Monday, February 4, 2013

പ്രവാസജീവിതം പ്രതിഫലിക്കാത്ത ആഘോഷങ്ങള്‍

കേരളം ആദ്യമായാണ് ഭാരതീയ പ്രവാസി ദിവസിന് ആതിഥേയത്വം വഹിച്ചത്്. ലോകത്തിന്റെ പല ഭാഗത്തുനിന്നും നൂറുക്കണക്കിന് ആളുകളാണ് ഇതില്‍ പങ്കെടുക്കുന്നതിനായി കൊച്ചിയില്‍ എത്തിയത്. ഫിക്കിയായിരുന്നു സംയുക്ത ആതിഥേയന്‍. അതുതന്നെ ആഘോഷത്തിന്റെ സ്വഭാവം വ്യക്തമാക്കുന്നുണ്ട്. ഇതൊന്നും അറിയാതെ ഗള്‍ഫ് മേഖലയില്‍നിന്നും നിരവധി പേര്‍ സമ്മേളനത്തിനായി എത്തിയിരുന്നു. അവരെ സംബന്ധിച്ച് പ്രത്യേക സെഷനുമുണ്ടായിരുന്നു. തങ്ങള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും അതിനു പരിഹാരം കാണുന്നതിനും ഈ സന്ദര്‍ഭം സഹായകരമായിരിക്കുമെന്ന് പ്രതീക്ഷിച്ചാണ് പലരും കൊച്ചിയിലേക്ക് എത്തിയത്. എന്നാല്‍, ചര്‍വിതചര്‍വണങ്ങളുടെ വേദിയായി അത് മാറുകയാണ് ചെയ്തത്.

ഈ സെഷനില്‍ പങ്കെടുക്കുന്നതിന് എനിക്ക് അവസരം ലഭിച്ചിരുന്നു. പൊതുവേ പ്രതിപക്ഷത്തിന് വലിയ റോളൊന്നും ഈ ആഘോഷത്തിലുണ്ടായിരുന്നില്ല. സംസ്ഥാന സര്‍ക്കാര്‍കൂടി സംയുക്ത ആതിഥേയത്വം വഹിക്കുന്ന പരിപാടിയില്‍ പ്രതിപക്ഷ നേതാവിനെയോ ഉപനേതാവിനെയോ ക്ഷണിക്കുക കൂടി ചെയ്തിരുന്നില്ല. സെമിനാറില്‍ പങ്കെടുക്കുന്ന വ്യവസായിയായ യൂസഫ് അലി ഈ പ്രശ്നം ഉന്നയിക്കുകയും ചെയ്തു. കേരളത്തെ സംബന്ധിച്ച് പ്രവാസികള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. നമ്മുടെ സമ്പദ്ഘടനയുടെ നട്ടെല്ലായി ഇന്ന് മാറിയിരിക്കുന്നത് പ്രവാസികള്‍ അയയ്ക്കുന്ന പണമാണ്. സംസ്ഥാനത്തിന്റെ ആഭ്യന്തര വരുമാനത്തിന്റെ 31 ശതമാനത്തിലധികം സംഭാവന ചെയ്യുന്നത് പ്രവാസികളാണ്. ഇന്ന് കേരളത്തില്‍ ഉന്നതവിദ്യാഭ്യാസം ലഭിച്ചവരില്‍ 30 ശതമാനവും ജോലി ചെയ്യുന്നതും വിദേശത്താണ്. കേരളത്തിലെ ബാങ്ക് നിക്ഷേപങ്ങളില്‍ നാലിലൊന്നിലധികം വിദേശികളുടെ നിക്ഷേപമാണ്. ഇത്തരം സവിശേഷതകളുള്ള അപൂര്‍വ പ്രദേശമായിരിക്കും കേരളം. കേരളത്തിലെ നൂറു വീടുകള്‍ എടുത്താല്‍ അതില്‍ 44 വീട്ടിലും ഒന്നുകില്‍ ഒരു എന്‍ആര്‍ഐയോ അല്ലെങ്കില്‍ മുന്‍ എന്‍ആര്‍ഐയോ ഉണ്ടെന്നതാണ് സമീപകാലത്ത് സിഡിഎസിന്റെ ഒരു പഠനം പറയുന്നത്. എന്നാല്‍, ഇത്രയും പ്രാധാന്യമുള്ള വിഭാഗത്തോട് കടുത്ത അവഗണനയാണ് സംസ്ഥാനസര്‍ക്കാരും കേന്ദ്രസര്‍ക്കാരും പുലര്‍ത്തുന്നതെന്നത് ഗള്‍ഫില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ പ്രതിനിധികള്‍ പറഞ്ഞു. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പുരോഗമന സ്വഭാവമുള്ള പല സംഘടനകളുടെ പ്രവര്‍ത്തകരും ഇതേ വികാരം നേരിട്ട് പ്രകടിപ്പിച്ചിരുന്നു.

ഗള്‍ഫ് മലയാളികളുടെ ഏറ്റവും പ്രധാനപ്രശ്നം യാത്രയുടേത് തന്നെയാണ്. നിരവധി പ്രഖ്യാപനങ്ങള്‍ നടത്തുന്നുവെന്നല്ലാതെ സ്ഥിതിഗതികളില്‍ ഒരു മാറ്റവും ഉണ്ടാകുന്നില്ല. വെക്കേഷന്‍ സന്ദര്‍ഭത്തിലും ഉത്സവ സീസണുകളിലും ടിക്കറ്റ് നിരക്ക് വല്ലാതെ ഉയരും. ഗള്‍ഫ് രാജ്യങ്ങളില്‍നിന്നും മറ്റു രാജ്യങ്ങളിലേക്കുള്ള വിമാനയാത്രക്ക് ഒരു കിലോ മീറ്ററിന് ഈടാക്കുന്ന പണത്തിന്റെ മൂന്നും നാലും ഇരട്ടിയാണ് കേരളത്തിലേക്കുള്ള യാത്രക്ക് നല്‍കേണ്ടിവരുന്നത്. എയര്‍ ഇന്ത്യയുടെ സമരകാലത്ത് കോടിക്കണക്കിന് രൂപയുടെ അധികബാധ്യതയാണ് ഗള്‍ഫ് മലയാളികള്‍ക്ക് മൊത്തത്തില്‍ ഉണ്ടായത്. കേവലം എയര്‍ കേരള എന്ന വ്യാമോഹം സൃഷ്ടിച്ച് പരിഹരിക്കാന്‍ കഴിയുന്ന പ്രശ്നമല്ലിത്. എന്നാല്‍, ഇത് ചര്‍ച്ച ചെയ്യുന്ന സന്ദര്‍ഭത്തില്‍ വ്യോമയാന മന്ത്രാലയത്തിന്റേയോ എയര്‍ ഇന്ത്യയുടേയോ ആരും തന്നെ പ്രവാസി ദിവസ പരിപാടിയില്‍ ഉണ്ടായിരുന്നില്ല. കേന്ദ്രസര്‍ക്കാരിന്റെ വളരെ പ്രധാനപ്പെട്ട പരിപാടിയില്‍ എയര്‍ ഇന്ത്യയുടെ ആരും തന്നെ ഗള്‍ഫ് ഇന്ത്യക്കാരുടെ പ്രശ്നം ചര്‍ച്ചചെയ്യുന്നിടത്ത് ഇല്ലാതിരുന്നത് വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഇവരെ പങ്കെടുപ്പിക്കുന്നതിനുള്ള ഉത്തരവാദിത്തം പ്രവാസവകുപ്പിന് തന്നെയാണ്. ഗള്‍ഫിലെ ജയിലുകളില്‍ എത്ര മലയാളികളാണ് കഴിയുന്നത്. ഒരിക്കല്‍ സൗദി സന്ദര്‍ശന സന്ദര്‍ഭത്തില്‍ ജയില്‍ കാണാന്‍ അവസരം ലഭിച്ചിരുന്നു. ഒരു ചെറിയ മുറിക്കകത്ത് അടുക്കിക്കൂട്ടിയതുപോലെ നിരവധി പേരാണുള്ളത്. വല്ലാത്ത കാഴ്ചയായിരുന്നു അത്. വിവാഹം കഴിഞ്ഞയുടന്‍ ഗള്‍ഫിലേക്ക് വണ്ടി കയറിയവരും അക്കൂട്ടത്തിലുണ്ടായിരുന്നു. പല തരക്കാര്‍. കമലിന്റെ ഗദ്ദാമയും ബെന്യാമിന്റെ ആടുജിവിതവും കാണിച്ചു തന്ന പ്രവാസജീവിതത്തിന്റെ ചില തനിയാവര്‍ത്തനങ്ങള്‍ ഇവിടെ കാണാം.

മലയാളിയെ വെടിവച്ചുകൊന്ന ഇറ്റലിക്കാരെ കാണാന്‍ അവരുടെ മന്ത്രിമാര്‍ എത്ര തവണയാണ് കേരളത്തിലേക്ക് വന്നത്. അവരെ ക്രിസ്മസ് ആഘോഷിക്കാന്‍ നാട്ടിലേക്കയക്കുന്നതിന് നമ്മുടെ ഭരണാധികാരികള്‍ക്ക് എന്ത് ഉത്സാഹമായിരുന്നു. ആരെയും കൊന്നിട്ടല്ല മലയാളികള്‍ ഗള്‍ഫിലെ ജയിലുകളില്‍ കഴിയുന്നത്. റിക്രൂട്ട്മെന്റ് ഏജന്റുമാരുടെ തട്ടിപ്പിനെ തുടര്‍ന്ന് ആവശ്യമായ രേഖകള്‍ ഇല്ലാത്തവര്‍ തുടങ്ങി ചെറിയ കുറ്റങ്ങള്‍ ചെയ്തവര്‍ വരെ അക്കൂട്ടത്തിലുണ്ട്. ഇവരെ കാണാനോ ആശ്വസിപ്പിക്കാനോ നമ്മുടെ വിദേശകാര്യ മന്ത്രിയോ പ്രവാസ വകുപ്പിന്റെ മന്ത്രിയോ പോകണമെന്ന് ആരും ആവശ്യപ്പെടുന്നില്ല. ആ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അംബാസഡര്‍മാര്‍ വന്നുകാണുമെന്നും സഹായിക്കുമെന്നും പ്രതീക്ഷിക്കുന്നില്ല. എന്നാല്‍, എംബസിയിലെ ഏതെങ്കിലും ഉദ്യോഗസ്ഥരെങ്കിലും അവരെ കാണുന്നതിനായി ജയിലിലേക്ക് ഒന്ന് എത്തിനോക്കേണ്ടേ? ഞാന്‍ സന്ദര്‍ശിച്ച ജയിലില്‍ ഒരിക്കല്‍പ്പോലും എംബസിക്കാര്‍ എത്തിനോക്കിയിട്ടില്ലെന്ന് ചിലര്‍ പരാതി പറഞ്ഞു. അവിടെ പ്രവര്‍ത്തിക്കുന്ന സംഘടനാപ്രവര്‍ത്തകരെ ഉത്തരവാദിത്തം ഏല്‍പ്പിച്ച് കൈകഴുകുകയാണ് പതിവ്.

പിന്നെ ഒരു പ്രധാനപ്രശ്നം ഗള്‍ഫില്‍വച്ച് മരിക്കുന്നവരുടെ മൃതശരീരം നാട്ടിലേക്ക് കൊണ്ടുവരുന്നതിലാണ്. പലപ്പോഴും ആഴ്ചകളോളം കാത്തിരിക്കേണ്ടിവരും. ഇതിനായി ഒരു ഏകജാലക സംവിധാനം എംബസികളില്‍ ആരംഭിക്കണമെന്ന ആവശ്യവും പരിഹാരം കാണാതെ തുടരുകയാണ്. വിദേശത്തുള്ള ഇന്ത്യക്കാര്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ അളവ് ഇന്ത്യയിലേക്ക് വന്ന വിദേശ മൂലധനത്തേക്കാളും കൂടുതലാണ്. വിദേശമൂലധനത്തിന് രാജ്യതാല്‍പര്യം പോലും പണയംവച്ച് ഇളവുകള്‍ നല്‍കുന്നവര്‍ വിദേശ ഇന്ത്യക്കാരെ അവഗണിക്കുകയാണ് ചെയ്യുന്നത്. ചൈനീസ് സമ്പദ്ഘടനയുടെ കുതിച്ചുചാട്ടത്തിന് ഏറ്റവുമധികം സംഭാവന ചെയ്തത് വിദേശത്ത് ജോലിയും ബിസിനസും ചെയ്തിരുന്ന ചൈനീസ് വംശജരാണ്. എന്നാല്‍, അത്തരം പദ്ധതികളും സമീപനങ്ങളും കേന്ദ്രം ഭരിക്കുന്നവര്‍ക്കില്ല. ഇനി വരാന്‍പോകുന്ന പ്രധാനപ്രശ്നം തിരിച്ചുവരുന്ന പ്രവാസികളാണ്.

ഇന്ന് കേരളത്തില്‍ പണിയെടുക്കുന്ന 19ല്‍ ഒരാള്‍ വിദേശത്തുനിന്നും തിരിച്ചുവരുന്നവരാണ്. പുരുഷന്മാരെ മാത്രമെടുക്കുകയാണെങ്കില്‍ ഇത് ഒമ്പതില്‍ ഒന്നായിരിക്കും. അതില്‍ക്കൂടുതലും ഗള്‍ഫ് രാജ്യങ്ങളില്‍നിന്നുള്ളവരാണ്. വിദേശത്തേക്ക് പോകുന്നവരില്‍ 88 ശതമാനമാണ് ഗള്‍ഫിലേക്ക് പോകുന്നതെങ്കില്‍ തിരിച്ചുവരുന്നവരില്‍ ഇവരുടെ പ്രാതിനിധ്യം 95 ശതമാനമാണ്. അതില്‍തന്നെ ഏറ്റവും കുടുതലും സൗദിയില്‍ നിന്നാണ്. ഇവരുടെ പുനരധിവാസം ഭാവിയിലെ പ്രധാനപ്രശ്നമാണ്. എന്നാല്‍, കോടികള്‍ ചെലവഴിച്ച പ്രവാസ ഭാരതീയ ദിവസം ഇതൊന്നും ഗൗരവമായി ചര്‍ച്ചചെയ്യുന്ന വേദിയായിരുന്നില്ല. വന്‍കിട വ്യവസായികളെ ആദരിക്കുന്നതിന്റെ കൂടെയെങ്കിലും സാധാരണക്കാര്‍ക്ക് വേണ്ടി വിദേശരാജ്യങ്ങളില്‍ കഷ്ടപ്പെടുന്ന സാമൂഹ്യപ്രവര്‍ത്തകര്‍ക്ക് അംഗീകാരം നല്‍കേണ്ടതല്ലേയെന്ന ചോദ്യവും പ്രസക്തം.

*
പി രാജീവ്

No comments: