Thursday, February 7, 2013

ആരെയും മറന്നിട്ടില്ല, ഒന്നും മറന്നിട്ടില്ല

സ്റ്റാലിന്‍ഗ്രാഡ് യുദ്ധത്തിന്റെ 70-ാം വാര്‍ഷികം ഫെബ്രുവരി രണ്ടിന് ആചരിച്ചു. 200 നാള്‍ നീണ്ട യുദ്ധത്തില്‍ കൊല്ലപ്പെട്ട സോവിയറ്റ് ചുവപ്പ് സേനാംഗങ്ങള്‍ക്കും സോവിയറ്റ് പൗരന്മാര്‍ക്കും ആദരാഞ്ജലി അര്‍പ്പിച്ച് അന്നേദിവസം സ്റ്റാലിന്‍ഗ്രാഡില്‍ (1961ല്‍ വോള്‍വോഗ്രാഡ് എന്ന് ക്രൂഷ്ചേവ് പേര് മാറ്റുകയുണ്ടായി) ഗംഭീര സൈനികപരേഡ് നടന്നു. റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ ചടങ്ങില്‍ സംബന്ധിച്ചു.

സ്റ്റാലിന്‍ഗ്രാഡിലെ യുദ്ധവിജയം രണ്ടാം ലോകമഹായുദ്ധത്തിലും ഫാസിസത്തിനെതിരായ യുദ്ധത്തിലും വഴിത്തിരിവായി. പത്തുലക്ഷത്തോളം അംഗബലമുണ്ടായിരുന്ന നാസിസേന പരാജയപ്പെടുകയും അവര്‍ക്ക് വന്‍തോതില്‍ ആള്‍നാശം സംഭവിക്കുകയുംചെയ്തു. സോവിയറ്റ് യൂണിയന്‍ പിടിച്ചെടുക്കാനും അതുവഴി യൂറോപ്പാകെ കീഴടക്കാനും ആസൂത്രണംചെയ്ത ഹിറ്റ്ലര്‍ക്കും നാസിജര്‍മനിക്കും തിരിച്ചടി നേരിട്ടു; ഇവിടെ ചുവപ്പുസേന ആരംഭിച്ച പ്രത്യാക്രമണം 1945 മേയില്‍ ബര്‍ലിന്‍ പിടിച്ചെടുക്കുന്നതിലാണ് പര്യവസാനിച്ചത്.

സോവിയറ്റ് സൈനികരുടെ വീരത്വത്തിന്റെ അവിസ്മരണീയ കഥകള്‍ നിറഞ്ഞതാണ് സ്റ്റാലിന്‍ഗ്രാഡിന്റെ ചരിത്രം. ഒരുഘട്ടത്തില്‍ സ്റ്റാലിന്‍ഗ്രാഡ് നഗരത്തിന്റെ 90 ശതമാനവും നാസിസേന കൈയടക്കി. ഓരോ വീടിനുംവേണ്ടി നടന്ന പോരാട്ടത്തില്‍, പലപ്പോഴും കെട്ടിടങ്ങള്‍ ഓരോന്നായി തകര്‍ന്നു, ചെമ്പട പിടിച്ചുനില്‍ക്കുകയും ക്രമേണ യുദ്ധഗതി മാറ്റിമറിക്കുകയുംചെയ്തു. 1942 ജൂലൈയില്‍ ആരംഭിച്ച യുദ്ധം 1943 ഫെബ്രുവരി രണ്ടിന് ജര്‍മനിയുടെ ആറാം സൈനികദളം കീഴടങ്ങിയതോടെയാണ് അവസാനിച്ചത്. കൊള്ളയ്ക്കും നശീകരണത്തിനും വിധേയമായ നഗരത്തില്‍ ചില ഫാക്ടറികള്‍ പ്രവര്‍ത്തിപ്പിച്ചു. ചെമ്പട ഉപയോഗിച്ച ടാങ്കുകളുടെയും മറ്റ് ഉപകരണങ്ങളുടെയും അറ്റകുറ്റപ്പണി നടത്തി. പീരങ്കികളുടെ ഷെല്‍വര്‍ഷത്തിലും പൂജ്യത്തിനു താഴെയുള്ള താപനിലയിലും ഓരോ ആഴ്ചയും ആയിരങ്ങള്‍ കൊല്ലപ്പെട്ടു. 11 ലക്ഷം ചുവപ്പ് സേനാംഗങ്ങള്‍ക്കും സോവിയറ്റ് പൗരന്മാര്‍ക്കും അത്യാഹിതം നേരിട്ടു. 4,85,751 പേര്‍ക്ക് ജീവഹാനി സംഭവിച്ചു. 1941ല്‍ ജൂണിലാണ് ഹിറ്റ്ലര്‍ സോവിയറ്റ് യൂണിയന്‍ ആക്രമിച്ചത്. മോസ്കോയുടെ പരിസരത്തുവരെ നാസിസേന എത്തി. 1941 ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലാണ് മോസ്കോയ്ക്കു വേണ്ടിയുള്ള യുദ്ധം നടത്തിയത്. ചെമ്പട ഇവരെ പ്രതിരോധിക്കുകയും 1941 ഡിസംബറില്‍ പ്രത്യാക്രമണം തുടങ്ങുകയുംചെയ്തു. 1941 സെപ്തംബര്‍ മുതല്‍ നാസിസേന ലെനിന്‍ഗ്രാഡിന് ഉപരോധം ഏര്‍പ്പെടുത്തി. റഷ്യന്‍വിപ്ലവത്തിന് തുടക്കംകുറിച്ച നഗരം നാസികള്‍ 872 ദിവസം ഉപരോധിച്ചു. പക്ഷേ, അവര്‍ക്ക് കീഴടക്കാനായില്ല. ഉപരോധത്തിലും ലെനിന്‍ഗ്രാഡ് സംരക്ഷിക്കാന്‍ നടത്തിയ പോരാട്ടത്തിലും, സൈനികരും സാധാരണജനങ്ങളുമായി സങ്കല്‍പ്പിക്കാന്‍ കഴിയാത്ത എണ്ണം ആളുകള്‍ക്കാണ് മരണം സംഭവിച്ചത്- 15 ലക്ഷം പേര്‍ക്ക്. സാധാരണക്കാരില്‍ പലരും പട്ടിണികാരണമാണ് മരിച്ചത്.

1944 ജനുവരിയില്‍ ചെമ്പട നാസിഉപരോധം തകര്‍ത്തു. വീരോചിതമായ ഈ ചെറുത്തുനില്‍പ്പിന്റെ പശ്ചാത്തലത്തില്‍ സ്റ്റാലിന്‍ഗ്രാഡ് വഴിത്തിരിവായി. രണ്ടരക്കോടി സോവിയറ്റ് പൗരന്മാരാണ് കൊല്ലപ്പെട്ടത്; ജര്‍മനിക്കും അവരുടെ സഖ്യരാജ്യങ്ങള്‍ക്കും വേണ്ടി യുദ്ധംചെയ്ത് മരിച്ചവരുടെ എണ്ണത്തേക്കാള്‍ കൂടുതല്‍വരുമിത്. നാസിജര്‍മനിയെ പരാജയപ്പെടുത്തുന്നതിലും അതുവഴി ലോകത്തെ ഫാസിസത്തില്‍നിന്ന് രക്ഷിക്കുന്നതിലും മുഖ്യപങ്ക് വഹിച്ചത് സോവിയറ്റ് യൂണിയനാണെന്ന കാര്യത്തില്‍ സംശയമില്ല. എന്നിരുന്നാലും, ഫാസിസത്തെ പരാജയപ്പെടുത്തുന്നതില്‍ ലോകത്തെ പ്രഥമ സോഷ്യലിസ്റ്റ് രാഷ്ട്രം വഹിച്ച ഈ പ്രധാനപങ്ക് നിരന്തരം പാര്‍ശ്വവല്‍ക്കരിക്കപ്പെടുകയോ അവഗണിക്കപ്പെടുകയോ ചെയ്യുന്നു.

1950കളില്‍ ശീതയുദ്ധം ആരംഭിച്ചതോടെ, രചിക്കപ്പെട്ട ചരിത്രത്തില്‍ അമേരിക്കയുടെയും പാശ്ചാത്യസഖ്യരാജ്യങ്ങളുടെയും പങ്ക് ഉയര്‍ത്തിക്കാട്ടാനും സോവിയറ്റ് യൂണിയന്റെ പോരാട്ടം അവഗണിക്കാനും തുടങ്ങി. സോവിയറ്റ് ചെമ്പടയുടെ വിപുലമായ സംഭാവന താഴ്ത്തിക്കാണിക്കാന്‍ ആശയപരമായ പ്രചാരണം തുടങ്ങി. സ്വേച്ഛാധിപതിയായ സ്റ്റാലിനാണ് ചെമ്പടയെ നയിച്ചതെന്ന് പ്രചരിപ്പിച്ചു. കമ്യൂണിസ്റ്റ് ഏകാധിപത്യത്തില്‍ മരണത്തേക്കാള്‍ മോശമായ അവസ്ഥ ഉണ്ടാകുമെന്ന് ഭയന്ന് അവര്‍ പൊരുതുകയായിരുന്നെന്നും പ്രചാരണമുണ്ടായി. സൈനികതന്ത്രത്തിന്റെ കാര്യത്തില്‍, മനുഷ്യശേഷി വിവേകശൂന്യമായി വിനിയോഗിച്ചുവെന്നും ഏതുവിധത്തിലും ലക്ഷ്യംനേടാനായി ദശലക്ഷക്കണക്കിന് സൈനികരുടെ ജീവന്‍ ഹോമിച്ചതായും സോവിയറ്റ് ജനറല്‍മാരെ പഴിച്ചു. എല്ലാറ്റിനുമുപരി, മനുഷ്യജീവന് വിലകല്‍പ്പിക്കാത്ത കമാന്‍ഡറും പ്രാഥമിക സൈനികതന്ത്രംപോലും അറിയാത്ത വ്യക്തിയുമായി സ്റ്റാലിനെ വിശേഷിപ്പിച്ചു.

സോവിയറ്റ് യൂണിയന്റെ പതനത്തിനുശേഷം മറ്റൊരു ദിശയിലും ചരിത്രം തിരുത്തിയെഴുതുകയാണ്, സോവിയറ്റ് യൂണിയന്‍ സ്വീകരിച്ച നിലപാടിനെതിരായ ആശയപരമായ കടന്നാക്രമണം അപകടകരമായ മാനം കൈവരിക്കുകയും ചെയ്തിരിക്കുന്നു. സാമ്രാജ്യത്വത്തിന്റെയും പാശ്ചാത്യമുതലാളിത്തത്തിന്റെയും പ്രത്യയശാസ്ത്രപണ്ഡിതന്മാര്‍ ഫാസിസത്തെയും കമ്യൂണിസത്തെയും സാമ്യപ്പെടുത്താന്‍ തുടങ്ങി. ഹിറ്റ്ലറിനെയും സ്റ്റാലിനെയും ഒരേപോലത്തെ ഭീകരജീവികളും കൂട്ടക്കൊല നടത്തിയവരുമായി ചിത്രീകരിക്കുന്നു. ഹിറ്റ്ലറുടെ ജര്‍മനിയുടെയും സ്റ്റാലിന്റെ സോവിയറ്റ് യൂണിയന്റെയും പൊതുവായ അടിസ്ഥാനം "സമഗ്രാധിപത്യ"മാണെന്ന് ഇക്കൂട്ടര്‍ അവകാശപ്പെടുന്നു. വക്രീകരിച്ച ഈ പ്രത്യയശാസ്ത്ര കാഴ്ചപ്പാട് യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റും ഏറ്റെടുത്തു. 2009 ഏപ്രിലില്‍ അംഗീകരിച്ച "യൂറോപ്യന്‍ അവബോധവും സമഗ്രാധിപത്യവും" എന്ന പ്രമേയത്തില്‍ ""കമ്യൂണിസവും ഫാസിസവും പൊതുവായ പാരമ്പര്യമാണ് പേറുന്നതെന്ന്"" തിരിച്ചറിയാന്‍ ആഹ്വാനം നല്‍കുകയും യൂറോപ്പിലെ എല്ലാ സമഗ്രാധിപത്യ ഭരണകൂടങ്ങളുടെയും ഇരകളോട് ആദരം പ്രകടിപ്പിക്കുകയുംചെയ്തു. യൂറോപ്പില്‍ 60 ലക്ഷം ജൂതന്മാരുടെ കൂട്ടക്കൊലയ്ക്ക് വഴിതെളിച്ച് നാസികള്‍ നടത്തിയ വംശഹത്യയെ സ്റ്റാലിനിസത്തിന്റെ "ഇരകളോട്" താരതമ്യം ചെയ്തു. വളച്ചൊടിച്ച ഈ കാഴ്ചപ്പാട് പ്രകാരം, ലോകം ഫാസിസത്തിന്റെയും കമ്യൂണിസത്തിന്റെയും പിടിയില്‍നിന്ന് മോചിതമായി ലിബറല്‍ ജനാധിപത്യത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും എല്ലാവര്‍ക്കും സമത്വം ഉറപ്പുവരുത്തുന്നതുമായ പുതിയ ലോകക്രമത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. സത്യത്തെ ഇത്തരത്തില്‍ പരിഹസിക്കുന്നതിനേക്കാള്‍ വലിയ അപമാനം സോവിയറ്റ് യൂണിയനില്‍ ജീവത്യാഗംചെയ്ത ദശലക്ഷങ്ങള്‍ക്ക് ഏല്‍പ്പിക്കാനില്ല.

ഫാസിസ്റ്റ് ഭീകരജീവിയുടെ നട്ടെല്ല് തകര്‍ക്കുകയും അതിലൂടെ യൂറോപ്പിനെ ഫാസിസത്തിന്റെ ഭീകരതയില്‍നിന്ന് രക്ഷിക്കുകയും ചെയ്തത് ചെമ്പടയുടെയും സാധാരണ സോവിയറ്റ് പൗരന്മാരുടെയും പരമമായത്യാഗമാണ്. യൂറോപ്പില്‍ ഇന്ന് ബൂര്‍ഷ്വാ ഭരണകേന്ദ്രങ്ങള്‍ നിലനില്‍ക്കാന്‍ കാരണം സോവിയറ്റ് യൂണിയന്‍ നടത്തിയ ഗംഭീര പോരാട്ടമാണ്. യൂറോപ്പില്‍ വസ്തുനിഷ്ഠമായി കാര്യങ്ങള്‍ കാണുന്ന ചരിത്രകാരന്മാര്‍ നാസിസത്തെ സൈനികമായി പരാജയപ്പെടുത്തുന്നതില്‍ സോവിയറ്റ് യൂണിയനും ചെമ്പടയും വഹിച്ച മഹത്തായപങ്ക് പൂര്‍ണമായും തിരിച്ചറിഞ്ഞിട്ടുണ്ട്. സുഖോവ്, സ്റ്റാലിന്‍ഗ്രാഡില്‍ പോരാട്ടത്തിന് നേതൃത്വം നല്‍കിയ ഷൂക്കോവ് തുടങ്ങിയ സോവിയറ്റ് ജനറല്‍മാരുടെ തന്ത്രങ്ങളുടെ മികവ് അവര്‍ അംഗീകരിച്ചിട്ടുണ്ട്. പരമോന്നത കമാന്‍ഡര്‍ എന്ന നിലയില്‍ സ്റ്റാലിന്റെ പങ്ക്, അദ്ദേഹത്തിന് മറ്റെന്തെല്ലാം പാളിച്ചകള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും, അവര്‍ക്ക് തള്ളിക്കളയാനായില്ല. സ്റ്റാലിന്‍ഗ്രാഡ് യുദ്ധത്തിന്റെ 70-ാം വാര്‍ഷികത്തില്‍, പ്രസിഡന്റ് ക്ലിന്റണ്‍ ഭരിച്ചപ്പോള്‍ സര്‍ക്കാരില്‍ പ്രവര്‍ത്തിച്ച അമേരിക്കന്‍ പ്രൊഫസറും സാമ്പത്തിക വിദഗ്ധനുമായ ബ്രാഡ്ഫോര്‍ഡ് ഡെലോങ് എഴുതി: ""12 ലക്ഷത്തോളം ചുവപ്പ് സേനാംഗങ്ങള്‍ക്കൊപ്പം ആയുധമെടുത്ത് പോരാടിയ തൊഴിലാളികളും, അവര്‍ക്ക് ഭക്ഷണം നല്‍കിയ കര്‍ഷകരും ചേര്‍ന്ന്, സ്റ്റാലിന്‍ഗ്രാഡിലെ പോരാട്ടത്തെ മാനവരാശിയുടെ ചരിത്രത്തില്‍ ഗുണപരമായ വ്യത്യാസമുണ്ടാക്കിയ യുദ്ധമാക്കി മാറ്റി"".

സ്റ്റാലിന്‍ഗ്രാഡിലെ വിജയവും രണ്ട് വര്‍ഷത്തിനുശേഷം ബര്‍ലിനില്‍ ചെമ്പടയുടെ വിജയകരമായ പ്രവേശവും സാധ്യമാക്കിയത് ഒരു സോഷ്യലിസ്റ്റ് രാഷ്ട്രം നയിച്ച സൈനികശക്തിയാണ്. സോവിയറ്റ് തൊഴിലാളിവര്‍ഗത്തിന്റെയും കര്‍ഷകജനതയുടെയും പൂര്‍ണപിന്തുണ ഈ സൈനികനീക്കത്തിന് ലഭിച്ചു. പോരാട്ടത്തിന്റെ തലപ്പത്ത് കമ്യൂണിസ്റ്റ്പാര്‍ടിയായിരുന്നു. നാസി അധിനിവേശം വന്‍തോതില്‍ നാശനഷ്ടം വരുത്തിയിട്ടും യുദ്ധത്തിന് ആവശ്യമായ വിഭവങ്ങള്‍ സമാഹരിക്കാന്‍ സാധിച്ചത് സോഷ്യലിസ്റ്റ് സമ്പ്രദായത്തിന്റെ മേന്മകൊണ്ടാണ്. ഫാസിസത്തിനെതിരായ യുദ്ധവിജയത്തിന് വേണ്ടിവന്ന ത്യാഗങ്ങളുടെ ഏറ്റവും പ്രചാരത്തിലുള്ള മുദ്രാവാക്യം ""ആരെയും മറന്നിട്ടില്ല, ഒന്നും മറന്നിട്ടില്ല"" എന്നതാണ്. ചരിത്രസത്യങ്ങള്‍ മായ്ച്ചുകളയാനാവില്ല. ഫാസിസ്റ്റ്വിരുദ്ധ യുദ്ധചരിത്രത്തിലെ പ്രധാനദിവസങ്ങളില്‍, ഈ ചരിത്രനഗരം വീണ്ടും സ്റ്റാലിന്‍ഗ്രാഡ് എന്നുതന്നെ അറിയപ്പെടുമെന്ന് റഷ്യന്‍ സര്‍ക്കാരിന് പ്രഖ്യാപിക്കേണ്ടിവന്നത് ഇതിന്റെ സൂചനയാണ്.

*
പ്രകാശ് കാരാട്ട് ദേശാഭിമാനി 07 ഫെബ്രുവരി 2013

No comments: