Wednesday, February 6, 2013

നമുക്ക് ഔന്നത്യത്തെ പേടിയോ?

പ്രൊഫ. ജയന്ത് നാര്‍ലിക്കര്‍ ഇന്ന്  ജീവിച്ചിരിക്കുന്ന പ്രമുഖ പ്രപഞ്ചശാസ്ത്രജ്ഞരില്‍ (കോസ്‌മോളൊജിസ്റ്റ്) ഒരാളാണ്. നന്നേ ചെറുപ്പത്തില്‍ തന്നെ ഹോയില്‍ നാര്‍ലിക്കര്‍ സിദ്ധാന്തത്തിലൂടെ അദ്ദേഹം ലോകശ്രദ്ധ പിടിച്ചുപറ്റി. പൂനയിലെ ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ അസ്‌ട്രോണമി ആന്‍ഡ് അസ്‌ട്രോഫിസിക്‌സിന്റെ സ്ഥാപക ഡയറക്ടര്‍, ഗവേഷകന്‍, അദ്ധ്യാപകന്‍, ഭരണാധികാരി, വിദ്യാഭ്യാസ ചിന്തകന്‍, ശാസ്ത്രപ്രചാരകന്‍ എന്നീ നിലയിലെല്ലാം സമാദരണീയന്‍.  കഴിഞ്ഞ ദിവസം അദ്ദേഹം കേരള ശാസ്ത്ര കോണ്‍ഗ്രസില്‍ പങ്കെടുത്തു ചെയ്ത പ്രസംഗം ചില പത്രങ്ങളില്‍ ചെറുതായി പരാമര്‍ശിക്കപ്പെട്ടു. അത് കേരളത്തില്‍ സവിശേഷമായി ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ് എന്ന് തോന്നുന്നു. ഉന്നതവിദ്യാഭ്യാസവും ശാസ്ത്രഗവേഷണവും ആയിരുന്നു പ്രതിപാദ്യം. കേരളത്തിലെ മാത്രമല്ല, ഇന്ത്യയിലെ പൊതുവേയുള്ള സര്‍വകലാശാലാ വ്യവസ്ഥ ക്ഷുദ്രവും ക്ഷയോന്മുഖവും ആയിരിക്കുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ വിലയിരുത്തല്‍. സര്‍വകലാശാലകളുടെ പ്രഥമമായ ധര്‍മം വിജ്ഞാനനിര്‍മിതിയും വിനിമയവും ആണല്ലോ. അത് വേണ്ടതുപോലെ നടക്കുന്നില്ല. മികവിന്റെ ആസ്ഥാനം ആകേണ്ട സര്‍വകലാശാലകള്‍ വെറും 'സാദാ' നിലവാരത്തില്‍ ഒതുങ്ങുന്നു. അതില്‍ തൃപ്തിയടയുകയും ചെയ്യുന്നു. അതുകൊണ്ട് സര്‍വകലാശാലകളില്‍ നിന്ന് സമൂഹത്തിനു ലഭിക്കേണ്ട പ്രയോജനം ലഭിക്കുന്നില്ല. അത് ലഭ്യമാക്കാനായി സര്‍ക്കാര്‍ ഓരോ മേഖലയിലും വേറിട്ട ഗവേഷണസ്ഥാപനങ്ങള്‍ സൃഷ്ടിക്കുന്നു. അത് സര്‍വകലാശാലകളെ കൂടുതല്‍ ദരിദ്രമാക്കുന്നു. ശാസ്ത്രഗവേഷണത്തിനായി രാജ്യം നീക്കിവയ്ക്കുന്ന വിഭവങ്ങളുടെ സിംഹഭാഗവും അറ്റോമിക് എനര്‍ജി, സ്‌പേസ്, ഡിഫന്‍സ്, സി എസ് ഐ ആര്‍, ഐ സി എ ആര്‍, മുതലായവയുടെ ലബോറട്ടറികളിലേക്ക് ആണ് പോകുന്നത്. സര്‍വകലാശാലകള്‍ക്ക്  മികവുറ്റ ഗവേഷകരെ അധ്യാപകരായി ആകര്‍ഷിക്കാനോ നിലനിര്‍ത്താനോ കഴിയുന്നില്ല. വിദേശങ്ങളില്‍ ഇതല്ല സ്ഥിതി. യൂറോപ്പിലും അമേരിക്കയിലും ഏറ്റവും മികവുറ്റ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് സര്‍വകലാശാലകളില്‍ ആണ്. ലോകോത്തര സര്‍വകലാശാലകള്‍ അഹങ്കരിക്കുന്നത് അവരുടെ വിജ്ഞാന ഉത്പാദനത്തിന്റെ പേരിലാണ്. അതുകൊണ്ടുതന്നെ, ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും ഏറ്റവും മിടുക്കരായ വിദ്യാര്‍ഥികളെയും ഗവേഷകരേയും ആകര്‍ഷിക്കാനും അവര്‍ക്ക് കഴിയുന്നു. മികവിന്റെ കേന്ദ്രങ്ങള്‍ എന്ന് പേരെടുത്തു കഴിഞ്ഞാല്‍, അങ്ങോട്ടേക്ക് ഗവേഷണ പ്രോജക്ടുകളും ഫണ്ടും ഒഴുകുകയായി. അധ്യാപകര്‍ക്കും ഗവേഷകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സ്വഛമായി അവരുടെ ജോലി ചെയ്യാനുള്ള സാഹചര്യങ്ങള്‍ ഒരുക്കിക്കൊടുക്കുകയാണ് ഭരണ സംവിധാനത്തിന്റെ ധര്‍മം. അതിനു യാതൊരുവിധ തടസവും അലോസരവും ഉണ്ടാകാന്‍ പാടില്ല. അങ്ങനെയൊരു അന്തരീക്ഷം നമുക്ക് നമ്മുടെ സര്‍വകലാശാലകളില്‍ എന്തുകൊണ്ട് ഒരുക്കിക്കൊടുക്കാന്‍ കഴിയുന്നില്ല?

പ്രൊഫസര്‍ നാര്‍ലിക്കര്‍ വളരെ ഗുരുതരമായ ഒരു ആരോപണമാണ് ഉന്നയിച്ചത്. നമുക്ക് ഔന്നത്യത്തെ പേടി ആണെന്നും നാം പൊതുവെ ഇടത്തരം നിലവാരത്തില്‍ അഭിരമിക്കുന്നവര്‍ ആണെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം. മാത്രവുമല്ല, ഔന്നത്യം എന്നത് എന്തോ 'വരേണ്യ സങ്കല്‍പം' ആണെന്നോ അത് നേടാനുള്ള ശ്രമം സാമൂഹ്യനീതിക്ക് വിരുദ്ധമാണെന്നോ നാം ധരിച്ചുവശായിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. അങ്ങനെയുള്ള ഒരു സൈദ്ധാന്തിക വിശദീകരണം സാധുവാണോ എന്ന് എനിക്കറിയില്ല. പക്ഷേ, ഔന്നത്യം നമ്മെ (പ്രത്യേകിച്ചും കേരളീയരെ) അസ്വസ്ഥരാക്കുന്നു എന്നത് ശരിയാണെന്ന് എനിക്കും പലപ്പോഴും തോന്നിയിട്ടുണ്ട്. നമ്മുടെ കുറവുകള്‍ക്ക് 'വ്യവസ്ഥിതി'യെ കുറ്റപ്പെടുത്താനും ബാഹ്യമായ കാരണങ്ങള്‍ കണ്ടുപിടിക്കാനും നാം സമര്‍ഥരാണ്. അതിന്റെ അര്‍ഥം, വ്യവസ്ഥിതി മാറിയാലല്ലാതെ ഇവിടെ ഒന്നും ചെയ്യാന്‍ പറ്റില്ലെന്നാണല്ലോ. അപ്പോള്‍ പിന്നെ നമുക്ക് മികവു നേടാന്‍ കഴിയാത്തത് നമ്മുടെ കുറ്റമല്ല. അപ്പോള്‍ ഇങ്ങനെയൊക്കെ പോയാല്‍ മതി. കാലാകാലങ്ങളില്‍ പ്രൊമോഷനും പേ റിവിഷനും ഒക്കെ കിട്ടണമെന്നേയുള്ളൂ.

തീര്‍ച്ചയായും വ്യവസ്ഥിതിയുടെ തകരാറുകള്‍ ഉണ്ട്; അവ തിരുത്താനുള്ള ശ്രമങ്ങള്‍ പ്രധാനവും ആണ്. പക്ഷെ, ആ ശ്രമങ്ങളോടൊപ്പം, നിലവിലുള്ള പരിമിതികള്‍ക്കകത്ത് നിന്ന് ചെയ്യാന്‍ കഴിയുന്ന ഒരുപാട് കാര്യങ്ങള്‍ ഉണ്ടാകുമല്ലോ. അവ ചെയ്യാതിരിക്കുന്നതിന്  എന്താണ് തടസ്സം? അവിടെയാണ് മറ്റു  ചില താത്പര്യങ്ങള്‍ രംഗത്ത് വരുന്നത്. 'വ്യവസ്ഥിതി മാറാതെ ഇവിടെ ഒന്നും ചെയ്യാന്‍ പറ്റില്ല' എന്ന് പറഞ്ഞു വെറുതെ ഇരിക്കുന്നവര്‍ക്ക് അതിനിടയില്‍ ആരെങ്കിലും എന്തെങ്കിലും ചെയ്യാന്‍ ശ്രമിക്കുന്നത് സഹിക്കില്ലല്ലോ. അവരെ ഒരു ഭീഷണി ആയിട്ടാണ് ഇക്കൂട്ടര്‍ കാണുക. അങ്ങനെയാണ് മികവിന് എതിരായ ഒരു ചിന്താഗതി വളരുന്നത്. പലപ്പോഴും മികവിനായുള്ള ശ്രമങ്ങള്‍ക്ക് സ്വന്തം കൂട്ടരില്‍ നിന്ന് തന്നെ എതിര്‍പ്പു നേരിടേണ്ടിവരുന്നതും അതുകൊണ്ടാവാം. അവരുടെ ചെറിയ പാളിച്ചകള്‍ പോലും പൊലിപ്പിച്ചു കാണിക്കുക, അന്തസാരശൂന്യമായ ആരോപണങ്ങള്‍ ഉന്നയിക്കുക, അവരുടെ നേട്ടങ്ങളെ ഇകഴ്ത്തിക്കാണിക്കുക, ഇതൊക്കെ ഇവിടെ അസാധാരണമല്ല. അതിന്റെയൊക്ക അടിയില്‍ മേല്‍സൂചിപ്പിച്ച ഭയം പ്രവര്‍ത്തിക്കുന്നുണ്ടാവാം.  

ചില സൈദ്ധാന്തികര്‍ മികവ് എന്ന സങ്കല്‍പ്പത്തെ തന്നെ ചോദ്യം ചെയ്യും. ലോകത്തെ ഏറ്റവും മികച്ച 200 സര്‍വകലാശാലകളുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്നുള്ള ഒന്നുപോലും ഇല്ലാ എന്ന് പറയുമ്പോള്‍ അവര്‍ ആ കണക്കെടുപ്പിലെ അപാകതകള്‍ ഉയര്‍ത്തിക്കാണിക്കും. ഇന്ത്യക്കകത്തുള്ള 'നാക്' ന്റെ റേറ്റിങ്ങില്‍ കേരളത്തില്‍ നിന്നുള്ള സ്ഥാപനങ്ങള്‍ പിന്നിലായാല്‍ നാം 'നാക് ' നെ കുറ്റം പറയും. ശരിയായിരിക്കാം. ഏതൊരു വിലയിരുത്തലിലും അപാകതകള്‍ ഉണ്ടാകാം. പക്ഷെ അങ്ങനെയാണെങ്കില്‍ നമ്മെ എങ്ങനെ വിലയിരുത്തണം എന്നതിനെക്കുറിച്ച് നാം തന്നെ ആലോചിക്കണ്ടേ? യാഥാര്‍ഥ്യം എന്തെന്നാല്‍, നാം യാതൊരു വിലയിരുത്തലും ഇഷ്ടപ്പെടുന്നില്ല. 'ഇതൊക്കെ ഇങ്ങനെ പോയാല്‍ മതി' എന്നാണു നമ്മുടെ ചിന്ത. അഥവാ, എന്തെങ്കിലും വിലയിരുത്തല്‍ വന്നാല്‍ തന്നെ, അതിനെ എങ്ങനെ പൊളിക്കാം എന്നതിലാവും നമ്മുടെ ഗവേഷണം. വിലയിരുത്തലിനെ എതിര്‍ക്കുന്നത് തന്നെ വിലയിരുത്തലിലൂടെ മികവില്ലായ്മ വെളിവായേക്കും എന്ന ഭയം മൂലമല്ലേ? അതായിരിക്കാം 'മികവില്ലായ്മയില്‍ അഭിരമിക്കുക' എന്നതുകൊണ്ട് പ്രൊഫ. നാര്‍ലിക്കര്‍ സൂചിപ്പിച്ചത്.

ഈ മാനസിക കൂച്ചുവിലങ്ങ് പൊട്ടിച്ചേ തീരൂ. കലാകായിക രംഗങ്ങളില്‍ മികവിനെ അംഗീകരിക്കാനും പ്രോത്സാഹിപ്പിക്കാനും നമുക്ക് മടിയില്ലെങ്കില്‍ എന്തുകൊണ്ട് അക്കാദമിക രംഗത്തും നമുക്ക് അത് ആയിക്കൂടാ? ഒളിമ്പിക്‌സിനോ നാഷണല്‍ മത്സരത്തിനോ സമ്മാനം കിട്ടണമെങ്കില്‍ നമ്മുടെ ഏറ്റവും മികച്ച കായിക പ്രതിഭകളെത്തന്നെ തെരഞ്ഞെടുത്ത് അയക്കണം എന്ന് നമുക്കറിയാം. പക്ഷേ സര്‍വകലാശാലയിലോ കോളജിലോ പഠിപ്പിക്കാനാണെങ്കില്‍ 'ആരായാലും മതി' എന്നൊരു ചിന്തയാണ് നമുക്ക്. അതിന്റെ കാരണം, സര്‍വകലാശാലകള്‍ നിര്‍വഹിക്കേണ്ട ധര്‍മത്തെ പറ്റി നമുക്ക് ശരിയായ ധാരണ ഇല്ലാത്തതാണ് എന്ന് തോന്നുന്നു. ദേശീയതലത്തിലോ അന്തര്‍ദേശീയ തലത്തിലോ ഉള്ള മത്സരത്തില്‍ ഖ്യാതി നേടുന്നതിനല്ല (അതും ഉണ്ടാകാം), മറിച്ച്  അവിടെ ഉത്പാദിപ്പിക്കപ്പെടുന്ന അറിവുകള്‍ നമുക്ക് ആവശ്യമുണ്ട് എന്ന ബോധ്യമാണ് നമുക്കില്ലാത്തത്. വിശേഷിച്ചും വിജ്ഞാന സമൂഹം എന്നൊക്കെ പറയാവുന്ന ഇന്നത്തെ കാലത്ത്, നമ്മുടെ സമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് നമുക്ക് പലവിധത്തിലുള്ള അറിവുകള്‍ ആവശ്യമാണെന്നും അവ നിര്‍മിച്ചു ലഭ്യമാക്കുകയാണ് ഉന്നത വിദ്യാഭ്യാസത്തിന്റെ ഒരു ധര്‍മം എന്നും നാം തിരിച്ചറിഞ്ഞാല്‍ മാത്രമേ അതിനു പ്രാപ്തിയുള്ളവര്‍ ആകണം അവിടെ പ്രവര്‍ത്തിക്കേണ്ടത്, അവരുടെ പ്രവര്‍ത്തനങ്ങള്‍ ഇടയ്ക്കിടെ വിലയിരുത്തേണ്ടതുണ്ട്, എന്നൊക്കെ നമുക്ക് മനസിലാവൂ. ദൗര്‍ഭാഗ്യവശാല്‍, അറിവും സമൂഹത്തിന്റെ ജീവത് പ്രശ്‌നങ്ങളും തമ്മിലുള്ള ഈ ബന്ധം സമൂഹത്തെ ബോധ്യപ്പെടുത്തുന്നതില്‍ നമ്മുടെ ഉന്നത വിദ്യാഭ്യാസ രംഗവും പരാജയപ്പെട്ടിരിക്കയാണ്. (ഒരു പക്ഷേ അത് ബോധപൂര്‍വവും ആകാം ഈ ബോധ്യം വന്നാലല്ലേ വിലയിരുത്തലുകളും കണക്കെടുപ്പും ഒക്കെ ഉണ്ടാവൂ? എന്തിന്  ഇല്ലാത്ത പൊല്ലാപ്പുകള്‍ ക്ഷണിച്ചുവരുത്തണം!) അതുകൊണ്ട് എന്ത് വേണ്ടൂ? സര്‍വകലാശാല എന്ന് വച്ചാല്‍ 'നമുക്ക്' വേണ്ടപ്പെട്ടവരെ കുടിയിരുത്താനുള്ള സ്ഥലം, എന്നാണു ഭരണകര്‍ത്താക്കള്‍ ധരിച്ചിരിക്കുന്നത്. പിന്നെങ്ങനെ ഔന്നത്യം ഉണ്ടാകും?
മികവിനെ അംഗീകരിക്കണം എന്നതിന്റെ അര്‍ഥം സാമൂഹിക നീതിക്കുവേണ്ടിയുള്ള സംവരണങ്ങള്‍ എടുത്തുകളയണം എന്നല്ല. സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ ഒരുപോലെ മുന്നണിയില്‍ എത്താത്തത് ഇന്ത്യയില്‍ മാത്രമല്ല പല വികസിത രാജ്യങ്ങളിലും പ്രശ്‌നം ആണ്. 'തുല്യ അവസരം' എന്നത് അമേരിക്കയില്‍ പോലും ഒരു പ്രധാന മുദ്രാവാക്യമാണ്. പക്ഷെ അവിടെ മികവിനെ അംഗീകരിച്ചുകൊണ്ടുതന്നെ അവസര തുല്യത ഉറപ്പാക്കാന്‍ അവര്‍ ശ്രദ്ധിക്കുന്നുണ്ട്. ഒരു അമേരിക്കന്‍ സര്‍വകലാശാലയിലെ സാമൂഹിക ശാസ്ത്രവിഭാഗത്തിന്റെ  ഡീന്‍ തന്റെ അനുഭവം ഇങ്ങനെ വിശദീകരിച്ചു: 'ഞങ്ങള്‍ തീര്‍ച്ചയായും അക്കാദമിക മികവിന് മുന്‍തൂക്കം കൊടുത്തുകൊണ്ടാണ് അധ്യാപകരെ തെരഞ്ഞെടുക്കുന്നത്. പക്ഷെ മികവിനെക്കുറിച്ചുള്ള ഞങ്ങളുടെ നിര്‍വചനത്തില്‍ ചില മാറ്റങ്ങള്‍ വരുത്തി. ഉദാഹരണത്തിന് സാമൂഹിക ശാസ്ത്രത്തില്‍ ഏതു മേഖലയിലാണ് ഇയാള്‍ ഗവേഷണം ചെയ്യുന്നത്? അത് നമ്മുടെ സമൂഹത്തിന്റെ ജീവല്‍ പ്രശ്‌നങ്ങളെ സംബന്ധിച്ച്, വര്‍ണവിവേചനം, അസമത്വം, ലിംഗനീതി മുതലായവയെ സംബന്ധിച്ച് ആണോ? എന്താണ് ആ രംഗങ്ങളില്‍ ഉദ്യോഗാര്‍ഥിയുടെ സംഭാവന? ഇങ്ങനെയൊക്കെ ചിന്തിക്കുമ്പോള്‍ സ്വാഭാവികമായും അത് സമൂഹത്തിലെ പിന്‍നിലയിലുള്ള വിഭാഗങ്ങളില്‍ നിന്ന് മികച്ച വ്യക്തികളെ തെരഞ്ഞെടുക്കാന്‍ ഞങ്ങളെ സഹായിച്ചു.'  ശാസ്ത്ര വിഷയങ്ങളില്‍ ഇത് മാത്രം മതിയാവില്ല. പക്ഷെ അവിടെയും പ്രസക്തമായ ചില പരിഗണനകള്‍ ഉണ്ട്. ഒരു ലഘു ഉദാഹരണം കൊണ്ട് അതു വ്യക്തമാക്കാം.                 

ഏതാണ്  ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി? ലഘുവും ഋജുവുമായ ചോദ്യം; അല്ലേ? സംശയമെന്ത്, എവറസ്റ്റ് തന്നെ. സമുദ്രനിരപ്പില്‍ നിന്ന് 8848 മീറ്റര്‍ ഉയരം. ഒരു നിമിഷം നില്‍ക്കൂ. സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരം ആണോ യഥാര്‍ഥത്തില്‍ അളക്കേണ്ടത്? ഏതാണ്ട് നാലായിരം മീറ്റര്‍ ഉയരത്തില്‍ കിടക്കുന്ന ഹിമാലയപര്‍വതത്തിന്റെ തോളില്‍ കേറിനിന്നിട്ടല്ലേ എവറസ്റ്റ് ഈ തലപ്പൊക്കം കാണിക്കുന്നത്? എന്നാല്‍, ഹവായി ദ്വീപില്‍, ശാന്തസമുദ്രത്തിന്റെ അടിത്തട്ടില്‍ നിന്നുയര്‍ന്ന് സമുദ്രനിരപ്പിനേക്കാള്‍ 4207 മീറ്റര്‍ ഉയരത്തില്‍ തലയെടുത്ത് നില്‍ക്കുന്ന മൌനാ കീ എന്ന കൊടുമുടിയുടെ കാര്യം നോക്കൂ. അതിന്റെ ഉയരം സമുദ്രനിരപ്പില്‍ നിന്ന് 4207 മീറ്റര്‍ മാത്രം. പക്ഷെ, സമുദ്രത്തിന്റെ അടിത്തട്ടില്‍ നിന്നളന്നാലോ?  10200 മീറ്റര്‍ ! ഇനി പറയൂ, സ്വന്തം അടിത്തട്ടില്‍ നിന്ന് 10200 മീറ്റര്‍ പൊക്കത്തിലെത്തിയ മൌനാ കീ ആണോ, ഹിമാലയ പര്‍വതത്തിന്റെ മുതുകത്തു നിന്ന് കഷ്ടിച്ച് 4650 മീറ്റര്‍ മാത്രം ഉയര്‍ന്നു നില്‍ക്കുന്ന എവറസ്റ്റ്  ആണോ യഥാര്‍ഥത്തില്‍ കേമന്‍?
നമ്മള്‍ പലപ്പോഴും 'മെറിറ്റ്' അളക്കുമ്പോള്‍ ഈ വസ്തുത മറക്കാറുണ്ട്. എവിടെ നിന്നാണ് കൊടുമുടിയുടെ പൊക്കം അളക്കേണ്ടത്, എന്നതുപോലെ, ഏതു പരിഗണന വച്ചാണ് ഒരു കുട്ടിയുടെ മെറിറ്റ് അളക്കേണ്ടത്? ഏതു സാമൂഹിക സാമ്പത്തിക സാഹചര്യങ്ങളില്‍ നിന്നാണ് ആ കുട്ടി ഉയര്‍ന്നു വന്നത് എന്നത്, പരീക്ഷയിലെ മാര്‍ക്ക് പോലെ തന്നെ പ്രധാനമല്ലേ? ജനിക്കുമ്പോഴെ കമ്പ്യൂട്ടറിന്റെയും  ഇന്റര്‍നെറ്റിന്റെയും മടിയിലേക്ക് ഇറങ്ങിവന്ന കുട്ടിയെയും ചേരിയില്‍ പിറന്ന്, വീട്ടിലെ സകലവിധ പ്രതികൂല സാഹചര്യങ്ങളെയും അതിജീവിച്ചു വന്ന ഒരു കുട്ടിയേയും ഒരേ വിധത്തില്‍ വിലയിരുത്താമോ? ഒരേപോലെ അനുകൂലമായ സാഹചര്യങ്ങള്‍ കിട്ടിയാല്‍ ഏതു കുട്ടിയായിരിക്കും കൂടുതല്‍ ശോഭിക്കുക? ഇത് വിലയിരുത്തുന്നത് എളുപ്പമാവില്ല. അതുകൊണ്ടുതന്നെ, വിദേശ സര്‍വകലാശാലകളില്‍ മെറിറ്റ് എന്നത് വെറും പരീക്ഷയിലെ മാര്‍ക്ക് ആയിട്ടല്ല അവര്‍ കണക്കാക്കുന്നത്. വിദ്യാര്‍ഥിയുടെ ജീവിത സാഹചര്യങ്ങളും ലക്ഷ്യങ്ങളും ഇഛാശക്തിയും നിശ്ചയദാര്‍ഷ്ട്യവും എല്ലാം മെറിറ്റില്‍ അവര്‍ പരിഗണിക്കും. നമ്മുടെ സാഹചര്യത്തില്‍ വളരെ ലഘൂകരിച്ച ഒരു മാര്‍ഗമായിട്ടാണ് പിന്നാക്കാവസ്ഥയുടെ അടിസ്ഥാനത്തിലുള്ള സംവരണം നാം തെരഞ്ഞെടുത്തിരിക്കുന്നത്. അതിനെ കുറ്റപ്പെടുത്താന്‍ പറ്റില്ല. പക്ഷേ ഒരു കാര്യം ശ്രദ്ധിക്കണം. അന്തിമ വിശകലനത്തില്‍, ഒരേ പ്രവര്‍ത്തനസാഹചര്യം എല്ലാവര്‍ക്കും കൊടുക്കുന്നതിനായിരിക്കണം ഊന്നല്‍. അതുറപ്പാക്കിക്കഴിഞ്ഞാല്‍, പിന്നെ പെര്‍ഫോമന്‍സില്‍ ഇളവു കൊടുക്കാന്‍ കഴിയില്ല.

ചുരുക്കത്തില്‍, ഏറ്റവും അര്‍ഹതയുള്ളവരെ തെരഞ്ഞെടുക്കുക; അവര്‍ക്ക് സ്വഛമായി പ്രവര്‍ത്തിക്കാനാവശ്യമായ അന്തരീക്ഷം ഒരുക്കിക്കൊടുക്കുക; എന്നിട്ട് അവരുടെ പ്രവര്‍ത്തനം കൂടെക്കൂടെ വിലയിരുത്തി പ്രോത്സാഹിപ്പിക്കുക. ഔന്നത്യം ഉറപ്പാക്കാന്‍ വേറെ കുറുക്കുവഴിയൊന്നും ഇല്ല.

*
ആര്‍ വി ജി മേനോന്‍ ജനയുഗം

No comments: