Wednesday, February 6, 2013

സൂര്യനെല്ലിക്കേസിലും കോണ്‍ഗ്രസ് - ബി ജെ പി കൂട്ടുകെട്ട്

സൂര്യനെല്ലി വീണ്ടും കേരളത്തിന്റെ മനഃസാക്ഷിയെ പിടിച്ചുകുലുക്കുകയാണ്. നിയമവൃത്തങ്ങളിലും രാഷ്ട്രീയ കേന്ദ്രങ്ങളിലും അധികാരത്തിന്റെ അകത്തളങ്ങളിലുമെല്ലാം ആ സാധുപെണ്‍കുട്ടിയുടെ തേങ്ങലുകള്‍ അനുരണനങ്ങളുണ്ടാക്കുന്നു. അധികാരത്തിലിരിക്കുന്നവര്‍ തങ്ങളുടെ സ്വാധീന ശക്തികൊണ്ട് കുഴിച്ചുമൂടുന്ന സത്യം ചിലപ്പോഴെങ്കിലും അതിനെ താഴിട്ടുപൂട്ടിയ സ്വര്‍ണ ചങ്ങലകള്‍ പൊട്ടിച്ചെറിഞ്ഞു ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന കാഴ്ചയാണ് ഇന്നു കേരളം കാണുന്നത്. രാജ്യസഭാ ഉപാധ്യക്ഷനും മുന്‍കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പ്രൊഫ. പി ജെ കുര്യന്റെ നേരെയാണ് നീതിബോധത്തിന്റെ വിരലുകളെല്ലാം നീണ്ടുചെല്ലുന്നത്. സാമാന്യബോധമുള്ള എല്ലാ ജനങ്ങളും അങ്ങനെ തന്നെ വിശ്വസിക്കുന്നു. ജനങ്ങള്‍ പറയുന്നതുപോലെയൊന്നും പ്രവര്‍ത്തിക്കാന്‍ തന്റെ സര്‍ക്കാരിനെ കിട്ടുകയില്ലെന്നു പ്രഖ്യാപിച്ചുകൊണ്ട് മുഖ്യമന്ത്രി തന്റെ വിധേയത്വം പ്രകടിപ്പച്ചുകഴിഞ്ഞു. ആ വിധേയത്വം പി ജെ കുര്യനോടു മാത്രമല്ലെന്ന് ആര്‍ക്കാണു മനസ്സിലാകാത്തത്? ഉദ്ദിഷ്ട കാര്യങ്ങള്‍ക്കെല്ലാം കുര്യന്റെ ഉപകാര സ്മരണയ്ക്കു പാത്രമാകുന്ന 'നമ്പര്‍ 10, ജന്‍പഥി'ലെ മാഡത്തിനോടുകൂടിയാണ് ഉമ്മന്‍ചാണ്ടിയുടെ വിധേയത്വം നിറഞ്ഞ ഐക്യദാര്‍ഢ്യ പ്രഖ്യാപനം.
ഉമ്മന്‍ചാണ്ടിക്കും അദ്ദേഹത്തെപ്പോലെ ചിന്തിക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കും സന്തോഷിക്കാം. പി ജെ കുര്യനു ചുറ്റും രക്ഷാവലയം സൃഷ്ടിക്കുന്നതില്‍ അവര്‍ ഒറ്റയ്ക്കല്ല. ദേശീയ രാഷ്ട്രീയത്തിലെ കോണ്‍ഗ്രസിന്റെ മുഖ്യ എതിരാളി എന്നു പറയപ്പെടുന്ന ബി ജെ പിയും ഈ 'കുര്യന്‍ സേവാസംഘ'ത്തില്‍ ഉമ്മന്‍ചാണ്ടിയെ പോലുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പമുണ്ട്. രാജ്യം ഉറ്റുനോക്കുന്ന ഈ വിഷയത്തില്‍ 'മുഖ്യപ്രതിപക്ഷ പാര്‍ട്ടി'യായ ബി ജെ പിയുടെ നിലപാട് വ്യക്തമാക്കിക്കൊണ്ട് മുരളി മനോഹര്‍ ജോഷി ഇന്നലെ നടത്തിയ പ്രസ്താവന അതു വ്യക്തമാക്കുന്നു. കേരളത്തിലെ ബി ജെ പിയുടെ നിലപാട് എന്താണെന്നു അറിയാന്‍പോലും മെനക്കെടാതെ കുര്യന് 'ക്ലീന്‍ ചിറ്റ്' കൊടുക്കാനാണ് ബി ജെ പി ദേശീയ നേതൃത്വം തിടുക്കം പൂണ്ടത്. സൂര്യനെല്ലിക്കേസിലെ കുര്യന്റെ പങ്കാളിത്തം സുപ്രിം കോടതിയില്‍ വിചാരണയ്ക്ക് എത്തിയപ്പോള്‍ അദ്ദേഹത്തിന്റെ ഭാഗം വാദിക്കാനെത്തിയ വക്കീല്‍ ആരായിരുന്നുവെന്നത് രാജ്യം മറന്നിട്ടില്ല. പ്രമുഖ ബി ജെ പി നേതാവും ഇപ്പോള്‍ ആ പാര്‍ട്ടിയുടെ രാജ്യസഭയിലെ കക്ഷിനേതാവുമായ അരുണ്‍ ജറ്റ്‌ലിയായിരുന്നു കുര്യന്റെ വക്കീല്‍. രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേയ്ക്കു ഇത്തവണ കുര്യന്‍ മത്സരിച്ചപ്പോഴും ആ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയോടുള്ള ബി ജെ പിയുടെ ഹൃദയരാഗം പ്രകടിപ്പിക്കാന്‍ അരുണ്‍ ജറ്റ്‌ലി മുന്‍കൈ എടുത്തു. എന്നാല്‍ ഇതുകൊണ്ടൊന്നും കോണ്‍ഗ്രസും കുര്യനും അകപ്പെട്ടിരിക്കുന്ന നിയമ - രാഷ്ട്രീയ - ധാര്‍മിക കുരുക്കുകളില്‍ നിന്നൊന്നും അവര്‍ രക്ഷപ്പെടാന്‍ പോകുന്നില്ല.

ഇരകളും വേട്ടക്കാരും തമ്മിലുള്ള യുദ്ധങ്ങളിലെല്ലാം വേട്ടക്കാര്‍ ജയിച്ചുപോന്നതാണ് ഇതുവരെയുള്ള അനുഭവം. ചെന്നായയോട് ആട്ടിന്‍കുട്ടി ശൃംഗരിച്ചുവോ എന്ന മട്ടിലുള്ള ചോദ്യങ്ങളുടെ അകമ്പടിയോടെയാണ് നീതിപീഠങ്ങളും അധികാരത്തിന്റെ കാവല്‍ക്കാരും എന്നും ചെന്നായ്ക്കളെ രക്ഷിച്ചുപോന്നത്. രാഷ്ട്രതലസ്ഥാനത്ത് ആ ഡിസംബര്‍ രാത്രിയിലുണ്ടായ പൈശാചിക സംഭവമാണ് സ്ഥിതിഗതികള്‍ക്കു തെല്ലു മാറ്റമുണ്ടാക്കിയത്. പരമോന്നത നീതിപീഠത്തിന്റെ ഇരുട്ടറകളില്‍ പൊടിപിടിച്ചു കിടന്ന സൂര്യനെല്ലി പെണ്‍കുട്ടിയുടെ അന്യായ ഹര്‍ജി പൊടിതട്ടിപ്പുറത്തെടുക്കപ്പെട്ടത് അങ്ങനെയാണ്. വര്‍ഷങ്ങളോളം ഉറങ്ങിക്കിടന്ന നീതിപീഠം ദിവസങ്ങള്‍കൊണ്ടു വിധിപ്രസ്താവിച്ചു. ഹൈക്കോടതിയില്‍ കേസിനു വീണ്ടും ജീവന്‍ വയ്ക്കുമ്പോള്‍ അവിടെ എന്തുസംഭവിക്കുമെന്നറിയാന്‍ സ്വാഭാവികമായും സമൂഹം കാത്തിരിക്കുകയാണ്. ബലാത്സംഗ കേസുകളില്‍ ഇരയുടെ മൊഴിക്കാണു മറ്റെന്തിനേക്കാളും പ്രാധാന്യമെന്ന കാഴ്ചപ്പാടിനു കരുത്തുണ്ടായതും വര്‍മ കമ്മിഷന്‍ ശുപാര്‍ശകളും യാദൃശ്ചികമായി സംഭവിച്ചതല്ല. രാജ്യത്തിന്റെ തലകുനിപ്പിച്ച ഡല്‍ഹി സംഭവത്തിന്റെ അനന്തരഫലമാണത്. ലൈംഗിക അതിക്രമങ്ങള്‍ സംബന്ധിച്ച് (കുറവുകളേറെയുണ്ടെങ്കിലും) ഓര്‍ഡിനന്‍സുണ്ടായതും അതുകൊണ്ടുതന്നെ.

ഈ പശ്ചാത്തലത്തില്‍ കുര്യനുവേണ്ടി കെട്ടിപ്പൊക്കുന്ന ദുര്‍ബലവാദങ്ങളെല്ലാം തകര്‍ന്നു വീഴും. 16 കൊല്ലങ്ങളായി നിസഹായയായ ഒരു പെണ്‍കുട്ടി ഒരേകാര്യമാണു പറഞ്ഞുപോരുന്നത്. രാഷ്ട്രീയാധികാരത്തിന്റെ ശക്തിയുള്ള ഒരാള്‍ തന്നെ കടിച്ചുകീറിയ കാര്യം. അവള്‍ക്കെതിരെ അന്വേഷകര്‍ക്കു മുമ്പില്‍ അണിനിരത്തപ്പെട്ട സാക്ഷിമൊഴികള്‍ പലതും വ്യാജമാണെന്നു ഇതിനകം തെളിഞ്ഞുകഴിഞ്ഞു. കീഴ്‌ക്കോടതി മുതലുള്ള എല്ലാ കോടതികളും തന്നെ വെറുതെവിട്ടുവെന്നാണ് പി ജെ കുര്യന്റെ അവകാശവാദം. അവിടെയെങ്ങും വിസ്താരവും ക്രോസ് വിസ്താരവും ഉണ്ടാകാതെ ഒഴിഞ്ഞുമാറി പോകുന്നതിലാണ് അദ്ദേഹം വിജയിച്ചത്. സൂര്യനെല്ലി കേസില്‍ ഇരയ്‌ക്കെതിരായി വേട്ടക്കാര്‍ക്കുവേണ്ടി വിധി പറഞ്ഞ ഹൈക്കോടതി നടപടിയെക്കുറിച്ച് സുപ്രിം കോടതി പറഞ്ഞത് ഉമ്മന്‍ചാണ്ടിയും അരുണ്‍ ജറ്റ്‌ലിയും പി ജെ കുര്യനും കേട്ടില്ലേ? ആ വിധിയാണിപ്പോള്‍ റദ്ദാക്കപ്പെട്ടിരിക്കുന്നത്. അതിന്റെ ബലത്തില്‍ സുപ്രിം കോടതിയില്‍ നിന്നു സൂത്രത്തില്‍ നേടിയ വിജയങ്ങളെല്ലാമാണു ഇപ്പോള്‍ വീണ്ടും ചോദ്യം ചെയ്യപ്പെടുന്നത്. ഈ വസ്തുതകള്‍ കണക്കിലെടുത്ത് പി ജെ കുര്യന്‍ അടിയന്തരമായി രാജി വയ്ക്കുകയാണ് വേണ്ടത്. നീതിപൂര്‍വകമായ അന്വേഷണം നടക്കട്ടെ. സത്യസന്ധമാണ് അദ്ദേഹം പറയുന്നതെല്ലാമെങ്കില്‍ അത് അന്വേഷണത്തില്‍ തെളിയട്ടെ. കോണ്‍ഗ്രസ് ബി ജെ പി കൂട്ടുകെട്ടിന്റെ ബലത്തില്‍ സൂര്യനെല്ലി പെണ്‍കുട്ടിയെ ഒരിക്കല്‍ക്കൂടി തോല്‍പ്പിക്കാമെന്ന് ആരും കണക്കുകൂട്ടാതിരിക്കട്ടെ.

*
ജനയുഗം മുഖപ്രസംഗം 06 ഫെബ്രുവരി 2013

No comments: