Friday, December 10, 2010

'ആട് ജീവിതം' അരങ്ങിലെത്തി

കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ ബെന്യാമിന്റെ നോവല്‍ 'ആട് ജീവിതം' അരങ്ങിലെത്തി. നാടക രംഗത്ത് ദീര്‍ഘനാളായി സജീവ സാന്നിധ്യമായ കുണ്ടംകുഴി സഹൃദയ ക്ളബ്ബാണ് ആടുജീവിതത്തിന് നാടകാവിഷ്കാരം നല്‍കിയത്. വിസ ഏജന്റിന്റെ ചതിയില്‍ അറേബ്യന്‍ മരുഭൂമിയില്‍ അറബിയുടെ അടിമയാകേണ്ടി വന്ന നജീബിന്റെ ദുരന്താനുഭവങ്ങളാണ് നാടകത്തിന്റെ പ്രമേയം. മരുഭൂമിയിലെ കൊടുംചൂടില്‍ ആടുകളെ മേയ്ച്ചും അവക്കൊപ്പം കൂട്ടില്‍ കിടന്നും അറബി യജമാനന്റെ ഉരുക്കുമുഷ്ടികളേറ്റ് ജീവിതം തള്ളിനീക്കേണ്ടി വന്ന നജീബിന്റെ യാതനകള്‍ അരങ്ങില്‍ പുനരാവിഷ്കരിച്ചപ്പോള്‍ പ്രേക്ഷകര്‍ക്ക് നൊമ്പരമടക്കാനായില്ല. മരുഭൂമിയിലെ മണല്‍ക്കടലില്‍ രക്ഷപ്പെടാനാകാതെ പരക്കംപായുന്ന നജീബിന്റെ സങ്കടങ്ങള്‍ പ്രവാസത്തിലെ സുഗന്ധ കാഴ്ചകള്‍ക്കപ്പുറമുള്ള അറിയാകഥകള്‍ വെളിവാക്കുന്നതായി. ജന്മനാട്ടില്‍ നജീബിന്റെ വിവരമറിയാതെ വേദനിക്കുന്ന ഉമ്മയും ഭാര്യ സൈനുവും പ്രേക്ഷകര്‍ക്ക് വേദനയായി. അറേബ്യയിലേക്ക് വരുമ്പോള്‍ പിറക്കാനിരിക്കുന്ന തന്റെ പൊന്നോമനക്ക് നബീല്‍ എന്ന് പേരിടണമെന്ന് നജീബ് ഭാര്യ സൈനുവിനോട് പറഞ്ഞിരുന്നു. മകന്റെ ഓര്‍മയ്ക്കായി മരുഭൂമിയിലെ ആട്ടിന്‍ കുട്ടിക്ക് നബീല്‍ എന്നാണ് നജീബ് പേരിടുന്നത്.
ഗോപി കുറ്റിക്കോല്‍ രചനയും സംവിധാനവും നിര്‍വഹിച്ച നാടകത്തില്‍ നജീബായി വേഷമിടുന്നത് കെപിഎസി ഹരിദാസാണ്. വിവേക് കലാസംവിധാനവും സുധാകരന്‍ കാടകം ദീപ സംവിധാനവും പ്രശാന്ത് സംഗീത സംവിധാനവും നിര്‍വഹിച്ചു. സുകുമാരന്‍, രാമകൃഷ്ണന്‍, നിഷാന്ത്, രതീഷ്, ബി സി പ്രകാശ്, ബിനു, ജയരാജ് എന്നിവരാണ് കഥാപാത്രങ്ങളായി അരങ്ങത്തെത്തിയത്. വിനോദ് കുണ്ടംകുഴിയാണ് മാനേജര്‍.

*
കടപ്പാട് : ദേശാഭിമാനി

2 comments:

വര്‍ക്കേഴ്സ് ഫോറം said...

കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ ബെന്യാമിന്റെ നോവല്‍ 'ആട് ജീവിതം' അരങ്ങിലെത്തി. നാടക രംഗത്ത് ദീര്‍ഘനാളായി സജീവ സാന്നിധ്യമായ കുണ്ടംകുഴി സഹൃദയ ക്ളബ്ബാണ് ആടുജീവിതത്തിന് നാടകാവിഷ്കാരം നല്‍കിയത്. വിസ ഏജന്റിന്റെ ചതിയില്‍ അറേബ്യന്‍ മരുഭൂമിയില്‍ അറബിയുടെ അടിമയാകേണ്ടി വന്ന നജീബിന്റെ ദുരന്താനുഭവങ്ങളാണ് നാടകത്തിന്റെ പ്രമേയം. മരുഭൂമിയിലെ കൊടുംചൂടില്‍ ആടുകളെ മേയ്ച്ചും അവക്കൊപ്പം കൂട്ടില്‍ കിടന്നും അറബി യജമാനന്റെ ഉരുക്കുമുഷ്ടികളേറ്റ് ജീവിതം തള്ളിനീക്കേണ്ടി വന്ന നജീബിന്റെ യാതനകള്‍ അരങ്ങില്‍ പുനരാവിഷ്കരിച്ചപ്പോള്‍ പ്രേക്ഷകര്‍ക്ക് നൊമ്പരമടക്കാനായില്ല. മരുഭൂമിയിലെ മണല്‍ക്കടലില്‍ രക്ഷപ്പെടാനാകാതെ പരക്കംപായുന്ന നജീബിന്റെ സങ്കടങ്ങള്‍ പ്രവാസത്തിലെ സുഗന്ധ കാഴ്ചകള്‍ക്കപ്പുറമുള്ള അറിയാകഥകള്‍ വെളിവാക്കുന്നതായി. ജന്മനാട്ടില്‍ നജീബിന്റെ വിവരമറിയാതെ വേദനിക്കുന്ന ഉമ്മയും ഭാര്യ സൈനുവും പ്രേക്ഷകര്‍ക്ക് വേദനയായി. അറേബ്യയിലേക്ക് വരുമ്പോള്‍ പിറക്കാനിരിക്കുന്ന തന്റെ പൊന്നോമനക്ക് നബീല്‍ എന്ന് പേരിടണമെന്ന് നജീബ് ഭാര്യ സൈനുവിനോട് പറഞ്ഞിരുന്നു. മകന്റെ ഓര്‍മയ്ക്കായി മരുഭൂമിയിലെ ആട്ടിന്‍ കുട്ടിക്ക് നബീല്‍ എന്നാണ് നജീബ് പേരിടുന്നത്.

പ്രദീപ്‌ പേരശ്ശന്നൂര്‍ said...

പരിചയപ്പെട്ടു. ആശംസകള്‍