Thursday, February 7, 2013

നീതിന്യായ പ്രക്രിയയെ അട്ടിമറിക്കുന്നു

ഓരോരുത്തര്‍ക്ക് ഓരോ നീതി, നീതിക്കുമുന്നില്‍ സര്‍വരും സമാനരാണെന്ന തത്വം അപ്പാടെ നിരാകരിക്കുന്നതാണ് നീതിന്യായ പ്രക്രിയയെത്തന്നെ അട്ടിമറിക്കുന്ന തരത്തിലുള്ള യുഡിഎഫിന്റെയും അതിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെയും രീതികള്‍. ജനങ്ങളും നീതിന്യായപീഠവും ഇത് കണ്ണുതുറന്ന് കാണേണ്ടതുണ്ട്. തങ്ങള്‍ക്ക് രാഷ്ട്രീയമായി വേണ്ടപ്പെട്ടവരെ നിയമപ്രക്രിയയില്‍നിന്ന് രക്ഷിച്ചെടുക്കാനും, രാഷ്ട്രീയമായി എതിര്‍ക്കുന്നവരെ തെരഞ്ഞുപിടിച്ച് കള്ളക്കേസില്‍ കുരുക്കാനുമുള്ള സംവിധാനമാക്കി ഭരണത്തെ മാറ്റുകയാണ് യുഡിഎഫ്. ഇതില്‍ ആദ്യം പറഞ്ഞത് സമര്‍ഥമായി നടപ്പാക്കുന്നതിന്റെ ദൃഷ്ടാന്തമാണ് പി ജെ കുര്യന്‍പ്രശ്നത്തില്‍ കാണുന്നത്.

സുപ്രീംകോടതി കുറ്റവിമുക്തനാക്കിയ ഒരാളെ വീണ്ടും അന്വേഷണത്തിനു വിധേയനാക്കുന്നതെങ്ങനെ എന്നാണ് മുഖ്യമന്ത്രി ചോദിക്കുന്നത്. ഈ ചോദ്യത്തില്‍ രണ്ട് അസത്യങ്ങളുണ്ട്. പി ജെ കുര്യനെ സുപ്രീംകോടതി കുറ്റവിമുക്തനാക്കി എന്നതാണ് ഒന്ന്. വീണ്ടും അന്വേഷണം എന്നതാണ് മറ്റൊന്ന്. ഡിസ്ചാര്‍ജ് പെറ്റീഷന്‍ അനുവദിക്കപ്പെട്ടുവെന്ന് പറഞ്ഞാല്‍ കുറ്റവിമുക്തനാക്കി എന്നല്ല അര്‍ഥം. ഡിസ്ചാര്‍ജിന് ശിക്ഷ എന്നോ കുറ്റവിമുക്തത എന്നോ അര്‍ഥമില്ല. ശിക്ഷിക്കണമെങ്കിലും കുറ്റവിമുക്തനാക്കണമെങ്കിലും വിചാരണയടക്കമുള്ള പ്രക്രിയയിലൂടെ കടന്നുപോകണം. കുര്യന്റെ കാര്യത്തില്‍ അതുണ്ടായില്ല. "വീണ്ടും അന്വേഷണം" എന്നതിലും തെറ്റിദ്ധരിപ്പിക്കലുണ്ട്. പി ജെ കുര്യനെതിരെ ഒരു അന്വേഷണം നേരത്തെ നടന്നുവെന്നാണിത് കേട്ടാല്‍ തോന്നുക. അങ്ങനെ ഒരു അന്വേഷണമുണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ ഇനി നടക്കേണ്ടത് അന്വേഷണമാണ്, പുനരന്വേഷണമല്ല. ഇതൊക്കെ അറിയാവുന്ന മുഖ്യമന്ത്രി എന്തുകൊണ്ട് അസത്യങ്ങള്‍ നിരത്തി പി ജെ കുര്യനെ സംരക്ഷിക്കുന്നു? ആ ചോദ്യത്തിനുള്ള ഉത്തരമാണ് രാഷ്ട്രീയതാല്‍പ്പര്യത്തോടെയുള്ള ഭരണദുര്‍വിനിയോഗം എന്നത്. പി ജെ കുര്യന്റെ ഡിസ്ചാര്‍ജ് പെറ്റീഷന്‍ അനുവദിക്കപ്പെട്ടതാകട്ടെ, നിരവധി പ്രതികളെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ്. ആ വിധിക്ക് അടിസ്ഥാനമായ നിഗമനങ്ങള്‍ തനിക്കും ബാധകമാണെന്ന് ചൂണ്ടിക്കാട്ടുന്നതായിരുന്നു കുര്യന്റെ പെറ്റീഷന്‍. സുപ്രീംകോടതിയുടെ പുതിയ വിധിയോടെ ആ ഹൈക്കോടതിവിധിയും അതിന് ആസ്പദമായ നിഗമനങ്ങളും അസാധുവായി. അതുകൊണ്ടുതന്നെ ആ ഹൈക്കോടതിവിധിയെ ആലംബമാക്കി കുര്യന്‍ നല്‍കിയ ഡിസ്ചാര്‍ജ് പെറ്റീഷനുമേലുള്ള തീര്‍പ്പും അസാധുവാകുകയാണ്. ഇതും മുഖ്യമന്ത്രി കാണാന്‍ കൂട്ടാക്കുന്നില്ല. നിരവധി പ്രതികള്‍ വെറുതെ വിടപ്പെട്ടത് ഏതു വാദത്തിന്റെ ബലത്തിലാണോ അതേ വാദത്തിന്റെ ബലത്തിലുള്ളതായിരുന്നു ഡിസ്ചാര്‍ജ് പെറ്റീഷന്‍. ആ വാദം അസാധുവാണെന്ന് സുപ്രീംകോടതിതന്നെ പറഞ്ഞിരിക്കെ, അതിന്റെ അടിസ്ഥാനത്തില്‍ വന്ന പെറ്റീഷന്‍ തീര്‍പ്പിന് പിന്നെ എന്ത് സാധുത? മാറിയ സാഹചര്യത്തില്‍ കുര്യനെക്കൂടി പ്രതിചേര്‍ത്ത് ക്ലീന്‍സ്ലേറ്റില്‍ ആരംഭിക്കണമെന്ന വാദത്തിന് അടിസ്ഥാനമുണ്ടാവുന്നത് സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ്. നിരവധി പ്രതികളെ വെറുതെവിട്ടുകൊണ്ടുള്ള 2005ലെ വിധി ഉത്തരവ് ഉദ്ധരിച്ചുള്ളതായിരുന്നു 2007ലെ ഡിസ്ചാര്‍ജ് പെറ്റീഷന്‍ വിധി തീര്‍പ്പ് എന്നതുകൂടി ആലോചിക്കുക.

സുപ്രീംകോടതിയാകട്ടെ, ഒരു ഘട്ടത്തില്‍പോലും പി ജെ കുര്യന്റെ പ്രശ്നത്തിന് മെറിറ്റ് പരിശോധിക്കുന്നതിലേക്ക് കടന്നില്ല. അവരുടെ മുന്നിലുണ്ടായിരുന്നത് ഒരു സാങ്കേതികപ്രശ്നംമാത്രമായിരുന്നു. പെണ്‍കുട്ടിയുടെ സ്വകാര്യ അന്യായത്തിനുമേലുള്ള കേസില്‍ സ്റ്റേറ്റിന് എന്തു കാര്യം എന്നതായിരുന്നു അന്ന് കോടതിയുടെ സാങ്കേതിക മനോഭാവം. ഇതിനപ്പുറത്ത് കുര്യന്‍ പീഡിപ്പിച്ചോ ഇല്ലയോ എന്ന പ്രശ്നത്തിലേക്ക് സുപ്രീംകോടതി കടന്നില്ല. ഡിസ്ചാര്‍ജ് പെറ്റീഷന്‍ അനുവദിക്കാന്‍ ആദ്യം സുപ്രീംകോടതി വിസമ്മതിക്കുകയും വേണമെങ്കില്‍ കീഴ്ക്കോടതിയില്‍ പൊയ്ക്കൊള്ളാന്‍ പറയുകയുമായിരുന്നു കുര്യനോട്. അതനുസരിച്ച് തൊടുപുഴ കോടതിയെ സമീപിച്ചപ്പോള്‍ കുര്യന്റെ അപേക്ഷ അവിടെ തള്ളപ്പെട്ടു. അതിനെ ചോദ്യംചെയ്ത് ഹൈക്കോടതിയില്‍ ചെന്നത്, അതിനിടെയുണ്ടായ ഹൈക്കോടതി വിധി നിരവധി പ്രതികളെ വെറുതെവിട്ടത്- ഉദ്ധരിച്ചായിരുന്നു. ആ സാഹചര്യത്തിലാണ് ഹൈക്കോടതിക്ക് അങ്ങനെയൊരു മനോഭാവമുണ്ടായത്. കോടതിമുമ്പാകെ അഴിമതിക്കേസിരിക്കുമ്പോള്‍ കോടതിയുടെ അനുവാദംപോലും തേടാതെ അടൂര്‍ പ്രകാശ്, എം കെ മുനീര്‍ എന്നീ മന്ത്രിമാരെ കുറ്റവിമുക്തരാക്കിയെടുക്കാന്‍ തുടരന്വേഷണം നടത്താന്‍ നീങ്ങിയ സര്‍ക്കാരാണ് ഉമ്മന്‍ചാണ്ടിയുടേത്.

നാല്‍പ്പാടി വാസു വധത്തിലെ യഥാര്‍ഥ കുറ്റവാളി ആരെന്ന് അയാളുടെ ഡ്രൈവര്‍തന്നെ വെളിപ്പെടുത്തിയിട്ടും വധിക്കപ്പെട്ടയാളുടെ കുടുംബം അപേക്ഷ നല്‍കിയിട്ടും പുനരന്വേഷണം വേണ്ടെന്ന് നിശ്ചയിച്ച് കെ സുധാകരനെന്ന കോണ്‍ഗ്രസ് നേതാവിനെ തുണച്ചു ഉമ്മന്‍ചാണ്ടിയുടെ സര്‍ക്കാര്‍. ജഡ്ജിമാര്‍ കൈക്കൂലിക്കാരാണെന്ന് പരസ്യമായി സുധാകരന്‍ പ്രസംഗിച്ച സംഭവം നിയമപ്രക്രിയക്കുമുന്നില്‍ വരാതെ തമസ്കരിക്കാന്‍ വിയര്‍പ്പൊഴുക്കി ഈ സര്‍ക്കാര്‍. ദല്ലാള്‍ നന്ദകുമാറിനെതിരായ കേസ് സിബിഐക്ക് വിടാതെ ഫയല്‍ പൂഴ്ത്തിവച്ച് അയാള്‍ക്ക് ജാമ്യം ലഭിക്കാനുള്ള സൗകര്യം ചെയ്തുകൊടുത്തു ഈ ഭരണം. അതേസമയം, സിപിഐ എമ്മിനെ കുരുക്കാമെന്ന മിഥ്യാബോധത്തോടെ അഞ്ചേരിവധവും ജയകൃഷ്ണന്‍വധവും പുനരന്വേഷിക്കാന്‍ തീവ്രവ്യഗ്രത കാട്ടുകയുംചെയ്തു ഇവര്‍. സ്വജനപക്ഷപാതത്തിനും വൈരനിര്യാതനത്തിനുംവേണ്ടി നീതിന്യായ പ്രക്രിയയെ അട്ടിമറിക്കുന്നതിന് ഇതിനൊക്കെയപ്പുറം വേറെ എന്തു തെളിവാണ് വേണ്ടത്. അതുകൊണ്ടാണ് പറയുന്നത് ഈ ഭരണത്തില്‍ ഓരോരുത്തര്‍ക്ക് ഓരോ നീതിയെന്ന്.

*
ദേശാഭിമാനി മുഖപ്രസംഗം 07 ഫെബ്രുവരി 2013

No comments: