Wednesday, February 6, 2013

കോണ്‍ഗ്രസിന്റെ നീതിസാരം

പ്രാചീന സാഹിത്യകൃതികളിലെല്ലാം ഒരു സന്ദേശമുണ്ടാകും. നന്മയും തിന്മയും തമ്മിലുള്ള പോരാട്ടമാകും പ്രമേയം. നന്മ വിജയിക്കും തിന്മ പരാജയപ്പെടും. ആ സന്ദേശം ആസ്വാദകരില്‍ സൃഷ്ടിക്കുകയായിരുന്നു സാഹിത്യത്തിന്റെ ലക്ഷ്യം. യവനസാഹിത്യത്തിലും ഈസോപ്പുകഥകളിലും ഇതുണ്ട്. പ്രാചീന ഭാരതീയസാഹിത്യവും ഇതുതന്നെയാണ് കൈകാര്യംചെയ്യുന്നത്. ജാതകകഥകളിലും പഞ്ചതന്ത്രകഥകളിലും വിക്രമാദിത്യകഥകളിലും കഥാസരിത്സാഗരത്തിലും ഇതുമാത്രമേ കാണാനാകൂ.

ഭരണകൂടങ്ങള്‍ രൂപപ്പെടുകയും രാജവാഴ്ച ഭരണവ്യവസ്ഥയാവുകയുംചെയ്തപ്പോള്‍ രാഷ്ട്രതന്ത്രം പ്രമേയമായി. ഭരണാധികാരം പിടിക്കുന്നതിന് തന്ത്രങ്ങള്‍ മെനയാന്‍ തുടങ്ങി. ശത്രുസംഹാരമാണ് ലക്ഷ്യം. അതിന്റെ മാര്‍ഗങ്ങള്‍ ആരായുകയാണ് തന്ത്രജ്ഞര്‍. "മുദ്രാരാക്ഷസം" എന്ന സംസ്കൃതനാടകം ഉദാഹരണം. മഗധയുടെ ചക്രവര്‍ത്തിയായ ധനന്ദനെ വധിക്കാന്‍ അദ്ദേഹത്തിന്റെ മന്ത്രിയായ അമാത്യ രക്ഷസന്റെ മുദ്രാമോതിരത്തിന്റെ പകര്‍പ്പെടുത്ത് കാവല്‍ക്കാരനെ കബളിപ്പിച്ച് കൊട്ടാരത്തില്‍ കടന്ന് ചക്രവര്‍ത്തിയെ നിഗ്രഹിക്കുന്ന ചാണക്യതന്ത്രം പ്രയോഗിക്കുന്നതാണ് നാടകം. ശത്രുക്കള്‍ രാജ്യത്തെ തകര്‍ക്കാന്‍ അവലംബിക്കുന്ന നാനാവിധ മാര്‍ഗത്തെക്കുറിച്ച് രാഷ്ട്രതന്ത്രം പഠിപ്പിക്കുന്നു. ഭാവിഭരണാധിപന്മാരാകേണ്ട രാജകുമാരന്മാരെ സര്‍വവിഷയങ്ങളും പഠിപ്പിക്കും. കായികാഭ്യാസം, ധര്‍മശാസ്ത്രം, രാഷ്ട്രതന്ത്രം, സാഹിത്യം എന്നിത്യാദികളെല്ലാം പാഠ്യവിഷയമാണ്. രാഷ്ട്രതന്ത്രം സംബന്ധിച്ച കാര്യങ്ങള്‍ പഠിപ്പിക്കുന്നത് കഥകളിലൂടെയാണ്. ഓരോ കഥയിലും ഓരോ സന്ദേശമുണ്ടാകും. അവയെ പൊതുവില്‍ നീതിസാരമെന്നു പറയും. നീതിസാരത്തില്‍നിന്നുള്ള ഒരു കഥ നോക്കുക- ഒരു രാജ്യത്തിലെ കിരീടാവകാശികളെ വധിച്ച് രാജ്യം സ്വന്തമാക്കാന്‍ അയലത്തെ ശത്രുരാജ്യം പദ്ധതി തയ്യാറാക്കി. സൈനികാക്രമണത്തിലൂടെ കീഴ്പ്പെടുത്തി സ്വന്തമാക്കുന്നത് ബുദ്ധിയല്ലെന്ന് ശത്രുവിനറിയാം. അവകാശികളില്ലാതായാല്‍ രാജ്യം അന്യാധീനപ്പെടുമല്ലോ. പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും കൊട്ടാരത്തില്‍ കടന്ന് കാര്യം സാധിക്കാന്‍ കഴിഞ്ഞില്ല. അത്രയ്ക്ക് ശക്തമായ സുരക്ഷാസന്നാഹമാണ് ഒരുക്കിയിരുന്നത്. സുരക്ഷാകാര്യങ്ങളില്‍ ഇളവനുവദിച്ചത് രാജഗുരുവിന് മാത്രമാണ്. കര്‍ശനമായ ദേഹപരിശോധനയില്ല. ഗ്രീന്‍ചാനല്‍വഴി അകത്തുകടക്കാം. അതു മനസ്സിലാക്കിയ ശത്രുക്കള്‍ ഗുരുനാഥനെ വശത്താക്കി. കുമാരന്മാര്‍ക്ക് വായിക്കാനുള്ള ഗ്രന്ഥങ്ങള്‍ ഗുരുനാഥന്‍വഴി അകത്തെത്തിച്ചു. അവയിലേറെയും രതികഥകളായിരുന്നു. കുമാരന്മാര്‍ ആവേശപൂര്‍വം രാത്രിയെ പകലാക്കി പുസ്തകം വായിച്ചു. അല്‍പ്പകാലം കഴിഞ്ഞപ്പോള്‍ അവര്‍ അകാലചരമം പ്രാപിച്ചു. മരണകാരണം കൊട്ടാരം വൈദ്യന് കണ്ടെത്താനായില്ല. ഗുരുനാഥനറിയാമായിരുന്നു. പക്ഷേ, മരണഭയത്താല്‍ പറഞ്ഞില്ല. മാരകമായ വിഷം പുരട്ടി ഉണക്കിയ ഓലകളിലായിരുന്നു ആ ഗ്രന്ഥങ്ങള്‍ എഴുതിയത്. ആവേശപൂര്‍വം തുപ്പല്‍തൊട്ട് ഓലകള്‍ മറിച്ചപ്പോള്‍ കുമാരന്മാര്‍ അറിയാതെ വിഷം ഉള്ളില്‍കടന്നു. അല്‍പ്പാല്‍പ്പമായി സിരാപടലമാകെ വിഷം പടര്‍ന്ന് അവര്‍ അല്‍പ്പായുസ്സുകളായി. ശത്രു വിജയിച്ചു. ഗുരുനാഥനാണ് നിമിത്തമായത്്.

പ്രാചീനകാലം മുതല്‍ ഗുരുനാഥന്മാര്‍ ഭാരതത്തില്‍ ബഹുമാന്യരാണ്. അവര്‍ക്ക് മാന്യമായ പദവി ഭരണകര്‍ത്താക്കളും സമൂഹവും നല്‍കി. രാജഭരണകാലത്തും ജനാധിപത്യയുഗത്തിലും ഗുരുക്കന്മാര്‍ക്ക് മൂല്യച്യുതി സംഭവിച്ചില്ല. നീതിസാരകഥകളിലെ ഗുരുനാഥന്റെ നിയോഗം സാമ്രാജ്യത്വവും തിരിച്ചറിയുന്നുണ്ട്. പരമാധികാരത്തിന്റെ കോട്ടകൊത്തളങ്ങള്‍ തകര്‍ത്ത് ഭാരതത്തിലേക്ക് കടന്നുവരിക സാമ്രാജ്യത്വത്തിന് എളുപ്പമായിരുന്നില്ല. സ്വാതന്ത്ര്യലബ്ധിക്കുശേഷമുള്ള മൂന്നുനാലു പതിറ്റാണ്ടുകള്‍ ഭരണാധികാരികള്‍ ശക്തമായ പ്രതിരോധനിര പണിത് രാജ്യത്തെ സംരക്ഷിച്ചു. അതിനാല്‍ രാഷ്ട്രീയക്കാരിലൂടെ കാര്യം സാധിക്കില്ലെന്ന് ശത്രു മനസ്സിലാക്കി. കോടിക്കണക്കിന് ഉപയോക്താക്കളും അനന്തമായ പ്രകൃതിവിഭവങ്ങളും ഉള്ള ഭാരതത്തെ കൈവിടുന്നതിന് സാമ്രാജ്യത്വം തയ്യാറായില്ല. അങ്ങനെയാണ് അവര്‍ നീതിസാരകഥയിലെ ഗുരുവിന്റെ പ്രസക്തി മനസ്സിലാക്കിയത്. ഗുരുനാഥന്റെ (പ്രൊഫസര്‍) രംഗപ്രവേശനത്തിനുള്ള അരങ്ങ് ആദ്യമൊരുക്കിയെടുത്തു. രാജ്യത്തിനകത്ത് ഛിദ്രശക്തികളെ വളര്‍ത്തിയെടുത്തു. സിഖുകാരെ ഉപകരണമാക്കി മഹാറാണിയെ വധിച്ചു. കിരീടാവകാശിയായി യുവരാജാവുണ്ടായിരുന്നു. അതിനാല്‍ ഗുരുനാഥന് ചാന്‍സില്ല. ശ്രീലങ്കന്‍ തമിഴരെ കരുവാക്കി പിന്നീട് കിരീടാവകാശിയെ നിഗ്രഹിച്ചു. രാജവംശത്തിലെ അടുത്ത അവകാശി അന്ന് പ്രായപൂര്‍ത്തി എത്തിയിരുന്നില്ല. വിധവയായ രാജപത്നി വിദേശിയായതിനാല്‍ അവകാശിയെന്ന അംഗീകാരം നേടിയെടുക്കല്‍ എളുപ്പമല്ല. ഈ പഴുതിലൂടെയാണ് ഗുരുസന്ദേശം പ്രയോഗിക്കപ്പെട്ടത്. ഗുരുക്കന്മാര്‍ പറഞ്ഞു- കാലം മാറിപ്പോയി. നിയന്ത്രണങ്ങള്‍ എടുത്തുകളയണം. ആഗോളഗ്രാമത്തിന്റെ കാലമാണിത്. വസുെധൈവ കുടുംബകം എന്നാണല്ലോ ഋഷിമാരും പറഞ്ഞിട്ടുള്ളത്.

അര്‍ഥശാസ്ത്രവിശാരദനാണ് ഗുരുനാഥന്‍. ലോകകമ്പോളത്തില്‍ നമ്മുടെ ഉല്‍പ്പന്നങ്ങള്‍ എത്തണം. അപ്പോള്‍ നമ്മുടെ ഉല്‍പ്പന്നം തേടി ലോകരാജ്യങ്ങള്‍ ഇങ്ങെത്തും. സ്കോളര്‍ഷിപ്പോടുകൂടി അമേരിക്കന്‍ സര്‍വകലാശാലകളില്‍ ഗവേഷണം നടത്തിയിരുന്നവര്‍ തിരിച്ചെത്തി ഇന്ത്യന്‍ സര്‍വകലാശാലകളില്‍ അധ്യാപകരായി. അവര്‍ നവലോകക്രമം യുവജനങ്ങളെ പഠിപ്പിച്ചു. എണ്‍പതുകളുടെ മധ്യത്തില്‍ തുടങ്ങിയ ഈ അധ്യാപന പ്രക്രിയയിലൂടെ ആഗോളവല്‍ക്കരണത്തിന്റെ അനുയായികളുടെ എണ്ണത്തില്‍ ക്രമേണ വര്‍ധനയുണ്ടായി. ഒരു പതിറ്റാണ്ടു കഴിഞ്ഞപ്പോഴേക്കും മന്ത്രമതായി. മധ്യവര്‍ഗവും മാധ്യമങ്ങളും ചേര്‍ന്ന് സമ്മതിയുടെ നിര്‍മിതി സാധിച്ചെടുത്തു. രാഷ്ട്രീയക്കാര്‍ വികലമാക്കിയ ഭരണക്രമമാണ് ജനാധിപത്യം. അതു കഴിവുകെട്ടവരുടെ ഭരണമാണ്. അതിനാല്‍ ഗുണാധിപത്യം വരണം. അതിന് വിദഗ്ധന്മാരാണ് ഭരിക്കേണ്ടത്. അത്തരമൊരു വിദഗ്ധന്റെ നേതൃത്വത്തിലാണ് ഇപ്പോള്‍ ഭരണം നടക്കുന്നത്. അയാള്‍ പണ്ഡിതനല്ലെന്ന് ആരെങ്കിലും പറയുമോ? രണ്ടു തവണയല്ലേ ഭരണസാരഥ്യം വഹിച്ചത്. ഇപ്പോള്‍ നിയോഗം പൂര്‍ത്തിയായി. അല്‍പ്പസ്വല്‍പ്പം ബാക്കിയുള്ളത് അതിവേഗത്തില്‍ ചെയ്തുതീര്‍ക്കുകയാണ്്. പടിയിറങ്ങുന്നതിനുമുമ്പ് യജമാനന്മാരുടെ നിര്‍ദേശം പൂര്‍ണമായി നടപ്പാക്കണം. അതിനെ ജനഹിതം, ക്ഷേമരാഷ്ട്രം, സ്ത്രീസുരക്ഷ എന്നീ പാഴ്വാക്കുകള്‍ പറഞ്ഞു തടസ്സപ്പെടുത്തരുത്. അവതാരോദ്ദേശ്യം പൂര്‍ത്തിയാക്കിയിട്ടേ ഭഗവാന്‍ മടങ്ങിപ്പോകൂ. രാജവംശത്തിലെ അടുത്ത അവകാശി പുരനിറഞ്ഞുനില്‍ക്കുന്നു. അതിനാല്‍ ഗുരുനാഥന്‍ പടിയിറങ്ങുന്ന വിടവ് നികത്താന്‍ ആളുണ്ട്. ജയജയ യുവരാജാവേ എന്ന വായ്ത്താരിയുടെ ഇരമ്പം കേട്ടുതുടങ്ങിയല്ലോ. പിതാമഹന്റെ ക്ഷേമരാഷ്ട്രസങ്കല്‍പ്പം അലിയാത്ത മധുരപലഹാരമായി ജനങ്ങളുടെ അണ്ണാക്കില്‍ കിടക്കട്ടെ. ബ്രിട്ടീഷ് രാജിന്റെ പിന്തുടര്‍ച്ചയാണ് കോണ്‍ഗ്രസ്രാജ്. മുന്‍ഗാമി തുടങ്ങിവച്ചത് പിന്‍ഗാമി ഭക്തിപുരസ്സരം തുടര്‍ന്നുപോകുന്നു.

ജാലിയന്‍ വാലാബാഗ് കൂട്ടക്കുരുതിക്കിടയാക്കിയ റൗളറ്റ് നിയമം ഡിഫന്‍സ് ഓഫ് ഇന്ത്യാ റൂളായി തുടരുന്നു. പട്ടാളനിയമം കൂടുതല്‍ കര്‍ക്കശമാക്കി 1958ല്‍ നിയമമാക്കി. അതിന്റെ പേരില്‍ ഇറോം ശര്‍മിള ഇപ്പോഴും നിരാഹാരം തുടരുന്നു. വയറൊട്ടി, മുഴച്ച എല്ലുകളും കുണ്ടിലാണ്ട കണ്ണുകളുമായി ഒരുരുള ചോറിനുവേണ്ടി കേഴുന്ന ജനകോടികള്‍ക്കുവേണ്ടി കോടീശ്വരന്മാര്‍ ഭരിക്കുന്നതാണ് കോണ്‍ഗ്രസ് രാജ്. ""കാക്ക കൊത്തിവലിക്കുന്നു ചത്ത പെണ്ണിന്റെ കണ്ണുകള്‍; മുല ചപ്പിവലിക്കുന്നു നരജന്മ നവാതിഥി"". കോണ്‍ഗ്രസും പ്രൊഫസറും കൂടി നീതിസാരകഥ നടപ്പാക്കി. കാളകൂടവിഷം അല്‍പ്പാല്‍പ്പമായി രാഷ്ട്രഗാത്രത്തില്‍ കുത്തിവച്ചു. കടുത്ത വിരേചനൗഷധ പ്രയോഗത്തിലൂടെമാത്രമേ വിഷമിറക്കാന്‍ കഴിയൂ.

*
വി കാര്‍ത്തികേയന്‍നായര്‍ ദേശാഭിമാനി 06 ഫെബ്രുവരി 2013

No comments: