Sunday, February 3, 2013

വര്‍ഗീയത വിശ്വരൂപം കാട്ടുമ്പോള്‍

ഭരണാധികാരികളെ സൃഷ്ടിക്കുന്നത് മതവും ജാതിയുമാണെന്ന് തിരിച്ചറിയപ്പെട്ടിരിക്കുന്നു. ഈ സൃഷ്ടിയുടെ പ്രത്യുപകാരമായി നിശബ്ദരാകുകമാത്രമാണ് വേണ്ടതെന്ന് ഭരണവര്‍ഗം തിരിച്ചറിയുന്നു. മതത്തെ എതിര്‍ക്കാന്‍ കഴിയാത്തവിധം വിനീതരായി ഭരണാധികാരികള്‍ മാറുന്ന ഈ രാജ്യത്ത് ഏത് സിനിമയും ആര്‍ക്കും നിരോധിക്കാം. ഭരണകൂടം നിശബ്ദമായി അത് കണ്ടുനില്‍ക്കും.

മതങ്ങളുടെ മേക്കിട്ടുകയറാന്‍ തക്ക പ്രാകൃതവാസനയുള്ള ഒരാളല്ല കമല്‍ഹാസന്‍. ഇത്രയും കാലത്തെ അദ്ദേഹത്തിന്റെ ചലച്ചിത്ര ജീവിതവും വ്യക്തിജീവിതവും അകന്നു മാറിനിന്നു കാണുന്ന ഒരാള്‍ക്കുപോലും ഇത് സുവ്യക്തമാണ്. എന്നിട്ടും കമല്‍ ആക്രമിക്കപ്പെടുന്നു. മതതീവ്രവാദികള്‍ വിശ്വരൂപത്തിന്റെ പ്രദര്‍ശനം തടസ്സപ്പെടുത്തുന്നു. മതമോ ജാതീയോ ആയി ബന്ധപ്പെട്ട പ്രശ്നത്തെ സിനിമയ്ക്ക് അനിവാര്യമെങ്കില്‍ ലഘുവായി പറഞ്ഞുപോകുന്നുവെന്നതിനപ്പുറം കമല്‍ഹാസന്റെ ചിത്രത്തില്‍ മറ്റൊന്നുമില്ല. മൃദുവായ ഒരു പരാമര്‍ശംപോലും താങ്ങാനാവാത്ത വിധത്തിലേക്ക് മതതീവ്രവാദികള്‍ വളര്‍ന്നതിന് കാരണങ്ങളുണ്ട്. ഇന്നത്തെ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പരിശോധിക്കേണ്ടത് അതുമാത്രമാണ്.

ഇന്ന് കമല്‍ഹാസന്‍ നേരിട്ട ദുരനുഭവം നാളെ ഏതൊരു ചലച്ചിത്രകാരനും കലാപ്രവര്‍ത്തകനും നേരിടേണ്ടിവരുമെന്ന് ഉറപ്പാണ്. കഴിഞ്ഞുപോയ പല അനുഭവങ്ങള്‍ ഈ മുന്‍ധാരണയെ ശരിവയ്ക്കുന്നു. അതിലേക്കുള്ള കാരണങ്ങള്‍ പകല്‍പോലെ വ്യക്തം. ചരിത്രത്തിന്റെ നാള്‍വഴികള്‍ പരിശോധിക്കുമ്പോള്‍ ഏറ്റവും ശപിക്കപ്പെട്ട കാലമായിരിക്കും മധ്യകാലം. മതാധികാരവും രാഷ്ട്രീയ അധികാരവും കൈയാളിയിരുന്ന പൗരോഹത്യസമൂഹം പിച്ചിക്കീറാന്‍ തെരഞ്ഞെടുത്ത വിഷയങ്ങള്‍ ആധുനിക സമൂഹത്തിന്റെ വൈജ്ഞാനികമോ ശാസ്ത്രീയമോ ആയ എല്ലാ കണ്ടെത്തലുകള്‍ക്കും എതിരെയായിരുന്നുവെന്നത് ചരിത്രവസ്തുതയാണ്. ചമ്മട്ടിക്ക് അടിയേറ്റവര്‍, കുരിശില്‍ തറയ്ക്കപ്പെട്ടവര്‍, നിര്‍ബന്ധപൂര്‍വം വിഷക്കോപ്പ മുത്തേണ്ടിവന്നവര്‍ നാടുപേക്ഷിച്ച് പലായാനം ചെയ്യേണ്ടിവന്നവര്‍ ദുരനുഭവങ്ങളുടെ അസംഖ്യം ജീവിതമാണ് മധ്യകാലം നല്‍കിയത്. പക്ഷേ, സത്യം മറച്ചുവയ്ക്കാന്‍ പൗരോഹിത്യ കിങ്കരന്മാര്‍ക്ക് കഴിഞ്ഞില്ലയെന്നത് ഇതിന്റെ മറുപുറം. ആശയങ്ങളുടെ തര്‍ക്ക വിതര്‍ക്കങ്ങളില്‍ നിന്നും മനുഷ്യന്‍ ആര്‍ജിച്ചത് ജീവിതത്തെക്കുറിച്ചുള്ള പുതിയ അവബോധമായിരുന്നു. അതുകൊണ്ടാണ് രാജ്യാതിര്‍ത്തികളും മതങ്ങളുടെ അതിര്‍ത്തികളും ഉള്ളപ്പോള്‍ത്തന്നെ സാഹോദര്യവും സഹവര്‍ത്തിത്വവും ലോകനന്മയുമാണ് മറ്റെന്തിനേക്കാളും വലുതെന്ന വിപ്ലവചിന്ത രൂപപ്പെട്ടത്.

ഈ നൂറ്റാണ്ടിന്റെ പിറവി ഓര്‍മിപ്പിക്കുന്നത് ചരിത്രത്തിലെ കറുത്ത മധ്യകാലത്തിലേക്ക് വീണ്ടും മനുഷ്യരെ തിരിച്ചു നടത്താന്‍ പ്രേരിപ്പിക്കുന്നുവെന്നതുമാത്രമാണ്. എല്ലാ സംഘടിത മതങ്ങളും കൈകോര്‍ത്തുകൊണ്ടാണ് ഈ നടത്തയ്ക്ക് ആക്കം കൂട്ടുന്നതെന്നതാണ് ഏറ്റവും ആപല്‍ക്കരമായ വസ്തുത. ഇയൊരു പശ്ചാത്തലത്തില്‍ നിന്നുകൊണ്ടാണ് വിശ്വരൂപം എന്ന കമല്‍ചിത്രം നേരിടുന്ന എതിര്‍പ്പുകളെ വിലയിരുത്തേണ്ടത്. കേവലം ഒരു സിനിമയുടെ നേര്‍ക്കുയരുന്ന പ്രതിഷേധമല്ല ഇപ്പോഴുണ്ടായിട്ടുള്ളത്. സാഹിത്യത്തിനും കലയ്ക്കും വിശിഷ്യാ സിനിമയ്ക്കും നേര്‍ക്ക് ഇങ്ങനെയുള്ള എതിര്‍പ്പുകളും ആക്രമണങ്ങളും തുടങ്ങിയിട്ട് കാലമേറെയായി. ചലച്ചിത്രങ്ങളുടെ സെന്‍ഷര്‍ഷിപ്പ് ലോകത്തിലെ ഭൂരിപക്ഷം രാജ്യങ്ങളും തള്ളിക്കളഞ്ഞതാണ്. പക്ഷേ ഇന്ത്യയിലിന്നും ഇതിനൊരു സ്ഥാപനമുണ്ട്. പക്ഷേ, ഈ സ്ഥാപനത്തെയും ഭരിക്കുന്നത് അതിനെ സൃഷ്ടിച്ച ഭരണകൂടമല്ല മറിച്ച് മതമേലധ്യക്ഷന്മാരും വര്‍ഗീയ സംഘടനാ നേതാക്കളുമാണ്. അവര്‍ അനുശാസിക്കുന്ന തരത്തില്‍ മനുഷ്യന്റെ പ്രണയവും വിദ്വേഷവും ദുഃഖവുമെല്ലാം ചിത്രീകരിക്കപ്പെടണമെന്ന വാശിയിലാണവര്‍. ഇവിടെ മത താല്‍പ്പര്യങ്ങള്‍ക്ക് ആദ്യപ്രാധാന്യം വരുന്നു. അവര്‍ക്ക് പൂര്‍ണമായും കീഴ്പ്പെടുന്നതായി ഭരണവര്‍ഗവും മാറുന്നു. ഈ അദൃശ്യശക്തികളുടെ തീട്ടൂരങ്ങള്‍ക്ക് വഴങ്ങി ചലച്ചിത്രപ്രദര്‍ശനങ്ങള്‍ നിര്‍ത്തിവയ്ക്കുന്നതിന് സര്‍ക്കാരുകള്‍തന്നെ മുന്നോട്ടുവരികയും കോടതികളില്‍ ഇതിനായി വാദിക്കുകയുംചെയ്യുന്നു. ഇത് സാക്ഷാല്‍ക്കരിക്കുന്നത് മതം രാഷ്ട്രീയത്തില്‍നിന്ന് മാറി നില്‍ക്കണമെന്ന മതേതര ആവശ്യത്തെയല്ല. മതമേലധ്യക്ഷന്മാര്‍ക്ക് വിടുപണി ചെയ്യുന്നവര്‍ ഇന്ത്യയുടെ രാഷ്ട്രീയ അധികാരം കൈയാളുന്നുവെന്നതുകൊണ്ട് മാത്രമാണ് ഈ ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്നത്. ജനാധിപത്യരാജ്യം എന്നതിനേക്കാള്‍ ജാതി - മത മേല്‍കോയ്മയുള്ള രാജ്യം എന്ന നിലയിലേക്ക് ഇന്ത്യ മാറുന്നു.
                                      
ഇന്ത്യന്‍ ജനജീവിതത്തിന്റെ വിശ്വസപ്രമാണങ്ങളെ നെടുകെ പിളര്‍ന്നുകൊണ്ട് ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ അതിലൂടെ ഊര്‍ജം നേടിയ ഹൈന്ദവ വര്‍ഗീയവാദികള്‍ കലാസൃഷ്ടികള്‍ക്കു മേലുള്ള കടന്നാക്രമണങ്ങള്‍ക്ക് ആക്കം കൂട്ടുകയാണ് ചെയ്തത്. ദീപാ മേത്തയുടെ വാട്ടര്‍ എന്ന ചിത്രം ഇന്ത്യയില്‍ ചിത്രീകരിക്കാന്‍ അനുവദിക്കില്ലെന്ന് പരസ്യമായി പ്രഖ്യാപിക്കുക മാത്രമല്ല അതിനായി വാരാണസിയില്‍ നിര്‍മിച്ച ഷൂട്ടിങ് ലൊക്കേഷന്‍ തച്ചുതകര്‍ത്ത് വര്‍ഗീയവിഷത്തിന്റെ രൂക്ഷത തെളിയിച്ചു. ശ്രീലങ്കയിലെ ഒരു ഗ്രാമത്തില്‍വച്ചായിരുന്നു പിന്നീടവര്‍ ഈ ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയത്. സ്ത്രീത്വത്തിന്റെ നീറ്റലുകള്‍ പറയാന്‍ ശ്രമിച്ച സിനിമയെ തിരിച്ചറിയുന്നതിന് പകരം അനുഷ്ഠാനങ്ങളില്‍ അമര്‍ന്നു ജീവിക്കേണ്ടവരാണ് സ്ത്രീകള്‍ എന്നതാണ് ഹൈന്ദവവര്‍ഗീയവാദികള്‍ ഇതിലൂടെ പ്രചരിപ്പിച്ചത്. കഞ്ചാവും ഭാംഗും തുടങ്ങി ലഹരിവസ്തുക്കള്‍ ഉപയോഗിച്ച് അല്‍പ്പവസ്ത്രധാരികളോ വിവസ്ത്രരോ ആയി ഉത്തരേന്ത്യന്‍ അമ്പല പരിസരങ്ങളില്‍ ചുറ്റിത്തിരിഞ്ഞ സന്യാസിമാരുടെ കാമപ്പേക്കൂത്തുകളെക്കുറിച്ച് ഉരിയാടാനോ അത് കലാസൃഷ്ടിക്ക് വിഷയമാക്കാനോ അനുവദിച്ചില്ല. ഗുജറാത്തിലെ വംശീയ കലാപങ്ങളില്‍ ശൂലമുനകളില്‍ ഗര്‍ഭസ്ഥശിശുവിനെ കുത്തിയെടുത്തതും കൂട്ടമാനഭംഗത്തിന് ഇരയാക്കി സത്രീകളെ നശിപ്പിച്ചതും ചലചിത്രവിഷയമാക്കാനുള്ള അവകാശത്തെ ചോരപുരണ്ട ആയുധങ്ങള്‍കാട്ടി ഹൈന്ദവഫാസിസ്റ്റുകള്‍ ഹനിക്കുകയാണ് ചെയ്തത്. എം എഫ് ഹുസൈന്‍ പലായനത്തിന് നിര്‍ബന്ധിതനായ സാഹചര്യവും ചിന്തിക്കണം.

ഹൈന്ദവതീവ്രവാദികള്‍ ഏതൊക്കെ അളവുകോലുകള്‍ ഉപയോഗിച്ചാണോ ആവിഷ്കാര സ്വാതന്ത്ര്യത്തില്‍ ഇടപെടാന്‍ ശ്രമിച്ചത് അതേ നാണയത്തിലാണ് മുസ്ലിം മതതീവ്രവാദികള്‍ അവര്‍ക്കിഷ്ടമില്ലാത്തതിനെ നേരിട്ടത്. ചോദ്യപേപ്പര്‍ എഴുതിയ കൈയും വിമര്‍ശിക്കുന്ന നാവും മുറിച്ചെടുക്കാവുന്നതാണെന്ന് അവര്‍ കണക്കുകൂട്ടി. സല്‍മാന്‍ റുഷ്ദിയും തസ്ലിമ നസ്രിനും പലായനം ചെയ്യേണ്ടിവന്ന മതതീവ്രവാദ സാഹചര്യം ഇനിയും സജീവമായ ചര്‍ച്ചയ്ക്ക് വിഷയമാണ്. ഡല്‍ഹിയില്‍ കൂട്ടമാനഭംഗത്തില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മരണവും ചില ചോദ്യങ്ങള്‍ അന്തരീക്ഷത്തില്‍ ഉയര്‍ത്തുന്നുണ്ട്. പ്രകോപനപരമായി വസ്ത്രം ധരിക്കുന്നതാണ് കാരണമെന്ന് മതശ്രേഷ്ഠന്‍മാര്‍ക്ക് ഈ സംഭവത്തെച്ചൊല്ലി പുലമ്പാന്‍ മടിയുണ്ടാവാത്ത ഈ നാട്ടില്‍ വിശ്വരൂപം നിരോധിക്കപ്പെടും. പുരുഷന് തുല്യമായി സ്ത്രീയെ പരിഗണിക്കാനാവില്ലെന്ന് പരസ്യമായി പറയുന്ന നിലയിലേക്ക് ഇന്ത്യന്‍ ഭരണഘടനയുടെ കീഴില്‍ ജീവിക്കുന്നവര്‍ അംഗമായ മുജാഹിദ് സംഘങ്ങളുടെ തലവന്‍മാര്‍ വളര്‍ന്നിരിക്കുന്നു. ആധുനിക ജീവിതവീക്ഷണങ്ങളുടെ ലംഘനമാണ് ഇതെന്ന് പറയാന്‍ ഉത്തരവാദപ്പെട്ടവര്‍ ഇവിടെയും മൗനം പാലിച്ചുവെന്നതാവും സ്ഥിതിഗതികള്‍ അങ്ങേയറ്റം ഭീതിദമാക്കുന്നത്.

ഒരു സിനിമയുടെ നിരോധനം അത്ഭുതമല്ലാതാകുന്നതിന്റെ സാമൂഹികസാഹചര്യം ഇതാണ്. മതം മാറുന്നവര്‍ക്ക് മരണമെന്ന പ്രാകൃതശിക്ഷ ലോകത്ത് ചിലയിടങ്ങളില്‍ നിലനില്‍ക്കുന്നു. ജനാധിപത്യത്തെക്കുറിച്ച് ഘോരഘോരം പറയുന്ന അമേരിക്കയില്‍ എട്ട് സ്റ്റേറ്റില്‍ ക്രിസ്തുമതത്തില്‍നിന്ന് മാറിയാല്‍ ഗ്രീന്‍കാര്‍ഡ്, ലൈസന്‍സ് തുടങ്ങി ജീവിക്കാനാവശ്യമായ രേഖകള്‍ നല്‍കില്ല. കോടതികളില്‍ ഇവര്‍ക്ക് വാദിയോ സാക്ഷിയോ ആകാന്‍ കഴിയാതെ വരുന്നു. നിശബ്ദമായ ക്രൈസ്തവ വര്‍ഗീയതയുടെ രൂക്ഷത പലപ്പോഴും തലപൊക്കി പുറത്തുവരുന്നതിന് ഇന്ത്യയും പ്രത്യേകിച്ച് കേരളവും സാക്ഷിയാണ്. വിശ്വരൂപം എന്ന സിനിമയ്ക്ക് തടസ്സമുണ്ടാക്കാനുള്ള മനസ്ഥിതിയുള്ളവരില്‍നിന്ന് ഇത്തരം തീവ്രമതവാദികളും ഭിന്നരാവുന്നില്ല. മതം എന്തിലും പിടിമുറുക്കുന്നു. ഭരണാധികാരികളെ സൃഷ്ടിക്കുന്നത് മതവും ജാതിയുമാണെന്ന് തിരിച്ചറിയപ്പെട്ടിരിക്കുന്നു. ഈ സൃഷ്ടിയുടെ പ്രത്യുപകാരമായി നിശബ്ദരാകുകമാത്രമാണ് വേണ്ടതെന്ന് ഭരണവര്‍ഗം തിരിച്ചറിയുന്നു. മതത്തെ എതിര്‍ക്കാന്‍ കഴിയാത്തവിധം വിനീതരായി ഭരണാധികാരികള്‍ മാറുന്ന ഈ രാജ്യത്ത് ഏത് സിനിമയും ആര്‍ക്കും നിരോധിക്കാം. ഭരണകൂടം നിശബ്ദമായി അത് കണ്ടുനില്‍ക്കും.

*
ലെനിന്‍ രാജേന്ദ്രന്‍

കമലിന്റെ സ്വരൂപം

കമല്‍ ഹാസന്‍ എന്ന കലാകാരന്‍ ആരുടെയൊക്കയോ വേട്ടമൃഗമാകുമ്പോള്‍ പൊതുസമൂഹം അതിനെതിരെ രംഗത്ത് വരേണ്ടത് എന്തുകൊണ്ടാണ്? സിനിമയെന്ന കലയില്‍ കമ്പോളതാല്‍പ്പര്യങ്ങള്‍ക്കപ്പുറം മറ്റൊരു താല്‍പ്പര്യങ്ങള്‍ക്കും ഇടം കൊടുക്കേണ്ടതില്ലെന്ന പൊതുമനസ്സിനോട് കലഹിച്ചിട്ടുള്ള കമല്‍ഹാസന്‍ചിത്രങ്ങള്‍ പലപ്പോഴും എതിര്‍പ്പുകള്‍ക്ക് ഇരയായിട്ടുണ്ട്. ശരീരവും മനസ്സും സിനിമയില്‍ നിക്ഷേപിച്ച് ഒരു പരീക്ഷണശാലയുടെ സങ്കീര്‍ണതയോടെയാണ് കമലിന്റെ സിനിമാജീവിതത്തിന്റെ ഓരോ രംഗവും കടന്നുപോകുന്നത്. കമലിലെ ചലച്ചിത്രപ്രവര്‍ത്തകനും അതിനുള്ളിലെ മനുഷ്യനും ആശയപ്രചാരണത്തിനുള്ള വേദിയായി സിനിമയെ മാറ്റിയതിന് അനവധി ഉദാഹരണങ്ങളുണ്ട്.
                                          
 ചലച്ചിത്രരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ അവരുടെ സ്വകാര്യ ആശയവും വീക്ഷണവും പരമാവധി ഗോപ്യമാക്കി വയ്ക്കുന്നതാണ് പൊതുരീതി. തങ്ങളുടെ നിലപാടുകള്‍ പരസ്യമാക്കുന്നത് ചലച്ചിത്രരംഗത്തെ സുരക്ഷിതത്വത്തിന് ഗുണപരമാകില്ലെന്ന ധാരണയില്‍ പൊതുപ്രശ്നങ്ങളില്‍നിന്ന് പരമാവധി അകലം പാലിക്കുകയുംചെയ്യുന്നു. കമല്‍ മറ്റുള്ളവരില്‍നിന്ന് വ്യത്യസ്തനാവുന്നത് ഇവിടെയാണ്. തൊട്ടാല്‍ പൊള്ളുന്ന മതത്തിന്റെ കാര്യത്തിലായാലും ഭരണകൂടം ജനങ്ങള്‍ക്ക് സൃഷ്ടിക്കുന്ന പ്രതിസന്ധിയിലായാലും വ്യക്തമായ നിലപാടുകളാണ് അദ്ദേഹത്തില്‍നിന്ന് ഉണ്ടായിട്ടുള്ളത്. വിശ്വരൂപം എന്ന ചിത്രത്തിനു നേരെ മുസ്ലിം വര്‍ഗീയവാദികള്‍ ഉയര്‍ത്തുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ വേണം കമലിന്റെ സംവിധാനമികവില്‍ ജനിച്ച ഹേ റാം നേരിട്ട എതിര്‍പ്പുകളെ നോക്കിക്കാണാന്‍. വിഭജനത്തിന്റെ മുറിപ്പാടുകള്‍ പുതുതലമുറയെ ഓര്‍മിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ഉച്ചത്തില്‍ വിളിച്ചു പറഞ്ഞുകൊണ്ട് കമല്‍ പുറത്തിറക്കിയ ഹേ റാമിനു നേരെ എതിര്‍പ്പുയര്‍ന്നത് കോണ്‍ഗ്രസുകാരില്‍നിന്നായിരുന്നു. ഗാന്ധിജിയുടെ ആശയഗതികളുടെ ഔന്നത്യം പരിചയപ്പെടുത്തുന്ന ചിത്രം തിരിച്ചറിയുന്നതിന് പകരം കോണ്‍ഗ്രസുകാര്‍ ഉയര്‍ത്തിവിട്ട വിവാദങ്ങളുടെ മറ്റൊരു തരത്തിലുള്ള ആവര്‍ത്തനമാണ് ഇപ്പോള്‍ വിശ്വരൂപം നേരിടുന്നത്. കോണ്‍ഗ്രസിനൊപ്പം ഹിന്ദുത്വതീവ്രവാദികളും ഹേ റാമിനെതിരെ രംഗത്തുവന്നു.

അന്‍പേ ശിവം എന്ന ചിത്രത്തിന്റെ സത്യസന്ധത മാത്രംമതി കമല്‍ എന്ന ചലച്ചിത്രകാരനില്‍നിന്ന് ഒരു മനുഷ്യനെ തിരിച്ചറിയാന്‍. ഇടതുപക്ഷസിനിമയെന്ന് വര്‍ഗീകരിക്കപ്പെട്ട് തിയറ്ററുകളില്‍ നിന്ന് വിമര്‍ശകര്‍ പടിയിറക്കിവിട്ട സിനിമ മുന്നോട്ടുവച്ച ആഗോളവല്‍ക്കരണത്തിനെതിരെയുള്ള വ്യക്തമായ ആശയം കമലിന്റെ രാഷ്ട്രീയ നിലപാടുകളുടെ തുറന്ന പ്രഖ്യാപനമായിരുന്നു. അഴിമതിയില്‍ മുങ്ങിനിവരുന്ന ഇന്ത്യയെന്ന രാജ്യം നേരിടുന്ന വിപത്തുകള്‍ക്കെതിരെയുള്ള സന്ദേശമായിരുന്നു "ഇന്ത്യന്‍"മുന്നോട്ടുവച്ചത്. ദൈവം ഇല്ലെന്ന് ഞാന്‍ പറയുന്നില്ല. ഉണ്ടെങ്കില്‍ നല്ലത്. എന്ന് ദശാവതാരത്തിലെ സ്വന്തം കഥാപാത്രത്തെക്കൊണ്ട് കമല്‍ഹാസന്‍ എന്ന തിരക്കഥാകൃത്തു തന്നെ പറയിപ്പിക്കുന്നുണ്ട്. തനിക്ക് മതവും അതിന്‍മേലുള്ള വിശ്വാസവുമില്ലെന്ന് കമലെന്ന വ്യക്തിയുടെ പരസ്യമായ പ്രഖ്യാപനങ്ങള്‍ പലവട്ടമുണ്ടായിട്ടുണ്ട്. മതങ്ങളെയോ വിശ്വാസങ്ങളെയോ നിന്ദിക്കുന്നതിന് താന്‍ ഒരുക്കമല്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചിട്ടുണ്ട്. കമല്‍ചിത്രങ്ങളിലൊന്നിലും മതസ്പര്‍ധ വളര്‍ത്തുന്ന പരാമര്‍ങ്ങളോ രംഗങ്ങളോ കണ്ടെത്താനാവില്ല. പൂര്‍ത്തിയാകാനുള്ള കമലിന്റെ സ്വപ്ന പദ്ധതി "മരുതുനായകം" ജന്മംകൊണ്ട് ഹിന്ദുവെങ്കിലും മുസ്ലിം മതം സ്വീകരിച്ച് ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയ ചരിത്രപുരുഷന്റെ കഥയാണ്.
                                           
കുത്തകകള്‍ക്കായി ചില്ലറവില്‍പ്പന രംഗം തുറന്നുകൊടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തതിനെതിരെ കവിതയായി കമലിന്റെ പ്രതിഷേധം പുറത്തുവന്നു. ഡിടിഎച്ചിലൂടെ സിനിമ കൊണ്ടുവരാന്‍ നടത്തിയ ശ്രമവും സാറ്റലൈറ്റ് സിനിമാ കച്ചവടത്തിനെതിരെയുള്ള നിലപാടുകളും ചലച്ചിത്രരംഗത്തെ പതിവു വേട്ടക്കാര്‍ക്ക് കമല്‍ ഇഷ്ടക്കേടുണ്ടാക്കി. ജയലളിതയെന്ന മുഖ്യമന്ത്രിയുടെ ശത്രുപക്ഷത്തായതും വിശ്വരൂപം തടയപ്പെടുന്നതിന് കാരണമായി.

^
സജീവ് പാഴൂര്‍

No comments: