളിലൂടെ റദ്ദാക്കപ്പെടുന്ന ഒരവസ്ഥ സംജാതമായപ്പോള്‍, സര്‍വകലാശാലാ ജീവനക്കാരുടെ ഒരു സമ്മേളനമാണ്, ഇക്കാര്യത്തില്‍ ഒരു പൌരനെന്ന നിലയിലും ഒരു മന്ത്രിയെന്ന നിലയിലും തന്റെ ഉല്‍ക്കണ്ഠ പങ്കുവെക്കാനുള്ള വേദിയായി പാലൊളി ഔചിത്യപൂര്‍വം തെരെഞ്ഞെടുത്തത് . ഒരു രാഷ്ട്രീയ നേതാവിനൊപ്പം ഒരു നാടന്‍ കര്‍ഷകന്റെ മനോഭാവവും എന്നും കാത്തു സൂക്ഷിച്ചുപോരുന്ന പാലൊളി വെറുമൊരു സാധാരണക്കാര്‍ന്റെ ചിന്തകളാണ് അല്പമുറക്കേ ഇവിടെ പങ്കു വച്ചത് - ജാടകളേതുമില്ലാതെ.

നമ്മുടെ നാട്ടിലെ സാധാരണ ജനങ്ങള്‍, പോയകാലത്തെ ചില നിര്‍ണായക ഘട്ടങ്ങളില്‍ കേരള ഹൈക്കോടതിയില്‍ നിന്നും സുപ്രീംകോടതിയില്‍ നിന്നും വന്ന വിധിന്യായങ്ങളെ ആവേശപൂര്‍വം നെഞ്ചേറ്റിയവരാണ് . ദുര്‍ബലന്റെ നാവായും അധ:സ്ഥിതന്റെ പ്രത്യാശയായും ചൂഷിതന്റെ താത്പര്യ സംരക്ഷകരായും അപൂര്‍വമായെങ്കിലും കോടതികള്‍ അവതരിച്ചപ്പോള്‍, അതിനെ യാഥാര്‍ഥ്യ ബോധത്തോടെ, ജനപക്ഷത്തു നിന്നുകൊണ്ട് വിലയിരുത്തിയവരാണവര്‍. അവയുടെ സ്ഥാനത്ത് തികച്ചും വ്യത്യസ്തമായ ദുരനുഭവങ്ങള്‍ ഉണ്ടാവുമ്പോള്‍, അവ കോടതിയില്‍ നിന്നാണല്ലോ എന്നൊര്‍ത്ത് മിണ്ടാതിരിക്കാന്‍ അവര്‍ക്കാവില്ല. അതെന്തുകൊണ്ട് എന്നതിനുത്തരം പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു തന്നെ പറഞ്ഞിട്ടുണ്ട്.

"Court may be supreme, but the Parliament and the people are the ultimate ".

(കെ.രാജഗോപാലന്‍)